2018, മാർച്ച് 27, ചൊവ്വാഴ്ച

പച്ച വെളിച്ചം .

15 അഭിപ്രായ(ങ്ങള്‍)
ഏകാന്തതയുടെ ഇരുണ്ട മൂലകളിൽ തെളിഞ്ഞ പച്ച വെളിച്ചത്തെ അവൾ സ്നേഹിയ്ക്കാൻ തുടങ്ങിയത് ആരുമറിഞ്ഞില്ല....

 പക്ഷെ അവൾക്കറിയാമായിരുന്നു ,  തോന്നുമ്പോൾ തെളിയുകയും കെടുകയും  ചെയ്യുന്ന ഒരു മായാവെളിച്ചം മാത്രമാണ് അതെന്നും  അതിന് പിന്നിൽ ഇരുട്ടാണ് എന്നും .  എന്നിട്ടും അതിനെ അവൾ സ്നേഹിച്ചത് ,   ആ വെളിച്ചം കൊണ്ട് അവളുടെ ആകാശത്ത്  ആയിരം  സൂര്യചന്ദ്രന്മാരെ  സൃഷ്ടിയ്ക്കാം എന്ന് കരുതിയല്ല.    ആ തിളക്കത്തിന് അവൾ പകർന്ന സ്നേഹത്തിന്റെ അഗാധതയുണ്ടായിരുന്നു.  ആ അഗാധതയിൽ   അവളുടെ  നോവുകളെ ഒന്ന് പകർന്നു വയ്ക്കാനായിരുന്നു.  അതിന്റെ  തോളിൽ അവളുടെ മനസ്സൊന്നു ചാരിവയ്ക്കാനായിരുന്നു.  

ജീവിതം അവൾക്ക് നേരെ പല്ലിളിച്ച് പരിഹസിച്ചപ്പോൾ  രൂപം  കൊണ്ട   ദയനീയമായൊരു  നിസ്സംഗതയിൽ നിന്നും പിറവിയെടുത്തതായിരുന്നു  ആ  പച്ചവെളിച്ചം.  

ഓരോ  തവണയും കെട്ടുപോകുന്ന പച്ചവെളിച്ചത്തെ നോക്കി അവൾ ആത്മനിന്ദയോടെ  ചിരിച്ചത്  ആരുമറിഞ്ഞില്ല.  പക്ഷേ ...  അവൾക്കെല്ലാം അറിയാമായിരുന്നു. 

2018, മാർച്ച് 22, വ്യാഴാഴ്‌ച

ബാലചന്ദ്രൻ ചുള്ളിക്കാടിന് അഭിനന്ദനം..

12 അഭിപ്രായ(ങ്ങള്‍)


ഓരോ രചനകളുടേയും  സൃഷ്ടിയ്ക്ക് മുൻപ്  അതിനുള്ളൊരു മനസ്സുരുക്കവും മനസ്സൊരുക്കവും ഉണ്ട്.  ഒടുവിൽ  അക്ഷരം ജനിയ്ക്കുന്ന നോവും നിർവൃതിയും നിറഞ്ഞൊരു  പുണ്യമുഹൂർത്തമുണ്ട്. അതനുഭവിയ്ക്കുന്ന എഴുത്തുകാരന്റെ പ്രാണസങ്കടവും  ആനന്ദവും  വായനക്കാർക്ക് ചിലപ്പോൾ മനസ്സിലാവാം  ,   ചിലപ്പോൾ  മനസ്സിലാവാതിരിയ്ക്കാം.  അവരുടെ സ്വന്തം ഇഷ്ടപ്രകാരം അതിനെ വ്യാഖ്യാനിയ്ക്കുകയും ആവാം. അത് വായനക്കാരുടെ അവകാശമാണ്.

എന്നാൽ  മനസ്സിന്റെ ഉലയിൽക്കിടന്ന്  ഉരുകിത്തെളിഞ്ഞ്  പുറത്തുവരുന്ന അക്ഷരങ്ങളിൽ പടർന്ന ആത്മാവിന്റെ ചോരത്തുള്ളികൾ  അപമാനിയ്ക്കപ്പെടുന്നത്  നെഞ്ച് ഉരുക്കുന്ന സങ്കടമാണ്.   അങ്ങനെ ചെയ്യരുത് എന്ന് വിളിച്ചുപറയാൻ ആർജ്ജവം  കാണിച്ച  പ്രിയപ്പെട്ട  എഴുത്തുകാരാ  !  അങ്ങേയ്ക്ക് ഒരുകോടി നമസ്ക്കാരം !


മലയാളമേ ! വന്ദനം !!

18 അഭിപ്രായ(ങ്ങള്‍)
ഇന്നത്തെ സാമൂഹികചുറ്റുപാടുകളോട് ചേർത്തു വായിയ്ക്കേണ്ട ഒരു അനുഭവസാക്ഷ്യത്തിൽ നിന്നും തുടങ്ങാം...

ജി. ശങ്കരക്കുറുപ്പ് ന്റെ  'സൂര്യകാന്തി '   എന്ന കവിത ഞാനെന്റെ മകനെ പഠിപ്പിച്ചു. അവൻ അത് സ്‌കൂളിൽച്ചൊല്ലി  ഒന്നാം സമ്മാനം നേടി.  ശേഷം അവന്റെയൊരു  സുഹൃത്തിന്റെ അമ്മ  എന്നോട് പറഞ്ഞു,  അവരുടെ കുട്ടിയേയും ആ കവിത പഠിപ്പിയ്ക്കണം എന്ന്.  

ഞാൻ യുവജനോത്സവവേദികളിൽ മത്സരിയ്ക്കുന്ന കാലത്ത് എന്റെ അമ്മ എന്നോട് പറഞ്ഞിരുന്നു,  'ഇത് കലയാണ്, അതിൽ പകയോ വൈരാഗ്യമോ സ്വാർത്ഥതയോ  പാടില്ല '  എന്ന്.. ഞാൻ അതെന്റെ മക്കൾക്കും പറഞ്ഞുകൊടുത്തു.

ആ കുട്ടിയെ ഞാൻ കവിത പഠിപ്പിച്ചു.  എത്ര പറഞ്ഞുകൊടുത്തിട്ടും  മനസ്സിലാവാതെ ആ കുട്ടി അക്ഷരത്തെറ്റുകൾ വരുത്തി, പദം  മുറിച്ചു ചൊല്ലി .. ആ അമ്മയോട് അത്  ശ്രദ്ധിയ്ക്കണം എന്ന് ഞാൻ പറയുകയും ചെയ്തു.  

അടുത്തൊരു  വേദിയിൽ മത്സരിയ്ക്കുന്നു രണ്ടുപേരും.  ഒരേ കവിത , ഒരേവേദിയിൽ.  അവിടെയും ആ കുട്ടി അക്ഷരത്തെറ്റുകൾ വരുത്തിയും പദം  മുറിച്ചു ചൊല്ലിയും കവിതയുടെ വൃത്തം തന്നെ മാറ്റിക്കളഞ്ഞു.  ജഡ്ജസിന്റെ കൂട്ടത്തിൽ ആ അമ്മയുടെ സുഹൃത്തുക്കൾ രണ്ടു പേരുണ്ടായിരുന്നു.  എന്തായാലും ആ കുട്ടിയ്ക്ക് ഒന്നാം സമ്മാനവും എന്റെ മകന് രണ്ടാം സമ്മാനവും കിട്ടി.  അവരുടെ സ്വഭാവം എനിയ്ക്കറിയാവുന്നതുകൊണ്ട് ഞാനൊന്നും മിണ്ടിയില്ല. 

പിന്നീട് മറ്റൊരു വേദിയിൽ മത്സരം .  അന്ന് ജഡ്ജിങ് പാനലിൽ നമ്മുടെയൊരു  പ്രശസ്ത കവി   ഉണ്ടായിരുന്നു.  ആ മത്സരത്തിൽ എന്റെ മകന് ഒന്നാം സമ്മാനം കിട്ടി.  ഈ കുട്ടിയ്ക്ക് ഒന്നും കിട്ടിയതുമില്ല. പ്രതീക്ഷിച്ചതുപോലെതന്നെ  ആ അമ്മ  കവിയുടെ അടുത്ത്  ചെന്ന് ചോദിച്ചു,  'എന്താ സാർ എന്റെ കുട്ടിയ്ക്ക് സമ്മാനമില്ലാതെ പോയത് ? കഴിഞ്ഞ തവണ ഒരു വേദിയിൽ ഇതേ കവിത ചൊല്ലി കുട്ടിയ്ക്ക് ഒന്നാം സമ്മാനം കിട്ടിയതാ..."

 അദ്ദേഹം  ഒറ്റ  വാചകത്തിൽ ഉത്തരം പറഞ്ഞു...

"മുഴുവൻ  അക്ഷരത്തെറ്റ് ആയിരുന്നു."

ഇത് ഇത്രയും കൊണ്ട് നിൽക്കട്ടെ..  

 തന്റെ കവിതകൾ ഇനി വിദ്യാലയങ്ങളിൽ പഠിപ്പിയ്ക്കുകയോ ഗവേഷണവിഷയമാക്കുകയോ ചെയ്യരുത്  എന്ന് കവി  ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ  സൗമ്യമായ അഭ്യർത്ഥന..  ചുള്ളിക്കാട്  പറഞ്ഞത് ശരിയല്ല  എന്ന്  വാദിയ്ക്കുന്നു പലരും .    എന്നാൽ  ഞാൻ പറയുന്നു ,  അദ്ദേഹം ഇപ്പോഴും  ആ പഴയ  ' ക്ഷുഭിതയൗവ്വനം '   തന്നെയാണ്.

സൗമ്യമായ  ആ അപേക്ഷയ്ക്ക് പിന്നിൽ ഒളിപ്പിച്ച  തീക്ഷ്ണത  മനസ്സിലാക്കാൻ  സാമാന്യബോധം മാത്രം മതി.  ദയനീയമായ ചില സത്യങ്ങളിലേക്കുള്ള  നിശിതമായ  വിരൽ ചൂണ്ടലായിരുന്നു  അതെന്നു തിരിച്ചറിയേണ്ടതാണ് . അങ്ങനെയൊരു  വിരൽചൂണ്ടലിന്  ഇത്രയും  മനോഹരമായൊരു  വഴി കണ്ടെത്തിയ  പ്രിയ കവിയ്ക്ക്  എന്റെ വന്ദനം...

ബഹളമുണ്ടാക്കിയിരുന്നെങ്കിൽ  അന്തിച്ചർച്ചകളിലെ  കലപിലയായി  അവസാനിയ്ക്കുമായിരുന്ന ഒരു കാര്യത്തെ  ഒരൊറ്റ  വാചകം കൊണ്ട്  വരിഞ്ഞു മുറുക്കിയിട്ടു അദ്ദേഹം.  ഹാ !  എത്ര ഗംഭീരം !!  അദ്ദേഹത്തിൻറെ കവിതപോലെതന്നെ ..

 അക്ഷരശുദ്ധിയും  വ്യാകരണശുദ്ധിയും ഇല്ലാത്ത മലയാളം ആരുടെ സൃഷ്ടിയാണ് ?  ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ? അദ്ധ്യാപകരെയാണോ ?  അതോ വിദ്യാർത്ഥികളെയോ ?

എന്റെ  നാവിൽ ഹരിശ്രീ കുറിച്ച ബാലൻ സാറും  അദ്ദേഹം പഠിപ്പിച്ച  മലയാളവും  അപ്പൂപ്പൻതാടി  പോലെ ശുഭ്രശുദ്ധമായിരുന്നു.   കാലങ്ങൾക്ക് ശേഷം  എന്റെ മകനെ  മലയാളവ്യാകരണം  പഠിപ്പിയ്ക്കാൻ  മാത്രമായി   ഇതേ ഗുരുനാഥന്റെ  കൈയ്യിൽ ഏല്പിച്ച്  ഞാൻ പറഞ്ഞു  ,  " സാറിനെ  ഏൽപ്പിയ്ക്കുകയാണ് "..

എന്തുകൊണ്ടാണ്  കണക്കും ശാസ്ത്രവും  മറികടന്ന് മലയാളവ്യാകരണം പഠിപ്പിയ്ക്കാൻ മോനെ ഞാൻ കൊണ്ടുവിട്ടത് ?  വ്യാകരണശുദ്ധിയില്ലാത്ത  അദ്ധ്യാപനം  കൊണ്ടാണോ ?  അങ്ങനെയാവാം..  അല്ലെങ്കിൽ  അവന്റെ കുറ്റമാവാം. 

കാരണമെന്തുതന്നെയായാലും ,  എനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു ,  അക്ഷരശുദ്ധിയും  വ്യാകരണശുദ്ധിയും  ആശയശുദ്ധിയുമില്ലാത്ത , തീരെ ഭംഗിയില്ലാത്ത  ഒരു വാചകമായി മാറരുത് എന്റെ മകൻ എന്ന്.  എന്റെ ശ്രമങ്ങൾ കുറെയൊക്കെ  ഫലം കണ്ടിട്ടുണ്ട്. പ്രായപൂർത്തിയായി  മക്കൾക്ക് .  എന്നാലും ഇപ്പോഴും  ഞാനവരെ  പഠിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്.   അവരറിയാതെ  അവരെ തിരുത്തുകയാണ്,   ആശയസംവാദങ്ങളിലൂടെ...

അദ്ധ്യാപകനായിരുന്ന  മുത്തച്ഛന്റെ  കൈപിടിച്ച് നടന്ന  ശൈശവമാണ് പ്രകൃതി എന്ന  മലയാളത്തെ  എന്റെ അറിവിലേക്ക്  ഒരു നീർച്ചാലായി ഒഴുക്കിവിട്ടത്.  അതുമുതലാണ്  എന്റെ മലയാളപഠനം തുടങ്ങിയത്.

മലയാളവാക്കുകൾ  സ്പുടമായി  പറയാതിരുന്നതിന്  കാപ്പിയുടെ  വടി  ഒടിച്ചായിരുന്നു  അമ്മയെന്നെ തല്ലിയത് .   കാലിൽ ചുവന്നു തിണർത്തു കിടന്ന  ആ അടിയുടെ  മഹത്വം  ഞാൻ തിരിച്ചറിഞ്ഞത്  മലയാളത്തെ സ്നേഹിയ്ക്കാൻ തുടങ്ങിയപ്പോഴാണ്.  മലയാളം  അദ്ധ്യാപികയായിരുന്നു  അമ്മ .  വിഷാദമധുരമായ  ശബ്ദത്തിൽ , ഈണത്തിൽ  ചൊല്ലിക്കേൾപ്പിച്ച  പദ്യങ്ങൾ  നനുത്ത മഞ്ഞ് പോലെ  മനസ്സിനെ തഴുകിയിരുന്നു.  അമ്മയുടെ ക്ളാസുകൾ കുട്ടികൾക്ക് ഇഷ്ടവുമായിരുന്നു.  എഴുത്തുഭാഷയിൽ , അടുക്കും ചിട്ടയോടും കൂടി  സ്പുടമായി  സംസാരിയ്ക്കുന്ന അമ്മയുമായി  സംസാരിച്ചിരിയ്ക്കുക എന്നതുതന്നെ വലിയൊരു അറിവ്  ആണ്...   എത്ര ഭംഗിയായും ലളിതമായുമാണ്  അമ്മ എന്റെയുള്ളിലേയ്ക്ക്  ശുദ്ധമലയാളത്തിന്റെ  മുലപ്പാൽ മധുരം  ഇറ്റിച്ചു തന്നത് !!!  അമ്മയ്ക്ക് ഒരുമ്മ ...

തുടക്കത്തിൽ  ഞാൻ പറഞ്ഞ  സംഭവത്തിലേക്ക്  തന്നെ പോകാം. ആ കുട്ടി  ചൊല്ലിയതിൽ  മൊത്തം  അക്ഷരത്തെറ്റായിരുന്നു  എന്ന്  പറഞ്ഞ കവിയുടെ  നേരെ  കയർക്കാൻ  ധൈര്യം  കാണിച്ചു   കുട്ടിയുടെ അമ്മ !  ഇങ്ങനെയാണ്  നമ്മുടെ സമൂഹം  പോകുന്നത്.  

അപൂർണ്ണമായ  ആശയങ്ങളോടുകൂടിയ വാചകങ്ങളും  വ്യാകരണത്തെറ്റോടുകൂടിയ  വാക്കുകളും  അംഗവൈകല്യം  ബാധിച്ച അക്ഷരങ്ങളും  ,  ചൂണ്ടുവിരലിനെ,  ചൂണ്ടി എന്നാരോപിച്ച്  ഉരലിൽ ഇട്ടു ചതയ്ക്കുന്ന കാലവും..  

ഈ സാമൂഹിക വിപത്തിന്  എതിരെയാണ്   കവി ബാലചന്ദ്രൻ ചുള്ളിക്കാട്  പ്രതികരിച്ചത്  എന്ന് മനസ്സിലാക്കാൻ  ഒരുപാട് സർവ്വകലാശാലാ ബിരുദങ്ങളൊന്നും വേണ്ട.  സ്വതന്ത്രമായി ചിന്തിയ്ക്കാനുള്ള ഒരു മനസ്സ് മാത്രം മതി. 

ഇന്നും പഠിച്ചുതീരാത്ത  മലയാളവുമായി ,  വായനാശൈശവത്തിന്റെ  ബാലാരിഷ്ടതകളിപ്പെട്ട്  നട്ടം  തിരിയുന്ന എന്റെ വാക്കുകൾ  മലയാളഭാഷയുടെ കാൽക്കൽ സമർപ്പിച്ചുകൊണ്ട് സസ്നേഹം...


2018, മാർച്ച് 14, ബുധനാഴ്‌ച

ചോദ്യങ്ങള്‍... ( നുറുങ്ങു കഥ )

9 അഭിപ്രായ(ങ്ങള്‍)
പലരും അവളോട്‌ ചോദിച്ചു... ഒരുപാട് ചോദ്യങ്ങള്‍. 

 "  നിന്‍റെ ആരാണ് അയാള്‍? ;  എന്താണ് അയാളുമായുള്ള ബന്ധം ? ;  എന്താണ് അയാളോട് ഇത്രയും സ്നേഹം ? ;  നിന്നെ അയാള്‍ എന്തുകൊണ്ടാണ്  ഇത്രമാത്രം സ്നേഹിയ്ക്കുന്നത് ? ;  ഇത്രയും സ്നേഹിയ്ക്കാന്‍ നിന്നിലോ അയാളിലോ എന്താണുള്ളത് ? "

അനവധി ചോദ്യങ്ങള്‍ ...  എല്ലാ ചോദ്യങ്ങള്‍ക്കും കൂടി അവള്‍ പറഞ്ഞു ഒറ്റ ഉത്തരം... 

"ദൈവമാണ് " !

 കൂടുതല്‍  വിശദീകരണം ആവശ്യമില്ലെന്ന് അവള്‍ തീരുമാനിച്ചിരുന്നു.  ദൈവത്തിന്റെ പേര് പെരുവഴിയിലേയ്ക്ക് വലിച്ചിഴയ്ക്കാനുള്ളതല്ല എന്നും അവള്‍ ഉറപ്പിച്ചിരുന്നു. 

വലിയൊരു കൊടുങ്കാറ്റ് ചുരുങ്ങിച്ചുരുങ്ങി നേര്‍ത്തൊരു നിശ്വാസമായതുപോലെ ആളുകള്‍ സമാധാനിച്ചു. അത് കാണ്‍കെ , അവളുടെ മനസ്സിലൊരു ചിരി വിരിഞ്ഞു... 

മയില്‍‌പ്പീലിത്തെന്നല്‍ പോലെ നനുത്തൊരു ചിരി.. !

2018, മാർച്ച് 8, വ്യാഴാഴ്‌ച

സ്ത്രീസ്വാതന്ത്ര്യം .

10 അഭിപ്രായ(ങ്ങള്‍)
സ്ത്രീസ്വാതന്ത്ര്യം എന്നാല്‍,

പുരുഷനെ തള്ളിക്കളഞ്ഞുകൊണ്ട് നേടിയെടുക്കുന്ന സ്വാതന്ത്ര്യം അല്ലെന്നും, പുരുഷന്മാരെ ഒന്നടങ്കം വില്ലന്മാരാക്കി ചിത്രീകരിച്ച് ഉണ്ടാക്കിയെടുക്കുന്ന വിപ്ലവം അല്ലെന്നും , ഫെമിനിസം എന്നൊരു വാക്കിന്റെ ചട്ടക്കൂടില്‍ ഒതുങ്ങുന്ന അര്‍ത്ഥമില്ലാത്ത ധാര്‍ഷ്ട്യം അല്ലെന്നും ഈ വനിതാദിനത്തില്‍ ഒരു സ്ത്രീയായ ഞാന്‍ ആണയിടുന്നു.

സാംസ്കാരികമായും വ്യക്തിപരമായും ആണ് സ്ത്രീ ആദ്യം ഉയരേണ്ടത്. നല്ല ചിന്തകളിലാണ് അവള്‍ സ്വതന്ത്രയാകേണ്ടത്. ഉയര്‍ന്ന വ്യക്തിത്വം കാഴ്ചവച്ചാണ് അവള്‍ സ്വന്തം സ്വത്വം നിലനിര്‍ത്തേണ്ടത് . ന്യായത്തിന്റെ പക്ഷത്താണ് അവള്‍ നില്‍ക്കേണ്ടത്. അതാരുടെ പക്ഷത്താണ് എങ്കിലും. ഇതെന്‍റെ അഭിപ്രായം.

സത്യത്തില്‍ ഒരു സ്ത്രീയുടെ യഥാര്‍ത്ഥ സ്വത്വം എന്താണെന്ന് പുരുഷന്‍ പൂര്‍ണ്ണതയോടെ മനസ്സിലാക്കിയിട്ടുണ്ടോ എന്നും എനിയ്ക്ക് സംശയമുണ്ട്.

സ്വെറ്റ് ലാന അലക്സിവിച് ന്റെ ഒരു പുസ്തകമുണ്ട്. "യുദ്ധഭൂമിയിലെ സ്ത്രീപോരാളികള്‍ " .

രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കാളികളായ ഇരുന്നൂറില്‍പ്പരം സ്ത്രീപോരാളികളെ നേരില്‍ കണ്ട നടത്തിയ സംഭാഷണങ്ങള്‍ ആണ് ഈ പുസ്തകത്തിന് ആധാരമായിട്ടുള്ളത് .

"അര്‍ത്ഥമില്ലാതെ കൊല ചെയ്യപ്പെട്ട കോടിക്കണക്കിനു ആളുകള്‍. അവര്‍ അന്ധകാരത്തിന്റെ പാതയിലൂടെ കടന്നുപോയി " എന്ന്‍ , ഒസീപ് മണ്ടെല്സ്ട്ടം (Osip Mandelstam) എന്ന കവിയുടെ ഉദ്ധരണിയോടെയാണ് നോബല്‍ സമ്മാനിതയായ സ്വെറ്റ്ലാന ഈ പുസ്തകം തുടങ്ങിവയ്ക്കുന്നത്.

ഒരു കോടിയോളം സ്ത്രീപോരാളികള്‍ ആ യുദ്ധത്തില്‍ പങ്കാളികളായി. പരമ്പരാഗതമായി പുരുഷന്മാര്‍ ചെയ്തുവന്ന എല്ലാ ജോലികളും സ്ത്രീകള്‍ ചെയ്തു. ടാങ്ക് ഡ്രൈവര്‍, മെഷീന്‍ ഗണ്ണര്‍ തുടങ്ങിയവയെല്ലാം.

പക്ഷേ എന്നെ നൊമ്പരപ്പെടുത്തിയത് മറ്റൊന്നാണ്. സ്ത്രീ മാതാവും ജീവന്‍ നല്‍കുന്നവളും കുഞ്ഞിനെ മുലയൂട്ടുന്നവളും പ്രണയവും സ്നേഹവും ദയയും പകര്‍ന്നു നല്കുന്നവളും ഒക്കെ ആണെന്നിരിയ്ക്കെ യുദ്ധമുഖത്ത് നിന്ന് മറ്റൊരു ജീവം അവള്‍ക്കെങ്ങനെ കവര്‍ന്നെടുക്കാനാവും എന്ന ധര്‍മ്മസങ്കടം അതില്‍ ഓരോ സ്ത്രീപോരാളിയും അനുഭവിച്ചു എന്ന അറിവ്..

ഭീകരമായ ആ യുദ്ധഭൂമിയിലും അവള്‍ ചോരപ്പാടുകള്‍ തൂത്തു കളഞ്ഞ്ഇപ്പോഴും മുഖം മിനുക്കി. ഒരു പൂവ്.. അല്ലെങ്കില്‍ ഒരു ചോക്ലേറ്റ് അവളെ യുദ്ധത്തിനിടയിലും മോഹിപ്പിച്ചു. എന്നിട്ടും വേദ്യുന്ടകള്‍ ഉതിര്‍ക്കാനും ആളുകളെ വധിയ്ക്കാനും അവള്‍ ശീലിച്ചു.

ഇതേ സ്ത്രീയുടെ മറ്റൊരു മുഖം..

യുദ്ധം കഴിഞ്ഞു. വിജയം കൈവരിച്ചു. ഇനി നമുക്ക് വിവാഹിതരാകാം എന്ന് പറയുന്ന കാമുകനോട് പോരാളിയായ കാമുകി പറയുന്നു...

" യുദ്ധത്തിന്റെ കരി പിടിച്ച ഇഷ്ടികക്കൂമ്പാരങ്ങള്‍ക്കിടയില്‍ എന്റെ മനസ്സ് മരവിച്ച് പോയിരിയ്ക്കുന്നു കൂട്ടുകാരാ ... എനിയ്ക്ക് നീ പൂക്കള്‍ സമ്മാനിയ്ക്കൂ .. നല്ല വാക്കുകള്‍ പറയൂ.. പ്രണയപൂര്‍വ്വം പെരുമാറൂ.. ഞാനെന്റെ സ്ത്രീശരീരവും മനസ്സും വീണ്ടെടുക്കട്ടെ.. "

( കണ്ണ്‍ നനഞ്ഞു ഇത് വായിച്ചപ്പോള്‍ )..

ഒരു സ്ത്രീ എന്താണെന്നും അവളുടെ സ്വത്വം എന്താണെന്നും പൂര്‍ണ്ണതയോടെ ഓരോ പുരുഷനും തിരിച്ചറിയണം എന്നും ഈ വനിതാദിനത്തില്‍ ഞാന്‍ ആശിയ്ക്കുന്നു..
 
Copyright © .