2014, ഡിസംബർ 29, തിങ്കളാഴ്‌ച

ഞാനുറങ്ങാൻ പോകും മുൻപായ്‌ ......

0 അഭിപ്രായ(ങ്ങള്‍)

                                                 ഞാനുറങ്ങാൻ  പോകും മുൻപായ്‌ ......
                                                -----------------------------------------------
                                                                                                                        - ശിവനന്ദ .  

                     



  മോനെ ,  നീയുറങ്ങാൻ  വേണ്ടിയാണ്   ഞാൻ   ഉറങ്ങാതിരുന്നത് ....നീ  ചിരിയ്ക്കാൻ   വേണ്ടിയാണ്  ഞാൻ  കരഞ്ഞത്...നിനക്ക്  വിശക്കാതിരിയ്ക്കാൻ  ഞാൻ  വിശപ്പറിഞ്ഞത് ....നിന്നെ  തീരത്തണയ്ക്കാൻ   വേണ്ടിയാണ്  ഞാൻ  നടുക്കടലിൽ  പിടഞ്ഞത്....എന്നിട്ടും....

"അന്നാ .."

ശാന്തമായ  സ്വരം ...

"അന്നാ ...നോക്കു...ഇത്  ഞാൻ...ജോസഫിന്റെയും   മേരിയുടെയും   മകൻ ...തെറ്റ്  ചെയ്യാതെ  ക്രൂശിയ്ക്കപ്പെട്ടവൻ..."

"കർത്താവേ ..."

" നീയെന്താണ്  ചെയ്യുന്നത്   അന്നാ ? "

" ഈശോയെ ...ഞാൻ കൂടുതലൊന്നും...ഭക്ഷണമോ  വസ്ത്രമോ   ചോദിച്ചില്ല....ഔഷധമോ  പാർപ്പിടമോ ചോദിച്ചില്ല....പോരുമ്പോ  ഒരു തുള്ളി കണ്ണുനീർ ...അത്രയേ  ഞാൻ ചോദിച്ചുള്ളു..."

"അന്യന്റെ  മുതൽ  ആഗ്രഹിയ്ക്കരുതെന്നല്ലേ  അന്നാ  ഞാൻ  പറഞ്ഞിട്ടുള്ളത്?"

"പിതാവേ ..ഞാൻ...ഇന്ന്  നാല്പ്പതാണ് . ഇന്നെങ്കിലും  എനിയ്ക്കങ്ങോട്ട്   പോന്നേ തീരൂ...ഒരു തുള്ളി കണ്ണുനീരെങ്കിലും  ഞാൻ   അർഹിയ്ക്കുന്നില്ലെ പിതാവേ ? ഇതെന്റെ  അവസാന യാത്രയല്ലേ ? ഇനിയെനിയ്ക്കൊരു  യാത്രയുണ്ടോ ?"

"അന്നാ , നീ  വീണ്ടും   അതുതന്നെ   പറയുന്നു....അത്   സ്നേഹത്തിന്റെ   കൂലി   ചോദിയ്ക്കലാണ് ...അരുത്  മകളേ...."

"പിതാവേ....."

"നോക്കൂ,  നിനക്ക്   വേണ്ടി   കരയേണ്ടവൻ  ഞാനാണ് .  നീയോർക്കുന്നില്ലേ ?  ഒരിയ്ക്കൽ  കണ്ണുനീരു കൊണ്ട്  എന്റെ  പാദം കഴുകപ്പെട്ടത്‌ ?  ആ കണ്ണുനീരത്രയും  ഞാൻ   സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു.   എത്ര   വേണമോ  എടുത്തോളൂ...അന്നാ ..നിനക്ക്  വേണ്ടി  ഞാനാണ്  കരയേണ്ടത് ...അതിനാണ്  ഞാൻ  ജന്മമെടുത്തത്...വേദനിയ്ക്കുന്നവർക്ക്  വേണ്ടി കരയാൻ..."

"പൊറുക്കണേ  പിതാവേ.."

ഭൂമിയിൽ  ചടങ്ങുകൾ  തീർന്നു .....അത്യുന്നതങ്ങളിൽ  ദൈവത്തിന് സ്തുതി....


                                                     ***************

2014, ഡിസംബർ 16, ചൊവ്വാഴ്ച

ചിതറിത്തെറിച്ച തുള്ളികൾ .

0 അഭിപ്രായ(ങ്ങള്‍)
                                             ചിതറിത്തെറിച്ച  തുള്ളികൾ .
                                             ------------------------------------
                                                                                                  --ശിവനന്ദ .

                      സമീറയ്ക്ക്   ഭർത്താവ്  വിദേശത്തുനിന്നയച്ച  കത്തുകൾ ,  അവളെഴുതിവച്ച  മറുപടി .....എല്ലാമെല്ലാം ..ഒരു  തീപ്പെട്ടിക്കൊള്ളിയ്ക്ക്  പിന്നിൽ   ആളിക്കത്തി.......ഒരു  ജിന്നാണത്   ചെയ്തതെന്ന്   സമീറയ്ക്ക്   തോന്നി .   ജിന്നിന്   മനുഷ്യമുഖമാണോ ? അവൾ  സംശയിച്ചു..

                    കത്തിയമർന്ന  അക്ഷരങ്ങളിൽ  നോക്കി   സമീറ  പകച്ചു നിന്നു ...ഒരു നിമിഷം ..ഒരേയൊരു  നിമിഷം..അവളുടെ   മനസ്സിൽ ഒരു   ചുഴലിക്കാറ്റ്   രൂപം  കൊണ്ടു .  അതിന്റെ  ഭ്രമണത്തിൽ   അവളൊന്ന്   തിരിഞ്ഞു.  കണ്ണിൽനിന്നൊഴുകിയ   വെള്ളത്തുള്ളികളെ  അവൾ  പകയോടെ   തൂത്തെറിഞ്ഞു .   ചിതറിത്തെറിച്ച   തുള്ളിൽകളിൽ നിന്നും   ആയിരം   സമീറമാർ  ഉയർന്നുപൊങ്ങി .  അവരുടെ   കൈകളിൽ  പേനയോ  പടവാളോ ?  അത്   പടവാൾ തന്നെ.  അവരുടെ   കണ്ണുകളിൽ  കത്തിയെരിയുന്നത്   കാട്ടുതീയോ ?  അതെ..കാട്ടുതീ   തന്നെ..എല്ലാം  ചാരമാക്കാൻ   പോന്ന   കാട്ടുതീ..

"സമീറാ ...."

അത്   അല്ലാഹുവിന്റെ  ശബ്ദം......!

"സമീറാ ......കോപവും   താപവും   മറന്ന്  നീ   ശാന്തയാകൂ.... കത്തിയെരിഞ്ഞത്   വെറും   കടലാസ്സ് ചുരുളുകളാണ് .   അത്   നശ്വരമാണ് .   നീ   നിന്റെ   മനസ്സിലെഴുതൂ...ആത്മാവിലെഴുതൂ....അതാണ്‌  അനശ്വരം.."

"അല്ലാഹുവേ...എങ്കിൽ ഞാനൊന്ന്   കരഞ്ഞോട്ടെ?"

"അരുത്.....നീയറിയണം സമീറാ ,  ഭൂമിയിൽ  നന്മയോടൊപ്പം തിന്മയും  വേണം...ഭൂമിയുടെ   നിലനിൽപ്പിന്  അതാവശ്യം."

എന്നിട്ടും   അല്ലാഹുവിന്റെ   നെഞ്ചിൽ  മുഖമണച്ച്   അവൾ  കരഞ്ഞു....പിന്നെ...മെല്ലെ മെല്ലെ...അവൾ   ശാന്തയായി...ഒരു   നീലത്തടാകം  പോലെ....








               

                        

എല്ലാവർക്കും ക്രിസ്മസ് ആശംസകൾ .

0 അഭിപ്രായ(ങ്ങള്‍)
                                            എല്ലാവർക്കും   ക്രിസ്മസ്  ആശംസകൾ .



ദൈവത്തിന്റെ പൂർണ്ണത  നഷ്ടപ്പെടുത്താതെ,   മനുഷ്യന്റെ  പരിമിതിയ്ക്കുള്ളിൽ  ദൈവത്തെ   വെളിപ്പെടുത്തുന്ന തന്റെ ജീവിതാനുഭവം  ലോകത്തിന്  കാണിച്ചു കൊടുത്ത ക്രിസ്തു,   കൊട്ടാരത്തിലല്ല , പശുത്തൊട്ടിലിലാണ്  ജനിച്ചത് . ഭാവിയുടെ സമാധാനം രാഷ്ട്രീയ സാമ്പത്തിക ശക്തിയിലല്ല ,  ധർമ്മം നിഷേധിയ്ക്കപ്പെട്ട് അനാഥനായ മനുഷ്യൻ വസിയ്ക്കുന്ന പശുത്തൊട്ടിലിലാണെന്ന്  ക്രിസ്മസ് പ്രഖ്യാപിയ്ക്കുന്നു .  അർത്ഥപൂർണ്ണവും  ആശയഗാംഭീര്യവുമുള്ള  ഒരു സത്യമാണ്  ക്രിസ്മസിന്റെ  ദൂത്.  സന്തോഷവും  സമാധാനവും  മനുഷ്യന്  ലഭിയ്ക്കാൻ , ക്രിസ്തു, സകലരാലും നിഷേധിയ്ക്കപ്പെട്ടവനായി , തെറ്റിദ്ധരിയ്ക്കപ്പെട്ടവനായി  മനുഷ്യർക്ക്  വേണ്ടി   മരിച്ച് , അധർമത്തെ നശിപ്പിച്ച്  ധർമ്മത്തെ  സ്ഥാപിച്ചിരിയ്ക്കുന്നു  എന്ന  സത്യമാണ് ക്രിസ്മസ്.  പശുത്തൊട്ടിലുകളെ  കൊട്ടാരങ്ങളായി   രൂപാന്തരപ്പെടുത്തനം .   നീതിയും സമാധാനവും  സന്തോഷവും  മനുഷ്യത്വവും എല്ലായിടത്തും   കാണത്തക്ക   ഒരു  കേരളം ,  ഒരു  ഭാരതം ,  ഒരു  ലോകം   ക്രമപ്പെടുത്തുന്നതിന്  ഈ ക്രിസ്മസ്  കാരണമാകട്ടെ....എല്ലാവർക്കും എന്റെ  ഹൃദയം   നിറഞ്ഞ  ക്രിസ്മസ്   ആശംസകൾ..

2014, ഡിസംബർ 9, ചൊവ്വാഴ്ച

0 അഭിപ്രായ(ങ്ങള്‍)
താഴെ കൊടുത്തിരിയ്ക്കുന്നത്  എന്റെ സുഹൃത്ത് നിവേദിത എന്നെക്കുറിച്ചെഴുതിയ  ഒരു  ബ്ലോഗ് ആണ് .  അവരുടെ  അനുവാദത്തോടുകൂടി   ഞാനിത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ശാരികയും ശിവനന്ദയും


ആൽമരത്തിന്റെ ചില്ലയിലിരുന്ന് ശാരികപ്പൈതൽ ഏറെ നേരം ചിന്തിച്ചു. 
അകലെ ശിവനന്ദയുടെ വീട്ടിൽ ഇപ്പോഴും വെട്ടം കാണാം. 
ദൂരത്തായാതുകൊണ്ടാകം ഒരു മിന്നാമിനുങ്ങെന്നേ പറയാവൂ.
ഉറങ്ങിയിട്ടുണ്ടാവില്ല. എഴുത്ത് ആയിരിക്കും. ഒത്തിരി കഥകളും കവിതകളും എഴുതിയ ആളല്ലേ. എഴുത്തച്ഛന്റെ വകയിലാരോ തന്നെ.
അങ്ങേരെഴുതുമ്പോൾ കുത്തും കോമയും ഒന്നുമില്ലായിരുന്നു. 
നാരായം കൊണ്ട് പനയോലയിൽ കുത്തിയാൽ കീറിപ്പോവില്ലേ. 
ഇതങ്ങിനെയല്ല. പൂർണ്ണ വിരാമത്തിന്റെ കീയിൽ കൊട്ടിക്കൊന്ണ്ടേ ഇരിക്കും.
അക്ഷമ. കോപം. ക്രോധം. നാവിൽ വാക്ക് പിറക്കാൻ താമസിക്കുന്നതിന്റെ ഈറ്റുനോവ്. നിശ്ശബ്ദത. മൌനം. ഉന്മാദം. തനിക്ക്  തന്നെ നല്കുന്ന നീണ്ട കയ്യടി. ഗതകാലത്തിന്റെ ശവപ്പെട്ടിമേൽ നിരവധി ആണികൾ. കർത്തവ്യങ്ങൾക്കും കടമകൾക്കും മീതെ ലേലം ചെയ്യുന്നതിന്റെയും അലക്ഷ്യമായ കോടതിക്കെതിരെയും കൊട്ടുവടി. എന്നിങ്ങനെ ഒരായിരം അർത്ഥം മുറ്റി നില്ക്കുന്ന അർദ്ധവിരാമങ്ങൾ.
ജനാലയിൽ ഒരു പച്ചില വന്നിരുന്നെന്നു കരുതി അതിനോട് കുശലം പറയാൻ തുടങ്ങിയപ്പോഴാണ് ശിവനന്ദ അസാധാരണമായ ചുവപ്പുനിറം കണ്ട് ശാരികയെ തിരിച്ചറിഞ്ഞത്. 
തുഞ്ചൻ പറമ്പിലൊക്കെ ഒന്ന് പോകണമെന്ന് വിചാരിച്ചിട്ടു നടക്കുന്നില്ല. 
ശാരിക ചിരകിനടിയിൽ നിന്ന് നോട്ട് പാഡ് പുറത്തെടുത്തു. ചുണ്ട് കൊണ്ട് പേന പിടിച്ചു.
"പേരിന്റെ കാര്യമൊന്നും എനിക്കറിയേണ്ട. ഞാൻ ബ്ലോഗ്‌ വായിച്ചിട്ടുണ്ട്. ചോദിച്ചാൽ സത്യം പറയില്ലെന്നുമറിയാം"
"കള്ളം പറയുമെന്നാണോ"
"എന്റെ പൊന്നേ, ഞാനങ്ങിനെയൊന്നും പറഞ്ഞില്ല."
"എനിക്ക് മനസ് വായിക്കാൻ കഴിയും"
"പുസ്തകം, വീണ, വയലിൻ, ഓടക്കുഴൽ, മനസ്‌, എഴുതാപ്പുറം..... വലിയ വായനക്കാരിയാണല്ലേ?"
"എഴുത്തുകാരിയും. തലയിലെഴുത്തല്ലാതെ എന്തും എഴുതും ."
"കഥയും കവിതയും വായിച്ചതിൽ നിന്നും ചില ഊഹാപോഹങ്ങൾ പറയട്ടെ?"
"ആവാം. അന്യരുടെ മണ്ടത്തരങ്ങളോട്‌ എനിക്ക് ഏറെ സഹിഷ്ണുതയാണ്‌ "
"ജാതകവശാൽ ഇത് രണ്ടാം ജന്മം. ഈ ജന്മത്തിൽ. രചന തന്നെ കര്മ്മമെന്നു തിരിച്ചറിഞ്ഞിരിക്കുന്നു പോയജന്മത്തിൽ അങ്ങിനെയൊ ന്നുമില്ലായിരുന്നു അരങ്ങു കണ്ടിടത്തൊക്കെ തകർത്താടി"
" ഒരു വിധം ഒപ്പിച്ചു എന്ന് പറയാം. അത് ഗതജന്മം. ഗതി കിട്ടാത്ത ജന്മം. അന്ന് അറച്ചറച്ചും ഇന്ന് ഉറച്ചുറച്ചും . "
"ഇതെന്താ ഇത്? വാക്പോരിന്റെ ആളാണല്ലോ"
"രാമായണവും മാനിഫെസ്ടോയും ഒന്നിച്ചു തിന്നതിന്റെ അജീർണ്ണം. എമ്പക്കത്തിനു പകരം വാക്കുകൾ "
"ഇതെവിടുന്നാണീ കഥകളൊക്കെ? ഞങ്ങൾക്കൊക്കെ നടന്നിട്ട് ഒരു വണ്‍ ലൈൻ പോലും കിട്ടുന്നില്ലല്ല്ലോ"
"നിങ്ങൾ പുറത്തു തപ്പുന്നു. ഞാൻ അകത്തു തപ്പുന്നു. ഞാനെന്നെ മുറിച്ച് ഒരു നൂറ്റിയൊന്ന് കുടത്തിൽ ഇട്ടു വെച്ചിട്ടുണ്ട്. നാല്പതെണ്ണമേ കൈകൾ കുടഞ്ഞു പുറത്തു വന്നുള്ളൂ"
"അങ്ങിനെ പറ. ചുമ്മാതല്ല കഥാപാത്രങ്ങൾക്ക് വൈവിധ്യം ഒന്നും ഇല്ലാത്തത്. ഉള്ളിലാണ് വൈവിധ്യം. അത് ഉള്ളി പൊളിക്കും പോലെ കീറിക്കീറി ഇരിക്കാൻ രസമാണല്ലേ"
"ഞാനവരുടെ ?ഉള്ളിൽ കിടന്നവരുടെ ഉള്ളു കാണാൻ എളുപ്പമാണ് . ഞാനൊരു രഹസ്യം പറയാം."
"പറയൂ, പറയൂ."
"അവര്ക്കൊന്നും പറയാനാവില്ല. ഒക്കെ ഞാൻ അവരെക്കൊണ്ട് പറഞ്ഞും പാടിയും അഭിനയിച്ചു കാണിച്ചും പഠിപ്പിച്ചെടുക്കുന്നതാ. എന്നാലേ പുസ്തകത്താളിൽ നട്ടെല്ലു നിവർത്തി നിന്ന് നാലു പറയാൻഅവർക്കാകൂ"
"ഓ ഇത്രേ ഉള്ളോ? ഞാൻ വിചാരിച്ചു...."
" എന്റെ അ നുവാദമില്ലാതെ എന്നെപ്പറ്റി ഒന്നും വിചാരിക്കരുത്. പ്ലീസ്. അതെനിക്കിഷ്ടമല്ല"
"ഞാൻ വിചാരിച്ചു തനിപ്പകർപ്പുകളായി ചില കഥാ പാത്രങ്ങളെങ്കിലും കാണുമെന്ന് ."
"അങ്ങനെ പകർത്തി എഴുതേണ്ട ആവശ്യമൊന്നുമില്ല. അവരവരും ഞാൻ ഞാനുമായി ത്തന്നെ ഇരുന്നോട്ടേ"
"നളന്റെ ശിഷ്യയാണെന്ന് കേട്ടിട്ടുണ്ടല്ലോ?"
"ശരിയായിരിക്കാം. നാവിന്റെ ശക്തിക്ക് അങ്ങനെ ഒരു പ്രയോജനം കൂടി ആയി."
"ഇതെന്തിനാണീ മറ? മറയ്ക്കാനേറെ യുണ്ടോ?"
"മറയ്ക്കാനേറെയില്ല, മറക്കാനെറെയുണ്ട്. ഞാനും ശിവനന്ദയും. ഞങ്ങളുടെ നൂറ്റിയൊന്നു കുഞ്ഞുങ്ങളും. ഞങ്ങളിൽ ഒരാൾ ഒരിക്കൽ മരിക്കും. മറ്റെയാൾ എന്നും ജീവിക്കും. അത് ശിവാനന്ദ യായിരിക്കും. ഞാനായിരിക്കില്ല. പക്ഷെ അവളിലൂടെ ഞാൻ അറിയപ്പെടും."
"39 ബ്ലോഗ്ഗും ഞാൻ വായിച്ചു പഠിച്ചു. നിർജീവ വസ്തുക്കൾക്ക് ജീവനും സ്വേച്ഛയും കൊടുക്കാ നിഷ്ടമാണ ല്ലേ?'
"അതെ. ഞാൻ ജീവന് ഏറെ വില കൽപ്പിക്കുന്നു. കല്ലിനും മണ്ണിനും കുന്നിനും പുഴയ്ക്കും ഒക്കെ ജീവനുണ്ട്. ഞങ്ങൾ കണ്ടു മുട്ടുമ്പോഴൊക്കെ ധാരാളം കാര്യം പറയാറുണ്ട്‌"
" വാക്കുകളുടെ വിഗ്രഹാർഥമൊക്കെ നന്നായിട്ടറിയാമല്ലോ"
"വാക്കുകളെയും അക്ഷരങ്ങളെയും ഞാൻ ആരാധിക്കുന്നു. അവ അർഥ മുള്ള വിഗ്രഹങ്ങളാണ് അങ്ങിനെ വിഗ്രഹാർത്ഥ വും മനസ്സില് പതിഞ്ഞു" "എഴുതാനഗ്രഹിക്കുന്ന കഥകൾ ഉണ്ടോ?"
"ധാരാളം. കൂടുതലും സംഭവിക്കരുതേയെന്നു ആശിക്കുന്നത്."
"അഗ്നിയാണൊ ഇഷ്ടദേവൻ ?" "
"എന്ന് തോന്നുന്നു. സ്നേഹത്തിനു അഗ്നിയുടെ ഊഷ്മള ഭാവം ഉണ്ടല്ലോ. ചിത്രശലഭത്തിന്റെ ചിറകു കരിഞ്ഞെന്നും വരും. സ്നേഹത്തിന്റെയും ശക്തിയുടെയും പര്യായമായി അഗ്നിയെ കാണാമെന്നു തോന്നുന്നു. സ്നേഹവും സ്വാതന്ത്ര്യവും വിഭിന്നമല്ല"
"കഥകളിലാകെ ശക്തി നില്ക്കുന്നു. ഏതാണ്ടൊരു യുദ്ധത്തിന്റെ ചൂരാണ് കഥകൾക്കെല്ലാം. അക്ഷരങ്ങളിൽ ഊർജ്ജം തുളുമ്പിത്തുടി ച്ചു നില്ക്കുന്നു.വ്യക്തിത്വം ഭാവം വിഭിന്ന രൂപങ്ങളിൽ കഥാപാത്രമായി രംഗത്തു വരുന്നു. അടിമത്തത്തിനോടാണ് ഏറ്റവും കലഹം. നിർജീവ വസ്തുക്കൾ പോലും സ്നേഹത്തിനല്ലാതെ മറ്റൊന്നിനും അടിമപ്പെടുന്നില്ല.. ഉദാഹരണം മയില്പീലി യും, വേണിയും ശിരസ്സിജയും. "
"അതേ സമൂഹം വ്യക്തിയേക്കാൾ വലുതാവുമ്പോഴും വ്യക്തി സമൂഹത്തേക്കാൾ വലുതാവുമ്പോഴും സ്വാർഥതയും സ്നേഹശൂന്യ തയും മുളപൊട്ടുന്നു. സമൂഹം വ്യക്തിയേയും വ്യക്തി സമൂഹത്തേയും ബഹുമാനിക്കണം. ബന്ധങ്ങളും അങ്ങനെ തന്നെ വേണം."
"വിശക്കുന്നു"
"കഞ്ഞിയും പയറും പപ്പടവും. പിന്നെ കരിനെല്ലിക്ക ഉപ്പിലിട്ടതും"
"നൂഡിൽസ്?"
"പിന്നെന്താ! റെസ്റ്റോറന്റിൽ നിന്നും വരുത്തി തരാം."
2 അഭിപ്രായ(ങ്ങള്‍)
താഴെ കൊടുത്തിരിയ്ക്കുന്നത്  എന്റെ സുഹൃത്ത്  ശ്രീകുമാർ , എന്റെ പുസ്തകത്തിന് എഴുതിയ നിരൂപണമാണ് . അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി  ഞാനത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ജനാലയ്ക്കു പുറത്തെ കൂടുതൽ ഇടുങ്ങിയ ലോകം

ശിവനന്ദയുടെ സ്റ്റാർ സ്പെന്റ്റ് ഗംഭീരമായി നടക്കുന്ന ആഴ്ചയിലാണ് ഈ കുറിപ്പെഴുതുന്നത്. അവരുടെ ബ്ലോഗ്ഗുകൾ  വായിച്ചെങ്കിലും സാഹസികമായി  പുസ്തകം പ്രസിധീകരിച്ചപ്പോൽ അത് ആ രൂപത്തിൽ തന്നെ വായിക്കണം എന്ന് തോന്നി. ഒറ്റ ഇരുപ്പിൽ തന്നെ നൂറു പേജും വായിച്ചു. പിന്നെ വീണ്ടും ആറു  തവണ കൂടി. പിന്നെ ഇന്ന് വീണ്ടും.
കഥകളുടെ പേരിൽത്തന്നെ ഒരു വെളിവാക്കലുണ്ട്. ശീർഷകങ്ങൾ കാണുമ്പോൾ അവയൊക്കെ ജീവിത യാത്രയിലെ പെരുവഴിയമ്പലക്കുറിപ്പുകൾ ആണെന്ന് തോന്നും. പക്ഷെ  അങ്ങിനെയല്ല. അനുഭവങ്ങൾ ധ്യാനത്തിലൂടെ രൂപപ്പെടുത്തി യെടുക്കുന്നതാണ് തന്റെ രീതി എന്ന് ക്രിസ്സിനു കൊടുത്ത നീണ്ട മറുപടിയിൽ ശിവനന്ദ വിശദമായി പറഞ്ഞിരിക്കുന്നു. കഥകൾ  അതിനു സാക്ഷി.
മരവും മയിൽപീലിയുമൊക്കെ ശിവനന്ദയുടെ രചനകളിൽ കാണാറുണ്ട്‌. ആണിന്റെ ശബ്ദത്തിലും പെണ്ണിന്റെ ശബ്ദത്തിലും വളരെ വിശ്വസനീയമായ രീതിയിൽ എഴുതാറുമുണ്ട്.ഈ സമാഹാരത്തിലെ ആദ്യത്തെ കഥയിൽ ഒരു വയസ്സനാണ് സംസാരിക്കുന്നത്. പക്ഷെ വിശ്വസാഹിത്യ കാരന്മാരെപ്പോലെ ആത്മനിര്യാസത്തോടെയുള്ള എഴുത്തല്ല ശിവനന്ദയുടേത്. കഥകളുടെ അന്തരീക്ഷത്തിൽ കഥാകൃത്ത് ഒരു ചൂരലുമായി കറങ്ങി നടപ്പുണ്ട്. ആദ്യത്തെ കുഞ്ഞിനെ വളർത്തു മ്പോൾ എല്ലാ അമ്മമാരും ഇങ്ങനെ ആയിരിക്കും. കുഞ്ഞുങ്ങളൊക്കെ അങ്ങു വളരും. അപ്പോൾ കാണാം. അവർ കഥാകൃത്തിനെ വഴിയിലിറക്കി വിടുന്നത്.
പല കഥകളും കാൽപനികവും ഫാന്റസികളുമാണ്. ദേശകാലങ്ങൾക്ക് വലിയ പ്രാധാന്യമില്ല. ജനാലയ്ക്കപ്പുറത്തേയ്ക്കു നോക്കിയാണ് താൻ എഴുതുന്നതെന്ന് പറയുന്ന ശിവനന്ദ നമുക്ക് കാട്ടിത്തരുന്ന ലോകം തടവറയെക്കാളും ഇടുങ്ങിയതാണ് മിക്കപ്പോഴും. അവിടെടവിടെയായി അതിഭാവുകത്വവും ഒക്കെ കാണാം. ചിലപ്പോൾ സെന്ടിമെന്ടാലിറ്റിയും. ഇടയ്ക്കൊന്നു പറയട്ടെ സെന്റിമെന്റൽ എന്നാൽ അപാരമായ ശുഭാപ്തി വിശ്വാസമെന്നേ അർത്ഥമുള്ളു. അത് മെലോഡ്രാമ എന്ന അർത്ഥ ത്തിൽ ഉപയോഗിക്കുവാൻ പാടില്ല.
ഈ കഥകളിലെ ലോകം ആണുങ്ങൾക്ക് നേരിട്ട് പരിചയമുള്ളതല്ല. അവിടെ സ്ത്രീകളുടെ മനസ്സും അന്ത:സംഘർഷങ്ങളും നമുക്ക് കാണാം. വിരലിലെണ്ണാവുന അവയവങ്ങളേ സ്ത്രീകൾക്കുള്ളൂ എന്ന് ശഠിക്കുന്ന പുരുഷന്മാരെയും കാണാം. അല്ലാത്തവരും ഉണ്ട്. അവരുടെ സാന്നിധ്യം അങ്ങനെ അല്ലാത്തവരെ ചൂണ്ടി ക്കാട്ടുക എന്നതാണെന്നു തോന്നുന്നു.
ശിവനന്ദ ഈ ലോകം കാട്ടുന്നത് അന്യർ വെച്ച് കൊടുത്ത കണ്ണടയിലൂടെ അല്ല. വിവിധ കഥകളിലായി കഥാകാരിയുടെ ജീവിതവും വളപ്പൊട്ടുകളായി ചിതറിക്കിടക്കുന്നു. ഇത് വായനക്കാരൻറെ കണ്ണിൽ പെടുകയും പുസ്തകം വായിച്ച ശേഷവും കണ്ണിൽ വീണ മണൽതരി പോലെ അവരെ അസ്വസ്തരാക്കുകയും ചെയ്യും. ആ വളപ്പൊട്ടുകൾ കൊണ്ട് നക്ഷത്രാ ങ്കിതമാണ് ഈ കഥകളെല്ലാം
പരപ്പേറിയ വായനയിൽ നിന്നും ഉള്ളിലെ സംഗീതത്തിൻറെ താളക്രമത്തിൽ  നിന്നും (അച്ഛൻ, അമ്മ, 10 വർഷത്തെ സംഗീതാഭ്യാസം) നേടിയ ഭാഷാശുദ്ധി അർത്ഥവൈകല്യത്തിന്റെയും യുക്തിഭംഗത്തിന്റെയും കരടില്ലത്തതാണ്. അതിലെഴുതിയ വാക്കുകൾ സത്യത്തിന് സാക്ഷി പറയാനെത്തുമ്പോൾ അവയുടെ മൂർച്ചയും തീർച്ചയും (ശിവനന്ദയുടെ വാക്കുകൾ) ജീവിതമെന്ന കാട്ടുകല്ലിൽ നിന്ന് കൊത്തിയെടുക്കുന്നത് അന്യൂനമായ വെണ്ണക്കൽ ശില്പങ്ങളാണ് . ഈ കഥാപാത്രങ്ങൾക്ക് ജന്മം നല്കുന്ന ഈറ്റുപുര എന്തുമാത്രം അടുക്കും ചിട്ടയും വെടിപ്പും വൃത്തിയും ഉറപ്പും ഉള്ളതാണെന്ന് വായനക്കാരൻ തിരിച്ചറിയുന്നു. അവരുടെ സുഹൃത്തായ നിവേദി തയുടെ രണ്ടു വരികൾ എഴുതി ഇത് അവസാനിപ്പിക്കാം .
എഴുതാതെയുള്ളിൽ തുടിച്ചു നിൽക്കും 
ഏഴഴകുള്ള നിൻ കാവ്യലോകം 
പുഴപോലെയൊഴുകിപ്പരന്നിടുമ്പോൾ 
അഴലിന്നതീതയായ് തീർന്നു നീയും
 
Copyright © .