2014, മേയ് 27, ചൊവ്വാഴ്ച

മഴവില്ലണിഞ്ഞ ബാസുരി .

4 അഭിപ്രായ(ങ്ങള്‍)
                                 
                                        മഴവില്ലണിഞ്ഞ  ബാസുരി .
                                       ---------------------------------
                                                                                                 ശിവനന്ദ .

                                         
                                                               അവൾ    ഇരുട്ടിൽക്കിടന്ന്   ചെവിയോർത്തു ...........

" ബാസുരീ ...."

വന്നുവോ ?  അവൻ ........എന്റെ   കണ്ണൻ.........ആ  ശബ്ദം   ഞാൻ   കേട്ടുവോ ?

" ബാസുരീ....ഞാനാണ് ...നിന്റെ   കണ്ണൻ ........"

അവൾ   ഞൊടിയിടയിൽ   ചാടിയെഴുന്നേറ്റു .   ഇരുട്ടിലേയ്ക്ക്‌   നോക്കി   വിളിച്ചു .

" കണ്ണാ...."

മുറിവേറ്റൊരു   കുഞ്ഞു  കിളിയുടെ   കരച്ചിൽ   പോലിരുന്നു   ബാസുരിയുടെ   സ്വരം .

" കണ്ണാ...നീയെവിടെയാണ് ?   ഞാൻ.........ഞാനിരുട്ടിലാണ് ..........എനിയ്ക്കൊന്നും  കാണാൻ വയ്യ. ............."

" ബാസുരീ ...ഞാനിവിടെയുണ്ട് ...വരൂ ....."

അവൾ   തപ്പിപ്പിടിച്ച്   വാതിൽക്കലേയ്ക്ക്   ഓടി .......................

                                                   
                                                               ************

                                                     രാത്രി   അംഗിതൻ   വരും.   അയാൾ ,  ബാസുരിയുടെ   ജ്യേഷ്ഠസഹോദരി   ബസുമതിയുടെ      ഭർത്താവാണ് .   ജോലി   കഴിഞ്ഞ്    സന്ധ്യയോടെ   വീട്ടിലെത്തിയാൽ ,  ഒരു  ചായ   കുടിച്ച്   അല്പം   വിശ്രമം .   അതുകഴിഞ്ഞാൽ,  നേരെ   ബാസുരിയുടെ   മുറിയിലേയ്ക്ക് . .......  പൂട്ടിയിട്ട   വാതിൽ   തുറന്ന്   അയാൾ അകത്തു കയറും .   വാതിൽ  അകത്തുനിന്നും   കുറ്റിയിടും .   പിന്നെ..........ബാസുരി............മഴവില്ലണിഞ്ഞതുപോലെ   സുന്ദരിയായ   ബാസുരി...........            

                                                          ഒരു   വിരൽത്തുമ്പിൽപ്പോലും   തൊട്ട്   അശുദ്ധമാക്കാതെ   അവളുടെ   കണ്ണൻ   നിധി പോലെ   സൂക്ഷിച്ച   ആ  സൗന്ദര്യത്തെ    കലി പിടിച്ച   വ്യാഘ്രത്തേപ്പോലെ   അയാൾ ......അംഗിതൻ   കടിച്ചു കുടയും ...................

                                                            പക്ഷേ  ബാസുരിയ്ക്ക്   വേദനിയ്ക്കില്ല .   അവളുടെ   മനസ്സോ   ശരീരമോ   അയാളുടെ   കാമവെറി   അറിയില്ല.   അവൾ   ഒന്നുമറിയാതെ   ഇരുട്ടിലേയ്ക്ക്   തുറിച്ചുനോക്കിക്കിടക്കും .   ആ  മനസ്സിലപ്പോൾ   കണ്ണനാണ് .   അയാളുടെ   ആക്രമണം   കഴിഞ്ഞു പോയാലുടൻ   കണ്ണൻ   വരും .   ആ  പ്രതീക്ഷയിലാണവളുടെ   മനവും  തനുവും ...........

                                             ,  ഒടുവിൽ   ,   അയാളൊരു    ബീഡിയും  പുകച്ച്   സംതൃപ്തിയോടെ   പുറത്തിറങ്ങി ,  വാതിൽ   പുറത്തുനിന്നും   പൂട്ടും.  അതയാളുടെ   ഒരു  ദിനചര്യ   പോലെയാണ് .

                                                 പാവം   ബാസുരി .........അവളെഴുന്നേറ്റു കുളിമുറിയിലേയ്ക്ക്   പോകും.  തുളസീതൈലം   ചേർത്ത   വെള്ളത്തിൽ   കുളിയ്ക്കും .   അരുവി പോലെ   ഒഴുകിക്കിടക്കുന്ന   നീണ്ടുലഞ്ഞ   മുടിയിൽ   ചന്ദനത്തൈലം   പൂശും .   ചന്ദന ഗന്ധമുള്ള   വസ്ത്രങ്ങൾ   ധരിയ്ക്കും .   കല്ലും   മുത്തും  പിടിപ്പിച്ച  ,  ഒരുപാട്   ഞൊറികളുള്ള   പാവാടയാണവൾ   ധരിയ്ക്കുക .   അലുക്കുകൾ   പിടിപ്പിച്ച   ബ്ളൌസും   ധാവണിയും   ധരിയ്ക്കും .   ദേഹത്ത്   മറ്റൊരു   അണിഞ്ഞൊരുങ്ങലുമില്ലാതെ   അവൾ   മീരാബായിയേപ്പോലെ   സുന്ദരിയും   ശാന്തയുമായിരിയ്ക്കും ............ഇനി.........ഇനിയാണവളുടെ   കണ്ണൻ   വരുന്നത് .

                                                   മാതാപിതാക്കൾ   മരണപ്പെടുന്നതിന്  മുൻപ് ,   ബാസുരിയുടെ   വീട്ടിൽ  പശുക്കളെ   നോക്കാൻ   നിന്ന   ചെറുമച്ചെക്കനായിരുന്നു   മാണിക്യൻ .   അവനെ   ബാസുരി   സ്നേഹത്തോടെ   വിളിയ്ക്കുന്ന   പേരാണ്   കണ്ണൻ ....അവളങ്ങനെയാണ് .   മനസ്സിൽ   സ്നേഹം   വിങ്ങി വിതുമ്പുമ്പോൾ .." കണ്ണാ "   എന്നുള്ള   ഒരു  വിളിയിൽ   അവൾ   സ്നേഹമത്രയും   പകർന്നു  നിറച്ചു വയ്ക്കും ...........കണ്ണൻ...................ബാസുരിയുടെ   മാത്രം   കണ്ണൻ............

                                                    ഉന്നതകുലജാതയായ --നക്ഷത്രക്കണ്ണുകളുള്ള   ബാസുരിയെ ,  കണ്ണൻ   ' നക്ഷത്രക്കുഞ്ഞേ '   എന്ന്   വിളിച്ചിരുന്നു .  ആ  നക്ഷത്രം   പിന്നീട്   അവന്റെ  മനസ്സിലെ   മാനത്തേയ്ക്ക്   കൂടുമാറി .   ബാസുരിയുടെ   മനസ്സിലാണെങ്കിൽ ,  ആ  കറുത്ത   കാലിച്ചെക്കൻ ,  അക്ഷരാർത്ഥത്തിൽ   കാർവർണ്ണനായി .   അവളുടെ മാത്രം   കണ്ണൻ ..........അവനോടുള്ള   പ്രണയം   അവളുടെ   മനസ്സിൽ   അമൃതവർഷിണി രാഗമായി   പെയ്തു നിറഞ്ഞു .....

                                                  കൊട്ടാരം   പോലത്തെ  ആ  വലിയ   വീട്ടിൽ ,   ബാസുരിയുടെ   നൃത്തച്ചുവടുകൾ   ചിലമ്പൊലിനാദമായി   മുഴങ്ങി.   അവളുടെ   വിരൽസ്പർശമേറ്റ്   വീണാതന്ത്രികൾ   മോഹനം   പാടി .   കുന്തിരിയ്ക്കം   പുകച്ച്   ഈറൻ   മാറ്റിയ   അവളുടെ   നീണ്ട് ഇടതൂർന്ന   മുടിച്ചുരുളുകൾ   കാട്ടരുവി പോലെ   ഒഴുകിക്കിടന്നു .

                                                   പൂന്തോട്ടത്തിൽ   ഇറങ്ങിനിന്ന് ,  ബാസുരി   പൂക്കളോടും   പൂമ്പാറ്റകളോടും   കിന്നാരം   പറയും .   ചിലപ്പോൾ   പൂത്തു നിറഞ്ഞു   നില്ക്കുന്ന അശോകമരത്തിന്റെ   ചുവട്ടിൽ   വെറുതെയങ്ങനെ   നിൽക്കും .   ഒരു  സാലഭഞ്ജിക  പോലെ .കണ്ണുകളിൽ  നിറയെ  സ്വപ്നം  മയങ്ങുന്നുണ്ടാവും  .

" ബാസുരീ..  ആ   അശോകമരത്തിന്റെ   ചുവട്ടിൽ   നിൽക്കാതെ .  അത്   നല്ലതല്ല .  സീതാദേവി ,  ശ്രീരാമനെ  പിരിഞ്ഞ് ,  ലങ്കയിൽ  ഏകയായിരുന്നത്   അശോകത്തിന്റെ   ചുവട്ടിലാണ് . "

അമ്മയുടെ   വാക്കുകളെ   ബാസുരി   ഒരു   പുഞ്ചിരിയോടെ   നേരിടും .   അമ്മ  വഴക്കുണ്ടാക്കിയാലും   അവൾ   പുഞ്ചിരിയ്ക്കും .   അവൾക്ക്   ആരോടും   പിണക്കമില്ല .   കാരണം,  അവളുടെ  മനസ്സിൽ   പ്രണയമഴയാണ് .   അപ്പോൾപ്പിന്നെ   എങ്ങനെയവൾക്ക്    പിണങ്ങാനാവും ?   കാണുന്നതെല്ലാം   ദൃശ്യമനോഹരം ...കേൾക്കുന്നതെല്ലാം   ശ്രവണസുന്ദരം ..

                   ബാസുരിയുടെ   മൂത്ത   സഹോദരി   ബസുമതിയുടെ   ഭർത്താവ് ,   അംഗിതന്റെ     കാമക്കണ്ണുകളൊന്നും   അവൾ   ശ്രദ്ധിയ്ക്കാറേയില്ല .   കണ്ണൻ   കാലികളെ   കുളിപ്പിയ്ക്കുന്നതും ,   തൊഴുത്ത്   വൃത്തിയാക്കുന്നതും ,   അവയെ    കറന്ന്   പാലെടുക്കുന്നതും,  പിന്നീടവയെ   മേയ്ക്കാൻ   കൊണ്ടുപോകുന്നതുമൊക്കെ   നോക്കി,   ബാസുരിയുടെ   കണ്ണുകൾ ,  വാതിലിലോ  കിളിവാതിലിലോ   ഒക്കെ   നക്ഷത്രം   പോലെ   ചിമ്മിത്തെളിയുന്നുണ്ടാവും .   കണ്ണനത്   ഒരു   കള്ളച്ചിരിയോടെ   കാണാതെ   കാണുന്നുമുണ്ടാവും .   കാണാതെ   കണ്ടും ,   പറയാതെ   പറഞ്ഞും   അവരുടെ   പ്രണയം   ഒരു  കാട്ടരുവിയുടെ   കുളിർമ്മയോടെയും  നൈർമ്മല്യത്തോടെയും  ഒഴുകി .

" മാണിക്യാ."....

അതൊരു   അലർച്ചയായിരുന്നു .   അവന്റെ   മേലാളന്മാരുടെ   അലർച്ച .   അവർ    ബാസുരിയുടെ   അച്ഛനും   സഹോദരന്മാരുമായിരുന്നു.   കണ്ണൻ    കച്ചിത്തുറുവിലേയ്ക്കും    പിന്നെ ,  കാടിത്തൊട്ടിയിലേയ്ക്കും   മറിഞ്ഞുവീണു .   പിന്നെ ...........

                       പിന്നെ ,    ബാസുരി     ഒന്നും   കണ്ടില്ല .   ഒന്നും   അറിഞ്ഞില്ല . .....മീര   കൃഷ്ണനിൽ    ലയിച്ചുചേർന്നതുപോലെ  ,   ബാസുരിയുടെ   മനസ്സ്  ,  അവളുടെ   കണ്ണനിൽ   ലയിച്ചുചേർന്നു ....പിന്നെ   ഈ   ലോകത്ത്   അവളുടെ   മനസ്സില്ലായിരുന്നു .


                       കണ്ണനെ   അന്വേഷിച്ചവൾ    അങ്ങിങ്ങ്   പതറിപ്പതറി  നടന്നു .   തൊഴുത്തിൽച്ചെന്ന്   കാലികളോട്   അടക്കത്തിൽ   കണ്ണനെ   അന്വേഷിച്ചു .   ബസുമതിയുടെ   ഭർത്താവ്   ക്രൂരമായി   ചിരിച്ചുകൊണ്ട്   ബാസുരിയോട്  പറഞ്ഞു .

" ഇനി   വരില്ലവൻ ."

അവളത്   കേട്ടില്ല .   കണ്ണന്റെ   ശത്രുക്കളെല്ലാം  അവൾക്ക്   വെറും   നിഴൽരൂപങ്ങളായിരുന്നു .   ബാസുരി   അവളുടെ   അടക്കം പറച്ചിലുകളും   അന്വേഷണങ്ങളും   തുടർന്നുകൊണ്ടേയിരുന്നു .  അതെല്ലാം   ആ  വലിയ   വീട്ടിൽ അവളുടെ   അനാഥമായ   നിശ്വാസങ്ങളിൽ   അലിഞ്ഞു ചേർന്നു .

                           പിന്നെ,   ബാസുരിയുടെ   മാതാപിതാക്കൾ   മണ്ണോട് ചേർന്നപ്പോൾ ,    അവളുടെ   നിശ്വാസങ്ങളെ   വീണ്ടും   അനാഥമാക്കിക്കൊണ്ട് ,  സഹോദരന്മാർ   കൂട് മാറിപ്പോയപ്പോൾ ...........നിസ്സഹായയായ   ബസുമതിയെ   നോക്കി  ,  ഭർത്താവ്   അംഗിതൻ  തൃപ്തിയോടെ   ക്രൂരമായി   ചിരിച്ചു .  അയാളുടെ   കാമക്കണ്ണുകളിലേയ്ക്ക്   നോക്കി   ബസുമതി   ഭയത്തോടെ   കരഞ്ഞു .   അവളുടെ നെഞ്ചിൽ ,  ഒരു   കിളിക്കുഞ്ഞിനേപ്പോലെ   അള്ളിപ്പിടിച്ച്   ചുരുണ്ടുകൂടിയ   ബാസുരിയെ ,    അംഗിതൻ   വലിച്ചിഴച്ച്     മുറിയിലേയ്ക്ക്   കൊണ്ടുപോയി   മെത്തയിലേയ്ക്കെറിഞ്ഞു .   വാതിലടച്ച് വന്ന്   അയാൾ   അവളെ   നോക്കി   പേയ്   പിടിച്ച   നായയെപ്പോലെ   അണച്ചു .

                         ബാസുരിയുടെ   ഒരോ   ജീവാണു   തോറും   അംഗിതൻ   ഇരച്ചു കയറുമ്പോൾ .....പാവം......അവളൊന്നും തന്നെയറിഞ്ഞില്ല .   ആ  കണ്ണുകളിലെ   നക്ഷത്രമണഞ്ഞിരുന്നു .

                           ഒടുവിൽ   അയാളെഴുന്നേറ്റ് ,  വാതിൽ  പുറത്തുനിന്നും   പൂട്ടി   പോയപ്പോൾ ,  ഇരുട്ടിന്റെ   ജഡനിർവ്വികാരതയിലലിഞ്ഞ്   ബാസുരി   കാതോർത്തു ,   കണ്ണന്റെ   വിളിയ്ക്കായി......

" ബാസുരീ..."

"കണ്ണാ ...!  നീയെവിടെയാ...?"

"'  ദാ  ഇവിടെ..നീ   വരൂ.."

ബാസുരി  വാതിൽക്കലേയ്ക്കോടി .   അടഞ്ഞ   വാതിലിൽത്തട്ടി   അവൾ   പകച്ചു നിന്നു .   പിന്നെ ആ   വാതിലിൽ   മുഖം   ചേർത്തവൾ   കരഞ്ഞു .

" ബാസുരീ,  കരയാതെടാ   കണ്ണാ ...ഞാനിവിടുണ്ട് .   നീയീ   കിളിവാതിൽ   തുറക്കൂ. "

അവൾ   കിളിവാതിലിലേയ്ക്കോടി .   വെമ്പലോടെ   അത്   തള്ളിത്തുറന്നു .

" എന്റെ   കണ്ണാ....എന്നെ......എന്നെ     കൊണ്ടുപോകണം   നീ .   നീയെവിടെയാ ..?"

അവൾ   പുറത്തെ   ഇരുട്ടിലേയ്ക്ക്   പകച്ചു നോക്കി .   ദൂരെ..........ദൂരെ നിന്ന്   ഒരു  കൈ   അവളുടെ   അവളുടെ   നേരെ   നീണ്ടുവന്നു .   അതവളുടെ   കണ്ണന്റെ   കൈയ്യായിരുന്നു .   പക്ഷെ ...ആ   കൈയ്യിനപ്പുറം   കണ്ണനെ   കണ്ടില്ല .

                              ബാസുരി   ഒരു  എങ്ങലോടെ   കിളിവാതിലിനിടയിലൂടെ   കൈ   പുറത്തേയ്ക്ക്   നീട്ടി .   കണ്ണന്റെ   കൈ   നീണ്ടുനീണ്ടു വന്ന്   ബാസുരിയെ   എത്തിപ്പിടിയ്ക്കാനാഞ്ഞു .   അവൾ   അവനേയും ................പക്ഷെ   കഴിഞ്ഞില്ല .   എത്ര   ശ്രമിച്ചിട്ടും   അവർക്ക്   പരസ്പരം   എത്തിപ്പിടിയ്ക്കാനായില്ല ......ഒടുവിൽ ,   അവന്റെ   കൈ   പിറകോട്ട്   വലിഞ്ഞു വലിഞ്ഞ് .....അകന്നകന്ന് ...ആകാശത്തെ    കാർമേഘങ്ങൾക്കിടയിലേയ്ക്ക്   മറഞ്ഞു .....

" കണ്ണാ ......"

ചതഞ്ഞരഞ്ഞ   ആ   വിളി  ,  നിസ്സഹായതയുടെ   ശബ്ദരൂപമായി ......ഒരു മാത്ര കൂടി   അവളങ്ങനെ   നിന്നു  .   പിന്നെ ,   കൈ   മെല്ലെ പിന്നോട്ട്   വലിച്ചു .     കിളിവാതിൽ   മെല്ലെ   ചാരി .   കണ്ണുകൾ   മഴയായി   പെയ്തു .   കുറെ  നേരം...പിന്നെയത്   നിന്നു .   ഒഴുകാൻ   മറന്ന   മഴത്തുള്ളികൾ   അവളുടെ   കണ്‍തടങ്ങളിൽ   കരിമേഘങ്ങളായി   അടിഞ്ഞു ....ഭിത്തിയിൽ ചാരി   അവൾ   താഴോട്ട്   ഊർന്നു  ......കണ്ണാ....കണ്ണാ.....അവൾ   പിറുപിറുത്തുകൊണ്ടിരുന്നു ....പിന്നെ ,  എല്ലാം   ശാന്തം .

                           ഇനി   നാളെ  രാത്രി   അംഗിതൻ   വരുന്നതും   കാത്തിരിയ്ക്കുമവൾ .   കാരണം ,  അയാൾ    വന്നുപോകുമ്പോഴാണ്‌    അവളുടെ   കണ്ണൻ   വരിക .

                            അപ്പുറത്തെ   തൊടിയിൽ ,   കണ്ണന്റെ   കുടിലിനു പിന്നിൽ ,  അവന്റെ   കുഴിമാടത്തിൽ   നട്ട   കാട്ടുകോളാമ്പിച്ചെടിയിൽ  നിന്നും  രണ്ട്   വാടിയ   പൂക്കൾ   അടർന്ന്    താഴേയ്ക്ക്   വീണതും   അവളറിഞ്ഞില്ല .....

                                 
                                                       *********************
                                   

                                                                                                    
 
Copyright © .