2022, ജൂൺ 27, തിങ്കളാഴ്‌ച

ഒരു ഭ്രാന്തൻ യാത്ര.

0 അഭിപ്രായ(ങ്ങള്‍)

 ചോറിന്റെ പാത്രം നിരക്കി നീക്കി. 

"എനിക്ക് വേണ്ട "

ഇത്രയും മരുന്ന് കഴിക്കുന്നതല്ലേ? ഭക്ഷണം കഴിക്കൂ എന്ന നിസ്സഹായതയുടെ ശബ്ദത്തെ അവഗണിച്ചു. അയാൾ എന്തിനാണ് ഇത്ര അനുതാപം കാണിക്കുന്നത്? അനുതാപം ഒരു സൗജന്യമാണ്. ആരുടേയും സൗജന്യം വേണ്ട. ഒറ്റയ്ക്ക് മതി. ഒറ്റയ്ക്ക്.  സ്വന്തം കാലിലേക്ക് പകയോടെ നോക്കി. ഉണങ്ങാത്ത മുറിവ് ശരീരത്ത് മാത്രമല്ല, മനസ്സിലുമുണ്ട്. 

മരുന്നിന്റെ മണമുള്ള കോറിഡോറിലെ നീളൻ ശൂന്യത.  മണ്ണ്  തിന്ന് മറഞ്ഞുപോയ നിലവിളികളുടെ  പ്രതിദ്ധ്വനികൾ മുറിച്ചിറകിലാടുന്നു.   മനസ്സിന്റെ മുഖമാണ് ശൂന്യതയ്ക്ക്. ഇരുളും വെളിച്ചവും ഇണ ചേരുന്ന ശൂന്യത.

"എനിക്കൊരു വീട് വേണം. ഒറ്റജനാലയുള്ള ഒറ്റമുറി വീട്."

സഹായി അന്തം വിട്ട് നോക്കിയത് കണ്ട് ചിരിച്ചു. 

"ചുവരുകൾ മുഷിഞ്ഞതാവണം. അതിൽ കരി കൊണ്ട് അവിടവിടെ കവിതാശകലങ്ങൾ എഴുതിയിട്ടുണ്ടാവണം.  ചുവരിൽ തൂക്കിയ പഴയ ചിത്രങ്ങൾ മുഷിഞ്ഞിരിയ്ക്കണം. ചില ചിത്രങ്ങൾ വശങ്ങൾ കീറി തൂങ്ങിയതാവണം.  മുഷിഞ്ഞ തുണികൾ തൂക്കിയിടാൻ ഒടിഞ്ഞു തൂങ്ങാറായ സ്റ്റാൻഡ് ഉണ്ടായിരിക്കണം,.."

സഹായിയുടെ കണ്ണുകൾ മിഴിഞ്ഞു മിഴിഞ്ഞു വന്നത് കണ്ട്  വീണ്ടും ചിരിച്ചു. പറയുന്നതിനിടയ്ക്ക് ഇടയ്ക്കിടെ കണ്ണുകൾ വാതിൽക്കലേക്ക് നീണ്ടത് അറിയാതെയാണ്.  ഒരു പാദപതനം പ്രതീക്ഷിക്കുന്നതുപോലെ എന്നൊന്നും സ്വയം അംഗീകരിക്കാൻ കഴിഞ്ഞില്ല. 

എന്നാലും ഒരു പാദപതനം... 

ഇന്നലെയും കണ്ടു. തുറന്നിട്ട വാതിലിന് മുന്നിലൂടെ ഒട്ടും ധൃതിയില്ലാതെ മെല്ലെയൊന്ന് നോക്കി കടന്നുപോയി. പഴയ സിനിമാക്കഥകളിലെയോ നോവലുകളിലെയോ നായികമാരെപ്പോലെ പാദസരത്തിന്റെ  കിലുക്കമോ സാരിത്തുമ്പിന്റെ  ഉലയലോ  പിടയ്ക്കുന്ന കണ്ണുകളോ ഏറുകണ്ണിട്ട നോട്ടമോ ഒന്നുമില്ല. "എന്നെ മനസ്സിലായില്ലേ? ഞാനല്ലേ ദേ ഈ പോകുന്നത്"  എന്ന മട്ടിലുള്ള ഒരു നോട്ടം. ചിരിയില്ല. എന്നാൽ ചിരിക്കാൻ തയ്യാറാണ് എന്ന ഭാവം. മരുന്നോ ഭക്ഷണമോ എന്തൊക്കെയോ കയ്യിൽക്കരുതി പലതവണ നടന്നപ്പോഴെല്ലാം  ഒരു നോട്ടം മുറിയിലേക്ക് ഇട്ടുപോയി.  തിരിച്ചൊരു ചിരിയോ സൗഹൃദഭാവം പോലുമോ കൊടുത്തതുമില്ല.അതിനവർക്ക് പരാതിയില്ലെന്നും അതവർ പ്രതീക്ഷിക്കുന്നില്ലെന്നും തോന്നി. 

നിസ്സംഗത കോർത്ത ഈ മൗനഹാരം എങ്ങനെ കഴുത്തിൽ വന്നെന്നറിയില്ല...  വാതിലിന് പുറത്തേക്കിറങ്ങി കോറിഡോറിലൂടെ മെല്ലെ നടന്നു. തുറന്നിട്ട ചില വാതിലിലൂടെ അകത്തേക്ക് പാളി നോക്കി. എല്ലാ മുഖങ്ങളിലും ഒരേ നിസ്സംഗത.  എവിടുന്ന് വന്നെന്നോ എവിടേയ്ക്ക് പോകുന്നെന്നോ തിരക്കാൻ ഇഷ്ടപ്പെട്ടില്ല. ഇതിൽ ഏതോ ഒരു മുറിയിൽ ഒരു കൂട്ടിരിപ്പുകാരിയുണ്ട്. എവിടെയോ... ആർക്കറിയാം!  തിരികെ വന്ന്  കിടക്കയിലേക്കമർന്നു. 

"സാറേ, മാഡം വിളിച്ചിരുന്നു."

"ഉം"?

"വിവരങ്ങൾ തിരക്കി. തിരിച്ചു വിളിക്കാൻ പറഞ്ഞു"

"താൻ പോയി ഒരു ചായയും പഴംപൊരിയും  വാങ്ങി വാ"

ഫോണിൽ നോക്കി വെറുതേയിരുന്നു .  

" സ്നേഹിച്ചു മതിയാവാതെ വരുമ്പോൾ ക്ഷണിയ്ക്കാതെ വരുന്ന സൗന്ദര്യമാണ്  രതി. അല്ലാതെ  ക്ഷണിച്ചും ക്ഷണം സ്വീകരിച്ചും സംഭവിയ്ക്കുന്ന പ്രകടനമല്ല." 

വാക്കുകൾക്ക് ചിലപ്പോൾ ചാട്ടുളിയുടെ വീറുണ്ടാവും. ചിലപ്പോൾ കയ്പ്പും.

"നിങ്ങളുടെ എഴുത്തുകളെല്ലാം  ചേർത്ത് ഒരു പുസ്തകമാക്കിക്കൂടെ ചങ്ങാതി?"

"ഏയ്... ഇല്ലെടോ. എന്റേതായി ഒരക്ഷരം പോലും ഈ ലോകത്ത് അടയാളപ്പെട്ടുകൂടാ."

"നിങ്ങളൊരു വിചിത്രജന്മമാണ്!"

"ഓരോ ദിവസവും വൈകിട്ട് അന്നന്നത്തെ കോൾ ഹിസ്റ്ററി ഞാൻ മായ്ച് കളയും. വഴിയിൽ വീണ് മരിയ്ക്കാനുള്ളവനാണ് ഞാൻ. ഒരു പത്രത്താളിൽപ്പോലും വരാതെ ഒടുങ്ങാനുള്ളവൻ.      എന്റെ ഫോൺ പരിശോധിക്കുന്നവർക്ക് ഒന്നും കിട്ടില്ല. കിട്ടിക്കൂടാ."

" ജീവിതത്തിലും മരണത്തിലും ബാദ്ധ്യതയാവാത്തവൻ "... അവൾ ചിരിച്ചു. 

"നമുക്കൊരു യാത്ര പോയാലോ? ഒരു ഭ്രാന്തൻ യാത്ര? വായ് തോരാതെ സംസാരിക്കണം. എന്നാൽ പരസ്പരം വിശേഷങ്ങൾ തിരക്കരുത്. ഒന്നിച്ചു നടക്കണം. എന്നാൽ ഒട്ടിച്ചേരരുത്. എന്തും പറയണം. എന്നാൽ പറഞ്ഞതൊന്നും ബാദ്ധ്യതയാവരുത്. പ്രണയത്തെക്കുറിച്ച് സംസാരിക്കണം. എന്നാൽ എന്നോട് പ്രണയമാണ് എന്ന് പറയരുത്"...

"നിർത്ത് നിർത്ത്!  എന്ത് പറയരുത്? " 

"പ്രണയമാണെന്ന്"...

"ഹ! എന്റെ  പട്ടി പറയും"!

" അങ്ങനെ നിസാരമാക്കണ്ട.  പ്രണയവും  രതിയും ഒരേ നാണയത്തിൻ്റെ ഇരുപുറങ്ങളാണെടോ... അവർ  അതിഥികളാണ്. നാളും  തിഥിയും നോക്കേണ്ടാത്തവർ. ക്ഷണിയ്ക്കാതെ കയറിവരുന്നവർ. അനുവാദം ചോദിയ്ക്കാതെ കയറിവരികയും അനുവാദമില്ലാതെ ഇറങ്ങിപ്പോവുകയും ചെയ്യുന്നവർ. "

 "എടോ  മനുഷ്യാ , ഒന്ന് പറയാതെ വയ്യ. തന്നോട് സംസാരിച്ചിരുന്നാൽ എന്റെ ക്രിയേറ്റിവിറ്റി കൂടും."

"സത്യം? ഇപ്പൊ എന്താണ് ചെയ്യാൻ തോന്നുന്നത്?"

"ഇപ്പോഴോ? രണ്ട് മൂട്  കപ്പ പറിച്ച്  പുഴുങ്ങാൻ തോന്നുന്നു. ഇത്തിരി നേരം കൂടി സംസാരിച്ചാൽ രണ്ട്  ഉണക്കമീനും കൂടി ചുടും  ഞാൻ".

ചിരി എവിടെ നിർത്തണം എന്നറിയാതെയായി. കേട്ടിട്ടും കേട്ടില്ലെന്ന  മട്ടിൽ കുറുമ്പ് പറയുന്നവളേ , ഇതുതന്നെയാണ് നമ്മുടെ കൂട്ടിന്റെ കാതൽ...

ഡോക്ടറും പരിവാരങ്ങളും കേറിവന്നു. പരസ്പരം എന്തൊക്കെയോ മനസ്സിലാവാത്ത ഭാഷ പറഞ്ഞ് തിരിച്ചിറങ്ങി. ആ പ്രഹസനം കഴിഞ്ഞു.  വീണ്ടുമാ പാദപതനം. എന്താണ് അവരുടെ മുഖത്ത്? കുറുമ്പൊ കുസൃതിയോ? അന്നവരൊരു  ചിരിയെറിഞ്ഞു പോയി. തിരിച്ചുവരുംവഴി മുറിയുടെ വാതിൽക്കൽ വന്നുനിന്നു ചിരിച്ചു. 

"അറിയോ എന്നല്ലേ? അറിയും. ഇവിടെ എന്നും കാണാറുണ്ടല്ലോ. അതിനപ്പുറം ഏത് മനുഷ്യരാണ്  പരസ്പരം അറിയുന്നത്? നാളെയോ മറ്റന്നാളോ അതിനടുത്ത ദിവസമോ ഞങ്ങളങ്ങു പോകും. അപ്പോളൊരു ചിരിയുടെ കടം ബാക്കി കിടക്കട്ടെ മാഷേ..."

അവർ നടന്നുനീങ്ങുന്നത് നോക്കി വാക്കുമുട്ടി നിന്നു. പിറ്റേന്ന് നോക്കിയിരുന്നു, ചിരിയുടെ കടം വീട്ടാൻ. കടവും കടപ്പാടും വേണ്ട. ഉച്ചവരെ നോക്കി. വന്നില്ല. വൈകുന്നേരം വരെ നോക്കി. വന്നില്ല. അതിന്റെ പിറ്റേന്നും വന്നില്ല. ഓരോ  ശബ്ദവും കാതോർത്തു. ഓരോ നിഴലും ശ്രദ്ധിച്ചു. കണ്ടില്ല. മെല്ലെ എഴുന്നേറ്റ് വാതിൽക്കൽ ചെന്ന് ഇരുപുറവും നോക്കി. ശൂന്യത... മനുഷ്യന്റെ വില നിർണ്ണയിയ്ക്കുന്നത് അവരോട് ഇണങ്ങുന്ന  വൈകാരികസാന്ദ്രതയുടെ അനുഭൂതിയിലാണ് എന്ന് ഇന്നലെവരെ കണ്ട ഒരു സാകൂതമായ നോട്ടം പഠിപ്പിച്ചു പോയിരിയ്ക്കുന്നു! ഇനിയൊരിക്കലും കാണാത്ത വിധം... 

പിറ്റേന്ന് വീണ്ടും വാതിൽക്കൽ ചെന്ന് പതറിനിന്നു. ആരെങ്കിലുമൊന്ന് കടന്നുവന്നിരുന്നെങ്കിൽ ... വെറുതെയൊരു ചിരിയെങ്കിലും... 

 
Copyright © .