2018, ജനുവരി 24, ബുധനാഴ്‌ച

മറുവിളി കേള്‍ക്കാതെ...

18 അഭിപ്രായ(ങ്ങള്‍)
മറുവിളി കേള്‍ക്കാതെ...  ( അനുഭവക്കുറിപ്പ് )
-----------------------------------------------------------------------------

 //  ഒക്കെയുമെന്നെന്നേയ്ക്കായ് വിട്ടുപോകുന്നൂ പിന്നീ-
ടൊക്കില്ല വരാനെനിയ്ക്കീവഴി  വീണ്ടും പക്ഷേ 
എന്നെന്നുമകത്തെന്റെ ഹൃദയത്തുടിപ്പിലീ
സൗഹൃദബന്ധത്തിന്‍റെ  പൂവുകള്‍  വിരിഞ്ഞിടും // 


" ശിവാ .. ഓർക്കുന്നൊണ്ടോ  കൊച്ചേ  ഈ വരികൾ ?  നമ്മുടെ  ക്ലാസ് തീരുന്ന അന്ന് , എന്റെ കമ്പനി ലോയുടെ  ബുക്കിന്റെ  പിന്നിൽ  കൊച്ച്  എഴുതിയിട്ട വരികളാണ്...!   ഇന്നെന്തോ  എനിയ്ക്കതൊന്നു എടുത്തു നോക്കാൻ തോന്നി ..."

എന്റെ സുഹൃത്ത് ജോഷിയുടെ സംഭാഷണ ശകലമാണ് മുകളിൽ .. അദ്ദേഹം ഒരു സർക്കാർ ഉദ്യോഗസ്ഥൻ .  

പിന്നെ ഓര്‍ക്കാതെ ?  കോളേജില്‍ ഒരു വര്‍ഷം  വൈസ്  ചെയര്‍മാന്‍ സ്ഥാനത്തെയ്ക്ക് മത്സരിച്ചതിനാല്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങണം എന്ന നിര്‍ബന്ധിത നിയമം.  ഇറങ്ങി, ക്ലാസ്സ് കട്ട് ചെയ്ത് .  പ്രിന്‍സിപ്പാള്‍ അച്ചന്‍ ശിക്ഷ വിധിച്ചു. ശിവ വീട്ടില്‍ നിന്ന് ആരെയെങ്കിലും വിളിച്ചുകൊണ്ടു വരണം.  എനിയ്ക്കാകെ അപമാനം. കാര്യങ്ങള്‍ പട പടേന്ന് നീങ്ങി. ക്ലാസ്സിലെ കുട്ടികള്‍ ആകമാനം പുറത്തിറങ്ങി. ശിവയെ ക്ലാസ്സില്‍ കയറ്റാതെ ആരും കേറുന്നില്ല എന്ന് അവര്‍ പ്രഖ്യാപിച്ചു. എല്ലാരും പ്രിന്‍സിപ്പാളിന്റെ റൂമിലേയ്ക്ക്.  നമ്മുടെ ജോഷി മുന്നില്‍.  തര്‍ക്കത്തോട് തര്‍ക്കം.   ജോഷി പറഞ്ഞു  "ഒന്ന് ചുമ്മാതിരി അച്ചോ.. ചുമ്മാ ഒരു വക നേഴ്സറി പിള്ളേരോട് പറയുന്നപോലെ... ഇതെല്ലാ കൊല്ലവും പതിവുള്ളതല്ലേ ? അധികം ഷോകാണിയ്ക്കല്ലേ . നമ്മള്‍ തമ്മില്‍ നല്ല ടേംസില്‍ അല്ലെ? അത് കളയണ്ട ട്ടോ "  എന്ന് .

എന്തായാലും അച്ചന്‍ ശിക്ഷ പിന്‍വലിച്ചു. ഞാന്‍ ക്ലാസ്സില്‍ കയറി. എനിയ്ക്ക് വേണ്ടി പിള്ളേരെ  മുഴുവന്‍ ക്ലാസ്സില്‍ നിന്ന് ഇറക്കി അന്ന് ശക്തിയുക്തം വാദിച്ച ആളല്ലേ ജോഷി? മറക്കാന്‍ പറ്റുവോ? അതൊക്കെ ഒരു കാലം ...

കോളേജ് ജീവിതം തീര്‍ന്നു. ജീവിതം അടുത്ത വേദിയിലെത്തി.   സുഹൃത്തുക്കളെ എല്ലാരെയും   ഇടയ്ക്ക് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു .  അങ്ങനെ ഒരു ദിവസം ജോഷി വിളിച്ച് ചോദിച്ചതാണ് ഞാന്‍ തുടക്കത്തില്‍ പറഞ്ഞ കാര്യം.  

ജോഷി സര്‍ക്കാര്‍ ഉദ്യോഗം നേടി. അദ്ദേഹം മദ്യപാനം ശീലമാക്കി എന്ന് ഇടയ്ക്ക് ആരോ പറഞ്ഞു കേട്ടിരുന്നു. ഇടയ്ക്ക് കുറെ നാള്‍ എനിയ്ക്ക് വിളിയ്ക്കാന്‍ കഴിഞ്ഞില്ല. ജോഷിയും വിളിച്ചില്ല.  ഒരു ദിവസം എന്തോ എനിയ്ക്ക് പുള്ളിയെ ഒന്ന് വിളിയ്ക്കാന്‍ തോന്നി. വിളിച്ചു.  ബെല്‍ അടിച്ചു നിന്നു . അറ്റന്‍ഡ് ചെയ്യപ്പെട്ടില്ല.  രണ്ടു തവണ, മൂന്ന്‍ തവണ.. ഫോണെടുത്തില്ല പുള്ളി.  ഇത് രാവിലെ.

ഉച്ച കഴിഞ്ഞ് ഞാന്‍ വീണ്ടും വിളിച്ചു.   സാധാരണ ഗതിയില്‍ ഇങ്ങനെ ഞാന്‍ പതിവില്ലാത്തതാണ്.  ഒന്ന് രണ്ടു തവണ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ , പ്രത്യേകിച്ച് അത്യാവശ്യമൊന്നും ഇല്ലെങ്കില്‍പ്പിന്നെ ഞാനത് വിട്ടുകളയും . പിന്നെ എന്നെങ്കിലും ഒരിയ്ക്കല്‍ വിളിയ്ക്കാം എന്ന് കരുതും.  എന്നാല്‍, എന്തോ എനിയ്ക്ക് ജോഷിയെ വീണ്ടും വീണ്ടും വിളിയ്ക്കാന്‍ തോന്നി.  ഒരിയ്ക്കലും ചെയ്യാത്തതുപോലെ ഞാന്‍ ആവര്‍ത്തിച്ചു വിളിച്ചു.  

"നിങ്ങളുടെ സബ്സ്ക്രൈബര്‍ ഒരു കോളും സ്വീകരിയ്ക്കുന്നില്ല " 

എന്നായിരുന്നു മറുപടി.  കാരണമറിയാത്ത ഒരു വിഷമം മനസ്സില്‍ നിറഞ്ഞു.  അതേ സമയം തന്നെ  എന്റെ മറ്റൊരു സുഹൃത്ത് ഷീല വിളിച്ചു. അവളുടെ സ്വരം വല്ലാതെ വിറച്ചിരുന്നു .  "നീ അറിഞ്ഞോ ? നമ്മുടെ ജോഷി മരിച്ചുപോയി. ലിവര്‍ സിറോസിസ് ആയിരുന്നു . ഇന്ന് രാവിലെ ആയിരുന്നു . ... "   ഒരു നിമിഷം ഞാന്‍ ശ്വസിയ്ക്കാന്‍ പോലും മറന്നു.  സ്തംഭിച്ചു നില്‍ക്കേ, അവള്‍ തേങ്ങിയും വിറച്ചും ...  "നമ്മള്‍ ഒന്നും അറിഞ്ഞില്ലല്ലോ.. അവന്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല.ആരുമൊന്നും അറിഞ്ഞില്ല... "

ഞാനൊന്നും കേട്ടില്ല. ഫോണ്‍ കട്ടായി. അതും അറിഞ്ഞില്ല...  അപ്പൊ .. അപ്പൊ ? ഞാന്‍ ഇത്രയും നേരം വിളിച്ചുകൊണ്ടിരുന്നത് മരിച്ചു കിടന്ന എന്റെ സുഹൃത്തിനെ ആയിരുന്നു ... ആ ചിന്ത എന്റെ മനസ്സില്‍ വല്ലാത്തൊരു നടുക്കമാണ് ഉണ്ടാക്കിയത്. ആ നടുക്കം ഇന്നും വിട്ടുമാറിയിട്ടില്ല എനിയ്ക്ക്.  ഞാന്‍ വിളിച്ചപ്പോ  'ഒരു കോളും സ്വീകരിയ്ക്കുന്നില്ല'   എന്ന് പറഞ്ഞത് എന്റെ  ചങ്ങാതിയുടെ ആത്മാവായിരുന്നോ? ആരുമറിയാതെ കരഞ്ഞു..

ഒരിയ്ക്കല്‍ക്കൂടി ആ ഫോണ്‍ അറ്റന്‍ഡ് ചെയ്യണമെന്നും , 'ഓര്‍ക്കുന്നുണ്ടോ കൊച്ചേ?'  എന്ന ചോദ്യം ഒരിയ്ക്കല്‍ക്കൂടി എന്റെ ചങ്ങാതി എന്നോട്  ചോദിയ്ക്കണം എന്നും  വെറുതെ ആശിച്ചു.. ആരുടേയും ആരു കോളും സ്വീകരിയ്ക്കാതെ , ആരോടുമൊന്നും പറയാതെ അവന്‍ പോയി..  ആ സബ്സ്ക്രൈബര്‍ ഫോണ്‍ സ്വിച്ച് ഓഫ്  ചെയ്തു.. എന്നെന്നേയ്ക്കുമായി .. 





2018, ജനുവരി 21, ഞായറാഴ്‌ച

ബാഷ്‌പാഞ്‌ജലി..

11 അഭിപ്രായ(ങ്ങള്‍)
ബാഷ്‌പാഞ്‌ജലി..
------------------------------

  ( സെപ്തംബർ ഒന്ന് - 2017  ന്   അന്തരിച്ച , എഴുത്തുകാരിയും ,  പ്രസാധകയും , എന്റെ സുഹൃത്തും  സഹോദരീതുല്യയുമായ  പ്രിയപ്പെട്ട ലീലേച്ചിയുടെ - (സി എൽ എസ് ബുക്സ് -തളിപ്പറമ്പ) -  ഓർമ്മയ്ക്ക് മുന്നിൽ..)



  ജീവിതത്തിന്റെ  ഏതോ   ഇരുണ്ട    ഇടനാഴിയിൽ   ഒരു   നെയ്ത്തിരിയുമായി  എന്നെ   കാത്തുനിന്നു  അവർ... ലീലേച്ചി ...!  എന്റെ   ലീലേച്ചി .... അവരുടെ   കൈയ്യിലെ തിരിയ്ക്കാണോ   മുഖത്തെ  ചിരിയ്ക്കാണോ കൂടുതൽ   തിളക്കമെന്ന്   എനിയ്ക്ക്   തിരിച്ചറിയാനായില്ല.   കാരണം  രണ്ടും  തേജസ്സോടെ   പ്രകാശിച്ചിരുന്നു.

 
ആരാണെനിയ്ക്കവർ  ?  അല്ല,  ആരാണല്ലാത്തത് ?   ഒരു വേള   എന്റെ   സുഹൃത്താവും ,   മറ്റൊരു വേള  എന്റെ  ചേച്ചിയാവും  .   ഇനിയുമൊരു വേള  എന്റെ  അമ്മയുമാവും .  എന്നെ   സ്നേഹിയ്ക്കും,  എന്നോട്   പരിഭവിയ്ക്കും ,കലഹിയ്ക്കും,  പിണങ്ങും....വേദനകളിൽ   എന്നെ  തലോടുന്ന   ഒരു   തൂവലുമാകും .  എന്റെ ജീവിതത്തിലേയ്ക്ക്  ഒരു വെൺപ്രാവ് പോലെ പറന്നിറങ്ങിയ  ലീലേച്ചിയെ     ആദ്യം   കണ്ടത് മുതൽ ഞാൻ   ഈശ്വരനോട്   ചോദിച്ചത്   ഒരേയൊരു   ചോദ്യം....എന്താണവരെ     എന്റെ  സ്വന്തം സഹോദരിയായി    തരാതിരുന്നതെന്ന് .     ഇനിയൊരു  ജന്മമുണ്ടെങ്കിൽ   അന്നേയ്ക്ക്   വേണ്ടിയും  ഞാൻ ഈശ്വരനോട്   പറഞ്ഞു വച്ചിരിയ്ക്കുന്നതും   ഇത് തന്നെ...ലീലേച്ചിയെ    എനിയ്ക്കെന്റെ   സ്വന്തം ചേച്ചിയായി    തരണം.


ഇനി അടുത്ത  ജന്മത്തിനായി പ്രാർത്ഥിച്ചോളൂ   എന്നെന്നെ   ഓർമ്മിപ്പിച്ച് ഒന്നും മിണ്ടാതെ  അനന്തതയിലേക്ക് പറന്നകന്ന എന്റെ പ്രിയപ്പെട്ട ലീലേച്ചി ... ഒരു നോക്ക് കാണാനോ ഒരു വാക്ക് മിണ്ടാനോ കാത്തുനിൽക്കാതെ എന്നെ പറ്റിച്ച്  മറഞ്ഞുപോയ എന്റെ ലീലേച്ചി... അവിശ്വസനീയതയുടെ  നടുക്കം സമ്മാനിച്ച് ...


ആകുലതകൾ എണ്ണിപ്പെറുക്കുമ്പോൾ , ഒക്കെ ശരിയാവും എന്നെന്നെ ഓര്‍മ്മിപ്പിയ്ക്കാന്‍ ഇനി അവരില്ല....


നിങ്ങൾ മരിയ്ക്കില്ല ലീലേച്ചി .. ഒരു പിടി അക്ഷരങ്ങളായി  വായനക്കാരുടെ മനസ്സിലും , ഒരു പിടി സ്നേഹമായി എന്റെ മനസ്സിലും നിങ്ങൾ ജീവിയ്ക്കും എന്നുമെന്നും...





 
Copyright © .