2024, ജനുവരി 18, വ്യാഴാഴ്‌ച

0 അഭിപ്രായ(ങ്ങള്‍)

 അവതാരിക. 

----------------------

                                 

                                                     പുല്ലുവഴിയുടെ കഥാസാഗരം.

                                                     ------------------------------------------------

                                                                                                                      -- ഗീത നസീർ.

ഇലമണം പൊഴിക്കുന്ന ഗ്രാമവീഥിയിലൂടെ കഥപറച്ചിലുകാരനായ സാഗറിനേയും കൂട്ടി ആ ഗ്രാമത്തിലെ പെൺകുട്ടി ശിവ നടത്തുന്ന കാല്പനികയാത്ര. പുല്ലുവഴി എന്ന ഗ്രാമത്തിന്റെ പ്രൗഢവും ഉജ്ജ്വലവുമായ ഏടുകൾ ഒന്നൊന്നായി ആ യാത്ര അനാവരണം ചെയ്യുന്നു. ഗീത കൃഷ്ണന്റെ  സമ്പന്നമായ കാല്പനികലോകം, താൻ ജനിച്ചുവളർന്ന ഗ്രാമത്തെ എത്ര മനോഹരമാക്കിയിരിക്കുന്നു! ചിലപ്പോൾ ഒരു യക്ഷിക്കഥ പോലെ, മറ്റുചിലപ്പോൾ തിളങ്ങുന്ന ചരിത്രാഖ്യായിക പോലെ, ഇനിയും ചിലപ്പോൾ ഗൃഹാതുരത്വമുണർത്തുന്ന ബാല്യകാല ഓർമ്മത്തിരയിളക്കം പോലെ ആ ചരിത്രം പറച്ചിൽ മാറിമറിഞ്ഞ് ഇളകുന്ന സാഗരം പോലെ ആഴവും പരപ്പുമായി അങ്ങനെ പോകുന്നു. പിതൃക്കൾക്കുള്ള ബലിതർപ്പണത്തിനപ്പുറം പുല്ലുവഴി ഗ്രാമത്തിനു ഗീത നൽകുന്നത് ഒരു വേറിട്ട പട്ടമാണ്.  

മഹാനായ പിതാവിന്റെ ഛവി കലർന്ന ഈ സാങ്കല്പിക കഥപറച്ചിൽ... അതാണ് എന്നെ ഏറെ ആകർഷിച്ചത്. ഓരോ ദിവസവും സാഗറും ശിവയും കഥപറച്ചിൽ നിർത്തി പിരിയുമ്പോൾ അടങ്ങാത്ത ഗദ്ഗദം ശിവയുടെ തൊണ്ടയിൽ കുരുങ്ങിക്കിടപ്പുണ്ടാകും. ഉറക്കം കെടുത്തുന്ന ഗദ്ഗദം. പിറ്റേന്ന്  സാഗർ മുണ്ടിന്റെ തുമ്പ് മടക്കിപ്പിടിച്ച് മറുകൈ വീശി നടന്നുവരുമ്പോൾ ശിവ കൗതുകത്തോടെ നോക്കിനിൽക്കും. ജുബ്ബയുടെ അറ്റത്ത് ഒരു ഇല പറ്റിപ്പിടിച്ചിരിപ്പുണ്ടാവും. അപ്പോഴും - ഉറങ്ങിയില്ല അല്ലേ? സാരമില്ല. പറയാനല്ലേ നീ? കേൾക്കാനല്ലേ ഞാൻ? - സാഗറിന്റെ ഈ ചേർത്തുപിടിയ്ക്കലിന്റെ ശക്തിയിലാണ് ശിവ നിർത്താതെ കഥ പറഞ്ഞുപോകുന്നത്. 

കമ്മ്യൂണിസ്റ്റ് പോരാളിയായ ശിവശങ്കരപിള്ളച്ചേട്ടന്റെ ജീവിതകഥ ഗീത എഴുതിയത് കണ്ടതുമുതലാണ് ഞാൻ ഗീതയെ അറിയുന്നത്. ആ കമ്മ്യൂണിസ്റ്റ് കുടുംബവും മറ്റൊരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായ എനിക്കും തമ്മിൽ താദാത്മ്യം പ്രാപിക്കാൻ മറ്റൊന്നും ആവശ്യമായിരുന്നില്ല. ഗീത എഴുതുന്ന വിഷയപരിസരം എനിക്കുകൂടി അറിവുള്ളതാണ്. എന്നാൽ ആ ഭാഷയും സങ്കേതവും ആരേയും അത്ഭുതപ്പെടുത്തും. ഒരു നാടിന്റെ ചരിത്രം ഒട്ടും പാളിപ്പോകാതെ ഏറ്റവും ഹൃദ്യവും നൂതനവുമായ ശൈലിയിൽ അടയാളപ്പെടുത്തുന്നുണ്ടിവിടെ. പുല്ലുവഴിക്കഥകൾ എഴുതിയ എം.പി.നാരായണപിള്ളയും കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായ പി.കെ.വി. അമ്മാവനും പി.ഗോവിന്ദപ്പിള്ളയുമൊക്കെ ശിവശങ്കരൻ ചേട്ടനെപ്പോലെതന്നെ എനിക്ക് പ്രിയപ്പെട്ടവരാണ്. അവരും അറിയപ്പെടാത്ത നിരവധി മനുഷ്യരും ചേർന്ന പുല്ലുവഴി ഗ്രാമത്തെ ഈ പുസ്തകവായനയിലൂടെ നമ്മളും സ്നേഹിച്ചുതുടങ്ങും. ചരിത്രത്തിലേക്ക് ഗീത തുറന്നിട്ട ജാലകക്കാഴ്ചകളാണ് പുല്ലുവഴി - ഇലമണം പൊഴിക്കുന്ന ഇടവഴികൾ എന്ന ഈ പുസ്തകം. മനുഷ്യരേയും പ്രകൃതിയേയും ചരിത്രത്തേയും പോലെ മണങ്ങളേക്കൂടി കഥാപാത്രമാക്കിക്കൊണ്ട് ഗീത നടത്തിയ ഈ രചന വായിച്ചുതീർന്നിട്ടും ലാവണ്ടർ പൂക്കളുടേയും ഇഞ്ചിപ്പുല്ലിന്റേയും ഗുൽമോഹറിന്റെയും പലതരം ഇലകളുടേയും സുഖമുള്ള ഗന്ധം ഇപ്പോഴും എന്നെ പൊതിയുന്നു. ഈ ചരിത്രത്തിന് എന്തൊരു സുഗന്ധം! 


 
Copyright © .