2018, നവംബർ 20, ചൊവ്വാഴ്ച

സ്മൃതിസുഗന്ധം ..

8 അഭിപ്രായ(ങ്ങള്‍)
തുറന്നിട്ട ശ്രദ്ധയുടെ ജാലകത്തില്‍
സ്മൃതി സുഗന്ധം..

ദുര്‍മ്മേദസ്സില്ലാത്ത ഭാഷയില്‍
പ്രപഞ്ച പാദങ്ങളിലര്‍പ്പിച്ച
ഒരുതുള്ളി സ്വേദകണം..
പോക്കുവെയില്‍പ്പൊന്നണിഞ്ഞ സന്ധ്യയില്‍
മേഘജ്യോതിസ് പോലെ
ഒരു നിമിഷാര്‍ദ്ധത്തില്‍ സകലതിനേയും
പ്രകാശിപ്പിച്ച് മടങ്ങിപ്പോയ
ഒറ്റനക്ഷത്രം..
ഉള്ളിലെ ചെരാത് കാറ്റിലണയാതെ
അക്ഷരത്തിന്റെ കുമ്പിള്‍ കെട്ടി കാത്ത
പൗര്‍ണ്ണമിക്കൈകള്‍...

തുറന്നിട്ട ശ്രദ്ധയുടെ ജാലകത്തില്‍
പിന്നെയുമൊഴുകിയെത്തുന്ന
സ്മൃതിസുഗന്ധം...

ഒരു വാക്കിന് വേണ്ടി...

14 അഭിപ്രായ(ങ്ങള്‍)
മനസ്സിന്റെ അകത്തളങ്ങളിലെ ഇരുണ്ട ഇടനാഴികളിലൂടെ പുറത്ത് കടക്കാന്‍ വഴിയില്ലാതെ ചുറ്റിത്തിരിയുംപോള്‍.. ഓരോ മുറിവുകളേയും ഒരു മണിച്ചിമിഴില്‍ എന്നവണ്ണം മനസ്സിലിട്ട് അടയ്ക്കുമ്പോള്‍ , ഇഷ്ടം തൊട്ടുണര്‍ത്തിയ ഓരോ ചങ്ങാതിയോടും മനസ്സ് ചോദിച്ചു..

മരണത്തോളം എന്റെയൊപ്പമുണ്ടാവുന്ന മഞ്ഞണിഞ്ഞ ആത്മാവാകാമോ ? എന്റെ സ്നേഹത്തെ അനുധാവനം ചെയ്യുന്ന വെള്ളിമേഘത്തുണ്ട് ആവാമോ? ആകുലതകള്‍ കൊണ്ട് ഞാന്‍ ആകാശഗോപുരം പണിയുമ്പോള്‍ അതിന്റെ നെടും തൂണ് ആവാമോ? വിശ്വാസത്തിന്റെ നനുത്തൊരു തൂവല്‍ എനിയ്ക്കായി കരുതാമോ? എനിയ്ക്കിപ്പോള്‍ ആവശ്യമാണ്‌, നിന്റെയൊരു വാക്ക്.. ഒരേയൊരു വാക്ക്..

അന്വേഷിച്ച് നിന്റെയടുത്തെത്തുമ്പോള്‍ നീയെന്നോട് പറയണം..

''നീയെന്നെ കണ്ടെത്തിയതിനേക്കാള്‍ മഹത്തരം ,അതിനുവേണ്ടിയുള്ള നിന്റെ യാത്രയാണ്...."

2018, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

അമ്മയെ പഠിയ്ക്കുമ്പോള്‍ ..

10 അഭിപ്രായ(ങ്ങള്‍)

എനിയ്ക് ചില  തോന്നലുണ്ടായിരുന്നു.. 
ആരുടേയും മുന്നില്‍ കൈ നീട്ടരുത് .. ആരുടേയും മുന്നില്‍ അഭയാര്‍ഥിയായി നില്‍ക്കരുത്.. മരണം വരെ ജോലി ചെയ്ത് ജീവിയ്ക്കണം.. മറ്റുള്ളവര്‍ ചവിട്ടിക്കൂട്ടി ഒരു മൂലയ്ക്ക് ഇരുത്തുന്ന അവസ്ഥയിലേയ്ക്ക് എന്റെ വ്യക്തിത്വം പോകരുത്.. എഴുതാന്‍  ഒരു കഷണം കടലാസും ഒരു പേനയും പിന്നെ വായിയ്ക്കാനൊരു പുസ്തകവും ഉണ്ടെങ്കില്‍ അവിടെ ഞാനൊരു സ്വര്‍ഗ്ഗമുണ്ടാക്കും.. മരിയ്ക്കുന്നതുവരെ ആ സ്വര്‍ഗ്ഗത്തില്‍ ഞാന്‍ സന്തോഷവതിയായിരിയ്ക്കും എന്നൊക്കെയുള്ള ചില തോന്നലുകള്‍..

എന്റെ അമ്മ ഒരു അദ്ധ്യാപികയായിരുന്നു.  ഒരു മുഴുവന്‍സമയ കമ്മ്യൂണിസ്റ്റ് കാരന്‍റെ ഭാര്യ എന്ന നിലയില്‍ അമ്മ അന്നനുഭവിച്ചത് സുഖമൊന്നുമായിരുന്നില്ല.  കുടുംബം നോക്കാതെ രാജ്യം നോക്കാന്‍ നടക്കുന്നവന്റെ ഭാര്യ എന്ന പരിഹാസം..അവഗണന.. ഒറ്റപ്പെടല്‍.. പക്ഷെ അമ്മ  വളരെ ശക്തയായൊരു സ്ത്രീയായിരുന്നു.  നന്നായി പാടും . നന്നായി വായിയ്ക്കും. നന്നായി സംസാരിയ്ക്കും. നന്നായി അദ്ധ്വാനിയ്ക്കും.. അദ്ധ്യാപകജോലി ചെയ്തും ബാക്കി സമയം പറമ്പില്‍ കൃഷി ചെയ്തും  പശുവിനെ വളര്‍ത്തിയും പശുവിന് പുല്ല് പറിച്ചും .. അമ്മ കുടുംബം പോറ്റി.

 ഇന്നത്തെപ്പോലെയായിരുന്നില്ല അന്ന് രാഷ്ട്രീയം. കൈയ്യിലുള്ള അവസാനത്തെ ചില്ലിക്കാശ് വരെ പാര്‍ട്ടിയിലേയ്ക്ക് പോകും.  ഒരു വരുമാനവുമില്ല അന്ന് അച്ഛന്. ജീവനും ജീവിതവും പോക്കറ്റില്‍ ഉള്ള ഓരോ തുട്ടും പാര്‍ട്ടിയ്ക്ക് സമര്‍പ്പിച്ചു അച്ഛന്‍.  കുടുംബത്തിനായി ഒന്നും കരുതിയില്ല.  അമ്മ അന്നനുഭവിച്ച കഷ്ടപ്പാടിന് അതിരില്ല. ഞങ്ങള്‍ മക്കളേയും ചേര്‍ത്ത് പിടിച്ച് , നോവിന്റെ ഒരു തീക്കടലാണ് സധൈര്യം  അമ്മ നീന്തിക്കടന്നത്.  ആ തീക്കടലില്‍,  അമ്മയുടെ മൂത്ത മകളെന്ന നിലയ്ക്ക് ഞാനും ഒന്ന് കൈകാലിട്ടടിച്ചു.. അതെന്‍റെ കുട്ടിക്കാലം.. അന്നത്തെ പൊള്ളല്‍ ഒരു തീപ്പൊരിയായി ഇന്നുമെന്റെ മനസ്സിലുണ്ട്. രക്തത്തിലും.

അവഗണിച്ചവരുടെയും പരിഹസിച്ചവരുടെയും ഒറ്റപ്പെടുത്തിയവരുടെയുമൊക്കെ  മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് അമ്മ ജീവിച്ചു. ഇന്നിപ്പോ കാലവും ജീവിതവും സാഹചര്യങ്ങളും മാറി.   ജീവിതത്തിനു മുന്നില്‍  തോറ്റുകൊടുക്കില്ലെന്നൊരു തീര്‍ച്ചയും മൂര്‍ച്ചയും അമ്മയുടെ ഓരോ ചുവടുവയ്പ്പിലും ഞാന്‍ കണ്ടിരുന്നു. ഈ കഴിഞ്ഞ മാസം വരെ അത് ഞാന്‍ കണ്ടു....

ഉരുക്കുവനിത എന്ന് ഞാന്‍ വിശേഷിപ്പിച്ചിരുന്ന അമ്മ കഴിഞ്ഞ മാസം ആശുപത്രിവാസത്തിന് ശേഷം വളരെ ക്ഷീണിതയായിട്ടാണ് പുറത്തിറങ്ങിയത്.  നിരന്തരപരിചരണം വേണ്ട ഒരവസ്ഥയിലെയ്ക്ക് മാറിയ അമ്മയെ പരിചരിയ്ക്കുമ്പോള്‍ ഞാന്‍ പലതും ഓര്‍ത്തു..  അമ്മ ഇതൊന്നും പ്രതീക്ഷിച്ചുണ്ടാവില്ലല്ലോ.. ഇല്ല. അതാണ്‌ അമ്മ ഇടയ്ക്കിടെ നിസ്സഹായതയോടെ  ഇങ്ങനെ പരിതപിയ്ക്കുന്നത്... "ഇനി ഞാന്‍ പഴയപോലെ നടക്കുമെന്ന് തോന്നുന്നില്ല , ഇത് ഞാനൊരിയ്ക്കലും പ്രതീക്ഷിച്ചതല്ല"..

അതാണ്‌ ഞാനും  തുടക്കത്തില്‍ പറഞ്ഞത് ,  എനിയ്ക്ക് ചില തോന്നലുകള്‍ ഉണ്ടായിരുന്നു എന്ന്.. പക്ഷെ ആ തോന്നലുകള്‍ ഞാന്‍ ഉപേക്ഷിയ്ക്കുകയാണ്.  സങ്കടത്തോടെയല്ല, സന്തോഷത്തോടെതന്നെ .  അമ്മയെന്നെ പഠിപ്പിച്ച ഒരുപാട് പാഠങ്ങള്‍ക്ക് ഒടുവില്‍ ഇങ്ങനെയൊരു പാഠവും.  നാളെ എന്നൊന്നില്ല. നാളെ ഉണ്ടോ എന്ന് നാളെ അറിയാം. നിലവിലുള്ളത് ഇന്ന്...  ഈ നിമിഷം.. ഇത് മാത്രമാണ് സത്യം.   ഈ ഒരു നിമിഷത്തിനായാണ് ഞാന്‍ എനിയ്ക്ക് ചുറ്റും സ്വര്‍ഗ്ഗമുണ്ടാക്കുന്നത്.  തൊട്ടടുത്ത നിമിഷം എന്റെ നിയന്ത്രണത്തിലല്ല. 

മരിയ്ക്കുന്നതുവരെ എഴുതണമെന്നും വായിയ്ക്കണമെന്നുമൊക്കെ ചിന്തിച്ച എന്റെ വിഡ്ഢിത്തത്തെ ഞാന്‍ സ്വയം പരിഹസിച്ചു.  നാളെ എന്റെ കൈ വിറച്ചുപോയാല്‍? നാളെ എന്റെ കണ്ണുകളില്‍ ഇരുട്ട്  നിറഞ്ഞാല്‍?   കീബോര്‍ഡില്‍ താളം പിടിയ്ക്കുന്ന വിരലുകള്‍ നാളെ വിറച്ചുപോയാല്‍ ?  അക്ഷരങ്ങള്‍ ഒരിയ്ക്കലും ശരിയാകാതെ  ക്രമം തെറ്റിയാല്‍?  ഓര്‍ത്തെടുക്കാനാവാത്ത വിധത്തില്‍  നാളെ ഞാനെന്റെ പാസ്സ്‌വേര്‍ഡ്‌ മറന്നുപോയാല്‍ ?  ഓരോ പുതിയ പാസ്സ്‌വേര്‍ഡും തൊട്ടടുത്ത നിമിഷം മറന്നാല്‍?  ഒരിയ്ക്കലും ഓര്‍ത്തെടുക്കാനാവാത്ത വിധത്തില്‍ എന്റെ പേര് മറന്നാല്‍? ഇല്ല.. ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല.

അതാണ്‌ ഞാന്‍ പറഞ്ഞത്,  ഇന്നാണ് സത്യം.  ഈ നിമിഷമാണ് സത്യം.  അതെത്രമാത്രം സന്തോഷപ്രദമാക്കാം എന്നുമാത്രമാണ് ഞാനിപ്പോള്‍ ചിന്തിയ്ക്കുന്നത്.  ഈ നിമിഷം എത്രമാത്രം നന്മ ചെയ്യാം..ഈ നിമിഷം എത്രമാത്രം സ്നേഹിയ്ക്കാം.. ഈ നിമിഷം മറ്റുള്ളവര്‍ക്ക് എത്രമാത്രം സന്തോഷം കൊടുക്കാം..

  പുറത്ത് ഒരു ആകാശം  ഉള്ളതുപോലെ  എന്റെയുള്ളിലും ഒരു ആകാശം ഉണ്ടെന്നതാണ് എന്റെ സന്തോഷത്തിന്റെ രഹസ്യം.  ഒരിയ്ക്കലും തീരാത്ത മനസ്സിന്റെ യൗവ്വനത്തിന്റെയും പ്രണയത്തിന്റെയും രഹസ്യം. .. 

അതെ.. സന്തോഷമാണ് എനിയ്ക്ക് . എന്നും എപ്പോഴും.


2018, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ദൈവം മറുപടി പറയുന്നു എന്നിലൂടെ..

21 അഭിപ്രായ(ങ്ങള്‍)
ദൈവം മറുപടി പറയുന്നു എന്നിലൂടെ..

ഞാന്‍ പ്ലസ്സില്‍ വന്നിട്ട് വളരെ കുറച്ച് നാളുകളേ ആയുള്ളൂ. പരിചയക്കാരും സുഹൃത്തുക്കളും കുറവ്.  'ചോപ'   എന്ന ഡിസ്ക്ക് രസകരമായി തോന്നി. ജോയിന്‍ ചെയ്തു.  ചോദ്യങ്ങള്‍ ചോദിച്ച് കൂട്ട് കൂടി.  പിന്നീട് ഹോട്ട്സീറ്റിലേയ്ക്ക് ക്ഷണിയ്ക്കപ്പെട്ടപ്പോള്‍ ശരിയ്ക്കും അങ്കലാപ്പ് തോന്നി. അംഗങ്ങള്‍ എല്ലാവരും പരിചയം കൊണ്ട് എന്നേക്കാള്‍ സീനിയേഴ്സ്.  ഇരുന്നൂറ് കമന്റെങ്കിലും തികയ്ക്കാന്‍ പറ്റണെ എന്നായിരുന്നു പ്രാര്‍ത്ഥന.  വയ്യാതെ കിടക്കുന്ന അമ്മയ്ക്ക് കാവല്‍ ഇരുന്നുകൊണ്ട് കിട്ടിയ സമയങ്ങളില്‍   ഞാന്‍ ചോദ്യങ്ങള്‍ക്ക് മറുപടികളെഴുതി.  എന്റെ ആശങ്കകളെ മറികടന്ന് ഓരോ സുഹൃത്തും എന്നെ സ്നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി.  തുടരെത്തുടരെ ചോദ്യങ്ങള്‍ വന്നപ്പോള്‍ എനിയ്ക്കും ആവേശമായി.  ഒരാഴ്ച സമയമുണ്ടെന്നിരിയ്ക്കെ,  മൂന്ന്‍ ദിവസത്തിനുള്ളില്‍ ചോദ്യോത്തരങ്ങള്‍ കൊണ്ട്  ചോപ  നിറഞ്ഞുകവിഞ്ഞു.  അഞ്ഞൂറ് കമന്റ്സ് മാത്രമേ പാടുളൂ എന്നതിനാല്‍  അഞ്ഞൂറാമത്തെ കമന്റില്‍ , കമന്റ് ബോക്സ് ഡിസേബിള്‍ ആയി.  അപ്പോഴും ചോദ്യങ്ങള്‍ ബാക്കിയായിരുന്നു. മനസ്സില്‍ ഉത്തരങ്ങളും...  എല്ലാം ബാക്കിയാക്കി , സ്നേഹവാക്കുകള്‍ പറഞ്ഞ് ഞാന്‍ ലാപ് ടോപ്‌ അടച്ചു.  സന്തോഷമായിരുന്നു.   ഒരുപാടൊരുപാട്..

ചോപയില്‍ സജീവ്‌ എന്നോടൊരു ചോദ്യം ചോദിച്ചിരുന്നു. 

 " ബിസിനസ് കാരനായ ഭര്‍ത്താവ് പ്രളയക്കെടുതി ബാധിച്ചവര്‍ക്ക് വേണ്ടി എന്ത് ചെയ്തു ?" 

ഔദ്യോഗികസഹായങ്ങള്‍  ഇവിടുന്നു  പോയിട്ടുണ്ട് എന്നെനിയ്ക്ക് അറിയാം.  എന്നാല്‍ അത് ഞാന്‍ പറഞ്ഞില്ല.  ഞാന്‍ എന്ന വ്യക്തി എന്ത് ചെയ്തു എന്നാണ് ഞാനാലോചിച്ചത് .  ഞാന്‍ മറുപടിയെഴുതി.

" മറ്റൊരാള്‍ എന്ത് ചെയ്തു എന്നതിനേക്കാള്‍ , ഞാന്‍ എന്ത് ചെയ്തു എന്ന് ചിന്തിയ്ക്കുന്നതാണ് എനിയ്ക്കിഷ്ടം."  

ആ ഉത്തരം അപൂര്‍ണ്ണമായിരുന്നു  എന്നെനിയ്ക്കറിയാം. അതുകൊണ്ടുതന്നെ അതൊരു പൂരിപ്പിയ്ക്കാത്ത  പാതിയുത്തരമായി എന്റെ മനസ്സിനെ ഇടയ്ക്കിടെ നോവിച്ചു.  എനിയ്ക്കറിയാം അന്നുവരെ പ്രളയക്കെടുതി ബാധിച്ചവര്‍ക്കായി  ഞാനൊന്നും ചെയ്തില്ല എന്ന്.  എന്നിട്ടും എന്തിനാണ് ആ ചോദ്യത്തെ ഞാന്‍ എന്നിലേയ്ക്ക് തിരിച്ചുവിട്ടത് എന്ന് അന്നെനിയ്ക്ക് മനസ്സിലായില്ല.   എന്നാല്‍ ആ ചോദ്യത്തിനും ഉത്തരത്തിനും ഒരു നിയോഗമുണ്ടായിരുന്നു എന്ന് പിന്നീട് എനിയ്ക്ക് മനസ്സിലായി....

ദുരന്തമുഖത്തുനിന്നും  ഒരു അനുഭവക്കുറിപ്പ്...

പതിനാലാം തീയതി ചൊവ്വ - തോരാത്ത മഴയുണ്ടായിരുന്നു.  ടിവി യില്‍ പ്രളയക്കെടുതികള്‍ ആശങ്കയോടെ കണ്ടിരുന്നു. അന്ന്‍ രാത്രിയിലും തുള്ളിതോരാത്ത മഴ.. ചുറ്റുമുള്ള പ്രദേശത്ത് ആകെ വെള്ളപ്പൊക്കഭീഷണിയുണ്ട്. ഞങ്ങളുടെ വീടിരിയ്ക്കുന്ന സ്ഥലം അല്പം ഉയര്‍ന്നതായതിനാല്‍ അങ്ങോട്ട്‌ വെള്ളം കയറില്ല എന്നതാണ്സ്ഥിതി.

പതിഞ്ചാം തീയതി ബുധന്‍ ( അന്ന് സ്വാതന്ത്ര്യദിനം)- മഴ ശക്തി പ്രാപിച്ചു. .  കെ എസ്ഇ ബി യുടെ മുറ്റത്ത് വെള്ളമെത്തി. സബ് സ്റ്റേഷനില്‍ പവര്‍ ഓഫ്. രാവിലെ ഏഴ് മണിയ്ക്ക് കറന്റ് പോയി.  നോക്കി നില്‍ക്കെ വെള്ളം അടുത്തടുത്ത് വന്നുകൊണ്ടിരുന്നു.  ഞങ്ങളുടെ വീട് ഉള്‍പ്പെടെ ഒരു പത്ത് വീടോളം സെയ്ഫ് ആയിരുന്നു. ബാക്കി വീടുകളും സ്ഥാപനങ്ങളും ഒക്കെ ഭീഷണിയിലാണ്. 

വൈകിട്ട് ഞാന്‍ ചിന്നുവിനെ വിളിച്ചു.  ഫോണെടുത്തതും അവള്‍ കിടന്നു തുള്ളിച്ചാട്ടം.  

"ശിവേച്ചി ഇതെവിടാ? ദാ ഇവിടെ കമന്റ് ബോക്സ് വീണ്ടും തുറന്നു. ഇന്നും കൂടി ചോദ്യങ്ങള്‍ ചോദിയ്ക്കാം എന്ന് പറയുന്നു.. ഓടിവാ.. "  എന്നൊക്കെ പറഞ്ഞ് അവള്‍ കിടന്ന് ബഹളം.  

ഞാന്‍ വിവരങ്ങള്‍ പറഞ്ഞു.  സ്ഥിതി മോശമായില്ലെങ്കില്‍ , കറന്റ് വന്നാല്‍ ഞാന്‍ വന്നു മറുപടി എഴുതാം എന്ന് അവിടെ പറയാന്‍ അവളോട് പറഞ്ഞു.  ഫോണ്‍ വച്ച് അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ അറിയുന്നു , കറന്റ് വരാന്‍ രണ്ടു ദിവസം താമസമുണ്ടാകും എന്ന്.  അപ്പോഴും പ്രതീക്ഷയ്ക്കപ്പുറമുള്ള  ദുരന്തം വരാനിരിയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. സന്ധ്യ ആയപ്പോഴേയ്ക്കും ലാന്‍ഡ് ഫോണ്‍ കട്ടായി. ഈ പ്രദേശം മുഴുവന്‍ ഫോണ്‍ നിര്‍ജ്ജീവമായി. കറന്റില്ല, ഫോണില്ല, ഇന്‍വേര്ട്ടര്‍ ഓഫ്‌ ,   കടയില്‍ മെഴുകുതിരിയില്ല.. 

പതിയെപ്പതിയെ ഒരു ദുരന്തമുഖത്താണ് നില്‍ക്കുന്നതെന്ന തോന്നലുണ്ടായിത്തുടങ്ങി.  മോന്‍റെ നിലയ്ക്കാറായ മൊബൈലില്‍ നിന്നും ഒരിയ്ക്കല്‍ക്കൂടി ചിന്നുവിനെ വിളിച്ചു. " സ്ഥിതി വഷളാണ്,  മൊബൈല്‍ എല്ലാം ചാര്‍ജ് തീര്‍ന്നു,  വെള്ളം കയറിത്തുടങ്ങി , ഞങ്ങളുടെ വീടും ഒരു ദുരിതാശ്വാസ ക്യാമ്പ് ആയേക്കും ..."

ഇത്രയും പറയാനേ പറ്റിയുള്ളൂ.  അവസാനത്തെ തുടിപ്പും തീര്‍ന്ന മൊബൈല്‍ ആര്‍ക്കും വേണ്ടാതെ ഒരു മൂലയ്ക്ക് കിടന്നു.  പിന്നെ നടന്നതെല്ലാം ഒരു സ്വപ്നം പോലെ...

നിമിഷനേരം കൊണ്ട് ക്യാമ്പുകള്‍ തുറന്നു.  സ്കൂളും കോളേജും പണിതീരാത്ത ഒരു  ഫ്ലാറ്റും ക്യാമ്പ് ആയി. വീടിനപ്പുറവും ഇപ്പുറവും അര കിലോമീറ്റര്‍ ദൂരത്ത് വെള്ളമെത്തി.  ഞങ്ങളുടെ വീട് ഉള്‍പ്പെടെ സെയ്ഫ് ആയ അഞ്ചാറു വീടുകളും ദുരിതാശ്വാസക്യാമ്പ് ആയി. രക്ഷാപ്രവര്‍ത്തനത്തിനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഞങ്ങളെല്ലാവരും പെരുമഴയത്തെയ്ക്ക് ഇറങ്ങി.   

 ഏറെപ്പേര്‍ ഉണ്ടായിരുന്നു എന്റെ വീട്ടില്‍.. വീടിന്റെ പറമ്പും മുറ്റവും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു.  കട്ടിലും കിടക്കയും പായും പുതപ്പുകളും മുറികളില്‍ നിറഞ്ഞു. ഓരോരുത്തരുടെയും സൌകര്യങ്ങള്‍ തിരക്കി ഞാന്‍ കൂടെത്തന്നെ നിന്നു. അടുപ്പുകള്‍ നിര്‍ത്താതെ എരിഞ്ഞു.  കറണ്ടുംഇല്ല, ഇന്‍ വെര്ട്ടരും ഓഫ്‌, കടകള്‍ വെള്ളത്തില്‍ മുങ്ങി, മുങ്ങാത്ത കടകളില്‍ ഒരു മെഴുകുതിരി പോലും കിട്ടാനില്ല,  എമര്‍ജന്‍സി ഓഫായി...  ഒരു നിലവിളക്ക് കത്തിച്ചു വച്ച് എല്ലാവരെയും സമാധാനിപ്പിച്ച് ഞാനിരുന്നു.  എന്താണിനി സംഭവിയ്ക്കാന്‍ പോകുന്നതെന്ന   ഒളിച്ചുവച്ച ഭയത്തോടെ.  വീടിന്റെ  ഒരു ഭാഗത്ത് എല്ലാ വീടുകളും മറ്റ് കെട്ടിടങ്ങളും പകുതി മുങ്ങി. മറ്റേ വശത്ത് പൂര്‍ണ്ണമായും എല്ലാം വെള്ളത്തിനടിയിലായി.   അവസാനനിമിഷം വരെ നമ്മള്‍ പ്രതീക്ഷിയ്ക്കുമല്ലോ അരുതാത്തതൊന്നും വരില്ല എന്ന്.. അങ്ങനെ പ്രതീക്ഷിയ്ക്കാനുള്ള നമ്മുടെ കഴിവല്ലേ നമ്മളെ ജീവിപ്പിയ്ക്കുന്നത് .. വയ്യാത്ത അമ്മൂമ്മമാരും ഡെലിവറി കഴിഞ്ഞു കിടക്കുന്ന പെണ്‍കുട്ടിയും ഒക്കെയുണ്ടായിരുന്നു . എല്ലാവര്‍ക്കും ധൈര്യം കൊടുത്ത് , അതിഭീകരമായ മഴയെ ആരും കാണാതെ ഭയന്ന്‍ രാത്രി കഴിച്ചുകൂട്ടി. 

പിറ്റേന്ന് രാവിലെ .. ടാങ്കില്‍ വെള്ളം തീര്‍ന്നു. മുക്കാലും നിറഞ്ഞുകിടന്ന കിണര്‍ ഉണ്ടായിരുന്നത് കൊണ്ട് അതൊരു പ്രശ്നമായില്ല.  രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരുന്നു.  പെരുമഴയുടെ ശബ്ദമല്ലാതെ മറ്റൊന്നുമില്ല. ആളുകളും ആരവങ്ങളും വാഹനങ്ങളും ഒഴിഞ്ഞ നിരത്ത്... ശ്മശാനമൂകത..  ഇടയ്ക്കിടെ ഹെലിക്കൊപ്ട്ടറുകളുടെ ഇരമ്പല്‍  നിശ്ശബ്ദതയെ ഭയാനകമായി കീറി മുറിച്ചു.. 

 നരകത്തിലും സ്വര്‍ഗ്ഗം ചമയ്ക്കുന്ന ശീലം എല്ലായിടത്തും ഉപകാരമായി എനിയ്ക്ക്.. സങ്കടപ്പെട്ടും ഭയപ്പെട്ടും ഇരിയ്ക്കാന്‍ സമയമില്ല എന്നെനിയ്ക്ക് മനസിലായി.   അടുപ്പുകള്‍ പുകഞ്ഞു. വലിയ കലത്തില്‍ കഞ്ഞി തിളച്ചു. പയര്‍ വെന്തു.  എല്ലാവരും ഒരു വീട്ടിലെ ആളുകളായി. എല്ലാവരും സ്വന്തം.  സ്വദേശമെന്നോ അന്യദേശമെന്നോ ഇല്ലാതെ എല്ലാവരും ഒന്നായി.  ഞാനോര്‍ത്തു.. ദുരന്തമുഖങ്ങളില്‍ മാത്രമാണ് മനുഷ്യന്‍ മനുഷ്യനെ കാണുന്നത്...  ഒരു മനുഷ്യനെ കാണാന്‍ കൊതിച്ച് .. ഒരു സ്നേഹസ്പര്‍ശം കാണാന്‍  കൊതിച്ച് പ്രകൃതി തന്നെ അതിനുള്ള അവസരം ഉണ്ടാക്കിയെന്ന് എനിക്ക് തോന്നി... 

  രക്ഷാപ്രവര്‍ത്തനങ്ങള്‍  തുടരുകയാണ്...  വീടിന് മുകളില്‍ കുടുങ്ങിയ ആളുകളെ ചെമ്പുകളും വഞ്ചിയും ഉപയോഗിച്ച് രക്ഷപ്പെടുത്തിക്കൊണ്ടിരുന്നു. പണിതീരാത്ത ഒരു ഫ്ലാറ്റില്‍ നിറയെ കന്നുകാലികളും മറ്റു വളര്‍ത്തുമൃഗങ്ങളും ഒരു ഭാഗത്ത്. മറുഭാഗത്ത് അന്യദേശ തൊഴിലാളികള്‍.   ദൈവമേ .. എന്തൊരു കാഴ്ച ... എല്ലാവര്ക്കും ഭക്ഷണമെത്തിച്ചു. അനാഥരായിപ്പോയ മൃഗങ്ങളോടും എല്ലാരും കരുണ കാണിച്ചു. ആരുടെയെന്നറിയാതെ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ഒക്കെ കിട്ടിയ ഭക്ഷണത്തിന്റെ ഒരോഹരി പങ്കുവച്ചു കൊടുത്തു എല്ലാവരും.  അതിനിടയ്ക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള സാമഗ്രികള്‍ ഒന്നൊന്നായി തീര്‍ന്നുകൊണ്ടിരുന്നു. വാങ്ങാന്‍ നിവൃത്തിയില്ല..   എന്തുചെയ്യുമെന്ന് ഒരു പിടിയുമില്ല.  ആ സമ്മര്‍ദ്ദം വീട്ടില്‍ വന്നവരെ അറിയിയ്ക്കാതെ പറമ്പിലുള്ള പപ്പായയും താളും ചേമ്പും ഒക്കെ തപ്പിപ്പെറുക്കി വേവിച്ചു  ഞാന്‍. 

നിരത്തിലൂടെ ഒരു വണ്ടി പോകുന്നത് കാണാന്‍.. ആളുകള്‍ നടക്കുന്നത് കാണാന്‍ കൊതിച്ചുപോയി . 

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്ത് സംഭവിച്ചു എന്നറിയാതെ , ബന്ധപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ.. ദൈവമേ !  വിവരിയ്ക്കാനാവാത്തതായിരുന്നു അത്..   ഭയപ്പെടുത്തുന്നതായിരുന്നു പുറത്തെ കാഴ്ചകള്‍..  എല്ലാം നഷ്ടമായ ആളുകളെ എങ്ങനെ സമാധാനിപ്പിയ്ക്കണം എന്നറിയില്ല.. ജീവനാണ് ഏറ്റവും വലുത്, ഇപ്പോഴും നമ്മള്‍ ജീവിചിരിയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ പുണ്യം എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു ഞാന്‍.. എങ്കിലും... 

വാരിപ്പിടിച്ചതത്രയും ഒഴുകിമറഞ്ഞപ്പോള്‍ കരയാന്‍ പോലുമാകാതെ വെറുങ്ങലിച്ച് ഇരിയ്ക്കുന്നവരെ എങ്ങനെ സമാധാനിപ്പിയ്ക്കാനാണ്.. എന്നാലും... 

ഭൂമി അറിയാതൊന്നു വിറച്ചുപോയാല്‍ .. ദൈവം ഒരുമാത്രയൊന്ന് കണ്ണ്‍ ചിമ്മിയാല്‍ തീരാവുന്നതാണല്ലോ എല്ലാ സൗഭാഗ്യങ്ങളും എന്നോര്‍ത്തപ്പോ...

ഇമ ചിമ്മാതെ നോക്കിയിരുന്നു വെള്ളത്തിന്‍റെ താണ്ഡവം.  മൂന്നാം ദിവസം വെള്ളം ഇറങ്ങിത്തുടങ്ങി. ഇന്നലെ മുതല്‍ ക്യാമ്പുകള്‍ പിരിച്ചുവിട്ടുതുടങ്ങി. ഇവിടെ  വീട്ടിലുള്ളവരെല്ലാം മടങ്ങിത്തുടങ്ങി.  എന്നിട്ടും തീരുന്നില്ലല്ലോ ദുരിതം.. വെള്ളം ഇറങ്ങിയപ്പോള്‍ വൃത്തിയാക്കല്‍ തുടങ്ങി. എല്ലാവരും ഒത്തുചേര്‍ന്ന് എല്ലാവരുടെയും വീടുകള്‍ വൃത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍.  ഓരോ ടീമുകളായി തിരിഞ്ഞ് ഓരോ വീടും വൃത്തിയാക്കുകയാണ്.  അന്യദേശതൊഴിലാളികളുടെ വാസസ്ഥലം പോലും വൃത്തിയാക്കുന്ന- എന്റെ മക്കള്‍ ഉള്‍പ്പെടെയുള്ള  നാട്ടുകാരെ കണ്ടപ്പോള്‍ എനിയ്ക്ക് തോന്നി,  വെള്ളമൊഴുകിയത്  മനുഷ്യന്റെ മനസ്സിലൂടെയാണ് എന്ന്.  മനുഷ്യന്റെ മനസ്സാണ് കഴുകി നിര്‍മ്മലമാക്കപ്പെട്ടത് എന്ന്... അതെ.. സത്യമായും അതെ .. എല്ലാവരും സ്നേഹിച്ച് സ്നേഹിച്ച് ഒന്നായ കാഴ്ച ! 

 ഇനിയും  പിരിച്ചുവിടാത്ത ക്യാമ്പുകള്‍ ഉണ്ട്. അവിടേയ്ക്ക് പൊതിച്ചോര്‍ കൊണ്ടുപോകുന്നു ഇന്ന്.  അതില്‍ പങ്കാളിയായി . 

ഇപ്പോള്‍ എനിയ്ക്ക് തോന്നുന്നു സജിയുടെ ചോദ്യത്തിന് ഞാന്‍ കൊടുത്ത മറുപടി തികച്ചും അനുയോജ്യമായിരുന്നു എന്ന് ...

പ്രിയ സുഹൃത്തേ , നിങ്ങള്‍ ചോദ്യം ചോദിച്ചത് എന്നോടായിരുന്നില്ല.. ദൈവത്തോടായിരുന്നു.  ദൈവം മറുപടി പറയുന്നു ,  എന്നിലൂടെ...


2018, ജൂലൈ 16, തിങ്കളാഴ്‌ച

വിശ്വാസവും യുക്തിയും.

15 അഭിപ്രായ(ങ്ങള്‍)
വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടയ്ക്കുള്ള ഒരവസ്ഥ വിശദീകരിക്കാൻ എളുപ്പവും രസകരവുമാണ്.  ഇതിന്റെ രണ്ടിന്റെയും ഇടയ്ക്കുള്ള ഒരു വിശ്വാസി എന്ന് ഞാനെന്നെ സ്വയം വിലയിരുത്തുമ്പോൾ മറ്റുള്ളവർ  അത്   ഏത് രീതിയിൽ ഉൾക്കൊള്ളും എന്നറിയില്ല.  ഒരുപക്ഷേ ഞാനിതിന്റെ  ഇടയിൽപ്പെട്ടുപോകാൻ കാരണം, അച്ഛന്‍ അവിശ്വാസിയും അമ്മ വിശ്വാസിയുമായതാവാം.  എനിക്ക് വിശ്വാസമുണ്ട്. എന്നാലത് അന്ധമായ രീതിയിലല്ലതാനും .  എന്റെ വിശ്വാസത്തിന്റെ രീതികൾ മറ്റാരെയും നോവിയ്ക്കാതിരിക്കാൻ ഞാൻ  ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ മറ്റൊരാളുടെ വിശ്വാസത്തെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. 

ക്ഷേത്രത്തെക്കുറിച്ചുള്ള കുട്ടിക്കാലത്തെ  ഓർമ്മകൾ പോലും തങ്ങിനിൽക്കുന്നത്,  അച്ഛന്റെ ജ്യേഷ്ഠപത്നിയുടെ കൂടെ ഇടയ്ക്ക്  അമ്പലക്കുളത്തിൽ കുളിക്കാൻ പോകുന്നതും, വല്ലപ്പോഴും അമ്മ പറിച്ചുതരുന്ന പനിനീർപ്പൂക്കൾ നനഞ്ഞ വാഴയിലയിൽ  വച്ച് ഏറെ ദൂരം നടന്ന് അമ്പലത്തിന്റെ നടയ്ക്കൽ കൊണ്ട് വയ്ക്കുന്നതും,  അമ്പലത്തിലെ ഉത്സവപ്പറമ്പിലെ കച്ചവടക്കാരുടെ കയ്യിൽ നിന്നും കുപ്പിവളയും മുത്തുമാലയും വാങ്ങുന്നതും ബാലേ, വില്ലടിച്ചാംപാട്ട് ആദിയായവ  ആസ്വദിക്കുന്നതിലുമൊക്കെയാണ്.  ഇന്നും നല്ല ഓർമ്മയുണ്ട്, അന്ന്  ശ്രീകോവിലിൽ നോക്കിയത്  ഈശ്വരനെ കാണാനായിരുന്നില്ല. ആ ബിംബത്തിന് പിന്നിൽ സൂര്യന്റെയോ പൂവിന്റെയോ മറ്റോ  ആകൃതിയിൽ ഉള്ളൊരു ലൈറ്റ് ( പ്രകാശം) ഉണ്ടായിരുന്നു. അതാണ് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നത്. ഒരിയ്ക്കലും തീരാത്തൊരു കൗതുകമായിരുന്നു എനിയ്ക്കത്.

 നിത്യേന ക്ഷേത്രത്തില്‍ പോയി പ്രാർത്ഥിക്കുക  എന്നത് അന്നും ഇന്നും ഒരു ജീവിതചര്യയാക്കി എടുത്തിട്ടില്ല.  എന്നാല്‍ പോകണമെന്ന്  സ്വയം തോന്നുന്ന ദിവസം ഞാന്‍ പോവുകയും ചെയ്യും. അത് വളരെ ആസ്വദിച്ചാണ് ചെയ്യുക.  യാതൊരു ധൃതിയുമില്ലാതെ വഴിയോരത്തുള്ള ചെടികളേയും പൂക്കളെയും ശ്രദ്ധിച്ച്,  വഴിയരികില്‍ നില്‍ക്കുന്ന ഇലഞ്ഞി പൂക്കുന്ന കാലത്ത് അതിന്റെ മൂന്നുനാല് പൂക്കളെടുത്ത് വാസനിച്ച്,  എതിരെ വരുന്ന ബന്ധുക്കളോടും പരിചയക്കാരോടും ചിരിച്ച് കുശലം പറഞ്ഞൊക്കെ നടക്കുന്നതാണ് ശീലം.   അമ്പലത്തില്‍ ചെന്നാല്‍ ഓട്ടപ്രദക്ഷിണം നടത്തി തിരികെ ഓടുന്ന ശീലവുമില്ല. പ്രദക്ഷിണവഴികളില്‍ ധ്യാനലീനമായിരിയ്ക്കും മനസ്സ്.  എന്നുവച്ചാല്‍ ഒന്നുമില്ലാത്തൊരു അവസ്ഥ എന്നേ  മനസ്സിലാക്കേണ്ടതുള്ളൂ.  ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് ലിസ്റ്റ് എഴുതി വായിയ്ക്കുന്നതുപോലെ പ്രാര്‍ത്ഥിക്കുന്ന സ്വഭാവമില്ല. ഉള്ളിലേക്ക് നോക്കി മന്ത്രധ്വനികള്‍ കേട്ട്  സുഗന്ധം ആസ്വദിച്ച്  ശാന്തമായി നില്‍ക്കും. മനസ്സിൽ പ്രാർത്ഥനയോ പരാതിയോ പരിഭവമോ ഉണ്ടാവില്ല.  അതിനിടയില്‍  ദേഹത്ത്  വീഴുന്ന തീര്‍ത്ഥത്തിന്റെയും  കൈയ്യില്‍ വാങ്ങുന്ന ചന്ദനത്തിന്റെയും കുളിര് ഏറെ  ഇഷ്ടമാണ്.

വേദഗ്രന്ഥങ്ങൾ ഒന്നുംതന്നെ വായിച്ചിട്ടില്ല.  എന്നാൽ അതിലെ കാര്യങ്ങൾ കഥകൾ പോലെ കേൾക്കാനും വായിക്കാനും ഇഷ്ടമാണ്.   ജാതിമതഭേദമെന്യേ എല്ലാ മതഗ്രന്ഥങ്ങളിലും ഒരേ കാര്യം തന്നെയാണ് പറഞ്ഞിട്ടുള്ളതെന്നും മനുഷ്യൻ കാണിക്കുന്ന തരംതിരിവ് ബുദ്ധിശൂന്യതയാണെന്നുമാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. നല്ലതിന് വേണ്ടി നമ്മുടെ ആചാര്യന്മാർ എഴുതിവച്ച പുസ്തകങ്ങൾ പരസ്പരം വൈരം തീർക്കാൻ പലയിടത്തും ഉപയോഗിക്കപ്പെടുമ്പോൾ വിഷമം തോന്നും.  സത്യത്തിൽ,  ഒരുപാട് പഠനങ്ങൾക്കുള്ള സാദ്ധ്യത അവശേഷിപ്പിച്ചാണ് നമ്മുടെ ഗ്രന്ഥകാരന്മാർ ബുദ്ധിപൂർവ്വം എഴുതി നിർത്തിയിരിക്കുന്നത്.  എത്രയോ വീക്ഷണകോണിലൂടെ  ഒരു തുടർപഠനം ഓരോ ഗ്രന്ഥങ്ങളും നമുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്!  വേദഗ്രന്ഥങ്ങളിലെ   കഥകളോടൊപ്പം അതിന്റെ രാഷ്ട്രീയവും കൂടി ചിന്തിയ്ക്കുന്നതാണ് എനിയ്ക്കിഷ്ടം.  ആത്മീയതയിലെ ശാസ്ത്രം അന്വേഷിക്കാന്‍ ആണ് എനിയ്ക്ക് കൂടുതല്‍ ഇഷ്ടം തോന്നുക.  എന്നെ സംബന്ധിച്ചിടത്തോളം  ആ അന്വേഷണത്തിന്റെ അനുഭൂതി അനുപമമാണ്.  

ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങളും  ബിംബങ്ങളും കാണാൻ വലിയ ഇഷ്ടമാണ്. എന്നാൽ  അതിന്റെ കലാഭംഗിക്ക് മുന്നിലാണ് ഞാൻ നിന്നുപോവുക. അതുപോലെ ഭക്തിഗാനങ്ങളിലെ ഭക്തിയല്ല, അതിലെ സംഗീതമാണ് എന്നെയെന്നും പിടിച്ചുനിർത്തുക. സംഗീതം ഇഷ്ടമായില്ലെങ്കിൽ എത്ര വലിയ ഭക്തിഗാനമായാലും ശരി,  എന്റെ പ്രിയപ്പെട്ടവയിൽ നിന്നും അവ ഒഴിവാകും.  അതുപോലെ കാണിപ്പെട്ടിയിൽ  പണം നിക്ഷേപിക്കുന്നത് ഒരു അത്യാവശ്യമായി എനിക്ക് തോന്നിയിട്ടില്ല.  അതിലേറെ ദൈവികമായി എനിക്ക് തോന്നിയിട്ടുള്ളത് ദീനത അനുഭവിക്കുന്നവരെ സഹായിക്കുന്നതാണ്.  പണ്ട് ഞാനോർക്കുന്നു, അന്നൊക്കെ ആരാധനാലയങ്ങളുടെ  പരിസരത്ത് ഭിക്ഷക്കാർ നിരന്നിരിക്കുന്നുണ്ടാവും.  കാണിപ്പെട്ടിയിൽ ഇടാൻ കയ്യിൽത്തരുന്ന പൈസ ഭിക്ഷക്കാർക്ക് വീതം വച്ചിട്ട് വെറുംകൈയ്യോടെ നടയിൽ പോയി നിൽക്കും.  

സത്യത്തിൽ,  ഭക്തിയേക്കാള്‍ ഉപരി എന്നെ ദൈവത്തോടുപ്പിയ്ക്കുന്നത്  കഥകളിലൂടെയും മിത്തുകളിലൂടെയും അവര്‍ ഉണ്ടാക്കിയെടുക്കുന്ന വ്യക്തിത്വമാണ്.
ഞാന്‍ വളര്‍ന്ന എന്റെ വീടിന്റെ തൊട്ടുമുന്നില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട് .  അതുകൊണ്ടാവാം സണ്‍ഡേ സ്കൂളും പള്ളിപ്പെരുന്നാളും ക്രിസ്മസ് കരോളും ഒക്കെ ജീവിതത്തോട് ഏറെ ചേര്‍ന്നുനിന്നു.  ക്ഷേത്രം വീട്ടില്‍ നിന്നും വളരെ ദൂരെയായിരുന്നു.  പള്ളി തൊട്ടുമുന്നിലും.  അതുകൊണ്ട് ഹിന്ദു ഭക്തിഗാനങ്ങളെക്കാള്‍   കൂടുതല്‍ കേട്ടതും പാടിനടന്നതും ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആണ്. 
പള്ളിയിൽപ്പോയി മുട്ടുകുത്തി നിന്നിട്ടുണ്ട്.  മറ്റൊന്നുമല്ല.  യേശുക്രിസ്തുവിന്റേയും കന്യാമറിയത്തിന്റെയും   മുഖത്തെ  കാരുണ്യവും ആര്‍ദ്രതയും ശാന്തതയും  എന്റെ മനസ്സിലെയ്ക്കും പകര്‍ന്നു കിട്ടുന്നു. നല്ലൊരു അനുഭവമാണത്.  

തിരക്കുള്ള ക്ഷേത്രങ്ങളിൽ പോകാൻ വലിയ മടിയാണ്. നാട്ടുമ്പുറങ്ങളിൽ യാതൊരു തിരക്കുമില്ലാതെ ഒറ്റതിരിഞ്ഞു നിൽക്കുന്ന, ചുറ്റും നിറയെ പച്ചപ്പുള്ള ചില ക്ഷേത്രങ്ങളുണ്ട്. അവിടെപ്പോയി നിൽക്കുന്നത് വല്ലാത്തൊരു അനുഭൂതിയാവാറുണ്ട്.  ആ അന്തരീക്ഷം ഉള്ളിൽ ഒരുപാട് പോസിറ്റിവ് എനർജി നിറയ്ക്കും. അതുപോലെ എല്ലാ മതക്കാർക്കും പ്രവേശനമുള്ള ആരാധനാലയങ്ങളിലെ  സമത്വത്തെയും  ഞാനേറെ സ്നേഹിക്കുന്നു. 

അച്ഛൻ എപ്പോഴും  പറയുമായിരുന്നു, ദൈവങ്ങളെ ശ്രീകോവിലിന്റെ ഉള്ളിൽ പൂട്ടിയിടാതെ തുറന്ന് വിടാൻ. അതേ  വഴിയാണ് എന്റെയും യാത്ര.  അതിനർത്ഥം ദൈവനിന്ദ എന്നല്ല.  സർവ്വ ചരാചരങ്ങളിലുമാണ് ദൈവം എന്നാണ്.  പ്രകൃതിയിൽ, മനുഷ്യരിൽ, ജീവനില്ലാത്ത വസ്തുക്കളിൽ ഒക്കെ ദൈവമുണ്ട്. അഥവാ ഇവയിലൊക്കെ ഞാൻ കണ്ട പ്രത്യേകതകളോ സ്നേഹമോ ഒക്കെയാണ് എനിയ്ക്ക് ദൈവം.  അങ്ങനെ നോക്കുമ്പോൾ, നടന്നുതീർത്ത വഴികളിൽ ഞാനെത്രയോ തവണ ദൈവത്തെ കണ്ടു! ഒരിയ്ക്കൽ, ഗർഭിണിയായിരുന്ന സമയത്ത്  ഒരു ബസ്സിൽ സഞ്ചരിയ്ക്കേണ്ട അവസരം വന്നു. അന്ന്,  ആ ട്രാസ്‌ൻപോർട്ട്  റൂട്ടിൽ അതുവരെ പതിവില്ലാത്ത വിധത്തിൽ ഒരു പ്രൈവറ്റ് ബസ് വന്നുനിർത്തി. എന്നോടൊപ്പം ഒരു ബന്ധു സ്ത്രീയും ഉണ്ട്. മുൻവാതിലിൽക്കൂടി  കയറാൻ ശ്രമിച്ചു ഞാൻ.  എന്റെ കഷ്ടപ്പാട് കണ്ട ഡ്രൈവർ ബസ്സിന്റെ എൻജിൻ വരെ ഓഫ് ചെയ്തിട്ട് ഞാൻ കയറുന്നത് വളരെ അനുതാപത്തോടെ നോക്കി. കയറിക്കഴിഞ്ഞ് സുരക്ഷിതമായി ഒരു ഇരിപ്പിടത്തിൽ ഇരിയ്ക്കുന്നതുവരെ അദ്ദേഹം ക്ഷമയോടെ കാത്തു. ഇരുന്നുകഴിഞ്ഞപ്പോൾ , "പിടിച്ചിരിക്ക് മോളെ" എന്നൊരു പറച്ചിലും.  അത്രയുമായപ്പോഴേക്കും   എന്തുകൊണ്ടോ എന്റെ കണ്ണ് നനഞ്ഞു. ഞാൻ അദ്ദേഹത്തിൻറെ മുഖത്തേക്ക് നോക്കിയതേയില്ല. കാറ്റടിയ്ക്കുന്ന വശത്തേക് നോക്കിയിരുന്ന് എന്റെ കണ്ണിലെ നനവ് ഉണക്കിക്കളഞ്ഞു.  അന്ന് എന്റെ അച്ഛന്റെ പ്രായം തോന്നിച്ച ആ ആളെ എനിയ്ക്കറിയില്ല. പിന്നീടൊരിയ്ക്കലും ഞാൻ കണ്ടിട്ടുമില്ല. പക്ഷേ  അത് ദൈവമായിരുന്നു എന്ന് ഞാൻ പറയും.  അതാണ് എനിക്ക് ദൈവം. ആ ദൈവത്തെ ഒന്നുകൂടി കാണാനും ഒന്ന് തൊഴുവാനും ഇനിയൊരു ജന്മം കൂടി കിട്ടിയെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു.  പിന്നീട് എത്രയോ വട്ടം ഞാനാ മനുഷ്യനെ  സ്നേഹത്തോടെ ഓർത്ത് പറഞ്ഞിട്ടുണ്ട്! ഇന്നും ഓർക്കുന്നു. അതാണെനിയ്ക്ക് പ്രാർത്ഥന. 

കോളേജുകാലത്ത് ചുട്ടുപൊള്ളി പനിയ്ക്കുന്ന ശരീരവുമായി കോളേജിൽ നിന്നും തിരികെ കേറിയ തിരക്കുള്ള ബസ്സിൽ കമ്പിയിൽ തൂങ്ങിപ്പിടിച്ചുനിന്ന ഞാൻ താൾ കറങ്ങി കണ്ണിൽ ഇരുട്ട് കേറുന്നതും എന്റെ പുസ്തകങ്ങൾ വീണുപോകുന്നതും അറിഞ്ഞു. കണ്ണ് തുറന്നപ്പോൾ സീറ്റിൽ ഇരിക്കുന്നു. ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നു. അതിനിടയിൽ ഒരാൾ എന്റെ പുസ്തകം നീട്ടി. അതാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. താഴെവീണ പുസ്തകം പെറുക്കി കരുതലോടെ കാത്ത  അയാളും  എനിക്ക് ദൈവമാണ്.  ആരെങ്കിലും എഴുന്നേറ്റ് എനിക്ക് സീറ്റ് തന്നിട്ടുണ്ടാവാം. ആരെങ്കിലും എന്നെ താങ്ങിപ്പിടിച്ച്  ഇരുത്തിയിട്ടുണ്ടാവാം. ആരെങ്കിലും എന്റെ മുഖത്ത് വെള്ളം തളിച്ചിച്ചിട്ടുണ്ടാവാം.  ആരെങ്കിലും എനിയ്ക്ക് കുടിയ്ക്കാൻ വെള്ളം നീട്ടിയിട്ടുണ്ടാവാം. അതൊന്നും ഞാൻ കണ്ടില്ല. പക്ഷേ  അതെല്ലാം ദൈവത്തിന്റെ കൈകളാണെന്നെനിക്കുറപ്പാണ്.  

അമ്മയുടെ ഒരു അനുഭവസാക്ഷ്യമുണ്ട്. എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ ഉണ്ടായൊരു വാഹനാപകടം.  അമ്മയുടെ സ്ഥിതി ഗുരുതരമാണെന്നും ഞാൻ മരിച്ചുപോയെന്നും ശ്രുതി പരന്നു.  അന്നെന്നെ വാരിക്കൂട്ടിയെടുത്ത് ആശുപത്രയിലെത്തിച്ച ഒരു ടാക്സി ഡ്രൈവറുണ്ട്. അദ്ദേഹം ആരാണെന്ന് ആർക്കുമറിയില്ല. അന്നത്തെക്കാലത്ത് ഒരു മുഴുവൻസമയ കമ്മ്യൂണിസ്റ്റ് പ്രവർത്തകന്റെ കുടുംബം അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം, ഒറ്റപ്പെടൽ, അവഗണന തുടങ്ങിയ എല്ലാ അവസ്ഥകളും ഉണ്ട്. ഏതോ സ്ഥലത്ത് അപകടത്തിൽപ്പെട്ട അമ്മയേയും  എന്നെയും സ്വന്തം ടാക്സിയിൽ ആശുപത്രിയിൽ  കൊണ്ടുപോയി എല്ലാ ചിലവും വഹിച്ച ആ ആൾക്ക്, അതിന്റെ പ്രതിഫലമായി അമ്മയുടെ കയ്യിലുണ്ടായിരുന്ന അല്പം മുഷിഞ്ഞ നോട്ടുകൾ  നന്ദിയോടെ പെറുക്കിക്കൊടുത്തപ്പോൾ അദ്ദേഹമത് സ്നേഹപൂർവ്വം നിരാകരിച്ചു പറഞ്ഞു, "ഒന്നും വേണ്ട". 
ആ മനുഷ്യൻ ദൈവമല്ലെങ്കിൽ പിന്നെയാരാണ് ദൈവം?!

രസകരമായ മറ്റൊന്നുകൂടി പറയാം. ഒരു പോസ്റ്റ് അല്ലെങ്കിൽ ഒരു കമന്റ് എഴുതി അത് പോസ്റ്റ് ചെയ്യാൻ തുടങ്ങുമ്പോൾ കാരണമറിയാതെ അപ്രതീക്ഷിതമായി അത് ഡിലീറ്റായിപ്പോകും. വീണ്ടുമത്  ടൈപ് ചെയ്യുന്ന ബുദ്ധിമുട്ട് ഓർത്ത് ആദ്യം  വിഷമം തോന്നുമെങ്കിലും ഒന്നുകൂടി ആലോചിയ്ക്കുമ്പോൾ ഞാൻ നെഞ്ചത്ത് കൈ വച്ച് പറഞ്ഞുപോകും, ദൈവമേ! അത് നന്നായി! കാരണം അതൊരു അനാവശ്യ കമന്റോ പോസ്റ്റോ ആണെന്നെനിക്ക് തോന്നും.  അത്രയും സമയം കൊണ്ട് അത് പോസ്റ്റ് ചെയ്യേണ്ട എന്ന് ഞാൻ തീരുമാനിക്കുകയും ചെയ്യും.  ആ സമയത്ത് വന്ന ആ ടെക്നിക്കൽ എറർ പോലും എനിക്ക് ദൈവമാണ്. 

അങ്ങനെയങ്ങനെ എണ്ണിയെണ്ണി പറഞ്ഞാല്‍  എത്രമാത്രം നന്മ നിറഞ്ഞതും വിശുദ്ധവും യുക്തിനിഷ്ഠവുമായ അനുഭവങ്ങളിലൂടെയാണ്‌  ജീവിതം കടന്നുപോന്നത്! 

നിരീശ്വരവാദം എന്റെ ലക്ഷ്യമല്ല.  സർവ്വ ചരാചരങ്ങളിലും, നമ്മളിൽത്തന്നെയുമാണ് ദൈവമെന്നാണ് ഞാൻ   പറയാൻ ശ്രമിക്കുന്നത്. യുക്തിഭദ്രമായ വിശ്വാസത്തെക്കുറിച്ചാണ്  പറയുന്നത്.  കർമ്മമാണ് പ്രാർത്ഥനയെന്നാണ്‌.  

ലാഫിങ് ബുദ്ധ എന്ന വിളിക്കപ്പെടുന്ന ബുദ്ധസന്യാസി എന്തുകൊണ്ടാണ് ചിരിച്ചതെന്ന് അദ്ദേഹം തന്നെ പറയുന്നതായൊരു കഥയുണ്ട്.  ലാഫിങ് ബുദ്ധയെ ഒരുപക്ഷെ കൊച്ചു കുട്ടികൾക്ക് പോലുമറിയാം.  എന്നാൽ അദ്ദേഹം എന്തുകൊണ്ട് ചിരിച്ചു എന്ന് കുട്ടികൾക്ക് പലർക്കും ചിലപ്പോൾ അറിവുണ്ടാവില്ല.  ഒരുദിവസം രാവിലെ പെട്ടെന്ന് അപ്രതീക്ഷിതമായി അദ്ദേഹം ചിരിക്കാൻ തുടങ്ങിയെന്നും  അതുകണ്ട്  പകച്ച  ശിഷ്യന്മാർ, എന്തുകൊണ്ടാണ് അങ്ങ്  ഇങ്ങനെ നിർത്താതെ ചിരിക്കുന്നതെന്നും ചോദിച്ചതായിട്ടാണ് പറയപ്പെടുന്നത്.  അദ്ദേഹം പറഞ്ഞുവത്രേ,  ദൈവത്തെ തിരഞ്ഞു നടക്കുന്നവർ എന്തൊരു വിഡ്ഢികളാണ്! നമ്മിൽത്തന്നെയുള്ളതിനെ അന്വേഷിച്ച്  നമ്മൾ പുറത്തലയുന്നത് എത്രയോ പരിഹാസ്യമാണ്! അതോർത്തിട്ട് എനിക്ക് ചിരി അടക്കാനാവുന്നില്ല...    അദ്ദേഹത്തിന് ലോകത്തോട് പറയാനുണ്ടായിരുന്നതും ഇതുതന്നെയായിരുന്നു.  ചിരിയായിരുന്നു അദ്ദേഹത്തിൻറെ ഏറ്റവും വലിയ സന്ദേശവും. 

ശ്രീനാരായണഗുരു കണ്ണാടിപ്രതിഷ്ഠ നടത്തിയതിലും ഇതേ സന്ദേശമായിരുന്നു. ശബരിമലയും പറയുന്നു അതുതന്നെ. അപ്പോൾ ദൈവങ്ങൾ അല്ലെങ്കിൽ ഗുരുക്കന്മാർ പറഞ്ഞത് ഇതുതന്നെയാണ്. തത്വമസി !  

 

2018, ജൂലൈ 14, ശനിയാഴ്‌ച

അന്നും ഇന്നും. (നുറുങ്ങുകഥ )

13 അഭിപ്രായ(ങ്ങള്‍)
അന്ന് നീയെന്നോട് ചോദിച്ചു , നമ്മുടെയിടയിലുള്ള സ്നേഹത്തിന്റെ അളവെത്രയാണ് എന്ന്.   എന്റെ കണ്ണ്‍ നിറഞ്ഞു അത് കേട്ടപ്പോള്‍.  കാരണം,  അത് അളക്കാന്‍ എനിയ്ക്കറിയുമായിരുന്നില്ല.  എന്നാല്‍ ഇന്നെനിയ്ക്കറിയാം.. അന്ന് നീയത്  അളന്നു കാണിച്ചതുമുതല്‍.

ഒരു കുറിഞ്ഞിപ്പൂച്ചയായി  നിന്റെ കാല്‍പ്പാദങ്ങളില്‍ മുഖമുരുമ്മി ഇരിയ്ക്കാനും ,  നീയുറങ്ങുമ്പോള്‍ നീയറിയാതെ നിന്റെ പുതപ്പിനുള്ളില്‍ നുഴഞ്ഞുകയറി  നിന്റെ ചൂട് പറ്റി  ശാന്തമായുറങ്ങാനും  ഞാന്‍ കൊതിച്ചിരുന്നു.  എന്നാല്‍ ഇന്നെനിയ്ക്ക്  ആ മോഹമില്ല.  അന്നങ്ങനെ അളന്നു കാണിച്ച് നമ്മുടെ സ്നേഹത്തെ നീ അനാദരിച്ചതുമുതല്‍ .

ഓരോ തവണ  നിന്റെ മുന്നില്‍ തോല്‍ക്കുമ്പോഴും  ഞാനൊരു വേശ്യയല്ല  എന്ന് എന്റെ മനസ്സ് ആര്‍ത്ത് നിലവിളിച്ചുകൊണ്ടിരുന്നു.  നീയത് കേട്ടില്ല.  നിനക്കതിനു മനസ്സുണ്ടായിരുന്നില്ല. 

നിന്നോടെനിക്കിപ്പോള്‍  സഹതാപം മാത്രമാണ്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത , കാല്‍ക്കാശിന് വിലയില്ലാത്ത  വെറും  സഹതാപം.

നീ നഷ്ടപ്പെടുത്തിയത് എന്നിലെ എന്നെയാണ്. എന്റെ സ്വത്വത്തെയാണ്.  നഷ്ടം നിനക്കാണ്... നിനക്ക്  മാത്രം...  

2018, ജൂലൈ 11, ബുധനാഴ്‌ച

വൈകാരികതയുടെ ജനല്‍നോട്ടങ്ങള്‍.

19 അഭിപ്രായ(ങ്ങള്‍)
എന്റെ ജനാലകള്‍ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ടാവും .  കുറെ മരക്കഷണങ്ങള്‍ കൂട്ടിവച്ച ചതുരക്കളങ്ങള്‍ മാത്രമായിരുന്നില്ല  എനിയ്ക്ക് ജനാലകള്‍.  എന്റെ ജീവിതത്തില്‍ ഒരുപാട് ദൗത്യം നിര്‍വ്വഹിച്ചു അവര്‍. 

കാറ്റിന്റെ ഒരു ചെറുമര്‍മ്മരം കൊണ്ട്  തഴുകിയും  ദിവാസ്വപ്നങ്ങളുടെ അതിവൈകാരികതകളിലേയ്ക്ക് ക്ഷണിച്ചും  ജനാലകള്‍ എന്നെ പ്രണയിച്ചു. ഞാന്‍ അവരേയും.

കൗമാരസ്വപ്നങ്ങളിലും ജനാലകള്‍ കണ്ണായി.  ഒരു കുട്ടിയിഷ്ടത്തിലേക്കുള്ള കണ്ണ്‍.  പാട്ട് പാടി ഇറങ്ങിവന്നപ്പോള്‍  സ്റ്റേജിന്റെ  അരികില്‍ നിന്ന് ,   "പാട്ട് നന്നായീട്ടോ "   എന്ന് പതിയെ പറഞ്ഞ  പാട്ടുകാരനായ കൂട്ടുകാരനെ കടക്കണ്ണ്‍ എറിഞ്ഞ് പുഞ്ചിരിച്ച് നീങ്ങുമ്പോള്‍  ജനാല ഒരു  പ്രതീക്ഷയായിരുന്നു...  നിരത്തിലൂടെ  നടന്നു നീങ്ങിയ  കൂട്ടുകാരനെ നോക്കി  മിഴികള്‍ ചിമ്മിപ്പിടഞ്ഞത് ചുവന്ന വിരിയിട്ട ജനാലകള്‍ക്കിപ്പുറം  മറഞ്ഞുനിന്നപ്പോഴായിരുന്നു.  പങ്കയുടെ  കാറ്റില്‍ ഉലയുന്ന  ചുവന്ന വിരികളെപ്പോലും  സ്നേഹിച്ചുപോയ നിമിഷങ്ങള്‍.  

 നൃത്തച്ചുവടുകൾ നോക്കി  പുഞ്ചിരിച്ച  കൂട്ടുകാരൻ വീണ്ടും ജനലിഷ്ടത്തിലേയ്ക് വന്നു.  ആദ്യത്തെ കവിത പിറന്നതും ഒരു ജനൽനോട്ടത്തിലായിരുന്നു.  ജനലിലൂടെ ഒളിഞ്ഞുനോക്കി കണ്ണിറുക്കിയ നക്ഷത്രങ്ങളെ നോക്കി പതിമൂന്നുവയസ്സുകാരിയുടെ ആദ്യ കവിത.  

നിഷ്ക്കളങ്കതയുടെ  അക്ഷരങ്ങൾ പെറുക്കി നിരത്തിയ ആ വരികളിൽ കവിതയുണ്ടായിരുന്നോ എന്നെനിയ്ക് അറിയില്ല.  പക്ഷെ അതിനൊരു താളമുണ്ടായിരുന്നു.  'മാനത്ത് നോക്കീ ഞാൻ കണ്ടൂ നക്ഷത്രങ്ങൾ //  വീക്ഷിക്കുന്നുണ്ടെന്നെ സൂക്ഷ്മമായി // '    എന്നെഴുതിയ  അവളുടെ കണ്ണുകളിൽ  കൂടെപ്പാടുന്ന  കുട്ടിപ്പാട്ടുകാരനോടുള്ള  കുട്ടിയിഷ്ടം  മങ്ങിക്കത്തുന്നൊരു മൺചിരാത്  പോലെ തെളിഞ്ഞിരുന്നു..  ഇഷ്ടം !  എത്ര മനോഹരമാണ് ആ പദം  !!  അല്ലെ ?  സ്നേഹം , പ്രണയം എന്നൊക്കെ പറയുന്നതിനേക്കാൾ എത്രയോ ആർദ്രവും സൗമ്യവുമാണ്  'ഇഷ്ടം '   എന്ന വാക്ക്  !  ഞാൻ ചിലപ്പോഴൊക്കെ സ്വയം ഇങ്ങനെ പറഞ്ഞുനോക്കും..  ഇഷ്ടം.. ഇഷ്ടമാണ്.. എനിയ്ക്കിഷ്ടമാണ് നിന്നെ.. 

യൗവ്വനത്തിന്റെ കടന്നുവരവില്‍ ജനാലകളുടെ കുട്ടിക്കളി മാറി.  മഴയുള്ള രാത്രിയില്‍ തുറന്നിട്ട ജനാലയിലൂടെ വഴിവിളക്കിന്റെ പ്രകാശത്തില്‍ മരങ്ങളില്‍ പെയ്തിറങ്ങുന്ന മഴ കണ്ട് ഉള്ളം കുളിര്‍ത്തു.  മഴയുടെ ശബ്ദം  കേട്ടുറങ്ങാന്‍ ജനാലകള്‍ പാതി തുറന്നിട്ടു. ആ  താളവും തണുപ്പും പുതപ്പിനുള്ളിൽ കിടന്ന് കൊതി തീരെ അനുഭവിച്ചു.

ചിലപ്പോഴൊക്കെ രാത്രിയുടെ നിശ്ശബ്ദതയിൽ ജനാലകൾ പാതി തുറന്ന്  മാവിലകൾക്കിടയിലൂടെ കാണുന്ന  ആകാശത്തുണ്ടുകൾക്ക്  ഞാൻ പേരും രൂപവും കൊടുത്തിരുന്നു. 

 മാനം തെളിഞ്ഞ രാത്രിയിലെ നക്ഷത്രസമൃദ്ധിയിലൂടെ  പറന്നു പറന്ന് മനസ്സ് കാവ്യലോകം പൂകിയപ്പോള്‍ തുറന്നിട്ട ജാലകവാതിലിലൂടെ കടന്നുവന്ന മുല്ലപ്പൂഗന്ധം  എന്നിലെ പ്രണയത്തെ തഴുകിയുണര്‍ത്തി .  പ്രണയത്തിന്റെ ഹൃദയാകാശം...

പിന്നീട് നഷ്ടപ്രണയത്തിന്റെ വേദനയില്‍ മുഖം അമര്‍ത്തി നിന്നത്  ജനാലയുടെ തോളിലായിരുന്നു.  കണ്ണുനീരൊഴുക്കാന്‍ അവരൊട്ടു സമ്മതിച്ചതുമില്ല.  എന്റെ കണ്ണില്‍ കിനിഞ്ഞ നനവിനെ ഒപ്പിയെടുക്കാന്‍ അവരെന്നും  കാറ്റിനെ ക്ഷണിച്ചു വരുത്തി.  

കാലം ചിലപ്പോഴൊക്കെ തന്ന അശാന്തിയില്‍ അത്യന്തം മടുപ്പോടെ പുറത്തെ ഇളവെയിലിലേക്ക്  നോക്കിയിരുന്നത് ജനാലയിലൂടെയായിരുന്നു .  അസ്വസ്ഥതയുടെ മുഖം താങ്ങിയ കൈകള്‍ വിശ്രമിച്ചതും ജനല്‍പ്പടിമേലായിരുന്നു .  

ജാലകപ്പഴുതിലൂടെ കാണുന്ന ഒരു തുണ്ട് വെളുപ്പ് ,  എനിയ്ക്ക്  ആകാശത്തിന്റെ കഷണം മാത്രമായിരുന്നില്ല.  അത് ചിന്തകളുടേയും കാഴ്ച്ചപ്പാടുകളുടെയും ആകാശമായിരുന്നു.  പ്രണയത്തിന്റേയും  പ്രണയകലഹത്തിന്റെയും ആകാശമായിരുന്നു.  അക്ഷരങ്ങളുടെ ആകാശമായിരുന്നു. 

ഇന്നെന്റെ  അടുക്കളയിലെ ജനാലക്കാഴ്ച്ചകളില്‍ ചെടികളും മരങ്ങളും തുമ്പികളും ശലഭങ്ങളും നിറയുമ്പോള്‍ ഞാന്‍ ഒരേസമയം അമ്മയും കുട്ടിയുമാകുന്നു .  നിരത്തിലെ വണ്ടികളുടെയും മനുഷ്യരുടേയും ചലനങ്ങള്‍  മനസ്സിനെ എപ്പോഴും കുടഞ്ഞുണര്‍ത്തുന്നു .  ഒരു ചെറുകാറ്റിലുള്ള  ഇലയനക്കം പോലും കവിതകളാകുന്നു..

എന്നാല്‍ ചിലപ്പോഴൊക്കെ മനസ്സ്  അക്ഷരങ്ങളില്ലാത്ത വെള്ളക്കടലാസ് പോലെയായിമാറുന്നു.  ശൂന്യത... നിതാന്തശൂന്യത..  അപ്പോഴും ജാലകപ്പഴുതിലൂടെ മനസ്സ്  പുറത്തേയ്ക്ക്   പറന്നു.  പറന്നകന്ന മനസ്സിന്‍റെ മുറിച്ചിറകില്‍ നിന്നും നോവുകള്‍ ഇറ്റുവീണു .  നിസ്സംഗതയോടെ ഞാനത് നോക്കിനിന്നു.  പിന്നെയാ നിസ്സംഗത  കാവ്യാത്മകമായൊരു  മൗനമായിമാറി.  മൗനം  അക്ഷരങ്ങളെ  ഗര്‍ഭം ധരിച്ചു...  അക്ഷരങ്ങളുടെ ആകാശം... 

അതെ... എന്റെ ജനാലകൾ.. എന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒരുപോലെ പങ്കുചേർന്ന  എന്റെ ജനാലകൾ.. സ്വപ്നങ്ങളുടെയും ഇഷ്ടങ്ങളുടെയും വൈകാരികതയിലേക്ക് എന്നുമെന്നെ ക്ഷണിച്ച എന്റെ ജനാലകൾ.. 

എല്ലാം അവസാനിപ്പിച്ച്  ഞാൻ എന്റെ എഴുത്തുമുറിയൊഴിയുമ്പോള്‍ പുറത്തേയ്ക്ക് പറക്കാൻ ഒരു ജനാല ഞാൻ അടയ്ക്കാതെ ബാക്കി വച്ചിരിയ്ക്കും.  ഉറപ്പ്.




2018, ജൂൺ 24, ഞായറാഴ്‌ച

നിറഞ്ഞ സ്നേഹത്തിന്റെ നേര്യതിന്‍തുമ്പ്.

23 അഭിപ്രായ(ങ്ങള്‍)
ഒരിക്കല്‍ ഒരു സുഹൃത്ത് ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന    രീതിയില്‍ എന്നോട് സംസാരിച്ചപ്പോള്‍ , വളരെ നിശിതമായ ഭാഷയില്‍ ഞാനതിന് മറുപടി കൊടുക്കുകയും ഒരു വര്‍ഷത്തോളം ആ സൗഹൃദത്തില്‍നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. പിറ്റേ വര്‍ഷം ജനുവരി ഒന്നിന് ഞാന്‍ ആ സുഹൃത്തിനെ വിളിച്ച് പുതുവര്‍ഷം ആശംസിച്ചു. അങ്ങനെ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞങ്ങള്‍ അല്‍പനേരം   സംസാരിച്ചു.  പിന്നീട് മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ഞങ്ങള്‍ കുറെ സുഹൃത്തുക്കള്‍ ഒത്തുകൂടെണ്ട ഒരവസരം വന്നു. അന്ന് ഇതേ സുഹൃത്ത് അല്പം അകലം പാലിച്ച് മാറി  നില്‍ക്കുന്നത് കണ്ട് ഞാന്‍ കൈ കാണിച്ചു വിളിച്ചു. ആ വിളി കാത്ത് നിന്നതുപോലെ ചങ്ങാതി അടുത്തേയ്ക്ക് വന്നു.  പിന്നീടൊരു സന്ദര്‍ഭത്തില്‍ ഈ സുഹൃത്ത് എന്നോട് പറഞ്ഞു ,  'അന്ന് എന്റെ മനസ്സില്‍ അല്പം അകല്‍ച്ച ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു.   ശിവ എന്നെ കൈ കാണിച്ച് വിളിച്ചില്ലേ ? അവിടെ തീര്‍ന്നു ആ അകലം. '   എന്ന് !   

സ്നേഹത്തിന്റെ കടലിളകിയ നിമിഷങ്ങള്‍..

ഒരിയ്ക്കല്‍ ഒരു  സുഹൃത്ത് അത്യന്തം  പ്രതിസന്ധികളില്‍ പെട്ട് ഉഴലുന്ന ഒരു സാഹചര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ഇത്രമാത്രം പറഞ്ഞു...  ' ധൈര്യമായിരിയ്ക്കണം.. എല്ലാവരും കൂടെയുണ്ട്. '

തിരക്കിലായിരുന്ന അദ്ദേഹത്തെ കൂടുതല്‍ ബുദ്ധിമുട്ടിയ്ക്കണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. ഫോണ്‍ കട്ട് ചെയ്തു.  അടുത്ത നിമിഷം തിരികെ കോള്‍ വന്നു. അദ്ദേഹം ഇത്രമാത്രം പറഞ്ഞു...  'ഇപ്പൊ ഈ കോള്‍ എനിയ്ക്ക് അത്യാവശ്യമായിരുന്നു ശിവ..'

സ്നേഹത്തിന്റെ കടലിരമ്പം...

ഒരിയ്ക്കല്‍ ഒരു സുഹൃത്തിന്റെ മകള്‍ സുഖമില്ലാതെ കിടന്നപ്പോള്‍ അവളെ കാണുവാന്‍ പോയി ഞാന്‍. സുഹൃത്തിന്റെ ഭാര്യയുമായിട്ടാണ് എനിയ്ക്ക് കൂടുതല്‍ കൂട്ട്. അതെപ്പോഴും അങ്ങനെയാണ്. പുരുഷസുഹൃത്തുക്കളുടെ ഭാര്യമാരോട്  നല്ലൊരു ബന്ധം സൂക്ഷിയ്ക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ഞാന്‍ ആ സുഹൃത്തുമായി സൗഹൃദം തുടരുകയുള്ളൂ.  എന്റെ എല്ലാ പുരുഷസുഹൃത്തുക്കളുടെയും ഭാര്യമാരുമായി വളരെ അടുപ്പമാണ് എനിയ്ക്ക്. ഒരുപക്ഷെ ചങ്ങാതിയെക്കാള്‍ കൂട്ടാകും അവരുടെ ഭാര്യമാരുമായി.  അല്‍പനേരം അവിടെ ചിലവഴിച്ചു.  ഭക്ഷണം കഴിച്ചു.  ഭക്ഷണം കഴിഞ്ഞു കൈ കഴുകി , അവിടെയിട്ടിരുന്ന ടൌവ്വലില്‍ തുടയ്ക്കാതെ  സുഹൃത്തിന്റെ ഭാര്യയുടെ ഷോളിന്റെ തുമ്പില്‍ കൈ തുടച്ചു. 

എന്റെ സ്വഭാവം അറിയാവുന്ന സുഹൃത്ത് ചിരിച്ചു മറിഞ്ഞു ചോദിച്ചു ,  ശിവ എന്താ ടൌവല്‍ യൂസ് ചെയ്യാതിരുന്നത് '   എന്ന്.   ഞാന്‍ പറഞ്ഞു   ' അതറിയില്ലേ ? സാരിയുടെയും ഷാളിന്റെയുമൊക്കെ തുമ്പില്‍ സ്നേഹം സൂക്ഷിച്ചിട്ടുണ്ട് , അത് ടൌവലില്‍ ഉണ്ടാവില്ല '   എന്ന്.   സുഹൃത്തിന് പിന്നെയും ചിരിയടക്കാനായില്ല.  അദ്ദേഹം പറഞ്ഞു,   'അതിനു അതവള്‍ക്ക് മനസ്സിലായാലല്ലേ ഉള്ളൂ ? അവളിപ്പോ കരുതിക്കാണും  ,  ശിവ ഏത് പട്ടിക്കാട്ടില്‍ നിന്നാണോ വരുന്നേ , ടൌവല്‍ ഇട്ടിട്ടു അതില്‍ തുടയ്ക്കാതെ എന്റെ ഷാള്‍ മുഴുവന്‍ തുടച്ചു വൃത്തികേടാക്കി  എന്ന്'  .

സുഹൃത്തിന്റെ ഭാര്യ എന്നെ ചേര്‍ത്തു പിടിച്ചു ഭര്‍ത്താവിനെ ശകാരിച്ചു.  'പിന്നെ.. ചുമ്മാ ഓരോന്ന് ഓരോന്ന് പറഞ്ഞോളും. ഞാന്‍ എന്റെ വീട്ടില്‍ ചെന്നാല്‍ എന്റെ അമ്മേടെ സാരീടെ തുമ്പിലല്ലാതെ മുഖം തുടയ്ക്കുകയെ ഇല്ല '   എന്ന്..

സ്നേഹത്തിന്‍റെ തിരയിളക്കങ്ങള്‍...

അതങ്ങനെയാണ് .  സ്നേഹം അറിയാനും പറയാനും ഒരുപാട് കാലമൊന്നും വേണ്ട.  ഒരുപാട് കാലം ശ്രമിച്ചാലും അത് സാധിയ്ക്കണമെന്നുമില്ല.  ഒരു വാക്കില്‍ ...  ഒരു നോക്കില്‍ പറയാതെ പറയാം സ്നേഹം..  അത് തിരിച്ചറിയാനുള്ള മനസ്സുണ്ടാകണം എന്നുമാത്രം. അതാണ്‌ ഞാനെഴുതിവച്ചത് ഇങ്ങനെ..

നിനക്ക് കൈ  കഴുകിത്തുടയ്ക്കാനൊരു 
നിറഞ്ഞ സ്നേഹത്തിന്‍റെ നേര്യതിന്‍ 
തുമ്പ് മാത്രം കരുതി ഞാന്‍...

സ്നേഹം പറയാന്‍ ഇതിനപ്പുറം എനിയ്ക്കൊരു ഭാഷയില്ല. കരുതിവയ്ക്കാന്‍ ഇതിനപ്പുറം ഒരു സമ്മാനവുമില്ല..

2018, ജൂൺ 17, ഞായറാഴ്‌ച

അച്ഛനെന്റെ മനസ്സിലെഴുതിയത്...

12 അഭിപ്രായ(ങ്ങള്‍)
അച്ഛൻ എൻ്റെ  മനസ്സിലെഴുതിയത് ..
--------------------------------------------------------

അച്ഛൻ  എന്ന പദത്തിന്റെ  പരമ്പരാഗത നിർവ്വചനത്തിനപ്പുറം ,  മനുഷ്യൻ  എന്ന  മഹാസത്യത്തിൽ  എന്നും  നിലകൊണ്ട  അച്ഛനെ ,  ചിന്നിച്ചിതറിപ്പോയ  വാക്കുകൾ  പെറുക്കിയടുക്കി  തൊട്ടു തഴുകുകയാണെന്റെ  മനസ്സ്..

എന്റെ  മനസ്സിലൂടെ  അദ്ദേഹം  യാത്ര  ചെയ്യുമ്പോൾ ,  അച്ഛനെന്ന  വിശിഷ്ടാതിഥിയെ ,  വാതിലിന്റെ മറവിൽ നിന്ന്  നാണത്തോടെ ഒളിഞ്ഞുനോക്കുന്ന  ഞാനെന്ന  കുട്ടിയുടുപ്പ്കാരി  മുതൽ ,  അയല്പക്കങ്ങളിലെ  പാവപ്പെട്ട  കുട്ടികളെ വിളിച്ചൊപ്പമിരുത്തി  ഭക്ഷണം  പങ്കുവച്ചതും ,  പോലീസിൽ നിന്നും രക്ഷിയ്ക്കാൻ അച്ഛനെ പനമ്പിനുള്ളിൽ  വച്ച്  തെറുത്തുകെട്ടി  വരാന്തയിലെ മൂലയിൽ ചാരിവച്ച കുറുമ്പ  എന്ന വൃദ്ധസ്ത്രീയെ   സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ചതും ,   ഒരുപാട് മിശ്രവിവാഹങ്ങൾ നടത്തിക്കൊടുത്തതും ,  അവർക്ക് അഭയം കൊടുത്തതും ,  കുടുംബത്തേക്കാൾ അധികം  പ്രസ്ഥാനത്തെ  സ്നേഹിച്ചതും ,  അതുകൊണ്ടുതന്നെ  സനാഥയായിരിയ്ക്കേണ്ട  ഒരുപാട് സന്ദർഭങ്ങളിൽ  അനാഥയായിപ്പോയ  ഞങ്ങളുടെ  അമ്മ  , നോവിന്റെ  തീക്കടൽ  എത്രയോ  നീന്തിക്കടന്നതും ,  സ്വന്തം  മക്കളുടെ  ആവശ്യങ്ങൾ  മാറ്റിവച്ച്,   മറ്റുള്ളവരുടെ  ആവശ്യങ്ങൾ  നിറവേറ്റികൊടുക്കുമ്പോൾ  മക്കളുടെ  അപക്വമായ  മനസ്സ്  കുറുമ്പ്  ചിന്തിച്ചതും ,  പിന്നീട്  ചിന്തിച്ചപ്പോൾ  അച്ഛൻ  വലിയൊരു  ശരിയായിരുന്നെന്ന്  തോന്നിയതുമെല്ലാമെല്ലാം  ഓർമ്മകളായി  നുള്ളിയെടുത്ത്  ഇവിടെ  നിരത്തുമ്പോൾ ,  പറഞ്ഞു പറഞ്ഞ്  വക്കും  മൂലയും  പോയി  തേഞ്ഞുരഞ്ഞ്  പോകുന്നുണ്ട്  എന്റെ  വാക്കുകള്‍ ..

ഓർമ്മകളുടെ വഴിയേ തിരിച്ചുനടക്കുമ്പോൾ ,  തീരാത്ത കാര്യങ്ങളുണ്ട്  പറയാൻ... എന്നാൽ  വാക്കുകൾക്ക് പാതിവഴിയിൽ ശക്തിക്ഷയം സംഭവിയ്ക്കുന്നു...  "അച്ഛൻ ഉണ്ടായിരുന്നപ്പോൾ എഴുതിയതുപോലെ ഇപ്പോൾ എഴുതാൻ കഴിയുന്നില്ല "    എന്ന്  എന്റെ സഹോദരൻ പറഞ്ഞതും ഇതുതന്നെയാണ്..  എഴുതാനിരുന്നപ്പോൾ  ഭാഷ പോലും  ഞാൻ മറന്നുപോയിരിയ്ക്കുന്നു....

 പുസ്തകങ്ങളുടെ  മഹാസാഗരം  ചൂണ്ടിക്കാട്ടി ,  വായിച്ചു വളരാൻ  പറഞ്ഞും ,   ചിന്തകളുടെ    ആകാശം ചൂണ്ടിക്കാട്ടി ,  ഉയർന്നു പറക്കാൻ  പറഞ്ഞും ,   അക്ഷരവഴികളും  ചിന്താവഴികളും അച്ഛൻ ഞങ്ങളെ കാണിച്ചുതന്നതാണ്.   എന്നാലിപ്പോൾ  എല്ലാമൊരു  പുകമറ കൊണ്ട്  മൂടിപ്പോയിരിയ്ക്കുന്നു...  ചിതറിത്തെറിച്ചുപോയ  ചിന്തകളിലൂടെ  ഇഴഞ്ഞും  വലിഞ്ഞും  ഞാൻ വീണ്ടും  യാത്രയാവുകയാണ്....


സമരചരിതങ്ങൾ  ഉറക്കുപാട്ടായും   സമരഗീതികൾ  ഉണർത്തുപാട്ടായും  വർത്തിച്ച   വിപ്ലവഗ്രാമത്തിന്റെ  നാട്ടിടവഴികളിലൂടെ  നടക്കുമ്പോൾ ,   അവിടെ  അച്ഛൻ  പതിച്ചുപോയ  കാൽപ്പാടുകളുണ്ട്....  തോട്ടിറമ്പിൽ നിന്നും  കൈതപ്പൂവ്  പറിച്ചുതന്ന  അച്ഛന്റെ  സ്നേഹമുണ്ട്...  എനിയ്ക്ക്  കുഞ്ഞു പ്രായത്തിൽ  ഉണ്ടായൊരു  ബസ്സപകടത്തിൽ , ഞാൻ മരിച്ചുപോയി  എന്നൊരു  ശ്രുതി പരന്നപ്പോൾ  നെഞ്ച് പൊട്ടി  നിലവിളിച്ച  അച്ഛന്റെ വേദനയുണ്ട്...  കോളേജ് തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിയ്ക്കണമെന്ന്  തീരുമാനിച്ച് ,  എന്റെ അറിവും  സമ്മതവുമില്ലാതെ യുവസഖാക്കൾ  നോമിനേഷൻ കൊടുത്തത് ഇഷ്ടമാകാതെ ,  ഞാൻ ആരുടേയും അനുവാദം ചോദിയ്ക്കാതെ നോമിനേഷൻ  കാൻസൽ  ചെയ്തതും,  സഖാക്കൾ അച്ഛനോട് പരാതി  പറഞ്ഞതും,  അച്ഛനെന്നെ ശകാരിയ്ക്കുമെന്നു കരുതി ഞാൻ  ഭയപ്പെട്ടു നിന്നതുമായ  ഓർമ്മകളുണ്ട്....   "അവൾക്കിഷ്ടമല്ലാത്ത  കാര്യത്തിന്  നിർബന്ധിയ്ക്കണ്ട,  മനസ്സോടെ  ചെയ്താലേ അതിന് നല്ല റിസൽറ്റ്  ഉണ്ടാവൂ"     എന്ന് പറഞ്ഞു അച്ഛൻ സഖാക്കളെ മടക്കി അയച്ച്   എന്നെ അതിശയിപ്പിച്ച  ഓർമ്മകളുണ്ട്...

  അമ്മയെന്നെ പഠിപ്പിച്ച   ' എങ്ങനെ  നീ  മറക്കും  കുയിലേ  '  ആണോ  ,  അതോ  അച്ഛൻ  പഠിപ്പിച്ച  ദേശീയഗാനമാണോ  മുന്നിൽ  എന്ന്  ചോദിച്ചാൽ  എനിയ്ക്ക്  മറുപടിയില്ല.  മലയാളം  വാക്കുകൾ  സ്ഫുടമായി പറയാതിരുന്നതിന്,  പുളിയുടെ  വടിയൊടിച്ച്  അമ്മയെന്നെ അടിച്ചതാണോ  അതോ  തർക്കുത്തരം   പറഞ്ഞതിന്,   ഒരു  കുഞ്ഞു  വാഴവള്ളിയെടുത്ത്  അച്ഛൻ  അടിച്ചതാണോ  കൂടുതൽ  വേദനിച്ചതെന്നു ചോദിച്ചാലെനിയ്ക്ക്   മറുപടിയുണ്ട്.  അമ്മ  അടിച്ചത്  കാലിൽ  ചുവന്ന് തിണർത്ത്  കിടന്നു.  അച്ഛൻ അടിച്ചത്  ദേഹത്ത്  കൊണ്ടതെയില്ല .  വെറും  വാഴവള്ളിയല്ലേ .  കുട്ടിയുടുപ്പിൽത്തട്ടി   അത്  തെറിച്ചുപോയി.  പക്ഷെ .  എനിയ്ക്ക്   ഒരുപാട്   നൊന്തത്   അച്ഛൻ അടിച്ചതാണ്.  സങ്കടം  വന്നിട്ട്  ഞാനന്നൊരു    കണ്ണീർപ്രളയം  തന്നെ  സൃഷ്ടിച്ചു. ..........         .അച്ഛന്റെ  ആദ്യത്തേയും   അവസാനത്തേയും   അടിയായിരുന്നു  അത്.

നുള്ളിനോവിയ്ക്കാതെ ,   നിബന്ധനകൾ  വയ്ക്കാതെ ,  സമൂഹത്തിന്   നേരെ   കണ്ണാടി പിടിച്ചുതന്ന  അച്ഛൻ ...  ജാതിയ്ക്കും  മതത്തിനും  ,  വലിപ്പച്ചെറുപ്പത്തിനും  അതീതമായി  മനുഷ്യനെ  കാണാൻ   പഠിപ്പിച്ച  അച്ഛൻ ...  അദ്ദേഹം   തന്നത്  ഒരിയ്ക്കലും തകർക്കാനാവാത്ത  സ്വതന്ത്രചിന്തകൾ . 

കലയേയും സാഹിത്യത്തേയും  പ്രോത്സാഹിപ്പിച്ച  അച്ഛന്‍ , വീണുകിട്ടുന്ന  ഇത്തിരി  സമയങ്ങളില്‍ , അക്ഷരവഴിയിലും സംഗീതവഴിയിലുമൊക്കെ  മക്കളേയും പ്രോത്സാഹിപ്പിച്ചു .   കെ.പി.എ.സി  യുടെ നാടകങ്ങള്‍ ഉള്‍പ്പെടെ  അടുത്ത പ്രദേശങ്ങളില്‍   നടന്നിട്ടുള്ള ഒരുവിധം  കലാപരിപാടികള്‍ ഒന്നുംതന്നെ ഞങ്ങള്‍ ആസ്വദിയ്ക്കാതെ പോയിട്ടില്ല.

കുടുബത്തേക്കാൾ , പ്രസ്ഥാനത്തിന്  പ്രാമുഖ്യം  കൊടുത്ത  അച്ഛൻ ,  കുടുംബത്തിന്  വേണ്ടി  സമ്പാദിച്ച  ഏറ്റവും   വലിയ  സ്വത്ത്  പുസ്തകങ്ങൾ  തന്നെയായിരുന്നു. അത്  വിലമതിയ്ക്കാനാവാത്ത സ്വത്താണെന്ന്  ജീവിതമെന്നെ   പഠിപ്പിയ്ക്കുകയും  ചെയ്തു. 

ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്... 

 ഒരു മുഴുവൻസമയ കമ്മ്യൂണിസ്റ്റ്കാരന്റെ  ഭാര്യ  എന്ന   നിലയിൽ  ,  എന്റെ  അമ്മ  അനുഭവിച്ച  ഏകാന്തതയും  വേദനയും  ആ  ഗർഭപാത്രത്തിൽക്കിടന്ന്  ഞാനറിഞ്ഞിരിയ്ക്കാം  .  ആ  നിറവയറിൽ  സ്നേഹത്തോടെ  അമ്മ  സ്വയം  തലോടുമ്പോൾ ,  ഗർഭപാത്രത്തിൽക്കിടന്നു  ആ പരിലാളനത്തിൽ  ലയിയ്ക്കുമ്പൊഴും  ഞാൻ അമ്മയോട്   ചോദിച്ചിരിയ്ക്കാം ,  "  അച്ഛനെന്താണ്   എന്നെ  തഴുകാത്തത്   ?"  എന്ന് .  അപ്പോൾ  അമ്മയിങ്ങനെ  മന്ത്രിച്ചിരിയ്ക്കാം , " അത്  രാജ്യത്തിന്‌  വേണ്ടിയുള്ള ,  സ്വപ്നങ്ങളുടെ  ബലിതർപ്പണം ആണ്  കുഞ്ഞേ "  എന്ന്  .   അഭിമാനമുണ്ടെനിയ്ക്ക്..

കൊടിയ  വേദനയില്‍  നിന്ന്  വിപ്ലവമുണ്ടായപ്പോഴും ,  അതിന്  നടുവിലൊരു  ചോരക്കുഞ്ഞായി  ഞാന്‍  കിടന്നപ്പോഴും ,  ഉണങ്ങിയ  ചോരപ്പാടുകള്‍  കഥകള്‍  പറഞ്ഞപ്പോഴും  ഒഴുകിയിറങ്ങിയ  ചോരത്തുള്ളികള്‍  പുല്ല്  പോലെ  തൂത്തെറിഞ്ഞ്,   ആകാശത്തേയ്ക്ക്  വീശിയെറിഞ്ഞ  കൈകളുമായി  അച്ഛന്‍ നടന്നു നീങ്ങുന്നുണ്ടായിരുന്നു.  ആ സ്നേഹത്തിന്‍റെ  അതീവ ആര്‍ദ്രതയും  വിപ്ലവത്തിന്റെ കൊടുംമുഴക്കവും എന്നും  എനിയ്ക്കും   ധൈര്യമായി ...   

സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പറയുകയല്ല അച്ഛന്‍ ചെയ്തത് ,,  പകരം,  "നീ സ്വതന്ത്രയാകാനാണ് ഞാന്‍ തടവില്‍ കിടന്നത്...നീ ചിരിയ്ക്കാന്‍ വേണ്ടിയാണ്  ഞാന്‍ കരഞ്ഞത്... നിനക്ക് വിശക്കാതിരിയ്ക്കാനാണ് ഞാന്‍ പട്ടിണി കിടന്നത്.. നിനക്ക് തണല്‍ കിട്ടാനാണ്‌ ഞാന്‍ വെയിലില്‍ കരിഞ്ഞത് ..."   എന്ന്,  അച്ഛന്‍ ജീവിച്ചു കാണിയ്ക്കുകയായിരുന്നു...


ക്ഷേത്രത്തിലെ  ഉത്സവത്തിന്  എഴുന്നള്ളിപ്പ് വരുമ്പോഴും , പള്ളിപ്പെരുന്നാളിന്‌  പ്രദക്ഷിണം  വരുമ്പോഴും  അതിലെല്ലാം സഹകരിയ്ക്കുന്ന  അച്ഛനോട്‌,   കമ്മ്യൂണിസ്റ്റ്കാര്‍ക്കെന്താ  അമ്പലത്തിലും  പള്ളിയിലും  കാര്യമെന്ന് തമാശയായി ചോദിച്ച എന്നോട്  അച്ഛന്‍  പറഞ്ഞു,   " അത്  നാട്ടില്‍  നടക്കുന്നൊരു  സാംസ്ക്കാരിക പരിപാടിയാണ് "   എന്ന്.  എന്തിനേയും  കണ്ണടച്ച്  എതിര്‍ക്കുന്നതിനു പകരം  ,  യുക്തിനിഷ്ഠമായി വിശകലനം  ചെയ്യുന്ന  അച്ഛനെ  അന്നും  ഞാന്‍  അതിശയത്തോടെ  നോക്കി.. !

ദൈവത്തെ  ദേവാലയങ്ങളില്‍  പിടിച്ചുകെട്ടാതെ  തുറന്നുവിടാന്‍  പറഞ്ഞ  അച്ഛന്‍ ,   കാണിപ്പെട്ടിയിലിടുന്നതിന്  പകരം  ആ  പൈസ  പാവങ്ങള്‍ക്ക്  കൊടുക്കാനും  പറഞ്ഞു.  വഴിപാടുകള്‍  കഴിയ്ക്കാനോ   കാണിപ്പെട്ടിയിലിടാനോ   ഒരിയ്ക്കലും  അച്ഛന്‍  പൈസ  തന്നില്ല.

സ്നേഹത്തിന്‍റെ  അക്ഷയപാത്രത്തില്‍  നിന്നും  നന്മയുടെ  കമ്മ്യൂണിസം  വിളമ്പിയ  സഖാവ്  ശിവശങ്കരപ്പിള്ളയുടെ  സമരചരിതങ്ങള്‍  പറയാന്‍  ഞാനിനിയും   വളര്‍ന്നിട്ടില്ല.   എന്നാല്‍  എനിയ്ക്കറിയാം..    അച്ഛന്‍  എന്ന  സൂര്യന്‍റെ  പ്രകാശം  കൊണ്ട്  തിളങ്ങിയ  നക്ഷത്രങ്ങളായിരുന്നു  ഞങ്ങളെന്ന്.   ആ  പ്രകാശത്തിന്‍റെ  അഭാവത്തില്‍  ഞങ്ങള്‍   വെറും  ഇരുട്ട്  മാത്രമാണെന്ന്.

മനസ്സിന്റെ  മയില്‍പ്പീലിത്താളുകളില്‍  കോറിയിട്ട  അച്ഛന്‍റെ  ചിത്രം ,  ചുവരിലൊരു  ഛായാചിത്രമാകുന്ന  അവസ്ഥയെക്കുറിച്ച്  ഒരിയ്ക്കലും ഞാൻ ചിന്തിച്ചതേയില്ല...  അവസാനനിമിഷം  വരെ  ചിന്തിച്ചില്ല ..  അച്ഛനെന്നും  പറയുമായിരുന്നു ,  "എനിയ്ക്ക് കിടന്നു മരിയ്ക്കണ്ട, നടന്നു മരിയ്ക്കണം "    എന്ന്.   പ്രായാധിക്യത്തിന്റെ  അസ്വസ്ഥതകൾ  ബാധിച്ചുതുടങ്ങിയപ്പോൾ  , ദൂരയാത്രകൾ  ഒഴിവാക്കണം ,  വിശ്രമിയ്ക്കണം  എന്നൊക്കെ  ഡോക്ടർ  പറഞ്ഞിട്ടും  അച്ഛൻ  കൂട്ടാക്കാതിരുന്നത്  ,  ആ  തീർച്ചയുടെ  മൂർച്ച  കൊണ്ടായിരുന്നു.   അവസാനം...

ആശുപത്രിയിലെ ഐ സി യു വിൽ  ,  ബോധത്തിന്റെയും  അബോധത്തിന്റെയും  അതിർവരമ്പുകളിൽ   കിടന്ന  അച്ഛനെ  ഞാൻ  വേവലാതിയോടെ  തഴുകി...  ഇനിയെത്ര ദിവസം  എനിയ്ക്കെന്റെ  അച്ഛന്റെ  ജീവനുള്ള ശരീരം  ഇങ്ങനെ സ്പർശിയ്ക്കാനാവും  എന്ന്   ഞാൻ  ഭയന്നു .. 

അടുത്തിരുന്ന്  പൊടിയരിക്കഞ്ഞി  അൽപ്പാൽപ്പം  കോരികൊടുക്കുമ്പോൾ ഞാനോർത്തു...   പണ്ട് , നെയ്യ് കൂട്ടി  ഉണ്ണുന്ന ശീലമുണ്ടായിരുന്നു അച്ഛന്.  നെയ്യ്  ചേർത്ത മൂന്ന്  വലിയ  ഉരുളകൾ ഉരുട്ടി ഞങ്ങളുടെ  കൈയ്യിൽ വച്ചുതരുമായിരുന്നു  അച്ഛൻ.   ഓർത്തപ്പോ  മനസ്സ്  വല്ലാതെ  ഈറനായിപ്പോയി..  ദൈവമേ !  എന്റെ അച്ഛൻ  എത്ര  ഉരുള  ഉരുട്ടി തന്നിട്ടുണ്ടാവണം !  ഇപ്പൊ ഞാനത്  തിരിച്ചുകൊടുക്കുന്നു.. കാലമേ ,  നന്ദി ! 

അന്ന്  ഡിസംബർ  പതിനേഴ് .  സന്ധ്യ വരെ  കുഴപ്പമൊന്നുമില്ലായിരുന്നു.  ആശ്വാസം തോന്നി..  എന്നാൽ  രാത്രി   രണ്ടു മണി ... ഞങ്ങളുടെ   അനാഥത്വത്തലേക്കുള്ള    യാത്രയാരംഭിച്ചു..  ഒന്നുമറിയാതെ  കണ്ണടച്ച് കിടക്കുന്നു  ആ   മഹാവിപ്ലവം !


ഞങ്ങൾ  നോക്കി നോക്കി നിന്നു.....
അച്ഛന്റെ ഓരോ നിശ്വാസവും എന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു..
" ഞാൻ വരും...ഒരു കാറ്റായും കടലായും.. നിന്റെ മനസ്സിലെ ചിന്തകളെ ആളിക്കത്തിയ്ക്കാനും അനന്തമാക്കാനും , മകളേ , അച്ഛൻ നിന്നിലേക്ക് വരും.."
നോക്കി നോക്കി നിൽക്കെ ആ ശ്വാസം നേർത്തു വന്നു..... ഒരു ബഹളവുമില്ലാതെ , വളരെ ശാന്തനായി അച്ഛൻ കണ്ണടച്ച് കിടന്നു... ഉറങ്ങി... പിന്നെ ആ ശ്വാസം മെല്ലെ നിന്നു..ഞാൻ ആദ്യം ഒന്ന് പകച്ചു. പിന്നെയൊരു ഭയം...പിന്നെ നിർവികാരത...പിന്നെ തീർത്തും എന്റെ അച്ഛന്റെ മകളായി... തീർത്തും കർമ്മനിരതയായി... അവസാനം വരെ ധൈര്യത്തോടെ  പിടിച്ചുനിന്ന  ഞാൻ ,  അച്ഛന്റെ  മൃതശരീരം  വഹിച്ചുകൊണ്ടുള്ള  ആംബുലൻസ്  പടികടന്നെത്തിയപ്പോൾ , എല്ലാ നിയന്ത്രണവും വിട്ട്  എന്റെ സുഹൃത്തിന്റെ  കൈയ്യിലൊതുങ്ങി  വിങ്ങിപ്പൊട്ടിയപ്പോൾ  ,  അവളെന്നോട്  മന്ത്രിച്ചു..  "കരയാനല്ലല്ലോ  അച്ഛൻ  നിന്നെ പഠിപ്പിച്ചത്.."

പിന്നെ,  മൃത്യു പോലെ  തണുത്തൊരു  ചിരിയുടെ  പുതപ്പെടുത്ത്  തലവഴി  മൂടിപ്പുതച്ച്  അതിനുള്ളിൽ  കിടന്നു കരഞ്ഞു  ഞാൻ.. ആരും  കാണാതെ...
അച്ഛൻ ഒരു ജന്മം മുഴുവൻ ജീവിച്ച പ്രസ്ഥാനം അച്ഛന് കൊടുക്കുന്ന ബഹുമതി കണ്ട് ഞാൻ കരയണോ അഭിമാനിയ്ക്കണോ എന്നറിയാതെ നിന്നു .. അവസാനം ഔദ്യോഗിക ബഹുമതികളോടെ ആ ദേഹം മണ്ണോട് ചേർന്നു. പിന്നെയും ഞാൻ കരയാൻ മറന്നു നിന്നു..

ആത്മാവ് ,  പുനർജ്ജന്മം ഇവയൊക്കെ  ഉള്ളതാണോ  എന്നെനിയ്ക്കറിയില്ല.  എന്നാൽ ,  ഇപ്പോൾ എന്റെ ഓരോ ചുവടുവയ്‌പ്പിലും  എന്റെ അച്ഛന്റെ  ഒരു  നിശബ്ദസാന്നിദ്ധ്യം  ഞാൻ  അനുഭവിയ്ക്കുന്നു ... സ്നേഹിച്ചു മതിയാവാതെ  അച്ഛനും  വല്ലാതെ  നോവുന്നുണ്ടാവാം...



2018, ജൂൺ 1, വെള്ളിയാഴ്‌ച

കഥയില്ലാത്ത കഥ !

13 അഭിപ്രായ(ങ്ങള്‍)
ആദ്യമൊരു നടുക്കം... പിന്നെയൊരു പകപ്പ് .. പിന്നെ അതിശയം .. പിന്നെയൊരു നേര്‍ത്ത പുഞ്ചിരി .. പിന്നെയത്  പൊട്ടിച്ചിരിയായി.. പിന്നെയത് അട്ടഹാസമായി.. !

ഡോക്ടര്‍  പറഞ്ഞു  , അയാളുടെ ചിത്രം മാലയിട്ടു വയ്ക്കാന്‍.. അവരത് ചെയ്യുമായിരിയ്ക്കും..  അല്ല,  ചെയ്തു.  അവളത് കണ്ടു .  സൂക്ഷിച്ചു നോക്കി . എല്ലാരും  സന്തോഷിച്ചു.. രക്ഷയായി എന്ന് കരുതി..

പക്ഷെ അവളുടെ മനസ്സ് വീണ്ടും വികൃതി കാണിച്ചു !  അവള്‍ സ്വന്തം ചിത്രം കൂടി മാലയിട്ടു തൂക്കിയിട്ടു.  എന്നിട്ട് അയാളോടൊപ്പം പരലോകത്ത് ജീവിച്ചു.. !!!  അവള്‍ പറഞ്ഞു... നീ മരിച്ചു.. ഞാനും.. നമ്മുടെ പ്രണയവും..

2018, മേയ് 26, ശനിയാഴ്‌ച

നേപാമ് ഗേള്‍ ചിരിയ്ക്കുന്നു ..

20 അഭിപ്രായ(ങ്ങള്‍)
" അന്ന് നിങ്ങളുടെ ദേഹത്ത് ഞാന്‍ വെള്ളമൊഴിച്ചില്ലായിരുന്നെങ്കില്‍ എന്ത് സംഭവിയ്ക്കുമായിരുന്നു ?" 

"ഞാന്‍ കത്തിത്തീരുമായിരുന്നു ..  താങ്കളോ ?  അന്നെന്റെ ദേഹത്ത് വെള്ളമൊഴിച്ചില്ലായിരുന്നെങ്കില്‍ താങ്കള്‍ എന്തുചെയ്യുമായിയൂന്നു ?"

"തീര്‍ച്ചയായും കുറ്റബോധം സഹിയ്ക്കാനാവാതെ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു .."

ഇങ്ങനെ അവര്‍ പരസ്പരം ചോദിച്ചിട്ടുണ്ടാവുമോ?  കിം ഫുക്കും  നിക്ക് ഊട്ട് ഉം ?  അറിയില്ല. പക്ഷെ അവര്‍ ആ ചോദ്യോത്തരങ്ങള്‍ സമൂഹത്തിന് മുന്നില്‍ വയ്ക്കുന്നുണ്ട്  .

കിം ഫുക്ക് ചിരിയ്ക്കുകയാണ്  ! മഴവില്ലണിഞ്ഞത് പോലുള്ള ചിരി !!   ഇന്ന് അവരെ  കാണുമ്പോള്‍ എനിയ്ക്ക് ഒരുപാട് സന്തോഷമുണ്ട്.  പക്ഷേ ലോകമനസ്സാക്ഷിയുടെ മേല്‍ ഒരു വലിയ പൊള്ളലായി അവശേഷിച്ച ഒരു കൊച്ചു പെണ്‍കുട്ടിയുടെ  ആര്‍ത്തലച്ച നിലവിളി മറക്കാന്‍ .... 

ഇല്ല. ഞാനത് കേട്ടില്ല. എന്നാലും ആ ചിത്രം..  കത്തിപ്പുകയുന്ന  ശരീരവുമായി നഗ്നയായി ആര്‍ത്തലച്ച നിലവിളിയുമായി ഓടിവരുന്ന ആ കൊച്ചു പെണ്‍കുട്ടി ഇന്ന് കാണുന്ന ആ  സുന്ദരിയിലെയ്ക്ക് എത്തിയത് ദൈവത്തിന്റെ കൈ പിടിച്ചായിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ , ആ ദൈവത്തിന്   നിക്ക് ഊട്ട്   എന്ന് പെരിട്ടല്ലേ തീരു നമുക്ക് ? 

കിം ഫുക്ക് .. നിക്ക് ഊട്ട്‌..  

 മറക്കാന്‍ പറ്റില്ലല്ലോ.  'നോങ്ങ്ക്വാ നോങ്ങ്ക്വാ '  (പൊള്ളുന്നു പൊള്ളുന്നു )   എന്ന് അലറിക്കരഞ്ഞുകൊണ്ട് നഗ്നയായി ഓടിവരുന്ന ആ കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം .. മറക്കാന്‍ പറ്റില്ലല്ലോ.. ഇപ്പൊ  46 വയസ്സ് തികയുന്ന ആ ചിത്രം വിയറ്റ്നാം യുദ്ധകാലത്തെ കൊടും ദുരിതങ്ങളെ ഒരു പൊള്ളലായി നമ്മളെ വേദനിപ്പിയ്ക്കുന്നുണ്ട് ഇപ്പോഴും .  

ഓര്‍മ്മയില്ലേ ?   പത്രത്താളുകളിലൂടെ നമ്മുടെ ആത്മാവില്‍ ചോര തെറിപ്പിച്ച ആ ചിത്രം ഓര്‍മ്മയില്ലേ ? 

എന്തിനായിരുന്നു അത് ?  ആ അമേരിക്ക - വിയറ്റ്‌ നാം യുദ്ധം ?   കമ്മ്യൂണിസത്തെ തുരത്താനോ ? എന്നിട്ട്  അമേരിക്ക എന്തെങ്കിലും നേടിയോ? കുറെ അപമാനമല്ലാതെ ? ആ ചിത്രം .. ഒരേയൊരു ചിത്രം .. അമേരിക്കയുടെ പ്രതിച്ഛായ തന്നെ കളഞ്ഞുകുളിച്ചില്ലേ ? 

1954 ഇൽ  ഫ്രഞ്ച് അധീനതയിലായിരുന്ന  ഫ്രഞ്ച് ഇന്തോ ചൈന എന്ന  വിയറ്റ്നാം,  കമ്യൂണിസ്റ്റ് നേതാവായ ഹോ ചിമിൻ ന്റെ അധീനതയിലായെന്നും ,  വടക്കൻ വിയറ്റ് നാമിൽ ഹോ യും കിഴക്ക് എമ്പറർ  ബയോയും അധികാരം തുടങ്ങിയെന്നും , എമ്പറർ ബയോയെ മാറ്റി കമ്യൂണിസ്റ്റ് വിരോധിയായ ദിൻ ദിയെം സ്ഥാനമേറ്റെന്നും അമേരിക്ക അത് സപ്പോർട്ട് ചെയ്‌തെന്നും ഒക്കെ വായിച്ചറിവ്.

കമ്യൂണിസത്തെ തുരത്താനുള്ള അമേരിക്കയുടെ പ്രവർത്തനം തുടർക്കഥയായി .  1962 ഓടുകൂടി അമേരിക്കൻ സൈന്യം വിയറ്റ്‌നാം മണ്ണിലെത്തിയെന്നും   വര്ഷങ്ങളോളം നീണ്ടുനിന്ന രക്തച്ചൊരിച്ചിലിന്റെ അവസാനം അമേരിക്കയ്ക്ക് കുറെ ഏറെ അപമാനം സമ്മാനമായി കിട്ടിയെന്നുമൊക്കെ അറിയുമ്പോള്‍ .. എന്തിനായിരുന്നു ഇതൊക്കെ എന്ന് വെറുതെ ആലോചിച്ചു..

പത്ത് വര്‍ഷത്തോളം വിയറ്റ്നാം യുദ്ധത്തില്‍ ഫോട്ടോഗ്രാഫര്‍ ആയി പ്രവര്‍ത്തിച്ച നിക്ക് ഊട്ട് എടുത്ത ആ ചിത്രം യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു .  ഊണിലും ഉറക്കത്തിലും ആ നിലവിളി അമേരിക്കയെ ഭയപ്പെടുത്തി . അന്നത്തെ പ്രസിഡന്റ്റ് നിക്സന്‍ പറഞ്ഞത്രേ ആ ചിത്രം കള്ളം പറയുന്നു എന്ന്.  ആ കുട്ടിയുടെ ദേഹത്ത്  കുക്കിംഗ് ഓയില്‍ വീണ് പൊള്ളല്‍ പറ്റിയതാണ് എന്നും നിക്ക് ഊട്ട് ഒരു നുണയന്‍ ആണെന്നും അദ്ദേഹം പറഞ്ഞത്രേ.  ആഹാ !!  നമിയ്ക്കണം !!!   അത് പറയുമ്പോള്‍ നിക്ക് ഊട്ട് പറഞ്ഞൊരു കാര്യമുണ്ട്... ഇതാണത്..  

" യുദ്ധത്തിന്റെ കഷ്ടതകള്‍ അത് അനുഭവിയ്ക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാക്കാന്‍ സാധിയ്ക്കൂ.  രാഷ്ട്രീയ നേതാക്കള്‍ക്ക് അവരുടെ സുരക്ഷിതത്വത്തില്‍ നിന്നുകൊണ്ട് എന്തുവേണമെങ്കിലും പ്രസ്താവിയ്ക്കാം.."

ഈ വാക്കുകള്‍ ഇന്നുമായും നമുക്ക് ചേര്‍ത്ത് വായിയ്ക്കാമെന്ന് തോന്നുന്നു.

ആര്‍ത്ത് നിലവിളിച്ചുകൊണ്ട് മരണത്തില്‍ നിന്നും പിടഞ്ഞോടിവരുന്ന ആ കുഞ്ഞിന്റെ നഗ്നശരീരം മാത്രമാണ് ചില സദാചാരസമൂഹം കണ്ടത്.  നഗ്നത ആരോപിച്ച് നോര്‍വേ യില്‍ ചിത്രം ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു അധികൃതര്‍ !  കൊടുംയുദ്ധത്തിന്റെ ആ കത്തിപ്പുകയുന്ന ഇരയെ അവര്‍ മറന്നു.  ഹാ !! നമിച്ചുനമിച്ച് നമുക്ക് തോല്‍ക്കാം !!!

സംഭവം  വിവാദമായതുകൊണ്ടാവാം  അവര്‍ എഫ് ബി യില്‍ ചിത്രം തിരികെയിട്ടു.    'നേപാമ് ഗേള്‍'  എന്ന് പേരിട്ട ആ ചിത്രം എടുത്ത സാഹചര്യവും അതെടുത്ത ഹുയിന്‍ കോങ്ങ് ഊട്ട് എന്ന നിക്ക് ഊട്ട് ഉം എന്‍റെ വായനയെ ദിവസങ്ങളോളം കണ്ണീരില്‍ ആഴ്ത്തി .  

1972 ജൂണ്‍ എട്ടാം തീയതി ആയിരുന്നു അത്.   ട്രാന്‍ ബാങ്ങ് എന്ന വിയറ്റ് കോങ്ങ് ഗ്രാമത്തില്‍ നടന്ന എയര്‍ സ്ട്രൈക്ക് .  ഒരു അമേരിക്കന്‍ സ്കൈ റെന്ജര്‍ , നേപാമ് ബോംബ്‌ ഇട്ടു.  ചിന്നിച്ചിതറിയ മനുഷ്യശരീരങ്ങള്‍ക്കിടയിലൂടെയാണ്   നഗ്നയായ ആ കൊച്ചു കുഞ്ഞ്  മരണത്തില്‍ നിന്നും കുതറിയോടി കത്തി പുകയുന്ന ശരീരവുമായി ആര്‍ത്ത് കരഞ്ഞ് നിക്ക്  ഊട്ടിന്റെ ക്യാമറയ്ക്ക് മുന്നിലേയ്ക്ക് വന്നണഞ്ഞത് ... 

അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നമുക്കും നെഞ്ച് പൊട്ടി കരയാം...

" ബോംബ്‌ പൊട്ടി. ആദ്യം കറുത്ത പുക. പിന്നെ വെളുത്ത പുക.ഭയന്നോടുന്ന മനുഷ്യര്‍.  വാവിട്ടു കരഞ്ഞുകൊണ്ടോടുന്ന  കുഞ്ഞുങ്ങള്‍ .. ആ പുകയ്ക്കിടയിലൂടെ ഒരു ഏഴു വയസ്സുകാരന്‍ ഓടിവന്ന് എന്റെ ക്യാമറയ്ക്ക് മുന്നില്‍ മരിയ്ക്കുന്നു.. പിന്നെ കണ്ടത് , നഗ്നയായി ഓടുന്ന ഒരു പെണ്‍കുഞ്ഞ്..അവളുടെ ചര്‍മ്മത്തില്‍ നിന്നും പുകനാളങ്ങള്‍ ഉയരുന്നു..  എന്റെ ക്യാമറ കണ്ണ് ചിമ്മി.. അപ്പോഴാണ്‌ ഞാനവളുടെ പുറം കണ്ടത്.  പുകഞ്ഞ് വേവുന്ന    മാംസം.. വേദന കൊണ്ട് അവള്‍ അലറി. എന്റെ കൈയ്യിലുണ്ടായിരുന്ന വെള്ളം ഞാനവളുടെ ദേഹത്ത് ഒഴിച്ചു. അവള്‍ക്ക് കുടിയ്ക്കാന്‍ വെള്ളം കൊടുത്തു എനിയ്ക്കെങ്ങനെ ആ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് പോരാന്‍ കഴിയും ? അതുകൊണ്ട് ഞാനവളെ സഹായിച്ചു. ആശുപത്രിയില്‍ എത്തിച്ചു. ... " 

അങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍ ..  ആ പെണ്‍കുട്ടിയാണ്  'നേപാമ് ഗേള്‍ '   എന്നറിയപ്പെട്ട ആ ചിത്രത്തിലെ പെണ്‍കുട്ടി .  വിയറ്റ്‌നാം യുദ്ധത്തിന്റെ ഗതി മാറ്റിയെഴുതിയ ചിത്രം !   ചിത്രം  വാര്‍ത്തയായപ്പോള്‍ , അത് സമൂഹം ഏറ്റെടുത്തപ്പോള്‍  അവള്‍ ജീവിയ്ക്കേണ്ടത്  അത്യാവശ്യമായി മാറി.  അവള്‍ ജീവിച്ചു..അല്ല, അവളെ ജീവിപ്പിച്ചു.. ആ പെണ്‍കുട്ടി ഇന്ന് വളര്‍ന്ന് അതീവസുന്ദരിയായി   വിവാഹിതയായി രണ്ടു കുട്ടികളുമായി ക്യാനഡയില്‍ ജീവിയ്ക്കുന്നു.  ഒത്തിരി സന്തോഷം തോന്നി  അവരുടെ  ഇപ്പോഴത്തെ മനോഹരചിത്രം കണ്ടപ്പോള്‍.. 

മരണത്തില്‍ നിന്നും അവളെ കൈ പിടിച്ചു ജീവിതത്തിലേയ്ക്ക് കൊണ്ടുവന്ന  ദൈവത്തിന്റെ കൈകള്‍ .. അത് നിക്ക് ഊട്ട് അല്ലാതെ മറ്റാരുമല്ല. 

നിക്ക് ഊട്ട് എന്ന  ഈ ഫോട്ടോഗ്രാഫറെ കുറിച്ച് എത്ര പറഞ്ഞാലും അധികമാവില്ല. ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ന് സംഭവങ്ങള്‍ ഒപ്പിയെടുക്കാന്‍ മാത്രമേ അധികാരമുള്ളൂ .  ഇരയെ സഹായിയ്ക്കാന്‍ അവര്‍ക്ക് അധികാരമില്ല. 

അദ്ദേഹം പറയുന്നു... 

" ഞാന്‍ അന്ന് കിം നെ സഹായിച്ചില്ലായിരുന്നെങ്കില്‍ അവള്‍ മരിച്ചുപോയേനെ. പശ്ചാത്താപം മൂലം ഞാന്‍ ആത്മഹത്യ ചെയ്തേനെ.  അന്നത്തെ എന്‍റെ പ്രവൃത്തികള്‍ മൂലം എന്റെ ജോലിതന്നെ നഷ്ടപ്പെട്ടേക്കാമായിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടിയെ കൈവിടാന്‍ എന്റെ മനസ്സാക്ഷി എന്നെ അനുവദിച്ചില്ല .  ഞാന്‍ ജോലിയെ പറ്റിയോ നിര്‍ദ്ദേശങ്ങളെ പറ്റിയോ ചിന്തിച്ചില്ല.  ശരിയായതെന്താണോ അത് ചെയ്തു ."

ഇവിടെയാണ്‌.. ഇവിടെത്തന്നെയാണ്  അദ്ദേഹം ദൈവമാകുന്നത്.  അല്ല.. ഏറ്റവും വലിയ വിപ്ലവകാരിയാവുന്നത് .  ആ ചിത്രം കണ്ട് കണ്ണ്‍ നനയാത്തവരായും മനസ്സ് വേവാത്തവരായും ആരുമില്ല എന്നിരിയ്ക്കെ ,  ഒരുപാട് വിശദീകരണത്തിന്റെ  ആവശ്യമുണ്ടെന്നു തോന്നുന്നില്ല.  

ഞാന്‍ ആണയിട്ട് പറയുന്നു ,   കൊന്നതും തിന്നതുമല്ല വിപ്ലവം.  ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ന് സംഭവങ്ങളില്‍ ഇടപെടാന്‍ അധികാരമില്ല എന്നിരിയ്ക്കെ , അങ്ങനെ ചെയ്‌താല്‍ ജോലിപോലും നഷ്ടമായേക്കാം എന്നിരിയ്ക്കെ , അതൊന്നും കണക്കാക്കാതെ ആ കുഞ്ഞിനെ എടുത്തുകൊണ്ട് ആശുപത്രിയിലെയ്ക്കോടിയ നിക്ക് ഊട്ട് തന്നെയാണ് യഥാര്‍ത്ഥ വിപ്ലവകാരി.. !  

പ്രിയപ്പെട്ട  നിക്ക് ഊട്ട് ! അങ്ങേയ്ക്ക് ഹൃദയത്തില്‍  കൈ ചേര്‍ത്തൊരു വന്ദനം.. !!






2018, മേയ് 4, വെള്ളിയാഴ്‌ച

നാരായനും കൊച്ചരേത്തിയും പിന്നെ ഞാനും..

39 അഭിപ്രായ(ങ്ങള്‍)
നാരായനും കൊച്ചരേത്തിയും പിന്നെ ഞാനും.
---------------------------------------------------------------------------------

" എന്റെ വംശം തന്നെ കാരണം ! "

പറഞ്ഞത്  നാരായൻ .......   നാരായൻ  കുറെ നാളായി  എന്റെ മനസ്സിലൊരു നോവായി കിടക്കുന്നു.  

കുഞ്ഞാദിച്ചന്റെയും ഇട്യാതിയുടെയും കൊച്ചുരാമന്റെയും  കുഞ്ഞിപ്പെണ്ണിന്റെയുമൊക്കെ  സഹവാസിയായി ഞാൻ മാറുമ്പോൾ  ഇടയ്‌ക്കൊന്നും നാരായനെ  ഓർത്തതേയില്ല.  

ഞാൻ തിരക്കിലായിരുന്നു ...    കാട്ടിടവഴികളുടെ  കൊടും മുഴക്കത്തിലലിഞ്ഞ്  കുരുമുളകും  കാപ്പിക്കുരുവും  പറിയ്ക്കണമായിരുന്നു .  കൊടിവേര്‌ ചതച്ചിട്ട് കാപ്പി   അനത്തണമായിരുന്നു.   കാട്ടാചാരങ്ങളിൽ  നമിയ്ക്കണമായിരുന്നു.   ആടയും  ആഭരണങ്ങളുമില്ലാത്ത  കാട്ടുഭാഷയുടെ  ഇലമണം  ശ്വസിയ്ക്കണമായിരുന്നു.    "നമുക്കൊരു മൊറയൊണ്ട് .. നമ്മളായിട്ടത് തെറ്റിയ്ക്കണോ ?"  കുഞ്ഞാദിച്ചന്റെ  ചോദ്യത്തിൽ നിന്നും  ഗോത്രമര്യാദകൾ  പഠിയ്ക്കണമായിരുന്നു .   ആധുനികവത്കരണത്തിന് മുൻപുള്ള സാമൂഹികവും കുടുംബപരവുമായ  വിശ്വാസപ്രമാണങ്ങളെ ലംഘിയ്ക്കാതെ പ്രബുദ്ധതയുടെ  പുതിയ ലോകത്തേയ്ക്ക് പ്രവേശിയ്ക്കാൻ  ഒരു സമുദായത്തിനും കഴിയില്ല എന്ന് ഉറപ്പിയ്ക്കണമായിരുന്നു.  പുറത്ത്‌നിന്നും  കാട് കേറി വരുന്ന കച്ചവടക്കാർ ,  മലയരയരുടെ  നിഷ്ക്കളങ്കതയെയും  അറിവില്ലായ്മയെയും ചൂഷണം ചെയ്ത്  അവരുടെ കാർഷികവിഭവങ്ങൾ  തട്ടിയെടുക്കുമ്പോൾ  ആദിവാസികളോടൊപ്പം എനിയ്ക്കും കച്ചവടക്കാരെ   പ്രാകണമായിരുന്നു .   ആധുനികജീവിത പരിസരങ്ങളിലേയ്ക്ക് ആദിവാസി സമൂഹം കടക്കാൻ തുടങ്ങുമ്പോൾ ഉണ്ടാകുന്ന  ഉദ്വേഗങ്ങളിൽ എനിയ്ക്കും വീർപ്പടക്കണമായിരുന്നു .....

ഒടുവിൽ സ്വന്തം നിലനിൽപ്പ്  ഭദ്രമാക്കുന്നതിന് അറിവിന്റെയും അക്ഷരത്തിന്റേയും  ലോകത്തേയ്ക്കുള്ള  കാൽവയ്‌പ്‌ അനിവാര്യമാണെന്ന തിരിച്ചറിവിലൂടെ പുതിയൊരു ലോകത്തിലേയ്ക്ക് ആദിവാസി കാല്‍ വച്ച് തുടങ്ങുമ്പോള്‍  ഞാന്‍ സന്തോഷത്തോടെ കാടിറങ്ങി.  

അപ്പോഴാണ്‌ വീണ്ടും നാരായനെ ഓര്‍ത്തത്. അദ്ദേഹം പറഞ്ഞു ,   "സിനിമയിലും ടിവി യിലും ചില പ്രസിദ്ധീകരണങ്ങളിലുമൊക്കെ കാണുന്ന ആദിവാസിക്കഥകള്‍ക്ക്  സത്യവുമായി പുലബന്ധം പോലുമില്ല... "

നാരായന്‍ ..   ദക്ഷിണേന്ത്യന്‍ സാഹിത്യചരിത്രത്തിലെ ആദ്യത്തെ ആദിവാസി നോവലിസ്റ്റ് .   കണ്ടതും കാണുന്നതുമല്ല ആദിവാസി അനുഭവമെന്ന് മലയാളം ആദ്യമായി അറിഞ്ഞു നാരായനിലൂടെ.  സമൂഹത്തിന്റെ മേൽത്തട്ടിൽ ജീവിച്ചവരുടെ കീഴ് നോട്ടങ്ങളായിരുന്ന  ആദിവാസി ആഖ്യാനങ്ങളെ തിരുത്തിയെഴുതി നാരായൻ ,   'കൊച്ചരേത്തി '   എന്ന നോവലിലൂടെ. 

1998 ഇൽ  കൊച്ചരേത്തി  എന്ന നോവൽ പുറത്തുവന്നു.   ആദ്യ നോവലിന് തന്നെ പുരസ്‌ക്കാരങ്ങൾ പലത്.. !  പല എഡിഷനുകൾ !!  പരിഭാഷകൾ വന്നു !!! 

മൂന്നുനാല്  നോവലുകൾ വീണ്ടും എഴുതി.  അങ്ങനെ  മുതുവാന്മാരും ഊരാളികളും അടങ്ങുന്ന  ഗോത്രവർഗ്ഗത്തിന്റെ ജീവിതം  മലയാളസാഹിത്യത്തിലേയ്ക്ക് പ്രവേശിച്ചു.  നൂറ്റാണ്ടുകൾ നീണ്ട ചൂഷണത്തിൽ സഹികെട്ട ഒരു ജനത ഉണർച്ചയിലേയ്ക്ക് പ്രവേശിയ്ക്കുന്നതിന്റെ  സാമൂഹികസൂചനയായി  നാരായന്റെ എഴുത്തുകൾ . 

ഇങ്ങനെയൊക്കെയായിട്ടും നാരായൻ ഇപ്പോൾ നിശ്ശബ്ദനാണ് .  എന്തെ അങ്ങനെ നിശ്ശബ്ദനാവാൻ ? 

"ഞാനിവിടെയുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട് . പക്ഷെ ആരറിയുന്നു ? ആരോർക്കുന്നു ?  ആര് ഇരിപ്പിടം തരുന്നു ? "

 നാരായന്റേതാണ്  ഈ വാക്കുകൾ.  മലയാളസാഹിത്യത്തിൽ അപൂർവ്വതകൾ ഏറെയുള്ള  ഈ മനുഷ്യന്റെ ആദ്യ നോവൽ തന്നെ പുരസ്‌കാരങ്ങളും പ്രശംസകളും നേടിയെടുത്തിട്ടും  എന്തേ  അദ്ദേഹം ഇങ്ങനെ പറയാൻ ?    നാരായൻ തന്നെ മറുപടി പറയുന്നു..  

"എന്റെ വംശം തന്നെയാണ് കാരണം "

നാരായനെക്കുറിച്ച്  അറിഞ്ഞതിനെ ആകാംക്ഷയിലാണ്  ഞാൻ കൊച്ചരേത്തിയെ തിരഞ്ഞത്.  അതിശയോക്തി പറയുകയല്ല.. ഒറ്റ വീർപ്പിന്‌  വായിച്ചുതീർത്തു.  വായനയ്ക്കിടയിൽ ദേഷ്യവും സങ്കടവും അതിശയവും ധാർമ്മികരോഷവുമൊക്കെ തോന്നി.  ഞാൻ വീട്ടിലോ നാട്ടിലോ ആയിരുന്നില്ല എന്ന് പറയുന്നതാകും ശരി. കാട്ടിലായിരുന്നു ഞാൻ.  അവരുടെ  ആചാരങ്ങളിൽ പങ്കുകൊണ്ടു...  അവരോടൊപ്പം ഈന്തക്കായ തിരഞ്ഞുപോയി... തേനെടുക്കാൻ പോയി. കൃഷിപ്പണിയ്ക്ക് കൂടി..  പ്രകൃതിക്ഷോഭങ്ങളിൽ അവരോടൊപ്പം നെഞ്ചത്തടിച്ചു കരഞ്ഞു..  കാട് കേറിവന്ന്  അവരുടെ നിഷ്ക്കളങ്കതയേയും  നിരക്ഷരതയേയും  ചൂഷണം ചെയ്ത  മേലാളൻമാരെ മുച്ചൂടും  പ്രാകി..  അവരുടെ കാർഷികവിഭവങ്ങൾ , അവരെ പറ്റിച്ച്  നിസ്സാരവിലയ്ക്ക്  വാങ്ങിക്കൊണ്ടുപോകുന്ന  നാട്ടുകച്ചവടക്കാരെ വെറുപ്പോടെ നോക്കി..  ഒടുവിൽ ഞാനുമൊരു  കൊച്ചരേത്തിയായി മാറി എന്ന് പറയുന്നതാകും ശരി.....

പുസ്തകം മടക്കി കാടിറങ്ങിയപ്പോൾ  വീണ്ടും നാരായനെ  ഓർത്തു . 

"എത്ര മുതിർന്നാലും  'എടാ '   എന്നൊരു വിളി കാതിലുണ്ടാവും. ഒറ്റയടിയ്ക്ക്  മലമുകളിലേക്ക് തിരിച്ചോടിയ്ക്കും  ആ വിളി.."  

നാരായന്റെ വാക്കുകൾക്ക് പിന്നാലെ ഞാൻ കാത് കൂർപ്പിച്ചു നടന്നു.   ഞാന്‍ ആദ്യം പറഞ്ഞതുപോലെ ,  മേൽനോട്ടങ്ങളുടെ നിരന്തരമായ കീഴ് നോട്ടങ്ങളായിരുന്നു ആ  "എടാ "  വിളി എന്ന് എനിയ്ക്ക് തോന്നുകയും ചെയ്തു.  

 ആദിവാസിജീവിതം  പലപ്പോഴും പല തരത്തിലും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.  പക്ഷെ അവരുടെ യഥാർത്ഥ ജീവിതം അതൊന്നുമായിരുന്നില്ല എന്നും ,  ആദിവാസികളെക്കുറിച്ചുള്ള  ചില സിനിമകളും വാർത്തകളും  നോവലുകളുമൊക്കെ അസംബന്ധങ്ങളുടെ  പൂരമായിരുന്നു എന്നും അദ്ദേഹം പറയുന്നു. 

കൊച്ചരേത്തിയിലേക്കുള്ള  യാത്ര തുടങ്ങിയത്  ഒരു നോവൽ വായനയിൽ നിന്നായിരുന്നു എന്ന് നാരായൻ .   1988 ഇൽ  അച്ചടിച്ചു .  1998 ഇൽ  പുറംലോകം കണ്ടു.  എന്നാൽ അച്ചടിയ്ക്കുന്നതിനു പത്ത് വർഷം  മുൻപേ അതെഴുതിയിരുന്നു.  എഴുതണമെന്നു തോന്നാൻ കാരണമായത് വളരെ കയ്പ്പുള്ളൊരു  അനുഭവവും.   അക്കാലത്ത് സജീവമായിരുന്ന ഒരു വാരികയിൽ വന്നൊരു നോവൽ.  ആദിവാസി ജീവിതം പ്രമേയം.  അതിനെക്കുറിച്ച് അദ്ദേഹം പറയുന്നു ,   

"ഞങ്ങളുടെ ആചാരങ്ങളെയും അനുഭവങ്ങളെയും അപമാനിച്ചിരിയ്ക്കുന്നു ..  ഞങ്ങളെ കൂട്ടിക്കൊടുപ്പ്കാരായിട്ടും  വൃത്തിഹീനരായിട്ടും അവതരിപ്പിച്ചിരിയ്ക്കുന്നു .. ആദിവാസികളെക്കുറിച്ച്  ഒന്നുമറിയാതെ ഏതോ നികൃഷ്ടജീവികളായി ഞങ്ങളെപ്പറ്റി എഴുതിയിരിയ്ക്കുന്നു.."

ആദിമമായ സംസ്ക്കാരമുള്ളവരെന്നും അദ്ധ്വാനികളെന്നും  വിശ്വസ്തരെന്നും മലയുടെ മക്കളെന്നും  ആചാരാനുഷ്ഠാനങ്ങൾ ഉള്ളവരെന്നും സ്വന്തം സമുദായത്തെ  ( അദ്ദേഹം പറയുന്ന  'സമുദായം '   മതം വിഷലിപ്തമാക്കിയ വാക്കല്ല. പരസ്പരാശ്രിതരായ ഒരു കൂട്ടം മനുഷ്യരും  ചരാചരങ്ങളും അടങ്ങുന്ന വ്യവസ്ഥയെ ആണ് അദ്ദേഹം  സമുദായം എന്ന് വിളിയ്ക്കുന്നത് . )   അടയാളപ്പെടുത്തുന്ന നാരായനിൽ ,   ആ നോവൽവായന ഉണ്ടാക്കിയ  അഭിമാനക്ഷതമാണ്  എഴുതണം എന്ന തോന്നലുണ്ടാക്കിയത്.  അക്ഷരം കൊണ്ട് അപമാനിച്ചതിന് അക്ഷരം കൊണ്ടുതന്നെ മറുപടി കൊടുക്കണം എന്ന് അദ്ദേഹം തീരുമാനിച്ചു.   

നിറം , ജാതി ,  ഭാഷ , അറിവ് , പദവി ഇവയെയൊക്കെ പരിഹസിയ്ക്കുകയും ഇകഴ്ത്തുകയും ചെയ്തവർക്കൊരു മറുപടി.  അങ്ങനെയാണ് കൊച്ചരേത്തി രൂപം കൊണ്ടത്.  എഴുതാൻ ധൈര്യം കൊടുത്ത മറ്റു ചില അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.  സ്ക്കൂൾ കാലത്ത് വായനശാലയിൽ പോയുള്ള ഇരിപ്പ്,  ആ ഇരിപ്പിനിടയിൽ ചുമ്മാ വായിച്ച പുസ്തകങ്ങൾ ഒക്കെയാണ് പുറംലോകത്തേയ്ക്ക്  കടക്കാനും ജോലി ചെയ്യാനുമൊക്കെയുള്ള  തോന്നലുണ്ടാക്കിയത്  എന്നും , പിന്നീട്   പോൾ.എസ്.ബക്കിന്റെ  'നല്ല ഭൂമി '   വായിച്ചെന്നും ആ വായനയിൽ നിന്നാണ് കൊച്ചരേത്തി എഴുതാൻ ധൈര്യം കിട്ടിയതെന്നും  അദ്ദേഹം പറയുന്നു.  

കുഞ്ഞാദിച്ചനും  കടുത്തയും ഇട്ട്യാതിയും കുഞ്ഞിപ്പെണ്ണും കുഞ്ഞുമുണ്ടനും  പാപ്പിയും ഇട്ടിപ്പെണ്ണും  കൊച്ചുരാമനുമൊക്കെ  കഥാപാത്രങ്ങളായി വന്ന്  ആടയാഭരണങ്ങളില്ലാതെ  നഗ്നമായ അക്ഷരങ്ങളിലൂടെ കഥകള്‍ പറഞ്ഞു .  

ആഖ്യാനരീതിയിലും പ്രമേയത്തിലും  നോവല്‍ ചരിത്രത്തിലെ പതിവ് രീതികളെയൊന്നും നാരായന്‍ പിന്‍തുടര്‍ന്നില്ല .  മലയരയരുടെആചാരങ്ങള്‍ ,  ബന്ധവ്യവസ്ഥ , പ്രകൃതിക്ഷോഭം , കഷ്ടപ്പാടുകള്‍ , കച്ചവടക്കാരുടെ ചൂഷണങ്ങള്‍.. അങ്ങനെയങ്ങനെ  എല്ലാം അലങ്കാരങ്ങളുടെ അകമ്പടിയില്ലാതെ  ശുദ്ധവും നിഷ്ക്കളങ്കവുമായ ഭാഷയില്‍ അദ്ദേഹം എഴുതി.  

വായനയ്ക്കിടയില്‍ ഞാന്‍ പലപ്പോഴും എന്നെ മറന്നുപോകുന്നുണ്ടായിരുന്നു.  ഓര്‍ത്തപ്പോഴൊക്കെ നാരയനില്‍ വന്നുഭവിച്ച നിശബ്ദത എന്നെ അസ്വസസ്ഥയാക്കുകയും ചെയ്തിരുന്നു.   മറ്റ് ആദിവാസിസമൂഹത്തെ അപേക്ഷിച്ച്   വിദ്യാഭ്യാസത്തെ കുറിച്ച് അവബോധമുള്ളവരായിരുന്നു മലയരയര്‍.  പരമ്പരാഗതമായി കര്‍ഷകരാണ് എന്നതിന് പുറമേ ഉള്‍വനങ്ങളില്‍ നിന്നും പുറത്തുവന്ന്  സമതലങ്ങളില്‍ കൃഷി ചെയ്ത് തുടങ്ങിയവരുമായിരുന്നു.  ഭൂവുടമസ്ഥതയിലേയ്ക്ക്  ആദ്യമായി വന്നവരെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്.   എന്നിട്ടുമെന്തേ നാരായന്‍ എന്ന എഴുത്തുകാരന്‍ മുഖ്യധാരയില്‍ ഇല്ലാതെപോയി ? 

നാരായന്റെ മറുപടി വീശിയടിയ്ക്കുന്ന കാറ്റില്‍ പറന്നു നടക്കുന്നുണ്ട്. ...
"എന്റെ വംശം തന്നെ കാരണം ."

കുടയത്തൂര്‍ ആണ് നാരായന്റെ ദേശം .  വലിപ്പച്ചെറുപ്പങ്ങളില്ല, ജാതിമതവൈരങ്ങളില്ല , ദൈവത്തിന്റെ പേരില്‍ കലഹമോ ചൂഷണമോ ഇല്ല .  പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും ഒക്കെയാണ് അവരുടെ ദൈവങ്ങള്‍.    വാസ്തു , സ്വത്തവകാശം , നീതിനിര്‍വ്വഹണം  തുടങ്ങിയവയിലെല്ലാം ആദിവാസികള്‍ക്ക്  അവരുടേതായ രീതികളുണ്ട് . അതിന്റെയെല്ലാം അടിസ്ഥാനം പ്രകൃതിയും.  

പറഞ്ഞാലും അറിഞ്ഞാലും തീരില്ല.  പഠിയ്ക്കുകയും പുറംലോകത്തെയ്ക്കിറങ്ങുകയും തപാല്‍ വകുപ്പില്‍ ഉദ്യോഗം നോക്കുകയും ചെയ്ത  ഈ എഴുത്തുകാരന്‍  -   സവര്‍ണ്ണമേധാവിത്വത്തിന്റെ കടന്നാക്രമണത്തില്‍  സഹികെട്ട് നിശ്ശബ്ദനായിപ്പോയ  ഈ മനുഷ്യന്‍ -  അദ്ദേഹത്തിന്‍റെ വാക്കുകള്‍ നമ്മുടെ ആത്മാവില്‍ തളിയ്ക്കുന്നത് കണ്ണീര്‍ത്തുള്ളികളല്ല ...  ചോരത്തുള്ളികള്‍ ആണ്.  മനസ്സ് മുറിഞ്ഞ് ഒഴുകുന്ന ചോരത്തുള്ളികള്‍..

ഒരു സാഹിത്യപരിപാടികള്‍ക്കും അദ്ദേഹത്തെ വിളിയ്ക്കാറില്ലെന്നും  വിളിച്ചാല്‍ത്തന്നെ ചെല്ലുമ്പോള്‍ ഇരിപ്പിടം ഉണ്ടാകാറില്ലെന്നും  അതുകൊണ്ട് എവിടെയും പോകാറില്ലെന്നും  അദ്ദേഹം പറയുമ്പോള്‍ ,  അവഗണന  എന്ന  വാക്കിന്റെ അര്‍ത്ഥം കൊടുംക്രൂരത എന്നായി മാറുന്നു. 

എത്ര ഓടിയാലും എത്തില്ല എന്നൊരു പരാജയബോധം അദ്ദേഹത്തിനും കൂട്ടര്‍ക്കും ഉണ്ടായെങ്കില്‍  അതിന്റെ കാരണങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ നമുക്കാര്‍ക്കും കഴിയില്ല.  ഓരോ ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍  മാപ്പ് പറഞ്ഞ് ഒരു കഥയോ കവിതയോ ലേഖനമോ  എഴുതിയാല്‍  തീരുന്നതാണോ നമ്മുടെ ധര്‍മ്മങ്ങള്‍ ? 

 അദ്ദേഹത്തെക്കുറിച്ച് ഞാന്‍ വായിച്ചത് കുറെ നാള്‍ മുന്‍പാണ്. എഴുതിയത് ഇപ്പോഴും . അതുകൊണ്ട്, അദ്ദേഹത്തിന്‍റെ  ഇപ്പോഴത്തെ സാമൂഹിക , ആരോഗ്യ പരിതസ്ഥിതി എന്താണ് എന്നു എനിയ്ക്കറിയില്ല.  എന്തായാലും അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണണമെന്നും ആ കാല്‍ തൊട്ട് ഒന്ന് വന്ദിയ്ക്കണമെന്നും ഞാന്‍ ആഗ്രഹിയ്ക്കുന്നു.   ആദിവാസിയായ ഒരാളുടെ കാല്‍ തൊട്ടു വന്ദിച്ചാല്‍ എന്റെ വംശത്തിന്റെ വളയൂരിപ്പോകുമോ എന്ന് എനിയ്ക്കൊന്നറിയണമല്ലോ..  













































































































































വെറുംതോന്നലുകള്‍ .

13 അഭിപ്രായ(ങ്ങള്‍)
പലപ്പോഴും മനസ്സിന്റെ മുകളില്‍  ഒരു പുതപ്പ് വലിച്ചിട്ട് സ്വയം നോക്കി തൃപ്തി വരുത്തി ,  കൊള്ളാം എന്ന് സ്വയം പറഞ്ഞ് മുന്നോട്ട് പോകുന്നതിനിടയില്‍ ഏതെങ്കിലുമൊരു ചെറുകനല്‍ക്കാറ്റത്ത് പുതപ്പിന്റെ തുമ്പ് അല്പമൊന്ന് മാറിയാല്‍ ,    ഊന്നുവടിയോ  റാന്തലോ ഒരു നിലാച്ചിന്തോ ഒരു മിന്നാമ്മിനുങ്ങിന്റെ ഇത്തിരിവെട്ടമോ പോലുമില്ലാതെ സ്വപ്‌നങ്ങള്‍ എരിഞ്ഞ  പുക മാത്രമുള്ള ഇരുണ്ട ഇടനാഴിയിലൂടെ   ഇഴഞ്ഞും വലിഞ്ഞും നീങ്ങുന്ന തളര്‍ന്ന കാലടികള്‍....

ഇരുണ്ട ഇടനാഴിയ്ക്കപ്പുറം ഒരു ചൂട്ട് വെളിച്ചമോ ഒരു പദസ്വനമോ  കാത്തുനില്‍ക്കുന്നു എന്ന വെറും തോന്നലോടെ ... വീണിട്ടും വെപ്രാളത്തോടെ പിടച്ചെഴുന്നേറ്റ് ...  

ഇല്ല അത് വെറും തോന്നലാണ്.  കാലം എന്നോട് പറയുന്നു,  
 ' വലിച്ചെറിയൂ നിന്റെ വെറുംതോന്നലുകളെ '... 

2018, ഏപ്രിൽ 29, ഞായറാഴ്‌ച

ഈ ഭൂമി ഇപ്പോഴും നല്ലതാട്ടോ.. !

28 അഭിപ്രായ(ങ്ങള്‍)
ഈ ഭൂമി ഇപ്പോഴും നല്ലതാട്ടോ.. !

ഇന്നലെ ഒരു കുടുംബസംഗമം. അമ്മവീട്ടില്‍. ഒരു ഉള്‍നാടന്‍ ഗ്രാമം. എന്റെ ശൈശവബാല്യങ്ങള്‍ ചിലവഴിച്ച -- കാപ്പി , കുരുമുളക് , മഞ്ഞള്‍, കശുവണ്ടി , കശുമാമ്പഴം , കച്ചൂലം , ഇഞ്ചി തുടങ്ങിയവയുടെ ആസ്വാദ്യഗന്ധങ്ങളിലൂടെതന്നെ എന്നെ തടവിലാക്കിയ -- മലയോരഗ്രാമം. പിന്നീട് എല്ലാ അവധിയ്ക്കും അമ്മവീട്. അവധി എന്ന് പറഞ്ഞാല്‍ ആ രണ്ടു മാസം അമ്മവീട്. അന്ന് മുത്തച്ഛനും മുത്തശ്ശിയും ഉള്ള കാലം. ചിറ്റമാരുടെയും അമ്മാവന്റെയും ഒക്കെ മക്കളും ഞങ്ങളും പിന്നെ അയല്‍പക്കത്തെ കുറെ കുട്ടികളും. അതില്‍ പ്രധാനി ജോര്‍ജ് ആയിരുന്നു. അവന്റെ അനിയത്തി മിനിയും. അടുത്ത വീട്ടിലെയാണ്.

മുത്തച്ഛനും മുത്തശ്ശിയും മരിച്ചു. പഴയ തറവാട് വിറ്റുപോയി .
ഒരിയ്ക്കല്‍ അവിടെ ചെന്നപ്പോള്‍ ചുമ്മാ ആ പഴയ വീട് കാണാന്‍ കൊതിയായിട്ട് ഞങ്ങള്‍ - ഞാനും അനിയത്തിയും കൂടി അവിടെ പോയി. അന്നത്തെ വീടിനു ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട് അവര്‍. ഒരുപാട് ഓര്‍മ്മകള്‍ ഉറങ്ങുന്നുണ്ട് അവിടെ. ഞാന്‍ അവിടവിടെ നോക്കി തപ്പിത്തിരഞ്ഞു നടന്നു. അന്ന് ഞാന്‍ പതിച്ചു പോന്ന കുഞ്ഞു കാലടികള്‍ അവിടെയെങ്ങാന്‍ ഉണ്ടോ എന്ന് വേവലാതിയോടെ നോക്കി നടന്നു.. ഇല്ല. ഒന്നും കണ്ടില്ല. :(:(:( ... പിന്നെ ഞാന്‍ അവിടെ പോയുമില്ല. എന്നാലും ദൂരെ നിന്നും നോക്കും. ഒരുപാട് മരങ്ങളും പച്ചപ്പും ഉള്ളൊരു സ്ഥലമാണ് ഇപ്പോഴും. തണലോട്തണല്‍. :):):)

ചിറ്റമാര്‍ , അമ്മാവന്‍മാര്‍ തുടങ്ങിയ അടുത്ത തലമുറകള്‍ പുതിയ വീടുകളില്‍. അതില്‍ ഒരു അമ്മാവന്റെ വീട്ടില്‍ വച്ചായിരുന്നു കുടുംബസംഗമം നടന്നത്. ആ പഴയ തറവാടിന്റെ അടുത്തുതന്നെയാണ് എല്ലാരുടെയും വീടുകള്‍. ഞങ്ങളിങ്ങനെ ഓര്‍മ്മകള്‍ അയവിരക്കിയും സംസാരിച്ചും അതിനിടയില്‍ കലാപരിപാടികളും ( അമ്മവീട്ടില്‍ എല്ലാരും കലയുമായി ബന്ധപ്പെട്ടവരായതിനാല്‍ എല്ലാരും കൂടുമ്പോ ഒരു യുവജനോത്സവം തന്നെയാവും :) ) - ആയി അങ്ങനെ ഇരിയ്ക്കുന്നതിനിടയില്‍ അമ്മാവന്റെ മകന്‍ പറയുന്നു, "നമ്മള്‍ എല്ലാരും ഇന്നിവിടെ എത്തും എന്നറിഞ്ഞു ഒരാള്‍ നമ്മളെ കാണാന്‍ വന്നിട്ടുണ്ട്. "

എല്ലാര്‍ക്കും ആകാംക്ഷ. അത് ഞങ്ങളുടെ സ്വന്തം ജോര്‍ജ് ആയിരുന്നു ! അവനിപ്പോ വല്യ ആളായി . വിദേശത്താണ്, വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആണ്, നല്ല സാമ്പത്തിക സുരക്ഷിതത്വവും.. പക്ഷെ ...

അവന്‍ വരുന്ന ആ വരവ് കണ്ടപ്പോ എനിയ്ക്ക് കരച്ചില്‍ വന്നു. സത്യമായും കരച്ചില്‍ വന്നു. കൈലിമുണ്ടും മടക്കിക്കുത്തി , കൈയും വീശി ആ ഉള്‍നാടന്‍ ഗ്രാമത്തിന്റെ സ്വന്തം.. ഞങ്ങളുടെ സ്വന്തം ജോര്‍ജായി അവന്‍ വന്നു....

എന്റെ സഹോദരന്‍ കുറെ സംസാരിച്ചു . കുറെ പഴയ ഓര്‍മ്മകള്‍ . പിന്നെ അവന്റെ വരവിനെപ്പറ്റിയും അതിന്റെ സംക്ഷിക്തരൂപം ഇതായിരുന്നു...

" ജോര്‍ജിന്റെ വീട്ടിലാണ് ഇങ്ങനെ അവരുടെയൊരു കുടുംബസംഗമം നടക്കുന്നതെങ്കില്‍ ഒരുപക്ഷെ ഞാന്‍ വിചാരിയ്ക്കും, അവരുടെ വീട്, അവരുടെ കുടുംബം, അവരുടെ ആളുകള്‍, അവരുടെ സംഗമം.. അതിനിടയ്ക്ക് നമ്മള്‍ ചുമ്മാ കേറിച്ചെന്നു അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കണ്ട എന്ന്. അങ്ങനെ കരുതി ഞാന്‍ ചിലപ്പോ അവിടെ പോകാതിരുന്നെക്കും. എന്നാല്‍ അങ്ങനെയൊന്ന് ചിന്തിയ്ക്കുക പോലും ചെയ്യാതെ സ്വന്തം വീട്ടിലേയ്ക്ക് വരുന്നതുപോലെ കേറിവന്ന ജോര്‍ജിനെ എന്ട്ര സ്നേഹിച്ചാലാ, എത്ര ആദരിച്ചാലാ മതിയാവുക എന്നറിയില്ല. ജോര്‍ജിനെപ്പോലെ വലിയ മഹത്വമുള്ള മനസ്സിനെ ഇങ്ങനെ ചിന്തിയ്ക്കാന്‍ പറ്റൂ. അവന്റെ മുന്നില്‍ നമ്മളെല്ലാം എത്ര ചെറുതാണ്.. ! ഈ ഗ്രാമം ഇന്നും അതിന്റെ വിശുദ്ധി നഷ്ടമാക്കിയിട്ടില്ല എന്നതിന്റെ തെളിവാണ് ഇത്. "

ഇതായിരുന്നു സഹോദരന്‍ പറഞ്ഞത്.. പഴയ തറവാട്ടില്‍ കയറി ചെല്ലുന്ന സ്വാതന്ത്ര്യത്തോടെ ജോര്‍ജിന്റെ വീട്ടില്‍ പോയി ഇരിയ്ക്കാന്‍ തോന്നുന്നു എനിയ്ക്ക് എന്ന് ഞാനും പറഞ്ഞു. ഒക്കെ കേട്ട് സദസ്സില്‍ ജോര്‍ജ് ഇരുന്നു കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു. .... :(:(:(

ഇന്നലെ നടന്ന ആ കുടുംബസംഗമത്തില്‍ എനിയ്ക്ക് ഏറ്റവും മനസ്സില്‍ തട്ടിയതും ഒരിയ്ക്കലും മറക്കാന്‍ പറ്റാത്തതും ജോര്‍ജിന്റെ വരവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ആയിരുന്നു. അവന്‍ കുറെഏറെ നേരം ഞങ്ങളോടൊപ്പം ചിലവഴിച്ചു... ഈ ഭൂമിയില്‍ സ്നേഹം ഒട്ടും നഷ്ടമായിട്ടില്ല കേട്ടോ... :):):):):):)

2018, ഏപ്രിൽ 27, വെള്ളിയാഴ്‌ച

ആരാണ് കുറ്റവാളി ?

10 അഭിപ്രായ(ങ്ങള്‍)
കുറ്റകൃത്യങ്ങളില്‍ എന്തുകൊണ്ട് പെണ്‍സാന്നിദ്ധ്യം വര്‍ദ്ധിയ്ക്കുന്നു ?

പുരുഷനും സ്ത്രീയും ഉഭയസമ്മതപ്രകാരം , തുല്യപങ്കാളിത്തതോടുകൂടി ചെയ്യുന്ന പ്രവൃത്തിയില്‍ സ്തീ മാത്രം കുറ്റവാളിയും പുരുഷന്‍ നല്ലവനും ആകുന്ന തരത്തിലുള്ള സാമൂഹികനീതി നിലനില്‍ക്കുന്നിടത്തോളം കാലം ഇനിയും സ്ത്രീകുറ്റവാളികള്‍ ഇനിയും കൂടാനുള്ള സാദ്ധ്യത കാണുന്നില്ലേ?

ഒരേസമയം ആദ്രതയും കാരുണ്യവും സ്നേഹവുമൊക്കെ സ്ത്രീ കാത്തുസൂക്ഷിയ്ക്കുന്നതുകൊണ്ടാണ് കുടുംബം എന്ന വ്യവസ്ഥിതി ഇന്നും നിലനില്‍ക്കുന്നത് എന്ന് സമൂഹം ചിന്തിയ്ക്കെണ്ടതുണ്ട്. എന്നാല്‍ ആ മഹത്വത്തെ ഞൊടിച്ച് എറിയാന്‍ തക്കവണ്ണം ആധിപത്യമോഹം സമൂഹത്തില്‍ നിലനില്‍ക്കുന്നിടത്തോളം , സ്ത്രീകള്‍ കുറ്റവാളികള്‍ ആകുന്നതരത്തില്‍ ഒരുതരം മാനസികരോഗം പടര്ന്നുപിടിയ്ക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കണം എന്നെനിയ്ക്ക് തോന്നുന്നു . . ആരെയും ഇടിച്ചുതാഴ്തുകയോ മഹത്വവത്കരിയ്ക്കുകയോ ചെയ്യുകയല്ല. മനസ്സില്‍ കടലോളം സ്നേഹവും കാരുണ്യവും ആര്‍ദ്രതയും സൂക്ഷിയ്ക്കുന്ന ഒരു പെണ്ണ്‍ എങ്ങനെ ഇത്രയും ക്രൂരയായി മാറുന്നു എന്ന് ഒരുമാത്ര ഒന്ന് ചിന്തിയ്ക്കണം നമ്മള്‍.

വലിയൊരു കുഴിയാണ് എന്നറിയുമ്പോഴും അതിലേയ്ക്ക് എടുത്തുചാടാന്‍ സ്ത്രീയെ പ്രേരിപ്പിയ്ക്കുന്നത് എന്താണ്? ചിന്തിയ്ക്കണം നമ്മള്‍...

സ്ത്രീ അടിസ്ഥാനപരമായി പുരുഷന്റെ തണലില്‍ നിന്നുകൊണ്ട് സ്വാതന്ത്ര്യം ആഘോഷിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ( അങ്ങനെയല്ലാത്തവര്‍ ഇല്ലെന്നും പറയുന്നില്ല. അവരെ ഞാന്‍ വിടുന്നു ) ഒരു പെണ്ണിന് തണല്‍ കൊടുത്ത് , കരുതല്‍ കൊടുത്ത് 'നീ സ്വതന്ത്രമായി ചിന്തിയ്ക്കൂ, പ്രവൃത്തിയ്ക്കൂ ' എന്ന പറയാന്‍ മനസ്സ് കാണിയ്ക്കുന്ന എത്ര പുരുഷന്മാരുണ്ടാകും ?

പെണ്ണെന്നാല്‍ വയ്ക്കാനും വിളമ്പാനും ഷൂലേസ് കെട്ടാനും ബട്ടന്‍സ് പിടിപ്പിയ്ക്കാനും കിടപ്പറയില്‍ പങ്കാളിയാവാനും മാത്രമുള്ളവള്‍ എന്ന പുരാതനസങ്കല്‍പത്തില്‍ നിന്നുണ്ടായ മേല്‍നോട്ടങ്ങളുടെ കീഴ് നോട്ടങ്ങള്‍ അവരുടെ മനസ്സിന് ചുറ്റും ട്രഞ്ച് കുഴിയ്ക്കുമ്പോള്‍ , ( പൊതുവതകരിയ്ക്കുന്നില്ല. അങ്ങനെയല്ലാത്തവര്‍ എത്രയോ ഉണ്ട് ! ) വീര്‍പ്പ്മുട്ടിപ്പിടഞ്ഞു ആ കെട്ടുപാടുകളത്രയും കുടഞ്ഞെറിയാന്‍ വെമ്പുന്നൊരു ഭ്രാന്തമായ അവസ്ഥയിലേയ്ക്ക് പെണ്‍മനസ്സ് എത്തിപ്പെടുന്നത് എങ്ങനെയാണ് ?

മുന്‍പ് ഞാന്‍ എഴുതിയിട്ടുണ്ട് , യുദ്ധമുഖത്തെ സ്ത്രീപോരാളികളെ കുറിച്ച്. സ്വെറ്റ് ലാന അലക്സിവിച്ച് എന്ന എഴുത്തുകാരിയുടെ ' War's Unwomanly Face ' എന്ന പുസ്തകത്തിലാണ് ഞാനത് വായിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സ്ത്രീപോരാളികളുടെ അനുഭവങ്ങള്‍.

അവള്‍ മാതാവാണ്.ജീവന്‍ നല്‍കുന്നവള്‍ ആണ്. മുലയൂട്ടുന്നവളാണ് . യുദ്ധമുഖത്ത് അവള്‍ക്കെങ്ങനെ മറ്റൊരാളുടെ ജീവനെടുക്കാനാവും ? അനേകായിരം നോവനുഭവങ്ങള്‍ കൊണ്ട് കണ്ണീരണിഞ്ഞു നില്‍ക്കുന്ന ഈ പുസ്തകത്തില്‍ പറയുന്നു , കഠോരമായ യുദ്ധഭൂമിയിലും അവള്‍ പൂക്കള്‍ പെറുക്കുന്നു, ചോരപ്പാടുകള്‍ മായ്ച്ചുകളഞ്ഞു അവള്‍ മുഖം മിനുക്കി നടക്കുന്നു , യുദ്ധത്തിനിടയിലും ഒരു മിഠായി അവളെ മോഹിപ്പിയ്ക്കുന്നു ...

ആര്‍ദ്രതയുടെ നീരൊഴുക്കുകള്‍...

ഒരു സ്ത്രീ പോരാളി വിവരിയ്ക്കുന്നുണ്ട്, മുറിവേറ്റ രണ്ടു സൈനികരെ അവര്‍ ചുമന്ന്‍ കൊണ്ടുവന്ന കാര്യം.. ഒരാളെ ചുമലിലേറ്റി അല്‍പദൂരം കൊണ്ടുവന്നു കിടത്തി തിരിച്ചുപോയി മറ്റേ ആളെ ചുമന്നു കൊണ്ടുവരും . അങ്ങനെ.. അതില്‍ ഒരാള്‍ ശത്രുപക്ഷത്തുള്ള സൈനികനായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോള്‍ അവരൊന്നു പകച്ചു. സ്വന്തം ആളുകള്‍ നൂറ്കണക്കിന് മരിച്ചുവീഴുന്നു. അപ്പോള്‍ ഒരു ശത്രുവിനെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുകയോ ? ! രണ്ടുപേരും ഒരുപോലെ കത്തി കരുവാളിച്ചിരിയ്ക്കുന്നു . എങ്കിലും ശത്രുപക്ഷത്തെ സൈനികനെന്നു മനസ്സിലായപ്പോള്‍ , സ്വന്തം പടയാളിയെ മാത്രം ചുമലില്‍ ഏറ്റി മറ്റേയാളെ അവിടെ ഉപേക്ഷിച്ച് മുന്നോട്ടു നടന്ന അവര്‍ക്ക് വീണ്ടും തിരിഞ്ഞു നോക്കാതിരിയ്ക്കാനായില്ല. ശത്രുവാനെലും ഉപേക്ഷിച്ചുപോന്നാല്‍ അയാള്‍ മരിയ്ക്കും.

പിന്നെ നമ്മള്‍ കാണുന്ന കാഴ്ച , അവര്‍ തിരിച്ചു ചെന്ന് ശത്രുസൈനികനെയും കൂടി ചുമലിലേറ്റി നടക്കുന്നതാണ്.. !! കണ്ണ്‍ നനയാതെ അത് വായിയ്ക്കാന്‍ എനിയ്ക്ക് കഴിഞ്ഞില്ല.

അവരുടെ വാക്കുകള്‍.. "നമുക്ക് രണ്ടു ഹൃദയങ്ങള്‍ ഉണ്ടാവാനിടയില്ല. ഒന്ന് വെറുക്കാനും മറ്റൊന്ന് സ്നേഹിയ്ക്കാനും. ഇല്ല.. നമുക്കൊരു ഹൃദയമേയുള്ളൂ . രക്ഷിയ്ക്കാന്‍.."

കാരുണ്യത്തിന്റെ വറ്റാത്ത ഉറവ...

യുദ്ധത്തില്‍ വിജയം കൈവരിച്ചു , ഇനി നമുക്ക് വിവാഹിതരാവാം എന്ന് പറയുന്ന പ്രണയബദ്ധനായ കാമുകനോട് സ്ത്രീ പറയുന്നു.. " യുദ്ധത്തിന്റെ കരി പിടിച്ച ഇഷ്ടികക്കൂമ്പാരങ്ങള്‍ക്കിടയില്‍ എന്റെ മനസ്സ് മരവിച്ചു പോയിരിയ്ക്കുന്നു കൂട്ടുകാരാ .. നീയെനിയ്ക്ക് പൂക്കള്‍ സമ്മാനിയ്ക്കൂ.. നല്ല വാക്കുകള്‍ പറയൂ...പ്രണയപൂര്‍വ്വം പെരുമാറൂ.. ഞാനെന്റെ സ്ത്രീശരീരം വീണ്ടെടുക്കട്ടെ..... "

ഒരു വിങ്ങലോടെയല്ലാതെ ഇതും വായിയ്ക്കാന്‍ എനിയ്ക്ക് കഴിഞ്ഞില്ല... കഥയോ കവിതയോ ഭാവനയോ അല്ലിത്. ചരിത്രം അതിജീവിച്ച സ്ത്രീസമൂഹത്തിന്റെ പച്ചയായ ജീവിതം. അതാണീ വാക്കുകളില്‍ തുടിയ്ക്കുന്നത്.

സത്യത്തില്‍ ഒരു പെണ്‍മനസ്സ് എത്ര തരളമാണ് !

എല്ലാ രംഗത്തുമുള്ളതുപോലെ പോടുകള്‍ ഇവിടെയുമുണ്ടാകും. മൂല്യബോധമില്ലാതെ തോന്നിയത് പോലെ പോകുന്നവര്‍. നവമാധ്യമങ്ങള്‍ കീഴടക്കിയ ഈ കാലത്ത് വീടിനുള്ളിലിരുന്നും പുറംലോകത്തേയ്ക്ക് കൈനീട്ടാനുള്ള അവസരങ്ങള്‍ ഏറെയാണെന്നതിനോട് ചേര്‍ത്തു വായിയ്ക്കേണ്ടതുണ്ട് , അതിനോടനുബന്ധിച്ചുള്ള ചതിക്കുഴികളും.

എല്ലാവര്ക്കും എല്ലാം അറിയാം. എന്നിട്ടും അറിഞ്ഞുകൊണ്ട് ചതിക്കുഴികളിലെയ്ക്ക് ചാടുന്നതിന്റെ ഒരു കാരണം കുടുംബബന്ധങ്ങളിലെ വിള്ളലുകള്‍ ആണെന്ന് പറയേണ്ടിവരും.

ഞാന്‍ പലതവണ ഇതിനെക്കുറിച്ച് എഴുതിക്കഴിഞ്ഞു. ഏകാന്തതയുടെ ഇരുണ്ട മൂലകളില്‍ തെളിയുന്ന പച്ചവെളിച്ചമായും ജീവിതത്തിന്റെ ഇരുണ്ട ഇടനാഴിയില്‍ കാത്തുനില്‍ക്കുന്ന കൈവിളക്കായും, ഒറ്റപ്പെട്ടുപോകുന്ന പെണ്‍മനസ്സുകളിലേയ്ക്ക് ചേക്കേറുന്ന മായാവെളിച്ചങ്ങള്‍.. കരിഞ്ഞുപോകും എന്നറിഞ്ഞുകൊണ്ടുതന്നെ അതിലേയ്ക്ക് പറന്നടുക്കുന്ന പെണ്‍മനസ്സുകള്‍.. ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ? ആരാണ് തെറ്റുകാര്‍ ?

ഊട്ടിയതുകൊണ്ടോ ഉടുപ്പിച്ചതുകൊണ്ടോ ഉറക്കറ പങ്കിട്ടതുകൊണ്ടോ ഒരു സ്ത്രീമനസ്സ് ശാന്തമാകുമോ ? ' അവൾക്ക് ഇരിയ്ക്കപ്പൊറുതിയില്ലെന്നും തിന്നു എല്ലിന്റെ എടേൽ കുത്തീട്ടാണെന്നും ' ഒക്കെയുള്ള അഴുകിയ വാക്കുകൾ സ്ത്രീയുടെ യഥാർത്ഥ ചിത്രം പ്രകാശനം ചെയ്യുന്നുണ്ടോ ?

സ്ഥാനഭ്രംശം ഭയക്കുന്ന ആണധികാരയുക്തികൾക്ക് മുന്നിൽ സ്ത്രീകൾ കടുത്ത അരക്ഷിതത്വം നേരിടുന്നുണ്ട്. അതിന്റെ ഉപസൃഷ്ടികളായി ഒരുപാട് ദുരന്തങ്ങളും സംഭവിയ്ക്കുന്നുണ്ട്.


പറഞ്ഞാലും എഴുതിയാലും തീരാത്ത വിഷയമാണ്.. ഇതിൽ ചോദ്യങ്ങളും അതിൽത്തന്നെ ഉത്തരങ്ങളും അതിന്റെ പരിഹാരങ്ങളും ഉണ്ട്. ചിന്തിയ്ക്കാം നമുക്ക്..

 
Copyright © .