2014, ഡിസംബർ 29, തിങ്കളാഴ്‌ച

ഞാനുറങ്ങാൻ പോകും മുൻപായ്‌ ......

0 അഭിപ്രായ(ങ്ങള്‍)

                                                 ഞാനുറങ്ങാൻ  പോകും മുൻപായ്‌ ......
                                                -----------------------------------------------
                                                                                                                        - ശിവനന്ദ .  

                     



  മോനെ ,  നീയുറങ്ങാൻ  വേണ്ടിയാണ്   ഞാൻ   ഉറങ്ങാതിരുന്നത് ....നീ  ചിരിയ്ക്കാൻ   വേണ്ടിയാണ്  ഞാൻ  കരഞ്ഞത്...നിനക്ക്  വിശക്കാതിരിയ്ക്കാൻ  ഞാൻ  വിശപ്പറിഞ്ഞത് ....നിന്നെ  തീരത്തണയ്ക്കാൻ   വേണ്ടിയാണ്  ഞാൻ  നടുക്കടലിൽ  പിടഞ്ഞത്....എന്നിട്ടും....

"അന്നാ .."

ശാന്തമായ  സ്വരം ...

"അന്നാ ...നോക്കു...ഇത്  ഞാൻ...ജോസഫിന്റെയും   മേരിയുടെയും   മകൻ ...തെറ്റ്  ചെയ്യാതെ  ക്രൂശിയ്ക്കപ്പെട്ടവൻ..."

"കർത്താവേ ..."

" നീയെന്താണ്  ചെയ്യുന്നത്   അന്നാ ? "

" ഈശോയെ ...ഞാൻ കൂടുതലൊന്നും...ഭക്ഷണമോ  വസ്ത്രമോ   ചോദിച്ചില്ല....ഔഷധമോ  പാർപ്പിടമോ ചോദിച്ചില്ല....പോരുമ്പോ  ഒരു തുള്ളി കണ്ണുനീർ ...അത്രയേ  ഞാൻ ചോദിച്ചുള്ളു..."

"അന്യന്റെ  മുതൽ  ആഗ്രഹിയ്ക്കരുതെന്നല്ലേ  അന്നാ  ഞാൻ  പറഞ്ഞിട്ടുള്ളത്?"

"പിതാവേ ..ഞാൻ...ഇന്ന്  നാല്പ്പതാണ് . ഇന്നെങ്കിലും  എനിയ്ക്കങ്ങോട്ട്   പോന്നേ തീരൂ...ഒരു തുള്ളി കണ്ണുനീരെങ്കിലും  ഞാൻ   അർഹിയ്ക്കുന്നില്ലെ പിതാവേ ? ഇതെന്റെ  അവസാന യാത്രയല്ലേ ? ഇനിയെനിയ്ക്കൊരു  യാത്രയുണ്ടോ ?"

"അന്നാ , നീ  വീണ്ടും   അതുതന്നെ   പറയുന്നു....അത്   സ്നേഹത്തിന്റെ   കൂലി   ചോദിയ്ക്കലാണ് ...അരുത്  മകളേ...."

"പിതാവേ....."

"നോക്കൂ,  നിനക്ക്   വേണ്ടി   കരയേണ്ടവൻ  ഞാനാണ് .  നീയോർക്കുന്നില്ലേ ?  ഒരിയ്ക്കൽ  കണ്ണുനീരു കൊണ്ട്  എന്റെ  പാദം കഴുകപ്പെട്ടത്‌ ?  ആ കണ്ണുനീരത്രയും  ഞാൻ   സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു.   എത്ര   വേണമോ  എടുത്തോളൂ...അന്നാ ..നിനക്ക്  വേണ്ടി  ഞാനാണ്  കരയേണ്ടത് ...അതിനാണ്  ഞാൻ  ജന്മമെടുത്തത്...വേദനിയ്ക്കുന്നവർക്ക്  വേണ്ടി കരയാൻ..."

"പൊറുക്കണേ  പിതാവേ.."

ഭൂമിയിൽ  ചടങ്ങുകൾ  തീർന്നു .....അത്യുന്നതങ്ങളിൽ  ദൈവത്തിന് സ്തുതി....


                                                     ***************

2014, ഡിസംബർ 16, ചൊവ്വാഴ്ച

ചിതറിത്തെറിച്ച തുള്ളികൾ .

0 അഭിപ്രായ(ങ്ങള്‍)
                                             ചിതറിത്തെറിച്ച  തുള്ളികൾ .
                                             ------------------------------------
                                                                                                  --ശിവനന്ദ .

                      സമീറയ്ക്ക്   ഭർത്താവ്  വിദേശത്തുനിന്നയച്ച  കത്തുകൾ ,  അവളെഴുതിവച്ച  മറുപടി .....എല്ലാമെല്ലാം ..ഒരു  തീപ്പെട്ടിക്കൊള്ളിയ്ക്ക്  പിന്നിൽ   ആളിക്കത്തി.......ഒരു  ജിന്നാണത്   ചെയ്തതെന്ന്   സമീറയ്ക്ക്   തോന്നി .   ജിന്നിന്   മനുഷ്യമുഖമാണോ ? അവൾ  സംശയിച്ചു..

                    കത്തിയമർന്ന  അക്ഷരങ്ങളിൽ  നോക്കി   സമീറ  പകച്ചു നിന്നു ...ഒരു നിമിഷം ..ഒരേയൊരു  നിമിഷം..അവളുടെ   മനസ്സിൽ ഒരു   ചുഴലിക്കാറ്റ്   രൂപം  കൊണ്ടു .  അതിന്റെ  ഭ്രമണത്തിൽ   അവളൊന്ന്   തിരിഞ്ഞു.  കണ്ണിൽനിന്നൊഴുകിയ   വെള്ളത്തുള്ളികളെ  അവൾ  പകയോടെ   തൂത്തെറിഞ്ഞു .   ചിതറിത്തെറിച്ച   തുള്ളിൽകളിൽ നിന്നും   ആയിരം   സമീറമാർ  ഉയർന്നുപൊങ്ങി .  അവരുടെ   കൈകളിൽ  പേനയോ  പടവാളോ ?  അത്   പടവാൾ തന്നെ.  അവരുടെ   കണ്ണുകളിൽ  കത്തിയെരിയുന്നത്   കാട്ടുതീയോ ?  അതെ..കാട്ടുതീ   തന്നെ..എല്ലാം  ചാരമാക്കാൻ   പോന്ന   കാട്ടുതീ..

"സമീറാ ...."

അത്   അല്ലാഹുവിന്റെ  ശബ്ദം......!

"സമീറാ ......കോപവും   താപവും   മറന്ന്  നീ   ശാന്തയാകൂ.... കത്തിയെരിഞ്ഞത്   വെറും   കടലാസ്സ് ചുരുളുകളാണ് .   അത്   നശ്വരമാണ് .   നീ   നിന്റെ   മനസ്സിലെഴുതൂ...ആത്മാവിലെഴുതൂ....അതാണ്‌  അനശ്വരം.."

"അല്ലാഹുവേ...എങ്കിൽ ഞാനൊന്ന്   കരഞ്ഞോട്ടെ?"

"അരുത്.....നീയറിയണം സമീറാ ,  ഭൂമിയിൽ  നന്മയോടൊപ്പം തിന്മയും  വേണം...ഭൂമിയുടെ   നിലനിൽപ്പിന്  അതാവശ്യം."

എന്നിട്ടും   അല്ലാഹുവിന്റെ   നെഞ്ചിൽ  മുഖമണച്ച്   അവൾ  കരഞ്ഞു....പിന്നെ...മെല്ലെ മെല്ലെ...അവൾ   ശാന്തയായി...ഒരു   നീലത്തടാകം  പോലെ....








               

                        

എല്ലാവർക്കും ക്രിസ്മസ് ആശംസകൾ .

0 അഭിപ്രായ(ങ്ങള്‍)
                                            എല്ലാവർക്കും   ക്രിസ്മസ്  ആശംസകൾ .



ദൈവത്തിന്റെ പൂർണ്ണത  നഷ്ടപ്പെടുത്താതെ,   മനുഷ്യന്റെ  പരിമിതിയ്ക്കുള്ളിൽ  ദൈവത്തെ   വെളിപ്പെടുത്തുന്ന തന്റെ ജീവിതാനുഭവം  ലോകത്തിന്  കാണിച്ചു കൊടുത്ത ക്രിസ്തു,   കൊട്ടാരത്തിലല്ല , പശുത്തൊട്ടിലിലാണ്  ജനിച്ചത് . ഭാവിയുടെ സമാധാനം രാഷ്ട്രീയ സാമ്പത്തിക ശക്തിയിലല്ല ,  ധർമ്മം നിഷേധിയ്ക്കപ്പെട്ട് അനാഥനായ മനുഷ്യൻ വസിയ്ക്കുന്ന പശുത്തൊട്ടിലിലാണെന്ന്  ക്രിസ്മസ് പ്രഖ്യാപിയ്ക്കുന്നു .  അർത്ഥപൂർണ്ണവും  ആശയഗാംഭീര്യവുമുള്ള  ഒരു സത്യമാണ്  ക്രിസ്മസിന്റെ  ദൂത്.  സന്തോഷവും  സമാധാനവും  മനുഷ്യന്  ലഭിയ്ക്കാൻ , ക്രിസ്തു, സകലരാലും നിഷേധിയ്ക്കപ്പെട്ടവനായി , തെറ്റിദ്ധരിയ്ക്കപ്പെട്ടവനായി  മനുഷ്യർക്ക്  വേണ്ടി   മരിച്ച് , അധർമത്തെ നശിപ്പിച്ച്  ധർമ്മത്തെ  സ്ഥാപിച്ചിരിയ്ക്കുന്നു  എന്ന  സത്യമാണ് ക്രിസ്മസ്.  പശുത്തൊട്ടിലുകളെ  കൊട്ടാരങ്ങളായി   രൂപാന്തരപ്പെടുത്തനം .   നീതിയും സമാധാനവും  സന്തോഷവും  മനുഷ്യത്വവും എല്ലായിടത്തും   കാണത്തക്ക   ഒരു  കേരളം ,  ഒരു  ഭാരതം ,  ഒരു  ലോകം   ക്രമപ്പെടുത്തുന്നതിന്  ഈ ക്രിസ്മസ്  കാരണമാകട്ടെ....എല്ലാവർക്കും എന്റെ  ഹൃദയം   നിറഞ്ഞ  ക്രിസ്മസ്   ആശംസകൾ..

2014, ഡിസംബർ 9, ചൊവ്വാഴ്ച

0 അഭിപ്രായ(ങ്ങള്‍)
താഴെ കൊടുത്തിരിയ്ക്കുന്നത്  എന്റെ സുഹൃത്ത് നിവേദിത എന്നെക്കുറിച്ചെഴുതിയ  ഒരു  ബ്ലോഗ് ആണ് .  അവരുടെ  അനുവാദത്തോടുകൂടി   ഞാനിത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ശാരികയും ശിവനന്ദയും


ആൽമരത്തിന്റെ ചില്ലയിലിരുന്ന് ശാരികപ്പൈതൽ ഏറെ നേരം ചിന്തിച്ചു. 
അകലെ ശിവനന്ദയുടെ വീട്ടിൽ ഇപ്പോഴും വെട്ടം കാണാം. 
ദൂരത്തായാതുകൊണ്ടാകം ഒരു മിന്നാമിനുങ്ങെന്നേ പറയാവൂ.
ഉറങ്ങിയിട്ടുണ്ടാവില്ല. എഴുത്ത് ആയിരിക്കും. ഒത്തിരി കഥകളും കവിതകളും എഴുതിയ ആളല്ലേ. എഴുത്തച്ഛന്റെ വകയിലാരോ തന്നെ.
അങ്ങേരെഴുതുമ്പോൾ കുത്തും കോമയും ഒന്നുമില്ലായിരുന്നു. 
നാരായം കൊണ്ട് പനയോലയിൽ കുത്തിയാൽ കീറിപ്പോവില്ലേ. 
ഇതങ്ങിനെയല്ല. പൂർണ്ണ വിരാമത്തിന്റെ കീയിൽ കൊട്ടിക്കൊന്ണ്ടേ ഇരിക്കും.
അക്ഷമ. കോപം. ക്രോധം. നാവിൽ വാക്ക് പിറക്കാൻ താമസിക്കുന്നതിന്റെ ഈറ്റുനോവ്. നിശ്ശബ്ദത. മൌനം. ഉന്മാദം. തനിക്ക്  തന്നെ നല്കുന്ന നീണ്ട കയ്യടി. ഗതകാലത്തിന്റെ ശവപ്പെട്ടിമേൽ നിരവധി ആണികൾ. കർത്തവ്യങ്ങൾക്കും കടമകൾക്കും മീതെ ലേലം ചെയ്യുന്നതിന്റെയും അലക്ഷ്യമായ കോടതിക്കെതിരെയും കൊട്ടുവടി. എന്നിങ്ങനെ ഒരായിരം അർത്ഥം മുറ്റി നില്ക്കുന്ന അർദ്ധവിരാമങ്ങൾ.
ജനാലയിൽ ഒരു പച്ചില വന്നിരുന്നെന്നു കരുതി അതിനോട് കുശലം പറയാൻ തുടങ്ങിയപ്പോഴാണ് ശിവനന്ദ അസാധാരണമായ ചുവപ്പുനിറം കണ്ട് ശാരികയെ തിരിച്ചറിഞ്ഞത്. 
തുഞ്ചൻ പറമ്പിലൊക്കെ ഒന്ന് പോകണമെന്ന് വിചാരിച്ചിട്ടു നടക്കുന്നില്ല. 
ശാരിക ചിരകിനടിയിൽ നിന്ന് നോട്ട് പാഡ് പുറത്തെടുത്തു. ചുണ്ട് കൊണ്ട് പേന പിടിച്ചു.
"പേരിന്റെ കാര്യമൊന്നും എനിക്കറിയേണ്ട. ഞാൻ ബ്ലോഗ്‌ വായിച്ചിട്ടുണ്ട്. ചോദിച്ചാൽ സത്യം പറയില്ലെന്നുമറിയാം"
"കള്ളം പറയുമെന്നാണോ"
"എന്റെ പൊന്നേ, ഞാനങ്ങിനെയൊന്നും പറഞ്ഞില്ല."
"എനിക്ക് മനസ് വായിക്കാൻ കഴിയും"
"പുസ്തകം, വീണ, വയലിൻ, ഓടക്കുഴൽ, മനസ്‌, എഴുതാപ്പുറം..... വലിയ വായനക്കാരിയാണല്ലേ?"
"എഴുത്തുകാരിയും. തലയിലെഴുത്തല്ലാതെ എന്തും എഴുതും ."
"കഥയും കവിതയും വായിച്ചതിൽ നിന്നും ചില ഊഹാപോഹങ്ങൾ പറയട്ടെ?"
"ആവാം. അന്യരുടെ മണ്ടത്തരങ്ങളോട്‌ എനിക്ക് ഏറെ സഹിഷ്ണുതയാണ്‌ "
"ജാതകവശാൽ ഇത് രണ്ടാം ജന്മം. ഈ ജന്മത്തിൽ. രചന തന്നെ കര്മ്മമെന്നു തിരിച്ചറിഞ്ഞിരിക്കുന്നു പോയജന്മത്തിൽ അങ്ങിനെയൊ ന്നുമില്ലായിരുന്നു അരങ്ങു കണ്ടിടത്തൊക്കെ തകർത്താടി"
" ഒരു വിധം ഒപ്പിച്ചു എന്ന് പറയാം. അത് ഗതജന്മം. ഗതി കിട്ടാത്ത ജന്മം. അന്ന് അറച്ചറച്ചും ഇന്ന് ഉറച്ചുറച്ചും . "
"ഇതെന്താ ഇത്? വാക്പോരിന്റെ ആളാണല്ലോ"
"രാമായണവും മാനിഫെസ്ടോയും ഒന്നിച്ചു തിന്നതിന്റെ അജീർണ്ണം. എമ്പക്കത്തിനു പകരം വാക്കുകൾ "
"ഇതെവിടുന്നാണീ കഥകളൊക്കെ? ഞങ്ങൾക്കൊക്കെ നടന്നിട്ട് ഒരു വണ്‍ ലൈൻ പോലും കിട്ടുന്നില്ലല്ല്ലോ"
"നിങ്ങൾ പുറത്തു തപ്പുന്നു. ഞാൻ അകത്തു തപ്പുന്നു. ഞാനെന്നെ മുറിച്ച് ഒരു നൂറ്റിയൊന്ന് കുടത്തിൽ ഇട്ടു വെച്ചിട്ടുണ്ട്. നാല്പതെണ്ണമേ കൈകൾ കുടഞ്ഞു പുറത്തു വന്നുള്ളൂ"
"അങ്ങിനെ പറ. ചുമ്മാതല്ല കഥാപാത്രങ്ങൾക്ക് വൈവിധ്യം ഒന്നും ഇല്ലാത്തത്. ഉള്ളിലാണ് വൈവിധ്യം. അത് ഉള്ളി പൊളിക്കും പോലെ കീറിക്കീറി ഇരിക്കാൻ രസമാണല്ലേ"
"ഞാനവരുടെ ?ഉള്ളിൽ കിടന്നവരുടെ ഉള്ളു കാണാൻ എളുപ്പമാണ് . ഞാനൊരു രഹസ്യം പറയാം."
"പറയൂ, പറയൂ."
"അവര്ക്കൊന്നും പറയാനാവില്ല. ഒക്കെ ഞാൻ അവരെക്കൊണ്ട് പറഞ്ഞും പാടിയും അഭിനയിച്ചു കാണിച്ചും പഠിപ്പിച്ചെടുക്കുന്നതാ. എന്നാലേ പുസ്തകത്താളിൽ നട്ടെല്ലു നിവർത്തി നിന്ന് നാലു പറയാൻഅവർക്കാകൂ"
"ഓ ഇത്രേ ഉള്ളോ? ഞാൻ വിചാരിച്ചു...."
" എന്റെ അ നുവാദമില്ലാതെ എന്നെപ്പറ്റി ഒന്നും വിചാരിക്കരുത്. പ്ലീസ്. അതെനിക്കിഷ്ടമല്ല"
"ഞാൻ വിചാരിച്ചു തനിപ്പകർപ്പുകളായി ചില കഥാ പാത്രങ്ങളെങ്കിലും കാണുമെന്ന് ."
"അങ്ങനെ പകർത്തി എഴുതേണ്ട ആവശ്യമൊന്നുമില്ല. അവരവരും ഞാൻ ഞാനുമായി ത്തന്നെ ഇരുന്നോട്ടേ"
"നളന്റെ ശിഷ്യയാണെന്ന് കേട്ടിട്ടുണ്ടല്ലോ?"
"ശരിയായിരിക്കാം. നാവിന്റെ ശക്തിക്ക് അങ്ങനെ ഒരു പ്രയോജനം കൂടി ആയി."
"ഇതെന്തിനാണീ മറ? മറയ്ക്കാനേറെ യുണ്ടോ?"
"മറയ്ക്കാനേറെയില്ല, മറക്കാനെറെയുണ്ട്. ഞാനും ശിവനന്ദയും. ഞങ്ങളുടെ നൂറ്റിയൊന്നു കുഞ്ഞുങ്ങളും. ഞങ്ങളിൽ ഒരാൾ ഒരിക്കൽ മരിക്കും. മറ്റെയാൾ എന്നും ജീവിക്കും. അത് ശിവാനന്ദ യായിരിക്കും. ഞാനായിരിക്കില്ല. പക്ഷെ അവളിലൂടെ ഞാൻ അറിയപ്പെടും."
"39 ബ്ലോഗ്ഗും ഞാൻ വായിച്ചു പഠിച്ചു. നിർജീവ വസ്തുക്കൾക്ക് ജീവനും സ്വേച്ഛയും കൊടുക്കാ നിഷ്ടമാണ ല്ലേ?'
"അതെ. ഞാൻ ജീവന് ഏറെ വില കൽപ്പിക്കുന്നു. കല്ലിനും മണ്ണിനും കുന്നിനും പുഴയ്ക്കും ഒക്കെ ജീവനുണ്ട്. ഞങ്ങൾ കണ്ടു മുട്ടുമ്പോഴൊക്കെ ധാരാളം കാര്യം പറയാറുണ്ട്‌"
" വാക്കുകളുടെ വിഗ്രഹാർഥമൊക്കെ നന്നായിട്ടറിയാമല്ലോ"
"വാക്കുകളെയും അക്ഷരങ്ങളെയും ഞാൻ ആരാധിക്കുന്നു. അവ അർഥ മുള്ള വിഗ്രഹങ്ങളാണ് അങ്ങിനെ വിഗ്രഹാർത്ഥ വും മനസ്സില് പതിഞ്ഞു" "എഴുതാനഗ്രഹിക്കുന്ന കഥകൾ ഉണ്ടോ?"
"ധാരാളം. കൂടുതലും സംഭവിക്കരുതേയെന്നു ആശിക്കുന്നത്."
"അഗ്നിയാണൊ ഇഷ്ടദേവൻ ?" "
"എന്ന് തോന്നുന്നു. സ്നേഹത്തിനു അഗ്നിയുടെ ഊഷ്മള ഭാവം ഉണ്ടല്ലോ. ചിത്രശലഭത്തിന്റെ ചിറകു കരിഞ്ഞെന്നും വരും. സ്നേഹത്തിന്റെയും ശക്തിയുടെയും പര്യായമായി അഗ്നിയെ കാണാമെന്നു തോന്നുന്നു. സ്നേഹവും സ്വാതന്ത്ര്യവും വിഭിന്നമല്ല"
"കഥകളിലാകെ ശക്തി നില്ക്കുന്നു. ഏതാണ്ടൊരു യുദ്ധത്തിന്റെ ചൂരാണ് കഥകൾക്കെല്ലാം. അക്ഷരങ്ങളിൽ ഊർജ്ജം തുളുമ്പിത്തുടി ച്ചു നില്ക്കുന്നു.വ്യക്തിത്വം ഭാവം വിഭിന്ന രൂപങ്ങളിൽ കഥാപാത്രമായി രംഗത്തു വരുന്നു. അടിമത്തത്തിനോടാണ് ഏറ്റവും കലഹം. നിർജീവ വസ്തുക്കൾ പോലും സ്നേഹത്തിനല്ലാതെ മറ്റൊന്നിനും അടിമപ്പെടുന്നില്ല.. ഉദാഹരണം മയില്പീലി യും, വേണിയും ശിരസ്സിജയും. "
"അതേ സമൂഹം വ്യക്തിയേക്കാൾ വലുതാവുമ്പോഴും വ്യക്തി സമൂഹത്തേക്കാൾ വലുതാവുമ്പോഴും സ്വാർഥതയും സ്നേഹശൂന്യ തയും മുളപൊട്ടുന്നു. സമൂഹം വ്യക്തിയേയും വ്യക്തി സമൂഹത്തേയും ബഹുമാനിക്കണം. ബന്ധങ്ങളും അങ്ങനെ തന്നെ വേണം."
"വിശക്കുന്നു"
"കഞ്ഞിയും പയറും പപ്പടവും. പിന്നെ കരിനെല്ലിക്ക ഉപ്പിലിട്ടതും"
"നൂഡിൽസ്?"
"പിന്നെന്താ! റെസ്റ്റോറന്റിൽ നിന്നും വരുത്തി തരാം."
2 അഭിപ്രായ(ങ്ങള്‍)
താഴെ കൊടുത്തിരിയ്ക്കുന്നത്  എന്റെ സുഹൃത്ത്  ശ്രീകുമാർ , എന്റെ പുസ്തകത്തിന് എഴുതിയ നിരൂപണമാണ് . അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി  ഞാനത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ജനാലയ്ക്കു പുറത്തെ കൂടുതൽ ഇടുങ്ങിയ ലോകം

ശിവനന്ദയുടെ സ്റ്റാർ സ്പെന്റ്റ് ഗംഭീരമായി നടക്കുന്ന ആഴ്ചയിലാണ് ഈ കുറിപ്പെഴുതുന്നത്. അവരുടെ ബ്ലോഗ്ഗുകൾ  വായിച്ചെങ്കിലും സാഹസികമായി  പുസ്തകം പ്രസിധീകരിച്ചപ്പോൽ അത് ആ രൂപത്തിൽ തന്നെ വായിക്കണം എന്ന് തോന്നി. ഒറ്റ ഇരുപ്പിൽ തന്നെ നൂറു പേജും വായിച്ചു. പിന്നെ വീണ്ടും ആറു  തവണ കൂടി. പിന്നെ ഇന്ന് വീണ്ടും.
കഥകളുടെ പേരിൽത്തന്നെ ഒരു വെളിവാക്കലുണ്ട്. ശീർഷകങ്ങൾ കാണുമ്പോൾ അവയൊക്കെ ജീവിത യാത്രയിലെ പെരുവഴിയമ്പലക്കുറിപ്പുകൾ ആണെന്ന് തോന്നും. പക്ഷെ  അങ്ങിനെയല്ല. അനുഭവങ്ങൾ ധ്യാനത്തിലൂടെ രൂപപ്പെടുത്തി യെടുക്കുന്നതാണ് തന്റെ രീതി എന്ന് ക്രിസ്സിനു കൊടുത്ത നീണ്ട മറുപടിയിൽ ശിവനന്ദ വിശദമായി പറഞ്ഞിരിക്കുന്നു. കഥകൾ  അതിനു സാക്ഷി.
മരവും മയിൽപീലിയുമൊക്കെ ശിവനന്ദയുടെ രചനകളിൽ കാണാറുണ്ട്‌. ആണിന്റെ ശബ്ദത്തിലും പെണ്ണിന്റെ ശബ്ദത്തിലും വളരെ വിശ്വസനീയമായ രീതിയിൽ എഴുതാറുമുണ്ട്.ഈ സമാഹാരത്തിലെ ആദ്യത്തെ കഥയിൽ ഒരു വയസ്സനാണ് സംസാരിക്കുന്നത്. പക്ഷെ വിശ്വസാഹിത്യ കാരന്മാരെപ്പോലെ ആത്മനിര്യാസത്തോടെയുള്ള എഴുത്തല്ല ശിവനന്ദയുടേത്. കഥകളുടെ അന്തരീക്ഷത്തിൽ കഥാകൃത്ത് ഒരു ചൂരലുമായി കറങ്ങി നടപ്പുണ്ട്. ആദ്യത്തെ കുഞ്ഞിനെ വളർത്തു മ്പോൾ എല്ലാ അമ്മമാരും ഇങ്ങനെ ആയിരിക്കും. കുഞ്ഞുങ്ങളൊക്കെ അങ്ങു വളരും. അപ്പോൾ കാണാം. അവർ കഥാകൃത്തിനെ വഴിയിലിറക്കി വിടുന്നത്.
പല കഥകളും കാൽപനികവും ഫാന്റസികളുമാണ്. ദേശകാലങ്ങൾക്ക് വലിയ പ്രാധാന്യമില്ല. ജനാലയ്ക്കപ്പുറത്തേയ്ക്കു നോക്കിയാണ് താൻ എഴുതുന്നതെന്ന് പറയുന്ന ശിവനന്ദ നമുക്ക് കാട്ടിത്തരുന്ന ലോകം തടവറയെക്കാളും ഇടുങ്ങിയതാണ് മിക്കപ്പോഴും. അവിടെടവിടെയായി അതിഭാവുകത്വവും ഒക്കെ കാണാം. ചിലപ്പോൾ സെന്ടിമെന്ടാലിറ്റിയും. ഇടയ്ക്കൊന്നു പറയട്ടെ സെന്റിമെന്റൽ എന്നാൽ അപാരമായ ശുഭാപ്തി വിശ്വാസമെന്നേ അർത്ഥമുള്ളു. അത് മെലോഡ്രാമ എന്ന അർത്ഥ ത്തിൽ ഉപയോഗിക്കുവാൻ പാടില്ല.
ഈ കഥകളിലെ ലോകം ആണുങ്ങൾക്ക് നേരിട്ട് പരിചയമുള്ളതല്ല. അവിടെ സ്ത്രീകളുടെ മനസ്സും അന്ത:സംഘർഷങ്ങളും നമുക്ക് കാണാം. വിരലിലെണ്ണാവുന അവയവങ്ങളേ സ്ത്രീകൾക്കുള്ളൂ എന്ന് ശഠിക്കുന്ന പുരുഷന്മാരെയും കാണാം. അല്ലാത്തവരും ഉണ്ട്. അവരുടെ സാന്നിധ്യം അങ്ങനെ അല്ലാത്തവരെ ചൂണ്ടി ക്കാട്ടുക എന്നതാണെന്നു തോന്നുന്നു.
ശിവനന്ദ ഈ ലോകം കാട്ടുന്നത് അന്യർ വെച്ച് കൊടുത്ത കണ്ണടയിലൂടെ അല്ല. വിവിധ കഥകളിലായി കഥാകാരിയുടെ ജീവിതവും വളപ്പൊട്ടുകളായി ചിതറിക്കിടക്കുന്നു. ഇത് വായനക്കാരൻറെ കണ്ണിൽ പെടുകയും പുസ്തകം വായിച്ച ശേഷവും കണ്ണിൽ വീണ മണൽതരി പോലെ അവരെ അസ്വസ്തരാക്കുകയും ചെയ്യും. ആ വളപ്പൊട്ടുകൾ കൊണ്ട് നക്ഷത്രാ ങ്കിതമാണ് ഈ കഥകളെല്ലാം
പരപ്പേറിയ വായനയിൽ നിന്നും ഉള്ളിലെ സംഗീതത്തിൻറെ താളക്രമത്തിൽ  നിന്നും (അച്ഛൻ, അമ്മ, 10 വർഷത്തെ സംഗീതാഭ്യാസം) നേടിയ ഭാഷാശുദ്ധി അർത്ഥവൈകല്യത്തിന്റെയും യുക്തിഭംഗത്തിന്റെയും കരടില്ലത്തതാണ്. അതിലെഴുതിയ വാക്കുകൾ സത്യത്തിന് സാക്ഷി പറയാനെത്തുമ്പോൾ അവയുടെ മൂർച്ചയും തീർച്ചയും (ശിവനന്ദയുടെ വാക്കുകൾ) ജീവിതമെന്ന കാട്ടുകല്ലിൽ നിന്ന് കൊത്തിയെടുക്കുന്നത് അന്യൂനമായ വെണ്ണക്കൽ ശില്പങ്ങളാണ് . ഈ കഥാപാത്രങ്ങൾക്ക് ജന്മം നല്കുന്ന ഈറ്റുപുര എന്തുമാത്രം അടുക്കും ചിട്ടയും വെടിപ്പും വൃത്തിയും ഉറപ്പും ഉള്ളതാണെന്ന് വായനക്കാരൻ തിരിച്ചറിയുന്നു. അവരുടെ സുഹൃത്തായ നിവേദി തയുടെ രണ്ടു വരികൾ എഴുതി ഇത് അവസാനിപ്പിക്കാം .
എഴുതാതെയുള്ളിൽ തുടിച്ചു നിൽക്കും 
ഏഴഴകുള്ള നിൻ കാവ്യലോകം 
പുഴപോലെയൊഴുകിപ്പരന്നിടുമ്പോൾ 
അഴലിന്നതീതയായ് തീർന്നു നീയും

2014, ജൂലൈ 13, ഞായറാഴ്‌ച

0 അഭിപ്രായ(ങ്ങള്‍)

എന്റെ പ്രിയപ്പെട്ട കവിയത്രിക്ക്



ഇവിടെ ഞാന്‍ അധികം കടുപ്പമുള്ള സാഹിത്യങ്ങൾ ഒന്നും വായിക്കാറില്ല ..എനിക്ക് ഏറെ ഇഷ്ടം തിരുട്ടു തമാശകളും എന്റെ കൊച്ചു പെങ്ങൾ നന്ദൂസിന്റെ രചനകളും തമാശകളും ഒക്കെ തന്നെ ആണ് എനിക്ക് പ്രിയം
വലിയ സാഹിത്യം എനിക്ക് ശരിക്കും മനസ്സിലാവാറില്ല എന്നതാണ് സത്യം .
എങ്കിലും അടുത്ത കാലത്തായി കൂട്ടത്തിലെ ഒരു എഴുത്തുകാരിയുടെ നല്ല ചില രചനകൾ വായിക്കാനിടയായി ..ആ രചനകളിലെ മധുരം എന്നെ വല്ലാതെ ആകര്ഷിച്ചു ...അത് കൊണ്ട് ആ രചയിതാവിനെ കുറിച്ച് ആവട്ടെ എന്റെ ഇന്നത്തെ വിഷയം എന്ന് ഞാൻ തീരുമാനിച്ചു ...
രാവായാലെന്ത് പകലായാലെന്ത്
രണ്ടിനുമെനിയ്ക്കിന്നൊരേ നിറം..
നോവായാലെന്ത് സുഖമായാലെന്ത്
രണ്ടിനുമെനിയ്ക്കിന്നൊരേ മുഖം ..
========================
ഇലകൾ ചുരുണ്ടിതളുകൾ ചുരുണ്ട്
വിടരാൻ മടിയ്ക്കുന്ന വയൽപ്പൂ പോലെ ഞാൻ ...
നിനവുകളിലൊക്കെയും നിദാന്ത ശൂന്യത
ജീവനിലിരുളിന്റെ ജഡനിർവ്വികാരത
==================
ഞാൻ ഏറെ ബഹുമാനിക്കുന്ന ഇഷ്ടപ്പെടുന്ന ആ എഴുത്തുകാരിയുടെ എനിക്കിഷ്ടം ആയ ചില വരികളാണ് മേലെ കുറിച്ചതും
കൂട്ടത്തിലെ എന്നും വെറും തിരുടനായ എന്നെപറ്റി നിങ്ങളൊക്കെ മനസ്സിലാക്കിയ നിലക്ക് എന്റെ ഗൌരവത്തോടെ ഉള്ള സംസാരത്തിന് നിങ്ങൾ വില നല്കുമോ എന്നും എനിക്കറിയില്ല ...എങ്കിലും ..
ഈ രചനയിതാവിനെ കുറിച്ചും രചനയെ കുറിച്ചും രണ്ടു വരി കുത്തികുറിക്കാൻ എനിക്ക് ആഗ്രഹം ..
ആ നല്ല എഴുത്തുകാരിയെ കുറിച്ച് ഞാൻ എഴുതികൊട്ടെ ...
ഇത് ചിരിക്കാന്‍ അല്ല
ഗൌരവത്തില്‍
ഞാന്‍ എഴുതട്ടെ
കൂട്ടത്തിലെ ഈ നിശബ്ദ സാന്നിധ്യം
മൃദുവും നേര്‍ത്തതുമായ
വീണാനാദം പോലെ
എന്നെ ആകര്‍ഷിക്കുന്നു
അവരുടെ രചനകൾ എന്നെ വല്ലാതെ ചിന്തിപ്പിക്കുന്നു
വെറും തിരുട്ടു മാത്രം അല്ല സാഹിത്യം എന്ന് ഞാൻ പഠിക്കുന്നു
മദിപ്പിക്കുന്ന തിളക്കമല്ല
വാക്കുകളുടെ മായജാലമല്ല
വിനയവും സ്നേഹവും
അതാണ്‌ ഈ എഴുത്തുകാരിയെ നേരിൽ കണ്ടില്ലെങ്കിലും മിണ്ടിയില്ലെങ്കിലും രചനകൾ വഴിയും പ്രതികരണങ്ങൾ വഴിയും ഞാൻ മനസ്സിലാക്കിയത്
കൂട്ടത്തിൽ അടുത്ത കാലത്തായി ഏറെ ശ്രദ്ധ നേടിയ ഈ എഴുത്തുകാരി
തലക്കനം കൊണ്ടോ
കഴിവുകൾ കൊണ്ടോ
ത്രസിപ്പിക്കുന്ന രചനകൾ കൊണ്ടോ മാത്രം അല്ല എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരി ആയതു
ഭൂമിയോളം കുനിയുന്ന തലയും..
അല്‍പ്പംപോലും
അഹങ്കാരം ഏശാത്ത സംസാരവും
എല്ലാവരുടെ രചനകളിലും കയ്യൊപ്പ് ചാര്താനുള്ള മനസ്സും
ഞാൻ വലിയ ഒരു എഴുതുകാരിയൊന്നും അല്ലായെ
ഞാനും ഈ ലോകത്ത് ജീവിച്ചുപോയ്ക്കൂട്ടെ
നിങ്ങള്‍ എന്നെ ഉപദ്രവിക്കല്ലേ
എന്ന ശാന്തതയും
കൂടെ
എല്ലായ്പോഴും സ്നേഹവും
എല്ലാം എല്ലാം കൊണ്ടാണ്
ഞാൻ ഈ എഴുത്തുകാരിയും രചനയും ഇഷ്ടപ്പെട്ടത് .
ആ അറിവിന്റെ
സ്നേഹത്തിന്റെ
ലാളിത്യംനിറഞ്ഞ എഴുത്തിന്റെ
അന്യരെ ബഹുമാനിക്കുന്ന
നല്ല മനസിന്റെ
ആരാധകന്‍ ആണ് ഞാന്‍
മംമൂസ് ആരെയും വെറുതെ പൊക്കി പറയാറില്ല ..പറയുകയും ഇല്ല
ഇന്നേവരെ
മംമൂസിന്റെ ലിങ്ക് കിട്ടാതെ തന്നെ
എന്റെ രചനവായിച്ചു
തിരക്കിനിടയിലും എന്നെ പ്രോത്സാഹിപ്പിക്കാനും ഇവർ സമയം കണ്ടെത്തിയിട്ടുണ്ട്
സമപ്രായക്കാരുടെ ഇടയിലെ
വിളഞ്ഞവിത്തും
മുതിര്‍ന്നവരുടെ ഇടയിലെ
മുടിഞ്ഞവിത്തും ആയ എന്നെ
സ്നേഹത്തിന്റെ കണ്ണ് കൊണ്ട് മാത്രം
ആലിംഗനം ചെയ്ത എന്റെ പ്രിയപ്പെട്ട പെങ്ങൾ നന്ദൂസിനെ കൂടി ഞാൻ ഈ അവസരത്തിൽ ഓര്ക്കുന്നു
എന്നെ ഇവിടെയും അവിടെയും ഒക്കെ പലരും പലതും പറഞ്ഞു
അധിക്ഷേപിച്ചും അവഹേളിച്ചും
എന്നെ ഒറ്റ പെടുത്തിയപ്പോള്‍
വിവേകപൂര്‍വമായ വാക്കുകള്‍ കൊണ്ട്
എന്റെ കൂടെ തന്നെ പെങ്ങളായി നിന്ന്
എന്റെ മനസിനെ തലോടിയ
നന്ദൂസും എനിക്ക് ഏറെ പ്രിയപ്പെട്ട പെങ്ങളും എഴുത്തുകാരിയും ആണ് .
ഈ രണ്ടു എഴുതുകാരിക്കും എന്റെ
സ്നേഹത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകള്‍
ഞാൻ എന്നും നല്ല എഴുത്തുകാരെ ആരാധിക്കുന്നു
ഇനിയും ഒരു പാട് നല്ല നല്ല കവിതകളും രചനകളും ആയി
ഇവരൊക്കെ കൂട്ടത്തിൽ തിളങ്ങട്ടെ .
ഇങ്ങനെ ഉള്ളത് എഴുതിയതപ്പോള്‍
മംമൂസിനൊരു സന്തോഷം
ഇതിലും എന്റെ കലാംശം തിരയുന്നവര്‍ തിരയട്ടെ.
ഈ ബ്ലോഗ്‌ എന്റെ കൂട്ടുകാര്ക്ക് വേണ്ടി സമര്പ്പിക്കുന്നു
ആശംസകള്‍....

2014, ജൂൺ 23, തിങ്കളാഴ്‌ച

കാലം സാക്ഷി .

0 അഭിപ്രായ(ങ്ങള്‍)
                                           കാലം  സാക്ഷി .
                                           ------------------------
                                                                                 -- ശിവനന്ദ .

                               കോളിങ്ങ്    ബെല്ലടിയ്ക്കുന്നത്   കേട്ട്   ദേവി   തളർച്ചയോടെ   മുൻവശത്തേയ്ക്ക്  ചെന്നു .  വാതിൽ   തുറക്കാൻ   തുടങ്ങുന്നതിനിടെ   അവൾ   മുകളിലേയ്ക്കൊന്ന്   നോക്കി .   മകളുടെ   മുറി   അടഞ്ഞു   കിടക്കുകയാണ് .   വാതിൽ   തുറന്നു.  മഹിയാണ് .   അയാൾ   ഒന്നും   മിണ്ടാതെ   മുകളിലേയ്ക്ക്   കയറി .

" ഭക്ഷണം   വേണ്ടേ   മഹി ?"

"വേണ്ട "

ഒരു നിമിഷം   ആ  പോക്ക്   നോക്കിനിന്നു .  പിന്നെ  ഊണുമേശയ്ക്കരികിൽ   വന്ന്   കസേര   വലിച്ചിട്ടിരുന്നു.   വല്ലാതെ   മടുപ്പ്   തോന്നി .   മുഖം   കൈകളിൽ  താങ്ങിയിരുന്നു.   ദീർഘമായി   നിശ്വസിച്ചു .   ഒരു   കൊടുങ്കാറ്റ്   ചുരുങ്ങിച്ചുരുങ്ങി   തന്റെ   ദീർഘനിശ്വാസമായതുപോലെയാണ്   ദേവിയ്ക്ക്   എന്നും   തോന്നാറുള്ളത് .   അവൾ   ആലോചിച്ചു ,  കാലം   എത്ര   വഴിതെറ്റിയാണ്   യാത്ര   ചെയ്തത് ..!   സ്വപ്നത്തിലെങ്കിലും   കരുതിയിരുന്നോ   ഇങ്ങനെയൊരു   കാലപ്രയാണം ?

                                                           * * * *


" അമ്മയെ   കണ്ടാൽ   നിന്റെ  ചേച്ചിയാണെന്നേ   പറയൂ   അനുപമാ .."

മകളോട്   അവളുടെ   സുഹൃത്തുക്കൾ   പറയാറുണ്ട് .   പക്ഷെ  അവളത്   ഒരു  ചളുങ്ങിയ   ചിരിയോടെ   അവഗണിയ്ക്കും .

" ദേവീ,  എത്ര   നാളാ   ഇങ്ങനെ....?  അനുവിന്   പ്രായപൂർത്തിയായി .   അവളുടെ  വിവാഹം  കഴിഞ്ഞാൽ ....?"

ഈ  ചോദ്യം   നിരന്തരം   നേരിട്ടത്   വർഷങ്ങൾക്ക് മുന്പായിരുന്നു ........ഏഴു വയസ്സായ  മകളുടെ ജീവിതം   തന്റെ   കൈയ്യിലാണോ  അതോ  തന്റെ  ജീവിതം   മകളുടെ   കൈയ്യിലാണോ   ഭർത്താവ്   ഏല്പിച്ചതെന്നറിയില്ല.   ഒരു   പ്രഭാതത്തിൽ  തനിയ്ക്ക്   തീരാനടുക്കം   സമ്മാനിച്ച്   യാത്ര   അവസാനിപ്പിച്ച  ആ   ഹൃദയം ..........കാലത്തിന്റെ   കൈയ്യിൽ  തങ്ങളെ   രണ്ടുപേരെയും   ഏൽപ്പിച്ചതാണോ?  അതുമറിയില്ല .   കണ്ണീരുണങ്ങി   പകച്ചു നിന്ന   തന്നെ   നോക്കിയ   കാലത്തിന്റെ   ചിരി   എത്ര  വികൃതമായിരുന്നു  !തന്റെ   ചിരിയും   കരച്ചിലും   ഒന്നിച്ച്   കവർന്നെടുത്തു  ആ  മാന്ത്രികൻ .

സ്വപ്നങ്ങളുടെ ശവകുടീരത്തിലാണു   മകൾക്ക്  കൊട്ടാരം   പണിതത് .

" പാവം....ഇത്ര   ചെറുപ്പത്തിലേ.............."

തന്റെ   ചെറുപ്പം   അനാഥമായതിലായിരുന്നു   എല്ലാവർക്കും  സഹതാപം .  ഒരു മനസ്സ്  അനാഥമായത് മാത്രം   ആരുമറിഞ്ഞില്ല .   രാത്രി  കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന   മകളെ   പയ്യെ   അടർത്തിമാറ്റി ,  അറിയാതെ   ഇപ്പുറത്തേഉക്ക്   തിരിയുമ്പോഴുള്ള   ശൂന്യത .......ഉറങ്ങാൻ ......തലയൊന്നു ചായ്ക്കാൻ  ആ വലിയ   കട്ടിലിലോ   ഈ  ഭൂമിയിലെങ്ങുമോ   ഒരിഞ്ച്   സ്ഥലം പോലുമില്ലെന്ന്  തോന്നി.   തല  വയ്ക്കാൻ   ഒരു  കൈത്തലമായിരുന്നു   വേണ്ടത് .   സുരക്ഷിതമായി   മുഖമൊളിപ്പിയ്ക്കാൻ    ഒരു  ഹൃദയമായിരുന്നു   വേണ്ടത്.  എല്ലാം  ഒരുപിടി ചാരമായപ്പോൾ  താൻ   കൂട്ടിവച്ച   സ്വപ്നങ്ങൾ  പരിഹാസത്തോടെയാണ്   തന്നെ   നോക്കിയതെന്ന്   ദേവി  ഓർത്തു .   മരിച്ചുപോയ  ഭർത്താവിന്റെ   ജോലി ഭാര്യയ്ക്ക്   കിട്ടിയാൽ   എല്ലാം   ഭദ്രം. സമൂഹമങ്ങനെ ചിന്തിച്ചു .  ദേവി   ആത്മനിന്ദയോടെ   ഒന്ന്   ചിരിച്ചു .

" എന്റെ   ആങ്ങളയാണ്  ദേവി.  ഭാര്യ   മരിച്ചിട്ട്   ഒരു വർഷമായി .   അനുവിന്റെ   പ്രായമുള്ള   ഒരു   മകളുണ്ട് .  ആലോചിയ്ക്കട്ടെ ?"

സഹപ്രവർത്തകയാണ്   സുലോചന .  അവളിത്   പറയുമ്പോൾ   അനു   അടുത്തുണ്ടായിരുന്നു .   കുട്ടിയുടെ   കണ്ണിൽ  ഭയമായിരുന്നു .   പാവം........അവളെ   ചേർത്ത്  പിടിച്ച്   സുലോചനയെ   നോക്കി   നിഷേധാർത്ഥത്തിൽ   തല   ചലിപ്പിച്ചു .

" വേണ്ടത്   വേണ്ടപ്പോൾ   ചെയ്തില്ലെങ്കിൽ   പിന്നീട്   ദു:ഖിയ്ക്കേണ്ടി വരും . "

അവൾ   മുന്നറിയിപ്പ്   തന്നു .  പക്ഷേ  മകൾ ....അവൾ  വളർന്നു വരുന്നു .   അവളുടെ   സുരക്ഷിതത്വം.....തന്റെ   ഒരു   നിമിഷത്തെ  അശ്രദ്ധയിൽ   അവളുടെ   സുരക്ഷ    ഉടയപ്പെട്ടാൽ ....വേണ്ട. ഒന്നും   വേണ്ട.  മനസ്സിന്റെ   ഈറപ്പിൽ നിന്നും   തല നീട്ടിയ   തളിരില...അത്   നുള്ളിക്കളഞ്ഞു.

        ജോലി...മകളുടെ   പഠിത്തം ....അവളുടെ   വൈകാരികപ്രശ്നങ്ങൾ......സംഘർഷങ്ങൾ .....പരീക്ഷകൾ.....വീട്ടിത്തീർക്കപ്പെടാത്ത   കടങ്ങൾ.....മാസവരികൾ.....വീട്ടുചെലവുകൾ....ഒരുപിടി   കാർമേഘങ്ങൾ  കണ്‍ തടങ്ങളിൽ   അടിഞ്ഞുകൂടി .

                     രാത്രികളിൽ   തന്റെ   കൈച്ചൂടിൽ  മകളുറങ്ങിക്കഴിയുമ്പോൾ ,  തന്നെ നോക്കി   പല്ലിളിച്ചുകാണിയ്ക്കുന്ന   ഏകാന്തതയ്ക്ക്   ഇരുളിന്റെ   നിറം .   സമൂഹത്തിന്റെ   സഹതാപക്കണ്ണുകളിൽ   ആർത്തിയുടെ   നിഴൽയുദ്ധം . വർഷങ്ങൾ   സമ്മാനിച്ച   നിർവ്വികാരതയ്ക്ക്   എന്ത്  നിറം   കൊടുക്കണമെന്ന്   മനസ്സിലായില്ല.

"നിനക്ക്   പിടിച്ചുനിൽക്കാൻ   ബുദ്ധിമുട്ടാവും   ദേവി ...എന്റെ സഹോദരൻ  ഇപ്പോഴും  വിഭാര്യനാണ്.  എന്ത്  പറയുന്നു  നീ? "

അക്കുറിയും   അത്   കേട്ടുകൊണ്ട്   അനു   അടുത്തു തന്നെയുണ്ടായിരുന്നു .   പക്ഷെ  അവളുടെ  ഭാവം   ഒരു  പന്ത്രണ്ട് വയസ്സുകാരിയുടെതായിരുന്നില്ല .   ആ  കണ്ണുകളിൽ  തെളിഞ്ഞ   കനലിന്റെ  അർത്ഥം   ആലോചിച്ച്  അന്ന്  രാത്രി  മുഴുവൻ   വീർപ്പ് മുട്ടി .   എന്താണീ   കുട്ടിയുടെ   മനസ്സിൽ ?  അമ്മയുടെ   ഏകാന്തതയിലാകുമോ   അവൾ   കാണുന്ന   സ്വർഗ്ഗം ?

                അന്ന് ,   വല്യച്ഛന്റെ   മകളുടെ   കുട്ടിയുടെ  കല്ല്യാണത്തിനു ചെന്നപ്പോൾ   നാണിക്കുട്ടിച്ചിറ്റയാണ്   പറഞ്ഞത് ....

" എന്തൊക്കെയായാലും   ദേവീടെ   ഭംഗി   അനൂന്  കിട്ടീല്ല്യാട്ടോ..."

മകളുടെ   മുഖം   ഇരുളുന്നത്   താൻ  വ്യക്തമായി  കണ്ടു.

" ദേവീടെ   സൗന്ദര്യം ..ദേവീടെ   സൗന്ദര്യം ...എല്ലാവര്ക്കും  അതെയുള്ളു.  ഞാനിനി   അമ്മേടെ   കൂടെ   എങ്ങും  വരണില്ല. "

വീട്ടില്   തിരിച്ചെത്തിയതും, അനുവിന്റെ ദേഷ്യം   പുറത്തേയ്ക്ക്   തെറിച്ചു.  അവളുടെ   മനസ്സില്   ഉരുണ്ടുകൂടിയ   മേഘങ്ങൾക്ക്  പകയുടെ   പുകനിറം .....അത്  തന്നെ  വല്ലാതെ  ഭയപ്പെടുത്തിയെന്ന്   ദേവിയോർത്തു.   മകളെ   ചേർത്തുപിടിച്ച്   വിഹ്വലതയോടെ   പറഞ്ഞു.

"ആരെങ്കിലും   എന്തെങ്കിലും  വിവരക്കേട്   പറഞ്ഞൂന്ന്  വച്ച് ?  എനിയ്ക്ക്   നീയല്ലേ  ഉള്ളു   മോളെ  ?"

"പോരാന്നുണ്ടെങ്കിൽ   ആലോചിച്ചോ.  എന്നെ  നോക്കണ്ട ."

അവളുടെ   ശബ്ദത്തിൽ   സ്നേഹത്തിന്റെ   താരള്യം   ലവലേശമില്ലായിരുന്നു . പ്രതീക്ഷകൾക്ക്   കാലിടറിത്തുടങ്ങിയോ?  ദേവി  സംശയിച്ചു .

കനവുകൾ   ഒരുപിടി   കനലായി   മാറിയതോ   അതോ   അലറിപ്പെയ്ത   കണ്ണീർപ്പെരുക്കങ്ങളിൽ   നനഞ്ഞ   മണ്‍പുറ്റുപോലെ  മനസ്സ്   അമർന്ന് പോയതോ?  അതോ   മകൾ  ശത്രുവിനേപ്പോലെ   നോക്കിയതോ? ഏതാണ്   തന്നെ   കൂടുതൽ   തളർത്തിയതെന്ന്   ദേവി ചിന്തിച്ചു .  എത്ര   ദുർഘടമായിരുന്നു   തന്റെ  വഴികൾ ....!  വർഷങ്ങൾ   ഏകാന്തതയെ   ചുരണ്ടി   മൂർച്ച   കൂട്ടിയതേയുള്ളു .   അതാരറിഞ്ഞു ?  നിഴൽ പോലെ   ഒപ്പമുണ്ടായിരുന്ന   മകൾ പോലും .......

തെക്കേലമ്മ   ഓർമ്മിപ്പിച്ചു ,

" ദേവി,  നിന്റെ   പ്രായം   കടന്നുപോകുന്നു.."

ചിരി വന്നു.  പ്രായം   കടന്നുപോകുന്നത്രേ ...!  എങ്ങോട്ട് ?  താനിപ്പോഴും   കുഞ്ഞു ദേവിയാണ് .   സ്നേഹിച്ചാലും   അവഗണിച്ചാലും   കരയുമായിരുന്നു   പണ്ട് .   ഇപ്പോഴുമതെ.   ആരും  കാണാതെ   ഒളിച്ചിരുന്നാണു കരയുക.  ഇന്നുമതെ.   പണ്ട്  കടുക്കാച്ചി മാവിൽ നിന്ന്  മാമ്പഴം   വീഴുമ്പോൾ  പെറുക്കാൻ   ഓടുമായിരുന്നു   ഇന്നും  ഓടും .   ഇന്ന്   കടുക്കാച്ചി മാവിന്   പകരം   മുറ്റത്ത്   മൂവാണ്ടൻ മാവാണെന്ന്   മാത്രം .   അതിപ്പോ   തന്റെ   കുറ്റമല്ലല്ലോ .  താനല്ലല്ലോ   മാവല്ലേ   മാറിയത് ?   വിമാനം   താഴ്ന്നു പറക്കുന്നത്   കാണാനും ,  രാത്രി  നക്ഷത്രക്കൂട്ടങ്ങളെ   നോക്കിയിരിയ്ക്കാനും   അന്നുമിന്നും   ഇഷ്ടം.   സ്നേഹിയ്ക്കപ്പെടാനും  ഓമനിയ്ക്കപ്പെടാനും  അന്നുമിന്നും   മോഹം .   പിന്നെങ്ങനെയാണ്   തന്റെ   പ്രായം   കടന്നുപോകുന്നെന്ന്  സമ്മതിയ്ക്കുക?

" മോളെ,  ഞങ്ങളെന്നുമുണ്ടാവില്ല .   ഞങ്ങളുടെ   കാലം   കഴിഞ്ഞാൽ.........."

അച്ഛനും   അമ്മയും   ഒരേ സ്വരത്തിൽ   ആശങ്കപ്പെട്ടു .

"അച്ഛാ ...അച്ഛന്റെ   ഷർട്ടിന്റെ   തുമ്പ്   ഞാനെന്റെ   വിരലിലൊന്ന്   ചുറ്റിക്കോട്ടെ ?  പണ്ടത്തേപ്പോലെ ? "

പണ്ടത്തെ   കുഞ്ഞു ദേവിയായി   അച്ഛന്റെ   മുന്നിലിരുന്ന്   കൊഞ്ചി .  അച്ഛൻ   നനഞ്ഞ   കണ്ണുകളോടെ   ചേർത്ത്പിടിച്ചു  .  കൊഞ്ചിക്കുറുകുന്ന  കുഞ്ഞു ദേവി ....ആത്മാവിനുള്ളിൽ   വളരാൻ   മടിയ്ക്കുന്ന   ഒരു വാശിക്കാരി  ശിശു ......

" എനിയ്ക്ക്   ഇഷ്ടമാണ്   മഹിയെ .  പറ്റുമെങ്കിൽ   നടത്തിത്താ .  ഇല്ലെങ്കിൽ  ഞങ്ങൾ   രജിസ്റ്റർ  ചെയ്യും. "

മകളുടെ   സ്വരത്തിൽ  എന്തിനാണിത്ര   മൂർച്ചയെന്ന്   ദേവിയ്ക്ക്   മനസ്സിലായില്ല .   എന്നും  അവളുടെ   ഇഷ്ടങ്ങൾ   അറിഞ്ഞു  നടത്തിക്കൊടുത്തില്ലേ ?  പ്ളസ് ടൂ   കഴിഞ്ഞ്   ഫാഷൻ ഡിസൈനിംഗ്   പഠിയ്ക്കാൻ   പോയത്   അവളുടെ   ഇഷ്ടപ്രകാരം .  സ്വന്തമായി   ബുട്ടീക്   തുടങ്ങിയതും   അവളുടെ   ഇഷ്ടം.  എല്ലാം നടത്തിക്കൊടുത്തു .   ...മനസ്സിലാകുന്നില്ല.  എപ്പോൾ വേണമെങ്കിലും  തന്റെ നേരെ  എറിയാൻ   പാകത്തിന്   ഒരു   കനൽക്കട്ട   അവൾ   കണ്ണിൽ   സൂക്ഷിച്ചതെന്തിനാണ് ?   എന്താണ്   മകളെ   അസ്വസ്ഥയാക്കിയിരുന്നതെന്ന്   ദേവി   ഏറെ   ആലോചിച്ചു .   പ്രായത്തിന്   മായ്ക്കാനാവാത്ത   തന്റെ  സൗന്ദര്യമാണോ ?  അത്   തന്റെ   കുറ്റമല്ലല്ലോ .  തനിയ്ക്ക്   തന്റെ   അമ്മയുടെ   മുഖച്ഛായയാണ് .  അനുവിനാണെങ്കിൽ   അവളുടെ   അച്ചന്റേതും .

                   വിവാഹം  കഴിഞ്ഞതോടുകൂടി   അവളുടെ   കണ്ണുകളിലെ   കനൽ   ഒന്നുകൂടി  ജ്വലിച്ചുവെന്ന്   വെറുതെ   തോന്നിയതാകും.  രണ്ടുപേർക്കും   ഭക്ഷണം   വിളമ്പി വച്ച്   വിളിച്ചപ്പോൾ അവൾ   പറഞ്ഞു .

" എന്റെ   ഭർത്താവിന്  വിളമ്പിക്കൊടുക്കാൻ  എനിയ്ക്കറിയാം .  നിങ്ങൾ   വേഷം   കാണിച്ച്   മുന്നിൽ   വന്നു നിൽക്കണ്ട . കേട്ടല്ലോ? "

അത്   തോന്നലല്ല.  ആ  കനൽ  ജ്വലിച്ചുതന്നെയായിരുന്നു .  ഇനിയെന്താണ്  വേണ്ടത് ?  തന്റെ   നിയോഗം   കഴിഞ്ഞിരിയ്ക്കുമോ? നിർവ്വികാരതയിലേയ്ക്കുള്ള   മനസ്സിന്റെ   യാത്ര   കണ്ട്   ചിരി വന്നു.

" നീയെന്താ   ആണ്  അമ്മയോടിങ്ങനെ ?  നിനക്ക്   വേണ്ടിയല്ലേ   അവർ   ജീവിച്ചത്?"

അവളെന്തോ  മുറുമുറുത്തത്   കേട്ടില്ല .  മഹി   കേട്ടോ  ആവോ.  ഇടയ്ക്കിടെ   സുലോചനയേക്കുറിച്ച്   ചിന്തിച്ചു .  അവൾ   സ്ഥലം   മാറിപ്പോയി .  ഒന്നന്വേഷിയ്ക്കാനും   തോന്നിയില്ലല്ലോ   എന്നോർത്തു .   ഒരു  കൂരിരുൾപ്പക്ഷിയേപ്പോലെ   ദിവസങ്ങൾ ..........മനസ്സിന്റെ  ശാപം   പിടിച്ച   അശാന്ത  സഞ്ചാരം ......

" നീ  തന്നെ   അമ്മയെ   നിർബന്ധിയ്ക്കണമായിരുന്നു   അനു , മറ്റൊരു   വിവാഹത്തിന് .   പാവം...ചെറുപ്രായത്തിലേ   ഒറ്റയ്ക്ക്.. നീ   ചെയ്തത്   തെറ്റായിപ്പോയി...."

" മഹിയ്ക്കെന്താ   അവരോടിത്ര   സഹതാപം ? സൗന്ദര്യം   കണ്ടിട്ടാ ?  എല്ലാവർക്കുമതെ , അമ്മയുടെ   ചെറുപ്പം ...സൗന്ദര്യം ...ഏകാന്തത......"

" നിനക്ക്   അസൂയയാണ് . അമ്മ   നിന്നെക്കാൾ  സുന്ദരിയായതിന്റെ   അസൂയ.  ഇപ്പോഴും   നോക്ക്,  നിന്റത്ര   പ്രായമുള്ള   മകളുണ്ടെന്ന്   പറയ്യോ   അമ്മയെ കണ്ടാൽ ?  മനസ്സ്   നന്നാവണം  ആണ്...."

" മഹിയൊന്ന്   നിർത്തുന്നുണ്ടോ ?  അച്ഛൻ   മരിച്ചപ്പോൾ  മുതൽ   കേൾക്കാൻ  തുടങ്ങിയതാ   ഇത്.   അവരുടെയൊരു   നശിച്ച   സൗന്ദര്യം .."

അന്ന്   വൈകീട്ട്   ഓഫീസിൽ നിന്നും   തിരിച്ചെത്തി  പൂമുഖത്ത്   കയറിയപ്പോഴാണ്   അകത്തുനിന്നും   ഈ  സംഭാഷണം   കേട്ടത്.   അതിന്റെ   അർത്ഥതലങ്ങൾ   തേടി   പോകേണ്ടതുണ്ടായിരുന്നില്ലല്ലോ .  വെറുതെയൊന്ന്   ചുമച്ച്   അകത്തേയ്ക്ക്   കയറി .   അനു   ചവിട്ടിത്തുള്ളി   മുകളിലേയ്ക്ക്   പോകുന്നത്   ശ്രദ്ധിയ്ക്കാതെ   മുറിയിലേയ്ക്ക്   കയറി  വാതിലടച്ചു ...കണ്‍ മുൻപിലെ   ശൂന്യതയിൽ   മുറിച്ചിറകുമായി  എത്ര നേരം   പറന്നെന്നറിയില്ല .....

                       മഹി   തന്നോട്   കാണിയ്ക്കുന്ന   സഹാനുഭൂതി   അവരുടെ   ദാമ്പത്യത്തിന്   മുകളിൽ   തൂങ്ങിയാടുന്ന   വാളാണെന്ന്   എന്താണയാൾ   തിരിച്ചറിയാത്തത്   എന്ന്  ദേവി  ചിന്തിച്ചു....പക്ഷെ   ആ  കാരുണ്യം   തനിയ്ക്കൊരു   മൃതസന്ജീവനിയാകുന്നില്ലേ   എന്നും   ഒരു  നിമിഷം  ഓർത്തു ......

                           ചെന്നിയിൽ   കൈയ്യമർത്തിപ്പിടിച്ചു .   ഇന്ന്   രാവിലെ   ഓഫീസിൽ   പോകുമ്പോൾത്തന്നെ   നല്ല   തലവേദനയുണ്ടായിരുന്നു .  ഉച്ചയായപ്പോഴേയ്ക്കും   കൂടി .   ലീവെടുത്ത്   പോരേണ്ടിയിരുന്നില്ലെന്നാണ്  ഇപ്പോൾ   തോന്നുന്നത് .  വൈകീട്ട്   മഹിയായിരുന്നു   ആദ്യം   വന്നത്.  

" അമ്മയിന്ന്   നേരത്തെ   വന്നോ? "

"ങും ..നല്ല  തലവേദനയുണ്ടായിരുന്നു .  ഉച്ച കഴിഞ്ഞ്   ലീവെടുത്തു ."

മുഖത്തേയ്ക്കൊന്ന്   സൂക്ഷിച്ചു നോക്കി   മഹി  മുകളിലേയ്ക്ക്   കയറി .

"  ചായ  വേണ്ടേ   മഹി ?"

ശബ്ദം   തീരെ   താണുപോയത്   തലവേദന   കൊണ്ടാവും .

" വരാം "

എഴുന്നേറ്റു.  വേച്ചുപോയി ....കസേരയിലേയ്ക്ക്  തന്നെയിരുന്നു ......കണ്ണിനു മുന്നിൽ   ഇരുളിന്റെയൊരു   തിരശ്ശീല   ആരോ  വലിച്ചിടുന്നു .....

" അമ്മാ.."

ങേ?  ആരാണ്   തന്റെ   ചുമലിൽ  കൈവച്ചത്?  തന്റെ  ഏകാന്തതയെ   ഭംഗപ്പെടുത്തിയത്   ആരാണ് ?  ആ  സ്വർഗ്ഗത്തിൽ   നിന്നും   തന്നെ   നിഷ്ക്കാസനം   ചെയ്തതാരാണ് ?

" എന്ത് പറ്റി  അമ്മാ ?"

ഇതാരാണ്   തന്നെ  കുലുക്കിയുണർത്തുന്നത് ?  താനുറങ്ങുന്നതിന്   ആർക്കെന്ത്   നഷ്ടമാണ് ?  മഞ്ഞുമലയിലേയ്ക്ക്   വീണുപോയോ   താൻ?   കുളിര്.........ഞെട്ടിവിറച്ചു ......

" അമ്മാ ...എന്ത് പറ്റി ?  വയ്യെങ്കിൽ   നമുക്ക്  ആശുപത്രിയിൽ  പോകാം ..."

പകച്ചുനോക്കി.   മുഖത്ത്   വെള്ളം  കുടയുന്നത്   മഹിയാണ് .  പിടഞ്ഞെഴുന്നേറ്റു.  

"  വേണ്ട   മഹി....ചായ   തരാം.  ഇരുന്നോളൂ ..."

വേച്ചുപോയി .  മഹി   താങ്ങിപ്പിടിച്ചു .

"  പോയിക്കിടന്നോളൂ ...ചായ   ഞാനെടുത്തോളാം . "

കേട്ടപാടെ   വെപ്രാളത്തോടെ   മുറിയിലേയ്ക്ക്  നടന്നു .  എന്തിനാണിത്ര   വെപ്രാളമെന്ന്   ദേവിയ്ക്ക്  മനസ്സിലായില്ല .  കിടക്കയിലേയ്ക്ക്   വീണു . കണ്ണുകളടഞ്ഞു ...ബോധാബോധത്തിന്റെ   അതിർവരമ്പിൽ കിടന്ന്  മയങ്ങി........

നെറ്റിയിലൊരു   തണുത്ത   കൈസ്പർശം ...

" മോളേ ......അനൂ.....അനൂ......."

കണ്ണുകൾ   വലിച്ച്ചുതുറക്കാൻ   ശ്രമിച്ചു ..........കാലത്തിന്റെ   തികവിൽ.............ചക്രവാളസീമയ്ക്കപ്പുറം ........ആനന്ദത്തിന്റെ   അഗാധതയിൽ..............ഒരു   കുളിരരുവി ........അത്   നെറ്റിയിലൂടെ   ഒഴുകുകയാണോ ?   ഒഴുകട്ടെ.........അതങ്ങനെ   ഒഴുകട്ടെ........നെറ്റിയിൽ ...........കണ്ണിൽ ............കവിളിൽ............കുളിര്.....കോരിത്തരിപ്പിയ്ക്കുന്ന   കുളിര്....മെല്ലെ......മെല്ലെ....കണ്ണുതുറന്നു...

നനഞ്ഞ   തുണി കൊണ്ട്   മഹി   മുഖത്ത്   ഒപ്പിക്കൊണ്ടിരുന്നു ....തളർന്ന   കണ്ണുകളിൽ  അറിയാതൊരു   നിസ്സഹായത   പടർന്നു .

" മഹി..."

തന്റെ   നേരെ   നോക്കിയ   മഹിയുടെ   കണ്ണുകളിൽ  സ്നേഹം....കാരുണ്യം..........യേശുക്രിസ്തുവിന്റെ   കണ്ണുകൾ   പോലെ ....

" അമ്മയ്ക്ക്   ചെറുതായി  പനിയ്ക്കുന്നുണ്ട് .  വിശ്രമിച്ചോളൂ .  അനു   വന്നിട്ട്  നമുക്ക്  ആശുപത്രിയിൽ   പോകാം "

" മഹി...."

തിരിഞ്ഞു നടന്ന   അയാളെ   പിടിച്ചുനിർത്തിയത്   ആ  പിൻവിളി  മാത്രമായിരുന്നില്ല.  അയാളുടെ   കൈയ്യിലവർ   മുറുകെ   പിടിച്ചിരുന്നു .  അയാൾ   തിരികെ   വന്ന്   അവരുടെയടുത്ത്   കട്ടിലിലിരുന്നു .  മുറുകെ പിടിച്ചിരുന്ന   കൈ  മോചിപ്പിയ്ക്കാൻ   അവർ   തയ്യാറായില്ല.  മഹിയതിന്   ശ്രമിച്ചതുമില്ല..  മറ്റേ കൈകൊണ്ട്   അവൻ  അവരുടെ   മുടിയിഴകൾ  പിന്നോട്ട്  മാടിയൊതുക്കി ...

" ഒന്നുമോർത്ത്   വിഷമിയ്ക്കണ്ട .  അമ്മ   വിശ്രമിച്ചോളൂ ."

ദേവി   കണ്ണുകൾ   ഇറുകെ   പൂട്ടിക്കിടന്നു .  മനസ്സ്  തിങ്ങിനിറഞ്ഞു .  ആ  തിങ്ങി നിറയൽ   വിശകലനം  ചെയ്യണമെന്ന്   ദേവിയ്ക്ക്   തോന്നിയില്ല .   കാരണം   ആ  വിശകലനം  തന്റെ   തിക്കുമുട്ടൽ  കൂട്ടുമെന്ന്   അവൾക്കറിയാമായിരുന്നു .   കാലത്തിന്   വീണ്ടും   കനൽവഴിയോ  ?  അവിശ്വസനീയം ...!......

ദേവി   മഹിയുടെ   കൈയ്യിൽ   മുറുകെ   പിടിച്ചിരുന്നു....അരക്ഷിതത്വബോധത്തിന്റെ   കൈയ്യിറുക്കൽ ........

ഊണുമേശയിലെ   സ്ഫടികജാർ   വെള്ളത്തോടുകൂടി   താഴെ വീണ്   ചിതറി.  ആളിക്കത്തുന്ന   തീപ്പന്തമാണോ  തൊട്ടുമുന്നിൽ ?

" ഓ!  അമ്മായിയമ്മ   നേരത്തെ എത്തി !  അടുത്തിരുന്ന്   തഴുകിക്കൊടുക്കാൻ   മരുമകനും   നേരത്തെ   എത്തിയല്ലേ ?"

തീപ്പൊള്ളലേറ്റതുപോലെ   തോന്നി .  മഹിയെഴുന്നേറ്റു .  അവന്റെ   കണ്ണിലും   തീ കത്തി .

"  ഭ്രാന്താണ്   നിനക്ക് ..."

അവൻ  മുരണ്ടു .

" അതെ ..ഭ്രാന്താണ് .   എനിയ്ക്കല്ല ,  നിങ്ങൾക്കും    നിങ്ങളുടെ   പുന്നാര അമ്മായിയമ്മയ്ക്കും .  വെറും  ഭ്രാന്തല്ല ,  കാമഭ്രാന്ത് ..."

മഹിയുടെ   കൈകൾ   ഒന്നുയർന്ന് താണെന്ന്   തോന്നി.   തലയിലെന്തോ   ചൂളം   വിളിച്ചു .  മകളോടെന്തോ   പറയാനായി   ചലിച്ച   നാവ്   അത്   പൂർത്തിയാക്കാനാവാതെ   തളർന്നു .

" മിണ്ടരുത്   നിങ്ങൾ ...എന്റെ  ജീവിതം  കൈയ്യിട്ടു വാരാതെ   വേറെ ആരുടെയെങ്കിലും   കൂടെ   പൊയ്ക്കൊള്ളാമായിരുന്നില്ല? "

മകളുടെ   ചൂണ്ടിയ   വിരൽ കുന്തമുനയായി   വന്നു തറച്ചു.....കണ്ണുകളിൽ.......മനസ്സിൽ .....പാതിബോധത്തിന്റെ   ആവരണം........പുറത്തേയ്ക്ക്   പോയത്  മഹിയുടെ   നിഴലോ ?.....

                                                                 ******

മനസ്സാണോ   യാത്ര  ചെയ്തത് ?  അതോ  കാലമോ ?  തിരിച്ചറിയാനായില്ല.  ടെലഫോണ്‍ ഡയരക്ടറി  അടച്ചു വച്ചു .  മൊബൈലിൽ  തളർച്ചയോടെ  മെല്ലെ   കൈയ്യമർത്തി .

" സുലോചനാ ,  ഞാൻ...ഞാൻ   ദേവിയാണ്..... അദ്ദേഹം.........അദ്ദേഹത്തിന്റെ   വിവാഹം   കഴിഞ്ഞോ ? "

                                                              ===============





                     


2014, ജൂൺ 18, ബുധനാഴ്‌ച

വേണിയ്ക്കും ചിലത് പറയാനുണ്ട് .

0 അഭിപ്രായ(ങ്ങള്‍)
                       വേണിയ്ക്കും  ചിലത്  പറയാനുണ്ട് .
                        --------------------------------------------------
                                                                                              ---ശിവനന്ദ .


                              രാവിലെ   മുതൽ  ജയദേവൻ  അസ്വസ്ഥനാണ് .   എന്താണ്  കാരണമെന്ന്  അറിയില്ല.   ഒന്നും  പറയാറില്ലല്ലോ  എന്നോട് .   എങ്കിലും   എനിയ്ക്ക്   മനസ്സിലാകും   ആ  സങ്കടവും   സന്തോഷവും   സംഘർഷവും   എല്ലാമെല്ലാം.   ജയൻ   ഒരുപാടെന്നെ   സ്നേഹിയ്ക്കുന്നു ... എനിയ്ക്കറിയാമത് .   അത്   പറയാതെ   പറയുന്നൊരു   രീതിയുണ്ട്   അദ്ദേഹത്തിന് .

                     ചില വേള ,  അദ്ദേഹമെന്നെ   സ്നേഹത്തോടെ  തലോടുമ്പോൾ,  ആ   മനസ്സിൽ   നിറയുന്ന   സ്നേഹം   വിരൽത്തുമ്പിലൂടെ   എന്നിലേയ്ക്ക്  അരിച്ചിറങ്ങുന്നത്  എനിയ്ക്ക്  അനുഭവിച്ചറിയാം.  മനസ്സ്  നോവുമ്പോഴും  അദ്ദേഹത്തിന്റെ  വിരലുകൾ  എന്നെ  തഴുകും .  ആ തഴുകലിലൂടെ   ആ  മനസ്സിന്റെ  നൊമ്പരപ്പാടുകൾ  ഞാനേറ്റുവാങ്ങും.   പ്രണയാതുരനാവുമ്പോൾ .......ഏറുകണ്ണിട്ട്  നോക്കി  ഒരു  ഒതുക്കിപ്പിടുത്തമുണ്ട് .  അടിമുടി  പൂത്തുലയും  ഞാൻ.   പക്ഷെ   ദേഷ്യം  വന്നാൽ   അല്പം  കടുപ്പമാണ് .  പിടിച്ചുലച്ച്   വല്ലാതെ   നോവിയ്ക്കുമെന്നെ .

                 പക്ഷെ   ഞാനത്  നിശ്ശബ്ദം   സഹിയ്ക്കും.   കാരണം,  ആ  വികാരങ്ങളേറ്റ് വാങ്ങാൻ   എന്നെപ്പോലെ   മറ്റാർക്കാണ്   കഴിയുക?  ഒരു   മനുഷ്യായുസ്സിലെ   മുഴുവൻ   വികാരങ്ങളും   ഏറ്റുവാങ്ങാൻ  മാത്രമായി  ജന്മമെടുത്തവൾ.... ..ഞാനെന്നെത്തന്നെ   വിലയിരുത്തി.

                  എന്റെ കൂട്ടുകാരി   ശിരസ്സിജയും  ഇത് തന്നെ  പറയും    അവൾ   എന്നേപ്പോലെ   പൊക്കം   കുറഞ്ഞവളല്ല .   നീണ്ടു മെലിഞ്ഞിട്ടാണ് .   പൊക്കമില്ലെങ്കിലും   എന്നെ   കാണാൻ   നല്ല  ഐശ്വര്യമാണെന്നാണ്   അവളുടെ   ഭാഷ്യം .

" ഷാംപൂ   ചെയ്ത്  കുളിച്ച്   നറുമണം   പരത്തി   കുണുങ്ങിയുലഞ്ഞ്   വരുമ്പോഴുണ്ടല്ലോ   വേണീ ..."

അവൾ  വളരെ ആലങ്കാരികമായിട്ടാണ്   എന്തും   പറയുക .  ഒരു കള്ളച്ചിരി  ചിരിച്ച്   അവൾ   പറഞ്ഞുവന്നത്   പൂർത്തിയാക്കി  .

" അദ്ദേഹത്തിന്   വല്ലാത്ത   ലഹരിയാണ്.  ചിലപ്പോളെന്നെ   വാരിയെടുക്കും .....ചിലപ്പോൾ   മുഖം   നെഞ്ചിലേയ്ക്ക്   പൂഴ്ത്തിവയ്ക്കും .  ചിലപ്പോളെന്നെ   വാരിയെടുത്തൊരു   പുതപ്പായണിയും . ..."

അവൾ   പറഞ്ഞുകൊണ്ടിരുന്നു .

" ലഹരി  ഒരു  ആവേശമായി  പടരുമ്പോൾ   ആ  വിരലുകൾ   എന്നിൽ   ആകമാനം   സഞ്ചരിയ്ക്കും..."

ഞാനിടയ്ക്ക്   കയറി .

" ഇങ്ങനെയൊക്കെയായിട്ടും   പിന്നെ   എന്താണ്   ശിരസ്സിജാ...."

"ശ്ശേ ..!   കളഞ്ഞു ..! നീ  അല്ലെങ്കിലുമൊരു   രസംകൊല്ലിയാ .."

ഞാൻ ആസ്വദിച്ച്   ചിരിച്ച്   പറഞ്ഞു .

"ഇതൊന്നും   എനിയ്ക്കറിയാത്തതല്ലല്ലോ .  ഈ  ലഹരിയും   ആവേശവുമൊക്കെ   ഞാനും   അനുഭവിയ്ക്കുന്നതല്ലേ? "

" ശരി   നീയെന്താണ്   ചോദിച്ചത് ? "

"  അല്ല,  എന്നിട്ടും   ചില  നേരം   എന്താണിവർ   നമ്മളെ  വെറുക്കുന്നത് ? "

അവൾ   ഒരു  നിമിഷം   നിശ്ശബ്ദയാകും . പിന്നെ   പറയും .

" അറിയില്ല....എനിയ്ക്കറിയില്ല   വേണീ ..."

  ചില  നേരം   ഭക്ഷണത്തിലേയ്ക്ക്  വിരൽ ചൂണ്ടി  ജയൻ ആക്രോശിയ്ക്കുന്നത്   കാണാം.  അദ്ദേഹം   വെറുപ്പോടെ   നോക്കുന്നത്   എന്നെയാണെന്നറിയുമ്പോൾ   എന്റെ നെഞ്ച്   പിടയും .   അറിഞ്ഞുകൊണ്ട്   ഞാനൊരു  തെറ്റും  ചെയ്യുന്നില്ല.   എന്നിട്ടും.....എന്നിട്ടും...

                            ഇന്ന്   രാവിലെ   മുതൽ  ജയൻ   അസ്വസ്ഥനാണ് .   ഇടയ്ക്കിടെ   എന്നെ  ചേർത്തുപിടിച്ചു തലോടുന്ന   ആ  കൈകളിൽ   വിറയൽ   പടരുന്നത്   ഞാനെപ്പോഴൊക്കെയോ   തിരിച്ചറിഞ്ഞു .   എനിയ്ക്കത്   വല്ലാതെ   നൊന്തു .   ഞാനത്   ശിരസ്സിജയോട്   പറഞ്ഞപ്പോൾ   അവളൊന്നും   പറയാതെ  എന്തോ   ചിന്തയിൽ   മുഴുകി  ഇരുന്നു .  അവളും   സാധാരണ   പോലെ   വാചാലയാകുന്നില്ലെന്നെനിയ്ക്ക്   തോന്നി .

                          എനിയ്ക്ക്   ആകെ   അസ്വസ്ഥതയായി .   പിറ്റേന്ന്   രാവിലെ   ജയൻ   തിരുവനന്തപുരം   ആർ.സി.സി. യിൽ  പോയി .   എന്തിനാണെന്ന്   എനിയ്ക്ക്   മനസ്സിലായില്ല .  ചോദിയ്ക്കാൻ   വയ്യല്ലോ .  ചോദിച്ചാൽ   ഇഷ്ടവുമാവില്ല .   എന്തായാലും   ഞാനും  കൂടെ  പോകണമല്ലോ .   പോയി .  ഡോക്ടർമാരെ   ആരെയൊക്കെയോ   കണ്ട്   എന്തൊക്കെയോ   സംസാരിയ്ക്കുന്നുണ്ടായിരുന്നു .  ഇംഗ്ളീഷിൽ   ആണ്   സംസാരിച്ചത് ..എനിയ്ക്കൊന്നും   മനസ്സിലായില്ല.   ശിരസ്സിജയും   വന്നു .   എന്റെയടുത്തിരുന്നു   അവൾ .   ഞാനവളെ   സൂക്ഷിച്ചു നോക്കി.   മരണത്തെ   മുന്നിൽ   കണ്ടതുപോലുള്ള   ഭയപ്പാടായിരുന്നു   അവളുടെ   കണ്ണുകളിൽ .   ഞാൻ  ഭയത്തോടെ   ചോദിച്ചു.

" എന്താ നിനക്ക് ? എന്താ  ഭയപ്പെട്ടിരിയ്ക്കുന്നെ ?"

"എനിയ്ക്കറിയില്ല "

അവൾ   നിസ്സഹായതയോടെ   കൈ മലർത്തി .   പിന്നെ   പറഞ്ഞു .

"എന്തോ   എനിയ്ക്ക്   വരാനിരിയ്ക്കുന്നത്   പോലൊരു   തോന്നൽ ."

ഞാൻ ഭയത്തോടെ   ചുറ്റും നോക്കി .   ജയൻ കണ്ണ്   തുടയ്ക്കുന്നുണ്ട് .   അദ്ദേഹത്തിന്റെ  അടുത്ത്   തകർന്ന്   തരിപ്പണമായി   മരവിച്ചിരിയ്ക്കുന്നത്   അദ്ദേഹത്തിന്റെ ഭാര്യയാണ് .   ആരൊക്കെയോ  അടുത്ത്  വന്ന്   സമാധാനിപ്പിയ്ക്കുന്നുണ്ട് .   പെട്ടെന്ന്   ഒരാൾ   കയറി വന്ന്  സ്വയം  പരിചയപ്പെടുത്തി . ക്ഷൗരക്കാരൻ .

" മുടി   മുറിയ്ക്കണം ."

ഞാൻ  നടുങ്ങി .  അതിലേറെ   ശിരസ്സിജയും .   ജയൻ   ഒരു വിറയലോടെ   എഴുന്നേൽക്കുന്നത്   കണ്ടു .   ഭാര്യയുടെ   മുഖത്ത്   ഭാവവ്യത്യാസമൊന്നുമില്ല.   ഭയാനകമായൊരു   മരവിപ്പ്   മാത്രം .   ക്ഷൗരക്കാരൻ  കത്രികയെടുത്ത് ,  ജയനെ  സഹതാപത്തോടെ ഒന്ന്   നോക്കി ,  ഭാര്യയുടെ   അടുത്തേയ്ക്ക്   വന്നു.    സംഭവിയ്ക്കാൻ   പോകുന്നത്   ഉൾക്കൊള്ളാൻ   കഴിയും മുൻപേ അയാളുടെ   കത്രിക  ചിലച്ചു . ........എന്റെ   ദൈവമേ....!  ഇതെന്ത്‌   കാഴ്ച്ചയാണീ    കാണുന്നത് ...!എന്റെ   ശിരസ്സിജ   മെല്ലെ മെല്ലെ   താഴോട്ട്  ഊർന്നു .   മരണ വെപ്രാളത്തോടെ   എന്നെ   നോക്കിയ   അവളെ   കണ്ടുനിൽക്കാനാവാതെ  ഞാൻ   കണ്ണുകളിറുക്കിയടച്ചു .  അടഞ്ഞ   കണ്‍കോണുകളിലൂടെ   കണ്ണുനീരൊഴുകി .   എന്റെ  ദൈവമേ...

                        നീണ്ടിടതൂർന്ന   മുടി ഞെട്ടറ്റു  താഴോട്ട്   വീഴുന്ന   കാഴ്ച്ച   കണ്ടുനിൽക്കാനാവാതെ   ജയൻ   പുറത്തേയ്ക്കിറങ്ങി .   അദ്ദേഹത്തോട്   ഒന്നും   സംസാരിയ്ക്കാൻ   ധൈര്യപ്പെടാതെ   ബന്ധുക്കൾ   പകച്ചു.   ഏതോ   ഒരു  ബന്ധു   ആരോടോ   ഫോണിൽ   പറയുന്നത്   കേട്ടു.

" ജയന്റെ  ഭാര്യയ്ക്ക്   അർബ്ബുദം .  തലച്ചോറിലാണ് .  ഉടനെ  ശസ്ത്രക്രിയ   വേണം ...."

ഇടിവെട്ടേറ്റതുപോലെ   ഞാൻ  വീണ്ടും   നടുങ്ങി . ദൈവമേ.....ആരുടെ ദു:ഖമാണ്  വലുത്? എന്റെയോ? അതോ  ശിരസിജയുടെയോ? ജയന്റെയോ?  ഭാര്യയുടെയോ?   ഇദ്ദേഹത്തെ   ഞാനെങ്ങനെയാണ്   സമാധാനിപ്പിയ്ക്കുക ?   ആ   കൈകൾ   നിരന്തരം   എന്നിലൂടെ   ഇഴയുന്നുണ്ട് .   പക്ഷെ   കോരിത്തരിപ്പല്ല ,  ഭയപാരവശ്യത്തിന്റെ   വിറയലാണ്   എനിയ്ക്കനുഭവപ്പെട്ടത് ...

ജീവനറ്റ്   വീണ   എന്റെ   കൂട്ടുകാരിയെ   ഒന്നുകൂടി   കാണണമെന്ന്   എനിയ്ക്ക് തോന്നി.   പക്ഷേ   ജയനിവിടെ   തകർന്ന്   നിൽക്കുമ്പോൾ   ഞാനെങ്ങനെയാണ് .......വേണ്ട...............വേണ്ട.........എന്തിനാണിനി   അവളെ.......നറുമണം   പരത്തി   ഇളംകാറ്റുപോലെ  മെല്ലെ   ഉലഞ്ഞാടി   വന്നിരുന്ന   അവൾ ....എന്റെ ....എന്റെ  ശിരസ്സിജ .....ജീവനറ്റ്   കിടക്കുന്ന   അവളെ   ഇനിയന്തിനാണ് .......

ക്ഷൌരക്കാരൻ   ജോലി   തീർത്ത്   മുറിയിൽ  നിന്നിറങ്ങിപ്പോകുന്നത്   കണ്ടു .   കാലന്റെ   ദൂതനേപ്പോലെ ....ജയൻ   മുറിയിലേയ്ക്ക്   പോകാനാവാതെ   തകർന്നു നിന്നു .   അദ്ദേഹത്തെ   ആശ്വസിപ്പിയ്ക്കാനാവാതെ   വിഷമിച്ച്   എല്ലാവരും.......

എന്റെ കണ്ണീർപ്പാടുകൾ   ഉണങ്ങിയില്ല.   അതിനി   ഉണങ്ങുകയുമില്ല .   എന്റെ  കൂട്ടുകാരിയില്ലാത്ത   ലോകത്ത്   ഞാൻ  തനിയെ....ജയദേവന്റെ   ശിരസ്സിന്   അലങ്കാരമായി   ഞാനും   ഭാര്യയുടെ   ശിരസ്സിന്   അലങ്കാരമായി   ശിരസ്സിജയും ,  തലമുടിയെന്ന   പേരിൽ എത്രയോ   വർഷം   ഒന്നിച്ച്  ഉണ്ടും  ഉറങ്ങിയും .......

             എല്ലാവരും  ഞങ്ങളെ   ' മൃതകോശ'മെന്നു   വിളിച്ച്   ആക്ഷേപിച്ചപ്പോൾ   ആരുമറിഞ്ഞില്ല    ഞങ്ങളുടെ   മനസ്സ് ....മനുഷ്യന്റെ   എല്ലാ   വികാരങ്ങളേയും    ഏറ്റുവാങ്ങാൻ   നിയോഗിയ്ക്കപ്പെട്ട   ഞങ്ങളുടെ   വേദനകൾ ....സന്തോഷങ്ങൾ.......അവസാനം   മരിച്ചു വീഴുമ്പോൾ   ഞങ്ങളൊഴുക്കുന്ന   കണ്ണുനീർ ....ഒന്നും   ആരുമറിഞ്ഞില്ല....ആരും......

                                                 / ............................................./










"




                        .
 
Copyright © .