2013, ഡിസംബർ 19, വ്യാഴാഴ്‌ച

എഴുതിത്തീരാത്ത കത്ത് .

1 അഭിപ്രായ(ങ്ങള്‍)
                                                      എഴുതിത്തീരാത്ത  കത്ത് .

                                                                                                        - ശിവനന്ദ


                                                          വീണ്ടും  ഞാൻ  നിന്നെക്കുറിച്ച്  ഒരു  കഥയെഴുതാൻ  ശ്രമിയ്ക്കുകയാണ്  സുഹൃത്തേ .  മുൻപ്  എത്രയോ  തവണ  ഞാനതിന്  ശ്രമിച്ചതാണ് !  പക്ഷേ  ഒരിയ്ക്കലുമതൊരു  കഥയായില്ല.  ചിലപ്പോൾ  അതൊരു  ഡയറിക്കുറിപ്പുപോലെ  തോന്നി .  മറ്റു ചിലപ്പോൾ ഒരു  ആത്മഗതം  മാത്രമായി .  വേറെ  ചിലപ്പോൾ  അതൊരു  ആത്മരോദനവുമായി .  ഇന്ന് ഞാൻ  വീണ്ടും     എഴുതിത്തുടങ്ങുകയാണ് .

                                                        അല്ലെങ്കിൽ .................. എന്തെഴുതാനാണ്  !  വിധിയുടെ  സർവ്വ ക്രൂരതകളുടെയും  നേർക്ക്  നനുനനുത്തൊരു    പുഞ്ചിരിയോടെ നോക്കുന്ന  നിന്നെ  വെറുമൊരു  കഥയിൽ  കഥാപാത്രം  മാത്രമായി  ഒതുക്കാൻ  കഴിയുമോ ?  നിന്നെക്കുറിച്ചെഴുതാൻ  ഒരു  മഹാകാവ്യം  തന്നെ  വേണ്ടിവരില്ലേ ?  നിനക്കെന്ത് പേരാണിടുക ?  സത്യത്തിൽ  എന്റെ  മനസ്സിൽ  നിനക്ക്  പേരില്ല , രൂപമില്ല ,  ഭാവവുമില്ല .  മറിച്ച്  ,  നീയൊരു  ശക്തിയാണ്‌ .  സൗഹൃദത്തിന്റെ  സർവ്വ നൈർമ്മല്ല്യങ്ങളും  ആവാഹിച്ചെടുത്തൊരു  ശക്തിപ്രഭാവം..............

                                                       .വീട്ടിൽ  അതിഥികൾ  വരുമ്പോൾ  പൂമുഖവാതിലടച്ച്  പുറത്തിറങ്ങി നിന്ന്  അതിഥികളോട്  സംസാരിയ്ക്കുന്ന  ചിലരെ  കണ്ടിട്ടുണ്ടോ  നീ ?  എന്തിനാ  അത് ?  വീടിനുള്ളിലേയ്ക്ക്  ആരും  കയറുന്നത്  ഇഷ്ടപ്പെടാഞ്ഞിട്ടാണ്  .  അതുപോലെ ,  നീ  നിന്റെ  മനസ്സിന്റെ  വാതിൽ  ചേർത്തടച്ച്  പുറത്തിറങ്ങി നില്ക്കുകയാണ്  .  വരുന്നവരെ  മനസ്സിന്റെ  മുറ്റത്ത് നിർത്തി  സംസാരിയ്ക്കാൻ .  എന്നോടും  നീ  അങ്ങനെതന്നെ  ചെയ്തു.  പക്ഷേ  നീ  ചേർത്തടച്ച   വാതിൽപ്പാളികൾ   മെല്ലെയൊന്നു  തുറന്ന്   ഞാനകത്തേക്ക്  പാളിനോക്കി .   നീയതറിഞ്ഞോ  എന്തോ .........  ഒരു  യുദ്ധക്കളത്തിന്  നടുവിൽ   ഒറ്റയ്ക്ക്  നിന്ന്  പൊരുതുന്ന  നിന്നിലെ  നിന്നെ  ഞാനന്ന്  കണ്ടു .  നിന്റെ  കൈയ്യിൽ  ആയുധമുണ്ടായിരുന്നില്ല .  എന്നാൽ  നിന്റെ  കണ്ണുകളിൽ  കനിവുണ്ടായിരുന്നു .  പുഞ്ചിരിയിൽ  ആത്മാർത്ഥതയുടെ  നിലാവുണ്ടായിരുന്നു .  മനക്കരുത്തും  ആത്മവിശ്വാസവും  ഉപയോഗിച്ചാണ്  നീ  പൊരുതിയത് .


                               ഇന്ന്  ഒരു  മുജ്ജന്മബന്ധത്തിന്റെ  സ്നേഹനൊമ്പരങ്ങളും  പേറി  ഞാനും  പൊരുതുകയാണ്  സുഹൃത്തേ  !   പണ്ടൊരു  ചക്രവർത്തി  രോഗിയായ  സ്വന്തം  മകന് വേണ്ടി ഈശ്വരനോട്   പ്രാർത്ഥിച്ചില്ലേ  ?  മകന്റെ  അസുഖം  തനിയ്ക്ക്  നല്കി  മകനെ  രക്ഷിയ്ക്കുവാൻ ?   ഈശ്വരനത്‌  കേട്ടു .  അതുപോലെ  ഞാനുമൊരിയ്ക്കൽ  പ്രാർത്ഥിച്ചതാണ് .  ഗുരുതരമായ  നിന്റെ  രോഗം  എനിയ്ക്ക്  നല്കി  നിന്നെ  ഒരു  ചിരഞ്ജീവിയാക്കണേ  എന്ന് .  ഒരുപാട്  വഴിപാടുകളും  കഴിച്ചു .  കാരണം  നിന്നെയെനിയ്ക്ക്  അത്രയ്ക്കു  ഇഷ്ടമായിരുന്നു .  നീ  അന്നെന്നോട്  പറഞ്ഞു  ,  ഈ   വഴിപാടുകൾക്ക്  കളയുന്ന  പണം  പാവങ്ങൾക്ക്  നല്കാൻ .  ഈശ്വരൻ  ദേവാലയങ്ങളിലല്ല  ,  നമ്മുടെ  ഹൃദയത്തിലാണെന്ന് .  എന്നിട്ടും  വീണ്ടും വീണ്ടും  ഞാൻ  എണ്ണമറ്റ  വഴിപാടുകളും  പ്രാർത്ഥനകളും  നടത്തി .  അവസാനം ........ ഒരു  മഹാത്ഭുതം  പോലെ  നിന്റെ  രോഗം  നിന്നെ  വിട്ടകന്നു .  തികച്ചും  അപ്രതീക്ഷിതമായി .  അന്ന്  നീയത്  എന്നോട്  പറയുമ്പോൾ  ,  നിന്റെ  മുഖത്തുദിച്ച   നറുനിലാവും  ,  കണ്ണുകളിൽ  കിനിഞ്ഞ  സ്നേഹത്തിന്റെ  നീരുറവയും   ഇന്നുമെന്റെ  മനസ്സിലുണ്ട് .


                                                          കാലം  പോകെ  ,  ഇന്നിതാ  മറ്റൊരു  അത്ഭുതം  കൂടി  സംഭവിച്ചിരിയ്ക്കുന്നു  കേട്ടോ  സുഹൃത്തേ  !  ഞാനൊരു  രോഗിയായിരിയ്ക്കുന്നു .  നിന്നെ  ബാധിച്ചിരുന്ന  അതേ  രോഗം !  ഇന്നത്  സ്ഥിരീകരിച്ച  ദിവസമാണ് .  ഇതെന്റെ  പ്രാർത്ഥനയുടെ  ഫലമല്ലാതെ  മറ്റെന്താണ്  ?  ഇപ്പോഴെനിയ്ക്കുറപ്പായി .  കഴിഞ്ഞ  ഏതോ  ഒരു  ജന്മത്തിൽ  നീയും  ഞാനും  ഒരുമിച്ച്  എന്റെ  അമ്മയുടെ  ഗർഭപാത്രത്തിൽ  ജീവിച്ചിരുന്നു .  നിന്നെ  സ്നേഹിച്ചുതീരാതെ  നിനക്ക്  മുൻപേ  ഞാൻ  ഭൂമി  വിട്ട് പോയതാണ് .  ഇപ്പോൾ  വൈകിയാണ്  നിന്നെ  കണ്ടൂമുട്ടിയതെങ്കിലും  ഒരു  ജന്മത്തിലെ  സ്നേഹം  മുഴുവൻ  നിനക്ക്  തന്ന്  വീണ്ടും  ഞാൻ  നിനക്ക്  മുൻപേ  പോകാൻ  തയ്യാറെടുക്കുകയാണ്  സുഹൃത്തേ ...........അർബുദം  തലച്ചോറിനെ  ഏറെ  കാർന്നു തിന്നു കഴിഞ്ഞു .........കണ്ടുപിടിയ്ക്കാൻ  വൈകിപ്പോയെന്നേ .  സാരമില്ല .  അടുത്ത  ജന്മം  ഞാൻ  വീണ്ടും  വരുമല്ലോ  നിന്നെ  സ്നേഹിയ്ക്കാൻ  . പിന്നെന്താ  ?

                                                              നീ  ക്ഷമിയ്ക്കണം ......... ഞാൻ  നിന്നെക്കുറിച്ചൊരു   കഥയെഴുതാൻ തുടങ്ങിയതാണല്ലോ  .  ഇതിപ്പോൾ  ഒരു  കത്തിന്റെ  രൂപത്തിലായി. ആദ്യവും  അവസാനവുമില്ലാത്തൊരു  കത്ത് .  ഇത്  ഞാനെങ്ങനെയാണ്  എഴുതിത്തീർക്കുക ?  എന്റെ  കൈകൾക്ക്  തളർച്ച  അനുഭവപ്പെടുന്നുണ്ട് .  നിന്നോടെനിയ്ക്കുള്ള   സ്നേഹം  പോലെ തന്നെ,   നിന്നെക്കുറിച്ച്  എഴുതുന്ന  കഥയും  നിനക്കെഴുതുന്ന  കത്തും  അനന്തമായി  തുടരുകയാണ് ..............................

( this story is dedicated to my dear friend (doctor) . he is a brain tumour patient.)


 
Copyright © .