2023, മാർച്ച് 6, തിങ്കളാഴ്‌ച

എഴുത്തുവഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

0 അഭിപ്രായ(ങ്ങള്‍)

 ഗീത കൃഷ്ണൻ.  പുല്ലുവഴി ജയകേരളം ഹൈസ്ക്കൂളിൽ നിന്നും സ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് മുവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നും കൊമേഴ്സിൽ ബിരുദമെടുത്തു. ഭർത്താവും മൂന്ന് മക്കളും. വീട്ടമ്മയാണ്. 

 ജീവിതത്തിന്റെ പകുതിയിലേറെ നടന്നങ്ങനെ തീരുമ്പോൾ, വന്ന വഴികളിൽ എഴുത്തിന്റെ സ്ഥാനം എവിടെയായിരുന്നു എന്ന് ഒരു ചെറുപുഞ്ചിരിയോടെ  ഗീത അടയാളപ്പെടുത്തുകയാണ്. ധാരാളം ലേഖനങ്ങൾ എഴുതുമായിരുന്ന  അച്ഛനിൽ നിന്നാവാം എഴുത്ത് തനിക്ക് പകർന്നുകിട്ടിയത് എന്നോർക്കുമ്പോൾത്തന്നെ, അലക്കിത്തേച്ച് മടക്കിയതുപോലുള്ള ഭാഷ ഉപയോഗിച്ചിരുന്ന അമ്മയുടെ അനുഗ്രഹം ഭാഷയായി തന്നിൽ വർഷിച്ചുകാണണം എന്നും ഗീത പറയുന്നു.  

ഏഴാംക്ലാസ്സിൽ വച്ച് നോട്ട് ബുക്കിന്റെ താളുകളിൽ കൗതുകത്തോടെ കുറിച്ചിട്ട ചില വരികളിലൂടെയായിരുന്നു തുടക്കം. എഴുത്ത്, സാഹിത്യം ഇത്യാദികളെക്കുറിച്ചൊന്നും  അറിവില്ലാതിരുന്ന കാലത്ത് അക്ഷരാർത്ഥത്തിൽ അതൊരു കൗതുകം മാത്രമായിരുന്നു. ആരുമറിയാതെ പുസ്തകത്താളുകൾക്കുള്ളിൽ ഒളിപ്പിച്ചു വയ്ക്കുന്ന മയിൽ‌പ്പീലി പോലൊരു കൗതുകം.  എന്നാൽ ആ എഴുത്തുകളുടെ നൈരന്തര്യമാണ് ഇന്നത്തെ ഗീതയിലെത്തി നിൽക്കുന്നത്. 

എഴുതി ഒളിപ്പിച്ചു വച്ചതെല്ലാം പുറത്തേക്ക് വന്നത് സ്ക്കൂൾ കാലം കഴിഞ്ഞിട്ടാണ്. അതിന് നിദാനമായതോ, സുഹൃത്തുക്കളും. ആരും കാണാതുള്ള എഴുത്തുകളെല്ലാം എല്ലാവരുടെയും കാഴ്ചകളിലേക്ക് കുടഞ്ഞിട്ടത് അവരാണ്. അങ്ങനെ പതിനേഴാമത്തെ വയസ്സിൽ ആദ്യമായി ഒരു കഥ വെളിച്ചം കണ്ടു, ക്ലാസ് ഇറക്കിയ ഒരു മാഗസിനിൽ.  ആദ്യമായി അച്ചടിമഷി പുരണ്ട ആ കഥയുടെ പേര്  'സന്ധിയ്ക്കാത്ത സ്വപ്‌നങ്ങൾ' എന്നായിരുന്നു. പിന്നീട് കോളേജ് മാഗസിനിൽ ഇടയ്ക്കിടെ എഴുതി സാന്നിദ്ധ്യമറിയിച്ചു. പഠനം കഴിഞ്ഞ് വിവാഹിതയായതോടെ ഭർത്താവിന്റെ തിരക്കുകളും പിന്നെ മക്കളുടെ ജനനവും ഉത്തരവാദിത്തങ്ങളും ഒക്കെയായപ്പോൾ എഴുത്തിന്റെ സജീവതയിൽ ഇടവേള വന്നു.  പക്ഷെ അപ്പോഴും എഴുത്തിനെ തീർത്തും ഉപേക്ഷിച്ചുകളഞ്ഞില്ല. എഴുത്തിൽ നിന്നും മാറിനിന്നാൽ കരയിൽ പിടിച്ചിട്ട മൽസ്യത്തെപ്പോലെ താൻ പിടഞ്ഞുമരിയ്ക്കും എന്ന്  ഗീത പറയുന്നു. അങ്ങനെ മൂന്ന് കുഞ്ഞുങ്ങളോടൊപ്പം നാലാമതൊരു  കുഞ്ഞിനെപ്പോലെ എഴുത്തിനേയും  ചേർത്തുപിടിച്ചു.  ആ സമയത്ത്   ആനുകാലിക പ്രസിദ്ധീകരണങ്ങളിലും  പത്രത്തിന്റെ വാരാന്ത്യപ്പതിപ്പുകളിലും   'ശിവനന്ദ'  എന്ന തൂലികാനാമത്തിൽ ചെറുകഥകൾ അച്ചടിച്ച് വന്നു. വളരെ നിശബ്ദമായ ഒരു എഴുത്തുകാലമായിരുന്നു അതെന്ന് ഗീത സാക്ഷ്യപ്പെടുത്തുന്നു. 

അങ്ങനിരിയ്ക്കുമ്പോൾ, 2013 ലാണ് ഗീത ഓൺലൈൻ എഴുത്ത് തുടങ്ങുന്നത്. അങ്ങനെ ഒരു ബ്ലോഗർ ആയി.  അവിടെനിന്ന് പിന്നെ എഴുത്തിന്റെ ഗതി മാറി. മെല്ലെ മെല്ലെ സജീവമായിത്തുടങ്ങി.  ശിവനന്ദ  എന്ന പേരിന് പിന്നിൽ  ഒരു പരിധിവരെ അജ്ഞാതയായിരുന്ന്  എഴുതിയ കാലമായിരുന്നു അതെന്ന്  ഗീത പറയുന്നു.  വളരെ അടുത്ത ചില സുഹൃത്തുക്കളുടെ മുന്നിലല്ലാതെ സ്വയം വെളിപ്പെട്ടിരുന്നില്ല അന്ന്. എങ്കിലും  ആരെന്നോ എന്തെന്നോ  എവിടെയെന്നോ അറിയാത്ത ശിവനന്ദ  എന്ന നാലക്ഷരത്തെ വായനക്കാർ മനസ്സോട് ചേർത്തു.  എഴുത്തിന്റെ ലോകത്ത് ഒരു നിലനിൽപ്പിലേക്കുള്ള യാത്രയായിരുന്നു അത്. ആ യാത്രയിൽ വായനക്കാരുടെ കൈകളിൽ ഗീതയും കൈ കോർത്തിരുന്നു. അതൊരു പരസ്പര ബഹുമാനമായിരുന്നുവെന്നും മനസ്സിലാക്കലായിരുന്നുവെന്നും   ആ കൈ കോർക്കലിലാണ് എഴുത്തുകാരും വായനക്കാരും തമ്മിലൊരു സംവാദം രൂപമെടുക്കുന്നതെന്നും അവർ പറഞ്ഞു. 

ആ സമയത്താണ്  ആദ്യപുസ്തകത്തിന്റെ ജനനം.  2014 ൽ. മഞ്ഞ് പൂത്ത വെയിൽമരം എന്ന പേരിൽ പത്തൊൻപത് ചെറുകഥകളുടെ സമാഹാരം.  അതോടെ ഒരു കൂട്ടം വായനക്കാരുടെ മനസ്സിൽ താൻ ഇടംപിടിച്ചു എന്നവർ അഭിമാനത്തോടെ ഓർത്തെടുത്തു. എഴുത്തിന്റെ വഴികളിൽ സൗഹൃദങ്ങളുടെ കൈയ്യൊപ്പ് മറക്കാനാവില്ലെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. കുടുംബത്തിന്റെയും മക്കളുടെയും ഉത്തരവാദിത്തങ്ങളുടെയും ഇടയിൽ  ഇഴഞ്ഞും വലിഞ്ഞും കാലിടറി വീണും പിടച്ചെഴുന്നേറ്റ് വീണ്ടും നടന്നും ശബ്ദഘോഷങ്ങളില്ലാതെ എഴുത്ത് തന്റെയൊപ്പം നടന്നു അഥവാ എഴുത്തിനെ  താൻ വലിച്ചുകൊണ്ടുപോയി  എന്ന് മാത്രമേ പറയാനാവൂ എന്ന് പറഞ്ഞ് അവർ വർഷങ്ങൾക്കിപ്പുറത്തേക്ക് കടന്നു. 

ഗീതയുടെ അച്ഛൻ ഒരു സ്വാതന്ത്ര്യസമരസേനാനിയായിരുന്നു.  സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ജയിൽവാസമനുഷ്ഠിയ്ക്കുകയും പോലീസ് പീഡനങ്ങൾ ധാരാളം ഏറ്റുവാങ്ങുകയും  ചെയ്തിട്ടുള്ള ഒരു  പഴയ കമ്മ്യൂണിസ്റ്റുകാരൻ. സമരമുഖങ്ങളിൽ ഒഴുകിയിറങ്ങിയ ചോര കൂസലില്ലാതെ  തൂത്തെറിഞ്ഞ് ആകാശത്തേക്ക് കൈകൾ വീശി നടന്നുനീങ്ങിയ  അച്ഛന്റെ എല്ലാ ശൗര്യവും തന്റെ രക്തത്തിലുമുണ്ട് എന്നവർ ആവേശത്തോടെ ഉറപ്പിച്ചു പറഞ്ഞു.   നിന്ദിതരേയും പീഡിതരേയും എന്നും ചേർത്തുപിടിച്ച,  ഒരു ജന്മം മുഴുവൻ പ്രസ്ഥാനത്തിനായി ജീവിച്ചു മരിച്ച  ആ അച്ഛന്റെ മകൾ നാളുകൾ  കടന്നുപോകേ, വളരെ പ്രാധാന്യമുള്ളൊരു  നിയോഗമാണ് ഏറ്റെടുത്തത്.  അച്ഛനെ കാലത്തിന് മുന്നിൽ അടയാളപ്പെടുത്തുക എന്നതായിരുന്നു മകൾ സ്വയം ഏറ്റെടുത്ത നിയോഗം. അങ്ങനെയാണ് മകൾ എഴുതിയ  അച്ഛന്റെ ജീവചരിത്രം ഒരു അഗ്നിനക്ഷത്രം പോലെ അടയാളപ്പെട്ടത്. 

അതിനിടയിൽ അമ്മയെക്കുറിച്ചും കാച്ചിക്കുറുക്കിയ വാക്കുകളിൽ ഗീത പറഞ്ഞു. അന്നത്തെക്കാലത്ത് ഒരു മുഴുവൻസമയ  കമ്മ്യൂണിസ്റ്റുകാരന്റെ ഭാര്യക്ക് നേരിടേണ്ടിവരുന്ന ഒറ്റപ്പെടലും വേദനയുമൊക്കെ അതിന്റെ ഏറ്റവും ഭീകരവാഴ്ച നടത്തിയ കാലത്തെക്കുറിച്ച് ഗീത വളരെ കുറച്ച് വാക്കുകളിൽ  പറഞ്ഞവസാനിപ്പിച്ചു... "ഒറ്റപ്പെടലിൽ വേദനിച്ചും പരിഭവിച്ചും കോപിച്ചും 'അമ്മ ഒരു സാധാരണ സ്ത്രീയായപ്പോഴും മറുവശത്തവർ ഒരു ഉരുക്കുവനിതയായിരുന്നു. അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും എന്നെ അതിശയിപ്പിച്ചവരാണ്. കത്തിയെരിയുന്ന പന്തം പോലെ അച്ഛൻ   മുന്നോട്ട്  നടന്നപ്പോൾ, ഒരു ചെറുനിശ്വാസം കൊണ്ടുപോലും ആ തീയ് കെടുത്താതെ നോവിന്റെ ഒരു തീക്കടൽ അത്രയും നീന്തിക്കടന്ന, ഒറ്റയാൾപ്പട്ടാളമായി  മാറിയ അമ്മ"...

2016 ഡിസംബർ ലാണ് അച്ഛൻ മരണപ്പെടുന്നത്. ശേഷം നാലാം വർഷം  അതേ  ഡിസംബറിൽ അമ്മയും പോയി.     അങ്ങനെ അച്ഛനും അമ്മയും ഒരേ പുസ്തകത്തിന്റെ ഓർമ്മത്താളുകളിൽ അടയാളപ്പെട്ടു. അച്ഛന്റെ ജീവചരിത്രം എഴുതണമെന്നും അത് പുസ്തകമാക്കണമെന്നും  അദ്ദേഹത്തിൻറെ മരണശേഷം  പെട്ടെന്നെടുത്ത തീരുമാനമാണ് എന്ന്  ഗീത പറഞ്ഞു. പ്രതിസന്ധികൾ ഏറെയായിരുന്നെന്നും അവരോർത്തെടുത്തു. അച്ഛനെഴുതിയ കുറച്ച്  എഴുത്തുകൾ അല്ലാതെ മൂലധനമായിട്ട് മറ്റൊന്നുമില്ല. സംശയങ്ങൾ തീർത്തുതരാൻ  അച്ഛനില്ല.  പഴയ സഹപ്രവർത്തകർ പലരും ജീവിച്ചിരിപ്പില്ല.  അമ്മ അനാരോഗ്യവതിയും.  വെറുംകൈയോടെ ഇറങ്ങിത്തിരിക്കുമ്പോൾ താനത് നേടും എന്ന തീർച്ചയുടെ മൂർച്ച മാത്രമേ കൈമുതലായി ഉണ്ടായിരുന്നുള്ളു എന്നവർ ഉറപ്പുള്ള സ്വരത്തിൽ പറഞ്ഞു. അതിനിടയിലാണ് അപ്രതീക്ഷിതമായി  കോവിഡ് പ്രതിസന്ധികൾ ഇരുട്ടടിയായത്. യാത്ര ചെയ്യാനോ ആരെയും കണ്ടു സംസാരിയ്ക്കാനോ ഉള്ള അവസരങ്ങൾ ഇല്ലാതായി. ഒരിയ്ക്കലും തെറ്റ് വരാൻ പാടില്ലാത്ത ചരിത്രം വ്യക്തമായും കൃത്യമായും  രേഖപ്പെടുത്താൻ വളരെ കഷ്ടപ്പെട്ടുവെന്ന് അവരോർത്തു. ആശയവിനിമയത്തിന് ഫോൺ മാത്രമേ ഉപാധിയായി ഉണ്ടായിരുന്നുള്ളു.  എങ്കിലും എല്ലാ തടസ്സങ്ങളുടേയും  അപ്പുറം കടന്ന് അന്വേഷിച്ചും സംസാരിച്ചും വായിച്ചും മനസ്സിലാക്കിയും  ആ നിയോഗം താൻ വിജയകരമായി പൂർത്തിയാക്കി എന്ന്  ഗീത അഭിമാനത്തോടെ പറഞ്ഞു.  2021  ഡിസംബറിൽ അച്ഛന്റെ ജീവചരിത്രം ( 'ഇടപ്പള്ളി ശിവൻ - ഇടറാത്ത വിശ്വാസക്കരുത്ത്' ) പ്രകാശിതമായി.  അതിൽപ്പിന്നെയാണ്  തൂലികാനാമം മാറ്റി സ്വന്തം പേരിൽ  എഴുതാൻ തുടങ്ങിയത്.  ആ പുസ്തകം ഇറങ്ങിയതിന് ശേഷമാണ്  എഴുത്ത് ഒരു ആഘോഷമായതെന്ന്  അനല്പമായ സന്തോഷത്തോടെ അവർ പറഞ്ഞു.  അച്ഛൻ മാത്രമല്ല, താനും അടയാളപ്പെട്ടു എന്നവർ ഒരു ചിരിയോടെ കൂട്ടിച്ചേർത്തു. 

എഴുത്തും കുടുംബവും ഒന്നിച്ചു കൊണ്ടുപോകേണ്ടിവരുമ്പോൾ ധാരാളം മുള്ളുവേലികൾ കടക്കേണ്ടിവരുമെന്നും വേലികൾക്കിടയിലൂടെ നൂണ്ടും നുഴഞ്ഞും ഇപ്പുറം കടക്കുമ്പോൾ മുറിവേൽക്കുകയോ ചോര പൊടിയുകയോ ഒക്കെ ചെയ്തേക്കാമെന്നും സുഖസൗകര്യങ്ങളുടെ നടുവിലിരുന്ന്  എഴുതാൻ ആർക്കും കഴിയുമെന്നും എന്നാൽ അതിനേക്കാൾ മഹത്തരം,  സഹനങ്ങളുടെ നടുവിലിരുന്ന് എഴുതുന്നതാണെന്നും ഗീത  പറഞ്ഞു നിർത്തുമ്പോൾ, ഒരു കണ്ണിൽ അമ്മ നിറച്ചുവച്ച  ആർദ്രതയും മറുകണ്ണിൽ  അച്ഛൻ കത്തിച്ചുവച്ച കനലും  ഉണ്ടായിരുന്നു. 

അവർ പറഞ്ഞു, "സ്ത്രീകളോട് ഒന്നേ പറയാനുള്ളു. സ്വന്തം സ്വപ്നങ്ങളെ ഉപേക്ഷിച്ചു കളയാതിരിയ്ക്കുക. അവർക്ക് നിങ്ങളേ  ഉള്ളൂ." 

 
Copyright © .