2021, ഒക്‌ടോബർ 3, ഞായറാഴ്‌ച

ക്യാമറ കൊണ്ട് ചരിത്രമെഴുതിയ ആൾ .

2 അഭിപ്രായ(ങ്ങള്‍)

" പലപ്പോഴും ക്യാമറയ്ക്ക് പിന്നിൽ നിന്ന് ഞാന് കരഞ്ഞിട്ടുണ്ട് "

പറഞ്ഞത് ഛായാഗ്രഹണരംഗത്തെ ഒരു അതികായൻ.  ക്യാമറ കൊണ്ട് കവിതയെഴുതിയ  ഒരാൾ ! 

തിരുവനന്തപുരത്ത്  മെറിലാന്ഡ് സ്റ്റുഡിയോയുടെ തൊട്ടടുത്തുള്ള  വീട്ടിലെ  കുടുംബനാഥൻ   ശ്രീധരൻ  നായരുടെ ഒന്നര വയസ്സുള്ള കുഞ്ഞ് സ്റ്റുഡിയോയിലെ സ്ഥിരസന്ദർശകനായത് അച്ഛൻ അവിടുത്തെ കാന്റീൻ ഡിപ്പാർട്ടുമെന്റിന്റെ സ്വന്തം  ആളായതുകൊണ്ട് മാത്രമല്ല.  ആ ഇത്തിരിക്കുഞ്ഞൻ,    നമ്മുടെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ ഓമനയായതുകൊണ്ടുകൂടിയാണ്.  പ്രേംനസീറിന്റെ ആവശ്യപ്രകാരമാണ്  അച്ഛൻ ഇടയ്ക്കിടെ മകനെ സ്റ്റുഡിയോയിൽ  കൊണ്ടുവന്നത്.  അച്ഛൻ ജോലി ചെയ്യുമ്പോൾ  മകൻ നസീറിന്റെ മടിയിലിരുന്നു കളിച്ചും രസിച്ചും ആഘോഷിച്ചു.  അവൻ വളർന്നു . സ്റ്റുഡിയോ അവന്  സ്വന്തം വീടുപോലെയായി. 

അച്ഛന്  ബഹദൂർ , ലളിത-പത്മിനി-രാഗിണി മാർ തുടങ്ങിയ ഒരുപാട് പ്രതിഭകൾ  സുഹൃത്തുക്കളായി   സിനിമാരംഗത്ത് ഉണ്ടായിരുന്നു.  അവരുടെയൊക്കെ ഇടയിൽ കളിച്ചുവളർന്ന കുഞ്ഞും ഒരു  'സിനിമാബന്ധു' ആയി.  അവൻ വളർന്നു.   കൂട്ടുകാരോടൊപ്പം സ്വാതന്ത്ര്യത്തോടെ ഷൂട്ടിങ് ലൊക്കേഷനിൽ വന്നു ഷൂട്ടിങ് കണ്ടു.  ഷൂട്ടിങ് സ്ഥലത്തെ   തിരക്ക് മൂലം  മതിലിൽ  കവിളൻ മടൽ  ചാരിവച്ച് അതിന്റെ മുകളിൽ കയറിനിന്ന് ഷൂട്ടിങ് കാണാനുള്ള സൌകര്യം കൂട്ടുകാർക്ക് ഉണ്ടാക്കിക്കൊടുത്തു.   എന്തിനേറെ!  ആ കുട്ടിയുടെ മനസ്സിൽ സിനിമാമോഹം ഒരു ആവേശമായി പടർന്നുപിടിച്ചത്  പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചിട്ടല്ല  എന്നാണ് ഞാൻ  പറഞ്ഞുവന്നത്.  

ഒടുവിൽ അവൻ തന്റെ ആഗ്രഹം അവതരിപ്പിച്ചു.."എനിക്ക് സിനിമ പഠിക്കണം "

മകൻ പഠിച്ച് വലിയൊരു ഉദ്യോഗസ്ഥൻ ആവണമെന്ന് ആഗ്രഹിച്ച അച്ഛന് മകന്റെ സിനിമാമോഹം  അല്പം നിരാശയുണ്ടാക്കി.  അച്ഛന്റെ സുഹൃത്തുക്കളും  ഉപദേശിച്ചു, സിനിമയുടെ പിന്നാലെ പോകാതെ  പഠിച്ച് ഒരു ഉദ്യോഗം നേടാൻ .  പക്ഷേ ആ കുട്ടിയുടെ മനസ്സിൽ കാലം പണ്ടേ ചിത്രം വരച്ചു കഴിഞ്ഞിരുന്നല്ലോ!

ഒടുവിൽ അച്ഛൻ മകന്റെ ആഗ്രഹത്തിന് മുന്നിൽ കീഴടങ്ങി.  അദ്ദേഹം സുബ്രഹ്മണ്യൻ മുതലാളിയെ കണ്ട് സംസാരിച്ചു.  മുതലാളിയും ആദ്യം അതേ ഉപദേശമാണ് കൊടുത്തത്.  പക്ഷേ പയ്യന്   ഒറ്റ വാക്കേ ഉണ്ടായിരുന്നുള്ളൂ.  ഒടുവിൽ മുതലാളി ചോദിച്ചു, സിനിമയിൽ  എന്താണ്, ഏത് വിഭാഗമാണ്   പഠിക്കേണ്ടത് എന്ന്.  പക്ഷേ അവന് അതൊന്നുമറിയില്ല.  അറിയുന്നത്  ഇത്രമാത്രം...  സിനിമ  പഠിക്കണം.   ഒടുവിൽ മുതലാളിതന്നെ തീരുമാനിച്ചു, ക്യാമറ ഡിപ്പാർട്ടുമെന്റിൽ  നിൽക്കട്ടെ !  ആ നിമിഷം...  അഭിനയിക്കുന്നവരുടെ മനസ്സുപോലും ക്യാമറയിൽ  ഒപ്പിയെടുക്കുന്ന ഒരു യുഗപ്പിറവിയായിരുന്നു ആ നിമിഷം എന്ന് ആരുമറിഞ്ഞില്ല! 

മൂന്നുനാല്  വര്ഷം അവിടെ നിന്നു. അതിനുശേഷം മദ്രാസിലേക്ക് പോയി.  എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെയാണ് പോയത്.  പക്ഷേ അവിടെച്ചെന്നപ്പോൾ  പ്രതീക്ഷിച്ചതുപോലെയും ആഗ്രഹിച്ചതുപോലെയും ഒരു കാര്യങ്ങളും നടന്നില്ല.  നാളുകൾ  പോകേ മടുപ്പായിത്തുടങ്ങി. കയ്യിലെ പൈസ തീർന്നു .  ഒടുവിൽ ഒരു സുഹൃത്തിന്റെ സഹായത്തോടെ നിരാശനായി  തിരികേ വണ്ടി കയറി... 

സെക്കൻഡ് ക്ലാസ്സിൽ വരുമ്പോൾ, തീവണ്ടി ഇരുമ്പ് പാളങ്ങളിലേക്ക് കയറുമ്പോഴുള്ള  ആ ഇരമ്പൽ! അത് സ്വന്തം ഹൃദയത്തിന്റെ ഇരമ്പലായി ആ യുവാവിന്  തോന്നി. ഉറങ്ങാനായില്ല. ഇന്നും മറക്കാനാവാതെ ആ ഇരമ്പൽ...   കൂട്ടുകാരും നാട്ടുകാരും വീട്ടുകാരും ചേർന്ന് ആഘോഷത്തോടെ യാത്രയാക്കിയതാണ്.  ഒന്നും നേടാനാവാതെ തിരികെ ചെന്ന് എങ്ങനെ എല്ലാവരുടെയും മുഖത്ത് നോക്കുമെന്ന ഭയവും നിരാശയും  വല്ലാത്തൊരു മാനസീകാവസ്ഥയിലെത്തിച്ചു.  വീട്ടിലെത്തി മുറിയിൽ കയറി. കുറെ ദിവസത്തേക്ക് മുറിയിൽ നിന്നും പുറത്തിറങ്ങിയതേയില്ല.  ആരേയും  അഭിമുഖീകരിക്കാൻ വയ്യ.  മകന്റെ  വിഷമം കണ്ട അച്ഛന് വേവലാതിയായി.  രാത്രി വളരെ വൈകുന്നതുവരെ കൂട്ടുകാരെ വിളിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്ന മകൻ അച്ഛന്റെ മനസ്സിൽ നോവായി. ഒടുവിൽ അച്ഛൻ  മകനെ  'ശിവൻ സ്റ്റുഡിയോ' യിലേക്ക് (സന്തോഷ്  ശിവന്റെ പിതാവ് ശ്രീ. ശിവന്റെ സ്റ്റുഡിയോ)  വിളിച്ചുകൊണ്ടുപോയി.   അങ്ങനെ അവിടെ നിന്നു കുറെ നാൾ.  അവിടെ ഡോക്കുമെന്ററികളും മറ്റും ഷൂട്ട് ചെയ്ത് അങ്ങനെ തുടരുമ്പോഴാണ്  ചിത്രാഞ്ജലി സ്റ്റുഡിയോ തുടങ്ങുന്നു എന്ന് - അന്ന് ചിത്രാഞ്ജലിയല്ല,  സർക്കാർ  സ്റ്റുഡിയോ തുടങ്ങുന്നു എന്നറിയുന്നത്.  തുടർന്ന് അവിടേക്ക് അപേക്ഷ കൊടുത്തു. ഒരുപാട് സിനിമാട്ടോഗ്രാഫർമാരും  നിർമ്മാതാക്കളുമൊക്കെ ഇന്റർവ്യൂവിന്  ഉണ്ടായിരുന്നു. അവരുടെയിടയിൽ  പിടിച്ചുനിൽക്കാൻ  ഒന്നുമില്ലെന്ന് സ്വയം കരുതി പ്രതീക്ഷ വെടിഞ്ഞ് അങ്ങേയറ്റം നിരാശയോടെയാണ്  ഇന്റർവ്യൂവിന് പോയത്.  എന്തിനധികം! എല്ലാം മറികടന്ന്, - കഴിവും  നല്ല സൌഹൃദങ്ങളും ഒക്കെ കാരണമായിട്ടുണ്ടാവാം-, ആ ഇന്റർവ്യൂവിൽ  വിജയിയായി.  അവിടെ തുടങ്ങുകയായിരുന്നു ഒരു പ്രതിഭാധനന്റെ  യാത്ര!  

എസ്. കുമാർ ! എല്ലാ കെട്ടുകാഴ്ചകളിൽ  നിന്നും മാറിനിന്ന് കലയെ മാത്രം സ്നേഹിച്ച ഒരു ഛായാഗ്രാഹകന്റെ   നടവഴികളാണ് ഞാൻ  മുകളിൽ  പങ്കുവച്ചത്.  പിന്നീടുണ്ടായ  കാര്യങ്ങൾ നമുക്കൊക്കെ അറിയാം.  

അന്ന് മനസ്സ് നിറയെ  സിനിമാമോഹങ്ങളുമായി ഇറങ്ങിത്തിരിച്ച ആ  സുഹൃത്തുക്കൾ  . അവരുടെ സ്വപ്നം 1978 ഇൽ  'തിരനോട്ടം'  എന്ന സിനിമയിലൂടെ സാക്ഷാത്ക്കരിച്ചപ്പോൾ മറ്റൊരു ഇതിഹാസം കൂടി ജനിച്ചു! നമ്മുടെ സ്വന്തം ലാലേട്ടൻ. മോഹൻലാലിന്റെ മുഖം സിനിമയ്ക്ക് വേണ്ടി ആദ്യമായി ക്യാമറയിൽ പകർത്തിയ ആളും കൂടിയായി കുമാർ.   ലാലേട്ടന്റെ സുഹൃത്തുക്കളുടെ നിർമ്മാണകമ്പനിയായ  ഭാരത് സിനി ഗ്രൂപ്പ് ആണ് ചിത്രം നിർമ്മിച്ചത്. എന്തോ സെൻസർബോർഡ്   പ്രശ്നം കൊണ്ടു സിനിമ ഇറങ്ങിയില്ല.   ഈ സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര ഛായാഗ്രാഹകൻ ആവുന്നത്.  റിലീസായ ആദ്യ സിനിമ  തേനും വയമ്പും ആണ്.  ഇതിലുമപ്പുറം  ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാതെ അദ്ദേഹം നമുക്കുമുന്നിൽ  സുപരിചിതനായി നിലകൊള്ളുന്നുണ്ട്.  വിവിധ  ഭാഷകളിൽ കൈ നിറയെ ചിത്രങ്ങൾ ,. അവാർഡുകൾ ... ചെയ്യുന്ന ജോലിയുടെ പൂർണ്ണതയിൽ  മനം നിറഞ്ഞ്  ക്യാമറയ്ക്ക് പിന്നിൽനിന്ന് കണ്ണ് തുടച്ച ആ കലാകാരൻ  പറയുന്നു, "കഥാപാത്രങ്ങളെ കരയിച്ചുകൊണ്ടുമാത്രം സങ്കടം കാണിയ്ക്കാൻ  പറ്റില്ല . അതിന് പറ്റിയ അന്തരീക്ഷം കൂടി ഒരുക്കേണ്ടതുണ്ട്"..  

മോഹൻലാൽ - പ്രിയദർശൻ - എസ്. കുമാർ കൂട്ടുകെട്ട് ഒരു ശക്തിയാണ്.  ലാലും പ്രിയനും ഇല്ലാതെ ഒരു എസ്. കുമാറിനെ  ചിന്തിക്കാനാവില്ല എന്ന് അദ്ദേഹം പറയുന്നു. അത് സൌഹൃദത്തിന്റെ കൂടി ശക്തിയാണ്.  

തീർന്നില്ല ! വർഷങ്ങൾ  കഴിഞ്ഞപ്പോൾ അച്ഛന്റെ പിന്നാലെ മകനും ഛായാഗ്രഹണരംഗത്തെത്തി .  കുഞ്ഞുണ്ണി. എസ്. കുമാർ .   

സ്ക്കൂള്- കോളേജ്  കാലം കഴിഞ്ഞ് (Mass communication and journalism ) ബാംഗളൂര് പിജി ചെയ്തുകൊണ്ടിരിക്കേത്തന്നെ സ്വന്തമായി ഷോർട്ട് ഫിലിം, documentories . മികച്ച documentory ക്കുള്ള പുരസ്ക്കാരവും.  ചെന്നൈയിൽ  ഛായാഗ്രാഹകനായ  പി.സി. ശ്രീറാമിനെ  അസിസ്റ്റ് ചെയ്തുകൊണ്ട് തുടക്കം കുറിച്ചു . പിന്നീട് അച്ഛന്റെ തന്നെ അസോസിയേറ്റ് ആയി കുറെ സിനിമകൾ.  ശേഷം, നെല്ലിക്ക  എന്ന സിനിമയ്ക്ക്  സ്വതന്ത്ര ഛായാഗ്രഹണംനിർവ്വഹിച്ച് അരങ്ങേറ്റം.  പിന്നെ ലോഹം, വള്ളിയും തെറ്റി പുള്ളിയും തെറ്റി, ഒരായിരം കിനാക്കൾ, നാൻ പെറ്റ മകൻ , പിന്നെ തെലുങ്ക് സിനിമ... അഭിമാനത്തോടെ എടുത്തുപറയേണ്ട ഒന്ന്, അച്ഛൻ ആദ്യമായി മോഹൻലാലിനെ ക്യാമറയിലാക്കിയ  ആളാണ് എങ്കിൽ അതേ മോഹൻലാലിനോടൊപ്പം മകനും  സ്വതന്ത്ര ഛായാഗ്രാഹകനായി വർക്ക്  ചെയ്തു,  ലോഹം എന്ന സിനിമയിൽ.  എന്നും സന്തോഷിയ്ക്കേണ്ട അഭിമാനനിമിഷം!

   The  Egg  എന്ന ഷോർട്ട് ഫിലിമിന് ബെസ്റ്റ് ഡയറക്ടർക്കുള്ള  ജീവൻ ടിവി അവാർഡ്,, Dogs  day Out  ന് ബെസ്റ്റ് documentory അവാർഡ്   അങ്ങനെ അച്ഛന്റെ വഴിയേ മകനും...  തുടങ്ങിയിട്ടേ ഉള്ളൂ. ഇനിയും കിടക്കുന്നു ഉയരങ്ങളേറെ...

ഇവരെക്കുറിച്ചെല്ലാം വ്യക്തിപരമായ അഭിപ്രായം പറയാനുള്ള ഒരവകാശം കൂടി  എനിയ്ക്കുണ്ട് എന്നൊരു  കാര്യം കൂടി ഞാൻ  പങ്കുവയ്ക്കുന്നു...   എസ്. കുമാറിന്റെ  മകൾ ഡോ. മീനാക്ഷിയെ ആണ് എന്റെ മൂത്ത മകൻ ഗോകുൽ കൃഷ്ണൻ വിവാഹം ചെയ്തിരിയ്ക്കുന്നത്. ഈ കലാകുടുംബത്തിലേക്ക്  ഒരു ബന്ധുവായി കയറിച്ചെല്ലുമ്പോൾ, ഒരു സിനിമാകുടുംബത്തേക്കുറിച്ച് യാതൊരു മുൻവിധികളും  വേണ്ടെന്ന് ഞാൻ  നേരത്തെ തീരുമാനിച്ചിരുന്നു.  എനിക്ക് തെറ്റിയതുമില്ല..  വളരെ സൌമ്യനും  നിഷ്ക്കളങ്കനുമായ അച്ഛൻ കുമാർ !  തനിക്ക് ചുറ്റും നില്ക്കുന്നവരെക്കൂടി ഒരു പ്രകാശവലയത്തിലാക്കുന്ന  വലിയൊരു പൊട്ടിച്ചിരിയായ അമ്മ കുമാരി!അടുത്താൽ  സ്നേഹിച്ചു കൊല്ലുന്ന മകൻ കുഞ്ഞുണ്ണിയും മകൾ മീനാക്ഷിയും!  സിനിമയുടെ വെള്ളിവെളിച്ചത്തിനപ്പുറം മനുഷ്യരുടെ വെള്ളിവെളിച്ചം! സമാനതകളില്ലാത്ത സ്നേഹവും!


 
Copyright © .