2017, ജൂൺ 23, വെള്ളിയാഴ്‌ച

ഗുരുവേ ! മാപ്പ് !!

8 അഭിപ്രായ(ങ്ങള്‍)
ഗുരുവേ !  മാപ്പ് !!
------------------------------


ഇത് ,  പ്രിയപ്പെട്ട  സുനിൽ സാറിന്റെ  ആത്മാവിനായുള്ള   എന്റെ  ആദ്യനിവേദ്യം ... ഒരുപക്ഷേ  അവസാനത്തേതും...


അറിഞ്ഞിരുന്നില്ല  ഞാൻ.. അറിയാൻ   ശ്രമിച്ചിരുന്നില്ല  എന്ന്  കുറ്റസമ്മതം  നടത്തുമ്പോൾ ,  ആയിരം   മുള്ളുകൾ  നെഞ്ചിൽ   തറയ്ക്കുന്ന   വേദനയുണ്ട്.  


' ബ്ലോഗെഴുത്ത് ലോക '  ത്തിലേക്ക്  ക്ഷണിയ്ക്കപ്പെടുമ്പോഴും   അറിഞ്ഞിരുന്നില്ല   ആ മഹത്വം.. ഒന്നും  ചെയ്യാൻ  കഴിഞ്ഞില്ലല്ലോ  എന്ന്  സങ്കടപ്പെടുമ്പോഴും   തീരില്ല  പ്രായശ്ചിത്തം ..


അങ്ങ്  ഞങ്ങളിലേയ്ക്ക്  ഒഴുകിവന്നിരുന്നത് ,  എന്നും  അദൃശ്യനായിട്ടായിരുന്നു.  അത്  കാണാനുള്ള  അകക്കണ്ണുകളും  ഞങ്ങൾക്കുണ്ടായില്ലല്ലോ സാർ..


എന്റെ ബ്ലോഗുകളിൽ  അങ്ങ് വന്നതായി  അടയാളപ്പെടുത്തപ്പെട്ടിട്ടില്ല ഒരിയ്ക്കലും.   ഒരു കമന്റ് പോലും എന്റെ ബ്ലോഗുകളിൽ  കണ്ടിട്ടില്ല അങ്ങയുടേതായി.. അങ്ങനെ ഒരു അടയാളപ്പെടുത്തലിന്റെ ആവശ്യം ഉണ്ടെന്നു അങ്ങേയ്ക്ക് തോന്നിക്കാണില്ല.   അത് ഞങ്ങളുടെ നിർഭാഗ്യം....


കൂട്ടം കൂടിയിരുന്നു കലപില പറയുന്ന ഞങ്ങളുടെ ഒപ്പം  ഒരിയ്ക്കലും അങ്ങ് ചേർന്നതുമില്ല...  അങ്ങ് ഞങ്ങളുടെ ഗുരുസ്ഥാനീയനായത് കൊണ്ടാവാം അത് അല്ലെ ?  പക്ഷേ  സാർ,  മറഞ്ഞു നിന്ന് അങ്ങ് ഞങ്ങളെ വീക്ഷിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ  ഞങ്ങൾക്കൊട്ടു കഴിഞ്ഞതുമില്ല.  അതിനുള്ള  പക്വത  ഞങ്ങൾക്കില്ലാതെ പോയതാകാം...  ഞങ്ങളുടെ   ഈ  തെറ്റുകളെല്ലാം   അങ്ങ്   ക്ഷമിച്ചിരുന്നു  എന്ന്  എത്ര വൈകിയാണ് ഞാൻ അറിഞ്ഞത്...!


' ബ്ലോഗെഴുത്ത് ലോക 'ത്തിലേയ്ക്ക്   അങ്ങയുടെ  ക്ഷണപ്രകാരം ,  ഞാൻ വന്നുനോക്കിയെങ്കിലും,   പല തടസ്സങ്ങളും മൂലം  ഒരു വരി പോലും അതിൽ കുറിയ്ക്കാൻ  ആയില്ലെനിയ്ക്ക് ...  എന്നിട്ടും  എന്റെ  പേര്  അതിൽ ഒരു ഉത്തമസ്ഥാനത്ത്  രേഖപ്പെടുത്തി വച്ച് , എന്തിനാണ് സാർ   എന്നെ തീർത്തും നിസ്സഹായയാക്കിക്കളഞ്ഞത് ?  അതിൽ  ഞാൻ ഒരുവരി പോലും എഴുതിയില്ല .  എന്നിട്ടും.... ഞാൻ  അറിയാതെ , സ്വർണ്ണലിപികളിൽ   എന്റെ പേര്  !!!   ജയിയ്ക്കുകയല്ല.. തോൽക്കുകയായിരുന്നു  സാർ ,   ഞാൻ അങ്ങയുടെ മഹത്വത്തിന്  മുന്നിൽ..  ഇനിയൊരിയ്ക്കലും  ഞാൻ ജയിയ്ക്കാനും പോകുന്നില്ല...


  എന്റെ ബ്ലോഗുകളെല്ലാം  അങ്ങ്  വളരെ ശ്രദ്ധിച്ചിരുന്നു എന്ന്  ഇപ്പോഴാണ്  ഞാൻ  മനസ്സിലാക്കുന്നത് !  സ്നേഹപൂർവ്വം ഒരു നന്ദിവാക്ക്  പറയാൻ  പോലും  അവസരം തരാതെ  തോൽപ്പിച്ചുകളഞ്ഞു  അങ്ങെന്നെ .. സന്തോഷം കൊണ്ട്  കണ്ണ് നിറയേണ്ടതിന് പകരം  സങ്കടം കൊണ്ട്  കണ്ണ്  നിറയേണ്ടി വന്നില്ലേ എനിയ്ക്ക് ?? 


ദൈവം  കല്ലിലെഴുതിയത്  പോലെ  പലതും  എഴുതിവച്ച് ,  ആരോടും  ഒന്നും  മിണ്ടാതെ   പൊയ്ക്കളഞ്ഞു അങ്ങ് .  അത്  ഞങ്ങളോട്   പറയാൻ   ദൈവം  പറഞ്ഞുവിട്ടതുപോലെ   മറ്റൊരാൾ !   അങ്ങയുടെ   പ്രിയശിഷ്യൻ  !!  അങ്ങ്   ജയിച്ചു  സാർ !  തോറ്റുപോയത്   ഞങ്ങളാണ്... വല്ലാതെ...വല്ലാതെ...  


പതിവ് പോലെ ,  എന്റെ അക്ഷരങ്ങൾ  ഞാനറിയാതെ  മറഞ്ഞുനിന്ന്   വീക്ഷിച്ച് ,  എന്നെ മുന്നോട്ട്   നയിയ്ക്കണെ  സാർ .. എന്റെ പിതൃതുല്യനായ  അങ്ങയുടെ  ആത്മ്മാവിന് മുന്നിൽ  സാഷ്ടാംഗപ്രണാമം  ചെയ്ത് ,  അത്യധികം  ആത്മനിന്ദയോടെ ..വേദനയോടെ ..





2017, ജൂൺ 4, ഞായറാഴ്‌ച

നന്നായി, അതറിയാതെ പോയത്.....

10 അഭിപ്രായ(ങ്ങള്‍)
നന്നായി,  അതറിയാതെ പോയത്.....
------------------------------------------------------------

ഏതോ ഒരു  പരിസ്ഥിതി ദിനത്തില്‍ ,  അവര്‍  രണ്ട്  വൃക്ഷത്തൈകള്‍  നട്ടു.   പേരറിയാത്ത   രണ്ട്  വൃക്ഷത്തൈകള്‍..    


അവ   വളര്‍ന്നു .    ഒന്നൊരു   വടവൃക്ഷമായി   വളര്‍ന്ന് ,   ആകാശക്കുടയ്ക്ക്   കീഴെ   ആര്‍ത്തുല്ലസിച്ചു .


മറ്റേത്  ഒരു  ചെറു വൃക്ഷമായും   വളര്‍ന്നു.


വടവൃക്ഷത്തില്‍   വന്യ വര്‍ണ്ണസുഗന്ധമുള്ള  പുഷ്പങ്ങള്‍   ഉണ്ടായി.  ചെറുവൃക്ഷത്തിലാവട്ടെ ,   നിറയെ   നറുമണമുള്ള  കുഞ്ഞു കുഞ്ഞു പൂക്കള്‍   വിരിഞ്ഞു .


വേനല്‍ക്കാലത്ത്   രണ്ടു  വൃക്ഷങ്ങള്‍ക്കും   ഒരേപോലെ   നനയ്ക്കാനുള്ള   ജലസമൃദ്ധി   ഇല്ലാത്തതിനാല്‍ ,  അവര്‍   വടവൃക്ഷത്തിനു  മാത്രം   വെള്ളമൊഴിച്ചു.   


ഒരു  തെരഞ്ഞെടുപ്പ്   അനിവാര്യമായപ്പോള്‍ ,  ആ  പാവം   ചെറു വൃക്ഷത്തെ   ഉപേക്ഷിയ്ക്കുകയായിരുന്നു   അവര്‍ക്ക് എളുപ്പം...!   പാവം  ചെറുവൃക്ഷം ....   അതൊന്നും  അറിയാതെ   വേനലില്‍  തളര്‍ന്നു നിന്നു .


നറുമണമുള്ള  പൂക്കള്‍   കൊണ്ട്   മൂടി നിന്നതുകൊണ്ടാവാം ,   താന്‍  ഉപേക്ഷിയ്ക്കപ്പെട്ടത്   അതറിഞ്ഞില്ല....  പുറത്ത് നിന്നുള്ള ബഹളങ്ങളോ തീക്കാറ്റോ  അറിയാത്ത വിധത്തില്‍  , ഒരു നറുപുഞ്ചിരിപ്പൂക്കളായി നിറഞ്ഞുനിന്ന സ്നേഹം...


നന്നായി,   അതറിയാതെ പോയത്...


ഒന്നുമറിയാതെ വീണ്ടും  വീണ്ടും  അതില്‍   തളര്‍ന്ന പൂക്കള്‍  വിരിഞ്ഞു...  പൊരുതിപ്പൊരുതി  അത്   വേനല്പ്പൂക്കളായി  മാറി  ...   പിന്നെയും  പൊരുതി ,  അത്   അഗ്നിപുഷ്പങ്ങളായി  മാറി...  തൊട്ടാല്‍   പൊള്ളുന്ന   അഗ്നിപുഷ്പങ്ങള്‍..  !!!
 
Copyright © .