2015, ഫെബ്രുവരി 18, ബുധനാഴ്‌ച

3 അഭിപ്രായ(ങ്ങള്‍)
                         വാക്കിനെക്കുറിച്ച്  രണ്ടു വാക്ക് . 
                                                                                  
                                                                                                  _ ശിവനന്ദ .

                   അക്ഷരങ്ങൾ  വേണ്ട രീതിയിൽ   ചേർത്തുവച്ചാൽ   ഒരു  വാക്ക്  സൃഷ്ടിയ്ക്കപ്പെടുന്നു .   എന്നാൽ ,  അക്ഷരങ്ങളുടെ   സമ്മേളനം   മാത്രമായി  വാക്കിനെ   ഒതുക്കാനാവുമൊ? വാക്ക്   എന്നാൽ,  ' മനുഷ്യന്റെ   വക് ത്രത്തിൽ  നിന്നും   പുറപ്പെടുന്ന   സാർത്ഥക ശബ്ദമെന്നും ',  ' പൂർണ്ണത ' എന്നുമൊക്കെ നിഘണ്ടുവിൽ   വിശദീകരിയ്ക്കുമ്പോൾ ,  എനിയ്ക്ക്   തോന്നുന്നത്,  വാക്കിന്റെ   അർത്ഥതലങ്ങൾ   അതിലും   മേലെയാണെന്നാണ് .

                  വാക്കിനെ   നമ്മൾ  ' വിലയുള്ള  വാക്ക് '  എന്ന് പറഞ്ഞ്   പാർവ്വതീകരിയ്ക്കുകയും  ' വെറും വാക്ക് '  എന്ന് പറഞ്ഞ് നിസ്സാരവത്ക്കരിയ്ക്കുകയും   ചെയ്യുമ്പോൾ  ,  ഞാൻ  കരുതുന്നു,  അത്   പാർവ്വതീകരണത്തിനും   നിസ്സാരവത്കരണത്തിനും  അപ്പുറമാണ്.

                  വാക്ക്   കൊടുത്ത്  ,  അത്   പാലിയ്ക്കാതിരിയ്ക്കുന്നതിലെ    ചതി,  വെറുംവാക്ക് പറഞ്ഞ്   അബദ്ധത്തിൽ   ചാടുന്നതിലെ   അപകടം,  വാക്കിൽ   അസഭ്യം   കലർത്തുന്നതിലെ   അസഹ്യത ,  വാക്കുകൾ   കൊണ്ടുള്ള   ദ്വയാർത്ഥപ്രയോഗങ്ങൾ , ഒരേ വാക്കിന്   വ്യത്യസ്ത സാഹചര്യങ്ങളിൽ വരുന്ന  വ്യത്യസ്ത അർത്ഥങ്ങൾ ..........വാക്ക്   ഒരു   നിസ്സാരക്കാരനല്ല....

                അത്     നമ്മെ ചിലപ്പോൾ   വാനോളമുയർത്തുകയും  മറ്റു ചിലപ്പോൾ ചെളിക്കുണ്ടിലാഴ്ത്തുകയും ചെയ്യും.

              ഇനി ,  അല്പം   വൈകാരികമായി   വാക്കിനെ   ഞാൻ   കാണുകയാണ്,  ചില   അനുഭവസാക്ഷ്യങ്ങളിലൂടെ .......ജീവന് തുല്യം   പരസ്പരം   പ്രണയിച്ച   രണ്ട്  കമിതാക്കൾ ,  സാഹചര്യങ്ങളുടെ   സമ്മർദ്ദം  കൊണ്ട് ,  വിപരീത ദിശകളിലേയ്ക്ക്   നടന്നകലേണ്ടി വരുമെന്ന സ്ഥിതിയിലെത്തിയപ്പോൾ , പരസ്പര ധാരണയോടുകൂടി   യാത്ര   പറയാനായി  സന്ധിച്ചു.  ഒന്നും   പ്രത്യേകിച്ച്   പറയാനുണ്ടായിരുന്നില്ല   അവർക്ക് .  എല്ലാം എന്നേ   പറഞ്ഞു തീർത്തിരുന്നു  !   അയാളുടെ   മുന്നിൽ   ചെന്നുനിന്ന്  നനഞ്ഞ   കണ്ണുകളോടെ  അവൾ   ചോദിച്ചു, ഒരേയൊരു   വാക്ക്.

" പോട്ടെ?"

ആ   ഒരു  വാക്കിനുള്ളിൽ   അവരുടെ   പ്രണയവും   പ്രണയനഷ്ടവുമുണ്ടായിരുന്നു .... വിരഹവും   വേദനയുമുണ്ടായിരുന്നു ..അയാൾ  ഇടർച്ചയോടെ   അവളോട്  പറഞ്ഞു ,  രണ്ടു വാക്ക്.

" നമുക്ക്   ഇതേ  നിവൃത്തിയുള്ളൂ."

ആ  വാക്കുകളിൽ   സ്നേഹമുണ്ടായിരുന്നു.,  സാന്ത്വനമുണ്ടായിരുന്നു,  കുടുംബത്തോടുള്ള   പ്രതിബദ്ധതയുണ്ടായിരുന്നു.......അവൾ   തിരിഞ്ഞു നടന്നു....

'പോകരുത് '  എന്നൊരു   വാക്ക്  അയാൾ  പറഞ്ഞിരുന്നെങ്കിൽ   തീർച്ചയായും   അവരുടെ   ജീവിതം   മറ്റൊന്നാകുമായിരുന്നു......ചങ്ങാതിക്കൂട്ടത്തിലേയ്ക്ക്   തളർച്ചയോടെ   എത്തിയ   അവളെ   ചേർത്തുപിടിച്ച്   അവർ   പറഞ്ഞു,, ഒരേയൊരു   വാക്ക്.

"സാരമില്ല "...

സ്നേഹത്തോടെയും   പരിഗണനയോടെയും  ഉള്ളൊരു   വാക്ക്   ജീവിതത്തെ   ആകെ  താങ്ങി നിർത്തുന്ന   സന്ദർഭമായിരുന്നു   അത് ...

            വാക്കുകൾ കൊണ്ട്   പലപ്പോഴും   എന്നെ  കുത്തി നോവിയ്ക്കുന്ന   ഒരു   ചങ്ങാതിയുണ്ട്   എനിയ്ക്ക്.  ...അതുപോലെതന്നെ   സ്നേഹിയ്ക്കുകയും   ചെയ്യും .  ഞാൻ   ഓർക്കാറുണ്ട് ,   ഒരു   ശ്വാസ നിശ്വാസങ്ങൾക്കിടയിലുള്ള   സമയം   മാത്രമല്ലേ   ജീവൻ ?   ഒരു  വാക്ക്   പറഞ്ഞ്  അവനെന്നെ   നോവിച്ചിട്ട്,  അടുത്ത   വാക്ക്   പറഞ്ഞ്  എന്നെ   സ്നേഹിയ്ക്കുന്നതിന്  മുന്നേ ,   ഞാൻ   ശൂന്യതയിലേയ്ക്ക്   മറഞ്ഞു പോയാലോ ?  പറഞ്ഞു നോവിച്ച   വാക്കിന്റെ   കടം തീർക്കാൻ ഈ ജന്മം   അവന്   കഴിയുമോ?   ആ കടം ഒരു നീറ്റലായി   അവന്റെ   മനസ്സിൽ  കിടക്കില്ലേ   എന്നും? .......

            വാക്കുകൾ   സൂക്ഷിച്ചുപയോഗിയ്ക്കുക .  അവ ഇരുതലയും   മൂർച്ചയുള്ള  വാളാണ് .  സൂക്ഷിച്ചുപയോഗിച്ചാൽ     വജ്രം  പോലെ   തിളങ്ങും.  ഇല്ലായെങ്കിൽ  എങ്ങനെ  വീണാലും   മുറിയും.  വാക്കുകളുണ്ടാക്കുന്ന   മുറിവ്  ഒരിയ്ക്കലും   ഉണങ്ങില്ല....എപ്പോഴും   സൂക്ഷ്യ്ക്കുക..

                                                       -------------------

ഒറ്റയും പെട്ടയും പിന്നെ അടുക്കളയും .

1 അഭിപ്രായ(ങ്ങള്‍)
                                            
                                         
 ചില  യാത്രകളിലെ കൊച്ചു കൊച്ച് അനുഭവകഥകൾ .  വളരെ   ചിന്തനീയം .    

വളരെ അടുപ്പമുള്ളൊരു   വീട് .     ഗൃഹനാഥ  വന്ന്   ഞങ്ങളെ   സ്വീകരിച്ചിരുത്തി .  ഞങ്ങളുടെ   സംസാരത്തിനിടയ്ക്ക്   അടുക്കളഭാഗത്തേയ്ക്ക്   നോക്കി   അവർ   വിളിച്ചുപറഞ്ഞു .

"രാജപ്പാ, കുടിയ്ക്കാനെന്തെങ്കിലും  എടുക്ക്.."

നിമിഷങ്ങൾക്കുള്ളിൽ ജോലിക്കാരൻ   നാരങ്ങാവെള്ളം   കൊണ്ട്   മുന്നിൽ  വച്ചു.   ഞാനതെടുത്ത്  കുടിച്ചു .   നന്നായി   മധുരം   ചേർത്തിട്ടുണ്ട് .   പക്ഷേ   എനിയ്ക്ക് അതിന്   തീരെ   മധുരം   തോന്നിയില്ല.    മുൻപൊരു   ദിവസം   ഞങ്ങളെ   വിരുന്നിന്   ക്ഷണിച്ചിട്ട് ,   റെസ്റ്റൊറണ്ടിൽ നിന്നും  ഭക്ഷണം   വരുത്തി   വിളമ്പിയപ്പോൾ അതൊരു വീട്ടിൽ നിന്ന് കഴിയ്ക്കുന്ന  തോന്നലില്ലായിരുന്നു .  അന്ന് ഞാനൊരു കുറുമ്പ്  ചിന്തിച്ചു.   ഹോട്ടലിൽ പോയി  ഞങ്ങൾ   ഭക്ഷണം   കഴിച്ചിട്ട്,  അവരോട്  ബിൽ  തീർക്കാൻ   പറഞ്ഞാൽ   മതിയായിരുന്നല്ലോ   എന്ന്.  അടുക്കള  എന്നത്   ഒരു  വീടിന്റെ   ഹൃദയമാണെന്നറിയാത്തവർ  ഹൃദയത്തിൽ നിന്നും   പുറത്താക്കപ്പെട്ടവരാണ്  എന്നെനിയ്ക്ക്  തോന്നാറുണ്ട്... 

മറ്റൊരു   വീട് .   മുൻവശത്തെങ്ങും   ആരുമില്ല.   ഉള്ളിലേയ്ക്ക്   കയറുമ്പോൾത്തന്നെ   നമ്മെ   പുറത്തേയ്ക്ക്   തട്ടിത്തെറിപ്പിയ്ക്കുന്ന   എന്തോ   ഒന്ന് ,  ആ  വീട്ടിൽ   ഞാൻ  അനുഭവിച്ചു .   ഒരു   മനുഷ്യ ജീവിയെ എങ്കിലും   കണ്ടുപിടിയ്ക്കാനുള്ള   ശ്രമത്തിൽ   ഞാൻ   അടുക്കള   വരെയെത്തി .   അവിടെ   ചിന്നിച്ചിതറിയ   പാത്രങ്ങൾക്കിടയിൽ   പുകയുടെ   ആൾരൂപം   പോലെ   ഒരാൾ   എന്നെക്കണ്ട്   മെല്ലെ   എഴുന്നേറ്റു  !   എന്നെ   പള്ളിക്കൂടത്തിൽ  പഠിപ്പിച്ച ,  പ്രൗഢ ഗംഭീരയും   സ്നേഹസമ്പന്നയുമായ   അദ്ധ്യാപികയായിരുന്നു   അവരെന്ന്   അല്പം   വേദനയോടെയാണ്   ഞാനോർത്തത് .   അടുക്കള ജോലികളുടെ   ഭാരത്തിലേയ്ക്ക്   ആ  വൃദ്ധശരീരത്തെ   ഒറ്റയ്ക്കാക്കിപ്പോയ    മകനേയും  ഭാര്യയേയും  ( അവർ   ഉദ്യോഗസ്ഥർ )  വിമർശിയ്ക്കാൻ   ഞാൻ   തയ്യാറായില്ല .   ഓരോ   പ്രവൃത്തികൾക്കും  ഓരോ   കാരണവും   ന്യായവും   ഉണ്ടാകുമെന്ന്   വിശ്വസിയ്ക്കാനായിരുന്നു   എനിയ്ക്കിഷ്ടം.    എന്നെ  സൂക്ഷിച്ചു നോക്കിയ   അവരുടെ   അടുത്തേയ്ക്ക്   ഞാൻ   മെല്ലെ   നടന്നുചെന്നു.   ജോലി   ചെയ്ത്   പാറ   പോലെയായ   ആ  കൈകൾ ,  ഞാനെന്റെ   കൈകളിൽ  പൊതിഞ്ഞു പിടിച്ചു.   ഒന്നും  പറയേണ്ടി വന്നില്ല .   മനസ്സിൽനിന്നും   കടലോളം   സ്നേഹം   ഒരു  കുളിരായി   ഒഴുകി   ആ  പരുപരുത്ത   കൈകളിലേയ്ക്കിറങ്ങി .   ആ  കൈകളിൽ   പടർന്ന   വിറയലിൽ നിന്നും ,  ചുണ്ടിൽ   വിരിഞ്ഞ   അത്ഭുതച്ചിരിയിൽ   നിന്നും  , എന്റെ   ടീച്ചറുടെ   മനസ്സിലേയ്ക്ക്   എത്രമാത്രം   ഞാൻ   അലിഞ്ഞിറങ്ങി   എന്നെനിയ്ക്ക്   മനസ്സിലായി .  അല്പനേരം   സംസാരിച്ചിരുന്ന്   യാത്ര   പറഞ്ഞിറങ്ങുമ്പോൾ   ഞാനോർത്തു,  അടുക്കളയുടെ  ഒരു  മുഖം...


ഒരു  കുഞ്ഞു വീട്. ...  ഇറയത്തിരുന്ന്   മൊബൈലിൽ   സംസാരിയ്ക്കുന്നു   അവിടുത്തെ  ചേച്ചി .   അവരുടെ   ഭർത്താവ്   മരിച്ചതാണ്.  ഏക മകളെ  വിവാഹം   ചെയ്തയച്ചു.  അവളോടായിരുന്നു   സംസാരിച്ചുകൊണ്ടിരുന്നത് .   എന്നെ  കണ്ടയുടൻ ,  "പിന്നെ  വിളിയ്ക്കാം "  എന്ന് പറഞ്ഞ്   ഫോണ്‍  കട്ട്   ചെയ്തു.   ആ  വീടും   എന്നെ   നൊമ്പരപ്പെടുത്തി   എന്തൊരു   ശൂന്യതയാണവിടെ ..!   ആരുമില്ലാതെ   ഒരു മൊബൈലിലേയ്ക്ക്   മാത്രം   നോക്കി  ജീവിയ്ക്കുന്നൊരു   പാവം...

മറ്റൊരു   വീട്.  വീടല്ല,  ഒരു  പ്രേതാലയം.   മക്കളൊക്കെ   കുടുംബമായി  ഓരോ   സ്ഥലങ്ങളിൽ .   അടിയ്ക്കാതെയും   തൂക്കാതെയും   കിടക്കുന്ന  ആ  ഭാർഗ്ഗവീനിലയത്തിൽ   ഒറ്റയ്ക്കൊരു   സ്ത്രീ . ഭർത്താവ്   മരിച്ചു   അവരുടെയും .   എന്റെ   മോൾ   വായിച്ച   ബാലരമക്കഥയിലെ  '  ഡാകിനി അമ്മൂമ്മയെ '  ഓർമ്മ വരും  എനിയ്ക്കവരെ കാണുമ്പോൾ.   ജീവിതത്തിൽ   അനുഭവിച്ചുതീർത്ത   ദുരിതങ്ങളോടും   അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന    എകാന്തതയോടും അവർ   പകപോക്കുന്നത്   സ്വന്തം   മനസ്സിനെയും   ശരീരത്തെയും   അവഗണിച്ചുകൊണ്ടാണോ   എന്ന്   ഞാൻ  ആലോചിച്ചു .   ഈ   ഒറ്റപ്പെടൽ   വന്നു ഭവിയ്ക്കുന്നതാണോ   അതോ   സ്വയം വരിയ്ക്കുന്നതാണോ   എന്നും  ഞാൻ  ചിന്തിച്ചു.  


ഇനി   നോക്കു,  മറ്റൊരു   വീട്.  എന്റെ അച്ഛന്റെ മരുമകനും ഭാര്യയും താമസിയ്ക്കുന്ന വീട്.  ഞാൻ  കയറിച്ചെന്നു .   ആ   വലിയ   വീട്ടിൽ   അച്ഛനും   അമ്മയും   മാത്രം .  ബാലൻ ചേട്ടനും സുജാതച്ചേച്ചിയും .    രണ്ടു   പെണ്‍മക്കളെ   വിവാഹം ചെയ്തയച്ചു...   പക്ഷേ   ഞാനവിടെ   കണ്ടു,   അതുവരെ   കണ്ടതിൽ നിന്നും   വളരെ  വിഭിന്നമായ   ഒരു   അന്തരീക്ഷം !  ഞാൻ  ചോദിച്ചു ,


"ആരുമില്ലാതെ , നിങ്ങൾ   രണ്ടുപേരും   ഒറ്റയ്ക്ക്....മടുപ്പില്ലേ   സുജാതേച്ചി ..?"


സുജാതേച്ചിയുടെ   ഉത്തരം   വളരെ   പെട്ടെന്ന്.


" ഒട്ടുമില്ല ..പെണ്‍കുട്ടികൾ   ജനിച്ചപ്പോൾത്തന്നെ   ഇങ്ങനെയൊരു   കാലത്തിന്   വേണ്ടി  ഞാൻ   മനസ്സിനെ   പാകപ്പെടുത്തിയിരുന്നു ."

" എങ്ങനെയാണ്   നേരം   കളയുക?"


എന്റെ  ചോദ്യത്തെ   ചിരിച്ചുകൊണ്ട്   നേരിട്ടു   ചേച്ചി.


"  നേരം  കളയാനോ ?   സമയം   കളയാനില്ലെനിയ്ക്ക്.   അത്യാവശ്യം   പാചകം   ചെയ്യും.   പറമ്പിൽ  ഇത്തിരി   കൃഷിയുണ്ട്. പിന്നെ   വായിയ്ക്കും   ഞാൻ   ഒരുപാട്.  ബാലേട്ടൻ  എനിയ്ക്ക്   ഇഷ്ടം പോലെ   പുസ്തകങ്ങൾ കൊണ്ടുത്തരും .."

 അതുകേട്ട് ചിരിച്ചുകൊണ്ടിരുന്ന  ബാലൻ ചേട്ടന്റെ മുഖം മറന്നിട്ടില്ല ഞാൻ .  വളരെ   ആശ്വാസവും   സന്തോഷവും  തോന്നി   എനിയ്ക്ക് .   ഇതാണ്   ഞാൻ   പ്രതീക്ഷിച്ച --  ആഗ്രഹിച്ച   ഉത്തരം.   ഭാവിയിൽ   ഞാൻ   ചെയ്യാൻ   ആഗ്രഹിയ്ക്കുന്നതും ,   എല്ലാവരോടും   ചെയ്യാൻ   ഞാൻ  പറയുന്നതും   ഇത് തന്നെയാണ്.   ജീവിത സായാഹ്നം   ആഘോഷപ്രദമാക്കുക .   അതിനുള്ള   വഴികൾ   ഇപ്പോഴേ   കണ്ടുവയ്ക്കുക  .     പ്രായത്തെ   പിന്നോട്ട്   പിടിയ്ക്കുക .  ആരോടും    പരിതപിയ്ക്കാതെ...ആരേയും   പഴിയ്ക്കാതെ...

ഇനി ചില അടുക്കളക്കാഴ്ചകൾ .  പല   വീടുകളിലും   കണ്ട   ചില അടുക്കളകളുണ്ട് .   .നമ്മളിൽ   പലരും   കണ്ട്   ശ്രദ്ധിച്ചും   ശ്രദ്ധിയ്ക്കാതെയും  കടന്നുപോയ  കാഴ്ച്ചകൾ ....

യുദ്ധക്കളം പോലെ  ചില അടുക്കളകൾ ..അപ്രതീക്ഷിതമായി   എന്നെക്കണ്ടപ്പോൾ   വീട്ടുകാരിയുടെ   മുഖത്തുണ്ടായ   ജാള്യത   ഞാൻ   കണ്ടില്ലെന്ന് നടിച്ചു. ഞാനത്  ഇങ്ങനെയാണ്   കണ്ടത്,  അവിടെ   ഒരു  ജീവിതമുണ്ടെന്നതിന്റെ   തെളിവാണ്   ആ  യുദ്ധക്കളം .
'സെർവന്റ്'  എന്ന്   നാമകരണം   ചെയ്യപ്പെട്ട സ്ത്രീകളുടെ   അസഹ്യതയുടെയും   അസന്തുഷ്ടിയുടെയും  അശാന്ത നിശ്വാസങ്ങൾ   നിറഞ്ഞ അടുക്കളകൾ   ചിലയിടത്ത്.  വീട്ടുകാർക്ക് അന്യമാകുന   അടുക്കളകൾ...

ഊണുമുറി മുതൽ   അടുക്കള സാമ്രാജ്യം.  ഊണുമുറിയ്ക്കിപ്പുറം   ഒരു  വലിയ  വാതിൽ   കൊണ്ട്   വേർതിരിച്ചിരിയ്ക്കുന്നു   ഒരു  വീട്ടിൽ .   ആ  വാതിലിനപ്പുറം   ജോലിക്കാരിയുടെ   ലോകമാണെന്ന്   എത്ര  അഭിമാനത്തോടെയാണ്   ആ  വീട്ടമ്മ   എന്നോട്   പറഞ്ഞത് !   ആ  ലോകത്തിൽ   നിറഞ്ഞിരിയ്ക്കുന്ന   നിസ്സഹായതയും   അസ്വസ്ഥതയും   നരക തുല്യമാണെന്ന്   ഇവരെന്താണ്   തിരിച്ചറിയാത്തത്?   ഹൃദയമില്ലാത്ത   വീട്   എന്നെനിയ്ക്ക്   തോന്നി.   


മറ്റൊരു  വീട്.   അമ്പലത്തിന്റെ   മാതൃകയിൽ   പണിത   ആ  വീടിന്റെ  മുന്നില്   ചെന്നപ്പോൾ   ഒന്ന്   തൊഴുവാൻ   തോന്നി  എനിയ്ക്ക്.    മണി   കെട്ടിത്തൂക്കിയിട്ടുണ്ട് .  ചങ്ങലയിലൊന്ന്   വലിച്ച്   കാത്തു നിന്നു . വിടർന്ന   ചിരിയോടെ   ഗൃഹനാഥൻ   വാതിൽ   തുറന്നു.   ശ്രീകോവിൽ നട   തുറന്നതുപോലെ....ഞാൻ  കയറിച്ചെന്നു.   ഒച്ചയും   അനക്കവുമൊന്നുമില്ല.   ഞാൻ   മുന്നോട്ടു   നടന്നു.    മുറികൾ    പലതും   കടന്നു അടുക്കളയിലെത്തി .   ശൂന്യം.  ഒന്നുമില്ല. ആരുമില്ല. ജീവികളില്ല,  ജീവനുമില്ല.  ഭക്ഷണമില്ല,  പാത്രങ്ങളില്ല. കാറ്റില്ല ,  വെളിച്ചമില്ല.  അടുപ്പുണ്ട് ,  എന്നാലൊരു  തിരിനാളം   പോലുമില്ല.അടച്ചിട്ട  ജനാലകൾ...മനുഷ്യസ്പർശമേൽക്കാതെ കെട്ടിക്കിടക്കുന്ന   വായു....പക്ഷെ,  അഴുക്കില്ല ,  പൊടിയില്ല, ഒന്നുമില്ല..

"എവിടെ   എല്ലാവരും?"  എന്ന എന്റെ ചോദ്യത്തിന്   "അവിടെ"  എന്ന് 
അദ്ദേഹം   പുറത്തേയ്ക്ക്   വിരൽ   ചൂണ്ടി.  അവിടെ  ഒരു  ചെറിയ   മുറി.

"ഔട്ട്   ഹൗസാണ് .   അവിടെയാണ്   പാചകം "

ഞാനങ്ങോട്ട്   ചെന്നു .   വീട്ടമ്മ   വളരെ   സന്തോഷത്തോടെ, ഉപചാരപൂർവ്വം   എന്നെ സ്വീകരിച്ചു .  അവിടെ   പാചകം   നടക്കുന്നു.   ഒരു   ഊണുമേശയും കുറെ   കസേരകളും , ഒരു ചെറിയ   ടിവിയും ...ഞാൻ  ഒന്നും  ചോദിച്ചില്ല.  പക്ഷെ   എന്റെ എല്ലാ   ചോദ്യങ്ങൾക്കുമുള്ള   ഉത്തരം   ചോദിയ്ക്കാതെ തന്നെ  തന്നു   വീട്ടമ്മ.  

"ഇവിടെയാണ്‌   പാചകം.  ഇവിടെത്തന്നെയിരുന്നു   കഴിയ്ക്കും.അപ്പോ   ഇത്രയും  ചെറിയ   സ്ഥലം   വൃത്തിയാക്കിയാൽ   മതിയല്ലോ. അവിടെ   വീടും   അടുക്കളയുമൊക്കെ   എപ്പോഴും   വൃത്തിയായി   കിടക്കുകയും   ചെയ്യും. അതിഥികൾ   വന്നാലും  നമുക്ക്   ടെന്ഷനില്ല ."

അവർ   സ്വന്തം  ബുദ്ധിവൈഭവത്തിൽ   സ്വയം  അഭിമാനിച്ചു....ഞാനൊന്നും   പറഞ്ഞില്ല.  വെറുതെ   ചിരിച്ചു.  ഓർക്കുകയും   ചെയ്തു,  ജീവിതമില്ലാത്ത,  ജീവനില്ലാത്ത  വീട്.....അതൊരു   വീടല്ല,  മറിച്ച്   ഒരു   മ്യൂസിയമാണെന്ന് തോന്നി.


 ഇനിയുമൊരു വീട്ടിൽ    പോയ   കഥ   അവിസ്മരണീയം .  അയാളെന്റെ  സ്കൂൾമേറ്റ്.  ഒരു   പ്രദേശം   മുഴുവൻ   നിറഞ്ഞൊരു   വീട്.   ശൂന്യമായ   ഇടനാഴികൾ...  ഒരറ്റത്ത്   നിന്നാൽ   കണ്ണെത്താത്ത ,  ചെവിയെത്താത്ത   നിശ്ശബ് ദമായ   ഇരുണ്ട   ഇടനാഴിയിലൂടെ   നടന്നപ്പോൾ   ഒരു  ഗുഹയിലൂടെ   സഞ്ചരിയ്ക്കുന്നതുപോലെ   എനിയ്ക്ക്   തോന്നി.  ഗൃഹനാഥൻ   എന്നെ  അതിഥി മുറിയിലെയ്ക്കാണ്    കൊണ്ടുപോയത്.   മുകളിലത്തെ   നിലയിലെ   ചില   മുറികളിൽ   ചില   പെണ്‍ തലകൾ   നീണ്ടുവന്നു.   ആ  തലകളെ   നോക്കി   ഞാൻ  ചിരിയ്ക്കാനൊരു   ശ്രമം   നടത്തി.  ആ ചിരിയ്ക്ക്   എന്നിൽ നിന്നും   അവരിലേയ്ക്ക്   ഒരുപാട്   ദൂരമുണ്ടായിരുന്നു. അതവിടെ   എത്തുന്നതിനു മുൻപേ   ആ   തലകൾ   പിറകോട്ടു വലിഞ്ഞു.   ആ  ചിരി   ഒരു   പുഞ്ചിരിയായി   എന്റെ   ചുണ്ടുകളിൽത്തന്നെ   അവശേഷിച്ചു.  സഹതാപമാണെനിയ്ക്ക്   തോന്നിയത് .   പാവം  ഗൃഹനാഥൻ   ജാള്യതയോടെ   എന്റെ   മുന്നിലിരുന്നു.   സ്കൂൾ   കാലഘട്ടത്തിൽ   എന്റെയൊപ്പം   കളിച്ചുവളർന്ന   ആ  കുഞ്ഞു  പയ്യനെ   അവൻ   ഓർത്തുകാണും .  ഒരു    ചായ   വാഗ്ദാനം   ചെയ്തത് ,  സ്നേഹപൂർവ്വം   നിരസിച്ച്   അയാളെ   കൂടുതൽ   വിഷമിപ്പിയ്ക്കാതെ  ഞാൻ   തിരിച്ചുപോന്നു.


പിന്നെയും   കണ്ടു   ഒരുപാട്   കാഴ്ച്ചകൾ.  വല്ലാത്ത   മടുപ്പ്   തോന്നി.   ഈ   അടുക്കൾക്കാഴ്ച്ചകൾ   എന്നെയിങ്ങനെ   മടുപ്പിയ്ക്കുന്നതെന്താണ് ?    ജീവനില്ലാത്ത   അടുക്കളകൾ.   കടുകും   ഉലുവയും  വറ്റൽ മുളകും   കറിവേപ്പിലയും   കൂട്ടി   കാളന്    കടുക്   വറുത്തിടുന്ന   കൊതിപ്പിയ്ക്കുന്ന   ഗന്ധം   അനുഭവിയ്ക്കാൻ   ഇപ്പോഴിത്തിരി   ബുദ്ധിമുട്ടും . മഞ്ഞളും   മുളകും  ഉപ്പും  വെളിച്ചെണ്ണയും  കറിവേപ്പിലയും   കൂട്ടി   തിരുമ്മി   അടുപ്പത്ത്   വയ്ക്കുന്ന   അവിയലിന്റെ   കഷണങ്ങൾ വേവുന്ന   ഗന്ധം   കേട്ട് ,  അതിന്റെ   ഗുണം  നിർണ്ണയിയ്ക്കാമെന്നു   ഇപ്പോൾ   ആരും   കരുതണ്ട .
ഉണങ്ങിയ   മത്സ്യം   വറുക്കുന്ന   മണം    മതിയത്രേ   ഒരു   കിണ്ണം   ചോറുണ്ണാൻ. .!  അത്   പണ്ട്...' ഹുഡ് '   എന്നോ    'ഇലക്ട്രിക്ക് ചിമ്മിനി '   എന്നോ  ഒക്കെ  വിളിയ്ക്കാവുന്ന   ആ  ഭീമാകാരൻ  എല്ലാ   ഗന്ധങ്ങളേയും   വിഴുങ്ങിക്കളയും .!  അടുക്കളയെ   സജീവമാക്കി   നിർത്തിയിരുന്ന   ഗന്ധങ്ങൾ   പോലും   അപഹരിയ്ക്കപ്പെട്ടിരിയ്ക്കുന്നു.   കാലത്തിനൊപ്പം ഞാനും  പാഞ്ഞു. 


   'ഡിസ്പ്ളെ  കിച്ചണും '     'വർക്കിംഗ്  കിച്ചണും '....ആ   പേരുകൾ  തന്നെ   അരോചകമായി   എനിയ്ക്ക്   തോന്നുന്നത്,  എന്റെ   ചിന്തകളുടെ   വൈകല്യമാകാം .   ' കർത്താവും   കർമ്മവും  ക്രിയയുമില്ലാത്ത '   അടുക്കളയാണ്‌   ഡിസ്പ്ളെ   കിച്ചണ്‍   എന്നെനിയ്ക്ക്   തോന്നും .   അവിടെ   പാചകമില്ല,  ഭക്ഷണമില്ല,  ഭക്ഷിയ്ക്കലുമില്ല .  എന്താണവിടെ   ഡിസ്പ്ളെ   ചെയ്യാനുള്ളത്   എന്നെനിയ്ക്ക്   മനസ്സിലാകുന്നേയില്ല.   വർക്കിംഗ്  കിച്ചണ്‍   ആണെങ്കിലോ ?  അവിടെ   ഒരു  കുരുക്ഷേത്ര യുദ്ധം....!


 അടുക്കളയെക്കുറിച്ച് എനിയ്ക്കൊരു സങ്കൽപ്പമുണ്ട്.   എന്റെ   നിശ്വാസങ്ങൾ....പരിഭവങ്ങൾ.....പരാതികൾ....എല്ലാം  ഏറ്റുവാങ്ങുന്ന   അടുക്കള.  എന്നെയൊരിയ്ക്കലും   ചതിയ്ക്കാത്ത   അടുക്കള .  അപ്രതീക്ഷിതമായി   എത്ര   അതിഥികൾ   വന്നാലും  ഒന്നും  വിളമ്പാനില്ലെന്നു   ഞാൻ   പകച്ചാലും   എന്തെങ്കിലുമൊക്കെ   എന്റെ   കൈകളിൽ   വച്ചുതന്ന്   ഊണുമേശ   നിറയ്ക്കുന്ന   അടുക്കള .  അവിടെ   അടുക്കിവച്ച   പാത്രങ്ങൾ,  ഭക്ഷണം,  കറി - മസാലപ്പൊടികൾ ,  തേയിലയും   പഞ്ചസാരയും...  അടുക്കളയുടെ   ആഭരണങ്ങൾ...  രാവിലെ  മുക്കോട്ടിൽ  ശ്രീ   വൈകുണ്ടേശ്വര  സുപ്രഭാതം മുതൽ  പിന്നെയങ്ങോട്ട്..യേശുദാസിൽ  തുടങ്ങി ശ്രേയാ   ഘോഷാലിലൂടെ  ഹരിചരണിൽ  എത്തി നില്ക്കുന്ന   സംഗീത സാന്ദ്രമായ അടുക്കള .   ഒടുക്കം   ഗുലാം അലി സാബിന്റെ  ഗസൽ സംഗീതത്തിൻറെ   നിർവൃതി   കൂടിയാകുമ്പോൾ   ഭക്ഷണം  സംഗീതമധുരം .

   ഡയറിയും   പേനയും  സ്ഥാനം പിടിച്ച അടുക്കള.     അക്ഷരങ്ങൾ    പിറക്കുന്ന അടുക്കള.     മനസ്സില്   വരുന്നത്   അപ്പോഴപ്പോൾ   ഡയറിയിൽ   എഴുതിവയ്ക്കണം .  പിന്നീട്    എപ്പോഴെങ്കിലും   അതൊരു   കഥയോ   കവിതയോ   ഒക്കെ   ആയി  മാറണം .  അതിനിടയിൽ ചില  അബദ്ധങ്ങൾ പറ്റണം . .  അടുപ്പിൽ   നിന്നും   പാലരുവി   ഒഴുകണം  . ദോശ ക്കല്ലിൽ  നിന്നും  ദോശ ,  കൈയും   കാലുമൊക്കെ   നിവർത്തി   മൂരി നിവർന്ന്  എഴുന്നേറ്റു വരാൻ  തുടങ്ങണം.  മെഴുക്കുപുരട്ടി   ചിലപ്പോൾ   കരിഞ്ഞു പിടിയ്ക്കണം.  

 വെറും  പുളിങ്കറി....നമ്മുടെ   നാട്ടുമ്പുറത്തു നിന്നുപോലും   അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്ന ,  കപ്ളങ്ങയും   താളും   ചേമ്പും   ചേർത്ത   പുളിങ്കറിയുടെ   നാട്ടുരുചി ആസ്വദിയ്ക്കണം .   തേങ്ങ   കനലിൽ  ചുട്ട്   അരച്ച   ചമ്മന്തി   ശുദ്ധമായ   തൈരും   കൂട്ടി   കഴിയ്ക്കുമ്പോഴുള്ള   തൃപ്തി കിട്ടണം.    ഉള്ളിത്തീയലിന്റെ   ആസ്വാദ്യ രുചി അനുഭവിയ്ക്കണം.     ശർക്കരയും  തേങ്ങയും   ചേർത്ത   കൊഴുക്കട്ടയുടെ   ഗൃഹാതുരത്വം അനുഭവിക്കണം.  റവ കേസരിയുടെയും   പാല്പ്പായസത്തിന്റെയും   ഇത്തിരി മധുരം വേണം.   പുട്ടിന്   തേങ്ങ   ഇടുന്നതുപോലെ  ഇടയ്ക്ക് മാത്രവും  പിന്നെ   അതിഥികൾക്ക് വേണ്ടിയും   നോണ്‍ വെജ്   വിഭവങ്ങൾ പാകപ്പെടുത്തണം . 


  പെട്ടെന്ന്   കയറി വരുന്ന   അതിഥിയ്ക്ക്   വേണ്ടി  നെയ്യിൽ   വറുത്ത   റവ  പഞ്ചസാരയും   ചേർത്ത്   തിളച്ച പാൽ   തളിച്ച്   ഉരുട്ടിയെടുക്കുമ്പോൾ   പൊള്ളിയിട്ട്  കൈവെള്ള   ചുവന്നു തുടുക്കണം.    മുറ്റത്ത്   നില്ക്കുന്ന   മൂവാണ്ടൻ   മാവിൽ  നിന്നും   മാങ്ങ   പറിച്ച്  തേങ്ങയും   കാന്താരിമുളകും   ഉള്ളിയും   ഉപ്പും   കൂട്ടി   ചതച്ച്   ഊണുമേശയിലെ   വിശിഷ്ട വിഭവമാക്കണം.   കപ്പ   പുഴുങ്ങി   കാ‍ന്താരി മുളക്   ചമ്മന്തിയും അരച്ചു   അതിഥികൾക്ക്  വിളമ്പണം.      ജീവിതം   വളരെ  ലളിതം.....പക്ഷെ  അവിടെ   സ്നേഹം ,   സംഗീതം  ,  രുചി,  ശ്വാസ നിശ്വാസങ്ങൾ,  അക്ഷരങ്ങൾ,  ഭാഷ,  ഭാഷയിൽ നിന്നുതിരുന്ന   പ്രണയം ,  നൊമ്പരം  ....അങ്ങനെയങ്ങനെ...

ഒന്നുകൂടി പറഞ്ഞ് ഞാൻ  നിർത്തുകയാണ് .   ഒരിയ്ക്കൽ   കൊല്ലൂർ   മുകാംബിക ക്ഷേത്രത്തിൽ    പോകുന്ന വഴി,   കൈതപ്രം  ദാമോദരൻ   നമ്പൂതിരി സാറിന്റെ   വീട്ടില്   അദ്ദേഹത്തിന്റെ   ആതിഥ്യം   സ്വീകരിയ്ക്കാനിടയായി.  വാക്കുകളുടെ   ആ   ചക്രവർത്തി  ഞങ്ങൾക്ക്   വിളമ്പിത്തന്നത്,   പൊടിയരിക്കഞ്ഞിയും   കടുമാങ്ങാ   അച്ചാറും   ചെറുപയർ തോരനും ചുട്ട   പപ്പടവും!   വലിപ്പത്തിന്റെ   ലാളിത്യം !   നമുക്കൊരു   മാഷുണ്ടായിരുന്നു.  ഓർമ്മയുണ്ടോ ?    " പൊക്കമില്ലായ്മയാണെന്റെ  പൊക്കം "   എന്ന്   പറഞ്ഞ  അതേ    കുഞ്ഞുണ്ണി   മാഷ്‌.   ഒരിയ്ക്കൽ    മാഷിന്   ആതിഥ്യം ഏകാനുള്ള  അവസരമുണ്ടായി.   അദ്ദേഹം  അന്നിങ്ങനെ  പറഞ്ഞു ,

" പല  നല്ല  കാര്യങ്ങളും   പിറക്കുന്നത്   അടുക്കളയിലാണ്.  പക്ഷെ   ആരുമത്   തിരിച്ചറിയുന്നില്ലെന്നു മാത്രം..."  

                                                  ------------------------------

        




  


ആര് നീ യാത്രക്കാരാ?

2 അഭിപ്രായ(ങ്ങള്‍)
                                              ആര്  നീ  യാത്രക്കാരാ?
                                                                                              --ശിവനന്ദ .

          നീ ആര്  യാത്രക്കാരാ?   നിന്നെ   എനിയ്ക്കറിയില്ലല്ലൊ.....!  നീ   എപ്പോഴാണ്  എന്നോടൊപ്പം   ചേർന്നത്  ?    ഞാനത്   അറിഞ്ഞതേയില്ല  ....!   എന്താണ്   നിന്റെ   ലക്‌ഷ്യം ?   മനസ്സിലാകുന്നില്ല ?   എന്തിനാണ്   നീയെന്റെ   കൈയ്യിലെ   കൈവിളക്ക്   തട്ടിയെറിഞ്ഞത്  ?   അതും  മനസ്സിലായില്ല...അതുകൊണ്ട്   നീയെന്ത്  നേടി ?  ആവോ..ആർക്കറിയാം.....!    അതുകൊണ്ട്   ഞാൻ   ഇരുട്ടിലായെന്ന്   കരുതിയോ   നീ ?  കഷ്ടം.....!!

            
           എന്നാൽ   നീ   ഓർത്തോളൂ  ,  ഹൃദയത്തിലെ   തീക്കനൽ   ഊതിത്തെളിച്ച്   ഞാനെന്റെ   ദു:ഖങ്ങൾക്ക്   അഗ്നി   കൊളുത്തിക്കഴിഞ്ഞു  .    കത്തിയമർന്ന്   ഇതാ      അതൊരുപിടി   ചാരമാകുന്നു.   എന്താണ്   നിന്റെ   ചുണ്ടിലെ   ചിരിയുടെ   പൊരുൾ ?  വീണ്ടും   ഞാൻ   ഇരുട്ടിലായെന്നോ?   കഷ്ടം...!
     
         യാത്രക്കാരാ ,   അഹങ്കരിയ്ക്കേണ്ട  നീ...   സൂര്യനെ   എടുത്ത്   നെഞ്ചിലണിഞ്ഞ്   ഞാൻ   വരികയാണ് ....   ഇനി  നിനക്കൊരിയ്ക്കലുമത്     ഊതിക്കെടുത്താനാവില്ല .  നിറയെ   പ്രകാശം.....ഞാനത്   എല്ലാവർക്കും   കൊടുക്കും..വേണമെങ്കിൽ   നീയും   കൂടെ   ചേർന്നോളൂ .....പക്ഷേ....സ്പർശിയ്ക്കരുത്   നീ .   സ്പർശിച്ചാൽ   പൊള്ളും   നിനക്ക്.   എരിഞ്ഞു തീരും   നീ. ..... കനൽപ്പൂക്കൾ   വിരിഞ്ഞ   എന്റെ  കണ്ണുകളിൽ   നീയിനി   നോക്കരുത് .  വെന്തുപോകും   നിന്റെ കണ്ണുകൾ ...

        യാത്രക്കാരാ,   നിന്നോടിനി   സന്ധിയില്ല.   എന്റെ ഊന്നുവടിയും   റാന്തൽ വിളക്കും   തട്ടിയെറിഞ്ഞ  നിനക്കിനി   മാപ്പില്ല .  ഞാനെന്റെ   യാത്ര   പുനരാരംഭിയ്ക്കുകയാണ് ........സൂര്യനെ   നെഞ്ചിലണിഞ്ഞുള്ള   യാത്ര.....

                                                    -------------------------------------  

നിഴൽ യുദ്ധം.

0 അഭിപ്രായ(ങ്ങള്‍)
                                                                 നിഴൽ യുദ്ധം.
                                                                 ----------------------
                                                                                                     -- ശിവനന്ദ .

                                 
                                  വിളിച്ചു ...വീണ്ടും  വീണ്ടും....ഒരായിരം  വട്ടം ........

നോട്ട് അവെയിലബിൾ ...സ്വിച്ച്ഡ് ഓഫ്‌.....പരിധിയ്ക്ക് പുറത്ത്........ഈ ഭൂമിയിൽ ഇത്രയും   വൃത്തികെട്ട   വാക്കുകൾ   വേറെയില്ലെന്ന്   തോന്നി.   ഓരോ   പ്രാവശ്യവും   എന്റെ   വിളികൾ ,  മറുപടികളോ   മറുവിളികളോ   ഇല്ലാതെ   ശൂന്യതയിൽ   ലയിച്ചു ചേർന്നപ്പോൾ ,  മൊബൈൽ   എറിഞ്ഞുടയ്ക്കാനെനിയ്ക്ക്   തോന്നി.  അനാഥമായ   ഓരോ   വിളിയിലും  മനസ്സിന്റെ   ഓരോ   പാളികളാണ്   അടർന്നുപോയത്.   അപ്പോൾ   മാത്രമാണ് എന്റെ   മൊബൈൽ   വെറുമൊരു   യന്ത്രമാണെന്നെനിയ്ക്ക്   തോന്നിയത് .   അതുവരെ ,  അത്   ജീവൻ   തുടിയ്ക്കുന്നൊരു   ഹൃദയമായിരുന്നു .   അതിൽ   അവന്റെ   സ്നേഹമുണ്ടായിരുന്നു ,  കരുതലുണ്ടായിരുന്നു ,  മൃദുചുംബനങ്ങളുണ്ടായിരുന്നു ,  ശ്വാസനിശ്വാസങ്ങളുണ്ടായിരുന്നു ,  നെടുവീർപ്പുകളുണ്ടായിരുന്നു ....അതിലേയ്ക്ക്   ജലതരംഗത്തിന്റെ   ശബ്ദത്തിൽ   അവന്റെ   വിളികളും   വന്നിരുന്നു....അവന്  വേണ്ടി   മാത്രം   ഞാൻ   തെരഞ്ഞെടുത്ത   ശബ്ദം......ഇപ്പൊ...തരംഗം   പോയിട്ട് , ജലം   പോലുമില്ലാതെ  മനസ്സ്   വറ്റി വരണ്ടിരിയ്ക്കുന്നു ....

                         കരയണോ   എന്ന്   ഞാൻ   ചിന്തിച്ചു.  തൊണ്ടയെ   വേദനിപ്പിച്ചുകൊണ്ടൊരു   ഗദ്ഗദം  യുദ്ധസന്നദ്ധമായി   നില്ക്കുന്നുണ്ട് .   ദിനചര്യകൾ   ഏറെക്കുറെ   താറുമാറായിരിയ്ക്കുന്നു  ...

                        മൊബൈലിലേയ്ക്ക്   നോക്കി.   വെറുപ്പ്   തോന്നി .  വൃത്തികെട്ടൊരു   പെട്ടി...  കണ്ടാലും മതി ....കറുത്ത് പെടച്ച് ....എന്തിന്   കൊള്ളാം...? ഞാനതിന്റെ   ഓടക്കുഴൽ  റിങ്ങ് ടോണ്‍   മാറ്റി .   പകരം   പോത്ത്   കരയുന്ന   ശബ്ദമാക്കി .  അവന്റെ   വിളികളില്ലാത്ത   മൊബൈലിന്   ഇനി   ഈ  ശബ്ദം   മതി.... അങ്ങനെ   ചെയ്തപ്പോൾ   ഇത്തിരി   ആശ്വാസം...സന്തോഷം....

                        ഞാൻ   കുളിമുറിയിൽ   കയറി .   കരയാനും   ചിരിയ്ക്കാനും  ചിന്തിയ്ക്കാനും , പിന്നെ   പാട്ടുപാടാനും  എനിയ്ക്ക്   ഏറ്റവും   ഇഷ്ടമുള്ള   സ്ഥലം......കണ്ണുകൾ   പൂട്ടി....ചുണ്ടുകൾ  പൂട്ടി....മനസ്സും   പൂട്ടി....ഏറെ   നേരം................
  അടഞ്ഞ   മനസ്സിൽ   നിന്നൊരു   നറുപുഞ്ചിരി .....

നീയെന്താണ്   കരുതിയത് ?   നിർജ്ജീവമാക്കിയ   മൊബൈൽ ഫോണിന്  പിന്നിൽ   നിനക്ക്  നിന്റെ   ശരീരത്തെ   മാത്രമല്ലേ   ഒളിപ്പിയ്ക്കാനാവൂ ?   നിന്റെ  മനസ്സോ  ?   അത്   ഒളിപ്പിയ്ക്കാനാവുമൊ?  അതിന്   എവിടെയാണ്   നിന്റെ   മനസ്സ് ?   അതെന്റെ   കൈയ്യിലല്ലേ   ഉള്ളത് ?   അതെന്നോ  എനിയ്ക്ക്  തന്നുപോയില്ലെ   നീ?   ഈ ജന്മം   ഞാനത്   നിനക്ക്   തിരിച്ചു തരാനും   പോകുന്നില്ല.   ഈ ജന്മം   മാത്രമല്ല ,  ഇനിയൊരു ജന്മവും  നിനക്കത്   തിരിച്ചു കിട്ടില്ല.   പിന്നെ  നീയെന്ത്   ചെയ്യും?

                    ഞാൻ   കുളിമുറിയിൽ   നിന്നും   പുറത്തിറങ്ങി .   കരയണ്ട   എന്ന് തന്നെ  ഞാൻ  തീരുമാനിച്ചു .   ഹൃദയത്തിൽ   മെല്ലെ   കൈ   ചേർത്തു ....മെല്ലെ.........വളരെ   മെല്ലെ............കാരണം....കാരണം   അതിനുള്ളിലല്ലെ   ഞാനവന്റെ   മനസ്സ്   സൂക്ഷിച്ചിരിയ്ക്കുന്നത്....മയിൽ‌പ്പീലി   പോലെ   മൃദുവായ   അവന്റെ   മനസ്സ്...അതിനു  നോവരുതല്ലൊ.......

                ആ  നിമിഷം  ,  എന്റെ   മൊബൈലിൽ   നിന്നും    പോത്ത്   കരയുന്ന   ശബ്ദം.  ചിരി വന്നു... അങ്ങനെ   വേണം...അങ്ങനെതന്നെ   വേണം....വൃത്തികെട്ട   ഈ  ശവപ്പെട്ടിയ്ക്ക്   ഇതാണ്   ചേരുക ...ഈ  ശബ്ദം തന്നെയാണ്   ചേരുക.  നന്നായിപ്പോയി .... എന്റെ   കണ്ണല്പം   നനഞ്ഞത്   ചിരിച്ചിട്ടാവും....

                                                          -----------------------
















പൂർവ്വാശ്രമത്തിലെ പേര് .

6 അഭിപ്രായ(ങ്ങള്‍)
                                         പൂർവ്വാശ്രമത്തിലെ  പേര് .
                                         ----------------------------------
                                                                                             -- ശിവനന്ദ .

                              ഒരു  പേരിലെന്തിരിയ്ക്കുന്നു ?   ഈ  ചോദ്യം   ആരാണ് ആദ്യം  ചോദിച്ചത് ?  എന്നാണ്   അത്   ചോദിച്ചത് ?  ഒന്നും   അറിയില്ല .  ഒരു പേരിലെന്തിരിയ്ക്കുന്നു   എന്നും   അറിയില്ല.   

                     എനിയ്ക്കുമുണ്ടായിരുന്നു   ഒരു  പേര് .  എന്റെ   പൂർവ്വാശ്രമത്തിലെ   പേര് .   അച്ഛമ്മയുടെ   പേരിടണമെന്ന്   പറഞ്ഞു   അച്ഛൻ .  അങ്ങനെ   ഞാൻ കുറച്ചുനാൾ   മാധവിയായി.   ശ്രീപാർവ്വതിയെന്നു  പേരിടണമെന്ന്   മുത്തച്ഛൻ .  കുറെ നാൾ  അങ്ങനെ   പാറുക്കുട്ടിയുമായി .  സംഗീതത്തിന്റെ   രാഗമഴ   നനഞ്ഞ   അമ്മ   എന്നെ  സംഗീത   എന്ന്   എന്ന്  വിളിച്ചു .   പേരിനൊപ്പം   അച്ഛൻ   എന്റെ   കാതിൽ   ഇങ്ക്വിലാബ്   വിളിച്ചു .   അമ്മയാകട്ടെ   കാതിൽ   ചൊല്ലിയത്  നീലാംബരി .  രണ്ടും   ഞാൻ   പഠിച്ചു.

                       ഒടുവിൽ   മനസ്സിന്റെ   രുദ്രവീണ   മീട്ടി   ഞാനും   പാടാൻ   തുടങ്ങിയപ്പോൾ ,  എനിയ്ക്ക്   ഏത്   രാഗത്തിന്റെ   പേരിടണമെന്നായി   അമ്മയ്ക്ക് .   ഇട്ട   പേരൊന്നും   പോരെന്നായി   അച്ഛൻ .   ശ്രുതിലയരാഗതാളങ്ങൾ  മാറിമാറി   പേരിൽ  വന്നു .   ഒടുക്കം   എന്തായി ?   എല്ലാ   പേരുകളും   ഞാൻ   മറന്നു.   എനിയ്ക്കു ഞാൻ തന്നെ ഒരു പേര്  കണ്ടുപിടിയ്ക്കേണ്ട  അവസ്ഥ !  അല്ലെങ്കിൽത്തന്നെ   ഒരു   പേരിലെന്തിരിയ്ക്കുന്നു ?............

                     ആകെയൊരു   കുലുക്കം..!  ഞാൻ   ഞെട്ടിയുണർന്നു ..!  ഉറക്കത്തിൽ നിന്നല്ല.   ദിവാസ്വപ്നങ്ങളിൽ നിന്ന് .   റോഡിന്റെ   മനോഹാരിത   കണ്ടിട്ടാവും   ബസ്സ്‌  തിരുവാതിര   കളിച്ചുകൊണ്ടാണ്   പോകുന്നത് .   ഏതാണ്   ഈ  സ്ഥലം ?   പുറത്തേയ്ക്ക്   നോക്കി .   ങാ...പുളിഞ്ചുവട് കവല .  ഇനിയുമുണ്ട്   ദൂരം. ഓർഡിനറി ബസ്സിന്റെ   സൈഡ് സീറ്റിലിരുന്നുള്ള   യാത്ര   എന്ത് രസമാണ്..!   കോളേജ് ബസ്സിലും   അങ്ങനെതന്നെയായിരുന്നു ...സൈഡ് സീറ്റിലിരുന്ന്   കണ്ട   സ്വപ്നങ്ങൾക്ക്  അറുതിയുണ്ടായിരുന്നില്ല .   ഓരോ   സ്ടോപ്പിലും   ബസ്സ്‌   നിർത്തുമ്പോൾ   കാണുന്ന   കാഴ്ച്ചകൾക്ക്   എന്നും   ഒരേ   നിറവും   ഭാവവും.   പക്ഷെ   അതിനെല്ലാം   വിവിധ   ഭാവ വർണ്ണങ്ങൾ   കൊടുത്തപ്പോൾ   ഒട്ടും   മടുപ്പ്   തോന്നിയില്ല . .  കാവുംപടി   സ്റ്റോപ്പിലെ   വീട്ടിൽ   തലേന്ന്   കണ്ട   സൂര്യകാന്തിപ്പൂവിന്റെ   ഒരിതൾ  ഇന്ന്  കൊഴിഞ്ഞിരിയ്ക്കുന്നത്   കണ്ടപ്പോൾ   അസ്വസ്ഥതയായി.  ജീ.ശങ്കരക്കുറുപ്പിന്റെ   ' സൂര്യകാന്തി '  ക്കവിതയെ   നെഞ്ചിലേറ്റിയിരുന്നതിനാൽ ,  സൂര്യനെ   പ്രണയിച്ച്   മരിച്ച   സൂര്യകാന്തിയോടെന്നും   അലിവായിരുന്നു .    

                  എന്നും   ബസ് സ്റ്റോപ്പിൽ   കാണുന്ന   അയാൾ   മുടി   വെട്ടാൻ   വൈകിയപ്പോൾ   എനിയ്ക്ക്   ദേഷ്യം   വന്നു .   അയാൾ  ആരാണെന്നൊന്നും   എനിയ്ക്കറിയില്ല .   എങ്കിലും   അയാള്   വൃത്തിയായി   നടക്കണമെന്ന്   ഞാൻ ആഗ്രഹിച്ചു .  അതെന്നും   അങ്ങനെതന്നെയായിരുന്നല്ലോ .   എന്നിലേയ്ക്കാരും   വന്നില്ലെങ്കിലും   എല്ലാവരിലേയ്ക്കും  ഞാൻ   ഇറങ്ങിച്ചെന്നിരുന്നു .   വഴിയരികിലെ   വീട്ടിൽ ,  ജമന്തിയിൽ   മൊട്ടിട്ടത് മുതൽ   അത്   വിരിയുന്നത് വരെയുള്ള   ദിവസങ്ങളോരോന്നും   എന്നിലെത്ര   നിർവൃതിയാണുണ്ടാക്കിയത് ....! 

                   ശിവക്ഷേത്രത്തിന്  മുന്നിലെ   സ്റ്റോപ്പിൽ  ബസ്സ്‌   നിർത്തുമ്പോൾ  അത്   കൃത്യമാണ് .  ആ അപ്പൂപ്പൻ .  ഭാണ്ടവും ഊന്നുവടിയുമായി   ആ അപ്പൂപ്പൻ  എങ്ങോട്ടാണാവോ  നടന്നുപോകുന്നത്....?   മുട്ടത്ത് സ്റ്റോപ്പിൽ   എന്നും   കാണാറുള്ള  വെളുത്തു മെലിഞ്ഞ   പയ്യനോട്   ഒരിത്തിരി   ഇഷ്ടമൊക്കെയുണ്ടായിരുന്നു .  അവന്റെ  വിടർന്ന   കണ്ണുകൾ   ബസ്സിലാകമാനം   തിരയുന്നത്   എന്നെയാണെന്ന്   മനസ്സിലായപ്പോൾ  ഒരു   കള്ളച്ചിരിയോടെ  ഞാൻ  അല്പം   മറഞ്ഞിരുന്നു.  അവന്റെ   അനിയത്തിയോട്   മനപ്പൂർവ്വം  ഇഷ്ടം   കൂടിയത്   വെറുതെയൊന്നുമായിരുന്നില്ലല്ലൊ .   പക്ഷെ ..ഒരു   ദിവസം  അവനെ  കണ്ടില്ല. പിന്നീടൊരിയ്ക്കലും   കണ്ടില്ല .  എവിടെപ്പോയോ  ആവോ....അനിയത്തിയോട്   ചോദിയ്ക്കാനും   മടിയായി .   പോട്ടെ .  അല്ലാതിപ്പോ   അതോർത്ത്   വിഷമിയ്ക്കാനെവിടെ   നേരം ?   തെരഞ്ഞെടുപ്പാണ്   വരുന്നത് .   

                       വൈസ് ചെയർമാൻ   സ്ഥാനത്തേയ്ക്ക്   മത്സരിച്ച്   ജയിച്ചപ്പോൾ   മനസ്സിലായി,  ഭരണം   അത്ര  എളുപ്പമല്ലെന്ന് .   തീരുമാനിച്ചു,  ഇനിയൊരു   മത്സരത്തിനില്ല .   ഒരു സിംഹാസനത്തിന്റെ താങ്ങില്ലാതെ  പ്രവൃത്തിയ്ക്കാനായിരുന്നു  ഇഷ്ടം .   കിരീടവും   ചെങ്കോലുമില്ലാതെ   സാധാരണക്കാരിയായി നിന്ന്  അഭിപ്രായങ്ങൾ   വെട്ടിത്തുറന്നു പറഞ്ഞു .  അന്യായം   എവിടെക്കണ്ടാലും   പൊട്ടിത്തെറിച്ചു .  അത്   കഴിഞ്ഞ  വർഷം .  ഈ  വർഷം   വീണ്ടും തെരഞ്ഞെടുപ്പ് .   ക്ളാസ്സിലെയ്ക്ക്   കയറിച്ചെന്നപ്പോൾ   ഒരു   ആരവം....!

"സ്ഥാനാർത്ധി  ആയിയേ...."

മനസ്സിലായില്ല ഒന്നും .  മുന്നിലേയ്ക്ക്   നീണ്ട  നോട്ടീസിൽ   നോക്കി   സ്തംഭിച്ച്   നിന്നു ...!   വീണ്ടും   മത്സരിയ്ക്കുന്നു   ഞാൻ...! ഞാനറിയാതെ...!

" ഇതാര്   ചെയ്തു ?"

"പാർട്ടി ..."

" ആരോട്   ചോദിച്ചിട്ട് ?"

" പാർട്ടി  തീരുമാനിച്ചു.  പ്രസ്ഥാനത്തിൽ   വ്യക്തികളില്ല ."

ദേഷ്യം   കൊണ്ട്   ജ്വലിച്ചു .  ..ആരോടും   പറഞ്ഞില്ല .  അനുവാദവും   ചോദിച്ചില്ല. നോമിനേഷൻ   ക്യാൻസൽ   ചെയ്തു .   ചോദ്യങ്ങൾക്ക്  നിശിതമായി   മറുപടി  പറഞ്ഞു .

" എന്റെ  വ്യക്തിത്വത്തിൽ   കടന്നാക്രമണം  നടത്താൻ   ഒരു  പ്രസ്ഥാനത്തേയും   ഞാൻ   അനുവദിയ്ക്കുന്നതല്ല ."

കുട്ടിനേതാക്കന്മാർ  അച്ഛനോട്   പരാതി  പറഞ്ഞപ്പോൾ   ഒന്ന്   ഭയന്നില്ലെന്ന്   പറയാതെ വയ്യ.   കാരണം   അച്ഛൻ   പറഞ്ഞാൽ    അനുസരിച്ചല്ലെ   തീരൂ....പക്ഷെ...അച്ഛൻ...ആ മഹാമനുഷ്യൻ   പറഞ്ഞു..

"അവൾക്കിഷ്ടമില്ലെങ്കിൽ   വേണ്ട .  എന്ത്   പ്രവർത്തി ചെയ്താലും   അത്   ഇഷ്ടത്തോടെയായിരിയ്ക്കണം .  എങ്കിലേ  അതിന്   നല്ല റിസൽറ്റ്  ഉണ്ടാവൂ..."

അച്ഛനെന്ന   വാക്കിന്  അർത്ഥം  എനിയ്ക്കെന്നും  വിഭിന്നമായിരുന്നു.  ഈ   വൈവിദ്ധ്യം  നിലനിന്നത്   എന്നിലോ   അദ്ദേഹത്തിലോ എന്നോർത്ത് മനസ്സ്   അലഞ്ഞുതിരിഞ്ഞു .  ഒരിയ്ക്കലും   അച്ഛനെന്ന   വാക്കിന്റെ പരമ്പരാഗത നിർവ്വചനങ്ങളിൽ  ഞാൻ വിശ്വസിച്ചിരുന്നില്ല.  സ്വാതന്ത്ര്യസമരത്തെക്കുറിച്ച്  പറഞ്ഞുതരുന്നതിനുപകരം ,  ഒരു  നാടോടിയ്ക്ക് പോലും അസൂയ  തോന്നുമാറ്   സ്വാതന്ത്ര്യം   തന്നിരുന്നത്  ഒരു വിഭിന്നതയായിത്തന്നെ  ഞാൻ കണ്ടു.  മക്കൾക്ക്   കൊടുക്കുന്ന സ്വാതന്ത്ര്യത്തിൽ   അച്ഛൻ  ആശങ്കപ്പെട്ടിരുന്നില്ല.   കോളേജ് രാഷ്ട്രീയത്തിന്റെ  ഊരാക്കുരുക്കുകളിലും  നിയമക്കുരുക്കുകളിലും  പെട്ട്   നട്ടം തിരിഞ്ഞ  മകന്റെ  ദു:ഖത്തെ  പുഞ്ചിര്യോടെ  തള്ളിക്കളഞ്ഞു  അച്ഛന്റെ അപാരമായ പക്വത.

                ' ഗുവാര' യെ    'ചെ '   ആക്കിയ  ലാറ്റിൻ അമേരിക്കൻ  യാത്രകളായിരുന്നൊ   ആ  മനസ്സിൽ ?  അതോ   അച്ചനേതോ   ആന്തരിക യാത്രയിലായിരുന്നോ?  ജാതിയ്ക്കും  മതത്തിനും   അതീതമായി   ചിന്തിയ്ക്കാൻ പഠിപ്പിച്ച  അച്ഛൻ  സമ്മാനിച്ചത്  തകർക്കാനാവാത്ത  സ്വതന്ത്ര ചിന്തകൾ .  എനിയ്ക്കെന്നെത്തന്നെ   കണ്ടെത്താൻ ,   ചോദിയ്ക്കാതെ കിട്ടിയ   ആത്യന്തിക സ്വാതന്ത്ര്യം  അദ്ദേഹം തന്ന നിധി.........

എന്റെ   പൂർവ്വാശ്രമത്തിലെ  ഭ്രമണങ്ങളിൽ  കറങ്ങിത്തിരിഞ്ഞ്  തുടങ്ങിയിടത്തുതന്നെ   ഞാൻ അവസാനിപ്പിയ്ക്കുമ്പോൾ   അച്ഛന്റെ  കണ്ണുകളിൽ   എന്നത്തേയും പോലെ   കാരണങ്ങൾക്കതീതമായ ആത്മവിശ്വാസം തന്നെയായിരുന്നു.  അപ്പോൾ   ആ ധ്യാന നേത്രങ്ങളിൽ  നോക്കി  ഞാൻ  ചിന്തയിൽ  മുഴുകി.   എനിയ്ക്കെന്തിനാണൊരു  പേര് ? അല്ലെങ്കിൽത്തന്നെ  ഒരു   പേരിലെന്തിരിയ്ക്കുന്നു ?.......

ബസ്   വീണ്ടും   കുലുങ്ങി   നിന്നു .  മനസ്സ്   താഴിട്ടു പൂട്ടി  മറ്റൊരു  യാത്രയിലേയ്ക്ക്  ......

                                          ----------------------------------------





                   




സ്നേഹപൂർവ്വം മയിൽ‌പ്പീലി .

0 അഭിപ്രായ(ങ്ങള്‍)
                     സ്നേഹപൂർവ്വം മയിൽ‌പ്പീലി .
                                                                       
                                                                          --  ശിവനന്ദ .

                പ്രിയപ്പെട്ട കുഞ്ഞേ ,
                                                 
                                                   ഇത് ഞാനാണ്.   നിന്റെ സഞ്ചിയിലെ  പുസ്തകത്താളുകൾക്കിടയിൽ   ജനിയ്ക്കുകയും   വളരുകയും  സ്വപ്‌നങ്ങൾ   നെയ്യുകയും   ചെയ്തവൾ.....ഓർക്കുന്നോ   നീയെന്നെ ?   ആളും   മാനവും   കാണാതെ   നീയെന്നെ   ഒളിച്ചു വച്ചപ്പോൾ ,  നിന്റെ   ഹൃദയത്തിലായിരുന്നില്ലേ   എന്റെ ഇരിപ്പിടം ?   ആരുമറിയാതെ   പമ്മിവന്ന്   എന്നെ   ഒളിഞ്ഞു നോക്കുമ്പോൾ ,  ഒരു   കോരിത്തരിപ്പിന്റെ   നിർവൃതിയായിരുന്നു   ഞാനറിഞ്ഞത് .

പിണങ്ങിയ   ചങ്ങാതിയെ   ഇണക്കാൻ എന്നെ  സമ്മാനമായി   നീ  കൊടുക്കുമ്പോൾ ,  എനിയ്ക്ക്   സ്നെഹത്തോളം   സ്ഥാനമുണ്ടായിരുന്നു .   എന്നാൽ  ചങ്ങാതിയോട്‌ നീ പിണങ്ങുമ്പോൾ ,  കൊടുത്ത സമ്മാനം   നീ   തിരികെ   ചോദിയ്ക്കുമ്പോൾ ....വിലയിടാനാവാത്തതാണ്   എന്റെ   സ്ഥാനമെന്ന്   ഞാൻ വീണ്ടും  അറിയുകയായിരുന്നു .

"കുറച്ചീസം   നിന്റെ   പുസ്തകത്തിൽ.. കുറച്ചീസം   എന്റെ പുസ്തകത്തിൽ ..."

എന്ന്  പറഞ്ഞ് , എന്റെ  ഉടമസ്ഥാവകാശം   നിങ്ങൾ   പങ്കിട്ടപ്പോൾ  ,  പങ്കുവയ്ക്കലാണ്  സ്നേഹമെന്ന്   ഞാൻ  മനസ്സിലാക്കി .   ഒടുവിൽ   എങ്ങോ   പിരിഞ്ഞുപോയ   ചങ്ങാതിയ്ക്ക്   സ്നേഹത്തോടെ   നീയെന്നെ   സമ്മാനിച്ചപ്പോൾ ,  ത്യാഗമാണ്  -- വിട്ടുകൊടുക്കലാണ്  സ്നേഹമെന്നും   ഞാനറിഞ്ഞു.

നിന്റെ   പുസ്തകസഞ്ചിയിൽ   കിടന്ന്   ഊഞ്ഞാലാടിയപ്പോൾ ,  സ്നേഹത്തിന്റെ   എത്രയെത്ര   ഭാവങ്ങളാണ്   കുഞ്ഞേ   നീയെന്നെ  പഠിപ്പിച്ചത് ..!

നീയും   വളർന്നു ...ഞാനും  വളർന്നു ....നമ്മൾ   യാത്ര   ചെയ്ത   ഇടനാഴികൾ  ഇരുണ്ടും   വെളുത്തും....

എന്തിനാണ് കുഞ്ഞേ   നീ   വളർന്നത് ?  നിന്റെ   വളർച്ചയ്ക്കിടയിലെ   ഏതോ ഗുഹാന്തരങ്ങളിലല്ലെ  എന്നെ   നിനക്ക്  നഷ്ടമായത് ?  അല്ലെങ്കിൽ   നീയെന്നെ   നഷ്ടപ്പെടുത്തിയത് ?  എന്തൊരു   കാലനീതിയാണിത് ...?

എവിടെയാണ്   നീ  ?  സുഖമോ   നിനക്ക് ?  നീണ്ടിടതൂർന്ന   മുടിയുണ്ടോ   നിനക്കിപ്പോഴും ?  നീണ്ടിടംപെട്ട   നിന്റെ   കണ്ണുകളിൽ   സ്വപ്നം   മയങ്ങുന്നുണ്ടോ ?  അതോ   പണ്ടത്തെപ്പോലെ   കുസൃതിയാണോ ?  അന്നത്തെ   കുട്ടിമനസ്സ്  നഷ്ടമായോ   നിനക്ക് ?

കാലത്തിന്റെ   കണക്ക് പുസ്തകത്തിൽ   ഒരുപാട് വെട്ടലും തിരുത്തലും......ഞാൻ   പോവുകയാണ്....എങ്ങോട്ടെന്നറിയില്ല.....വിമാനത്തിലാണെന്റെ   യാത്ര.....ആരുടെയോ  മൗലിയിൽ ചാർത്തപ്പെടാൻ ....അത്   കണ്ണന്റെയല്ലെന്ന്   എനിയ്ക്കറിയാം....ആർക്കൊക്കെയോ ആഭരണമാവാൻ...അത്  നിനക്കല്ലെന്ന്  എനിയ്ക്കറിയാം.....എവിടൊക്കെയോ   അലങ്കാരമാകാൻ ...അത്  നിന്റെ പുസ്തകത്താളിനല്ലെന്ന്   എനിയ്ക്കറിയാം ....

മുറിഞ്ഞിരിയ്ക്കുന്നു  എന്റെ  ഹൃദയം......ചോര   വാർന്നിരിയ്ക്കുന്നു.....കുഞ്ഞേ....പോവുകയാണ്...നീയില്ലാത്തൊരു   ലോകത്തേയ്ക്ക്...പക്ഷെ ...ഞാൻ ജീവിയ്ക്കും.  എന്റെ ഹൃദയത്തിൽ   ഒരു തുടിപ്പ്  മാത്രം   മാറ്റിവച്ച്  ഞാൻ   ജീവിയ്ക്കും,  ഒറ്റ  പ്രതീക്ഷയിൽ.  ജീവിത സായാഹ്നത്തിൽ ,  നീ   നിന്റെ   ബാല്യത്തിലേയ്ക്ക്   തിരിച്ച്  വരുമെന്നെനിയ്ക്കറിയാം.  അപ്പോൾ...അപ്പോൾ  നീയെന്നെ   നിന്റെ  പുസ്തകത്താളുകൾക്കിടയിൽ   തിരയും... കണാതാകുമ്പോൾ   നീ വേദനിയ്ക്കും.  എന്നെ  വിളിച്ച്  കരയും...  നീ വിളിച്ചാലെനിയ്ക്ക്   വരാതിരിയ്ക്കാനാവില്ല . ഞാൻ വരും...എവിടെയാണെങ്കിലും  ഞാൻ  വരും...

പ്രതീക്ഷ.....ഒരു  പിൻവിളിയ്ക്കുള്ള  പ്രതീക്ഷ...അതെന്നെ ജീവിപ്പിയ്ക്കും...ഇപ്പോൾ   ഞാൻ  പോകട്ടെ. മുറിഞ്ഞു മുറിഞ്ഞ്  ചോര വാർന്ന് പിടയാൻ   ഒരു  സമരമുന്നണിയിലേയ്ക്ക്.......


                                                                            -- സ്നേഹപൂർവ്വം -----
                                             
                                                         ---------------------------------




മഴവീട്ടിലെ രാപ്പകലുകൾ .( കഥ )

3 അഭിപ്രായ(ങ്ങള്‍)
                                        

നാല്പത്തഞ്ചാം വയസ്സിന്റെ പൂമുഖത്തിണ്ണയിലിരുന്ന്   പ്രിയാ അഗസ്റ്റിൻ   ഉത്സാഹത്തോടെ  ആലോചിച്ചു,  കുറച്ച്  ദിവസം  മുൻപ് വരെ   തനിയ്ക്ക്   സ്വന്തമായൊരു   പേരുണ്ടായിരുന്നില്ലല്ലോ എന്ന്.  മേൽവിലാസവുമുണ്ടായിരുന്നില്ല .  ആത്മബലം   നഷ്ടപ്പെട്ടൊരു   ചങ്ങലയിലെ   തുരുമ്പ്   പിടിച്ചൊരു   കണ്ണിയായിരുന്നു താൻ.  ആത്മനൊമ്പരങ്ങൾ   അന്തം വിട്ടുറങ്ങിയിരുന്നു   തന്റെ   കൂടാരത്തിൽ.  അവിടെ   മേലാളന്മാരും,    കീഴാളന്മാരും,   കാവല്ക്കാരുമുണ്ടായിരുന്നു .

 അടിച്ചമർത്താനുള്ള   ഭർത്താവിന്റെ   ആവേശം പ്രിയയുടെ   ശരീരത്തിൽ   അവിടവിടെ   രക്തം   കട്ട പിടിച്ച്   കരിനീലിച്ച  പാടുകളായി   പ്രത്യക്ഷപ്പെട്ടപോൾ   അവൾക്ക്  തോന്നി ,  അതെല്ലാം  കറുത്ത വാവിന്റെ   കൈയ്യൊപ്പുകളാണെന്ന് .   ശരീരത്തിലും   മനസ്സിലും   നിറയെ   കറുത്ത വാവിന്റെ   വിരൽപ്പാടുകൾ .......

 ഏക മകൾ  അച്ഛനെയും   അമ്മയേയും   പകച്ചു നോക്കിയപ്പോഴാണവൾ   തീരുമാനിച്ചത്,  ഒരു   ചന്ദനത്തിരിയാവാമെന്ന് .  പക്ഷെ ,  സുഹൃത്ത്   ജോണിന്റെ   ശബ്ദത്തിൽ  മുന്നറിയിപ്പായിരുന്നു.

" പ്രിയാ... നീ സ്വയം   എരിഞ്ഞു തീരുകയാണ്...."

പ്രിയ  വെറുതെ   ചിരിച്ചതേയുള്ളു .  എങ്കിലും  എപ്പോഴൊക്കെയോ   അവളുടെ   മനസ്സിൽ   ആരോ  മുഷ്ടി   ചുരുട്ടുന്നുണ്ടായിരുന്നു .  അത് ,  മനസ്സിനെ   കൈപ്പിടിയിലൊതുക്കാനാണോ  അതോ  പ്രതിഷേധത്തിന്റെ   നിശ്ശബ്ദ യുദ്ധമായിരുന്നോ   എന്നവൾക്ക്   തിരിച്ചറിയാനായില്ലെങ്കിലും   അടിച്ച്ചമർത്തപ്പെടുന്നവറെ    മനസ്സിലെന്നും   പതുങ്ങിക്കിടക്കുന്ന   ഒരു   ശൌര്യമുണ്ടാവുമല്ലോ   എന്ന   ചിന്തയ്ക്ക്  പ്രിയ   അടിവരയിട്ടു....

" ഹോ..! കഷ്ടം ..!  ഞാൻ  ലജ്ജിയ്ക്കുന്നു   പ്രിയാ..."

പൊട്ടിത്തെറിച്ച   ഏറുപടക്കം   പോലെ   കൂട്ടുകാരി   ആലീസ്..

"നീ   നിന്റെ  മനസ്സിനെയാണ്‌   അപമാനിച്ചത്...നിന്റെ ശരീരത്തെയാണ്   അപമാനിച്ചത്..."

അവളുടെ   അണപ്പല്ലുകൾ   ഞെരിഞ്ഞമർന്നു ..നിർത്തിയില്ലവൾ.

" അയാളുപയോഗിച്ച   രണ്ടാമത്തെ   മൃഗമാണ്‌   നീ.  ഇത്രയും   അധ:പതിച്ചുപോയല്ലൊ   പ്രിയാ   നീ ..."

കണ്ണും   മനസ്സും   പൂട്ടിവച്ച്   പ്രിയ   അനങ്ങാതിരുന്നു.   ആലീസെറിഞ്ഞ   ഏറുപടക്കം   മനസ്സിൽ   വീണു പൊട്ടിയാൽ   ഒരു  അഗ്നിപർവ്വത വിസ്ഫോടനം  തന്നെയുണ്ടാവുമെന്ന്   പ്രിയയ്ക്കറിയാം.   മനസ്സിന്റെ   അടഞ്ഞ   വാതിൽപ്പാളികളിൽ   മകളുടെ   മുഖം   മാത്രം   പതിച്ചുവച്ചു .

അല്ലെങ്കിൽത്തന്നെ ,   പശുവുമായി   താൻ   ശാരീരികബന്ധം   പുലർത്തിയിട്ടുണ്ടെന്നു ,  സ്വന്തം   ഭാര്യയോട്   യാതൊരു   ഉളുപ്പുമില്ലാതെ  പറയുകയും   വർണ്ണിയ്ക്കുകയും   ചെയ്ത   അയാളെ,  അതേ നിമിഷം തന്നെ   ഭർത്താവെന്ന   സ്ഥാനത്തിന്  നേരെ   ഒരു  ഗുണനച്ചിഹ്ന്നമിട്ട്   മാറ്റിയല്ലോ  എന്ന്   പ്രിയ   ഇപ്പോൾ   വളരെ   ലാഘവത്തോടെയാണ്   ഓർത്തത് .   പിന്നീട്  അയാൾക്ക്   വഴങ്ങിക്കൊടുത്ത   ഓരോ നിമിഷവും ,  ഒരു   ലൈംഗികത്തൊഴിലാളി ,  തന്നെക്കാൾ  എത്രയോ   മേലെയാണെന്നും   അവൾ   സ്വയം   നിന്ദിച്ചിരുന്നു .

മകൾക്ക്  സ്വന്തമായൊരു   ജീവിതമുണ്ടാകുന്നതുവരെ  പ്രിയ   തന്റെ   മൌനത്തിന്  അവധി   കൊടുത്തു .   അവധിയുടെ   കാലാവധി   തീർന്നപ്പോൾ  പ്രിയയുടെ  ശബ്ദത്തിന്   വന്നത്   തീർച്ചയുടെ  മൂർച്ച .

" ഞാൻ  പോകുന്നു "

" എങ്ങോട്ട് ?"

" അമാവാസിയുടെ   വിരൽപ്പാടുകൾ   മായ്ക്കാൻ ."

മനസ്സിലാകാതെ  നിന്ന   ഭർത്താവിന്   വിശദീകരണം   കൊടുത്തില്ല .  മകളോട്  മാത്രം   പറഞ്ഞു.

"അമ്മയ്ക്ക്   ഭയക്കാതെ   ശ്വസിയ്ക്കണം .. സമാധാനത്തോടെ   ഉറങ്ങണം.  അത്രയേ   വേണ്ടൂ.  തടയരുത്   മോളേ "

പൂമുഖവും  അടുക്കളയും  ഒരു കിടപ്പുമുറിയും   ശൌചാലയവും   മാത്രമടങ്ങുന്നൊരു   കുഞ്ഞ്   വീടിന്റെ   താക്കോൽ  നിസ്സാരവിലയ്ക്ക്   ഏറ്റുവാങ്ങുമ്പോൾ  പ്രിയയുടെ   മൗനത്തിന്റെ   വാത്മീകമുടഞ്ഞു .   കുളിമുറിയിൽ   നിന്നവൾ   ഉറക്കെ   പാട്ട്  പാടി.

 വീടിനെന്ത്   പേരിടണമെന്ന്   ഏറെ   ആലോചിച്ചു   അവൾ .  ഒന്നും   മനസ്സിൽ   വന്നില്ല.  ഓടുമേച്ചിലിനിടയിലുള്ള   ചെറുദ്വാരത്തിലൂടെ   കിടപ്പുമുറിയുടെ   നിലത്തു  വീഴുന്നൊരു   ചെറിയ   വെയിൽപ്പൊട്ട് .  അത്  പ്രിയയ്ക്കിഷ്ടമായി .   രാത്രിയിൽ   നല്ല   നിലാവുണ്ടായിരുന്നു.   വെയിൽപ്പൊട്ടിന്റെ  സ്ഥാനത്തൊരു   നിലാപ്പൊട്ട് .   അതവൾക്ക്  ഏറെ   ഇഷ്ടമായി.   മുറിയിലെ   പ്രകാശം   അണച്ച്   അവളാ   നിലാപ്പൊട്ടിലേയ്ക്ക്   നോക്കിയിരുന്നു.   അതിന്  കണ്ണും   കാതും   മൂക്കും   വായും   വച്ച്  ഒരു   മനുഷ്യ മുഖമായതുപോലെ   പ്രിയയ്ക്ക്   തോന്നി. അതവളോട്‌   പറഞ്ഞു,

" നിന്നെ   ഞാനെത്ര   സ്നേഹിച്ചിരുന്നു   പ്രിയാ..."

"എനിയ്ക്ക്   തോന്നി.."

"തോന്നി ?  സത്യം ?  എന്നിട്ടും   നീ..."

" സ്നേഹം   വെറും   തോന്നലായാൽപ്പോരല്ലൊ.."

" ശരിയാണ്....ഞാനത്   പറഞ്ഞ്  ഒപ്പ്   വച്ചില്ല  അല്ലെ ?"

ഒന്ന്   നിർത്തി ,  പെട്ടെന്ന്   ഓർമ്മ   വന്നതുപോലെ   ചോദ്യം ...

" നിനക്ക്   സുഖാണോ   പ്രിയാ ?"

അത്   കേട്ടപ്പോ   പ്രിയയ്ക്ക്   എന്തെന്നില്ലാത്ത   ഉത്സാഹം   തോന്നി .   അവൾ   സന്തോഷത്തോടെ   ചോദിച്ചു.

" കണ്ടോ...!  കണ്ടോ...!  നീയെന്റെ   ഭർത്തവായിരുന്നെങ്കിൽ  ഇത്രയും   ആത്മാർത്ഥതയോടെ   ഈ ചോദ്യമെന്നോട്   ചോദിയ്ക്കുമായിരുന്നോ ?  ഇല്ല.....ഇല്ല....."

അവൾ   ശാട്യത്തോടെ   പറഞ്ഞു .

"അപ്പോൾപ്പിന്നെ  ഇതാണ്  നന്നായത് ."

എഴുന്നേറ്റ്   ലൈറ്റിട്ടു.  നിലാമുഖമെങ്ങൊ   പോയി .   പക്ഷെ   ഇരുട്ടിൽ  നിന്ന്   അശ്ശരീരി   പോലെ   ഇത്രയും കൂടി  കേട്ടു.

"നിനക്ക്   പറ്റിയ   ഏറ്റവും   വലിയ   തെറ്റെന്താണെന്നറിയോ  ?   നീ   മോറൽ വാല്യൂസിന്   ആവശ്യത്തിൽക്കൂടുതൽ   പ്രാധാന്യം   കൊടുത്തു ."

"അതായിരുന്നില്ലേ   എന്റെ   ശീലം ? "

"എന്ത്   ശീലം ?  എന്നിട്ട്   ആ  ശീലം   നിന്നെ   രക്ഷിച്ചോ   പ്രിയാ ?  ഇല്ലല്ലോ ?   നമുക്ക്   ഉതകാത്ത   ശീലങ്ങൾ   വലിച്ചെറിയണം .   അയാൾക്ക്   നന്നായറിയാം ,  ഒരു  പുല്ക്കൊടിയെങ്കിലും   കിട്ടിയാൽ   ,  നീ  അതിൽ പിടിച്ചു കയറുമെന്ന്.   അതുകൊണ്ടാണ്   കിളിർത്ത് വരുന്ന   ഓരോ   പുൽനാമ്പും   അയാൾ   നുള്ളിക്കളയുന്നത് ..."

ഇരുട്ടിൽ നിന്നും   ഇടിമിന്നലാണോ ? അതോ ഇടിമുഴക്കമോ ?

" നിനക്കിനി   രണ്ടു വഴിയേ   ഉള്ളു.  ഒന്നുകിൽ   നീ അയാൾക്ക്  വേണ്ടി   ജീവിച്ച് നശിയ്ക്ക്.  അല്ലെങ്കിൽ   നീ  നിനക്ക്   വേണ്ടി   ജീവിച്ച് രക്ഷപ്പെട്..."

ജനാല   ചേർത്തടച്ചു .  ഇപ്പൊ   മുഖവുമില്ല, ശബ്ദവുമില്ല...

കുറച്ച്   വായിയ്ക്കണം...രാവിലെ   കുറെ   കുട്ടികൾ   വരും.  അവർക്ക്  പാഠങ്ങൾ   പറഞ്ഞുകൊടുക്കണം ...സംഗീതം   പഠിപ്പിയ്ക്കണം...

അപ്പോഴും   വീടിന്  എന്ത്   പേരിടണമെന്ന്   അവൾക്കൊരു  പിടിയും   കിട്ടിയില്ല .  കട്ടിലിലേയ്ക്ക്   ചാഞ്ഞു.........

ഉറക്കത്തിനിടയിൽ   ഞെട്ടിയുണർന്നത്   ദേഹത്ത്   വെള്ളത്തുള്ളികൾ   വീണിട്ടാണു .   പുറത്ത്  നല്ല   മഴയുണ്ടായിരുന്നു.   ഇറ്റു വീഴുന്ന   വെള്ളതുള്ളികളീലേയ്ക്ക്   നോക്കിയപ്പോ   അവൾക്ക്   ചിരി  വന്നു .   വെയിലും   നിലാവും   കഴിഞ്ഞ്   ഇപ്പൊ  മഴ വിരുന്ന്...!   വെള്ളം   വീഴുന്നിടത്ത്   ഒരു   പാത്രം   വച്ചു . കട്ടിൽ  അല്പം   വലിച്ച്   നീക്കിയിട്ട്  വീണ്ടും   കിടന്നു .  പിട്ടേന്ന്   ഉണർന്നപ്പോഴേയ്ക്കും  വീടിനവൾ  പേര്   കണ്ടുപിടിച്ചിരുന്നു....

വെയിലും  നിലാവും  മഴയും   വിരുന്ന് വരുന്ന  ആ കുഞ്ഞു വീടിന്  പ്രിയ,  ' മഴവീട് '  എന്ന്  പേരിട്ടു .  വെയിൽ പോലെ  ജ്വലിയ്ക്കുന്നതോ ,  നിലാവ്   പോലെ തിളങ്ങുന്നതോ  അല്ലല്ലോ   തന്റെ   മനസ്സ്   എന്ന് പ്രിയ   ഓർത്തു .  പക്ഷെ,  മഴ പോലെ   ഈറനായിരുന്നു .  എപ്പോൾ  വേണമെങ്കിലും   കണ്ണുകളിലേയ്ക്ക്   ഒഴുകിയിറങ്ങാൻ പാകത്തിന്  രണ്ട്  വെള്ളത്തുള്ളികൾ  എപ്പോഴും   മനസ്സിൽ  ഇറ്റു നിന്നിരുന്നു.

  ഇന്ന്,  ആ   കുഞ്ഞ്   മഴവീട്ടിൽ ,  ഐ.ടി.പ്രൊഫഷനുകളായ  രണ്ട്  യുവതികൾ ,  പേയിംഗ് ഗസ്റ്റായി   താമസിയ്ക്കാനിടം തരുമോ   എന്ന്   ചോദിച്ചു വന്നപ്പോൾ,   പ്രിയ   അതിശയം   മറച്ചുവച്ചില്ല.

"ഇത്രയും   കുറഞ്ഞ   സൗകര്യത്തിലോ ? "

 വിഷമില്ലാത്ത  ഇത്തിരി   ഭക്ഷണവും  ,  പ്രാഥമിക ആവശ്യങ്ങൾ   നിർവ്വഹിയ്ക്കാനുള്ള   സൗകര്യവും , കിടക്കാനല്പം   സ്ഥലവും   മാത്രം  മതിയെന്ന്  പറഞ്ഞ്  അവർ   വീണ്ടും   പ്രിയയെ   അതിശയിപ്പിച്ചു.

എന്തായിരിയ്ക്കും   അവരെ ഇനിയിവിടെ   ആകർഷിയ്ക്കാൻ പോകുന്നത് ? പ്രിയ  ആലോചിച്ചു....താനുണ്ടാക്കുന്ന   ചുവന്നു മൊരിഞ്ഞ ദോശയോ ? അതോ  താള് പുളിങ്കറിയോ ? ഉപ്പുമാങ്ങാ അരച്ചുകലക്കിയോ ? ആവോ...അറിയില്ല ...

മനസ്സ്   വലുതാകുമ്പോഴാണല്ലോ   ഇഷ്ടങ്ങൾ   ചെറുതാകുന്നത്   എന്നോർത്തപ്പോൾ  പ്രിയയ്ക്ക്  ആ കുട്ടികളോട്  വളരെ   ഇഷ്ടം   തോന്നി.......

                                                       **************





ഒരു ദിനമെങ്കിലും ...

0 അഭിപ്രായ(ങ്ങള്‍)
                                         ഇതാണ്  സ്ത്രീ ..
                                                                            
                                                                                    -- ശിവനന്ദ .

ജയിയ്ക്കണമെനിയ്ക്കൊരു ദിനമെങ്കിലുമീ
 ഭൂമിയിൽ  ഞാനൊരു  സ്ത്രീയെന്നഭിമാനിച്ച് ....

 ജീവിയ്ക്കണമെനിയ്ക്കൊരു  ദിനമെങ്കിലുമീ
ഭൂമിയിലെനിയ്ക്കുമവകാശമുറപ്പിച്ച് ...

വിരൽ ചൂണ്ടണമെനിയ്ക്കൊരു  ദിനമെങ്കിലുമെൻ
സ്ത്രീത്വത്തിന് നേർ  പുച്ചിച്ച കണ്‍കളിൽ നോക്കി ....

ജ്വലിയ്ക്കണമെനിയ്ക്കൊരു ദിനമെങ്കിലു , മെന്നെ
പൂട്ടിയ  ചങ്ങലക്കണ്ണികളടർത്തിയകറ്റുവാൻ ...

വളരണമെനിയ്ക്കൊരു ദിനമെങ്കിലും
മാനം മുട്ടെയൊരു  തണൽമരമായ്‌ ....

ചിരിയ്ക്കണമെനിയ്ക്കാ ദിനമെങ്കിലും
ചെറുചെടിയായ്  ജീവിച്ച നാളെന്നെ
ചവിട്ടിയരച്ച   പാദങ്ങൾ  നോക്കി ....

കൊടുക്കണമൊടുക്കമിത്തിരി  തണലെന്നെ
ചവിട്ടിയരച്ച  പാദങ്ങൾക്കും  നിശ്ചയം...

പറയണമെനിയ്ക്കാ ദിനമെങ്കിലു -
മിതാണ്  സ്ത്രീ !  ജയിയ്ക്കുമവൾ !!   നെടുന്തൂണുമായിടും !!!

                                                 *************************




മറവിയിലൊരു മറുവാക്ക് .

0 അഭിപ്രായ(ങ്ങള്‍)

                                              മറവിയിലൊരു  മറുവാക്ക് .
                                                                                      
                                                                                              --  ശിവനന്ദ . 




  തന്റെ  നേരെ നീട്ടിയ കൈകളിലേയ്ക്ക്   അയാൾ   നോക്കി.   വല്ലാത്തൊരു   എരിച്ചിൽ   കണ്ണിലാണോ   നെഞ്ചിലാണോ   എന്ന്  തിരിച്ചറിയാൻ  വളരെ   തീവ്രമായി   ശ്രമിച്ചു.   ഇത്  അവസാന രംഗമാണോ   എന്നും   അയാൾ  സംശയിച്ചു.....


  ഭാര്യയുടെ   നിറവയറിൽ  മുഖം ചേർത്ത്   കിന്നാരം   പറഞ്ഞത്   ആരോടായിരുന്നു  എന്നയാൾ   ആലോചിച്ചു.   ഉള്ളിൽ കിടന്നുള്ള   തുള്ളിക്കളി   കണ്ട്  കോരിത്തരിച്ചത്  ഈ ജന്മം  തന്നെയാണോ?   അതും  സംശയം.  വയറിന്റെ   ഓരോ  ഭാഗത്തും  അവൻ   ചവിട്ടിത്തുള്ളി   മുഴച്ചു വരുന്നത്   കാണാനുള്ള   കാത്തിരുപ്പിന്   മധുരം   പുരട്ടിയത് ,  തൊട്ടാവാടി   പോലെ   കൂമ്പിപ്പോകുന്ന  അവളുടെ  നാണമായിരുന്നെന്ന്   ഇപ്പോൾ   ഓർമ്മ  വന്നത്   അത്ഭുതം   തന്നെ...!   ആ  മുഴപ്പിന്മേൽ  മെല്ലെ  തൊട്ടപ്പോൾ ......ഹോ...!  ദേഹമാസകലം  കുളിര്  കോരിയിരുന്നു ...!   മെല്ലെ തൊട്ടപ്പോൾ  അവൻ  കുതറി മാറി  തൊട്ടപ്പുറത്ത്  മാറിനിന്ന്  പൊങ്ങി നോക്കി...!  ചെക്കൻ   മുങ്ങാംകുഴിയിട്ട്  കളിച്ച്  പറ്റിയ്ക്കുന്നു ...!


വയറിന്  മേൽ  വിരൽത്തുമ്പ്   കൊണ്ടെഴുതി ...


" മോനെ "....


അവൻ   തുള്ളിക്കളിച്ച് വന്ന് ,  ഗർഭപാത്രത്തിന്റെ   ഭിത്തിയിൽ   മറുവാക്കെഴുതി...


"അച്ഛാ ..."


നെഞ്ചെന്തിനാണ്  ഇങ്ങനെ   കഴയ്ക്കുന്നതെന്ന്   അയാൾക്ക്  മനസ്സിലായില്ല.  അയാൾ  നോക്കി.  ആ  കൈ   മുന്നിലുണ്ട് .   അമ്മയുടെ   ഗർഭപാത്രത്തിന്റെ   ഭിത്തിയിൽ   അച്ഛന്   മറുവാക്കെഴുതിയ   കൈ.....


"ഡോക്ടർ ".....


ഡോക്ടർ......ജന്മാന്തരങ്ങൾക്കപ്പുറത്ത്  നിന്നാണോ   ആ  വിളി ?  മനസ്സിലാകുന്നില്ല.   ആരാണ്   ഡോക്ടർ ?  അയാൾ   സ്വയമൊന്ന്   വിലയിരുത്തി .   തന്റെ   പേര് ......അതെ...അത് തന്നെ ....ഐസക് ജോർജ് .   താനൊരു   ഫോറൻസിക് സർജനായിരുന്നു  എന്ന  കാര്യം   അയാൾ  മനപ്പൂർവ്വം മറവിയിലേയ്ക്ക്   തള്ളി.


മറവിയുടെ   ഒരു   സമാന്തര ലോകം   പണിത് ,  അതിനുള്ളിൽ   എന്തെല്ലാമാണ്  ഒളിപ്പിച്ച് വച്ചതെന്ന്  ഓർത്തപ്പോൾ   അയാൾക്ക് പിന്നെയും  അതിശയം .


വീണ്ടും   ആ  കൈ.....ഇനി   കണ്ണും കരളും   വൃക്കയുമൊക്കെ   മനുഷ്യരൂപം   പൂണ്ട്  വരുമോ  എന്നയാൾ   ഭയപ്പെട്ടു .  അതൊക്കെ   എവിടെയാണ്   തുടിയ്ക്കുന്നതെന്നൊന്നും   ആലോചിയ്ക്കാൻ   അയാൾ   മിനക്കെടാറേയില്ല .   അതിനല്ലേ   മറവിയുടെ   സമാന്തര ലോകം ?


  എന്നിട്ടും   പുറത്ത് ചാടാൻ   വെമ്പുന്ന   കാഴ്ച്ചകൾ .....അവനെ   മാത്രം   തന്ന്   നിരന്തരം  കണ്ണീരൊഴുക്കിയ  ഗർഭപാത്രത്തെ  ഉപേക്ഷിയ്ക്കണമെന്ന്   ഗൈനക്കോളജിസ്റ്റ്   വിധിയെഴുതിയപ്പോൾ   ഭാര്യ   കരഞ്ഞിരുന്നു.  എന്നാൽ  തനിയ്ക്ക്   എന്താണ്   തോന്നിയിരുന്നതെന്ന്  അയാൾ   മറന്നുപോയി.   അറുത്ത് മാറ്റപ്പെട്ട  ഗർഭഗൃഹത്തെ  ഓർത്ത്  കരയേണ്ടതില്ലെന്ന്  എപ്പോഴും   ഓർമ്മിപ്പിച്ചത്  കൊച്ചു രാജകുമാരന്റെ   കുസൃതികളല്ലേ ? അതെ...കൊള്ളാം..!  അതയാൾ  മറന്നില്ല ...!


 എന്തിനാണ്  മറവിയുടെ  സമാന്തര ലോകം  പണിതതെന്നായി  ഇപ്പോൾ അയാളുടെ   ചിന്ത .   അത്   കാണാമറയത്ത്   മതിയായിരുന്നില്ലേ ?    അതിലെ   കള്ളത്തരം   വളരെ   കഷ്ട്ടപ്പെട്ട്   അയാൾ  കണ്ടു പിടിച്ചു.   അത് തന്നെയാണ് ..അതടുത്ത് തന്നെ വേണം ...  ഇടയ്ക്കൊന്ന്   എത്തി നോക്കണം .   പിന്നെ   മുഖം   തിരിയ്ക്കണം ..മറന്നെന്ന്  നടിയ്ക്കണം .


അത്   പണി തീർത്തത്   അന്ന് തന്നെയായിരുന്നു.


ആശുപത്രി മുറ്റത്തേയ്ക്ക്   പൊടി പറത്തി  പാഞ്ഞ് വന്ന  കാറിൽ നിന്നും ,  സ്ട്രെച്ചറിലേയ്ക്ക്  ഊർന്ന  ചോരയിൽ കുതിർന്ന  പഴന്തുണിക്കെട്ട്   ഒരു  മനുഷ്യരൂപം   പ്രാപിച്ചത് ,  പാഞ്ഞ   സ്ട്രെച്ചറിൽ   നിന്നും   തനിയ്ക്ക്   നേരെ  നീണ്ട   ചുവന്ന   കൈ  കണ്ടപ്പോഴായിരുന്നെന്ന് ഓർത്തപ്പോൾ  അയാൾക്ക്   നെഞ്ച്   വീണ്ടും   കഴച്ചു.   ആ കൈയ്ക്ക്   പിന്നിൽ   ' അച്ഛാ '  എന്നൊരു   വിളിയുണ്ടായിരുന്നെന്ന്   തിരിച്ചറിഞ്ഞപ്പോഴാണ് ,  അത്  അച്ഛന്   മറുവാക്കെഴുതിയ  കൈയ്യായിരുന്നെന്ന് ....


ഒരുപാട്  മൃതശരീരങ്ങളെ   കീറിമുറിച്ച് ,  ഒളിച്ച്  വയ്ക്കപ്പെട്ട   നിഗൂഢതകൾക്ക് നേരെ    വിരൽ ചൂണ്ടിയ  ഫോറൻസിക്  സർജൻ  ഡോക്ടർ  ഐസക് ജോർജ്   വളരെ   നിസ്സാരനായി  കുഴഞ്ഞ്   വീണത്   മുന്നേ പോയ  പഴന്തുണിക്കെട്ടിൽ നിന്നും   ഊർന്ന് വീണ   സ്വന്തം   രക്തത്തുള്ളികൾക്ക്  മേലെ....


മീഡിയനിൽ  ഇടിച്ച് തകർന്ന  മകന്റെ   ബൈക്കിന്  സമീപം അച്ഛനുള്ള  പിറന്നാൾ സമ്മാനമുണ്ടായിരുന്നു  എന്നയാളോട്  പറയാനുള്ള  ധൈര്യം   ഇന്നുവരെ   ആർക്കുമുണ്ടായില്ല .


മകന്റെ   കല്ലറയിൽ   ഒരുപിടി   മണ്ണ്   വാരിയിട്ട്   തിരിഞ്ഞപ്പോൾ   അയാൾ  ഓർത്തത്  അവന്റെ കണ്ണും   കരളും   വൃക്കയും   ആരായിരിയ്ക്കും   സ്വീകരിച്ചത് എന്നല്ല....അവന്റെ  കൈ....അതാർക്കാണ് ...


ആശുപത്രിയിൽ നിന്നും   നീണ്ട   അവധിയെടുത്ത്  മൗനവാത്മീകത്തിലൊളിച്ചു ...


തന്റെ   മുന്നിലിരുന്ന്  ഒരു തുണ്ട് കടലാസ്സിൽ കുറിയ്ക്കുന്ന  കൈ....


അപകടത്തിൽ   കൈ  നഷ്ടപ്പെട്ട  ഇരുപത്തിനാലുകാരൻ പയ്യൻ ...അവനാണ്  ആ കൈ  വച്ചു പിടിപ്പിച്ചതെന്ന് അറിഞ്ഞപ്പോൾ മുതൽ ...ഒന്ന് കാണാൻ   പിടച്ച  മനസ്സിനെ  എന്തിനാണ് സ്വയം  ശകാരിച്ചതെന്ന്   അയാൾക്ക് മനസ്സിലായില്ല .   കാണാൻ   പോയതുമില്ല.   തനിയ്ക്ക് തന്നെ  പിടികിട്ടാത്ത  ഒരു പ്രഹേളികയായി   താൻ   മാറുന്നു  എന്നത്,   മന:പ്പൂർവ്വം  എടുത്തണിഞ്ഞ  ഒരു  പടച്ചട്ടയാണെന്ന്   അയാൾ  ചിന്തിയ്ക്കായ്കയല്ല...


ആര്ത്തിരമ്പുന്ന  തിരകളേപ്പോലെ  മനസ്സ്....മുന്നിലിരുന്ന്  കുറിയ്ക്കുന്നത്   അവനാണ് ....ആ  വിരലുകൾ ....ആ കൈപ്പത്തി   തന്നെ നോക്കി  ' അച്ഛാ '   എന്ന്....


കണ്ണിറുക്കിയടച്ചാൽ  മനസ്സിന്റെ   വാതിലടയില്ലെന്നു അയാൾക്കറിയാം .  പക്ഷേ ...


അവനെഴുന്നേറ്റു .  ആ  തുണ്ട് കടലാസ്സ്  അയാൾക്ക്  നേരെ നീട്ടി .  ദൈവത്തിന്  കത്തെഴുതിക്കൊടുക്കുന്നത് പോലെ.....അവന്റെ   നിറഞ്ഞ് ഒഴുകുന്ന   കണ്ണുകളിൽ നോക്കി അയാൾ പകച്ചു.   പിന്നീട്   കൈകളിലേയ്ക്കും....


ആർത്തിരമ്പുന്നൊരു   കൊടുങ്കാറ്റ്   വന്ന്  തന്നെ  ചുഴറ്റിയെറിയുന്നെന്ന്  അയാൾക്ക്  തോന്നി.  എന്തോ   പറയാനാഞ്ഞെങ്കിലും   വാക്കുകൾക്ക്   പാതിവഴിയിൽ   ശക്തിക്ഷയം.....വീണ്ടും   ആ  തുണ്ട് കടലാസ്സ് ...


അയാളുടെ  കൈ പിടിച്ച് ,  ആ  തുണ്ട് കടലാസ്സ്  ,  അവൻ  ആ  കൈകളിൽ  വച്ച് കൊടുത്തു ...!!!    ആ  സ്പർശമേറ്റ  നിമിഷം....അയാൾ  കുളിർന്ന് വിറച്ചു..  കടലാസ്സിൽ....


"അച്ഛന്  സ്നേഹപൂർവ്വം .."


വാക്കുകൾക്ക്  ശക്തിക്ഷയം  സംഭവിയ്ക്കട്ടെ ...ഇനിയെന്തിനാണ്   വാക്കുകൾ ?   ഋതുഭേദങ്ങൾ  ഒന്നിച്ച്  മുന്നിൽ  വന്നു നിരന്നു..!   ലോകം  ചുങ്ങിച്ചുരുങ്ങി  ആ  കൈയ്ക്കുള്ളിൽ ....ഗജഗംഭീരനായ  ഫോറൻസിക് സർജൻ  വെറുമൊരു പാവം  അച്ഛൻ  മാത്രമായ   നിമിഷം...


അമ്മയുടെ  ഗർഭപാത്രത്തിൽ , അച്ഛന്  മറുവാക്കെഴുതിയ  ആ  കൈ  ,  അയാളുടെ   വിറയ്ക്കുന്ന   കൈകളിൽ  ഒതുങ്ങിയിരുന്ന്  വിളിച്ചു...


"അച്ഛാ ..."


നനഞ്ഞ്  വിറച്ച ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ  അവൻ  അയാളുടെ  നെഞ്ചിലമർന്ന് കുറുകി....


                                                 *******************
 
Copyright © .