2017, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

പറയാന്‍ മറന്നത്.

16 അഭിപ്രായ(ങ്ങള്‍)

അയാള്‍ വെട്ടിവിയര്‍ത്തു.  തൊണ്ട   വല്ലാതെ  വരണ്ടു. പതിവ് പോലെ  സ്വപ്നത്തിന്‍റെ  ബാക്കി  കാണാന്‍  കണ്ണടച്ച് കിടക്കുന്ന തന്‍റെ കുസൃതിയെ  ഇപ്പോഴയാള്‍  എന്തുകൊണ്ടോ   ഭയപ്പെട്ടു. ഇരുട്ടില്‍ നിഴലുകള്‍ക്ക്  രൂപം   വയ്ക്കുന്നതായും   അവ  അട്ടഹസിയ്ക്കുന്നതായും   തോന്നിയപ്പോള്‍  വെപ്രാളത്തൊടെ  ലൈറ്റിന്റെ  സ്വിച്ച് തപ്പി.

മുറിയില്‍   നിറഞ്ഞ   വെളിച്ചത്തില്‍  അയാള്‍   ആശ്വാസത്തോടെ  ഇരുന്ന് കിതച്ചു.  വല്ലാത്തൊരു സ്വപ്നം എന്ന്  വിഹ്വലതയോടെ   ഓര്‍ക്കുകയും ചെയ്തു. ശാന്തമായി   ഉറങ്ങുന്ന   ഭാര്യയുടേയും  മകളുടെയും മുഖത്തേയ്ക്ക്  നോക്കി  അല്‍പനേരം  എന്തൊക്കെയോ   ആലോചിച്ചിരുന്നു. മേശപ്പുറത്തുനിന്നും  വെള്ളത്തിന്‍റെ  ജാര്‍ എടുത്ത്  വായിലേയ്ക്ക്  കമഴ്ത്തുംപോള്‍  കിതപ്പ്   ആറിയാറി  വന്നു.  വിയര്‍പ്പ് ഒപ്പിക്കൊണ്ട്  വെറുതെ കണ്ണടച്ചിരുന്നു..  ആ  മുഴക്കം   പോയിട്ടില്ല ഇതുവരെ!

"ഡാ  ആ  കാര്‍ന്നോരവിടെ  ഒറ്റയ്ക്കല്ലേടാ? ചത്താലും  അറിയോ?  ഞാന്‍  പറഞ്ഞതല്ലേ  നിന്നോട്?"

മുഴക്കം...  വീണ്ടും വീണ്ടും അതിന്‍റെ മാറ്റൊലി...

വല്ലാത്തൊരു   അസ്വസ്ഥത.  നെറ്റിയില്‍   വീണ്ടും  വിയര്‍പ്പ് പൊടിച്ചു.  കാന്‍സര്‍  കാര്‍ന്നുതിന്നുകൊണ്ടിരുന്ന സ്വന്തം  ശരീരത്തെ  നോക്കി  അമ്മ  എന്നും  ചിരിയ്ക്കുകതന്നെയായിരുന്നു എന്നയാള്‍  ഓര്‍ത്തു..  അവസാനനിമിഷം വരെ   തോറ്റ് കൊടുക്കില്ലെന്ന   തീര്‍ച്ചയുടെ  തീക്ഷ്ണത!  താന്‍   മരിച്ചാല്‍  കര്‍മ്മം ചെയ്യരുതെന്നും  തന്‍റെ  ചിത്രം  ഭിത്തിയില്‍  തൂക്കരുതെന്നും  അസ്ഥിത്തറയില്‍  വിളക്ക് വയ്ക്കരുതെന്നുമൊക്കെയുള്ള   'അരുതു' കളിലേയ്ക്ക്  മനസ്സ്  കോര്‍ത്ത് വച്ചു. പിന്നെ  ഒരേയൊരു   ആവശ്യത്തിലേയ്ക്കും..

"മോനേ  ഞാന്‍ മരിച്ചാല്‍   അച്ഛനെക്കൊണ്ട്  വേറെ കല്യാണം  കഴിപ്പിയ്ക്കണട്ടോ"

സന്ദര്‍ഭത്തിന്  ലാഘവത്വം  വരുത്താനായിരുന്നു അന്ന്  ആര്‍ത്ത പൊട്ടിച്ചിരികളുടെ  മാലപ്പടക്കത്തിന്  താന്‍ തിരി  കൊളുത്തിയത്  എന്നയാള്‍  ഓര്‍ത്തെടുത്തു.   ഒപ്പം,  ഏത്  സാഹചര്യങ്ങളിലും   പറയാനുള്ളത്  പറഞ്ഞുതീര്‍ക്കാതെ  അമ്മ  പിന്‍വാങ്ങിയിട്ടില്ലെന്നതും  ഓര്‍ക്കേണ്ടതുണ്ടായിരുന്നു.
ചിരിച്ചു തിമിര്‍ത്ത  മക്കളുടെ കൂടെ  ചിരിയ്ക്കുന്നതിനിടയിലും  അമ്മയത്  പറഞ്ഞുവച്ച...

"നിങ്ങള്  ചിരിയ്ക്കണ്ട.  കാര്യായിട്ടാ  ഞാന്‍  പറയണേ.  രോഗങ്ങളുടെ  ഒരു കൂടാ  അങ്ങേരുടെ  ശരീരം.  ആരേലും  വേണ്ടേ നോക്കാന്‍?  നിങ്ങക്ക്  എപ്പഴും  അച്ഛനെ  നോക്കി  കാവലിരിയ്ക്കാന്‍  പറ്റുവോ?  നിങ്ങക്ക്  നിങ്ങടെ  ജീവിതം  നോക്കണ്ടേ?   എന്നാ  ഒരു  ഹോംനേഴ്സിനെ  വയ്ക്കാന്ന്  വെച്ചാ  അതും റിസ്ക്കാ.  എന്തൊക്കെയാ  അടിച്ചെടുത്തോണ്ട്  പോണേന്ന്  പറയാന്‍ പറ്റൂല.   ആളെ  തല്ലിക്കൊന്ന് കിട്ടിയതും വാരിക്കൊണ്ട്  പോവില്ലാന്നാര് കണ്ടു!  എന്തൊക്കെയാ  ചുറ്റും കേക്കണേ!  അതിലൊക്കെ നല്ലത്  ഇത് തന്നെയാ.  ഒന്നൂല്ലേലും സ്നേഹിച്ച്  കൂടെ  നിന്നോളൂല്ലോ."

വളരെ  നിസാരതയോടെ  അമ്മ  വാക്കുകള്‍ എറിഞ്ഞു . 

"പ്രായമിത്രേം  ആയെങ്കിലും  അങ്ങേര്  ഇപ്പഴും  സുന്ദരനല്ലേടാ?   ആവശ്യത്തിന്  കാശും  കൈയ്യിലൊണ്ട് .  ആലോചിച്ചാ  ഒരു വിഷമോണ്ടാവില്ല  നടക്കാന്‍".


ആ  വാക്കുകളില്‍  അമ്മ  അല്‍പം കുസൃതിയും  ചാലിച്ചിരുന്നു  എന്നോര്‍ത്തപ്പോ  വല്ലാത്തൊരു  വിങ്ങലുണ്ടായി മനസ്സില്‍. അന്ന്  ആ  വാചകത്തില്‍  കയറിപ്പിടിച്ച് അമ്മയെ  എല്ലാവരും കൂടി  കളിയാക്കി ഒരു പരുവമാക്കി  എന്ന ഓര്‍മ്മ  ഇപ്പോഴയാളില്‍  ചിരിയുണര്‍ത്തിയില്ല .

 അമ്മ വീണ്ടും പറഞ്ഞുതുടങ്ങി.. 

"അച്ഛന്‍  നിങ്ങളോട്  ഒരിയ്ക്കലുമത്  ആവശ്യപ്പെടില്ല.  അത് സമൂഹത്തെ  പേടിച്ചിട്ടാണ്.  മക്കളുടെ മുന്നിലുള്ള  നാണക്കേട്‌ ഭയന്നാണ്.   അതുകൊണ്ട്   നിങ്ങള്‍ തന്നെ മുൻകൈയ്യെടുക്കണം.  അച്ഛനെ  മറ്റൊരു  വിവാഹത്തിന്  നിര്‍ബന്ധിയ്ക്കണം.  അത്  നടത്തിക്കൊടുക്കണം."

സഹികെട്ട് അന്ന്  താന്‍  ശബ്ദമുയര്‍ത്തിയെന്നയാള്‍  ഓര്‍ത്തു. 

"ഒന്ന്  ചുമ്മാതിരിയമ്മാ...  അമ്മയെന്താ  ഉടനെ  മരിയ്ക്കാന്‍ പോകുന്നോ?  എന്നാപ്പിന്നൊരു  കാര്യം ചെയ്യ്‌,  അമ്മതന്നെ  അച്ഛനെ  രണ്ടാം കെട്ട്  കെട്ടിയ്ക്ക്.  അല്ല പിന്നെ! മനുഷ്യനെ ചുമ്മാ  വട്ടാക്കാന്‍"

പിന്നെ അമ്മയുടെ ശബ്ദം എന്തിനോ വല്ലാതെ നനഞ്ഞുവന്നു.. 

"മോനേ,   ഭര്‍ത്താവ്  മരിച്ച  സ്ത്രീ  ഒറ്റയ്ക്കും  ജീവിയ്ക്കും.  അവര്‍ക്കതിനുള്ള മനസ്സുറപ്പുണ്ട്.  കഴിവുണ്ട്.  പക്ഷേ ഭാര്യ  മരിച്ച  പുരുഷന്‍റെ  കാര്യം  കഷ്ടമാ  മോനെ.   ഒരു കുഞ്ഞിനെ  നോക്കാനോ  അടുക്കളപ്പണിയ്ക്കോ  പോലും  പ്രായമായൊരു പുരുഷനെ  ആര്‍ക്കും വേണ്ട  എന്ന സത്യം  എല്ലാവരും സൗകര്യപൂര്‍വ്വം മറക്കുന്നതാണ്.  ഉമ്മറക്കോലായിലെ  കാലൊടിഞ്ഞ  ചാരുകസേര  പോലെ പൊടിപിടിച്ച്  നശിച്ചുപോകരുത്  നമ്മുടെ അച്ഛന്‍."

വല്ലാത്തൊരു  നടുക്കമായിരുന്നു അന്ന് മുഴുവന്‍.   വീണ്ടുമിപ്പോൾ  അതേ  നടുക്കം!  നെഞ്ച്  വല്ലാതെ കഴച്ചു.   അന്യദേശത്തെ  ജോലിയും ജീവിതവും മടുത്തുതുടങ്ങുന്നോ എന്നും സംശയമായി. സ്വന്തം ജീവിതം ചുമന്നു ചുമന്ന് എന്തൊക്കെയോ  മറന്നുപോയോ? മനപ്പൂര്‍വ്വമല്ലെങ്കിലും...


വീട്ടിലേയ്ക്ക് ഡയല്‍ ചെയ്യുമ്പോൾ  കൈ എന്തിനാണ് ഇങ്ങനെ വിറയ്ക്കുന്നതെന്ന്  അയാള്‍ക്ക് മനസ്സിലായതേയില്ല.  മണിയടിയ്ക്കുന്നുണ്ട്.   എടുക്കുന്നില്ല.  ഒരു തവണ... രണ്ടു തവണ... മൂന്ന് തവണ...   നെഞ്ച് വീണ്ടും വല്ലാതെ  പിടച്ചു.  വന്യമായൊരു പേടി ശരീരമാകെ വിറയലായി പടര്‍ന്നു. വീണ്ടും വിളിച്ചു നാലാം തവണ...  

"ഹലോ"

അപ്പുറത്തുനിന്നും  ഉറക്കച്ചടവിന്റെ  സ്വരം  കേട്ടപ്പോ ശരിയ്ക്കും അതിശയിച്ചു!   ഇത്രമാത്രം താന്‍ അച്ഛനെ സ്നേഹിച്ചിരുന്നല്ലോ എന്നോര്‍ത്ത്.

"അച്ഛനെന്താ  ഫോണ്‍ എടുക്കാതിരുന്നെ?  ഞാനങ്ങ്  പേടിച്ചുപോയി."

സംസാരിച്ച്  ഫോണ്‍ വച്ച  ഉടനെ  ലാപ്ടോപ് ത

'പേര് -  നാരായണന്‍,  വയസ്സ് -  65,  വിഭാര്യന്‍, മക്കള്‍  വിവാഹിതര്‍,  ശിഷ്ടജീവിതം  പരസ്പരം താങ്ങും തണലുമാവാന്‍ സമ്മതമുള്ളവരില്‍ നിന്നും ആലോചനകള്‍ ആഗ്രഹിയ്ക്കുന്നു.'

ലാപ്ടോപ്  അടച്ചുവയ്ക്കുമ്പോള്‍ വല്ലാത്തൊരു  മനസ്സമാധാനം അനുഭവപ്പെട്ടു.  




2017, ഒക്‌ടോബർ 24, ചൊവ്വാഴ്ച

അരൂപികളുടെ ആകാശം . (കഥ)

10 അഭിപ്രായ(ങ്ങള്‍)


" മരിച്ച  സ്വപ്നങ്ങളെയും  മരിയ്ക്കാത്ത  സ്മരണകളേയും  അടക്കം ചെയ്ത് ,  ഞാനെന്റെ  മനസ്സിൽ തീർത്ത  പ്രണയത്തിന്റെ  ശവകുടീരം.."

ആ തുണ്ടുകടലാസിൽ  അക്ഷരങ്ങൾ   കരയുകയാണോ  എന്നയാൾ സംശയിച്ചു..  പ്രണയത്തിൻ്റെ  മുറിഞ്ഞ  ആത്മാവിനെ ചുരുക്കിയടുക്കി  ഒരു തുണ്ടുകടലാസില്‍  ഒതുക്കിയ നേരം അവളെത്ര  നൊന്തുകാണുമെന്നോര്‍ത്തപ്പോ,  മനസ്സ് വിറച്ചത്, മാഞ്ഞുപോയ  നാളുകളുടെ  ഓര്‍മ്മകള്‍  നനവാര്‍ന്നിട്ടാകും  എന്നയാള്‍  ആശ്വസിച്ചു...

കണ്ണീരിനേക്കാള്‍  നോവുന്ന  വാക്കുകളെ  ഗര്‍ഭം ധരിച്ച  ഒരു കൊച്ചു താജ്മഹല്‍ ,  ശിലപോലെ  ഉറഞ്ഞുപോയൊരു  മഹാമൗനം  പോലെ ,  അവളയച്ച സമ്മാനപ്പെട്ടിയിലിരുന്ന്  അയാളെ  ആര്‍ദ്രമായി  നോക്കി...  ആ നോട്ടത്തില്‍   ഒരുപാട് കഥകളുണ്ടായിരുന്നു.   അരൂപികളുടെ ആകാശത്തിന്റെ കഥ...  അരൂപികളുടെ  ആകാശത്ത്  സംവദിയ്ക്കുന്നതിന്റെ  നോവുകള്‍  പേറുന്ന  അജ്ഞാതരൂപങ്ങളുടെ കഥ...

അയാള്‍   ചെവിയോര്‍ത്തു....

" അടുക്കളക്കിളിവാതിലിന്‍റെ ചില്ലിലൂടെ പുറത്തേയ്ക്ക്  നോക്കുമ്പോള്‍   കാണുന്ന  ഒരു തുണ്ട് വെളുപ്പ്‌...  അതാണ്‌  എന്റെ  ആകാശം.   അരൂപികളുടെ   ആകാശത്തെ   നോവുന്ന ആത്മാക്കളുടെ കൂട്ടത്തില്‍   ഞാനുമുണ്ട്..."

അയാള്‍ക്കൊന്നും   മനസ്സിലായില്ല..  ആ  മാര്‍ബിള്‍ ശില്‍പ്പത്തിനുള്ളില്‍  അവളുണ്ടോ ?  ഹേയ്..  അതൊരു  ശവകുടീരമല്ലേ...  നൂറ്റാണ്ടുകളായി  മരിച്ച  പ്രണയങ്ങളുടെ   മുറിവേറ്റ  ആത്മാക്കള്‍   വസിയ്ക്കുന്നിടം..

" ഏതോ അത്തക്കളത്തില്‍  വീണു കരിഞ്ഞുപോയ  നിന്‍റെ വയല്‍പ്പൂവിനെ  ഓര്‍ത്ത്  നീയിനി  വേദനിയ്ക്കരുത്...  ധര്‍മ്മാനുഷ്ടാനങ്ങള്‍ക്ക്  വേണ്ടി  നമ്മള്‍   വലിച്ചെറിഞ്ഞ   നമ്മുടെ  പ്രണയം .. ഇതാ  ഈ  ശില്‍പത്തില്‍.  ഇത് നീയെടുത്തുകൊള്ളുക ..  പ്രണയത്തിന്റെ   ആത്മാവിനെ   നീ  സൂക്ഷിച്ചുവയ്ക്കുക..  ജന്മങ്ങള്‍ താണ്ടി  വീണ്ടും  ഞാന്‍ നിന്‍റെ അടുത്തെത്തുംവരെ ..  "

അയാള്‍  കണ്ണുകള്‍ ഇറുക്കിയടച്ചു..   മനസ്സ്  നനഞ്ഞ്  കണ്ണിലെത്തിയ   തുള്ളികള്‍  താഴോട്ടൊഴുകി  സ്വാതന്ത്ര്യം ആഘോഷിച്ചു..  താജ്മഹല്‍  അയാള്‍  നെഞ്ചോടടുക്കിപ്പിടിച്ചിരുന്നു ..  അതാരെങ്കിലും  തട്ടിയെടുത്ത്  നശിപ്പിയ്ക്കുമോ   എന്ന്   ഭയന്നിട്ടെന്നപോലെ..

എന്‍റെ... എന്‍റെ  സ്വന്തം താജ്മഹല്‍ ..  അരുത്... തകര്‍ക്കരുത്... എന്‍റെ.. എന്‍റെ...

അയാള്‍ പിറുപിറുത്തുകൊണ്ടിരുന്നു....
 
Copyright © .