2019, മാർച്ച് 28, വ്യാഴാഴ്‌ച

ഹൃദയത്തിലേയ്ക്ക് ഒരു നിശ്വാസദൂരം ..

12 അഭിപ്രായ(ങ്ങള്‍)
ഹൃദയത്തിലേയ്ക്ക് ഒരു നിശ്വാസദൂരം ..
----------------------------------------------------------------------

ഒരു പ്രവാസി സുഹൃത്തിന്റെ വാക്കുകള്‍.. ഫോണിലൂടെയാണ്..

"ലീവിന് നാട്ടില്‍  വന്നിട്ട് തിരികെ പോകാന്‍ നേരം എയര്‍പോര്‍ട്ടില്‍ എത്തുമ്പോ ,  വായില് നോക്കാന്‍ നല്ല പെണ്‍പിള്ളേര് വല്ലതും ഉണ്ടോന്ന് നോക്കി നടക്കും ഞാന്‍.  അത് വായില് നോക്കി നടക്കാന്‍ കൊതിയായിട്ടല്ല.. പിന്നെ എന്തിനാന്ന് അറിയോ?  മനസ്സിനെ ഒന്ന് പിടിച്ചുകെട്ടാന്‍ വേണ്ടിയാണ്. മനസ്സ് ഒന്ന് divert ചെയ്യാന്‍ വേണ്ടിയാണ്. പോകാന്‍ നേരം ഭാര്യ നോക്കുന്ന ഒരു നോട്ടമുണ്ട്. അത് നേരിടാന്‍ പറ്റുകയെ ഇല്ല.. മനപ്പൂവ്വം ഞാന്‍ ഭാര്യയുടെ മുഖത്തേയ്ക്ക് നോക്കാതിരിയ്ക്കും.  നോക്കിയാലുണ്ടല്ലോ ,  ഞാന്‍ പിന്നെ പോകത്തില്ല. തിരിച്ച് വീട്ടിലെയ്ക്കുതന്നെ പോരും. ഉറപ്പ്..."

സത്യം !  മനസ്സ് വെന്തുപോയി ഇത് കേട്ടപ്പോള്‍.. സുഹൃത്ത്  മനസ്സില്‍ ചുമക്കുന്ന നെരിപ്പോട് ആണ് ഞാന്‍ കേട്ട  ആ എരിച്ചില്‍... ഞാന്‍ ഒന്നും മിണ്ടിയില്ല. മിണ്ടാന്‍ ഒന്നുമില്ലായിരുന്നു എനിയ്ക്ക്.. എന്നാല്‍ അത് പറയുന്ന സമയം അയാള്‍ എന്റെ അടുത്തുണ്ടായിരുന്നെങ്കില്‍ .. ഞാനോര്‍ത്തു.. ഒരു കൈ കൊണ്ട് അയാളെ മെല്ലെയൊന്നു ചേര്‍ത്തു പിടിച്ചേനെ ഞാന്‍..  ചിലപ്പോള്‍ ആ മുഖം എന്റെ തോളില്‍ ഒന്ന് ചായ്ച്ചു വച്ചേനെ... എന്റെ സുഹൃത്തിന്റെ മനസ്സ് അപ്പോള്‍ നിലവിളിച്ചത് മുറുകെ പിടിയ്ക്കാന്‍ ഒരു കരത്തിന് വേണ്ടിയായിരുന്നു..

ഒരു സ്പര്‍ശം !   വാക്കുകളേക്കാള്‍ മഹനീയമാകുന്ന സ്പര്‍ശം !

മറ്റൊരു പ്രവാസി സുഹൃത്തിന്റെ വാക്കുകള്‍..

"എന്റെ തോളത്തും മടിയിലും കയറി ഇരുന്നു കളിച്ച മക്കളാണ്. അവര്‍ വളര്‍ന്നുപോയി..  ഇനീപ്പോ എനിയ്ക്ക് പറ്റോ അവരെ അതുപോലെ ഒന്നെടുത്ത് ലാളിയ്ക്കാന്‍ .. പിള്ളേരുടെ വളര്‍ച്ചപോലും അറിയാതെ ഇങ്ങനെ..."

 അന്നുമെന്റെ മനസ്സ് വല്ലാതെ നൊന്തു....  നോവിന്റെ ഒരു കടല്‍ എങ്ങനെ ഇത്രയും കുറച്ച് വാക്കുകളില്‍ കൊള്ളിച്ചു എന്നോര്‍ക്കുമ്പോ ...  അപ്പോഴും ഞാനോര്‍ത്തു..  അയാളെന്റെ മുന്നിലിരുന്നാണ് അത് പറഞ്ഞതെങ്കില്‍ ഞാന്‍ അയാളുടെ കൈകള്‍ എന്റെ കൈകളില്‍ മുറുകെ പൊതിഞ്ഞു പിടിച്ചേനെ .. 

സ്പര്‍ശം !  മനസ്സിന്റെ ആ അഭയം ചോദിയ്ക്കലിനെ സ്പര്‍ശത്തിന്റെ സാന്ത്വനം കൊണ്ട് സനാഥമാക്കുക !!   

 ഈ സുഹൃത്തുമായുള്ള സംഭാഷണത്തെ തുടര്‍ന്ന്‍ ഞാന്‍ എഴുതിയ വരികളാണ് ,    ' മകളേ നീ വളര്‍ന്നതച്ഛനറിഞ്ഞില്ല'  ...

എന്റെയൊരു കസിന്‍ സിസ്റ്റര്‍ ന്റെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ച ദിവസം ഞാന്‍ അവിടെ ചെന്നു.. മരണവീട്ടില്‍ ചെന്നാല്‍ എനിയ്ക്ക് കരച്ചില്‍ വരില്ല. മരണം വല്ലാതെ നിര്‍വികാരയാക്കിക്കളയും എന്നെ.  നെഞ്ച് കഴച്ചു പൊട്ടും. എന്നാലും ഒരുതുള്ളി കണ്ണുനീര്‍ പോലും  വരില്ല.  ഒന്നും മിണ്ടാനും തോന്നില്ല.   ഞാന്‍ അവിടെ ചെന്ന് പകച്ച് അന്തം വിട്ട് അങ്ങനിരുന്നു ,  വിങ്ങിക്കരയുന്ന കസിന്റെ അടുത്ത്..  അപ്പൊ അവളുടെ അമ്മ എന്നോട് പറയുന്നു ,  " നീ എന്തെങ്കിലും പറഞ്ഞ് അവളെയൊന്നു സമാധാനിപ്പിയ്ക്ക്..നിന്നെ വിളിച്ചാ അവള്‍ ഇത്രേം നേരം കരഞ്ഞേ "   എന്നിട്ടും എനിയ്ക്ക് വാക്കുകളില്ല.. അവള്‍  പിടച്ചെഴുന്നെറ്റ് ചേച്ചി എന്ന് വിളിച്ചു കരയാന്‍ തുടങ്ങി. പിന്നെ... എന്‍റെ മനസ്സിനാവാം കൈകള്‍ മുളച്ചത്.. ഞാന്‍ സ്വയമറിയാതെ അവളെ എന്റെ നെഞ്ചിലേയ്ക്ക് ചേര്‍ത്തുപിടിച്ചു.  ഒന്നും പറഞ്ഞില്ല. സാന്ത്വനിപ്പിച്ചുമില്ല..  എന്നാല്‍ അവള്‍ക്ക് അത് മതിയായിരുന്നു.. ഒരു കിളിക്കുഞ്ഞിനെപ്പോലെ അവളെന്റെ നെഞ്ചില്‍ ചേര്‍ന്നിരുന്നു. മെല്ലെമെല്ലെ അവളുടെ കരച്ചില്‍ നേര്‍ത്തുവന്നു..

സ്പര്‍ശം !  അനുഭവത്തിന്റെ അഗാധതയുടെ സ്പര്‍ശം !!

അച്ഛന്റെ അവസാനനാളുകളില്‍ ഐസിയു വില്‍ തൊട്ടു ചേര്‍ന്ന് നിന്ന് അച്ഛന്‍റെ ദേഹത്ത് ഞാന്‍  വേവലാതിയോടെ തഴുകിയത് പാതിബോധത്തില്‍ അച്ഛന്‍  അറിഞ്ഞുകാണണം..  അത്രയ്ക്ക് ആര്‍ദ്രമായിരുന്നല്ലോ അത് !

സുഹൃത്തിന്റെ അച്ഛന്‍ മരിച്ചതിനു പിറ്റേന്ന് അവിടെപ്പോയി അവരുടെ അമ്മയെ കണ്ടു. വെറുങ്ങലിച്ച് ഇരിയ്ക്കുകയായിരുന്ന അമ്മയുടെ അടുത്ത് ഞാനിരുന്നു. ഒന്നും മിണ്ടാതെ അമ്മയുടെ തോളിലൂടെ കൈയ്യിട്ട് അമ്മയുടെ കൈ എന്റെ കൈയ്യില്‍ പൊതിഞ്ഞു പിടിച്ച് ... നിര്‍വികാരയായി ഇരിയ്ക്കുകയായിരുന്ന അമ്മ ഒരു നിമിഷാര്‍ദ്ധത്തിലാണ് ഞെട്ടിയുണര്‍ന്നത്.  പിന്നെയങ്ങോട്ട് ആ അമ്മ നിരന്തരം എണ്ണിപ്പെറുക്കി കരഞ്ഞു എന്റെയടുത്തിരുന്ന്‍..  ഒറ്റ സ്പര്‍ശനത്തില്‍ പൊട്ടിത്തകര്‍ന്ന നിര്‍വികാരത !   എന്റെ കൈകളിലൂടെ അരിച്ചിറങ്ങിയത് എന്തായിരുന്നു എന്ന് പറയാന്‍ ഭാഷയില്ല.  സ്പര്‍ശത്തിന്റെ ഭാഷ അനിര്‍വചനീയമാണ്..

മറ്റൊരു സുഹൃത്തിന്റെ വാക്കുകള്‍  കേട്ടത് എത്ര വീര്‍പ്പുമുട്ടലോടെയാണ് ..  സുഹൃത്തിന്റെ  അച്ഛന്റെ മരണത്തെ തുടര്‍ന്നുണ്ടായൊരു സംഭാഷണത്തില്‍  എന്നോട് സുഹൃത്ത് പറഞ്ഞു,   " സാരമില്ല ശിവ..  ഒന്ന് ഉഷാറായി കരഞ്ഞപ്പോ ഞാന്‍ ഓക്കേയായി "...   മനസ്സ് എത്ര ഈറനായിപ്പോയി അത് കേട്ടപ്പോ ..  കരയുന്ന ആ മുഖം അത്യധികം  വാത്സല്യത്തോടെയും ആര്‍ദ്രതയോടെയും എന്റെ ആത്മാവിനോട് ചേര്‍ത്ത്  പിടിച്ചു ഞാന്‍..  എന്റെ ആത്മസ്പര്‍ശം പറഞ്ഞു,  സഹതാപമല്ല നിനക്ക് വേണ്ടത്, ശക്തി തരുന്നൊരു സാന്നിദ്ധ്യമാണ്... സുഹൃത്തേ, ഒപ്പമുണ്ട് ഞാന്‍... സ്പര്‍ശത്തിന്റെ ഒരു അഗാധമുദ്ര നിന്നില്‍ പതിപ്പിച്ചുകൊണ്ട് ....കോര്‍ത്ത കൈ അഴിയാതെ ..  

ഒരാളുമായുണ്ടായ ഒരു വാക്കുതര്‍ക്കത്തിനൊടുവില്‍ മാറിനിന്ന്‍  വിങ്ങിക്കരഞ്ഞ എന്റെ സഹോദരപത്നിയെ , ഒരു കിളിക്കുഞ്ഞിനെ എന്നപോലെ ഞാന്‍ നെഞ്ചിലേയ്ക്ക് അടുക്കിപിടിച്ചപ്പോള്‍ അമ്മയുടെ ഗര്‍ഭപാത്രത്തിലെന്നതുപോലെ അവള്‍ ശാന്തയായത് സ്പര്‍ശനത്തിന്റെ മാന്ത്രികത കൊണ്ടാണ്.  ഒരേയൊരു സ്പര്‍ശം പ്രാണന്റെ ഭാഗമാകുന്നത് കണ്ട് അതിശയിയ്ക്കുകതന്നെ വേണം !!

ആശുപത്രിയില്‍  അച്ഛന്റെ മരണത്തിന് കാവല്‍ നിന്നപ്പോള്‍പ്പോലും തന്റേടത്തോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കിയ ഞാന്‍ ,  ഒടുവില്‍ അച്ഛന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് പടി കടന്നെത്തിയപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും വിട്ട് വിങ്ങിക്കരഞ്ഞ് വീണത് കൂട്ടുകാരിയുടെ കൈക്കുള്ളിലെയ്ക്കാണ്. അവളെന്നെ മുറുകെ പിടിച്ചു.. മരണം പോലെ തണുത്തൊരു ശാന്തതയിലേയ്ക്ക് ഞാന്‍... അച്ഛന്റെ അടുത്തിരുന്ന എന്റെ അരികില്‍ സുഹൃത്തുക്കള്‍ ഓരോരുത്തരായി വന്ന് ചുമലിലും കൈയ്യിലും തോളിലും ഒക്കെ തൊട്ട് വെറുതെ നിന്നു. സ്നേഹത്തിന്റെ അദൃശ്യപ്രവാഹങ്ങള്‍  വിരല്‍ത്തുമ്പിലൂടെ..  എനിയ്ക്കത് മതിയായിരുന്നു ..

രക്താര്‍ബുദം ബാധിച്ച് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞെത്തിയ സുഹൃത്തിനെ കാണാന്‍ ചെന്നു.  കീമോ കഴിഞ്ഞ് മുടിയെല്ലാം കൊഴിഞ്ഞ അവനെ നോക്കി ഞാന്‍ ചിരിച്ചു പറഞ്ഞു,  "പണ്ടേ നിനക്ക് കഷണ്ടിയാ .. ഇതിപ്പോ  നന്നായെടാവേ .. ഇനിയെങ്കിലും നിറയെ മുടി വന്നാ മതിയാരുന്നു.. അത് കണ്ടിട്ട് ചത്താ മതി എനിയ്ക്ക്.."   ആര്‍ത്ത ചിരികള്‍ക്കിടയിലും അവന്റെ ഭാര്യയുടെ (ലിസി) തോളില്‍ക്കൂടി കൈയ്യിട്ടിരുന്നു ഞാന്‍.    ഞാന്‍ പറഞ്ഞു ,  "നീയിപ്പോ എന്റെ മുന്നിലിരിയ്ക്കുന്നത് ആരുടെ കഴിവാന്ന് അറിയോ?  നിന്റെയോ ഡോക്ടറുടെയോ ദൈവത്തിന്‍റെ പോലുമോ അല്ല. ദേ നിന്റെയീ ഭാര്യയുടെ.. ഇതുപോലൊരു ഭാര്യയില്ലായിരുന്നെങ്കില്‍ ഇന്ന് നീയില്ല "    അത് കേള്‍ക്കെ ലിസിയുടെ കൈകള്‍ എന്റെ കൈകളെ മുറുകെ  പൊതിഞ്ഞു... എന്തിനോ...  നിമിഷങ്ങളോളം ആരുമൊന്നും മിണ്ടിയില്ല.  വളരെ വികാരസാന്ദ്രമായിരുന്നു ആ അനുഭവം .. മൗനം കാലത്തിന്‍റെ വേദനകളെണ്ണിയ നിമിഷങ്ങള്‍.. സ്പര്‍ശത്തിലൂടെ ഞാനും ലിസിയും സ്നേഹത്തിന്റെ കടലാഴങ്ങളില്‍ പരസ്പരം തിരഞ്ഞ നിമിഷങ്ങള്‍ ! 

ഡോ . രാജീവ്.. എന്റെ സുഹൃത്താണ്. എല്ലാ മാസവും എന്റെ അമ്മയെ ഞാന്‍ അദ്ദേഹത്തിന്‍ അടുത്ത് ചെക്കപ്പ് നു കൊണ്ടുപോകുമായിരുന്നു.  അമ്മയുടെ പേര് കാണുമ്പോഴേയ്ക്കും അദ്ദേഹം എഴുന്നേറ്റ് വന്നു ഡോര്‍ തുറന്ന് അമ്മയെ കൈയ്യില്‍ പിടിച്ച് കസേരയില്‍ കൊണ്ടിരുത്തും.  അമ്മ ഹാപ്പി.    ഡോക്ടര്‍ അമ്മയുടെ കൈയ്യില്‍ പിടിച്ചുകൊണ്ടാണ് വിവരങ്ങള്‍ ചോദിയ്ക്കുന്നതും  പറയുന്നതും.   ' എനിയ്ക്ക് രാജീവിനെ കണ്ടാല്‍ മതി  , അവിടെ ചെന്നാല്‍ത്തന്നെ എന്റെ അസുഖം മാറും  '   എന്ന് അമ്മ പറയാറുള്ളത് സ്പര്‍ശത്തിന്റെ മാന്ത്രികത കൊണ്ടുതന്നെയാണ്.

അമ്മയുടെ സ്പര്‍ശം കിട്ടിയ കുഞ്ഞിന്റെയും അത് കിട്ടാതെ പോയ കുഞ്ഞിന്റെയും വളര്‍ച്ചയില്‍ വ്യത്യാസമുണ്ടെന്ന് ശാസ്ത്രം പറയുന്നുണ്ട്.  നമ്മള്‍ തൊട്ടു തഴുകി വളര്‍ത്തുന്ന ഒരു ചെടിയും തൊടാതെ വളരുന്ന ഒരു ചെടിയും തമ്മില്‍ വളര്‍ച്ചയില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ടെന്നുള്ളത് സത്യം.  നമ്മള്‍ സ്ഥിരം നടക്കുന്ന വശത്തേയ്ക്ക് ചെടികള്‍ ചാഞ്ഞു വളരുന്നത് ശ്രദ്ധിച്ചിട്ടില്ലേ ?

ഫാദര്‍ ബോബി ജോസ് കട്ടികാടിന്റെ വാക്കുകള്‍ ഇവിടെ അനുയോജ്യമാണ്. അദ്ദേഹം പറയുന്നു , 

" ആതുരചികില്‍സയില്‍ ഏര്‍പ്പെടുന്നവര്‍ മാത്രമല്ല , മനുഷ്യന്റെ നിലനില്‍പ്പിന്  സഹായിയ്ക്കണമെന്നു കരുതുന്ന ഏതൊരാളും വായിയ്കേണ്ട പുസ്തകമാണ് താരാശങ്കര്‍ ബാനര്‍ജീ യുടെ  ആരോഗ്യനികേതനം . ജീവന്‍ മശായി  എന്ന നാട്ടുവൈദ്യന്റെ സ്പര്‍ശജ്ഞാനമാണ് പുസ്തകത്തിലെ ഒരു പ്രമേയം. നാഡി പിടിച്ചുകൊണ്ട് ജീവന്റെയും മരണത്തിന്റെയും രോഗാതുരതയുടെയും സ്പന്ദനങ്ങളെ തിരിച്ചറിയുക.. ഒരു വൈദ്യന്റെ കഥ എന്നതിനേക്കാള്‍ , രോഗിയെ തൊടാന്‍ അറയ്ക്കുന്നവരുടെ നേര്‍ക്കുള്ള ഒരു കുറ്റപത്രം കൂടിയാണ്  ഈ പുസ്തകം " .... 

"എന്റെ ഭര്‍ത്താവിന്റെ മക്കളെ ഞാന്‍ പ്രസവിച്ചു , എന്നാല്‍ ഇന്നുവരെ അദ്ദേഹം എന്നെയൊന്ന് തൊട്ടിട്ടേയില്ല  "    എന്ന് ഒരു സ്ത്രീ പറഞ്ഞാല്‍  അത് പരിഹസിച്ച്  തള്ളാനാവുമോ?  പിന്നെന്താ അത് ദിവ്യഗര്‍ഭമായിരുന്നോ എന്ന് ചോദിയ്ക്കാനാവുമോ ? ചിന്തിച്ചിട്ടുണ്ടോ ?  ആ വാക്കുകളിലെ അതിശയോക്തിയും അസ്വാഭാവികതയും അതിഭാവുകത്വവും നൊമ്പരങ്ങളുടെ ഒരു ആകാശത്തെയാണ് നമുക്ക് മുന്നില്‍ നിവര്‍ത്തുന്നത് !

അഭയമാണ് .. സമര്‍പ്പണമാണ്‌ സ്പര്‍ശനം .. ഒരു പനിയുടെ ചൂടില്‍ , ഒരു തലവേദനയുടെ വെട്ടിപ്പൊളിയ്ക്കലില്‍ ഒക്കെ നമ്മളെ ത്രയോ ആഗ്രഹിച്ചു നെറ്റിയില്‍  ഒരു തണുത്ത കൈസ്പര്‍ശത്തിനായി !  തളര്‍ന്നുപോയ ഓരോ അവസരത്തിലും നമ്മുടെ മനസ്സ് എത്രയോ നിലവിളിച്ചു ഒരു സ്നേഹസ്പര്‍ശത്തിന് വേണ്ടി ! മുറുകെ പിടിയ്ക്കാനൊരു ചെറുവിരല്‍ത്തുമ്പിന് വേണ്ടി ! 

 ചില പ്രതിസന്ധികളില്‍പ്പെട്ട് കരയാന്‍ മറന്ന് പകച്ച്  ഞാന്‍ തളര്‍ന്നിരുന്ന ഒരു  സമയം , എന്റെ അനിയത്തി വന്ന് എന്റെ ചുമലില്‍ ഒന്ന് തൊട്ടപ്പൊ , ഞെട്ടിത്തെറിച്ച്  അടക്കി വച്ചിരുന്നതത്രയും പുറത്തേയ്ക്ക് കുതിച്ച്  വിങ്ങിപ്പൊട്ടിയ ഓര്‍മ്മ ഒന്ന്‍ തൊട്ടെടുത്ത് ഞാന്‍ ഈ കുറിപ്പ് അവസാനിപ്പിയ്ക്കുകയാണ്..

 ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന ഓരോരുത്തരോടും എന്റെ മനസ്സ് ചോദിയ്ക്കുന്നുണ്ട്,  മനസ്സ് മുറിഞ്ഞ് ചോര ഒഴുകുമ്പോ ആ മുറിവില്‍ നിന്റെ കൈ ഒന്ന് ചേര്‍ത്തു വയ്ക്കാമോ? .......


2019, മാർച്ച് 10, ഞായറാഴ്‌ച

താജ്മഹല്‍ .. ഒരു പുനര്‍വിചാരണ ..

6 അഭിപ്രായ(ങ്ങള്‍)

താജ്മഹല്‍ !  മരിച്ച സ്വപ്നങ്ങളെയും മരിയ്ക്കാത്ത സ്മരണകളെയും അടക്കം ചെയ്ത പ്രണയത്തിന്റെ ശവകുടീരം... പിന്നീട് ഇങ്ങോട്ട്   നൂറ്റാണ്ടുകളായി  മരിച്ച  പ്രണയങ്ങളുടെ   മുറിവേറ്റ  ആത്മാക്കള്‍   വസിയ്ക്കുന്നിടം എന്നൊരു സങ്കല്‍പ്പവും !! .. താജ്മഹലിന്റെ ഈ നിര്‍വചനത്തിന്റെ  കാല്‍പനികഭംഗി എത്ര ഗംഭീരമാണ് !

എന്നാല്‍ സ്നേഹത്തിന്റെയും പ്രണയത്തിന്‍റെയും മഹാകാവ്യമായ താജ്മഹാല്‍ ഒന്ന് പുനര്‍വിചാരണ ചെയ്യപ്പെട്ടാല്‍ എങ്ങനിരിയ്ക്കും ? പറ്റുമോ അങ്ങനെയൊരു വിചാരണയ്ക്ക് ? ഭാര്യയുടെ മരണശേഷം താജ്മഹാല്‍ പണിതുയര്‍ത്തുന്ന അത്രയും നാള്‍ ഷാജഹാന്‍ ധ്യാനത്തിലായിരുന്നിരിയ്ക്കുമോ ? എത്രത്തോളം സത്യസന്ധതയുണ്ടാവും നമ്മളൊക്കെ ഓമനിയ്ക്കുന്ന ആ കഥയ്ക്ക് ? ):):)

"ഞാന്‍ മരിച്ചാല്‍ എന്റെ ഖബറില്‍ ഒരു കല്ല്‌ പോലും പാകരുത് , കുറെ പുല്ലുകള്‍ മാത്രം പിടിപ്പിച്ചാല്‍ മതി , പിന്നെ പ്രാവുകള്‍ക്ക് അന്നമായി കുറെ ഗോതമ്പ് മണികളും.."
ഷാജഹാന്റെ മകള്‍ ജഹനാര ഇങ്ങനെ എഴുതിവച്ചത് എന്തുകൊണ്ടാകും? അമ്മയുടെ ഓര്‍മ്മയ്ക്കായി പിതാവ് പണിതുയര്‍ത്തിയ ആ പ്രണയശിലാകാവ്യം നിരര്‍ത്ഥകം എന്ന് ആ മകള്‍ക്ക് തോന്നിക്കാണുമോ ? .. സകല സുഖസൌകര്യങ്ങളിലും രമിച്ച് ജീവിയ്ക്കുന്ന പിതാവിന്‍റെ പ്രകടനമോ പ്രഹസനമോ ആയി ഇത് കണ്ടുകാണുമോ ? എന്തിനോടെങ്കിലും ഉള്ള പരിഹാസമാകുമോ അത് ?

ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ മനസ്സിലുണ്ട്. ഭാവനയോ കാല്‍പനികതയോ സത്യമോ മിഥ്യയോ എന്തുമാകട്ടെ.. നമുക്കും അഭിരമിയ്ക്കാം കഥകളുടെ ഈ മാസ്മരികഭംഗിയില്‍.. .. കഥകളും മിത്തുകളുമൊക്കെ അതിശയിപ്പിയ്ക്കുന്നതും ലഹരി പിടിപ്പിയ്ക്കുന്നതുമാകുമ്പോള്‍ , അതുമൊരു സന്തോഷം..

2019, മാർച്ച് 8, വെള്ളിയാഴ്‌ച

ഇന്ന് വനിതാദിനം

3 അഭിപ്രായ(ങ്ങള്‍)
ഇന്ന് വനിതാദിനം
-----------------------------
ചോപയില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു ..  ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനം എന്തായിരുന്നു എന്ന്. ഞാന്‍ അതിനു ഇങ്ങനെ മറുപടി പറഞ്ഞു ,  " ഏത് പ്രതിസന്ധിയിലും ഞാനെന്റെ അക്ഷരങ്ങളെ ഉപേക്ഷിയ്ക്കില്ല  എന്ന തീരുമാനം "  എന്ന്.

എഴുത്ത് .. .. അവയുടെ   മായാലോകം ......അവയുണ്ടാക്കുന്ന   മിഥ്യാദൃശ്യങ്ങൾ .......ഈ  വാക്കുകളൊക്കെ   എന്നെ   നിരന്തരം   വേട്ടയാടിയപ്പോൾ ,   എന്റെ   മുഖത്ത്   ഞാൻ   പോലുമറിയാതെ   വിരിഞ്ഞ  ഒരു   ചെറു പുഞ്ചിരി ,  സങ്കടത്തിന്റെതാണോ   സഹതാപത്തിന്റെതാണോ   കാരുണ്യത്തിന്റേതാണോ  അതോ   നിസ്സഹായതയുടെതാണോ   എന്ന്   തിരിച്ചറിയാനായില്ലെനിയ്ക്ക് .   പക്ഷേ   ഒരിയ്ക്കലുമത്   പരിഹാസത്തിന്റേതായിരുന്നില്ല ,  ഉറപ്പ്.    ഞാൻ   ആലോചിച്ചു.......കുറെയേറെ   കാര്യങ്ങൾ .....സത്യവും   മിഥ്യയും  ഒരു   യുദ്ധഭൂമിയുടെ   ഇരു ചേരികളിൽ നിന്ന്   കാഹളം   മുഴക്കിയപ്പോൾ   ഞാൻ  ചിന്തകളിങ്ങനെ   ഉപസംഹരിച്ചു......,'ഞാൻ   മറഞ്ഞു നിന്നാലും   മരിച്ചു വീണാലും ആരുടെയെങ്കിലുമൊക്കെ   മനസ്സിൽ  എന്റെ   അക്ഷരങ്ങളെങ്കിലും   ഉണ്ടാകുമെന്ന   തിരിച്ചറിവ്   എന്നിൽ   വളരെ   ആശ്വാസവും   സന്തോഷവുമുണ്ടാക്കുന്നു '...

ഞാനെന്തിന്നാണിതൊക്കെ   പറയുന്നതെന്നു വച്ചാല്‍ ,   സാഹചര്യമില്ല  എന്ന   കാരണം  കൊണ്ട്  ഒരു  സ്ത്രീയും   മുഖ്യ ധാരയിൽ  നിന്നും   പിന്നോട്ട്   പോകരുത് .   ഒരു   വഴിയല്ലെങ്കിൽ   മറ്റൊരു   വഴി.

എഴുത്തിന്റെ  ലോകത്ത് നിന്നും   മാറിനിന്നാൽ ,  കരയിൽ   പിടിച്ചിട്ട   മത്സ്യത്തേപ്പോലെ   ഞാൻ   പിടഞ്ഞു മരിയ്ക്കുമെന്ന്  എനിയ്ക്ക്   നന്നായറിയാം .  എന്നിട്ട് പോലും   ചില   സന്ദർഭങ്ങളിൽ ,സഹികെട്ട്   ഞാനെന്റെ   അക്ഷരങ്ങളെ  പകയോടെ   കുടഞ്ഞു തെറിപ്പിയ്ക്കാൻ   ശ്രമിച്ചിട്ടുണ്ട് .   പക്ഷെ   അപ്പോഴും  അവ   വിട്ടുപോകാതെ  എന്റെ   വിരൽത്തുമ്പിൽ   കടിച്ചു തൂങ്ങി   എന്നെ  വേദനിപ്പിച്ചു.   അവയെ   സംരക്ഷിയ്ക്കാൻ  ഞാൻ  നേരിട്ട   പ്രതിസന്ധികൾക്ക്   കണക്കില്ല.   എന്നിട്ടും   കണ്ടില്ലേ ?   എനിയ്ക്ക്   ചുറ്റും  ഞാൻ   തീർത്ത   സ്വർഗ്ഗത്തിന്റെ   പൂമുഖത്തിണ്ണയിലിരുന്ന്  ഇപ്പോഴും   ഞാനെഴുതുകയാണ് !     കറുത്ത   പകലുകളും   വെളുത്ത   രാത്രികളും  വീണ്ടും  എന്നെ   തേടി  വന്നേക്കാം .   വരട്ടെ.   വരുന്നതെല്ലാം   വന്നു പോകട്ടെ.....എന്റെ   കൈവിരൽത്തുമ്പുകൾ   നിശ്ചലമാകുന്നതുവരെ  ഞാനെഴുതും....

അതിജീവനം !  അതല്ലേ എല്ലാം !!

ഇന്ന് ലോകവനിതാദിനം .. സ്നേഹത്തിന്റെ ഇലക്കൂടുകള്‍ കൊണ്ട് എന്റെ അക്ഷരങ്ങള്‍ കുമ്പിള്‍ കെട്ടി കാത്ത  എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ ..


 
Copyright © .