2017, ഫെബ്രുവരി 19, ഞായറാഴ്‌ച

ഋതുഭേദകൽപനകൾ .

3 അഭിപ്രായ(ങ്ങള്‍)



                                                ഋതുഭേദകൽപനകൾ .
                                                --------------------------------------



നാട്ടുവഴിയിലെ  ഓരം ചേർന്ന് കിടന്ന  പാറക്കല്ലിൽ  ഋതുഭേദങ്ങൾ   ഇങ്ങനെ  കൊത്തിയിട്ടിരുന്നു ...


"എനിയ്ക്ക് കിട്ടിയത്  ഞാൻ നിങ്ങൾക്ക് തന്നു..."


ഋതുഭേദങ്ങൾ   തഴുകിയത് കൊണ്ടാവും  അതിന്റെയുള്ളിൽ നിന്നും  ഒരു  ചെറിയ  ഉറവ  കിനിഞ്ഞിരുന്നു ..!   ഇതുവരെ   ആരും  കാണാത്തതുകൊണ്ടാവും  അതിനിത്ര   പരിശുദ്ധി..!


നാട്ടുവഴിയിലെ  പൊടി മൂടിയ  ഓരോ കാൽപ്പാടുകളും   ഓരോ കഥ പറഞ്ഞു.   ഋതുഭേദങ്ങളുടെ കഥ...


  നീണ്ടു  വെളുത്ത് മെലിഞ്ഞ ഓമനത്തമുള്ള വിരലുകളും , നീട്ടി വളർത്തി  ചായം  പുരട്ടി  മനോഹരമാക്കിയ  നഖങ്ങളും കണ്ട്  കൂർത്ത കണ്ണുകൾ പറഞ്ഞു..


" വെട്ടിക്കള .. "


 തന്നിൽ കൊതിയോടെ നോക്കിയ കണ്ണുകളെയെല്ലാം സ്മരിച്ച്  പാവം വിരലുകൾ... വിരഹവേദന താങ്ങാനാവാതെ  നഖങ്ങൾ മരണം പൂകി..


നീണ്ടു മെലിഞ്ഞ കൈകളിൽ  തുള്ളിക്കളിച്ച കുപ്പിവളകളുടെ കിലുക്കം കേട്ട് അസഹ്യതയോടെ   കാതുകൾ  ആജ്ഞാപിച്ചു..


"പൊട്ടിച്ച്‌  കള "..


കുപ്പിവളച്ചില്ലുകളുടെ കിലുക്കം സ്വപ്നം തകർന്ന ശബ്ദം  പോലിരുന്നു..


കാറ്റിൽ പറക്കുന്ന   നീണ്ട  അളകങ്ങളെ  തൂത്തെറിഞ്ഞ്  ഒരു അശ്ശരീരി .....


"നാശം..ഇതിനിത്ര ഭംഗി  വേണ്ട"


സ്നേഹത്തോടെ മുഖം വെട്ടിച്ച്  ചിരിയ്ക്കുമ്പോൾ  , ഊഞ്ഞാലാടുന്ന   ജിമുക്കികളെയും  ശപിച്ചു....


"ഊരിക്കള "..


"   ഈ  നീണ്ടു വിടർന്ന  കണ്ണുകൾ  കൊണ്ട്  ആരെയും നോക്കല്ലേ ..  ക്ഷണിയ്ക്കുന്ന കണ്ണുകളാണ് ...ഇതെനിയ്ക്ക് മാത്രം മതി... എനിയ്ക്ക് ചുംബിച്ചുറക്കാൻ  ...ചുംബിച്ചുണർത്താനും " .. ( അത് പണ്ട്  കേട്ട് മറന്ന സ്നേഹത്തിന്റെ കുറുകലായിരുന്നു...!)  മറന്നതോ?   അതോ  മറന്നെന്ന്  നടിച്ചതോ?   


കണ്ണുകൾ  കുത്തിപ്പൊട്ടിയ്ക്കാൻ    പറയുമോ എന്നോർത്ത്  ഭയന്ന് ...  കാൽപ്പാടുകൾ  അമ്മയുടെ ഗർഭപാത്രം അന്വേഷിച്ചു...


പാറക്കല്ലിൽ ലിഖിതങ്ങൾ  ഒരിയ്ക്കലും മാഞ്ഞില്ല..!  അതൊരുപാട് കഥകൾ പറഞ്ഞു ...സ്നേഹത്തിന്റെ ..  സ്നേഹശൂന്യതയുടെ .. ചതിയുടെ .. പ്രണയത്തിന്റെ... പ്രണയനഷ്ടങ്ങളുടെ ...ഊടും പാവും ചേർത്ത കഥകൾ....


അതിൽ   പുതിയൊരു  ലിഖിതം കൂടി   തെളിഞ്ഞു...


"എനിയ്ക്ക്  കിട്ടാത്തതും കൂടി  ഞാൻ  നിങ്ങൾക്ക് തരുന്നു.. കാരണം ,  ഞാൻ  നിങ്ങളെ സ്നേഹിയ്ക്കുന്നു .." 

                          -------------------------------------------------------------------



2017, ഫെബ്രുവരി 8, ബുധനാഴ്‌ച

സുഖം ... സുഖകരം... ശാന്തം...

11 അഭിപ്രായ(ങ്ങള്‍)

                                 സുഖം ... സുഖകരം.... ശാന്തം...
                              --------------------------------------------------------



തണുത്ത  വെളുപ്പാൻകാലത്ത്   എന്നോടൊപ്പം   ഓടിയെത്തുന്ന   ധ്രൂവനക്ഷത്രത്തെ   നോക്കി   ഞാനിരുന്നു.....    പിന്നോട്ടോടിമറയുന്ന   വീടുകളും   ശ്രദ്ധിച്ചു .. ചില  വീടുകൾ   ഇരുട്ട്   മൂടിക്കിടന്നു...   ചില  വീടുകളിലെ  ഏതെങ്കിലുമൊരു   കോണിലെ   മുറിയിൽ   വെളിച്ചം  കണ്ടു ...   അവിടത്തെ   വീട്ടമ്മ   ഉണർന്ന്   അടുക്കളയിൽ   കയറിയിരിയ്ക്കണം.    ചില  വീടുകളിൽ  മുകളിലത്തെ   നിലയിൽ   ഏതെങ്കിലുമൊരു   മുറിയിൽ  വെളിച്ചമുണ്ടായിരുന്നു ....  അവിടുത്തെ  കുട്ടികൾ   ഉണർന്ന്  പഠിയ്ക്കുകയാവണം ...


നടക്കാൻ   പോകുന്ന  ആളുകളും , മിൽമയിലേക്കുള്ള   പാലും ,  പത്രക്കെട്ടുകളും   ഓടിയോടി മറഞ്ഞു .   


വാഹനത്തിന്റെ  ചില്ലുകൾ  താഴ്ത്തി ,  തണുത്ത  കാറ്റേറ്റ്   പറക്കുന്ന   മുടിയിഴകളെ  തെരുതെരെ    മാടിയൊതുക്കി  കുളിരാൻ   തോന്നി എനിയ്ക്ക് ....


റേഡിയോയിൽ നിന്നും   നേർത്ത   സ്വരത്തിലുയർന്ന    ഭക്തിഗാനങ്ങൾ    എന്നെ   മെല്ലെ   താരാട്ടിത്തുടങ്ങി ...  ഒരു   പാതിമയക്കം ...


പിന്നെ  സൂര്യൻ !      ചിലപ്പോൾ   മരച്ചില്ലകൾക്കിടയിലൂടെ ...ചിലപ്പോൾ   കെട്ടിടങ്ങൾക്കിടയിലൂടെ    ചുവന്ന സൂര്യൻ !!        സുപ്രഭാതം   പറഞ്ഞ്   ചുവന്ന  മേഘങ്ങൾ..!    മയക്കം  എവിടെയോ  മറഞ്ഞു .   നിറം   മാറി വരുന്ന   സൂര്യനെ  നോക്കി    കണ്ണുകൾ   ചിമ്മിപ്പിടഞ്ഞു .അവിടവിടെ   ചെറിയ   മഴമേഘത്തുണ്ടുകളുണ്ടായിരുന്നു .        സൂര്യന്റെ   നടുവിലൂടെ   ഒരു  നീളൻ   മേഘത്തുണ്ട്  കറുത്ത  ചായം  പുരട്ടി.    അത് കണ്ടപ്പോൾ   നല്ല  രസം..!    


സൂര്യൻ   വെളുപ്പിന്  കുളിച്ച്   ക്ഷേത്രത്തിൽപ്പോയി   ഗണപതി ഹോമം   തൊഴുത്   പ്രസാദം   തൊട്ടതുപോലെ  തോന്നി..!


ഇളം മഞ്ഞിനെ   ചുംബിച്ച്  ഇളവെയിൽ ..


വഴിയരികിൽ   നിറയെ   പൂത്ത  ശീമക്കൊന്നകൾ  !  ഞാനെന്നും  സ്നേഹിച്ച ,  എന്നെയെന്നും   സ്നേഹിച്ച ,    എന്റെ  ബാല്യകൗതുകങ്ങളെ   സമ്പുഷ്ടമാക്കിയ    ശീമക്കൊന്നകൾ !    വെള്ളിപ്പാദസരമിട്ട ,  നീളൻ മുടി   രണ്ടായി  പിന്നിക്കെട്ടിയ   മൂന്നാം ക്ലാസ്സുകാരി   ശിവനന്ദ   മുന്നിൽ വന്നു നിറഞ്ഞു .. 


ഓർമ്മയില്ലേ ?    ആ  ശിവനന്ദയെ  ?    മൂന്നാം ക്ലാസ്സിലെ  കരുമാടിക്കുട്ടൻ   കേശവൻ  ,  ശീമക്കൊന്നപ്പൂക്കളെ   സ്നേഹപ്പൂക്കളായി   കുഞ്ഞു  ശിവനന്ദയ്ക്ക്   കൊടുത്തതോർമ്മയില്ലേ ? 


ഒപ്പം   മറ്റൊരു  സുഹൃത്തിനെയും  ഓർത്തു.    രണ്ടുപേരെയും   ഒരേസമയം   ഓർക്കാൻ   കാരണമുണ്ട് .    രണ്ടുപേരും   രണ്ട്‌    എക്സ്ട്രീം  ആണ് .    


ഒരാൾ   വൈരൂപ്യത്തിൻ്റെ   എക്സ്ട്രീം .    മറ്റെയാൾ   സൗന്ദര്യത്തിന്റെ   എക്സ്ട്രീം .


ഒരാൾ   കറുത്ത  കരുമാടിക്കുട്ടൻ .   മറ്റേയാൾ   നല്ല പവൻ മാറ്റ് .


ഒരാൾ   പൂക്കളിൽ   സ്നേഹം  നിറച്ചു തന്നു.   മറ്റേയാൾ    വാക്കുകളിൽ   മുള്ളുകൾ   നിറച്ചു തന്നു.


വെറുതേ   ഓർത്തുകൊണ്ടിരുന്നു.....


രണ്ട്  സുഹൃത്തുക്കളേയും   ഒരുപാട്   സ്നേഹിച്ചു .   രണ്ടുപേരും   സ്നേഹത്തിന്റെ   രണ്ട്   മുഖങ്ങളായിത്തോന്നി .   പിന്നിട്ട   വഴികളിൽ , സ്വയം  ഏറ്റെടുത്ത ,   അല്ലെങ്കിൽ   അടിച്ചേൽപ്പിയ്ക്കപ്പെട്ട   വേദനകളാവാം ,  മുന്നോട്ടുള്ള  വഴികളിൽ   മുള്ളുകളായി   വാരിയെറിഞ്ഞത്  എന്ന്  ചിന്തിച്ചപ്പോൾ ,  രണ്ടാമത്തെ സുഹൃത്തിനോട്   അല്പം  വാത്സല്യവും  കൂടി തോന്നി .


അല്ലെങ്കിലും  മനുഷ്യർക്ക്   പരസ്പ്പരം   വെറുക്കാൻ   ഒരുപാട്   കാരണങ്ങളുണ്ട് .    സ്നേഹിയ്ക്കാനാണ്   കാരണങ്ങൾ   കുറവ്.   അതുകൊണ്ട്   ഞാനെന്നും   സ്നേഹിയ്ക്കാനുള്ള   കാരണങ്ങൾ   കണ്ടുപിടിച്ചു .    


പിന്നെയും  പിന്നെയും  മനസ്സൊഴുകി ......


ശരവണ ഭവനിൽ  നിന്നും   പാതി  വെന്ത  ഇഡ്ഡലി  പ്രഭാത ഭക്ഷണമാക്കിയതോടെ   ചിന്തകളുപേക്ഷിച്ച്   ഞാനുറങ്ങി...


ഉറങ്ങിയും   ഉണർന്നും   ചിന്തിച്ചും  യാത്ര....


ആ  യാത്രയിൽ  ഞാനവളെ  കണ്ടു... തങ്കമണിയെ ..  അറിവിനെ   അറിവില്ലായ്മ കൊണ്ട് തോൽപ്പിച്ചവൾ  !    


ഭർത്താവ്   ഉപേക്ഷിച്ചു ..  അമ്മയ്ക്ക്   സ്നേഹവും   സംരക്ഷണവും   കൊടുക്കാത്ത  ഒരു  തോന്ന്യവാസി   മകൻ   ഉള്ളതും   ഇല്ലാത്തതും   ഒരുപോലെ...  ഇതിനു  മുൻപ്   കണ്ടപ്പോൾ ,   മകന്റെ   അവഗണനയെച്ചൊല്ലി   അവളെന്നോട്  ആവലാതിപ്പെട്ടു..  അന്ന്   ഞാൻ  പറഞ്ഞു ,


"ജനിയ്ക്കുമ്പോൾ   നമ്മളെല്ലാവരും   ഒറ്റയ്ക്കല്ലേ   തങ്കമണി ?    പിന്നീടുള്ള   യാത്രയിൽ   കൂടെക്കൂടുന്നവരാണ്   ബാക്കിയുള്ളവരെല്ലാം  .    പലർക്കും   പലവഴി   പിരിഞ്ഞ്   പോകേണ്ടതാണ് .    അങ്ങനെയൊന്ന്   കരുതി നോക്കിയേ ....    കാശ്   വല്ലതും   കൈയ്യിലുണ്ടേൽ     സൂക്ഷിച്ചു  വച്ചോ .    അവനവന്റെ   കൈ   എപ്പോഴും   അവനവന്റെ   തലയിണച്ചോട്ടിൽ  ഇരിയ്ക്കണം.."


ഞാൻ  പറഞ്ഞതിൽ   എന്തൊക്കെ   അവൾക്ക്   മനസ്സിലായെന്നറിയില്ല .   എന്നാലും   അവളുടെ   കണ്ണുകൾ   വിടർന്നു.   എന്നോടവൾ   പറഞ്ഞു,


" മാളൂന്റമ്മ   നല്ലതാ... എനിയ്ക്കങ്ങിഷ്ടപ്പെട്ട് "


തങ്കമണി   ഇപ്പോൾ   തിരുവനന്തപുരം ആർ സി സി  യിൽ    ചികിത്സയിൽ .    അർബുദം  അവളുടെ   ഗർഭപാത്രവും   ഓവറിയും   കൈയ്യേറി   മുന്നോട്ടു   പോകുന്നു .   മൂന്നാം ഘട്ടത്തിലാണ് ..


വീട്ടുജോലിക്കാരിയാണവൾ.    ജോലി  ചെയ്യുന്ന വീട്ടിലുള്ളവർ   വളരെ  നല്ല  ആളുകൾ .    അവർ   മുൻകൈയെടുത്താണ്   അവളെ   ചികിൽസിയ്‌ക്കുന്നത് .   നിരന്തരമുള്ള   ആശുപത്രി യാത്ര   അവളെ   മടുപ്പിച്ചു .    ആശുപത്രിയിൽ   പോകാൻ   മടിച്ച   അവളോട്   അവർ   പറഞ്ഞു ,


"ചികിൽസിച്ചു   മാറിയാലല്ലേ   നിനക്കിനി  വീണ്ടും   ജോലി   ചെയ്യാനാവൂ?   ജോലി  ചെയ്ത  ജീവിയ്ക്കണ്ടേ  ? "


ഓ ..  അങ്ങനെയൊരു   കാര്യമുണ്ടല്ലേ ...അവളപ്പോഴാണ്   അതോർത്തത് .    ജോലി  ചെയ്യണം .  അതിനായി   ചികിൽസിയ്‌ക്കണം .  ശരി. അങ്ങനെയാവാം...  ജോലി   ചെയ്യാൻ  വേണ്ടി   അവൾ   ചികിത്സ   തുടരാമെന്ന്   തീരുമാനിച്ചു.


ഡോക്ടറെ  കാണാൻ   ചെന്നപ്പോൾ ,   കട്ടിലിൽ   കിടക്കാൻ   പറഞ്ഞിട്ട്   അവൾ   കൂട്ടാക്കിയില്ല.   


"ഓ  എനിയ്ക്കൊരു  കൊഴപ്പോല്യ ..  ഞാ വിടിരുന്നോളാ .."


കട്ടിലിൽ   കിടന്നാൽ   രോഗിയായിപ്പോകുമോ   എന്ന്  ഭയന്നിട്ടോ  അതോ   എന്നെയങ്ങനെ   രോഗിയാക്കാമെന്നാരും   കരുതണ്ട   എന്ന ശൗര്യം   കൊണ്ടോ  എന്തോ....   അവൾ  ഊർജ്ജസ്വലയായി   കസേരയിൽ   ഇരുന്നു.


വാർഡിൽ   ഓരോരുത്തരോടും   അവൾ   കുശലം   ചോദിച്ചു ..


"എന്തര്   സോക്കേട് ?"


"കാൻസർ  "


ഓരോരുത്തരും   പറഞ്ഞപ്പോൾ ,   അവൾക്ക്   വല്ലാത്ത   സഹതാപമായി   ആ  രോഗികളോട് .


"അയ്യയ്യോ..  എല്ലാർക്കും  കാൻസറ്   !   പാവം ല്ലേ ..."


എല്ലാവർക്കും   കാൻസർ .    അവൾക്ക്  മാത്രം   അതൊന്നുമല്ല.   നിസ്സാരമായ   എന്തോ   വേദന !   അവളപ്പോഴും   ഊർജ്ജസ്വലയായിത്തന്നെ..    അറിവില്ലായ്മ    ജയിയ്ക്കുന്നു !


"ഇതൊക്കെ   നീര്   വന്ന്   നാശമായി .  ഇത്   നമുക്കങ്ങ്   കളയാം   തങ്കമണി ..  എന്നാലേ   ഇനി   ആരോഗ്യമുണ്ടാകൂ.."


ഡോക്ടർ   പറഞ്ഞു .


പിന്നേ ..ആരോഗ്യം   വേണം.. അതിനുവേണ്ടി   എന്ത്  കളഞ്ഞാലും  വേണ്ടൂല്ല ....   അവൾക്ക്   നൂറു വട്ടം   സമ്മതം..!


ഗർഭപാത്രവും   ഓവറിയും   നീക്കം ചെയ്തു.



" കുറച്ച്  വേദന  നമുക്ക്   സഹിയ്ക്കാം   തങ്കമണി .. അസുഖം മാറി  ജോലി  ചെയ്ത്    ജീവിയ്ക്കണ്ടേ..?"


അത്  വേണം..അത് വേണം.. ജോലി  ചെയ്ത്  ജീവിയ്ക്കണം ....വേദനയെനിയ്ക്ക്  പുല്ല് ...


അതായിരുന്നു   അവളുടെ   ഭാവം.    കീമോ തെറാപ്പിയ്ക്ക്   മുൻപ്   ഡോക്ടർ  പറഞ്ഞു ,


"  മുടിയൊക്കെ   കൊഴിഞ്ഞ് പോകും  കേട്ടോ  തങ്കമണി.. പക്ഷെ അതിനു ശേഷം   തല  നിറയെ   മുടി  വരും "


"ഓ ... പിന്നെന്തര് ... ഇപ്പൊ   കുറച്ചു  മുടിയേ  ഒള്ളു ..അതങ്ങു  പോട്ട് ..  ഇനി  വരുമ്പം   നെറയെ  വരൂലോ "


അതായിരുന്നു   അവളുടെ  മറുപടി..


എനിയ്ക്കറിയില്ല,   ഈ  അറിവില്ലായ്മയെ   എങ്ങനെ   ആദരിച്ചാൽ   മതിയാകുമെന്ന് ...   കാൻസറിനെക്കുറിച്ചൊരു   വ്യക്തതയുണ്ടായിരുന്നെങ്കിൽ  അവൾ   പണ്ടേ   മരിച്ചു പോയേനെ.   ഒന്നുമറിയാത്തതുകൊണ്ടുള്ള    അവളുടെ   മനഃസ്ഥൈര്യം ..!    


ആ  വീട്ടിലെ   പയ്യൻ   പറഞ്ഞു ,


"ഒരുപാട്   അറിവുണ്ടാകുമ്പോൾ   നമ്മുടെ  മനസ്സമാധാനം   പോകുന്നു .   ഒന്നും  അറിയില്ലാത്തതാണ്   നല്ലത്...  ഒരു  ടെൻഷനുമില്ല....തങ്കമണിചേച്ചിയെപ്പോലെ .."


എന്നാലും   ആ  ഒപ്റ്റിമിസ്റ്റിക്ക്    ചിന്താഗതിയെ   എത്ര  ആദരിച്ചിട്ടും എനിയ്ക്കു മതിയായില്ല...!    ഇപ്പോഴത്തെ  വേദനയെക്കുറിച്ചോ   നഷ്ടങ്ങളെക്കുറിച്ചോ  അല്ല   അവളുടെ   ചിന്ത .    അതിനപ്പുറം   കടന്നാലുള്ള   നേട്ടത്തെക്കുറിച്ചു   മാത്രമാണ്.    അറിവില്ലായ്മ  നൽകിയ    നിഷ്ക്കളങ്കതയുടെ  ഒപ്പം,   മറ്റെന്തോ കൂടി   അവളെ  വ്യത്യസ്തയാക്കുന്നു   എന്ന് എനിയ്ക്ക്  തോന്നി.    ഞാനവളെ   വല്ലാതെ   സ്നേഹിച്ചുപോയി...


യാത്രയ്ക്കിടയിൽ   'ശീമക്കൊന്ന'   ഒരു  സംസാര വിഷയമാക്കി   ഞാൻ.    അപ്പോഴാണ്   പുതിയ   വിവരങ്ങൾ   കിട്ടിയത് .    ശീമക്കൊന്ന   ഒരുപാട്  ഓക്സിജൻ   പ്രദാനം  ചെയ്യുന്നുണ്ടത്രേ..!    ശീമക്കൊന്നയ്ക്ക്    എന്തൊക്കെയോ   ഔഷധഗുണങ്ങളുണ്ടത്രേ !    അത്   ചുറ്റുമുള്ള    വായുവിനെ    ശുദ്ധീകരിയ്ക്കുന്നുണ്ടത്രേ ..    ഞാൻ  വളരെ   കൗതുകത്തിലാണ്... വല്ലാത്ത  അതിശയമായി   എനിയ്ക്ക് !    ഞാൻ    തീരുമാനിച്ചു .    ശീമക്കൊന്നയെക്കുറിച്ച്    കൂടുതൽ   അന്വേഷിയ്ക്കണം.    പഠിയ്ക്കണം .     എന്നിട്ട് വേണം   ഒരു    'ശീമക്കൊന്ന വിപ്ലവം '     തുടങ്ങാൻ.   


എന്തൊരു   കഷ്ടമാണെന്ന്   നോക്കണേ ..!     വഴിയരികിലും   , വേലിയ്ക്കലും ,    മതിലരികിലുമൊക്കെ   നിറയെ    പൂത്തുലഞ്ഞ്  നിന്ന   ശീമക്കൊന്നകളത്രയും   വെട്ടിമാറ്റി ,   പകരം    അക്കേഷ്യ   നട്ടുപിടിപ്പിച്ചപ്പോൾ   എല്ലാം   പൂർത്തിയായി.   അല്ല പിന്നെ ....


വെള്ളവും   വായുവുമില്ലാതെ    പിടയ്ക്കുകയാണ്   നമ്മൾ.    ഇനിയും   നമ്മുടെ   കണ്ണ്   തുറന്നിട്ടില്ല .    എന്തായാലും   എനിക്ക്   ശീമക്കൊന്നയോടുള്ള   സ്നേഹം   കൂടി.


സ്നേഹിയ്ക്കാൻ   ഓരോ   കാരണങ്ങൾ...!   എന്താല്ലേ....


ഓരോ   യാത്രയും  - രാവിലെ  ക്ഷേത്രത്തിലേക്കുള്ള   യാത്ര  പോലും -   ഓരോ  അറിവുകളാണ്...  അനുഭവങ്ങളാണ് ....  വഴിയിൽ കാണുന്ന   മണൽത്തരിയും   പുൽക്കൊടിയും   പോലും   എനിയ്ക്കായി   എന്തെങ്കിലും  കരുതി വച്ചിട്ടുണ്ടാകും.    അതിൽ നിന്നെല്ലാം   നുള്ളിയെടുത്ത് ,   ഞാൻ   എല്ലാവർക്കും   പങ്ക് വയ്ക്കും.


മനുഷ്യനെ...  മൃഗങ്ങളെ... മരങ്ങളെ...   എന്തിന്.. ഒരു പുൽക്കൊടിയെപ്പോലും    സ്നേഹിയ്ക്കാൻ   ഓരോ  കാരണങ്ങൾ..!   പിന്നെയിപ്പോഴെന്താ...  ജീവിതം   സുഖം...സുഖകരം...  ശാന്തം.   അല്ലേ ?









 
Copyright © .