2021, ഒക്‌ടോബർ 3, ഞായറാഴ്‌ച

ക്യാമറ കൊണ്ട് ചരിത്രമെഴുതിയ ആൾ .

2 അഭിപ്രായ(ങ്ങള്‍)

" പലപ്പോഴും ക്യാമറയ്ക്ക് പിന്നിൽ നിന്ന് ഞാന് കരഞ്ഞിട്ടുണ്ട് "

പറഞ്ഞത് ഛായാഗ്രഹണരംഗത്തെ ഒരു അതികായൻ.  ക്യാമറ കൊണ്ട് കവിതയെഴുതിയ  ഒരാൾ ! 

തിരുവനന്തപുരത്ത്  മെറിലാന്ഡ് സ്റ്റുഡിയോയുടെ തൊട്ടടുത്തുള്ള  വീട്ടിലെ  കുടുംബനാഥൻ   ശ്രീധരൻ  നായരുടെ ഒന്നര വയസ്സുള്ള കുഞ്ഞ് സ്റ്റുഡിയോയിലെ സ്ഥിരസന്ദർശകനായത് അച്ഛൻ അവിടുത്തെ കാന്റീൻ ഡിപ്പാർട്ടുമെന്റിന്റെ സ്വന്തം  ആളായതുകൊണ്ട് മാത്രമല്ല.  ആ ഇത്തിരിക്കുഞ്ഞൻ,    നമ്മുടെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ ഓമനയായതുകൊണ്ടുകൂടിയാണ്.  പ്രേംനസീറിന്റെ ആവശ്യപ്രകാരമാണ്  അച്ഛൻ ഇടയ്ക്കിടെ മകനെ സ്റ്റുഡിയോയിൽ  കൊണ്ടുവന്നത്.  അച്ഛൻ ജോലി ചെയ്യുമ്പോൾ  മകൻ നസീറിന്റെ മടിയിലിരുന്നു കളിച്ചും രസിച്ചും ആഘോഷിച്ചു.  അവൻ വളർന്നു . സ്റ്റുഡിയോ അവന്  സ്വന്തം വീടുപോലെയായി. 

അച്ഛന്  ബഹദൂർ , ലളിത-പത്മിനി-രാഗിണി മാർ തുടങ്ങിയ ഒരുപാട് പ്രതിഭകൾ  സുഹൃത്തുക്കളായി   സിനിമാരംഗത്ത് ഉണ്ടായിരുന്നു.  അവരുടെയൊക്കെ ഇടയിൽ കളിച്ചുവളർന്ന കുഞ്ഞും ഒരു  'സിനിമാബന്ധു' ആയി.  അവൻ വളർന്നു.   കൂട്ടുകാരോടൊപ്പം സ്വാതന്ത്ര്യത്തോടെ ഷൂട്ടിങ് ലൊക്കേഷനിൽ വന്നു ഷൂട്ടിങ് കണ്ടു.  ഷൂട്ടിങ് സ്ഥലത്തെ   തിരക്ക് മൂലം  മതിലിൽ  കവിളൻ മടൽ  ചാരിവച്ച് അതിന്റെ മുകളിൽ കയറിനിന്ന് ഷൂട്ടിങ് കാണാനുള്ള സൌകര്യം കൂട്ടുകാർക്ക് ഉണ്ടാക്കിക്കൊടുത്തു.   എന്തിനേറെ!  ആ കുട്ടിയുടെ മനസ്സിൽ സിനിമാമോഹം ഒരു ആവേശമായി പടർന്നുപിടിച്ചത്  പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചിട്ടല്ല  എന്നാണ് ഞാൻ  പറഞ്ഞുവന്നത്.  

ഒടുവിൽ അവൻ തന്റെ ആഗ്രഹം അവതരിപ്പിച്ചു.."എനിക്ക് സിനിമ പഠിക്കണം "

മകൻ പഠിച്ച് വലിയൊരു ഉദ്യോഗസ്ഥൻ ആവണമെന്ന് ആഗ്രഹിച്ച അച്ഛന് മകന്റെ സിനിമാമോഹം  അല്പം നിരാശയുണ്ടാക്കി.  അച്ഛന്റെ സുഹൃത്തുക്കളും  ഉപദേശിച്ചു, സിനിമയുടെ പിന്നാലെ പോകാതെ  പഠിച്ച് ഒരു ഉദ്യോഗം നേടാൻ .  പക്ഷേ ആ കുട്ടിയുടെ മനസ്സിൽ കാലം പണ്ടേ ചിത്രം വരച്ചു കഴിഞ്ഞിരുന്നല്ലോ!

ഒടുവിൽ അച്ഛൻ മകന്റെ ആഗ്രഹത്തിന് മുന്നിൽ കീഴടങ്ങി.  അദ്ദേഹം സുബ്രഹ്മണ്യൻ മുതലാളിയെ കണ്ട് സംസാരിച്ചു.  മുതലാളിയും ആദ്യം അതേ ഉപദേശമാണ് കൊടുത്തത്.  പക്ഷേ പയ്യന്   ഒറ്റ വാക്കേ ഉണ്ടായിരുന്നുള്ളൂ.  ഒടുവിൽ മുതലാളി ചോദിച്ചു, സിനിമയിൽ  എന്താണ്, ഏത് വിഭാഗമാണ്   പഠിക്കേണ്ടത് എന്ന്.  പക്ഷേ അവന് അതൊന്നുമറിയില്ല.  അറിയുന്നത്  ഇത്രമാത്രം...  സിനിമ  പഠിക്കണം.   ഒടുവിൽ മുതലാളിതന്നെ തീരുമാനിച്ചു, ക്യാമറ ഡിപ്പാർട്ടുമെന്റിൽ  നിൽക്കട്ടെ !  ആ നിമിഷം...  അഭിനയിക്കുന്നവരുടെ മനസ്സുപോലും ക്യാമറയിൽ  ഒപ്പിയെടുക്കുന്ന ഒരു യുഗപ്പിറവിയായിരുന്നു ആ നിമിഷം എന്ന് ആരുമറിഞ്ഞില്ല! 

മൂന്നുനാല്  വര്ഷം അവിടെ നിന്നു. അതിനുശേഷം മദ്രാസിലേക്ക് പോയി.  എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെയാണ് പോയത്.  പക്ഷേ അവിടെച്ചെന്നപ്പോൾ  പ്രതീക്ഷിച്ചതുപോലെയും ആഗ്രഹിച്ചതുപോലെയും ഒരു കാര്യങ്ങളും നടന്നില്ല.  നാളുകൾ  പോകേ മടുപ്പായിത്തുടങ്ങി. കയ്യിലെ പൈസ തീർന്നു .  ഒടുവിൽ ഒരു സുഹൃത്തിന്റെ സഹായത്തോടെ നിരാശനായി  തിരികേ വണ്ടി കയറി... 

സെക്കൻഡ് ക്ലാസ്സിൽ വരുമ്പോൾ, തീവണ്ടി ഇരുമ്പ് പാളങ്ങളിലേക്ക് കയറുമ്പോഴുള്ള  ആ ഇരമ്പൽ! അത് സ്വന്തം ഹൃദയത്തിന്റെ ഇരമ്പലായി ആ യുവാവിന്  തോന്നി. ഉറങ്ങാനായില്ല. ഇന്നും മറക്കാനാവാതെ ആ ഇരമ്പൽ...   കൂട്ടുകാരും നാട്ടുകാരും വീട്ടുകാരും ചേർന്ന് ആഘോഷത്തോടെ യാത്രയാക്കിയതാണ്.  ഒന്നും നേടാനാവാതെ തിരികെ ചെന്ന് എങ്ങനെ എല്ലാവരുടെയും മുഖത്ത് നോക്കുമെന്ന ഭയവും നിരാശയും  വല്ലാത്തൊരു മാനസീകാവസ്ഥയിലെത്തിച്ചു.  വീട്ടിലെത്തി മുറിയിൽ കയറി. കുറെ ദിവസത്തേക്ക് മുറിയിൽ നിന്നും പുറത്തിറങ്ങിയതേയില്ല.  ആരേയും  അഭിമുഖീകരിക്കാൻ വയ്യ.  മകന്റെ  വിഷമം കണ്ട അച്ഛന് വേവലാതിയായി.  രാത്രി വളരെ വൈകുന്നതുവരെ കൂട്ടുകാരെ വിളിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്ന മകൻ അച്ഛന്റെ മനസ്സിൽ നോവായി. ഒടുവിൽ അച്ഛൻ  മകനെ  'ശിവൻ സ്റ്റുഡിയോ' യിലേക്ക് (സന്തോഷ്  ശിവന്റെ പിതാവ് ശ്രീ. ശിവന്റെ സ്റ്റുഡിയോ)  വിളിച്ചുകൊണ്ടുപോയി.   അങ്ങനെ അവിടെ നിന്നു കുറെ നാൾ.  അവിടെ ഡോക്കുമെന്ററികളും മറ്റും ഷൂട്ട് ചെയ്ത് അങ്ങനെ തുടരുമ്പോഴാണ്  ചിത്രാഞ്ജലി സ്റ്റുഡിയോ തുടങ്ങുന്നു എന്ന് - അന്ന് ചിത്രാഞ്ജലിയല്ല,  സർക്കാർ  സ്റ്റുഡിയോ തുടങ്ങുന്നു എന്നറിയുന്നത്.  തുടർന്ന് അവിടേക്ക് അപേക്ഷ കൊടുത്തു. ഒരുപാട് സിനിമാട്ടോഗ്രാഫർമാരും  നിർമ്മാതാക്കളുമൊക്കെ ഇന്റർവ്യൂവിന്  ഉണ്ടായിരുന്നു. അവരുടെയിടയിൽ  പിടിച്ചുനിൽക്കാൻ  ഒന്നുമില്ലെന്ന് സ്വയം കരുതി പ്രതീക്ഷ വെടിഞ്ഞ് അങ്ങേയറ്റം നിരാശയോടെയാണ്  ഇന്റർവ്യൂവിന് പോയത്.  എന്തിനധികം! എല്ലാം മറികടന്ന്, - കഴിവും  നല്ല സൌഹൃദങ്ങളും ഒക്കെ കാരണമായിട്ടുണ്ടാവാം-, ആ ഇന്റർവ്യൂവിൽ  വിജയിയായി.  അവിടെ തുടങ്ങുകയായിരുന്നു ഒരു പ്രതിഭാധനന്റെ  യാത്ര!  

എസ്. കുമാർ ! എല്ലാ കെട്ടുകാഴ്ചകളിൽ  നിന്നും മാറിനിന്ന് കലയെ മാത്രം സ്നേഹിച്ച ഒരു ഛായാഗ്രാഹകന്റെ   നടവഴികളാണ് ഞാൻ  മുകളിൽ  പങ്കുവച്ചത്.  പിന്നീടുണ്ടായ  കാര്യങ്ങൾ നമുക്കൊക്കെ അറിയാം.  

അന്ന് മനസ്സ് നിറയെ  സിനിമാമോഹങ്ങളുമായി ഇറങ്ങിത്തിരിച്ച ആ  സുഹൃത്തുക്കൾ  . അവരുടെ സ്വപ്നം 1978 ഇൽ  'തിരനോട്ടം'  എന്ന സിനിമയിലൂടെ സാക്ഷാത്ക്കരിച്ചപ്പോൾ മറ്റൊരു ഇതിഹാസം കൂടി ജനിച്ചു! നമ്മുടെ സ്വന്തം ലാലേട്ടൻ. മോഹൻലാലിന്റെ മുഖം സിനിമയ്ക്ക് വേണ്ടി ആദ്യമായി ക്യാമറയിൽ പകർത്തിയ ആളും കൂടിയായി കുമാർ.   ലാലേട്ടന്റെ സുഹൃത്തുക്കളുടെ നിർമ്മാണകമ്പനിയായ  ഭാരത് സിനി ഗ്രൂപ്പ് ആണ് ചിത്രം നിർമ്മിച്ചത്. എന്തോ സെൻസർബോർഡ്   പ്രശ്നം കൊണ്ടു സിനിമ ഇറങ്ങിയില്ല.   ഈ സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര ഛായാഗ്രാഹകൻ ആവുന്നത്.  റിലീസായ ആദ്യ സിനിമ  തേനും വയമ്പും ആണ്.  ഇതിലുമപ്പുറം  ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാതെ അദ്ദേഹം നമുക്കുമുന്നിൽ  സുപരിചിതനായി നിലകൊള്ളുന്നുണ്ട്.  വിവിധ  ഭാഷകളിൽ കൈ നിറയെ ചിത്രങ്ങൾ ,. അവാർഡുകൾ ... ചെയ്യുന്ന ജോലിയുടെ പൂർണ്ണതയിൽ  മനം നിറഞ്ഞ്  ക്യാമറയ്ക്ക് പിന്നിൽനിന്ന് കണ്ണ് തുടച്ച ആ കലാകാരൻ  പറയുന്നു, "കഥാപാത്രങ്ങളെ കരയിച്ചുകൊണ്ടുമാത്രം സങ്കടം കാണിയ്ക്കാൻ  പറ്റില്ല . അതിന് പറ്റിയ അന്തരീക്ഷം കൂടി ഒരുക്കേണ്ടതുണ്ട്"..  

മോഹൻലാൽ - പ്രിയദർശൻ - എസ്. കുമാർ കൂട്ടുകെട്ട് ഒരു ശക്തിയാണ്.  ലാലും പ്രിയനും ഇല്ലാതെ ഒരു എസ്. കുമാറിനെ  ചിന്തിക്കാനാവില്ല എന്ന് അദ്ദേഹം പറയുന്നു. അത് സൌഹൃദത്തിന്റെ കൂടി ശക്തിയാണ്.  

തീർന്നില്ല ! വർഷങ്ങൾ  കഴിഞ്ഞപ്പോൾ അച്ഛന്റെ പിന്നാലെ മകനും ഛായാഗ്രഹണരംഗത്തെത്തി .  കുഞ്ഞുണ്ണി. എസ്. കുമാർ .   

സ്ക്കൂള്- കോളേജ്  കാലം കഴിഞ്ഞ് (Mass communication and journalism ) ബാംഗളൂര് പിജി ചെയ്തുകൊണ്ടിരിക്കേത്തന്നെ സ്വന്തമായി ഷോർട്ട് ഫിലിം, documentories . മികച്ച documentory ക്കുള്ള പുരസ്ക്കാരവും.  ചെന്നൈയിൽ  ഛായാഗ്രാഹകനായ  പി.സി. ശ്രീറാമിനെ  അസിസ്റ്റ് ചെയ്തുകൊണ്ട് തുടക്കം കുറിച്ചു . പിന്നീട് അച്ഛന്റെ തന്നെ അസോസിയേറ്റ് ആയി കുറെ സിനിമകൾ.  ശേഷം, നെല്ലിക്ക  എന്ന സിനിമയ്ക്ക്  സ്വതന്ത്ര ഛായാഗ്രഹണംനിർവ്വഹിച്ച് അരങ്ങേറ്റം.  പിന്നെ ലോഹം, വള്ളിയും തെറ്റി പുള്ളിയും തെറ്റി, ഒരായിരം കിനാക്കൾ, നാൻ പെറ്റ മകൻ , പിന്നെ തെലുങ്ക് സിനിമ... അഭിമാനത്തോടെ എടുത്തുപറയേണ്ട ഒന്ന്, അച്ഛൻ ആദ്യമായി മോഹൻലാലിനെ ക്യാമറയിലാക്കിയ  ആളാണ് എങ്കിൽ അതേ മോഹൻലാലിനോടൊപ്പം മകനും  സ്വതന്ത്ര ഛായാഗ്രാഹകനായി വർക്ക്  ചെയ്തു,  ലോഹം എന്ന സിനിമയിൽ.  എന്നും സന്തോഷിയ്ക്കേണ്ട അഭിമാനനിമിഷം!

   The  Egg  എന്ന ഷോർട്ട് ഫിലിമിന് ബെസ്റ്റ് ഡയറക്ടർക്കുള്ള  ജീവൻ ടിവി അവാർഡ്,, Dogs  day Out  ന് ബെസ്റ്റ് documentory അവാർഡ്   അങ്ങനെ അച്ഛന്റെ വഴിയേ മകനും...  തുടങ്ങിയിട്ടേ ഉള്ളൂ. ഇനിയും കിടക്കുന്നു ഉയരങ്ങളേറെ...

ഇവരെക്കുറിച്ചെല്ലാം വ്യക്തിപരമായ അഭിപ്രായം പറയാനുള്ള ഒരവകാശം കൂടി  എനിയ്ക്കുണ്ട് എന്നൊരു  കാര്യം കൂടി ഞാൻ  പങ്കുവയ്ക്കുന്നു...   എസ്. കുമാറിന്റെ  മകൾ ഡോ. മീനാക്ഷിയെ ആണ് എന്റെ മൂത്ത മകൻ ഗോകുൽ കൃഷ്ണൻ വിവാഹം ചെയ്തിരിയ്ക്കുന്നത്. ഈ കലാകുടുംബത്തിലേക്ക്  ഒരു ബന്ധുവായി കയറിച്ചെല്ലുമ്പോൾ, ഒരു സിനിമാകുടുംബത്തേക്കുറിച്ച് യാതൊരു മുൻവിധികളും  വേണ്ടെന്ന് ഞാൻ  നേരത്തെ തീരുമാനിച്ചിരുന്നു.  എനിക്ക് തെറ്റിയതുമില്ല..  വളരെ സൌമ്യനും  നിഷ്ക്കളങ്കനുമായ അച്ഛൻ കുമാർ !  തനിക്ക് ചുറ്റും നില്ക്കുന്നവരെക്കൂടി ഒരു പ്രകാശവലയത്തിലാക്കുന്ന  വലിയൊരു പൊട്ടിച്ചിരിയായ അമ്മ കുമാരി!അടുത്താൽ  സ്നേഹിച്ചു കൊല്ലുന്ന മകൻ കുഞ്ഞുണ്ണിയും മകൾ മീനാക്ഷിയും!  സിനിമയുടെ വെള്ളിവെളിച്ചത്തിനപ്പുറം മനുഷ്യരുടെ വെള്ളിവെളിച്ചം! സമാനതകളില്ലാത്ത സ്നേഹവും!


2021, ഏപ്രിൽ 14, ബുധനാഴ്‌ച

അന്നത്തെ സ്വപ്നവും ഇന്നത്തെ ഞാനും

2 അഭിപ്രായ(ങ്ങള്‍)

 അന്നത്തെ സ്വപ്നവും ഇന്നത്തെ ഞാനും 

---------------------------------------------------------------

 അന്നത്തെ സ്വപ്നവും ഇന്നത്തെ ഞാനും പറയാൻ ഒന്നോ രണ്ടോ വാക്കുകള് പോരാ. കാരണം അത് ഏകദേശം മൂന്ന് വയസ്സിൽ നിന്നും തുടങ്ങണം. 

ഒരുപാട് കൃഷിയുള്ള  സാമാന്യം വലിയൊരു തറവാട്.  വീട്ടിലെ അകത്തളത്തില്‍ പത്തായം നിറയെ നെല്ല്...നിലവറയില്‍ മുട്ടന്‍ പാത്രങ്ങള്‍.. ഒന്നിനും മുട്ടില്ലാത്ത അടുക്കള. വല്യ പാത്രത്തില്‍ ചോറ്.. സാമ്പാറും പപ്പടവും പുളിങ്കറിയും മോരും, പയര്‍ കൊടി, മുരിങ്ങയില തോരന്‍.. അങ്ങനെ മാറി മാറി. .. എന്നിട്ടും എനിയ്ക്ക് വല്ലാതെ വിശന്നു. . ' വയറ് നിറച്ച് മാമുണ്ണണം....' എന്നായിരുന്നു അന്നത്തെ ആശ .

ഒരുപക്ഷേ അതായിരുന്നിരിയ്ക്കണം എന്റെ ആദ്യത്തെ സ്വപ്നം ! ആരോട് പറയുമെന്നറിഞ്ഞില്ല . അമ്മ ജോലിയ്ക്ക് പോയി. അച്ഛന്‍ അച്ഛന്റെ ജോലിയ്ക്ക് പോയി. ശേഷക്കാരുണ്ട് . .... പക്ഷേ ആരുമൊന്നും നിറയെ കൊടുത്തില്ല... 'വയറു നിറച്ചു മാമുണ്ണ് ' എന്നാരും പറഞ്ഞില്ല.. ആരോടും പരാതി പറയാൻ അറിയുമായിരുന്നില്ല. എന്നാൽ ഞാൻ കരഞ്ഞു. പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരാളിന്റെ കുടുംബം നീന്തിക്കടക്കേണ്ട തീക്കടലിന്റെ ഒരംശം ആണ് ഞാനീ സൂചിപ്പിച്ചത്.


ഞാന്‍   പറഞ്ഞില്ലെങ്കിലും   ഇതെല്ലാം   സസൂക്ഷ്മം   വീക്ഷിച്ചിരുന്ന   മറ്റൊരാളുണ്ടായിരുന്നു.  അടുത്ത വീട്ടിലെ ഒരമ്മ .    തലമുറകളായി   തറവാട്ടിലെ   കൃഷിപ്പണികള്‍  നോക്കി   നടത്തിയിരുന്ന   പണിക്കാരായിരുന്നു  അവര്‍.   ആ  കുടുംബത്തിലെ   ഏറ്റവും  മൂത്ത  അമ്മ.  അതൊരു   പുലയ കുടുംബമായിരുന്നു.   തറവാടിനോട്   തൊട്ടു ചേര്‍ന്ന്  തന്നെയായിരുന്നു  അവരുടെ   വീടും.

  ജാതിതിരിവ്  കാടുപ്പിടിപ്പിച്ച മനസ്സായിരുന്നു അവിടെ പലർക്കും .   ഒളിച്ചിരുന്ന്  കരഞ്ഞ   എന്നെ   ആരും   കാണാതെ  ആയമ്മ  അവരുടെ  വീട്ടിലേയ്ക്ക്   എടുത്തു കൊണ്ടുപോയി   വയറു നിറയെ   ഭക്ഷണം   തന്നു !    ഒരു  ദിവസമല്ല,  പല  ദിവസങ്ങള്‍..!     അവരുടെ   ദാരിദ്ര്യത്തിന്റെ   ഒരു   പങ്ക്.   എന്നാലെന്താ ?  ദാരിദ്ര്യത്തിന്‍റെ  രുചിയ്ക്ക്   സ്നേഹത്തിന്‍റെ  ചൂടുണ്ടായിരുന്നു..! ഭക്ഷണത്തിന്   ജാതിയും മതവുമില്ലെന്നും
അത് സ്നേഹമാണെന്നും അന്നത്തെ മൂന്നു വയസ്സുകാരിയുടെ   മനസ്സില്‍   ആദ്യമായി   എഴുതിയിട്ടത് ,  ആ  പുലയകുടുംബിനി!  


ഒരു ദിവസം  സഹികെട്ട്  അവരെന്‍റെ  അമ്മയോട്  പറഞ്ഞു,

"സാറേ,  ഇനീം   ഈ  കൊച്ചിനെ  ഇവിടെ   നിര്‍ത്തിക്കൊണ്ടിരുന്നാ   ഇത്   പട്ടിണി  കെടന്ന്  ചത്ത് പോവൂട്ടോ."

അമ്മ  ഞെട്ടി  എന്നത്  നേര്‍സാക്ഷ്യം . അതോടെ ഞങ്ങളൊരു വാടകവീട്ടിലേക്ക് മാറി.  ചാണകത്തറയുള്ള കുഞ്ഞു വീട്...
പത്തായമില്ല, നിലവറയില്ല , പക്ഷെ വയറ് നിറയെ മാമുണ്ടൂ.....

പിന്നെ  കണ്ടത് മുഴുവനും പ്രൊഫഷണൽ  സ്വപ്നങ്ങളാണ്.  ഒരു ടീച്ചറാവണം .  കുട്ടികളെ അടിയ്ക്കാല്ലോ. അതാവും. വെല്യ പുള്ളിയല്ലേ ഈ ടീച്ചർ എന്ന് പറഞ്ഞാൽ..! കുറേക്കൂടി വലുതായപ്പോൾ , എനിയ്ക്ക്  ചുറ്റും കണ്ട അനീതികൾക്ക് നേരെ  ഞാൻ  മുഷ്ടി ചുരുട്ടാൻ തുടങ്ങി. അപ്പോഴത്തെ സ്വപ്നം   ഒരു വക്കീൽ ആവണന്നായിരുന്നു . വാദിയ്ക്കാല്ലോ. വാദിച്ചു വാദിച്ചു എതിരാളിയെ തോല്പിയ്ക്കാല്ലോ..  പിന്നെയും മുതിർന്നപ്പോൾ ഞാൻ  അനീതിയ്ക്കു നേരെ വിരൽ ചൂണ്ടാൻ തുടങ്ങി. പൊട്ടിത്തെറിയ്ക്കാൻ തുടങ്ങി. അപ്പോൾ  തീരുമാനിച്ചു, ഒരു ജേണലിസ്റ്റ്  ആകണമെന്ന്. അതെ. അതായിരുന്നു  എന്റെ  അവസാന തീരുമാനം.
പക്ഷെ...ഞാൻ  ഇതൊന്നുമായില്ല.  എന്റെ  ഭാവിയെക്കുറിച്ചുള്ള കണക്കു കൂട്ടലുകൾ കണ്ട്, ദൈവം തലതല്ലി ചിരിച്ചു കാണും.
അവസാനം എന്റെ എഴുത്ത് സ്വപ്നങ്ങൾ . 
ഏഴാം ക്ളാസ്സിൽ വച്ച്   പുസ്തകത്താളുകളിൽ   ആരും   കാണാതെ   കുറിച്ചിട്ടിരുന്ന   വരികൾ  കണ്ടുപിടിച്ചത്   ബയോളജി   പഠിപ്പിയ്ക്കുന്ന   സാർ . അത്   കഥയോ   കവിതയോ  എന്ന്   എനിയ്ക്ക് തന്നെ  തിട്ടമില്ലാത്ത  അവസ്ഥ .  സാറും  ഞാനും   നല്ല  കൂട്ടുകാർ .   സാർ   പറഞ്ഞു,

"ആവർത്തന വിരസത വരുത്താതെ  നോക്കണം".

എഴുത്ത് വഴിയിൽ ആദ്യമായി   കിട്ടിയ   ഉപദേശം !   നുറുങ്ങുകഥകളും   കവിതകളും  ബയോളജി സാറെന്ന   ഒരേയൊരു   വായനക്കാരനുമായി   കഴിഞ്ഞുപോയി   എന്റെ  സ്കൂൾ   കാലഘട്ടം .   അച്ഛനോടും അമ്മയോടും മറ്റാരോടും   പറഞ്ഞില്ല   ഞാനിത്.    പരീക്ഷയുടെ  തലേന്ന്   ആരും   കാണാതെ  പുസ്തകത്തിന്റെ   ഉള്ളിൽ കടലാസ്  വച്ച്  ഒരു കുഞ്ഞു കഥയെഴുതിയത് ,  അദ്ധ്യാപികയായിരുന്ന   അമ്മ അറിഞ്ഞാൽ   ക്ഷമിയ്ക്കുമായിരുന്നില്ലല്ലോ. 

പ്രീഡിഗ്രിക്കാലത്തെ   ഹോസ്റ്റൽ   വാസത്തിനിടയിൽ   എന്റെ   കുത്തിക്കുറിപ്പുകൾ   കണ്ടുപിടിച്ചു ,   പ്രിയപ്പെട്ട   കൂട്ടുകാരി.
അവളത്   ക്ളാസ്സിൽ   പരസ്യമാക്കി . രണ്ടാം വർഷം  ഞങ്ങളുടെ   ക്ളാസ്സിൽ നിന്നൊരു മാഗസീൻ ഇറക്കി. ( സ്റ്റുഡന്റ്സ്  വോയ്സ് ) .   എന്റെ എഴുത്തിൽ  തീരെ   ആത്മവിശ്വാസമില്ലാതെ പിൻവലിഞ്ഞ   എന്നെക്കൊണ്ട്  നിർബ്ബന്ധിച്ച്   കഥയെഴുതിച്ചു   സുഹൃത്തുക്കൾ.    ' സന്ധിയ്ക്കാത്ത സ്വപ്‌നങ്ങൾ'    എന്ന ആ കഥ    വായിച്ച് , പ്രസിദ്ധീകരണയോഗ്യമാണെന്ന്   വിലയിരുത്തി,   കവിയും   കൂടിയായിരുന്ന   കൂട്ടുകാരൻ .  അങ്ങനെ   ആദ്യമായി   എന്റെയൊരു   രചന   എന്റെ സുഹൃത്തുക്കളുടെ   പ്രയത്നത്തിൽ   അച്ചടിമഷി   പുരണ്ടു ,   പതിനേഴാമത്തെ  വയസ്സിൽ .  അന്നുമുതൽ   ഞാൻ  കോളേജ് മാഗസിനിലെ   സ്ഥിരം   എഴുത്തുകാരിയായി .

ഡിഗ്രി   കാലഘട്ടത്തിൽ   എന്റെ   കഥകളുടെ  ഏറ്റവും   വലിയ   വായനക്കാർ  രണ്ടുപേർ . ഒന്ന്   എന്റെ   ട്യൂഷൻ   മാസ്റ്റർ .   പിന്നെ ,  അയൽവാസിയും   സഹപാഠിയും ആയ   സുഹൃത്ത്. 

"കഥകൾ  നന്നാവുന്നുണ്ട്,  പക്ഷെ   കുറേക്കൂടി   താദാത്മ്യം   വരുത്തണം"

അദ്ദേഹം  പറഞ്ഞു.  എഴുത്തുവഴിയിൽ   കിട്ടിയ   രണ്ടാമത്തെ   ഉപദേശം . എല്ലാം  ഞാൻ   മനസ്സിൽ   കുറിച്ചിട്ടു .  എഴുത്ത്  അനസ്യൂതം   തുടർന്നു .

പഠനം   കഴിഞ്ഞു.  വിവാഹവും..... വിവാഹശേഷം , അക്ഷരങ്ങൾ   എന്നെയാണോ   അതോ   ഞാൻ   അക്ഷരങ്ങളെയാണോ   ഉപേക്ഷിച്ചതെന്നറിയില്ല  .   ഫലത്തിൽ ,  ഞാൻഎന്റെ  പേന   അടച്ചുവച്ചു .   ഒരു   ചെറിയ   വൃത്തം   വരച്ച്   അതിനുള്ളിൽ   വെറുതെയിരുന്നു .  വർഷങ്ങൾ...ഞാൻ   ഒന്നും   വായിച്ചില്ല .   എഴുതിയുമില്ല .  സൌഹൃദങ്ങളെയും   ആ  വൃത്തത്തിനുള്ളിലെയ്ക്ക്   ഞാൻ   കയറ്റിയില്ല .

  നാളുകൾക്ക്   ശേഷം   എന്റെ   പഴയൊരു   സുഹൃത്തിനെ   അപ്രതീക്ഷിതമായി   കണ്ടു.    അദ്ദേഹം ഐ,ഏ .എസ്  റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ .    എന്റെ   മാറിയ   രൂപഭാവങ്ങൾ  അദ്ദേഹത്തിന്   വിശ്വസിയ്ക്കാനായില്ല .    അടുത്ത   ദിവസം തന്നെ  എനിയ്ക്ക്   കുറെ   പുസ്തകങ്ങൾ   കൊടുത്തയച്ചിട്ട്‌   പറഞ്ഞു,,

"എഴുത്തും   വായനയും   പുനരാരംഭിയ്ക്കണം .  ഞങ്ങൾക്ക്   ഞങ്ങളുടെ   പഴയ  ഗീതയെ     തിരികെ   വേണം ."

ആ  പുസ്തകങ്ങൾ   മടിയിൽ വച്ച്   ഏറെ  നേരം   ഞാൻ   കസേരയിൽ ചാരി   കണ്ണുകളടച്ചിരുന്നു .  പിന്നെ പുസ്തകത്താളുകൾ   വെറുതെ   മറിച്ചുകൊണ്ടിരുന്നു .  മനസ്സിനെ   ഒന്ന്   തിരിച്ചുപിടിയ്ക്കാനുള്ള   ശ്രമമായിരുന്നു  അത് .   ഒരുപാട് നാൾ   തളർന്നു കിടന്നുപോയ ഒരാൾ   എഴുന്നേറ്റ്   പിച്ച വയ്ക്കുന്നതുപോലെ ...മെല്ലെ മെല്ലെ ..ഞാൻ   പഴയ   ഗീതയിലേയ്ക്ക്    തിരികെ  നടന്നു .   ആർത്തിയോടെ   വായിച്ചുതുടങ്ങി....ആവേശത്തോടെ   എഴുതിത്തുടങ്ങി .  

കുറെ   സുഹൃത്തുക്കളിലും   ചില   ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമായി   എന്റെ  സൃഷ്ടികൾ   നിർവൃതി  പൂണ്ടു .   ഒരു   ആനുകാലികപ്രസിദ്ധീകരണത്തിൽ എന്റെയൊരു   കഥ   ആദ്യമായി   പ്രസിദ്ധീകരിച്ചപ്പോൾ   പ്രതിഫലമായി   അവരയച്ചുതന്ന 150   രൂപ   കൈയ്യിൽ വച്ച്  ഞാൻ  അഭിമാനത്തോടെ   ഇരുന്നു ,   ഒരു  ലക്ഷം   രൂപ   കൈയ്യിൽ  കിട്ടിയത് പോലെ..!    ഒരിയ്ക്കൽ   മറ്റൊരു  പ്രസിദ്ധീകരണത്തിൽ നിന്നും    നിന്നും   അവരയച്ച്ചുതന്ന   750   രൂപയുടെ   ചെക്ക്  തെരുപ്പിടിച്ച്   ഞാനിരുന്നു,  അമ്പിളി അമ്മാവനെ   കൈയിൽ കിട്ടിയതുപോലെ....!

"ഗീതയ്ക്ക്   പ്രതിഫലമായി  ആദ്യമായല്ലേ   ഒരു  ചെക്ക്   കിട്ടുന്നത് ,  ജീവിതം   മുഴുവൻ ഓർക്കാനുള്ളതാണ് "   എന്ന് പറഞ്ഞ്  ആ  ചെക്കിന്റെ   ഫോട്ടോ   എടുത്ത്   എനിയ്ക്ക്   തന്നു,  എന്റെയൊരു   സുഹൃത്ത്.( അദ്ദേഹം  അഭിഭാഷകൻ .) , ... സത്യം..എനിയ്ക്ക്   കരച്ചിൽ  വന്നു.  ആരാണ്   അങ്ങനെയൊക്കെ   ചെയ്യാൻ  അവരോട്   പറഞ്ഞത് ?  ആരും   പറഞ്ഞില്ല ...പക്ഷെ ...എനിയ്ക്ക് വേണ്ടി  അവരങ്ങനെയൊക്കെ   ചെയ്തുകൊണ്ടിരുന്നു .....

"ഗീത ബ്ളോഗ് എഴുതൂ.   ."

എന്റെ വക്കീൽ സുഹൃത്ത്  പറഞ്ഞു.  ബ്ലോഗിനെ കുറിച്ച്   അന്നെനിയ്ക്ക്   ഒന്നും   അറിയുമായിരുന്നില്ല .   എല്ലാം അവർ  പറഞ്ഞുതന്നു .  ബ്ലോഗ് ഓപ്പൺ ചെയ്തിട്ടത് സുഹൃത്തുക്കൾ  തന്നെയാണ്.   ജീവിതത്തിൽ ആദ്യമായി കമ്പ്യൂട്ടർ  ഉപയോഗിയ്ക്കാൻ തുടങ്ങിയത് അങ്ങനെയാണ്. അതുവരെ അതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയുമായിരുന്നില്ല.  അത് ഓൺ  ചെയ്യാൻ പോലും ഞാൻ  ശ്രമിച്ചിരുന്നുമില്ല...!  എനിക്കത് കൂടിയേ തീരൂ എന്ന അവസ്ഥ വന്നപ്പോൾ  അത്  പഠിയ്ക്കാൻ തന്നെ ഞാൻ  തീരുമാനിച്ചു.  എന്റെ മോളാണ് അതിലെന്റെ  ഗുരുനാഥ.  മോളോട്  ചോദിച്ച് ,   കൊച്ചു കുഞ്ഞുങ്ങൾ   അക്ഷരം   പഠിയ്ക്കുന്നതുപോലെ   ഞാൻ  ഒരോന്നും  പഠിച്ചെടുത്തു .   അങ്ങനെ 2013 ഇൽ ഞാനൊരു ബ്ലോഗറായി.   

ശിവനന്ദ  എന്ന തൂലികാനാമത്തിലാണ് ഞാൻ   എഴുതിയിരുന്നത്.  ആ പേരിനോട് എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. എനിയ്ക്ക് ഒരുപാട് ഐശ്വര്യം തന്ന പേര്. എന്റെ അച്ഛന്റെയും അമ്മയുടെയും പേരിന്റെ അംശം എടുത്ത് ഞാൻ  തന്നെ എനിക്കിട്ട പേര്.     2013 ഇൽ ത്തന്നെ  മറ്റൊരു  ഓൺലൈൻ  സൈറ്റിൽ ( കൂട്ടം )  ഞാൻ എഴുതാൻ തുടങ്ങി.   ആ  കൂട്ടായ്മ   എനിയ്ക്ക്  തന്ന   'നല്ലതുകൾ '  പറഞ്ഞാൽ തീരില്ല.   അവിടുത്തെ  സൗഹൃദങ്ങൾ   എനിയ്ക്ക് തന്ന  വൈകാരിക  പിൻതുണ  ഒരിയ്ക്കലും  മറക്കാനാവില്ല..  എന്റെ   ജീവിതത്തിൽ  അത്   ഒരുപാട്  മാറ്റങ്ങളുണ്ടാക്കി.    എന്നിലെ  എന്നെ  വീണ്ടും വീണ്ടും  ഞാൻ തിരിച്ചറിഞ്ഞു   .  

അവിടെ വച്ചാണ്   എന്റെ  കഥകൾ  പുസ്തകമാകുന്നത്. ( മഞ്ഞ് പൂത്ത വെയിൽമരം ).  2014 ഇൽ .  അതിന്റെ   പബ്ലിഷർ  ലീല. എം .ചന്ദ്രൻ .    അവർ എനിയ്ക്ക് വെറുമൊരു  പബ്ളിഷർ  മാത്രമല്ല.  എന്നെ ഒരുപാട്   സ്നേഹിയ്ക്കുന്ന  സുഹൃത്തും   സഹോദരീതുല്യയും .  ലീലേച്ചിയെ   എനിയ്ക്ക്   പരിചയപ്പെടുത്തിയതും,  എന്റെ   കഥകൾ  പുസ്തകമാക്കാനുള്ള   എല്ലാ   ഏർപ്പാടുകളും   ചെയ്തതും ,  ആ കൂട്ടായ്മയിലുള്ള    എന്റെയൊരു  പ്രിയ സുഹൃത്ത് .  അദ്ദേഹത്തെ  ഞാനൊരിയ്ക്കലും കണ്ടിട്ടില്ല..!  പുസ്തകത്തിന്റെ   പ്രകാശന കർമ്മങ്ങൾക്ക്   വേണ്ട  കാര്യങ്ങളും   സുഹൃത്തുക്കൾ തന്നെ ചെയ്തു.  

ഇത്തരുണത്തിൽ ,  പുസ്തകം  പ്രകാശനം  ചെയ്ത,  ശ്രീ . കുരീപ്പുഴ  ശ്രീകുമാർ   സാറിനെയും ,  അതേറ്റുവാങ്ങിയ  ബിനോയ് ഏട്ടനേയും ( ബിനോയ് വിശ്വം) ഞാൻ സ്നേഹാദരങ്ങളോടെ  നമിയ്ക്കുന്നു.. പുസ്തകത്തിലുൾപ്പെട്ട  'ആത്മാവിന്റെ കാഴ്ചപ്പാടുകൾ'   എന്ന കഥ മുഴുവൻ , ശ്രീകുമാർ സാർ , വേദിയിൽ നിന്ന്  സദസ്സിനെ   വായിച്ചു കേൾപ്പിച്ചതും , അദ്ദേഹം ഈ പുസ്തകപ്രകാശനത്തെക്കുറിച്ച്‌ ,  'ഓൺലൈൻ മേട്ടിലെ ഒളിപ്പോരാളികൾ '     എന്ന പേരിൽ  ഒരു ലേഖനമെഴുതിയതും  എന്റെ ജീവിതത്തിലെ  അഭിമാന നിമിഷങ്ങൾ...സൗഹൃദത്തിന്റെ മായാത്ത വിരൽപ്പാടുകളും....

നൈനിക നിധി  എന്ന എഴുത്തുകാരിയുടെ   'ശീർഷകം മാഞ്ഞ കവിതകൾ '   എന്ന  പുസ്തകത്തിന്  ഒരു  അവതാരിക  എഴുതിക്കൊടുക്കാൻ  ലീലേച്ചി  എന്നെ  വിളിച്ചു  പറഞ്ഞപ്പോൾ   വിശ്വസിയ്ക്കാനാവാതെ  ഞാൻ  നിന്നത് ,  ആത്മവിശ്വാസക്കുറവ് കൊണ്ടാകാം.   പക്ഷെ ചേച്ചി ധൈര്യം തന്നു.   ചേച്ചി പറഞ്ഞു,

"നിനക്ക്  വളരാനുള്ള  വഴികളാണിതൊക്കെ ...പാഴാക്കരുത് ഒരു അവസരവും "    എന്ന് . ഞാനാ അവസരം പാഴാക്കിയുമില്ല.   എന്റെ അവതാരികയോടുകൂടി  ആ പുസ്തകം  തപാലിൽ കിട്ടിയ നിമിഷം എനിയ്ക്ക് മറക്കാനാവില്ല..!

സിഎൽഎസ്  ബുക്ക്‌സ്   ഇറക്കിയ  ഒരു കഥാസമാഹാരത്തിൽ ,  ഞാനെഴുതിയ  'മറവിയിൽ ഒരു മറുവാക്ക് '   എന്ന കഥയും ,   അവരുടെതന്നെ  ഒരു കവിതാ സമാഹാരത്തിൽ ,  ഞാനെഴുതിയ   'ഇനി നീയൽപ്പം  മയങ്ങുക'    എന്ന കവിതയും  ഉൾപ്പെട്ടത് ,   സൗഹൃദത്തിന്റെ ബാക്കിപത്രങ്ങൾ....

ഒരിയ്ക്കലും  കാണാതെയും  മിണ്ടാതെയും  ,  അറിയാതെയും  ലോകത്തിന്റെ   ഏതൊക്കെയോ   മൂലകളിലിരുന്ന് ,  യാതൊരു  നിബന്ധനകളുമില്ലാതെ    പരസ്പരം  സ്നേഹിയ്ക്കുന്ന   കുറെ  ആളുകൾ...  അങ്ങനെയും  സ്നേഹിയ്ക്കാം ,  എന്ന്   ഓരോ  അനുഭവങ്ങളും   എന്നെ പഠിപ്പിച്ചു.  വളരെ അവിശ്വസനീയമായിരുന്നു  എനിയ്ക്കത് ..!  എന്റെ 
സ്വപ്നങ്ങൾ  സാക്ഷാത്ക്കരിയ്ക്കാൻ എനിക്കായി ഇറങ്ങിത്തിരിച്ചവർ! 
 
അങ്ങനെ  പല പല കൂട്ടായ്മകളിലൂടെ  എന്റെ നീണ്ട അക്ഷരയാത്രകൾ... ഞാനെപ്പോഴും   ഓർക്കുകയും ,   മറ്റാരും   തിരിച്ചറിയാതെ   പോവുകയും ചെയ്യുന്ന   ഒരു   സത്യമുണ്ട് ..   എന്താണെന്ന് വച്ചാൽ ,   ഞാൻ   ബ്ലോഗുകൾ   എഴുതുകയും   ബ്ലോഗുകൾ   വായിയ്ക്കുകയും    കമന്റ്  എഴുതുകയും   കമന്റിന്  മറുപടി   എഴുതുകയും   ഡിസ്ക്കഷൻസിൽ   പങ്കെടുക്കുകയുമൊക്കെ  ചെയ്യുമ്പോൾ  ഒരു   വ്യക്തിയോട്   എന്നതിലുപരി  ഒരു  സമൂഹത്തോടാണ്   ഞാൻ   സംവദിയ്ക്കുന്നത് .   എനിയ്ക്ക്   ഈ  സമൂഹത്തോട്   പറയാനുള്ള   കാര്യങ്ങൾ  യാതൊരു   വിലക്കുകളുമില്ലാതെ   സ്വാതന്ത്ര്യത്തോടെ  ഞാൻ  തുറന്ന്  പറയുകയാണ്‌.   സമൂഹത്തോട്   ചോദിയ്ക്കാനുള്ള   ചോദ്യങ്ങൾ   ധൈര്യപൂർവ്വം   ചോദിയ്ക്കുകയാണ് .   എന്റെ  ഇഷ്ടങ്ങൾ,   ഇഷ്ടക്കേടുകൾ ,   അഭിപ്രായങ്ങൾ,   എതിരഭിപ്രായങ്ങൾ,   ചോദ്യങ്ങൾ ,   ഉത്തരങ്ങൾ ,   മുന്നറിയിപ്പുകൾ ...... അങ്ങനെ   എല്ലാമെല്ലാം. അതിനായി   ഞാനും  എന്റെ   കഥാപാത്രങ്ങളും   സംസാരിയ്ക്കും.   എന്റെ   മനസ്സ്   പറയുന്നത്   മാത്രമേ   ഞാനെഴുതൂ.   മറ്റൊരാളുടെ   തോക്കിൻ മുനയിൽ   നിന്ന്   എഴുതേണ്ടി വന്നാൽ ,   അന്ന്  ഞാൻ   എഴുത്ത്   നിർത്തുകയും   ചെയ്യും.   ഇതാണെന്റെ   വഴി.   ഇത്  തന്നെയാണെന്റെ വഴിയും എന്റെ സ്വപ്നവും എന്റെ  സത്യവും . 

കഥകളുടെ   ലോകത്ത് നിന്നും   മാറിനിന്നാൽ ,  കരയിൽ   പിടിച്ചിട്ട   മത്സ്യത്തേപ്പോലെ   ഞാൻ   പിടഞ്ഞു മരിയ്ക്കുമെന്ന്  എനിയ്ക്ക്   നന്നായറിയാം .  എന്നിട്ട് പോലും   ചില   സന്ദർഭങ്ങളിൽ ,സഹികെട്ട്   ഞാനെന്റെ   അക്ഷരങ്ങളെ  പകയോടെ   കുടഞ്ഞു തെറിപ്പിയ്ക്കാൻ   ശ്രമിച്ചിട്ടുണ്ട് .   പക്ഷെ   അപ്പോഴും  അവ   വിട്ടുപോകാതെ  എന്റെ   വിരൽത്തുമ്പിൽ   കടിച്ചു തൂങ്ങി   എന്നെ  വേദനിപ്പിച്ചു.   അവയെ   സംരക്ഷിയ്ക്കാൻ  ഞാൻ  നേരിട്ട   പ്രതിസന്ധികൾക്ക്   കണക്കില്ല.   എന്നിട്ടും   കണ്ടില്ലേ ?   എനിയ്ക്ക്   ചുറ്റും  ഞാൻ   തീർത്ത   സ്വർഗ്ഗത്തിന്റെ   പൂമുഖത്തിണ്ണയിലിരുന്ന്  ഇപ്പോഴും   ഞാനെഴുതുകയാണ് !     കറുത്ത   പകലുകളും   വെളുത്ത   രാത്രികളും  വീണ്ടും  എന്നെ   തേടി  വന്നേക്കാം .   വരട്ടെ.   വരുന്നതെല്ലാം   വന്നു പോകട്ടെ.....എന്റെ   കൈവിരൽത്തുമ്പുകൾ   നിശ്ചലമാകുന്നതുവരെ  ഞാനെഴുതും....

ഞാൻ  വിശ്വസിയ്ക്കുന്നു ,  ഓരോന്നിനും  കാലം  ഓരോ  സമയം കണ്ടുവച്ചിട്ടുണ്ട്.....ക്ഷമയോടെ  കാത്തിരിയ്ക്കുകയാണ്   ഞാൻ... ഇനിയും   ഒരുപാട്  അതിശയങ്ങൾക്കായി ..

മഞ്ഞ് പെയ്യുന്ന  മനസ്സിന്റെ   ചില്ലുജാലകത്തിനിപ്പുറം  ആരുമറിയാത്ത നോവുകളും  ആരും കാണാത്ത മുറിവുകളും  നേർത്തൊരു  പുഞ്ചിരി കൊണ്ട് ഒളിപ്പിച്ച് ,  പുറംകാഴ്ചകളിലേയ്ക്ക്  നോക്കുന്ന എന്റെ കണ്ണുകളുടെ  ആർദ്രത  തെല്ലും കുറഞ്ഞിട്ടില്ല.   ഒപ്പം തീക്ഷ്‌ണതയും ..!    ഇല്ലെങ്കിൽ ,   എന്റെ അക്ഷരങ്ങൾ  ഇവിടെ തെളിയുമായിരുന്നില്ല... അവസാനമായി ഒന്നുകൂടി.. സ്വപ്നങ്ങൾ കാണുക! അതിതീവ്രമായി  സ്വപ്നങ്ങൾ കാണുക.  അതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാവാതിരിയ്ക്കുക.  കാലക്രമേണ അത് സത്യമായി നമുക്കടുത്തേക്ക്  വരും. 




 
                                     ****************************





2021, മാർച്ച് 1, തിങ്കളാഴ്‌ച

കടലാഴങ്ങളിൽ മറഞ്ഞ സ്നേഹദൂതുകൾ .. (ലേഖനം )

0 അഭിപ്രായ(ങ്ങള്‍)

 കടലാഴങ്ങളിൽ മറഞ്ഞ സ്നേഹദൂതുകൾ .. (ലേഖനം )

-------------------------------------------------------------------
'ഉമ മഹേശ്വരനെ സ്നേഹിച്ചതുപോലെ .. നളൻ ദമയന്തിയെ സ്നേഹിച്ചതുപോലെ നിന്നെ ഞാൻ സ്നേഹിയ്ക്കുന്നു ' എന്ന ഒപ്പുവയ്ക്കൽ...
'അന്തിവെയിൽ ചാഞ്ഞ അമ്പലവഴിയിൽ നിന്നെ ഞാനെത്രയോ കാത്തുനിന്നു .. എന്തേ നീ വന്നില്ല ?' എന്ന കാത്തിരിപ്പിന്റെ വീർപ്പുമുട്ടൽ..
'പ്രിയപ്പെട്ട കൂട്ടുകാരീ , നിന്നെ ഞാനിന്നും ഒത്തിരി ഓർത്തു .. നീയെന്നും സുഖമായിരിയ്ക്കണം..' എന്ന സൗഹൃദത്തിന്റെ കരുതൽ..
'പ്രിയപ്പെട്ട കുട്ടീ , നിനക്ക് സുഖമല്ലേ ? നിനക്ക് വേണ്ടി ഞാനെന്നും പ്രാർത്ഥിയ്ക്കും ' എന്ന സ്നേഹത്തിന്റെ ഉറപ്പ്‌കൊടുക്കൽ ...
'പ്രിയപ്പെട്ട മോളൂ , നിന്നോട് യാത്ര പറഞ്ഞുപോന്ന അന്ന് ഞാൻ ഉറങ്ങിയതേയില്ല ..ഉറങ്ങാൻ കഴിഞ്ഞില്ലെനിയ്ക്ക്..' എന്ന വിരഹത്തിന്റെ വിങ്ങൽ...
അതെ ! കത്തുകൾ !! ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ വാക്കുകൾ കടമെടുത്താൽ " നെഞ്ചോട് ചേർത്തു പിടിച്ചാൽ സ്നേഹത്തിന്റെ കടലിരമ്പുന്ന കത്തുകൾ " !!!
എത്ര മനോഹരമായാണ് അദ്ദേഹം കത്തുകൾ നിർവ്വചിച്ചിരിയ്ക്കുന്നത് !
സ്നേഹത്തിന്റെ' സുരക്ഷിതത്വത്തിന്റെ , സൗഹൃദത്തിന്റെ' പ്രണയത്തിന്റ, വിരഹത്തിന്റെ , വേദനയുടെ ഒക്കെ "ഇലക്കൂടുകളായിരുന്നു "(കട്ടികാട്) ഓരോ കത്തും. ഞാൻ കടന്നുപോന്ന വഴിത്താരകളിൽ അന്ന് കത്തുകളുടെ ആഘോഷമുണ്ടായിരുന്നു. വരികൾക്കിടയിൽ ഹൃദയം ഒളിപ്പിച്ചു വച്ച് ചിരിയ്ക്കുകയും കരയുകയും കലഹിയ്ക്കുകയും ചെയ്ത കത്തുകൾ.. !!!
തൊട്ടാൽ കുളിരുന്ന , മഞ്ഞുതുള്ളി പോലുള്ള മനസ്സിൽ മയിൽപ്പീലിത്തുണ്ടുകൾ കൊണ്ട് കത്തെഴുതി നടന്ന അതേ കാലത്ത് തന്നെയാണ് മറ്റു ചില കത്തുകളും ഞാൻ വായിച്ചത്. സത്യം പറഞ്ഞാല് അതൊരു ആത്മസഞ്ചാരം തന്നെയായിരുന്നു . വിവിധ നിറത്തിലും ഭാവത്തിലുമുള്ള എത്രയോ കത്തുകളിലൂടെ ഉള്ളൊരു ആത്മസഞ്ചാരം.. അതാണ്‌ ഞാനിവിടെ പങ്കുവയ്ക്കുന്നത്.
'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ '.. (ജവഹർലാൽ നെഹ്‌റു - ഇന്ദിരാഗാന്ധി ) എന്ന പുസ്തകം മറക്കാനാവില്ല..
അതിനു രണ്ട് ഭാവങ്ങളായിരുന്നു. വാത്സല്യവും രാജ്യസ്നേഹവും കൂട്ടിക്കുഴച്ച മധുരമുള്ള കത്തുകൾ. ഇന്ദിരാഗാന്ധി മുസ്സൂറിയിലും നെഹ്‌റു അടിവാരത്തുള്ള സമഭൂമിയിലും താമസിയ്ക്കുമ്പോഴും , അതുപോലെ ജയിൽവാസകാലത്തുമൊക്കെയുള്ള കത്തുകൾ.. ഭൂമിയുടെ ഉത്ഭവം, മനുഷ്യന്റെ പരിണാമം , പ്രകൃതി വൈവിധ്യം , ഭാഷാ ചരിത്രം, ഇന്ത്യയുടെ സാംസ്ക്കാരികപൈതൃകം എന്നിവയിലേയ്ക്കൊക്കെ തുറന്നിട്ട ജാലകങ്ങളായിരുന്നു ഓരോ കത്തും.
'പൊരുതിവീണവരുടെ കത്തുകൾ ' എന്ന പുസ്തകവും ഒരു നിധി തന്നെയായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി വീരചരമം പ്രാപിച്ചവർ മരണത്തിനു മുൻപ് അവസാനമായി എഴുതിയ കത്തുകളുടെ സമാഹാരം.. ശരിയ്ക്കും കണ്ണ് നിറഞ്ഞുപോയി വായിച്ചപ്പോൾ..
അതിനിടയിൽ കനൽ കോരിയൊഴിച്ച വാക്കുകളുമായി 'ഒരമ്മ മകൾക്കെഴുതിയ കത്തുകൾ '.... അമ്മ മകൾക്കയച്ച കത്തുകളെക്കുറിച്ച് വായിച്ചു. (മാതൃഭൂമി ).
പൂജപ്പുര സെന്ററൽ ജയിലിലേക്കാണ് ആ അമ്മ കത്തുകളയച്ചത്. നക്സലൈറ്റ് പ്രസ്ഥാനത്തിൽ ചേർന്ന്, വയനാട്ടിലെ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ തടവ് ശിക്ഷ അനുഭവിയ്ക്കുന്ന വെറും ഇരുപത് വയസ്സ്‌കാരിയായ മകൾക്കായിരുന്നു ആ കത്തുകൾ !!
കണ്ണീരും കൈയുമായി ആവലാതികൾ എഴുതി നിറച്ച കത്തുകളായിരുന്നില്ല അത്. മറിച്ച് , പോരാട്ടവീര്യമായിരുന്നു അതിൽ നിറയെ!
വിപ്ലവവും പോരാട്ടവീര്യവുമായി. ഞരമ്പിന് തീ പിടിച്ച കാലത്ത് നക്സലൈറ്റ് പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് അറസ്റ്റ് വരിയ്ക്കുകയും ജയിൽ ശിക്ഷ അനുഭവിയ്ക്കുകയും ചെയ്ത, ഇന്നും നമ്മോടൊപ്പം ഉള്ള. കെ.അജിത എന്ന ആ മകൾ നമുക്ക് അപരിചിതയല്ലല്ലോ... ! അജിതയ്ക്ക് അവരുടെ അമ്മ മന്ദാകിനി നാരായണൻ അയച്ച കത്തുകളായിരുന്നു അവ.
" ....... ഒരു ബ്ലോക്കേഡ് നമുക്ക് ചുറ്റും ഉയർത്താനുള്ള ശ്രമം നിന്റെയും ഞങ്ങളുടേയും നിശ്ചയദാർഢ്യത്തിന് മുന്നിൽ പൊളിഞ്ഞുപോകും . നമുക്ക് ആ തടയിണ തകർക്കാൻ സാധിയ്ക്കും. നിന്നെ കൂട്ടിലടച്ച് ശാരീരികമായും മാനസികമായും തകർക്കാനും , ആത്മവീര്യം കെടുത്താനുമാണ് അവർ ശ്രമിയ്ക്കുന്നത് . ബുറു ദ്വീപിലെ കരിമീനിനെപ്പോലെയാകും നീ എന്നാണ് അവർ കരുതുന്നത് . പക്ഷേ , നിന്റെ വിപ്ലവഗാനം , ഉയർന്ന തടവറ ഭിത്തികൾക്കപ്പുറം കേൾക്കാം ....."
ഞാൻ വായിച്ച, ആ അമ്മയുടെ കത്തിലെ ചില വരികളാണിത്..! എത്രയോ മക്കൾക്ക്, എത്രയോ പോരാളികൾക്ക്, എത്രയോ സമരമുഖങ്ങൾക്ക് ആവേശം പകരുന്ന വരികൾ !!
കത്തുകളുടെ അത്ഭുതലോകത്ത് ഞാൻ പിന്നെയും അലഞ്ഞുനടന്നു...
മഹാനായ ആചാര്യ വിനോബാ ഭാവെ സ്വന്തം 'ആത്‌മീയപുത്രി ' യ്ക്ക് എഴുതിയ കത്ത് എന്നെ വളരെ അതിശയിപ്പിച്ചു ! മലയാളിയായ എ .കെ .രാജമ്മയായിരുന്നു ആ പുത്രി. പൊതുകാര്യപ്രസക്തനും സംസ്കൃത പണ്ഡിതനും ഗീതാ വിവർത്തകനുമായ അയ്യപ്പൻ വൈദ്യന്റെ അഞ്ചാമത്തെ മകൾ. ഗാന്ധിയൻ മൂല്യങ്ങൾക്കായി സമർപ്പിയ്ക്കപ്പെട്ട ജീവിതം. നിശ്ശബ്ദ സേവനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ അവരുടെ ജീവിതം തന്നെയാണ് അവരുടെ സന്ദേശവും.
വായിച്ചപ്പോള് എനിയ്ക്ക് വളരെ കൗതുകം തോന്നി. മറ്റൊന്നുമല്ല, സ്നേഹം പ്രകടിപ്പിയ്ക്കാനും പറയാനും ആർക്കും ഇപ്പോൾ സമയവും താൽപ്പര്യവുമില്ല. സ്നേഹത്തോടെയുള്ളൊരു വാക്ക്.... പരിഗണനയോടെയുള്ളൊരു നോക്ക് ... ഇതെല്ലാം നമ്മുടെ ജീവിതത്തെ എത്രമാത്രം താങ്ങി നിർത്തുന്നു! അതെപ്പോഴും അങ്ങനെ തന്നെയായിരുന്നു...വലിപ്പച്ചെറുപ്പമില്ലാതെ , കാലദേശ ഭേദമില്ലാതെ എല്ലാ മനുഷ്യരുടെ മനസ്സിലും ഉണ്ട്, സ്നേഹത്തിനും കരുതലിനും ഒരു ചേർത്ത് പിടിച്ചുള്ള സാന്ത്വനത്തിനും ഉള്ള അദമ്യമായ ആഗ്രഹം. സ്നേഹത്തോടെയുള്ള ഒരു വാക്ക് നമ്മുടെ മനസ്സിൽ എത്ര സ്വാധീനമാണ് ഉണ്ടാക്കുന്നതല്ലേ ?
വിനോബാ ജി, രാജമ്മയ്ക്ക് അയച്ച ഒരു കത്ത് നോക്കൂ ..
"പ്രിയപ്പെട്ട മകളേ,
ഞാൻ നിന്റെ കത്തിന് വേണ്ടി എത്ര പ്രതീക്ഷിച്ചു .. അവസാനം എഴുത്തല്ല വന്നത്. മൂന്ന് മാസത്തെ റിപ്പോർട്ട് .! വെറും ശുഷ്കം . എനിയ്ക്ക് നിന്റെ കത്ത് ഈശ്വരാംശമായിരിയ്ക്കുന്നു ... എന്റെ ഹൃദയത്തിനു അതിൽ നിന്നും വളരെ കുളിർമ കിട്ടുന്നു . നിന്റെ കുറച്ചു വാക്കുകൾ കൊണ്ട് എനിയ്ക്ക് ആനന്ദം കിട്ടുമെങ്കിൽ , നീയെന്തിന് വാക്കുകളെഴുതാൻ പിശുക്ക് കാണിയ്ക്കുന്നു? ............"
ഇങ്ങനെ പോകുന്നു ആ കത്ത്.
കണ്ടോ? ഒരു മഹാത്മാവ് ആണ് ഇത് എഴുതിയത് ..! ഇന്നും ആ ചോദ്യം വളരെ പ്രസക്തമല്ലേ? ഒരു നല്ല വാക്ക് ... ഒരിത്തിരി കരുതൽ... ഒരിത്തിരി പരിഗണന... എന്തിന് നമ്മൾ മടിയ്ക്കണം?
വിന്സന്റ് വാന്ഗോഗ് ന്റെയും സഹോദരന് തിയോ യുടെയും ഇടയിലുള്ള കത്തുകളെക്കുറിച്ച് വായിച്ചിട്ടുണ്ട്. വാന്ഗോഗ് ഏത് നിമിഷവും വിഷാദത്തിലേയ്ക്ക് വഴുതിവീഴാവുന്ന പല അവസ്ഥകളിലും വാന്ഗോഗിന്റെ മനസ്സിനെ അക്ഷരങ്ങള് കൊണ്ട് കെടാവിളക്ക് കത്തിച്ച് തിയോ കാത്തുസൂക്ഷിയ്ക്കുകയായിരുന്നു .
പരസ്പരം അതിതീവ്രമായി പ്രണയിച്ച ഖലീല് ജിബ്രാനും അദ്ദേഹത്തിന്റെ മേയ് സിയാദ് എന്ന പ്രണയിനിയും എന്നെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത്.
കവിയും ആര്ട്ടിസ്റ്റും തത്വചിന്തകനുമൊക്കെയായ ഖലീല് ജിബ്രാന് , മേയ് സിയാദിനെ പ്രണയിച്ചത് കത്തുകളിലൂടെ! ഒരിയ്ക്കലും അവര് നേരില് കാണണ്ട എന്ന് തീരുമാനിച്ചു. തരളവും മനോഹരവും അസാധാരണവും വ്യത്യസ്തവുമായ പ്രണയം! ഒരിയ്ക്കല്പ്പോലും തമ്മില് കാണാത, ശബ്ദം പോലും പരസ്പരം കേള്ക്കാതെ കത്തുകളിലൂടെ പ്രണയിച്ച രണ്ടുപേര്. ഒരിയ്ക്കല്പ്പോലും കാണാതെ പരസ്പരം സാന്നിദ്ധ്യം അറിഞ്ഞവര്. 1912 മുതല് 1931 ഇല് മരിയ്ക്കുന്നതുവരെ ജിബ്രാന്, പ്രിയപ്പെട്ട മേയ്ക്കയച്ച നിറയെ ചിത്രങ്ങള് കോറിയിട്ട കത്തുകള്, ഒരുപക്ഷെ അദ്ദേഹത്തിന്റെ കവിതകളേക്കാള് മനോഹരമായിരിക്കും എന്നെനിയ്ക്ക് തോന്നുന്നു.. വിദൂരമായ രണ്ടു നഗരങ്ങളിലിരുന്ന് ഒരേ മനസ്സോടെ സംവദിച്ചവര്!
ജിബ്രാന് മേയ്ക്കെഴുതി .... "മേയ് , നിന്റെ കത്തുകള് മധുരതരമാണ്.എന്റെ സ്വപ്നങ്ങളുടെ താഴ്വരകളില് , മലകളില് നിന്നൊഴുകിവരുന്ന നദിപോലെ നിന്റെ വാക്കുകള് ശക്തിയായി പതിയ്ക്കുന്നു. ഈ പ്രവാഹം എന്റെ ജീവിതത്തിന്റെ ദൃഡശിലകളെ താഡനം ചെയ്ത് രത്നക്കല്ലുകലാക്കി മാറ്റുന്നു. അത് ഓര്ഫ്യൂസ് ന്റെ പുല്ലാങ്കുഴല് പോലെ എന്നില് മന്ത്രവിദ്യ ചെയ്യുന്നു... "
ഒരുപാട് വായിച്ചു അവരെപ്പറ്റി. ജിബ്രാന് എഴുതാനുള്ള പ്രചോദനമായിരുന്നു മേയ്. അദ്ദേഹം എഴുതിയതത്രയും മേയ്ക്ക് വേണ്ടിയായിരുന്നെന്നു തോന്നും.. പറഞ്ഞാല് തീരില്ല. എന്തായാലും ജിബ്രാന്റെ മരണം മേയ് യുടെ മനസ്സിന്റെ സമനില തെറ്റിച്ചു എന്നാണു പറയുന്നത്.
മാതാപിതാക്കള്ക്ക് ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചു എന്നതിന്റെ പേരില് , എലിസബത്ത്‌ വാട്സന് , മാതാപിതാക്കള്ക്ക് ദീര്ഘകാലമായി അയച്ചുകൊണ്ടിരുന്ന കത്തുകളത്രയും ഒന്ന് പൊട്ടിച്ചുപോലും നോക്കാതെ ഒരു പിറന്നാള് ദിനത്തില് അവര് തിരിച്ചയച്ചു എന്നത് കത്തുകളുടെ ചരിത്രത്തിലെ കണ്ണീര് വീണ ഒരേടാവണം.. സങ്കടം തോന്നി..
കാമിലോ ടോരസ്സിന്റെ അമ്മ , പോള് ആറാമന് കത്തെഴുതി, " നിരന്തരം സത്യങ്ങള് പറഞ്ഞതിന്റെ പേരിലാണ് എന്റെ മകന് അവന്റെ ജീവന് കൊളംബിയന് മലനിരകളില് എവിടെയോ ബലി നല്കേണ്ടി വന്നത്. സഭ അനുശാസിയ്ക്കുന്ന കര്മ്മങ്ങള് അനുഷ്ടിയ്ക്കാന് എനിയ്ക്കെന്റെ മകന്റെ മൃതദേഹമെങ്കിലും വേണം.. "
മാര്ക്ക് ട്വയിൻ കത്തുകളില് കുറുമ്പ് നിറച്ചെഴുതുന്ന ആളായിരുന്നു. ഭൂമിയിലെ ഏറ്റവും ചെറിയ കത്തുകളില് ഒന്ന് എഴുതിയത് അദ്ദേഹമാണത്രെ. ഒരു പ്രസാധക കമ്പനിയുടെ മാനേജര്ക്ക്. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ വില്പന എങ്ങനെ പോകുന്നു എന്ന് ചോദിയ്ക്കുകയായിരുന്നു ഉദ്ദേശം. കത്തിങ്ങനെ.. വലിയൊരു പേജിന് നടുവില് ഒരു ചോദ്യചിഹ്നം ( ? ) മാത്രം ഇട്ട് അയച്ചു ! ആ പ്രസാധകനാണെങ്കിലോ ? അതിലും കേമന് !! അദ്ദേഹം മറുപടി അയച്ചു .. വലിയൊരു പേജിനു നടുവില് ഒരു ആശ്ചര്യചിഹ്നം ( ! ) മാത്രം . വളരെ രസകരമായിരുന്നു അത്.
പമീല റിച്ചാര്ട്സന് ന്റെ നോവല് തന്നെ ഒരു വലിയ കത്ത് ആണെന്നും അതുപോലെ പുതിയ നിയമത്തില് പകുതിയിലേറെ സ്ഥലം കത്തുകളാണ് കൈയ്യടക്കിയിരിയ്ക്കുന്നതെന്നും വായിച്ചിട്ടുണ്ട്.
എന്റെ രചനകളിലും കത്തുകള് ഒരു ബിംബമായി വന്നിട്ടുണ്ട് പലപ്പോഴും . കുഞ്ഞിന് കത്തെഴുതുന്ന മയില്പ്പീലിയായും, ഒരിയ്ക്കലും കാണാത്ത എഴുത്തുകാരന് കത്തെഴുതുന്ന പ്രണയിനിയായും, മക്കള്ക്ക് കത്തെഴുതുന്ന അമ്മയായും , കാണാത്ത കാമുകിയ്ക്ക് കത്തെഴുതിയെഴുതി ഒടുവില് നേരില് കാണാന് വരുമ്പോള് കാമുകിയുടെ മരണമറിഞ്ഞ് തകരുന്ന കാമുകനായും , രവീന്ദ്രനാഥ ടാഗോറിന് കത്തെഴുതുന്ന ആരാധികയായുമൊക്കെ കത്തുകളുടെ കഥകളിലെ രാജകുമാരിയായി ഞാനെത്രയോ അവതരിച്ചു ! എന്തുകൊണ്ടാണ് പല രചനകളിലും കത്തുകൾക്ക് പ്രാധാന്യം വന്നതെന്ന് എനിയ്ക്കറിയില്ല. ഞാനറിയാതെ വന്നുപോയതാണ് അതെല്ലാം..
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിയ്ക്കുന്ന കാലം. അന്ന് കത്തുകളുടെ ആഘോഷകാലമാണ്. അമ്മയ്ക്ക് ഇടയ്ക്കൊക്കെ കത്ത് വരുന്നത് കാണാം . അച്ഛനാണേൽ , പൊതുരംഗത്ത് പ്രവൃത്തിയ്ക്കുന്നത്കൊണ്ട് കത്തുകളുടെ ചാകര ! എനിയ്ക്ക് മാത്രം ആരും കത്തയയ്ക്കുന്നില്ല. അന്നത്തെ എന്റെ ഏറ്റവും വലിയ സങ്കടം അതായിരുന്നു. ആർക്കെങ്കിലുമൊക്കെ കത്തയയ്ക്കാനും ആരുടെയെങ്കിലുമൊക്കെ കത്ത് കിട്ടാനും വല്യ കൊതിയായിരുന്നു . ഒരു അഞ്ചാം ക്ലാസ് കാരിയ്ക്ക് ആര് കത്തയയ്ക്കാൻ..
അങ്ങനെയിരിയ്ക്കുമ്പോൾ, എന്റെയൊരു കൂട്ടുകാരി ട്രീസയുടെ അച്ഛന് ജോലിയിൽ സ്ഥലം മാറ്റം. അങ്ങനെ അവൾ സ്‌കൂൾ മാറുന്നു. എന്റെ മനസ്സിൽ നക്ഷത്രങ്ങൾ വിരിഞ്ഞു. സ്‌കൂൾ മാറ്റത്തോടനുബന്ധിച്ച് എന്തോ കാര്യത്തിന് അവളുടെ അമ്മ സ്‌കൂളിൽ വന്നപ്പോൾ ഞാൻ ആ അമ്മയോട് ചോദിച്ചു, 'ട്രീസയുടെ പുതിയ സ്‌കൂളിലെ അഡ്രസ്സ് തരുവോ' എന്ന്. എന്റെ മുഖത്തെ കള്ളച്ചിരിയിൽ കൗതുകത്തോടെ നോക്കി 'എന്തിനാ മോളെ ?' എന്ന് ചോദിച്ചു. ഞാൻ വിനീതവിധേയയായി.. "ചുമ്മാ "..
അവർ അഡ്രസ്സ് തന്നു. ഞാൻ തീരുമാനിച്ചു , എനിയ്ക്കും കത്തയയ്ക്കണം. ഇൻലൻഡോ കവറോ കിട്ടാൻ ഒരു മാർഗ്ഗവുമില്ല . വീട്ടിൽ പറയാൻ പേടി. ഒടുവിൽ അച്ഛന് വന്ന ഒരു കത്തിന്റെ കവർ അടിച്ചുമാറ്റി. അച്ഛന്റെ അഡ്രസ്സ് വെട്ടിക്കളഞ്ഞു. അതിനടിയിൽ ട്രീസയുടെ സ്‌കൂൾ അഡ്രസ്സ് എഴുതി. പഴയ സ്റ്റാമ്പ് പറിച്ചുകളയണമെന്നോ പുതിയ സ്റ്റാമ്പ് ഒട്ടിയ്ക്കണമെന്നോ ഓർത്തതേയില്ല. അന്നെനിയ്ക്കത് അറിയാമായിരുന്നോ ആവോ.. എന്നെ സംബന്ധിച്ചിടത്തോളം ,, എഴുതി കവറിലിട്ടു ഭദ്രമായി ഒട്ടിച്ചു അഡ്രസ്സ് എഴുതി അയയ്ക്കുക. അതാണ് കാര്യം. ബുക്കിന്റെ താളിൽ ഇരുപുറവും എഴുതി നിറച്ച് കവറിലാക്കി ഒട്ടിച്ച് അഡ്രസ്സും എഴുതി വീടിനടുത്തുള്ള തപാൽപ്പെട്ടിയിൽ ഇട്ടു. അങ്ങനെ എന്റെ ജീവിതത്തിലെ ആദ്യത്തെ (കൂലി) കത്ത് പറന്നു...
മറുപടി വരുമെന്ന പ്രതീക്ഷയിൽ കുറെ നാൾ കാത്തു. വന്നില്ല. നിരാശയോടെ അത് വിട്ടു. ആ കത്ത് കണ്ട പോസ്റ്റുമാസ്റ്റർ ചിരിച്ചുകാണില്ലെ ? അതൊരു കൊച്ചുകുട്ടിയുടെ വല്യ മോഹമാണെന്നു അദ്ദേഹം തിരിച്ചറിഞ്ഞുകാണണം. എന്തായാലും കത്ത് ട്രീസയുടെ സ്‌കൂളിൽ എത്തുകതന്നെ ചെയ്തു. അവളുടെ ക്ലാസ്ടീച്ചർ അത് വാങ്ങിക്കൊടുക്കുകയും ചെയ്തു. പിന്നീടുള്ള അവധിയ്ക്ക് അവളെ നാട്ടിൽ വച്ച് കണ്ടപ്പോ , വളരെ നിഷ്ക്കളങ്കമായി അവളെന്നോട് പറഞ്ഞു, "ഡീ നിന്റെ എഴുത്ത് കിട്ടിയാരുന്നു ഡീ ..സ്റ്റാമ്പ് ഒട്ടിയ്ക്കാത്ത കാരണം പൈസ കൊടുക്കണന്ന് പറഞ്ഞു. ടീച്ചറ് കൊടുത്തു. " ( ശ്ശെ ...മോശമായിപ്പോയില്ലേ... സ്റ്റാമ്പ് ഒട്ടിയ്ക്കാതിരുന്നതെയ് .. ചമ്മൽ കാരണം മറുപടി അയക്കാഞ്ഞതെന്ത് എന്ന് ഞാനവളോട് ചോദിച്ചതുമില്ല )
എന്തായാലും കാലം പോകെ , ലോകം വിരൽത്തുമ്പിലേയ്ക്ക് ചുരുങ്ങിയപ്പോൾ , മൊബൈൽ എന്ന കുഞ്ഞു പെട്ടിയ്ക്കുള്ളിൽ മനുഷ്യൻ ഒതുങ്ങിപ്പോയപ്പോൾ , വിരൽത്തുമ്പിലെ ഒറ്റ ക്ലിക്കിൽ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ജനനമരണങ്ങൾ സംഭവിച്ചപ്പോൾ കട്ടികാടച്ചൻ പറയുന്നതുപോലെ " കത്ത് എന്ന കടൽശംഖ്‌ കടലെടുത്തുപോയി "....
നനുത്ത അക്ഷരങ്ങളിൽ സങ്കടങ്ങളെഴുതി, ഒടുക്കം "എനിയ്ക്കിവിടെ സുഖം തന്നെ" എന്ന് ആശ്വസിപ്പിച്ച് കത്ത് നിർത്താനോ "നിനക്ക് സുഖമല്ലേ " എന്ന് സ്നേഹാന്വേഷണം നടത്താനോ കത്തയയ്ക്കാത്തതിൽ പരിഭവിയ്ക്കാനോ പോസ്റ്റുമാന്റെ വരവും കാത്തിരിയ്ക്കാനോ നമുക്കിന്നാരുമില്ല. നമുക്കതിനൊട്ടു നേരവുമില്ല.
വൈദികപാഠശാലയിലേക്കുള്ള കത്തുകൾ പോസ്റ്റ് ഓഫിസിൽ നിന്നും ശേഖരിച്ചു കൊണ്ടുവരുന്ന വഴി ഒരു ഭിക്ഷക്കാരൻ തടഞ്ഞു നിർത്തി , 'ഒരു കത്തെനിയ്ക്ക് തരാമോ ' എന്ന് ചോദിച്ച അനുഭവം ഫാ. ബോബി ജോസ് കട്ടികാട് വളരെ സങ്കടത്തോടെ പങ്കുവയ്ക്കുന്നുണ്ട്.. ആ അനുഭവം കേട്ടതിനു ശേഷം ദിവസങ്ങളോളം എനിയ്ക്കത് മറക്കാൻ കഴിഞ്ഞില്ല... കത്തെഴുതാൻ ആരുമില്ലാത്തവൻ... കത്തയയ്ക്കാൻ ഒരു മേൽവിലാസം പോലുമില്ലാത്തവൻ...
മാഞ്ഞുപോയൊരു കാലഘട്ടത്തിന്റെ ഈറൻ മാറാത്ത ഇലക്കൂടുകൾ ... അതിന്റെ നോവും നഷ്ടബോധവും കൊണ്ടുതന്നെയാണ് കത്തുകളിലൂടെ ഞാനിങ്ങനെയൊരു തീർത്ഥയാത്ര നടത്തിയത്...
 
Copyright © .