2022, ഫെബ്രുവരി 6, ഞായറാഴ്‌ച

ഒറ്റമരം .

0 അഭിപ്രായ(ങ്ങള്‍)
  ഒറ്റമരം 
-------------
പറയാൻ  കൊള്ളാവുന്ന ഒരു സൂക്കേടും ഈ കൊച്ചിന് വരൂലല്ലോ! എന്നും കുന്നും ഇതന്നെ . വൈദ്യരെ കൊച്ചിന് ചൊറിയാ ന്ന്  പറഞ്ഞു  പറഞ്ഞ്  മടുത്തു. കഷായം കുടിച്ചുകുടിച്ചു കൊച്ചിന്റെ ചോരയ്ക്ക്   വരെ കയ്പ്പായിട്ടുണ്ടാവും . കഷായക്കുറിപ്പടി  കീറപ്പേഴ്സിലേയ്ക്ക്  തിരുകി. ഒക്കത്തിരുന്നു ഞെളിപിരി  കൊണ്ട  കൊച്ചിന്റെ തുടയ്ക്കൊരു പിച്ച്  കൊടുത്തു.  

"അടങ്ങിയിരി കൊച്ചേ".. 

അവള് കീറിപ്പൊളിച്ചു.  കഷായക്കൂട്ടിന്റെ സഞ്ചി പിടിച്ച   കയ്യിൽത്തൂങ്ങി മൂത്തതുമുണ്ട്. നടക്കുവാണോ  അതോ ഓടുവാണോ എന്ന് അവർക്കോ കാണുന്നവർക്കോ തിട്ടമില്ല. കല്ലിൽത്തട്ടി കാലിന്റെ  പെരുവിരൽ  തൊലി  പോയി  ചോര പൊടിഞ്ഞു . 

"ഹൗ! പണ്ടാരം...  ഒടുക്കത്തെയാവാൻ"

ചോര പൊടിഞ്ഞ വിരലിൽ മറ്റേ  കാല് കൊണ്ട് അമർത്തി ഒരു നിമിഷം നിന്നു. അരികിലെത്തി വേഗത കുറച്ച ലോറിയിൽ  നിന്നും  "പോരണ്ടോ"  എന്ന ആഭാസച്ചോദ്യം പുറത്തേക്ക്  തെറിച്ചു. വെട്ടരിവാളിന്റെ  മൂർച്ചയുള്ള ഒരു നോട്ടം കൊണ്ട് ആ ചോദ്യത്തെ അവർ അരിഞ്ഞിട്ടു.  അളിഞ്ഞ  ചിരിയോടെ ലോറി മുന്നോട്ടെടുത്തു .     പുത്തൻ   ചാണോത്തിന്റെ  മണമുള്ള തറേലേക്ക്   കഷായക്കൂട്ടും പിള്ളേരും  ഒരുമിച്ചമർന്നു. ആൾമറേല്യാത്ത കിണറ്റിലേക്ക് തൊട്ടി വീണപ്പോ  വല്ലാത്ത മുഴക്കം. വെള്ളം കയ്യിൽ  കോരിയെടുത്ത് മുഖത്തേക്ക് തെറിപ്പിച്ചു. പിള്ളേരുടെ  അടുത്തുവന്നു തളർന്ന്  ഇരിയ്ക്കുമ്പോ  വായിച്ചെടുക്കാനാവാത്ത ഭാവമായിരുന്നു കണ്ണുകളിൽ. 

"വിശക്കണ്"  പിള്ളേരുടെ   ദയനീയതയ്ക്ക്  മുന്നിൽ റേഷനരി തിളയ്ക്കുന്ന ഗന്ധം  പരന്നു. തേങ്ങ ചമ്മന്തിയരച്ച് വെള്ളത്തിൽ കലക്കി കടുക് വറുത്ത്, പപ്പടവും  ചുട്ട് മുന്നിലേയ്ക്ക് വച്ചപ്പോ  പിള്ളേര്  ചിരിച്ചു. അതിന് അപ്പുറത്തേക്ക്  ഒരു രുചി ഉണ്ടെന്ന് അതുങ്ങൾക്ക്  അറിയില്ലായിരുന്നു. 

വെയില് ആറീപ്പോ  മരുന്നിട്ട്  തിളപ്പിച്ച  വെള്ളം കോരിയൊഴിച്ച് ഇഞ്ച കൊണ്ട് തേച്ചുരച്ച്  കഴുകുമ്പോ  കൊച്ചിന്റെ അലറിവിളി കേട്ട് കുഞ്ഞാണി അയലോക്കത്തുനിന്നു ഓടിവന്ന്  "പാവം"  എന്ന് സഹതപിച്ചപ്പോ   അവരെ വെറുതെ ഒന്ന് നോക്കി. കൊച്ചിനെ കുളിപ്പിയ്ക്കുമ്പോ  നോക്കിനിന്ന്  അഭിപ്രായം പറയുന്നത്  തീരെ ഇഷ്ടമായില്ലെന്ന് കടുപ്പിച്ച നോട്ടം  കണ്ടാലറിയാം.   കുഞ്ഞാണി ഒന്ന്  പതറി  മിണ്ടാതെ  നിന്നു.  പിന്നെ  സ്നേഹത്തോടെ പറഞ്ഞു, 

"ഇന്ന് കൊച്ചിമ്പാക്കള്   പണിയ്ക്ക്  പോയില്ലാല്ലേ?  നാളെ കൊച്ചിനെ ഞാന്നോക്കാ". 

"വേണ്ട കുഞ്ഞാണി.  പാപ്പേടെ  വീട്ടി   കൊണ്ടാക്കീട്ടാ പൂവാ.  സൊന്തോം ബന്തോം ന്നൊക്കെ പറഞ്ഞാ അതല്ലേ"... 

"പുള്ളക്ക് ദീനല്ലേ കൊച്ചിമ്പാക്കളെ.. എങ്ങും കൊണ്ടോവണ്ട ഞാന്നോക്കാ"  

ചാണകം ഉണങ്ങാത്ത ഇറയത്തിരുന്നു കുഞ്ഞാണി പഴങ്കഞ്ഞി കുടിച്ചു... 

പണിസ്ഥലത്തേക്ക്  'കൊച്ചിമ്പാക്കളേ..'  ന്നു നിലവിളിച്ച്  ഓടിയെത്തിയ കുഞ്ഞാണിയുടെ തോളത്ത് കിടന്ന കൊച്ചിന്റെ തലയിൽ നിന്നും ചോരയൊലിച്ചു. 

"പുള്ള വീണ് കൊച്ചിമ്പാക്കളെ"  പേടിച്ചു പതറി കുഞ്ഞാണി... 

ഉള്ളംകാലിൽ നിന്നൊരു മരവിപ്പ് കേറി...

"സാറേ, കൊച്ചിനെ ആശൂത്രീ കൊണ്ടോണം. പൈസയില്ല"... ദയയ്ക്കായി കാത്തു. 

അനുതാപം നോട്ടുകളുടെ പരുവത്തിൽ ചുരുട്ടിപ്പിടിച്ചുകൊണ്ടോടി. ഷർട്ടും മുണ്ടുമിട്ട മെലിഞ്ഞുണങ്ങിയ ദൈവം ടാക്സിയോടിച്ചു. 

"ചേച്ചി പേടിയ്ക്കണ്ട. കൊച്ചിനെ ഡോക്ടറെ കാണിച്ചിട്ട് പോരെ. ഞാൻ തിരിച്ചു കൊണ്ടുവിടാം.". 

ബാക്കിവന്ന മുഷിഞ്ഞ നോട്ടുകൾ പെറുക്കിയപ്പോ ദൈവം പറഞ്ഞു,  "കാശ്  വേണ്ട ചേച്ചി " 

അല്ലെങ്കിലും ദൈവത്തിനു എന്തിനാ കാശ് ! കണ്ണീരില്ലാത്ത വരണ്ട കണ്ണുകൾ  ദൈവത്തെ നിസ്സഹായതയോടെ നോക്കി...

അരിപ്പാട്ട  പാത്രത്തിലേക്ക് കൊട്ടി. അകലം പാലിച്ച്  തുള്ളി മറിയുന്ന അരിമണികളെ നോക്കിയിരുന്നപ്പോ ഉള്ളിൽ എല്ലാത്തിനോടുമുള്ള ഒരു സമദൂരഭാവമുണ്ടായിരുന്നു.  വേദനിച്ച്  മയങ്ങിപ്പോയ കൊച്ചിനെ നോക്കിയപ്പോഴും  അതേ  ഭാവം.

 "അച്ഛന്ത്യേമ്മേ?  വാവയ്ക്ക് ഉവ്വാവ് വന്നൂന്ന് പറയാനാ" മൂത്തതിന്റെ കാറും കോളും കൊണ്ട  മുഖം ആർത്തലച്ചു പെയ്യാൻ തുടങ്ങി.

"ദേ  മിണ്ടാതിരുന്നോട്ടോ കൊച്ചേ... കഞ്ഞി കുടിച്ചേച്ച് പോയി കെടക്ക് ... "  പിന്നെയവരെന്തോ  പിറുപിറുത്തു. കൊച്ചിന് കഞ്ഞി കൊടുത്ത്  ചുമരിൽ ചാരിയിരുന്ന് കടം മേടിച്ച കാശ് എങ്ങനെ തിരിച്ചുകൊടുക്കും എന്നാലോചിച്ചു. കൂലി കിട്ടുമ്പോ കൊടുക്കണം. അതിന് പകരം വീട്ടിലേക്കുള്ളത് എന്താ വെട്ടിക്കുറയ്ക്കേണ്ടതെന്നും ആലോചിച്ചിരുന്ന് മയങ്ങി. 

"സരസ്വതീ"... 

ഞെട്ടിയെഴുന്നേറ്റ് വാതിൽ തുറന്നു. ആൾരൂപം പൂണ്ട ഒരു ചുവന്ന കൊടി  ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വന്നു. വാതിലടച്ചു. 

"എന്തെങ്കിലും കഴിയ്ക്കാനുണ്ടോ? ഇന്നലെ രാത്രി മുതൽ പട്ടിണിയാ"  പറച്ചിലിലെ  തിടുക്കം കണ്ടപ്പോ  പറയാൻ വന്നത് പറയണോ  അതോ വിഴുങ്ങണോന്നായി.  

"ഇരുന്നാട്ടെ" 

വറ്റുകൾക്കിടയിലെ അകലം കൂടി. 

"സഖാവേ"... 

പുറത്ത് നിന്നും കേട്ട ചീവീടിന്റെ ശബ്ദം പോലും വെപ്രാളപ്പെടുത്തിയ നേരത്ത് ആ വിളി അനാഥമായി.  "സഖാവേ നമ്മുടെ കൊച്ചിന് ..."

അത് കേൾക്കുന്നതിന് മുന്നേ, "സരസ്വതീ, ഞാനിവിടെ വന്നിട്ടില്ല, നീയെന്നെ കണ്ടിട്ടില്ല.    കൊച്ചുങ്ങളുറങ്ങിപ്പോയല്ലോ"  എന്ന്  തിടുക്കത്തിൽ പറഞ്ഞ് ഇരുട്ടിൽ മറഞ്ഞ ചുവപ്പുനിറം. രാത്രിയുടെ കനത്ത കറുപ്പിലേക്ക് നോക്കി അവർ വെറുതെ നിന്നു. ചുവപ്പിന്റെ എരിതീത്തിളക്കം അവരുടെ കണ്ണുകളിൽ പ്രതിഫലിച്ചു. ആ തിളക്കം നെഞ്ചിൽ പറ്റിച്ചേർന്നു കിടന്ന താലിയിൽ തട്ടി... എന്നും എപ്പോഴും  വേനൽപ്പൂക്കൾ നിറഞ്ഞ പ്ലാശ് മരം പോലെ...  ഒറ്റയ്ക്ക് നിന്നെരിയുന്ന തീമരം... 

"രണ്ടൂടി  ഒരു പറ അരീടെ  ചോറ് തിന്നും. ചവം! ശാശ്ക്കള്.. ഇതുങ്ങളെ തീറ്റിപ്പോറ്റാൻ   ഞങ്ങളെക്കൊണ്ട് പാങ്ങില്ല."

ഒന്നിനെ ഒക്കത്ത്  വച്ച്  ഒന്നിനെ കയ്യിലും പിടിച്ച തീമരം ഉരുകിയൊഴുകി! കണ്ണിൽനിന്നും നീരാവി പൊങ്ങി. 

"കൊച്ചിമ്പാക്കളെ, പുള്ളേരെ  ഞാന്നോക്കാം"  കരീല അടിച്ചുനിന്ന കുഞ്ഞാണി നെഞ്ച്  വിരിച്ചു. രണ്ടെണ്ണത്തിനേം  ചേർത്തു പിടിച്ച് അവര്  സ്നേഹം പ്രകടിപ്പിച്ചു. "കൊച്ചിമ്പാക്കളെമ്മാര്യന്നെ മൂത്തത്. ചിരില്യ കളീല്യ. പാവം"...

കുഞ്ഞാണിയുടെ വീട്ടിലെ ദാരിദ്ര്യപ്പങ്ക്  ആർത്തിയോടെ വാരിത്തിന്ന മൂത്തതിന്, അത് അമ്മയോട് പറയാനുള്ള പ്രായമെത്തിയിരുന്നില്ല.  കുഞ്ഞാണി മിണ്ടിയതുമില്ല. അതിന്റെ കുഞ്ഞിക്കാലുകളിൽ കടിച്ച ഉറുമ്പുകളെ  'നോവിന്റെ പുളിയുറുമ്പുകൾ'  എന്നൊക്കെ പ്രായമാകുമ്പോ അത് വിളിയ്ക്കുമായിരിയ്ക്കും...

പിന്നെയിങ്ങോട്ട് കാലമെത്ര പോന്നു!  ഇരുട്ടെത്ര മാഞ്ഞു!  ഒരിയ്ക്കലും ഇരുട്ടിലേക്ക് മാഞ്ഞുപോകാതെയായ  ചുവപ്പ്!  ഓർമ്മകൾ അലക്കിത്തേച്ച് വൃത്തിയായി മടക്കിവച്ചിരുന്നു... ഓരോന്നുമെടുത്ത്  മടക്ക് നിവർത്തുമ്പോ  ആവേശമൊട്ടും ചോരുന്നില്ല. വെന്തുരുകി പതം  വന്ന മനസ്സും ചിന്തകളും. 

"ഇങ്ക്വിലാബ് സിന്ദാബാദ്!"  

ഞെട്ടിപ്പിടഞ്ഞു.  ഉള്ളംകാലിൽ നിന്നൊരു തരിപ്പ്  കേറി.  പിന്നെ നരച്ച മുടി മാടിയൊതുക്കി അവരിരുന്നു. അതേ സമദൂരഭാവത്തോടെ. കലങ്ങിമറിഞ്ഞ  പുഴ പോലെ വികാരങ്ങൾ  കലങ്ങിക്കിടന്നു കണ്ണുകളിൽ.  സഖാവ് യാത്രയാവുകയാണ്. ഇങ്ക്വിലാബിന്റെ ഇടയിലൂടെ ഉയർന്ന  പുകച്ചുരുളുകളോട്  അവർ പിറുപിറുത്തു... 

നന്ദി സഖാവേ! എന്റെ സമകാലികനായി ഈ ഭൂമിയിലേക്ക് വന്നതിന്! എന്നെ ജീവിതത്തിലേക്ക് കൂട്ടിയതിന്!. യാത്രകൾ അവസാനിക്കുന്നത്  തുടങ്ങിയിടത്തുതന്നെയാവട്ടെ. തിരിച്ചുവരണം. ഇനിയും ഇങ്ക്വിലാബ് വിളിക്കണം.  മുങ്ങുന്ന കപ്പലിലെ കപ്പിത്താനാവണം.  ഒരിയ്ക്കൽക്കൂടി നമുക്കൊന്ന് കൈ കോർക്കാതെ  നടക്കണം.  വേനലിൽ പൂത്ത   ഒറ്റമരം പോലെ എനിയ്ക്കിനിയുമെരിയണം.  ഇനിയും  വരാനുള്ളൊരു   യാത്രയാണ് സഖാവേ!.. . 
 
Copyright © .