2013, ഡിസംബർ 19, വ്യാഴാഴ്‌ച

എഴുതിത്തീരാത്ത കത്ത് .

1 അഭിപ്രായ(ങ്ങള്‍)
                                                      എഴുതിത്തീരാത്ത  കത്ത് .

                                                                                                        - ശിവനന്ദ


                                                          വീണ്ടും  ഞാൻ  നിന്നെക്കുറിച്ച്  ഒരു  കഥയെഴുതാൻ  ശ്രമിയ്ക്കുകയാണ്  സുഹൃത്തേ .  മുൻപ്  എത്രയോ  തവണ  ഞാനതിന്  ശ്രമിച്ചതാണ് !  പക്ഷേ  ഒരിയ്ക്കലുമതൊരു  കഥയായില്ല.  ചിലപ്പോൾ  അതൊരു  ഡയറിക്കുറിപ്പുപോലെ  തോന്നി .  മറ്റു ചിലപ്പോൾ ഒരു  ആത്മഗതം  മാത്രമായി .  വേറെ  ചിലപ്പോൾ  അതൊരു  ആത്മരോദനവുമായി .  ഇന്ന് ഞാൻ  വീണ്ടും     എഴുതിത്തുടങ്ങുകയാണ് .

                                                        അല്ലെങ്കിൽ .................. എന്തെഴുതാനാണ്  !  വിധിയുടെ  സർവ്വ ക്രൂരതകളുടെയും  നേർക്ക്  നനുനനുത്തൊരു    പുഞ്ചിരിയോടെ നോക്കുന്ന  നിന്നെ  വെറുമൊരു  കഥയിൽ  കഥാപാത്രം  മാത്രമായി  ഒതുക്കാൻ  കഴിയുമോ ?  നിന്നെക്കുറിച്ചെഴുതാൻ  ഒരു  മഹാകാവ്യം  തന്നെ  വേണ്ടിവരില്ലേ ?  നിനക്കെന്ത് പേരാണിടുക ?  സത്യത്തിൽ  എന്റെ  മനസ്സിൽ  നിനക്ക്  പേരില്ല , രൂപമില്ല ,  ഭാവവുമില്ല .  മറിച്ച്  ,  നീയൊരു  ശക്തിയാണ്‌ .  സൗഹൃദത്തിന്റെ  സർവ്വ നൈർമ്മല്ല്യങ്ങളും  ആവാഹിച്ചെടുത്തൊരു  ശക്തിപ്രഭാവം..............

                                                       .വീട്ടിൽ  അതിഥികൾ  വരുമ്പോൾ  പൂമുഖവാതിലടച്ച്  പുറത്തിറങ്ങി നിന്ന്  അതിഥികളോട്  സംസാരിയ്ക്കുന്ന  ചിലരെ  കണ്ടിട്ടുണ്ടോ  നീ ?  എന്തിനാ  അത് ?  വീടിനുള്ളിലേയ്ക്ക്  ആരും  കയറുന്നത്  ഇഷ്ടപ്പെടാഞ്ഞിട്ടാണ്  .  അതുപോലെ ,  നീ  നിന്റെ  മനസ്സിന്റെ  വാതിൽ  ചേർത്തടച്ച്  പുറത്തിറങ്ങി നില്ക്കുകയാണ്  .  വരുന്നവരെ  മനസ്സിന്റെ  മുറ്റത്ത് നിർത്തി  സംസാരിയ്ക്കാൻ .  എന്നോടും  നീ  അങ്ങനെതന്നെ  ചെയ്തു.  പക്ഷേ  നീ  ചേർത്തടച്ച   വാതിൽപ്പാളികൾ   മെല്ലെയൊന്നു  തുറന്ന്   ഞാനകത്തേക്ക്  പാളിനോക്കി .   നീയതറിഞ്ഞോ  എന്തോ .........  ഒരു  യുദ്ധക്കളത്തിന്  നടുവിൽ   ഒറ്റയ്ക്ക്  നിന്ന്  പൊരുതുന്ന  നിന്നിലെ  നിന്നെ  ഞാനന്ന്  കണ്ടു .  നിന്റെ  കൈയ്യിൽ  ആയുധമുണ്ടായിരുന്നില്ല .  എന്നാൽ  നിന്റെ  കണ്ണുകളിൽ  കനിവുണ്ടായിരുന്നു .  പുഞ്ചിരിയിൽ  ആത്മാർത്ഥതയുടെ  നിലാവുണ്ടായിരുന്നു .  മനക്കരുത്തും  ആത്മവിശ്വാസവും  ഉപയോഗിച്ചാണ്  നീ  പൊരുതിയത് .


                               ഇന്ന്  ഒരു  മുജ്ജന്മബന്ധത്തിന്റെ  സ്നേഹനൊമ്പരങ്ങളും  പേറി  ഞാനും  പൊരുതുകയാണ്  സുഹൃത്തേ  !   പണ്ടൊരു  ചക്രവർത്തി  രോഗിയായ  സ്വന്തം  മകന് വേണ്ടി ഈശ്വരനോട്   പ്രാർത്ഥിച്ചില്ലേ  ?  മകന്റെ  അസുഖം  തനിയ്ക്ക്  നല്കി  മകനെ  രക്ഷിയ്ക്കുവാൻ ?   ഈശ്വരനത്‌  കേട്ടു .  അതുപോലെ  ഞാനുമൊരിയ്ക്കൽ  പ്രാർത്ഥിച്ചതാണ് .  ഗുരുതരമായ  നിന്റെ  രോഗം  എനിയ്ക്ക്  നല്കി  നിന്നെ  ഒരു  ചിരഞ്ജീവിയാക്കണേ  എന്ന് .  ഒരുപാട്  വഴിപാടുകളും  കഴിച്ചു .  കാരണം  നിന്നെയെനിയ്ക്ക്  അത്രയ്ക്കു  ഇഷ്ടമായിരുന്നു .  നീ  അന്നെന്നോട്  പറഞ്ഞു  ,  ഈ   വഴിപാടുകൾക്ക്  കളയുന്ന  പണം  പാവങ്ങൾക്ക്  നല്കാൻ .  ഈശ്വരൻ  ദേവാലയങ്ങളിലല്ല  ,  നമ്മുടെ  ഹൃദയത്തിലാണെന്ന് .  എന്നിട്ടും  വീണ്ടും വീണ്ടും  ഞാൻ  എണ്ണമറ്റ  വഴിപാടുകളും  പ്രാർത്ഥനകളും  നടത്തി .  അവസാനം ........ ഒരു  മഹാത്ഭുതം  പോലെ  നിന്റെ  രോഗം  നിന്നെ  വിട്ടകന്നു .  തികച്ചും  അപ്രതീക്ഷിതമായി .  അന്ന്  നീയത്  എന്നോട്  പറയുമ്പോൾ  ,  നിന്റെ  മുഖത്തുദിച്ച   നറുനിലാവും  ,  കണ്ണുകളിൽ  കിനിഞ്ഞ  സ്നേഹത്തിന്റെ  നീരുറവയും   ഇന്നുമെന്റെ  മനസ്സിലുണ്ട് .


                                                          കാലം  പോകെ  ,  ഇന്നിതാ  മറ്റൊരു  അത്ഭുതം  കൂടി  സംഭവിച്ചിരിയ്ക്കുന്നു  കേട്ടോ  സുഹൃത്തേ  !  ഞാനൊരു  രോഗിയായിരിയ്ക്കുന്നു .  നിന്നെ  ബാധിച്ചിരുന്ന  അതേ  രോഗം !  ഇന്നത്  സ്ഥിരീകരിച്ച  ദിവസമാണ് .  ഇതെന്റെ  പ്രാർത്ഥനയുടെ  ഫലമല്ലാതെ  മറ്റെന്താണ്  ?  ഇപ്പോഴെനിയ്ക്കുറപ്പായി .  കഴിഞ്ഞ  ഏതോ  ഒരു  ജന്മത്തിൽ  നീയും  ഞാനും  ഒരുമിച്ച്  എന്റെ  അമ്മയുടെ  ഗർഭപാത്രത്തിൽ  ജീവിച്ചിരുന്നു .  നിന്നെ  സ്നേഹിച്ചുതീരാതെ  നിനക്ക്  മുൻപേ  ഞാൻ  ഭൂമി  വിട്ട് പോയതാണ് .  ഇപ്പോൾ  വൈകിയാണ്  നിന്നെ  കണ്ടൂമുട്ടിയതെങ്കിലും  ഒരു  ജന്മത്തിലെ  സ്നേഹം  മുഴുവൻ  നിനക്ക്  തന്ന്  വീണ്ടും  ഞാൻ  നിനക്ക്  മുൻപേ  പോകാൻ  തയ്യാറെടുക്കുകയാണ്  സുഹൃത്തേ ...........അർബുദം  തലച്ചോറിനെ  ഏറെ  കാർന്നു തിന്നു കഴിഞ്ഞു .........കണ്ടുപിടിയ്ക്കാൻ  വൈകിപ്പോയെന്നേ .  സാരമില്ല .  അടുത്ത  ജന്മം  ഞാൻ  വീണ്ടും  വരുമല്ലോ  നിന്നെ  സ്നേഹിയ്ക്കാൻ  . പിന്നെന്താ  ?

                                                              നീ  ക്ഷമിയ്ക്കണം ......... ഞാൻ  നിന്നെക്കുറിച്ചൊരു   കഥയെഴുതാൻ തുടങ്ങിയതാണല്ലോ  .  ഇതിപ്പോൾ  ഒരു  കത്തിന്റെ  രൂപത്തിലായി. ആദ്യവും  അവസാനവുമില്ലാത്തൊരു  കത്ത് .  ഇത്  ഞാനെങ്ങനെയാണ്  എഴുതിത്തീർക്കുക ?  എന്റെ  കൈകൾക്ക്  തളർച്ച  അനുഭവപ്പെടുന്നുണ്ട് .  നിന്നോടെനിയ്ക്കുള്ള   സ്നേഹം  പോലെ തന്നെ,   നിന്നെക്കുറിച്ച്  എഴുതുന്ന  കഥയും  നിനക്കെഴുതുന്ന  കത്തും  അനന്തമായി  തുടരുകയാണ് ..............................

( this story is dedicated to my dear friend (doctor) . he is a brain tumour patient.)


2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

ഒരു മിന്നാമ്മിനുങ്ങിന്റെ ഓർമ്മയ്ക്ക്

0 അഭിപ്രായ(ങ്ങള്‍)
                                                  ഒരു  മിന്നാമ്മിനുങ്ങിന്റെ  ഓർമ്മയ്ക്ക്
                                                                                                                         
                                                                                                                             -ശിവനന്ദ


                                                 ഇത്  ഒരു ഓർമ്മക്കുറിപ്പാണ് .കണ്ണീരിൽ  ഈറനായ  ഒരു  സ്നേഹക്കുറിപ്പ്‌ .ഒരു  മിന്നാമ്മിനുങ്ങിനേപ്പോലെ  ഞങ്ങളുടെ  ജീവിതത്തിലേക്ക്  പറന്നിറങ്ങി  ഇത്തിരി വെട്ടം  നിറച്ച്  പാറിനടന്ന്‌  ഒടുവിൽ  പ്രതീക്ഷിയ്ക്കാതെ  ഒരു  നാൾ  പറന്നകന്ന് മാനത്ത്  ഒരു  മുക്കുറ്റിപ്പൂവ്  പോലെ വിരിഞ്ഞ  സ്വർണ്ണനക്ഷത്രം . ക്രിസ്റ്റഫർ ..............ഞങ്ങളുടെ  കിട്ടൻ   .................എന്റെ  മകന്റെ  ചങ്ങാതിയായി.  അവനിവിടെ  കയറിവന്നപ്പോൾ ..............സ്വന്തം  വീടുപോലെ  പെരുമാറിയപ്പോൾ ...........സ്വന്തം പോലെ  എല്ലാവരേയും സ്നേഹിച്ചപ്പോൾ .....അക്ഷരാർത്ഥത്തിൽ  അവൻ ഇവിടുത്തെ  കുട്ടിയായി. ക്രിസ്റ്റഫർ  എന്നവൻ  സ്വയം  പരിചയപ്പെടുത്തി .കിട്ടൻ   എന്ന  ഓമനപ്പേര്  ചങ്ങാതിമാർ  പറഞ്ഞപ്പോൾ  അവന്റെ  മുഖത്ത്  പൂത്ത  ഇത്തിരി നാണം ............കിട്ടൻ !  പാൽമധുരമുള്ള  ആ  പേര്  ഞാനെന്റെ  മനസ്സിലെഴുതിച്ചേർത്തു . പിന്നീട്  അവനെ  കണ്ടപ്പോഴെല്ലാം  ഞാൻ  മനസ്സിലോർത്തു , ' ഒരു  മഞ്ഞുതുള്ളി പോലെ '...............

                                                 പക്ഷെ ...........അന്നൊരു  ദിവസം  രാവിലെ തീരാനടുക്കം  സമ്മാനിച്ച്  ആ  ഫോണ്‍കോൾ .............. കിട്ടന്  അപകടം  പറ്റിയെന്ന  വാർത്ത  ഒരു  ഇടിമുഴക്കം  പോലെ  കാതിൽ വന്നലചച്ചപ്പോൾ  വിശ്വസിയ്ക്കാനാവാതെ  സ്തംഭിച്ചുനിന്നു .ഒരായിരം ദൈവങ്ങളെ  വിളിച്ചു ..........ഒരായിരം  വഴിപാടുകളും  നേർന്നു . പക്ഷേ  .............ഞങ്ങളുടെ  കിട്ടൻ   ഞങ്ങളെ  വിട്ടുപോയെന്ന  വാർത്തയുമായി  അടുത്ത  ഫോണ്‍കോളെത്തിയപ്പോൾ ...........ദൈവമേ  !...............ഒരു  നിമിഷം  ഞാൻ  ശ്വസിയ്ക്കാൻ  മറന്നു ...........പിന്നെ .............എങ്ങനെയാണ്  ഞാനാ നിമിഷങ്ങളെ  തരണം  ചെയ്തത്  ? തളർന്നുപോയി . നെഞ്ചിൽ  കൈവച്ച്  ഈശ്വരനോട്  ഇത്രമാത്രം  ചോദിച്ചു ., '"എത്ര  യാചിച്ചതാണ്  ഞാൻ? എന്നിട്ടും .........."

                              ആകെ  ഒരു  മരവിപ്പ് .........പക്ഷേ  കണ്ണുകൾ  ധാരമുറിയാതെ  പെയ്തുകൊണ്ടിരുന്നു . ഞാൻ  പോലുമറിയാതെ  അതങ്ങനെ  ഒഴുകിക്കൊണ്ടേയിരുന്നു . അവനെ  കാണാൻ  ഞാൻ  പോയില്ല . അതുൾക്കൊള്ളാൻ  എനിയ്ക്ക്  കഴിയില്ലായിരുന്നു  . ഇന്നും  കഴിഞ്ഞിട്ടില്ല . അവനെവിടെയോ  ഉണ്ട് . എന്നെങ്കിലും  വരും . ക്രിസ്റ്റഫർ .............ഞങ്ങളുടെ  കിട്ടൻ ...........അവനുവേണ്ടി  കണ്ണുനീരോടെ  ഏതാനും  വരികൾ ..............


അവർ  കുറെ  കുഞ്ഞു മിന്നാമ്മിന്നികൾ
ഇന്നലെക്കണ്ടും മിണ്ടീം  പോന്നതല്ലേയുള്ളു?
കുഞ്ഞു വെളിച്ചമവർ  തന്നതല്ലേയുള്ളു ?
ഇന്നതിലൊന്നിനെ  തല്ലിക്കെടുത്തുവാൻ

          നിന്നോടവർ ചെയ്ത  തെറ്റെന്ത്  കാലമേ?
          തളരുമ്പോൾ  ചായുവാൻ  തോളുകൾ  കാട്ടിയും
           വീഴുമ്പോൾ താങ്ങുവാൻ കൈയ്യുകൾ നീട്ടിയും
          ചങ്ങലക്കണ്ണിപോൽ  ചങ്ങാതിക്കൂട്ടങ്ങൾ

മുന്നും  പിന്നും  അവനോടൊപ്പമുണ്ടായിട്ടും
മരണം  വാതിലിൽ  മുട്ടിവിളിച്ചപ്പോൾ
ഒരു  വാക്കുചോദിയ്ക്കാതൊന്നും പറയാതെ
വാതിൽ  തുറന്നവനിറങ്ങിപ്പോയി .........
ആരോരുമറിയാതാ പാവം  മിന്നാമ്മിന്നിയെ
ഊതിയണച്ചതാര്  വിധിയോ  കാലമോ?
കാക്കുന്നൊരായിരം  കണ്‍കളുമായവർ
പതുങ്ങിയെത്തുമാ  പദനിസ്വനത്തിനായ്
     
              കലഹിയ്ക്കും  കാലമേ  നിന്നോടവർക്കായ്  ഞാൻ
               തിരികെക്കൊടുക്കു നീ  ഇത്തിരി വെട്ടത്തിനെ
               അറിയില്ല നിനക്കവൻ തെളിയിച്ചുവെച്ചൊരു
               സ്നേഹത്തിൻ  നെയ്ത്തിരിയുള്ളിൽപ്പേറുമൊരു ...........
                നോവിൻ  കടലായ് മാറിയ  മാതാവാണ് ഞാനും ................

2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

ശിവനമ്മയുടെ പ്രദക്ഷിണ വഴികള്‍

0 അഭിപ്രായ(ങ്ങള്‍)
                                              ശിവനമ്മയുടെ  പ്രദക്ഷിണവഴികൾ 

                                                                                                                -ശിവനന്ദ 

                                          ശിവനമ്മ  എന്ന  തമിഴത്തിപ്പെണ്ണിനെ  ആദ്യമായി  ഞാന്‍  കാണുന്നത്‌  ഒരു  നനഞ്ഞ  പ്രഭാതത്തിലാണ്‌ ".
അക്കാ" എന്ന  നീട്ടിയുള്ള  വിളി കേട്ടാണ്‌ ഞാന്‍  അടുക്കളജോലിയില്‍  നിന്നൂര്‍ന്ന്‌  മുന്‍വശത്തു  ചെന്ന്‌  നോക്കിയത്‌ . കുളി  കഴിഞ്ഞ്‌  ഈറന്‍മുടിയില്‍  ചുവന്ന  റിബ്ബണ്‍  കെട്ടി,  നെറ്റിയില്‍  ചാറ്റല്‍മഴത്തുള്ളികള്‍  തെറിച്ച്‌ നനഞ്ഞ  ചന്ദനക്കുറിയുമായി  വിടര്‍ന്ന  ചിരിയോടെ  നില്‍ക്കുന്ന,  തേനിന്റെ   നിറമുള്ള  ഒരു  സുന്ദരിപ്പെണ്ണ്‌ .
നനഞ്ഞ  തുളസിയേപ്പോലെ.  അവളുടെ  നെഞ്ചില്‍  പറ്റിച്ചേര്‍ന്ന്‌  ഒരു  പൊടിക്കുഞ്ഞുമുണ്ടായിരുന്നു . എന്റെ  ഭർത്താവ്   നടത്തുന്ന  ഇഷ്ടികക്കളത്തില്‍  പണിക്ക്‌  വന്നതായിരുന്നു  അവൾ  . ഡിണ്ടിഗല്‍ സ്വദേശിനി. തൊഴിലാളികള്‍ക്കായി  പണിതുകൊടുത്ത  കുടിലുകളിലൊന്നിലായിരുന്നു  അവളുടെ  താമസം.  ഈറന്‍  മാറാനൊരു സാരി  തരുമോ  എന്ന്‌  ചോദിയ്ക്കാനായിരുന്നു  അവള്‍  വന്നത്‌ . ഒന്നിനു  പകരം  മൂന്ന്‌  സാരി  കൊടുത്തപ്പോള്‍ അവള്‍ക്ക്‌  വലിയ  സന്തോഷം.  പിന്നീട്‌   ഇടയ്ക്കിടെ   അവളെന്നെ   കാണാന്‍  വന്നു. സങ്കടവും  സന്തോഷവും തമാശകളും  പങ്കുവച്ചു.  സ്ഥാനത്തും  അസ്ഥാനത്തും  ഇംഗ്ളീഷ്‌  വാക്കുകള്‍  തിരുകി  സംസാരിക്കുന്നത്‌  കേള്‍ക്കാന്‍  നല്ല  രസമായിരുന്നു . മലയാളം  പഠിക്കാന്‍  അവള്‍  ഉത്സാഹം  കാണിച്ചു.  ശിവനമ്മയുടെ  ഭര്‍ത്താവ്‌ മരിച്ചുപോയപ്പോള്‍  ജീവിക്കാന്‍  മാര്‍ഗ്ഗമില്ലാതെ  തൊഴിലന്വേഷിച്ച്‌  കേരളത്തിലേക്ക്‌  വണ്ടി  കയറിയതാണത്രെ. കുഞ്ഞിനെ  കിടത്തിയ  തുണിത്തൊട്ടില്‍  അടുത്തുള്ള  മരച്ചില്ലയില്‍  തൂക്കിയിട്ടാണ്‌  ശിവനമ്മ  കളത്തില്‍ പണിയെടുക്കുന്നത്‌.  ..ആഴ്ച്ചകൾ  മാസങ്ങള്‍ക്കും  മാസങ്ങള്‍  വര്‍ഷങ്ങള്‍ക്കും  വഴിമാറുന്നതിനിടക്ക്‌ ഞങ്ങള്‍ക്കിടയില്‍  ആഴത്തിലുള്ളൊരു  ആത്മബന്ധം  ഉടലെടുത്തിരുന്നു.  കളത്തില്‍  പണിയില്ലാത്ത  സമയം ഇവിടെ  വന്ന്‌  എനിക്ക്‌  എന്തെങ്കിലും  സഹായങ്ങള്‍  ചെയ്തുതരുമായിരുന്നു.  ഒരു ദിവസം അവള്‍ ആവലാതി  പറഞ്ഞു.

"അക്കാ,  ഓപ്പണായിട്ട്‌  പറയുവാ,  കളത്തില്‍  ചിലരേക്കൊണ്ട്‌  വല്യ  കഷ്ടമാ. "

 കാരണം  ചോദിച്ച  എന്നോടവള്‍  പറഞ്ഞത്‌,  ഇഷ്ടിക  കയറ്റാന്‍  വരുന്ന  വണ്ടികളുടെ  ഡ്രൈവര്‍മാരും  മറ്റു ചിലരുമൊക്കെ  അവളോട്‌  മോശമായി  പെരുമാറുന്നു  എന്നാണ്‌  .തന്റെടത്തോടെ  പൊരുതി  നില്‍ക്കാന്‍ ഞാനവളോട്‌  പറഞ്ഞു.  കുഞ്ഞിനെ  സ്കൂളില്‍  ചേര്‍ത്തു.  ദിവസങ്ങള്‍  പൊയ്ക്കൊണ്ടിരുന്നു.  ശിവനമ്മ അവളുടെ  ആവലാതികള്‍  തുടര്‍ന്നുകൊണ്ടുമിരുന്നു.  രാത്രി  ആരോ  അവളുടെ  കതകില്‍  മുട്ടിയത്രെ.  ഇഷ്ടിക ചുമക്കുന്നതിനിടയില്‍  ഏതോ  ഡ്രൈവര്‍   അവളെ  തോണ്ടിയെന്നും  ഒരുത്തന്‍  കൈയ്യില്‍  കയറിപ്പിടച്ചപ്പോള്‍ കുതറിയോടിയെന്നുമവള്‍   പറഞ്ഞു.  കണ്‍മുനകളും  വിരല്‍ത്തുമ്പുകളും  രാകി മൂര്‍ച്ച  കൂട്ടാന്‍  ഞാനവളെ ഓര്‍മ്മിപ്പിച്ചു.

"  കെയറു ചെയ്യാന്‍  ആരുമില്ലാഞ്ഞിട്ടാണക്കാ  എല്ലാരുമെന്നെ  ഞോണ്ടുന്നെ.  "

അവള്‍ സങ്കടപ്പെട്ടു.  ശിവനമ്മ  നല്ലവളാണ്‌.   എനിക്ക്‌ നന്നായറിയാം.  ഒരടവും   അവളുടെയടുത്ത്‌   നടക്കില്ല. പയറ്റിത്തോറ്റവര്‍  അവള്‍ക്കെതിരെ  ആരോപണങ്ങള്‍  പറഞ്ഞു  നടന്നു.   അതവളുടെ  മുതലാളിയുടെ-  എന്റെ  ഭര്‍ത്താവിന്റെ   ചെവിയിലുമെത്തി.  വിസ്താരത്തിന്‌  വിളിക്കപ്പെട്ടു.  നിറകണ്ണുകളോടെ  തൊഴുതുനിന്ന  അവളെ നോക്കി  മുതലാളി  ആക്രോശിച്ചു.

"  നിനക്ക്‌  വേശ്യാലയം  നടത്താനല്ല  ഞാന്‍  നിന്നെ  പണിക്ക്‌  നിര്‍ത്തി  താമസിക്കാനിടം  തന്നത്‌.""""""""'"

ഞാന്‍ ഞെട്ടി.  അതിനിരട്ടി  അവളും.  എന്നെയാരോ  അപമാനിച്ചതുപോലെയാണ്‌  എനിയ്ക്ക്‌  തോന്നിയത്‌.  ഞാനൊന്നും  മിണ്ടിയില്ല  .മൗനത്തിന്റെ   മൂര്‍ച്ചകൊണ്ട്‌  എന്റെ   വാക്കുകളെല്ലാം  എന്നേ    തേഞ്ഞുതീര്‍ന്നിരുന്നു. പക്ഷേ  ശിവനമ്മ  പ്രതിഷേധിച്ചു

". ഞാന്‍  പാവമാ  മൊതലാളീ... ഞാനൊന്നും  ചെയ്തില്ല "

. ഒരു  പച്ചത്തെറിയായിരുന്നു  അതിനുള്ള  മറുപടി.  തെറിയുടെ  അകമ്പടിയോടുകൂടിത്തന്നെ  തീരുമാനവും  പറഞ്ഞു.
"
ഒരാഴ്ചക്കകം  ഇവിടുന്ന്‌  പൊയ്ക്കോണം.  നിനക്കിനിയിവിടെ  പണിയില്ല.  "

നിര്‍വ്വികാരതയായിരുന്നു  ശിവനമ്മയുടെ  മുഖത്ത്‌.  എന്നെയൊന്ന്‌  നോക്കി  ഒന്നും  മിണ്ടാതെ  അവള്‍ തിരിഞ്ഞുനടന്നു.  വൈകീട്ട്‌  ഭര്‍ത്താവില്ലാത്ത  നേരം  നോക്കി  ശിവനമ്മ  വീണ്ടും  വന്നു.

" മൊതലാളി  ഒരാഴ്ചത്തെ  അവതി  കൊടുത്തു.  എനക്ക്‌ വേണ്ടക്കാ.  ഞാന്‍ കന്നത്തരം  കാണിച്ചന്നു  മൊതലാളി  പറഞ്ഞില്ലേ?  എന്നെ  വേണ്ടാത്ത  പേര്‌  വിളിച്ചില്ലേ ?  ഇനി  ഞാനിവിടെ  നിക്കൂല.  പോവ്വാ  ഇപ്പത്തന്നെ."

  ഒന്ന്‌  നടന്ന്‌  വീണ്ടും  തിരിഞ്ഞു  നിന്ന്‌  അവളൊന്നുകൂടി   ചോദിച്ചു.

" ഈ  മുതലാളീടെ  കൂടെ  അക്കയെങ്ങനാ  ഇത്ര  നാള്‌  പൊറുത്തെ?  അക്കാക്കെങ്ങനെയാ  രണ്ട്‌  മക്കളുണ്ടായെ?"

ഒന്നും  പറയാനാവാതെ  ഞാനവളെ  നോക്കിനിന്നു.  ഒരാഴ്ചത്തെ  അവധികൊടുത്ത  മുതലാളിയുടെ  സൗജന്യത്തെ   പുല്ലുപോലെ  വലിച്ചെറിഞ്ഞ്‌,  മുറിവേറ്റ  ആത്മാഭിമാനം  വാരിപ്പിടിച്ച്‌  ശിവനമ്മ  പോവുകയാണ്‌.  മിടുക്കി.   പെണ്ണുങ്ങളായാല്‍  അങ്ങനെ   വേണം  .എനിയ്ക്കവളോട്‌  ഒരുപാട്‌  സ്നേഹം  തോന്നി.  ആത്മാഭിമാനം പണയം  വയ്ക്കാതെ  ജീവിയ്ക്കാന്‍  ഒരു  കെട്ടുപാടുകളും  അവള്‍ക്ക്‌ തടസ്സം  നില്‍ക്കാനില്ലല്ലോ  എന്നുമോര്‍ത്തു.  ശിവനമ്മ  പോയി.  വേറെയെവിടെയോ   അവള്‍ക്ക്‌   ചെറിയൊരു  പണി  കിട്ടി.  വാടകയ്ക്ക്‌ താമസിയ്ക്കാനൊരിടവും.   ഇവിടെ  ഭര്‍ത്താവില്ലാത്ത  നേരം  നോക്കി  ഇടയ്ക്കിടെ  അവളെന്നെ കാണാന്‍ വരുമ്പോള്‍  ഞാന്‍  ചെറിയ  ചെറിയ  സഹായങ്ങള്‍  ചെയ്തുപോന്നു.  ആയിടയ്ക്ക്‌ എന്റെ   സഹോദരന്‍  തുടങ്ങിയ  ഓട്ടുകമ്പനിയില്‍  അവള്‍ക്കൊരു  ജോലിയും  ഭക്ഷണവും  താമസസൌകര്യവും  ശരിയാക്കിക്കൊടുക്കാമെന്ന്‌  ഞാന്‍  അവളോട്‌  പറഞ്ഞു.   അവളുടെ  മറുപടി  എന്നെ അതിശയിപ്പിച്ചുകളഞ്ഞു.

"ഇവിടന്ന്‌  പിണങ്ങി  ഞാന്‍  അക്കയുടെ  വീട്ടില്‍പ്പോയി  നിന്നെന്നാ  മുതലാളിക്ക്‌  കോപം  വരും.  വേണ്ടക്കാ. അക്കായുടെ  കണ്ണുനീര്‌  ഞാന്‍  വേണ്ടത്‌  കണ്ടതാ.  ഇനി  ഞാനൂടെ  കരയിപ്പിച്ചാ  കടവുള്‍   പൊറുക്കൂല. "

അമ്പരപ്പോടെ  ഞാനവളെ  നോക്കി.  എത്ര  വലിയ  കാര്യമാണവള്‍  വളരെ  നിസ്സാരമായി  പറഞ്ഞുതീര്‍ത്തത്‌!! !!!!അവള്‍ക്ക്‌  കിട്ടുമായിരുന്ന സൗകര്യങ്ങളും  സൗജന്യങ്ങളും   എന്നെയോര്‍ത്തവള്‍  വേണ്ടെന്ന്‌  വച്ചു.  നിര്‍ദ്ധനയും  നിരക്ഷരയുമായ  സ്ത്രീയാണ്‌  ശിവനമ്മ  എന്ന്‌  വിശ്വസിക്കാന്‍  പ്രയാസം  തോന്നി.  വീണ്ടും  നാളുകള്‍  പോകെ, ശിവനമ്മ  ഏതോ  ഒരാളുമായി  സ്നേഹത്തിലാണെന്ന്‌  കേട്ടു.  അത്‌  വലിയൊരു  അപരാധമായി  നാട്ടുകാര്‍ ക ണ്ടു.  അവള്‍ക്ക്‌  സ്നേഹിക്കാനുള്ള  പ്രായം  കഴിഞ്ഞെന്നും  വളര്‍ന്നുവരുന്നൊരു  മകനുണ്ടെന്നുള്ളതുമായിരുന്നു  അവര്‍  പറഞ്ഞ  കാരണങ്ങൾ   .

" വയസ്സായപ്പോള്‍  അവളുടെ  ഓരോ  സൂക്കേട്‌. ""

 മുക്കിലും  മൂലയിലും  അഭിപ്രായങ്ങളുയര്‍ന്നു.

"ആ  കൊച്ചിനേം  വളര്‍ത്തി  മര്യാദയ്ക്ക്‌  ജീവിയ്ക്കണ്ടതിന്‌. """""""""..................................

 ശിവനമ്മ  കാണിച്ച  മര്യാദകേടെന്തെന്ന്  എനിക്ക്‌  മനസ്സിലായില്ല.   സാക്ഷാത്കരിക്കപ്പെടാതെ  അമര്‍ത്തി വച്ച മോഹങ്ങളുടെ  ബഹിര്‍സ്ഫുരണങ്ങളായിട്ടാണ്‌  ഈ  അഭിപ്രായങ്ങളെ  ഞാന്‍  കണ്ടത്‌.  ശിവനമ്മ  മിടുക്കി.  സ്നേഹിക്കട്ടെ.   അയാളവളെ  വിവാഹം  കഴിയ്ക്കണമെന്നു  കൂടി  ഞാന്‍  ആഗ്രഹിച്ചു.  നാട്ടുകാരുടെ  പ്രചരണങ്ങള്‍  കേട്ടിട്ടാവാം  കൗമാരപ്രായത്തിലെത്തിയ  മകന്‍  അമ്മയെയും  അമ്മയുടെ  സ്നേഹബന്ധത്തേയും  എതിര്‍ത്തു.  എല്ലാവരുടെയും  മുന്നില്‍   ശിവനമ്മ  മൗനം  പാലിച്ചു.  ഒപ്പം  ആരുമറിയാതെ   അവളുടെ  ഇഷ്ടത്തെ  ഹൃദയത്തോട്‌  ചേര്‍ത്ത്‌  താലോലിക്കുകയും  ചെയ്തുകൊണ്ടിരുന്നു .  തനിയെ  പണിയെടുത്ത്‌   ജീവിയ്ക്കാറായപ്പോള്‍   അമ്മയെ   പിഴച്ച  തള്ള   എന്ന്‌  മുദ്രകുത്തി  ഉപേക്ഷിച്ചുപോയി  മകന്‍ . കൂലിപ്പണി  ചെയ്ത്‌  ജീവിച്ച  അവന്‍  അമ്മയ്ക്ക്‌  ഭക്ഷണമോ  വസ്ത്രമോ  കൊടുത്തില്ല.  ശിവനമ്മയും അവളുടെ  ഇഷ്ടവും  തനിച്ചായി.  ഏതോ  ഒരു  ലക്ഷ്യം  മനസ്സില്‍ക്കണ്ട്‌   അവളൊറ്റയ്ക്ക്‌  കാത്തിരുന്നു.  മകന്‍ കൂടെ  ജോലി  ചെയ്തിരുന്ന  ഒരു  പെണ്ണിനെ  സ്വന്തം  ഇഷ്ടപ്രകാരം  താലികെട്ടി.  അമ്മയുടെ  സാന്നിദ്ധ്യവും അനുഗ്രഹവും  അവന്‌  വേണ്ടായിരുന്നു.  പിന്നെ  ദിവസങ്ങള്‍ക്കകം  കേട്ടത്‌,  ശിവനമ്മയും  അവള്‍  സ്നേഹിച്ച ആളും  ഏതോ  അമ്പലത്തില്‍  വച്ച്‌  വിവാഹിതരായി  എന്നാണ്‌.  എനിയ്ക്ക്‌  വളരെ  സന്തോഷം  തോന്നി.                നാട്ടുകാര്‍ക്കാണെങ്കില്‍  തീരെ  ഇരിയ്ക്കപ്പൊറുതിയില്ലാതായി.   ഇനിയവര്‍ക്കൊന്നും  പറയാനില്ലല്ലോ എന്നോര്‍ത്തിട്ടാവും.  ശിവനമ്മയും  ഭര്‍ത്താവും  ഒന്നിച്ച്‌  താമസം  തുടങ്ങിയതിന്‌  ശേഷം  ഒരു  ദിവസം അവളെന്നെ  കാണാന്‍  വന്നു .

" ഞാന്‍  കല്യാണം  ചെയ്തത്‌  കന്നത്തരമായോ  അക്കാ ? "

 നേരിയ  അങ്കലാപ്പുണ്ടായിരുന്നു  അവളുടെ  സ്വരത്തിൽ

".നിന്റെ    ജീവിതം  നിന്റെ  കൈയിലാണ്‌.  അതെങ്ങനെ  വേണമെന്ന്‌  നിനക്ക്‌  തീരുമാനിക്കാം.  അതിലൊരു  തെറ്റുമില്ല.  "

അത്‌  കേട്ടപ്പോള്‍  അവള്‍  ആശ്വാസത്തോടെ  പറഞ്ഞു.

" ഓപ്പണായിട്ട്‌  പറയുവാ. അക്കാ.,  ഇപ്പോ  എനക്ക്‌  ഒറ്റയ്ക്ക്‌  നടക്കാന്‍  പേടീല്ല.  എന്നെ  ആരും  ഒന്നും  ചെയ്യൂല്ല. ഞാന്‍  അണ്ണന്റെ   പെണ്ണാണെന്ന്‌  എല്ലാവര്‍ക്കും  അറിയാം. "

" നന്നായി  "

ഞാനവളെ   അഭിനന്ദിച്ചു.  സാമൂഹികസുരക്ഷിതത്വമെന്ന  വലിയൊരു  കാര്യമാണ്‌  നിസ്സാര  വാക്കുകളിലൂടെ  അവള്‍  അവതരിപ്പിച്ചത്‌ .   പക്ഷേ...    താലി,  അവള്‍ക്ക്‌  സമൂഹത്തിന്റെ  കഴുകന്‍  കണ്ണുകളില്‍  നിന്നും രക്ഷപ്പെടാനുള്ള  ഒരു  ആയുധം  മാത്രമായി  മാറാതിരിക്കട്ടെ.  ഹൃദയത്തോട്‌  ചേര്‍ത്ത്‌  മറ്റൊരു  ഹൃദയംപോലെ  സൂക്ഷിച്ച്‌   ...അവള്‍ക്ക്‌  നല്ലതുമാത്രം  വരട്ടെ.   പിന്നെ   കുറച്ചുനാളത്തേക്ക്‌   ശിവനമ്മ   ഇങ്ങോട്ട്‌  വന്നതേയില്ല.  അതിനിടയ്ക്ക്‌  എന്റെ   ഭര്‍ത്താവിന്‌  തീരെ  ചെറുതല്ലാത്തൊരു  പരിക്ക്‌  പറ്റി.  മുറ്റത്ത്‌  തെന്നിവീണ്‌      കൈയ്യിന്റെ   എല്ല്‌  പൊട്ടി.   അമ്പലത്തില്‍പ്പോയി   തിരികെ  വന്നപ്പോഴാണറിഞ്ഞത്‌.   ആരൊക്കെയോ  ചേര്‍ന്ന്‌ ആശുപത്രിയില്‍   കൊണ്ടുപോയിരുന്നു.   കൈയില്‍  പ്ളാസ്റ്ററിട്ട്‌,  ചികിത്സയും  വിശ്രമവും   കഴിഞ്ഞ്‌  പുറത്തേക്ക്‌ പോയിത്തുടങ്ങിയത്‌   ഒരു  മാസത്തോളം  കഴിഞ്ഞാണ്‌.   .ഒരു ദിവസം   ശിവനമ്മ  വന്നു.  അവളുടെ   മുഖം വാടിയിരുന്നു.   ഞാന്‍  കാരണം  ചോദിച്ചു.

" ഒന്നൂല്ലക്കാ. "

 അവള്‍  ചുമല്‍  കുലുക്കി.  ഞാനവള്‍ക്ക്‌  ചായയും  പലഹാരവും  കൊടുത്തു.  അതു  വാങ്ങാനായി  കൈയ്യുകള്‍  നീട്ടുമ്പോള്‍   അവളുടെ   കണ്ണുകള്‍  നിറഞ്ഞിരുന്നു.

" നിനക്കെന്തുപറ്റി ?"

ഞാന്‍  ചോദിച്ചു.   പാത്രം  താഴെ  വച്ചിട്ട്‌  അവളെന്നെ  നോക്കി  തൊഴുതു.  കണ്ണുകള്‍  നിറഞ്ഞൊഴുകി.  എനിക്കതിശയമായി.  എന്തുപറ്റീ  ഇവള്‍ക്ക്‌ ?  ഞാനവളുടെ   തൊഴുകൈകളില്‍   പിടിച്ചു.

" കരയാതെ.  എന്താ  കാര്യമെന്ന്‌  പറയൂ. "

 അവളെന്റെ   കാല്‍ക്കലേക്കിരുന്നു.  എന്റെ  പാദങ്ങളില്‍  അമര്‍ത്തിപ്പിടിച്ച്‌   തേങ്ങിക്കൊണ്ട്‌  പറഞ്ഞു.

" അക്കാ  എന്നോട്‌  പൊറുക്കണം .  "

 ഞാന്‍  പകച്ചുപോയി.  വേഗം  അവളെ  പിടിച്ചെഴുന്നേല്‍പ്പിച്ച്‌  കാര്യം  തിരക്കി.

" ഞാന്‍ .....ഞാനാണത്‌   ചെയ്തത്‌  ..."

 വിക്കിവിക്കി  അവൾ   പറഞ്ഞു.   എനിയ്ക്കൊന്നും   മനസ്സിലായില്ല.

" ഒരു  ദിവസം  അക്കായെ  കാണാന്‍  ഞാനിവിടെ   വന്നപ്പോ   അക്കാ   കോവിലുക്ക്‌  പോയാരുന്നു.... "

നനഞ്ഞ   ശബ്ദത്തില്‍   കുതിര്‍ന്നു   വിറച്ച  വാക്കുകള്‍  അവള്‍  പെറുക്കിപ്പെറുക്കി വച്ചു    ഞാന്‍ അമ്പലത്തില്‍പ്പോയ  സമയത്താണ്‌  ശിവനമ്മ   വന്നത്‌.   ഭര്‍ത്താവുണ്ടായിരുന്നു  ഇവിടെ.  മുറി  അടിച്ചുവാരാന്‍ പറഞ്ഞ്‌  അവളെ  അകത്തേക്ക്‌  വിളിച്ചു.  അടിച്ചുവാരിക്കൊണ്ടു   നിന്ന  ശിവനമ്മയെ  പിറകില്‍  നിന്നും  വട്ടം പിടിച്ചു  അയാൾ   വളരെ   ശ്രമപ്പെട്ട്‌  കുതറിമാറിയ  അവള്‍  രക്ഷയില്ലാതെ   വന്നപ്പോള്‍  , അടുക്കളയുടെ  മൂലയില്‍  ചാരിവച്ചിരുന്ന  കമ്പിപ്പാരയെടുത്ത്‌  മുതലാളിയെ  ആഞ്ഞടിച്ചു.  വേദന   കൊണ്ട്‌  പുളഞ്ഞ  അയാളെ കടന്ന്‌  അവള്‍   പുറത്തേക്കോടി.  കേ ട്ട്ത    രിച്ചുനില്‍ക്കുകയായിരുന്നു  ഞാന്‍.  .മൗനത്തിന്റെ   മൂര്‍ച്ച  കൂടിക്കൂടി വന്നു.   ശിവനമ്മ   ഒരു  ഏങ്ങലോടെ   വീണ്ടുമെന്റെ   മുന്നില്‍  തൊഴുതു  നിന്നു.

" ഞാനെന്റെ   മാനം   കളയൂല്ല   അതുകൊണ്ടാ.  എന്നോട്‌  പൊറുക്കണം.  എന്തു  ശിക്ഷയും  തന്നെന്നാ  ഞാന്‍ മേടിച്ചോളാം. "

 ഞാന്‍  മിണ്ടിയില്ല.  മൗനം   പാടാന്‍  തുടങ്ങി.  അതിശയമൊന്നും   തോന്നിയില്ലെനിക്ക്‌.   .............. അയാളത്‌   അര്‍ഹിക്കുന്നു.    ചൂണ്ടുവിരല്‍   തല   ചൊറിയാന്‍   മാത്രമല്ല,   കാര്‍ക്കശ്യത്തോടെ   ചൂണ്ടിയകറ്റാനും   കൂടിയുള്ളതാണെന്ന്‌   ആരെങ്കിലും   അയാളോടൊന്ന്‌   പറയണമല്ലോ.   നന്നായി.   അന്യായം  കണ്ടാല്‍ എതിര്‍ക്കുക  എന്ന  എന്റെ   പഴയ  മനോഭാവത്തില്‍  നിന്നും,   എതിര്‍ക്കാന്‍   തോന്നുന്നതിനെ  അവഗണിക്കുക എന്നൊരു   മനോഭാവത്തിലേക്കെത്താനുള്ള  എന്റെ  വഴികള്‍  എത്രയോ  ദുര്‍ഘടമായിരുന്നു !   ഞാനൊരാള്‍ മാത്രം  എരിഞ്ഞു  തീരുമ്പോള്‍,  എനിയ്ക്ക്‌  ചുറ്റുമുള്ള  ഒരുപാട്‌  ജന്‍മങ്ങള്‍  രക്ഷപ്പെടുമെന്ന   തിരിച്ചറിവ്‌ എന്നെയൊരു   മെഴുകുതിരിയാക്കി.   ഭര്‍ത്താവെന്ന  യാഗാശ്വത്തെ   കുതിച്ചു  പായാന്‍  വിട്ട്‌  ഞാന്‍ ത്യാഗിനിയായപ്പോൾ ,  മക്കളോട്‌   അധര്‍മ്മം   കാണിയ്ക്കാതെ  ഞാന്‍  ധര്‍മ്മിഷ്ടയായപ്പോൾ ,   എന്നിലെ   സ്ത്രീ  പരിഹാസത്തോടെ   എന്നെത്തന്നെ   നോക്കിയോ  എന്നെനിക്കറിയില്ല.   മണ്ടി   എന്നെന്നെ   വിളിച്ചോ എന്നമറിയില്ല.  അത്‌  കേട്ടെങ്കില്‍  ഞാന്‍   പറയുമായിരുന്നു,   ഈ   മണ്ടത്തരങ്ങളാണ്‌   എന്നെ ഞാ  നാക്കുന്നതെന്ന്‌  . മൗനത്തിന്റെ   സംഗീതം   വളരെ   ആസ്വാദ്യമായിരുന്നു.

" അക്കാ...  "

ശിവനമ്മ   വീണ്ടമെന്റെ    കാലില്‍  പിടിച്ചു.   ആ  കണ്ണുകളില്‍   ഭയം   ഓളം   വെട്ടിയിരുന്നു.

"എന്നെ   തല്ലിക്കൊന്നോ   അക്കാ.   അക്കായോടിത്‌   പറഞ്ഞില്ലെന്നാ   എന്റെ   ചങ്ക്‌  പൊട്ടിപ്പോകും.  അതാ. എന്നേലും   ഒന്നു  പറ   അക്കാ   "

ഞാന്‍   മെല്ലെ   അവളെ   പിടിച്ചെഴുന്നേല്‍പ്പിച്ചു  . തോളത്തു   തട്ടി   പതിയെ   പറഞ്ഞു.

"   സാരമില്ല,  നീയൊരു തെറ്റും   ചെയ്തിട്ടില്ല. "

  ശിവനമ്മ   വിശ്വസിയ്ക്കാനാവാതെ  എന്നെ  നോക്കി.   പാവം.  എനിയ്ക്കവളോട്‌   സ്നേഹവും   ബഹുമാനവും തോന്നി.   ഇവളുടെ   വഴികള്‍   കല്ലും   മുള്ളും   നിറഞ്ഞതാണെങ്കിലും   എത്രയോ  പരിശുദ്ധമാണെന്ന്‌ ഞാനോര്‍ത്തു.   പ്രദക്ഷിണവഴികള്‍പോലെ.   അവളുടെ  നനഞ്ഞ   കണ്ണുകളിലേക്ക്‌   നോക്കി   ഞാന്‍  മന്ത്രിച്ചു.

"നീ   നല്ലവളാണ്‌.  നിന്നെയെനിയ്ക്കറിയാം. "

 ഒന്നു നിര്‍ത്തി,  പിന്നെയൊരു  മര്‍മ്മരംപോലെ   കൂട്ടിച്ചേര്‍ത്തു.

"എന്റെ   ഭര്‍ത്താവിനേയും. "



അവളെ വിട്ട്‌ അകത്തേക്ക്‌ നടന്നു.

                                                   ______________________________

2013, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

മനസ്സിന്റെ ജാലകക്കാഴ്ച്ചകളിൽ തിരുവോണം .

0 അഭിപ്രായ(ങ്ങള്‍)
                                     മനസ്സിന്റെ  ജാലകക്കാഴ്ച്ചകളിൽ  തിരുവോണം .

                                                                                                                              - ശിവനന്ദ                                                  
                        മനസ്സിന്റെ ജാലകത്തിലൂടെ  പുറത്തേക്ക്  നോക്കുമ്പോൾ  കാണുന്നത്  പഴയൊരു  തിരുവോണം.  മനോഹരമായൊരു തിരുവോണം...

 പാറയിടുക്കുകളും   മൊട്ടക്കുന്നുകളും  പാടവും  തോട്ടിറമ്പുകളും  നമ്മെ  ഭയപ്പെടുത്താതിരുന്ന  ഒരു  ഓണക്കാലമുണ്ടായിരുന്നു നമുക്ക് . കാട്ടുചെത്തിയും കാട്ടുകോളാമ്പിയും  കൊങ്ങിണിയും  അരിപ്പൂവും  കദളിപ്പൂവും പറിയ്ക്കാൻ  കുന്നുകളിലും  പാടവരമ്പുകളിലും  മത്സരിച്ചോടിയ  ഓണക്കാലം . മുറ്റത്ത്  ചാണകം  മെഴുകി  ചെത്തിയും  ചെമ്പരത്തിയും  തുമ്പയും  തുളസിയുമൊക്കെ  പെറുക്കി വെയ്ക്കുമ്പോൾ  ചാണകത്തിന്റേയും  പൂക്കളുടെയുമൊക്കെ  സമ്മിശ്രഗന്ധം ............

                            പിന്നീട് അതേ  ഗന്ധമന്വേഷിച്ച്  എന്റെ  മനസ്സ് എത്ര  ചുറ്റിത്തിരിഞ്ഞു  ! കിട്ടിയില്ല. കിട്ടുകയുമില്ല .കാടും  കുന്നും  പാടവരമ്പും  നമ്മളുപേക്ഷിച്ചതാണോ  അതോ  നമ്മളെ ഉപേക്ഷിച്ചതാണോ ? അറിയില്ല . എന്തായാലും , ആരോ  എന്തോ  എവിടെയോ  ഉപേക്ഷിയ്ക്കപ്പെട്ടു .

                        നഷ്ടങ്ങൾ  എന്നും  വേദനയാണ് . പൂത്തൊട്ടി  കൊണ്ടുത്തരാറുള്ള  മാണിയും  മാക്കോതയും  ഓർമ്മച്ചിത്രങ്ങളായി . പുള്ളുവൻപാട്ട്  പാടാറുള്ള  അമ്മ്ണിപ്പുള്ളുവത്തിയും  കാലത്തിനപ്പുറം  മറഞ്ഞു .

മനസ്സിന്റെ  ജാലകപ്പഴുതിലൂടെ  ഞാനെന്റെ  സ്വന്തം  ഓണത്തെ  കാണുകയാണ് ........

അവിടെ , ഓണനിലാവിൽ  ഞാനെന്ന  കൊച്ചുകുട്ടി മുത്തച്ഛന്റെ  കൈ പിടിച്ചോടുന്നുണ്ട് . മുത്തശ്ശി  സ്നേഹത്തോടെ  ശകാരിയ്ക്കുന്നുണ്ട് .അമ്മാവൻ  "അനന്തിരവളേ " എന്ന്  നീട്ടി  വിളിയ്ക്കുന്നുണ്ട് . ഞാനും അനിയത്തിയും അരിപ്പൂവ്  പറിയ്ക്കാൻ  മത്സരിച്ചോടുന്നുണ്ട് .ഓണത്തലേന്നു  രാത്രിയിൽ  അമ്മ  പൂവടയും  ശർക്കരവരട്ടിയും  ഉണ്ടാക്കുന്നുണ്ട് . കുഞ്ഞനിയൻ  അടുക്കളയിൽ  വന്നിരുന്ന്  ഉറക്കം തൂങ്ങുന്നുണ്ട് . വിശേഷദിവസങ്ങളിൽ പാചകത്തിൽ  സഹായിയായി  അച്ഛനും  കൂടി  അടുക്കളയിൽ  കയറുമ്പോൾ  പാചകം  ഒരു  ആഘോഷമാകുന്നുണ്ട് . ഓണദിനത്തിൽ  ഇഞ്ചിക്കറിയുടെയും  കാളന്റേയും  കൊതിപ്പിയ്ക്കുന്ന  വാസന  വരുന്നുണ്ട് . അവിയൽ  വേവുന്ന  ഗന്ധം  കേട്ട്  അതിന്റെ ഗുണം  നിർണ്ണയിയ്ക്കാൻ  അമ്മയെന്നെ  പഠിപ്പിയ്ക്കുന്നുണ്ട് . ഓണക്കോടികൾ  മനസ്സിൽ  കാവടിയാട്ടം  നടത്തുന്നുണ്ട്....

 പക്ഷേ ......ഇന്ന് ...എല്ലാം  മനസ്സിന്റെ  ജലകക്കാഴ്ച്ചകൾ  മാത്രമാണെന്നോർക്കുമ്പോൾ  ..........കഷ്ടം ! എന്റെ  നഷ്ടങ്ങൾ  എത്രയോ .....! ആരോ  എന്തോ  എവിടെയോ  ഉപേക്ഷിയ്ക്കപ്പെട്ടു .

                                                             ഇന്ന് ......സിമന്റിട്ട്‌  മിനുക്കിയ  മുറ്റത്ത്  നോക്കി  നമുക്ക്  നെടുവീർപ്പിടാം . മുറ്റത്ത്  ഒരുപിടി  മണ്ണില്ലാതെ  ചെടികൾ  മുളയ്ക്കുകയോ  പൂക്കുകയോ  കായ്ക്കുകയോ  ചെയ്യില്ലെന്ന്  വെറുതെ  ഓർമ്മിയ്ക്കാം . കാടില്ല , കാട്ടുചെത്തിയുമില്ല . വേലിയില്ല, വീണ്ടപ്പൂവുമില്ല. കുന്നില്ല, കദളിപ്പൂവുമില്ല .......കഷ്ടം!  എല്ലാം  എന്റെ  നഷ്ടങ്ങൾ ......

                             
  സാരമില്ല. കാലത്തിനൊപ്പം  നമുക്ക്  നടക്കാം .

 പണം  കൊടുത്ത്  ചന്തയിൽ  നിന്നും  പൂക്കൾ  വാങ്ങാം , ഓണസദ്യ  വാങ്ങാം, ഉപ്പേരി  വാങ്ങാം , പായസവും  വാങ്ങാം. അങ്ങനെ  ഓണം  ആഘോഷിയ്ക്കുകയൊ  അഭിനയിയ്ക്കുകയോ  ചെയ്യാം . കൂട്ടത്തിൽ , എന്നോ  എവിടെയോ  മറഞ്ഞുപോയ  ആ  പഴയ  ഓണക്കാലം എന്നെങ്കിലും  തിരികെ  വരുന്നത്  സ്വപ്നം  കാണുകയും  ചെയ്യാം . സ്വപ്നത്തിന്റെ  തീവ്രത , അത്  നമുക്ക്  പ്രാപ്തമാക്കും . ഉറപ്പ് .

എല്ലാവർക്കും  എൻ്റെ  ഹൃദയം നിറഞ്ഞ ഓണാശംസകൾ..


                                                                 ***************

2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

ആനിക്കുട്ടിയുടെ അച്ഛൻ

0 അഭിപ്രായ(ങ്ങള്‍)

ആനിക്കുട്ടിയുടെ  അച്ഛൻ 

- ശിവാനന്ദ 

ആൻ മേരി അഗസ്റ്റിൻ  എന്ന  അവളെനിക്കു ആനിക്കുട്ടിയയതും സണ്ണൊ  ജോസ് ക്രിസ്ടി എന്ന ഞാൻ അവൾക്കു സണ്ണിച്ചനായതും  വളരെ അപ്രതീക്ഷിതം . ദീർഘനാളത്തെ  പ്രണയത്തിനുശേഷം ഞങ്ങൾ വിവാഹിതരായി . ഏറെനാൾ കഴിഞ്ഞിട്ടും ഞങ്ങൾക്ക് കുഞ്ഞിക്കാൽ കാണാൻ ഭാഗ്യം ഉണ്ടായില്ല . ചികിത്സകളെല്ലാം     വ്യർത്ഥമായപ്പോൾപ്പിന്നെ ആ ദു:ഖം ഞങ്ങൾ ഉൾക്കൊണ്ടു . വർഷങ്ങൾ പോകെ  ആനിക്കുട്ടിയിൽ  മറവിരോഗത്തിന്റെ  ലക്ഷണങ്ങൾ  കണ്ടു തുടങ്ങിയപ്പോൾ അവളെന്നോടു പറഞ്ഞു, അവളൊരു  ബാദ്ധ്യതയാവുന്നതിനു  മുൻപ്  അവളെ ഉപേക്ഷിച്ചു പോകാൻ. അതെനിയ്ക്കസാദ്ധ്യ മായിരുന്നു. കാരണം എന്റെ ആനിക്കുട്ടി  ഏതവസ്ഥയിലായാലും എനിയ്ക്കു  ജീവനായിരുന്നല്ലോ . ഞാനവളെ പരിപാലിച്ചു. നാളുകൾ പോകെ അസുഖം  കൂടിക്കൂടി വന്നു. അതിനിടയിൽ ഏതോ ഒരു നിമിഷം ഭയത്തോടുകൂടി  ആനിക്കുട്ടി  എന്നോടു അപേക്ഷിച്ചു . 

" എന്നെ ഉപേക്ഷിക്കരുത് " 

ആ  നിമിഷം ഞാൻ  ഞാൻ അച്ഛനായി .

എന്റെ  ആനിക്കുട്ടിയുടെ അച്ഛൻ. ലാളിച്ചു വളർത്താൻ  ഈശ്വരൻ എനിക്കൊരു  കുഞ്ഞിനെ  തന്നെന്നുതന്നെ  ഞാൻ കരുതി . വാൽസല്ല്യത്തോടെ  ഞാൻ അവളെ വാരി അണച്ചു .

2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

എവിടെപ്പോയി നമ്മുടെ മഴവില്ലുകൾ ............... ?

0 അഭിപ്രായ(ങ്ങള്‍)
എവിടെപ്പോയി  നമ്മുടെ  മഴവില്ലുകൾ ............... ?

                                                                                                                                              - ശിവനന്ദ 

                            എന്റെ  ഗ്രാമത്തിൽ  കുയിലുകൾ  പാടും , പ്രാവുകൾ  കുറുകും , പൂത്താങ്കീരി  കലഹിക്കും , അണ്ണാർക്കണ്ണന്മാർ  കുലുങ്ങിച്ചിരിക്കും , തച്ചൻകോഴി  കൂകും , തോട്ടിറമ്പിൽ  കൈത  പൂക്കും , നാട്ടുമാവിന്റെ  ചുവട്ടിൽ  ഇളവെയിൽ  ചാഞ്ഞുറങ്ങും .....

എന്റെ  കൂട്ടുകാരന്മാർ  സൈക്കിളിന്റെ  ചക്രം  കോലുകൊണ്ട്  തട്ടിത്തട്ടി  നിയന്ത്രിച്ചുകൊണ്ടുപോകും .... അവർ  ജീവിതം  നിയന്ത്രിക്കാൻ  പഠിച്ചതങ്ങനെയാണ് .....

ഞാനും  കൂട്ടുകാരികളും  കഞ്ഞിയും  കറിയും  വച്ചു  കളിക്കും . നല്ല  വീട്ടമ്മയാകാൻ  പഠിച്ചതങ്ങനെയാണ് .... 

ചെളി  കുഴഞ്ഞുകിടക്കുന്ന  പാടവരമ്പിലൂടെ  തെന്നിത്തെറിച്ച്  ചാഞ്ഞും  ചെരിഞ്ഞും  വീഴാതെ  കരുതലോടെ  പാടം  നടന്നു  കയറും . നൃത്തച്ചുവടുകൾ  ആദ്യം   പഠിച്ചതങ്ങനെയാണ് . അത്  പിന്നീട്  ജീവിതത്തിന്റെ  നടനതാളമായി ....

 ചോദ്യം  ചോദിച്ചും  ഉത്തരം  പറയിച്ചും  സാറും  കുട്ടിയും  കളിക്കും . ഉത്തരം  പറയാത്തവരെയും  ക്ലാസ്സിൽ  വർത്തമാനം  പറയുന്നവരെയും  വടിയെടുത്തടിച്ച്  അനുസരിപ്പിക്കും . എന്റെ  ആശയങ്ങൾ  മടുള്ളവരിലേക്കെത്തിക്കാനുള്ള  ആദ്യ  പാഠമായിരുന്നു  അത് ....

സാറ്റു  കളിക്കുമ്പോൾ  ശ്വാസം  പോലും  നിയന്ത്രിച്ച്  മിണ്ടാതെ  പതുങ്ങി  ഒളിച്ചിരിക്കും . നിശ്ശബ്ദതയുടെ  ഈണം  കേട്ടതും  അത്  മനോഹരമായൊരു  സംഗീതമാണെന്ന്  തിരിച്ചറിഞ്ഞതും  അങ്ങനെയാണ് ....

 കളം  വരച്ച്  വരയിൽച്ചവിട്ടാതെ  ശ്രദ്ധിച്ച്  ഓരോ  കളത്തിലും   തൊങ്ങിച്ചാടിക്കളിച്ചത് , ജീവിതത്തിലെ  കളങ്ങൾ  മാറ്റിമാറ്റിച്ചവിട്ടി  മുന്നേറാനുള്ള  ആദ്യപാഠം  ആയിരുന്നു .... 

കല്ലുകൾ   പെറുക്കിക്കൂട്ടി  അഞ്ചുകല്ലുമ്പാറ  കളിച്ചതും , തിരിയും  കാളവെട്ടും  കളിച്ചതും  ജീവിതം  വെട്ടിപ്പിടിക്കാനുള്ള  തയ്യാറെടുപ്പായിരുന്നു .....
                  
  അങ്ങനെ  എന്റെ  നാവിൽ  കുറിക്കുന്നതിന്  മുമ്പേ  മനസ്സിൽ  ആദ്യാക്ഷരം  കുറിച്ചു  പ്രകൃതി ....

                                                        വളരെ സമൃദ്ധമായ ശൈശവബാല്യങ്ങളുണ്ടായിരുന്നു  എനിക്ക് .  അത്  തന്നതും  പ്രകൃതിയാണ് .   മണലിൽ  വിരൽത്തുമ്പുകൊണ്ടെഴുതിയെഴുതി  ഭൂമിയുമായി  അഭേദ്യമായൊരു  ബന്ധം  സ്ഥാപിച്ചു  ഞാൻ .  ഭൂമിയുടെ  സ്പന്ദനം  ഞാനും  എന്റെ  സ്പന്ദനം  ഭൂമിയും  വിരൽത്തുമ്പിലൂടെ  തിരിച്ചറിഞ്ഞു .

ആകാശത്തെ  നക്ഷത്രക്കൂട്ടങ്ങളും  തോട്ടിലെ  പരൽമീനുകളും  പാറയിടുക്കിലെ  കാട്ടുപൂക്കളും  പഴങ്ങളും  എന്റെ  ബാല്യകൗതുകങ്ങളെ  സംപുഷ്ടമാക്കി .  കൗമാരവും  യൗവ്വനവും  എന്നെയൊരിക്കലും  ഭയപ്പെടുത്തിയിരുന്നില്ല .  പ്രണയവഴികൾ  പ്രദക്ഷിണവഴികൾ  പോലെ  പരിശുദ്ധമായിരുന്നു .    ' ഉമ  മഹേശ്വരനെ  സ്നേഹിച്ചതുപോലെ , നളൻ  ദമയന്തിയെ  സ്നേഹിച്ചതുപോലെ  നിന്നെ  ഞാൻ  സ്നേഹിക്കുന്നു '    എന്ന്  പറയാൻ  അന്ന്  മനസ്സുണ്ടായിരുന്നു ..... ' നീ  ചവിട്ടുന്ന  മണ്‍ത്തരികളേപ്പോലും  സ്നേഹിച്ച് , നിന്നെ  തഴുകിയെത്തുന്ന  കാറ്റിനേപ്പോലും  വാരിയണച്ച്  ഞാൻ  കാത്തുനിന്നു '    എന്ന്  സ്നേഹക്കുറിപ്പുകളെഴുതാൻ  അന്ന്  കഴിഞ്ഞിരുന്നു .....

 എന്തിനൊക്കെയോ  വേണ്ടി  കാത്തും  കാതോർത്തും  കാലമെത്രയോ  ഞാൻ  നീന്തിക്കടന്നു ! കഴിഞ്ഞ  നിമിഷവും  വരാൻപോകുന്ന  നിമിഷവും  നമ്മുടെ  കയ്യിലല്ലെന്നും , ഈ  നിമിഷം  മാത്രമാണ്  നമുക്ക്  സ്വന്തമെന്നും  എന്നോ  ഞാൻ  തിരിച്ചറിഞ്ഞു .

 ജീവിതത്തിൽ  വന്നുപെടുന്ന  വിപരീതസാഹചര്യങ്ങളോട്  ഞാൻ  നന്ദി  പറയുന്നു . കാരണം  അവയെന്റെ  കാഴ്ച്ചപ്പാടുകളെ   വിപുലമാക്കുന്നു . തൂലികത്തുമ്പിനെ  കൂടുതൽ മൂർച്ചയുള്ളതാക്കുന്നു . പ്രകൃതിക്കും  കാലത്തിനും  നന്ദി ......തന്നതിനും  തരാത്തതിനും .....

  ഇന്നിനെ  ഇന്നലെയുമായി  ഒന്ന്  താരതമ്യം  ചെയ്തപ്പോൾ  വല്ലാതെ  വേദനിക്കുന്നു . നമ്മുടെ  കുഞ്ഞുങ്ങളെ  ഓർത്ത്‌ ....

 ഭൗതികമായ  സമൃദ്ധിയുടെയും  ഭാഗ്യങ്ങളുടെയും  നടുവിലായിട്ടും   അവർ   എത്രയോ  ദരിദ്രർ !   ശൈശവമില്ലാത്ത  ബാല്യവും , ബാല്യമില്ലാത്ത  കൗമാരവും , കൗമാരമില്ലാത്ത  യൗവ്വനവും  ജീവിച്ചു  തീർക്കുന്ന  പാവം  കുട്ടികൾ .   ജീവിതം  അവരെ  വല്ലാതെ  ഭയപ്പെടുത്തുന്നു .

പ്രണയമന്ത്രധ്വനികളില്ലാതെ , പ്രണയലേഖനങ്ങളില്ലാതെ  മൊബൈൽഫോണെന്ന   കുഞ്ഞുപെട്ടിക്കുള്ളിലൊതുങ്ങിപ്പോയ  പ്രണയങ്ങൾ .    ' വിളിച്ചാൽ   പൈസ  ഒരുപാടാകും , എസ് . എം . എസ്  ആണ്  ലാഭം '   എന്ന്  പറയുന്ന  ഏഴുവയസ്സുകാരിയോട്  ഞാനെന്തുപറയാൻ !   അവളുടെ  ബൗദ്ധികവളർച്ചയെക്കുറിച്ചോർത്ത്  അഭിമാനിക്കണൊ  അതോ  ആത്മാവില്ലാത്ത  ബന്ധങ്ങളേക്കുറിച്ചോർത്ത്  സഹതപിക്കണോ  എന്നെനിക്കറിയില്ല .

മണലിൽ  അക്ഷരങ്ങളെഴുതിപ്പഠിക്കേണ്ട  സമയത്ത് , ബസ്സിൽ  പിൻസീറ്റിലിരുന്ന്  ഞോണ്ടുന്ന  ഞരമ്പുരോഗിയോട് , 'എന്താ  തന്റെ  അസുഖമെന്ന് '   രൂക്ഷമായി   ചോദിയ്ക്കാൻ  പഠിപ്പിയ്ക്കേണ്ടിവരുന്ന  നമ്മുടെ  നിസ്സഹായത .    ജനിച്ചുവീഴുന്ന  കുഞ്ഞുങ്ങളെ  മനോഹരമായി  ജീവിക്കാൻ  തയ്യാറെടുപ്പിയ്ക്കുകയല്ല ,   മറിച്ച്  അവരെ  ഒരു  യുദ്ധത്തിന്  തയ്യാറെടുപ്പിയ്ക്കുകയാണ്  നമ്മൾ . അങ്ങനെ  വേണ്ടി വന്നിരിയ്ക്കുന്നു . കഷ്ടം !.....

 പൂച്ചെടികളില്ലാത്ത  മുറ്റവും  മുറ്റമില്ലാത്ത  വീടുകളും  വരണ്ട  മനസ്സിന്റെ  പ്രതീകങ്ങളായി  മാറിയോ ?   അങ്ങനെയാവാം .

 എന്റെ  കുഞ്ഞിനെ  ഒരു   മഴവില്ല്  കാണിച്ചുകൊടുക്കാൻ  ഞാനെത്രനാൾ  മാനത്തുനോക്കി  കാത്തിരുന്നു !   എവിടെപ്പോയി  നമ്മുടെ  മഴവില്ലുകൾ ?  ആകാശത്ത്  നക്ഷത്രം  പറക്കുകയും  പൊടിഞ്ഞുവീഴുകയും  ചെയ്യുന്ന  നിഷ്കളങ്കമായ  വിസ്മയക്കാഴച്ചകളിൽനിന്നും , ' അത്  ഉൽക്കകളാണ് '   എന്ന്  വളരെ  നിസ്സാരമായി  പറഞ്ഞുതള്ളുന്ന  കാലത്തിലേക്ക്  നമ്മൾ  എത്ര  ദൂരം  നടന്നു !  

  'സ്വപ്‌നങ്ങൾ   കണ്ടുകൊണ്ടേയിരിക്കുക . അതിലേക്ക്  നമ്മൾ  നടന്നടുക്കും  '    എന്ന്  ഉപദേശിക്കുമ്പോൾ ,   ' നിർഗുണമായ  ദിവാസ്വപ്നങ്ങൾ '   എന്ന്   പുച്ചിച്ചുതള്ളുന്ന  നമ്മുടെ  കുഞ്ഞുങ്ങളുടെ  മനസ്സിന്റെ  വർണ്ണവൈവിദ്ധ്യങ്ങളല്ലെ  യഥാർഥത്തിൽ  നഷ്ടമായത് ?   പാവം  നമ്മുടെ  കുഞ്ഞുങ്ങൾ ... കഷ്ടം !.....

   " ഈ  മനോഹരതീരത്ത്  ഇനിയൊരു  ജന്മം  കൂടി  തരുമോ "   എന്ന്  ചോദിച്ച  ആ  മഹാനുഭാവൻ  ഒരിക്കൽക്കൂടി  ജനിച്ചാൽ  എന്തുപറയുമോ  ആവൊ .   പാറമടകളും  മണൽക്കുഴികളും  മരണക്കയം  തീർക്കുമ്പോൾ ,  കൂടൊരുക്കാൻ  ചില്ലകളില്ലാതെ  പക്ഷികൾ  പകയ്ക്കുമ്പോൾ ,  പ്ലാസ്റ്റിക് പൂക്കളെ  നോക്കി  ചിത്രശലഭങ്ങൾ  കണ്ണീർവാർക്കുമ്പോൾ ...... അദ്ദേഹത്തിന്  എന്ത്  തോന്നുമോ  ആവൊ .....

                                                        _______________________

2013, ജൂലൈ 24, ബുധനാഴ്‌ച

കനൽപ്പൂക്കൾ

1 അഭിപ്രായ(ങ്ങള്‍)
കനൽപ്പൂക്കൾ                                                   

- ശിവനന്ദ 
                                                    എന്തെങ്കിലും  എഴുതണമെന്ന്  തോന്നുമ്പോൾ - എഴുതിയെ  തീരു  എന്ന്  തോന്നുമ്പോൾ  ഇപ്പോഴും  ഇങ്ങനെയാണ് . മനസ്സ്  ധ്യാനലീനം .......... ശുഭ്രശുദ്ധം .......... പിന്നെ............ മെല്ലെ  മെല്ലെ ............. ചിന്തകൾ  അക്ഷരപ്പൊട്ടുകളാവും . ആത്മഗതങ്ങൾ  വാക്കുകളായി  പറക്കും . ഞാനതിന്റെ  പിറകെ  ഒഴുകി  നടക്കും . ഒരു  അപ്പൂപ്പൻതാടി  കണക്കെ ...........

അമാവാസിയും  പിന്നെ  രജനിയും  ചേർന്നു 
പ്രണയമന്ത്രങ്ങലുരയ്ക്കുന്നതും  കേട്ട് 
ഒറ്റക്കിരിക്കുന്നു  ഞാനുമെൻ  മോഹങ്ങളും 
മാറാലമൂടിയ  മനസ്സിൻ  ദാഹങ്ങളും ................

                                                     ഞാനങ്ങനെ  ഒഴുകും . വല്ലാത്തൊരു  അനുഭൂതിയിലൂടെ ...........

" നാളെയല്ലേ  അത്തം "?

നീലിയുടെ  ശബ്ദം  മനസ്സിനെ  ധ്യാനത്തിൽ  നിന്നുണർത്തി . അവൾ  ചോദിച്ചത്  നവമിയോടാകും . നവമി  മൂത്ത  മകളാണ് . നീലിമ  ഇളയവളും .

" ഓ ! എന്തോന്ന്  അത്തം ......"

എന്താണ്  അവളുടെ  ശബ്ദത്തിൽ  തീരെ  ഉൽസാഹമില്ലാത്തത് ? ഇങ്ങനെയല്ലല്ലോ  അവർ  ഓണത്തെ  വരവേൽക്കാറുള്ളത് ! അമ്മയ്ക്ക്  ആഘോഷങ്ങളിൽ  താത്പര്യമില്ലെന്നാണ്  അവരുടെ  പരാതി . ശരിയാണ് . ഓണം  ആഘോഷിക്കുകയല്ല , അഭിനയിക്കുകയാണെന്നുതോന്നും  ചിലപ്പോൾ . പൂച്ചെടികളില്ലാത്ത  മുറ്റവും  മുറ്റമില്ലാത്ത  വീടുകളും  വരണ്ട  മനസ്സിന്റെ  പ്രതീകങ്ങളായിരിക്കുന്നു . പണ്ട്  ഓണത്തിന്  പൂത്തൊട്ടി  കൊണ്ടുത്തരാരുള്ള  മാക്കോതയും  പുള്ളുവൻപാട്ട്  പാടാറുള്ള  അമ്മിണിപ്പുള്ളുവത്തിയും  തിരുവാതിരയ്ക്ക്  കൂവനൂറ്‌  കൊണ്ടുത്തരാറുള്ള  തങ്കയും   ബാല്യത്തിന്റെ  ഓർമ്മച്ചിത്രങ്ങൾ  മാത്രമായില്ലേ ?

"മീര  പണ്ടും  വളരെ  സൈലന്റായിരുന്നു . ഇന്നും  ഒരു  മാറ്റവുമില്ല ".

വളരെ  കാലത്തിനുശേഷം  കണ്ട  സുഹൃത്തുക്കളിൽ  ഒരാളുടെ  പരാമർശം .

"നിശ്ശബ്ദമായിട്ടൊഴുകുന്ന  നദിക്ക്  ആഴം  കൂടുതലായിരിക്കും ".

നേർത്തൊരു  ചിരിയോടെ  മറുപടി  പറഞ്ഞു . പക്ഷെ  മനസ്സ്  പിറുപിറുത്തു . നദിയുടെ  നിശ്ശബ്ദത  ഒരു  ആവരണം  മാത്രമാണ് . ആരും  കാണാത്ത  ചുഴികൾ , അടിയൊഴുക്കുകൾ ........... 

"അത്  ഒബ്സർവേഷനാണ് . മീര  വെറുതെ  നിൽക്കുകയല്ല ."

മറ്റൊരാളുടെ  അഭിപ്രായം . ശരിയാണ് . നിശ്ശബ്ദമായി  ഞാൻ  കാണുകയാണ് , കേൾക്കുകയാണ് , പഠിക്കുകയാണ് . മറ്റുള്ളവർക്ക്  നിസ്സാരമെന്നു  തോന്നുന്ന  പലതും  അറിഞ്ഞ്  അനുഭവിച്ച്   എന്റെ  മനസ്സിൽ  സാന്നിദ്ധ്യമുറപ്പിക്കും . മീരയെന്നും  ഇങ്ങനെയാണ് .

                                                            ചിതറിക്കിടക്കുന്ന  ഓർമ്മച്ചീളുകളെടുത്ത്   അടുക്കിക്കൊണ്ടിരിക്കുന്നത്  ഇപ്പോഴൊരു  ശീലമായിരിക്കുന്നു . അല്ലാതിപ്പോൾ   എന്ത്  ചെയ്യാൻ ?.........

                                                           മുൻവശത്ത്  ആരൊക്കെയോ  സംസാരിക്കുന്ന  ശബ്ദം . ആരോ  വന്നെന്നു  തോന്നുന്നു . ആരാണെങ്കിലും  മീരയെ  കാണണമെങ്കിൽ  മീരയുടെ  അടുത്ത്  വരട്ടെ . 

"ചേച്ചി ............. ഓഫീസിൽ  നിന്ന്  അമ്മയുടെ  ഫ്രണ്ട്സ്  വന്നിരിക്കുന്നു ".

നീലിയുടെ  ശബ്ദം . ഫ്രണ്ട്സോ ? മനസ്സൊന്നു   കുതിച്ചു . അടുത്തുവരുന്ന  കാൽപ്പെരുമാറ്റങ്ങൾ . തിരിഞ്ഞ്  നോക്കാത്തതുകൊണ്ട്  അവരെന്തുകരുതുമെന്ന്  ആശങ്കയില്ല . എന്തെങ്കിലും  കരുതട്ടെ . എനിക്കിതേ  പറ്റു . എല്ലാവരും   അടുത്തുവന്ന്  നിൽക്കുന്നുണ്ടെന്ന്  മനസ്സിലായി . പക്ഷെ  ആരുമൊന്നും  മിണ്ടാത്തതെന്താണ് ? ഞാൻ  ശ്രദ്ധിക്കാത്തതുകൊണ്ടാണോ ? അവർക്കറിയില്ലേ  ഞാൻ  ശ്രദ്ധിക്കാതെ  ശ്രദ്ധിക്കുമെന്ന് ? കാണാതെ   കാണുമെന്ന് ? 

"അച്ഛനെവിടെ ?"

അത്  മെഹറിന്റെ  ശബ്ദമാണ് .

"ഓഫീസിൽ  പോയി ".

"നിങ്ങൾക്കിന്ന്  ക്ലാസ്സില്ലേ ? "

"ഇല്ല . ഇന്ന്  ശനിയാഴ്ച്ചയല്ലേ ? "

"എല്ലാവരും  പോകുമ്പോൾ  അമ്മയുടെ  അടുത്താരാണ് ? "

" ഹോംനേഴ്സുണ്ട് ."

നിമിഷങ്ങൾ  നിശ്ശബ്ദമായി .

" ഡോക്ടർ  എന്ത്  പറഞ്ഞു ? "

ആരും  മറുപടി  പറയുന്നില്ല . എന്താണ്  നീലിയും  നവമിയും  മിണ്ടാത്തത് ? ഈ  കിടപ്പിൽ  നിന്ന്  ഇനിയൊരു  ഉയർച്ചയുണ്ടാവില്ലെന്ന്  അവർക്കറിയാമല്ലോ . പറഞ്ഞാലെന്താണ് ?

" നമ്മൾ  പറയുന്നത്  കേൾക്കാമോ ? "

 രാധികയാണെന്ന്  മനസ്സിലായി . കേൾക്കാം . കേൾക്കാം  രാധി . നീയെന്നോട്  സംസാരിക്ക് .......... മനസ്സ്  കൈകാലിട്ടടിച്ചു .

"കേൾക്കാം . പക്ഷെ  പ്രതികരിക്കില്ല ".

സ്റ്റൂൾ  വലിച്ചിട്ട്  ആരോ  കട്ടിലിനരികിലിരുന്നു .

"മീരാ ......... "

ജയകൃഷ്ണന്റെ   ശബ്ദമാണ് .

"മീരാ , നിനക്ക്  വേണ്ടി  പഞ്ചരത്നകൃതികൾ  റിക്കോഡ്‌  ചെയ്ത്  കൊണ്ടുവന്നിട്ടുണ്ട്  ഞാൻ . എന്നും  നിന്നെ  കേൾപ്പിക്കാൻ  കുട്ടികളോട്  പറയാം ".

"മീരയുടെ  ദേഹവും  ദേഹിയും  സംഗീതമാണെന്ന്   അവൾ  പറയാറുണ്ട് ."

കട്ടിലിന്റെ  ഒരത്തിരുന്നുകൊണ്ട്  രാധി  പറഞ്ഞു .

"എന്നും  പാട്ടുകേൾക്കണം . സംഗീതം  നിന്നെ  ഉയർത്തെഴുന്നേൽപ്പിക്കും  മീരാ ."

ജയന്റെ   ശബ്ദത്തിൽ  ആത്മവിശ്വാസം .

സൗഹൃദം  പൂത്തുലഞ്ഞ  ചില്ലതൻ  ചാഞ്ചാട്ടമായ് 
അരികത്തണഞ്ഞുനിന്നരുമയാം  പദനിസ്വനം ..........

മനസ്സ്   മെല്ലെ  മൂളി ............. നന്ദി  കൂട്ടുകാരാ ........... എന്റെ  മനസ്സറിഞ്ഞ് ......... ചിന്തകളറിഞ്ഞ് .......... നന്ദി .........നന്ദി .

അവരുടെ  സംസാരം  അവ്യക്തമാകുന്നത്  പോലെ ......... ഒരു  മയക്കം  ബാധിക്കുന്നുണ്ടോ ?..........

" എന്തരോ  മഹാനു  ഭാവുലൂ "..........

ബോധത്തിലേക്ക്‌  മെല്ലെ  ഒഴുകിയെത്തുന്ന  ശ്രീരാഗത്തിന്റെ  അലയൊലികൾ . ഉറങ്ങിപ്പോയോ  ഞാൻ ? ഉണരുകയാണോ  ഇപ്പോൾ ? ആവൊ . അടുത്താരുമില്ല . എല്ലാവരും  എപ്പോഴാണോ  പോയത് ! എത്രനേരം   മയങ്ങിയോ  എന്തോ .......... കുയിൽ  പാടുന്ന   ഗ്രാമവൃക്ഷം  പോലെ  മനസ്സ് ......... ഓ ! എന്തൊരു   ശാന്തി ! സംഗീതം  ഈശ്വരന്റെ  ഭാഷയാണ്‌ . ഈശ്വരചിന്തയാണ് . ഈശ്വരസാന്നിദ്ധ്യ മാണ്  . മനസ്സ്  കണ്ണടച്ചു . കൈകൂപ്പി .

" മീരാ ............."

ആരാണിത് ? രജനിയോ ? എന്റെ  പ്രിയ  സുഹൃത്ത് ..........

" മോളെ "...........

ഇതാര് ? ചെറിയച്ഛനോ ? അപ്പുറത്തുനിന്നും  എന്നെ  നോക്കിച്ചിരിക്കുന്നത്  വല്ല്യമ്മാവനല്ലേ ?

" വരൂ ".

ചെറിയച്ഛൻ  എന്റെ  നേരെ  കൈ  നീട്ടി . ഒന്ന്  ശങ്കിച്ചു . പെട്ടെന്ന്  മനസ്സിലൊരു  കാളൽ . ഇവരെല്ലാം  മരിച്ചുപോയതല്ലെ ? എന്താണിവരെല്ലാം  എന്റെ  മുന്നിൽ   വന്നു  നിൽക്കുന്നത് ?  അതോ  തോന്നലാണോ ?

" മോള്  വരൂ . നമുക്ക്  പോകാം ".

ചെറിയച്ഛൻ  കൈനീട്ടി . ആത്മാവിന്  ചിറക്  മുളക്കുന്നുണ്ടോ ? ജീവന്റെ  കിളി  ഉള്ളിൽ  വേദനയോടെ  ചിറകടിക്കുന്നുണ്ടോ ? ചെറിയച്ഛൻ  ഒരു  കൈക്കുഞ്ഞിനെയെന്നപോലെ  എന്നെ  കോരിയെടുത്ത്  തോളിലിട്ടു . പുറത്ത്   മെല്ലെ  തട്ടിക്കൊണ്ട്  മൂളി .............

" എന്തരോ  മഹാനു  ഭാവുലു ................"


                                                   *                  *                  *

 " ഇതാരാണ് "?

അഡ്മിഷൻ  രജിസ്റ്റർ  പരിശോധിക്കുകയായിരുന്ന  നവമി  മുഖമുയർത്തി . ഇന്നലെ  വന്ന  വൃദ്ധനാണ് . അയാൾ  വിരൽ  ചൂണ്ടിയിരിക്കുന്നത്  അമ്മയുടെ  ചിത്രത്തിലേക്കാണ് . 

" അത്  മീരാദേവി . എന്റെ  അമ്മയാണ് ".

" നിങ്ങളറിയുമോ  ഇവരെ ".

അയാളുടെ  ചോദ്യം  കേട്ട്  അമ്പരന്നു .

" ഇതെന്ത്‌  ചോദ്യമാണമ്മാവാ ? എന്റെ  അമ്മയെ  ഞാനറിയാതെ  വരുമോ ? "

അയാൾ  ചിരിച്ചു . അമ്മയുടെ  ചിത്രത്തിന്  മുന്നിലേക്ക്  നീങ്ങിനിന്ന്  ആ  മുഖത്തേക്ക്  സൂക്ഷിച്ചുനോക്കി . ഇന്നലെ  അയാൾ  വന്നുകയറിയത്‌  മുതൽ  ശ്രദ്ധിക്കുകയാണ് . വാർദ്ധ്യക്യം  ബാധിച്ച  ശരീരമെങ്കിലും  കണ്ണുകൾ  ഊർജ്ജസ്വലങ്ങലാണ് . ശബ്ദം  ഗാംഭീര്യമാർന്നതാണ് . ഒറ്റക്ക്  കയറിവന്ന്  ഇവിടെ  പ്രവേശനം  ചോദിച്ചത്  അതിശയമുണർത്തിയിരുന്നു . അനാഥനെന്ന്  സ്വയം  പരിചയപ്പെടുത്തിയ  അയാൾ  മറ്റൊന്നുകൂടി  പറഞ്ഞു . 

" ഇതൊരു  നിയോഗമാണ് . ഒരു  ആഗ്രഹപൂർത്തീകരണവും ".

എന്താണയാൾ  ഉദ്ദേശിച്ചതെന്ന്  മനസ്സിലായില്ല . കൂടുതൽ  പറയാൻ  അയാൾ  തയ്യാറായതുമില്ല .

" മനസ്സാം  മണ്‍വീണയിൽ  മൗനം  വീണുടഞ്ഞ് ........ എന്ന  കവിത  കുറിച്ച  മീരാദേവിയെ  നിങ്ങൾക്കറിയാമൊ ? "

അയാളുടെ  ചോദ്യം  വീണ്ടും . മനസ്സിൽ  ചെറിയൊരു  സന്ദേഹം . ആരാണയാൾ ? അമ്മയ്ക്ക്  ഒരുപാട്  സുഹൃത്തുക്കളുണ്ടായിരുന്നു . അവരിലാരെങ്കിലും ?

' മുറിയുന്ന  ഭാവനയും  എരിയുന്ന  വിങ്ങലും 
 നെഞ്ചിലെ  പൂവട്ടിയിൽ  കൊഞ്ചുന്ന] ചിന്തകളും '..........

അയാൾ  കണ്ണടച്ചുനിന്ന്  മനസ്സിലേക്ക്  നോക്കി  വായിക്കുന്നതുപോലെ  ചൊല്ലുകയാണ് , ഏതോ  കവിതയുടെ  ഈരടികൾ . ഇത്  അമ്മയെഴുതിയ  കവിതയായിരിക്കുമോ ? മനസ്സൊന്ന്  പിറകോട്ടു തിരിഞ്ഞു . അമ്മയെന്തൊക്കെയൊ  കുത്തിക്കുറിക്കുന്നത്  കണ്ടിട്ടുണ്ട് . അതെന്താണെന്ന്  ഒരിക്കൽപ്പോലും  ശ്രദ്ധിച്ചിട്ടില്ലല്ലോ  എന്നോർത്തപ്പോൾ  കുറ്റബോധം  തോന്നി .

"  'എല്ലാമറിഞ്ഞു  നീ  എന്നിലെയെന്നെയും '   എന്ന്  അമ്മയെഴുതിയത്   വെറുമൊരു  മോഹം  മാത്രമായിരുന്നില്ലേ ? ആരാണ്  അമ്മയെ  തിരിച്ചറിഞ്ഞിട്ടുള്ളത് ? നിങ്ങളറിഞ്ഞോ ? ഞങ്ങളറിഞ്ഞൊ ? "

 എന്റെ  നേരെ  തീക്ഷ്ണമായി  നോക്കിക്കൊണ്ടാണയാളുടെ  ചോദ്യം .കാലത്തിന്റെ  വിരൽചൂണ്ടൽ  പോലെ  തോന്നി  എനിക്കത് .

"ഇല്ല ......... ഇല്ല ............... ആരുമറിഞ്ഞില്ല .............. പോയി .............. എന്തൊക്കെയോ  പറയാൻ  കരുതിവച്ച്   ആരോടും  ഒന്നും  പറയാതെ  പോയി ".............

അയാൾ  പിറുപിറുത്തുകൊണ്ട്  മുറിയിലേക്ക്  പോയി . മനസ്സ്  വല്ലാതെ  അസ്വസ്ഥമായി . സത്യത്തിൽ  ജീവിച്ചിരുന്നപ്പോൾ  അമ്മയുടെ  വില  അറിഞ്ഞതേയില്ല . അച്ഛനും  അമ്മയും  കൂടി  ഒരു  വിവാഹത്തിൽ  പങ്കെടുക്കാൻ  പോയതും  കാർ  അപകടത്തിൽപ്പെട്ടതും  ഓർത്തു . വണ്ടിയോടിച്ചിരുന്ന  അച്ഛൻ  നിസ്സാരപരിക്കുക്കളോടെ  രക്ഷപ്പെട്ടെങ്കിലും  അമ്മയുടെ  പരിക്ക്  ഗുരുദരമായിരുന്നു . ഒരു  മാസത്തോളം  മരണത്തോട്  മല്ലടിച്ച്  ആശുപത്രിക്കിടക്കയിൽ . അവസാനം  ജീവൻ  തിരിച്ചുകിട്ടിയെങ്കിലും , ശരീരം  തളർന്ന്  ശയ്യാവലംബിയായിപ്പോയ  അമ്മ  കഷ്ടിച്ച്  രണ്ടാഴ്ച്ചയെ  കിടന്നുള്ളു . ആ  മരണം  സൃഷ്ടിച്ച  ശൂന്യത  വളരെ  വലുതായിരുന്നു . കൗമാരക്കാരികളായ  പെണ്‍മക്കൾക്ക്  അമ്മയുടെ  അസ്സാന്നിദ്ധ്യം  സൃഷ്ടിക്കുന്ന  അരക്ഷിതത്ത്വം  എത്ര  ഭീകരമാണെന്ന്  പതിയെ  മനസ്സിലാക്കുകയായിരുന്നു . ഒറ്റപ്പെട്ട് .......... ഉൾവലിഞ്ഞ് ........... ഞാനും  നീലിയും .............

                                                           അമ്മയുടെ  മരണം  എനിയ്ക്കും  നീലിയ്ക്കുമുണ്ടാക്കിയ  നടുക്കവും  ശൂന്യതയും  അച്ഛന്റെ  ജീവിതത്തിൽ  ഉണ്ടായിരുന്നില്ല  എന്നൊരു  തോന്നൽ  എപ്പോഴൊക്കെയോ  എന്നിൽ  അമ്പരപ്പുണ്ടാക്കിയിട്ടുണ്ട് . ഒരു  വർഷം  കഴിഞ്ഞപ്പോൾ  അച്ഛൻ  പുനർവിവാഹിതനായി . വർഷങ്ങൾ  കഴിഞ്ഞപ്പോഴും  തനിക്കും   നീലിയ്ക്കും  ഒരു  ജീവിതമായപ്പോഴും  വല്ലാത്തൊരു  മൗഢ്യം  വലയം  ചെയ്തിരുന്നു . അമ്മയുടെ  നിശ്ശബ്ദസേവനത്തിന്റെ  ആഴം ............ അതിന്റെ  പരപ്പ് .............. എല്ലാം ........ മരിച്ച  കുട്ടിയുടെ  ജാതകം  എഴുതുന്നതുപോലെ  ഞാൻ  മനസ്സിലെഴുതുകയായിരുന്നു . പൊട്ടിത്തെറിക്കാതെ  പതുങ്ങിക്കിടന്ന  ഒരു  രോഷാകുലവ്യക്തിത്വമായിരുന്നു  അമ്മയ്ക്കെന്ന്  പലപ്പോഴും  തോന്നിയിട്ടുണ്ട് . ഒളിച്ചുവച്ച  ആ  രോഷം  ആരോടായിരുന്നു , എന്തിനായിരുന്നു  എന്നിപ്പോഴും  അറിയില്ല .

"എന്നെ  നിങ്ങൾക്ക്  ചൂണ്ടിക്കാണിച്ചുതരാൻ  മൂന്നാമതൊരാൾ  വേണ്ടിവരും  മക്കളെ ".

അമ്മയൊരിയ്ക്കൽ  തമാശരൂപത്തിൽ  പറഞ്ഞതോർത്തു . അന്നത്  ചിരിച്ചുതള്ളി . പക്ഷെ  അതിന്റെ  അർത്ഥവ്യാപ്തി  അത്ര  ചെറുതായിരുന്നില്ല  എന്ന്  ആ  വൃദ്ധന്റെ  സംസാരം  കേൾക്കുമ്പോൾ  തോന്നുന്നു . അയാൾ  വാക്കുകളെടുത്ത്  ആഞ്ഞെറിയുകയാണ് .

"മാഡം , നാളെ  ഡോക്ടർ  വരും ".

മാനേജരുടെ  ശബ്ദം  കേട്ടപ്പോൾ  മനസ്സ്  ചിന്തകളിൽ  നിന്നും  പിൻവാങ്ങി . ആഴ്ച്ചയിലൊരിക്കൽ  ഡോക്ടർ  വന്ന്  എല്ലാവരേയും  പരിശോധിക്കാറുണ്ട് . പിറ്റേന്നത്തേക്കുള്ള  കാര്യങ്ങളെല്ലാം  അയാളെ  പറഞ്ഞേൽപ്പിച്ച്  പോകാനിറങ്ങി . വീട്ടിലേക്ക്  കാറോടിക്കുമ്പോൾ  സ്കൂളിൽ  നിന്നും  വന്നു  കാത്തിരിക്കുന്ന  കുട്ടികളെക്കുറിച്ചൊ  ജോലികഴിഞ്ഞെത്തുന്ന  ഭർത്താവിനെക്കുറിച്ചൊ  അല്ല  ഓർത്തത് . എണ്‍പതുകാരനായ  അച്ഛനെയും  ചെറിയമ്മയേയും  ഓർത്തില്ല . നെഞ്ചിൽ  കനൽപ്പൂക്കളും  പേറി  ഒറ്റക്കുനിൽക്കുന്ന  പ്ലാശുമരമായിരുന്നു  മനസ്സിൽ . പിറ്റേന്ന്  ഭർത്താവും  കുട്ടികളും  പോയിക്കഴിഞ്ഞ്  ജോലികളെല്ലാം  ഒതുക്കി  മീരാവന്ദനത്തിലേക്ക്  പുറപ്പെടുമ്പോൾ , എന്താണെന്നറിയില്ല , ആ  വൃദ്ധനായിരുന്നു  മനസ്സ്  നിറയെ . അവിടെത്തിയ  ഉടനെ  അയാളുടെ  മുറിയിലേക്കാണ്‌  പോയത് . വാതിൽ  ചാരിയിട്ടിരിക്കുകയായിരുന്നു . ഉള്ളിൽ  മറ്റാരുമുണ്ടായിരുന്നില്ല . മേശമേൽ  തലചായ്ച്ച്  അയാൾ  ഉറങ്ങുന്നുണ്ട് . തുറന്നുവച്ച  ഒരു  ഡയറിയും  പേനയുമുണ്ടായിരുന്നു  അടുത്ത് . എഴുതുന്നതിനിടയിൽ  ഉറങ്ങിപ്പോയതാവാം . വെറുതെ  ഒരു  കൗതുകത്തിന്  ഡയറിയിലേക്ക്  നോക്കി . വടിവൊത്ത  അക്ഷരങ്ങളിലൂടെ  കണ്ണുകൾ  നീങ്ങി . 

"മീരാ ! ഞാനിവിടെയെത്തി  കേട്ടോ . എവിടെയാണെന്നോ ? നമ്മുടെ  സ്വപ്നസാമ്രാജ്യത്തിൽ . നിന്റെ  വലിയ  സ്വപ്നം - അല്ല  നമ്മുടെയെല്ലാവരുടെയും  സ്വപ്നം . നിന്റെ  മക്കൾ  സാക്ഷാത്കരിച്ചു . ഒരു  അനാഥാശ്രമം  തുടങ്ങണമെന്നും  ജീവിതസന്ധ്യയിൽ  നമുക്കെല്ലാവർക്കും  അവിടെ  ഒത്തുകൂടണമെന്നും  നമ്മൾ  കുറെ  സുഹൃത്തുകൾ  കൂടിയിരുന്ന്  സ്വപ്‌നങ്ങൾ  നെയ്തത്  നീ  മറന്നോ ? എല്ലാം  മറന്നുവച്ച്  നീ  നേരത്തെ  അങ്ങുപോയി . പിറകെപ്പിറകെ  എല്ലാവരും  ആ  ആഗ്രഹപൂർത്തീകരണത്തിന്  വേണ്ടിയാണോ  എന്നെ  മാത്രം  ബാക്കിവച്ചത് ? ങാ ! നടക്കട്ടെ . ഞാനിങ്ങോട്ട്‌  പോന്നത്  എന്റെ  മക്കൾക്ക്  ഒട്ടും  ഇഷ്ടമായില്ല . പക്ഷെ  അവരുടെ  അമ്മയുടെ  മരണം  എനിക്ക്  തന്ന  ഏകാന്തത  അസ്സഹനീയം . ഇവിടെ  വന്നപ്പോൾ  വല്ലാത്തൊരു  ശാന്തി .

                                                      പിന്നെ , നീയറിഞ്ഞോ ? ഈ  അനാഥാശ്രമത്തിന്    ' മീരാവന്ദനം  '    എന്നാണ്  പേരിട്ടിരിക്കുന്നത് . അതേതായാലും  നന്നായി . ഒരു  മരണാനന്തര  ബഹുമതി . അല്ലെ  മീരാ ? നിന്റെ  ഓർമ്മക്കാണത്രെ . വേറൊരു  വിശേഷം . നാളെ  നിന്റെ  ചരമവാർഷികമാണത്രെ . രണ്ടുമൂന്ന്  അനാഥാലയങ്ങളിൽ  നിന്റെ  പേരിൽ  അന്നദാനമുണ്ട്  പോലും . കേട്ടപ്പോൾ  പുച്ഛം  തോന്നി . പ്രഹസനം  എന്ന്  അലറിവിളിക്കാൻ  തോന്നി . വെച്ചും  വിളമ്പിയും  ജോലികൾ  ചെയ്തും  ഇവരുടെയൊക്കെയിടയിൽ  ഒരിക്കൽ  നീയുണ്ടായിരുന്നു . പക്ഷെ  ആരും  നിന്നെ  കണ്ടതുമില്ല , അറിഞ്ഞതുമില്ല , നിന്റെ  സാന്നിദ്ധ്യം  വിലമതിക്കപ്പെട്ടതുമില്ല . എന്നിട്ടിപ്പോൾ ..............

                                                      ഓ ! ഒന്ന്  ചോദിക്കാൻ  മറന്നു . നിന്റെ  ഭർത്താവിന്  മറ്റൊരു   സ്ത്രീയുമായി  അടുപ്പമുണ്ടെന്നും  അവരെ  ജീവിതത്തിലേക്ക്  കൂട്ടാൻ  വേണ്ടി  നിന്നെ  ഏതുരീതിയിലും  ഒഴിവാക്കാൻ  ശ്രമിക്കുമെന്നും  ഒരിക്കൽ  നീ  പറഞ്ഞിരുന്നു . അന്നെല്ലാവരും  അത്  തമാശയായി  തള്ളി . പക്ഷെ ............. പക്ഷെ  എനിക്കിപ്പോൾ  വല്ലാത്തൊരു  സംശയം . നിന്റെ  ജീവനെടുത്ത  ആ  അപകടം ............... അത് ........... അത് ............. മീരാ ! നിന്റെ  ഭർത്താവിന്റെ  കയ്യിൽ  രക്തക്കറയുണ്ടാകുമോ ? അയാളത്  മനപ്പൂർവ്വം ............................................................

                                                          പെട്ടെന്ന് അപ്രതീക്ഷിതമായതെന്തോ കേട്ടതുപോലെ മനസ്സ് ജാഗരൂകമായി.അഹിതമായ ഏതോ ഒരു ചിന്ത വല്ലാത്തൊരു നടുക്കം സമ്മാനിച്ചു.ഡയറിയിലേക്ക് തുറിച്ചുനോക്കവേ അക്ഷരങ്ങൾ വളരെ വികൃതമായിത്തോന്നി.അതെന്റെനേരെ ആർത്തട്ടഹസിക്കുന്നതായും അതിന്റെ പ്രകമ്പനത്തിൽ ഏതൊക്കെയോ വിഗ്രഹങ്ങൾ തകർന്നുവീഴുന്നതായും തോന്നി.പെട്ടെന്ന് ഏതോ ഉൾപ്രേരണയിൽ അദ്ദേഹത്തെ തൊട്ടുവിളിച്ചു.ഞെട്ടിയുണർന്ന അദ്ദേഹം എന്റെ മുഖത്തേക്കും ഡയറിയിലേയ്ക്കും മാറിമാറി നോക്കി.എന്റെ കണ്ണുകളിലെ പകപ്പ് കണ്ടിട്ടാവണം അദ്ദേഹത്തിന്റെ നോട്ടത്തിൽ കാരുണ്യം നിറഞ്ഞു.

"വായിച്ചു . അല്ലേ?"

വാത്സല്യമായിരുന്നു സ്വരത്തിൽ. തളർച്ചയോടെ  ഞാൻ  ചോദിച്ചു. 

"താങ്കൾ  ആരാണ്?"

"ഞാനോ? ഞാനെന്നൊരു വ്യക്തിയില്ല  കുട്ടി. ഞങ്ങൾ. ഞങ്ങൾ  മാത്രമേയുള്ളു,. ഒരേ  കളരിയിൽ പഠിച്ച് , ഒരേ ഓലയിൽ  നാരായം കൊണ്ടെഴുതി  , ഒരേ  കുടുക്കയിൽ  മണൽ  വാരി  നിറച്ച് ..............ഞങ്ങളുടെ  സൗഹൃദത്തിന് 

എന്ത്  വിശദീകരണം  തന്നാലും അത്  അധികമാവില്ല . ഒരേ  ഗൃഹത്തിൽ  നിന്നും പൊട്ടിത്തെറിച്ച്മാറി 

ജ്വലിച്ചുനിന്ന  നക്ഷത്രച്ചില്ലുകളായിരുന്നു മോളെ  ഞങ്ങളെല്ലാം  .എല്ലാവരും പരസ്പ്പരം  ആരായിരുന്നു  

എന്നതിനേക്കാൾ  ആരാണ്  അല്ലാതിരുന്നത്  എന്ന് പറയുകയാവും  എളുപ്പം ."

                                                   

                                                 അദ്ദേഹം  എഴുന്നേറ്റുവന്ന് തോളിൽ  കൈവച്ചു.

"നീ  വിഷമിയ്ക്കണ്ട . മീരയുടെ  മകൾ  ഞങ്ങൾക്ക്  ഞങ്ങളുടെ  മകൾ തന്നെയാണ് .ഒന്നും  വേദനിപ്പിയ്ക്കാൻ  

പറഞ്ഞതല്ല. പക്ഷേ  അവൾക്കുവേണ്ടി  ഈ ലോകത്തിന്  നേരെ ഒന്ന്  വിരൽ  ചൂണ്ടുക  എന്നത്  എന്റെയൊരു  

നിയോഗമായിരുന്നിരിയ്ക്കാം. അത്രയെങ്കിലും  ഞാൻ ചെയ്യണം  കുട്ടി. "

എന്റെ  കണ്ണുകൾ  നിറഞ്ഞു. രണ്ടു  തുള്ളി  കണ്ണുനീർ  താഴോട്ടടർന്നു . അദ്ദേഹം  എന്റെ  തലയിൽ  മെല്ലെ  തലോടി .

"നന്നായി  മോളെ. ഇപ്പോഴാണ്  നീ  അമ്മയെ  അറിഞ്ഞത് . ഈ  രണ്ടുതുള്ളി  കണ്ണുനീർ . ഇതാണ്  നീ  അമ്മയ്ക്ക്  

ആദ്യമായി  കൊടുത്ത  ഉപഹാരം."

ആ  കണ്ണുകളും  നിറഞ്ഞു. എന്റെ  കണ്ണുനീർ തുടച്ച്   കവിളിൽ  മെല്ലെയൊന്ന്  തട്ടിക്കൊണ്ട്  അദ്ദേഹം  പറഞ്ഞു .

"പൊയ്ക്കൊള്ളു. ഈ  ഡയറിയുടെ  കാര്യം  മറന്നുകളയണം . ഇതെന്നോടൊപ്പം  മണ്ണടിയാനുള്ള  ഒരു  

രഹസ്യമാവട്ടെ."

ആ  പേജുകൾ  അദ്ദേഹം  വലിച്ചുകീറിയെടുത്ത്  കഷണങ്ങളാക്കി  ജനലിലൂടെ  പുറത്തെക്കെറിഞ്ഞു . 

                                           മനസ്സ്  വല്ലാതെ  വിങ്ങി . ഒന്നുറക്കെ  കരയാനാണ്  തോന്നിയത് . ഒറ്റയ്ക്ക്  നിന്ന്  

കത്തിയെരിയുന്ന  തീനാളം  പോലെ  എന്റെ  ................... എന്റെ  പാവം  അമ്മ ..................

                                                  പതറിയ  കാൽവെയ്പ്പുകളോടെ  തിരിഞ്ഞുനടന്നു. തളർച്ചയോടെ  കസേരയിലേക്ക്  വീണു . ഇനിയെന്നും  രക്തക്കറ പുരണ്ട   രണ്ട്  കൈകൾ  ഉറക്കത്തിൽ  വന്നെന്നെ  ഭയപ്പെടുത്തുമെന്ന  ഓർമ്മയിൽ  ഉൾക്കിടിലത്തോടെ  കണ്ണുകൾ  ഉറക്കത്തിൽ  വന്നെന്നെ  ഭയപ്പെടുത്തുമെന്നെ  ഒർമ്മയിൽ  കണ്ണുകൾ ഇറുക്കിയടച്ചു . വൈകീട്ട്  അവിടുത്തെ  അന്തേവാസികൾ  കണ്ടത്  ആ  വൃദ്ധന്റെ  അടഞ്ഞ  കണ്ണുകളിലേക്ക്  വരിയിടുന്ന  ഉറുമ്പുകളെയായിരുന്നു . അവയ്ക്ക്മരണത്തിന്റെ  നൃത്തച്ചുവടുകളായിരുന്നു .........................                                                        .  


                                                   

                                                 


2013, ജൂലൈ 18, വ്യാഴാഴ്‌ച

പറയാൻ മറന്നതും അറിയാൻ മറന്നതും .

2 അഭിപ്രായ(ങ്ങള്‍)
പറയാൻ  മറന്നതും  അറിയാൻ  മറന്നതും .  

 - ശിവനന്ദ                                      

ഒരുവട്ടമെങ്കിലുമെന്തേ  വിളിച്ചീല 
ഒരുവാക്കുപോലുമെന്തേ  പറഞ്ഞീല ?
മാനത്തെയമ്പിളിയല്ല  ഞാൻ  നക്ഷത്രക്കുഞ്ഞുമല്ല ,
പാടവരമ്പത്താരും  തഴുകാതെ 
പുഞ്ചക്കാറ്റേറ്റുനിന്ന  പാവം  കാക്കച്ചെടി ......
പറിച്ചെടുത്തുനിൻ  മനസ്സിൻ  മലർവാടിയിൽ 
വേരുപിടിപ്പിക്കാൻ  നോക്കാഞ്ഞതെന്തേ ?
എള്ളോളം  സ്നേഹനീരും  കടുകോളം  കരുതലും 
തന്നുനീയെങ്കിൽ  തഴച്ചുവളർന്നുഞ്ഞാൻ 
തരുമായിരുന്നോരായിരം  സ്നേഹപ്പൂക്കൾ !
പാടവരമ്പത്തൂടങ്ങോളമിങ്ങോളം 
ആയിരംവട്ടം  നീ  നടന്നതല്ലേ 
എന്തേ  നീയെന്നെ  കാണാതെപോയി ?
മിന്നും  നിറങ്ങളും  പൊന്നിൻ  ചില്ലകളും 
ഇല്ലാതിരുന്നതോ  കുറവായ്ക്കണ്ടുനീ ?
എന്നോ  മാഞ്ഞുപോയ  മാരിവില്ലിനെച്ചൊല്ലി 
മാനത്തോടുകലഹിക്കും  കുഞ്ഞായിരുന്നെന്നുംഞ്ഞാൻ ..........
ഒടുവിലണഞ്ഞുനീയാ  ലതാനികുഞ്ജത്തിൽ 
ഏതോ  ഓർമ്മയിൽപ്പൂത്ത  കാക്കപ്പൂവിനെത്തേടി 
സ്നേഹത്തിൻ  നീലവർണ്ണം  ദേഹത്തണിഞ്ഞുഞാ -
നേതോ  അത്തക്കളത്തിൽ  പൂവായ്  വീണുപോയി 
വെയിലിൽക്കരിഞ്ഞുപോയ  പാവം  കാക്കച്ചെടിയും 
ഇനിയാ  വരമ്പത്ത്  കണ്ണുനട്ടിട്ടെന്തിനാ -
ണൊരുപാട്  വൈകിയില്ലേ , സ്വപ്നം  വിദൂരമായ് ...........
എങ്കിലുമോർമ്മിക്കാം  ഓർമ്മയെ  താലോലിക്കാം 
ഒരു  കുടന്ന  സ്നേഹവുമുള്ളിൽ  കരുതിവയ്ക്കാം 
വീണ്ടുമൊരു  ജന്മം  ചെടിയായ്  ജനിച്ചാലോ ........
വീണ്ടുമാവരമ്പത്ത്  പൂവായ്  വിരിഞ്ഞാലോ ?
ഇഷ്ടമെങ്കിൽ  വളരാം  ഞാനന്നുനിൻ  
നന്ദനോദ്യാനത്തിലരുമയായ് 
ഉദ്യാനപാലകനായ്  വന്നുനീയെന്നെ  
സ്നേഹിച്ചോമനിച്ച്  പുണരുമെങ്കിൽ ..................

                                        _________________________


 
Copyright © .