2018, ജൂൺ 24, ഞായറാഴ്‌ച

നിറഞ്ഞ സ്നേഹത്തിന്റെ നേര്യതിന്‍തുമ്പ്.

23 അഭിപ്രായ(ങ്ങള്‍)
ഒരിക്കല്‍ ഒരു സുഹൃത്ത് ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന    രീതിയില്‍ എന്നോട് സംസാരിച്ചപ്പോള്‍ , വളരെ നിശിതമായ ഭാഷയില്‍ ഞാനതിന് മറുപടി കൊടുക്കുകയും ഒരു വര്‍ഷത്തോളം ആ സൗഹൃദത്തില്‍നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. പിറ്റേ വര്‍ഷം ജനുവരി ഒന്നിന് ഞാന്‍ ആ സുഹൃത്തിനെ വിളിച്ച് പുതുവര്‍ഷം ആശംസിച്ചു. അങ്ങനെ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞങ്ങള്‍ അല്‍പനേരം   സംസാരിച്ചു.  പിന്നീട് മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ഞങ്ങള്‍ കുറെ സുഹൃത്തുക്കള്‍ ഒത്തുകൂടെണ്ട ഒരവസരം വന്നു. അന്ന് ഇതേ സുഹൃത്ത് അല്പം അകലം പാലിച്ച് മാറി  നില്‍ക്കുന്നത് കണ്ട് ഞാന്‍ കൈ കാണിച്ചു വിളിച്ചു. ആ വിളി കാത്ത് നിന്നതുപോലെ ചങ്ങാതി അടുത്തേയ്ക്ക് വന്നു.  പിന്നീടൊരു സന്ദര്‍ഭത്തില്‍ ഈ സുഹൃത്ത് എന്നോട് പറഞ്ഞു ,  'അന്ന് എന്റെ മനസ്സില്‍ അല്പം അകല്‍ച്ച ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു.   ശിവ എന്നെ കൈ കാണിച്ച് വിളിച്ചില്ലേ ? അവിടെ തീര്‍ന്നു ആ അകലം. '   എന്ന് !   

സ്നേഹത്തിന്റെ കടലിളകിയ നിമിഷങ്ങള്‍..

ഒരിയ്ക്കല്‍ ഒരു  സുഹൃത്ത് അത്യന്തം  പ്രതിസന്ധികളില്‍ പെട്ട് ഉഴലുന്ന ഒരു സാഹചര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ഇത്രമാത്രം പറഞ്ഞു...  ' ധൈര്യമായിരിയ്ക്കണം.. എല്ലാവരും കൂടെയുണ്ട്. '

തിരക്കിലായിരുന്ന അദ്ദേഹത്തെ കൂടുതല്‍ ബുദ്ധിമുട്ടിയ്ക്കണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. ഫോണ്‍ കട്ട് ചെയ്തു.  അടുത്ത നിമിഷം തിരികെ കോള്‍ വന്നു. അദ്ദേഹം ഇത്രമാത്രം പറഞ്ഞു...  'ഇപ്പൊ ഈ കോള്‍ എനിയ്ക്ക് അത്യാവശ്യമായിരുന്നു ശിവ..'

സ്നേഹത്തിന്റെ കടലിരമ്പം...

ഒരിയ്ക്കല്‍ ഒരു സുഹൃത്തിന്റെ മകള്‍ സുഖമില്ലാതെ കിടന്നപ്പോള്‍ അവളെ കാണുവാന്‍ പോയി ഞാന്‍. സുഹൃത്തിന്റെ ഭാര്യയുമായിട്ടാണ് എനിയ്ക്ക് കൂടുതല്‍ കൂട്ട്. അതെപ്പോഴും അങ്ങനെയാണ്. പുരുഷസുഹൃത്തുക്കളുടെ ഭാര്യമാരോട്  നല്ലൊരു ബന്ധം സൂക്ഷിയ്ക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ഞാന്‍ ആ സുഹൃത്തുമായി സൗഹൃദം തുടരുകയുള്ളൂ.  എന്റെ എല്ലാ പുരുഷസുഹൃത്തുക്കളുടെയും ഭാര്യമാരുമായി വളരെ അടുപ്പമാണ് എനിയ്ക്ക്. ഒരുപക്ഷെ ചങ്ങാതിയെക്കാള്‍ കൂട്ടാകും അവരുടെ ഭാര്യമാരുമായി.  അല്‍പനേരം അവിടെ ചിലവഴിച്ചു.  ഭക്ഷണം കഴിച്ചു.  ഭക്ഷണം കഴിഞ്ഞു കൈ കഴുകി , അവിടെയിട്ടിരുന്ന ടൌവ്വലില്‍ തുടയ്ക്കാതെ  സുഹൃത്തിന്റെ ഭാര്യയുടെ ഷോളിന്റെ തുമ്പില്‍ കൈ തുടച്ചു. 

എന്റെ സ്വഭാവം അറിയാവുന്ന സുഹൃത്ത് ചിരിച്ചു മറിഞ്ഞു ചോദിച്ചു ,  ശിവ എന്താ ടൌവല്‍ യൂസ് ചെയ്യാതിരുന്നത് '   എന്ന്.   ഞാന്‍ പറഞ്ഞു   ' അതറിയില്ലേ ? സാരിയുടെയും ഷാളിന്റെയുമൊക്കെ തുമ്പില്‍ സ്നേഹം സൂക്ഷിച്ചിട്ടുണ്ട് , അത് ടൌവലില്‍ ഉണ്ടാവില്ല '   എന്ന്.   സുഹൃത്തിന് പിന്നെയും ചിരിയടക്കാനായില്ല.  അദ്ദേഹം പറഞ്ഞു,   'അതിനു അതവള്‍ക്ക് മനസ്സിലായാലല്ലേ ഉള്ളൂ ? അവളിപ്പോ കരുതിക്കാണും  ,  ശിവ ഏത് പട്ടിക്കാട്ടില്‍ നിന്നാണോ വരുന്നേ , ടൌവല്‍ ഇട്ടിട്ടു അതില്‍ തുടയ്ക്കാതെ എന്റെ ഷാള്‍ മുഴുവന്‍ തുടച്ചു വൃത്തികേടാക്കി  എന്ന്'  .

സുഹൃത്തിന്റെ ഭാര്യ എന്നെ ചേര്‍ത്തു പിടിച്ചു ഭര്‍ത്താവിനെ ശകാരിച്ചു.  'പിന്നെ.. ചുമ്മാ ഓരോന്ന് ഓരോന്ന് പറഞ്ഞോളും. ഞാന്‍ എന്റെ വീട്ടില്‍ ചെന്നാല്‍ എന്റെ അമ്മേടെ സാരീടെ തുമ്പിലല്ലാതെ മുഖം തുടയ്ക്കുകയെ ഇല്ല '   എന്ന്..

സ്നേഹത്തിന്‍റെ തിരയിളക്കങ്ങള്‍...

അതങ്ങനെയാണ് .  സ്നേഹം അറിയാനും പറയാനും ഒരുപാട് കാലമൊന്നും വേണ്ട.  ഒരുപാട് കാലം ശ്രമിച്ചാലും അത് സാധിയ്ക്കണമെന്നുമില്ല.  ഒരു വാക്കില്‍ ...  ഒരു നോക്കില്‍ പറയാതെ പറയാം സ്നേഹം..  അത് തിരിച്ചറിയാനുള്ള മനസ്സുണ്ടാകണം എന്നുമാത്രം. അതാണ്‌ ഞാനെഴുതിവച്ചത് ഇങ്ങനെ..

നിനക്ക് കൈ  കഴുകിത്തുടയ്ക്കാനൊരു 
നിറഞ്ഞ സ്നേഹത്തിന്‍റെ നേര്യതിന്‍ 
തുമ്പ് മാത്രം കരുതി ഞാന്‍...

സ്നേഹം പറയാന്‍ ഇതിനപ്പുറം എനിയ്ക്കൊരു ഭാഷയില്ല. കരുതിവയ്ക്കാന്‍ ഇതിനപ്പുറം ഒരു സമ്മാനവുമില്ല..

2018, ജൂൺ 17, ഞായറാഴ്‌ച

അച്ഛനെന്റെ മനസ്സിലെഴുതിയത്...

12 അഭിപ്രായ(ങ്ങള്‍)
അച്ഛൻ എൻ്റെ  മനസ്സിലെഴുതിയത് ..
--------------------------------------------------------

അച്ഛൻ  എന്ന പദത്തിന്റെ  പരമ്പരാഗത നിർവ്വചനത്തിനപ്പുറം ,  മനുഷ്യൻ  എന്ന  മഹാസത്യത്തിൽ  എന്നും  നിലകൊണ്ട  അച്ഛനെ ,  ചിന്നിച്ചിതറിപ്പോയ  വാക്കുകൾ  പെറുക്കിയടുക്കി  തൊട്ടു തഴുകുകയാണെന്റെ  മനസ്സ്..

എന്റെ  മനസ്സിലൂടെ  അദ്ദേഹം  യാത്ര  ചെയ്യുമ്പോൾ ,  അച്ഛനെന്ന  വിശിഷ്ടാതിഥിയെ ,  വാതിലിന്റെ മറവിൽ നിന്ന്  നാണത്തോടെ ഒളിഞ്ഞുനോക്കുന്ന  ഞാനെന്ന  കുട്ടിയുടുപ്പ്കാരി  മുതൽ ,  അയല്പക്കങ്ങളിലെ  പാവപ്പെട്ട  കുട്ടികളെ വിളിച്ചൊപ്പമിരുത്തി  ഭക്ഷണം  പങ്കുവച്ചതും ,  പോലീസിൽ നിന്നും രക്ഷിയ്ക്കാൻ അച്ഛനെ പനമ്പിനുള്ളിൽ  വച്ച്  തെറുത്തുകെട്ടി  വരാന്തയിലെ മൂലയിൽ ചാരിവച്ച കുറുമ്പ  എന്ന വൃദ്ധസ്ത്രീയെ   സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ചതും ,   ഒരുപാട് മിശ്രവിവാഹങ്ങൾ നടത്തിക്കൊടുത്തതും ,  അവർക്ക് അഭയം കൊടുത്തതും ,  കുടുംബത്തേക്കാൾ അധികം  പ്രസ്ഥാനത്തെ  സ്നേഹിച്ചതും ,  അതുകൊണ്ടുതന്നെ  സനാഥയായിരിയ്ക്കേണ്ട  ഒരുപാട് സന്ദർഭങ്ങളിൽ  അനാഥയായിപ്പോയ  ഞങ്ങളുടെ  അമ്മ  , നോവിന്റെ  തീക്കടൽ  എത്രയോ  നീന്തിക്കടന്നതും ,  സ്വന്തം  മക്കളുടെ  ആവശ്യങ്ങൾ  മാറ്റിവച്ച്,   മറ്റുള്ളവരുടെ  ആവശ്യങ്ങൾ  നിറവേറ്റികൊടുക്കുമ്പോൾ  മക്കളുടെ  അപക്വമായ  മനസ്സ്  കുറുമ്പ്  ചിന്തിച്ചതും ,  പിന്നീട്  ചിന്തിച്ചപ്പോൾ  അച്ഛൻ  വലിയൊരു  ശരിയായിരുന്നെന്ന്  തോന്നിയതുമെല്ലാമെല്ലാം  ഓർമ്മകളായി  നുള്ളിയെടുത്ത്  ഇവിടെ  നിരത്തുമ്പോൾ ,  പറഞ്ഞു പറഞ്ഞ്  വക്കും  മൂലയും  പോയി  തേഞ്ഞുരഞ്ഞ്  പോകുന്നുണ്ട്  എന്റെ  വാക്കുകള്‍ ..

ഓർമ്മകളുടെ വഴിയേ തിരിച്ചുനടക്കുമ്പോൾ ,  തീരാത്ത കാര്യങ്ങളുണ്ട്  പറയാൻ... എന്നാൽ  വാക്കുകൾക്ക് പാതിവഴിയിൽ ശക്തിക്ഷയം സംഭവിയ്ക്കുന്നു...  "അച്ഛൻ ഉണ്ടായിരുന്നപ്പോൾ എഴുതിയതുപോലെ ഇപ്പോൾ എഴുതാൻ കഴിയുന്നില്ല "    എന്ന്  എന്റെ സഹോദരൻ പറഞ്ഞതും ഇതുതന്നെയാണ്..  എഴുതാനിരുന്നപ്പോൾ  ഭാഷ പോലും  ഞാൻ മറന്നുപോയിരിയ്ക്കുന്നു....

 പുസ്തകങ്ങളുടെ  മഹാസാഗരം  ചൂണ്ടിക്കാട്ടി ,  വായിച്ചു വളരാൻ  പറഞ്ഞും ,   ചിന്തകളുടെ    ആകാശം ചൂണ്ടിക്കാട്ടി ,  ഉയർന്നു പറക്കാൻ  പറഞ്ഞും ,   അക്ഷരവഴികളും  ചിന്താവഴികളും അച്ഛൻ ഞങ്ങളെ കാണിച്ചുതന്നതാണ്.   എന്നാലിപ്പോൾ  എല്ലാമൊരു  പുകമറ കൊണ്ട്  മൂടിപ്പോയിരിയ്ക്കുന്നു...  ചിതറിത്തെറിച്ചുപോയ  ചിന്തകളിലൂടെ  ഇഴഞ്ഞും  വലിഞ്ഞും  ഞാൻ വീണ്ടും  യാത്രയാവുകയാണ്....


സമരചരിതങ്ങൾ  ഉറക്കുപാട്ടായും   സമരഗീതികൾ  ഉണർത്തുപാട്ടായും  വർത്തിച്ച   വിപ്ലവഗ്രാമത്തിന്റെ  നാട്ടിടവഴികളിലൂടെ  നടക്കുമ്പോൾ ,   അവിടെ  അച്ഛൻ  പതിച്ചുപോയ  കാൽപ്പാടുകളുണ്ട്....  തോട്ടിറമ്പിൽ നിന്നും  കൈതപ്പൂവ്  പറിച്ചുതന്ന  അച്ഛന്റെ  സ്നേഹമുണ്ട്...  എനിയ്ക്ക്  കുഞ്ഞു പ്രായത്തിൽ  ഉണ്ടായൊരു  ബസ്സപകടത്തിൽ , ഞാൻ മരിച്ചുപോയി  എന്നൊരു  ശ്രുതി പരന്നപ്പോൾ  നെഞ്ച് പൊട്ടി  നിലവിളിച്ച  അച്ഛന്റെ വേദനയുണ്ട്...  കോളേജ് തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിയ്ക്കണമെന്ന്  തീരുമാനിച്ച് ,  എന്റെ അറിവും  സമ്മതവുമില്ലാതെ യുവസഖാക്കൾ  നോമിനേഷൻ കൊടുത്തത് ഇഷ്ടമാകാതെ ,  ഞാൻ ആരുടേയും അനുവാദം ചോദിയ്ക്കാതെ നോമിനേഷൻ  കാൻസൽ  ചെയ്തതും,  സഖാക്കൾ അച്ഛനോട് പരാതി  പറഞ്ഞതും,  അച്ഛനെന്നെ ശകാരിയ്ക്കുമെന്നു കരുതി ഞാൻ  ഭയപ്പെട്ടു നിന്നതുമായ  ഓർമ്മകളുണ്ട്....   "അവൾക്കിഷ്ടമല്ലാത്ത  കാര്യത്തിന്  നിർബന്ധിയ്ക്കണ്ട,  മനസ്സോടെ  ചെയ്താലേ അതിന് നല്ല റിസൽറ്റ്  ഉണ്ടാവൂ"     എന്ന് പറഞ്ഞു അച്ഛൻ സഖാക്കളെ മടക്കി അയച്ച്   എന്നെ അതിശയിപ്പിച്ച  ഓർമ്മകളുണ്ട്...

  അമ്മയെന്നെ പഠിപ്പിച്ച   ' എങ്ങനെ  നീ  മറക്കും  കുയിലേ  '  ആണോ  ,  അതോ  അച്ഛൻ  പഠിപ്പിച്ച  ദേശീയഗാനമാണോ  മുന്നിൽ  എന്ന്  ചോദിച്ചാൽ  എനിയ്ക്ക്  മറുപടിയില്ല.  മലയാളം  വാക്കുകൾ  സ്ഫുടമായി പറയാതിരുന്നതിന്,  പുളിയുടെ  വടിയൊടിച്ച്  അമ്മയെന്നെ അടിച്ചതാണോ  അതോ  തർക്കുത്തരം   പറഞ്ഞതിന്,   ഒരു  കുഞ്ഞു  വാഴവള്ളിയെടുത്ത്  അച്ഛൻ  അടിച്ചതാണോ  കൂടുതൽ  വേദനിച്ചതെന്നു ചോദിച്ചാലെനിയ്ക്ക്   മറുപടിയുണ്ട്.  അമ്മ  അടിച്ചത്  കാലിൽ  ചുവന്ന് തിണർത്ത്  കിടന്നു.  അച്ഛൻ അടിച്ചത്  ദേഹത്ത്  കൊണ്ടതെയില്ല .  വെറും  വാഴവള്ളിയല്ലേ .  കുട്ടിയുടുപ്പിൽത്തട്ടി   അത്  തെറിച്ചുപോയി.  പക്ഷെ .  എനിയ്ക്ക്   ഒരുപാട്   നൊന്തത്   അച്ഛൻ അടിച്ചതാണ്.  സങ്കടം  വന്നിട്ട്  ഞാനന്നൊരു    കണ്ണീർപ്രളയം  തന്നെ  സൃഷ്ടിച്ചു. ..........         .അച്ഛന്റെ  ആദ്യത്തേയും   അവസാനത്തേയും   അടിയായിരുന്നു  അത്.

നുള്ളിനോവിയ്ക്കാതെ ,   നിബന്ധനകൾ  വയ്ക്കാതെ ,  സമൂഹത്തിന്   നേരെ   കണ്ണാടി പിടിച്ചുതന്ന  അച്ഛൻ ...  ജാതിയ്ക്കും  മതത്തിനും  ,  വലിപ്പച്ചെറുപ്പത്തിനും  അതീതമായി  മനുഷ്യനെ  കാണാൻ   പഠിപ്പിച്ച  അച്ഛൻ ...  അദ്ദേഹം   തന്നത്  ഒരിയ്ക്കലും തകർക്കാനാവാത്ത  സ്വതന്ത്രചിന്തകൾ . 

കലയേയും സാഹിത്യത്തേയും  പ്രോത്സാഹിപ്പിച്ച  അച്ഛന്‍ , വീണുകിട്ടുന്ന  ഇത്തിരി  സമയങ്ങളില്‍ , അക്ഷരവഴിയിലും സംഗീതവഴിയിലുമൊക്കെ  മക്കളേയും പ്രോത്സാഹിപ്പിച്ചു .   കെ.പി.എ.സി  യുടെ നാടകങ്ങള്‍ ഉള്‍പ്പെടെ  അടുത്ത പ്രദേശങ്ങളില്‍   നടന്നിട്ടുള്ള ഒരുവിധം  കലാപരിപാടികള്‍ ഒന്നുംതന്നെ ഞങ്ങള്‍ ആസ്വദിയ്ക്കാതെ പോയിട്ടില്ല.

കുടുബത്തേക്കാൾ , പ്രസ്ഥാനത്തിന്  പ്രാമുഖ്യം  കൊടുത്ത  അച്ഛൻ ,  കുടുംബത്തിന്  വേണ്ടി  സമ്പാദിച്ച  ഏറ്റവും   വലിയ  സ്വത്ത്  പുസ്തകങ്ങൾ  തന്നെയായിരുന്നു. അത്  വിലമതിയ്ക്കാനാവാത്ത സ്വത്താണെന്ന്  ജീവിതമെന്നെ   പഠിപ്പിയ്ക്കുകയും  ചെയ്തു. 

ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്... 

 ഒരു മുഴുവൻസമയ കമ്മ്യൂണിസ്റ്റ്കാരന്റെ  ഭാര്യ  എന്ന   നിലയിൽ  ,  എന്റെ  അമ്മ  അനുഭവിച്ച  ഏകാന്തതയും  വേദനയും  ആ  ഗർഭപാത്രത്തിൽക്കിടന്ന്  ഞാനറിഞ്ഞിരിയ്ക്കാം  .  ആ  നിറവയറിൽ  സ്നേഹത്തോടെ  അമ്മ  സ്വയം  തലോടുമ്പോൾ ,  ഗർഭപാത്രത്തിൽക്കിടന്നു  ആ പരിലാളനത്തിൽ  ലയിയ്ക്കുമ്പൊഴും  ഞാൻ അമ്മയോട്   ചോദിച്ചിരിയ്ക്കാം ,  "  അച്ഛനെന്താണ്   എന്നെ  തഴുകാത്തത്   ?"  എന്ന് .  അപ്പോൾ  അമ്മയിങ്ങനെ  മന്ത്രിച്ചിരിയ്ക്കാം , " അത്  രാജ്യത്തിന്‌  വേണ്ടിയുള്ള ,  സ്വപ്നങ്ങളുടെ  ബലിതർപ്പണം ആണ്  കുഞ്ഞേ "  എന്ന്  .   അഭിമാനമുണ്ടെനിയ്ക്ക്..

കൊടിയ  വേദനയില്‍  നിന്ന്  വിപ്ലവമുണ്ടായപ്പോഴും ,  അതിന്  നടുവിലൊരു  ചോരക്കുഞ്ഞായി  ഞാന്‍  കിടന്നപ്പോഴും ,  ഉണങ്ങിയ  ചോരപ്പാടുകള്‍  കഥകള്‍  പറഞ്ഞപ്പോഴും  ഒഴുകിയിറങ്ങിയ  ചോരത്തുള്ളികള്‍  പുല്ല്  പോലെ  തൂത്തെറിഞ്ഞ്,   ആകാശത്തേയ്ക്ക്  വീശിയെറിഞ്ഞ  കൈകളുമായി  അച്ഛന്‍ നടന്നു നീങ്ങുന്നുണ്ടായിരുന്നു.  ആ സ്നേഹത്തിന്‍റെ  അതീവ ആര്‍ദ്രതയും  വിപ്ലവത്തിന്റെ കൊടുംമുഴക്കവും എന്നും  എനിയ്ക്കും   ധൈര്യമായി ...   

സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പറയുകയല്ല അച്ഛന്‍ ചെയ്തത് ,,  പകരം,  "നീ സ്വതന്ത്രയാകാനാണ് ഞാന്‍ തടവില്‍ കിടന്നത്...നീ ചിരിയ്ക്കാന്‍ വേണ്ടിയാണ്  ഞാന്‍ കരഞ്ഞത്... നിനക്ക് വിശക്കാതിരിയ്ക്കാനാണ് ഞാന്‍ പട്ടിണി കിടന്നത്.. നിനക്ക് തണല്‍ കിട്ടാനാണ്‌ ഞാന്‍ വെയിലില്‍ കരിഞ്ഞത് ..."   എന്ന്,  അച്ഛന്‍ ജീവിച്ചു കാണിയ്ക്കുകയായിരുന്നു...


ക്ഷേത്രത്തിലെ  ഉത്സവത്തിന്  എഴുന്നള്ളിപ്പ് വരുമ്പോഴും , പള്ളിപ്പെരുന്നാളിന്‌  പ്രദക്ഷിണം  വരുമ്പോഴും  അതിലെല്ലാം സഹകരിയ്ക്കുന്ന  അച്ഛനോട്‌,   കമ്മ്യൂണിസ്റ്റ്കാര്‍ക്കെന്താ  അമ്പലത്തിലും  പള്ളിയിലും  കാര്യമെന്ന് തമാശയായി ചോദിച്ച എന്നോട്  അച്ഛന്‍  പറഞ്ഞു,   " അത്  നാട്ടില്‍  നടക്കുന്നൊരു  സാംസ്ക്കാരിക പരിപാടിയാണ് "   എന്ന്.  എന്തിനേയും  കണ്ണടച്ച്  എതിര്‍ക്കുന്നതിനു പകരം  ,  യുക്തിനിഷ്ഠമായി വിശകലനം  ചെയ്യുന്ന  അച്ഛനെ  അന്നും  ഞാന്‍  അതിശയത്തോടെ  നോക്കി.. !

ദൈവത്തെ  ദേവാലയങ്ങളില്‍  പിടിച്ചുകെട്ടാതെ  തുറന്നുവിടാന്‍  പറഞ്ഞ  അച്ഛന്‍ ,   കാണിപ്പെട്ടിയിലിടുന്നതിന്  പകരം  ആ  പൈസ  പാവങ്ങള്‍ക്ക്  കൊടുക്കാനും  പറഞ്ഞു.  വഴിപാടുകള്‍  കഴിയ്ക്കാനോ   കാണിപ്പെട്ടിയിലിടാനോ   ഒരിയ്ക്കലും  അച്ഛന്‍  പൈസ  തന്നില്ല.

സ്നേഹത്തിന്‍റെ  അക്ഷയപാത്രത്തില്‍  നിന്നും  നന്മയുടെ  കമ്മ്യൂണിസം  വിളമ്പിയ  സഖാവ്  ശിവശങ്കരപ്പിള്ളയുടെ  സമരചരിതങ്ങള്‍  പറയാന്‍  ഞാനിനിയും   വളര്‍ന്നിട്ടില്ല.   എന്നാല്‍  എനിയ്ക്കറിയാം..    അച്ഛന്‍  എന്ന  സൂര്യന്‍റെ  പ്രകാശം  കൊണ്ട്  തിളങ്ങിയ  നക്ഷത്രങ്ങളായിരുന്നു  ഞങ്ങളെന്ന്.   ആ  പ്രകാശത്തിന്‍റെ  അഭാവത്തില്‍  ഞങ്ങള്‍   വെറും  ഇരുട്ട്  മാത്രമാണെന്ന്.

മനസ്സിന്റെ  മയില്‍പ്പീലിത്താളുകളില്‍  കോറിയിട്ട  അച്ഛന്‍റെ  ചിത്രം ,  ചുവരിലൊരു  ഛായാചിത്രമാകുന്ന  അവസ്ഥയെക്കുറിച്ച്  ഒരിയ്ക്കലും ഞാൻ ചിന്തിച്ചതേയില്ല...  അവസാനനിമിഷം  വരെ  ചിന്തിച്ചില്ല ..  അച്ഛനെന്നും  പറയുമായിരുന്നു ,  "എനിയ്ക്ക് കിടന്നു മരിയ്ക്കണ്ട, നടന്നു മരിയ്ക്കണം "    എന്ന്.   പ്രായാധിക്യത്തിന്റെ  അസ്വസ്ഥതകൾ  ബാധിച്ചുതുടങ്ങിയപ്പോൾ  , ദൂരയാത്രകൾ  ഒഴിവാക്കണം ,  വിശ്രമിയ്ക്കണം  എന്നൊക്കെ  ഡോക്ടർ  പറഞ്ഞിട്ടും  അച്ഛൻ  കൂട്ടാക്കാതിരുന്നത്  ,  ആ  തീർച്ചയുടെ  മൂർച്ച  കൊണ്ടായിരുന്നു.   അവസാനം...

ആശുപത്രിയിലെ ഐ സി യു വിൽ  ,  ബോധത്തിന്റെയും  അബോധത്തിന്റെയും  അതിർവരമ്പുകളിൽ   കിടന്ന  അച്ഛനെ  ഞാൻ  വേവലാതിയോടെ  തഴുകി...  ഇനിയെത്ര ദിവസം  എനിയ്ക്കെന്റെ  അച്ഛന്റെ  ജീവനുള്ള ശരീരം  ഇങ്ങനെ സ്പർശിയ്ക്കാനാവും  എന്ന്   ഞാൻ  ഭയന്നു .. 

അടുത്തിരുന്ന്  പൊടിയരിക്കഞ്ഞി  അൽപ്പാൽപ്പം  കോരികൊടുക്കുമ്പോൾ ഞാനോർത്തു...   പണ്ട് , നെയ്യ് കൂട്ടി  ഉണ്ണുന്ന ശീലമുണ്ടായിരുന്നു അച്ഛന്.  നെയ്യ്  ചേർത്ത മൂന്ന്  വലിയ  ഉരുളകൾ ഉരുട്ടി ഞങ്ങളുടെ  കൈയ്യിൽ വച്ചുതരുമായിരുന്നു  അച്ഛൻ.   ഓർത്തപ്പോ  മനസ്സ്  വല്ലാതെ  ഈറനായിപ്പോയി..  ദൈവമേ !  എന്റെ അച്ഛൻ  എത്ര  ഉരുള  ഉരുട്ടി തന്നിട്ടുണ്ടാവണം !  ഇപ്പൊ ഞാനത്  തിരിച്ചുകൊടുക്കുന്നു.. കാലമേ ,  നന്ദി ! 

അന്ന്  ഡിസംബർ  പതിനേഴ് .  സന്ധ്യ വരെ  കുഴപ്പമൊന്നുമില്ലായിരുന്നു.  ആശ്വാസം തോന്നി..  എന്നാൽ  രാത്രി   രണ്ടു മണി ... ഞങ്ങളുടെ   അനാഥത്വത്തലേക്കുള്ള    യാത്രയാരംഭിച്ചു..  ഒന്നുമറിയാതെ  കണ്ണടച്ച് കിടക്കുന്നു  ആ   മഹാവിപ്ലവം !


ഞങ്ങൾ  നോക്കി നോക്കി നിന്നു.....
അച്ഛന്റെ ഓരോ നിശ്വാസവും എന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു..
" ഞാൻ വരും...ഒരു കാറ്റായും കടലായും.. നിന്റെ മനസ്സിലെ ചിന്തകളെ ആളിക്കത്തിയ്ക്കാനും അനന്തമാക്കാനും , മകളേ , അച്ഛൻ നിന്നിലേക്ക് വരും.."
നോക്കി നോക്കി നിൽക്കെ ആ ശ്വാസം നേർത്തു വന്നു..... ഒരു ബഹളവുമില്ലാതെ , വളരെ ശാന്തനായി അച്ഛൻ കണ്ണടച്ച് കിടന്നു... ഉറങ്ങി... പിന്നെ ആ ശ്വാസം മെല്ലെ നിന്നു..ഞാൻ ആദ്യം ഒന്ന് പകച്ചു. പിന്നെയൊരു ഭയം...പിന്നെ നിർവികാരത...പിന്നെ തീർത്തും എന്റെ അച്ഛന്റെ മകളായി... തീർത്തും കർമ്മനിരതയായി... അവസാനം വരെ ധൈര്യത്തോടെ  പിടിച്ചുനിന്ന  ഞാൻ ,  അച്ഛന്റെ  മൃതശരീരം  വഹിച്ചുകൊണ്ടുള്ള  ആംബുലൻസ്  പടികടന്നെത്തിയപ്പോൾ , എല്ലാ നിയന്ത്രണവും വിട്ട്  എന്റെ സുഹൃത്തിന്റെ  കൈയ്യിലൊതുങ്ങി  വിങ്ങിപ്പൊട്ടിയപ്പോൾ  ,  അവളെന്നോട്  മന്ത്രിച്ചു..  "കരയാനല്ലല്ലോ  അച്ഛൻ  നിന്നെ പഠിപ്പിച്ചത്.."

പിന്നെ,  മൃത്യു പോലെ  തണുത്തൊരു  ചിരിയുടെ  പുതപ്പെടുത്ത്  തലവഴി  മൂടിപ്പുതച്ച്  അതിനുള്ളിൽ  കിടന്നു കരഞ്ഞു  ഞാൻ.. ആരും  കാണാതെ...
അച്ഛൻ ഒരു ജന്മം മുഴുവൻ ജീവിച്ച പ്രസ്ഥാനം അച്ഛന് കൊടുക്കുന്ന ബഹുമതി കണ്ട് ഞാൻ കരയണോ അഭിമാനിയ്ക്കണോ എന്നറിയാതെ നിന്നു .. അവസാനം ഔദ്യോഗിക ബഹുമതികളോടെ ആ ദേഹം മണ്ണോട് ചേർന്നു. പിന്നെയും ഞാൻ കരയാൻ മറന്നു നിന്നു..

ആത്മാവ് ,  പുനർജ്ജന്മം ഇവയൊക്കെ  ഉള്ളതാണോ  എന്നെനിയ്ക്കറിയില്ല.  എന്നാൽ ,  ഇപ്പോൾ എന്റെ ഓരോ ചുവടുവയ്‌പ്പിലും  എന്റെ അച്ഛന്റെ  ഒരു  നിശബ്ദസാന്നിദ്ധ്യം  ഞാൻ  അനുഭവിയ്ക്കുന്നു ... സ്നേഹിച്ചു മതിയാവാതെ  അച്ഛനും  വല്ലാതെ  നോവുന്നുണ്ടാവാം...



2018, ജൂൺ 1, വെള്ളിയാഴ്‌ച

കഥയില്ലാത്ത കഥ !

13 അഭിപ്രായ(ങ്ങള്‍)
ആദ്യമൊരു നടുക്കം... പിന്നെയൊരു പകപ്പ് .. പിന്നെ അതിശയം .. പിന്നെയൊരു നേര്‍ത്ത പുഞ്ചിരി .. പിന്നെയത്  പൊട്ടിച്ചിരിയായി.. പിന്നെയത് അട്ടഹാസമായി.. !

ഡോക്ടര്‍  പറഞ്ഞു  , അയാളുടെ ചിത്രം മാലയിട്ടു വയ്ക്കാന്‍.. അവരത് ചെയ്യുമായിരിയ്ക്കും..  അല്ല,  ചെയ്തു.  അവളത് കണ്ടു .  സൂക്ഷിച്ചു നോക്കി . എല്ലാരും  സന്തോഷിച്ചു.. രക്ഷയായി എന്ന് കരുതി..

പക്ഷെ അവളുടെ മനസ്സ് വീണ്ടും വികൃതി കാണിച്ചു !  അവള്‍ സ്വന്തം ചിത്രം കൂടി മാലയിട്ടു തൂക്കിയിട്ടു.  എന്നിട്ട് അയാളോടൊപ്പം പരലോകത്ത് ജീവിച്ചു.. !!!  അവള്‍ പറഞ്ഞു... നീ മരിച്ചു.. ഞാനും.. നമ്മുടെ പ്രണയവും..
 
Copyright © .