2019, ജൂലൈ 28, ഞായറാഴ്‌ച

സ്പര്‍ശം

10 അഭിപ്രായ(ങ്ങള്‍)
ഒരു സ്ത്രീ ഏറ്റവുമധികം നിഷ്ക്കളങ്കയാകുന്നത് എപ്പോഴാണെന്ന് അറിയാമോ? പ്രസവവേദന കൊണ്ട് പുളഞ്ഞ് ലേബര്‍ റൂമില് കിടക്കുമ്പോള്‍.‍. ആ സമയം അവളൊരു പിഞ്ചു കുഞ്ഞിനെപ്പോലെ നിസഹായയും നിഷ്ക്കളങ്കയുമായിരിയ്ക്കും. പൂര്‍ണ്ണ നഗ്നയായി കിടക്കുന്ന അവള്‍ക്ക് തന്റെ നഗ്നതയെക്കുറിച്ച് വേവലാതിയുണ്ടാവില്ല. തന്റെ അരികില്‍‍ നില്‍ക്കുന്ന ഡോക്ടര്‍ ആണായാലും പെണ്ണായാലും ആ നിമിഷങ്ങളില്‍ അവള്‍ക്ക് ലിംഗബോധമില്ല. ജീവന്‍ പറിഞ്ഞുപോകുന്ന വേദനയില്‍ മുന്നില്‍ നില്‍ക്കുന്ന ഡോക്ടര്‍ അവള്‍ക്ക് മനുഷ്യനല്ല , ദൈവമാണ്. ദൈവത്തിന്റെ മുന്നില്‍ കിടക്കുന്ന ശിശുവിനെപ്പോലെ... വേദനിയ്ക്കുമ്പോ കരയാന്‍ മാത്രമറിയുന്ന നിഷ്ക്കളങ്കയായൊരു ശിശുവിനെപ്പോലെ...
അന്നാണ് ഏറ്റവും കരുണയുള്ളൊരു സ്പര്‍ശം ഞാനറിഞ്ഞത്..! എന്റെ മോളെ പ്രസവിച്ച അന്ന്... ഒരിയ്ക്കലും ഷൌട്ട് ചെയ്യാത്ത , ആരുമറിയാതെ അടക്കിപ്പിടിച്ച് മാത്രം കരഞ്ഞ് ശീലമുള്ള ഞാന്‍ ആ പ്രസവമുറിയിലും ശബ്ദമുയര്‍ത്തിയില്ല.. എന്നാല്‍ കണ്ണീര്‍ ധാര മുറിയാതെ ഒഴുകി. ശരീരത്തിന്റെ ഓരോ അംശവും പറിഞ്ഞുപോകുന്നതുപോലെയുള്ള കൊടിയ വേദനയിലും 'അമ്മേ' എന്നൊരു നേര്‍ത്ത നിലവിളിയല്ലാതെ ഒന്നും എന്നില്‍നിന്നും ഉണ്ടായില്ല. ഒരു കൊടുങ്കാറ്റ് ചുരുങ്ങിച്ചുരുങ്ങി ഒരു നിശ്വാസമായതുപോലെയുണ്ടായിരുന്നു ആ നിലവിളി.. കണ്ണുകള്‍ ഇറുക്കിയടച്ച് സര്‍വ്വശക്തിയുമെടുത്ത് ശ്വാസം അടക്കിപ്പിടിച്ച് കിടന്ന എന്റെ മടക്കിവച്ച കാല്‍മുട്ടുകളില്‍ ആ നിമിഷം അതീവ കരുണയുള്ളൊരു സ്പര്‍ശം ഞാനറിഞ്ഞു..! അത് ദൈവമായിരുന്നു !! ആ ദൈവത്തിന് ഡോക്ടറുടെ മുഖമായിരുന്നു..!!! എത്ര ധൈര്യമാണ് .. എത്ര സുരക്ഷിതത്വബോധമാണ് ആ സ്പര്‍ശം എനിയ്ക്ക് തന്നത് ! അത്രയും കരുണയുള്ളൊരു സ്പര്‍ശം ജീവിതത്തിലോരിയ്ക്കലും - അതിനു മുന്‍പോ പിന്‍പോ ഞാന്‍ അനുഭവിചിട്ടില്ല . ഞാന്‍ ഡോക്ടറുടെ മുഖത്തേയ്ക്ക് ഇടയ്ക്കിടെ നോക്കി..ദൈവത്തെ നോക്കുന്നതുപോലെ .. എന്നെ മുറുകെ പിടിച്ചോണെ.. വിട്ടുകളയല്ലേ എന്ന് പറയുന്നതുപോലെ ..അദ്ദേഹം എന്റെ കവിളില്‍ മെല്ലെ തട്ടുന്നുണ്ടായിരുന്നു.. വേദനയുടേയും കാരുണ്യത്തിന്റെയും സങ്കലനം ! എത്ര അനുപമവും അവര്ണ്ണനീയവുമാണ് ആ നിമിഷങ്ങള്‍ ! സത്യം പറഞ്ഞാല്‍ എത്രയോ ഭാഗ്യവതികളാണ്  സ്ത്രീകള്‍ !
 
Copyright © .