2017, മാർച്ച് 30, വ്യാഴാഴ്‌ച

ഇങ്ങനെയും ഒരാൾ ! ( അനുഭവക്കുറിപ്പ് . )

13 അഭിപ്രായ(ങ്ങള്‍)


"നിന്റെ   കഥ   പ്രസിദ്ധീകരിയ്ക്കുന്നോ?  നീയാരെടാ   കഥയെഴുതാൻ ? "
ചോദ്യകർത്താവ് പൊട്ടിച്ചിരിയ്ക്കുകയാണ് .    പ്രിയ സുഹൃത്തിനോടാണ്   ചോദ്യം.    ചോദ്യകർത്താവ്   ആരെന്നറിയോ ?   നമ്മുടെ  പ്രശസ്ത   എഴുത്തുകാരൻ  കാക്കനാടൻ !    ചോദിച്ചത് ,  നമ്മുടെ  പ്രിയപ്പെട്ട എഴുത്തുകാരൻ   എം.പി.നാരായണപിള്ളയോട് .(രണ്ടുപേരുടെയും   യൗവ്വനകാലത്താണ് )

അദ്ദേഹം   ഈ ചോദ്യം ചോദിച്ചതിന്   അദ്ദേഹത്തിൻറെ  വിശദീകരണം   കേൾക്കൂ...  കാക്കനാടന്റെ   വാക്കുകളിൽ....

"അന്ന്  മാതൃഭൂമിയിൽ   കഥ  അച്ചടിയ്ക്കുക   എന്നുപറഞ്ഞാൽ   വല്യ  ഗമയാണ് .    ഞാനാണ്  ആദ്യം  കഥയെഴുതാൻ   തുടങ്ങിയത് .    എന്നാൽ   എന്റെ   കഥ   മാതൃഭൂമിയിൽ   അച്ചടിയ്ക്കുന്നതിന്   മുന്നേ   അവൻ്റെ   കഥ   അച്ചടിച്ചു ..!   എനിയ്ക്ക്  അസൂയയായി .   അലമ്പൻ !   അവനാരാ   കഥയെഴുതാൻ ? "

സ്നേഹത്തോടെയുള്ള   ഈ കലഹം   അക്ഷരാർത്ഥത്തിൽ   കൊതിപ്പിയ്ക്കുന്നതാണ് ...  അല്ലെ? 

എം.പി.നാരായണപിള്ളയ്ക്ക്   കഥയെഴുതാൻ   പ്രചോദനം   കൊടുത്തത്   കാക്കനാടനായിരുന്നു.   ആദ്യമായി എഴുതിയ   രണ്ട്   കഥകൾ   വെളിച്ചം   കാണാതെ  പോയി.   മൂന്നാമത്   എഴുതിയ   'കള്ളൻ '   എന്ന  കഥയാണ്   മാതൃഭൂമിയിൽ   അച്ചടിച്ച്  വന്നത് .    അതാണ്   എം.പി നാരായണപിള്ളയുടെ ,   അച്ചടിയ്ക്കപ്പെട്ട   ആദ്യ കഥ. 

തലേ   ആഴ്ച ,   സ്ഥിരം   മാതൃഭൂമി  വാങ്ങുന്ന   കടയിൽ ,  വാരിക   വാങ്ങാൻ   ചെന്ന   കാക്കനാടൻ ,   അത്  വെറുതെ   മറിച്ച്  നോക്കിയപ്പോൾ ,    അടുത്ത   ലക്കം   എം.പി. യുടെ   'കള്ളൻ'  എന്ന  കഥ   പബ്ലിഷ്   ചെയ്യുന്നു   എന്ന  പരസ്യം  കണ്ട് ,    അസൂയ   മൂത്ത് ,   അദ്ദേഹം  വാരിക   വാങ്ങാതെ   തിരിച്ചുപോന്നു   എന്നൊക്കെ   രസകരമായി   എന്റെ അച്ഛൻ   പറയുന്നത്   കേട്ടിട്ടുണ്ട്.

എം.പി.നാരായണപിള്ള.... 

നാട്ടുകാരുടെയും   വീട്ടുകാരുടെയും   കൂട്ടുകാരുടെയും   നാണപ്പൻ .   എനിയ്ക്ക് അദ്ദേഹം   പിതൃതുല്യൻ .   എംപി നാരായണപിള്ള  എന്ന   സാഹിത്യകാരൻ   എന്നതിലുപരി ,    നാണപ്പൻ   എന്ന  വ്യക്തിയെ   ആണ്   ഞാനിവിടെ   പരിചയപ്പെടുത്തുന്നത്.    എനിയ്ക്ക്   നേരിട്ട്   അറിയാവുന്നതും,   വാമൊഴിയിലൂടെ  കിട്ടിയതുമായ    കുറെ   കാര്യങ്ങൾ...

എന്റെ   ചെറുപ്രായത്തിൽ   എനിയ്ക്കദ്ദേഹത്തോട്   സ്നേഹത്തേക്കാൾ അധികം   ഭയഭക്തിബഹുമാനമായിരുന്നു .    കണ്മുന്നിലുണ്ടായിട്ടും  എന്റെ   കോളേജ് പ്രായത്തിലാണ്   എനിയ്ക്കദ്ദേഹത്തെ   കൂടുതൽ  മനസ്സിലാക്കാനായത്   എന്ന് തോന്നുന്നു.    ആ  സമയം ,   അദ്ദേഹം  കുടുംബസമേതം   ബോംബെയിലായിരുന്നു.   എന്റെ പഠനങ്ങളുമായി   ഞാനും  തിരക്കിൽ.

നമ്മെ  വളരെ  അടുപ്പിച്ച്   നിർത്തുന്നതാണ്   അദ്ദേഹത്തിൻറെ   ഭാഷ .    എന്നാൽ   പരുഷവും .   ആ  പാരുഷ്യത്തിന്റെ   സൗന്ദര്യമാണ്   എന്നെ ആകർഷിച്ചതും .   

ഒരു സംഭവം   കേൾക്കൂ ...

അദ്ദേഹത്തിൻറെ     നോവലായ  'പരിണാമം'  എന്ന  പുസ്തകത്തിന്   കേരള സാഹിത്യ അക്കാദമിയുടെ   അവാർഡ്   പ്രഖ്യാപിച്ചു .  അദ്ദേഹത്തിൻറെ   ആദ്യ   അവാർഡായിരുന്നു  അത് .   എന്നാൽ   അദ്ദേഹം  ആ അവാർഡ്  തുക   നിഷേധിച്ചു   എന്ന് തന്നെയല്ല ,   പൗരന്റെ   നികുതിപ്പണം   ഉപയോഗിച്ച്  ഇത്തരം   അവാർഡുകൾ   നൽകാൻ   സാഹിത്യ   അക്കാദമിയ്ക്കോ   സർക്കാരിനോ   അവകാശമില്ലെന്നും ,   പണം   ട്രഷറിയിൽ   തിരിച്ചടച്ച്   വിവരം   അറിയിച്ചാൽ,   താൻ   വന്ന്  പ്രശസ്തിപത്രം   ഏറ്റുവാങ്ങിക്കൊള്ളാമെന്നും   അദ്ദേഹം   അക്കാദമിയെ   അറിയിച്ചു !  
ഭാഗികമായി   അവാർഡ്  നൽകാനാവില്ല   എന്നതായിരുന്നു  അക്കാദമിയുടെ   തീരുമാനം.   അതിനാൽ   അവാർഡ്  നിശ്ചയം   റദ്ദാക്കുകയാണുണ്ടായത് .   (ഈ  സംഭവം   വളരെ  വിവാദങ്ങൾക്ക്   വഴിയൊരുക്കി.)

ഇതാണ്   എം.പി.നാരായണപിള്ള..!   എന്നും  സ്വന്തം  ശരികളിലൂടെ മാത്രം   സഞ്ചരിച്ച   സ്നേഹമുള്ള   നിഷേധി !

"ഇങ്ങനെ   പറയണമെങ്കിൽ ,  നാരായണപിള്ളയിൽ   ഒരു  നാറാണത്ത് ഭ്രാന്തൻ  ഉണ്ടായിരിയ്ക്കണമല്ലോ "     എന്ന്   സുകുമാർ അഴിക്കോട് .

ഈ  സംഭവത്തെത്തുടർന്ന്   നാരായണപിള്ളയോടുള്ള   സ്നേഹാദരങ്ങൾ   മൂലം ,  സുകുമാര അഴിക്കോട് ,  തന്റെ  സാഹിത്യ അക്കാദമി  അവാർഡുകൾ   തിരിച്ചേൽപ്പിച്ചു .    അക്കാദമിയിലെ   മറ്റു    വിശിഷ്ടഅംഗങ്ങളായ   ശ്രീ തകഴിയും   ശ്രീ ബഷീറുമൊക്കെ   അഴിക്കോട് മാഷിനെ   തള്ളിപ്പറയുകയും ,   ശ്രീ  തോപ്പിൽ ഭാസി  നിശിതമായി   വിമർശിയ്ക്കുകയും  അഴിക്കോട് മാഷ്  തന്റെ  സാഹിത്യ അക്കാദമി വിശിഷ്ടഅംഗത്വം   ഉപേക്ഷിയ്ക്കുകയും   ചെയ്തു.   അന്ന്   അതെല്ലാം   വിവാദങ്ങൾ   സൃഷ്ടിയ്ക്കുകയും  മാധ്യമങ്ങൾ   ഏറെ   ആഘോഷിയ്ക്കുകയും  ചെയ്തതാണ്.

അദ്ദേഹത്തിലെ   എഴുത്തുകാരനെയും   വ്യക്തിയെയും   ഞാൻ  ഒരുപോലെ   ഇഷ്ടപ്പെട്ടു .   ലാളിത്യമാർന്ന   ഭാഷ കൊണ്ട്   വായനക്കാരന്റെ   മനസ്സിലേയ്ക്ക്    സന്നിവേശിച്ച   ഈ  കഥാകാരൻ ,   ജീവിതത്തിന്റെ   പുറമ്പോക്കുകളിൽ നിന്നാണ്   കഥാപാത്രങ്ങളെ   കണ്ടെടുത്തത് .    ആരുടേയും   ശ്രദ്ധയിൽപ്പെടാതെ പോകുന്ന   ദയനീയരായ   മനുഷ്യരുടെ   ജീവിത പ്രതിസന്ധികളാണ്   അദ്ദേഹത്തിന്റെ   കഥകൾക്ക്   പാത്രീഭവിച്ചത് .    

"  ഈ   കഥ   എനിയ്ക്കെഴുതാൻ   കഴിഞ്ഞില്ലല്ലോ എന്ന്,   നാരായണപിള്ളയുടെ   കഥകൾ   വായിച്ച്   പലപ്പോഴും  ഞാൻ അസൂയപ്പെട്ടിട്ടുണ്ട് "       എന്ന്  എം.റ്റി.വാസുദേവൻ നായർ .

വളരെ   കുറച്ച്   കഥകളേ   അദ്ദേഹം   എഴുതിയുള്ളൂ.   ഏകദേശം   അൻപതോളം   കഥകൾ   എന്നാണെന്റെ   തോന്നൽ.    കഥാരചനയുടെ  പതിവ് വ്യാകരണം   തെറ്റിച്ച് ,   കാലാതിവർത്തിയായ  ആധുനികതയുടെ   കരുത്ത്  പകർന്ന   ഏതാനും   കഥകൾ.    കഥ   വന്ന്   വിളിച്ചപ്പോൾ   മാത്രം   കഥയെഴുതി.    അല്ലാത്തപ്പോൾ   മറ്റു പലതും   എഴുതി . ( വാരികകളിൽ  പങ്‌ക്തി  എഴുതിയിരുന്നു അദ്ദേഹം .)

കഥാരചനയുടെ   പ്രൊഫഷണലിസം   തൊട്ടുതീണ്ടാത്ത  വല്ലാത്തൊരു   അച്ചടക്കം   ആണിതെന്ന്   എനിയ്ക്ക്   പലപ്പോഴും  തോന്നിയിട്ടുണ്ട്.    പക്ഷേ   എന്തെഴുതിയാലും ,  അല്പമൊരു   ചിരിയോടെയല്ലാതെ   നമുക്കത്   വായിച്ച്  തീർക്കാനുമാവില്ല !    സംസാരിയ്ക്കുമ്പോഴും   അങ്ങനെതന്നെ.   തുടക്കം മുതൽ  ഒടുക്കം   വരെ  നമ്മൾ   ചിരിച്ചുകൊണ്ടേയിരിയ്ക്കും . 

പി.വി.കുര്യാക്കോസ്   എന്ന   നാടകകൃത്തിന്റെ ,  'കുറ്റവാളികൾ '    എന്ന   നാടകം  പ്രസിദ്ധപ്പെടുത്തിയ   കാലത്ത് ,    നാരായണപിള്ള    'ഭൂതദയ'    എന്നൊരു   കഥയെഴുതി.   രണ്ടിലേയും  ആശയം  ദയാവധം   ആയതിനാൽ,   അവർ  രണ്ടുപേരും   കൂടിയിരുന്ന്   ഈ  വിഷയത്തെക്കുറിച്ച്   നീണ്ടൊരു  ചർച്ച  നടത്തി.   അവസാനം   നാരായണപിള്ളയുടെ   ചോദ്യം..

" തനിയ്ക്കിപ്പോ   എന്താ   വേണ്ടത് ?   ചാവണോ ?"

"വേണം.   ഇപ്പോഴല്ല,   ജീവിതം   പ്രയോജനരഹിതം   എന്ന് തോന്നുമ്പോൾ   മരിയ്ക്കാനുള്ള   സ്വാതന്ത്ര്യം   വേണം."

" വിഷമിയ്ക്കണ്ട .   ആരെക്കൊണ്ടെങ്കിലും  ഒരു  പോസ്റ്റ്   കാർഡെഴുതി   എന്നെ  അറിയിച്ചാൽ   മതി.   ഞാൻ  വന്ന്   തന്നെ   കൊന്നുതരാം "

അവഗണിയ്ക്കാനാവാത്ത   രസികത്വം ..!

കുട്ടപ്പൻ ചേട്ടനെപ്പറ്റി  ( നാരായണപിള്ളയുടെ അച്ഛൻ )   നമ്മളാരെങ്കിലും   നാല് വരി  നല്ലതെഴുതിയാൽ ,   അവൻ  അതിനും എതിരെഴുതും ".

പി.ഗോവിന്ദപ്പിള്ള ,   നാരായണപിള്ളയെ  ഇങ്ങനെ  ഒറ്റ  വാചകത്തിൽ   സംഗ്രഹിച്ചു .   

എങ്ങനെ   പറയാതിരിയ്ക്കും ?    സ്വന്തം   അച്ഛനെ   ഈ  മകൻ   പരിചയപ്പെടുത്തുന്നത്   നോക്കൂ...

" തൃകാല ജ്ഞാനിയായ  അബ്‌കാരി .    നല്ല   കൈപ്പുണ്യം .   സ്വന്തം   കൈ   കൊണ്ട്   ആർക്കൊക്കെ   മദ്യം   ഒഴിച്ചുകൊടുത്തിട്ടുണ്ടോ   അവരൊക്കെ   മദ്യപരായി.   അവരിൽ   ഒട്ടുമുക്കാലിനും   മഹോദരം   വന്നു..."

കേവലം   കുസൃതിയ്ക്ക്   വേണ്ടി   ഇത്ര   യുക്തിസഹമായി   നുണ   പറയാനുള്ള  കഴിവ്   എത്ര  പേർക്കുണ്ടാവും ? 

ഒരിയ്ക്കൽ   കണ്ട് ,   രണ്ടു വാക്കുരിയാടിയാൽ ,   നമ്മളെ   അദ്ദേഹം   ഹൃദിസ്ഥമാക്കും.   ഒരിയ്ക്കൽ   പരിചയപ്പെട്ടാൽ   ആജീവനാന്തം  സുഹൃത്താവും.    നമ്മളേപ്പറ്റി   നമ്മളറിയാത്ത   പലതും   അദ്ദേഹം   കണ്ടുപിടിയ്ക്കും.   കഥയ്ക്ക്  ഉതകുന്നതൊക്കെ   ഓർത്ത് വയ്ക്കുകയും ചെയ്യും.   

'നാരായണസൂക്തങ്ങൾ '    എന്ന്   എല്ലാവരും തമാശയോടെ  പറയാറുള്ള,   അദ്ദേഹത്തിൻറെ  ചില   കാഴ്‌ചപ്പാടുകൾ   ഉണ്ട്.  കേൾക്കണോ ?   വളരെ   രസമാണ്...

1 - ഈ  വല്യ   ലോകത്ത്   ഞാനാരുമല്ല.   

2 -ആരുമല്ലെന്ന്   ബോദ്ധ്യമായപ്പോൾ ,   സദാ   അലമ്പുണ്ടാക്കിക്കൊണ്ടിരിയ്ക്കാനുള്ള   മൗലികാവകാശം   എനിയ്ക്ക്  കിട്ടി.   

3 -മറ്റുള്ളവരെ മാത്രമല്ല  , അവനവനേയും  വെറും  കഥാപാത്രമായിക്കണ്ട്   കൈകാര്യം  ചെയ്യണം.   

4 -മനസ്സിന്റെ മലിനീകരണത്തെ  പേടിയ്ക്കണം.   നമ്മുടെ മനസ്സ്  മലിനീകരിയ്ക്കാൻ ശ്രമിയ്ക്കുന്ന മനുഷ്യരെ അകറ്റി നിർത്തണം.  

5 -  ആരെയും  ഗുരുവാക്കാൻ ശ്രമിയ്ക്കരുത്,  ആരുടേയും  ഗുരുവാകാനും ശ്രമിയ്ക്കരുത് .

6 - ശത്രുവിനെ  സംഹരിയ്ക്കരുത്.  ക്ഷമയോടെ  കാത്തിരുന്ന് ,  തരം   കിട്ടുമ്പോഴൊക്കെ  സുഖിപ്പിച്ചും , ദുഖിപ്പിച്ചും , കറക്കിയും  തിരിച്ചും  അവനെ ഒരു പരുവമാക്കണം.  ജീവിതം പിന്നെ ഒരിയ്ക്കലും ബോറടിയ്ക്കില്ല.

7 - ഒന്നും മോഹിയ്ക്കരുത്. പണമോ പ്രശസ്തിയോ ഒന്നും.   (പക്ഷെ  എഴുതിയതിന്റെ  കാശ്  തരാതിരുന്നാൽ , ടി  തുകയുടെ   ഇരട്ടി  നഷ്ടം  ആ ദുഷ്ടന്   ഉണ്ടാക്കി വയ്ക്കണം.)

8 - കൊടുക്കുന്നതാണ്  കിട്ടുന്നതിനേക്കാൾ  സുഖം.

9 - അവനവനെ ഒരിയ്ക്കലും  ഗൗരവമായിട്ടെടുക്കരുത് .

ഇനിയും ഉണ്ട് ഏറെ ... എഴുതിയാൽ തീരാത്തത്ര  .   തമാശയും   കാര്യവും  ഒത്തുചേർന്നത് ...  പലതും  ഞാൻ ഓർത്തുവയ്ക്കുകയും  എന്റെ മനസ്സിൽ എഴുതിച്ചേർക്കുകയും   ചെയ്തു .    

ഒടുവിൽ  ...  ഇങ്ങനെ കുറെ അക്ഷരങ്ങൾ അവശേഷിപ്പിച്ച്   അദ്ദേഹം  പോയി...  വളരെ   നേരത്തെതന്നെ ... 

പ്രമേഹരോഗിയായിരുന്നു .    നാളുകൾ   പോകെ   ഹൃദയവും   തകരാറിലായി .   

"സ്വയംചികിത്സയാണ്   അവനെ    ചതിച്ചത് "    എന്ന്  പി.കെ.വി .

ആര്   പറഞ്ഞാലും  കേൾക്കില്ലായിരുന്നു.    ഇന്റർനെറ്റ്   മുഖാന്തിരം   എവിടുന്നെങ്കിലും ( മിയ്ക്കവാറും  വിദേശത്ത് നിന്നും)   ഒരു ഉപദേശം  തേടും.    അതിന്റെ   മറുപടിയുടെ   പ്രിന്റ് ഔട്ട്   എടുത്ത്   സ്വയം  ചികിത്സയ്ക്കും. 

മൗനവൃതം   അദ്ദേഹത്തിൻറെ  ഒരു  ചികിത്സാരീതിയായിരുന്നു .   ആറ്   മാസക്കാലമൊക്കെ   വൃതമെടുത്തുകളയും .    ഊർജ്ജനഷ്ടം   തടയുന്നു   എന്നതാണത്രേ  അതിന്റെ  ഗുണം.    അടുത്ത   എഴുത്തിനായുള്ളൊരു    ധ്യാനം   എന്ന് പലപ്പോഴും  എനിയ്ക്ക് തോന്നിയിട്ടുണ്ട് . 

"അവൻ   മൗനവൃതത്തിലാണ്   ,    ഇപ്പൊ  വിളിച്ചാൽ   ഫോണിൽ   കിട്ടില്ല "     എന്ന്  എന്റെ  അച്ഛൻ   ചിലപ്പോഴൊക്കെ   പറയുന്നത്   കേട്ടിട്ടുണ്ട് .

പക്ഷേ   അദ്ദേഹത്തിൻറെ  ഈ  മൗനവൃതം  കുടുംബത്തേയും   സുഹൃത്തുക്കളെയുമൊക്കെ   വളരെ   വിഷമിപ്പിച്ചിട്ടുണ്ട് .   സ്വന്തം അമ്മയുടെ  മരണസമയത്തും   അദ്ദേഹം   മൗനവ്രതത്തിലായിരുന്നു .   ആ  സമയത്ത്  മാത്രമാണ്  എന്ന് തോന്നുന്നു ,   അദ്ദേഹം  വൃതം  മുറിച്ച്   നാട്ടിൽ   വന്നത്.    

സ്വന്തം   മരണസമയത്തും   അദ്ദേഹം  മൗനവൃതത്തിലായിരുന്നു .... 

 തനിയ്ക്ക്   ചുറ്റും   വാചാലമായി   സ്പന്ദിച്ചു നിൽക്കുന്ന   നിശ്ശബ്ദതയെ   തൊട്ടറിഞ്ഞ്   അദ്ദേഹം   പോയി ...... 

വെറുതെ  ഞാൻ   ചിന്തിച്ചുനോക്കും ..

ശരിതെറ്റുകളെ    കവച്ചുവച്ച്  ,   ഒറ്റയാന്റെ   ശീലങ്ങളും ,   തലതിരിഞ്ഞ   തത്വശാസ്ത്രങ്ങളുമായി   വിവാദങ്ങൾക്ക്   വഴിമരുന്നിട്ട്  ,   മുണ്ടും   മാടിക്കുത്തി ,  കുസൃതിച്ചിരിയുമായി ,   ഗ്രാമത്തിന്റെ   ഏതെങ്കിലുമൊരു   നാട്ടിടവഴിയിലൂടെ ,  സ്നേഹം നിറഞ്ഞ  ആ  നിഷേധി    നടന്നുവരുന്നുണ്ടാകുമോ  ???   

അങ്ങനെയൊന്ന്   വന്നെങ്കിൽ...  എനിയ്ക്ക്   ഒരുപാട്  കാര്യങ്ങൾ   ചോദിച്ച്   പഠിയ്ക്കാനുണ്ടായിരുന്നു ...

കുടുംബവൃക്ഷങ്ങളുടെ   തായ്‌വേരുകൾ   ഇങ്ങനെ   ഒന്നൊന്നായി  പൊള്ളിയടരുമ്പോൾ ,    വളർന്നതും   വളരാത്തതും   വളർച്ച  മുരടിച്ചതുമായ   എത്രയോ   ഇലകൾ   കണ്ണീർ   പൊഴിയ്ക്കുന്നുണ്ടാവണം...   ഇല്ലേ ?


                                   -----   പ്രണാമം ------

2017, മാർച്ച് 27, തിങ്കളാഴ്‌ച

വണ്ടിക്കാള .

2 അഭിപ്രായ(ങ്ങള്‍)
                                                          വണ്ടിക്കാള .
                                                         -----------------------


" നന്ദി !  എന്റെ  മൗനശലാകകൾ  ഒടിച്ചെറിഞ്ഞതിന് ..!! "


അതൊരു   അശ്ശരീരിയാണോ   എന്ന് അവൾ   സംശയിച്ചു..  അശ്ശരീരിയ്ക്കപ്പുറം   ഒരു  നിഴൽരൂപം   അവളെ  നോക്കി ചിരിച്ചു.


" ഞാൻ  വണ്ടിക്കാള ."


ആ  സ്വയവർണ്ണന   അവൾക്കിഷ്ടമായി.   


"നിന്നോട്   നന്ദി   പറയാൻ  വന്നു.."


അവൾ   ചിരിച്ചു .  വെളുത്ത് തുടുത്ത  മേനിയും   നെറ്റിയിൽ   കറുത്ത ചുട്ടിയുമുള്ള  'വണ്ടിക്കാള' ..


അതിൻ്റെ   കണ്ണുകളിലെ   ഈറൻ നിലാവും   പുഞ്ചിരിയിലെ   ആർദ്രമൗനവും   അവളുടെ  ഉള്ളിലെ   നിശബ്ദവിലാപത്തെ  തൊട്ടു തഴുകിപ്പോയി.   ഒരുവട്ടമല്ല ,  പലവട്ടം.


" ഞാൻ  ഋഷഭമല്ലേ ..?   നിന്നിലെ   സംഗീതത്തിൽ   ഞാനില്ലേ ?   ഞാനില്ലാതെ   നിന്റെയുള്ളിലെ   സപ്തസ്വരങ്ങൾക്ക്   എവിടെയാണ്  പെണ്ണേ   നിലനിൽപ്പ് ? "


അത്   കേൾക്കേ ,   അവൾ   ചിരിച്ചു.   മൃത്യു   പോലെ   തണുത്തൊരു   ചിരി .


"സാരമില്ല.   നീ  വരച്ച   വൃത്തത്തിനുള്ളിൽ   നീയിപ്പോഴിരിയ്ക്കുക .   അടുത്ത   ജന്മം   നിന്നോടൊപ്പം   ഞാനുണ്ട്. "


ആർദ്രശീതളമായ   ആ   വാക്കുകളിൽ   ചാലിച്ച   ആത്മചന്ദനം  നെറ്റിയിലണിഞ്ഞ്   അവൾ   പ്രതിവചിച്ചു..


"അങ്ങനെയൊരു   ഉറപ്പ്   ഈശ്വരനെനിയ്ക്ക്   തന്നാൽ  ,   ഇപ്പോൾ,  ഈ  നിമിഷം   ഞാനിവിടെ   മരിച്ചുവീഴാം .."


അതിനപ്പുറം   സ്നേഹം   പറയാൻ   അവൾക്കറിയുമായിരുന്നില്ല.


                                                 ------------------------------
4 അഭിപ്രായ(ങ്ങള്‍)
മിനിക്കഥ 

അനശ്വരം

                                                                                             ശിവനന്ദ

അവരുടെ പ്രണയം യാതൊരു നിബന്ധനകളു മില്ല്ലാത്തതായിരുന്നു.അയാള്‍  വിദേശത്തുനിന്നു അവധിയ്ക്കു  വരാറായപ്പോള്‍ അവളോട്‌ വിളിച്ചു ചോദിച്ചു,

" ഞാന്‍ വരുമ്പോള്‍ നിനക്കെന്താണ് കൊണ്ടുവരേണ്ടത് ? എന്തും  ചോദിച്ചോളു . സൂര്യനു  താഴെയുള്ള എന്തും ."

സംശയമെന്യേ അവള്‍ മറുപടി പറഞ്ഞു .
 " മറ്റൊന്നും വേണ്ട . നീ ഉപയോഗിച്ച നിന്റെയൊരു  തൂവാല മാത്രം."

അവന്‍ അത്ഭുതപ്പെട്ടു . അവള്‍ വിശദമാക്കി .

" നിന്റെ  സ്നേഹം , സാമിപ്യം , സ്പര്‍ശനം  എല്ലാം ഏറ്റവും കൂടുതല്‍ നിന്റെ തൂവാലയിലാണ്  ഉള്ളത് . എനിക്കതേ  വേണ്ടു ."

ശേഷം  അവള്‍ ചോദിച്ചു .

നീ വരുമ്പോള്‍ നിനക്ക് ഞാന്‍ എന്താണ്  കരുതി വയ്ക്കേണ്ടത് ? ബിരിയാണി ? മധുരപലഹാരങ്ങള്‍ ?"

അവന്‍  പറഞ്ഞു .

"ഇത്തിരി കഞ്ഞിയും തേങ്ങചുട്ടരച്ച ചമ്മന്തിയും  നീ അടുത്തിരുന്നു വിളമ്പിത്തരണം."

ഇക്കുറി  അവള്‍ അതിശയിച്ചു . അയാള്‍ പറഞ്ഞു , "എനിക്കതിനാണ് കൊതി .

ചമ്മന്തി അരയ്കുമ്പോള്‍ നീ അതില്‍ ഇത്തിരി സ്നേഹം കൂടി ചാലിക്കുമെന്നെനിയ്ക്കറിയാം '"

അവള്‍ സ്നേഹത്തോടെ ചിരിച്ചു . അവരുടെ പ്രണയം  അനശ്വരമായിരുന്നു.....





4 അഭിപ്രായ(ങ്ങള്‍)
രചനയ്ക്ക് മുൻപ്.
---------------------------------

ഓരോ രചനകളുടെയും സൃഷ്ടിയ്ക്ക് മുൻപ് , അതിനുള്ളൊരു മനസ്സൊരുക്കവും , മനസ്സുരുക്കവും ഉണ്ട് .( ശ്രദ്ധിയ്ക്കുക, രണ്ടും രണ്ടാണ്.)
അങ്ങനെ മനസ്സിന്റെ ഉലയിൽക്കിടന്നു ഉരുകിത്തെളിഞ്ഞാണ് ഓരോ അക്ഷരങ്ങളും പുറത്തു വരുന്നത്. എഴുതുന്ന സമയത്ത് ഞാൻ വായനക്കാരെക്കുറിച്ച് ഓർക്കാറില്ല. അതൊരു ധ്യാനമാണ്. ആ സമയത്തു എനിയ്ക്കു ചുറ്റും മറ്റൊരു ലോകമില്ല. ഞാനും എന്റെ കഥാപാത്രങ്ങളുംമാത്രം.അവരിൽ ഓരോരുത്തരും ഞാൻ ആകും. ഓരോരുത്തരുടെയും മനസ്സിൽ ഞാൻ യാത്ര ചെയ്യും. ആ സഞ്ചാരപഥം പ്രവചനാതീതമാണ്.
ചിലപ്പോൾ അതൊരു ഉത്സവമേളത്തിലൂടെയാകും. ചിലപ്പോ ഒരു ശ്മാശാനഭൂവിലൂടെയാകും. ചിലപ്പോ നിതാന്ത ശൂന്യതയിലൂടെയുമാകും. ഒരു വല്ലാത്ത മാനസീകാവസ്ഥയിലാകും അപ്പോൾ ഞാൻ. അതിൽ നിന്നും ഞാൻ തിരികെ വരുമ്പോഴേയ്ക്കും ആ രചന പൂർത്തിയായിക്കഴിഞ്ഞിരിയ്ക്കും. അല്ല, അപ്പോഴും ഞാൻ പൂർണ്ണമായും എന്റെ കഥാപാത്രങ്ങളിൽ നിന്നും മോചിതയായി എന്ന് പറയാനാവില്ല. കുറെ ദിവസങ്ങൾ വേണം എനിയ്ക്കു വരുടെ മനസ്സിൽ നിന്നും സ്വതന്ത്രമാകാൻ.
അങ്ങനെ ഞാനൊരു രചന പൂർത്തിയാക്കിക്കഴിഞ്, അത് വായനക്കാരുടെ മുന്നിൽ സമർപ്പിച്ചു കഴിഞ്ഞാൽ , എനിയ്ക്കു വല്ലാത്ത സംഘർഷമാണ് . അത് സ്വീകരിയ്ക്കപ്പെടുമോ എന്നറിയുന്നത് വരെ. അതിന്റെ തെറ്റും ശരിയും വളരെ വ്യക്തമായി പറഞ്ഞു തരുന്നവരെയാണ് ഞാൻ വായനക്കാരിൽ പ്രതീക്ഷിയ്ക്കുന്നത്. എന്റെ അടുത്ത സുഹൃത്തുക്കൾ എല്ലാവരും തന്നെ നല്ലതെങ്കിൽ നല്ലതെന്നു പറയും, തെറ്റുണ്ടെങ്കിൽ ഉണ്ടെന്നും പറയും.
എന്തായാലും ഞാൻ എന്റെ വായനക്കാരെ അങ്ങേയറ്റം ബഹുമാനിയ്ക്കുന്നു. അവരില്ലെങ്കിൽ ഞാൻ എന്നേ മറവിയിൽ പൊടി മൂടപ്പെട്ടു പോയേനെ. അവർ അക്ഷരങ്ങളിലൂടെ എനിയ്ക്കു തരുന്നത് അവർക്കു മാത്രം സ്വന്തമായ കുറെ നിമിഷങ്ങളാണ്. അതിനു ഞാൻ എന്ത് കൊടുത്താൽ മതിയാകും? ഒരു നന്ദി വാക്കിൽ തീരുമോ ?
ഞാൻ എപ്പോഴും ശ്രമിയ്ക്കാറുള്ളത് , എന്റെ അക്ഷരങ്ങളോടൊപ്പം എന്റെ വായനക്കാരെയും കൈ പിടിച്ചു നടക്കാനാണ്. ഒരു പക്ഷെ അവിടെയാവും വ്യക്തിബന്ധങ്ങൾ എനിയ്ക്കുണ്ടാവുന്നതും. ഇതുവരെ എന്റെ കൈ തട്ടിനീക്കി പോകാൻ എന്റെ വായനക്കാർ ശ്രമിച്ചിട്ടില്ല. അത് ഒരു പരസ്പര ബഹുമാനമാണ്. ഒരു മനസ്സിലാക്കലാണ്.
അവിടെയാണ് ഒരു എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദം നടക്കുന്നത്. ആ കൈകോർത്തു നടക്കലിലൂടെയും പരസപരം മനസ്സിലാക്കലിലൂടെയും...
2 അഭിപ്രായ(ങ്ങള്‍)
                                    വിഷു   മറന്നുവോ   വിഷുപ്പക്ഷി............ ?
                                      ----------------------------------
   
                                                                                                ശിവനന്ദ .

  മനസ്സിൽ കണി നിറച്ച് മേടം വിരുന്ന് വന്നപ്പോൾ ....എന്നോ കേട്ടുമറന്ന ആ വിഷുപ്പക്ഷിയുടെ ഗാനം  ഒരിയ്ക്കൽക്കൂടി  കേൾക്കാൻ    മോഹം......വിഷുപ്പുലരി   വരുന്നതിന്    എത്രയോ   മുൻപേ ,  ഒരായിരം   സ്വർണ്ണമണികൾ   തൂക്കിയിട്ടതുപോലെ   കണിക്കൊന്നകൾ   പൂത്തുനിറയുമ്പോൾ  ,  പ്രകൃതി   നമുക്കായി   ഒരുക്കിയ  കണിയിൽ   കണ്ണും   മനസ്സും   നിറയുന്നു.


  കണ്ണനും   വിളക്കും   കൊന്നപ്പൂവുമായി   കണിക്കൂട്ടു   പ്രകാശിയ്ക്കുമ്പോൾ ഇരുളകലുന്നത്   മനസ്സിലാണ് ..   വിഷുക്കൈനീട്ടമായി   കൈവെള്ളയിൽ   വച്ചുതരുന്നത്   വെറുമൊരു   നാണയമല്ല ,  ഒരു  നുള്ള്   സ്നേഹമാണ് .   പൂത്തിരിയും പടക്കവും   മത്സരിയ്ക്കുന്നു   ദേവാസുരഗാനം  പോലെ.   വിഷുസദ്യ   നാവിലിറ്റിയ്ക്കുന്ന   പായസ്സമധുരം   സ്നേഹസമത്വങ്ങളുടെ   അമൃതാണ് .


 മേടത്തിന്റെ   വർണ്ണപ്രഭയിൽ   കണിയും കണ്ണനും  നിലവിളക്കും  ഒരുപിടി   കൊന്നപ്പൂക്കളും   കൈ നിറയെ    കൈനീട്ടവുമായി   വിഷുവിനെ വരവേൽക്കുമ്പോൾ ....എന്റെ മനസ്സിൽ ഒരു നുള്ള്  നൊമ്പരം   ബാക്കിയിട്ട്   ആ  വിഷുപ്പക്ഷി   എവിടെയാണ്  പോയത് ?   ആ  സംഗീതം   ഇല്ലാതെ   എന്റെ   വിഷു   പൂർണ്ണമാകുമോ ?
                                                                                                                                               

 പണ്ട് .....നിന്റെ   പാട്ട്   കേട്ട്   ,,  " അപ്പൻ   കൊമ്പത്ത്...അമ്മ വരമ്പത്ത്.....കള്ളൻ   ചക്കേട്ടു ".....എന്ന്  എതിർപാട്ട്  പാടി നടന്ന   ആ  കുട്ടിയുടുപ്പുകാരിയെ   നീ  മറന്നുവോ   വിഷുപ്പക്ഷീ ?  കാലമെത്ര  കഴിഞ്ഞാലും   ,  നിന്നെയും കാത്തവൾ   ആ തൊടിയിലുണ്ടാകുമെന്ന്    നീ  ഒർക്കാത്തതെന്തേ ?   അവൾ   വളർന്ന്   വല്ല്യ   പെണ്ണായിട്ടും  ,   അവളുടെ   ഉള്ളിന്റെയുള്ളിൽ   ഇന്നും   വെള്ളിക്കൊലുസ്സിട്ട   ആ  കുട്ടിയുടുപ്പുകാരി ....ഇടതൂർന്ന   മുടിയിൽ   ചുവന്ന   റിബ്ബണ്‍   കെട്ടി...മുത്തുമാലയിട്ട് ....കുപ്പിവളയിട്ട് .....തുമ്പിയുടെ  പിറകെ   ഓടുന്ന   ആ   കുട്ടിക്കുറുംപുകാരി .....അവളിരുന്ന്   കൊത്താരം കല്ല്‌   കളിയ്ക്കുന്നു......എന്താണ്   നീയത്   കാണാതെ പോയത്   ?.....


 " അപ്പൻ   കൊമ്പത്ത്....അമ്മ  വരമ്പത്ത്  "......


എങ്ങാനും   കേൾക്കുന്നുണ്ടോ   ആ   ഹൃദയഗാനം  ?  ...എന്നെങ്കിലും   വരുമോ   നീ   എന്റെ   മനസ്സിന്റെ   മുറ്റത്തെ   കണിക്കൊന്നച്ചില്ലയിലെങ്കിലും  ?   വിഷു   മറന്നുവോ   നീ  വിഷുപ്പക്ഷീ ?  അക്കൂട്ടത്തിൽ  .....നീ.....നീയെന്നെയും   മറന്നുവോ ?  

2017, മാർച്ച് 26, ഞായറാഴ്‌ച

നുറുങ്ങ് കഥകൾ.

3 അഭിപ്രായ(ങ്ങള്‍)
                                          നുറുങ്ങ് കഥകൾ.  
                                          --------------------------------------

പുഷ്പമനോഹരി .
-----------------------------

" പുഷ്പമനോഹരി "   എന്ന്  നീയെന്നെ   സംബോധന   ചെയ്തത്  എന്നെ തെല്ലും സന്തോഷിപ്പിച്ചില്ലെന്നു തന്നെയല്ല,   അത്  വെറും  ശബ്ദമലിനീകരണം   എനിയ്ക്ക് തോന്നുകയും ചെയ്തു !   കാരണം ,   നീ   ഇടയ്ക്ക്   ഇങ്ങനെയും   പറയാറുണ്ട്..  "പുഷ്പം   പോലെ   നുള്ളിയെറിയും "  എന്ന് !    എന്തൊരു  നിസ്സാരത !  ഒരു പുഷ്പത്തെ  നിനക്ക് വളരെ നിസാരമായി  പറിച്ചടുക്കാം ,  തലയിൽ ചൂടാം,  ചവിട്ടിയരയ്ക്കാം, വലിച്ചെറിയാം ...  അങ്ങനെ  എന്തും  ചെയ്യാം..!   അതുകൊണ്ടുതന്നെ ,  നീയെന്നെ ഒരിയ്ക്കലും പുഷ്പത്തോട്   ഉപമിയ്ക്കണ്ട.  എനിയ്ക്കത്   ഇഷ്ടമല്ല. 

( പെണ്ണിനെ  പൂവിനോട്  ഉപമിച്ച മഹത്തുക്കളേ !   നിങ്ങൾ ഇത്  മുൻകൂട്ടി കണ്ടിരുന്നോ? )
--------------------------------------------------------------------------------

വജ്രമനോഹരി !
----------------------------

ആ പുൽക്കൊടിത്തുമ്പിൽ  ഇറ്റുനിന്ന  മഞ്ഞുതുള്ളിയെ  നോക്കി  ഞാനിരുന്നു.    നോക്കിനോക്കിയിരുന്നപ്പോൾ  എനിയ്ക്കു തോന്നി,   ആ  മഞ്ഞുതുള്ളി ,  ആ പുൽക്കൊടിയുടെ  കണ്ണുനീരാണ് എന്ന്.   എനിയ്ക്ക്  സങ്കടം  വന്നു...  എന്തിനാവും  ആ കുഞ്ഞിലക്കണ്ണുകൾ  നനഞ്ഞത് ?   ഇറ്റുവീണു പോകാതെ , അത് കണ്ണിൽത്തന്നെ സൂക്ഷിച്ചിരിയ്ക്കുന്നത്   എന്തുകൊണ്ടാവും?   അത് ഒരുപക്ഷെ  സ്നേഹത്തുള്ളികളാവും .  പുലർകാലസൂര്യന്റെ   കിരണങ്ങൾ   അതിൽ പതിച്ചു..!   അത്ഭുതം !!!!   ആ തുള്ളികൾ  വജ്രം പോലെ തിളങ്ങുന്നു !  ഇപ്പൊ  എനിയ്ക്ക്  സന്തോഷമായി.   ഈ കണ്ണുനീർത്തുള്ളി  അത്ര   നിസ്സാരക്കാരിയല്ല !   അത്   വജ്രത്തുള്ളികളാണ്..!    തിളക്കവും  വിലപിടിപ്പുമുള്ള   വജ്രമണികൾ  !!    അത് കൊള്ളാം !

( "കണ്ണുനീർത്തുള്ളിയെ  സ്ത്രീയോടുപമിച്ച  കാവ്യഭാവനേ " ,   നിനക്ക്   എന്റെയും  അഭിനന്ദനം !  ഇതും  നിങ്ങൾ  മുൻകൂട്ടി കണ്ടിരുന്നു  അല്ലെ ? )
-----------------------------------------------------------------------------------

ചൂണ്ടുവിരൽ .
-------------------------

ഞാൻ  ചൂണ്ടുവിരൽ .   തല  ചൊറിയാൻ  മാത്രമല്ല,  ചോദ്യം ചെയ്യാനും  ചൂണ്ടിയകറ്റാനും   നിയോഗിയ്ക്കപ്പട്ടവൾ .     സഹനം  കൊണ്ടും   ശൗര്യം  കൊണ്ടും  സൃഷ്ടിയ്ക്കപ്പെട്ടവൾ..  അഭിമാനമുണ്ട് എനിയ്ക്ക് .   പക്ഷേ  നിങ്ങൾക്കറിയാമോ?  ഞാനൊരു ഒറ്റയാൾപ്പട്ടാളമാണ് .    ആരൊക്കെയോ  എനിയ്ക്ക്  സ്വന്തമായി ഉണ്ടെന്നു  ഞാൻ വെറുതെ  കരുതും .   വെറുതെ  പ്രതീക്ഷിയ്ക്കും...  എന്നാൽ  ഒരു സന്നിഗ്ദ്ധഘട്ടം  വരുമ്പോൾ   എല്ലാരും ഓടിമറയും .   എന്റെ സഹോദരങ്ങളെന്ന്   അല്ലെങ്കിൽ എനിയ്ക്കേറ്റവും  വേണ്ടപ്പെട്ടവരെന്ന്  ഞാൻ  കരുതുന്നവർ  പോലും.   കണ്ടിട്ടില്ലേ?  ഒരു വിരൽ  ചൂണ്ടുമ്പോൾ,  ബാക്കി എല്ലാ വിരലുകളും   പതുങ്ങി ചുരുങ്ങി ഒളിച്ചരിയ്ക്കുന്നത് ?   ഇത്രയും  ഒത്തൊരുമയില്ലാത്തവരെ   ഞാനെന്റെ ജീവിതത്തിൽ   കണ്ടിട്ടില്ല..!   സാരമില്ല ..  പൊയ്‌ക്കോട്ടെ ... എല്ലാവരും  പൊയ്‌ക്കോട്ടെ ..   എന്നാലും ഞാൻ  ചോദ്യം  ചെയ്യും ,  മുന്നറിയിപ്പ് കൊടുക്കും,   ഇഷ്ടമില്ലാത്തത്  ചൂണ്ടിയകറ്റുകയും ചെയ്യും.    ഒറ്റയ്ക്ക്  നിന്ന്   പൊരുതി  ജയിയ്ക്കുന്നതിന്റെ   സുഖം ഒന്ന് വേറെതന്നെയാണ്..!  അതുകൊണ്ട് ,   അഭിമാനത്തോടെ   ഞാൻ  പറയുന്നു ,  ഞാൻ  ചൂണ്ടുവിരൽ !!!
-------------------------------------------------------------------------------------------------------

2017, മാർച്ച് 12, ഞായറാഴ്‌ച

അമ്മയുടെ കത്ത് .

10 അഭിപ്രായ(ങ്ങള്‍)
                                        അമ്മയുടെ  കത്ത് .
                                        --------------------------------

അമ്മയുടെ  മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു .   മരണമറിഞ്ഞ് വന്നവർ   ഓരോരുത്തരായി   മടങ്ങിത്തുടങ്ങി.  മൂന്നോ നാലോ പേര് ബാക്കിയായി .  സഞ്ചയനം   കഴിഞ്ഞ്  അവരും  പോയി .   


പിന്നെ..  പിന്നെ  വൃത്തികെട്ടൊരു   ശൂന്യത  വന്നു പൊതിഞ്ഞു..... മരണപ്പന്തൽ   അഴിച്ചുതുടങ്ങി ...  കസേരകൾ  അടുക്കിത്തുടങ്ങി.   തെക്കുവശത്തേയ്ക്ക് മിഴികൾ  പോകാതിരിയ്ക്കാൻ മനപ്പൂർവ്വം ശ്രദ്ധിച്ചു...  എവിടെയിരുന്നാലാണ്   അല്പം  ആശ്വാസം കിട്ടുക എന്ന് ആലോചിച്ചു ഭ്രാന്ത്  പിടിച്ചു .    ഇക്കഴിഞ്ഞ   ആഴ്ച  വരെ  ,   ആ നിശബ്ദസാന്നിദ്ധ്യത്തിന്  ഇത്രയും  പ്രാധാന്യം തോന്നിയിരുന്നില്ലല്ലോ എന്നോർത്തു .   വിലമതിയ്ക്കപ്പെടാതെ  പോയൊരു നിശ്ശബ്ദസേവനം  എന്ന പാഴ്‌ചിന്തയിൽ   സ്വയം   പുച്ഛം   തോന്നി.


വെറുതെ  അമ്മയുടെ   മുറിയിൽ പോയിരുന്നു..... 


അമ്മയുടെ വസ്ത്രങ്ങൾ... അമ്മയുടെ മേശ... അലമാര ...  പെൻസ്റ്റാൻഡിൽ   പേനകൾ... മേശപ്പുറത്ത്  അടുക്കിവെച്ച പുസ്തകങ്ങൾ...


 കുളിമുറിയുടെ  വാതിൽ  മെല്ലെ   തുറന്നു....  ബ്രഷ് ..പേസ്റ്റ് .. ബോഡി ഷാമ്പൂ...ഹെയർ ഷാമ്പൂ..സ്റ്റാൻഡിൽ   തൂക്കിയിട്ട തുവർത്ത് ...  എല്ലാം   ആദ്യമായി   കാണുന്നതുപോലെ   നോക്കി...


വീണ്ടും   മുറിയിൽ  വന്നിരുന്നു..   നനുനനുത്തൊരു   സുഗന്ധം  മുറിയിൽ  തങ്ങിനിന്നിരുന്നു..  ഇത്   പരിചയമുള്ള  ഗന്ധമാണ്...  അമ്മ   അടുത്തു  വരുമ്പോഴുള്ള   ഗന്ധം... അലക്കിത്തേച്ച   വസ്ത്രത്തിന്റെയാണോ ?   നെറ്റിയിലെ ഈറൻ ചന്ദനക്കുറിയുടേതാണോ ?  അതോ അമ്മയുടെ ശരീര ഗന്ധമോ?    ഇത്  ഇതിനുമുൻപ്   ശ്രദ്ധിച്ചിരുന്നില്ലല്ലോ എന്നും ഓർത്തു .


വസ്ത്രങ്ങളിരിയ്ക്കുന്ന   അലമാര   തുറന്നു.   അതിനുള്ളിലും  അതേ  ഗന്ധം !   അമ്മയുടെ   ഗന്ധം !  വസ്ത്രങ്ങളോരോന്നും വെവ്വേറെ  അടുക്കിവച്ചിരിയ്ക്കുന്നു ..


മനസ്സിൽ  വല്ലാത്തൊരു  തിക്കുമുട്ടൽ   അനുഭവപ്പെട്ടു .    അലമാരയിലെ   അടുക്കിവെച്ച   വസ്ത്രങ്ങൾക്ക്  മുകളിൽ  മുഖമമർത്തി നിന്നു ..... ഏറെ   നേരം ....  അമ്മയുടെ   ഗന്ധമറിഞ്ഞ് ....


വല്ലാത്തൊരു  മൗഢ്യം ... ഭയപ്പെടുത്തുന്ന  നിശ്ശബ്ദത .. 


അമ്മയുടെ  മേശ   തുറന്ന് നോക്കി.   കുറെ   വെള്ളക്കടലാസുകൾ ..   കുത്തിക്കുറിച്ച   ഡയറികൾ ...    വായിച്ചു തീർന്ന   താളിൽ   അടയാളം  വച്ച   പുസ്തകങ്ങൾ..   കഥയെഴുതി  പൂർത്തിയാക്കി  പിൻ  ചെയ്ത  കടലാസുകൾ..   പാതിയെഴുതി   നിർത്തിയ   കവിതകൾ...  


വെറുതെ  അതൊക്കെയൊന്ന്   തഴുകി....   വെറുതെ ....


അടയ്ക്കാൻ  തുടങ്ങിയ   മേശവലിപ്പിനുള്ളിലേയ്ക്ക്   വീണ്ടും   ആകാംക്ഷയോടെ   ശ്രദ്ധിച്ചു.   റൈറ്റിങ്  പാഡിൽ   ഒരു കത്ത് !  കഥയാണോ?  ആവില്ല.   അല്ലെങ്കിലും  അമ്മ ,   എന്നും  പറയാനുള്ളത് , ഇങ്ങനെ അക്ഷരങ്ങളിലൂടെ  ,   വീശിയെറിഞ്ഞ   കല്ലുകൾ  പോലെ  എവിടേക്കെങ്കിലും എറിഞ്ഞിടാറുണ്ട്... ആരെങ്കിലും എപ്പോഴെങ്കിലും   കണ്ടെടുത്തോട്ടെ    എന്ന  ഭാവത്തിൽ... 


സംബോധനയില്ലാത്ത   കത്ത്..  അതിൽ ഇങ്ങനെ   എഴുതിയിരുന്നു...


"  കാലം   തന്ന   അശാന്തികൾക്കിടയിൽ   പാഴായിപ്പോയത്   എൻ്റെ   കൊച്ചുകൊച്ചു  സ്വപ്‌നങ്ങൾ..    'സ്വയബഹുമാനം  നഷ്ടപ്പെട്ട  പുരുഷന്റെ   നിസ്സഹായത '    എന്ന തത്വം   ഉൾക്കൊള്ളാൻ   ശ്രമിച്ച്   ഞാനേറെ   നൊന്തു.    നോട്ടം  കൊണ്ടും ,  ഭാഷ   കൊണ്ടും ,  ചേഷ്ട   കൊണ്ടുമൊക്കെ  വ്യക്തിത്വത്തിലും   സ്ത്രീത്വത്തിലും   അഗാധ മുറിവുകളേൽക്കുമ്പോഴും ,   എന്നിലെ   സ്ത്രീ   എന്നും  സമരത്തിലായിരുന്നു.   വൈകാരികാന്ധതയുടെ   പടച്ചട്ടയണിഞ്ഞ്  എന്നും ഞാൻ  യുദ്ധത്തിലായിരുന്നു .   തളരാതിരിയ്ക്കാൻ  ആ പടച്ചട്ടയെനിയ്ക്ക്   ആവശ്യവുമായിരുന്നു.   എന്നെയൊരു   തീക്കനലാക്കി   മാറ്റിയ   സാഹചര്യങ്ങളോടെനിയ്ക്ക്   നന്ദിയുണ്ട്.   


എന്നാൽ ,   സമയത്ത്   കേടുകൾ   തീർക്കാതെ ,   എണ്ണ  കൊടുക്കാതെ  തുരുമ്പിച്ച്  പോകുന്നൊരു   യന്ത്രമായി   മാറുന്നുണ്ട്   ഞാൻ .    തുരുമ്പിച്ച്   ദ്രവിച്ച്   ഏതു നിമിഷവും   പൊടിഞ്ഞ്   താഴെ വീഴാവുന്നൊരു   യന്ത്രം.    പക്ഷേ   ഞാനത്   കാര്യമാക്കുന്നേയില്ല .   സ്വയം    തിരിച്ചറിയുക   എന്നതാണ്   ഒരു  വ്യക്തിയുടെ   ജീവിതത്തിൽ   ഏറ്റവും  മഹത്വമാർന്ന   കാര്യമെന്ന്   ഞാൻ മനസ്സിലാക്കുന്നു .    


മരണം   എന്ന   അനിവാര്യത   ഒന്നിന്റെയും   അവസാനമായി   ഞാൻ   കാണുന്നില്ല.    ഒന്നിൽ നിന്നും    മറ്റൊന്നിലേയ്ക്കുള്ള   ചുവടുമാറ്റം .    അടുത്ത  ചുവടിൽ   എന്താണെന്നറിയാനുള്ള   ആകാംക്ഷയിൽ ,   മരണം  പോലും  എനിയ്ക്ക്   അതിമനോഹരം..!    


അവൻ അതിഥിയാണ് .    നാളും  തിഥിയും  നോക്കേണ്ടാത്തവൻ.  മുൻകൂട്ടി  അറിയിയ്ക്കാതെ   വരുന്നവൻ ..  അനുവാദമില്ലാതെ   കയറിവന്ന് ,   അനുവാദമില്ലാതെ   ഇറങ്ങിപ്പോകാൻ   അധികാരമുള്ളവൻ.   എന്ന് , ഏത്  സമയത്തും  വന്നുചേർന്നേക്കാവുന്ന   ആ  അതിഥിയെക്കുറിച്ച്   ഞാൻ  ആകാംക്ഷാഭരിതയാവുമ്പോൾ ,   തിരുത്തിക്കുറിയ്ക്കുന്നത് ,   'മരണം  രംഗബോധമില്ലാത്ത  കോമാളി '    എന്ന പഴയ പല്ലവി..!


മക്കളേ ,   ജഡമായിക്കിടക്കുമ്പോൾ ,    എൻ്റെ    വരണ്ട   ചുണ്ടുകളിൽ   ഭക്ഷണം   വച്ച്   നിങ്ങളെന്നെ   നോവിയ്ക്കരുത് ..   കണ്ണീരിന്റെ    അകമ്പടിയില്ലാതെ   എത്രയും  വേഗം  എന്നെ   മണ്ണോട്   ചേരാൻ   അനുവദിയ്ക്കണം.


നിങ്ങളെന്റെ   ഛായാചിത്രം   ഒരിയ്ക്കലും   ഭിത്തിയിൽ   തൂക്കരുത്.   ആദ്യം   അസ്വസ്ഥതയായി ,    പിന്നെ   പൊടി പിടിച്ച്    ചുമരിന്   അഭംഗിയായി ,    പിന്നെ   മച്ചിന്റെ   മുകളിൽ   അനാഥമായി.....   അത്   വേണ്ട.    ഒരു   ഛായാചിത്രമായിരുന്ന് ,    'ഞാനിവിടെയുണ്ടായിരുന്നു'   എന്ന്   നിരന്തരം   നിങ്ങളെ   ഓർമ്മിപ്പിച്ചുകൊണ്ടിരിയ്ക്കാൻ    ഞാനിഷ്ടപ്പെടുന്നില്ല .  അത്   നിങ്ങളിൽ   അടിച്ചേൽപ്പിയ്ക്കപ്പെടുന്ന   ഒരു  ബാധ്യതയാകും .   അത്   വേണ്ട.


എന്നെങ്കിലും എന്നെ   നിങ്ങളോർത്താൽ ,   എന്നെയൊന്ന്   കണ്ടെങ്കിലെന്ന്   തോന്നിയാൽ ,   തോന്നിയാൽ   മാത്രം  നിങ്ങളെന്റെ   അക്ഷരങ്ങൾ   തേടുക.    ആത്മരക്തം   കൊണ്ട്   ചായം   പുരട്ടിയ   അക്ഷരങ്ങൾ... അതിൽ   ഞാനുണ്ട്...  എന്റെ  ജീവനുണ്ട്..  അത്   നിങ്ങളോട്   മിണ്ടും....ചിരിയ്ക്കും.... കരയും.... കിന്നാരം പറയും... ഓമനിയ്ക്കും ... ഒരിയ്ക്കലും   അക്ഷരങ്ങൾ   ബാദ്ധ്യതയാവില്ല  കുഞ്ഞുങ്ങളേ ...


മക്കളേ ,    നിങ്ങളെന്റെ   അസ്ഥിത്തറയിൽ   ഒരിയ്ക്കലും   വിളക്ക്   വയ്ക്കരുത്.    അത്   കാണാൻ   അവിടെ   ആരിരിയ്ക്കുന്നു ?   ഒരു   മിന്നാമിനുങ്ങ് വെട്ടത്തിനു   കൊതിച്ച് ,   വേദനയോടെ   ഇരുളിലേക്ക്  മറഞ്ഞുപോയ   മേഘമൗനമോ ?    ഇല്ല....   അത്   ഏതോ   അജ്ഞാതതീരങ്ങളിൽ    പെയ്തൊഴിഞ്ഞിരിയ്ക്കുന്നു ... 


നിങ്ങൾക്ക്   ചുറ്റുമുണ്ടായിരുന്ന   അമ്മയെന്ന   നിശബ്ദത   ഇനിയില്ല..   എന്നെങ്കിലും   ഒരു   തിരി   എനിയ്ക്കായി   തെളിയിക്കണമെന്ന്   നിങ്ങൾക്ക്   തോന്നിയാൽ ,   തോന്നിയാൽ   മാത്രം  തെളിയിയ്ക്കുക .   അസ്ഥിത്തറയിലല്ല ..  ആൽത്തറയിൽ.   അക്ഷരങ്ങളുടെ   ആൽത്തറയിൽ... 


ഒരിയ്ക്കലും   ഉടയാത്തൊരു   ശിലാമൗനവുമായി   ഇനിയും   നിലയ്ക്കാത്ത  യാത്ര  ... 


സ്നേഹത്തോടെ  ,  സ്വന്തം അമ്മ .  "


കത്ത്  കൈയ്യിലിരുന്ന്  ചെറുതായി വിറച്ചു...  


 "അരുത് "    എന്നൊരേയൊരു  വാക്കിൽ  സർവ്വ   ആചാരങ്ങളേയും   എന്നെന്നേയ്ക്കുമായി   അമ്മ  ഉപേക്ഷിച്ചുകളഞ്ഞു .!     


ചിന്തകൾ   കൊണ്ട്   നരകത്തിൽ  സ്വർഗ്ഗം തീർത്ത് ,    നഷ്ടങ്ങളെ   എന്നെന്നേയ്ക്കുമായി   അമ്മ    നിഷേധിച്ചുകളഞ്ഞു ..!


















 
Copyright © .