2020, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

സഖാവ് !

0 അഭിപ്രായ(ങ്ങള്‍)
കോളേജിൽ സുഹൃത്തുക്കളുടെ ഇടയിൽ എനിക്ക് ഒരു വിളിപ്പേരുണ്ടായിരുന്നു .. എന്റെ നാടിന്റെ പേര് എന്റെ പേരോടുകൂടി ചേര്ത്ത് വിളിക്കുന്ന ഒരു രീതി. ഞങ്ങളുടെ ക്ലാസ്സിൽ ഒരേ പേരിൽ ഞങ്ങൾ രണ്ട് പേരുണ്ടായിരുന്നു . അങ്ങനെ തിരിച്ചറിയാൻ വേണ്ടി എന്റെ പേരിനൊപ്പം സുഹൃത്തുക്കൾ ചേർത്തതാണ് എന്റെ നാടിന്റെ പേര്. . ആ വിളി വളരെ അഭിമാനത്തോടെയാണ് എന്നും ഞാൻ സ്വീകരിച്ചിട്ടുള്ളത് . അത് കേൾക്കുമ്പോൾ 'സഖാവേ ' എന്ന് വിളിയ്ക്കുന്ന ഒരു തോന്നലാണ്.
പിന്നെപ്പിന്നെ എന്റെ എഴുത്തുകളിലേക്ക് കടന്നുവന്ന വിചാരലോകം തുറക്കുന്ന കണ്ണാടിജാലകം കമ്മ്യൂണിസത്തിന് അഭിമുഖമായി നിലനിന്നതുകൊണ്ടോ അതോ ഒരു ജന്മത്തിൽ പകർന്നാടിയ പല ജന്മങ്ങൾ വാക്കുകളിൽ സ്വയമറിയാതെ തീർത്ത 'അമ്ലരുചി' കൊണ്ടോ എന്തോ എഴുത്തുലോകത്ത് ചിലരൊക്കെ എന്നെ 'സഖാവ് ' എന്ന് സംബോധന ചെയ്തു. അത് അതിലേറെ അഭിമാനമായി !
'സഖാവ് ' ! വല്ലാത്തൊരു കേൾവി സുഖമുണ്ട് ആ വിളിയ്ക്ക് .. ഒറ്റവിളിയിലൂടെ ഗാഢമായ ഒരു ആത്മബന്ധം ഉടലെടുക്കുന്ന സൗഹൃദവും സ്നേഹവും ബഹുമാനവും കാരുണ്യവും സാഹോദര്യവും ഉണ്ട് അതിൽ.
ഒരു പ്രത്യയശാസ്ത്രത്തിനനുസൃതമായി ലക്ഷ്യ പൂർത്തീകരണത്തിനു വേണ്ടി നിരുപാധികം പ്രവർത്തിക്കുന്നവനാണ് സഖാവ് എന്നു എന്റെയൊരു കണക്കുകൂട്ടൽ . ലിംഗഭേദമില്ലാത്ത , വലിപ്പച്ചെറുപ്പമില്ലാത്ത , ജാതിമതഭേദമില്ലാത്ത ഒരു പൊതുപദം . ഞാൻ ചില സുഹൃത്തുക്കളെയും അങ്ങനെ വിളിക്കാറുണ്ട്.
ഏണസ്റ്റോ ചെ ഗുവേര പറഞ്ഞതോർക്കുക ! "ലോകത്തില് എവിടെയെങ്കിലും എന്തെങ്കിലും അനീതി നടക്കുമ്പോള് അതില് രോഷം കൊള്ളുന്ന കൂട്ടത്തിലാണ് നിങ്ങളെങ്കില് നാം എന്നുമെന്നും സഖാക്കളായിരിയ്ക്കും "..


 
Copyright © .