2017, ഡിസംബർ 5, ചൊവ്വാഴ്ച

ഏഴിലംപാലയിൽ പൂത്ത പ്രണയങ്ങൾ.

38 അഭിപ്രായ(ങ്ങള്‍)
ഏഴിലംപാലയിൽ പൂത്ത പ്രണയങ്ങൾ.
--------------------------------------------------------------------
ഏഴിലംപാലയെക്കുറിച്ച്  ഒരേസമയം മാദകവും ഭീകരവുമായൊരു സങ്കല്പമുണ്ടെന്നിരിയ്ക്കെ , അതിലെങ്ങനെയാണ് പ്രണയം പൂക്കുക ? അതല്ലേ സംശയം ?  അതെ !  ഞാനും  അതിശയിച്ചു .. അറിഞ്ഞറിഞ്ഞ്  ചെന്നപ്പോൾ കൗതുകങ്ങളുടെ ഒരു കൂമ്പാരമായിരുന്നു !!

ഓർക്കുന്നോ  ആ ഗാനം ?   'കാട് '  എന്ന സിനിമയിൽ  ദാസേട്ടന്റെയും  സുശീലാമ്മയുടേയും ഭാവസാന്ദ്രവും  വിഷാദമധുരവുമായ  സ്വരസുധയാൽ  ധന്യമായ  ആ  ഗാനം ?

"ഏഴിലം പാല പൂത്തു 
പൂമരങ്ങൾ കുടപിടിച്ചു 
വെള്ളിമലയിൽ .. വേളിമലയിൽ.."

ആ പാട്ട് എപ്പോൾ കേട്ടാലും എന്റെ  കണ്ണുകൾ  കൂമ്പിയടഞ്ഞു പോകും.  ആ  വരികളിലൂടെ  മനസ്സും സ്വരവും   സഞ്ചാരം  പൂർത്തിയാക്കുമ്പോൾ ഉറപ്പായും  എന്റെ  കണ്ണുകൾ  നനഞ്ഞിരിയ്ക്കും .  ഏറെയുണ്ട്  അതിനെക്കുറിച്ച് പറയാൻ.

ഓർക്കുമ്പോൾ  രസമുണ്ട്.  ജീവിതത്തിന്റെ  ഓരോ  ഘട്ടത്തിനും  ഓരോ  പുഷ്പഗന്ധമാണ്. 

വെള്ളിക്കൊലുസിട്ട  എന്റെ  ബാല്യത്തിന്  ഏത് പൂവിന്റെ  പേരിടണമെന്ന്  ചോദിച്ചാൽ , നിസ്സംശയം  ഞാൻ പറയും,  'കാപ്പിപ്പൂവ് '.  എന്റെ അമ്മവീട്ടിലെ  കാപ്പിപ്പൂവിന്റെ ഗന്ധമില്ലാത്ത ശൈശവബാല്യങ്ങൾ ഇല്ലെനിയ്ക്. 

നിബന്ധനകളില്ലാത്ത  നിഷ്ക്കളങ്കസ്നേഹം  എന്നെ പഠിപ്പിച്ചത്  ഏത് പൂവെന്ന്  ചോദിച്ചാൽ  ഞാൻ  പറയും,   ' ശീമക്കൊന്നപ്പൂവ് ' .    ശിവനന്ദ  എന്ന മൂന്നാംക്ലാസ്കാരിയ്ക്ക് ,  കേശവൻ  എന്ന കൂട്ടുകാരൻ  എന്നും  ശീമക്കൊന്നപ്പൂക്കൾ  പറിച്ചുകൊടുത്തത് ഒന്നും  തിരിച്ചുവാങ്ങാതെയും  പ്രതീക്ഷിയ്ക്കാതെയുമായിരുന്നു .

ക്ഷേത്രവഴിയിലേക്കുള്ള  എന്റെ  യാത്രയ്ക്കാണെങ്കിൽ  പനിനീർപ്പൂവിന്റെ ഗന്ധവും.  മുറ്റം നിറയെ   അമ്മ  നട്ടുവളർത്തിയ  പനിനീർറോസിന്റെ  ഇളം ഗന്ധവും ,  അത് ഇറുത്തെടുത്ത് നനഞ്ഞ  വാഴയിലയിൽ വച്ച്  ശ്രീകോവിലിന്റെ  നടയ്ക്കൽ  സമർപ്പിയ്ക്കുമ്പോഴുള്ള  നിർവൃതിയുമുൾപ്പെടെയുള്ള   ക്ഷേത്രയാത്രകളാണ്  ഞാനേറ്റവും  കൂടുതൽ  ആസ്വദിച്ചത്. 

സംഗീതം  ജീവിതത്തിൽ  നിറമാല ചാർത്തിയപ്പോൾ ,  അതിലുമുണ്ടായിരുന്നു  പുഷ്പസാന്നിദ്ധ്യം .  ജീവിതത്തിലെ  സർവ്വസുഗന്ധിയായൊരു  കാലത്ത്  ഹൃദയത്തോട്  ചേർത്തുവച്ച  ഗാനമായിരുന്നു   "ഏഴിലംപാല പൂത്തു "  എന്ന ഗാനം .

"എന്നുമെന്നുമൊന്നുചേരാൻ 
എൻ ഹൃദയം തപസ്സിരുന്നു 
ഏകാന്തസന്ധ്യകളിൽ 
നിന്നെയോർത്ത് ഞാൻ കരഞ്ഞു.."

എന്ന് പാടുമ്പോൾ  എത്രയോ  പ്രണയികളുടെ  കണ്ണ് നനഞ്ഞിട്ടുണ്ടാകും എന്ന് ഞാനോർത്തു .

ഒരിയ്ക്കൽ,   ഗായകനും  കൂടിയായ ഒരു ഡോക്ടർ  എഴുതിയതിങ്ങനെ....

" എന്റെ  മൂത്ത  സഹോദരിയ്ക്ക്  ഏറെ ഇഷ്ടമായിരുന്നു    ഈ പാട്ട്.  ഞാൻ ഈ പാട്ട് പാടുമ്പോൾ ,  അതിലെ   "ഏകാന്തസന്ധ്യകളിൽ നിന്നെയോർത്ത് ഞാൻ കരഞ്ഞു "  എന്ന ഭാഗമെത്തുമ്പോൾ  അവർ  കണ്ണീർ  തുടയ്ക്കുന്നത്  ഞാൻ  കണ്ടിട്ടുണ്ട്.  എന്താണ്  കാരണമെന്ന് ഇന്നുമെനിയ്ക്കറിയില്ല. ഞാൻ ചോദിച്ചിട്ടുമില്ല.."

മറ്റൊരു  ഡോക്ടർ ,  മരിച്ചുപോയ  അനിയന്റെ ഓർമ്മയ്ക്കായി  ഏഴിലപാല  നട്ടുവളർത്തിയ  കാര്യവും പിന്നീടൊരിയ്ക്കൽ ഞാൻ അതിശയത്തോടെ വായിച്ചറിഞ്ഞു.. !  അനിയന്  ഏറ്റവും  ഇഷ്ടമുള്ള പാട്ടായിരുന്നത്രെ 'ഏഴിലംപാലപൂത്തു '..

കൊച്ചിയിലെ  ഒരു വിവാഹച്ചടങ്ങിന്  താലി കെട്ടുന്ന  സമയം , പശ്ചാത്തലത്തിൽ  ഏഴിലംപാലയുടെ  പല്ലവി  വായിയ്ക്കാൻ പയ്യന്റെ അച്ഛൻ  നാദസ്വരക്കാരോട് ആവശ്യപ്പെട്ടതായും , അതിന്റെ കാരണം,  മുപ്പത്  വർഷം  മുൻപ്  ആ  അച്ഛന്റെ  വിവാഹച്ചടങ്ങിനും ഇതേ ഗാനം വായിച്ചത്  ജീവിതത്തിൽ  ശുഭശകുനമായി  ഭവിച്ചു  എന്നതാണെന്നുമെല്ലാം  വായിച്ചറിഞ്ഞത് വളരെ അതിശയത്തോടെയാണ് !

"തലമുറകളേ  മാറുന്നുള്ളു , പാട്ടിന്റെ  ശക്തിയും  സൗന്ദര്യവും  ക്ഷയിയ്ക്കുന്നില്ല "     എന്ന്   ആ  അച്ഛൻ  പറഞ്ഞത്  എനിയ്ക്കങ്ങ്  ഇഷ്ടപ്പെട്ടു ..

'ഏഴിലംപാല'യോടുള്ള  പ്രണയം മൂത്ത് ,  ആ  പാട്ട്  മാത്രം  അറുപത് മിനിറ്റ് ദൈർഘ്യമുള്ളൊരു  ഓഡിയോ കാസറ്റിന്റെ  ഇരുപുറവും ആവർത്തിച്ച്  റെക്കോർഡ്  ചെയ്ത്  ഗൾഫിലേയ്ക്ക്  യാത്രയായ ഒരു  മനുഷ്യനെക്കുറിച്ചുള്ള  ഓർമ്മകളെഴുതിയത്  നമ്മുടെ  ശ്രീകുമാരൻ തമ്പി സാർ .

ഇതിനോടകം  ഈ  പാട്ടിനോടുള്ള  അഗാധസ്നേഹം  കാണിയ്ക്കുന്ന  വിചിത്രമായ  അനുഭവങ്ങൾ  പലതും  വായിച്ചറിഞ്ഞു .  അതിശയം  തീരുന്നില്ലെനിയ്ക്ക് !   നാല്പത്തഞ്ച്  വർഷങ്ങൾക്കിപ്പുറത്തും  ഏഴിലംപാല പൂത്ത  സംഗീതഗന്ധത്തിൽ  എന്തേ  നമ്മളിങ്ങനെ  മോഹിച്ചുപോകാൻ ??  ദൈവമേ !  പാട്ടിലും യക്ഷി  കൂടിയോ !!

ഇതൊക്കെ  പറയുമ്പോഴും ,   നമ്മളറിയാതെ പോവുകയും  അറിഞ്ഞവർ  മറന്നുപോവുകയും  ചെയ്ത  ഒരാളുണ്ട്.   ആരാണെന്നോ ?  
ഏഴിലംപാലയ്ക്ക്  അനുരാഗഗീതം കൊടുത്ത ശില്പി.   വേദ് പാൽ  വർമ്മ . മലയാളഭാഷയിലോ  കേരളസംസ്ക്കാരത്തിലോ  അത്ര  ഗ്രാഹ്യമില്ലാത്ത  ഹരിയാനക്കാരൻ..

ആ പാട്ട് പാടിയ ദാസേട്ടനേയും  സുശീലാമ്മയേയും , പാട്ടെഴുതിയ  ശ്രീകുമാരൻ തമ്പി സാറിനേയും ഓർക്കുന്ന  നമ്മളിൽ  ചിലരെങ്കിലും  അതിനു സംഗീതം കൊടുത്ത വേദ് പാൽ  വർമ്മ എന്ന  ഉത്തരേന്ത്യക്കാരനെ ഓർക്കാൻ  മറന്നു എന്നെനിയ്ക്ക്  തോന്നുന്നു.

എന്റെ അറിവില്ലായ്മയിലുള്ള  മൗഢ്യവും , തിരക്കിയറിയാതിരുന്നതിലുള്ള  കുറ്റബോധവും കൊണ്ട്  ഒരു പ്രായശ്ചിത്തമെന്നപോലെയാണ്  ഞാനിതിവിടെ കുറിയ്ക്കുന്നത് . 

വേദ് പാൽ വർമ്മ ... അദ്ദേഹം  സംഗീതസംവിധായകൻ മാത്രമല്ള , കവിയും കൂടിയായിരുന്നു. ചെറിയൊരു  ഗായകനും. . 

ഏഴിലം പാലയ്ക്ക് സംഗീതം കൊടുക്കാൻ ക്ഷണിച്ചപ്പോൾ വളരെ സന്തോഷവും ആകാംക്ഷയുമായിരുന്നു വേദ് പാൽജി യ്ക്ക് എന്ന് ശ്രീകുമാരൻ തമ്പി.   വരികളുടെ അർത്ഥം  ചോദിച്ചു മനസ്സിലാക്കിയതിന് ശേഷമേ അദ്ദേഹം സംഗീതം ചെയ്യൂ എന്നും.   "ഏഴിലംപാല പൂത്തു"   എന്നെഴുതിക്കൊടുത്തപ്പോൾ ,  ഏഴിലംപാലപ്പൂവിന്റെ  ഗന്ധമെങ്ങനെ എന്നറിയണം എന്നദ്ദേഹം പറഞ്ഞതായി  തമ്പി സരസമായി പറയുന്നു..

"എന്റെ ഏറ്റവും  വലിയ ഹിറ്റ് ഗാനം ഹിന്ദിയിലല്ല ,  മലയാളത്തിലാണ്  "   എന്ന് വേദ് പാൽജി  പറഞ്ഞതായി  പറയുന്നു,  സംഗീതസംവിധായകൻ  രവീന്ദ്ര ജെയിൻ . 

അറിഞ്ഞറിഞ്ഞു ചെന്നപ്പോൾ  അല്പമല്ലാത്ത നൊമ്പരവും തോന്നി എനിയ്ക്ക്....

സിനിമാസ്വപ്നത്തിന്റെ  പിന്നാലെ  കാൽ നൂറ്റാണ്ടോളം അലഞ്ഞെങ്കിലും സിനിമാചരിത്രത്തിൽ  രേഖപ്പെടുത്താതെ പോയ പ്രതിഭയായിരുന്നു അദ്ദേഹം.  ഒരുപക്ഷേ  സിനിമാരംഗത്തെ ഗ്രൂപ്പുകളിലൊന്നും പെടാതെ  മാറി നടന്നതുകൊണ്ടാകാം  അദ്ദേഹം അങ്ങനെ പിന്തള്ളപ്പെട്ടുപോയത് . തന്നിലേക്കൊതുങ്ങി ചുരുങ്ങിയ ഏകാകി...

ഹിന്ദിയിലും  ഉറുദുവിലും പഞ്ചാബിയിലും സിന്ധിഭാഷയിലുമൊക്കെ  പ്രാവീണ്യമുള്ള ,   നിരവധി  വാദ്യോപകരണങ്ങൾ കൈകാര്യം  ചെയ്യാനറിയുന്ന  കവിയും  ഗായകനും സംഗീതസംവിധായകനും ഒക്കെയായിട്ടും  ബോളിവുഡിന്റെ മുൻ നിരയിലെത്താതെ  , അധികമാരുമാറിയാതെ  ഏതോ ഇരുണ്ട മൂലയിൽ ഒതുങ്ങിപ്പോയി അദ്ദേഹം.. 

ഞാനാലോചിച്ചു,  സലിൽ ദായേയും ബോംബേ  രവിയെയുമൊക്കെ സഹർഷം  സ്വീകരിച്ചവരല്ലേ നമ്മൾ ? എത്രയോ അന്യഭാഷാഗായകരേയും സംഗീതസംവിധായകരേയും  നമ്മൾ എതിരേറ്റതാണ് !  എന്നിട്ടെന്തേ ഈ ബഹുമുഖപ്രതിഭയെ  ചുമ്മാ നമ്മെ കാണിച്ച്  ഒന്ന് കൊതിപ്പിച്ചതിനുശേഷം , നമ്മുടെ കണ്ണിൽനിന്നും മറച്ചുകളഞ്ഞു ദൈവം ??

പക്ഷെ  വീണ്ടും ചില അതിശയങ്ങളുണ്ടെനിയ്ക്ക്  പറയാൻ...

ഇന്ത്യൻ പരസ്യലോകത്തെ ,  നമുക്ക് ഏറെ  സുപരിചിതമായ  ഒരു പ്രശസ്ത ജിംഗിൾ  ഓർമ്മിപ്പിയ്ക്കട്ടെ ഞാൻ ?

"വാഷിങ് പൗഡർ നിർമ്മ 
വാഷിങ് പൗഡർ നിർമ 
ദൂധ് കീ സഫേദീ , നിർമാ  സേ ആയീ 
രംഗീൻ കപ് ഡാ ഭീ ഖിൽ ഖിൽ ജായേ ..
സബ് കീ പസന്ത്‌ നിർമ 
വാഷിങ് പൗഡർ നിർമ "


എന്ത് പറയുന്നു ?  ഓർമ്മയില്ലേ?  

നിർമാ  വാഷിങ് പൗഡർ..  അഹമ്മദാബാദിലെ  കേസർഭായ് പട്ടേൽ  എന്ന  സാധാരണക്കാരനായ ഒരു  ലാബ് ടെക്ക്നിഷ്യൻ,   അര  നൂറ്റാണ്ട് മുൻപ് , സ്വന്തം വീടിന്റെ ഒരു കൊച്ചു മുറിയിൽ ചെറിയ തോതിൽ  തുടങ്ങിയതായിരുന്നു നിർമാ സോപ്പുപൊടി നിർമ്മാണ കമ്പനി. നാളുകൾ പോകെ ,  പ്രതിവർഷം  ഏഴായിരം കോടി രൂപയിലേറെ വരുമാനവും പതിനെണ്ണായിരത്തോളം ജീവനക്കാരുമുള്ളൊരു  വൻകിടസ്ഥാപനമായി അത്  വളർന്നു !  ആ  വളർച്ചയ്ക്ക് പിന്നിൽ , വേദ് പാൽജി എഴുതി ചിട്ടപ്പെടുത്തിയ  ഈ ജിംഗിളിനും ഒരു വലിയ പങ്കുണ്ടെന്നറിയുമ്പോൾ  എനിയ്ക്കെന്തൊരു അഭിമാനമാണെന്നോ  !  കാരണമെന്തെന്നറിയോ ?  നമ്മുടെ സ്വന്തം ഏഴിലംപാലയ്ക്ക് സംഗീതം കൊടുത്ത ആളല്ലേ ?  അപ്പോൾ അദ്ദേഹം നമ്മുടെ സ്വന്തമാണെന്നൊരു തോന്നൽ.   അതിഥി ദേവോ ഭവ:

ഹിന്ദിയിലാണ്  കൂടുതൽ ജോലി ചെയ്തതെങ്കിലും ,  മലയാളമാണ് അദ്ദേഹത്തിലെ ഹിറ്റ് മേക്കറെ  ആദ്യമായി തിരിച്ചറിഞ്ഞത്...   അവസാനമായും.... നമുക്കഭിമാനിയ്ക്കുകയും നൊമ്പരപ്പെടുകയും ചെയ്യാം.

സിനിമാരംഗത്തെ  പരാജയങ്ങൾ ഏറ്റുവാങ്ങി തളർന്ന്  ഗുഡ്‌ഗാവ് കാക്കാജി നഗറിലെ  ഒരു ഒറ്റമുറി വീട്ടിൽ  അദ്ദേഹം  ഒറ്റയ്ക്ക്  കഴിഞ്ഞു.  അതുകൊണ്ടാവും ,  അന്തരിച്ചപ്പോൾ  അതൊരു വാർത്തയായതുമില്ല.

മാഞ്ഞുപോയ  ആ  കാലഘട്ടത്തിന്റെ  കുത്തിക്കുറിപ്പുകൾ   വായിച്ചെടുത്തപ്പോൾ  സത്യമായും എന്റെ കണ്ണ് നനഞ്ഞു.  

ഹരിയാനയിലെ സിർസയിൽ ഒരു സിന്ധി കുടുംബത്തിൽ ജനിച്ച അദ്ദേഹം  ഒരു വർക്ക്ഷോപ്പ് മെക്കാനിക്ക് ആയിട്ടാണ് ആദ്യം ജോലി ചെയ്തത്.   സംഗീതത്തോട്  അടങ്ങാത്ത ഭ്രമം.   ഗ്രാമത്തിലെ  ചടങ്ങുകളിലും ക്ഷേത്രങ്ങളിലുമൊക്കെ ,   സ്വയം എഴുതി  ചിട്ടപ്പെടുത്തിയ  ഭക്തിഗാനങ്ങൾ  പാടുമായിരുന്നു.   പിന്നീട്  ആകാശവാണിയിൽ.  അവിടുന്ന്  സിനിമാലോകത്തേയ്ക്ക്.  പക്ഷെ  ഭാഗ്യം  അദ്ദേഹത്തെ തുണച്ചില്ല.   

'കാട്'  സിനിമയുടെ ഗാനങ്ങൾ  പൂർത്തിയാക്കിയതിന് ശേഷം മുംബൈ ലേയ്ക്ക്  തിരിച്ചുപോയ അദ്ദേഹം ,  അപൂർവ്വമായി ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നെന്നും  പിന്നീടെന്നോ ഒരുദിവസം  വിളിച്ചപ്പോൾ ,   ആ നമ്പർ നിലവിലില്ല എന്ന മറുപടി കിട്ടിയെന്നും , പിന്നീട് മുംബൈ യിലെ സിനിമാലോകത്ത് അന്വേഷിച്ചപ്പോൾ ,  അവിടെ വേദ് പാൽ വർമ്മ എന്ന  പേര് കേട്ടിട്ടുള്ളവർ തന്നെ അപൂർവ്വമെന്നും  ശ്രീകുമാരൻ തമ്പി.  അദ്ദേഹത്തിന്റെ   സംഗീതജീവിതത്തെക്കുറിച്ച്  ഇന്റർനെറ്റിലും  കാര്യമായ വിവരങ്ങൾ കിട്ടിയില്ലെന്ന്  തമ്പി പറയുന്നു.

അവസാനം ,   1996 ഡിസംബർ 19  ന്  മുംബൈ  ഗുഡ്‌ഗാവ്‌ ലെ വസതിയിൽ വച്ച്  വേദ് പാൽ വർമ്മ  അന്തരിച്ചു എന്ന്  തമ്പി സാർ  അറിഞ്ഞത് ,   അരുൺകുമാർ ദേശ്‌മുഖ്  എന്ന സംഗീതപ്രേമിയുടെ  ബ്ലോഗിൽ നിന്ന് !!!

എന്തുകൊണ്ടോ  ആ അറിവ്  എന്നെ ശരിയ്ക്കും  പിടിച്ചുലച്ചു.  മനസ്സ്  വല്ലാതെ കലങ്ങി.  നോവിയ്ക്കുന്ന ചില ഓർമ്മകൾ... എഴുത്തുകാരിയും പ്രസാധകയുമായ  എന്റെ സുഹൃത്ത്  ലീല എം ചന്ദ്രൻ അന്തരിച്ച വിവരം മറ്റു ചില  സുഹൃത്തുക്കൾ അറിഞ്ഞത്  , ഞാനെഴുതിയ ഒരു ബ്ലോഗിൽനിന്നും..

 പ്രശസ്ത ബ്ലോഗറും സുഹൃത്തുമായ സുനിൽ സാറിന്റെ നിര്യാണവാർത്ത ഞാനുൾപ്പെടയുള്ള പല സുഹൃത്തുക്കളും അറിഞ്ഞത് , മറ്റൊരു സുഹൃത്തിന്റെ ബ്ലോഗിൽ നിന്നും ..   അതിനെത്തുടർന്ന് അദ്ദേഹത്തെക്കുറിച്ച്  ഞാനെഴുതിയ ഒരു ബ്ലോഗിൽ നിന്നും മറ്റു ചില സുഹൃത്തുക്കളും അതറിഞ്ഞു.  

മരിച്ചുപോയ  മറ്റൊരു  ബ്ലോഗർ സുഹൃത്തിന്റ ബ്ലോഗുകളിൽ, അതറിയാതെ  നിരന്തരം കമന്റുകൾ  എഴുതിയ അനുഭവം വേദനയോടെയേ  ഓർക്കാൻ കഴിയൂ.  രണ്ടേരണ്ടാഴ്ച മാത്രമേ ആയിരുന്നുള്ളു ഞാൻ ആ സുഹൃത്തിന്റെ പേര്   സൈറ്റിൽ ആദ്യമായി കണ്ടിട്ട് .  രണ്ടാഴ്ചയേ ആയിരുന്നുള്ളൂ ഞാൻ അദ്ദേഹത്തിൻറെ  ബ്ലോഗ്സ് വായിച്ച്  കമന്റെഴുതാൻ തുടങ്ങിയിട്ട് .  പക്ഷേ അതിനും ഒരാഴ്ച മുൻപ് അദ്ദേഹം ഹൃദയസ്തംഭനം മൂലം മരണമടഞ്ഞിരുന്നു... അറിഞ്ഞില്ല ഞാൻ..  

കരൾരോഗബാധിതനായ എന്റെയൊരു സുഹൃത്തിനെ ഒരു ദിവസം രാവിലെ മുതൽ ഉച്ച വരെ നിരന്തരം ഞാൻ ഫോണിൽ വിളിച്ചു.  അന്നുച്ചയ്ക്കാണ് അദ്ദേഹം മരിച്ച വിവരം ഞങ്ങൾ സുഹൃത്തുക്കൾ അറിയുന്നത്.   ആശുപത്രിയിൽ  മരിച്ചു കിടന്ന സുഹൃത്തിനെയായിരുന്നു ഞാൻ വിളിച്ചുകൊണ്ടിരുന്നത് എന്ന അറിവ് എന്നിൽ വല്ലാത്ത നടുക്കമാണ്  ഉണ്ടാക്കിയത്.  "സബ്സ്ക്രൈബർ നിങ്ങളുടെ ഒരു കോളും സ്വീകരിയ്ക്കുന്നില്ല "  എന്നായിരുന്നു എനിയ്ക്ക് കിട്ടിക്കൊണ്ടിരുന്ന സന്ദേശം....

ഇങ്ങനെയൊക്കെയുള്ള അനുഭവങ്ങൾ ഉണ്ടാകുന്ന സന്ദർഭത്തിൽ നെഞ്ച് പൊട്ടി വരുന്നൊരു നോവുണ്ട്...  പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല അത്.  വിധിയുടെ മുന്നിൽ എത്ര നിസ്സാരരാണ്  നമ്മൾ മനുഷ്യർ !  അല്ലേ ? 

ഒരു കാലഘട്ടം മുഴുവൻ എന്ന് പറഞ്ഞാൽ പോരാ ,  ഇപ്പോഴും എപ്പോഴും  ഏഴിലംപാലയിൽ പ്രണയം പൂത്ത സുഗന്ധം ഞങ്ങൾക്ക് തന്ന പ്രിയപ്പെട്ട സംഗീതശിൽപ്പീ !  അങ്ങേയ്ക്ക്  വേണ്ടി നാല് അക്ഷരത്തുണ്ടുകളും പിന്നെ എന്റെ ആത്മപ്രണാമവും....






 
Copyright © .