2013, മാർച്ച് 26, ചൊവ്വാഴ്ച

എഴുത്തുമുറിയിലെ കൂട്ടുകാരി

4 അഭിപ്രായ(ങ്ങള്‍)
 വാച്ചുനോക്കി ഉറപ്പുവരുത്തി. അവള്‍ വരാറായി.
ഞാന്‍ നന്ദു എന്ന്‌ വിളിക്കുന്ന നന്ദിനി. എന്റെ  എഴുത്തുമുറിയിലെ കൂട്ടുകാരി. ഒരു ശബ്ദ മായി അവളൊഴുകി വരും. എന്റെയടുത്തിരിക്കും. സൂര്യനു താഴെയുള്ള സകലതിനേക്കുറിച്ചും ഞങ്ങള്‍ സംസാരിക്കും. എന്നിലെ എഴുത്തുകാരനോട്‌ അവള്‍ക്ക്‌ സ്നേഹമാണ്‌, ആരാധനയാണ്‌. അത്‌ കേള്‍ക്കുമ്പോള്‍ എനിക്ക്‌ സ്വയം ആദരവ്‌ തോന്നും. പക്ഷേ ഇതൊന്നുമല്ല രസം. ഞങ്ങള്‍ പരിചയപ്പെട്ടിട്ട്‌ നാളുകളേറെയായി. പക്ഷേ ഇതുവരെ പരസ്പരം കണ്ടി ട്ടില്ല. അവളെനിയ്ക്കൊരു ശബ്ദം മാത്രമാണ്‌.
ഇടയ്ക്ക്‌ ഞാന്‍ ചോദിക്കും.
" നമുക്കൊന്ന്‌ കാണണ്ടേ ? "
" കാണാം."
"എപ്പോള്‍ ?"
" അവസരം വരും."
"നീയെങ്ങനെയിരിക്കും നന്ദു? ഒരു സുനാമിത്തിരപോലെയാണോ? സര്‍വ്വതും വാരിപ്പിടിയ്ക്കാനുള്ള ആവേശവുമായി ?"
മെല്ലെ ചിരിച്ചുകൊണ്ടവള്‍ പറയും.
"ഒരു കുഞ്ഞോളമാണ്‌ ഞാന്‍. ശാന്തമായി ഒഴുകിവന്ന്‌ പാദങ്ങളെ സൌമ്യ മായി തലോടി മെല്ലെ തിരിഞ്ഞുപോകുന്ന ഒരു കുഞ്ഞോളം."
അനന്തകൃഷ്ണനെന്ന എന്നെ അവള്‍ സ്വന്തം ഇഷ്ടപ്രകാരം അനന്തു എന്ന്‌ സ്നേഹത്തോടെ വിളിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു
"നിനക്കെന്നെ ഇഷ്ടമാണോ നന്ദൂ ?"
"അതെ."
"പ്രണയം ?"
എന്റെ  ചോദ്യത്തിനുത്തരം ഒരു മറുചോദ്യമായിരുന്നു
"ഒരു പേരിട്ടു വിളിയ്ക്കാതെ ഇഷ്ടപ്പെട്ടുകൂടെ?"
"ആ ഇഷ്ടം തിരിച്ചുതരാനെനിക്ക്‌ കഴിഞ്ഞില്ലെങ്കിലോ?"
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക്‌ ശേഷം അവളുടെ മറുചോദ്യം വീണ്ടും
"മഴ കണ്ടിട്ടില്ലേ കുന്നുകളിലും താഴ്‌വരകളിലും ഉദ്യാനങ്ങളിലും ചെളി ക്കുണ്ടുകളിലും ഒരേപോലെ പെയ്തിറങ്ങും. എന്തെങ്കിലും തിരിച്ചു കൊടു ത്തിട്ടാണോ? യഥാര്‍ത്ഥ സ്നേഹം മഴ പോലെയാണ്‌. നമ്മുടെ മനസ്സും ശരീരവും കുളിര്‍പ്പിച്ച്‌ അതങ്ങനെ പെയ്തു കൊണ്ടേയിരിക്കും.
ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ."
 അവളത്‌ പറഞ്ഞപ്പോള്‍ ഒരു ചെറിയ ചാറ്റല്‍മഴ നനഞ്ഞ പ്രതീതി. ആ മഴ അവളായിരുന്നോ? ഛെ! വേണ്ടാത്ത ഓരോ ചിന്തകള്‍.
എനി യ്ക്കൊരു കാമുകിയുണ്ടെന്നും അവള്‍ വൃക്കരോഗിയാണെന്നും പറഞ്ഞപ്പോള്‍ നന്ദു വല്ലാതെ സങ്കടപ്പെട്ടു. നിമ്മി അതാണവളുടെ പേര്‌.
"വൃക്ക മാറ്റിവച്ചാൽ.? "
 അവള്‍ ആശങ്കപ്പെട്ടു.
"ഒരു ഡോണറെ കാത്തിരിക്കുകയാണ്‌. പത്രത്തില്‍ പരസ്യം കൊടുത്തിട്ടുണ്ട്‌. A + ആണവളുടെ
ബ്ളഡ്‌. എന്റെ  ഗ്രൂപ്പ്‌ ചേരില്ല നന്ദു. അല്ലെങ്കില്‍ ഞാന്‍ കൊടുത്തേനെ."
അല്‍പ നിമിഷത്തെ നിശ്ശബ്ദത. പിന്നെ സാന്ത്വനം.
"സാരമില്ല. ദൈവം എന്തെങ്കിലും വഴിയുണ്ടാക്കും. "
അവള്‍ മന്ത്രിച്ചു.
അല്‍പ ദിവസങ്ങള്‍ക്ക്‌ ശേഷം വിളിക്കുമ്പോള്‍ എനിക്കവളോട്‌ ഒരു സന്തോഷവാര്‍ത്ത പറയാനുണ്ടായിരുന്നു.
"ഡോണറെ കിട്ടി നന്ദു."
"ഉവ്വോ ആരാണ്‌ ?"
വല്ലാത്ത ആകാംക്ഷയുണ്ടായിരുന്നു അവളുടെ ശബ്ദത്തില്‍.
"അറിയില്ല"
ഞങ്ങളുടെ ബന്ധം വീട്ടുകാര്‍ക്കിഷ്ടമല്ലെന്നും അവളെ കാണാന്‍ പോലും ബുദ്ധിമുട്ടാണെന്ന്‌ പറഞ്ഞപ്പോഴും നന്ദു സങ്കടപ്പെട്ടു.
"എന്താ യാലും ഞാന്‍ പോയി കാണും നന്ദു."
ശാഠ്യത്തോടെ ഞാന്‍ പറഞ്ഞു. നന്ദു ഒന്നും പറഞ്ഞില്ല.
അവളെ ചികിത്സിക്കുന്ന ഡോക്ടര്‍ ശ്രീകുമാര്‍ എന്റെ  സുഹൃത്താണ്‌. അവന്‍ സഹായിക്കും.
ഓപ്പറേഷന്റെ  സമയത്തൊന്നും നന്ദുവിനെ വിളിക്കാന്‍ കഴിഞ്ഞില്ല. ഒരക്ഷരം പോലും എഴുതാനും കഴിഞ്ഞില്ല. അവളെന്നെയും വിളിച്ചില്ല.
ഓപ്പറേഷന്‍ വിജയമായിരുന്നു. നിമ്മിയെ കാണാന്‍ സൌകര്യമുണ്ടാക്കാ മെന്ന്‌ ശ്രീ പറഞ്ഞപ്പോള്‍ ആശുപത്രിയില്‍ ചെന്നു. സംസാരിച്ചിരിക്കെ ആകാംക്ഷ കെട്ടുപൊട്ടിച്ചു.
"ശ്രീ ആരാണ്‌ ആ ഡോണര്‍ ? ഒന്നു കാണാന്‍ പറ്റുമോ?"
"അങ്ങനെ പാടില്ലെന്നാണ്‌."  എന്നാലും നീ വരൂ.
അവന്റെ പിറകെ ഒബ്സര്‍വേഷന്‍ റൂമിലേക്ക്‌ കയറി.
കഴുത്തറ്റം പച്ച ഷീറ്റ്‌ കൊണ്ടുമൂടി കണ്ണടച്ചു കിടക്കുന്നത്‌ ഒരു സ്ത്രീയാണ്‌. നഴ്സ്‌ മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ. അവരോട്‌ പുറത്തേക്ക്‌ പൊയ്ക്കോളാന്‍ പറ ഞ്ഞിട്ട്‌ ശ്രീ എന്നോട്‌ പറഞ്ഞു.
"അനിത പത്രപരസ്യം കണ്ട്‌ വന്നതാണ്‌. അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചു. സഹോദരങ്ങള്‍ കുടുംബ സമേതം വിദേശത്താണ്‌. ആരും അന്വേഷിക്കാനില്ല. അവകാശം പറയാനു മില്ല. വിവാഹം കഴിച്ചിട്ടില്ല."
ശബ്ദം കേട്ടിട്ടാവണം അവര്‍ മെല്ലെ കണ്ണു തുറന്നു.
ശ്രീയെ കണ്ടപ്പോള്‍ അവരുടെ മുഖത്ത്‌ ഒരു തളര്‍ന്ന പുഞ്ചിരി യുണ്ടായി.
"അനിതാ, എങ്ങനെയുണ്ട്‌ ?"
അവര്‍ വെറുതെ ചിരിച്ചതേയുള്ളൂ. നോട്ടം എന്റെ  മുഖത്തേക്ക്‌ പാളിവീണപ്പോള്‍ ശ്രീ ചോദിച്ചു.
"ഇതാരാണെന്നറിയുമോ. പ്രശസ്തനായൊരു എഴുത്തുകാരന്‍. കേട്ടിട്ടുണ്ടോ? അനന്തകൃഷ്ണന്‍."
അതു കേട്ടപ്പോള്‍ അവരുടെ തളര്‍ന്ന കണ്ണുകള്‍ ഒന്നുകൂടി വിടര്‍ന്നു. എന്നെ സാകൂതം നോക്കിക്കൊണ്ട്‌ വീണ്ടുമവര്‍ പുഞ്ചിരിച്ചു. ഞാന്‍ നന്ദിയോടെ തിരിച്ചു ചിരിച്ചു. മുറിയില്‍ നിന്നും ഞങ്ങള്‍ പുറത്തേക്കിറങ്ങി. വാതില്‍ കടന്നപ്പോള്‍ ഞാന്‍ വെറുതെയൊന്ന്‌ തിരിഞ്ഞു നോക്കി. അവരുടെ നോട്ടം എന്റെ  നേര്‍ക്കാണ്‌. നേരിയൊരു പുഞ്ചിരിയുമുണ്ട്‌. കാരണമറിയാത്തൊരു അസ്വസ്ഥത മനസ്സില്‍ നാമ്പിട്ടു. വാതില്‍ക്കല്‍ നിന്നു മറയുന്നതിനു മുന്‍പ്‌ ഒന്നു കൂടി നോക്കി. ശാന്തമായ മുഖം. തളര്‍ന്ന പുഞ്ചിരി....
എല്ലാവരുടെയും കണ്ണുവെട്ടിച്ച്‌ നിമ്മിയെ ഒരു നോക്കുകാണാന്‍ വളരെ കഷ്ടപ്പെട്ടു.
ദിവസങ്ങള്‍ കഴിഞ്ഞു. നിമ്മി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി.
ഈ ദിവസങ്ങള്‍ക്കിടയിലൊന്നും അനിത എന്ന ഡോണറെപ്പറ്റി ഒന്നും അന്വേഷിച്ചില്ലല്ലോ എന്ന്‌ കുറ്റബോധത്തോടെ ഓര്‍ത്തു. വീണ്ടും അസ്വസ്ഥതയായി. അപ്പോള്‍തന്നെ ശ്രീയെ വിളിച്ചു. അനിത ഡിസ്ചാര്‍ജായിപ്പോയെന്നവന്‍ പറയുകയും ചെയ്തു. അവര്‍ പണം വാങ്ങിയില്ലത്രെ. നമുക്ക്‌ പ്രിയപ്പെട്ട ഒന്ന്‌ മറ്റുള്ളവര്‍ക്ക്‌ വേണ്ടി ത്യജിക്കുമ്പോള്‍ അവിടെ സ്നേഹമുണ്ടാവുക, അതേ എനിക്ക്‌ തിരിച്ചു വേണ്ടൂ. എന്നവര്‍ പറഞ്ഞത്രെ. വീണ്ടും അസ്വസ്ഥതയായി.
പെട്ടെന്നാണ്‌ ഞാനെന്റെ  എഴുത്തുമുറിയിലെ കൂട്ടുകാരിയെ ഓര്‍ത്തത്‌. എത്ര ദിവസമായിഅവളെ വിളിച്ചിട്ട്‌ ! അവളിങ്ങോട്ടും വിളിച്ചില്ലല്ലോ! എഴുത്തിന്‌ ഇടവേള വന്നപ്പോള്‍ അവള്‍ മുറിയില്‍ നിന്നും പോയോ? എഴുത്തു തുടങ്ങണം. നന്ദുവിനെ വിളിക്കണം. അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു. അന്തരീക്ഷ ത്തിലൂടെ ഒരു മിന്നലായി അവള്‍ പാളി വന്നു. തമാശയായി അവളോട്‌ പറഞ്ഞു. "നീയൊരു മിന്നലാണ്‌."
"തെറ്റി, ഒരു തെന്നലായിട്ടാണ്‌ ഞാന്‍ വരുന്നത്‌."
സംസാരം പെട്ടെന്ന്‌ വഴി തിരിഞ്ഞു
"എങ്ങനെയുണ്ട്‌ നിമ്മിക്ക്‌?"
"കുഴപ്പമില്ലെന്നാണ്‌ കേട്ടത്‌. ആശുപത്രിയില്‍ നിന്ന്‌ പോയതില്‍ പിന്നെ കണ്ടിട്ടില്ല. പക്ഷേ മനസ്സിലിപ്പോള്‍ വല്ലാത്തൊരു അസ്വസ്ഥതയുണ്ട്‌ നന്ദൂ."
എന്തു പറ്റി?
"അറിയില്ല..ആശുപത്രിയില്‍ വച്ച്‌ നിമ്മിക്ക്‌ വൃക്ക ദാനം ചെയ്ത സ്ത്രീയെ ഞാന്‍ കണ്ടു. എന്തുകൊണ്ടെന്നറിയില്ല. അവരുടെ മുഖം ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു അസ്വസ്ഥത. അച്ഛനും അമ്മയും ഇല്ലവര്‍ക്ക്‌. സഹോദരങ്ങ ളെല്ലാം സ്വന്തം കുടുംബവുമായി വിദേശത്താണ്‌. അവര്‍ മാത്രം ഒറ്റയ്ക്കി വിടെ. വിവാഹവും കഴിച്ചിട്ടില്ല."
നന്ദു ഒന്നും മിണ്ടിയില്ല.
" വൃക്കദാനത്തിന്റെ  പേരില്‍ അവള്‍ പണമൊന്നും വാങ്ങിയില്ല. നന്ദൂ എല്ലാം കൂടി ഓര്‍ക്കുമ്പോൾ ...എന്തോ ഒരു വിഷമം ആ മുഖം മനസ്സില്‍ നിന്നും പോകുന്നേയില്ല.."
അപ്പോഴും അവളൊന്നും മിണ്ടിയില്ല.
"എനിക്കവരെ ഒന്നുകൂടി കാണാന്‍ തോന്നുന്നു."
"ചുമ്മാതിരിക്കു അനന്തൂ. അവരെ മറക്കൂ എന്നിട്ട്‌ നിമ്മിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കൂ."
അവളുടെ ശബ്ദത്തില്‍ ശാസനയുണ്ടായിരുന്നു. ഞാനാ വിഷയം വിട്ടു. എങ്കിലും നിമ്മിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം രഹസ്യമായി ഞാന്‍ അനിതയ്ക്കുവേണ്ടി കൂടി പ്രാര്‍ത്ഥിച്ചു. പിന്നീടങ്ങോട്ട്‌ എഴുത്തിണ്റ്റെ തിരക്കില്‍ എല്ലാം മറന്നു. പക്ഷേ നന്ദു നിരന്തരം ഒരു നിലാപൊട്ടുപോലെ എന്റെ  എഴുത്തുമുറിയില്‍ വന്നു കൊണ്ടിരുന്നു. എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഒരു ദിവസം വീണ്ടും ഞാനവളോട്‌ ചോദിച്ചു
"നമുക്കൊന്ന്‌ കാണണ്ടേ?"
പതിവുപോലെ അവള്‍ പറഞ്ഞു
"കാണാം.   അവസരങ്ങളെ തേടി പോകണ്ട അനന്തു."അത്‌ നമ്മളെ തേടി വരും."
ഓ. എനിയ്ക്ക്‌ വലിയ പ്രതീക്ഷയൊന്നും തോന്നിയില്ല. അവളിങ്ങനെ ഒരു പ്രഹേളികപോലെ....
ഇന്ന്‌ രാവിലെ മനം കുളിര്‍പ്പിച്ച ആ വാര്‍ത്ത. എന്റെ  നീണ്ട തപസ്യയുടെ ഫലമെന്നോണം ഈശ്വരന്‍ എനിയ്ക്കൊരു നക്ഷത്ര മുത്ത്‌ ഇട്ടു തുന്നു. അവാര്‍ഡിന്റെ  രൂപത്തിൽ . എന്റെ  സിന്ദൂരപ്പൊട്ട്‌ എന്ന നോവലിന്‌ കേന്ദ്രസാഹിത്യ അക്കാഡമിയുടെ അവാര്‍ഡ്‌. അത്‌ നന്ദുവിനോട്‌ വിളിച്ചു പറയാനായിരുന്നു ആവേശം. നിമ്മിയോട്‌ പറയാന്‍ പ്രത്യേകിച്ച്‌ തിടുക്കമൊന്നു മുണ്ടായിരുന്നില്ല. കാരണം എന്നിലെ എഴുത്തു കാരനോട്‌ അവള്‍ക്ക്‌ വലിയ മമതയൊന്നും ഉണ്ടായിരുന്നില്ലല്ലോ.
വിവരമറിഞ്ഞ പ്പോള്‍ നന്ദുവിന്‌ വലിയ സന്തോഷം. അവാര്‍ഡ്ദാനച്ചടങ്ങിന്‌ അവളെ ക്ഷണിക്കുകയും ചെയ്തു.
"ഞാന്‍ വരും അനന്തു. ഇതാണ്‌ നമുക്ക്‌ കാണാനുള്ള അവസരം." സന്തോഷത്തോടെ അവള്‍ പറഞ്ഞു.
പിന്നീട്‌ കുറച്ചു ദിവസത്തേക്ക്‌ തിരക്കായിരുന്നു. നിമ്മിയേയോ നന്ദുവിനേയോ വിളിക്കാന്‍ സമയം കിട്ടിയില്ല. അവാര്‍ഡ്‌ ദാനച്ചടങ്ങിന്റെ  അന്ന്‌ തിരക്കി നിടയിലും നന്ദുവിനെ പലപ്പോഴും ഓര്‍ത്തു. അവള്‍ വന്നു കാണുമോ കാണാന്‍ ആകാംക്ഷയുണ്ടായിരുന്നു. തിരക്കിനിടയില്‍ക്കണ്ട ഒരു മുഖം വൃക്ക ദാനം ചെയ്ത അനിതയെ ഓര്‍മ്മിപ്പിച്ചു. അവരുടെ അവസ്ഥ എന്താണോ. ഒന്നന്വേഷിക്കാനും കഴിഞ്ഞില്ല. തിരക്കിനിടയില്‍ നില്‍ക്കു മ്പോഴാണ്‌ നേരിയൊരു പുഞ്ചിരിയോടെ അടുത്തേക്ക്‌ വരുന്ന അവരെ വീണ്ടും കണ്ടത്‌ ഇത്‌........ഇത്‌ അനിത തന്നെയല്ലേ? അതെ അന്ന്‌ ഒരിത്തിരി അസ്വസ്ഥത തന്ന്‌ ഈ മുഖം മനസ്സില്‍ തട്ടിയതല്ലേ. ഓര്‍മ്മയുണ്ട്‌. അനിത മുന്നില്‍ വന്നു നിന്ന്‌ പുഞ്ചിരിച്ചു. അതിശയത്തോടെ ചോദിച്ചു.
"അനിത ഇവിടെ?"
"ക്ഷണമുണ്ട്‌."
"ആരുടെ?"
"അനന്തകൃഷ്ണന്റെ ."
"എന്റെയോ .......ഞാന്‍........  നിങ്ങൾ ....അനിത...."
"അല്ലാ നന്ദു"
അവള്‍ പുഞ്ചിരിച്ചു.
"നന്ദു ?"
പുഞ്ചിരി കുസൃതിച്ചിരിയായി.
"നന്ദിനി. അനന്തകൃഷ്ണന്റെ എഴുത്തുമുറിയിലെ കൂട്ടുകാരി"
ഹോ ! എനിക്കത്‌ അവിശ്വസനീയമായിരുന്നു.
"അപ്പോള്‍ അന്ന്‌ ആശുപത്രിയില്‍ വൃക്കദാനം നടത്തിയത്‌?"
"ഞാന്‍ തന്നെ. അനിത എന്ന പേരു മാത്രമേ കള്ളമായിരുന്നുള്ളൂ. ബാക്കിയെല്ലാം സത്യം."
എന്താണ്‌ പറയേണ്ടതെന്നെനിയ്ക്ക്‌ മനസ്സിലായില്ല.
"നന്ദു നിനക്ക്‌ ഭര്‍ത്താവും കുട്ടികളുമുണ്ടെന്ന്‌ പറഞ്ഞത്‌?"
"മനോഹരമായൊരു സ്വപ്നം.  അച്ഛനുമമ്മയും നേരത്തെ പോയി. എന്റെ  അനിയത്തിമാരെക്കുറിച്ച്‌ ചിന്തിക്കാന്‍ ഞാനുണ്ടായിരുന്നു. എന്നെക്കുറിച്ച്‌ ചിന്തിക്കാന്‍ ആരുമുണ്ടായിരുന്നില്ലല്ലോ."
എന്റെ  പകപ്പ്‌ മാറിയിരുന്നില്ല
"എങ്കിലും നന്ദു. നിനക്കെങ്ങനെയാണ്‌ ഇങ്ങനെയൊരു ത്യാഗം ചെയ്യാന്‍ തോന്നിയത്‌? നിമ്മി ഇല്ലാതായാല്‍ എന്നെ സ്വന്തമാക്കാം എന്നൊരു സ്വാര്‍ത്ഥത നിനക്കൊരിക്കലും തോന്നിയില്ലേ?"
"സ്നേഹമെന്നാല്‍ പിടിച്ചടക്കലല്ല അനന്തു....വിട്ടുകൊടുക്കലാണ്‌."
അത്ഭുതത്തോടെ അവളെ നോക്കി നില്‍ക്കുമ്പോള്‍ ഒരു മന്ത്രണം പോലെ...........
"സ്നേഹിക്കാന്‍ ഒരു കുടക്കീഴിലാകണമെന്നില്ലല്ലോ. ഒരു സൂര്യനു കീഴി ലായാലും പോരെ?"
അതൊരു ചോദ്യമാണോ ഉത്തരമാണോ എന്ന്‌ ഞാന്‍ സംശയിച്ചു നില്‍ക്കുമ്പോള്‍ അവള്‍ സ്നേഹത്തോടെ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"പോട്ടെ. തിരക്കല്ലെ എല്ലാം നന്നായി നടക്കട്ടെ. ഞാന്‍ വിളിക്കാം."

പുഞ്ചിരിയോടെ അവള്‍ മെല്ലെ തിരിഞ്ഞു നടന്നു.

 ശിവനന്ദ 

2013, മാർച്ച് 22, വെള്ളിയാഴ്‌ച

ശിവനന്ദ

6 അഭിപ്രായ(ങ്ങള്‍)
രാജ്യത്തിന്റെ  സ്വാന്ത്യ്രത്തിനു വേണ്ടി പോരാടി എത്രയോ പീഡനങ്ങളേറ്റുവാങ്ങിയ എന്റെ  പ്രിയപ്പെട്ട അച്ഛനും, ഒരു സ്വാതന്ത്യ്രസമര സേനാനിയുടെ ഭാര്യ എന്ന നിലയില്‍ -ഞങ്ങള്‍ മക്കളെയും ചേര്‍ത്തുപിടിച്ച്‌ നോവിന്റെ  തീക്കടല്‍ എത്രയോ നീന്തിക്കടന്ന എന്റെ  പ്രിയപ്പെട്ട അമ്മയ്ക്കും വേണ്ടി ശിവനന്ദ എന്ന ഞാന്‍ സമര്‍പ്പിക്കുന്ന അക്ഷരമുത്തുകള്‍... അവരുടെ നന്‍മകളും കഴിവുകളും വരദാനമായി സ്വീകരിച്ച്‌ അക്ഷരക്കൂട്ടുകളെടുത്ത്‌ കടലാസ്സില്‍ തിലകം ചാര്‍ത്തുന്നു, ശിവനന്ദ എന്ന ഈ മകള്‍. എന്റെ  ഗ്രാമം..ഞാന്‍ വളര്‍ന്ന ചുറ്റുപാടുകള്‍...എന്നെ സ്നേഹിച്ചവര്‍...........താങ്ങി നിര്‍ത്തിയവര്‍.............നിലനിര്‍ത്തിയവര്‍.........എല്ലാം ചേര്‍ന്നപ്പോള്‍ ശിവനന്ദ എന്ന ഞാന്‍ ജനിച്ചു.

ശിവനന്ദ
 
Copyright © .