2020, മാർച്ച് 21, ശനിയാഴ്‌ച

ജീവിതം എന്ന മഹാത്ഭുതം !

5 അഭിപ്രായ(ങ്ങള്‍)

ഈയിടെ നമ്മളെ കരയിച്ച ആ സ്ത്രീകുറ്റവാളിയെക്കുറിച്ച് ഓരോന്നും വായിച്ച് അവിശ്വസനീയതയോടെ തരിച്ചിരുന്നപ്പോ ഓര്‍ത്തത് മുഴുവന്‍ ചാള്‍സ് ശോഭരാജിനെ കുറിച്ച്.  ഹൃദ്രോഗം ബാധിച്ച അയാളുടെ ഹൃദയവാല്‍വ് 2017 ഇല് മാറ്റിവച്ച ഡോ. രമേശ്‌ കൊയ് രാള പറയുന്നു, അതൊരു അപൂര്‍വ്വ അനുഭവമായിരുന്നു എന്ന്. ഡോക്ടര്‍ അടുത്തറിഞ്ഞ ശോഭരാജ് തീര്‍ത്തും വ്യത്യസ്തനായ ഒരു മനുഷ്യനായിരുന്നു എന്ന്.
നേപ്പാളില്‍ ഷഹീദ് ഗംഗാലാല്‍ നാഷണല്‍ ഹാര്‍ട്ട് സെന്ററിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു അദേഹം. CHARLES SHOBHRAJ: INSIDE THE HEART OF THE BIKINI KILLER എന്ന പുസ്തകം ആ കഥ പറയുന്നു എന്ന് കണ്ടു. പുസ്തകം ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം പറഞ്ഞ കുറെ കാര്യങ്ങള്‍ വായിച്ചു. ചിലതൊക്കെ ഇങ്ങനെ അടിവരയിട്ട് സൂക്ഷിയ്ക്കുകയും ചെയ്തിരുന്നു. എല്ലാം ഒന്നുകൂടി ഓർക്കുകയായിരുന്നു ഞാന്‍..
ഈ ശാസ്ത്രക്രിയാനിയോഗം തലയില്‍ വന്നു വീണപ്പോ അദ്ദേഹത്തിന് ആകെ വേവലാതിയായിരുന്നു. ഈ നിയോഗത്തിന്റെ കാര്യം ആദ്യം അദ്ദേഹം പറഞ്ഞത് , ഭാര്യ പൂനത്തിനോടാണ്. അത് കേട്ടതോടെ ഭാര്യ ദേഷ്യത്തോടെ എഴുന്നേറ്റുപോയി കിടപ്പുമുറിയുടെ വാതില്‍ വലിച്ചടച്ചു. അടയ്ക്കുന്നതിന് മുന്നേ അവര്‍ ഡോക്ടറോട് ചോദിച്ചു, "അതിന് അയാള്‍ക്ക് ഹൃദയമുണ്ടോ ?"
ഡോക്ടര്‍ കൊയ് രാളയുടെ മുന്നില്‍ വന്നിരുന്ന്‍, രോഗിയായ ഗുരുമുഖ് ചാള്‍സ് ശോഭരാജ് ക്ഷീണിച്ച സ്വരത്തില്‍ നിസഹായനായി പറഞ്ഞു , "എനിയ്ക്ക് ജീവിയ്ക്കണം..." ഏത് വലിയ തടവറയില്‍ നിന്നും നിഷ്പ്രയാസം പുറത്തുചാടുന്ന അയാള്‍ വാര്‍ദ്ധക്യത്തിന്റെയും രോഗത്തിന്റെ തടവറയില്‍ നിസഹായനായി. 'ബിക്കിനി കില്ലര്‍' ജീവന് വേണ്ടി യാചിയ്ക്കുന്നു ! അനേകമനേകം ജീവനുകളെ ഞെരിചില്ലാതാക്കിയ കൈകള്‍ കൂപ്പി അയാള്‍ ചോദിയ്ക്കുന്നു, " ഡോക്ടര്‍ എന്നെ സഹായിയ്ക്കാമോ ? എനിയ്ക്ക് ജീവിയ്ക്കണം" ! ജീവിതം എന്ന മഹാത്ഭുതത്തിന് മുന്നില്‍ ആ നേപ്പാളി ഡോക്ടര്‍ അമ്പരന്നിരുന്നു എന്ന്  വായിച്ചത് , അതിലേറെ അമ്പരപ്പോടെ ഞാനും ഓർത്തു    .. അയാളൊരു മനുഷ്യശരീരം എന്നതിനേക്കാള് , പിടികിട്ടാത്ത ‍ ഒരു മന:ശാസ്ത്രപ്രശ്നമായിരുന്നു എന്നാണു അദ്ദേഹം പറയുന്നത്.
"എന്താണ് ഒരു മനുഷ്യനെ കൊലയാളിയാക്കുന്നത് ?" എന്ന ചോദ്യത്തിന് അതീവ ശാന്തതയോടെ അയാളുടെ മറുപടി - "വികാരങ്ങള്‍. ഒന്നുകില്‍ നിയന്ത്രിയ്ക്കാനാവാത്തവിധം കവിഞ്ഞു മറിഞ്ഞ വികാരങ്ങള്‍. അല്ലെങ്കില്‍ തികഞ്ഞ നിര്‍വ്വികാരത "
ഡോക്ടര്‍ പറയുന്നു, " സാഹസികതയുടെയും സമ്മര്‍ദ്ദത്തിന്റെയും സമയത്ത് ശരീരത്തുണ്ടാകുന്ന അഡ്രിനാലിന്‍ ആ സമയത്ത് ആനന്ദകരമാണ്. എന്നാലത് വര്‍ദ്ധിയ്ക്കുമ്പോള്‍ നമ്മുടെ കണക്കുകൂട്ടലുകളെ അത് തെറ്റിയ്ക്കുന്നു " അമിത അഡ്രിനാലിന്‍ ഹോര്‍മോണ്‍ അയാളെ അന്ധമായ സാഹസങ്ങള്‍ക്ക് പ്രേരിപ്പിച്ചതുമാകാം എന്നദ്ദേഹം നിരീക്ഷിയ്ക്കുന്നു.
എന്തായാലും വായനയ്ക്കിടയില്‍ എപ്പോഴൊക്കെയോ എന്റെ മനസ്സ് ഒന്ന് നിശ്ചലമായിരുന്നു.. കണ്ണുകള്‍ ഒന്നടഞ്ഞിരുന്നു.. എന്തിനെന്നറിയാത്തൊരു വിങ്ങല്‍...

ഇഷ്ടം

4 അഭിപ്രായ(ങ്ങള്‍)

എഴുത്തും വായനയുമെല്ലാം ഉപേക്ഷിച്ച് അത്യന്തം മടുപ്പോടുകൂടി എന്നിലേയ്ക്ക് തന്നെ ഒതുങ്ങിക്കൂടിയ ഒരു സമയമുണ്ടായിരുന്നു. അന്നൊരു ദിവസം എന്റെയൊരു സുഹൃത്ത് ഓഷോയുടെ പുസ്തകങ്ങൾ കൊണ്ടുത്തന്നിട്ട് പറഞ്ഞു, "എവിടെയാ നീ? ഈ ഇരിയ്ക്കുന്നത് നീയല്ല , തിരികെ വാ "
ഞാൻ എഴുന്നേറ്റു . എനിയ്ക്ക് മുന്നോട്ട് നടക്കണം. നടന്നേ തീരൂ. അതെന്റെ ഇഷ്ടമാണ് ! 


ഞാൻ നടന്നു. മെല്ലെ.. വളരെ മെല്ലെ.. പൊടി മൂടിപ്പോയ എന്റെ ചിന്തകളെ ഒഷോവായന കഴുകിത്തെളിച്ചു. എഴുതിയത് പലതും ആനുകാലികങ്ങളിലും പത്രത്തിന്റെ വാരാന്തപ്പതിപ്പുകളിലും വന്നു.
മറ്റൊരു സുഹൃത്ത് പറഞ്ഞു, "നീ കണ്മുന്നിലുള്ളത് പലതും കാണാതെപോകുന്നു . ഇങ്ങുവന്നെ.."
ഞാൻ തീരുമാനിച്ചു , എനിയ്ക്ക് കാണണം. കണ്ടേ തീരൂ.. അതെന്റെ ഇഷ്ടമാണ് ! 


ഇന്റർനെറ്റിന്റെ അനന്തസാദ്ധ്യതകളിലേയ്ക്ക് ഞാൻ കടന്നു. ജീവിതത്തിലെ വഴിത്തിരിവ്... അക്ഷരങ്ങളുടെ ലോകത്തുനിന്നും മാറിനിന്നാൽ കരയിൽ പിടിച്ചിട്ട മൽസ്യത്തെപ്പോലെ ഞാൻ പിടഞ്ഞുമരിയ്ക്കും എന്നെനിയ്ക്ക് അറിയാമായിരുന്നിട്ടും ചില സാഹചര്യങ്ങളിൽ ഞാനെന്റെ അക്ഷരങ്ങളെ പകയോടെ കുടഞ്ഞു തെറിപ്പിയ്ക്കാൻ ശ്രമിച്ചു. എന്നാൽ അവ എന്നെ വിട്ടുപോകാതെ പിന്നെയും പിന്നെയും എന്റെ വിരൽത്തുമ്പിൽ കടിച്ചുതൂങ്ങി. എനിയ്ക്ക് വല്ലാതെ നൊന്തു.. ഞാൻ തീരുമാനിച്ചു. ഇതെന്റെ ഇഷ്ടമാണ് !  എന്റെ മാത്രം ഇഷ്ടം !! അത് സാധിയ്ക്കാൻ എനിയ്ക്കെ കഴിയൂ.. ആ ചിന്തയിൽ നിന്നൊരു പുസ്തകം തന്നെ പിറന്നു.


എന്നോ എന്നിൽ നിന്നും പടിയിറങ്ങിപ്പോയ സംഗീതം... ഞാനോർത്തു, എന്റെ സംഗീതം.. അതെന്റെ ഇഷ്ടമാണ് ! എത്ര മറച്ചിട്ടും അത് ഫാമിലി ഗ്രൂപ്പിലൂടെ പറന്ന് വിദേശത്തെത്തി . ക്ലാവ് പിടിച്ച ഓട്ടുവിളക്ക് പോലെ ആയിപ്പോയ എന്റെ  സ്വരത്തെ ഞാൻ തേച്ചുമിനുക്കി കഴിയുന്നത്ര.. 


മഞ്ഞു വീണലിഞ്ഞ മനസ്സിന്റെ ചില്ലുജാലകങ്ങൾക്ക് ഇപ്പുറം ആരുമറിയാത്ത നോവുകളും ആരും കാണാത്ത മുറിവുകളും നേർത്തൊരു ചിരികൊണ്ട് ഒളിപ്പിച്ചുവച്ച് പുറംകാഴ്ചകളിലെയ്ക്ക് നോക്കുന്ന എന്റെ കണ്ണുകളുടെ ആർദ്രത തെല്ലും കുറയില്ല.. ഒപ്പം തീക്ഷ്ണതയും. അതെന്റെ ഇഷ്ടമാണ് ! 


എനിയ്ക്കു പിന്നാലെ വരുന്നവരോട് 'ഞാനിവിടെ ഉണ്ടായിരുന്നു ' എന്നൊരു അടയാളപ്പെടുത്തലാണ് ഇന്നെന്റെ ഓരോ അക്ഷരവും. അതെന്റെ ഇഷ്ടമാണ് !

മാനത്തെ മറച്ചുകളയുന്ന കാർമേഘങ്ങൾ ഓർക്കാത്തതെന്താണ് , അവരൊരിയ്ക്കൽ പെയ്തൊഴിയും എന്ന് ? ഓർത്തില്ലെങ്കിലും എനിയ്ക്കൊന്നുമില്ല. ഞാനോർക്കും. അതെന്റെ ഇഷ്ടം !!
 
Copyright © .