2018, ഫെബ്രുവരി 28, ബുധനാഴ്‌ച

ഒരു കുഞ്ഞു മഴ .

8 അഭിപ്രായ(ങ്ങള്‍)
 മണ്ണിന്റെ  പ്രണയയച്ചൂടേറ്റ്  
വിണ്ണിന്റെ മനമലിഞ്ഞതാവാം ,
ഇന്നലെയൊരു കുഞ്ഞു മഴ.
ഭൂമിയെ പ്രണയിച്ച്  മേഘം 
മേഘമൽഹാർ പാടിയതാവാം ,
ഇന്നലെയൊരു കുഞ്ഞു മഴ .
സൂര്യകാന്തിയെച്ചൊല്ലി സൂര്യൻ 
കണ്ണീരണിഞ്ഞതാവാം , 
ഇന്നലെയൊരു കുഞ്ഞു മഴ .
പ്രണയവും പ്രണയവും ചേർന്ന ചൂടിൽ 
ഭൂമിയൊന്ന് വിയർത്തതാവാം ,
ഇന്നലെയൊരു കുഞ്ഞു മഴ ..

2018, ഫെബ്രുവരി 25, ഞായറാഴ്‌ച

മാപ്പില്ലെന്നറിയാം...

7 അഭിപ്രായ(ങ്ങള്‍)


ഒരുപിടി ചോറിനായി പിടഞ്ഞുമരിച്ച

വാക്കുകള്‍...!

ഉലയിലുരുക്കിത്തെളിച്ച്

മൂര്‍ച്ച വരുത്തിയ വാക്കുകള്‍...

ക്ഷമ ചോദിയ്ക്കാനുള്ള അവസാനത്തെ

അവസരവും സ്വയം കളഞ്ഞവര്‍ക്കായി

ഒടുക്കം വാക്കുകള്‍...

പറഞ്ഞു പറഞ്ഞ്

നിറം കെടുന്ന വാക്കുകള്‍...

വക്കും മൂലയും തേഞ്ഞ്

വികൃതമാകുന്ന വാക്കുകള്‍...

പിന്നെപ്പിന്നെ കാണാതെ -

പോകുന്ന വാക്കുകള്‍...

ഓടിയൊളിയ്ക്കുന്ന വാക്കുകള്‍...

വില കെടുന്ന വാക്കുകള്‍...

ഒടുക്കം മാഞ്ഞു മാഞ്ഞ്

ഇല്ലാതെയാകുന്ന വാക്കുകള്‍...

ഒടുക്കം ഞാനും

വിലയില്ലാത്തൊരു വാക്കില്‍

നിന്നെ തല്ലിക്കൊന്നിട്ടു...

ഇനി നിനക്കുദകക്രിയയ്ക്കായൊരു

വാക്ക്... സോദരാ ... ' മാപ്പ് ' ...

സ്വാതന്ത്ര്യം . (നുറുങ്ങുകഥ )

9 അഭിപ്രായ(ങ്ങള്‍)
എന്റെ കൈവെള്ളയില്‍ വച്ചല്ലേ നിന്നെ ഞാന്‍ കൊണ്ടുനടക്കുന്നതും സ്നേഹിയ്ക്കുന്നതും  എന്ന് ഞാന്‍ നിന്നോട് പറഞ്ഞത് നൂറു ശതമാനം ആത്മാര്‍ത്ഥതയോടെയാണ് .  ഒരിയ്ക്കലും നിന്നെ ഞാന്‍  മുറുകെ പിടിച്ചതുമില്ല.  എന്റെ കൈവെള്ള എന്നും തുറന്നുതന്നെയിരുന്നു.  നിനക്ക് സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് .  സ്നേഹത്തിന് അതിലും വലിയൊരു ഉറപ്പ് എന്താണ് ? 

പക്ഷെ  ഈ കൈവെള്ളയില്‍ വച്ച് സ്നേഹിയ്ക്കുക എന്ന് പറയുമ്പോള്‍ അതിന് നീയറിയാത്ത ഒരു അര്‍ത്ഥം ഞാന്‍ കല്‍പ്പിച്ചിട്ടുണ്ട്.  നീ മനസ്സിലാക്കാതെ പോയൊരു കാര്യം.  ഞാന്‍ നിനക്ക് തന്ന സ്വാതന്ത്ര്യം എന്റെ കൈവെള്ളയുടെ അതിരില്‍ അവസാനിയ്ക്കുമെന്ന കാര്യം.  അവിടെനിന്നും ഒരു ഇഞ്ച് നീങ്ങിയാല്‍ നീ വീഴുന്നത് അഗാധഗര്‍ത്തത്തിലെയ്ക്കാവും.  പക്ഷെ അവിടുന്ന് നിനക്ക് രക്ഷപ്പെടാം . നിന്റെ വഴിയേ.. ആ വഴിയില്‍ പക്ഷെ ഞാനുണ്ടാവില്ല.  അതുകൊണ്ട്  സൂക്ഷിയ്ക്കണോ വേണ്ടയോ എന്നത് നിന്റെ ഇഷ്ടം... 

" സ്വന്തമാക്കുന്നതല്ല, സ്വതന്ത്രമാക്കുന്നതാണ് സ്നേഹം "   എന്ന് ശ്രീബുദ്ധന്‍ പറഞ്ഞുപോലും !  പിന്നേ... ബുദ്ധന് അങ്ങനെയൊക്കെ പറയാം.  

(ക്ഷമിയ്ക്കണേ മഹാത്മാവേ !  അങ്ങേയ്ക്ക് കിട്ടിയത് പോലൊരു  ബോധിവൃക്ഷത്തണല്‍  എനിയ്ക്ക് കിട്ടാത്തതുകൊണ്ടാവും ഞാനിങ്ങനെ ....തീരെ ബോധമില്ലാതെ... )

2018, ഫെബ്രുവരി 21, ബുധനാഴ്‌ച

തുമ്പിപ്പെണ്ണേ .. മാപ്പ് ..

20 അഭിപ്രായ(ങ്ങള്‍)

എന്റെ വീടിന്റെ മുറ്റത്ത് ഒരു ചെറിയ കുളം ഉണ്ട് .   അതില്‍ താമരയും മറ്റു ചില ജലസസ്യങ്ങളും   നിറയെ കുഞ്ഞു കുഞ്ഞു മത്സ്യങ്ങളും  പിന്നെ  വിരുന്നുകാരനായി വന്ന തവളയും.  (അവന്‍ പിന്നെ വീട്ടുകാരനായി ) 

ഇടയ്ക്ക്  വെള്ളത്തിനു മുകളിലൂടെ  തുമ്പികള്‍  താഴ്ന്നു പറക്കുന്നത് കാണാം .   ഇടയ്ക്കിടെ  അവ  താഴ്ന്നുവന്ന്‍  വെള്ളത്തില്‍ തൊട്ട് പറക്കും. കുളത്തിനു  ചുറ്റും   ഞാന്‍ നിറയെ  പൂച്ചെടികള്‍  പിടിപ്പിച്ചിട്ടുണ്ട് .

എന്റെ വീട്ടില്‍ എനിയ്ക്കേറ്റവും  ഇഷ്ടമുള്ള സ്ഥലം ,  ആ കുഞ്ഞു കുളവും  അതിന്റെ പച്ച പിടിച്ച പരിസരവുമാണ്. ഏത്  മാനസീകാവസ്ഥയിലായാലും  അവിടെയിരുന്നാല്‍  സന്തോഷമാണ് എനിയ്ക്ക് .  കുത്തിമറിയുന്ന  മീനുകളും  താഴ്ന്നുപറക്കുന്ന  പറക്കുന്ന തുമ്പികളും  ബാല്യത്തെ  തിരിച്ചുവിളിയ്ക്കുന്നതുകൊണ്ടാണോ  എന്നറിയില്ല ...

കുഴിയാനയെ  മണ്ണോടുകൂടി കോരിയെടുത്ത്  കൈവെള്ളയില്‍ ഇടുമ്പോള്‍ ,  അത്  കിടന്ന്‍  നുഴഞ്ഞുമറിഞ്ഞ്  ഇക്കിളിയാക്കുന്ന  ബാല്യകൌതുകവും  കടന്ന്‍  എത്രയോ  കഴിഞ്ഞ്,  അത്  ആനത്തുമ്പി യുടെ കുഞ്ഞാണ് എന്ന് ആരോ  പറഞ്ഞുതന്നു .. അത് ശരിയാണോ എന്ന് ഇന്നും എനിയ്ക്കറിയില്ല. 

"മഴത്തുമ്പി  പറക്കുന്നു.. ഇന്ന്  മഴപെയ്യും "      എന്ന്  പ്രവചിച്ചിരുന്നു  അന്ന് അമ്മ.

കര്‍ക്കടകമഴ കഴിഞ്ഞ് പ്രസന്നമാകുന്ന  ചിങ്ങമാസക്കാലത്ത്  സമൃദ്ധമാകുന്ന  ഓണത്തുമ്പികൾ  ഓണത്തിന്റെ വരവറിയിച്ചു.  
ഓണത്തുമ്പി, മഴത്തുമ്പി , ആനത്തുമ്പി , ഓലവാലൻ തുമ്പി , ചുവന്ന വാലൻതുമ്പി ..  അങ്ങനെ  തുമ്പികളെത്ര ! പാട്ടുകളിലും  കവിതകളിലും നിറഞ്ഞ കാൽപനികഭംഗിയിൽ  തുമ്പികൾ  പറന്നുപറന്ന്  ഒന്നാംനിരയിലെത്തി .. !!

ഇങ്ങനെയൊക്കെയാണെങ്കിലും  തുമ്പികൾ  ഇപ്പൊ സമൃദ്ധമായ  കാഴ്ചയല്ല  എന്നുള്ളത്  തീരാനഷ്ടം..

മനസ്സ്  വീണ്ടും എന്റെ കുട്ടിക്കുളത്തിന്റെ  അരികിലേയ്‌ക്കോടി .  പൂച്ചെടിയിൽ   വന്നിരുന്ന ഒരു തുമ്പിയുടെ ചിത്രം , മൊബൈലിൽ  പകർത്തി  സൂക്ഷിച്ചുവയ്ക്കാൻ  പറഞ്ഞു ഞാനെന്റെ  മകളോട്.  അടുത്ത തലമുറയ്ക്ക്  ഒരുപക്ഷേ   'പണ്ടുപണ്ടൊരു   തുമ്പിയുണ്ടായിരുന്നു '  എന്ന് കഥ പറഞ്ഞുകൊടുക്കേണ്ടിവരും  നമുക്ക് .   അന്ന് ,  'ഇതാണ് തുമ്പി '    എന്ന് പറഞ്ഞ് കാണിച്ചുകൊടുക്കാൻ ഒരു ചിത്രമെങ്കിലും  ഉള്ളത്  നല്ലതല്ലേ ?  

കുളത്തിനു മുകളിലൂടെ താഴ്ന്ന്‍ പറക്കുകയും  ചിലപ്പോഴൊക്കെ  വെള്ളത്തില്‍ തൊട്ടു ഉയരുകയും  ചെയ്യുന്നത് , കുഞ്ഞു മത്സ്യങ്ങളെ പിടിയ്ക്കുന്നതിനാണ്  എന്നാരോ  പറഞ്ഞു.  അതുകൊണ്ട്  ഞാനെപ്പോഴും  തുമ്പിയുടെ കൈയ്യില്‍ മീനുണ്ടോ എന്ന് സൂക്ഷിച്ചുനോക്കും.   പക്ഷെ  ഇതുവരെ  ഞാന്‍ കണ്ടിട്ടില്ല മീനുമായി പറന്നുപോകുന്നത്.  എന്തെങ്കിലുമാകട്ടെ, കൊണ്ടുപോകുന്നെങ്കില്‍ കൊണ്ടുപോകട്ടെ, അതുങ്ങള്‍ക്കും ജീവിയ്ക്കണ്ടേ ,  ഇനിയെത്ര നാള്‍ കാണാന്‍ പറ്റും ഈ തുമ്പികളേയും മറ്റും, ഇങ്ങനെയെങ്കിലും  നാല് തുമ്പികളെ  ഒന്നിച്ചു കാണാമല്ലോ എന്ന് ഞാനും കരുതും. 

കുളത്തിലെ അതിഥിയായ  തവളക്കുട്ടനെ ഓടിച്ചുകളയാത്തതും അതുകൊണ്ടാണ്.  ഇനിയെത്രനാള്‍ ....

വീട്ടിലെല്ലാവരും  പ്രകൃതിസ്നേഹികള്‍ ആയതിനാല്‍ എന്റെ ചിന്തകളും കഥയും കാല്പനികതയുമൊക്കെ  പരിക്ക് പറ്റാതെ പോകുന്നു. 

ഈ അടുത്ത നാളിലാണ് തുമ്പികളെക്കുറിച്ച്  കൂടുതല്‍ അറിഞ്ഞത്.  അതെനിയ്ക്ക് തീരാത്ത കൗതുകവും അതിശയവുമായിരുന്നു.  തുമ്പിയെക്കുറിച്ച്  മുന്‍പൊന്നും വലിയ ആകാംക്ഷ തോന്നിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍  ഈ മത്തക്കണ്ണിയെ  പിടിച്ച് ഒന്ന് പരിശോധിയ്ക്കണം എന്നെനിയ്ക്ക് തോന്നുന്നുണ്ട്.  അവളുടെ മത്തക്കണ്ണുകളില്‍ ഓരോന്നിലും ഇരുപതിനായിരത്തില്‍പ്പരം  ചെറിയ കണ്ണുകള്‍ ഇടതിങ്ങിയിരിയ്ക്കുന്നു എന്നൊക്കെ പറഞ്ഞാല്‍പ്പിന്നെ ഒന്ന് നോക്കണമെന്ന് തോന്നില്ലേ ? പക്ഷെ നമുക്കത് കാണണമെങ്കില്‍ സൂക്ഷ്മദര്‍ശിനി വേണം !  ഒഹ്.. അത്രയും കഷ്ടപ്പെടാനൊന്നും എനിയ്ക്കെങ്ങും  വയ്യ.. എന്തൊരു പാട് !

സത്യം പറഞ്ഞാല്‍ , ഞാന്‍ അറിഞ്ഞതിനപ്പുറം എത്ര രഹസ്യങ്ങളാണ് ഈ തുമ്പിപ്പെണ്ണ്‍  ഒളിപ്പിച്ചുവച്ചത് !!  സമ്മതിയ്ക്കണം !!!  ഒരുപാടുണ്ട് പറയാൻ.. പറഞ്ഞാൽ തീരാത്തത്ര ..വളരെ വളരെ ചുരുക്കി ഞാൻ ചില കാര്യങ്ങൾ  പറയാമെന്നാണ് കരുതുന്നത്.

 വാല്‍ മുറിഞ്ഞുപോയ തുമ്പിയെ കണ്ടിട്ടുണ്ട്.   ചിലപ്പോഴൊക്കെ അത് കിടന്നു പിടയ്ക്കുന്നതും കണ്ടിട്ടുണ്ട്.   പക്ഷെ അത് അതിനു വലിയ പ്രശ്നമൊന്നും ഉണ്ടാക്കുന്നതായി തോന്നിയിട്ടില്ല.  പക്ഷെ എനിയ്ക്കറിയില്ലായിരുന്നു , വാല്‍ മുറിഞ്ഞുപോയ തുമ്പി ഒരു ജീവന്മരണ പോരാട്ടമാണ് നടത്തുന്നതെന്ന് .  

തല മുറിഞ്ഞുപോയ തുമ്പി  കിടന്നു പിടയ്ക്കുന്നത് കണ്ടിട്ടുണ്ട്.   പക്ഷേ   ആ പിടച്ചില്‍ രണ്ടു ദിവസത്തോളം നീളുമെന്നും ,  ചിലപ്പോള്‍ തല പോയ ശരീരഭാഗം ഭിത്തിയിലും മറ്റും പിടിച്ചു കയറുകപോലും ചെയ്യുമെന്നും , നീളമുള്ള ഒരു  തുമ്പിയുടെ വാലിന്‍റെ അറ്റം മുറിച്ച് അതിന്റെ വായില്‍ തൊടീച്ചാല്‍ , അതെന്താണെന്ന് പോലും അറിയാതെ തുമ്പി അത് രുചിയോടെ ഭക്ഷിയ്ക്കുമെന്നും  , അത്രമാത്രം ശിഥിലമാണ് അതിന്റെ ബോധമണ്ഡലം എന്നുമൊക്കെയുള്ള അറിവ്  എന്തുകൊണ്ടെന്നറിയില്ല  മനസ്സില്‍ വല്ലാത്ത പിടച്ചിലുണ്ടാക്കി.  

സത്യം പറഞ്ഞാല്‍ എനിയ്ക്ക് തുമ്പിപ്പെണ്ണിനോട്‌  ഒരു പ്രായശ്ചിത്തം ചെയ്യാനുണ്ട്. എന്താണെന്നോ?  അത് പിന്നീട് പറയാം...

അപകടത്തിലോ  പുറമേ നിന്നുള്ള  ആക്രമണത്തിലോ  ചിലപ്പോള്‍ തമ്പിയുടെ വാല്‍ മുറിഞ്ഞു പോകാറില്ലേ ? എന്നാലൊരു കാര്യം അറിയോ?  വാല്‍ മുറിഞ്ഞ തുമ്പിയ്ക്ക് മരണമാണ് വിധി. കാരണം ,  അതിന്‍റെ കുടല്‍ പോലുള്ള ആന്തരാവയവങ്ങള്‍ കിടക്കുന്നത് വാലിലാണ് !  വയറിലുള്ളതെല്ലാം  വാലില്‍ !!  തലയില്‍ കൈ വച്ചുപോയി ഞാന്‍ !!!

ഞാന്‍ ആദ്യം പറഞ്ഞില്ലേ ,  ഞങ്ങളുടെ  കുട്ടിക്കുളത്തിലെ വെള്ളത്തിനു മുകളിലൂടെ തൊട്ടും തൊടാതെയും  പറക്കുന്ന തുമ്പികള്‍ ?  ഗപ്പീസിനെ  റാഞ്ചാന്‍ വരുന്നതാണ് എന്നാണു ചിലരൊക്കെ പറഞ്ഞത്.  പക്ഷെ പിന്നെയല്ലേ മറ്റൊരു സത്യം അറിഞ്ഞത്!   അത്  മുട്ടയിടുന്ന രംഗമാണത് .  

ഓരോ തവണയും  താണ് പറന്നു വെള്ളത്തില്‍ മുട്ടുന്നതോടൊപ്പം  നിരവധി മുട്ടകള്‍ വെള്ളത്തില്‍  നിക്ഷേപിയ്ക്കപ്പെടുന്നുണ്ട്. മുട്ട വെള്ളത്തിൽ വീഴുമ്പോൾ അതിനു മുകളിലുള്ള ഒരു കുഴഞ്ഞ പദാർത്ഥം കുതിർന്നു വീർത്ത്  ഒരു കുമിള പോലാകും. അതിനുള്ളിലാവും അപ്പൊ മുട്ടകൾ.   മുട്ട വിരിഞ്ഞുവരുന്ന  തുമ്പിക്കുഞ്ഞുങ്ങള്‍ ഏകദേശം മത്സ്യത്തിന്റെ ആകൃതിയില്‍ത്തന്നെയാണ് .  ആര്‍ത്തിപ്പണ്ടാരങ്ങളുമാണ്.  തീരെ ചെറിയ ജലജീവികള്‍, ചെറുമീനുകള്‍ , തവളക്കുഞ്ഞുങ്ങള്‍ തുടങ്ങിയവയെ ഒക്കെ ആര്‍ത്തിയോടെ തിന്നുകളയും ഇവര്‍.  ഈ ബാല്യം അഞ്ചു കൊല്ലമോ  ചിലപ്പോ അതിലധികമോ നീണ്ടുനിൽക്കുമെന്ന് കേട്ട്  ഞെട്ടിയിരിയ്ക്കുകയാണ് ഞാൻ .. ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും കഴിയണം  അവ പൂർണ്ണരൂപത്തിലെത്താൻ .  

അതിനിടയിൽ പലതവണ അത് പടം പൊഴിയ്ക്കും.  വളർച്ചയുടെ  ഒരു ഘട്ടത്തിൽ   ഓട്ടവും പാച്ചിലും തീറ്റയുമൊക്കെ കുറച്ച് , ഒരു തളർച്ചയിലാവും കുറച്ചുനാൾ.  ആ ഘട്ടം കഴിഞ്ഞാണ് ആകാശം പുൽകാനുള്ള വേഷപ്പകർച്ചകൾ തുടങ്ങുന്നത് .  രാത്രിയുടെ അവസാനയാമങ്ങളിൽ നടക്കുന്നു ഈ വേഷപ്പകർച്ചകൾ .  

വെള്ളത്തിൽ മുട്ടി നിൽക്കുന്ന ചെടികളിൽ അള്ളിപ്പിടിച്ച്  മേലോട്ട് കയറാനുള്ള ശ്രമം... പടം പൊഴിയ്ക്കൽ...ചെടികളിൽ പിടിച്ച്   തല കീഴായി കിടന്നുള്ള  ആടൽ ..  ആടിയാടി  വീണ്ടും  ചെടിയിൽ പിടിച്ചു കയറൽ... വീണ്ടും പടം പൊഴിയ്ക്കൽ...  ഇതിനിടയിൽ നാളുകൾ ഏറെ കഴിഞ്ഞുപോകും.  വലുതാവാൻ  ഇവർ ഇത്രയും നാളുകൾ എടുത്തില്ലായിരുന്നുവെങ്കിൽ  ഈ ലോകം തുമ്പികളെക്കൊണ്ട് നിറഞ്ഞുപോയേനെ എനിയ്ക്ക് തോന്നുകയാണ്.  

അവസാനം  കവികൾക്ക് പാടിപ്പുകഴ്ത്താൻ  അടക്കവും ഒതുക്കവുമുള്ള  തുമ്പിപ്പെണ്ണായി ആകാശത്തിന്റെ അനന്തതയിലേയ്ക്ക് ...  

ആദ്യം ഞാൻ പറഞ്ഞില്ലേ  ഒരു പ്രായശ്ചിത്തത്തിന്റെ കാര്യം ? കുട്ടിക്കാലത്ത്  കൂട്ടുകാരോടൊപ്പം തുമ്പിയുടെ വാലിൽ കല്ല് കെട്ടി പറപ്പിയ്ക്കുക  എന്ന കൊടും ക്രൂരകൃത്യം ഞാൻ ചെയ്തിട്ടുണ്ട്.   അമ്മ കണ്ടാൽ വഴക്കു പറയുമെന്നുള്ളതുകൊണ്ട് ,  അമ്മ കാണാതെയാണ് ആ മഹാപാതകം ഞങ്ങൾ ചെയ്യാറുള്ളത്.   ചിലപ്പോഴൊക്കെ കല്ലിന്റെ  ഭാരം കൊണ്ട്  തുമ്പിയുടെ വാൽ  മുറിഞ്ഞുപോകുന്നതും കണ്ടിട്ടുണ്ട്.  അന്ന് ഞങ്ങൾക്കറിയില്ലല്ലോ  വാൽ  മുറിഞ്ഞുപോയ തുമ്പിയുടെ വിധി മരണമാണ് എന്ന്...  

എത്ര തുമ്പികളുടെ മരണത്തിനു ഞങ്ങൾ കുട്ടികൾ കാരണമായിട്ടുണ്ടാവും എന്നോർക്കുമ്പോൾ...അറിവില്ലാത്ത പ്രായത്തിൽ  അറിയാതെ  ചെയ്തുപോയ  ആ കൊടിയ അപരാധത്തിന്  ഈ കുറിപ്പൊരു  പ്രായശ്ചിത്തമാകുമെങ്കിൽ ....

തുമ്പിപ്പെണ്ണേ ,  നീയെന്നോട്  ക്ഷമിയ്ക്കുക.  നിന്നോട് ചെയ്ത  തെറ്റിന് പകരം എനിയ്ക്കിനി  ഇതേ  ചെയ്യാനുള്ളൂ.  നിന്റെ ജീവിതത്തിനും ചരിത്രത്തിൽ ഒരു ഇടമുണ്ട്. അത്  തപ്പിപ്പെറുക്കി  ഞാനിതാ തലമുറകൾക്ക് കൈമാറുകയാണ്..  നിന്റെ വംശം കുറ്റിയറ്റ് പോയാലും "പണ്ടുപണ്ടൊരു തുമ്പിയുണ്ടായിരുന്നു "  എന്ന് പറയാൻ..

2018, ഫെബ്രുവരി 9, വെള്ളിയാഴ്‌ച

ഡയറിക്കുറിപ്പിലൊരു ഹൃദയത്തുടിപ്പ്‌. ( കഥ )

22 അഭിപ്രായ(ങ്ങള്‍)


ഡയറി എടുത്ത് കുറിച്ചു ....

ഉറക്കം വരുന്നേയില്ല.  മനസ്സിൽ വല്ലാത്ത അസ്വസ്ഥത.  അത്  ശരീരത്തിലേയ്ക്കും  അരിച്ചു കയറുന്നു.   തിരിഞ്ഞും  മറിഞ്ഞും  കിടന്ന്  മടുത്തു.   അതുകൊണ്ട്  എഴുന്നേൽക്കാം  എന്ന് കരുതി.  സമയം  പാതിരാ  കഴിഞ്ഞു. .

സത്യമായും  എനിയ്ക്ക് നിന്നേക്കുറിച്ച്  എഴുതണമെന്നുണ്ട്.  നിന്നേ ക്കുറിച്ചെഴുതുമ്പോൾ അതേറ്റവും  ചുരുങ്ങിയ  വാക്കുകളിൽ ആവണമെന്ന് എനിയ്ക്ക്  നിർബന്ധവുമുണ്ട് .   കാച്ചിക്കുറുക്കി  ഏറ്റവും സ്വാദിഷ്ടമായ  അവസ്ഥയിലെത്തണം  വാക്കുകൾ.   അത്രയേറെ  തീവ്രതയും  ഉണ്ടാവണം .

പണ്ടത്തേപ്പോലെ   തേനും പാലും  ഒഴുകുന്ന പ്രണയമർമ്മരങ്ങളൊന്നും  എനിയ്ക്ക്  പറ്റുകയേയില്ല.   നീ  എന്നും  പറഞ്ഞു കളിയാക്കാറുള്ളതുപോലെ ,  നമ്മൾ  വേറെ ലെവലാ.. അല്ലേ ?  സത്യത്തിൽ,  നീ കളിയാക്കുന്നതുപോലെതന്നെ ,  പ്രണയമർമ്മരങ്ങളിൽ നിന്നും ഒരുപാട് മുന്നോട്ട്  പോയില്ലേ നമ്മൾ?  ' നിനക്കെല്ലാം തമാശയാണ് '  എന്ന് നമ്മൾ പരസ്പരം  പരിഭവിയ്ക്കുമ്പോഴും , നമുക്കറിയാം  ആ തമാശയാണ് നമുക്ക് ചേരുന്ന ഉടുപ്പ് എന്ന്.   അതിൽ നമ്മൾ നിരാശരല്ലതാനും.   എന്നെക്കുറിച്ച്  നിനക്കെന്തറിയാം എന്ന്  നമ്മൾ രണ്ടുപേരും പരസ്പരം മനസ്സിൽ ചോദിയ്ക്കുന്നുണ്ടെങ്കിലും ,   പറയാതെയും   അറിയാതെയും  അറിയുന്ന നമുക്ക്  മറ്റൊരു ഉത്തരവും ആ ചോദ്യത്തിന് വേണ്ട എന്നും നമുക്കറിയാം.   

എനിയ്ക്കറിയാം  നീയൊരു  വടവൃക്ഷമാണെന്ന് .  തളരുന്നവർക്ക്  തണലും തണുപ്പും  കൊടുക്കുന്ന  വടവൃക്ഷം .   ആ തണലും തണുപ്പും  ഞാൻ എത്രയോ അനുഭവിച്ചു !    ഒരു വടവൃക്ഷത്തെ വെട്ടിയെടുത്ത്  വീട്ടിൽ കൊണ്ടുപോകാം  എന്ന് ചിന്തിയ്ക്കാൻ മാത്രം മണ്ടിയല്ല ഞാൻ എന്നത്  നിന്റെയും കൂടി അഭിമാനമല്ലേ ?  നിന്നിൽ നിന്നും കൊഴിഞ്ഞുവീഴുന്ന  ഒരു ഇല പോലും ഞാനെടുത്തില്ല , എടുക്കുകയുമില്ല  എന്ന് അഭിമാനത്തോടെ അവകാശപ്പെടുമ്പോഴും ,   എന്റെ ഇത്തിരിമുറ്റത്തെ   നാട്ടുചെടികളിൽ -  എന്റെമാത്രം  നാട്ടുചെടികളിൽ .. എനിയ്ക്ക് മാത്രം തഴുകാനും പരിപാലിയ്ക്കാനുമുള്ള  നാട്ടുചെടികളിൽ -  ഒന്നായാൽ മതിയായിരുന്നു  നീ  എന്ന്  ചിലപ്പോഴെങ്കിലും  ഞാൻ  ആശിച്ചിട്ടുണ്ട്  എന്ന  പരമരഹസ്യം  ഒരിയ്ക്കലും ഞാൻ നിന്നോട്  പറയാൻ പോകുന്നില്ല.   അല്ല,  നീ തന്നെ പറ ..  അത്രയും  തരം താഴാൻ  പാടുണ്ടോ  ഞാൻ ?  ഒന്നുല്ലേലും  ശ്രീബുദ്ധനെ  ആരാധിയ്ക്കുന്നവരല്ലേ  നമ്മൾ ?   നീ പേടിയ്ക്കണ്ട .. നമ്മൾ വേറെ ലെവലാ..

ഖലീൽ ജിബ്രാനും  മെയ് സിയാദും  ആണ്  നമ്മുടെ  റോൾ മോഡലുകൾ  എന്ന് നമ്മൾ  പരസ്പരം  പറഞ്ഞിട്ടില്ല .  പക്ഷെ  പറയുന്നതിലും  വലുതല്ലേ   ജീവിച്ചുകാണിയ്ക്കുന്നത് ?  ഖലീൽ  ജിബ്രാൻ ,   മെയ് സിയാദിനെ പ്രണയിച്ചത്  കത്തുകളിലൂടെയാണെന്നും , ഒരിയ്ക്കലും അവർ പരസ്പരം കണ്ടിട്ടില്ലെന്നും,  ശബ്ദം പോലും കേട്ടിട്ടില്ലെന്നും  നമുക്കറിയില്ലേ ?

   ഒരിയ്‌ക്കൽപ്പോലും   കാണാതേയും  കേൾക്കാതെയും  പരസ്പരം സാന്നിദ്ധ്യം  അറിഞ്ഞവർ ... ജീവിതാവസാനം വരെ കാണാതെ പ്രണയിച്ചു  പ്രണയിച്ച്  മരിച്ച  അവർ തന്നെയല്ലേ  നമ്മുടെ റോൾ മോഡൽ ആകേണ്ടത് ?  അതെ.... ഇതൊന്നും ഒരിയ്ക്കലും നമ്മൾ തമ്മിൽ പറഞ്ഞിട്ടില്ല.  കാരണം ,  നമ്മൾ വേറെ ലെവലല്ലേ ..

പണ്ടൊരു  രാജാവ്  ഒരു സന്യാസിയോട്  വീമ്പ് പറഞ്ഞു  ,  താൻ  ഇത്രയിത്ര  രാജ്യങ്ങൾ  വെട്ടിപ്പിടിച്ചു എന്ന് .   സന്യാസി  പറഞ്ഞു ,  " അങ്ങ്  എത്രയോ  ദരിദ്രനാണ് !  അങ്ങയേക്കാൾ   എത്രയോ  ധനികനാണ് ഞാൻ !" 

രാജാവ് വീണ്ടും  അഹങ്കരിച്ചു...    "ഒന്നുമില്ലാത്ത താങ്കൾ  ധനികനാകുന്നതെങ്ങനെ ?"

സന്യാസി  പറഞ്ഞു..   "ഒന്നുമില്ലാത്തവന്  മുകളിൽ  ആകാശം.."

ഇതൊരു  പഴങ്കഥ .   ആകാശം എന്ന വാക്കിന് എത്ര വിശാലമായ  അർത്ഥമാണ് അല്ലെ ?   ആകാശം... അനന്തമായ  ആകാശം... ആരും അവകാശം  പറയാനില്ലാത്ത ആകാശം.. ആരും സ്വന്തമാക്കാനും വെട്ടിപ്പിടിയ്ക്കാനും വരാത്ത  ആകാശം ...  അതൊരു ധന്യതയല്ലേ ? അതെ... തീർച്ചയായും  സന്യാസി  ധനികൻ തന്നെ. 

 എന്തിനാണ് ഞാനിപ്പോൾ  ഈ കഥ ഓർത്തത്?   അതെ... അതുതന്നെ..  നീയാണ്   എന്റെ ആകാശം  .   നിന്നിലാണ്  ഞാൻ പറന്നുനടന്നത്.  നിന്നിലൂടെയാണ്  ഞാൻ കാഴ്ചകൾ  കണ്ടത്.  മേഘങ്ങളുടെ ഇരുട്ടിനിടയിൽ  നീ തന്ന ഒരുതുണ്ട് വെളുപ്പ്..  അതുമാത്രമാണ്  എന്റെ കാഴ്ച ..  നീയറിയാതെ , ആരുമറിയാതെ  എന്റെ ഡയറിയിലെങ്കിലും  എനിയ്ക്കിതൊന്ന്  കുറിച്ചുവയ്ക്കണം ...   നീ പേടിയ്ക്കണ്ട .. ലെവല്  വിട്ട് പോവില്ല ഞാൻ... 

എന്തുകൊണ്ടാണ് നിന്നെക്കുറിച്ചെഴുതാൻ  എനിയ്ക്ക് വാക്കുകൾ തികയാതെ പോകുന്നത് ?  നിന്നെക്കുറിച്ചെഴുതാനിരിയ്ക്കുമ്പോൾ  എന്തുകൊണ്ടാണ്  വാക്കുകൾ  എന്നിൽനിന്നും  കുതറിത്തെറിച്ച്  പോകുന്നത് ?  അറിയില്ല.  ഈ അറിവില്ലായ്മയ്ക്ക്  ഇനിയും  ഞാൻ  പേരിട്ടിട്ടില്ല.   എങ്ങനെ പേരിടാൻ ?  നമ്മുടെ ലെവൽ... 

നമ്മുടെ ഈ പ്രിയപ്പെട്ട അറിവില്ലായ്മയും അർത്ഥമില്ലായ്മയും  നീയറിയാതെ രഹസ്യമായിരിയ്ക്കട്ടെ..  എന്റെ ഡയറികുറിപ്പുകളിൽ ഒരു ഹൃദയത്തുടിപ്പായി... 

 
Copyright © .