2018, ഫെബ്രുവരി 21, ബുധനാഴ്‌ച

തുമ്പിപ്പെണ്ണേ .. മാപ്പ് ..


എന്റെ വീടിന്റെ മുറ്റത്ത് ഒരു ചെറിയ കുളം ഉണ്ട് .   അതില്‍ താമരയും മറ്റു ചില ജലസസ്യങ്ങളും   നിറയെ കുഞ്ഞു കുഞ്ഞു മത്സ്യങ്ങളും  പിന്നെ  വിരുന്നുകാരനായി വന്ന തവളയും.  (അവന്‍ പിന്നെ വീട്ടുകാരനായി ) 

ഇടയ്ക്ക്  വെള്ളത്തിനു മുകളിലൂടെ  തുമ്പികള്‍  താഴ്ന്നു പറക്കുന്നത് കാണാം .   ഇടയ്ക്കിടെ  അവ  താഴ്ന്നുവന്ന്‍  വെള്ളത്തില്‍ തൊട്ട് പറക്കും. കുളത്തിനു  ചുറ്റും   ഞാന്‍ നിറയെ  പൂച്ചെടികള്‍  പിടിപ്പിച്ചിട്ടുണ്ട് .

എന്റെ വീട്ടില്‍ എനിയ്ക്കേറ്റവും  ഇഷ്ടമുള്ള സ്ഥലം ,  ആ കുഞ്ഞു കുളവും  അതിന്റെ പച്ച പിടിച്ച പരിസരവുമാണ്. ഏത്  മാനസീകാവസ്ഥയിലായാലും  അവിടെയിരുന്നാല്‍  സന്തോഷമാണ് എനിയ്ക്ക് .  കുത്തിമറിയുന്ന  മീനുകളും  താഴ്ന്നുപറക്കുന്ന  പറക്കുന്ന തുമ്പികളും  ബാല്യത്തെ  തിരിച്ചുവിളിയ്ക്കുന്നതുകൊണ്ടാണോ  എന്നറിയില്ല ...

കുഴിയാനയെ  മണ്ണോടുകൂടി കോരിയെടുത്ത്  കൈവെള്ളയില്‍ ഇടുമ്പോള്‍ ,  അത്  കിടന്ന്‍  നുഴഞ്ഞുമറിഞ്ഞ്  ഇക്കിളിയാക്കുന്ന  ബാല്യകൌതുകവും  കടന്ന്‍  എത്രയോ  കഴിഞ്ഞ്,  അത്  ആനത്തുമ്പി യുടെ കുഞ്ഞാണ് എന്ന് ആരോ  പറഞ്ഞുതന്നു .. അത് ശരിയാണോ എന്ന് ഇന്നും എനിയ്ക്കറിയില്ല. 

"മഴത്തുമ്പി  പറക്കുന്നു.. ഇന്ന്  മഴപെയ്യും "      എന്ന്  പ്രവചിച്ചിരുന്നു  അന്ന് അമ്മ.

കര്‍ക്കടകമഴ കഴിഞ്ഞ് പ്രസന്നമാകുന്ന  ചിങ്ങമാസക്കാലത്ത്  സമൃദ്ധമാകുന്ന  ഓണത്തുമ്പികൾ  ഓണത്തിന്റെ വരവറിയിച്ചു.  
ഓണത്തുമ്പി, മഴത്തുമ്പി , ആനത്തുമ്പി , ഓലവാലൻ തുമ്പി , ചുവന്ന വാലൻതുമ്പി ..  അങ്ങനെ  തുമ്പികളെത്ര ! പാട്ടുകളിലും  കവിതകളിലും നിറഞ്ഞ കാൽപനികഭംഗിയിൽ  തുമ്പികൾ  പറന്നുപറന്ന്  ഒന്നാംനിരയിലെത്തി .. !!

ഇങ്ങനെയൊക്കെയാണെങ്കിലും  തുമ്പികൾ  ഇപ്പൊ സമൃദ്ധമായ  കാഴ്ചയല്ല  എന്നുള്ളത്  തീരാനഷ്ടം..

മനസ്സ്  വീണ്ടും എന്റെ കുട്ടിക്കുളത്തിന്റെ  അരികിലേയ്‌ക്കോടി .  പൂച്ചെടിയിൽ   വന്നിരുന്ന ഒരു തുമ്പിയുടെ ചിത്രം , മൊബൈലിൽ  പകർത്തി  സൂക്ഷിച്ചുവയ്ക്കാൻ  പറഞ്ഞു ഞാനെന്റെ  മകളോട്.  അടുത്ത തലമുറയ്ക്ക്  ഒരുപക്ഷേ   'പണ്ടുപണ്ടൊരു   തുമ്പിയുണ്ടായിരുന്നു '  എന്ന് കഥ പറഞ്ഞുകൊടുക്കേണ്ടിവരും  നമുക്ക് .   അന്ന് ,  'ഇതാണ് തുമ്പി '    എന്ന് പറഞ്ഞ് കാണിച്ചുകൊടുക്കാൻ ഒരു ചിത്രമെങ്കിലും  ഉള്ളത്  നല്ലതല്ലേ ?  

കുളത്തിനു മുകളിലൂടെ താഴ്ന്ന്‍ പറക്കുകയും  ചിലപ്പോഴൊക്കെ  വെള്ളത്തില്‍ തൊട്ടു ഉയരുകയും  ചെയ്യുന്നത് , കുഞ്ഞു മത്സ്യങ്ങളെ പിടിയ്ക്കുന്നതിനാണ്  എന്നാരോ  പറഞ്ഞു.  അതുകൊണ്ട്  ഞാനെപ്പോഴും  തുമ്പിയുടെ കൈയ്യില്‍ മീനുണ്ടോ എന്ന് സൂക്ഷിച്ചുനോക്കും.   പക്ഷെ  ഇതുവരെ  ഞാന്‍ കണ്ടിട്ടില്ല മീനുമായി പറന്നുപോകുന്നത്.  എന്തെങ്കിലുമാകട്ടെ, കൊണ്ടുപോകുന്നെങ്കില്‍ കൊണ്ടുപോകട്ടെ, അതുങ്ങള്‍ക്കും ജീവിയ്ക്കണ്ടേ ,  ഇനിയെത്ര നാള്‍ കാണാന്‍ പറ്റും ഈ തുമ്പികളേയും മറ്റും, ഇങ്ങനെയെങ്കിലും  നാല് തുമ്പികളെ  ഒന്നിച്ചു കാണാമല്ലോ എന്ന് ഞാനും കരുതും. 

കുളത്തിലെ അതിഥിയായ  തവളക്കുട്ടനെ ഓടിച്ചുകളയാത്തതും അതുകൊണ്ടാണ്.  ഇനിയെത്രനാള്‍ ....

വീട്ടിലെല്ലാവരും  പ്രകൃതിസ്നേഹികള്‍ ആയതിനാല്‍ എന്റെ ചിന്തകളും കഥയും കാല്പനികതയുമൊക്കെ  പരിക്ക് പറ്റാതെ പോകുന്നു. 

ഈ അടുത്ത നാളിലാണ് തുമ്പികളെക്കുറിച്ച്  കൂടുതല്‍ അറിഞ്ഞത്.  അതെനിയ്ക്ക് തീരാത്ത കൗതുകവും അതിശയവുമായിരുന്നു.  തുമ്പിയെക്കുറിച്ച്  മുന്‍പൊന്നും വലിയ ആകാംക്ഷ തോന്നിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍  ഈ മത്തക്കണ്ണിയെ  പിടിച്ച് ഒന്ന് പരിശോധിയ്ക്കണം എന്നെനിയ്ക്ക് തോന്നുന്നുണ്ട്.  അവളുടെ മത്തക്കണ്ണുകളില്‍ ഓരോന്നിലും ഇരുപതിനായിരത്തില്‍പ്പരം  ചെറിയ കണ്ണുകള്‍ ഇടതിങ്ങിയിരിയ്ക്കുന്നു എന്നൊക്കെ പറഞ്ഞാല്‍പ്പിന്നെ ഒന്ന് നോക്കണമെന്ന് തോന്നില്ലേ ? പക്ഷെ നമുക്കത് കാണണമെങ്കില്‍ സൂക്ഷ്മദര്‍ശിനി വേണം !  ഒഹ്.. അത്രയും കഷ്ടപ്പെടാനൊന്നും എനിയ്ക്കെങ്ങും  വയ്യ.. എന്തൊരു പാട് !

സത്യം പറഞ്ഞാല്‍ , ഞാന്‍ അറിഞ്ഞതിനപ്പുറം എത്ര രഹസ്യങ്ങളാണ് ഈ തുമ്പിപ്പെണ്ണ്‍  ഒളിപ്പിച്ചുവച്ചത് !!  സമ്മതിയ്ക്കണം !!!  ഒരുപാടുണ്ട് പറയാൻ.. പറഞ്ഞാൽ തീരാത്തത്ര ..വളരെ വളരെ ചുരുക്കി ഞാൻ ചില കാര്യങ്ങൾ  പറയാമെന്നാണ് കരുതുന്നത്.

 വാല്‍ മുറിഞ്ഞുപോയ തുമ്പിയെ കണ്ടിട്ടുണ്ട്.   ചിലപ്പോഴൊക്കെ അത് കിടന്നു പിടയ്ക്കുന്നതും കണ്ടിട്ടുണ്ട്.   പക്ഷെ അത് അതിനു വലിയ പ്രശ്നമൊന്നും ഉണ്ടാക്കുന്നതായി തോന്നിയിട്ടില്ല.  പക്ഷെ എനിയ്ക്കറിയില്ലായിരുന്നു , വാല്‍ മുറിഞ്ഞുപോയ തുമ്പി ഒരു ജീവന്മരണ പോരാട്ടമാണ് നടത്തുന്നതെന്ന് .  

തല മുറിഞ്ഞുപോയ തുമ്പി  കിടന്നു പിടയ്ക്കുന്നത് കണ്ടിട്ടുണ്ട്.   പക്ഷേ   ആ പിടച്ചില്‍ രണ്ടു ദിവസത്തോളം നീളുമെന്നും ,  ചിലപ്പോള്‍ തല പോയ ശരീരഭാഗം ഭിത്തിയിലും മറ്റും പിടിച്ചു കയറുകപോലും ചെയ്യുമെന്നും , നീളമുള്ള ഒരു  തുമ്പിയുടെ വാലിന്‍റെ അറ്റം മുറിച്ച് അതിന്റെ വായില്‍ തൊടീച്ചാല്‍ , അതെന്താണെന്ന് പോലും അറിയാതെ തുമ്പി അത് രുചിയോടെ ഭക്ഷിയ്ക്കുമെന്നും  , അത്രമാത്രം ശിഥിലമാണ് അതിന്റെ ബോധമണ്ഡലം എന്നുമൊക്കെയുള്ള അറിവ്  എന്തുകൊണ്ടെന്നറിയില്ല  മനസ്സില്‍ വല്ലാത്ത പിടച്ചിലുണ്ടാക്കി.  

സത്യം പറഞ്ഞാല്‍ എനിയ്ക്ക് തുമ്പിപ്പെണ്ണിനോട്‌  ഒരു പ്രായശ്ചിത്തം ചെയ്യാനുണ്ട്. എന്താണെന്നോ?  അത് പിന്നീട് പറയാം...

അപകടത്തിലോ  പുറമേ നിന്നുള്ള  ആക്രമണത്തിലോ  ചിലപ്പോള്‍ തമ്പിയുടെ വാല്‍ മുറിഞ്ഞു പോകാറില്ലേ ? എന്നാലൊരു കാര്യം അറിയോ?  വാല്‍ മുറിഞ്ഞ തുമ്പിയ്ക്ക് മരണമാണ് വിധി. കാരണം ,  അതിന്‍റെ കുടല്‍ പോലുള്ള ആന്തരാവയവങ്ങള്‍ കിടക്കുന്നത് വാലിലാണ് !  വയറിലുള്ളതെല്ലാം  വാലില്‍ !!  തലയില്‍ കൈ വച്ചുപോയി ഞാന്‍ !!!

ഞാന്‍ ആദ്യം പറഞ്ഞില്ലേ ,  ഞങ്ങളുടെ  കുട്ടിക്കുളത്തിലെ വെള്ളത്തിനു മുകളിലൂടെ തൊട്ടും തൊടാതെയും  പറക്കുന്ന തുമ്പികള്‍ ?  ഗപ്പീസിനെ  റാഞ്ചാന്‍ വരുന്നതാണ് എന്നാണു ചിലരൊക്കെ പറഞ്ഞത്.  പക്ഷെ പിന്നെയല്ലേ മറ്റൊരു സത്യം അറിഞ്ഞത്!   അത്  മുട്ടയിടുന്ന രംഗമാണത് .  

ഓരോ തവണയും  താണ് പറന്നു വെള്ളത്തില്‍ മുട്ടുന്നതോടൊപ്പം  നിരവധി മുട്ടകള്‍ വെള്ളത്തില്‍  നിക്ഷേപിയ്ക്കപ്പെടുന്നുണ്ട്. മുട്ട വെള്ളത്തിൽ വീഴുമ്പോൾ അതിനു മുകളിലുള്ള ഒരു കുഴഞ്ഞ പദാർത്ഥം കുതിർന്നു വീർത്ത്  ഒരു കുമിള പോലാകും. അതിനുള്ളിലാവും അപ്പൊ മുട്ടകൾ.   മുട്ട വിരിഞ്ഞുവരുന്ന  തുമ്പിക്കുഞ്ഞുങ്ങള്‍ ഏകദേശം മത്സ്യത്തിന്റെ ആകൃതിയില്‍ത്തന്നെയാണ് .  ആര്‍ത്തിപ്പണ്ടാരങ്ങളുമാണ്.  തീരെ ചെറിയ ജലജീവികള്‍, ചെറുമീനുകള്‍ , തവളക്കുഞ്ഞുങ്ങള്‍ തുടങ്ങിയവയെ ഒക്കെ ആര്‍ത്തിയോടെ തിന്നുകളയും ഇവര്‍.  ഈ ബാല്യം അഞ്ചു കൊല്ലമോ  ചിലപ്പോ അതിലധികമോ നീണ്ടുനിൽക്കുമെന്ന് കേട്ട്  ഞെട്ടിയിരിയ്ക്കുകയാണ് ഞാൻ .. ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും കഴിയണം  അവ പൂർണ്ണരൂപത്തിലെത്താൻ .  

അതിനിടയിൽ പലതവണ അത് പടം പൊഴിയ്ക്കും.  വളർച്ചയുടെ  ഒരു ഘട്ടത്തിൽ   ഓട്ടവും പാച്ചിലും തീറ്റയുമൊക്കെ കുറച്ച് , ഒരു തളർച്ചയിലാവും കുറച്ചുനാൾ.  ആ ഘട്ടം കഴിഞ്ഞാണ് ആകാശം പുൽകാനുള്ള വേഷപ്പകർച്ചകൾ തുടങ്ങുന്നത് .  രാത്രിയുടെ അവസാനയാമങ്ങളിൽ നടക്കുന്നു ഈ വേഷപ്പകർച്ചകൾ .  

വെള്ളത്തിൽ മുട്ടി നിൽക്കുന്ന ചെടികളിൽ അള്ളിപ്പിടിച്ച്  മേലോട്ട് കയറാനുള്ള ശ്രമം... പടം പൊഴിയ്ക്കൽ...ചെടികളിൽ പിടിച്ച്   തല കീഴായി കിടന്നുള്ള  ആടൽ ..  ആടിയാടി  വീണ്ടും  ചെടിയിൽ പിടിച്ചു കയറൽ... വീണ്ടും പടം പൊഴിയ്ക്കൽ...  ഇതിനിടയിൽ നാളുകൾ ഏറെ കഴിഞ്ഞുപോകും.  വലുതാവാൻ  ഇവർ ഇത്രയും നാളുകൾ എടുത്തില്ലായിരുന്നുവെങ്കിൽ  ഈ ലോകം തുമ്പികളെക്കൊണ്ട് നിറഞ്ഞുപോയേനെ എനിയ്ക്ക് തോന്നുകയാണ്.  

അവസാനം  കവികൾക്ക് പാടിപ്പുകഴ്ത്താൻ  അടക്കവും ഒതുക്കവുമുള്ള  തുമ്പിപ്പെണ്ണായി ആകാശത്തിന്റെ അനന്തതയിലേയ്ക്ക് ...  

ആദ്യം ഞാൻ പറഞ്ഞില്ലേ  ഒരു പ്രായശ്ചിത്തത്തിന്റെ കാര്യം ? കുട്ടിക്കാലത്ത്  കൂട്ടുകാരോടൊപ്പം തുമ്പിയുടെ വാലിൽ കല്ല് കെട്ടി പറപ്പിയ്ക്കുക  എന്ന കൊടും ക്രൂരകൃത്യം ഞാൻ ചെയ്തിട്ടുണ്ട്.   അമ്മ കണ്ടാൽ വഴക്കു പറയുമെന്നുള്ളതുകൊണ്ട് ,  അമ്മ കാണാതെയാണ് ആ മഹാപാതകം ഞങ്ങൾ ചെയ്യാറുള്ളത്.   ചിലപ്പോഴൊക്കെ കല്ലിന്റെ  ഭാരം കൊണ്ട്  തുമ്പിയുടെ വാൽ  മുറിഞ്ഞുപോകുന്നതും കണ്ടിട്ടുണ്ട്.  അന്ന് ഞങ്ങൾക്കറിയില്ലല്ലോ  വാൽ  മുറിഞ്ഞുപോയ തുമ്പിയുടെ വിധി മരണമാണ് എന്ന്...  

എത്ര തുമ്പികളുടെ മരണത്തിനു ഞങ്ങൾ കുട്ടികൾ കാരണമായിട്ടുണ്ടാവും എന്നോർക്കുമ്പോൾ...അറിവില്ലാത്ത പ്രായത്തിൽ  അറിയാതെ  ചെയ്തുപോയ  ആ കൊടിയ അപരാധത്തിന്  ഈ കുറിപ്പൊരു  പ്രായശ്ചിത്തമാകുമെങ്കിൽ ....

തുമ്പിപ്പെണ്ണേ ,  നീയെന്നോട്  ക്ഷമിയ്ക്കുക.  നിന്നോട് ചെയ്ത  തെറ്റിന് പകരം എനിയ്ക്കിനി  ഇതേ  ചെയ്യാനുള്ളൂ.  നിന്റെ ജീവിതത്തിനും ചരിത്രത്തിൽ ഒരു ഇടമുണ്ട്. അത്  തപ്പിപ്പെറുക്കി  ഞാനിതാ തലമുറകൾക്ക് കൈമാറുകയാണ്..  നിന്റെ വംശം കുറ്റിയറ്റ് പോയാലും "പണ്ടുപണ്ടൊരു തുമ്പിയുണ്ടായിരുന്നു "  എന്ന് പറയാൻ..

20 അഭിപ്രായ(ങ്ങള്‍):

Angry Bird പറഞ്ഞു...

അച്ചോടാ തുമ്പിപ്പെണ്ണെ നിനക്കിത്രേം വിശേഷങ്ങളുണ്ടായിരുന്നോ

Angry Bird പറഞ്ഞു...

അച്ചോടാ തുമ്പിപ്പെണ്ണെ നിനക്കിത്രേം വിശേഷങ്ങളുണ്ടായിരുന്നോ

Sureshkumar Punjhayil പറഞ്ഞു...

Rahasyangal ...!
.
Manoharam, Ashamsakal....!!!

animeshxavier പറഞ്ഞു...

തുമ്പികൂട്ട് വിടണ്ട

കല്ല് കെട്ടിയിടുന്നത് പോലെത്തന്നെ അതിന്റെ വാലിന് പുറകിൽ മുക്കുറ്റിയോ തുമ്പപ്പൂവോ കുത്തിക്കയറ്റി 'പുഷ്പകവിമാന'മാക്കി പരത്തി വിറ്റിരുന്ന ക്രൂരബാല്യത്തെ ഓർക്കുന്നു.

Sivananda പറഞ്ഞു...

അച്ചോടാ ചിന്നുക്കുട്ടീ .. തുമ്പിപ്പെണ്ണ്‍ ആളൊരു സംഭാവാട്ടോ.. :)

Sivananda പറഞ്ഞു...

നന്ദി സുരേഷ്.. സന്തോഷം..

Sivananda പറഞ്ഞു...

തുമ്പിക്കൂട്ട്‌വിടൂല്ല. സാരല്യ അനിമേഷ്.. എല്ലാവര്ക്കും കൂടിയാ ഞാന്‍ മാപ്പ് ചോദിച്ചത്. മാപ്പ് തരാന്ന് പറഞ്ഞു അവള്‍. :)

Unknown പറഞ്ഞു...

തുമ്പിയെ പിടിച്ചു അതിന്റെ വാലില്‍ നൂല് കെട്ടി വിട്ടു രസിച്ചിരുന്ന ഒരു ബാല്യം ഉണ്ടായിരുന്നു .... ഇപ്പോള്‍ തോന്നുന്നു എത്ര വലിയ ക്രൂരത ആയിരുന്നു അതെന്നു.... മാപ്പ്

സജീവ്‌ പറഞ്ഞു...

Good writing

Sivananda പറഞ്ഞു...

അതെ സോമ.. ഞാനും മാപ്പ് പറഞ്ഞു.. :)

Sivananda പറഞ്ഞു...

നന്ദി സജീവ്‌..

Sid പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sid പറഞ്ഞു...

അറിവില്ലാത്ത പ്രായത്തിൽ ചെയ്തു പോയ തെറ്റിനു ഇതിൽ പരം പ്രായശ്ചിത്തം നല്കാനില്ല ആ നിഷ്കളങ്കമായ തുമ്പികൾക്കു...
അതിന്റെ ജീവിതത്തിനു ചരിത്രത്തിൽ ഒരിടം.
Beautifully Written.

Sivananda പറഞ്ഞു...

നന്ദി സിദ്ധാര്‍ഥ്.. സമൂഹത്തോട് സംവദിയ്ക്കാന്‍ എനിയ്ക്കാകെ ഉള്ളത് ഈ അക്ഷരങ്ങളാണ്. സന്തോഷം.

nandu പറഞ്ഞു...

Thumbippenne vaavaa... nannaayi ezhuthi.., .....😊

Sivananda പറഞ്ഞു...

നന്ദി നന്ദു .. സന്തോഷം..

മഹേഷ് മേനോൻ പറഞ്ഞു...

ഒരു ചെറിയ തുമ്പി ഒരായിരം രഹസ്യങ്ങളുടെ കലവറയാണല്ലോ :-)

വാലിൽ കല്ലുകെട്ടുക എന്ന വലിയ പാതകം ചെയ്തിട്ടില്ലെങ്കിലും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക എന്ന ചെറിയ അപരാധം ചെയ്തിട്ടുണ്ട് :-(

Sivananda പറഞ്ഞു...

അത് അത്ര ചെറിയ അപരാധമല്ല ട്ടോ :) വാല് കല്ലിന്റെ ഭാരം കൊണ്ട് ചിലപ്പോ മുറിഞ്ഞുപോകില്ലേ മഹി? അങ്ങനെ പോയാല്‍ പിന്നെ തുമ്പി ചത്ത് പോകും .

Sandhu Nizhal (സന്തു നിഴൽ) പറഞ്ഞു...

😍

Sivananda പറഞ്ഞു...

:)))))))))) സന്തു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .