2013, മേയ് 31, വെള്ളിയാഴ്‌ച

പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങള്‍

1 അഭിപ്രായ(ങ്ങള്‍)
പരിസ്ഥിതി മാനിഫെസ്റ്റോയെക്കുറിച്ച്‌ അഭിപ്രായം പറയാനുള്ള അറിവ്‌ എനിയ്ക്കുണ്ടോ എന്നറിയില്ല. എങ്കിലും എനിക്ക്‌ തോന്നുന്ന ചില കാര്യങ്ങള്‍ ഒന്ന്‌ കുറിക്കണമെന്ന്‌ തോന്നി. പ്രകൃതി മനുഷ്യന്‌ വേണ്ടിയോ മനുഷ്യന്‍ പ്രകൃതിയ്ക്ക്‌ വേണ്ടിയോ എന്നതിനപ്പുറം പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാണ്‌ എന്ന്‌ പറയാന്‍ ഞാനിഷ്ടപ്പെടുന്നു. ഒരു ഈശ്വരവാദിയോ നിരീശ്വരവാദിയോ അല്ല ഞാന്‍. ....... നാം കാണാത്ത ഒന്നിനേക്കുറിച്ച്‌ എങ്ങനെ ആധികാരികമായി പറയാന്‍ കഴിയും ?  പക്ഷേ ഇതിനെല്ലാം മുകളില്‍ ഏതോ ഒരു ശക്തിയുടെ ഇടപെടലുകള്‍ ഞാന്‍ അനുഭവിക്കുന്നു. നന്‍മ നിറഞ്ഞ മനസ്സോടുകൂടി പ്രകൃതിയിലേക്ക്‌ നോക്കിയാല്‍ ഈശ്വരന്റെ സാമിപ്യം  അനുഭവിയ്ക്കാമെന്നിരിയ്ക്കെ, പ്രകൃതിയെ ഈശ്വരനായി കാണാനാണെനിക്കിഷ്ടം. പ്രകൃതിനാശത്തെ ശാസ്ത്രീയമായി കാണുന്നതിലുപരി വൈകാരികമായാണ്‌ ഞാന്‍ കാണുന്നത്‌. മുറ്റത്ത്‌ ഒരു തുളസിച്ചെടിപോലും നട്ടുപിടിപ്പിക്കാതെ സിമന്റ്  തേച്ചുപിടിപ്പിച്ചിട്ട്‌, ഇത്തിരി തുളസിവെള്ളം തിളപ്പിക്കാന്‍, മുറ്റത്തൊരു പൂക്കളമിടാന്‍, ക്ഷേത്രത്തിലേക്ക്‌ ഇത്തിരി പൂക്കള്‍ കൊടുക്കാന്‍ അയല്‍പക്കങ്ങളിലൂടെ നെട്ടോട്ടമോടുന്ന ചില കാഴ്ചകള്‍ എന്നില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. പാദത്തില്‍ ഇക്കിളികൂട്ടുന്ന മണല്‍ത്തരികളിലൂടെ പുഴയോരത്ത്‌ നടന്ന മധുരസ്മൃതികള്‍ മായുന്നതിനു മുന്‍പേ, ഒരിയ്ക്കല്‍ തലോടിയ പുഴ ഇന്നെല്ലാം തല്ലിത്തകര്‍ത്ത്‌ മരണക്കയങ്ങളൊരുക്കുന്നത്‌, ഒരു തരി മണല്‍ തേടി പുഴയിറമ്പിലൂടെ അലയേണ്ടിവരുന്നതിന്റെ      നേര്‍ക്കാഴ്ച യല്ലേ ? കുഞ്ഞിന്‌ ആയിരക്കണക്കിന്‌ രൂപയുടെ മുന്തിയ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്ത്‌ ലോകം കീഴടക്കിയ സംതൃപ്തിയോടെ ഇരിക്കുന്ന മാതാപിതാക്കളെ ഒറ്റ ചോദ്യത്തിലൂടെ കുഞ്ഞ്‌ തോല്‍പിച്ചുകളയും , " ഇത്തിരി മണ്ണും ചിരട്ടയും തരുമോ  മണ്ണപ്പം ചുട്ടുകളിക്കാന്‍ ? " എന്തുപറയും നമ്മള്‍ ? സിമന്റിട്ട്‌  മിനുക്കിയ മുറ്റത്തെവിടെയാണ്‌ മണ്ണ്‌ ? എവിടുന്നാണൊരു ചിരട്ട കൊടുക്കുക ? കേരളത്തിലെവിടെയാണ്‌ കേരങ്ങള്‍ ? തേങ്ങാപ്പാല്‍ പൊടിയായി കൂടുകളില്‍ കിട്ടുമ്പോള്‍പ്പിന്നെ നമുക്കെന്തിനാണ്‌ തേങ്ങ അല്ലേ ?....കഷ്ടം !.... എന്റെ  കുഞ്ഞ്‌ കണ്ണുതുളഞ്ഞ ഒരു ചിരട്ടയില്‍ മണല്‍ വാരിക്കൊണ്ടോടുന്ന കാഴ്ച വളരെ ഹൃദ്യമായിരുന്നു. നിര്‍ദ്ദിഷ്ടസ്ഥാനത്തെത്തുമ്പോഴേക്കും മണലെല്ലാം ചോര്‍ന്നു പോയിരിക്കും. ശ്രമം വൃഥാവിലായപ്പോള്‍ അവന്‌ സങ്കടം. എന്താണ്‌ സംഭവിച്ചതെന്ന്‌ മനസ്സിലായില്ലെങ്കിലും അവന്‍ ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. ഫലം തഥൈവ. ദേഷ്യത്തോടെ ചിരട്ട വലിച്ചെറിഞ്ഞു. നിമിഷങ്ങള്‍ക്കകം അവസാനശ്രമമെന്നോണം ഒരിയ്ക്കല്‍ കൂടി. ഇക്കുറി അവനാ അത്ഭുതക്കാഴ്ച കണ്ടു ! മണല്‍ ചോരുന്ന കാഴ്ച ! കരച്ചില്‍ മാറി, നിരാശ മാറി, പിന്നീട്‌ ചിരട്ടയില്‍ മണല്‍ വാരിയിട്ട്‌ ചോര്‍ത്തുന്നതായി രസം. പരാജയത്തില്‍ തളര്‍ന്ന്‌ പിന്‍മാറാതെ, അതിനെ കൌതുകത്തോടെ നോക്കാന്‍ - അതില്‍ നിന്നും പുതിയൊരു കണ്ടുപിടുത്തം നടത്താന്‍ പ്രകൃതി അവനെ പഠിപ്പിക്കുകയാണെന്നെനിക്ക്‌ തോന്നി. പക്ഷേ പ്രകൃതിയെന്ന പാഠശാല ഇന്ന്‌ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ അന്യമാകുന്ന കാഴ്ച വേദനാജനകം. അവര്‍ക്ക്‌ വാരി വിരലുകള്‍ക്കിടയിലൂടെ ചോര്‍ത്തി ഇക്കിളിയാവാന്‍ മണല്‍ വേണം, അപ്പം ചുടാന്‍ മണ്ണ്‌ വേണം, കപ്പയില കൊണ്ട്‌ പിണ്ടിമാലയുണ്ടാക്കണം, കായ കൊണ്ട്‌ പമ്പരമുണ്ടാക്കണം, ഓടലിന്റെ  കായകൊണ്ട്‌ പടക്കം പൊട്ടിക്കണം, തോട്ടിറമ്പില്‍ നിന്നും കൈതപ്പൂവെന്ന അത്ഭുതപുഷ്പം പറിയ്ക്കണം, ഇലഞ്ഞിപ്പൂവിന്റെ  ലഹരിഗന്ധം നുകരണം, പരല്‍മീനുകളെ തോര്‍ത്തിട്ട്‌ പിടിയ്ക്കാന്‍ തോടുകള്‍ വേണം, അങ്ങനെയങ്ങനെ....... ഇതെല്ലാം തല്‍ക്കാലം എന്റെ  സ്വപ്നങ്ങളാണെന്നറിയുമ്പോള്‍ ത്തന്നെ ഞാനുറപ്പിക്കുകയാണ്‌, ആ സ്വപ്നത്തിലേക്ക്‌ ഞാന്‍ നടന്നടുത്തുകൊണ്ടിരിക്കുന്നു. ചവിട്ടിനടക്കാന്‍ എന്റെ  മുറ്റത്തിത്തിരി മണ്ണ്‌ ബാക്കിയിടുമ്പോൾ , വവ്വാലിന്‌ കായ തിന്നാനൊരു ബദാംമരം നടുമ്പോൾ , ചിത്രശലഭങ്ങള്‍ക്കുവേണ്ടി ശലഭത്തോട്ടം തീര്‍ക്കുമ്പോൾ , പൂജാപുഷ്പങ്ങള്‍ക്കായി ചെത്തിയും ചെമ്പരത്തിയും നടുമ്പോൾ , ഫലവൃക്ഷങ്ങള്‍ പിടിപ്പിച്ച്‌ പക്ഷികളെയും അണ്ണാറക്കണ്ണന്‍മാരെയും ക്ഷണിക്കുമ്പോൾ , ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മപ്പൂക്കള്‍ക്കായി ഇലഞ്ഞിമരവും കാപ്പിച്ചെടിയും നടുമ്പോൾ ഞാനറിയുന്നു, എന്റെ സ്വപ്നങ്ങള്‍ എത്രമേല്‍ തീവ്രമാണെന്ന്‌. ആ തീവ്രതയല്ലേ അത്‌ യാഥാര്‍ത്ഥ്യമാകുന്ന കാഴ്ച തെളിയിക്കുന്നത്‌ ? എന്റെ ജീവസ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ, ഒരുപാട്‌ പാഠങ്ങള്‍ പഠിപ്പിച്ച സ്വപ്നങ്ങളെയും സത്യങ്ങളെയും കാട്ടിത്തന്ന പ്രകൃതിയെ മാറോടണയ്ക്കുമ്പോ, ഞാന്‍ കൊതിച്ചുപോകുന്നു ഇതെല്ലാം. എനിക്ക്‌ മഴയുടെ സംഗീതം കേള്‍ക്കണം, മുളങ്കാടുകളുടെ ഈണമറിയണം, വിഷമില്ലാത്ത പുഴവെള്ളം ഒരു കുമ്പിള്‍ കോരിയെടുത്ത്‌ മുഖത്ത്‌ തെറിപ്പിയ്ക്കണം, മുറ്റത്ത്‌ മഞ്ഞിന്‍കണികകളണിഞ്ഞുനില്‍ക്കുന്ന നന്ത്യാര്‍വട്ടപ്പൂവ്‌ കണ്ണുകളില്‍ കുടഞ്ഞ്‌ അനുഭൂതിയില്‍ ലയിക്കണം, നഷ്ടപ്പെട്ട മഴയും മഴവില്ലും തിരികെ വരണം, പാറമടകളേയും മണല്‍ക്കുഴികളേയും ഭയക്കാതെ നടക്കണം. അങ്ങനെയങ്ങനെ.................... പക്ഷേ....നമ്മുടെ മനസ്സില്‍ അവശേഷിച്ച ഒരു തുണ്ട്‌ നിലാവ്‌ തിരികെ വാങ്ങി ചന്ദ്രന്‍ എന്നെന്നേയ്ക്കുമായി നമ്മോട്‌ യാത്ര പറയുമെന്നും, സൂര്യന്‍ നമ്മെ വാരിപ്പുണരുമെന്നും ശാസ്ത്രം മുന്നറിയിപ്പ്‌ തരുമ്പോള്‍ എങ്ങോട്ടാണ്‌ ഓടി രക്ഷപ്പെടേണ്ടതെന്നെനിക്കറിയില്ല. തോട്ടങ്ങളാണ്‌ അനശ്വരതയുടെയും സ്വര്‍ഗ്ഗത്തിന്റെയുമൊക്കെ പര്യായങ്ങളായി പരിശുദ്ധ ഖുറാന്‍ പരാമര്‍ശിക്കുന്നതെന്നിരിക്കെ, "എന്തിനാണ്‌ മരം നടുന്നത്‌ ? ഇതിണ്റ്റെ ഫലം അനുഭവിക്കുന്നതിന്‌ മുന്‍പേ മരിച്ചുപോയാലോ ? " എന്നെന്നോട്‌ ചോദിച്ചവരോട്‌ പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ വചനം തന്നെയാണ്‌ ഞാന്‍ മറുപടിയായി പറഞ്ഞത്‌............... "നാളെ അന്ത്യദിനമാണെന്നറിഞ്ഞാലും ഒരു മരമുണ്ടെങ്കില്‍ നീയത്‌ നട്ടുനനയ്ക്കുക. ..............................."

 ശിവനന്ദ

2013, മേയ് 17, വെള്ളിയാഴ്‌ച

അനശ്വരം

2 അഭിപ്രായ(ങ്ങള്‍)
അവരുടെ പ്രണയം യാതൊരു നിബന്ധനകളുമില്ലാത്തതായിരുന്നു.

അയാള്‍ വിദേശത്തുനിന്നും അവധിക്ക്‌ വരാറായപ്പോള്‍ അവളോട്‌ വിളിച്ചു ചോദിച്ചു. 
"ഞാന്‍ വരുമ്പോള്‍ നിനക്കെന്താണ്‌ കൊണ്ടുവരേണ്ടത്‌ ? എന്തും ചോദിച്ചോളൂ. സൂര്യന്‌ താഴെയുള്ള എന്തും."

സംശയമെന്യേ അവള്‍ മറുപടി പറഞ്ഞു. 
"മറ്റൊന്നും വേണ്ട. നീയുപയോഗിച്ച നിൻറെയൊരു തൂവാല മാത്രം."
അവന്‍ അത്ഭുതപ്പെട്ടു. അവള്‍ വിശദമാക്കി. 
"നിൻറെ സ്നേഹം, സാമീപ്യം, സ്പര്‍ശനം..എല്ലാം ഏറ്റവും കൂടുതല്‍ നിൻറെ തൂവാലയിലാണുള്ളത്‌. എനിക്കതേ വേണ്ടൂ."
ശേഷം അവള്‍ ചോദിച്ചു. 
"നീ വരുമ്പോള്‍ നിനക്ക്‌ ഞാനെന്താണ്‌ കരുതിവയ്ക്കേണ്ടത്‌ ? ബിരിയാണി ? മധുരപലഹാരങ്ങള്‍ ?"
അവന്‍ പറഞ്ഞു. 
"ഇത്തിരി കഞ്ഞിയും തേങ്ങ ചുട്ടരച്ച ചമ്മന്തിയും. നീ അടുത്തിരുന്ന്‌ വിളമ്പിത്തരണം. "
ഇക്കുറി അവള്‍ അതിശയിച്ചു. 
അയാള്‍ പറഞ്ഞു. 
"എനിയ്ക്കതിനാണ്‌ കൊതി. ചമ്മന്തിയരയ്ക്കുമ്പോള്‍ കൂട്ടത്തില്‍ ഇത്തിരി സ്നേഹം കൂടി ചാലിക്കണം. "
അയാള്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. 

അവരുടെ പ്രണയം അനശ്വരമായിരുന്നു

. ..................


 ശിവനന്ദ 

 

2013, മേയ് 9, വ്യാഴാഴ്‌ച

ഇന്നലെ

2 അഭിപ്രായ(ങ്ങള്‍)
നിബന്ധനകളിലാത്ത ഒരേയൊരു ബന്ധം  സൌഹൃദം മാത്രമാണെന്നിരിക്കെ , അതൊരു മഴപോലെയാണെനിക്ക്‌ തോന്നുന്നത്. കുന്നുകളിലും താഴ്‌വരകളിലും ഉദ്യാനങ്ങളിലും ചെളിക്കു ണ്ടുകളിലും ഒരേപോലെ പെയ്തിറങ്ങുന്ന മഴ പോലെ. വലിപ്പച്ചെറുപ്പങ്ങളില്ല, ഉയര്‍ച്ച താഴ്ചകളില്ല, സ്വാര്‍ത്ഥതയില്ല, മനസ്സിനെ തണുപ്പിച്ച്, എല്ലാ കറകളും കഴുകിക്കളഞ്ഞ്‌ അതങ്ങനെ പെയ്തിറങ്ങിക്കൊണ്ടേയിരിക്കും.

ഞങ്ങള്‍ സുഹൃത്തുക്കള്‍.............വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരേ തൂവല്‍പ്പക്ഷി കളേപ്പോലെ പറന്നവർ ഒരു ചങ്ങലയിലെ പൊട്ടിയടര്‍ത്താനാവാത്ത കണ്ണികള്‍പോലെ കരുത്തോടു കൂടി പരസ്പരം കൈകോര്‍ത്തവർ. വിദ്യാഭ്യാസകാലം ജീവിതത്തിലെ സുവര്‍ണ്ണകാലമായിരുന്നു.  കോളേജി ലെത്തിയപ്പോഴാണ്‌ ബന്ധങ്ങള്‍ക്ക്‌ കൂടുതല്‍ ആഴമുണ്ടായത്‌. ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒന്നിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ പോലെ.......എത്ര സ്നേഹിച്ചിട്ടും മതിയാവാതെ..... തളരുമ്പോള്‍ ഒരു ഊന്നുവടിയായി... ഇരുട്ടില്‍ ഒരു റാന്തല്‍ വിളക്കായി..........ഞങ്ങളോരോരുത്തരും പരസ്പരം....... ആ കാലം മനസ്സിനെ നിറവസന്തമാക്കിയിരുന്നു. മുറ്റത്ത്‌ ചിതറിയ മണ്‍തരികളേപ്പോലും സ്നേഹിച്ചിരുന്നു ഞങ്ങള്‍........ആകാശം മുട്ടെ പറന്ന സ്വപ്നങ്ങളെ തഴുകിയെത്തുന്ന കാറ്റിനെപ്പോലും വാരിയണച്ചിരുന്നു ഞങ്ങള്‍........... നീളന്‍ വരാന്തയിലൂടെ സൊറ പറഞ്ഞുനടന്ന്‌, ചതുരത്തൂണു കള്‍ക്ക്‌ മറവില്‍ നില്‍ക്കുന്ന പ്രണയക്കിളികളെ കണ്ണിറുക്കിക്കാണിച്ച്‌, വിശ്രമമുറിയുടെ ബഞ്ചിലിരുന്ന്‌ പൊതിച്ചോറ്‌ പങ്കുവച്ച്‌, ലൈബ്രറിയുടെ നിശ്ശബ്ദതയില്‍ പ്രണയത്തിന്റെ  മിന്നലുകള്‍ പായിച്ച്‌, കടക്കണ്ണറിയുന്ന ഇണപ്രാവുകളെ നോക്കി കുസൃതിയോടെ ചിരിച്ച, വിദ്യയ്ക്കപ്പുറം  കലാസാഹിത്യത്തിന്റെയും  രാഗാനുരാഗങ്ങളുടേയും സൌഹൃദസാഹോദര്യങ്ങളുടേയും സംഗമവേദിയായിരുന്ന ഓഡിറ്റോറിയത്തില്‍ കൂകിയാര്‍ക്കുന്ന കുറുമ്പന്‍മാരെ കണ്ണുരുട്ടിക്കാണിച്ച്‌ അങ്ങനെയങ്ങനെ....

വര്‍ഷങ്ങള്‍ വളരെ വേഗത്തില്‍ തീര്‍ന്നുപോയി. വീണ്ടും കാണാമെന്ന ഉറപ്പ്‌ ആര്‍ക്കും കൊടുക്കാതെ അവസാനം ഞങ്ങള്‍ പിരിഞ്ഞു. ഓരോരുത്തരും ജീവിതത്തിത്തിന്റെ  തിരക്കുകളിലേക്ക്‌ ഉള്‍വലിഞ്ഞു. എങ്കിലും അന്നുമിന്നും എന്റെ  മനസ്സിന്റെ തൂലികയില്‍ മഷി നിറച്ചത്‌ എന്റെ സൌഹൃദങ്ങള്‍. ആരോരുമറിയാതെ ഒളിപ്പിച്ചുവച്ചിരുന്ന എന്റെ  തൂലിക കണ്ടെടുത്ത്‌ എന്നെ അതിശയിപ്പിച്ചത്‌ എന്റെ  സുഹൃത്തുക്കള്‍. ക്ളാവ്‌ പിടിച്ചു കിടന്നിരുന്ന എന്റെ  മനസ്സും ഭാവനയും തേച്ചുമിനുക്കി ചെറിയൊരു നെയ്ത്തിരി കത്തിച്ചതും അവര്‍ തന്നെ. ആദ്യമായി എന്റെയൊരു സൃഷ്ടി അച്ചടിമഷി പുരണ്ടതിനു പിന്നിലും സുഹൃത്തുക്കളുടെ പ്രോത്സാഹനവും പ്രയത്നവും മാത്രം. അതൊരു ചെറുകഥയായിരുന്നു. സന്ധിയ്ക്കാത്ത സ്വപ്നങ്ങള്‍ എന്ന ആ കഥ വായിച്ച്‌, അത്‌ പ്രസിദ്ധീകരണയോഗ്യമാണെന്ന്‌ ആദ്യമായി വിലയിരുത്തിയത്‌ ഞങ്ങളുടെയൊരു പ്രിയ സതീര്‍ത്ഥ്യന്‍. അദ്ദേഹം ഒരു കവിയായിരുന്നു. സ്ത്രീയെ നീയൊരു പൂവായ്‌ വിരിഞ്ഞല്ലോ എന്ന അദ്ദേഹത്തിന്റെ  കവിത, എന്റെ  പ്രിയ സമ്പാദ്യങ്ങളുടെ കൂട്ടത്തില്‍ ഇന്നും ഭദ്രം. (ആ സുഹൃത്ത്‌ ഇപ്പോള്‍ എവിടെയാണോ എന്തോ. വലിയൊരു എഴുത്തുകാരമായിട്ടുണ്ടാവുമോ? അതോ ജീവിതത്തിന്റെ  ഏതെങ്കിലും ഇടനാഴിയില്‍ ആ അക്ഷരപ്പൂക്കള്‍ വീണു കരിഞ്ഞിട്ടുണ്ടാവുമോ? അറിയില്ല. ഒരു സൌമ്യസാന്നിദ്ധ്യമായി, സൌഹൃദപ്പന്തലിലൊരു പൂന്തൊങ്ങലായി മാറിയ ഞങ്ങളുടെ പ്രിയ എഴുത്തുകാരന്‍ ലോകത്തിന്റെ  ഏതെങ്കിലുമൊരു കോണിലിരുന്ന്‌ തിരക്കുകള്‍ക്കിടയിലും സ്വന്തം തൂലികത്തുമ്പ്‌ മൂര്‍ച്ച കൂട്ടുന്നുണ്ടാവുമെന്ന്‌ പ്രതീക്ഷിക്കുന്നു. ആശിക്കുന്നു. ഒരു പക്ഷേ ഞങ്ങളുടെ തൂലികകള്‍, ഒരു കണ്ടുമുട്ടലിന്‌ വേദിയൊരുക്കിയേക്കാം, അങ്ങനെ സംഭവിക്കട്ടെ).

പിന്നീടങ്ങോട്ട്‌ എന്നും എന്റെ അക്ഷരങ്ങള്‍ക്ക്‌ അടിവരയിട്ടുകൊണ്ട്‌ കൂട്ടുകാര്‍ എന്റെ കൂടെ ത്തന്നെയുണ്ട്‌. .........................

വര്‍ഷങ്ങള്‍ക്കുശേഷം ആ മാവിന്‍ ചുവട്ടിലേക്ക്‌ ...................കളരിമുറ്റത്തെ ആ ഓര്‍മ്മമരത്തിന്റെ ചുവട്ടിലേക്ക്‌ ഒരിയ്ക്കല്‍ക്കൂടി ഞങ്ങള്‍ പറന്നെത്തി. ഒരു പുനസ്സമാഗമം അതൊരു ഉത്സവമായിരുന്നു. പരസ്പരം കാണാനുള്ള ആര്‍ത്തിയോടെ... ഒരു പാട്‌ ഉത്തരവാദിത്വങ്ങളില്‍ നിന്നും തലയൂരി ഓടിയെത്തി ഞങ്ങളുടെ അക്ഷരത്തറവാട്ടുമുറ്റത്ത്‌ കാല്‍പാദമൂന്നിയപ്പോള്‍ ....... അടിമുടിയൊരു കോരിത്തരിപ്പ്‌ ! മണല്‍ത്തരികള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന ഞങ്ങളുടെ ഓര്‍മ്മകള്‍ കാറ്റിനൊപ്പം പറന്നുനടന്ന ഞങ്ങളുടെ സ്വപ്നങ്ങള്‍ ......... മാവിന്‍ചുവട്ടിലെ സൊറപറച്ചി.

കോളേജിലേക്കുള്ള ചെമ്മണ്‍പാതയിലൂടെ സ്നേഹവും സൌഹൃദവും പ്രണയവും പങ്കുവച്ച്‌ നടന്ന നിമിഷങ്ങള്‍. എല്ലാമെല്ലാം മനസ്സിലോടിയെത്തി. മാറിയ രൂപഭാവങ്ങളും ജീവിതസാഹചര്യങ്ങളും കണ്ട്‌ അത്ഭുതം കൂറി നിന്നു ഞങ്ങള്‍. അതൊരു മറക്കാനാവാത്ത കണ്ടുമുട്ടലായിരുന്നു. ഒറ്റയ്ക്കല്ല, ഒരുവിളിപാടകലെ ഞങ്ങളുണ്ട്‌ എന്ന്‌ ഓരോരുത്തരും പരസ്പരം ഓര്‍മ്മിപ്പിയ്ക്കുകയായിരുന്നു. ആ ഉത്സവദിനത്തിന്‌ ശേഷം തിരിച്ചു പോരുമ്പോള്‍ വല്ലാത്തൊരു പുത്തന്‍ ഊര്‍ജ്ജം എല്ലാവരിലും നിറഞ്ഞിരുന്നു.

ഇന്നലെകളുടെ ആ ഹൃദയത്തുടിപ്പുകള്‍ അക്ഷരപ്പൊട്ടുകളാകുന്നു.
ശിവനന്ദ എന്ന എന്റെ ഇന്നലെകളുടെ ഹൃദയതാളമാകുന്നു.

ഇന്നലെകളുടെ ഹൃദയതാളം

മനസ്സാം മണ്‍വീണയില്‍ മൌനം വീണുടഞ്ഞു
ഉണരും മണിവീണയിലെന്നോര്‍മ്മകള്‍ പിടഞ്ഞുണര്‍ന്നു
ഒരുങ്ങി ഞാനന്ന്‌ കാത്തുകാത്തിരുന്നെത്തും
സൌഹൃദക്കൂട്ടായ്മയെ ഹാര്‍ദ്ദമായെതിരേല്‍ക്കുവാന്‍
കണ്ണിലെ പൂപ്പാലികയില്‍ നിറഞ്ഞ സ്വപ്നപ്പൂക്കളും
നെഞ്ചിലെ പൂവട്ടിയില്‍ കൊഞ്ചിയ സ്നേഹപ്പൂക്കളും
മനസ്സില്‍ മുറ്റത്തു തൂക്കിയ സൌഹൃദപ്പൂന്തൊങ്ങലും
വാരിയണച്ചുഞ്ഞാനോടി വന്നണഞ്ഞെന്റെ 
യക്ഷരമുറ്റത്താദ്യപദമൂന്നവേ
നെഞ്ചകം നമിച്ചെന്റെ മണ്ണിനെ, മാതാവിനെ,
അറിവായലിവായ്‌ വന്ന ഗുരുവരത്തേജസ്സിനെ
നിന്നുഞ്ഞാന്‍ മാത്രനേരം മിഴിപൂട്ടിധ്യാനലീനയായ്‌...
കുളിരാര്‍ന്ന ഹൃത്തിലൂറു മീണത്തിലാഴ്ന്നുമുങ്ങി
 എങ്ങുന്നോ വന്നെന്നെ തഴുകിയൊരിളംകാറ്റില്‍
കേട്ടു ഞാനെന്റെയിന്നലെകളുടെ ഹൃദയതാളം.
നെറ്റിയില്‍ ചന്ദനം വിയര്‍പ്പാല്‍ നനഞ്ഞും
മുടിയിലരിമുല്ലവെയിലാല്‍ക്കരിഞ്ഞും
തൂണിന്‍ മറവില്‍, നീളന്‍ വരാന്തയില്‍
വിശ്രമമുറിയുടെ ജാലകപ്പഴുതില്‍
 എങ്ങാനുമുണ്ടോ ആണ്ടുകള്‍ക്കപ്പുറം
കൗമാരസ്വപ്നങ്ങള്‍ കൈവള ചാര്‍ത്തിയ
കാലില്‍ ക്കൊലുസിട്ട പാവാടക്കാരി ?
സ്നേഹത്തിന്‍ ചിതറിയ ഭാവങ്ങളും പിന്നെ
വിസ്മരിയ്ക്കാനാവാതില്ലാത്ത മുഖങ്ങളും
നിറപുത്തിരിപോല്‍ മുന്നില്‍ വിരിഞ്ഞു തെളിയവേ
മനസ്സൊരു മയില്‍പ്പീലിത്തുണ്ടായ്പ്പറന്നുപോയ്‌...
കൂടെപ്പറന്നെന്റെ കാതില്‍ വിലോലമായ്‌.......
പഴിയാരം ചൊല്ലിയാ സ്നേഹപ്പൂങ്കാറ്റ്‌....
 "വന്നുവോ വീണ്ടും? സ്നേഹമേ, ഞാനറിഞ്ഞില്ല!
 നീയെനിയ്ക്കന്ന്‌ തന്നുപോയ സ്വപ്നക്കൂടും പേറി ഞാന്‍
കാലമെത്രയോ കാത്തും കാതോര്‍ത്തും നി-
ന്നോമല്‍പ്പൂമുഖമൊന്ന്‌ കാണാന്‍ കൊതിച്ചുമെന്‍
മോഹത്തംബുരു പാഴ്ശ്രൂതി മീട്ടവേ വന്നുവോ
വീണ്ടും നീയെന്‍സ്നേഹമേ ഞാനറിഞ്ഞില്ല !
നമ്മുടെ സൌവര്‍ണ്ണ സംഗമോത്സവങ്ങള്‍ക്ക്‌
കൂടയായ്‌ നിന്നൊരീ കളരിയങ്കണവും ഓര്‍മ്മകള്‍
പങ്കിടാന്‍ പീഠമൊരുക്കി മാടിവിളിച്ചൊരീ മാവിന്‍തണലും
മറക്കുന്നതെങ്ങനെയിനിയെന്നെയും നിന്നെയും?
വര്‍ണ്ണശൂന്യമെന്നോതി നാം കൈവിട്ട ചിത്രങ്ങളും
കണ്ടിട്ടും കാണാതെപോയ കാക്കപ്പൂച്ചെടികളും
 കുന്നിന്‍മുകളിലെ സൌഹൃദപ്പന്തലില്‍
ചിരിതന്‍ കളാലാപമായ്‌ നമ്മില്‍ പെയ്തിറങ്ങവേ
ഈ ഹരിതമലകളും ചെമ്മണ്‍പാതയും മണ്ണും
മറക്കുന്നതെങ്ങനെയിനിയെന്നെയും നിന്നെയും?" 
 പായ്യാരം ചൊല്ലലും തീരാക്കഥകളും
 കളിയും ചിരിയുമായ്‌ നേരം പ്രദോഷമായി
പിരിയാന്‍ മടിച്ചെന്തോ പറയാന്‍ മറന്നപോല്‍
നടന്നും തിരിഞ്ഞുനോക്കിയും ഞാനുമെന്‍ സൌഹൃദക്കൂട്ടവും
 എന്നിനിക്കാണുമെന്നും, കാണാം, കാണണമെന്നും
 ചോദിച്ചും പറഞ്ഞും ഞങ്ങള്‍ മടക്കയാത്രയാകവേ
ഏങ്ങലോടിളംതെന്നലെന്റെ മുടിച്ചുരുളൊതുക്കിച്ചൊല്ലി,
" പോകയാണല്ലേ നീയെന്‍സ്നേഹമേ? ഞാനറിഞ്ഞില്ല....
 വീണ്ടും ഞാനുമെന്റെയീ സ്വപ്നക്കൂടും ബാക്കിയായ്‌................ "
പാവമെന്‍ സ്നേഹക്കാറ്റിനെ നെഞ്ചിലേക്കാവാഹിച്ചു ഞാന്‍
 സാന്ത്വനം പൊന്‍ വീണയാക്കി മീട്ടിയാ ലോലതന്ത്രികള്‍
"തേങ്ങുന്നതെന്തിനായ്‌ നീ കുളിരിളം പൂന്തെന്നലേ.
 ഒറ്റയ്ക്കല്ല നീ, ഞാനില്ലേയൊരു ഹൃദയതാളത്തിനിപ്പുറം?
ഒരിയ്ക്കലൊരിക്കല്‍ മാത്രം സ്വപ്നമാറാപ്പും, റാന്തലും,
ഊന്നുവടിയുമായ്‌ ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക്‌ യാത്രപോകും.
 ഏറെ ദൂരെയാകുമപ്പോളെന്നില്‍ നിന്നു നീയെങ്കിലും
യാത്ര പറയില്ലന്നെന്‍ സ്നേഹസ്വരൂപമേ
കാണനാവില്ലെനിയ്ക്കു നിന്‍ വേദന തിങ്ങിയ കണ്ണുക ........."
മുറ്റവും പാതയും കടന്നാപ്പച്ചക്കുന്നുകളിറങ്ങുമ്പോളെ-
ന്നക്ഷരത്തറവാടിന്റെ പിന്‍വിളികേട്ടുവോ വീണ്ടും ?
അമ്മേ, ഞാനിറങ്ങട്ടെ, വരണമെനിയ്ക്കിനിയുമെന്നെ
മാറോടണച്ചൊരെന്‍ നിര്‍മ്മലസ്നേഹമേ!
സ്വപ്നങ്ങളെത്തന്ന്‌ സത്യങ്ങളെത്തന്ന്‌
പിച്ചനടത്തിച്ചൊരക്ഷരമുറ്റമേ!
നിനക്ക്‌ കാണിയ്ക്കയായുള്ളില്‍ ഞാനൊരുക്കിയ
ഭദ്രപീഠവും പിന്നെയുയരുന്ന ചോദനയും
 നന്ത്യാര്‍വട്ടത്തിന്റെനറുമണമണിയുറന്നാരീ
കൂട്ടും സ്നേഹഗീതവും തവ പാദത്തില്‍ സമര്‍പ്പണം!


ശിവനന്ദ
 
Copyright © .