2017, ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

ആത്മനൈവേദ്യം. kavithakal ..

3 അഭിപ്രായ(ങ്ങള്‍)
ആത്മനൈവേദ്യം. 
---------------------------------

( ഞാൻ  എഴുതിയ കവിതകളിൽ , എനിയ്‌ക്കേറ്റവും  പ്രിയതരമായവ  നുള്ളിപ്പെറുക്കി  ഒരു മഞ്ചാടിച്ചെപ്പിൽ നിറച്ചത്.... കവിതകൾ എന്ന് പറയാമോ എന്നറിയില്ല ..  ആത്മരക്തം കൊണ്ട്  ചായം പുരട്ടിയ അക്ഷരങ്ങൾ  എന്ന് പറയുന്നതാവും ഉത്തമം.. )

1 - ഞാൻ കലാപകാരി.
----------------------------------


ജീവിതം ആത്മശൂന്യം..!!!!
ജീർണ്ണസദാചാരമേ !
പോയി തുലയുക !
നെഞ്ചു പൊട്ടിയൊഴുകുന്ന
കണ്ണീരിനുതകാത്ത
ധർമ്മസംഹിതകളെ !
ദൂരെ മാറുക !
നിങ്ങൾക്കപ്പുറം കടന്നൊരു
ലോകം സൃഷ്ടിച്ച
കലാപകാരി ഞാൻ..!!
പഴയതില്‍ നിന്നൂര്‍ജ്ജം നേടി
ജീവിതം കരുപ്പിടിപ്പിച്ച
പുതിയ നിയമം ഞാൻ..!
എന്റെ നിയമവുമായിനി
ഞാൻ നയിയ്ക്കും !!!
നിങ്ങളുടെ നെഞ്ചിലെ കാരിരുമ്പ്
ഉരുകിത്തെളിഞ്ഞൊരു
പടവാളായി വന്നിനി
ഞങ്ങളുടെ   മാനം കാക്കില്ല ..
 അതുരുകിത്തെളിഞ്ഞൊരു
കത്തിയായ്  വന്ന്  ,
ഞങ്ങളിൽ  കാമവിഷം തളിച്ചവരെ 
കുത്തിക്കീറില്ല ...
കപടസമൂഹമേ !
നിങ്ങളുടെ നെഞ്ചിന്‍ കൂട്ടിലെ
കാരിരുമ്പ് വളയത്തിനുള്ളില്‍
ഞങ്ങളൊട്ടും  സുരക്ഷിതരല്ല...
ഞങ്ങൾക്കിനി  ഞങ്ങളുടെ
നാരായമുനകൾ പോലുള്ള
മനസ്സ്  വഴികാട്ടും...
ജീർണ്ണസദാചാരമേ !
പോയി തുലയുക !
നെഞ്ചു പൊട്ടിയൊഴുകുന്ന
കണ്ണീരിനുതകാത്ത
ധർമ്മസംഹിതകളെ !
ദൂരെ മാറുക !
നിങ്ങൾക്കപ്പുറം കടന്നൊരു
ലോകം സൃഷ്ടിച്ച
കലാപകാരി ഞാൻ..!!
                                                        ********************************

2 - പാഴ് യുദ്ധങ്ങൾ.
--------------------------------
അണ്ഡത്തെ തേടിയുള്ള -                

ബീജത്തിന്റെ യാത്രയിൽ -

ത്തുടങ്ങുന്നു യുദ്ധങ്ങൾ !

യുദ്ധം  ജയിച്ചതിജീവനത്തിൻ്റെ

രാഗം പാടുന്നൂ  ഭ്രൂണങ്ങൾ !

പിന്നെയും  മതിയാവാതെ

മനസ്സ്  മനസ്സിനോട്

പ്രഖ്യാപിയ്ക്കുന്നു , സമരങ്ങൾ !

കൈയ്യിൽക്കരുതിയ

സ്നേഹത്തുടിപ്പുകളത്രയും

അക്ഷരങ്ങളിലേക്ക്  കമഴ്ന്നു !

അവയുടെയാഴങ്ങളിലേയ്ക -

മർന്നിറങ്ങുമ്പോഴുമുണ്ടൊരു 

പിടച്ചിൽ... ഒരു തിക്കുമുട്ടൽ ..!

ഒടുക്കം ലാഭനഷ്ടക്കണക്കുകൾ

നോക്കാനൊരുങ്ങുമ്പോ -

ഴില്ല,ക്കങ്ങ,ളക്ഷരങ്ങളും ..

ആത്‌മാവ്‌  നഷ്ടമായ

അക്ഷരരൂപങ്ങൾ നോക്കി

പകച്ചു നിൽക്കുന്നു പാവം

വിഡ്ഢികൾ ..മനുഷ്യർ...
                                                                    ********************

3 -  ഇനിയെത്ര നാൾ..
 ---------------------------------

മനസ്സിന്റെയിരുണ്ട  ഇടനാഴിയിലെങ്ങോ 

സ്നേഹിച്ചുപോയല്ലോ ഞാനാ 

ചെറു മെഴുതിരിവെട്ടത്തെ ..

പ്രണയിച്ചുപോയല്ലോ ഞാനാ 

ഓലചീന്തുകൾക്കിടയി -

ലൂടൂളിയിട്ടിറങ്ങുന്നൊരാ 

ചെറുനിലാച്ചന്തത്തെ ....

സ്നേഹം മൗനമായതറിയുന്നു ..

മൗനം  ശിലയായതുമറിയുന്നു...

ഇനിയെത്രനാളൊളിപ്പിയ്ക്കും ഞാനീ 

ചെറുമുളം തണ്ടിലെന്റെ 

സ്വപ്നമൗനരാഗങ്ങളെ ..?

എത്രനാൾ  പെയ്യാതൊളിപ്പിയ്ക്കും 

ഞാനെന്റെ  കൺതടങ്ങളിലലിഞ്ഞ 

മേഘമൽഹാറുകളെ ...?

സ്നേഹഗീതങ്ങളും  കോപതാപങ്ങളും 

രാഗദ്വേഷങ്ങളും 

ഉലയിലുരുക്കിത്തെളിച്ചെന്റെ 

തൂലിക നിറച്ചിട്ടും 

ഇനിയെത്ര നാൾ....

എത്രനാളൊളിപ്പിയ്ക്കും 

ഞാനെന്റെ  സ്നേഹാക്ഷരങ്ങളെ ...?
                                                                   ******************
                                                 

4 - നിനക്കിനിയും  കൈകളോ ?
 ----------------------------------------------------
കവർന്നെടുക്കപ്പെട്ട 

നിഷ്ക്കളങ്കതയിൽ നിന്നും 

ഒഴുകിയിറങ്ങുന്ന ചോരത്തുള്ളികൾക്ക് 

 കാമക്കണ്ണുകളിൽ  സങ്കീർണ്ണ സൗന്ദര്യം... 

 അതിന്റെ വന്യതയിലമ്മമനസ്സിന്റെ 

നടുക്കമയാൾക്ക്  ചിന്ത് പാട്ട്..

ദുഷ്ടനൊറ്റക്കൈയ്യാ !

നിനക്കിനിയും  കൈകളോ ???

നിന്റെ  കൈകാലുകൾ  ഛേദിച്ച് 

മൂക്കും  മുലയുമരിഞ്ഞ് 

വെറുമൊരിറച്ചിത്തുണ്ടായി 

തെരുവ് നായ്ക്കൾക്കെറിയുന്ന 

സ്വപ്നത്തിലെന്നുള്ളം ,

'സൗമ്യം ' !  'നിർഭയം'  !

ഞാനുമൊരമ്മ ...

അടങ്ങാത്ത  നോവിന്റെ -

യുരുക്കഴിയ്ക്കുന്ന   ശാപം 

ഒടുങ്ങാത്ത തീയായ്  

നിന്നിലെറിയുന്ന 

ശതകോടിയമ്മമാരിൽ 

ഞാനും...

ഞാനുമൊരമ്മ...

ഞങ്ങൾക്ക്  വേണം  കൈകൾ ..

ഒന്നല്ലൊരായിരം  കൈകൾ..

നിന്നെ വലിച്ചുകീറി  

തുണ്ടം തുണ്ടമാക്കി 

നായ്ക്കൾക്കെറിയാൻ , 

ഞങ്ങളമ്മമാർക്ക്  വേണം കൈകൾ...

നിനക്കില്ലിനി  കൈകളും 

നിന്നോട് സന്ധിയും .

(കണ്ണ് കെട്ടിയ നീതിയോട് സന്ധിയില്ലാസമരവുമായി...)
                                                         **************
                     
  
5- ഇന്നും ഞാനുണര്‍ന്നിരിയ്ക്കുന്നു !
   ------------------------------------------------------------
                                                                                                           
ഇന്നലെ രാവിലിരുളിന്റെ 
ജഡനിർവ്വികാരതയിൽ
പാതി മയക്കത്തിലൊരു 
നിലാപ്പക്ഷിയുടെ നിലവിളി...
ഞെട്ടിത്തെറിച്ചു ഞാനുണർന്നു .
അത് ജീവന്റെ തിക്കുമുട്ടലായിരുന്നു..
നെഞ്ചിന്റെ പിടച്ചിലായിരുന്നു ..
ഹൃദയത്തിന്റെ താളഭംഗം ..
കറുത്ത ശൂന്യതയിലേക്ക് നോക്കി ,
വേദനയോടെ ഞാൻ കരഞ്ഞു..
ആരും കേൾക്കാനുണ്ടായിരുന്നില്ല ..
പിന്നെ പുതപ്പിനുള്ളിലെ 
ഇരുണ്ട എകാന്തതയിലേയ്ക്ക്
മെല്ലെ മെല്ലെ ഞാന്‍ നുഴഞ്ഞു...
ആരുമറിയാതെ , ആരും കാണാതെ 
നോവുകളെ ഞാനെന്റെ 
പുതപ്പിനുള്ളിലിട്ടു ഞെരിച്ചു ..
ഇന്ന് വെളുപ്പിന് കണ്‍ തുറന്നപ്പോ -
ളതിശയത്തോടെ ഞാനോര്‍ത്തു !
ഒരു പുലരിയിലേയ്ക്ക് കൂടിയെന്റെ 
കണ്ണുകള്‍ തുറന്നിരിയ്ക്കുന്നു !!!!
                                                              *************************

6  - എനിയ്ക്കുത്തരം വേണം.
 ----------------------------------------
 ആണിന്റെ ചോരയ്ക്ക് ശൗര്യവും
പെണ്ണിന്റെ ചോരയ്ക്കശുദ്ധിയും കൽപ്പിച്ച
മഹാസമൂഹമേ !
എനിയ്ക്കുത്തരം വേണം.
മുറിഞ്ഞു പിടഞ്ഞു ചിതറിത്തെറിയ്ക്കുന്ന
മക്കളുടെ ചോരയ്ക്ക് മൂല്യമെന്ത് ????
അതിനു നിങ്ങളിടുന്ന പേരെന്ത് ????
ഒരുകോടി പിതാക്കളുടെ
തണുത്തുറഞ്ഞ ശിലാമൗനങ്ങളിൽ
നാളെയ്ക്കുള്ള സ്വപ്നാക്ഷരങ്ങളെ -
യാലേഖനം ചെയ്യാൻ , നിങ്ങൾക്ക്
ആയുധമുനകളുണ്ടോ ????
നാരായമുനകളല്ല...
ആയുധമുനകളുണ്ടോ എന്നാണു ചോദ്യം.
ഒരുകോടി അമ്മമാരുടെ
നടുങ്ങിത്തെറിച്ച വിസ്ഫോടനങ്ങളിൽ ,
നിന്ന് കത്തുന്ന മുലപ്പാൽ മധുരത്തെ
തളിച്ച് കെടുത്താനിത്തിരി
കണ്ണീർ പൊഴിയ്ക്കുമോ ആയുധങ്ങൾ ????
എനിയ്ക്കുത്തരം വേണം.
വാത്മീകത്തിലൊളിച്ച മഹാമൗനങ്ങളേ.!
എനിയ്ക്കുത്തരം വേണം.
നിങ്ങളുത്തരം തന്നേ തീരൂ .

(കണ്ണൂരിന്  കണ്ണീരല്ല വേണ്ടത് ..)
                                                                *******************

 7  - അറം .
 --------------
എന്തേ  മകനെ നീ ജീവിതം 
മടുത്തുവെന്നോ ?
അരുതരുത് കണ്ണാ , അറം പറയരുത്...
ദേഹി വെടിഞ്ഞൊരു ദേഹമായ് ഞാന്‍ 
വെറുമൊരിലതല്‍പ്പത്തില്‍ മേവുമ്പോള്‍
ഒരിറ്റു നീരുമെള്ളും പൂവുമെന്റെ നാവി -
ലിറ്റിച്ച് തരേണ്ട കൈകള്‍ നിന്റേതല്ലേ...
അതുമല്ലെങ്കിലൊരനാഥപ്രേതമായ് 
പാതയോരത്ത് ഞാന്‍ കിടക്കുമ്പോള്‍
വാരിയെടുത്ത് നെഞ്ചില്ച്ചെര്‍ത്ത് ,
നിന്നെയുറക്കാന്‍
ഞാന്‍ പാടിയ താരാട്ടിന്‍റെ 
ഈണമോര്‍ത്ത് കരയേണ്ടവനല്ലേ നീ...?
എനിയ്ക്കും വേണ്ടേ അതിനാരെങ്കിലും ?
അതുകൊണ്ടരുതരുത് കണ്ണാ...
അറം പറയരുത്...

 8  -വഴിയമ്പലത്തിലെ യാത്രികര്‍..
 ------------------------------------------------------
                                                                                               
ഒക്കെയുമെന്നെന്നേയ്ക്കായ് യാത്രയാകുന്നൂ 
ഇല്ലിനിയൊരിയ്ക്കലുമൊരു മടക്കയാത്ര ..
ചിരിച്ചും തിമിര്‍ത്തും 
കളി പറഞ്ഞും കലഹിച്ചും 
പിച്ച നടന്നൊരീ അക്ഷരമുറ്റവും 
എന്നെന്നേയ്ക്കുമായ് നഷ്ടമാകുന്നൂ...
ഇനിയൊരിയ്ക്കലുമീ വെള്ളത്തിരശ്ശീലയി -
ലെന്റെ മനസ്സക്ഷരങ്ങളായ് തെളിയുകയില്ല ...
ഒരേ കുടുക്കയില്‍ മണല്‍ വാരി നിറച്ച് 
ഒരേ ഓലയില്‍ നാരായം കൊണ്ടെഴുതി 
തോളത്ത് കൈയ്യിട്ടു നടന്ന നേരം 
ഓര്‍ത്തില്ലോരിയ്ക്കലുമൊരു വഴിയമ്പലത്തില്‍ 
അല്‍പനേരമൊന്നിച്ച് കൂടിയ 
യാത്രികരാണ് നമ്മളെന്ന്....
അറിയില്ലിനിയേതെങ്കിലുമൊരു
പന്ഥാവില്‍ നമ്മള്‍ കാണുമോയെന്ന്‍...
സമയമായി...വീണ്ടും നടന്നുതുടങ്ങണം...
യാത്ര ചോദിയ്ക്കുന്നില്ല ഞാന്‍ 
ഭാണ്ടവുമൂന്നുവടിയുമെടുത്ത് 
കാതങ്ങള്‍ താണ്ടണമിനി...
എത്ര ദൂരെയാകുമപ്പോളെന്നില്‍ നിന്ന്‍
നിങ്ങളെങ്കിലും ,  മറക്കില്ലൊരിയ്ക്കലും 
എന്നെന്നുമകത്തെന്റെ
ഹൃദയനികുന്ജത്തിലീ 
സൗഹൃദബന്ധത്തിന്റെ 
തണല്‍ കുട നിവര്‍ത്തും..

(സൗഹൃദങ്ങളോട് ഒരു യാത്രചൊല്ലൽ ..)
.                                                                     ********************
9  - യാത്ര.
---------------
                                                                           
ഇരുളിന്റെ ചിന്തുപാട്ട് കേട്ട്
നിലാപ്പക്ഷിയുടെ നിലവിളി...
ഇടനെഞ്ചിലെ താളപ്പിടച്ചിലില്
ജീവന്‍റെ തിക്കുമുട്ടല്‍...
അടഞ്ഞ കൂടാരവാതിലിനപ്പുറം
അട്ടഹസിയ്ക്കുന്ന നിഴലുകള്‍.
പോകണം.... ഒരു യാത്ര പോകണം...
ചക്രവാള സീമയ്ക്കപ്പുറം
ആനന്ദത്തിന്റെ അഗാധതയിലേയ്ക്ക്
അനന്തമായൊരു യാത്ര...
വെറും കൈയ്യുമായൊരു യാത്ര..
ഒരു പാഥേയം പോലുമില്ലാതെ
കീറിപ്പറിഞ്ഞ സ്വപ്നമാറാപ്പുമായി
എല്ലാം വെടിഞ്ഞൊരു യാത്ര...
                                                     ****************

10  - മകളേ  നീ വളർന്നതച്ഛനറിഞ്ഞില്ല...
 ----------------------------------------------------------------
                                                                                                           
മകളേ നീ വളര്‍ന്നതച്ഛനറിഞ്ഞില്ല...!
മണല്‍ക്കാട്ടിലും മണല്‍ക്കാറ്റിലും
ഉരുകിയുറഞ്ഞച്ഛനൊരു 
ശിലയായ് തീര്‍ന്നപ്പോള്‍ 
കുഞ്ഞേ നീ വളര്‍ന്നതച്ഛനറിഞ്ഞില്ല ...!
നിന്‍റെ ശൈശവബാല്യങ്ങളും 
കൊഞ്ചിച്ചിണ്‌ങ്ങലും മധുരക്കുറുമ്പും 
അച്ഛന്‍റെ കണ്ണുകള്‍ക്കപ്പുറമായപ്പോള്‍ 
ഓമല്‍ക്കുരുന്നേ നീയവിടെ
വളരുകയായിരുന്നു...
തോളത്തും മടിയിലും കുത്തി മറിഞ്ഞതും
കൊട്ടാപ്പുറത്തുണ്ണി കളിച്ചു  തിമിര്‍ത്തതും
ഈണം മറന്നൊരു   താരാട്ട് പാടിയെന്‍  
നെഞ്ചില്‍ക്കിടത്തിയുറക്കിയതും 
അച്ഛന്‍റെയോര്‍മ്മകള്‍ ...നനുത്ത ഓര്‍മ്മകള്‍...
ഓര്‍മ്മ തന്‍ മാറാപ്പ് കെട്ടി മുറുക്കി 
ദൂരെ ദൂരെയീ മണല്‍ക്കാട്ടിലേയ്ക്കച്ഛന്‍ 
യാത്രയായപ്പോള്‍ , തിങ്കള്‍ക്കിടാവേ..
മുന്നിലിരുളിന്റെ ജഡനിര്‍വ്വികാരത ...
ഊന്നുവടിയില്ല,  റാന്തലില്ല...
ഈറന്‍ നിലാവില്ല , നക്ഷത്രമില്ല ...
പിന്നെയെന്‍ ജീവനില്‍ മിന്നിത്തെളിഞ്ഞത് 
മിന്നാമ്മിനുങ്ങ് പോല്‍ മിന്നും കിനാവായി 
മകളേ നിന്നുടെ പുഞ്ചിരിക്കൊഞ്ചല്‍ ...
ആത്മാവിലൊരുപിടി നോവുകള്‍ പാകി 
ആണ്ടുകളെത്രയോ തീര്‍ന്നുപോയി..
ഒരു പൂവ് പോലും വിരിയാതെ വേര്‍പെട്ട 
വസന്തങ്ങളെത്ര കടന്നു പോയി ...
കൈക്കുമ്പിളിലൊരു പിടി 
നാണയസ്വപ്‌നങ്ങള്‍....
അച്ഛന്‍ കരയുകയാണ് - നീ 
കരയാതിരിയ്ക്കാന്‍...
ശിലയായുറയുകയാണ് - നീ 
ഉയര്‍ന്ന്‍ പറക്കാന്‍ ...
മകളേ !  നീ വളര്‍ന്നെന്നമ്മ പറയുന്നു...!
അച്ഛനറിഞ്ഞില്ല... കണ്ടതുമില്ല...
ഒരു മോഹം.. അച്ഛനൊരേയൊരു മോഹം..
ഒരിയ്ക്കല്‍ക്കൂടി നീയെന്‍റെ -
യീണമില്ലാത്ത താരാട്ട് കേട്ട് 
നക്ഷത്രച്ചില്ല് പോലൊന്ന് ചിരിയ്ക്കുമോ ?
ഒരിയ്ക്കല്‍ക്കൂടിയെന്‍ 
നെഞ്ചില്‍ക്കിടന്നെന്റെ 
വാവാവോ കേട്ടൊന്നുറങ്ങുമോ ?
ഒരിയ്ക്കല്‍ക്കൂടിയെന്‍ 
തോളത്തും മടിയിലും 
കുത്തിമറിഞ്ഞു കളിയ്ക്കുമോ ?
വെറുതെ...
വെറുതേയൊരു സ്വപ്നം...
വെറുതേയൊരു മോഹം...
അറിയാം... മകളേ നീ വളര്‍ന്നു..
നിനക്ക് വളരാതെ വയ്യല്ലോ..
പക്ഷേ...
പക്ഷേ അച്ഛന്‍ വളര്‍ന്നില്ല..
കണ്മണീ നിന്‍റെ താരാട്ടു പ്രായത്തില്‍ 
നിന്നുമച്ഛനിനിയും  വളര്‍ന്നില്ല... 
 കത്തുന്ന  കനല്‍ക്കാറ്റച്ഛന്‍റെ മേനിയില്‍ 
 മിനുക്ക്‌ പണി നടത്തുന്നുണ്ട്...
വിരഹമൊരു നെരിപ്പോടായി 
മനസ്സിന്റെ ഭിത്തിയില്‍
കുത്തിവരയ്ക്കുന്നുണ്ട് ...
എന്നിട്ടും...
എന്നിട്ടും  അച്ഛനിനിയും വളര്‍ന്നില്ല..

(നെരിപ്പോട് പോലെ എരിഞ്ഞു തീരുന്ന എൻ്റെ  പ്രവാസി സുഹൃത്തുക്കൾക്കായി ...)
                                                                    *****************
  
11  -വിപ്ലവത്തിന്റെ  നിറം .
  ----------------------------------
                                                                                                
കൊടിയ വേദനയില്‍ നിന്നാണ്
വിപ്ലവമുണ്ടായത്...
അപ്പോള്‍ വിപ്ലവം സുന്ദരമായിരുന്നു..
ചോരച്ചുവപ്പിന്റെ സൗന്ദര്യം...
ആ സൗന്ദര്യത്തിന് നടുവിൽ 
ഞാന്‍ കിടന്നു..
ഒരു ചോരക്കുഞ്ഞായി....
ആ ചോരപ്പാടുകള്‍ കരിഞ്ഞു..
ആ കരിഞ്ഞ ചോരപ്പാടുകളിന്നൊരു
 മൃദുചുംബനം കൊതിയ്ക്കുന്നുണ്ടാവാം ..
ഒരു കൈത്തഴുകല്‍ കൊതിയ്ക്കുന്നുണ്ടാവാം ...
ഒരു നെഞ്ചോടടുക്കല്‍ കൊതിയ്ക്കുന്നുണ്ടാവാം ..
ഒന്നുമറിയാതെ കണ്ണടച്ച് കിടക്കുന്ന
മഹാവിപ്ലവം....
(ഇന്ന് വിപ്ലവത്തിന്‍റെ നിറം ചുവപ്പോ ?
ആവോ...അറിയില്ല...
ഹേയ്...അല്ലെന്ന് തോന്നുന്നു..
തിരിച്ചറിയാനാവാത്ത വണ്ണം
കലങ്ങിയ നിറം...
എന്‍റെ പുഴയുടെ കരഞ്ഞു കലങ്ങിയ
കണ്ണുകള്‍ പോലെ..)
ആടിയുലയുന്ന തിരിനാളത്തിന്
കാവൽ നിൽക്കുന്ന കാലമേ !
എന്റെ കണ്ണുകളും കലങ്ങിയിരിയ്ക്കുന്നു...
കലങ്ങിയ വിപ്ലവനിറം പോലെ ..
ജീവിതത്തിന്റെ  ഇരുണ്ട  ഇടനാഴിയുടെ
അങ്ങേത്തലയ്ക്കലൊരു
നിഴൽ പതുങ്ങിയോ?
വളരെ പതുങ്ങിയ പദനിസ്വനം ...?
കണ്ണുകൾ പൂട്ടുന്നു ഞാൻ ..
കാതുകൾ പൊത്തുന്നു ഞാൻ...
എനിയ്ക്കിനി വയ്യ...
എനിയ്ക്ക് വേണ്ടിയിനി
നീ  യാചിയ്ക്കുക...പ്രിയ കാലമേ !
നീ യാചിയ്ക്കുക...

(എൻ്റെ  അച്ഛന്റെ ആയുസ്സിനായി പ്രാർത്ഥിച്ച് ..)
                                                                      ***************

12  -ഉയിർത്തെഴുന്നേൽപ്പുകൾ .
---------------------------------------------------
                                                                                                                    
പഴയ സ്മരണകളില്‍ സ്വയം 
നഷ്ടമാവുകയോ ? ഇല്ല...
സ്മരണകളെനിയ്ക്കെന്നും
ഉയിര്‍ത്തെഴുന്നേല്‍പ്പുകളാണ് ..
കുടഞ്ഞുണരലുകളാണ്..
ഭൂതകാലത്തിന്‍റെ മഞ്ചാടിച്ചെപ്പി -
ലാരോ നിറച്ചിട്ട വിപ്ലവങ്ങള്‍...
വിപ്ലവഗീതികള്‍...
സമര പര്‍വ്വങ്ങള്‍...
സഖീ , നീയെന്‍റെ മനസ്സില്‍ 
മെല്ലെയൊന്നൂതുക...
പറന്നു പൊങ്ങുന്ന ധൂളികള്‍ക്കിപ്പുറം
 നീറി ജ്വലിയ്ക്കുന്ന തീക്കനല്‍...
നീയല്‍പ്പം മാറി നിന്നീടുക..
സഹിയ്ക്കാനാവതുണ്ടാവില്ല നിനക്ക് ..
അത്ര മേലെരിയുന്നുണ്ടത്...
പഴയ സ്മരണയില്‍ സ്വയനഷ്ടമോ ...!
ഇല്ല...ഒരു വീണ്ടെടുക്കലാണത്..
ഒരു കുടഞ്ഞുണരല്‍ ...
                                                                    ***************

13  - കാത്ത് സൂക്ഷിച്ചത്...
----------------------------------------
                                                                                               
എനിയ്ക്ക് അത്ഭുതം തോന്നുന്നുണ്ട്...!
ഒരു സ്പര്‍ശം കൊണ്ട് പോലും 
ഞാനശുദ്ധമാക്കാത്ത നിന്‍റെ
വിരല്‍ത്തുമ്പുകള്‍ ....
എന്തേയതിത്ര നിര്‍ജ്ജീവമായി ?
ഒരു തഴുകല്‍ കൊണ്ട് പോലും 
ഞാന്‍ നോവിയ്ക്കാത്ത നിന്‍റെ
കവിള്‍ത്തടങ്ങള്‍ ...
എന്തേയതിത്ര കണ്ണീരണിഞ്ഞു ?
ഒരു ചുംബനം കൊണ്ട് പോലും 
ഞാന്‍ തുടുപ്പിയ്ക്കാത്ത നിന്‍റെ
ചുണ്ടിണകള്‍ ...
എന്തേയതിത്ര കരുവാളിച്ചു ?
ഒരിളം കാറ്റിനാല്‍പ്പോലും കലങ്ങാത്ത നിന്‍റെ
കണ്ണിണകള്‍ ...
എന്തേയതിത്ര തിളക്കമറ്റു ?
എനിയ്ക്ക് ദേഷ്യം വരുന്നുണ്ട്...
ഒരു വെള്ള മന്ദാരമായ് നിന്നെ 
പരിപാലിച്ചത്,
ഒരു ദേവനുമര്‍പ്പിയ്ക്കാനായിരുന്നില്ല ..
തൊട്ടുതഴുകാതെ , ഇറുത്തെടുക്കാതെ 
സൂക്ഷിച്ചതെന്‍റെ പൂജാപുഷ്പമേ...
സ്നേഹം കൊണ്ടായിരുന്നു....
എന്നിട്ടും ......
ആരാണ് നിന്‍റെ മന്ദാര മനസ്സില്‍ 
മഷി കോരിയൊഴിച്ചത് ?
എനിയ്ക്ക് സങ്കടം വരുന്നുണ്ട്...
                                                                            ****************

14  - കെട്ടുപാടുകൾ .
 --------------------------
                                                           
മറക്കാനാവതില്ലാത്ത മുഖങ്ങള്‍ ...
പിന്‍വിളി വിളിയ്ക്കുന്ന സ്നേഹങ്ങള്‍..
സ്നേഹത്തിന്റെ കെട്ടുപാടുകള്‍...
വയ്യെനിയ്ക്കീ വിളികള്‍
കേട്ടില്ലെന്ന്‍ വയ്ക്കുവാന്‍ ...
അവസാനത്തെ ഇലയും 
കൊഴിഞ്ഞുതീരും  വരെ 
ഞാനീ തണല്‍മരച്ചോട്ടില്‍
കാറ്റ് കൊള്ളാം...
പുതിയ തളിരുകള്‍ക്കായി
കാത്തിരിയ്ക്കാം...
ഒടുക്കമീ മരത്തിലൊരിലയായ് 
ഇവിടെത്തന്നെ കൊഴിഞ്ഞു വീഴാം...
                                                                ***********************

 15  - അക്ഷരങ്ങളുടെ നഗ്നത .
-------------------------------------------------
                                                                                                മഴത്തുള്ളിപ്പെരുക്കത്തില്‍ 
നനഞ്ഞമര്‍ന്ന മണ്‍പുറ്റ് പോലുള്ള
എന്‍റെയക്ഷരങ്ങള്‍ കണ്ട്
ഇന്ന് നീ ചിരിയ്ക്കും. ..
എന്നാല്‍ നാളെയാ അക്ഷരങ്ങളുടെ 
ശിരോവസ്ത്രം ഞാനഴിച്ച് മാറ്റും .
അത് കണ്ടു നീ പകയ്ക്കും ..
പിന്നെയതിന്റെ അംഗവസ്ത്രങ്ങളോ -
രോന്നോരോന്നായി ഞാന്‍ 
വലിച്ചു കീറിയെറിയും..
നഗ്നത....
എന്‍റെയക്ഷരങ്ങളുടെ നഗ്നത...
അത് നിന്നിലൊരിയ്ക്കലും
കാമമുണര്‍ത്തില്ല ...
പക്ഷേ നീ ഭയക്കും..
ഭയന്ന് നിലവിളിയ്ക്കും..
അന്ന്...
അന്ന് ഞാന്‍ ചിരിയ്ക്കും...
ഒരു മയില്‍‌പ്പീലിത്തെന്നല്‍ പോലെ ചിരിയ്ക്കും..
അത് വിധി..
കാലം കാത്ത് വച്ച വിധി.
                                                    ***************************

 16  - മുക്കുറ്റിപ്പൂവ് .
  -------------------------
                                                                          
രാവിലെയുണര്‍ന്നാദിത്യ ദേവനെ തൊഴുത്
കുളി കഴിഞ്ഞീറന്‍ മുടിയൊരു 
കുളിപ്പിന്നലില്‍ കുരുക്കിയൊതുക്കി 
അമ്പലവഴിയിലേയ്ക്ക് യാത്രയാകുമ്പോള്‍ ,
മുക്കുറ്റിപ്പൂവേ , ഒരു മാത്ര നീയെന്‍റെ
മുടിച്ചുരുളിലൊന്നിരിയ്ക്കുക....
ഇത് രാമായണ മാസമല്ലേ....
നേര്യതിന്റെ  തുമ്പൊതുക്കി 
പ്രദക്ഷിണവഴിയിലൂടെ 
രാമനാമം ജപിച്ച് നടക്കുമ്പോള്‍ 
മുക്കുറ്റിപ്പൂവേ ,
നീയെനിയ്ക്കൊരു തുള്ളി ചാന്ത് തരിക...
ഒരു പൊട്ട് മുക്കുറ്റിച്ചാന്ത് ...
ഇത് രാമായണ മാസമല്ലേ....
അതും കഴിഞ്ഞു നീയെന്‍റെയാവണി മുറ്റത്ത് 
നക്ഷത്ര മുത്തുകളായ്‌ വിരിഞ്ഞു നിന്നീടുക..
അത്തക്കളത്തില്‍ നമുക്ക് കൂട്ട് കൂടാം...
ഓണമല്ലേ വരുന്നത്...
ഇനിയല്‍പനേരം ശ്രീരാമ ദേവനിലേയ്ക്ക്
ഞാന്‍ യാത്രയാവട്ടെ..
ഇത് രാമായണ മാസമല്ലേ....
                                                         ******************

17  - ഭഗ്നമോഹങ്ങൾ .
 ----------------------------------
                                                                                    
ഒരു സൂര്യകാന്തിയാവാന്‍ ഞാന്‍ കൊതിച്ച -
താദിത്യനെ സ്വന്തമാക്കാനായിരുന്നില്ല ,
സ്നേഹിച്ചു സ്നേഹിച്ച് കൊഴിഞ്ഞു വീഴാനായിരുന്നു ...
ഒരു നക്ഷത്രമാവാന്‍ ഞാന്‍ കൊതിച്ച -
താകാശത്തെ സ്വന്തമാക്കാനായിരുന്നില്ല ,
കണ്ണ് ചിമ്മിച്ചിമ്മി പൊടിഞ്ഞു വീഴാനായിരുന്നു...
ഒരു നിശാഗന്ധിയാവാന്‍ കൊതിച്ചത്
രാത്രികളെ പ്രണയിയ്ക്കാനായിരുന്നില്ല ,
ഇരുളിന്‍റെയഗാധതയിലെന്റെ 
നോവുകള്‍ ഒളിപ്പിയ്ക്കാനായിരുന്നു...
പാവം....പാവമെന്റെ ഭഗ്നമോഹങ്ങള്‍....
                                                      ************************
 
18 - സഖിയോട് ...
   --------------------
                                                                               
പണ്ടേ നിന്നോട് ഞാന്‍ പറഞ്ഞതല്ലേ സഖീ 
നീ കൊരുക്കുന്ന മാല വാങ്ങാന്‍ 
ഞാനില്ലയെങ്കിലെന്റെ ചുവര്‍ചിത്രത്തില്‍ ,
നീയതണിയിയ്ക്കണമെന്ന്? 
എനിയ്ക്കുമുണ്ടൊരു മലയാളക്കുടില്‍..
അതിന്‍റെ നനഞ്ഞ മണ്‍ഭിത്തിയില്‍
ചിതല്‍ തിന്നു തീരാറായ ചിത്രവും..
അതിലെ നനഞ്ഞ പുഞ്ചിരി എന്റേതെന്നു 
തിരിച്ചറിയാന്‍ നീയേറെ വൈകും...
അതുകൊണ്ട് നീയൊന്നുകൂടിയെന്റെ
മുഖത്തൊന്ന് സൂക്ഷിച്ച് നോക്കുക..
മറക്കാതെന്റെ മുഖം മനസ്സില്‍ വരച്ചിടുക..
                                                        ******************

 19 - മൗനം.
  -----------------
                                                                 
ഈ മൗനഹാരമെന്നെയണിയിച്ചത് നീയാണ്....
എന്‍റെയിഷ്ടമല്ലത് , നിന്‍റെയിഷ്ടമായിരുന്നു ..
എന്നിട്ടും നീ ചോദിയ്ക്കുന്നു ,
എന്താണെനിയ്ക്ക് മൗനമെന്ന്...
ഇത് പൊട്ടിച്ചെറിയാനെനിയ്ക്കാവതില്ല..
നീയണിയിച്ചത്  നീ തന്നെയഴിച്ചു മാറ്റുക..
എനിയ്ക്ക് വല്ലാതെ നോവുന്നുണ്ട്..
കഴുത്തിലൊരു  നാഗമായ് ചുറ്റിപ്പിണഞ്ഞെന്‍റെ -
യവസാന ശ്വാസവുമത് വലിച്ചെടുക്കുന്നതിന്‍ മുന്നേ 
നീയിതൊന്നഴിച്ച് മാറ്റുക..
നിനക്കത് കഴിഞ്ഞേക്കും...
                                                                    ******************
                                         

20 - നിഴൽച്ചിത്രങ്ങൾ .
 -------------------------------------
                                                                                        
ജന്മ ജന്മാന്തരങ്ങളായ് ഞാനെന്‍റെ
ജീവന്‍റെ കുരുത്തോലയില്‍ 
കോറിയ ചിത്രങ്ങള്‍ക്ക് 
ഒരേ നിറം...
സാന്ധ്യ ശോഭയും പുലരിത്തുടിപ്പും 
മാറി മാറി ചാലിച്ചിട്ടും
നിറഭേദങ്ങളും ഋതുഭേദങ്ങളും 
മാറി മാറി വന്നിട്ടും 
ചിത്രങ്ങള്‍ക്കെന്നുമൊരേ നിറം...
അത്....
അത് നിഴല്‍ച്ചിത്രങ്ങളായിരുന്നു....
                                                         ********

21 - ഓർമ്മകളിൽ ഒരു സന്ധ്യ .
 -----------------------------------------
                                                                                                  ഓര്‍മ്മകളിലൊരു സന്ധ്യ...!
നിലവിളക്കില്‍ തിരിയിട്ടെണ്ണ
നിറച്ച് കത്തിച്ചുഴിഞ്ഞ്,
വിരല്‍ത്തുമ്പിലെ വിളക്കെണ്ണ
മുടിയില്‍ തൂത്ത് , നിവര്‍ന്ന്‍
കണ്ണടച്ച് കൈകൂപ്പി 
പഞ്ചാക്ഷരീ മന്ത്രം ചൊല്ലവേ 
തുളസിത്തറയ്ക്കപ്പുറത്ത്
സാന്ധ്യരാഗം പോലെയൊരു
നിഴല്‍രൂപം...!
അത് നീയായിരുന്നു...!
എന്നും പാതി മറഞ്ഞു നി -
ന്നെന്നെ നോക്കിയൊന്നു -
മുരിയാടാതെയൊരമ്പിളി -
ക്കീറുപോലൊരു പുഞ്ചിരി
മാത്രം തന്നെങ്ങോ മറഞ്ഞു നീ....
ദൂരെ ദൂരെയൊരു പാഴ്മരക്കൊമ്പില്‍
മഴ നനഞ്ഞ് വിറച്ചിരിയ്ക്കുന്ന
പച്ചിലക്കുടുക്ക...!
(അത് നീ എന്നെ വിളിച്ച പേരായിരുന്നു )
അത് കാണ്‍കെ ,
പാതി മറഞ്ഞു നിന്ന നീയൊരു 
മേഘചന്ദ്രനായി * പിന്നെ...
മേഘങ്ങള്‍ പെയ്തൊഴിയുന്നതും കാത്ത് 
നനഞ്ഞു വിറച്ച പാവം 
പച്ചിലക്കുടുക്ക....*

( *  'മേഘചന്ദ്രന്‍ '  എന്നത് എന്റെ സങ്കല്‍പം. അത്, മേഘങ്ങള്ക്കിടയിലെ ചന്ദ്രന്‍.  ഒരു നൊമ്പരത്തിങ്കള്‍...)
* പച്ചിലക്കുടുക്ക - പച്ച നിറമുള്ള ഒരു ചെറിയ പക്ഷി ( തത്തയല്ല ) . ചെറിയ കായ്കനികള്‍ ഭക്ഷിച്ച് ജീവിയ്ക്കുന്ന , നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ഒരു പക്ഷി.
                                                           *****************
  
22 -മയിൽപ്പീലി .
  ----------------------------
                                                                                   നിന്റെ  പുസ്തകത്താളുകള്‍ക്കുള്ളില്‍
ഞാന്‍ നിര്‍വൃതിയിലാണ്ടിരുന്നു ...
ഇടയ്ക്ക് നീയെന്നെ നെഞ്ചോട് -
ചേര്‍ത്തപ്പോ കോരിത്തരിച്ചിരുന്നു...
നീയെനിയ്ക്കേകിയ ചുംബനങ്ങള്‍ 
നിധികുംഭങ്ങളായിരുന്നു...
സമ്പുഷ്ടമാം  നിന്‍ കുരുന്നു ബാല്യം...
ഞാനുണ്ടായിരുന്നു നിന്റെ കൂടെ...
കുളിരൂറും കൗമാരസ്വപ്നങ്ങളില്‍ 
ഹംസമായും ഞാനന്നവതരിച്ചു..
യൗവ്വനസ്വപ്നത്തിന്‍ തീക്ഷ്ണതയും 
പ്രണയപരാഗത്തിന്‍ തീവ്രതയും 
നിന്നോടൊത്തു ഞാന്‍ പങ്ക് വച്ചു ..
പിന്നെന്നോ നീ പോയ യാത്രയ്ക്കിടെ 
വഴിയോരത്തെങ്ങോ ഞാന്‍ വീണുപോയി...
എന്നോ നീയെന്നെ മറന്നുപോയി ...
എന്നെന്നേയ്ക്കുമായ് ....
മറന്നുപോയി....
ഞാന്‍....ഞാന്‍ നിന്‍റെ സ്വന്തം മയില്‍‌പ്പീലി...!
                                                          ******************

  23 - കുപ്പായം .
  ---------------------
                                                                                    അക്ഷരങ്ങള്‍ തുന്നിക്കൂട്ടി  ഞാനെന്റെ 
ജീവിതത്തിനു കുപ്പായമിട്ടു...
അതിനലുക്കും മണികളും 
പിടിപ്പിച്ചില്ലെങ്കിലും  
ഞാനതെന്നും അലക്കി വെളുപ്പിച്ചു...
അലക്കിയലക്കി,യതിന്റെ 
നിറവും തിളക്കവും കെട്ടിരിയ്ക്കാം..
നൂല്‍ക്കെട്ടുകള്‍ ക്ഷീണിച്ചിരിയ്ക്കാം ..
എങ്കിലുമതൊരു കുപ്പായമാണ്..
ജീവിതത്തിന്റെ കുപ്പായം...
എന്റെ ജീവിതത്തിന്റെ കുപ്പായം..
ഒരേയൊരു കുപ്പായം..
വലിച്ചു  കീറരുത്...
എരിച്ച് തീര്‍ക്കരുത്...
നഗ്നമായൊ,രാത്മാവുമായി 
ജീവിയ്ക്കയില്ല ഞാന്‍..
                                                    **************

24 - ശലഭജീവിതം .
  ----------------------------
                                                                                 
നൊന്തു നൊന്തെന്റെ 
ചോര വാര്‍ന്ന വാക്കുകള്‍ 
ഒറ്റക്കല്‍ നിശ്ചലതയായ്
ഘനീഭവിച്ചു...
മുറിഞ്ഞ ആത്മാവിന്റെ 
മുഷിഞ്ഞ കൈക്കുമ്പിളിലൊരു 
ശലഭജീവിതം !
അതെ ! ഒരു ശലഭജീവിതം ...!
കാലം പറഞ്ഞു മറഞ്ഞ കഥയി -
ലങ്ങനെയൊരേടുണ്ടായിരുന്നോ ?
ഓര്‍ക്കുന്നില്ല..
                                             ***************

 25 -അമ്മ .
 ---------------
                                                                    അമ്പലത്തിണ്ണയിലൊരു  പെണ്‍ദേഹം...
അതൊരമ്മയായിരുന്നു..
വാതം പിടിച്ച ദേഹം ഏന്തി വലിച്ചവര്‍ 
തൊഴുതു...ഗുരുവായൂരപ്പാ..
വിളിച്ചു വിളിച്ചവര്‍ തളര്‍ന്നു വീണു..
ആരോ വലിച്ചാ,ശുപത്രിത്തിണ്ണയില്‍...
കണ്ണ്‍ തുറന്ന,വരാവലാതിയോടെ 
പകച്ചു...മക്കള്‍...എന്റെ മക്കള്‍...
പക്ഷെ ശൂന്യത...നിതാന്ത ശൂന്യത...
വഴിയോരത്തു , മക്കളുപേക്ഷിച്ച കനല്‍പ്പൂ -
വാണ് താനെന്ന് പാവം...പാവ -
മമ്മയറിഞ്ഞില്ലല്ലോ... 
ഒടുക്ക,മനാഥമന്ദിരത്തിന്റെയിരുണ്ട മൂലയില്‍
നോവിന്‍റെ തീവിഴുങ്ങിപ്പക്ഷി
കൊത്തിപ്പറിയ്ക്കവേ , അമ്മയറിഞ്ഞു 
ആ ശൂന്യതയുടെ രഹസ്യം...
പാവം...അപ്പോഴുമമ്മയാവലാതിപ്പെട്ടു ..
" എന്‍റെ മക്കള്‍...പാവങ്ങള്‍...കഞ്ഞി കിടിച്ചോ  ആവോ...
                                                  **************


26- എന്റെ  പ്രിയപ്പെട്ട  അച്ഛന് .. 
-----------------------------------------------

എന്റെയുമ്മറത്ത് 
തെളിഞ്ഞു കത്തുന്നുണ്ട് ,
സ്വര്‍ണ്ണം  പോലൊരു നിലവിളക്ക്..!
ജന്മം  തന്നിട്ടെനിയ്ക്ക് പുണ്യം  തന്നവന്‍ ..
വെയിലില്‍ക്കരിഞ്ഞിട്ടെനിയ്ക്ക് 
തണല്‍ തന്നവന്‍....
തടവില്‍ക്കിടന്നിട്ടെനിയ്ക്ക് 
സ്വാതന്ത്ര്യം തന്നവന്‍ ...
രാജ്യസ്നേഹത്തിന്റെ  മായാത്ത മുദ്രകളെന്‍റെ
മണവും തനുവും നിറയെയണിയിച്ചവന്‍ ..
പിതാവ്  മാത്രമല്ലെനിയ്ക്ക് 
സഖാവുമവന്‍...
എന്റെയുമ്മറത്തിപ്പോഴും തെളിഞ്ഞു കത്തുന്നു,
സ്വര്‍ണ്ണം പോലെയാ  നിലവിളക്ക്..!
അഗ്നിച്ചിറകില്‍ നിന്നൊരു പൊട്ടു കന -
ലെന്റെ കുഞ്ഞു ചിറകിലും പകര്‍ന്ന്‍
അഗ്നിയായാളിക്കത്തണമെന്നു ചൊല്ലി -
ച്ചിരിയ്ക്കുന്നെന്റെ സഖാവ്....!!!
ആ കനൽച്ചിരിയേറ്റുവാങ്ങി
വെറുതേ  ചില ചോദ്യങ്ങൾ ..
വിപ്ലവത്തിന്റെ ചോരച്ചുവപ്പില്‍ 
പൊതിഞ്ഞു വച്ച മരുന്നുകള്‍ക്ക് 
ജാതിയുണ്ടായിരുന്നോ സഖാവേ?
മനവും തനുവും മുറിവേറ്റ നീറ്റലില്‍ 
തലോടിയ തൂവലിന് 
ജാതിയുണ്ടായിരുന്നോ സഖാവേ ?
വിശന്നു വലഞ്ഞപ്പോള -
മൃത് പോല്‍ കിട്ടിയൊരിലപ്പൊതിയ്ക്ക്
ജാതിയുണ്ടായിരുന്നോ സഖാവേ ?
സഖാവ് ചിരിയ്ക്കുന്നു....
അഭിമാനത്തോടെ....
ഞാനും....
എന്റെയുമ്മറത്തിപ്പോഴും തെളിഞ്ഞു കത്തുന്നു ,
സ്വര്‍ണ്ണം പോലൊരു നിലവിളക്ക് ...
ലാല്‍സലാം സഖാവേ ...!!!!!

(അച്ഛന്റെ  മരണത്തിന് മുൻപ് എഴുതിയത് )
                                                 *********

27 - സൂക്ഷിയ്ക്കുക..!
-------------------------------
                                                                                 
' ജിഷ '    'നിര്ഭയ'യായിരുന്നു...
'നിര്‍ഭയ '   സൌമ്യയായിരുന്നു ..
പക്ഷെ , ഇവരാരും എഴുതുമാ -
യിരുന്നില്ലായിരിയ്ക്കും...
എഴുതുമായിരുന്നെങ്കില്‍
നമുക്കൊരു കാര്യം ചെയ്യാമായിരുന്നു ..!
പ്രായശ്ചിത്തം ചെയ്യാമായിരുന്നു...!
മുന്‍പ് നമ്മള്‍  'സായ'  യോട്
പ്രായശ്ചിത്തം ചെയ്തതോര്ക്കുന്നില്ലേ ?
മറന്നുവോ നിങ്ങള്‍  'സായ '  യെ ?
പാവം ബംഗ്ലാദേശ് കാരിയെ ?
പിച്ചിച്ചീന്തിയെറിഞ്ഞ മാനത്തിന് പകര -
മവളുടെ  കഥകളും കവിതകളും -
നമ്മള്‍ പുസ്തകമാക്കി..!  ആഹാ..!!!
നമ്മളെത്രയോ മഹാനുഭാവര്‍..!
അവളെ  വലിച്ചു കീറിയാലെന്ത് ?
വിറയ്ക്കുന്ന  വിരല്‍ത്തുമ്പുകളില്‍ നി -
ന്നുതിര്‍ന്ന തീജ്വാലകള്‍ ...സ്നേഹഗീതങ്ങള്‍ ..
വാരിക്കൂട്ടി  നാം അച്ചടി മഷി തേച്ചു..
 നായയ്ക്ക്കെല്ലിന്‍  കഷണമെന്ന പോല്‍ ...
പാവം സായ... അവള്‍ക്ക് വേറെ വഴിയില്ലല്ലോ...
നമ്മളോ ? അഭിമാനിച്ചു !  സമാധാനിച്ചു..!!
(ഓര്‍ക്കുംപോളെനിയ്ക്കോക്കാനം  വരുന്നു..)
നിര്ഭയ സൗമ്യ ജിഷമാര്‍ കഥയെഴുതാത്തത് 
നമ്മുടെ കുറ്റമാണോ ? അവരെഴുതിയെങ്കി -
ലതും നമ്മളച്ചടിച്ച് തെറ്റ് തിരുത്തിയേനെ !
കഷ്ടം.....!!!!!
ഓര്‍ക്കുക..! ഗോവിന്ദച്ചാമിമാര്‍ക്കിനി 
നമ്മളിലേയ്ക്കധികം  ദൂരമില്ല..!!
നമ്മുടെ സ്ത്രീത്വവും  മാനവും 
വലിച്ചു കീറപ്പെടാന്‍ പോകുന്നു...
കുടിലും കൊട്ടാരവും നമുക്ക് 
തണല്‍ നിഷേധിയ്ക്കുന്നു...
കരുതിയിരിയ്ക്കുക..
കണ്ണുകളും ചെവികളും  കൂര്‍പ്പിച്ചു വയ്ക്കുക..
വിരല്‍ത്തുമ്പുകള്‍ രാകി മൂര്‍ച്ച കൂട്ടുക...
അവരിരുന്നില്ലേ , വഴിയോരത്ത്
ചെരുപ്പ് കുത്തിക്കൊണ്ട് ?
അവര്‍ കിടന്നില്ലേ മാറത്ത്
' സേഫ്റ്റി പിന്നുകള്‍ '  കുത്തി വച്ച് ?
അതുപോലെ നമ്മളും കരുതിയിരിയ്ക്കുക ..
നമുക്ക് നമ്മളല്ലാതെ മറ്റാരുമില്ല..
                                                       *********

 28- വാക്കുകൾ .
 -------------------------
                                                                            വാക്കുകള്‍...! 
ഉലയിലുരുക്കിത്തെളിച്ച് 
മൂര്‍ച്ച വരുത്തിയ വാക്കുകള്‍...
ക്ഷമ ചോദിയ്ക്കാനുള്ള അവസാനത്തെ 
അവസരവും സ്വയം കളഞ്ഞവര്‍ക്കായി 
ഒടുക്കം വാക്കുകള്‍...
പറഞ്ഞു പറഞ്ഞ്
നിറം കെടുന്ന വാക്കുകള്‍...
വക്കും മൂലയും തേഞ്ഞ്
വികൃതമാകുന്ന വാക്കുകള്‍...
പിന്നെപ്പിന്നെ കാണാതെ -
പോകുന്ന വാക്കുകള്‍...
ഓടിയൊളിയ്ക്കുന്ന വാക്കുകള്‍...
വില കെടുന്ന വാക്കുകള്‍...
ഒടുക്കം മാഞ്ഞു മാഞ്ഞ്
ഇല്ലാതെയാകുന്ന വാക്കുകള്‍...
                                              ******************


 29 - അമ്മയുറങ്ങി.
 ------------------------------
                                                                      
രാവുറങ്ങി...
പക്ഷെ രാപ്പാടിയുണര്‍ന്നിരുന്നു  ..
അതിനെന്തോ പറയാനുണ്ടാവാം...
അതിന്റെ പാട്ടില്‍ നിറയെ ശ്രുതി ഭംഗം...
താപരാഗം നിറയെ താളഭംഗം...
അതിനെന്തോ കാരണമുണ്ടാവാം..
അമ്മയുമന്ന്‍ നേരത്തെയുറങ്ങി..
ആരെയും കാത്തിരിയ്ക്കാതെ....
അതിനെന്തോ കാരണമുണ്ടാവാം..
പുലരിയിലമ്മയുണര്ന്നതുമില്ല..
ഹൃദയത്തിന്‍ താളഭംഗം വന്നതാവാം ..
                                                    **************** 

 30 - അഗ്നിദേവൻ .
 ----------------------------
                                                                           പഞ്ചഭൂതങ്ങളി,ലെന്റെ  ദേവാ ,
നിന്നെയാണ് എനിയ്ക്കേറെയിഷ്ടം...
നെഞ്ചില്‍ നിന്നെയൊളിപ്പിച്ചതും , ഞാന്‍ -
കണ്ണില്‍ നിന്നെയണിഞ്ഞതും , എന്റെ -
ഞരമ്പിലോഴുകി നടന്നതും , എന്റെ -
വാക്കിലൊളിച്ചു കളിച്ചതും , എന്നില്‍ -
ശാന്തത ചൂടിയ വിഭൂതി ത -
ന്നടിയിലമര്‍ന്ന്‍ ജ്വലിച്ചതും...
നീ തന്നെയല്ലേ  അഗ്നിദേവാ ...?
അഴുക്കുകളെതും വിഴുങ്ങിയിട്ടും 
സംശുദ്ധിയോടെ തിളങ്ങിയതും 
നീ തന്നെയല്ലേ അഗ്നിദേവാ ...?
പഞ്ചഭൂതങ്ങലിലെന്റെ  ദേവാ ,
നിന്നെയാണ് എനിയ്ക്കേറെയിഷ്ടം....
                                                     ***********************

 31 -  ചുവർ ചിത്രം .
 ------------------------------
                                                                                        നീയല്‍പനേരമിനി  മൌനിയായിരിയ്ക്കുക...
എനിയ്ക്ക്  ചിലത് പറയാനുണ്ട്...
ഇത്രനാള്‍ നീ പറഞ്ഞു, ഞാന്‍ കേട്ടു..
ഇനിയെങ്കിലും ഞാനൊന്ന് പറയട്ടെ..
അതെ....
നീയതറിയണമായിരുന്നു...
ഒരിയ്ക്കലു,മൊന്നും ഞാന്‍ 
ചോദിച്ച് വാങ്ങില്ലെന്ന് 
നീയോര്‍ക്കണമായിരുന്നു...
ഒന്നു,മൊരിയ്ക്കലും  ഞാന്‍
ചോദിച്ചു വാങ്ങിയില്ലെന്നും 
നീയോര്‍ക്കണമായിരുന്നു...
കൊച്ചു കൊച്ചു മോഹങ്ങള്‍ 
കൂട്ടിവച്ചു കാത്തതും , പറയാതെ -
നീയറിയണമായിരുന്നു...
കരളിന്‍റെയുള്ളിലെന്‍ 
കണ്ണീരൊളിപ്പിച്ച്
വെറുതെ  ചിരിച്ചതും 
നീ കാണണമായിരുന്നു.....
നീയൊന്നും കണ്ടില്ല...
കാണാന്‍ നിനക്കാവുമായിരുന്നില്ല ..
കാരണം ,
നിനക്കകക്കണ്ണുകളുണ്ടായിരുന്നില്ല.
രാഗങ്ങളെത്രയോ ഞാന്‍ 
വെറുതേയാലപിച്ചു..!
ശിവരഞ്ജിനി പാടിയപ്പോള്‍ 
കേള്‍ക്കാന്‍ നീയിരുന്നില്ല...
മേഘമല്‍ഹാറിലെന്‍റെ 
മനസ്സുരുകി മഴയായതും 
നീയറിഞ്ഞില്ല...
ഒടുവില്‍......
ഒടുവിലൊരു  നീലാംബരി...
അതും....
അതും നീ കേട്ടതില്ല...
സാരമില്ല...
ഹൃദയരാഗങ്ങളെക്കുറിച്ച് ,
പാവം  നിനക്കെന്തറിയാം...
കാരണം , നിനക്കകക്കണ്ണുകളില്ലല്ലോ..
ഇനി നിനക്കൊന്നും  കേള്‍ക്കാനാവില്ല.
കാണാനുമാവില്ല..
എന്‍റെ മുറിയിലെ  ചുവര്‍ചിത്രത്തില്‍ 
നീ വന്നു  നോക്കുമായിരിയ്ക്കും ,
വേദനയോടെ....
പക്ഷെ...
അത്  വെറുമൊരു ചുവര്‍ ചിത്രമല്ലേ..
അതിനി പാടുകയില്ല ,
ചിരിയ്ക്കുകയില്ല .. കരയുകയുമില്ല..
ഇളം കാറ്റിന്‍റെ മര്‍മ്മരം പോലെ 
നിന്നോട് മിണ്ടുകയുമില്ല..
അത്...
അതിനി ആത്മാവില്ലാത്ത ചുവര്‍ ചിത്രം ..
വെറുമൊരു ചുവര്‍ചിത്രം...
                                              ************************


32 - അറിഞ്ഞിരുന്നില്ല  ഞാൻ 
--------------------------------------------------
                                                                                                        
ഒരു നേർത്ത വീണാനാദം പോലെ 
നിന്‍റെ സ്വരമെന്നെ,യാനന്ദിപ്പിച്ചപ്പോഴും 
ഒരു നേര്‍ത്ത ചിരാതിന്റെ തിരി പോലെ   
നിന്‍റെ കണ്ണുകളെന്നെ,യുഴിഞ്ഞപ്പോഴും
ഒരു ചെറു പൂവ് വിടരുന്നത് പോലെ
നിന്‍റെയധരങ്ങളില്‍ ചിരി വിരിഞ്ഞപ്പോഴും
അറിഞ്ഞതില്ലോമനേ ,
നിന്‍റെ ഹൃദയശംഖിലൊരു
നോവിന്‍റെ മഞ്ഞുമല ,
സംഗീതമായുറഞ്ഞു പോയെന്ന്‍...
എന്നെത്തന്നെ ശപിയ്ക്കുന്നു ഞാന്‍ ....
ഒരു മാത്രയെങ്കിലും   നിന്‍റെ
മനസ്സിന്‍റെ പാളികളില്‍
മെല്ലെയൊന്ന്‍ തൊട്ടു നോക്കിയെങ്കില്‍ 
അറിയുമായിരുന്നു...
ഞാനതറിയുമായിരുന്നു..
                                                  *************

33 - വാക്കുകൾ .
 -------------------------
                                                                        
ഞാനെന്‍റെ വാക്കുകളെ 
ആടയാഭരണങ്ങള്‍ കൊണ്ട -
ണിയിച്ചൊരുക്കിയില്ല...
അലുക്കും ഞോറികളും 
കൊണ്ടലങ്കരിച്ചില്ല...
എനിയ്ക്കതറിയുമായിരുന്നില്ല ..
പാവങ്ങള്‍...
അവര്‍ക്ക് വേദനിച്ചോ ആവോ..
പക്ഷെ ഞാനവരെ കുളിപ്പിച്ചു ,
എന്‍റെ സ്നേഹം കൊണ്ട്..
പൊട്ടു തൊടുവിച്ചു ,
ഒരു നറു ചുംബനം കൊണ്ട്..
തൂലിക കൊണ്ട് തുന്നിയൊരു 
കുട്ടിയുടുപ്പുമിടുവിച്ചു..
 അവര്‍ ശിശുക്കളല്ലേ ...
ഓടിക്കളിയ്ക്കട്ടെ ..
കളിച്ചു വളരട്ടെ.
                                                   ******************

 34 -തോൽവി .
 -----------------------
                                                                   വിരിയാതിരുന്നെന്നെ തോല്‍പ്പിച്ചപ്പോള്‍ 
പുഷ്പമേ ! ഞാന്‍ മാത്രമല്ല,
നീയും തോറ്റുപോയി....
ഉദിയ്ക്കാതിരുന്നെന്നെ കരയിച്ചപ്പോള്‍ 
നിലാവേ !  എന്‍റെ കണ്ണുകള്‍  മാത്രമല്ല ,
നീയുമീറനായി....
പെയ്യാതിരുന്നെന്നെയെരിച്ചപ്പോള്‍
വര്‍ഷമേ ! എന്‍റെയുള്ളൂ മാത്രമല്ല .
നീയും വരണ്ടു പോയി ...
മറക്കരുത് ! എന്നെ തോല്‍പ്പിയ്ക്കുമ്പോള്‍
നീയും കൂടിയാണ് തോല്‍ക്കുന്നത്..
                                                  ***************
                                                                                          
 35 - മനസ്സിന്റെ  നിലാപ്പറമ്പ് .
  ---------------------------------------------
                                                                                               എന്റെ മനസ്സിന്റെ നിലാപ്പറമ്പ്
നിഷ്ക്കരുണം കൊത്തിക്കിളച്ചു -
ഴുതു മറിച്ചപ്പോള്‍ , നീയോര്‍ത്തില്ലൊരു 
പൊടി വേരില്‍ നിന്ന് പോലുമീ
പുല്‍നാമ്പ് വീണ്ടും മുളയ്ക്കുമെന്ന്...
മനസ്സ് ചുട്ടു നീറി,യെറിയുന്ന
വാക്കുകളോരോന്നുമെന്റെ 
കോപതാപങ്ങളെയും 
അഗ്നിശാപങ്ങളെയും 
തണുപ്പിയ്ക്കണേ, യെന്നു നീ
മനം നൊന്ത് പ്രാർത്ഥിയ്ക്കുക  ...
ഒരിയ്ക്കല്‍ നീ കൊതിയ്ക്കു -
മെന്നോടോന്നു  മാപ്പ് ചോദിയ്ക്കാന്‍ ..
എന്നാലൊരു വാക്ക് പോലും മിണ്ടാ -
നവസരം തരാതെ ഞാനൊരു 
ഛായാചിത്രമാകുമന്ന് ...
അന്ന് നിന്നോടുള്ള പ്രതികാരവു -
മസ്തമിയ്ക്കു, മന്നത്തെ
അസ്തമയ സൂര്യനൊപ്പം....
                                     ********************

36 - മരിച്ച  കവിത .
--------------------------------
                                                                               
വാക്കുകള്‍ കൊണ്ട് മുറിഞ്ഞ ദേഹി  പോലെ 
അഴുക്ക് കൊണ്ട് മെഴുകിയ ദേഹം പോലെ 
വിഷു മറന്ന വിഷുപ്പക്ഷി പോലെ
ഭംഗിയറ്റ് ..ആശയറ്റ് ..എന്റെ കവിത... 
എന്നിലില്ലാത്ത എന്റെ കവിത..
ആരാണ് കൊന്നതെന്റെ കവിതയെ ?
ആരാണ് കൊത്തിക്കിളച്ചതെന്റെ 
കഥകളുടെ നിലാപ്പറമ്പ് ?
അക്ഷരങ്ങള്‍ കരയുന്നു.....
ഗദ്ഗദം കൊണ്ടവര്‍ക്ക്
വാക്കുകള്‍ മുറിയുന്നു...
കൈവിടല്ലെയെന്നു 
കേഴുന്നൂ....
കണ്ണീര്‍ വീണവര്‍ സ്വയം മറയുന്നു....
പാവം.. പാവമെന്റെ  അക്ഷരങ്ങൾ....
                                                                                                                  ****************************

 37 - വയല്‍പ്പൂവ് .
-----------------------------
                                                                          
ഒരു നാളൊരു പുലരിയിലൊരു 
വയല്‍ വരമ്പത്ത് ഞാന്‍ കൊഴിഞ്ഞു വീഴും....
കൊഴിഞ്ഞ ഇതളുകള്‍ 
പെറുക്കിയെടുത്ത് നിങ്ങള്‍ 
ഹൃദയത്തില്‍ ചേര്‍ത്ത് കരയും....
അത് കാണ്‍കെയെന്റെയാത്മാവിലും 
നോവിന്റെ പുളിയുറുംപുകളരിയ്ക്കും ....
ഒരിളം കാറ്റായൊഴുകി വന്നു ഞാ -
നരുമയോടാ കണ്ണീര്‍ തുടയ്ക്കും...
അങ്ങനൊരിളം കാറ്റ്  തഴുകിയാ -
ലോര്‍മ്മിയ്ക്കണമത് ഞാനെന്ന്‍....
ഞാന്‍ നിങ്ങളുടെ  സ്വന്തം വയല്പ്പൂ....
                                            *****************

 38- സ്മൃതിലോക സഞ്ചാരി.
 ---------------------------------------------
                                                                                         
ഈറനുടുത്തു നില്‍ക്കുന്ന ,
 കൊച്ചു മണ്‍കൂരയിലൊരു , 
സ്മൃതിലോക സഞ്ചാരി...!
അടങ്ങാത്ത കാലസങ്കടം...
എന്നാലോ കണ്ണുകള്‍ തീക്ഷ്ണം ...!
വാക്കുകള്‍ ചടുലം...!
വീശിയെറിഞ്ഞ കല്ലുകള്‍ പോലെ....
ഒരു കൈയ്യിലൊരു മണ്‍വിളക്ക്..
മറുകൈയ്യിലൊരു നാരായം...
ഓരോലത്തുണ്ട്....
വെറുമൊരോലത്തുണ്ടിനായ് -
ത്തപ്പിത്തിരഞ്ഞയാള്‍ ..തീക്ഷ്ണനയനങ്ങളാല്‍ ..
കിട്ടിയില്ല..കിട്ടിയതേയില്ല..
അയാള്‍ നിവര്‍ന്നു...
ആ  സ്മൃതിലോക സഞ്ചാരി..
കണ്ണുകള്‍ ചടുലതീക്ഷ്ണം ..!
ഇനിയയാളെഴുതും , മനസ്സില്‍..
എന്‍റെയും നിങ്ങളുടേയും മനസ്സില്‍...
ആ സ്മൃതിലോക സഞ്ചാരി..
                                          *********************

39 -  മടക്കയാത്ര.
 ---------------------------
                                                                    
പിന്നെയുമൊരു മടക്കയാത്രയ്ക്ക്
തിടുക്കം കൂട്ടുന്നു  മനസ്സ്...
വേണ്ടെന്നു പറയുമ്പോഴും 
വേണമെന്നാരോ ഓര്‍മ്മിപ്പിയ്ക്കുന്നു...
തിരയുകയാണിവിടെ ഞാന്‍ ,
ഓരോ മണല്‍ത്തരിയിലു -
മെന്നെയോര്‍ക്കുന്നൊരു തരി
നിലാവെങ്കിലും ബാക്കിയായോ ?
ഇല്ല..! ഒന്നുമില്ല... 
ഒക്കെ പൊയ്‌പ്പോയിരിയ്ക്കുന്നു ...
ഒരു മടക്കയാത്രയ്ക്ക് 
തിടുക്കം കൂട്ടുന്നു മനസ്സ്...
                                                     *****************

40 -ആത്മസഞ്ചാരി .
-----------------------------------
                                                                                     ഞാനൊരു  സഞ്ചാരി....
ആത്മസഞ്ചാരി...
" പരിമിതമായ ലോകത്ത് നിന്നും
അപരിമിതമായ ലോകത്തേയ്ക്ക് "
എന്‍റെ യാത്ര... ആത്മയാത്ര....
തെരുവ് നാടകങ്ങള്‍...
എത്രയോ രംഗങ്ങള്‍ കണ്ടു തീര്‍ന്നു..!
അരുത്....
തിരശ്ശീല താഴ്ത്തരുത്...
അവസാന രംഗവും കണ്ടു തീരും മുന്നേ ,
 തിരശ്ശീല താഴ്ത്തരുത്...
തെരുവ് ഗീതങ്ങള്‍....
മുറിഞ്ഞ ആത്മാവിന്‍റെ തേങ്ങലുകള്‍...
അരുത്...
മുഴുവനും കേട്ടു തീരും മുന്നേ ,
തംബുരു തട്ടിയെറിയരുത്....
അറിയാം..കേള്‍ക്കില്ല  നിങ്ങളെന്നെ...
മൗനിയാണ് ഞാന്‍ ..
അഗ്നിപര്‍വ്വതങ്ങളെ ഗര്‍ഭം ധരിച്ച് ,
മൗനത്തിലമര്‍ന്നവള്‍...
കേള്‍ക്കാനാവില്ല നിങ്ങള്‍ക്കെന്നെ...
പക്ഷെ....
ഞാന്‍ കേള്‍ക്കും നിങ്ങളെ...
ഞാന്‍ കാണും നിങ്ങളെ...
കാരണം ,
ഞാനൊരു സഞ്ചാരി...
ആത്മസഞ്ചാരി...
                                                          **************

41 - മോക്ഷം.
 --------------------
                                                                      
ആ ഇലഞ്ഞിപ്പൂക്കള്‍....
അരുത്....!  അതിനെ ചാരമാക്കരുത് !
അതെന്‍റെ ആത്മാവാണ് ..
എന്‍റെ , മുറിവേറ്റ് ചോര വാര്‍ന്ന 
മരവിച്ച ആത്മാവ്...
ആ പാവം ആത്മാവീ 
കൂട് വിട്ടൊന്നു പറന്നോട്ടെ..
അനന്തരം നിനക്ക് കത്തിയ്ക്കാം...
അതെ... കത്തിയ്ക്കണം....
എനിയ്ക്കും വേണമല്ലോ ഒരു മോക്ഷം....
                                          ***********************
                   
 42 - ആത്മശൗര്യം ..
 ---------------------------
                                                   
നീയെന്റെ  കണ്ണുകള്‍ ചൂഴ്ന്നെടുത്തു..
നീയെന്‍റെ കാതുകളിലീയമൊഴിച്ചു..
നീയെന്‍റെ നാവുകളരിഞ്ഞെടുത്തു...
നീയെന്‍റെ കൈകാലുകള്‍ കെട്ടിയിട്ടു ...
ചോര വാര്‍ന്ന്‍ വാര്‍ന്ന്‍ വിളറിയൊരു 
ഇറച്ചിക്കഷണമായിട്ടുമിതില്‍ 
ജീവന്‍ തുടിച്ചു... 
ജീവന്‍റെ പക്ഷി ചിറകിട്ടടിച്ചു....
അത്  നിസ്സഹായതയായിരുന്നില്ല ..
അത് ശൗര്യം...! 
എല്ലാം കൈവിട്ടവന്‍റെ ശൗര്യം..!
ആത്മാവിന്‍റെ ശൗര്യം....
അത്  നിന്നെ  ഭയപ്പെടുത്തും..
നിന്‍റെയുറക്കം കെടുത്തും....
ഒടുക്കം നിന്നെ കുടഞ്ഞലക്കും..
അതെ...!
അതാണ്‌ ... അത് തന്നെയാണ് ,
ആകാശം ഞെട്ടിയ്ക്കുന്ന
ആക്രോശം...!
                                                    ******************

 43-  ഒറ്റയാൾപ്പട്ടാളം 
----------------------------------
                                                                   
എന്‍റെയക്ഷരങ്ങളെന്നു -
മൊറ്റയാള്‍ പട്ടാളമായിരുന്നു ...
കറുത്ത  പകലുകള്‍....
വെളുത്ത രാത്രികള്‍ ...
അതിജീവന സമരങ്ങള്‍ ...
ഇല്ലാത്ത ചുമരിലെഴുതിയ 
ഏകാന്ത ചിത്രങ്ങള്‍ ...
എന്‍റെയക്ഷരങ്ങളെന്നു -
മൊറ്റയാള്‍ പട്ടാളമായിരുന്നു
                                               *****************
                                   
 44 - മുകിൽപ്പെണ്ണ് .
  -----------------------------
                                                                             കരയാ,നെന്നെ കിട്ടില്ലെന്ന് മുകില്‍...
നോവുകള്‍ കൂട്ടിവച്ചൊടുവിലൊരു  
മേഘഗര്‍ജ്ജനം !  
ഭൂമിയുമാകാശവും നടുങ്ങട്ടെ ..
നടുങ്ങിത്തെറിയ്ക്കട്ടെ..
ഭയന്നൊളിയ്ക്കാനിടം തേടി 
പാഞ്ഞലഞ്ഞോടട്ടെ...
അത് കാണ്‍കെ, മുകില്‍പ്പെണ്ണ്‍
വെളുക്കെച്ചിരിയ്ക്കും...
 വെള്ളിമുകിലുകള്‍ ...!
ശുഭ്ര സ്വപ്നങ്ങളുടെ വെള്ളിമുകിലുകള്‍..
അതിനാണവളുടെ തപസ്സ്..
അതിനാണവളുടെ കാത്തിരിപ്പും...
                                                *************

45 - അവൾ  സൂര്യകാന്തി ..
 ---------------------------------------
                                                                                    രാക്കനവിലുമൊരിതള്‍ സ്നേഹം...
പകല്‍ക്കിനാവിലുമൊരിതള്‍ സ്നേഹം...
സൂര്യകാന്തിയെ  സൂര്യന്‍ ശ്ലാഘിച്ച 
മുഗ്ദ്ധസൗന്ദര്യവുമൊരിതള്‍ സ്നേഹം... 
അവളോരധമ പുഷ്പമെന്ന്
പരിഹാസ്യയായപ്പോഴും 
സൂര്യദേവനവള്‍ കൊടുത്ത മൗനവു -
മൊരിതള്‍ സ്നേഹം....
ഒടുവിലവളുടെ പ്രണയമറിഞ്ഞ്,
ദേവന്‍ തിരഞ്ഞ,ണഞ്ഞപ്പോഴും ,
മണ്ണിലമ്പേ കൊഴിഞ്ഞു വീണ്
മരണാസന്നയായപ്പോഴും ,
ദേവനവള്‍ കരുതി വച്ചതും
ഒരിതള്‍ സ്നേഹം....
അവള്‍... പാവം  സൂര്യകാന്തി..
                                               ****************
                        
 46 - വെറുതെയൊരു യുദ്ധം..
  ----------------------------------------- -----           
                                                                                  
മനുഷ്യാ !  നിന്‍റെ യുദ്ധസന്നാഹങ്ങള്‍ വെറുതെ..
പ്രക്രുതി,തന്നിരുണ്ട മൂലയിലാരുമറിയാതൊരു 
പടുതിരിയാവാനുള്ളതല്ലെന്റെ ജന്മം..
ഒരു കൂമ്പ് നീ നുള്ളിയപ്പോളെന്നില്‍
രണ്ടു തളിരാണ് കിളിര്‍ത്തത്...
എന്‍റെ ചുവട് നീയരിഞ്ഞപ്പോ -
ഴെത്ര കുഞ്ഞു മുകുളങ്ങളാണ്‌
നിന്നെപ്പിന്നെ നോക്കിച്ചിരിച്ചത്...!
മനുഷ്യാ..നിന്‍റെ യുദ്ധ സന്നാഹങ്ങള്‍ വെറുതെ..
നീ ജനിച്ചപ്പോഴേ നിന്‍റെ പൊക്കിള്‍ക്കൊടി മുറിച്ച്
ബന്ധങ്ങളെല്ലാമറുത്തെറിഞ്ഞു..!
എന്നാല്‍ ഞാനോ..?
എന്‍റെ വേരുകളെന്നുമെന്നമ്മയുടെ
ഗര്‍ഭപത്രത്തിലാഴ്ന്നിറങ്ങി 
പൊക്കിള്‍ക്കൊടിബന്ധം സൂക്ഷിച്ചു...
നീയെന്‍റെ കഴുത്തരിഞ്ഞാലും മനുഷ്യാ ,
ഉയിര്‍ത്തെഴുന്നേല്‍ക്കും ഞാനൊരു
കുഞ്ഞു തളിരായെങ്കിലും ...
മനുഷ്യാ !  നിന്‍റെ യുദ്ധസന്നാഹങ്ങള്‍ വെറുതെ...
പ്രകൃതിയുടെയിരുളാര്‍ന്ന മൂലയിലെവിടെയോ 
പടുതിരിയാവാനുള്ളതല്ലെന്റെ ജന്മം..
                                                   ****************
                           
47 -  മായുന്ന  അക്ഷരങ്ങള്‍ ..
 -----------------------------------------              
                                                                                
    നിങ്ങളുടെ മുന്നിലെ തിരശ്ശീലയില്‍ നിന്നു
ഞാനാകുന്ന നാലക്ഷരം മായുമൊരിയ്ക്കല്‍
പിറ്റേന്നുമതിന്റെ പിറ്റേന്നും നിങ്ങള്‍ 
തിരമായിരിയ്ക്കാമീ  നാലക്ഷരത്തെ ..
എന്നാലതും കഴിഞ്ഞ് നിങ്ങള്‍ മറക്കും 
പകരം വീണ്ടുമക്ഷരങ്ങള്‍ തെളിയും ..
എന്നാലതൊരിയ്ക്കലും ഞാനാവില്ല...
ആവണമെന്ന് നിങ്ങള്‍ക്ക് വാശിയുമില്ല...
എന്നാലീ നാലക്ഷരങ്ങള്‍,
നിങ്ങളറിയാതെ നിങ്ങളെ തേടും...
 ഉള്ളിന്റെ പാളികളടര്‍ന്ന്‍ പോകുമ്പോലെ
നിങ്ങളെന്റെ കാഴ്ച്ചയ്ക്കപ്പുറ -
മെവിടെയോ  മറയുമ്പോളെത്ര മേ -
ലനാഥമാകുമെന്‍ സൗഹൃദമനസ്സ്...
                                                     ********************
                                   
48 - ആത്മനൈവേദ്യം
--------------------------------------               
                                                                            ആത്മപ്രകാശനം കവിതയാണെങ്കി -
ലെത്രയോ മഹാകാവ്യങ്ങളെഴുതി ഞാന്‍..!
ആത്മപ്രകാശനം  വെളിച്ചമാണെങ്കി -
ലെത്രയോ സൂര്യന്മാരെ സൃഷ്ടിച്ചു ഞാന്‍..!
ആത്മപ്രകാശനമഗ്നിയാണെങ്കി -
ലെത്രയോ അഗ്നികുണ്ഡമൊരുക്കി ഞാന്‍...!
ആത്മപ്രകാശനം മഴയാണെങ്കി -
ലെത്രയോ പേമാരികള്‍ സൃഷ്ടിച്ചു ഞാന്‍..!
എന്നാല്‍....സത്യത്തില്‍ ..
ആത്മപ്രകാശനം നൈവേദ്യമാണ് ....
മനസ്സൊരിലച്ചീന്താക്കിയതിലക്ഷര -
പുഷ്പങ്ങളിട്ട് , പ്രകൃതിയ്ക്ക് നേദിയ്ക്കുന്ന 
ആത്മനൈവേദ്യം....
നേദിച്ച് ,  കൈകൂപ്പി നില്‍ക്കുമ്പോ -
ളൊന്നുമറിയുന്നില്ല ഞാന്‍ ...
വെറുതേ കണ്ണടച്ച് കൈകൂപ്പിയങ്ങനെ ....
                                                      ************
                                     
                                         
  49 - എന്റെ ഏകാന്തതയുടെ  ചാരിത്ര്യശുദ്ധി ..
  -----------------------------------------------
                                                                                                    വാക്കുകളെന്നും പാതിവഴിയില്‍ സ്തംഭിച്ചത് ,
സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ നിന്നത് കൊണ്ടാവാം...
ഞാനെന്റെ സ്വപ്നങ്ങളെ -
യെന്നോടൊപ്പം ചേര്‍ത്തതാണ്..
എന്നാലവര്‍ വഴിയോരത്തെവിടെയോ
 വഴി പിരിഞ്ഞു..
ഞാനന്വേഷിച്ചില്ല..അതിന്റെയാവശ്യവുമില്ല...
അതിനെനിയ്ക്ക് നേരവുമില്ല ..
പുതിയ സ്വപ്‌നങ്ങളിഴചേർക്കണം ..
സന്ധിയില്ലാസമരമേ  ,  നിന്നോടാണ് ...
നീ കണ്ടാലുമില്ലെങ്കിലും ഞാനെഴുതു -
മെന്റെ ഹൃദയരക്തത്തില്‍ മുക്കിയെടുത്ത 
തൂവല്‍ കൊണ്ട്....
നീയെന്ത് വിളിച്ചാലു - 
മക്ഷര പ്രണയമെനിയ്ക്ക് 
പൂ പോലെ സുന്ദരം..! അത് കാവ്യാത്മകം...
നീയെന്ത് പറഞ്ഞാലുമെന്റെ -
യേകാന്തതയുടെ  ചാരിത്ര്യശുദ്ധിയൊരു 
വെള്ളക്കടലാസ് പോലെ ശുഭ്രശുദ്ധം..!
നിന്റെ,യഴുകിയ വാക്കുക -
ളാഴിയിലൊരു വെറും തുള്ളിപോല്‍
കാണാമറയത്താകുമ്പോളെന്റെ -
യക്ഷരങ്ങലൊരു  താമരയിലയിലെ
ജലത്തുള്ളി പോല്‍ തിളങ്ങുമെന്റെ മനസ്സില്‍.
                                              *******************

 50 -എന്‍റെ മഴയോര്‍മ്മകള്‍ .
 ------------------------------------
                                                                             
എന്റെ മഴയൊരോര്‍മ്മ ....
മഴത്തുള്ളികളിറ്റു നില്‍ക്കുന്ന 
പനിനീര്‍പ്പൂക്കളുമായ്,
നനഞ്ഞ കൂവളത്തില പൊതിഞ്ഞ 
വാഴയിലച്ചീന്തുമായ്, 
പ്രദക്ഷിണവഴിയിലൂടന്ന്
നടന്ന ഓര്‍മ്മ.....
കുളിച്ചീറനിറ്റുന്ന മുടിയില്‍ 
മഴത്തുള്ളികള്‍ മുത്തായ്‌ -
ത്തെറിയ്ക്കുന്ന നനഞ്ഞ ഓര്‍മ്മ....
ഇലച്ചീന്തിലെ ചന്ദനത്തിനൊപ്പം ചിരിച്ച
നന്ത്യാര്‍വട്ടപ്പൂവെന്റെ 
നീണ്ട മുടിയിലൂഞ്ഞാല് കെട്ടിയ  
കുളിരുള്ള ഓര്‍മ്മ.....
മഴയെനിയ്ക്കൊരോര്‍മ്മ ....
ഭക്തിയുടെ നിറവും ,
പ്രണയത്തിന്റെ ലഹരിയും,
സ്നേഹത്ത്നിറെ കുളിരും 
തന്നൊരോര്‍മ്മ...
                                              **************
            
  51 - അന്ന്  ബന്ദായിരുന്നു...
   ---------------------------------------
                                                                          .
അയാള്‍ പോകാനിറങ്ങി...
വണ്ടിയിറക്കാന്‍ പാടില്ലത്രേ..
"ഇന്ന് ബന്ദാ''ണെന്ന്‍...
 കൈയ്യില്‍ പണമുണ്ടെന്നയാള്‍..
ഉണ്ടേല്‍ കൈയ്യിലിരുന്നോട്ടെ, ന്നവരും 
ഇന്ന് ബന്ദാണ്...
"അങ്ങനെ തോല്‍ക്കാനോ ?
പണക്കാരനാണല്ലോ ഞാന്‍...
പണക്കാരന്‍ തോല്‍ക്കില്ല..."
അയാള്‍ വണ്ടിയിറക്കി...
ഏതോ നാല്‍ക്കവലയില്‍ 
പാഞ്ഞു വന്നൊരു കല്ല്‌ 
വണ്ടിയുടെ ചില്ല് തകര്‍ത്തു..
രണ്ടാമത്തെ കല്ലയാളുടെ 
മൂക്കിന്റെ പാലം തകര്‍ത്തു...
"എന്റെ കൈയ്യില്‍ പണമുണ്ട് .."
അയാള്‍ പിറുപിറുത്തു ...
"പണക്കാരന്‍ തോല്‍ക്കില്ല..."
അയാള്‍ നടന്നു തുടങ്ങി....
ചോരയൊലിച്ചയാളുടെ 
വെള്ളയുടുപ്പ് ചുവന്നു....
നടവഴിയിലൊടുക്കം ,
തളര്‍ന്നു വീണപ്പോഴും 
പറയാന്‍ മറന്നില്ലയാള്‍...
"പണം...പണം...ഞാനൊരു പണക്കാരന്‍ ..."
അന്ന് ബന്ദായിരുന്നു..!
ആരോ വലിച്ചിഴച്ചാ -
ശുപത്രി വരാന്തയിലിട്ടു...
"ഏറെ വൈകിപ്പോയി .."
ആരോ പിറുപിറുത്തു...
അവസാനശ്വാസവും
വലിച്ചെടുത്ത് കണ്ണടച്ചപ്പോഴു -
മയാള്‍ പറയാന്‍ മറന്നില്ല...
"പണമുണ്ട് ...ഞാനൊരു പണക്കാരന്‍.."
കാലം കളിയാക്കി...
"കൈയ്യിലിരുന്നോട്ടെ... കുഴിയിലിട്ടു മൂടാം ..
                                                       ****************
                        
   52  - ഏറ്റവും  വലിയ  പുരസ്ക്കാരം .
    -------------------------------------------------------
                                                                                        മരണം  മര്‍ത്ത്യാ !  നിനക്കുള്ള 
ഏറ്റവും  വലിയ  പുരസ്ക്കാരം...!
ജീവിച്ചപ്പോള്‍  നിന്നെ
കണ്ണീര്‍  കുടിപ്പിച്ചവര്‍
മരിയ്ക്കുമ്പോള്‍ നിനക്കായ്
കണ്ണീര്‍ പൊഴിയ്ക്കും...!
ജീവിച്ചപ്പോള്‍  നിനക്കൊരു 
പൂവ്  തരാത്തവര്‍ 
മരിയ്ക്കുമ്പോള്‍  നിനക്കുമേല്‍ 
പൂക്കാലം  ചൊരിയും ...!
ജീവിച്ചപ്പോള്‍  നിന്നെ  
തെറി വിളിച്ചവര്‍
മരിയ്ക്കുമ്പോള്‍ നിന്നെ 
പാടിപ്പുകഴ്ത്തും ...!
ജീവിച്ചപ്പോളോരു തുള്ളി 
വെള്ളം  തരാത്തവര്‍ 
മരിയ്ക്കുമ്പോള്‍ നിന -
ക്കന്നം തരാനെത്തും ...!
ജീവിച്ചപ്പോള്‍ നിന്നെ 
കാണാതെ  നടിച്ചവര്‍
മരിയ്ക്കുമ്പോള്‍ നിന്നെ -
ക്കാണാനോടിയെത്തും...!
ജീവിച്ചപ്പോള്‍  നിന്നി -
ലൊന്നുമില്ലെന്ന്‍ കരുതു , മെന്നാല്‍ 
മരിയ്ക്കുമ്പോള്‍ നീ _
യേറെ  വായിയ്ക്കപ്പെടും ....!
മരണം  മര്‍ത്ത്യാ നിനക്കുള്ള 
ഏറ്റവും വലിയ  പുരസ്ക്കാരം...!!
                                                         ****************

53 - അല്പം  കൂടി എഴുതാനുണ്ട് .
------------------------------------------
                                                                               
എന്റെ  മൺകൂരയിൽ  മുനിഞ്ഞു കത്തുന്നുണ്ട് ,
ഇന്നലെ ഞാന്‍ കത്തിച്ച് വച്ച നെയ്‌ വിളക്ക്...
തിരിനാളം തളര്ന്നുലയുന്നുണ്ട്..
അതെന്റെ നിശ്വാസമേറ്റ് തന്നെയാവാം...
അല്ല...അത്  ഊര്‍ദ്ധശ്വാസം  വലിയ്ക്കുകയാണ്...!
അവസാന ശ്വാസവും വലിച്ചെടുത്ത -
തണയും മുന്നേ , ഒരു നിമിഷം....
എനിയ്ക്കല്‍പ്പം  കൂടിയെഴുതിത്തീര്‍ക്കാനുണ്ട്..
ഒരു കവിത...കവിതയില്ലാത്ത കവിത....
ഇരുളില്‍  മുറിച്ചിറകുമായ്
പിടഞ്ഞു പിറന്ന കവിത....
ഇനിയതും  മരിച്ചു മായും മുന്നേ 
ഞാനിതൊന്നെഴുതിത്തീര്‍ക്കട്ടെ ...
നിഴലുകള്‍ക്ക് പിന്നില്‍ പതിയിരിയ്ക്കുന്ന 
വ്യാളീമുഖങ്ങളെന്നെ ഭയപ്പെടുത്തും മുന്നേ 
ഞാനിതൊന്നെഴുതിത്തീര്‍ക്കട്ടെ ..        
                                                        ***************


 54 -  അവസാനത്തെ യാത്ര ...
  -----------------------------------------------
  
അവസാനത്തെ കിളിവാതിലും
കൊട്ടിയടച്ചു - ഞാന്‍ 
 മുറിയൊഴിഞ്ഞു....
തപ്പിത്തടഞ്ഞു,മിഴഞ്ഞു വലിഞ്ഞു -
മെങ്ങോട്ടാണിനിഎന്റെ യാത്ര ?
തോളില്‍ തൂങ്ങുമെന്‍ സ്വപ്നമാറാപ്പുകള്‍ ..
നോവ്‌ നിറഞ്ഞ പഴന്തുണിക്കെട്ടുകള്‍..
പോകും വഴിയ്ക്കൊന്നിറക്കി വയ്ക്കാനൊരു 
ചുമടുതാങ്ങിയുമില്ലെന്നറിയാം..
എങ്കിലും പോകണം...മുന്നോട്ട് പോകണം...
ചക്രവാളത്തിന്റെയറ്റം വരെ....

                                          ********************                           
 
Copyright © .