2015, ഡിസംബർ 18, വെള്ളിയാഴ്‌ച

0 അഭിപ്രായ(ങ്ങള്‍)
                                 യേശുദേവന്  സ്നേഹപൂര്‍വ്വം...
                                  --------------------------------------------------
                                                                                                          -- ശിവനന്ദ.

             ലാളിത്യത്തിന്‍റെ   മനുഷ്യാവതാരമായി ,  പിതാവേ , അങ്ങ്  പിറന്നു,  വെറുമൊരു  പുല്‍ത്തൊട്ടിയില്‍ ....

ആ  പുല്‍ത്തൊട്ടിയിലെ   പിന്‍മുറക്കാരിയായൊരു   പുല്‍നാമ്പായി  ഞാനും   പിറന്നു !  എന്‍റെ  ജന്മപുണ്യം !

എല്ലാവരും   പറഞ്ഞു , ഞാന്‍ ഹിന്ദുവാണ്  എന്ന്.   പക്ഷെ   അങ്ങയുടെ   തിരുരൂപത്തിന്  മുന്നില്‍   മുട്ടുകുത്തിനിന്ന്  കരുണ   നിറഞ്ഞ   ആ  കണ്ണുകളിലേയ്ക്ക്   നോക്കിയപ്പോള്‍...സത്യം  യേശുവേ! എനിയ്ക്ക്   കരച്ചില്‍  വന്നു.  ഞാനെന്‍റെ  ജാതിമതങ്ങള്‍  മറന്നു.

" ഹല്ലേലുയ്യാ"  പാടിയ   സണ്ടേസ്കൂളും,   "പാവനനാം ആട്ടിടയാ "  എന്ന് പാടുന്ന   ഉച്ചഭാഷിണിയും ,  ഉരുകിയമരുന്ന  മെഴുകുതിരികളും ,  വളക്കച്ചവടക്കാരും  എന്‍റെ  ബാല്യത്തിന്‍റെ  വര്‍ണ്ണചിത്രങ്ങളായപ്പോള്‍  ഞാനെന്‍റെ  അമ്മയോട്   ചോദിച്ചത്   അങ്ങും   കേട്ടതല്ലേ ,  "പിതാവ്   എന്നാലെന്താണ് "   എന്ന് ? 

അമ്മ   പറഞ്ഞു,  " അച്ഛന്‍  എന്നാണ്  അര്‍ത്ഥം "   എന്ന്.   പിന്നീടൊരിയ്ക്കല്‍   ഞാനമ്മയോട്  ചോദിച്ചു,  " അപ്പോള്‍   കന്യാമറിയം  അച്ഛമ്മയാണോ  "   എന്ന്.  ഹോ! എന്തൊരു ബുദ്ധി! എന്ന  ഭാവത്തില്‍  പാവം അമ്മ എന്നെ നോക്കി.  പക്ഷെ  അങ്ങേയ്ക്കറിയാം അല്ലേ , അത് ബുദ്ധിയല്ല, സ്നേഹമാണെന്ന് ? 

അച്ഛന്‍  എന്ന  സങ്കല്‍പം  അമ്മയുടെ   വാക്കുകളില്‍  നിന്ന്  കിട്ടിയത് കൊണ്ടാണോ  ,  അങ്ങയുടെ   മുന്നില്‍   വന്നു നില്‍ക്കുമ്പോള്‍   എനിയ്ക്ക്   കരച്ചില്‍  വരുന്നത് ?   അറിയില്ല....

ഇവിടെയിപ്പോള്‍   ഒരുപാട് ഭയപ്പെടുത്തുന്ന   വാക്കുകള്‍   കേള്‍ക്കുന്നു...

അസഹിഷ്ണുത....പീഡനം...ഭീകരവാദം.....അങ്ങനെയെന്തൊക്കെയോ....

ഇതൊന്നും  എന്താണെന്നോ   എന്തിനാണെന്നോ  എനിയ്ക്ക്   മനസ്സിലാവുന്നില്ല   പിതാവേ..  

ജാതിമതങ്ങള്‍...മതവൈരങ്ങള്‍....പോര്‍വിളികള്‍...എനിയ്ക്കറിയില്ല...

അങ്ങും ,  ശ്രീകൃഷ്ണനും ,   അല്ലാഹുവും നബിതിരുമേനിയുമൊക്കെ  ഒരേ   ഭാവത്തിന്‍റെ  വിവിധ   മുഖങ്ങളാണ്  എന്നിരിയ്ക്കെ,   എന്തൊക്കെ  മണ്ടത്തരങ്ങളാണ്   മനുഷ്യന്‍   കാണിച്ചു കൂട്ടുന്നതെന്ന്  അങ്ങറിയുന്നുണ്ടോ യേശുദേവാ ?

ഞാനില്ല  ഒന്നിനും ...എനിയ്ക്കൊന്നും   വേണ്ട .  എനിയ്ക്കിത്   മാത്രം  മതി  പിതാവേ..

എന്‍റെ  അക്ഷരങ്ങള്‍... അതില്‍ അങ്ങയുടെ   നന്മയും   സ്നേഹവും  കാരുണ്യവും   നിറയണം. ഞാനീ   ഭൂമി   വിട്ടു പോയാലും,      അങ്ങ്  ഉയര്‍ത്തെഴുന്നേറ്റതുപോലെ ,  കുറെ   അക്ഷരങ്ങളായി   എനിയ്ക്കും   ഉയര്‍ത്തെഴുന്നെല്‍ക്കണം .  നന്മയായി,  സ്നേഹമായി,  കാരുണ്യമായി  മനുഷ്യമനസ്സിലെയ്ക്ക് ഇറങ്ങിച്ചെല്ലാന്‍.

യേശുദേവാ ,   അങ്ങേയ്ക്ക്   സ്നേഹപൂർവ്വം  ഇതാ ,   ഒരു മെഴുകുതിരി പോലെ  ഉരുകിത്തീരുന്ന എന്‍റെ മനസ്സ് ...എന്‍റെ ജീവന്‍... ജോസഫിലൂടെയും  മേരിയിലൂടെയും  ദൈവപുത്രനിലൂടെയും  അന്നയിലൂടെയും  പുനർജ്ജനിയ്ക്കുന്ന  കുറെ അക്ഷരങ്ങളായി ....


                                    ***********************


                                

                                                 ഞാനുറങ്ങാൻ  പോകും മുൻപായ്‌ ......
                                                -----------------------------------------------
                                                                                                                        - ശിവനന്ദ .  

                   



  മോനെ ,  നീയുറങ്ങാൻ  വേണ്ടിയാണ്   ഞാൻ   ഉറങ്ങാതിരുന്നത് ....നീ  ചിരിയ്ക്കാൻ   വേണ്ടിയാണ്  ഞാൻ  കരഞ്ഞത്...നിനക്ക്  വിശക്കാതിരിയ്ക്കാൻ  ഞാൻ  വിശപ്പറിഞ്ഞത് ....നിന്നെ  തീരത്തണയ്ക്കാൻ   വേണ്ടിയാണ്  ഞാൻ  നടുക്കടലിൽ  പിടഞ്ഞത്....എന്നിട്ടും....

"അന്നാ .."

ശാന്തമായ  സ്വരം ...

"അന്നാ ...നോക്കു...ഇത്  ഞാൻ...ജോസഫിന്റെയും   മേരിയുടെയും   മകൻ ...തെറ്റ്  ചെയ്യാതെ  ക്രൂശിയ്ക്കപ്പെട്ടവൻ..."

"കർത്താവേ ..."

" നീയെന്താണ്  ചെയ്യുന്നത്   അന്നാ ? "

" ഈശോയെ ...ഞാൻ കൂടുതലൊന്നും...ഭക്ഷണമോ  വസ്ത്രമോ   ചോദിച്ചില്ല....ഔഷധമോ  പാർപ്പിടമോ ചോദിച്ചില്ല....പോരുമ്പോ  ഒരു തുള്ളി കണ്ണുനീർ ...അത്രയേ  ഞാൻ ചോദിച്ചുള്ളു..."

"അന്യന്റെ  മുതൽ  ആഗ്രഹിയ്ക്കരുതെന്നല്ലേ  അന്നാ  ഞാൻ  പറഞ്ഞിട്ടുള്ളത്?"

"പിതാവേ ..ഞാൻ...ഇന്ന്  നാല്പ്പതാണ് . ഇന്നെങ്കിലും  എനിയ്ക്കങ്ങോട്ട്   പോന്നേ തീരൂ...ഒരു തുള്ളി കണ്ണുനീരെങ്കിലും  ഞാൻ   അർഹിയ്ക്കുന്നില്ലെ പിതാവേ ? ഇതെന്റെ  അവസാന യാത്രയല്ലേ ? ഇനിയെനിയ്ക്കൊരു  യാത്രയുണ്ടോ ?"

"അന്നാ , നീ  വീണ്ടും   അതുതന്നെ   പറയുന്നു....അത്   സ്നേഹത്തിന്റെ   കൂലി   ചോദിയ്ക്കലാണ് ...അരുത്  മകളേ...."

"പിതാവേ....."

"നോക്കൂ,  നിനക്ക്   വേണ്ടി   കരയേണ്ടവൻ  ഞാനാണ് .  നീയോർക്കുന്നില്ലേ ?  ഒരിയ്ക്കൽ  കണ്ണുനീരു കൊണ്ട്  എന്റെ  പാദം കഴുകപ്പെട്ടത്‌ ?  ആ കണ്ണുനീരത്രയും  ഞാൻ   സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു.   എത്ര   വേണമോ  എടുത്തോളൂ...അന്നാ ..നിനക്ക്  വേണ്ടി  ഞാനാണ്  കരയേണ്ടത് ...അതിനാണ്  ഞാൻ  ജന്മമെടുത്തത്...വേദനിയ്ക്കുന്നവർക്ക്  വേണ്ടി കരയാൻ..."

"പൊറുക്കണേ  പിതാവേ.."

ഭൂമിയിൽ  ചടങ്ങുകൾ  തീർന്നു .....അത്യുന്നതങ്ങളിൽ  ദൈവത്തിന് സ്തുതി....


                                                     ***************

( എല്ലാവർക്കും എന്റെ  ഹൃദയം  നിറഞ്ഞ  ക്രിസ്മസ് ആശംസകൾ )

         


                           





2015, ഡിസംബർ 1, ചൊവ്വാഴ്ച

നൗഷാദ്....നിങ്ങളിവിടെയുണ്ട് ...

0 അഭിപ്രായ(ങ്ങള്‍)
                                 നൗഷാദ്....നിങ്ങളിവിടെയുണ്ട് ...
                                 ....................................................................
                                                                                                         ---  ശിവനന്ദ .

                  നൗഷാദ്...നിങ്ങളാരാണ്‌ ?   ഞങ്ങളുടെ ഗുരുവോ ?   വഴികാട്ടിയോ ?  സുഹൃത്തോ  ?   സഹോദരനോ ?    അതോ   ഇതിനെല്ലാമപ്പുറം  നിരവ്വചിയ്ക്കാനാവാത്ത  മുജ്ജന്മബന്ധത്തിന്‍റെ   സ്വര്‍ണ്ണനൂലിഴയില്‍    കോര്‍ത്തൊരു   മുത്തോ ?

              ആര് തന്നെയായാലും ,   നന്മയുടെ   അഗാധ നീലിമയിലെയ്ക്ക്   ഊളിയിട്ട്  പോയ   നിങ്ങള്‍   പിന്നെ   കുതിച്ച്ചുയര്‍ന്ന്‍ പൊങ്ങിയത്   ഞങ്ങളുടെ   മനസ്സില്‍.....

നിങ്ങള്‍   മിഴികള്‍   പൂട്ടിയിരുന്നു   എന്നെല്ലാവരും   പറയുന്നു .   പക്ഷെ   ഇല്ല....  എങ്ങനെ   സമ്മതിയ്ക്കും   ഞങ്ങളത് ?   രണ്ട്   നക്ഷത്രങ്ങളായി   മിന്നിത്തിളങ്ങുന്നത്  ആ   മിഴികളല്ലേ ?   അമ്പിളിയമ്മാവനെപ്പോലെ   പ്രകാശിയ്ക്കുന്നത്   ആ   മുഖമല്ലേ ?   നിങ്ങള്‍ക്കെങ്ങനെ   ഞങ്ങളെ   വിട്ടുപോകാനാവും   നൗഷാദ് ?

             കുടിയ്ക്കാന്‍   ബാക്കി വച്ച   ആ  ചായക്കപ്പ് ,  ജന്മങ്ങള്‍   കഴിഞ്ഞാലും   നിങ്ങളെ   കാത്തിരിയ്ക്കുമ്പോള്‍..... കാണാന്‍   ബാക്കി വച്ച   സ്വപ്നങ്ങളുമായി  തട്ടം കൊണ്ട് മറച്ചൊരു   നിലാമുഖം   നിങ്ങളെ  കാത്തിരിയ്ക്കുമ്പോള്‍.... നൗഷാദ്,  എനിയ്ക്ക്   ചോദിയ്ക്കാതിരിയ്ക്കാനാവില്ല....  അവിടെ.....ഭൂമീദേവിയുടെ   ഗര്‍ഭപാത്രത്തില്‍   നീ   സുരക്ഷിതനാണോ ?   കുറെ നാള്‍   ഒളിച്ചിരുന്ന്‍  ഞങ്ങളെ   പറ്റിച്ച് ,   ഒരുദിവസം   ഒരു  കുസൃതിച്ചിരിയുമായി   നിങ്ങളിങ്ങ്   വരുമെന്ന്‍  ആശിച്ചോട്ടെ   ഞങ്ങള്‍ ?

            അന്യ സംസ്ഥാന തൊഴിലാളികളെ   വെറും  ചാവേറുകളെപ്പോലെ   കാണുന്ന   നമ്മുടെ   നാട്ടില്‍ ,   അവരുടെ   ജീവന്‍   എത്തിപ്പിടിയ്ക്കാനിറങ്ങി,   യമലോകത്തെയ്ക്ക്  ചുവട് വച്ച   നൗഷാദ്....... നിങ്ങളക്കുറിച്ച്   എഴുതാന്‍   തുടങ്ങിയപ്പോള്‍...... പ്രിയ സുഹൃത്തേ....സത്യം ....ഞാനെന്‍റെ  ഭാഷ   പോലും   മറന്നുപോയി.........

കണ്ണീരോടെയല്ലാതെ    നിങ്ങളെ   കാണാനും   വായിയ്ക്കാനും  അറിയാനും   എനിയ്ക്കൊട്ടു   കഴിഞ്ഞതുമില്ല.

ആരുടേയും   പിന്‍ വിളികള്‍   കേള്‍ക്കാതെ ,   ഊരും   പേരും,  ജാതിയും മതവും   നോക്കാതെ   ദൈവത്തിന്‍റെ  മനസ്സ്   കടമെടുത്ത് ,  സ്നേഹത്തിന്റെയും   കാരുണ്യത്തിന്‍റെയും  ആഴങ്ങളിലേയ്ക്ക്   നിങ്ങള്‍   മുങ്ങാംകുഴിയിട്ടപ്പോള്‍ ,   ബാക്കി വച്ചുപോയ   കണ്ടുതീരാത്ത   സ്വപ്നങ്ങളില്‍   ഒന്ന്‍   സ്പര്‍ശിയ്ക്കാന്‍   ഞാനും   കടം  ചോദിയ്ക്കുന്നു.... ദൈവത്തിന്‍റെ  മനസ്സ്....

എനിയ്ക്കിനി   വാക്കുകളില്ല..... 

ലോകത്തെ   തോല്‍പ്പിച്ച   ആ  നന്മയ്ക്ക്   മുന്നില്‍ ,   ഭാഷ   മറന്നുപോയ   എന്‍റെ  മനസ്സും,   നീരണിഞ്ഞ   എന്‍റെ  കണ്ണുകളും   കാണിയ്ക്ക വച്ച്   കാല്‍ തൊട്ട്   വണങ്ങി   അര്‍പ്പിയ്ക്കുന്നു,    ഒരിയ്ക്കലും   കണ്ടിട്ടില്ലാത്ത,   ഇനിയൊരിയ്ക്കലും   കാണില്ലാത്ത  പ്രിയ സുഹൃത്തിന് ....

                               .......ആദരാഞ്ജലികള്‍ ...........

                                                *****************

           



                               


2015, നവംബർ 27, വെള്ളിയാഴ്‌ച

അഗ്നിപുഷ്പത്തിന് ഒരു അടിക്കുറിപ്പ്

2 അഭിപ്രായ(ങ്ങള്‍)
                      അഗ്നിപുഷ്പത്തിന്  ഒരു   അടിക്കുറിപ്പ് .
                     -----------------------------------------------------------------
                                                                                                          --  ശിവനന്ദ .

             ഒരിയ്ക്കൽ   ഞാനെഴുതിയ   " ദൈവത്തിന്റെ   താഴ്വര "   എന്ന  കഥ   വായിച്ച്,  എന്റെയൊരു   സുഹൃത്ത്   എന്നോട്   ചോദിച്ചു,   ( കഥയിലെ   നായിക  ഒരു  വീട്ടമ്മ.   മനസ്സിൽ   അഗ്നിപർവ്വതങ്ങളെ   ഗർഭം   ധരിച്ച്  മൗനത്തിലമരുകയും   ഒടുവിൽ  ഒരു  വലിയ   ആളിക്കത്തലോടെ  പൊട്ടിത്തെറിയ്ക്കുകയും   ചെയ്ത വീട്ടമ്മ .  ഇവിടെ  ഞാനത്   പോസ്റ്റ്   ചെയ്തിരുന്നു.   പലരും  വായിച്ചിട്ടുണ്ടാവും .)

എന്റെ   സുഹൃത്ത്  ചോദിച്ചതിങ്ങനെയാണ് ...

" ഒരു  സാധാരണ   വീട്ടമ്മ   ചിന്തിയ്ക്കുന്ന   രീതിയാണോ   ഇത് ?   ഒരു  സാധാരണ   വീട്ടമ്മയ്ക്ക്   ഇങ്ങനെയൊക്കെ   ചിന്തിയ്ക്കാൻ   കഴിയുമോ ?"

ആ   ചോദ്യം   കേട്ടപ്പോൾ   സത്യത്തിൽ   ഞാൻ  പകച്ച് പോയി . വീട്ടമ്മയുടെ   ചിന്തകളേക്കുറിച്ചല്ല ,   അവരെ   വിശകലനം   ചെയ്ത   സുഹൃത്തിനെക്കുറിച്ചാണ്   ഞാനപ്പോൾ   ചിന്തിച്ചത്.    ഒരു   സമൂഹത്തിന്റെ   പ്രതിനിധിയാണോ  എന്റെ   സുഹൃത്ത്   എന്ന്  ഞാൻ   ആലോചിച്ചു.   എന്റെ   ചിന്തകൾക്ക്   തീ   പിടിച്ചു.

 ഒരു   സാധാരണ   വീട്ടമ്മയുടെ   ചിന്തകൾക്ക്  പരിധികളുണ്ടോ  ?

അതാര്   തീരുമാനിച്ചു ?

വീട്ടമ്മയിൽ   സാധാരണമെന്നും   അസാധാരണമെന്നുമുള്ള   തരംതിരിവുണ്ടോ  ?
എന്താണതിന്റെ   മാനദണ്ഡം ?

വിദ്യാഭ്യാസമോ ?   ലോകപരിചയമോ ?   അതോ   സാമൂഹിക പദവിയോ ?

വെറും  മൂന്നാം ക്ലാസ്സ്  വരെ   പഠിച്ച   ഒരു   തമിഴ് സ്ത്രീ.   ഒരു  തെറ്റിദ്ധാരണയുടെ പേരിൽ   പണിസ്ഥലത്ത് നിന്നും   പുറത്താക്കപ്പെട്ട   അവർക്ക്   മറ്റൊരു  സ്ഥലത്ത്  ജോലിയും   താമസസൗകര്യവും   ഏർപ്പെടുത്തിക്കൊടുക്കാമെന്ന്  ഞാനവരോട്   പറഞ്ഞു.   അപ്പോൾ   വിദ്യാഭ്യാസമോ   ലോകപരിചയമോ   ഒന്നുമില്ലാത്ത   ആ  സ്ത്രീ   എന്നോട്   പറഞ്ഞു,

"എന്നെ   ചേച്ചി   സഹായിച്ചാൽ  അത്  ചേച്ചിയ്ക്ക്   പ്രശ്നാവും.   ചേച്ചിയെ   സങ്കടപ്പെടുത്താൻ   എനിയ്ക്ക്   പറ്റൂല്ല."

എന്നെ   സങ്കടപ്പെടുത്തിക്കൊണ്ട്   ഒരു  സഹായം   വേണ്ടെന്നു പറഞ്ഞ്   അവര്   പോയി !   ഈ  സ്ത്രീയും   ഒരു വീട്ടമ്മ.   ഈ  വീട്ടമ്മയുടെ   ചിന്തകളെ  ഏത്   വകുപ്പിൽപ്പെടുത്തണം ?   വിദ്യാഭ്യാസവകുപ്പിലോ ?   സാമൂഹ്യക്ഷേമവകുപ്പിലോ ?   അതോ   സാംസ്ക്കാരികവകുപ്പിലോ ?

വിദ്യാഭ്യാസമില്ല   എന്ന്   പറയുന്ന   ആ  വീട്ടമ്മയുടെ  ചിന്തകൾക്ക്   മുന്നിൽ ,   വിദ്യാഭ്യാസമുണ്ട്   എന്നഭിമാനിയ്ക്കുന്ന   ഞാൻ   നമസ്കരിച്ചു.   ഭൂമിയോളം    താഴ്ന്ന്.....

അടുക്കളയിലെ   കരിപിടിച്ച   ചുമരിൽ  ചാരി നിന്ന്   ചന്ദ്രലേഖ   എന്ന  വീട്ടമ്മ   പാടിയ  "രാജഹംസം "   അവരെ   ചിറകിലേറ്റി   ആകാശത്ത് കൂടി   പറന്നത്   നമുക്ക്   മറക്കാൻ   സമയമായില്ലല്ലോ ?   അടുക്കളച്ചൂടിൽ   എരിഞ്ഞ് തീരുന്ന  വീട്ടമ്മയുടെ   സ്വപ്നങ്ങളും   ചിന്തകളും അപൂർവ്വമായി കാണുന്ന  ജാലകപ്പഴുതിലൂടെ   ഇങ്ങനെ   ജീവനും കൊണ്ട്   പറക്കുന്നു...

എനിയ്ക്ക്   അടുത്തറിയാവുന്ന   ഒരു  വീട്ടമ്മ.   ഭർത്താവ്   ഒരു  വർക്ക്ഷോപ്പ്‌   തൊഴിലാളി.   അയാള്   രാവിലെ  ജോലിയ്ക്ക്   പോയാൽ   സന്ധ്യ   കഴിഞ്ഞേ  എത്തൂ.   മക്കൾ   പഠിയ്ക്കുന്നു ...   ഈ   സ്ത്രീ   വീട്ടിൽ    പാചകം   ചെയ്യുന്നു,   വീട്   വൃത്തിയാക്കുന്നു ,   തുണി   കഴുകുന്നു ,   ഭർത്താവിന്റെ  രോഗികളായ   അച്ഛനെയും   അമ്മയേയും   പരിചരിയ്ക്കുന്നു ,   ഇടയ്ക്കിടെ   അവരെ   ആശുപത്രിയിൽ  കൊണ്ടുപോകുന്നു ,   കറന്റ്ചാര്ജ്ജ് ,  വെള്ളക്കരം ,   ടെലഫോണ്‍ ബിൽ   തുടങ്ങിയവ   അടയ്ക്കാൻ   പോകുന്നു,  ബാങ്കുമായി   ബന്ധപ്പെട്ട   കാര്യങ്ങൾക്ക്   പോകുന്നു ,   പലവ്യഞ്ജനവും   പച്ചക്കറിയും   വാങ്ങാൻ   പോകുന്നു,   ഇതിനെല്ലാമിടയിൽ   മക്കളുടെ   സ്കൂളിൽ   പോകുന്നു ,   അവരുടെ   പഠിത്തകാര്യങ്ങൾ   ശ്രദ്ധിയ്ക്കുന്നു.....

ഇങ്ങനെ   വിശ്രമമില്ലാത്ത   ദിവസങ്ങൾ .....   എണ്ണിച്ചുട്ട  അപ്പം   പോലെ   കിട്ടുന്ന   വരുമാനത്തിൽ   അവർ   സന്തോഷത്തോടെ   ജീവിയ്ക്കുന്നു.   ഈ   സ്ത്രീ   ഒരു   മൊബൈൽ  ഉപയോഗിയ്ക്കുന്നതിൽ  തെറ്റെന്ത് ?   അവർക്കോ    ഭർത്താവിനോ   മക്കൾക്കോ   അത്  തെറ്റായി   തോന്നിയില്ല.   പക്ഷേ   മറ്റൊരാൾ   ചോദിയ്ക്കുന്നു.   വീട്ടിലിരിയ്ക്കുന്നവർക്ക്  എന്തിനാ   മൊബൈൽ ഫോണെന്ന് !   അപ്പോൾ   അവർ   വിശ്രമമില്ലാതെ   ചെയ്യുന്ന   ജോലിയ്ക്കുള്ള   മൂല്യമെന്ത് ?

എന്റെ   സംശയം   ഇതാണ് .

 ഒരു   വീട്ടമ്മയുടെ   ചിന്തകൾക്ക്  എന്തിനാണങ്ങനെ   നിബന്ധനകൾ  ?   ആർക്കാണ്   ആ  പരിധികൾ   കൊണ്ട്   നേട്ടം ?   അത്   ലംഘിച്ചാൽ   എന്താണ്   ശിക്ഷ ?

വീട്ടമ്മയുടെ   ചിന്തകൾക്ക്  അടുക്കളക്കെട്ടിലെ   കരിയുടേയും  പുകയുടേയും   നിറമാണോ ?

വീട്ടമ്മയുടെ   ചിന്തകൾക്ക്   ചാരക്കുഴിയിലെ  കരിപ്പാത്രങ്ങളുടെ   വില   മാത്രമേ  ഉള്ളോ ?

അവരുടെ  സ്വപ്നങ്ങൾക്കും  അവകാശങ്ങൾക്കും   വിലക്കുകളുണ്ടോ ?

"വീട്ടമ്മ  എന്ന   പദവി  പലപ്പോഴും   പരിഹസിയ്ക്കപ്പെടുന്നില്ലേ "   എന്ന്   മറ്റൊരു   സുഹൃത്ത്   എന്നോട്   ചോദിച്ചു.   ശരിയാണ്.

" ഉദ്യോഗത്തിനൊന്നും   പോകണ്ടാല്ലോ ?  ചുമ്മാ   ഇരുന്നാപ്പോരേ ?"

" വീട്ടുപണിയല്ലേ ഉള്ളു ?   ഇതിനുംമാത്രം   പറയാനെന്താ ?"

( കുറച്ചു കൂടി   ക്രൂരമായി പറഞ്ഞാൽ  )

" രാവിലെ   കുറെ   വച്ചു പുഴുങ്ങിത്തിന്നലല്ലാതെ  വേറെ   പണിയൊന്നൂല്ലാലോ "

കേട്ടിട്ടുണ്ടാവും  എവിടെയെങ്കിലുമൊക്കെ  ഇങ്ങനെയുള്ള   വാക്കുകൾ .  വീട്ടിലെ   'ഏണിങ്ങ് മെമ്പർ '   അല്ലാത്തതിന്റെ  നിസ്സാരതയാണ് ...

ആധിപത്യമോഹത്തിന്റെ   മൂർച്ചയിൽ   തേഞ്ഞുരഞ്ഞ്   വക്കും  മൂലയും   പോയി   വികൃതമായ  വാക്കുകളാൽ   പരിഹസിയ്ക്കപ്പെടുന്നതും   അനാദരിയ്ക്കപ്പെടുന്നതും   ഒരു  വീട്ടമ്മയുടെ   മഹത്വം   കൂട്ടുന്നു   എന്ന്   വന്നാലോ ?  അവൾ   കാണുന്ന  ജാലകക്കാഴ്ച്ചകളുടെ   തിളക്കം   അവളുടെ   മനസ്സിന്റേതാണെങ്കിലോ ?

ശ്രദ്ധിച്ചിട്ടുണ്ടോ   മറ്റൊരു   കാര്യം ? ( പലരും അംഗീകരിയ്ക്കണമെന്നില്ല .  പലർക്കും   തർക്കവും   ഉണ്ടാവും ).   പലയിടത്തും   നമ്മൾ   കാണുന്നതാണ്.

എപ്പോഴും   വിരുന്നുകാർ   വരുന്ന   വീട്.   ഓരോരുത്തരും   വരുമ്പോൾ ,  വീട്ടിലെ   പുരുഷന്മാർ   അടുക്കളയിലേയ്ക്ക്   നോക്കി  ഓർഡറിടും ..

" അതേയ്,   കുടിയ്ക്കാൻ   എന്തെങ്കിലുമെടുത്തോ "

എടുക്കുന്നു,  കുടിയ്ക്കുന്നു,  കുറെ നേരം  സംസാരിച്ചിരിയ്ക്കുന്നു ,  പോകുന്നു....

അടുത്ത   വിരുന്നുകാർ ....പിന്നെയും ..പിന്നെയും...

ഇനി   ആരും   വന്നില്ലെങ്കിൽ   റോഡിൽക്കൂടി   പോകുന്നവരെ   വിളിയ്ക്കും...

" ങാ..എന്തായീ..?  ഇങ്ങട്  വാന്നേയ്.കേറീട്ട്  പോ..."
വന്നുകഴിയുമ്പോൾ   മുച്ചൂടും   ഒരു   പുതപ്പിയ്ക്കൽ  .( പതപ്പിയ്ക്കലല്ല ).

" വന്നൊരു   ഗ്ലാസ്സ്   വെള്ളം   കുടിയ്ക്കുക,  രണ്ടു വാക്ക്   മിണ്ടിപ്പറഞ്ഞ്   പോവുക ...അതൊക്കെ   നമുക്കൊരു   സന്തോഷല്ലേ ?"

ശേഷം   അടുക്കളയിലേയ്ക്ക്...

"അതേയ് ,  ഒരു  രണ്ടു ചായ.  തിന്നാനും കൂടി  എന്തെങ്കിലും എടുത്തോ "

അതങ്ങനെ   തുടരും.........

ഇതുപോലെ   വിരുന്നൊഴിയാത്ത   വീടുകൾ   പലയിടത്തും     കണ്ടിട്ടുണ്ടാവും അല്ലെ ?   ഇവിടെ   ഞാനെടുത്ത്   പറയുന്ന   കാര്യം  മറ്റൊന്നാണ് .

ഈ   വിരുന്നൊഴിയാത്ത   വീടുകളിലെ   വീട്ടമ്മമാരുടെ   മനസ്സുകളിലേയ്ക്ക്  നമുക്കൊന്ന്   നോക്കാം.

ഇങ്ങനെ   അടുക്കളയിലേയ്ക്ക്   നിരന്തരം  ഓർഡറുകൾ   വരുമ്പോൾ ,  ചെയ്തുകൊണ്ടിരിയ്ക്കുന്ന   ജോലികൾ   പൂർത്തിയാക്കാൻ   പറ്റാതെ ,  അതിന്റെ   ഒഴുക്ക്   നഷ്ടപ്പെടുകയോ   അത്   പാതിവഴിയിൽ   നിന്നുപോവുകയോ   ചെയ്യുന്നു.   ഒരു  നിമിഷം   പോലും  വിശ്രമിയ്ക്കാൻ  പറ്റാതെ  വരുന്നു .   അടുക്കളയിൽ   തീ  കെടുത്താൻ പോലും  കഴിയാതെ  വരുന്നു.   അതവിടെ   നിൽക്കട്ടെ .   നമ്മുടെ   വിരുന്നുകാരോ ?   അവരിങ്ങനെ   പറയും...

" ആ  ചേട്ടന്റെയൊരു  ഹോസ്പ്പിറ്റാലിറ്റി !   ഹോ !   സമ്മതിയ്ക്കണം !   എന്തൊരു  നല്ല മനുഷ്യൻ ! "

കേട്ടില്ലേ ?   ചേട്ടൻ   മിടുക്കനായി.   ചേട്ടൻ   അടുക്കളയിലേയ്ക്ക്   നോക്കി   നിരന്തരം   ഓർഡറിട്ടതേയുള്ളു .   പെടാപ്പാട്   പെട്ടത്  മുഴുവൻ   അവിടുത്തെ   വീട്ടമ്മ.   ഞാൻ  സമ്മതിയ്ക്കുന്നു,  വീട്ടമ്മ   ഇതൊക്കെ   ചെയ്യാൻ  കടപ്പെട്ടവളാണ് .   അവരത്   ചെയ്യുകയും  ചെയ്യും .    പക്ഷേ    ഇവിടെ   അവരുടെ   സേവനം   വിലമതിയ്ക്കപ്പെട്ടൊ  ?    ഒരു നിമിഷം  ആരെങ്കിലും   അവരെയൊന്ന്   പരിഗണിച്ചൊ ?

ഓർഡറിട്ട    ചേട്ടന്   കൊടുത്തതിന്റെ   പകുതി   അംഗീകാരമെങ്കിലും ,   ഓർഡറനുസരിച്ച   ചേച്ചിയ്ക്ക്  കൊടുക്കേണ്ടതല്ലേ ?

സത്യത്തിൽ   ഒരു  വീട്ടമ്മ   ആരാണ് ?

പകലന്തിയോളം   ഒരു   വീടിന്റെ   നൊമ്പരങ്ങളത്രയും   ഏറ്റു വാങ്ങുന്നവൾ.....വീടിന്റെ   പരാതികളത്രയും   കേട്ട്   തീർപ്പ്‌   കൽപ്പിയ്ക്കുന്നവൾ ......വേതനമില്ലാതെ   സേവനം   ചെയ്യുന്നവൾ.....അതോടൊപ്പം    ഒരിയ്ക്കലും   വിലമതിയ്ക്കപ്പെടാത്തവളും  ......

എന്നാൽ   ഞാനവരെ   വിശേഷിപ്പിയ്ക്കുന്നു ,  ' അടുക്കളയിൽ    പൂത്ത   അഗ്നിപുഷ്പം '   എന്ന് .  ആ   അഗ്നിപുഷ്പത്തിന്റെ   അടിക്കുറിപ്പുകൾ   ഞാനിങ്ങനെ   ഉപസംഹരിയ്ക്കുന്നു....

വീട്ടമ്മ   എന്ന   പദവി   അവർ   സ്വയം   തിരഞ്ഞെടുക്കുന്നതോ  അല്ലെങ്കിൽ   അവരിൽ   അടിച്ചേൽപ്പിയ്ക്കപ്പെടുന്നതോ   ആവാം..    പക്ഷേ   മറക്കരുത്   നാം...

വേതനം   പറ്റാത്ത   ഈ  സേവനം   പരിഹസിയ്ക്കപ്പെടെണ്ടതല്ല .   അവഗണിയ്ക്കപ്പെടേണ്ടതുമല്ല.   ഒരു  വീട്ടമ്മയുടെ  ബൗദ്ധികനിലവാരത്തേയൊ   സാംസക്കാരിക നിലവാരത്തേയോ   അളക്കാൻ   ഇനിയും   കണ്ടുപിടിച്ചിട്ടില്ല   ഒരു   അളവുകോൽ.   അഗ്നിയിൽ   സ്ഫുടം  ചെയ്തെടുത്തതാണവളുടെ   മനസ്സ് .  ആ  മനസ്സിലെ  ചിന്തകൾക്ക്   തടയിണ കെട്ടരുത് .    പരിധി   നിർണ്ണയിയ്ക്കുകയുമരുത് .   അവരുടെ   അശാന്ത നിശ്വാസങ്ങൾ   അടുക്കളകളിൽ   നിറയരുത് .

   അവർ   മനസ്സില്  കത്തിച്ച് വച്ച  നെയ്ത്തിരി   കണ്ണ് ചിമ്മിച്ചിരിയ്ക്കട്ടെ   എന്നും.  അത്   ആളിക്കത്താൻ   നമ്മുടെ   ഒരു   വാക്കോ   നോക്കോ  പ്രവൃത്തിയോ കാരണമാവാതിരിയ്ക്കട്ടെ   ഒരിയ്ക്കലും .......

(ഇത്തരുണത്തിൽ,   ഉദ്യോഗസ്ഥകളായ  സ്ത്രീകള് ചെയ്യുന്ന  ഡബിൾ റോളുകൾ ഞാൻ  മറക്കുന്നില്ല  .  അത്  ഞാനെടുത്ത്   പറയുന്നു. വീട്ടമ്മയുടെയും  ഉദ്യോഗസ്ഥയുടെയും റോളുകൾ  ഒന്നിച്ച്   കൊണ്ട് പോകുന്ന   അവർക്ക്   ഇരട്ടി   വന്ദനം ....)

തൽക്കാലം നിർത്തുകയാണ്  ഈ അടിക്കുറിപ്പുകൾ....


('വീട്ടമ്മ   എന്ന   പദവി   പലപ്പോഴും   പരിഹസിയ്ക്കപ്പെടുന്നു '   എന്ന്  പറഞ്ഞ   എന്റെ  പ്രിയ സുഹൃത്തിന്   ഞാനിത്  സ്നേഹപൂർവ്വം   സമർപ്പിയ്ക്കുന്നു ...)

                                                       ******************





2015, നവംബർ 13, വെള്ളിയാഴ്‌ച

ശിശുദിനം .

0 അഭിപ്രായ(ങ്ങള്‍)
                                              ശിശുദിനം .
                                              -----------------
                                                                       --  ശിവനന്ദ.

നാളെ  ശിശുദിനം ......

ആഘോഷിയ്ക്കാം  നമുക്ക്-

വേണമെങ്കില്‍  രണ്ടു കുപ്പിയും  പൊട്ടിയ്ക്കാം..

മണല്‍പ്പുറത്ത്  ജീവനറ്റ് കമഴ്ന്ന

കുരുന്ന്‍ ബാല്യത്തെ   മറക്കാം..

                       നാല് കിണ്ണം   ബിരിയാണി   വാങ്ങി 

                        രണ്ടു കിണ്ണം  തിന്ന്‍,  ബാക്കി  രണ്ട്

                        ചിക്കിച്ചികഞ്ഞ് ചവച്ചു തുപ്പി 

                        കുപ്പയിലെറിയാമതാരെങ്കിലും  തിന്നോളും...

തെരുവുനായ്ക്കളോടൊപ്പം  കുപ്പയില്‍ 

തപ്പിത്തിരഞ്ഞു വാരിത്തിന്നുന്ന -( ഹോ !)

ആദിവാസിബാല്യങ്ങളേയും 

മറന്നിട്ടൊരു  റിപ്പോര്‍ട്ട്  തേടാം .... ( അത് മതി.  ധാരാളം ! )

                      മലപ്പുറത്ത്  പോയൊന്ന്  നോക്കി 

                      അക്ഷയപാത്രം   കണ്ടു മടങ്ങി 

                        മനസ്സിലത്  വെറുതെയൊന്നുരുവിട്ട്

                        നമുക്ക്  നമ്മുടെ   കാര്യം   നോക്കാം..( അല്ലാതെ പിന്നെ...?)


( എല്ലാവരും ക്ഷമിയ്ക്കുക എന്നോട്. ഈ ശിശുദിനത്തില്‍ ആശംസ നേരാന്‍ കഴിയുന്നില്ല .)

                  

                

2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച

സ്വപ്നങ്ങളുടെ കാവല്‍ക്കാരന്‍ . ( കഥ )

3 അഭിപ്രായ(ങ്ങള്‍)
                                
             
 അയാള്‍   ആലോചിച്ചു....എന്താണെഴുതേണ്ടത് ?   പല ആശയങ്ങളും   മനസ്സില്‍  വന്നു.   വെള്ളം....വായു...അഗ്നി..പഞ്ചഭൂതങ്ങള്‍ മുഴുവന്‍ മനസ്സില്‍  നിരന്നു.   ഓരോന്നിനേക്കുറിച്ചും  എഴുതിനോക്കി.   ശ്ശേ ...  നന്നായില്ല..തൃപ്തിയായില്ല . കരകുരാന്ന്‍  വെട്ടി.

 പിന്നെ   ആനുകാലിക സംഭവങ്ങള്‍   വിഷയമാക്കി  നോക്കി.   ഒരു  ഖണ്ഡിക.  അല്ലെങ്കില്‍   രണ്ട്  താളുകള്‍.  പോര.  മനസ്സിലെ   വികാരതീവ്രത  അക്ഷരങ്ങളിലേയ്ക്കിറങ്ങിയില്ല .   അതും   വെട്ടി.

എന്നാല്‍പ്പിന്നെ   സ്വന്തം  വേദനകളെക്കുറിച്ചെഴുതാമെന്നയാള്‍ക്ക്   തോന്നി.....

ങാ....!  അത് കൊള്ളാം ..!    എഴുതിത്തുടങ്ങി.  അനിര്‍ഗ്ഗളം  ഭാഷ  ഒഴുകിയിറങ്ങി  കടലാസ്സില്‍  നിറഞ്ഞു...ഒടുക്കം  വലിയൊരു   വെട്ട്  കൊടുത്തു.  ശ്ശേ...നാണക്കേട്..സ്വന്തം   വേദനകള്‍  മറ്റുള്ളവര്‍ക്ക്  വില്‍ക്കാനോ ?

 പിന്നെയിനി ?  ഇനിയോ ?

"എഴുതാത്തതെന്താ ?  എഴുത്ത് നിര്‍ത്തിയോ ? ""

ചോദ്യങ്ങള്‍   അയാളെ ഭയപ്പെടുത്തി.   ഒടുക്കം   അയാള്‍   സ്വയം  ചോദിച്ചു.  നിര്‍ത്തിയോ ??   മനസ്സിലെ   ശൂന്യത   കണ്ട്  അയാള്‍ക്ക്   ഭ്രാന്ത്   കയറി.   വിരല്‍ത്തുമ്പുകളിലേയ്ക്ക്   നോക്കി.  അത്  പരിഹസിയ്ക്കുന്നു  !   തൂലികത്തുമ്പിലേയ്ക്ക്   നോക്കി...അത്   നിര്‍ജ്ജീവം !   പിന്നെ അയാള്‍   അക്ഷരങ്ങളെ   തിരഞ്ഞു...അവ  ദൂരെ   മാറിനിന്ന്  കരയുന്നു...!

" പിന്നേ.....വല്യൊരു എഴുത്തുകാരന്‍..എം ടി യൊക്കെ   മാറിനിക്കും."

പരിഹാസത്തിന്  മാസാമാസം   കിട്ടുന്ന   ശമ്പളത്തിന്റെ   വിലയുണ്ടായിരുന്നു.  ....അപമാനത്തിന്‍റെ  വില..!

കാലിത്തൊഴുത്തിന്റെ   പിന്നിലിരുന്ന്  അയാള്‍   കരഞ്ഞു.

"ഇപ്പോള്‍   ജീവിച്ചിരിയ്ക്കുന്നു   എന്നതല്ലേ  ഏറ്റവും  വലിയ   അതിശയവും  പുണ്യവും ?  ദൈവത്തോട്   നന്ദികേട്   കാണിയ്ക്കല്ലേ..."

അയാള്‍ കരഞ്ഞുകൊണ്ട്  സ്വയം പറഞ്ഞു.  പിന്നെ മാസാമാസം കിട്ടുന്ന ശമ്പളം  കാത്ത്  വീട്ടിലിരിയ്ക്കുന്ന  ഭാര്യയേയും കുഞ്ഞിനേയും ഓര്‍ത്തു....അയാള്‍   യന്ത്രം   പോലെയായി.   ചാണകം  വാരി, തൊഴുത്ത്  കഴുകി ,  പശുവിനെ  കുളിപ്പിയ്ക്കാന്‍   തുടങ്ങി....

രാത്രി   തന്‍റെ  കുടുസ്സ്  മുറിയുടെ  ഏകാന്തതയില്‍   അയാള്‍  ഒരു കഷണം   കടലാസിനായി   തപ്പിത്തിരഞ്ഞു.....എഴുതണം...എന്‍റെ  ദൈവമേ..! എനിയ്ക്ക്  എഴുതണം...എന്‍റെ  ഹൃദയം   പറിച്ചെടുത്ത്   കടലാസില്‍   പിഴിഞ്ഞൊഴിയ്ക്കണം ...

"എടാ...പന്ന............രാത്രി  ലൈറ്റുമിട്ടിരുന്ന്‍  സ്വപ്നം   കാണുന്നോടാ ?   നിന്‍റെ   അപ്പന്‍   കൊണ്ടൊന്ന  മൊതലൊന്ന്വല്ലിത്...ഞാന്‍  കഷ്ടപ്പെട്ടുണ്ടാക്കിയ  മൊതലാ... കരണ്ട്  ചാര്‍ജ്ജ്  നിന്റെ  അപ്പനടയ്ക്ക്വോടാ ?  രാത്രി  പത്ത്  മണിയ്ക്ക്  ലൈറ്റ്  കെടുത്തിക്കോണം .  ഇല്ലെങ്കി  എന്റെ  സ്വഭാവം  നീയറിയും ...അവന്റെ  ഒടുക്കത്തെയൊരു  എഴുത്തും  വായനേം ...ഇന്ന്  ഞാന്‍  തീര്‍ത്ത്  തരാടാ ...."

തെറികളുടെ  കനല്‍ക്കാറ്റില്‍  സ്വപ്നങ്ങളുടെ   ചാരം   പറന്നു.

ഇരുട്ടിന്‍റെ   മൂലയില്‍   അയാള്‍   ചുരുണ്ട് കൂടി.   കനച്ച  എണ്ണയുടെ  മണമുള്ള  തലയിണയില്‍   മുഖമമര്‍ത്തി   മനസ്സിനെ   കെട്ടിയിട്ടു.   എന്നത്തേയും പോലെ  മുടിയിഴകള്‍  വലിച്ച്  പറിച്ചില്ല.   അണപ്പല്ലുകള്‍   ഞെരിഞ്ഞമര്‍ന്നില്ല.....പിന്നെ...കത്തിയമര്‍ന്ന   സ്വപ്നങ്ങളുടെ   ചാരമത്രയും  വെള്ളത്തില്‍   കലക്കി   തുളസീതീര്‍ത്ഥം  പോലെ   കുടിച്ചു.  സംതൃപ്തിയോടെ   ചിരിച്ചു.  ഓര്‍ക്കുകയും   ചെയ്തു.

"എന്‍റെ  സ്വപ്നങ്ങളുടെ   ചാരം  എന്നില്‍ത്തന്നെ  പുനര്‍ജ്ജനിയ്ക്കട്ടെ."

പിറ്റേന്ന്.....

"മൊതലാളി,  എനിയ്ക്കെന്റെ   ന്യായങ്ങള്‍...നിങ്ങക്ക്  നിങ്ങടേം.  എന്നാലിത്    രണ്ടും   കാണുന്ന ഒരാള്‍  മോളിലുണ്ട്..  ദൈവം.  വിധി  അവിടുന്ന്‍  വരട്ടെ."

അയാള്‍  ഇറങ്ങി  നടന്നു.  മുതലാളി   പകച്ച്   നിന്നോ  എന്നയാള്‍   തിരിഞ്ഞു നോക്കിയില്ല.  അയാള്‍ക്കതിന്റെ   ആവശ്യമില്ലായിരുന്നു.

                                                                **

കുടിച്ച്   തീര്‍ത്ത   സ്വപ്നങ്ങളുടെ   ചാരം   അയാളില്‍   പുനര്‍ജ്ജനിച്ചു .   കത്തിത്തീര്‍ന്ന   ചിതയുടെ   അരികിലിരുന്ന്‍  അയാളോര്‍ത്തു.....   ശ്മശാനത്തിലേത്  പോലെ   ശാന്തിയും   സമാധാനവും   ഭൂമിയില്‍   മറ്റൊരിടത്തുമില്ലെന്ന്.   മറ്റുള്ളവര്‍ക്ക് വേണ്ടി   ചിത  കൂട്ടുമ്പോള്‍  അയാള്‍ക്ക്  നൊന്തതേയില്ല.   കാരണം   ഏറ്റവും   മഹത്തായ  ഒരു   കമ്മ്യൂണിസമാണ്  താന്‍  നടപ്പാക്കുന്നതെന്ന്   അയാള്‍ക്കറിയാമായിരുന്നു !     വലിപ്പച്ചെറപ്പമില്ലാതെ ,  മുതലാളി തൊഴിലാളി  വ്യത്യാസമില്ലാതെ ,  ജാതിമതവ്യത്യാസമില്ലാതെ  എല്ലാവരും  ഒരേപോലെ  ഒരേ മണ്ണില്‍ !

 ഗജഗംഭീരനായി  സര്‍വ്വവും   അടക്കി വാണ  ഒരുത്തന്‍റെ  മൃതശരീരം  കത്തിത്തീരുന്നത് വരെപ്പോലും   കാത്തുനില്‍ക്കാതെ   മക്കള്‍  തിരിഞ്ഞു നടന്നപ്പോള്‍ ,  എരിയുന്ന   തീവെളിച്ചത്തിലിരുന്ന്‍  അയാളെഴുതി....

"ഇത്രേയുള്ളൂ "

ഓരോരുത്തരും   ഏല്‍പ്പിച്ചിട്ട്‌ പോകുന്ന  പാത്രങ്ങളില്‍   ചിതാഭസ്മം  വാരി നിറയ്ക്കുമ്പോള്‍  അയാള്‍   സൂക്ഷിച്ച് നോക്കി... എന്തെങ്കിലും   വ്യത്യാസം ?   ഒന്നുമില്ല !  ഒരേപോലിരിയ്ക്കുന്നു  എല്ലാം.!   അയാള്‍ക്ക്   ചിരി  വന്നു.  ഏറ്റവും  വിശുദ്ധനായ  കമ്മ്യൂണിസ്റ്റ്   താനാണെന്ന്‍  അയാള്‍  സ്വയം   അഭിമാനിച്ചു.

" മഹാത്മാക്കളേ...!   നിങ്ങള്‍   സ്വപ്നം   കണ്ട   സമത്വസുന്ദരലോകം  ഇതാ  ഇവിടെ....ഈ   ശ്മശാനത്തില്‍...! "

അയാള്‍  ആകാശത്തേയ്ക്ക്   കൈകള്‍   വിടര്‍ത്തി.

ശരീരമെന്ന   ഭാരം   അഴിച്ചു വച്ച  സന്തോഷത്തോടെ    ശ്മശാനത്തില്‍   ചുറ്റിക്കറങ്ങിയ   ആത്മാക്കള്‍   അയാളോട്   കൂട്ട് കൂടി.   അവരുമായുള്ള   സംവാദം  അയാള്‍ കഥകളും   കവിതകളുമാക്കി.   എത്രയോ   അപമാനിയ്ക്കപ്പെട്ട   തന്‍റെ  അക്ഷരങ്ങള്‍   ഏറെ  ആദരിയ്ക്കപ്പെട്ടത്   ഇവിടെയാണെന്നയാള്‍ക്ക്   തോന്നി.

"അച്ഛന്  തീരെ വയ്യ.   ആരെങ്കിലും   എപ്പോഴും  അടുത്തു വേണം.  നീയൊന്നു  വരൂ."

കൊച്ചുമുതാളിയുടെ   ഫോണ്‍വിളിയ്ക്ക്  കൊടുത്ത   മറുപടി  കൊടുത്ത   മറുപടി  ക്രൂരമായെന്ന്‍  അവര്‍ക്ക്   തോന്നിക്കാണും.  പക്ഷേ  അയാള്‍ക്കത്   തോന്നിയില്ല.

" ഇല്ല  കൊച്ചുമുതലാളി...ഞാനിവിടെ   ജോലിയിലാണ്.   ശ്മശാനത്തില്‍.   സ്വപ്നങ്ങള്‍ക്ക്   കാവല്‍   നില്‍ക്കുന്നു. "

" തീരെ   കിടപ്പാണ് .   നീയാവുമ്പോ  വിശ്വസിച്ച് ഏല്‍പ്പിച്ച്   പോകാല്ലോ."

അതിന്  കൊടുത്ത   മറുപടി   അല്പം   ക്രൂരമായിപ്പോയോ ?   ഇല്ല.  അയാള്‍ക്കതും   തോന്നിയില്ല .

" സമയമാകുമ്പോ  ഇങ്ങോട്ട്  കൊണ്ട് വന്നോളൂ.  ഇവിടെ   ഞാന്‍   കാവല്‍   നില്‍ക്കാം ."

പിറ്റേന്ന്  വന്ന   അവസാനത്തെ    'ശവഘോഷയാത്ര'   അയാളുടെ   മുതലാളിയുടെതായിരുന്നു.   ഒന്നും  തോന്നിയില്ല.   തയാറാക്കിയ   ചിതയിലേയ്ക്ക്   മൃതദേഹം   വയ്ക്കുമ്പോള്‍  അയാളുടെ   അക്ഷരങ്ങള്‍   ദൂരെ മാറി നിന്ന്   കൈകൊട്ടിച്ചിരിച്ചു .

" ഹഹഹ....ഒരിയ്ക്കല്‍ ഇയ്യാള്‍   ഞങ്ങള്‍ക്ക്   ചിത  കൂട്ടി....ഇന്ന്...ഹഹഹ...."

" ആയുധമില്ലാത്തവനോട്   യുദ്ധം   ചെയ്യുന്നോടാ  പുല്ലേ.."

അക്ഷരങ്ങളോട്   അയാള്‍   കയര്‍ത്തു.  അവര്‍   നിശ്ശബ്ദരായി  മുന്നില്‍ വന്ന്,  വിധേയത്വത്തോടെ  നിരന്ന്‍ നിന്നു .

ആരായാലെന്ത്?   കണക്ക്   പറഞ്ഞ്  കാശ്   വാങ്ങി   അയാള്‍  അടുത്ത   കഥയെഴുതിത്തുടങ്ങി....  തലക്കെട്ട്‌  ഇങ്ങനെയെഴുതി....

"സ്വപ്നങ്ങളുടെ   കാവല്‍ക്കാരന്‍ ".........

                                     
                                                      ****************









2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

അതിജീവനം .... അതല്ലേ എല്ലാം !

3 അഭിപ്രായ(ങ്ങള്‍)
                                      അതിജീവനം .... അതല്ലേ   എല്ലാം  !                                                                                             ---------------------------------------------------
                                                                                                       --  ശിവനന്ദ .


                       മാമ്പഴം  തിന്ന് വലിച്ചെറിഞ്ഞ  വിത്ത്  വെറുതെ  മണ്ണിൽ  പൂണ്ട്  കിടന്നു.   അതിന്  മുകളിലേയ്ക്ക് ദിവസങ്ങളോളം  തേങ്ങ  പൊതിച്ച  ചകിരി  അലക്ഷ്യമായി   എറിഞ്ഞിട്ടു.   ഞാറ്റുവേല  വന്നു.  കൂമ്പാരം   കൂടിക്കിടന്ന   ചകിരിയ്ക്കടിയിൽ   നിന്നും   വീർപ്പുമുട്ടിപ്പിടഞ്ഞ്   രണ്ട്  കുഞ്ഞിലക്കൈകൾ   പുറത്ത് ചാടി.   ആരും   ശ്രദ്ധിയ്ക്കാതെ  പോയ   ആ  കാഴ്ച്ച  എന്നിൽ  വല്ലാത്ത  അനുഭൂതിയുണ്ടാക്കി .   ഞാൻ  നോക്കി.


    ചകിരിക്കൂമ്പാരത്തിന്റെ  എത്രയോ  താഴത്ത് നിന്നുമാണ്  തിങ്ങിഞെരുങ്ങി  ആ കൂപ്പുകൈകൾ   പുറത്ത് വന്നത് !   അത്   ആകാശത്തെ   നോക്കി   ആനന്ദത്തോടെ   കൈകൾ   വിടർത്തി .   " എന്നിട്ടും  ഞാൻ  വന്നു "  എന്ന്  ആ  മാവിൻ തൈ   പറയുന്നത് പോലെ  എനിയ്ക്ക്   തോന്നി.   ഞാനതിനെ   വാത്സല്യത്തോടെ   തലോടി .   കുഞ്ഞരിപ്പല്ലുകൾ   മുളയ്ക്കുന്നത് പോലെ   അതിന്   കുഞ്ഞു ശാഖകൾ വന്നു...


   ഒരു ദിവസം   ആരോ   വലിച്ചെറിഞ്ഞ   സിഗരറ്റ് കുറ്റിയിൽ നിന്നും   തീ   പടർന്ന്   ചകിരി   ആളിക്കത്തി.   ഒപ്പം   മാവിന്റെ   കുഞ്ഞിലകളേയും   തീ   വിഴുങ്ങി.   ഞാൻ  വെള്ളമൊഴിച്ച്   തീ  കെടുത്തി .   കരിഞ്ഞ   മാവിൻ തൈയ്യിന്റെ   അസ്ഥികൂടം  നോക്കി  ഞാൻ   സങ്കടപ്പെട്ടു .   "കഷ്ടം !  അത്  പോയി..."


  എന്നാൽ  കുറച്ച് ദിവസം   കരിഞ്ഞുണങ്ങി   ചുള്ളിക്കമ്പ്   പോലെ   നിന്ന  ആ  മാവിൻ തയ്യിന്റെ   ശാഖകളിൽ നിന്നും   വീണ്ടുമൊരു ദിവസം   കള്ളച്ചിരി   ചിരിച്ച്   നിൽക്കുന്നു   പുതു നാമ്പുകൾ  !   അതെന്നെ   അതിശയിപ്പിയ്ക്കുക തന്നെ   ചെയ്തു .   കത്തിയെരിഞ്ഞ   തീനാളങ്ങൾക്കുള്ളിൽ  നിന്നൊരു    പുനർജ്ജീവനം  !   " വീണ്ടും ഞാൻ  വന്നു "  എന്ന്  പറയുന്ന  തളിരുകൾ ....!  അതിജീവനം.....പ്രകൃതി  പഠിപ്പിയ്ക്കുന്ന   അതിജീവനം....!


   അന്നത്തെ   ആ  മാവിൻ തൈ   ഇന്ന്   രണ്ടാൾപ്പൊക്കത്തിൽ   വളർന്നു .   പക്ഷെ   അന്ന്   കരിഞ്ഞുപോയ   കുറച്ച്   ഭാഗത്തെ  പുറം തോൽ   ഇന്നും   വന്നിട്ടില്ല .   "ഒരിയ്ക്കൽ  നിങ്ങളെന്നെ  മുറിവേൽപ്പിച്ചിരുന്നു "  എന്ന്   ഓർമ്മപ്പെടുത്തുംപോലെ ....


  പക്ഷെ   ആ   അതിജീവനത്തിന്റെ   പാത   എനിയ്ക്കിഷ്ടമായി .   ആരോടുമില്ല  പരിഭവവും   പരാതിയും....അതിന്റെ   ആവശ്യമെന്ത് ?   എല്ലാം   കാലത്തിന്റെ   സ്വന്തം   നീതി..


   അക്ഷരങ്ങൾ   കടലാസിൽ നിന്നും  വിരൽത്തുമ്പുകളിലേയ്ക്ക്   ചുരുങ്ങുന്നത്   കാണുന്നില്ലേ ?   പരാതി   പറഞ്ഞിട്ടെന്തിന് ?   തൂലിക  എന്ന  വാക്കിനുള്ളിൽപ്പോലും   ഒളിഞ്ഞിരിയ്ക്കുന്ന   തൂവൽസ്പർശം   ആർക്കും  വേണ്ടെന്നാണെങ്കിൽപ്പിന്നെ   എന്ത് ചെയ്യാൻ....


   വിരൽത്തുമ്പൊന്നമർത്തിയാൽ   നേട്ടവും   നാശവും !  ഏത്  വേണമെങ്കിലും   തെരഞ്ഞെടുക്കാം .   വിരൽത്തുമ്പിലെ  ഒറ്റ ക്ലിക്കിൽ   പ്രണയത്തിന്റെ   ജനന മരണങ്ങൾ...ലോകം   തന്നെ   വിരൽത്തുമ്പിലേക്ക്   ചുരുങ്ങുമ്പോൾ  ഈ   നിസ്സാരതകൾക്ക്   ഇനിയെന്തിനൊരു   വിശദീകരണം ?


  പക്ഷേ   എനിയ്ക്ക് വേണം.   മനസ്സുരുക്കി   സ്നേഹം   ചാലിച്ചൊഴിച്ച്  നിറയ്ക്കാൻ   എനിയ്ക്കെന്റെ   തൂലിക   വേണം.   ആ  തൂലികത്തുമ്പിലൂടെ  ഒഴുകി   നിറയാൻ  കടലാസുകൾ   വേണം.   കടലാസുകളുടെയും   മഷിയുടെയും ഗന്ധമാണ്  എന്റെ   അക്ഷരങ്ങളിലെ   സത്യസന്ധതയേയും  ആത്മാർത്ഥതയേയും  ഉരുക്കഴിയ്ക്കുന്നത്.   എന്റെ  കൈകളിൽ  വിറയൽ   പടരുന്നത് വരെ  ഞാനെഴുതും.   അത് കഴിഞ്ഞാൽപ്പിന്നെ   ആരോടും  പരാതിയില്ലാതെ  നിയതിയുടെ  പിറകെ .....


  സാമൂഹ്യ മാധ്യമങ്ങളെ   ഞാനെന്നും  ബഹുമാനിയ്ക്കുന്നു.   അതും   പറയാതെ  വയ്യ.   എന്നാൽ   പുതുമയിലേയ്ക്ക് നടക്കുമ്പോൾ   പഴമയുടെ   തേൻ തുള്ളികൾ  കൂടി   മനസ്സിലിറ്റിയ്ക്കും   ഞാൻ .   അത്രേയുള്ളു.



   ഇരുട്ട്  വന്നാലെന്താണ്  ചെയ്യുക ?   ഒന്നുകിൽ   ഇരുട്ടുണ്ടാക്കിയവനെ   പഴിച്ചു കൊണ്ടിരിയ്ക്കാം .  അല്ലെങ്കിൽ  ഇരുട്ടിൽ നിന്നും   ഓടിയൊളിയ്ക്കാം .   എന്നാലിത്  രണ്ടും  ചെയ്യാതെ ,  ഇരുട്ടിലൊരു   നെയ്ത്തിരി   കത്തിച്ച്  വച്ചാലോ ?   അതാവില്ലേ   നല്ലത്?   മാറ്റങ്ങളെല്ലാം   സ്വന്തം  മനസ്സിൽ നിന്നും   തുടങ്ങണം .


  മുറ്റത്തും   പറമ്പിലും   അൽപം  മണ്ണ്   ബാക്കിയിട്ട്  പ്രകൃതിയിൽ  എന്നേ   ഞാനെന്റെ   മനസ്സ്   പതിപ്പിച്ചു !  മുൻപ്   പല തവണ   പറഞ്ഞിട്ടുള്ളതിനാൽ  ഒരു  ആവർത്തനം  വേണ്ട.   എന്തായാലും   എനിയ്ക്ക്  ഓണപ്പൂക്കളമിടാൻ   പൂക്കൾ  തേടി   അയല്പക്കങ്ങളിലൂടെ   നെട്ടോട്ടമോടണ്ട .  നാട്ടിൻപുറത്തിന്റെ  തനതായ   രുചിക്കൂട്ടുകൾ   എനിയ്ക്ക്  പഴങ്കഥയുമല്ല .


  പക്ഷെ ,  ഇവിടെ   എന്റെ   മകൾ   നെറ്റിൽ നോക്കി  പലതരം   കേക്കുകൾ  ഉണ്ടാക്കാൻ   പഠിച്ചു വച്ചിരിയ്ക്കുന്നു .    അവൾക്ക്  ചമ്മന്തിയരയ്ക്കാൻ  പഠിയ്ക്കണ്ട ,    അവിയലും   സാമ്പാറും   വേണ്ട....മൂന്ന്  നേരവും   കേക്ക്   ആയാലോ ?   നന്നായില്ലേ ?   പക്ഷേ   ഞാൻ   വിട്ടുകൊടുക്കുവോ ?   കെട്ടിച്ച് വിടുമ്പോൾ  ,  ഭർത്താവിനെ   പട്ടിണിയ്ക്കിടാതിരിയ്ക്കാൻ   ആദ്യം   കഞ്ഞിയും   ചമ്മന്തിയുമുണ്ടാക്കാൻ   പഠിയ്ക്കാൻ   പറഞ്ഞു .   അല്ലാതെ   പിന്നെ ?   ഒന്നുല്ലെങ്കിലും   ഒരു   തട്ടുകട   നടത്തിയെങ്കിലും   ജീവിയ്ക്കാല്ലോന്ന്.....എന്തേ ?


  സത്യം   പറയാല്ലോ,  എനിയ്ക്ക്   വലിയ   ആഗ്രഹമാണ്,   നമ്മുടെ   അമ്മമാരുടെ   കൈപ്പുണ്ണ്യം തിരികെ   കൊണ്ടുവന്ന്   എല്ലാവർക്കും   വിളമ്പണമെന്ന്. പാചകം   ഇഷ്ടമാണെനിയ്ക്ക് .   എന്താ ?    ഒരു   തട്ടുകട   തുടങ്ങിയാലോ ?  ' കൈ   വിറയ്ക്കുന്നത്  വരെയല്ലേ   എഴുതൂ '   എന്ന്   ചോദിയ്ക്കുന്നവരോട്   പറയാം ,  അത് കഴിഞ്ഞാൽ   ഞാൻ  തട്ടുകട   നടത്തുമെന്ന് ...അല്ലേ ?   അല്ല,   അങ്ങനെയായാലും   കൊള്ളില്ലല്ലോ....


   പുതുമയേയും   പഴമയേയും   കൂട്ടി യോചിപ്പിച്ച്   കൊണ്ടുപോകാനാണ്‌   എന്റെ   ശ്രമം.   പണ്ടൊരിയ്ക്കൽ   ഞാൻ   പറഞ്ഞിട്ടില്ലേ ,   മുന്തിയ തരം    ബേക്കറിപ്പലഹാരങ്ങളുടെ  ഇടയിൽ    ഞാനുണ്ടാക്കി വച്ച   ശർക്കരയും തേങ്ങയും   ചേർത്ത   കൊഴുക്കട്ട   ഹീറോ   ആയത് ?   അന്ന്   വീട്ടിലുള്ളവർ   എന്നെ   കളിയാക്കുകയും ,  ഞങ്ങളുടെ   ബോംബേ നിവാസികളായ   അതിഥികൾ  എന്നെ   അഭിനന്ദിയ്ക്കുകയും   ചെയ്തു.   അതല്ലെങ്കിലും   എപ്പോഴും   അങ്ങനെയാണ് .


   വർഷങ്ങൾക്ക്   മുൻപ്   കാർഗിൽ  യുദ്ധം   നടന്ന   സമയത്ത് ,   രാജ്യസ്നേഹം   ഒരു   വീർപ്പുമുട്ടലായി   എന്നെ   നോവിച്ചപ്പോൾ  ,  ആ  പ്രാവശ്യത്തെ   ഓണത്തിന്  മണ്ണ്   കുഴച്ച്  ഞാൻ  പൂത്തറ  ഉണ്ടാക്കിയത്  ഇന്ത്യയുടെ   ആകൃതിയിൽ .   ഓരോ   സംസ്ഥാനവും   ഓരോ തരം   പൂക്കൾ  കൊണ്ട്   ഞാൻ  വേർതിരിച്ചപ്പോൾ  ,   എന്നെ  ഏറ്റവും   കൂടുതൽ  അഭിനന്ദിച്ചത് ,  ഞങ്ങളുടെ     ഫ്രാൻസ് കാരനായ   സുഹൃത്ത്.   ഓണക്കാഴ്ച്ചകൾ   കാണാനിറങ്ങിയ   അദ്ദേഹം ,  എന്റെ   പുഷ്പ മനോഹരിയായ   ഇന്ത്യയെ   ക്യാമറയിൽ  പകർത്തി .   ഒരു   വിദേശിയാണത്  ചെയ്തതെന്നുള്ളത്  വളരെ  മഹത്തരമായി   എനിയ്ക്ക്   തോന്നി.   ചിത്രത്തിന്റെ  ഒരു  കോപ്പി   എനിയ്ക്ക്   തരികയും   ചെയ്തു.


 ഇതാണ്   ഞാനെപ്പോഴും   പറയാറുള്ളത്,   നമ്മളെ   നമ്മൾ   തിരിച്ചറിയുന്നില്ല.   നമുക്ക്  നമ്മളെ   ചൂണ്ടിക്കാണിച്ചു തരാൻ  മറ്റൊരാൾ  വേണം....


  കേട്ട്  മടുത്തു   അല്ലേ ?   എവിടെയോ   തുടങ്ങി....അടുക്കും  ചിട്ടയുമില്ലാതെ  എന്തൊക്കെയോ    പറഞ്ഞു.....


  എഴുത്തിന്  കുറച്ച്  ദിവസം   അവധി   കൊടുത്തപ്പോൾ  ചിതറിപ്പോയ  ചിന്തകളാണ് .   അതൊന്ന്  പങ്ക് വച്ചെന്ന് മാത്രം.


   ഞാനെപ്പോഴും   ഓർക്കുകയും ,   മറ്റാരും   തിരിച്ചറിയാതെ   പോവുകയും ചെയ്യുന്ന   ഒരു   സത്യമുണ്ട് ..   എന്താണെന്ന് വച്ചാൽ ,   ഞാൻ   ബ്ലോഗുകൾ   എഴുതുകയും ,  ബ്ലോഗുകൾ   വായിയ്ക്കുകയും ,   കമന്റ്  എഴുതുകയും   കമന്റിന്  മറുപടി   എഴുതുകയും ,  ഡിസ്ക്കഷൻസിൽ   പങ്കെടുക്കുകയുമൊക്കെ  ചെയ്യുമ്പോൾ  ഒരു   വ്യക്തിയോട്   എന്നതിലുപരി,   ഒരു  സമൂഹത്തോടാണ്   ഞാൻ   സംവദിയ്ക്കുന്നത് .   എനിയ്ക്ക്   ഈ  സമൂഹത്തോട്   പറയാനുള്ള   കാര്യങ്ങൾ  യാതൊരു   വിലക്കുകളുമില്ലാതെ   സ്വാതന്ത്ര്യത്തോടെ  ഞാൻ  തുറന്ന്  പറയുകയാണ്‌.   സമൂഹത്തോട്   ചോദിയ്ക്കാനുള്ള   ചോദ്യങ്ങൾ   ധൈര്യപൂർവ്വം   ചോദിയ്ക്കുകയാണ് .   എന്റെ  ഇഷ്ടങ്ങൾ,   ഇഷ്ടക്കേടുകൾ ,   അഭിപ്രായങ്ങൾ,   എതിരഭിപ്രായങ്ങൾ,   ചോദ്യങ്ങൾ ,   ഉത്തരങ്ങൾ ,   മുന്നറിയിപ്പുകൾ ...... അങ്ങനെ   എല്ലാമെല്ലാം..........അതിനായി   ഞാനും   സംസാരിയ്ക്കും,   എന്റെ   കഥാപാത്രങ്ങളും   സംസാരിയ്ക്കും.   എന്റെ   മനസ്സ്   പറയുന്നത്   മാത്രമേ   ഞാനെഴുതൂ.   മറ്റൊരാളുടെ   തോക്കിൻ മുനയിൽ   നിന്ന്   എഴുതേണ്ടി വന്നാൽ ,   അന്ന്  ഞാൻ   എഴുത്ത്   നിർത്തുകയും   ചെയ്യും.   ഇതാണെന്റെ   വഴി.   ഇത്  തന്നെയാണെന്റെ   വഴി.

             

 കഥകൾ .....അവയുടെ   മായാലോകം ......അവയുണ്ടാക്കുന്ന   മിഥ്യാദൃശ്യങ്ങൾ .......ഈ  വാക്കുകളൊക്കെ   എന്നെ   നിരന്തരം   വേട്ടയാടിയപ്പോൾ ,   എന്റെ   മുഖത്ത്   ഞാൻ   പോലുമറിയാതെ   വിരിഞ്ഞ  ഒരു   ചെറു പുഞ്ചിരി ,  സങ്കടത്തിന്റെതാണോ   സഹതാപത്തിന്റെതാണോ   കാരുണ്യത്തിന്റേതാണോ  അതോ   നിസ്സഹായതയുടെതാണോ   എന്ന്   തിരിച്ചറിയാനായില്ലെനിയ്ക്ക് .   പക്ഷേ   ഒരിയ്ക്കലുമത്   പരിഹാസത്തിന്റേതായിരുന്നില്ല ,  ഉറപ്പ്.    ഞാൻ   ആലോചിച്ചു.......കുറെയേറെ   കാര്യങ്ങൾ .....സത്യവും   മിഥ്യയും  ഒരു   യുദ്ധഭൂമിയുടെ   ഇരു ചേരികളിൽ നിന്ന്   കാഹളം   മുഴക്കിയപ്പോൾ   ഞാൻ  ചിന്തകളിങ്ങനെ   ഉപസംഹരിച്ചു......,'ഞാൻ   മറഞ്ഞു നിന്നാലും   മരിച്ചു വീണാലും ആരുടെയെങ്കിലുമൊക്കെ   മനസ്സിൽ  എന്റെ   അക്ഷരങ്ങളെങ്കിലും   ഉണ്ടാകുമെന്ന   തിരിച്ചറിവ്   എന്നിൽ   വളരെ   ആശ്വാസവും   സന്തോഷവുമുണ്ടാക്കുന്നു '...


ഞാനെന്തിന്നാണിതൊക്കെ   പറയുന്നതെന്നറിയാമോ  ?   സാഹചര്യമില്ല  എന്ന   കാരണം  കൊണ്ട്  ഒരു  സ്ത്രീയും   മുഖ്യ ധാരയിൽ  നിന്നും   പിന്നോട്ട്   പോകരുത് .   ഒരു   വഴിയല്ലെങ്കിൽ   മറ്റൊരു   വഴി.


കഥകളുടെ   ലോകത്ത് നിന്നും   മാറിനിന്നാൽ ,  കരയിൽ   പിടിച്ചിട്ട   മത്സ്യത്തേപ്പോലെ   ഞാൻ   പിടഞ്ഞു മരിയ്ക്കുമെന്ന്  എനിയ്ക്ക്   നന്നായറിയാം .  എന്നിട്ട് പോലും   ചില   സന്ദർഭങ്ങളിൽ ,സഹികെട്ട്   ഞാനെന്റെ   അക്ഷരങ്ങളെ  പകയോടെ   കുടഞ്ഞു തെറിപ്പിയ്ക്കാൻ   ശ്രമിച്ചിട്ടുണ്ട് .   പക്ഷെ   അപ്പോഴും  അവ   വിട്ടുപോകാതെ  എന്റെ   വിരൽത്തുമ്പിൽ   കടിച്ചു തൂങ്ങി   എന്നെ  വേദനിപ്പിച്ചു.   അവയെ   സംരക്ഷിയ്ക്കാൻ  ഞാൻ  നേരിട്ട   പ്രതിസന്ധികൾക്ക്   കണക്കില്ല.   എന്നിട്ടും   കണ്ടില്ലേ ?   എനിയ്ക്ക്   ചുറ്റും  ഞാൻ   തീർത്ത   സ്വർഗ്ഗത്തിന്റെ   പൂമുഖത്തിണ്ണയിലിരുന്ന്  ഇപ്പോഴും   ഞാനെഴുതുകയാണ് !     കറുത്ത   പകലുകളും   വെളുത്ത   രാത്രികളും  വീണ്ടും  എന്നെ   തേടി  വന്നേക്കാം .   വരട്ടെ.   വരുന്നതെല്ലാം   വന്നു പോകട്ടെ.....എന്റെ   കൈവിരൽത്തുമ്പുകൾ   നിശ്ചലമാകുന്നതുവരെ  ഞാനെഴുതും....


അതിജീവനം ....അതല്ലേ  എല്ലാം .......


                                                        *****************





         



                                  
                                                                             

2015, ഫെബ്രുവരി 18, ബുധനാഴ്‌ച

3 അഭിപ്രായ(ങ്ങള്‍)
                         വാക്കിനെക്കുറിച്ച്  രണ്ടു വാക്ക് . 
                                                                                  
                                                                                                  _ ശിവനന്ദ .

                   അക്ഷരങ്ങൾ  വേണ്ട രീതിയിൽ   ചേർത്തുവച്ചാൽ   ഒരു  വാക്ക്  സൃഷ്ടിയ്ക്കപ്പെടുന്നു .   എന്നാൽ ,  അക്ഷരങ്ങളുടെ   സമ്മേളനം   മാത്രമായി  വാക്കിനെ   ഒതുക്കാനാവുമൊ? വാക്ക്   എന്നാൽ,  ' മനുഷ്യന്റെ   വക് ത്രത്തിൽ  നിന്നും   പുറപ്പെടുന്ന   സാർത്ഥക ശബ്ദമെന്നും ',  ' പൂർണ്ണത ' എന്നുമൊക്കെ നിഘണ്ടുവിൽ   വിശദീകരിയ്ക്കുമ്പോൾ ,  എനിയ്ക്ക്   തോന്നുന്നത്,  വാക്കിന്റെ   അർത്ഥതലങ്ങൾ   അതിലും   മേലെയാണെന്നാണ് .

                  വാക്കിനെ   നമ്മൾ  ' വിലയുള്ള  വാക്ക് '  എന്ന് പറഞ്ഞ്   പാർവ്വതീകരിയ്ക്കുകയും  ' വെറും വാക്ക് '  എന്ന് പറഞ്ഞ് നിസ്സാരവത്ക്കരിയ്ക്കുകയും   ചെയ്യുമ്പോൾ  ,  ഞാൻ  കരുതുന്നു,  അത്   പാർവ്വതീകരണത്തിനും   നിസ്സാരവത്കരണത്തിനും  അപ്പുറമാണ്.

                  വാക്ക്   കൊടുത്ത്  ,  അത്   പാലിയ്ക്കാതിരിയ്ക്കുന്നതിലെ    ചതി,  വെറുംവാക്ക് പറഞ്ഞ്   അബദ്ധത്തിൽ   ചാടുന്നതിലെ   അപകടം,  വാക്കിൽ   അസഭ്യം   കലർത്തുന്നതിലെ   അസഹ്യത ,  വാക്കുകൾ   കൊണ്ടുള്ള   ദ്വയാർത്ഥപ്രയോഗങ്ങൾ , ഒരേ വാക്കിന്   വ്യത്യസ്ത സാഹചര്യങ്ങളിൽ വരുന്ന  വ്യത്യസ്ത അർത്ഥങ്ങൾ ..........വാക്ക്   ഒരു   നിസ്സാരക്കാരനല്ല....

                അത്     നമ്മെ ചിലപ്പോൾ   വാനോളമുയർത്തുകയും  മറ്റു ചിലപ്പോൾ ചെളിക്കുണ്ടിലാഴ്ത്തുകയും ചെയ്യും.

              ഇനി ,  അല്പം   വൈകാരികമായി   വാക്കിനെ   ഞാൻ   കാണുകയാണ്,  ചില   അനുഭവസാക്ഷ്യങ്ങളിലൂടെ .......ജീവന് തുല്യം   പരസ്പരം   പ്രണയിച്ച   രണ്ട്  കമിതാക്കൾ ,  സാഹചര്യങ്ങളുടെ   സമ്മർദ്ദം  കൊണ്ട് ,  വിപരീത ദിശകളിലേയ്ക്ക്   നടന്നകലേണ്ടി വരുമെന്ന സ്ഥിതിയിലെത്തിയപ്പോൾ , പരസ്പര ധാരണയോടുകൂടി   യാത്ര   പറയാനായി  സന്ധിച്ചു.  ഒന്നും   പ്രത്യേകിച്ച്   പറയാനുണ്ടായിരുന്നില്ല   അവർക്ക് .  എല്ലാം എന്നേ   പറഞ്ഞു തീർത്തിരുന്നു  !   അയാളുടെ   മുന്നിൽ   ചെന്നുനിന്ന്  നനഞ്ഞ   കണ്ണുകളോടെ  അവൾ   ചോദിച്ചു, ഒരേയൊരു   വാക്ക്.

" പോട്ടെ?"

ആ   ഒരു  വാക്കിനുള്ളിൽ   അവരുടെ   പ്രണയവും   പ്രണയനഷ്ടവുമുണ്ടായിരുന്നു .... വിരഹവും   വേദനയുമുണ്ടായിരുന്നു ..അയാൾ  ഇടർച്ചയോടെ   അവളോട്  പറഞ്ഞു ,  രണ്ടു വാക്ക്.

" നമുക്ക്   ഇതേ  നിവൃത്തിയുള്ളൂ."

ആ  വാക്കുകളിൽ   സ്നേഹമുണ്ടായിരുന്നു.,  സാന്ത്വനമുണ്ടായിരുന്നു,  കുടുംബത്തോടുള്ള   പ്രതിബദ്ധതയുണ്ടായിരുന്നു.......അവൾ   തിരിഞ്ഞു നടന്നു....

'പോകരുത് '  എന്നൊരു   വാക്ക്  അയാൾ  പറഞ്ഞിരുന്നെങ്കിൽ   തീർച്ചയായും   അവരുടെ   ജീവിതം   മറ്റൊന്നാകുമായിരുന്നു......ചങ്ങാതിക്കൂട്ടത്തിലേയ്ക്ക്   തളർച്ചയോടെ   എത്തിയ   അവളെ   ചേർത്തുപിടിച്ച്   അവർ   പറഞ്ഞു,, ഒരേയൊരു   വാക്ക്.

"സാരമില്ല "...

സ്നേഹത്തോടെയും   പരിഗണനയോടെയും  ഉള്ളൊരു   വാക്ക്   ജീവിതത്തെ   ആകെ  താങ്ങി നിർത്തുന്ന   സന്ദർഭമായിരുന്നു   അത് ...

            വാക്കുകൾ കൊണ്ട്   പലപ്പോഴും   എന്നെ  കുത്തി നോവിയ്ക്കുന്ന   ഒരു   ചങ്ങാതിയുണ്ട്   എനിയ്ക്ക്.  ...അതുപോലെതന്നെ   സ്നേഹിയ്ക്കുകയും   ചെയ്യും .  ഞാൻ   ഓർക്കാറുണ്ട് ,   ഒരു   ശ്വാസ നിശ്വാസങ്ങൾക്കിടയിലുള്ള   സമയം   മാത്രമല്ലേ   ജീവൻ ?   ഒരു  വാക്ക്   പറഞ്ഞ്  അവനെന്നെ   നോവിച്ചിട്ട്,  അടുത്ത   വാക്ക്   പറഞ്ഞ്  എന്നെ   സ്നേഹിയ്ക്കുന്നതിന്  മുന്നേ ,   ഞാൻ   ശൂന്യതയിലേയ്ക്ക്   മറഞ്ഞു പോയാലോ ?  പറഞ്ഞു നോവിച്ച   വാക്കിന്റെ   കടം തീർക്കാൻ ഈ ജന്മം   അവന്   കഴിയുമോ?   ആ കടം ഒരു നീറ്റലായി   അവന്റെ   മനസ്സിൽ  കിടക്കില്ലേ   എന്നും? .......

            വാക്കുകൾ   സൂക്ഷിച്ചുപയോഗിയ്ക്കുക .  അവ ഇരുതലയും   മൂർച്ചയുള്ള  വാളാണ് .  സൂക്ഷിച്ചുപയോഗിച്ചാൽ     വജ്രം  പോലെ   തിളങ്ങും.  ഇല്ലായെങ്കിൽ  എങ്ങനെ  വീണാലും   മുറിയും.  വാക്കുകളുണ്ടാക്കുന്ന   മുറിവ്  ഒരിയ്ക്കലും   ഉണങ്ങില്ല....എപ്പോഴും   സൂക്ഷ്യ്ക്കുക..

                                                       -------------------

ഒറ്റയും പെട്ടയും പിന്നെ അടുക്കളയും .

1 അഭിപ്രായ(ങ്ങള്‍)
                                            
                                         
 ചില  യാത്രകളിലെ കൊച്ചു കൊച്ച് അനുഭവകഥകൾ .  വളരെ   ചിന്തനീയം .    

വളരെ അടുപ്പമുള്ളൊരു   വീട് .     ഗൃഹനാഥ  വന്ന്   ഞങ്ങളെ   സ്വീകരിച്ചിരുത്തി .  ഞങ്ങളുടെ   സംസാരത്തിനിടയ്ക്ക്   അടുക്കളഭാഗത്തേയ്ക്ക്   നോക്കി   അവർ   വിളിച്ചുപറഞ്ഞു .

"രാജപ്പാ, കുടിയ്ക്കാനെന്തെങ്കിലും  എടുക്ക്.."

നിമിഷങ്ങൾക്കുള്ളിൽ ജോലിക്കാരൻ   നാരങ്ങാവെള്ളം   കൊണ്ട്   മുന്നിൽ  വച്ചു.   ഞാനതെടുത്ത്  കുടിച്ചു .   നന്നായി   മധുരം   ചേർത്തിട്ടുണ്ട് .   പക്ഷേ   എനിയ്ക്ക് അതിന്   തീരെ   മധുരം   തോന്നിയില്ല.    മുൻപൊരു   ദിവസം   ഞങ്ങളെ   വിരുന്നിന്   ക്ഷണിച്ചിട്ട് ,   റെസ്റ്റൊറണ്ടിൽ നിന്നും  ഭക്ഷണം   വരുത്തി   വിളമ്പിയപ്പോൾ അതൊരു വീട്ടിൽ നിന്ന് കഴിയ്ക്കുന്ന  തോന്നലില്ലായിരുന്നു .  അന്ന് ഞാനൊരു കുറുമ്പ്  ചിന്തിച്ചു.   ഹോട്ടലിൽ പോയി  ഞങ്ങൾ   ഭക്ഷണം   കഴിച്ചിട്ട്,  അവരോട്  ബിൽ  തീർക്കാൻ   പറഞ്ഞാൽ   മതിയായിരുന്നല്ലോ   എന്ന്.  അടുക്കള  എന്നത്   ഒരു  വീടിന്റെ   ഹൃദയമാണെന്നറിയാത്തവർ  ഹൃദയത്തിൽ നിന്നും   പുറത്താക്കപ്പെട്ടവരാണ്  എന്നെനിയ്ക്ക്  തോന്നാറുണ്ട്... 

മറ്റൊരു   വീട് .   മുൻവശത്തെങ്ങും   ആരുമില്ല.   ഉള്ളിലേയ്ക്ക്   കയറുമ്പോൾത്തന്നെ   നമ്മെ   പുറത്തേയ്ക്ക്   തട്ടിത്തെറിപ്പിയ്ക്കുന്ന   എന്തോ   ഒന്ന് ,  ആ  വീട്ടിൽ   ഞാൻ  അനുഭവിച്ചു .   ഒരു   മനുഷ്യ ജീവിയെ എങ്കിലും   കണ്ടുപിടിയ്ക്കാനുള്ള   ശ്രമത്തിൽ   ഞാൻ   അടുക്കള   വരെയെത്തി .   അവിടെ   ചിന്നിച്ചിതറിയ   പാത്രങ്ങൾക്കിടയിൽ   പുകയുടെ   ആൾരൂപം   പോലെ   ഒരാൾ   എന്നെക്കണ്ട്   മെല്ലെ   എഴുന്നേറ്റു  !   എന്നെ   പള്ളിക്കൂടത്തിൽ  പഠിപ്പിച്ച ,  പ്രൗഢ ഗംഭീരയും   സ്നേഹസമ്പന്നയുമായ   അദ്ധ്യാപികയായിരുന്നു   അവരെന്ന്   അല്പം   വേദനയോടെയാണ്   ഞാനോർത്തത് .   അടുക്കള ജോലികളുടെ   ഭാരത്തിലേയ്ക്ക്   ആ  വൃദ്ധശരീരത്തെ   ഒറ്റയ്ക്കാക്കിപ്പോയ    മകനേയും  ഭാര്യയേയും  ( അവർ   ഉദ്യോഗസ്ഥർ )  വിമർശിയ്ക്കാൻ   ഞാൻ   തയ്യാറായില്ല .   ഓരോ   പ്രവൃത്തികൾക്കും  ഓരോ   കാരണവും   ന്യായവും   ഉണ്ടാകുമെന്ന്   വിശ്വസിയ്ക്കാനായിരുന്നു   എനിയ്ക്കിഷ്ടം.    എന്നെ  സൂക്ഷിച്ചു നോക്കിയ   അവരുടെ   അടുത്തേയ്ക്ക്   ഞാൻ   മെല്ലെ   നടന്നുചെന്നു.   ജോലി   ചെയ്ത്   പാറ   പോലെയായ   ആ  കൈകൾ ,  ഞാനെന്റെ   കൈകളിൽ  പൊതിഞ്ഞു പിടിച്ചു.   ഒന്നും  പറയേണ്ടി വന്നില്ല .   മനസ്സിൽനിന്നും   കടലോളം   സ്നേഹം   ഒരു  കുളിരായി   ഒഴുകി   ആ  പരുപരുത്ത   കൈകളിലേയ്ക്കിറങ്ങി .   ആ  കൈകളിൽ   പടർന്ന   വിറയലിൽ നിന്നും ,  ചുണ്ടിൽ   വിരിഞ്ഞ   അത്ഭുതച്ചിരിയിൽ   നിന്നും  , എന്റെ   ടീച്ചറുടെ   മനസ്സിലേയ്ക്ക്   എത്രമാത്രം   ഞാൻ   അലിഞ്ഞിറങ്ങി   എന്നെനിയ്ക്ക്   മനസ്സിലായി .  അല്പനേരം   സംസാരിച്ചിരുന്ന്   യാത്ര   പറഞ്ഞിറങ്ങുമ്പോൾ   ഞാനോർത്തു,  അടുക്കളയുടെ  ഒരു  മുഖം...


ഒരു  കുഞ്ഞു വീട്. ...  ഇറയത്തിരുന്ന്   മൊബൈലിൽ   സംസാരിയ്ക്കുന്നു   അവിടുത്തെ  ചേച്ചി .   അവരുടെ   ഭർത്താവ്   മരിച്ചതാണ്.  ഏക മകളെ  വിവാഹം   ചെയ്തയച്ചു.  അവളോടായിരുന്നു   സംസാരിച്ചുകൊണ്ടിരുന്നത് .   എന്നെ  കണ്ടയുടൻ ,  "പിന്നെ  വിളിയ്ക്കാം "  എന്ന് പറഞ്ഞ്   ഫോണ്‍  കട്ട്   ചെയ്തു.   ആ  വീടും   എന്നെ   നൊമ്പരപ്പെടുത്തി   എന്തൊരു   ശൂന്യതയാണവിടെ ..!   ആരുമില്ലാതെ   ഒരു മൊബൈലിലേയ്ക്ക്   മാത്രം   നോക്കി  ജീവിയ്ക്കുന്നൊരു   പാവം...

മറ്റൊരു   വീട്.  വീടല്ല,  ഒരു  പ്രേതാലയം.   മക്കളൊക്കെ   കുടുംബമായി  ഓരോ   സ്ഥലങ്ങളിൽ .   അടിയ്ക്കാതെയും   തൂക്കാതെയും   കിടക്കുന്ന  ആ  ഭാർഗ്ഗവീനിലയത്തിൽ   ഒറ്റയ്ക്കൊരു   സ്ത്രീ . ഭർത്താവ്   മരിച്ചു   അവരുടെയും .   എന്റെ   മോൾ   വായിച്ച   ബാലരമക്കഥയിലെ  '  ഡാകിനി അമ്മൂമ്മയെ '  ഓർമ്മ വരും  എനിയ്ക്കവരെ കാണുമ്പോൾ.   ജീവിതത്തിൽ   അനുഭവിച്ചുതീർത്ത   ദുരിതങ്ങളോടും   അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന    എകാന്തതയോടും അവർ   പകപോക്കുന്നത്   സ്വന്തം   മനസ്സിനെയും   ശരീരത്തെയും   അവഗണിച്ചുകൊണ്ടാണോ   എന്ന്   ഞാൻ  ആലോചിച്ചു .   ഈ   ഒറ്റപ്പെടൽ   വന്നു ഭവിയ്ക്കുന്നതാണോ   അതോ   സ്വയം വരിയ്ക്കുന്നതാണോ   എന്നും  ഞാൻ  ചിന്തിച്ചു.  


ഇനി   നോക്കു,  മറ്റൊരു   വീട്.  എന്റെ അച്ഛന്റെ മരുമകനും ഭാര്യയും താമസിയ്ക്കുന്ന വീട്.  ഞാൻ  കയറിച്ചെന്നു .   ആ   വലിയ   വീട്ടിൽ   അച്ഛനും   അമ്മയും   മാത്രം .  ബാലൻ ചേട്ടനും സുജാതച്ചേച്ചിയും .    രണ്ടു   പെണ്‍മക്കളെ   വിവാഹം ചെയ്തയച്ചു...   പക്ഷേ   ഞാനവിടെ   കണ്ടു,   അതുവരെ   കണ്ടതിൽ നിന്നും   വളരെ  വിഭിന്നമായ   ഒരു   അന്തരീക്ഷം !  ഞാൻ  ചോദിച്ചു ,


"ആരുമില്ലാതെ , നിങ്ങൾ   രണ്ടുപേരും   ഒറ്റയ്ക്ക്....മടുപ്പില്ലേ   സുജാതേച്ചി ..?"


സുജാതേച്ചിയുടെ   ഉത്തരം   വളരെ   പെട്ടെന്ന്.


" ഒട്ടുമില്ല ..പെണ്‍കുട്ടികൾ   ജനിച്ചപ്പോൾത്തന്നെ   ഇങ്ങനെയൊരു   കാലത്തിന്   വേണ്ടി  ഞാൻ   മനസ്സിനെ   പാകപ്പെടുത്തിയിരുന്നു ."

" എങ്ങനെയാണ്   നേരം   കളയുക?"


എന്റെ  ചോദ്യത്തെ   ചിരിച്ചുകൊണ്ട്   നേരിട്ടു   ചേച്ചി.


"  നേരം  കളയാനോ ?   സമയം   കളയാനില്ലെനിയ്ക്ക്.   അത്യാവശ്യം   പാചകം   ചെയ്യും.   പറമ്പിൽ  ഇത്തിരി   കൃഷിയുണ്ട്. പിന്നെ   വായിയ്ക്കും   ഞാൻ   ഒരുപാട്.  ബാലേട്ടൻ  എനിയ്ക്ക്   ഇഷ്ടം പോലെ   പുസ്തകങ്ങൾ കൊണ്ടുത്തരും .."

 അതുകേട്ട് ചിരിച്ചുകൊണ്ടിരുന്ന  ബാലൻ ചേട്ടന്റെ മുഖം മറന്നിട്ടില്ല ഞാൻ .  വളരെ   ആശ്വാസവും   സന്തോഷവും  തോന്നി   എനിയ്ക്ക് .   ഇതാണ്   ഞാൻ   പ്രതീക്ഷിച്ച --  ആഗ്രഹിച്ച   ഉത്തരം.   ഭാവിയിൽ   ഞാൻ   ചെയ്യാൻ   ആഗ്രഹിയ്ക്കുന്നതും ,   എല്ലാവരോടും   ചെയ്യാൻ   ഞാൻ  പറയുന്നതും   ഇത് തന്നെയാണ്.   ജീവിത സായാഹ്നം   ആഘോഷപ്രദമാക്കുക .   അതിനുള്ള   വഴികൾ   ഇപ്പോഴേ   കണ്ടുവയ്ക്കുക  .     പ്രായത്തെ   പിന്നോട്ട്   പിടിയ്ക്കുക .  ആരോടും    പരിതപിയ്ക്കാതെ...ആരേയും   പഴിയ്ക്കാതെ...

ഇനി ചില അടുക്കളക്കാഴ്ചകൾ .  പല   വീടുകളിലും   കണ്ട   ചില അടുക്കളകളുണ്ട് .   .നമ്മളിൽ   പലരും   കണ്ട്   ശ്രദ്ധിച്ചും   ശ്രദ്ധിയ്ക്കാതെയും  കടന്നുപോയ  കാഴ്ച്ചകൾ ....

യുദ്ധക്കളം പോലെ  ചില അടുക്കളകൾ ..അപ്രതീക്ഷിതമായി   എന്നെക്കണ്ടപ്പോൾ   വീട്ടുകാരിയുടെ   മുഖത്തുണ്ടായ   ജാള്യത   ഞാൻ   കണ്ടില്ലെന്ന് നടിച്ചു. ഞാനത്  ഇങ്ങനെയാണ്   കണ്ടത്,  അവിടെ   ഒരു  ജീവിതമുണ്ടെന്നതിന്റെ   തെളിവാണ്   ആ  യുദ്ധക്കളം .
'സെർവന്റ്'  എന്ന്   നാമകരണം   ചെയ്യപ്പെട്ട സ്ത്രീകളുടെ   അസഹ്യതയുടെയും   അസന്തുഷ്ടിയുടെയും  അശാന്ത നിശ്വാസങ്ങൾ   നിറഞ്ഞ അടുക്കളകൾ   ചിലയിടത്ത്.  വീട്ടുകാർക്ക് അന്യമാകുന   അടുക്കളകൾ...

ഊണുമുറി മുതൽ   അടുക്കള സാമ്രാജ്യം.  ഊണുമുറിയ്ക്കിപ്പുറം   ഒരു  വലിയ  വാതിൽ   കൊണ്ട്   വേർതിരിച്ചിരിയ്ക്കുന്നു   ഒരു  വീട്ടിൽ .   ആ  വാതിലിനപ്പുറം   ജോലിക്കാരിയുടെ   ലോകമാണെന്ന്   എത്ര  അഭിമാനത്തോടെയാണ്   ആ  വീട്ടമ്മ   എന്നോട്   പറഞ്ഞത് !   ആ  ലോകത്തിൽ   നിറഞ്ഞിരിയ്ക്കുന്ന   നിസ്സഹായതയും   അസ്വസ്ഥതയും   നരക തുല്യമാണെന്ന്   ഇവരെന്താണ്   തിരിച്ചറിയാത്തത്?   ഹൃദയമില്ലാത്ത   വീട്   എന്നെനിയ്ക്ക്   തോന്നി.   


മറ്റൊരു  വീട്.   അമ്പലത്തിന്റെ   മാതൃകയിൽ   പണിത   ആ  വീടിന്റെ  മുന്നില്   ചെന്നപ്പോൾ   ഒന്ന്   തൊഴുവാൻ   തോന്നി  എനിയ്ക്ക്.    മണി   കെട്ടിത്തൂക്കിയിട്ടുണ്ട് .  ചങ്ങലയിലൊന്ന്   വലിച്ച്   കാത്തു നിന്നു . വിടർന്ന   ചിരിയോടെ   ഗൃഹനാഥൻ   വാതിൽ   തുറന്നു.   ശ്രീകോവിൽ നട   തുറന്നതുപോലെ....ഞാൻ  കയറിച്ചെന്നു.   ഒച്ചയും   അനക്കവുമൊന്നുമില്ല.   ഞാൻ   മുന്നോട്ടു   നടന്നു.    മുറികൾ    പലതും   കടന്നു അടുക്കളയിലെത്തി .   ശൂന്യം.  ഒന്നുമില്ല. ആരുമില്ല. ജീവികളില്ല,  ജീവനുമില്ല.  ഭക്ഷണമില്ല,  പാത്രങ്ങളില്ല. കാറ്റില്ല ,  വെളിച്ചമില്ല.  അടുപ്പുണ്ട് ,  എന്നാലൊരു  തിരിനാളം   പോലുമില്ല.അടച്ചിട്ട  ജനാലകൾ...മനുഷ്യസ്പർശമേൽക്കാതെ കെട്ടിക്കിടക്കുന്ന   വായു....പക്ഷെ,  അഴുക്കില്ല ,  പൊടിയില്ല, ഒന്നുമില്ല..

"എവിടെ   എല്ലാവരും?"  എന്ന എന്റെ ചോദ്യത്തിന്   "അവിടെ"  എന്ന് 
അദ്ദേഹം   പുറത്തേയ്ക്ക്   വിരൽ   ചൂണ്ടി.  അവിടെ  ഒരു  ചെറിയ   മുറി.

"ഔട്ട്   ഹൗസാണ് .   അവിടെയാണ്   പാചകം "

ഞാനങ്ങോട്ട്   ചെന്നു .   വീട്ടമ്മ   വളരെ   സന്തോഷത്തോടെ, ഉപചാരപൂർവ്വം   എന്നെ സ്വീകരിച്ചു .  അവിടെ   പാചകം   നടക്കുന്നു.   ഒരു   ഊണുമേശയും കുറെ   കസേരകളും , ഒരു ചെറിയ   ടിവിയും ...ഞാൻ  ഒന്നും  ചോദിച്ചില്ല.  പക്ഷെ   എന്റെ എല്ലാ   ചോദ്യങ്ങൾക്കുമുള്ള   ഉത്തരം   ചോദിയ്ക്കാതെ തന്നെ  തന്നു   വീട്ടമ്മ.  

"ഇവിടെയാണ്‌   പാചകം.  ഇവിടെത്തന്നെയിരുന്നു   കഴിയ്ക്കും.അപ്പോ   ഇത്രയും  ചെറിയ   സ്ഥലം   വൃത്തിയാക്കിയാൽ   മതിയല്ലോ. അവിടെ   വീടും   അടുക്കളയുമൊക്കെ   എപ്പോഴും   വൃത്തിയായി   കിടക്കുകയും   ചെയ്യും. അതിഥികൾ   വന്നാലും  നമുക്ക്   ടെന്ഷനില്ല ."

അവർ   സ്വന്തം  ബുദ്ധിവൈഭവത്തിൽ   സ്വയം  അഭിമാനിച്ചു....ഞാനൊന്നും   പറഞ്ഞില്ല.  വെറുതെ   ചിരിച്ചു.  ഓർക്കുകയും   ചെയ്തു,  ജീവിതമില്ലാത്ത,  ജീവനില്ലാത്ത  വീട്.....അതൊരു   വീടല്ല,  മറിച്ച്   ഒരു   മ്യൂസിയമാണെന്ന് തോന്നി.


 ഇനിയുമൊരു വീട്ടിൽ    പോയ   കഥ   അവിസ്മരണീയം .  അയാളെന്റെ  സ്കൂൾമേറ്റ്.  ഒരു   പ്രദേശം   മുഴുവൻ   നിറഞ്ഞൊരു   വീട്.   ശൂന്യമായ   ഇടനാഴികൾ...  ഒരറ്റത്ത്   നിന്നാൽ   കണ്ണെത്താത്ത ,  ചെവിയെത്താത്ത   നിശ്ശബ് ദമായ   ഇരുണ്ട   ഇടനാഴിയിലൂടെ   നടന്നപ്പോൾ   ഒരു  ഗുഹയിലൂടെ   സഞ്ചരിയ്ക്കുന്നതുപോലെ   എനിയ്ക്ക്   തോന്നി.  ഗൃഹനാഥൻ   എന്നെ  അതിഥി മുറിയിലെയ്ക്കാണ്    കൊണ്ടുപോയത്.   മുകളിലത്തെ   നിലയിലെ   ചില   മുറികളിൽ   ചില   പെണ്‍ തലകൾ   നീണ്ടുവന്നു.   ആ  തലകളെ   നോക്കി   ഞാൻ  ചിരിയ്ക്കാനൊരു   ശ്രമം   നടത്തി.  ആ ചിരിയ്ക്ക്   എന്നിൽ നിന്നും   അവരിലേയ്ക്ക്   ഒരുപാട്   ദൂരമുണ്ടായിരുന്നു. അതവിടെ   എത്തുന്നതിനു മുൻപേ   ആ   തലകൾ   പിറകോട്ടു വലിഞ്ഞു.   ആ  ചിരി   ഒരു   പുഞ്ചിരിയായി   എന്റെ   ചുണ്ടുകളിൽത്തന്നെ   അവശേഷിച്ചു.  സഹതാപമാണെനിയ്ക്ക്   തോന്നിയത് .   പാവം  ഗൃഹനാഥൻ   ജാള്യതയോടെ   എന്റെ   മുന്നിലിരുന്നു.   സ്കൂൾ   കാലഘട്ടത്തിൽ   എന്റെയൊപ്പം   കളിച്ചുവളർന്ന   ആ  കുഞ്ഞു  പയ്യനെ   അവൻ   ഓർത്തുകാണും .  ഒരു    ചായ   വാഗ്ദാനം   ചെയ്തത് ,  സ്നേഹപൂർവ്വം   നിരസിച്ച്   അയാളെ   കൂടുതൽ   വിഷമിപ്പിയ്ക്കാതെ  ഞാൻ   തിരിച്ചുപോന്നു.


പിന്നെയും   കണ്ടു   ഒരുപാട്   കാഴ്ച്ചകൾ.  വല്ലാത്ത   മടുപ്പ്   തോന്നി.   ഈ   അടുക്കൾക്കാഴ്ച്ചകൾ   എന്നെയിങ്ങനെ   മടുപ്പിയ്ക്കുന്നതെന്താണ് ?    ജീവനില്ലാത്ത   അടുക്കളകൾ.   കടുകും   ഉലുവയും  വറ്റൽ മുളകും   കറിവേപ്പിലയും   കൂട്ടി   കാളന്    കടുക്   വറുത്തിടുന്ന   കൊതിപ്പിയ്ക്കുന്ന   ഗന്ധം   അനുഭവിയ്ക്കാൻ   ഇപ്പോഴിത്തിരി   ബുദ്ധിമുട്ടും . മഞ്ഞളും   മുളകും  ഉപ്പും  വെളിച്ചെണ്ണയും  കറിവേപ്പിലയും   കൂട്ടി   തിരുമ്മി   അടുപ്പത്ത്   വയ്ക്കുന്ന   അവിയലിന്റെ   കഷണങ്ങൾ വേവുന്ന   ഗന്ധം   കേട്ട് ,  അതിന്റെ   ഗുണം  നിർണ്ണയിയ്ക്കാമെന്നു   ഇപ്പോൾ   ആരും   കരുതണ്ട .
ഉണങ്ങിയ   മത്സ്യം   വറുക്കുന്ന   മണം    മതിയത്രേ   ഒരു   കിണ്ണം   ചോറുണ്ണാൻ. .!  അത്   പണ്ട്...' ഹുഡ് '   എന്നോ    'ഇലക്ട്രിക്ക് ചിമ്മിനി '   എന്നോ  ഒക്കെ  വിളിയ്ക്കാവുന്ന   ആ  ഭീമാകാരൻ  എല്ലാ   ഗന്ധങ്ങളേയും   വിഴുങ്ങിക്കളയും .!  അടുക്കളയെ   സജീവമാക്കി   നിർത്തിയിരുന്ന   ഗന്ധങ്ങൾ   പോലും   അപഹരിയ്ക്കപ്പെട്ടിരിയ്ക്കുന്നു.   കാലത്തിനൊപ്പം ഞാനും  പാഞ്ഞു. 


   'ഡിസ്പ്ളെ  കിച്ചണും '     'വർക്കിംഗ്  കിച്ചണും '....ആ   പേരുകൾ  തന്നെ   അരോചകമായി   എനിയ്ക്ക്   തോന്നുന്നത്,  എന്റെ   ചിന്തകളുടെ   വൈകല്യമാകാം .   ' കർത്താവും   കർമ്മവും  ക്രിയയുമില്ലാത്ത '   അടുക്കളയാണ്‌   ഡിസ്പ്ളെ   കിച്ചണ്‍   എന്നെനിയ്ക്ക്   തോന്നും .   അവിടെ   പാചകമില്ല,  ഭക്ഷണമില്ല,  ഭക്ഷിയ്ക്കലുമില്ല .  എന്താണവിടെ   ഡിസ്പ്ളെ   ചെയ്യാനുള്ളത്   എന്നെനിയ്ക്ക്   മനസ്സിലാകുന്നേയില്ല.   വർക്കിംഗ്  കിച്ചണ്‍   ആണെങ്കിലോ ?  അവിടെ   ഒരു  കുരുക്ഷേത്ര യുദ്ധം....!


 അടുക്കളയെക്കുറിച്ച് എനിയ്ക്കൊരു സങ്കൽപ്പമുണ്ട്.   എന്റെ   നിശ്വാസങ്ങൾ....പരിഭവങ്ങൾ.....പരാതികൾ....എല്ലാം  ഏറ്റുവാങ്ങുന്ന   അടുക്കള.  എന്നെയൊരിയ്ക്കലും   ചതിയ്ക്കാത്ത   അടുക്കള .  അപ്രതീക്ഷിതമായി   എത്ര   അതിഥികൾ   വന്നാലും  ഒന്നും  വിളമ്പാനില്ലെന്നു   ഞാൻ   പകച്ചാലും   എന്തെങ്കിലുമൊക്കെ   എന്റെ   കൈകളിൽ   വച്ചുതന്ന്   ഊണുമേശ   നിറയ്ക്കുന്ന   അടുക്കള .  അവിടെ   അടുക്കിവച്ച   പാത്രങ്ങൾ,  ഭക്ഷണം,  കറി - മസാലപ്പൊടികൾ ,  തേയിലയും   പഞ്ചസാരയും...  അടുക്കളയുടെ   ആഭരണങ്ങൾ...  രാവിലെ  മുക്കോട്ടിൽ  ശ്രീ   വൈകുണ്ടേശ്വര  സുപ്രഭാതം മുതൽ  പിന്നെയങ്ങോട്ട്..യേശുദാസിൽ  തുടങ്ങി ശ്രേയാ   ഘോഷാലിലൂടെ  ഹരിചരണിൽ  എത്തി നില്ക്കുന്ന   സംഗീത സാന്ദ്രമായ അടുക്കള .   ഒടുക്കം   ഗുലാം അലി സാബിന്റെ  ഗസൽ സംഗീതത്തിൻറെ   നിർവൃതി   കൂടിയാകുമ്പോൾ   ഭക്ഷണം  സംഗീതമധുരം .

   ഡയറിയും   പേനയും  സ്ഥാനം പിടിച്ച അടുക്കള.     അക്ഷരങ്ങൾ    പിറക്കുന്ന അടുക്കള.     മനസ്സില്   വരുന്നത്   അപ്പോഴപ്പോൾ   ഡയറിയിൽ   എഴുതിവയ്ക്കണം .  പിന്നീട്    എപ്പോഴെങ്കിലും   അതൊരു   കഥയോ   കവിതയോ   ഒക്കെ   ആയി  മാറണം .  അതിനിടയിൽ ചില  അബദ്ധങ്ങൾ പറ്റണം . .  അടുപ്പിൽ   നിന്നും   പാലരുവി   ഒഴുകണം  . ദോശ ക്കല്ലിൽ  നിന്നും  ദോശ ,  കൈയും   കാലുമൊക്കെ   നിവർത്തി   മൂരി നിവർന്ന്  എഴുന്നേറ്റു വരാൻ  തുടങ്ങണം.  മെഴുക്കുപുരട്ടി   ചിലപ്പോൾ   കരിഞ്ഞു പിടിയ്ക്കണം.  

 വെറും  പുളിങ്കറി....നമ്മുടെ   നാട്ടുമ്പുറത്തു നിന്നുപോലും   അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്ന ,  കപ്ളങ്ങയും   താളും   ചേമ്പും   ചേർത്ത   പുളിങ്കറിയുടെ   നാട്ടുരുചി ആസ്വദിയ്ക്കണം .   തേങ്ങ   കനലിൽ  ചുട്ട്   അരച്ച   ചമ്മന്തി   ശുദ്ധമായ   തൈരും   കൂട്ടി   കഴിയ്ക്കുമ്പോഴുള്ള   തൃപ്തി കിട്ടണം.    ഉള്ളിത്തീയലിന്റെ   ആസ്വാദ്യ രുചി അനുഭവിയ്ക്കണം.     ശർക്കരയും  തേങ്ങയും   ചേർത്ത   കൊഴുക്കട്ടയുടെ   ഗൃഹാതുരത്വം അനുഭവിക്കണം.  റവ കേസരിയുടെയും   പാല്പ്പായസത്തിന്റെയും   ഇത്തിരി മധുരം വേണം.   പുട്ടിന്   തേങ്ങ   ഇടുന്നതുപോലെ  ഇടയ്ക്ക് മാത്രവും  പിന്നെ   അതിഥികൾക്ക് വേണ്ടിയും   നോണ്‍ വെജ്   വിഭവങ്ങൾ പാകപ്പെടുത്തണം . 


  പെട്ടെന്ന്   കയറി വരുന്ന   അതിഥിയ്ക്ക്   വേണ്ടി  നെയ്യിൽ   വറുത്ത   റവ  പഞ്ചസാരയും   ചേർത്ത്   തിളച്ച പാൽ   തളിച്ച്   ഉരുട്ടിയെടുക്കുമ്പോൾ   പൊള്ളിയിട്ട്  കൈവെള്ള   ചുവന്നു തുടുക്കണം.    മുറ്റത്ത്   നില്ക്കുന്ന   മൂവാണ്ടൻ   മാവിൽ  നിന്നും   മാങ്ങ   പറിച്ച്  തേങ്ങയും   കാന്താരിമുളകും   ഉള്ളിയും   ഉപ്പും   കൂട്ടി   ചതച്ച്   ഊണുമേശയിലെ   വിശിഷ്ട വിഭവമാക്കണം.   കപ്പ   പുഴുങ്ങി   കാ‍ന്താരി മുളക്   ചമ്മന്തിയും അരച്ചു   അതിഥികൾക്ക്  വിളമ്പണം.      ജീവിതം   വളരെ  ലളിതം.....പക്ഷെ  അവിടെ   സ്നേഹം ,   സംഗീതം  ,  രുചി,  ശ്വാസ നിശ്വാസങ്ങൾ,  അക്ഷരങ്ങൾ,  ഭാഷ,  ഭാഷയിൽ നിന്നുതിരുന്ന   പ്രണയം ,  നൊമ്പരം  ....അങ്ങനെയങ്ങനെ...

ഒന്നുകൂടി പറഞ്ഞ് ഞാൻ  നിർത്തുകയാണ് .   ഒരിയ്ക്കൽ   കൊല്ലൂർ   മുകാംബിക ക്ഷേത്രത്തിൽ    പോകുന്ന വഴി,   കൈതപ്രം  ദാമോദരൻ   നമ്പൂതിരി സാറിന്റെ   വീട്ടില്   അദ്ദേഹത്തിന്റെ   ആതിഥ്യം   സ്വീകരിയ്ക്കാനിടയായി.  വാക്കുകളുടെ   ആ   ചക്രവർത്തി  ഞങ്ങൾക്ക്   വിളമ്പിത്തന്നത്,   പൊടിയരിക്കഞ്ഞിയും   കടുമാങ്ങാ   അച്ചാറും   ചെറുപയർ തോരനും ചുട്ട   പപ്പടവും!   വലിപ്പത്തിന്റെ   ലാളിത്യം !   നമുക്കൊരു   മാഷുണ്ടായിരുന്നു.  ഓർമ്മയുണ്ടോ ?    " പൊക്കമില്ലായ്മയാണെന്റെ  പൊക്കം "   എന്ന്   പറഞ്ഞ  അതേ    കുഞ്ഞുണ്ണി   മാഷ്‌.   ഒരിയ്ക്കൽ    മാഷിന്   ആതിഥ്യം ഏകാനുള്ള  അവസരമുണ്ടായി.   അദ്ദേഹം  അന്നിങ്ങനെ  പറഞ്ഞു ,

" പല  നല്ല  കാര്യങ്ങളും   പിറക്കുന്നത്   അടുക്കളയിലാണ്.  പക്ഷെ   ആരുമത്   തിരിച്ചറിയുന്നില്ലെന്നു മാത്രം..."  

                                                  ------------------------------

        




  


ആര് നീ യാത്രക്കാരാ?

2 അഭിപ്രായ(ങ്ങള്‍)
                                              ആര്  നീ  യാത്രക്കാരാ?
                                                                                              --ശിവനന്ദ .

          നീ ആര്  യാത്രക്കാരാ?   നിന്നെ   എനിയ്ക്കറിയില്ലല്ലൊ.....!  നീ   എപ്പോഴാണ്  എന്നോടൊപ്പം   ചേർന്നത്  ?    ഞാനത്   അറിഞ്ഞതേയില്ല  ....!   എന്താണ്   നിന്റെ   ലക്‌ഷ്യം ?   മനസ്സിലാകുന്നില്ല ?   എന്തിനാണ്   നീയെന്റെ   കൈയ്യിലെ   കൈവിളക്ക്   തട്ടിയെറിഞ്ഞത്  ?   അതും  മനസ്സിലായില്ല...അതുകൊണ്ട്   നീയെന്ത്  നേടി ?  ആവോ..ആർക്കറിയാം.....!    അതുകൊണ്ട്   ഞാൻ   ഇരുട്ടിലായെന്ന്   കരുതിയോ   നീ ?  കഷ്ടം.....!!

            
           എന്നാൽ   നീ   ഓർത്തോളൂ  ,  ഹൃദയത്തിലെ   തീക്കനൽ   ഊതിത്തെളിച്ച്   ഞാനെന്റെ   ദു:ഖങ്ങൾക്ക്   അഗ്നി   കൊളുത്തിക്കഴിഞ്ഞു  .    കത്തിയമർന്ന്   ഇതാ      അതൊരുപിടി   ചാരമാകുന്നു.   എന്താണ്   നിന്റെ   ചുണ്ടിലെ   ചിരിയുടെ   പൊരുൾ ?  വീണ്ടും   ഞാൻ   ഇരുട്ടിലായെന്നോ?   കഷ്ടം...!
     
         യാത്രക്കാരാ ,   അഹങ്കരിയ്ക്കേണ്ട  നീ...   സൂര്യനെ   എടുത്ത്   നെഞ്ചിലണിഞ്ഞ്   ഞാൻ   വരികയാണ് ....   ഇനി  നിനക്കൊരിയ്ക്കലുമത്     ഊതിക്കെടുത്താനാവില്ല .  നിറയെ   പ്രകാശം.....ഞാനത്   എല്ലാവർക്കും   കൊടുക്കും..വേണമെങ്കിൽ   നീയും   കൂടെ   ചേർന്നോളൂ .....പക്ഷേ....സ്പർശിയ്ക്കരുത്   നീ .   സ്പർശിച്ചാൽ   പൊള്ളും   നിനക്ക്.   എരിഞ്ഞു തീരും   നീ. ..... കനൽപ്പൂക്കൾ   വിരിഞ്ഞ   എന്റെ  കണ്ണുകളിൽ   നീയിനി   നോക്കരുത് .  വെന്തുപോകും   നിന്റെ കണ്ണുകൾ ...

        യാത്രക്കാരാ,   നിന്നോടിനി   സന്ധിയില്ല.   എന്റെ ഊന്നുവടിയും   റാന്തൽ വിളക്കും   തട്ടിയെറിഞ്ഞ  നിനക്കിനി   മാപ്പില്ല .  ഞാനെന്റെ   യാത്ര   പുനരാരംഭിയ്ക്കുകയാണ് ........സൂര്യനെ   നെഞ്ചിലണിഞ്ഞുള്ള   യാത്ര.....

                                                    -------------------------------------  

നിഴൽ യുദ്ധം.

0 അഭിപ്രായ(ങ്ങള്‍)
                                                                 നിഴൽ യുദ്ധം.
                                                                 ----------------------
                                                                                                     -- ശിവനന്ദ .

                                 
                                  വിളിച്ചു ...വീണ്ടും  വീണ്ടും....ഒരായിരം  വട്ടം ........

നോട്ട് അവെയിലബിൾ ...സ്വിച്ച്ഡ് ഓഫ്‌.....പരിധിയ്ക്ക് പുറത്ത്........ഈ ഭൂമിയിൽ ഇത്രയും   വൃത്തികെട്ട   വാക്കുകൾ   വേറെയില്ലെന്ന്   തോന്നി.   ഓരോ   പ്രാവശ്യവും   എന്റെ   വിളികൾ ,  മറുപടികളോ   മറുവിളികളോ   ഇല്ലാതെ   ശൂന്യതയിൽ   ലയിച്ചു ചേർന്നപ്പോൾ ,  മൊബൈൽ   എറിഞ്ഞുടയ്ക്കാനെനിയ്ക്ക്   തോന്നി.  അനാഥമായ   ഓരോ   വിളിയിലും  മനസ്സിന്റെ   ഓരോ   പാളികളാണ്   അടർന്നുപോയത്.   അപ്പോൾ   മാത്രമാണ് എന്റെ   മൊബൈൽ   വെറുമൊരു   യന്ത്രമാണെന്നെനിയ്ക്ക്   തോന്നിയത് .   അതുവരെ ,  അത്   ജീവൻ   തുടിയ്ക്കുന്നൊരു   ഹൃദയമായിരുന്നു .   അതിൽ   അവന്റെ   സ്നേഹമുണ്ടായിരുന്നു ,  കരുതലുണ്ടായിരുന്നു ,  മൃദുചുംബനങ്ങളുണ്ടായിരുന്നു ,  ശ്വാസനിശ്വാസങ്ങളുണ്ടായിരുന്നു ,  നെടുവീർപ്പുകളുണ്ടായിരുന്നു ....അതിലേയ്ക്ക്   ജലതരംഗത്തിന്റെ   ശബ്ദത്തിൽ   അവന്റെ   വിളികളും   വന്നിരുന്നു....അവന്  വേണ്ടി   മാത്രം   ഞാൻ   തെരഞ്ഞെടുത്ത   ശബ്ദം......ഇപ്പൊ...തരംഗം   പോയിട്ട് , ജലം   പോലുമില്ലാതെ  മനസ്സ്   വറ്റി വരണ്ടിരിയ്ക്കുന്നു ....

                         കരയണോ   എന്ന്   ഞാൻ   ചിന്തിച്ചു.  തൊണ്ടയെ   വേദനിപ്പിച്ചുകൊണ്ടൊരു   ഗദ്ഗദം  യുദ്ധസന്നദ്ധമായി   നില്ക്കുന്നുണ്ട് .   ദിനചര്യകൾ   ഏറെക്കുറെ   താറുമാറായിരിയ്ക്കുന്നു  ...

                        മൊബൈലിലേയ്ക്ക്   നോക്കി.   വെറുപ്പ്   തോന്നി .  വൃത്തികെട്ടൊരു   പെട്ടി...  കണ്ടാലും മതി ....കറുത്ത് പെടച്ച് ....എന്തിന്   കൊള്ളാം...? ഞാനതിന്റെ   ഓടക്കുഴൽ  റിങ്ങ് ടോണ്‍   മാറ്റി .   പകരം   പോത്ത്   കരയുന്ന   ശബ്ദമാക്കി .  അവന്റെ   വിളികളില്ലാത്ത   മൊബൈലിന്   ഇനി   ഈ  ശബ്ദം   മതി.... അങ്ങനെ   ചെയ്തപ്പോൾ   ഇത്തിരി   ആശ്വാസം...സന്തോഷം....

                        ഞാൻ   കുളിമുറിയിൽ   കയറി .   കരയാനും   ചിരിയ്ക്കാനും  ചിന്തിയ്ക്കാനും , പിന്നെ   പാട്ടുപാടാനും  എനിയ്ക്ക്   ഏറ്റവും   ഇഷ്ടമുള്ള   സ്ഥലം......കണ്ണുകൾ   പൂട്ടി....ചുണ്ടുകൾ  പൂട്ടി....മനസ്സും   പൂട്ടി....ഏറെ   നേരം................
  അടഞ്ഞ   മനസ്സിൽ   നിന്നൊരു   നറുപുഞ്ചിരി .....

നീയെന്താണ്   കരുതിയത് ?   നിർജ്ജീവമാക്കിയ   മൊബൈൽ ഫോണിന്  പിന്നിൽ   നിനക്ക്  നിന്റെ   ശരീരത്തെ   മാത്രമല്ലേ   ഒളിപ്പിയ്ക്കാനാവൂ ?   നിന്റെ  മനസ്സോ  ?   അത്   ഒളിപ്പിയ്ക്കാനാവുമൊ?  അതിന്   എവിടെയാണ്   നിന്റെ   മനസ്സ് ?   അതെന്റെ   കൈയ്യിലല്ലേ   ഉള്ളത് ?   അതെന്നോ  എനിയ്ക്ക്  തന്നുപോയില്ലെ   നീ?   ഈ ജന്മം   ഞാനത്   നിനക്ക്   തിരിച്ചു തരാനും   പോകുന്നില്ല.   ഈ ജന്മം   മാത്രമല്ല ,  ഇനിയൊരു ജന്മവും  നിനക്കത്   തിരിച്ചു കിട്ടില്ല.   പിന്നെ  നീയെന്ത്   ചെയ്യും?

                    ഞാൻ   കുളിമുറിയിൽ   നിന്നും   പുറത്തിറങ്ങി .   കരയണ്ട   എന്ന് തന്നെ  ഞാൻ  തീരുമാനിച്ചു .   ഹൃദയത്തിൽ   മെല്ലെ   കൈ   ചേർത്തു ....മെല്ലെ.........വളരെ   മെല്ലെ............കാരണം....കാരണം   അതിനുള്ളിലല്ലെ   ഞാനവന്റെ   മനസ്സ്   സൂക്ഷിച്ചിരിയ്ക്കുന്നത്....മയിൽ‌പ്പീലി   പോലെ   മൃദുവായ   അവന്റെ   മനസ്സ്...അതിനു  നോവരുതല്ലൊ.......

                ആ  നിമിഷം  ,  എന്റെ   മൊബൈലിൽ   നിന്നും    പോത്ത്   കരയുന്ന   ശബ്ദം.  ചിരി വന്നു... അങ്ങനെ   വേണം...അങ്ങനെതന്നെ   വേണം....വൃത്തികെട്ട   ഈ  ശവപ്പെട്ടിയ്ക്ക്   ഇതാണ്   ചേരുക ...ഈ  ശബ്ദം തന്നെയാണ്   ചേരുക.  നന്നായിപ്പോയി .... എന്റെ   കണ്ണല്പം   നനഞ്ഞത്   ചിരിച്ചിട്ടാവും....

                                                          -----------------------
















പൂർവ്വാശ്രമത്തിലെ പേര് .

6 അഭിപ്രായ(ങ്ങള്‍)
                                         പൂർവ്വാശ്രമത്തിലെ  പേര് .
                                         ----------------------------------
                                                                                             -- ശിവനന്ദ .

                              ഒരു  പേരിലെന്തിരിയ്ക്കുന്നു ?   ഈ  ചോദ്യം   ആരാണ് ആദ്യം  ചോദിച്ചത് ?  എന്നാണ്   അത്   ചോദിച്ചത് ?  ഒന്നും   അറിയില്ല .  ഒരു പേരിലെന്തിരിയ്ക്കുന്നു   എന്നും   അറിയില്ല.   

                     എനിയ്ക്കുമുണ്ടായിരുന്നു   ഒരു  പേര് .  എന്റെ   പൂർവ്വാശ്രമത്തിലെ   പേര് .   അച്ഛമ്മയുടെ   പേരിടണമെന്ന്   പറഞ്ഞു   അച്ഛൻ .  അങ്ങനെ   ഞാൻ കുറച്ചുനാൾ   മാധവിയായി.   ശ്രീപാർവ്വതിയെന്നു  പേരിടണമെന്ന്   മുത്തച്ഛൻ .  കുറെ നാൾ  അങ്ങനെ   പാറുക്കുട്ടിയുമായി .  സംഗീതത്തിന്റെ   രാഗമഴ   നനഞ്ഞ   അമ്മ   എന്നെ  സംഗീത   എന്ന്   എന്ന്  വിളിച്ചു .   പേരിനൊപ്പം   അച്ഛൻ   എന്റെ   കാതിൽ   ഇങ്ക്വിലാബ്   വിളിച്ചു .   അമ്മയാകട്ടെ   കാതിൽ   ചൊല്ലിയത്  നീലാംബരി .  രണ്ടും   ഞാൻ   പഠിച്ചു.

                       ഒടുവിൽ   മനസ്സിന്റെ   രുദ്രവീണ   മീട്ടി   ഞാനും   പാടാൻ   തുടങ്ങിയപ്പോൾ ,  എനിയ്ക്ക്   ഏത്   രാഗത്തിന്റെ   പേരിടണമെന്നായി   അമ്മയ്ക്ക് .   ഇട്ട   പേരൊന്നും   പോരെന്നായി   അച്ഛൻ .   ശ്രുതിലയരാഗതാളങ്ങൾ  മാറിമാറി   പേരിൽ  വന്നു .   ഒടുക്കം   എന്തായി ?   എല്ലാ   പേരുകളും   ഞാൻ   മറന്നു.   എനിയ്ക്കു ഞാൻ തന്നെ ഒരു പേര്  കണ്ടുപിടിയ്ക്കേണ്ട  അവസ്ഥ !  അല്ലെങ്കിൽത്തന്നെ   ഒരു   പേരിലെന്തിരിയ്ക്കുന്നു ?............

                     ആകെയൊരു   കുലുക്കം..!  ഞാൻ   ഞെട്ടിയുണർന്നു ..!  ഉറക്കത്തിൽ നിന്നല്ല.   ദിവാസ്വപ്നങ്ങളിൽ നിന്ന് .   റോഡിന്റെ   മനോഹാരിത   കണ്ടിട്ടാവും   ബസ്സ്‌  തിരുവാതിര   കളിച്ചുകൊണ്ടാണ്   പോകുന്നത് .   ഏതാണ്   ഈ  സ്ഥലം ?   പുറത്തേയ്ക്ക്   നോക്കി .   ങാ...പുളിഞ്ചുവട് കവല .  ഇനിയുമുണ്ട്   ദൂരം. ഓർഡിനറി ബസ്സിന്റെ   സൈഡ് സീറ്റിലിരുന്നുള്ള   യാത്ര   എന്ത് രസമാണ്..!   കോളേജ് ബസ്സിലും   അങ്ങനെതന്നെയായിരുന്നു ...സൈഡ് സീറ്റിലിരുന്ന്   കണ്ട   സ്വപ്നങ്ങൾക്ക്  അറുതിയുണ്ടായിരുന്നില്ല .   ഓരോ   സ്ടോപ്പിലും   ബസ്സ്‌   നിർത്തുമ്പോൾ   കാണുന്ന   കാഴ്ച്ചകൾക്ക്   എന്നും   ഒരേ   നിറവും   ഭാവവും.   പക്ഷെ   അതിനെല്ലാം   വിവിധ   ഭാവ വർണ്ണങ്ങൾ   കൊടുത്തപ്പോൾ   ഒട്ടും   മടുപ്പ്   തോന്നിയില്ല . .  കാവുംപടി   സ്റ്റോപ്പിലെ   വീട്ടിൽ   തലേന്ന്   കണ്ട   സൂര്യകാന്തിപ്പൂവിന്റെ   ഒരിതൾ  ഇന്ന്  കൊഴിഞ്ഞിരിയ്ക്കുന്നത്   കണ്ടപ്പോൾ   അസ്വസ്ഥതയായി.  ജീ.ശങ്കരക്കുറുപ്പിന്റെ   ' സൂര്യകാന്തി '  ക്കവിതയെ   നെഞ്ചിലേറ്റിയിരുന്നതിനാൽ ,  സൂര്യനെ   പ്രണയിച്ച്   മരിച്ച   സൂര്യകാന്തിയോടെന്നും   അലിവായിരുന്നു .    

                  എന്നും   ബസ് സ്റ്റോപ്പിൽ   കാണുന്ന   അയാൾ   മുടി   വെട്ടാൻ   വൈകിയപ്പോൾ   എനിയ്ക്ക്   ദേഷ്യം   വന്നു .   അയാൾ  ആരാണെന്നൊന്നും   എനിയ്ക്കറിയില്ല .   എങ്കിലും   അയാള്   വൃത്തിയായി   നടക്കണമെന്ന്   ഞാൻ ആഗ്രഹിച്ചു .  അതെന്നും   അങ്ങനെതന്നെയായിരുന്നല്ലോ .   എന്നിലേയ്ക്കാരും   വന്നില്ലെങ്കിലും   എല്ലാവരിലേയ്ക്കും  ഞാൻ   ഇറങ്ങിച്ചെന്നിരുന്നു .   വഴിയരികിലെ   വീട്ടിൽ ,  ജമന്തിയിൽ   മൊട്ടിട്ടത് മുതൽ   അത്   വിരിയുന്നത് വരെയുള്ള   ദിവസങ്ങളോരോന്നും   എന്നിലെത്ര   നിർവൃതിയാണുണ്ടാക്കിയത് ....! 

                   ശിവക്ഷേത്രത്തിന്  മുന്നിലെ   സ്റ്റോപ്പിൽ  ബസ്സ്‌   നിർത്തുമ്പോൾ  അത്   കൃത്യമാണ് .  ആ അപ്പൂപ്പൻ .  ഭാണ്ടവും ഊന്നുവടിയുമായി   ആ അപ്പൂപ്പൻ  എങ്ങോട്ടാണാവോ  നടന്നുപോകുന്നത്....?   മുട്ടത്ത് സ്റ്റോപ്പിൽ   എന്നും   കാണാറുള്ള  വെളുത്തു മെലിഞ്ഞ   പയ്യനോട്   ഒരിത്തിരി   ഇഷ്ടമൊക്കെയുണ്ടായിരുന്നു .  അവന്റെ  വിടർന്ന   കണ്ണുകൾ   ബസ്സിലാകമാനം   തിരയുന്നത്   എന്നെയാണെന്ന്   മനസ്സിലായപ്പോൾ  ഒരു   കള്ളച്ചിരിയോടെ  ഞാൻ  അല്പം   മറഞ്ഞിരുന്നു.  അവന്റെ   അനിയത്തിയോട്   മനപ്പൂർവ്വം  ഇഷ്ടം   കൂടിയത്   വെറുതെയൊന്നുമായിരുന്നില്ലല്ലൊ .   പക്ഷെ ..ഒരു   ദിവസം  അവനെ  കണ്ടില്ല. പിന്നീടൊരിയ്ക്കലും   കണ്ടില്ല .  എവിടെപ്പോയോ  ആവോ....അനിയത്തിയോട്   ചോദിയ്ക്കാനും   മടിയായി .   പോട്ടെ .  അല്ലാതിപ്പോ   അതോർത്ത്   വിഷമിയ്ക്കാനെവിടെ   നേരം ?   തെരഞ്ഞെടുപ്പാണ്   വരുന്നത് .   

                       വൈസ് ചെയർമാൻ   സ്ഥാനത്തേയ്ക്ക്   മത്സരിച്ച്   ജയിച്ചപ്പോൾ   മനസ്സിലായി,  ഭരണം   അത്ര  എളുപ്പമല്ലെന്ന് .   തീരുമാനിച്ചു,  ഇനിയൊരു   മത്സരത്തിനില്ല .   ഒരു സിംഹാസനത്തിന്റെ താങ്ങില്ലാതെ  പ്രവൃത്തിയ്ക്കാനായിരുന്നു  ഇഷ്ടം .   കിരീടവും   ചെങ്കോലുമില്ലാതെ   സാധാരണക്കാരിയായി നിന്ന്  അഭിപ്രായങ്ങൾ   വെട്ടിത്തുറന്നു പറഞ്ഞു .  അന്യായം   എവിടെക്കണ്ടാലും   പൊട്ടിത്തെറിച്ചു .  അത്   കഴിഞ്ഞ  വർഷം .  ഈ  വർഷം   വീണ്ടും തെരഞ്ഞെടുപ്പ് .   ക്ളാസ്സിലെയ്ക്ക്   കയറിച്ചെന്നപ്പോൾ   ഒരു   ആരവം....!

"സ്ഥാനാർത്ധി  ആയിയേ...."

മനസ്സിലായില്ല ഒന്നും .  മുന്നിലേയ്ക്ക്   നീണ്ട  നോട്ടീസിൽ   നോക്കി   സ്തംഭിച്ച്   നിന്നു ...!   വീണ്ടും   മത്സരിയ്ക്കുന്നു   ഞാൻ...! ഞാനറിയാതെ...!

" ഇതാര്   ചെയ്തു ?"

"പാർട്ടി ..."

" ആരോട്   ചോദിച്ചിട്ട് ?"

" പാർട്ടി  തീരുമാനിച്ചു.  പ്രസ്ഥാനത്തിൽ   വ്യക്തികളില്ല ."

ദേഷ്യം   കൊണ്ട്   ജ്വലിച്ചു .  ..ആരോടും   പറഞ്ഞില്ല .  അനുവാദവും   ചോദിച്ചില്ല. നോമിനേഷൻ   ക്യാൻസൽ   ചെയ്തു .   ചോദ്യങ്ങൾക്ക്  നിശിതമായി   മറുപടി  പറഞ്ഞു .

" എന്റെ  വ്യക്തിത്വത്തിൽ   കടന്നാക്രമണം  നടത്താൻ   ഒരു  പ്രസ്ഥാനത്തേയും   ഞാൻ   അനുവദിയ്ക്കുന്നതല്ല ."

കുട്ടിനേതാക്കന്മാർ  അച്ഛനോട്   പരാതി  പറഞ്ഞപ്പോൾ   ഒന്ന്   ഭയന്നില്ലെന്ന്   പറയാതെ വയ്യ.   കാരണം   അച്ഛൻ   പറഞ്ഞാൽ    അനുസരിച്ചല്ലെ   തീരൂ....പക്ഷെ...അച്ഛൻ...ആ മഹാമനുഷ്യൻ   പറഞ്ഞു..

"അവൾക്കിഷ്ടമില്ലെങ്കിൽ   വേണ്ട .  എന്ത്   പ്രവർത്തി ചെയ്താലും   അത്   ഇഷ്ടത്തോടെയായിരിയ്ക്കണം .  എങ്കിലേ  അതിന്   നല്ല റിസൽറ്റ്  ഉണ്ടാവൂ..."

അച്ഛനെന്ന   വാക്കിന്  അർത്ഥം  എനിയ്ക്കെന്നും  വിഭിന്നമായിരുന്നു.  ഈ   വൈവിദ്ധ്യം  നിലനിന്നത്   എന്നിലോ   അദ്ദേഹത്തിലോ എന്നോർത്ത് മനസ്സ്   അലഞ്ഞുതിരിഞ്ഞു .  ഒരിയ്ക്കലും   അച്ഛനെന്ന   വാക്കിന്റെ പരമ്പരാഗത നിർവ്വചനങ്ങളിൽ  ഞാൻ വിശ്വസിച്ചിരുന്നില്ല.  സ്വാതന്ത്ര്യസമരത്തെക്കുറിച്ച്  പറഞ്ഞുതരുന്നതിനുപകരം ,  ഒരു  നാടോടിയ്ക്ക് പോലും അസൂയ  തോന്നുമാറ്   സ്വാതന്ത്ര്യം   തന്നിരുന്നത്  ഒരു വിഭിന്നതയായിത്തന്നെ  ഞാൻ കണ്ടു.  മക്കൾക്ക്   കൊടുക്കുന്ന സ്വാതന്ത്ര്യത്തിൽ   അച്ഛൻ  ആശങ്കപ്പെട്ടിരുന്നില്ല.   കോളേജ് രാഷ്ട്രീയത്തിന്റെ  ഊരാക്കുരുക്കുകളിലും  നിയമക്കുരുക്കുകളിലും  പെട്ട്   നട്ടം തിരിഞ്ഞ  മകന്റെ  ദു:ഖത്തെ  പുഞ്ചിര്യോടെ  തള്ളിക്കളഞ്ഞു  അച്ഛന്റെ അപാരമായ പക്വത.

                ' ഗുവാര' യെ    'ചെ '   ആക്കിയ  ലാറ്റിൻ അമേരിക്കൻ  യാത്രകളായിരുന്നൊ   ആ  മനസ്സിൽ ?  അതോ   അച്ചനേതോ   ആന്തരിക യാത്രയിലായിരുന്നോ?  ജാതിയ്ക്കും  മതത്തിനും   അതീതമായി   ചിന്തിയ്ക്കാൻ പഠിപ്പിച്ച  അച്ഛൻ  സമ്മാനിച്ചത്  തകർക്കാനാവാത്ത  സ്വതന്ത്ര ചിന്തകൾ .  എനിയ്ക്കെന്നെത്തന്നെ   കണ്ടെത്താൻ ,   ചോദിയ്ക്കാതെ കിട്ടിയ   ആത്യന്തിക സ്വാതന്ത്ര്യം  അദ്ദേഹം തന്ന നിധി.........

എന്റെ   പൂർവ്വാശ്രമത്തിലെ  ഭ്രമണങ്ങളിൽ  കറങ്ങിത്തിരിഞ്ഞ്  തുടങ്ങിയിടത്തുതന്നെ   ഞാൻ അവസാനിപ്പിയ്ക്കുമ്പോൾ   അച്ഛന്റെ  കണ്ണുകളിൽ   എന്നത്തേയും പോലെ   കാരണങ്ങൾക്കതീതമായ ആത്മവിശ്വാസം തന്നെയായിരുന്നു.  അപ്പോൾ   ആ ധ്യാന നേത്രങ്ങളിൽ  നോക്കി  ഞാൻ  ചിന്തയിൽ  മുഴുകി.   എനിയ്ക്കെന്തിനാണൊരു  പേര് ? അല്ലെങ്കിൽത്തന്നെ  ഒരു   പേരിലെന്തിരിയ്ക്കുന്നു ?.......

ബസ്   വീണ്ടും   കുലുങ്ങി   നിന്നു .  മനസ്സ്   താഴിട്ടു പൂട്ടി  മറ്റൊരു  യാത്രയിലേയ്ക്ക്  ......

                                          ----------------------------------------





                   




സ്നേഹപൂർവ്വം മയിൽ‌പ്പീലി .

0 അഭിപ്രായ(ങ്ങള്‍)
                     സ്നേഹപൂർവ്വം മയിൽ‌പ്പീലി .
                                                                       
                                                                          --  ശിവനന്ദ .

                പ്രിയപ്പെട്ട കുഞ്ഞേ ,
                                                 
                                                   ഇത് ഞാനാണ്.   നിന്റെ സഞ്ചിയിലെ  പുസ്തകത്താളുകൾക്കിടയിൽ   ജനിയ്ക്കുകയും   വളരുകയും  സ്വപ്‌നങ്ങൾ   നെയ്യുകയും   ചെയ്തവൾ.....ഓർക്കുന്നോ   നീയെന്നെ ?   ആളും   മാനവും   കാണാതെ   നീയെന്നെ   ഒളിച്ചു വച്ചപ്പോൾ ,  നിന്റെ   ഹൃദയത്തിലായിരുന്നില്ലേ   എന്റെ ഇരിപ്പിടം ?   ആരുമറിയാതെ   പമ്മിവന്ന്   എന്നെ   ഒളിഞ്ഞു നോക്കുമ്പോൾ ,  ഒരു   കോരിത്തരിപ്പിന്റെ   നിർവൃതിയായിരുന്നു   ഞാനറിഞ്ഞത് .

പിണങ്ങിയ   ചങ്ങാതിയെ   ഇണക്കാൻ എന്നെ  സമ്മാനമായി   നീ  കൊടുക്കുമ്പോൾ ,  എനിയ്ക്ക്   സ്നെഹത്തോളം   സ്ഥാനമുണ്ടായിരുന്നു .   എന്നാൽ  ചങ്ങാതിയോട്‌ നീ പിണങ്ങുമ്പോൾ ,  കൊടുത്ത സമ്മാനം   നീ   തിരികെ   ചോദിയ്ക്കുമ്പോൾ ....വിലയിടാനാവാത്തതാണ്   എന്റെ   സ്ഥാനമെന്ന്   ഞാൻ വീണ്ടും  അറിയുകയായിരുന്നു .

"കുറച്ചീസം   നിന്റെ   പുസ്തകത്തിൽ.. കുറച്ചീസം   എന്റെ പുസ്തകത്തിൽ ..."

എന്ന്  പറഞ്ഞ് , എന്റെ  ഉടമസ്ഥാവകാശം   നിങ്ങൾ   പങ്കിട്ടപ്പോൾ  ,  പങ്കുവയ്ക്കലാണ്  സ്നേഹമെന്ന്   ഞാൻ  മനസ്സിലാക്കി .   ഒടുവിൽ   എങ്ങോ   പിരിഞ്ഞുപോയ   ചങ്ങാതിയ്ക്ക്   സ്നേഹത്തോടെ   നീയെന്നെ   സമ്മാനിച്ചപ്പോൾ ,  ത്യാഗമാണ്  -- വിട്ടുകൊടുക്കലാണ്  സ്നേഹമെന്നും   ഞാനറിഞ്ഞു.

നിന്റെ   പുസ്തകസഞ്ചിയിൽ   കിടന്ന്   ഊഞ്ഞാലാടിയപ്പോൾ ,  സ്നേഹത്തിന്റെ   എത്രയെത്ര   ഭാവങ്ങളാണ്   കുഞ്ഞേ   നീയെന്നെ  പഠിപ്പിച്ചത് ..!

നീയും   വളർന്നു ...ഞാനും  വളർന്നു ....നമ്മൾ   യാത്ര   ചെയ്ത   ഇടനാഴികൾ  ഇരുണ്ടും   വെളുത്തും....

എന്തിനാണ് കുഞ്ഞേ   നീ   വളർന്നത് ?  നിന്റെ   വളർച്ചയ്ക്കിടയിലെ   ഏതോ ഗുഹാന്തരങ്ങളിലല്ലെ  എന്നെ   നിനക്ക്  നഷ്ടമായത് ?  അല്ലെങ്കിൽ   നീയെന്നെ   നഷ്ടപ്പെടുത്തിയത് ?  എന്തൊരു   കാലനീതിയാണിത് ...?

എവിടെയാണ്   നീ  ?  സുഖമോ   നിനക്ക് ?  നീണ്ടിടതൂർന്ന   മുടിയുണ്ടോ   നിനക്കിപ്പോഴും ?  നീണ്ടിടംപെട്ട   നിന്റെ   കണ്ണുകളിൽ   സ്വപ്നം   മയങ്ങുന്നുണ്ടോ ?  അതോ   പണ്ടത്തെപ്പോലെ   കുസൃതിയാണോ ?  അന്നത്തെ   കുട്ടിമനസ്സ്  നഷ്ടമായോ   നിനക്ക് ?

കാലത്തിന്റെ   കണക്ക് പുസ്തകത്തിൽ   ഒരുപാട് വെട്ടലും തിരുത്തലും......ഞാൻ   പോവുകയാണ്....എങ്ങോട്ടെന്നറിയില്ല.....വിമാനത്തിലാണെന്റെ   യാത്ര.....ആരുടെയോ  മൗലിയിൽ ചാർത്തപ്പെടാൻ ....അത്   കണ്ണന്റെയല്ലെന്ന്   എനിയ്ക്കറിയാം....ആർക്കൊക്കെയോ ആഭരണമാവാൻ...അത്  നിനക്കല്ലെന്ന്  എനിയ്ക്കറിയാം.....എവിടൊക്കെയോ   അലങ്കാരമാകാൻ ...അത്  നിന്റെ പുസ്തകത്താളിനല്ലെന്ന്   എനിയ്ക്കറിയാം ....

മുറിഞ്ഞിരിയ്ക്കുന്നു  എന്റെ  ഹൃദയം......ചോര   വാർന്നിരിയ്ക്കുന്നു.....കുഞ്ഞേ....പോവുകയാണ്...നീയില്ലാത്തൊരു   ലോകത്തേയ്ക്ക്...പക്ഷെ ...ഞാൻ ജീവിയ്ക്കും.  എന്റെ ഹൃദയത്തിൽ   ഒരു തുടിപ്പ്  മാത്രം   മാറ്റിവച്ച്  ഞാൻ   ജീവിയ്ക്കും,  ഒറ്റ  പ്രതീക്ഷയിൽ.  ജീവിത സായാഹ്നത്തിൽ ,  നീ   നിന്റെ   ബാല്യത്തിലേയ്ക്ക്   തിരിച്ച്  വരുമെന്നെനിയ്ക്കറിയാം.  അപ്പോൾ...അപ്പോൾ  നീയെന്നെ   നിന്റെ  പുസ്തകത്താളുകൾക്കിടയിൽ   തിരയും... കണാതാകുമ്പോൾ   നീ വേദനിയ്ക്കും.  എന്നെ  വിളിച്ച്  കരയും...  നീ വിളിച്ചാലെനിയ്ക്ക്   വരാതിരിയ്ക്കാനാവില്ല . ഞാൻ വരും...എവിടെയാണെങ്കിലും  ഞാൻ  വരും...

പ്രതീക്ഷ.....ഒരു  പിൻവിളിയ്ക്കുള്ള  പ്രതീക്ഷ...അതെന്നെ ജീവിപ്പിയ്ക്കും...ഇപ്പോൾ   ഞാൻ  പോകട്ടെ. മുറിഞ്ഞു മുറിഞ്ഞ്  ചോര വാർന്ന് പിടയാൻ   ഒരു  സമരമുന്നണിയിലേയ്ക്ക്.......


                                                                            -- സ്നേഹപൂർവ്വം -----
                                             
                                                         ---------------------------------




 
Copyright © .