2016, ജനുവരി 17, ഞായറാഴ്‌ച

എഴുത്തുവഴിയിൽ സൗഹൃദങ്ങൾ .

3 അഭിപ്രായ(ങ്ങള്‍)
  എഴുത്തുവഴിയിൽ  സൗഹൃദങ്ങൾ  
---------------------------------------------------------------                      

ഞാൻ   വെറുമൊരു   സാധാരണക്കാരി .   അക്ഷരങ്ങളെ  നെഞ്ചോട്   ചേർത്ത്   , സങ്കടവും  സന്തോഷവും, ദേഷ്യവും  അമർഷവും , എല്ലാം  കണ്ണീരിലും  ചിരിയിലും  ഒളിപ്പിച്ച് , സ്നേഹിയ്ക്കപ്പെടുമ്പോഴും , അവഗണിയ്ക്കപ്പെടുമ്പോഴൂം   കണ്ണു നനഞ്ഞ് ,മനസ്സിന്റെ   രുദ്രവീണ   മീട്ടി   സംഗീതത്തിന്റെ   രാഗമഴ   നനഞ്ഞ് അങ്ങനെയങ്ങനെ...  


അക്ഷരങ്ങളുടെ   കൈ   പിടിച്ച്   ഞാൻ  ചുവട്   വയ്ക്കുമ്പോൾ   കൈത്താങ്ങായി   എന്നുമെന്റെ   സൗഹൃദങ്ങൾ ഉണ്ടായിരുന്നു. 


ഏഴാം ക്ളാസ്സിൽ വച്ച്   പുസ്തകത്താളുകളിൽ   ആരും   കാണാതെ   കുറിച്ചിട്ടിരുന്ന   വരികൾ  കണ്ടുപിടിച്ചത്   ബയോളജി   പഠിപ്പിയ്ക്കുന്ന   സാർ . അത്   കഥയോ   കവിതയോ  എന്ന്   എനിയ്ക്ക് തന്നെ  തിട്ടമില്ലാത്ത  അവസ്ഥ .  സാറും  ഞാനും   നല്ല  കൂട്ടുകാർ .   സാർ   പറഞ്ഞു,


"ആവർത്തന വിരസത വരുത്താതെ  നോക്കണം".

എഴുത്ത് വഴിയിൽ ആദ്യമായി   കിട്ടിയ   ഉപദേശം !   നുറുങ്ങുകഥകളും   കവിതകളും  ബയോളജി സാറെന്ന   ഒരേയൊരു   വായനക്കാരനുമായി   കഴിഞ്ഞുപോയി   എന്റെ  സ്കൂൾ   കാലഘട്ടം .   അച്ഛനോടും അമ്മയോടും മറ്റാരോടും   പറഞ്ഞില്ല   ഞാനിത്.    പരീക്ഷയുടെ  തലേന്ന്   ആരും   കാണാതെ  പുസ്തകത്തിന്റെ   ഉള്ളിൽ കടലാസ്  വച്ച്  ഒരു കുഞ്ഞു കഥയെഴുതിയത് ,  അദ്ധ്യാപികയായിരുന്ന   അമ്മ അറിഞ്ഞാൽ   ക്ഷമിയ്ക്കുമായിരുന്നില്ലല്ലോ.  ആരോടുമൊന്നും  പറഞ്ഞില്ല.

പ്രീഡിഗ്രിക്കാലത്തെ   ഹോസ്റ്റൽ   വാസത്തിനിടയിൽ   എന്റെ   കുത്തിക്കുറിപ്പുകൾ   കണ്ടുപിടിച്ചു ,   പ്രിയപ്പെട്ട   കൂട്ടുകാരി.
അവളത്   ക്ളാസ്സിൽ   പരസ്യമാക്കി .

രണ്ടാം വർഷം  ഞങ്ങളുടെ   ക്ളാസ്സിൽ നിന്നൊരു മാഗസീൻ ഇറക്കി. ( സ്റ്റുഡന്റ്സ്  വോയ്സ് ) .   എന്റെ എഴുത്തിൽ  തീരെ   ആത്മവിശ്വാസമില്ലാതെ പിൻവലിഞ്ഞ   എന്നെക്കൊണ്ട്  നിർബ്ബന്ധിച്ച്   കഥയെഴുതിച്ചു   സുഹൃത്തുക്കൾ.    ' സന്ധിയ്ക്കാത്ത സ്വപ്‌നങ്ങൾ'    എന്ന ആ കഥ    വായിച്ച് , പ്രസിദ്ധീകരണയോഗ്യമാണെന്ന്   വിലയിരുത്തി,   കവിയും   കൂടിയായിരുന്ന   കൂട്ടുകാരൻ .    ( ' പമ്പാരാജ് '   എന്ന തൂലികാനാമത്തിൽ  എഴുതിക്കൊണ്ടിരുന്ന   അദ്ദേഹത്തെ , പ്രീഡിഗ്രി   കഴിഞ്ഞതിനു  ശേഷം   കണ്ടിട്ടില്ല.   അദ്ദേഹത്തിൻറെ ,   "സ്ത്രീയേ   നീയൊരു   പൂവായ്  വിരിഞ്ഞല്ലോ "  എന്ന   കവിത  ,   എന്റെ  പ്രിയ  സമ്പാദ്യങ്ങൾക്കിടയിൽ   ഇന്നും സുഭദ്രം.   ഈ ലോകത്തിന്റെ   ഏതെങ്കിലും  ഒരു  കോണിൽ  ഇരുന്നു ഇപ്പോഴും  അദ്ദേഹം  എന്തെങ്കിലും  കുത്തികുറിയ്ക്കുന്നുണ്ടാവുമോ  ?    അതോ,  ജീവിതത്തിന്റെ  ഏതെങ്കിലും  ഇടനാഴിയിൽ ,  ആ അക്ഷരപ്പൂക്കൾ വീണു  കരിഞ്ഞിട്ടുണ്ടാവുമോ ?  അങ്ങനെ ആകാതിരിയ്ക്കട്ടെ എന്നാണു പ്രാർത്ഥന.   എന്റെ അക്ഷരയാത്രയിൽ ,   ഏതെങ്കിലുമൊരു  പാതയോരത്ത്  അദ്ദേഹത്തെ ഇനിയും  കണ്ടേക്കാം... പ്രതീക്ഷയാണത്...)  


അങ്ങനെ   ആദ്യമായി   എന്റെയൊരു   രചന   എന്റെ സുഹൃത്തുക്കളുടെ   പ്രയത്നത്തിൽ   അച്ചടിമഷി   പുരണ്ടു ,   പതിനേഴാമത്തെ  വയസ്സിൽ .  അന്നുമുതൽ   ഞാൻ  കോളേജ് മാഗസിനിലെ   സ്ഥിരം   എഴുത്തുകാരിയായി .


  ഡിഗ്രി   കാലഘട്ടത്തിൽ   എന്റെ   കഥകളുടെ  ഏറ്റവും   വലിയ   വായനക്കാർ  രണ്ടുപേർ . ഒന്ന്   എന്റെ   ട്യൂഷൻ   മാസ്റ്റർ .   പിന്നെ ,  അയൽവാസിയും   സഹപാഠിയും ആയ   സുഹൃത്ത്. ( അദ്ദേഹം ഇന്ന്, കൊച്ചിൻ  നേവൽ   ബേസിലെ ഉദ്യോഗസ്ഥൻ ).


"കഥകൾ  നന്നാവുന്നുണ്ട്,  പക്ഷെ   കുറേക്കൂടി   താദാത്മ്യം   വരുത്തണം"


അദ്ദേഹം  പറഞ്ഞു.  എഴുത്തുവഴിയിൽ   കിട്ടിയ   രണ്ടാമത്തെ   ഉപദേശം . എല്ലാം  ഞാൻ   മനസ്സിൽ   കുറിച്ചിട്ടു .  എഴുത്ത്  അനസ്യൂതം   തുടർന്നു .


പഠനം   കഴിഞ്ഞു.  വിവാഹവും..... വിവാഹശേഷം , അക്ഷരങ്ങൾ   എന്നെയാണോ   അതോ   ഞാൻ   അക്ഷരങ്ങളെയാണോ   ഉപേക്ഷിച്ചതെന്നറിയില്ല  .   ഫലത്തിൽ ,  ഞാൻഎന്റെ  പേന   അടച്ചുവച്ചു .   ഒരു   ചെറിയ   വൃത്തം   വരച്ച്   അതിനുള്ളിൽ   വെറുതെയിരുന്നു .  വർഷങ്ങൾ...ഞാൻ   ഒന്നും   വായിച്ചില്ല .   എഴുതിയുമില്ല .  സൌഹൃദങ്ങളെയും   ആ  വൃത്തത്തിനുള്ളിലെയ്ക്ക്   ഞാൻ   കയറ്റിയില്ല .


"ഒരു   കമ്മ്യൂണിസ്റ്റ് വിപ്ളവകാരിയുടെ   മകളെന്താ  ഇങ്ങനെ   വെറുതെ ഇരിയ്ക്കുന്നെ?   മണ്ണാങ്കട്ട...നിന്റെ   സ്ഥാനത്ത്   ഞാനായിരുന്നെങ്കിൽ  എന്റെ അക്ഷരങ്ങളും   വാരിപ്പിടിച്ച്   ആകാശത്തുകൂടി   പറന്നേനെ "


എന്റെ   പ്രിയപ്പെട്ട   കൂട്ടുകാരി   ഇങ്ങനെയെന്നെ   ശാസിച്ചത്   എന്നോടുള്ള   സ്നേഹം   കൊണ്ട്  തന്നെയാണ് .  അതെനിയ്ക്കൊരു   പ്രചോദനവുമായിരുന്നു .  നാളുകൾക്ക്   ശേഷം   എന്റെ   പഴയൊരു   സുഹൃത്തിനെ   അപ്രതീക്ഷിതമായി   കണ്ടു.    അദ്ദേഹം ഐ,ഏ .എസ്  റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ .    എന്റെ   മാറിയ   രൂപഭാവങ്ങൾ  അദ്ദേഹത്തിന്   വിശ്വസിയ്ക്കാനായില്ല .    അടുത്ത   ദിവസം തന്നെ  എനിയ്ക്ക്   കുറെ   പുസ്തകങ്ങൾ   കൊടുത്തയച്ചിട്ട്‌   പറഞ്ഞു,,


"എഴുത്തും   വായനയും   പുനരാരംഭിയ്ക്കണം .  ഞങ്ങൾക്ക്   ഞങ്ങളുടെ   പഴയ  ഗീതയെ     തിരികെ   വേണം ."


ആ  പുസ്തകങ്ങൾ   മടിയിൽ വച്ച്   ഏറെ  നേരം   ഞാൻ   കസേരയിൽ ചാരി   കണ്ണുകളടച്ചിരുന്നു .  പിന്നെ പുസ്തകത്താളുകൾ   വെറുതെ   മറിച്ചുകൊണ്ടിരുന്നു .  മനസ്സിനെ   ഒന്ന്   തിരിച്ചുപിടിയ്ക്കാനുള്ള   ശ്രമമായിരുന്നു  അത് .   ഒരുപാട് നാൾ   തളർന്നു കിടന്നുപോയ ഒരാൾ   എഴുന്നേറ്റ്   പിച്ച വയ്ക്കുന്നതുപോലെ ...മെല്ലെ മെല്ലെ ..ഞാൻ   പഴയ   ശിവയിലേയ്ക്ക്    തിരികെ  നടന്നു .   ആർത്തിയോടെ   വായിച്ചുതുടങ്ങി....ആവേശത്തോടെ   എഴുതിത്തുടങ്ങി . അങ്ങനെ 
ഞാൻ പഴയ ശിവയിലേക്ക് .. 

കുറെ   സുഹൃത്തുക്കളിലും   ചില   ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമായി   എന്റെ  സൃഷ്ടികൾ   നിർവൃതി  പൂണ്ടു .   ഒരു   ആനുകാലികപ്രസിദ്ധീകരണത്തിൽ എന്റെയൊരു   കഥ   ആദ്യമായി   പ്രസിദ്ധീകരിച്ചപ്പോൾ   പ്രതിഫലമായി   അവരയച്ചുതന്ന 150   രൂപ   കൈയ്യിൽ വച്ച്  ഞാൻ  അഭിമാനത്തോടെ   ഇരുന്നു ,   ഒരു  ലക്ഷം   രൂപ   കൈയ്യിൽ  കിട്ടിയത് പോലെ..!    ഒരിയ്ക്കൽ   മറ്റൊരു  പ്രസിദ്ധീകരണത്തിൽ നിന്നും    നിന്നും   അവരയച്ച്ചുതന്ന   750   രൂപയുടെ   ചെക്ക്  തെരുപ്പിടിച്ച്   ഞാനിരുന്നു,  അമ്പിളി അമ്മാവനെ   കൈയിൽ കിട്ടിയതുപോലെ....!


"ഗീതയ്ക്ക്   പ്രതിഫലമായി  ആദ്യമായല്ലേ   ഒരു  ചെക്ക്   കിട്ടുന്നത് ,  ജീവിതം   മുഴുവൻ ഓർക്കാനുള്ളതാണ് "   എന്ന് പറഞ്ഞ്  ആ  ചെക്കിന്റെ   ഫോട്ടോ   എടുത്ത്   എനിയ്ക്ക്   തന്നു,  എന്റെയൊരു   സുഹൃത്ത്.( അദ്ദേഹം  അഭിഭാഷകൻ .) , ... സത്യം..എനിയ്ക്ക്   കരച്ചിൽ  വന്നു.  ആരാണ്   അങ്ങനെയൊക്കെ   ചെയ്യാൻ  അവരോട്   പറഞ്ഞത് ?  ആരും   പറഞ്ഞില്ല ...പക്ഷെ ...എനിയ്ക്ക് വേണ്ടി  അവരങ്ങനെയൊക്കെ   ചെയ്തുകൊണ്ടിരുന്നു .....


"ഗീത ബ്ളോഗ് എഴുതൂ.   ."


എന്റെ വക്കീൽ സുഹൃത്ത്  പറഞ്ഞു.    ഒരു ബണ്ടിൽ  വെള്ളപ്പേപ്പറും   എനിയ്ക്ക്  കൊടുത്തയച്ചു .     വെറുതെ ഒരു പ്രോത്സാഹനം...ബ്ലോഗിനെക്കുറിച്ച്    അന്നെനിയ്ക്ക്   ഒന്നും   അറിയുമായിരുന്നില്ല .   എല്ലാം അവർ  പറഞ്ഞുതന്നു .  ബ്ലോഗ് ഉണ്ടാക്കിയിട്ടത് സുഹൃത്തുക്കൾ  തന്നെയാണ്.   ജീവിതത്തിൽ ആദ്യമായി കമ്പ്യൂട്ടർ  ഉപയോഗിയ്ക്കാൻ തുടങ്ങിയത് അങ്ങനെയാണ്. അതുവരെ അതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയുമായിരുന്നില്ല.  അത് ഓൺ  ചെയ്യാൻ പോലും ഞാൻ  ശ്രമിച്ചിരുന്നുമില്ല...!  എനിക്കത് കൂടിയേ തീരൂ എന്ന അവസ്ഥ വന്നപ്പോൾ  അത്  പഠിയ്ക്കാൻ തന്നെ ഞാൻ  തീരുമാനിച്ചു.  എന്റെ മോളാണ് അതിലെന്റെ  ഗുരുനാഥ.  മോളോട്  ചോദിച്ച് ,   കൊച്ചു കുഞ്ഞുങ്ങൾ   അക്ഷരം   പഠിയ്ക്കുന്നതുപോലെ   ഞാൻ  ഒരോന്നും  പഠിച്ചെടുത്തു .   അങ്ങനെ 2013 ഇൽ ഞാനൊരു ബ്ലോഗറായി.   

ശിവനന്ദ  എന്ന തൂലികാനാമത്തിലാണ് ഞാൻ   എഴുതിയിരുന്നത്.  ആ പേരിനോട് എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. എനിയ്ക്ക് ഒരുപാട് ഐശ്വര്യം തന്ന പേര്. എന്റെ അച്ഛന്റെയും അമ്മയുടെയും പേരിന്റെ അംശം എടുത്ത് ഞാൻ  തന്നെ എനിക്കിട്ട പേര്.     2013 ഇൽ ത്തന്നെ  മറ്റൊരു  ഓൺലൈൻ  സൈറ്റിൽ ( കൂട്ടം )  ഞാൻ എഴുതാൻ തുടങ്ങി.   ആ  കൂട്ടായ്മ   എനിയ്ക്ക്  തന്ന   'നല്ലതുകൾ '  പറഞ്ഞാൽ തീരില്ല.   അവിടുത്തെ  സൗഹൃദങ്ങൾ   എനിയ്ക്ക് തന്ന  വൈകാരിക  പിൻതുണ  ഒരിയ്ക്കലും  മറക്കാനാവില്ല..  എന്റെ   ജീവിതത്തിൽ  അത്   ഒരുപാട്  മാറ്റങ്ങളുണ്ടാക്കി.    എന്നിലെ  എന്നെ  വീണ്ടും വീണ്ടും  ഞാൻ തിരിച്ചറിഞ്ഞു   .  


അവിടെ വച്ചാണ്   എന്റെ  കഥകൾ  പുസ്തകമാകുന്നത്. ( മഞ്ഞ് പൂത്ത വെയിൽമരം ).  2014 ഇൽ .  അതിന്റെ   പബ്ലിഷർ  ലീല. എം .ചന്ദ്രൻ .    അവർ എനിയ്ക്ക് വെറുമൊരു  പബ്ളിഷർ  മാത്രമല്ല.  എന്നെ ഒരുപാട്   സ്നേഹിയ്ക്കുന്ന  സുഹൃത്തും   സഹോദരീതുല്യയും .  ഞങ്ങളുടെ   ചിന്തകളിലും ,  ആശയങ്ങളിലും ,  എന്തിന് ...ഭാഷയിൽപ്പോലുമുള്ള  സാമ്യം  പലപ്പോഴും   എന്നെപ്പോലും  അതിശയിപ്പിയ്ക്കുന്നു.....ഏതൊക്കെയോ   ജന്മാന്തരങ്ങളിൽ   എന്നൊക്കെയോ  ഞങ്ങളുടെ   വേരുകൾ   തമ്മിൽ   കൂട്ടിയിണക്കപ്പെട്ടിട്ടുണ്ടാവാം .  അവർ ഇന്നില്ല.  അസുഖം ബാധിച്ച്  മരണമടഞ്ഞു.  അതൊരു വേദനയും നഷ്ടവുമാണ് . 


 ലീലേച്ചിയെ   എനിയ്ക്ക്   പരിചയപ്പെടുത്തിയതും,  എന്റെ   കഥകൾ  പുസ്തകമാക്കാനുള്ള   എല്ലാ   ഏർപ്പാടുകളും   ചെയ്തതും ,  ആ കൂട്ടായ്മയിലുള്ള    എന്റെയൊരു  പ്രിയ സുഹൃത്ത് .  അദ്ദേഹത്തെ  ഞാനൊരിയ്ക്കലും കണ്ടിട്ടില്ല..!  പുസ്തകത്തിന്റെ   പ്രകാശന കർമ്മങ്ങൾക്ക്   വേണ്ട  കാര്യങ്ങളും   സുഹൃത്തുക്കൾ തന്നെ ചെയ്തു.  


ഇത്തരുണത്തിൽ ,  പുസ്തകം  പ്രകാശനം  ചെയ്ത,  ശ്രീ . കുരീപ്പുഴ  ശ്രീകുമാർ   സാറിനെയും ,  അതേറ്റുവാങ്ങിയ  ബിനോയ് ഏട്ടനേയും ( ബിനോയ് വിശ്വം) ഞാൻ സ്നേഹാദരങ്ങളോടെ  നമിയ്ക്കുന്നു..


പുസ്തകത്തിലുൾപ്പെട്ട  'ആത്മാവിന്റെ കാഴ്ചപ്പാടുകൾ'   എന്ന കഥ മുഴുവൻ , ശ്രീകുമാർ സാർ , വേദിയിൽ നിന്ന്  സദസ്സിനെ   വായിച്ചു കേൾപ്പിച്ചതും , അദ്ദേഹം ഈ പുസ്തകപ്രകാശനത്തെക്കുറിച്ച്‌ ,  'ഓൺലൈൻ മേട്ടിലെ ഒളിപ്പോരാളികൾ '     എന്ന പേരിൽ  ഒരു ലേഖനമെഴുതിയതും  എന്റെ ജീവിതത്തിലെ  അഭിമാന നിമിഷങ്ങൾ...സൗഹൃദത്തിന്റെ മായാത്ത വിരൽപ്പാടുകളും....


നൈനിക നിധി  എന്ന എഴുത്തുകാരിയുടെ   'ശീർഷകം മാഞ്ഞ കവിതകൾ '   എന്ന  പുസ്തകത്തിന്  ഒരു  അവതാരിക  എഴുതിക്കൊടുക്കാൻ  ലീലേച്ചി  എന്നെ  വിളിച്ചു  പറഞ്ഞപ്പോൾ   വിശ്വസിയ്ക്കാനാവാതെ  ഞാൻ  നിന്നത് ,  ആത്മവിശ്വാസക്കുറവ് കൊണ്ടാകാം.   പക്ഷെ ചേച്ചി ധൈര്യം തന്നു.   ചേച്ചി പറഞ്ഞു,


"നിനക്ക്  വളരാനുള്ള  വഴികളാണിതൊക്കെ ...പാഴാക്കരുത് ഒരു അവസരവും "    എന്ന് .


ഞാനാ അവസരം പാഴാക്കിയുമില്ല.   എന്റെ അവതാരികയോടുകൂടി  ആ പുസ്തകം  തപാലിൽ കിട്ടിയ നിമിഷം എനിയ്ക്ക് മറക്കാനാവില്ല..!


സിഎൽഎസ്  ബുക്ക്‌സ്   ഇറക്കിയ  ഒരു കഥാസമാഹാരത്തിൽ ,  ഞാനെഴുതിയ  'മറവിയിൽ ഒരു മറുവാക്ക് '   എന്ന കഥയും ,   അവരുടെതന്നെ  ഒരു കവിതാ സമാഹാരത്തിൽ ,  ഞാനെഴുതിയ   'ഇനി നിയൽപ്പം  മയങ്ങുക'    എന്ന കവിതയും  ഉൾപ്പെട്ടത് ,   സൗഹൃദത്തിന്റെ ബാക്കിപത്രങ്ങൾ....


ഒരിയ്ക്കലും  കാണാതെയും  മിണ്ടാതെയും  ,  അറിയാതെയും  ലോകത്തിന്റെ   ഏതൊക്കെയോ   മൂലകളിലിരുന്ന് ,  യാതൊരു  നിബന്ധനകളുമില്ലാതെ    പരസ്പരം  സ്നേഹിയ്ക്കുന്ന   കുറെ  ആളുകൾ...  അങ്ങനെയും  സ്നേഹിയ്ക്കാം ,  എന്ന്   ഓരോ  അനുഭവങ്ങളും   എന്നെ പഠിപ്പിച്ചു.  വളരെ അവിശ്വസനീയമായിരുന്നു  എനിയ്ക്കത് ..!  

അതിന്റെ പിറ്റേ വർഷം കൂട്ടം ക്ലോസ് ചെയ്തപ്പോൾ  അവിടുന്ന് പിന്നെ 'സുഹൃത്ത്'  എന്ന കൂട്ടായ്മയിൽ  എഴുതാൻ  തുടങ്ങി.  അതിലേക്ക് എന്നെ ക്ഷണിച്ചത്  ഒരു സുഹൃത്താണ്.  ശിവയ്ക്ക് (ഓൺലൈൻ ഇൽ ആർക്കും ഗീത എന്ന പേര് അറിയില്ലായിരുന്നു.)  എഴുതാൻ പറ്റിയ ഒരു സ്ഥലം പറയാമെന്ന് പറഞ്ഞ്  അദ്ദേഹം തന്നെ സുഹൃത്തിൽ  എനിക്കൊരു ഐഡി ഉണ്ടാക്കിയിട്ടിട്ട് 'പോയി എഴുതൂ '  എന്ന് പറഞ്ഞു. 

 അവിടുത്തെ എഴുത്തും സൌഹൃദങ്ങളും  നല്ലൊരു അനുഭവമായിരുന്നു.  അവിടെ  ചേർന്ന  സമയത്ത് തന്നെ സസ്നേഹം, മനസ്സ് എന്നീ കൂട്ടായ്മകളെക്കുറിച്ച് സുഹൃത്തുക്കളിൽ  നിന്നും അറിഞ്ഞു. അങ്ങനെ സസ്നേഹത്തിലും കൂടി  ജോയിൻ  ചെയ്തു. മറ്റൊരു സുഹൃത്ത്  'മനസ്സ്'  എന്ന കൂട്ടായ്മയിലേക്കും ക്ഷണിച്ചു.  അവിടെയും ജോയിൻ  ചെയ്തു. പക്ഷേ അവിടെ എന്റെ അനോണിമിറ്റി പ്രശ്നമായി.  അവിടെ അനോണിമിറ്റി  അനുവദനീയമല്ലായിരുന്നു .  അതുകൊണ്ട് ഞാൻ  അവിടുന്ന് തിരികെ പടിയിറങ്ങി.  സുഹൃത്ത്, സസ്നേഹം ഇവയിൽ  അത് ക്ലോസ് ചെയ്യുന്നതുവരെ ഉണ്ടായിരുന്നു.

പിന്നീട് മറ്റൊരു സുഹൃത്ത് പറഞ്ഞ് ഗൂഗിൾ പ്ലസ്സിൽ ജോയിൻ ചെയ്തു. ഒന്നൊന്നര വർഷം കഴിഞ്ഞപ്പോ എന്തോ സെക്യൂരിറ്റി പ്രശ്നം പറഞ്ഞ് ഗൂഗിൾ തന്നെ അതടച്ചുപൂട്ടി.  ശേഷം അവിടുത്തെ കുറെ സുഹൃത്തുക്കൾ ചേർന്ന്  ഒരു fb ഗ്രൂപ്പ് ഉണ്ടാക്കി.  അന്നെനിക്ക്   fb ഉണ്ടായിരുന്നില്ല.  ഈ ഗ്രൂപ്പില് ചേരാൻ  വേണ്ടി മാത്രം fb യിൽ  ഒരു id ഉണ്ടാക്കി.   അവിടെ എഴുതിയും കുറിച്ചും ഇത്രയും നാൾ .  gplus പൂട്ടും എന്ന് മുന്നറിയിപ്പ് കിട്ടിയപ്പോൾത്തന്നെ  ഞങ്ങൾ അന്വേഷിച്ച് നടന്ന്  MeWe.com എന്നൊരു കൂട്ടായ്മ കണ്ടുപിടിയ്ക്കുകയും അവിടെ ഞങ്ങള് സുഹൃത്തുക്കളെല്ലാം ജോയിൻ ചെയ്യുകയും ചെയ്തു.  അതിപ്പോഴുമുണ്ട്.  

അങ്ങനെ എന്റെ നീണ്ട അക്ഷരയാത്രകൾ...  ഓൺലൈൻ  രംഗത്ത്  എഴുതാൻ  തുടങ്ങിയിട്ട്  ഇത് ഒൻപതാം  വർഷം .    


ഞാനെന്തു പറയണം ഇതിനൊക്കെ ?   കരയണോ   ചിരിയ്ക്കണോ ?  ഇവരൊക്കെ   എന്നെ ഇതുപോലെ   സ്നേഹിയ്ക്കാൻ  ഞാനെന്ത്  പുണ്യമാണ്   ചെയ്തതെന്ന്  എനിയ്ക്കറിയില്ല .    ഞാൻ  ഒന്നുമല്ല...ഒന്നും  ഞാൻ ചെയ്തുമില്ല....വെറുതെ   മനസ്സ്  നിറഞ്ഞ്   സ്നേഹിയ്ക്കുക   മാത്രം   ചെയ്തു.
എന്റെ  നേരെ   സഹായഹസ്തം   നീട്ടുന്ന   ഒരോ   സുഹൃത്തിനെയും കാണുമ്പോൾ  ഞാൻ   ഓർക്കും ....'  എനിയ്ക്ക്   വേണ്ടി  കാലത്തിന്  നേരെ   വിരൽ   ചൂണ്ടാൻ   ഒരാൾ '     .....


ഞാൻ  വിശ്വസിയ്ക്കുന്നു ,  ഓരോന്നിനും  കാലം  ഓരോ  സമയം കണ്ടുവച്ചിട്ടുണ്ട്.....ക്ഷമയോടെ  കാത്തിരിയ്ക്കുകയാണ്   ഞാൻ... ഇനിയും   ഒരുപാട്  അതിശയങ്ങൾക്കായി ..


മഞ്ഞ് പെയ്യുന്ന  മനസ്സിന്റെ   ചില്ലുജാലകത്തിനിപ്പുറം  ആരുമറിയാത്ത നോവുകളും  ആരും കാണാത്ത മുറിവുകളും  നേർത്തൊരു  പുഞ്ചിരി കൊണ്ട് ഒളിപ്പിച്ച് ,  പുറംകാഴ്ചകളിലേയ്ക്ക്  നോക്കുന്ന എന്റെ കണ്ണുകളുടെ  ആർദ്രത  തെല്ലും കുറഞ്ഞിട്ടില്ല.   ഒപ്പം തീക്ഷ്‌ണതയും ..!    ഇല്ലെങ്കിൽ ,   എന്റെ അക്ഷരങ്ങൾ  ഇവിടെ തെളിയുമായിരുന്നില്ല...


2020 ഡിസംബറിൽ  ഞാനെന്റെ അനോണിമിറ്റി  ഉപേക്ഷിച്ചു. ഫേസ് ബുക്കിൽ  ആക്ടിവ് ആയി.  ഇതെന്റെ ജീവിതത്തിന്റെ മറ്റൊരു വഴിത്തിരിവ്... 


 
                                     ****************************






2016, ജനുവരി 4, തിങ്കളാഴ്‌ച

0 അഭിപ്രായ(ങ്ങള്‍)
                      എന്റെ സുഹൃത്ത് ശ്രുതിയുടെ പുസ്തകാവലോകനം , അവളുടെ അനുവാദത്തോടുകൂടി  ഞാനിവിടെ പോസ്റ്റ് ചെയ്യുന്നു.

രാരി അരീക്കര ഡിസൈന്‍ ചെയ്ത കവര്‍ ചിത്രം മനോഹരം…
ചാരത്തില്‍ നിന്നുംഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു മാലാഖയുടെ ചിത്രം..എനിക്ക് അങ്ങിനെയാണു തോന്നിയത്…..
ശ്രുതിക്ക്, സ്നേഹപൂര്‍വം നന്ദേച്ചി…..

ആദ്യപേജില്‍ തന്നെ ഇങ്ങിനെ കുറിച്ചിരുന്നു…അത് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി…കൂട്ടത്തില്‍ വന്നതിനു ശേഷം ഞാന്‍ ഇഷ്ടപ്പെട്ട, പരിചയപ്പെടണമെന്നു ആഗ്രഹിച്ച എഴുത്തുക്കാരിയുടെ സ്വന്തം പുസ്തകം. ആദ്യമായാണ് ഇതുപോലൊരു സമ്മാനം കിട്ടുന്നത്..അതും എഴുത്തുകാരിയുടെ കുറിപ്പോടും, കയ്യോപ്പോടും കൂടി..
രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പ്രിയപ്പെട്ട അച്ഛനും നോവിന്‍റെ തീക്കടല്‍ നിന്തികടന്ന അമ്മക്കും വേണ്ടി പുസ്തകം സമര്‍പ്പിച്ചിരിക്കുന്നു….എന്നാല്‍ ശിവനന്ദ എന്ന എഴുത്തുകാരിയുടെ വ്യക്തിപരമായ ഒരു വിവരണവും ഇല്ല..ശരിയായ പേരോ മേല്‍വിലാസമോ ഒന്നുംതന്നെ…. അവതാരികയില്‍ പുസ്തക പ്രസാധകയായ ലീല എം ചന്ദ്രന്‍ പറയുന്നുണ്ട് "നേര്‍ത്ത തിരശീലക്ക് പുറകില്‍ സുരക്ഷിതയായി നിര്‍ത്തികൊണ്ട് ശിവനന്ദയുടെ കഥകളിലൂടെ ശിവനന്ദയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു…"
അടുത്ത പേജില്‍ അക്ഷരങ്ങളോടുള്ള തന്‍റെ അടങ്ങാത്ത മോഹം വാക്കുകളിലൂടെ പറഞ്ഞുകൊണ്ട് അക്ഷരയാത്രയില്‍ കൂടെ സഞ്ചരിക്കുവാന്‍ വായനക്കാരെ ക്ഷണിച്ചുകൊണ്ടുള്ള ലാളിത്യമാര്‍ന്ന ഒരു കുഞ്ഞു കുറിപ്പ്. ഓരോ വാക്കുകളിലും ശിവനന്ദ ചേച്ചിയുടെ സ്നേഹവും എളിമയും നിറഞ്ഞു നില്‍ക്കുന്നു.
“ശിവനന്ദ അക്ഷരങ്ങളിലൂടെ ജീവിതം വരച്ചുക്കാട്ടുന്നവള്‍“..എന്ന സുരേഷ്കുമാര്‍ പുഞ്ചയില്‍ സാറിന്‍റെ അവതാരികയും മനോഹരം…. ശിവനന്ദയെന്ന എഴുത്തുക്കാരിയെ മനസ്സിലാക്കി തയ്യാറാക്കിയ അവതാരിക.
“ഇറങ്ങുന്നിതാ മഞ്ഞുപൂത്ത വെയില്‍ മരം
തരുന്നതോ അക്ഷരങ്ങളുടെ കൂട്ടുകാരി ശിവനന്ദ..“
എന്ന് തുടങ്ങുന്ന കവിതയിലൂടെ തിരുടന്‍ മാമൂസ് തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ശിവനന്ദ ചേച്ചിക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നു.
"ആയിരം ശിരസ്സുകളില്‍ മാണിക്യം വഹിക്കുന്നവരുടെയും, വഹിക്കുന്നു എന്ന് അവകാശപ്പെടുന്നവരുടെയും ഉരഗകുലത്തിനു നടുവില്‍ ഇതാ നോക്കൂ, എന്‍റെ ഹൃദയത്തിലും ഇക്കാലമത്രയും കാത്തുസൂക്ഷിച്ച ഒരു മരതകമുണ്ട്" എന്ന അര്‍ത്ഥവ്യപ്തിയേറിയ വാക്കുകളിലൂടെ കൂട്ടം അഡ്മിന്‍ മാരായ എന്‍. എസ് ജ്യോതികുമാര്‍ സര്‍, എം ജയമോഹന്‍ സര്‍ എന്നിവരും എഴുത്തിന്‍റെ ലോകത്തേക്ക് കാലെടുത്തു വെച്ച ശിവനന്ദ ചേച്ചിക്ക് ആല്‍മ വിശ്വാസം പകര്‍ന്നിരിക്കുന്നു.
മഞ്ഞുപൂത്ത വെയില്‍മരത്തില്‍ കൂടുകൂട്ടിയ ഓരോ കഥകളെ പറ്റിയും കൂട്ടം എഡിറ്റര്‍ നാരുമാഷ് മനോഹരമായി ആസ്വാദനം തയ്യാറാക്കിയിരിക്കുന്നു…അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഓരോ കഥകളിലും തെളിഞ്ഞു നില്‍ക്കുന്നത് സ്ത്രീത്വത്തിന്‍റെ ആത്മരോദനങ്ങളും ആഗ്രഹങ്ങളുമാ്ണ് കൂടുതല്‍ തെളിമയോടെ പകര്‍ത്തിയിട്ടുള്ളത് എന്നാണ്‍.. ഞാനും അതിനോട് യോജിക്കുന്നു..പലകഥകളിലും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്‍റെ ആത്മ സംഘര്‍ഷങ്ങള്‍ കാണാം…
ഒറ്റ ഇരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന 17 കഥകള്‍…ഈ കഥകള്‍ വായിച്ചുകഴിയുമ്പോള്‍ തിരശ്ശീല നീക്കി ശിവനന്ദ എന്ന എഴുത്തുകാരി നമ്മുടെ മുന്നില്‍ വന്നു നില്‍ക്കും…ദൈവം അക്ഷരങ്ങളുടെ ശക്തി കൈകളിലേക്ക് നല്‍കികൊണ്ട് അനുഗ്രഹിച്ച എഴുത്തുകാരി…
ചേച്ചിയുടെ മഞ്ഞുപൂത്ത വെയില്‍ മരം എന്ന ഈ പുസ്തകം എല്ലാവരും വായിക്കണം എന്നാണെന്‍റെ ആഗ്രഹം. നമ്മള്‍ വാങ്ങുന്ന ഓരോ പുസ്തകങ്ങളുമാകട്ടെ ശിവനന്ദ ചേച്ചിക്കായി നമ്മുക്ക് കൊടുക്കുവാനുള്ള സ്നേഹ സമ്മാനവും പ്രോത്സാഹനവും ....
ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു

നഷ്ടങ്ങളാനെന്റെ ഇഷ്ടം .

1 അഭിപ്രായ(ങ്ങള്‍)
                              നഷ്ടങ്ങളാനെന്റെ  ഇഷ്ടം .
                             ---------------------------------------
                                                                                      -- ശിവനന്ദ .

മാനത്ത്  നോക്കിയൊരു 
മഴവില്ല്   കാണുമ്പൊ -
ളമ്മേ   മഴവില്ലെ -
ന്നാർത്തു വിളിച്ചുകൊ -
ണ്ടുള്ളിലേയ്ക്കോടുവാനിഷ്ടം ..

               മൂവാണ്ടൻ മാവീന്ന് 
               മാമ്പഴം വീഴുമ്പൊ -
               ക്കൊതിയോടെ  നോക്കുന്നൊ -
              രണ്ണാറക്കണ്ണനെക്കൊഞ്ഞനം കാണിച്ചു
               മാങ്ങ   പെറുക്കുവാനിഷ്ടം ..

വാനത്തു  താഴ്ന്ന്
പറക്കും  വിമാനത്തേം 
വെള്ളിമേഘങ്ങളേം 
വർണ്ണക്കുരുവിയേം 
കണ്ടോണ്ടിരിയ്ക്കുവാനിഷ്ടം ..

                നീലനിലാവത്ത്  
                 നക്ഷത്രക്കുഞ്ഞുങ്ങ -
                ളോടിക്കളിപ്പതും 
                കാൽതെറ്റി വീണതും 
                കണ്ടോണ്ടിരിയ്ക്കുവാനിഷ്ടം ...

താഴോട്ടു  വീഴുന്ന 
നക്ഷത്രക്കുഞ്ഞിനെ 
കോരിയെടുക്കാനും 
വാരിപ്പിടിയ്ക്കാനും 
കൈകൾ  വിരിയ്ക്കുവാനിഷ്ടം ...

               പാറിപ്പറക്കുന്ന 
               ചിത്രശലഭത്തെ 
               മെല്ലെത്തലോടുവാൻ 
               നെഞ്ചോട്‌  ചേർക്കുവാൻ 
               പൂവാടി  തീർക്കാനുമിഷ്ടം ...

മഴയും   മേഘങ്ങളും 
പെയ്തങ്ങൊഴിയുമ്പോ -
ളൊളികണ്ണാൽ  നോക്കുന്നോ -
രമ്പിളിമാമനേം 
ഈറൻ നിലാവിനേമിഷ്ടം ...

               മഴയുള്ള  രാത്രിയിൽ 
               ജാലകപ്പാളിയിൽ 
               മുഖമൊന്നമർത്താനും 
               മഴതന്റെയാരവം 
                കേട്ടോണ്ടിരിയ്ക്കാനുമിഷ്ടം ...

മകരപ്പുലരിയിൽ 
മഞ്ഞിന്റെ  കുളിരിലും 
പഞ്ചാക്ഷരീമന്ത്ര -
മുള്ളിൽത്തുളുമ്പുന്ന 
ശിവഭക്തയാകാനുമിഷ്ടം ..

                   പഴുതാരക്കുഞ്ഞിനെ -
                   യോടിച്ചു തല്ലുന്ന ,
                    വെള്ളം  തട്ടിത്തൂവി 
                    ദേഷ്യം  പിടിയ്ക്കുന്ന 
                    കുറുമ്പിക്കുഞ്ഞാവാനുമിഷ്ടം... ...

ദേഷ്യത്തില്‍  മൂക്ക്  
വിറപ്പിയ്ക്കുമച്ഛന്റെ
മൂക്കില്‍പ്പിടിച്ചൊന്നു
കൊഞ്ചിച്ചിരിയ്ക്കാനും 
വാശി  പിടിയ്ക്കാനുമിഷ്ടം...

                    കനവ്  കരിഞ്ഞാലും 
                     കണ്ണ്‍  നനഞ്ഞാലും 
                     കരളിന്‍റെയുള്ളിലെന്‍ 
                     കണ്ണീരൊളിപ്പിച്ച് 
                      വെറുതേ ചിരിയ്ക്കുവാനിഷ്ടം ...

കാലപ്പഴക്കത്തില്‍ 
തൂലിക  തേഞ്ഞാലും 
കൈവിരല്‍  നൊന്താലും
നെയ്ത്തിരി  കത്തിച്ച് 
കുത്തിക്കുറിയ്ക്കുവാനിഷ്ടം ...

                   കടുകോളമാണെന്റെ 
                   യിഷ്ടങ്ങളെന്നാലും 
                    ഇഷ്ടങ്ങളൊക്കെയും 
                    നഷ്ടങ്ങളായപ്പോള്‍ 
                    നഷ്ടങ്ങളാണെന്‍റെയിഷ്ടം ....

                                                                    
                                                           ****************
                    

             



നന്മയുടെ കമ്മ്യൂണിസം .

0 അഭിപ്രായ(ങ്ങള്‍)
                                                   നന്മയുടെ  കമ്മ്യൂണിസം .
                                                  ------------------------------------------
                                                                                                      -- ശിവനന്ദ.  

എല്ലാവർക്കും  എന്റെ കേരളപ്പിറവി ദിനാശസകൾ. ..  

             

                
                ഇത്  ചില   ഓര്‍മ്മക്കുറിപ്പുകളാണ് .   ഇതെഴുതാന്‍   ഇന്നത്തെ   സാമൂഹിക പശ്ച്ചാത്തലം   വളരെ   അനുയോജ്യമാണെന്ന്   തോന്നി.   അതെ....ഇപ്പോള്‍ത്തന്നെയാണ്   ഇതെഴുതേണ്ടത്.   മതമത്സരങ്ങൾ   മനുഷ്യമനസ്സിന്  മതില്‍  കെട്ടുന്ന   ഈ  സമയത്ത് തന്നെ.


നാട്ടിന്‍പുറങ്ങളില്‍ നിന്നും   പെറുക്കിയെടുത്ത   ചില   നന്മത്തുണ്ടുകളില്‍  നിന്നും   ഞാന്‍  തുടങ്ങുകയാണ് ...


മുത്തച്ഛന്റേയും   മുത്തശ്ശിയുടെയും   കൂടെ   ചിലവഴിച്ച  എന്‍റെ  ശൈശവബാല്യങ്ങള്‍ക്ക്‌  ചുക്കിന്റെയും കുരുമുളകിന്റെയും  കാപ്പിയുടെയും  കച്ചൂലത്തിന്റെയും  സുഗന്ധം..!  എല്ലാവര്‍ക്കും അന്ന് വലിയ  പറമ്പും  ഒരുപാട്   കൃഷിയും .   തികച്ചുമൊരു  കാര്‍ഷീകഗ്രാമം.   പട്ടണം  ഒരുപാട്  ദൂരെ.   പോകണമെങ്കില്‍   ഒന്നുകില്‍   നടന്ന്,  അല്ലെങ്കില്‍   സൈക്കിളില്‍.   



  ചന്തദിവസങ്ങളിലാണ്  മിയ്ക്കവാറും  യാത്ര .   ഒരാള്‍   പോകുമ്പോള്‍   അയല്‍പക്കങ്ങളിലെ  കൊച്ചുകൊച്ചു  കാര്‍ഷീക വിഭവങ്ങളെല്ലാം  അയ്യാളുടെ  കൈയ്യില്‍   കൊടുത്തുവിടും.   അങ്ങനെ   പോകുന്നവരുടെയെല്ലാം   കൈകളില്‍   ഒരു   കുന്നോളം   സാധനങ്ങളുണ്ടാവും .    സൈക്കിളില്‍   നിറയെ   വച്ചു കെട്ടി   ആഞ്ഞു ചവിട്ടാന്‍   ആര്‍ക്കും  ഒരു   മടിയുമില്ലായിരുന്നു.    അതെല്ലാം   വിറ്റ്  തിരികെ   വരുമ്പോള്‍  വാങ്ങിക്കൊണ്ട്  വരേണ്ട  ചെറിയ ചെറിയ   സാധനങ്ങളുടെ  ലിസ്റ്റും  കൊടുത്തുവിടും   എല്ലാവരും.   



" എന്നേക്കൊണ്ട്   മേല.  നിങ്ങക്ക്   വേണേ  നിങ്ങള് പോ..."  എന്നൊരു   സ്വാര്‍ത്ഥ ചിന്ത   അന്നാര്‍ക്കും   ഉണ്ടായിരുന്നില്ല. 

 
ഇത് നോക്കു.....


" കുട്ടിച്ചേട്ടോ...കച്ചൂലത്തിന്  ഇന്നെന്നാ  ഒണ്ട്  വെല ?"



"ഓ   ഇന്നിച്ചിരെ   കൊറവാന്നാ  കേട്ടെ .   വിക്കാന്‍  ചെന്നാ  വെലേല്യ.   വാങ്ങാന്‍  ചെന്നാ  മുടിഞ്ഞ വെല.  താങ്ങുകേല  പിള്ളേച്ചോ..."

"
 ആ   മാട്ടേല്  ഇച്ചിരെ  പഴുക്കാ  വച്ചിട്ടൊണ്ട്.   പോവുമ്പോ  അതോടെ  എടുത്തോണം  ട്ടോ.  ഞാനിന്ന്‍  ചന്തേലേയ്ക്കില്ല. എമ്പിടി  പണീണ്ട്."


(പഴുക്ക = അടയ്ക്ക )


"എന്നാ  പിള്ളേച്ചാ  വിശേഷം ?"


" പശു  പെറ്റിട്ട്  മറൂള്ള  പോന്നിട്ടില്ല.  ആ  ചൊള്ളയ്ക്കമാലീലെ  നമ്മടെ  ചാക്കപ്പനില്ലേ ?  ഡോക്ടര് ?  പുള്ളിയെ   ഒന്ന്‍  വിളിച്ചോണ്ട്  വരണം .   ഇനീം   നോക്കീരുന്നാ  പറ്റുകേലെന്നെ ."


" ഇച്ചിരെ    തേരോത്തിന്‍റെ  എല  കൊടുക്കാരുന്നില്ലേ ?"


" ഒക്കെ  കൊടുത്തതാ .  ഒരു  രക്ഷേല്യ."


" ന്നാ  ഞാനങ്ങ്  നീങ്ങുവാ .  വെയില്‍ ഒറയ്ക്കുന്നേനു  മുന്നേ   പോയി വരണം.  ഇന്ന്   ചെറുക്കന്റെ   പെണ്ണിന്റങ്ങുന്ന്‍  ആള് വരും.  കൂട്ടിക്കൊണ്ടോവാന്‍ .  അപ്പഴേയ്ക്കും   അങ്ങെത്തണം. "


" അവക്കിതെത്ര്യ   മാസം ?  ഏഴോ  ഒമ്പതോ ?"



" ഏഴ്  നടപ്പാ.  പെണ്ണിന്  ക്ഷീണാ.  ഒരു വക  കഴിയ്ക്കേലെന്നെ.."


അത്  കേട്ടിറങ്ങി വന്ന  പിള്ളേച്ചന്റെ  ഭാര്യയ്ക്ക്   ബാറ്റന്‍  കൈമാറി  പിള്ളേച്ഛന്‍ പോയി.   ചോള്ളയ്ക്കമാലീലെ  ചാക്കപ്പന്‍ ഡോക്ടറെ  വിളിയ്ക്കാന്‍.


" അവക്ക്  മനമ്മറിച്ചിലൊണ്ടോ  കുട്ടിച്ചേട്ടാ ?"


" ഒണ്ടോന്ന്‍..അതേയൊള്ളൂ ..ങാ ..അമ്മിണിച്ചേടത്ത്യെ  വീട്ടിലെ  പെണ്ണുമ്പിള്ള   അന്വേഷിച്ചാരുന്നു."


"ങാ  അതോ ?  അവക്ക്   ഞാനിച്ചിരി  ചക്കപ്പപ്പടം   കൊടുക്കാന്ന്‍ പറഞ്ഞാരുന്നെ .. തിരിച്ച്  വരുമ്പം   ഇതിലെയൊന്നു  കേറുവാണെ , ഞാനതങ്ങ് തന്നൂടാം "


" ആയിക്കോട്ടെ.  ന്നാ   ഞാനങ്ങു  നീങ്ങുവാ .  വരുമ്പം  എന്തേലും  മേടിയ്ക്കണോ ? "


"ഇച്ചിരെ  ഒണക്കമീന്‍  കൊണ്ടോരെ .  വേറൊന്നും  വേണ്ട."


കുട്ടിച്ചേട്ടന്‍   ചന്തയിലേയ്ക്ക്........


കണ്ടോ ?  കുറെ   പച്ചമനുഷ്യര്‍...യാതൊരു   ജാടയും   തീണ്ടാത്ത  നിഷ്ക്കളങ്കരായ   കുറെ   മനുഷ്യരുടെ   സംഭാഷണശകലങ്ങളാണ്  മുകളിലെഴുതിയത്.   വെറുതെ  സങ്കല്പിച്ചെഴുതിയതല്ല .    ഉണ്ടായതാണ്.   അതിലെ   പിള്ളേച്ഛനും  ഭാര്യയും  എന്‍റെ അമ്മയുടെ   ബന്ധുക്കളുമാണ്.


  നിമിഷങ്ങള്‍ കൊണ്ട്  അവര്‍   എത്രമാത്രം   സഹായങ്ങളും   സഹായ വാഗ്ദാനങ്ങളും ആണ്  കൈമാറിയത് ..!    മനസ്സ്  മടുക്കുമ്പോള്‍  ഞാനതൊക്കെ   ഓര്‍ത്തങ്ങനെ ഇരിയ്ക്കും.


നാല്  വയസ്സായപ്പോള്‍  മുത്തശ്ശിവീട്ടില്‍  നിന്നും  ഞാന്‍   അമ്മയുടെ  അടുത്തേയ്ക്ക്  പോന്നു.


അച്ഛന്റെ  തറവാട്ടില്‍   പിന്നീടുള്ള  കുറെ കാലം.   അച്ഛമ്മ  മരിച്ചു.   അച്ഛച്ഛന്‍ വളരെ   നേരത്തെയും.   അച്ഛനൊരു  രാഷ്ട്രീയപ്രവർത്തകൻ .    അമ്മയ്ക്ക്   ജോലി.    തറവാട്ടില്‍   ബാക്കിയുണ്ടായിരുന്നത്   വേറെ  രണ്ടു പേരും   അവരുടെ   മക്കളും.    അടുത്ത  ബന്ധുക്കളായതിനാല്‍  ആരെന്ന്‍  വ്യക്തമാക്കുന്നില്ല.   അവരുടെ   അടുത്ത്  എന്നെ   ആക്കിയിട്ട്  അമ്മ ജോലിയ്ക്ക്  പോകും.  അന്ന് ഇന്നത്തെപ്പോലെ മൂന്നു വയസ്സിൽ സ്‌കൂളിൽ ചേർക്കുന്ന രീതിയില്ലല്ലോ.. മുത്തച്ഛന്റെ വീട്ടിൽ  വച്ച്  ആശാൻ കളരിയിൽ പോയി നിലത്തെഴുത്ത്  പഠിച്ചിരുന്നു .   അതൊരു  വല്ലാത്ത   കാലമായിരുന്നു.


 അവിടുത്തെ  സ്ത്രീ   ഒരിയ്ക്കലും  എനിയ്ക്ക്   വിശപ്പ്‌   മാറാനുള്ള   ഭക്ഷണം   തന്നില്ല.    ഒരു   ദാരിദ്ര്യവുമില്ല   ആ  വീട്ടില്‍.    ഒരുപാട്  പാടവും നെല്‍കൃഷിയും ഒക്കെയുണ്ട്.


എന്നിട്ടും  നാല് വയസ്സ്  മാത്രമുള്ള   കുഞ്ഞു ശിവനന്ദയ്ക്ക്  ഒത്തിരി  വിശന്നു.    അവരുടെ  മക്കള്‍  വയറു  നിറയെ   ഭക്ഷണം   കഴിയ്ക്കുമ്പോള്‍ , നാമമാത്ര ഭക്ഷണം   കഴിച്ച്  ഞാന്‍ വിശന്നിരുന്നു.    അവര്‍   കഴിയ്ക്കുന്നത്   നോക്കി   കൊതിച്ച് കൊതിച്ച്......


"എനിയ്ക്കിനീം  വേണം "   എന്ന്  ഞാന്‍.


" അത്രേം  തിന്നാ  മതി.  എണീറ്റ്   പോ  പെണ്ണേ "   എന്ന് അവരും.


ഞാനെഴുന്നേറ്റു  പോകും.   ഒളിച്ചിരുന്ന്‍  കരയും .  ആ   ചിത്രങ്ങള്‍   പലതിനും   ഇന്നും   നല്ല  തെളിമയാണ്.


കൈ   കഴുകി   പെറ്റിക്കോട്ടില്‍  തുടച്ച്   ആ  കുഞ്ഞ്  പോകും.   ചായ്പ്പില്‍   പോയിരുന്ന്  അടക്കിപ്പിടിച്ച്   കരയും.   ഉറക്കെ   കരഞ്ഞാല്‍   അവര്‍  ചീത്ത   പറയും.   അവള്‍ക്ക്   മുത്തച്ഛന്‍   വാങ്ങിക്കൊടുത്ത   കളിപ്പാവകളും ,  അമ്മാവന്‍   കൊടുത്ത   തിളങ്ങുന്ന   വര്‍ണ്ണശബളമായ  കലണ്ടറുകളും  ആ  സ്ത്രീ   വാങ്ങിയെടുത്ത്  അവരുടെ   കുട്ടികള്‍ക്ക്   കൊടുക്കും.   എന്നിട്ട്   അവള്‍ക്ക്   കളിയ്ക്കാന്‍   ഉറുമ്പ്  നിറഞ്ഞു പൊതിഞ്ഞ   ചിരട്ട   കൊടുക്കും.   പാവം...അത്   കുഞ്ഞല്ലേ?  എതിര്‍ക്കാന്‍ പേടിയാ....

അവളുടെ   കുപ്പിവളക്കൈകളിലും,  വെള്ളിപ്പാദസരമിട്ട   കുഞ്ഞു കാല്‍പ്പാദങ്ങളിലും   നിറയെ   ഉറുമ്പ്  കടിയ്ക്കും .    വിതുമ്പിക്കരഞ്ഞുകൊണ്ട്  ഉറുമ്പിനെയെല്ലാം  തൂത്തു കളഞ്ഞ്  ആ  ചിരട്ട   കൊണ്ടവള്‍   മണ്ണപ്പം ഉണ്ടാക്കും,  കഞ്ഞിയും   കറിയും   വയ്ക്കും...


.(  ആ   നാളുകളില്‍  ആ  കുഞ്ഞ്  ഒരുപാട്   പാഠങ്ങള്‍   പഠിച്ചുകാണണം.   പിന്നീടുള്ള   അവളുടെ   ജീവിതവഴികളില്‍   പലപ്പോഴും  മനസ്സില്‍   കടിച്ചു തൂങ്ങിയ   വേദനയുടെ പുളിയുറുംപുകളെ   ലാഘവത്തോടെ   തൂത്തുകളയാന്‍  അവള്‍   പഠിച്ചത്   അങ്ങനെയാവണം.   മണ്ണപ്പമുണ്ടാക്കി ,  അവളുടെ   കളിപ്പാട്ടം   കവര്‍ന്നെടുത്തവര്‍ക്ക്  വിളമ്പിയപ്പോഴാകണം ,   നിബന്ധനകളില്ലാതെ   സ്നേഹിയ്ക്കാനവള്‍  പഠിച്ചത്.)


പക്ഷേ  ഞാനിതൊന്നും   അമ്മ   വരുമ്പോള്‍   പറയാറില്ല.   അതെന്തുകൊണ്ടാണെന്ന്   എനിയ്ക്കിപ്പോഴും   അറിയില്ല.   അതവര്‍   എന്നോട്   ചെയ്യുന്ന   ഒരു  തെറ്റാണെന്നോ ,   അതമ്മയോട്  പറഞ്ഞ്  അവര്‍ക്ക്   ശിക്ഷ   വാങ്ങിക്കൊടുക്കണം  എന്നോ  ഉള്ള  തോന്നലുകള്‍ ഒന്നും   അന്നുണ്ടായിരുന്നില്ല.   വൈകിട്ടാവുപോഴെയ്ക്കും   ഞാനതെല്ലാം   മറന്നുപോകും.   അമ്മ   വരുമ്പോള്‍  പഴവും  റെസ്ക്കുമൊക്കെ   കൊണ്ടുവരും.   പിന്നെ  അത്  തിന്നുന്ന   തിരക്കല്ലേ... എന്തോര്‍ക്കാന്‍...


പക്ഷെ ,  ഓര്‍ക്കുന്ന   മറ്റൊന്നുണ്ട്.   അമ്മ  കൊണ്ടുവരുന്ന  ഈ  വക   ഭക്ഷണ സാധനങ്ങളെല്ലാം  അവരുടെ   മക്കള്‍ക്കും   എനിയ്ക്കും   ഒന്നിച്ച്   ഒരേ   അളവിലാണ്   അമ്മ   തരിക..!    അതമ്മയുടെ  കമ്മ്യൂണിസം..!!


തീര്‍ന്നില്ല......


വിശന്ന്‍ വിശന്ന്‍  ഞാന്‍  ക്ഷീണിച്ച് വന്നു.  ഞാന്‍   പറഞ്ഞില്ലെങ്കിലും   ഇതെല്ലാം   സസൂക്ഷ്മം   വീക്ഷിച്ചിരുന്ന   മറ്റൊരാളുണ്ടായിരുന്നു.   ' ആറ്റമ്മ '.    തലമുറകളായി   തറവാട്ടിലെ   കൃഷിപ്പണികള്‍  നോക്കി   നടത്തിയിരുന്ന   പണിക്കാരായിരുന്നു  അവര്‍.   ആ  കുടുംബത്തിലെ   ഏറ്റവും   മൂത്ത   അമ്മ.  അതൊരു   പുലയ കുടുംബമായിരുന്നു.   തറവാടിനോട്   തൊട്ടു ചേര്‍ന്ന്‍  തന്നെയായിരുന്നു  അവരുടെ   വീടും.

     
  എന്‍റെ  അച്ഛന്‍  കമ്മ്യൂണിസ്റ്റ്   ആയിരുന്നെങ്കിലും ,  ജാതിമത ഭേദമില്ലായിരുന്നെങ്കിലും ,  അമ്മയൊഴികെ   അവിടെ ബാക്കിയെല്ലാവരും  ജാതിഭേദങ്ങള്‍  മനസ്സില്‍   നിറച്ച്ചവരായിരുന്നു.   ഒളിച്ചിരുന്ന്‍  കരഞ്ഞ   എന്നെ   ആരും   കാണാതെ  ആറ്റമ്മ   അവരുടെ  വീട്ടിലേയ്ക്ക്   എടുത്തു കൊണ്ടുപോയി   വയറു നിറയെ   ഭക്ഷണം   തന്നു !    ഒരു  ദിവസമല്ല,  പല  ദിവസങ്ങള്‍..!     അവരുടെ   ദാരിദ്ര്യത്തിന്റെ   ഒരു   പങ്ക്.   എന്നാലെന്താ ?  ദാരിദ്ര്യത്തിന്‍റെ  രുചിയ്ക്ക്   സ്നേഹത്തിന്‍റെ  ചൂടുണ്ടായിരുന്നു..!


ഭക്ഷണത്തിന്   ജാതിയും മതവുമില്ലെന്ന്‍   കുഞ്ഞു ശിവനന്ദ  അന്ന്   ആദ്യമായി   അറിഞ്ഞു.    വിശപ്പിന്‍റെയും  നന്മയുടെയും   കമ്മ്യൂണിസം   ആ  നാല് വയസ്സുകാരിയുടെ   മനസ്സില്‍   ആദ്യമായി   എഴുതിയിട്ടത് ,  ആ  പുലയകുടുംബിനി   ആറ്റമ്മ ..!!!!  


(  അച്ഛന്‍   പതിനാലാം  വയസ്സില്‍   രാഷ്ട്രീയത്തില്‍ ഇറങ്ങി  എന്ന് പറയുമ്പോള്‍ ,  ഞാന്‍  അച്ഛനോട്   പറയും,  ഞാന്‍  നാലാം വയസ്സില്‍   കമ്മ്യൂണിസ്റ്റ് ആയി എന്ന് .).


ഒരു ദിവസം  സഹികെട്ട്  ആറ്റമ്മ  എന്‍റെ  അമ്മയോട്  പറഞ്ഞു,


"സാറേ,  ഇനീം   ഈ  കൊച്ചിനെ  ഇവിടെ   നിര്‍ത്തിക്കൊണ്ടിരുന്നാ   ഇത്   പട്ടിണി  കെടന്ന്‍  ചത്ത് പോവൂട്ടോ."


അമ്മ  ഞെട്ടി  എന്നത്  നേര്‍സാക്ഷ്യം .... അവിടെ  തീര്‍ന്നു   ദുരിതങ്ങള്‍.  ഞങ്ങള്‍   വാടക വീട്ടിലേയ്ക്ക്  മാറി.  പക്ഷെ , ഒരുപാട്  ഭൂസ്വത്തുക്കളുള്ള വീട്ടിൽ  നിന്നും  വാടക വീട്ടിലേയ്ക്ക് മാറിയപ്പോൾ  വളരെ സാമ്പത്തിക ഞെരുക്കം ആയി.  അച്ഛൻ അപ്പോഴും രാജ്യസേവനം.  വരുമാനമില്ല അച്ഛന്.  അമ്മയുടെ  ശമ്പളം  മാത്രമാണ്  ജീവിത മാർഗ്ഗം.  വിശപ്പിന്റെ രുചി അറിഞ്ഞത് ,  അച്ഛന്റെ  തറവാട്ടിൽ വച്ച്.  എന്നാൽ ഭക്ഷണത്തിന്റെ രുചി അറിഞ്ഞത്   ആ വാടകവീട്ടിൽ വച്ചും.  വീട്ടി  വാങ്ങിയിരുന്ന  അരി  തിളയ്ക്കുമ്പോൾത്തന്നെ വല്ലാത്ത ദുർഗന്ധമായിരുന്നു.   വിലകുറഞ്ഞ അരിയുടെ  ഗുണനിലവാരം അത്രയ്ക്കല്ലേ ഉള്ളൂ...


ഞങ്ങളുടെ വീടിനടുത്ത് അകന്ന ബന്ധത്തിലുള്ള ഒരു വല്യച്ഛനും കുടുംബവും.  അവിടെ ഒരുപാട് കൃഷി.  'അമ്മ തുണികൾ  സ്റ്റാർച്ച്  ചെയ്യാൻ വേണ്ടി  ആ വീട്ടിൽ നിന്നും  നല്ല കുത്തരിയുടെ കഞ്ഞിവെള്ളം വാങ്ങിക്കൊണ്ടുവരും.  അതിന്റെ സ്വാദ് പിടിച്ചു ഒരു ദിവസം ഞാനും അനിയത്തിയും കൂടി  ആ വെള്ളം മുഴുവൻ 'അമ്മ കാണാതെ കുടിച്ചു തീർത്ത കാര്യം ഓർക്കുമ്പോ അമ്മയുടെ കണ്ണ് ഇന്നും നനയും.  നല്ല അരിയുടെ കഞ്ഞിവെള്ളം കുടിയ്ക്കാൻ കൊതിച്ച കാലം....


'അമ്മ  അന്നൊരു  പശുവിനെ  വളർത്തുന്നുണ്ട്..  ആ പശുവിന്റെ പാലാണ് ഞങ്ങളുടെ   ആരോഗ്യ രഹസ്യം.   ഓർക്കുന്നു ഇപ്പോഴും,   അമ്മയുടെ  ഒരു കൗതുകകരമായ  പാനീയം...!    കഞ്ഞിവെള്ളത്തിൽ  പാലൊഴിച്ചു  പഞ്ചസാരയുമിട്ട്  തരും 'അമ്മ. ..!


(ഇന്ന് എന്റെ മക്കൾ ഭക്ഷണം പാഴാക്കുമ്പോ , ഞാൻ ,  അവർക്കു സ്വാഭാവികമായും  അസഹ്യമായ   ഈ പഴങ്കഥ  പറഞ്ഞു അവരെ അസഹ്യപ്പെടുത്തും. ഭാവിയിൽ പുഴുവിനെയും പാറ്റയേയുമൊക്കെ തിന്നാൻ പരിശീലിച്ചോളൂ  എന്ന് ഭീഷണിയും മുഴക്കും.)


 രണ്ടു   വര്‍ഷങ്ങള്‍ക്കകം   പുതിയ   വീട് വച്ച്   മാറി .  പിന്നീട്  അച്ഛൻ ഒരു ബിസിനസ്സ് തുടങ്ങുകയും  കാലക്രമേണ  ഞങ്ങളുടെ എല്ലാ കഷ്ട്ടാപ്പാടുകളും തീരുകയും ചെയ്തു.


സ്വാതന്ത്ര്യസമരത്തിന്റെയും  ഒളിവുജീവിതങ്ങളുടെയും  ജയില്‍വാസങ്ങളുടെയും  കഥകളുറങ്ങികിടക്കുന്ന   കുടുംബ ചരിത്ര പുസ്തകത്തിന്‍റെ  താളുകള്‍   മറിയ്ക്കുമ്പോള്‍  കാണുന്നത്,   ജാതിമത സ്പര്‍ശമേല്‍ക്കാത്ത   സ്നേഹബന്ധങ്ങളുടെ   അപൂര്‍വ്വ ചിത്രങ്ങള്‍..!


ഒളിവുജീവിതങ്ങള്‍ക്കിടയില്‍  ആദിവാസിക്കുടിയില്‍ നിന്നുപോലും   അമൃത് പോലെ   കിട്ടിയ   മരുന്നിന്റെയും   ഭക്ഷണത്തിന്റെയും   മേല്‍  ദളിതരെന്നോ   പണിയരെന്നോ  ഒന്നുമെഴുതിയിരുന്നില്ല.   പോലീസിനെ   കബളിപ്പിച്ച്  കുടിലിലെയ്ക്ക്  ഓടിക്കയറിയ   സഖാവിനെ  പനമ്പില്‍  വച്ച്   തെറുത്ത് കെട്ടി   കുടിലിന്റെ   മൂലയില്‍   ചാരിവച്ച്, പോലീസിന്‍റെ  നേരെ  ശൌര്യത്തോടെ  നിന്ന   വന്ദ്യ വയോധികയുടെ  പേര്  'കുറുമ്പ'   എന്നായത് കൊണ്ട്   അതൊരു   ധീരതയല്ലാതായി  മാറിയോ ?    ഇല്ല...


മുക്കുവക്കുടിലില്‍  അറിയാതെ  സംഭവിച്ചൊരു   കൈയ്യബദ്ധത്തില്‍  ഒരു ജീവന്‍ പൊലിഞ്ഞപ്പോള്‍ ,   പ്രതിയായ  മുക്കുവപ്പയ്യനെ  രക്ഷിയ്ക്കാന്‍  , കുറ്റം  സ്വയം   ഏറ്റെടുത്ത്  അറസ്റ്റ്  വരിച്ച   സഖാവ് ,  എന്തായാലും   ഉദ്ദേശിച്ചത്  ആ  അര്‍ദ്ധപ്പട്ടിണിക്കാരുടെ  പണവും   പ്രതാപവും  ആയിരിയ്ക്കില്ലല്ലോ.    മുക്കുവക്കുടിലിലെ  പ്രായം  ചെന്ന  അച്ഛനുമമ്മയും    ആരും   തുണയില്ലാതെ   ആത്മഹത്യ   ചെയ്യരുത്.   അത്രേയുള്ളൂ.  ജാതിമതങ്ങള്‍  ആ നന്മയ്ക്ക്   തടസ്സമായില്ല.


ചിത്രങ്ങള്‍ക്കോരോന്നിനും  മഴവില്‍ത്തിളക്കം...

എനിയ്ക്ക്   രണ്ടു വയസ്സ്   പ്രായമുണ്ടായിരുന്നപ്പോള്‍  ഉണ്ടായ   ഒരു വാഹന  അപകടത്തില്‍   മരണാസന്നയായി  രക്തമൊലിപ്പിച്ച്   കിടന്ന   എന്നെ   വാരിയെടുത്ത്   നെഞ്ചില്‍ ചേര്‍ത്ത്   ആശുപത്രിയിലേയ്ക്ക്  ഓടിയത്  ഒരു  മുസ്ലിം സഹോദരനാണെന്ന്  കേട്ടിരിയ്ക്കുന്നു.   അന്ന് ആ കരുണയും  സ്നേഹവും  ഉണ്ടായില്ലായിരുന്നെങ്കില്‍  ഇന്ന് ഞാനിവിടെയിരുന്ന്‍  ഇതെഴുതുമായിരുന്നില്ലല്ലോ.


ഇന്നത്തെ   അവസ്ഥയെക്കുറിച്ച്   ആലോചിയ്ക്കേണ്ടിയിരിയ്ക്കുന്നു.  അപകടത്തില്‍പ്പെട്ട്  കിടക്കുന്ന   ഒരാളെ   ആശുപത്രിയിലെത്തിയ്ക്കാന്‍   ജാതി സര്ട്ടിഫിയ്ക്കട്റ്റ്  കാണുകയോ   കാണിയ്ക്കുകയോ   ചെയ്യേണ്ടി വരുമോ  ഇനി  നമുക്ക് ?


ഒരു  സംഗീതമാലപിയ്ക്കാന്‍   ജാതി സര്‍ട്ടിഫിക്കറ്റ്   കാണിയ്ക്കേണ്ടി വരുമോ  ഇനി  നമുക്ക് ?


ഹിന്ദു  കൃസ്ത്യന്‍ മുസ്ലിം  ഭക്തിഗാനങ്ങളില്‍   വാക്കുകളല്ലേ   മാറുന്നുള്ളൂ ?  സംഗീതം   മാറുന്നുണ്ടോ ?


വിശക്കുന്നവന്  ഇത്തിരി   ഭക്ഷണം  കൊടുക്കാന്‍   ജാതി സര്‍ട്ടിഫിക്കട്റ്റ്   കാണണമെന്ന്  പറയുമോ   ഇനി  നമ്മള്‍ ?


ഞാന്‍  പലതവണ   പറഞ്ഞൊരു   കാര്യം  അവസാനമായി   ഒരിയ്ക്കല്‍ക്കൂടി   ഇതോടൊപ്പം   ചേര്‍ത്ത് വയ്ക്കുകയാണ്.


ജപ്പാനിലെ  ഒരു  ബുദ്ധാഹാളിൽ    അന്‍പതോളം   ബുദ്ധപ്രതിമകൾ  ഉണ്ടായിരുന്നത്രെ .     ഓരോ  ബുദ്ധപ്രതിമയ്ക്കും   ബാക്കിയുള്ള   നാല്‍പ്പത്തിയൊന്പത്  പ്രതിമകളില്‍ നിന്നും  എന്തൊക്കെയോ   വ്യത്യാസങ്ങള്‍.   ഓരോ  പ്രതിമയ്ക്കും   ഓരോ  സെക്റ്റ്   ആരാധകരായി.   ഓരോ  ആരാധകവൃന്ദവും   തങ്ങളുടെ   ദൈവത്തിന്  ധൂപാര്‍ച്ചന   നടത്തി.   തങ്ങളുടെ   ദൈവത്തിനു  കൊടുക്കുന്ന   ധൂപാര്‍ച്ചനയുടെ  സുഗന്ധം  പോലും   മറ്റ്  ദൈവങ്ങള്‍ക്ക്  കിട്ടാതിരിയ്ക്കാന്‍  ഓരോ  ഗ്രൂപ്പും   അവരവരുടെ   ദൈവങ്ങള്‍ക്ക്   മറ   കെട്ടി.   അതുകൊണ്ടെന്തുണ്ടായി ?   സുഗന്ധധൂമപ്പുകയേറ്റ്  അന്‍പത്  ബുദ്ധന്മാരും   ഒരുപോലെ   കറുപ്പ് നിറമായി.  എന്ത്  മനസ്സിലാക്കണം നമ്മള്‍ ?

നമുക്ക്   നമ്മളോട് തന്നെ   ചോദിയ്ക്കാനുള്ള  ചോദ്യം......ദൈവത്തിന്‍റെ  മുഖം   വികൃതമാക്കുന്നതാര് ?


എന്‍റെ  ദൈവത്തെ  മാത്രമേ  ഞാന്‍  വന്ദിയ്ക്കുകയുള്ളൂ  എന്ന  സ്വാര്‍ത്ഥ ചിന്ത...അതെവിടെയൊക്കെയുണ്ടോ   അവിടൊക്കെ  ദൈവത്തിന്‍റെ  മുഖം  വികൃതമാവുക തന്നെ ചെയ്യും.


ഹിന്ദുവും  മുസ്ലീമും   ക്രിസ്ത്യാനിയും  ഒരുപോലെ  ഉപയോഗിയ്ക്കുന്ന ,  മതേതരത്വത്തിന്‍റെ  ഭാഷയായ   മലയാളം പോലും   മറന്ന   നമ്മള്‍  മാപ്പര്‍ഹിയ്ക്കുന്നുണ്ടോ   എന്നറിയില്ല.

 എങ്കിലും   പ്രകൃതിയുടേയും  കാലത്തിന്‍റെയും  കാല്‍   തൊട്ടു നമസ്കരിച്ച്   മാപ്പ്  ചോദിച്ചുകൊണ്ട് ,  കേരളത്തിന്റെ  ഈ  പിറന്നാളാഘോഷ വേളയിൽ  , എന്റെയീ  അക്ഷരപ്പൂക്കൾ  ,  നന്മയുടെ   കമ്മ്യൂണിസം  എന്നെ  പഠിപ്പിച്ച   എല്ലാവര്‍ക്കും  വേണ്ടി  സ്നേഹത്തോടെ......



                                                            *********************








 
Copyright © .