2019, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

ചില ആന്റി ഹീറോ പ്രണയങ്ങള്‍ - രാവണവിചാരം

12 അഭിപ്രായ(ങ്ങള്‍)
ഒരു ഹീറോയുടെ മനസ്സിലെയും പ്രവൃത്തിയിലെയും മഹത്വത്തോടുള്ള വീരാരാധനയെക്കാള്‍ ,  എന്റെ മനസ്സില്‍  എപ്പോഴും നിറവോടെ തെളിയുന്നത്  ഒരു ആന്റി ഹീറോയുടെ മനസ്സിന്റെ ഏതെങ്കിലുമൊരു കോണില്‍ ആരുമറിയാതെ , അംഗീകരിയ്ക്കപ്പെടാതെ കിടക്കുന്ന ഇത്തിരി നന്മയാണ്..

ജയിച്ചവര്‍ക്കോ ചിരിയ്ക്കുന്നവര്‍ക്കോ സന്തോഷിയ്ക്കുന്നവര്‍ക്കോ അല്ല നമ്മളെ ആവശ്യം , മറിച്ച് തോറ്റവര്‍ക്കും കരയുന്നവര്‍ക്കും സങ്കടപ്പെടുന്നവര്‍ക്കുമാണ് എന്നെനിയ്ക്ക് തോന്നാറുണ്ട്. എന്നാല്‍ കൂടെ നിന്നതിന്റെ കടപ്പാട് കടം ചോദിയ്ക്കുന്ന പതിവും ശരിയല്ലെന്നെനിയ്ക്ക് തോന്നും. അതുകൊണ്ടുതന്നെ സ്വന്തമാക്കാതെ സ്വതന്ത്രമാക്കി വിട്ടുകൊണ്ട് സ്നേഹിയ്ക്കാനാണ് എപ്പോഴുമെനിയ്ക്ക്  ഇഷ്ടം.

 മത്സരങ്ങളില്‍ ജയിയ്ക്കുമ്പോ, തോറ്റുപോയവരെക്കുറിച്ച് ഞാന്‍ വേവലാതിപ്പെടുന്നത്  ഇതുകൊണ്ടൊക്കെത്തന്നെയാണ്  ... സങ്കടങ്ങളില്‍ നിന്നും ഒരാളെ കൈപിടിച്ച് സന്തോഷത്തിലേയ്ക്ക് നടത്തിയെത്തിച്ച ശേഷം പിന്മാറി നിന്ന് അയാളുടെ സന്തോഷം നേര്‍ത്തൊരു ചിരിയോടെ  കണ്ട് നില്‍ക്കാന്‍ കഴിയുന്നത് , എന്റെ സ്നേഹം  ഒരിയ്ക്കലും  ആര്‍ക്കുമൊരു ബാദ്ധ്യതയാവരുത് എന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ്..  "നിങ്ങളെന്റെ ചങ്ങാതിയല്ല "   എന്ന് വാക്കിലും പ്രവൃത്തിയിലും കാണിയ്ക്കുന്നവരോടുപോലും പലപ്പോഴും സ്നേഹം തോന്നുന്നത്  ,  സ്നേഹത്തിന് യാതൊരു നിബന്ധനകളും ഞാന്‍ വച്ചിട്ടില്ല എന്നുള്ളതുകൊണ്ടാണ് ..

ഈ പറഞ്ഞതെല്ലാം ചില  ആന്റി ഹീറോ പ്രണയങ്ങളുടെ  ഓര്‍മ്മവഴിയില്‍ വന്ന ഇലയനക്കങ്ങള്‍ ... ഈ നിമിഷം  ഒരു രാവണവിചാരം... രാവണന്‍ !  ഒരിയ്ക്കല്‍ ഞാനെഴുതി..

അല്ലയോ രാവണാ ..!
അങ്ങെത്രയോ തേജസ്വി !!
അങ്ങയോടു പൊരുതുവാന്‍
പടക്കോപ്പുകളുമായ് മുന്നില്‍ വന്ന
ശ്രീരാമദേവന്‍ പോലുമങ്ങയുടെ-
യഭൗമസൗന്ദര്യം കണ്ട്\
യുദ്ധം മറന്നൊരുമാത്ര
സ്തംഭിച്ചു നിന്നുപോയെന്നാല്‍
പ്രിയ രാവണാ ! അങ്ങെത്രയോ തേജസ്വി !!

ശ്രീരാമന്‍ പോലും പകച്ചുപോയ തേജസ് !

രാവണനെ സ്നേഹിയ്ക്കാന്‍ എന്നിലെ സ്ത്രീയ്ക്ക് നിസാര കാരണങ്ങളേ ഉള്ളൂ.  ഒരു ഉത്തമപുരുഷന്‍ എങ്ങനെയാവണം എന്ന് ശ്രീരാമന്റെ ജീവിതം കാണിച്ചു തരുന്നതായി പറയുമ്പോഴും   , മനുഷ്യന് എന്ത് തോന്ന്യാസവും കാണിയ്ക്കാം  എന്നാണ് രാവണന്‍ കാണിച്ചുതരുന്നത് എന്ന്‍ പറയുമ്പോഴും ,  സീതാദേവിയെ അധമചിന്തയോടെ തൊടാതിരുന്ന  മനസ്സ് ..സീതാപഹരണത്തിന്റെ പിന്നിലെ മനസ്സ്..  അതിന് മുന്‍പും പിന്‍പും ഒരുപാട് കാരണങ്ങളുണ്ടെങ്കില്‍ത്തന്നെയും , ആ നിമിഷം എന്നിലെ സ്ത്രീ രാവണനെ സ്നേഹിച്ചു ..

രാവണന്റെ യാഗം മുടക്കുവാന്‍ , ബാലിയുടെ പുത്രനായ അംഗദന്‍ രാവണന്റെ കൊട്ടാരത്തില്‍ നുഴഞ്ഞുകയറി  രാവണന്റെ ഭാര്യയായ മണ്ഡോദരിയുടെ മുടിയിൽ പിടിച്ച്  വലിച്ചിഴച്ച്  അപമാനിച്ചപ്പോൾ  -  (യാഗം നിർത്തിയാൽ മരിയ്ക്കുമത്രേ )  മരണഭീതിയില്ലാതെ ഭാര്യയുടെ മാനം കാക്കാന്‍ യാഗം നിർത്തിവച്ച് ചന്ദ്രഹാസം എടുത്ത രാവണനെ ആ നിമിഷം എന്നിലെ സ്ത്രീ സ്നേഹിച്ചു..

അപമാനിതയായ  ഭാര്യയെ വെറുപ്പോടെ നോക്കുകയോ  സമൂഹചിന്താവേവലാതിയിൽ ഉപേക്ഷിച്ചുകളയുകയോ ചെയ്യാതെ   മാറോട് ചേർത്ത് പിടിച്ച ആ താന്തോന്നിയെ  എന്നിലെ സ്ത്രീ പ്രണയിയ്ക്കും !  ആകാശത്തോളം .. കടലോളം...

കലാസാഹിത്യസംഗീതരംഗത്ത് അഗ്രഗണ്യനായ  വീരശൂരപരാക്രമിയായ ആ താന്തോന്നി അസുരന് യുദ്ധക്കളത്തില്‍ മരിച്ചുവീഴുമ്പോഴും നിര്‍വൃതിയായിരുന്നു..  !!

സാക്ഷാത്ക്കരിയ്ക്കപ്പെടാതെപോയ ഒരു പ്രണയത്തിന്റെ ഉറഞ്ഞുപോയ  തീക്ഷ്ണനൊമ്പരത്തിലും , പ്രണയസാക്ഷാത്ക്കാരത്തിനായി ഇനിയൊരു ജന്മമില്ലെന്നും ഇത്  തന്റെ മോക്ഷമാണ്  എന്നും പറഞ്ഞ് കണ്ണടയ്ക്കുന്ന രാവണന്‍ എന്റെ കഥാമനസ്സിലൊരു ഉണങ്ങാത്ത മുറിവ് ഉണ്ടാക്കുന്നുണ്ട്.. ദൈവമേ !    എന്തൊരു ജന്മം !! സ്നേഹിയ്ക്കാതെ വയ്യ എനിയ്ക്ക്...
     
 
Copyright © .