2016, ഒക്‌ടോബർ 30, ഞായറാഴ്‌ച

ഒരു തുണ്ട് മൗനം .

8 അഭിപ്രായ(ങ്ങള്‍)
                                                 ഒരു തുണ്ട്  മൗനം .
                                                 --------------------------------
                                                                                            -- ശിവനന്ദ .

നീര് വച്ച് വീർത്ത പാദം വലിച്ച്, ചിന്നിച്ചിതറിയ   മുടിയിഴകള്‍   ഇടയ്ക്കിടെ പിന്നിലേയ്ക്ക്   തൂത്തെറിഞ്ഞ് ഏന്തിയും  വലിഞ്ഞും  വേച്ചും അവർ  നടന്നു.    കല്ലില്‍ത്തട്ടി   കാലില്‍   ചോര   പൊടിഞ്ഞു.   കീറിയും തുന്നിയും നിറം കെട്ടുമിരുന്ന   സാരിത്തുമ്പ്   കാറ്റില്‍   പിറകോട്ടു   പറന്നു.

  ഒരു   പഴന്തുണിക്കെട്ട്   അവള്‍   നെഞ്ചോട്   ചേര്‍ത്ത്   പിടിച്ചിരുന്നു.   ആരോ   പിന്തുടരുന്നത്   പോലെ   അവള്‍  ഇടയ്ക്കിടെ   പിറകോട്ട്   തിരിഞ്ഞു   നോക്കി.   പിന്നെ   വഴിയരികില്‍   കണ്ട   മരച്ചുവട്ടിലേയ്ക്കിരുന്നു .   ആശ്വാസത്തോടെ   മരത്തിലേയ്ക്ക്   ചാരി   കണ്ണുകളടച്ചു.    മാറാപ്പ്   ഒന്നുകൂടി  നെഞ്ചിലേയ്ക്ക്   ഇറുക്കിപ്പിടിച്ച് ....

" ആര്  നീ ?"

അവള്‍  ഞെട്ടി   കണ്ണ് തുറന്നു .    ചുറ്റും   കൂടിയ   ആളുകള്‍..!   കണ്ണുകളില്‍   കൂര്‍ത്ത   മുനകള്‍..!


" നീയാര് "?

അവര്‍   വിരല്‍  ചൂണ്ടി .

" ഞാന്‍ ....ഞാന്‍... ഒരു   സഞ്ചാരി..."

" എന്തിനിവിടെ   വന്നു "? 

"അത്...അത് .. വെറുതെ..."

" നുണ.   നീ   തീവ്രവാദിയല്ലേ ?"

" നീ   ചാരനല്ലേ "?

" നീ  ചാവേറല്ലേ "?

മാറി   മാറി   ആക്രോശങ്ങള്‍ ..

" അല്ല...അല്ല... സഞ്ചാരിയാണ്... പാവം  സഞ്ചാരി...."

"സഞ്ചാരിയാണത്രെ ... എന്താ തെളിവ് ?   നിന്റെ   കൈയ്യിൽ   തിരിച്ചറിയൽ  കാർഡുണ്ടോ ? "

അവൾ   നിഷേധാർതഥത്തിൽ   തലയനക്കി .

" ആധാർ കാർഡുണ്ടോ ?  റേഷൻ  കാർഡുണ്ടോ ?  പാസ്‌പ്പോർട്ട്  ?  പോട്ടെ..ഒരു ഡ്രൈവിങ്  ലൈസൻസ്  എങ്കിലും ? "


അവൾ  മുഖമുയർത്തി  അവരെയൊന്ന്  നോക്കി....!

ആ നോട്ടത്തിന്റെ   അർത്ഥം   തിരയാൻ   അവർ  ഡിക്ഷ്ണറി   എടുക്കാൻ  മറന്നു ..കഷ്ടം..!


" എന്താ  നിന്റെ   മാറാപ്പിൽ ? "

അത്   കേട്ട   മാത്രയിൽ  അവൾ  ഭയത്തോടെ   അതൊന്നുകൂടി  കൈ കൊണ്ട്   പൊതിഞ്ഞു പിടിച്ച്  മിണ്ടാതിരുന്നു ..

" പറയെടീ .. ഇതിൽ   ബോംബല്ലേ  ?"

അവൾ ഞെട്ടി ..

"അല്ല...അല്ല..."

അവളുടെ  സ്വരം   വിറച്ചിരുന്നു .. കണ്ണുകൾ   നനഞ്ഞു വന്നു.   പക്ഷെ   മനസ്സിന്റെ   ചൂട്  കൊണ്ട്   അത്  ആവിയായിപ്പോയി .  തുണിക്കെട്ട്   ഒന്നുകൂടി  നെഞ്ചിലേക്കമർത്തി   അവൾ  ചുരുണ്ടുകൂടി ...

"അതൊന്നഴിച്ചേ ..കാണട്ടെ .."

"ഇല്ല..."

അവൾ  ദുർബ്ബലമായി   പ്രതിഷേധിച്ചു ..

" നിന്നോടല്ലേ പറഞ്ഞെ ..താടീ  ഇവിടെ.."

എല്ലാവരും കൂടി   ആക്രാന്തത്തോടെ   ആ പഴന്തുണിക്കെട്ട്   പിടിച്ചു  പറിച്ചു .  ആവേശത്തോടെ   അത്   വലിച്ചു കീറി .   അതിനുള്ളിൽ  മറ്റൊരു   പൊതിക്കെട്ട് .. അതിനുള്ളിൽ  വേറൊന്ന് ... ഒന്നൊന്നായി   അവർ  വലിച്ചു കീറിയെറിഞ്ഞു ...

ഒടുക്കം ... ഒടുക്കമൊരു  കുഞ്ഞു  മൺചെപ്പ് ..!   അത്  കൈയ്യിലെടുത്തപ്പോൾ  അവൾ   തൊഴുതു...

"അരുത് ..അത്  നശിപ്പിയ്ക്കരുത് ..."

"സത്യം  പറയെടീ ..എന്താ ഇതിൽ ?"

മറുപടി  പറയാതെ  അവൾ  കൈനീട്ടി ..

"താ .."

" ങാഹാ ... നീ പറയില്ലേ ?  എന്നാ  ഇതിലെന്താന്ന്   അറിഞ്ഞിട്ടുതന്നെ   കാര്യം.."

"ഞാൻ തുറക്കാം...ഞാൻ തുറക്കാം..."

എല്ലാവരും  കൂടി  പിടിവലി കൂടി.    ആരോ  ഒരാൾ  അത്   താഴേയ്ക്ക്  ആഞ്ഞെറിഞ്ഞു ..   പൊട്ടിച്ചിതറിയ  മൺചെപ്പിനുള്ളിൽ  നിന്നും   തൂവിത്തെറിച്ചത്  കുറെ  തരികളായിരുന്നു..!    കുറെ  സ്വപ്നത്തരികൾ !   അവളുടെ   പാതി   കരിഞ്ഞ   സ്വപ്നത്തരികൾ ...!

അവളൊന്നും  മിണ്ടിയില്ല.  കല്ലിന്  കാറ്റ്  പിടിച്ചത് പോലിരുന്നു...പിന്നെ...മെല്ലെ  മെല്ലെ  തൂവിപ്പോയ  തരികൾ  കൈ  കൊണ്ട്   തടുത്തുകൂട്ടി   വാരി ,  സാരിയുടെ   തുമ്പിൽ   കെട്ടിയിട്ടു... പിന്നെ  ചുറ്റും   നിന്നവരുടെ   മുഖങ്ങളിലേയ്ക്ക്  മാറി മാറി  നോക്കി..  ആ നോട്ടത്തിന്റെ   അർത്ഥം ...ശ്ശൊ...അവർ  ഡിക്ഷ്ണറി  എടുത്തില്ലല്ലോ...

എങ്കിലും   അവർ   അവളെ   നോക്കി   പിറുപിറുത്തു.....

"മാപ്പ് "...

അത്   കേൾക്കെ   അവളുടെ   കണ്ണൊന്ന്   വിടർന്നു ..!    മാപ്പ് ?  മാപ്പ്... അതിനെന്തു   വിലവരും ?    അവൾ   കണക്കു കൂട്ടി ..  ആത്മാഭിമാനത്തിന്റെ  അത്രയും ?    ഹേയ് ...ഇല്ല..അത്രയും  വരില്ല...  വ്യക്തിത്വത്തിന്റെ ?    ഹേയ് ...അതുമില്ല...  അപമാനത്തിന്റെ  ?    അതെ !   അവൾ ഉത്തരം  കണ്ടു പിടിച്ചു !   അവളുടെ  അപമാനത്തിന്റെ   വില  വരും മാപ്പിന്...  ഓരോ ദിവസവും   തെരുവിൽ  വലിച്ചു കീറപ്പെട്ട  അവളുടെ മാനത്തിന്റെ   വില...കൊള്ളാം...

മാപ്പ്..... അവൾ  ഓർത്തോർത്ത്   ചിരിച്ചു... കറ   പിടിച്ച   പല്ലുകൾ  കാട്ടി  വീണ്ടും  വീണ്ടും  ചിരിച്ചു ...

പക്ഷെ  പോരല്ലോ... ഇനിയുമുണ്ട്... ഒരു  കുഞ്ഞു മുഖത്തെ കടിച്ചു പറിച്ച   തെരുവ് നായ....എന്റെ....എന്റെ...

ആ കുഞ്ഞു ദേഹത്ത്  ആഴ്ന്നിറങ്ങിയ  പല്ലും മുഖവും...പിന്നെ...പിന്നെ...

അവളുടെ  അണപ്പല്ലുകൾ   ഞെരിഞ്ഞമർന്നു... സാരിയുടെ  ഇടയിൽ  തീ  വിഴുങ്ങിയ   ഒരു  തുണ്ടു  മൗനം  പോലെ  കത്തിയുടെ   വായ്ത്തല തിളങ്ങി....ഓരോ  ആൾക്കൂട്ടത്തിലും  അവളുടെ  ചത്ത കണ്ണുകൾ  തിരഞ്ഞു... ഒരു  നായ്‌മുഖം ...

"മാമ്മമ്മാര്  ചീത്തയാമ്മാ... അപ്പടി വേദനേടുത്തു ..."......

മണ്ണ്  തിന്ന്   മറഞ്ഞുപോയ  നിലവിളി....

കുത്തിക്കീറി . .. ഓരോ അവയവങ്ങളായി  അരിഞ്ഞരിഞ്ഞു .. ..പിന്നെയൊന്നും ആർത്തു ചിരിയ്ക്കാൻ....

അവൾ   വീണ്ടും   നടന്നു ... പ്രാഞ്ചിപ്രാഞ്ചി ....

                                                              ..........................






2016, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ഈ ദൈവത്തിന്റെയൊരു കാര്യം..!

3 അഭിപ്രായ(ങ്ങള്‍)
                                  ഈ ദൈവത്തിന്റെയൊരു കാര്യം..!
                                --------------------------------------------------------
                                                                                                              -- ശിവനന്ദ .


ആ കുഞ്ഞിന് ഒരു മൂന്ന് മൂന്നര വയസ്സ് പ്രായം വരും. ഒരു തോർത്തിന്റെ ഒരറ്റം പെറ്റിക്കോട്ടിന്റെ അടിയിൽ തിരുകിയിട്ടുണ്ട്. മറ്റേ അറ്റം തോളത്തേയ്ക്ക് വീശി എറിഞ്ഞിട്ടുണ്ട്. സാരി ഉടുത്തതാണേ .. ആരോ ഉണ്ടാക്കിക്കൊടുത്ത ഒരു ഓലക്കണ്ണട ഫിറ്റ് ചെയ്തിട്ടുണ്ട്. കൈയ്യിൽ കുപ്പിവള നിറയെ. കാലിൽ വെള്ളി പാദസരം. ഒരു കുഞ്ഞു വടിയുണ്ട് കൈയ്യിൽ. മുന്നിൽ നിറയെ വിദ്യാർഥികൾ ഇരിയ്ക്കുന്നെണ്ടെന്നാണ് അവളുടെ ഭാവം . ചോദ്യങ്ങൾ ചോദിയ്ക്കുന്നു കുട്ടികളോട് . അവൾ ടീച്ചറാണ്. മനസ്സിലായല്ലോ?
കുട്ടികൾ ആരും ചോദ്യത്തിന് ഉത്തരം പറയുന്നില്ല. പിന്നത്തെ കാര്യം പറയണോ ? അടിയോടടി. വടി ഒടിയുന്നത് വരെ അടിച്ചു...! ആ കുഞ്ഞു അന്ന് ആഗ്രഹിച്ചത് ഒരു ടീച്ചറാവാൻ. ഇങ്ങനെ കുട്ടികളെ അടിയ്ക്കാല്ലോ. അതാവും. വെല്യ പുള്ളിയല്ലേ ഈ ടീച്ചർ എന്ന് പറഞ്ഞാൽ..!
കുറേക്കൂടി വലുതായപ്പോൾ , അവൾക്ക് ചുറ്റും കണ്ട അനീതികൾക്ക് നേരെ അവൾ മുഷ്ടി ചുരുട്ടാൻ തുടങ്ങി. അപ്പോൾ അവൾ ആഗ്രഹിച്ചു, ഒരു വക്കീൽ ആവാൻ. വാദിയ്ക്കാല്ലോ. വാദിച്ചു വാദിച്ചു എതിരാളിയെ തോല്പിയ്ക്കാല്ലോ.
പിന്നെയും മുതിർന്നപ്പോൾ അവൾ അനീതിയ്ക്കു നേരെ വിരൽ ചൂണ്ടാൻ തുടങ്ങി. പൊട്ടിത്തെറിയ്ക്കാൻ തുടങ്ങി. അപ്പോൾ അവൾ തീരുമാനിച്ചു, ഒരു ജേണലിസ്റ് ആകണമെന്ന്. അതെ. അതായിരുന്നു അവളുടെ അവസാന തീരുമാനം.
പക്ഷെ...അവൾ ഒന്നുമായില്ല. സംവിധായകൻ പ്രിയദർശൻ പറഞ്ഞതുപോലെ , അവളുടെ ഭാവിയെക്കുറിച്ചുള്ള കണക്കു കൂട്ടലുകൾ കണ്ട്, ദൈവം തലതല്ലി ചിരിച്ചു കാണും.
 എന്നാലും ഈ ദൈവത്തിനെയൊരു കാര്യം..!!! എന്താല്ലേ..!!!!!!

                                                                *********************

2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഒരു രചന തുടങ്ങുന്നതിന് മുൻപ് ..

3 അഭിപ്രായ(ങ്ങള്‍)
                                  ഒരു രചന തുടങ്ങുന്നതിന്  മുൻപ് ...
                                  ------------------------------------------------------------
                                                                                              -- ശിവനന്ദ .

ഓരോ രചനകളുടെയും സൃഷ്ടിയ്ക്ക് മുൻപ് , അതിനുള്ളൊരു മനസ്സൊരുക്കവും , മനസ്സുരുക്കവും ഉണ്ട് .( ശ്രദ്ധിയ്ക്കുക, രണ്ടും രണ്ടാണ്.)
അങ്ങനെ മനസ്സിന്റെ ഉലയിൽക്കിടന്നു ഉരുകിത്തെളിഞ്ഞാണ് ഓരോ അക്ഷരങ്ങളും പുറത്തു വരുന്നത്. എഴുതുന്ന സമയത്ത് ഞാൻ വായനക്കാരെക്കുറിച്ച് ഓർക്കാറില്ല. അതൊരു ധ്യാനമാണ്. ആ സമയത്തു എനിയ്ക്കു ചുറ്റും മറ്റൊരു ലോകമില്ല. ഞാനും എന്റെ കഥാപാത്രങ്ങളുംമാത്രം.അവരിൽ ഓരോരുത്തരും ഞാൻ ആകും. ഓരോരുത്തരുടെയും മനസ്സിൽ ഞാൻ യാത്ര ചെയ്യും. ആ സഞ്ചാരപഥം പ്രവചനാതീതമാണ്.
ചിലപ്പോൾ അതൊരു ഉത്സവമേളത്തിലൂടെയാകും. ചിലപ്പോ ഒരു ശ്മാശാനഭൂവിലൂടെയാകും. ചിലപ്പോ നിതാന്ത ശൂന്യതയിലൂടെയുമാകും. ഒരു വല്ലാത്ത മാനസീകാവസ്ഥയിലാകും അപ്പോൾ ഞാൻ. അതിൽ നിന്നും ഞാൻ തിരികെ വരുമ്പോഴേയ്ക്കും ആ രചന പൂർത്തിയായിക്കഴിഞ്ഞിരിയ്ക്കും. അല്ല, അപ്പോഴും ഞാൻ പൂർണ്ണമായും എന്റെ കഥാപാത്രങ്ങളിൽ നിന്നും മോചിതയായി എന്ന് പറയാനാവില്ല. കുറെ ദിവസങ്ങൾ വേണം എനിയ്ക്കു വരുടെ മനസ്സിൽ നിന്നും സ്വതന്ത്രമാകാൻ.
അങ്ങനെ ഞാനൊരു രചന പൂർത്തിയാക്കിക്കഴിഞ്, അത് വായനക്കാരുടെ മുന്നിൽ സമർപ്പിച്ചു കഴിഞ്ഞാൽ , എനിയ്ക്കു വല്ലാത്ത സംഘർഷമാണ് . അത് സ്വീകരിയ്ക്കപ്പെടുമോ എന്നറിയുന്നത് വരെ. അതിന്റെ തെറ്റും ശരിയും വളരെ വ്യക്തമായി പറഞ്ഞു തരുന്നവരെയാണ് ഞാൻ വായനക്കാരിൽ പ്രതീക്ഷിയ്ക്കുന്നത്. എന്റെ അടുത്ത സുഹൃത്തുക്കൾ എല്ലാവരും തന്നെ നല്ലതെങ്കിൽ നല്ലതെന്നു പറയും, തെറ്റുണ്ടെങ്കിൽ ഉണ്ടെന്നും പറയും.
എന്തായാലും ഞാൻ എന്റെ വായനക്കാരെ അങ്ങേയറ്റം ബഹുമാനിയ്ക്കുന്നു. അവരില്ലെങ്കിൽ ഞാൻ എന്നേ മറവിയിൽ പൊടി മൂടപ്പെട്ടു പോയേനെ. അവർ അക്ഷരങ്ങളിലൂടെ എനിയ്ക്കു തരുന്നത് അവർക്കു മാത്രം സ്വന്തമായ കുറെ നിമിഷങ്ങളാണ്. അതിനു ഞാൻ എന്ത് കൊടുത്താൽ മതിയാകും? ഒരു നന്ദി വാക്കിൽ തീരുമോ ?
ഞാൻ എപ്പോഴും ശ്രമിയ്ക്കാറുള്ളത് , എന്റെ അക്ഷരങ്ങളോടൊപ്പം എന്റെ വായനക്കാരെയും കൈ പിടിച്ചു നടക്കാനാണ്. ഒരു പക്ഷെ അവിടെയാവും വ്യക്തിബന്ധങ്ങൾ എനിയ്ക്കുണ്ടാവുന്നതും. ഇതുവരെ എന്റെ കൈ തട്ടിനീക്കി പോകാൻ എന്റെ വായനക്കാർ ശ്രമിച്ചിട്ടില്ല. അത് ഒരു പരസ്പര ബഹുമാനമാണ്. ഒരു മനസ്സിലാക്കലാണ്.
അവിടെയാണ് ഒരു എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദം നടക്കുന്നത്. ആ കൈകോർത്തു നടക്കലിലൂടെയും പരസപരം മനസ്സിലാക്കലിലൂടെയും...

അജ്ഞാതൻ ..

3 അഭിപ്രായ(ങ്ങള്‍)
                                          അജ്ഞാതൻ ..
                                         --------------------------
                                                                             -- ശിവനന്ദ .

ആര് നീയെന്നെനിയ്ക്കറിയില്ല..!

നീയെവിടെയെന്നുമറിയില്ല ...!

എന്റെ മുന്നിലെ വെള്ളത്തിരശ്ശീലയിൽ 

ഒരുപിടി സ്നേഹാക്ഷരങ്ങളായി 

ചങ്ങാത്തത്തിന്റെയൊരു പിടി 

വാടാമലരുകളായി ..

ഇന്നാണ് സുഹൃത്തേ ,

നിന്നെ ഞാൻ കണ്ടത് !!!

നിന്റെ സ്നേഹാക്ഷങ്ങൾക്ക്  കീഴെ -

യൊരു നന്ദിവാക്കെഴുതാനെനിയ്ക്ക് 

കഴിഞ്ഞതുമില്ല...!

നീയിത് സ്വീകരിയ്ക്കുക..!

സൗഹൃദത്തിന്റെയീ അക്ഷരപ്പൂക്കൾ !

അനന്തമജ്ഞാതം നിന്റെ യാത്ര !!!!!

ഒരു കോടിയാശംസകൾ ..!!!!!


                                           ******************** 



2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

വെർജീനിയ വൂൾഫ്.

4 അഭിപ്രായ(ങ്ങള്‍)
വെർജീനിയ വൂൾഫ്.
--------------------------------------


വെർജീനിയ വൂൾഫ്.
----------------------------------
ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു എഴുത്തുകാരി..
" ഒരു സ്ത്രീയ്ക്ക് കഥ എഴുതണമെങ്കിൽ പണവും , സ്വന്തമായി ഒരു മുറിയും വേണം.."
കഴിഞ്ഞ നൂറ്റാണ്ടിന്റെ aadya pakuthiyil , ഇംഗ്ലീഷ് സാഹിത്യ രംഗത്ത് മുഴങ്ങിക്കേട്ട വ്യത്യസ്തമായ ഒരു
സ്ത്രീസ്വരമാണ് ഇത്. സമ്പന്നകള്‍ക്കെ സാഹിത്യകാരികള്‍ ആകാന്‍ കഴിയൂ എന്നല്ല, കാര്യങ്ങള്‍
തുറന്നെഴുതാന്‍ വേണ്ട സ്വയം പര്യാപ്തതയും സ്വാതന്ത്ര്യവും , രചനയ്ക്ക് ആവശ്യമായ
സ്വകാര്യതയും സമയവും ഒരു എഴുത്തുകാരിയ്ക്ക് കൂടിയേ കഴിയൂ എന്നുള്ള , തന്റെ
അഭിപ്രായമാണ് , ധീരമായ ഈ പ്രസ്താവനയിലൂടെ , അഡലിന്‍ വെര്‍ജീനിയ വൂള്‍ഫ്
സാഹിത്യലോകത്തിന് മുന്‍പില്‍ തുറന്നു വച്ചത് ...!
'എ റൂം ഓഫ് വണ്‍സ് ഓണ്‍ ' (സ്വന്തമായൊരു മുറി ) (1929) എന്ന പ്രസിദ്ധമായ
ലേഖനത്തിലേതാണ് ഈ വാക്യം .
സ്വകാര്യതയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള അഭ്യർത്ഥനയല്ല ; മറിച്ചു,
പെണ്ണെഴുത്തിന് പ്രായപൂർത്തിയായി എന്നുള്ള പ്രഖ്യാപനമാണ് ഇത്.
ഇരുപതാം നൂറ്റാണ്ടിൽ ഇഗ്ളീഷ് സാഹിത്യത്തെ വളരെയധികം സ്വാധീനിച്ച വനിതാ സാഹിത്യ
പ്രതിഭയായിരുന്നു മിസ്സിസ് വൂൾഫ്. നോവലിസ്റ്റ്, ഫെമിനിസ്റ്റ് , ചെറുകഥാകൃത് , നിരൂപക ,
ലേഖിക, സാമൂഹ്യ വിമർശക എന്നീ നിലകളിലെല്ലാം ജ്വലിച്ചു നിന്ന അവരുടെ കൃതികൾ
ഇന്നും ധാരാളം വായിയ്ക്കപ്പെടുന്നു . പരമ്പരാഗത സാഹിത്യരൂപങ്ങളെയും അവയെ
അടിസ്ഥാനമാക്കിയുള്ള സൗന്ദര്യശാസ്ത്ര സങ്കല്പങ്ങളെയും വെല്ലുവിളിച്ച ആധുനികതാവാദത്തെ
പിന്തുണച്ച ആളായിരുന്നു , വെർജീനിയ വൂൾഫ്. ബോധധാരാ സമ്പ്രദായത്തിലുള്ള
പരീക്ഷണാത്മകങ്ങളായ നോവലുകളും ചെറുകഥകളും , ഫെമിനിസ്റ്റ് ചിന്താഗതി
വെളിപ്പെടുത്തുന്ന ലേഖനങ്ങളും കഥകളും , മറ്റനേകം രചനകളും മിസ്സിസ് വൂള്ഫിന്റെ ബഹുമുഖ
പ്രതിഭയ്ക്ക് നിദര്ശനങ്ങളാണ് .
ലെസ്ലി സ്റ്റീഫന്റെയും ജൂലിയ ജാക്സൺ ന്റെയും മകളായി
1882 ഇൽ ലണ്ടനിൽ ജനിച്ചു .
1912 ഇൽ , സാഹിത്യകാരനും പത്രലേഖകനുമായ , ലിയോണാർഡ് വൂൾഫ് ന്റെ ഭാര്യയായി.
1941 മാർച്ചു 28 നു വെർജീനിയ മരണമടഞ്ഞു . അതൊരു ആത്മഹത്യ ആയിരുന്നു.
1905 മുതൽ 1941 ഇൽ anthariykkunnath വരെ ടൈമ്സ് നും മറ്റനേകം പ്രസിദ്ധീകരങ്ങൾക്കും
വേണ്ടി എഴുതിയ ഗ്രന്ഥ നിരൂപണങ്ങൾ , ഇംഗ്ളീഷ് സാഹിത്യത്തിന്റെയും
സാഹിത്യകാരന്മാരുടെയും സത്യസന്ധമായ വിലയിരുത്തലുകളായി കരുതപ്പെടുന്നു.

പ്രിയപ്പെട്ട 'യാഹൂ'... (ലേഖനം)

11 അഭിപ്രായ(ങ്ങള്‍)
                                            
                                        
1961 ഇൽ ഇറങ്ങിയ ' ജംഗ്‌ലി ' എന്ന സിനിമ എപ്പോഴെങ്കിലും കണ്ട ഓർമ്മയുണ്ടോ ആർക്കെങ്കിലും ? ഷമ്മി കപൂറും , സൈറാ ബാനുവും തകർത്തഭിനയിച്ച സിനിമ ?

ആ സിനിമയിലെ " ചാഹേ കോയീ മുച്ഛേ ജംഗ്‌ളീ കഹേ " എന്ന ആ മനോഹര ഗാനം ഓർക്കുന്നു ആരെങ്കിലും? തലമുറകൾ പാടി ആഘോഷിച്ച ഒരു മനോഹര ഗാനം..! നമ്മുടെ റാഫി സാഹിബ് (മുഹമ്മദ് റാഫി ) പാടി അനശ്വരമാക്കിയ ഗാനം..!!

ഞാൻ ആ സിനിമ കണ്ടിട്ടില്ല. പക്ഷെ ഈ പാട്ട് ഞാനെന്റെ നെഞ്ചോട് ചേർത്ത് സൂക്ഷിയ്ക്കുന്നു..ആ പാട്ടിനിടയിൽ പല തവണ വരുന്ന "യാഹൂ" എന്ന അലർച്ച ഓർമ്മയുണ്ടോ ?

ഓർത്തു നോക്കൂ ,...സത്യത്തിൽ ആ അലർച്ച , ആ പാട്ടിന്റെ പൂർണ്ണതയല്ലേ ? ആ 'യാഹൂ ' ശബ്ദമില്ലാതെ നമുക്ക് ആ പാട്ടിനെക്കുറിച്ചു ചിന്തിയ്ക്കാനാവുമോ ? ഹൃദയത്തിൽ തുളച്ചു കയറുന്ന പ്രണയാനുഭവം ..!!!

റാഫി സാഹിബ് പാടിയ ആ അനശ്വര ഗാനത്തിൽ , "യാഹൂ" എന്ന ആ അലറുന്ന ശബ്ദം ആരുടേതാണെന്ന് അറിയാമോ ? പലരും കരുതിയിരിയ്ക്കുന്നു, അത് , റാഫി സാഹിബിന്റേതാണെന്നു. പക്ഷെ അങ്ങനെയല്ല.

അത്ര പ്രാധാന്യമില്ലാത്ത ഒരു നടനും പാട്ടുകാരനുമായ പ്രയാഗ് രാജ് ആണ് ആ യാഹൂ നിലവിളിയുടെ കർത്താവ് ..! ആ സിനിമയിൽ , തനിയ്ക്ക് വേണ്ടി പാടുന്നത് , റാഫി സാഹിബ് ആയിരിയ്ക്കണമെന്നും, അതിൽ , 'യാഹൂ' എന്ന അലർച്ച ഉണ്ടായിരിയ്ക്കണമെന്നും നിബന്ധന വച്ചത് ഷമ്മി കപൂർ തന്നെയാണ്.

പക്ഷെ , ആ പാട്ടും , ആ അലർച്ചയും കൂടി ഒന്നിച്ചു കൊണ്ടുപോകാൻ റാഫി സാഹിബിനു ബുദ്ധിമുട്ടായപ്പോൾ , ഷമ്മി കപൂർ തന്നെ പ്രയാഗ് രാജിനെ ആ ദൗത്യമേൽപ്പിച്ചു. അൻപതോളം ടേക്കുകൾ വേണ്ടിവന്നത്രെ , ആ അലർച്ച പൂർണ്ണതയിലെത്താൻ..!

ഒക്കെ കഴിഞ്ഞപ്പോൾ പ്രയാഗ് രാജിന്റെ ശബ്ദത്തിനു പരിക്ക് പറ്റുകയും ആശുപത്രിവാസം വേണ്ടി വരികയും ചെയ്തു .

അതിനു മുന്പിറങ്ങിയ രണ്ടു മൂന്നു സിനിമകളിൽ ഈ യാഹൂ ശബ്ദം മുഴങ്ങിയിട്ടുണ്ടെങ്കിലും അത് ശ്രദ്ധിയ്ക്കപ്പെട്ടില്ല.

'ജംഗ്ലി ' യ്ക്ക് വേണ്ടി , പ്രണയം ആഘോഷമാക്കുന്ന ഈ പാട്ട് എഴുതിയത് , ഗാനരചയിതാവ് ശൈലേന്ദ്ര . വെള്ളിത്തിരയിലെ , ഷമ്മിയുടെ ബഹിർമുഖ വ്യക്തിത്വത്തോട് അങ്ങേയറ്റം ഇണങ്ങി നിക്കുന്ന ഗാനം..! തികച്ചും ലളിതവും കുസൃതി നിറഞ്ഞതുമായിരുന്നു പാട്ടിന്റെ ആശയം.

"എന്നെ കാടൻ എന്ന് വിളിയ്ക്കുന്നു എല്ലാവരും. വിളിയ്ക്കുന്നവർ വിളിച്ചോട്ടെ . എന്ത് ചെയ്യാൻ... പ്രണയകൊടുങ്കാറ്റിൽ അകപ്പെട്ടു പോയില്ലേ ഞാൻ ? "

ഷമ്മിയിലെ കാമുകന്റെ വികാരതീവ്രമായ ചോദ്യം! ഉള്ളിലെ പ്രണയക്കൊടുങ്കാറ്റ് , അതിന്റെ എല്ലാ തീവ്രതയോടും കൂടി പ്രേക്ഷകരെ അനുഭവിപ്പിയ്ക്കണമെന്നു ഷമ്മി ആഗ്രഹിച്ചു. "യാഹൂ " എന്ന ആർപുവിളി അതിനു ഏറെ സഹായിയ്ക്കുകയും ചെയ്തു എന്ന്, ആ പാട്ട് കേൾക്കുമ്പോൾ നമുക്ക് മനസ്സിലാവും..!!!!

അഭിനയിയ്ക്കുന്നവരുടെ മനസ്സും ശരീരവും അറിഞ്ഞു പാടാൻ കഴിവുള്ള മുഹമ്മദ് റാഫി സാഹിബും , കൂടെ പ്രയാഗ്‌റാജ്ഉം ചേർന്ന് ആ പ്രണയാനുഭവം അതി തീവ്രമാക്കി നമുക്ക് തന്നു..!!!

ഇനിയാണ് മറ്റൊരു അത്ഭുതം !

ലോകപ്രശസ്തമായ 'യാഹൂ.കോം ' നു , ആ പേരിലേക്ക് വഴി തുറന്നത് , ഈ പാട്ടിലെ "യാഹൂ" എന്ന ആർപ്പുവിളിയായിരുന്നു !!

അത്ഭുതങ്ങൾ തുടരുകയാണ് ! അമേരിക്കൻ ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ "യാഹൂ" മുംബൈയിൽ അവരുടെ ഓഫീസ് തുറക്കുന്ന ദിവസം . വിശിഷ്ടാതിഥികളിൽ ഷമ്മി കപൂറും ഉണ്ട്. (അദ്ദേഹം ഇന്ത്യ യിലെ ആദ്യ ഇന്റർ നെറ്റ് ഗുരുക്കളിൽ ഒരാളും കൂടിയാണെന്ന് നാം ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ട് ! ആദ്യകാല വെബ് സൈറ്റ് ഉടമകളിൽ ഒരാളും..! ) vediyil , യാഹുവിന്റെ സ്ഥാപകരിൽ ഒരാളും മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറുമായ ജെറി യാങ് ഉൾപ്പെടെയുള്ള പ്രമുഖർ . ഉദ്ഘാടന പരിപാടിയുടെ അവസാനം ബാൻഡ് സംഗീതം. പ്രൗഢ ഗംഭീരമായ ആ അന്തരീക്ഷ്ത്തിലേയ്ക്ക് ഒഴുകി വന്നത് , ആ പഴയ സിനിമാഗാനം !

"യാഹൂ.....ചാഹേ കോയീ മുച്ഛേ ജംഗ്‌ളീ കഹേ...."

അന്തം വിട്ടു നിന്ന ഷമ്മി കപൂറിനോട് ജെറി യാങ് പറഞ്ഞു , "കുട്ടിക്കാലത്തു താങ്കളുടെ യാഹൂ ഗാനത്തിന്റെ ആരാധകനായിരുന്നു ഞാൻ . എന്നെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച പാട്ടാണത് . പുതിയ സ്ഥാപനം തുടങ്ങിയപ്പോൾ , ആദ്യം മനസ്സിൽ വന്നത് , ആ പേരാണ് ! യാഹൂ..."

കണ്ണ് നിറഞ്ഞു പോയ വൃദ്ധനായ ഷമ്മി കപൂറിന് പഴയ പ്രണയ തീവ്രത ഓർമ്മ വന്നു കാണണം ...


                                           

എനിയ്ക്ക് വലുതാവണ്ടായിരുന്നു ..

3 അഭിപ്രായ(ങ്ങള്‍)
എനിയ്ക്ക് വലുതാവണ്ടായിരുന്നു ..
--------------------------------------------------
-- ശിവനന്ദ.
ബ്ലോഗ് വായിച്ചു തീർത്തു. മനസ്സ് വല്ലാതെ ഈറനണിഞ്ഞു .. ഒരു കമന്റെഴുതാൻ ശ്രമിച്ചിട്ട് ,
ഭാഷ മറന്നു.... രണ്ടോ മൂന്നോ വരികളിൽ ഒരു കമന്റെഴുതി , ലാപ് ടോപ് അടച്ചുവച്ചു.
കസേരയിലേക്ക് ചാരി കണ്ണുകളടച്ചു. ഒരുപാട് ഓർമ്മകളെ നെഞ്ചിലേറ്റി ഒരു
ദീർഘനിശ്വാസം...
. അതിൽ കാലം സൗമനസ്യത്തോടെ തന്ന ശാന്തികളും അശാന്തികളും ഉണ്ടായിരുന്നു.
പച്ചിലക്കുടുക്കകൾ ചിറകിട്ടടിച്ചു... മയിൽപ്പീലിത്തുണ്ടുകൾ പറന്നു കളിച്ചു...
ചടുലവും സമരതീക്ഷ്ണവും രസകരവുമായ കലാലയ ജീവിതമായിരുന്നു അത്..... 
കലാലയരാഷ്ട്രീയം വ്യക്തിത്വത്തിന്റെ തന്നെ ഒരുഭാഗമായി മാറിയ കാലം.... അന്ന്.... 
തെരഞ്ഞെടുപ്പ് വരുന്നു... വൈസ് ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിയ്ക്കുന്നു ഞാൻ. 
എസ്എഫ് ഐ യും p>ഏഐ എസ്എഫ് ഉം ഒന്നിച്ചു നിൽക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം 
അവസാനഘട്ടത്തിൽ .

അന്ന് അവധിയായിരുന്നു. വൈകീട്ട് ഒരു മൂന്ന് മണിയായിക്കാനും, എന്റെ വീട് അന്വേഷിച്ചു
പിടിച്ചു വന്നിരിയ്ക്കുന്നു , ഞങ്ങളുടെ കോളേജിലെ , ഞങ്ങളുടെ മുന്നണിയുടെ ടോപ് മോസ്റ്റ് ,
സോമൻ ചേട്ടൻ ! അന്നുഞാൻ ഡിഗ്രി രണ്ടാം വര്ഷം. ഈ ചേട്ടൻ പിജി യ്ക്ക് പഠിയ്ക്കുന്നു.
വന്നതും , ഒരു മുഖവുരയുമില്ലാതെ പറഞ്ഞു,

" ശിവ , വേഗം റെഡിയാവ് .. ലേഡീസ് ഹോസ്റ്റലിൽ വോട്ട് ചോദിച്ചിട്ടില്ല. അത് മറന്നൂല്ലേ ?
അത് വിട്ടുകളഞ്ഞാൽ ശരിയാവില്ല. പെട്ടെന്ന് പോയി വരാം."

ശേഷം അമ്മയോട് പറഞ്ഞു ,

"ശിവയെ പെട്ടെന്ന് തിരിച്ചെത്തിയ്ക്കാം അമ്മേ.." എന്ന്.

അച്ഛനോട് വിളിച്ചു ചോദിച്ചു അനുവാദം വാങ്ങി .
ഒരു വര്ഷം ഞാൻ ഹോസ്റ്റലിൽ ആയിരുന്നു എന്നതുകൊണ്ട് , അവിടുള്ളവരെല്ലാം എനിയ്ക്ക്
വളരെ അടുപ്പമുള്ളവർ. അതാണ് അവിടെ പറയുന്നത് പിന്നീടാവാം എന്ന് കരുതി
മാറ്റിവച്ചതും പിന്നെ മറന്നുപോയതും. .. ഞങ്ങൾ പുറപ്പെട്ടു. വീട്ടിൽ നിന്നും 15
കിലോമീറ്ററോളം വരും കോളേജിലേക്ക് . ബസിലാണ് പോയത്. ഹോസ്റ്റലിൽ ചെന്ന്
എല്ലാവരെയും കണ്ടു പറഞ്ഞു പോന്നു . തിരിച്ചുപോരാൻ നേരം വേറൊരു ചേട്ടൻ വന്നു.
ഞങ്ങളുടെ കോളേജിലെ തന്നെ ടോമിച്ചേട്ടൻ . സോമൻ ചേട്ടൻ എന്നോട് പറഞ്ഞു,

" മോളെ , ടോമിച്ചേട്ടൻ വീട്ടിലാക്കും. പേടിയ്‌ക്കേണ്ട ട്ടോ..സ്വന്തം ചേട്ടനായി കരുതാം "
എന്ന്.

വീട്ടിലേയ്ക്ക് തിരിച്ചു. ബസിൽത്തന്നെ. 6 മണിയായപ്പോഴേയ്ക്കും ഞങ്ങൾ ബസ്സിറങ്ങി.
വീട്ടിലേയ്ക്ക് നടക്കുന്ന വഴിയിൽ , ഗ്രാമങ്ങളുടെ സ്വന്തം ചോദ്യം..!!!

"ആരാ? മനസ്സിലായില്ലല്ലോ .. ഇവിടെങ്ങുംകണ്ടിട്ടില്ലല്ലോ.."

എന്നെ അവർക്കറിയാം. കൂടെയുള്ളത് ആരാണെന്നു അറിയണമല്ലോ..

"കുറെ ദൂരെന്നാ ചേട്ടാ... ഇപ്പൊ ഇവിടൊക്കെ ഏത്തക്കായയ്ക്ക് എന്നാ ഒണ്ട് ചേട്ടാ വെല ?"
ടോമിച്ചേട്ടന്റെ ചോദ്യം..! ഏത്തക്കുലയും തോളിൽ വച്ച് നടന്ന പക്കാ കൃഷിക്കാരനായ
ഗ്രാമവാസി ആ ചോദ്യത്തിൽ തലയുംകുത്തിവീണു. പിന്നെ കൃഷിപുരാണം. എന്നെയും
മറന്നു , ടോമിച്ചേട്ടൻ ആരാണെന്നുള്ളതും മറന്നു കൃഷിക്കാരൻ. അയാൾ 
വഴിപിരിഞ്ഞപ്പോൾ
ടോമിച്ചേട്ടൻ ചിരിച്ചു എന്നെ നോക്കി. പിന്നെ പറഞ്ഞു,

" ചേട്ടൻചോദിയ്ക്കാൻ വന്നതെല്ലാം മറന്നുപോയി.. "

ഞാനൊന്നുംമിണ്ടിയില്ല. ചുമ്മാ ചിരിച്ചു. എനിയ്ക്കറിയാമായിരുന്നു, ടോമിച്ചേട്ടന്റെ ചോദ്യം
വെറുതെ ആയിരുന്നു, അത് മറ്റേ ആളെ മിസ്ലീഡ് ചെയ്യാനായിരുന്നു എന്ന്. എന്നെ
സുരക്ഷിതയായി വീട്ടിലെത്തിച്ചു ടോമിച്ചേട്ടൻ മടങ്ങി. ...
ഇത് ഒരു വലിയ സംഭവമൊന്നുമല്ല. 
പക്ഷെ ഇന്നത്തെ ജീവിത സാഹചര്യങ്ങളുമായിതാരതമ്യംചെയ്യുമ്പോൾ , ഞാൻ അന്ന് 
ശ്രദ്ധിച്ച ഒരുപാട് കാര്യങ്ങളുണ്ട്... 
ഇവർക്ക് രണ്ടുപേർക്കുംസ്വന്തമായി കാറുള്ളവർ . തെരഞ്ഞെടുപ്പിന്റെ ആവശ്യത്തിനായി 
വേറെയും വണ്ടികൾഏർപ്പാടാക്കിയിട്ടുണ്ട്. എന്നിട്ടും അതൊന്നും ഉപയോഗിയ്ക്കാതെ 
എന്നെയും കൂട്ടി ബസ്സിൽയാത്ര ചെയ്യാമെന്ന് തീരുമാനിച്ചതിനു പിന്നിലെ മനസ്സ്... ബസ്സിൽ 
യാത്ര ചെയ്യുമ്പോൾ എന്നോട് അവർ കാണിച്ച കരുതലും ശ്രദ്ധയും...! കൂടെ നടക്കുമ്പോൾ 
എനിയ്ക്കവർ തന്ന സംരക്ഷണം... ഒക്കെ ഓരോ നിമിഷവും ഞാൻ സസൂക്ഷ്മം 
നിരീക്ഷിയ്ക്കുകയായിരുന്നു.
വൈകിട്ട് മൂന്നു മണി സമയത്ത് എന്നെ അവരുടെ കൂടെ വിടുവാൻ ഭയക്കാതിരുന്ന എന്റെ
മാതാപിതാക്കളുടെ വിശ്വാസവും ധൈര്യവും , അന്നത്തെ കമ്മ്യൂണിസ്റ് സംസ്കാരത്തിന്റെ
ഭാഗമായിരുന്നു. ആ ധൈര്യം ജീവിതവഴിയിൽ ഉടനീളം വ്യക്തിജീവിതത്തിൽ എന്നെയും
പിൻതുടർന്നു.
പക്ഷെ ഇന്ന്..
ഞാനോർക്കുകയാണ്... മക്കളുടെ കാര്യത്തിൽ അത്രയും ധൈര്യം കാണിയ്ക്കാൻ പറ്റുമോ
ഞാനുൾപ്പെടെയുള്ള മാതാപിതാക്കൾക്ക് ? കാലം മുന്നോട്ടു പോന്നപ്പോൾ , സാഹചര്യങ്ങൾ
എത്രയോ മാറിപ്പോയിരിയ്ക്കുന്നു..! എന്റെ മകൾക്ക് ഒരു രണ്ടു രണ്ടര വയസ്സ് 
പ്രായമുള്ളപ്പോൾ, അവളെ , അയല്പക്കങ്ങളിലെ വീടുകളിലെയ്ക്ക് 
എടുത്തുകൊണ്ടുപോകാൻ അവിടുത്തെ കുട്ടികൾ മത്സരമായിരുന്നു. പക്ഷെ 
എനിയ്കുഭയമായിരുന്നു കൊടുത്ത് വിടാൻ.
കൊണ്ടുപോയാലും , ഞാൻ അപ്പോൾത്തന്നെ ചെന്ന് തിരികെ കൊണ്ടുവരും. ഭയത്തിന്റെ
മാറാലകൾ കൊണ്ട് മൂടിപ്പോയ മനസ്സുകൾ... ഞാൻ പലപ്പോഴും ഓർക്കാറുണ്ട് , അന്ന് ,
സോമൻചേട്ടൻ പറഞ്ഞതുപോലെ , 'മോളെ പേടിയ്ക്കണ്ടാട്ടൊ ' എന്ന് അത്രയും സ്നേഹവും
കരുതലുമായി , പിന്നീടൊരിയ്ക്കലും ആരും എന്നോട് ഒന്നുംപറഞ്ഞിട്ടില്ലെന്ന്‌...!
ഓർക്കുമ്പോൾ എനിയ്‌ക്ക്‌ വല്ലാതെ നോവും.....
അപ്പോളെനിയ്ക്ക് തോന്നും , ഒരിയ്ക്കലും വലുതാവണ്ടായിരുന്നു എന്ന്.......
വേണ്ടായിരുന്നു..
എനിയ്‌ക്ക്‌ വലുതാവണ്ടായിരുന്നു...

*****************************************************
 
Copyright © .