2018, മാർച്ച് 22, വ്യാഴാഴ്‌ച

മലയാളമേ ! വന്ദനം !!

ഇന്നത്തെ സാമൂഹികചുറ്റുപാടുകളോട് ചേർത്തു വായിയ്ക്കേണ്ട ഒരു അനുഭവസാക്ഷ്യത്തിൽ നിന്നും തുടങ്ങാം...

ജി. ശങ്കരക്കുറുപ്പ് ന്റെ  'സൂര്യകാന്തി '   എന്ന കവിത ഞാനെന്റെ മകനെ പഠിപ്പിച്ചു. അവൻ അത് സ്‌കൂളിൽച്ചൊല്ലി  ഒന്നാം സമ്മാനം നേടി.  ശേഷം അവന്റെയൊരു  സുഹൃത്തിന്റെ അമ്മ  എന്നോട് പറഞ്ഞു,  അവരുടെ കുട്ടിയേയും ആ കവിത പഠിപ്പിയ്ക്കണം എന്ന്.  

ഞാൻ യുവജനോത്സവവേദികളിൽ മത്സരിയ്ക്കുന്ന കാലത്ത് എന്റെ അമ്മ എന്നോട് പറഞ്ഞിരുന്നു,  'ഇത് കലയാണ്, അതിൽ പകയോ വൈരാഗ്യമോ സ്വാർത്ഥതയോ  പാടില്ല '  എന്ന്.. ഞാൻ അതെന്റെ മക്കൾക്കും പറഞ്ഞുകൊടുത്തു.

ആ കുട്ടിയെ ഞാൻ കവിത പഠിപ്പിച്ചു.  എത്ര പറഞ്ഞുകൊടുത്തിട്ടും  മനസ്സിലാവാതെ ആ കുട്ടി അക്ഷരത്തെറ്റുകൾ വരുത്തി, പദം  മുറിച്ചു ചൊല്ലി .. ആ അമ്മയോട് അത്  ശ്രദ്ധിയ്ക്കണം എന്ന് ഞാൻ പറയുകയും ചെയ്തു.  

അടുത്തൊരു  വേദിയിൽ മത്സരിയ്ക്കുന്നു രണ്ടുപേരും.  ഒരേ കവിത , ഒരേവേദിയിൽ.  അവിടെയും ആ കുട്ടി അക്ഷരത്തെറ്റുകൾ വരുത്തിയും പദം  മുറിച്ചു ചൊല്ലിയും കവിതയുടെ വൃത്തം തന്നെ മാറ്റിക്കളഞ്ഞു.  ജഡ്ജസിന്റെ കൂട്ടത്തിൽ ആ അമ്മയുടെ സുഹൃത്തുക്കൾ രണ്ടു പേരുണ്ടായിരുന്നു.  എന്തായാലും ആ കുട്ടിയ്ക്ക് ഒന്നാം സമ്മാനവും എന്റെ മകന് രണ്ടാം സമ്മാനവും കിട്ടി.  അവരുടെ സ്വഭാവം എനിയ്ക്കറിയാവുന്നതുകൊണ്ട് ഞാനൊന്നും മിണ്ടിയില്ല. 

പിന്നീട് മറ്റൊരു വേദിയിൽ മത്സരം .  അന്ന് ജഡ്ജിങ് പാനലിൽ നമ്മുടെയൊരു  പ്രശസ്ത കവി   ഉണ്ടായിരുന്നു.  ആ മത്സരത്തിൽ എന്റെ മകന് ഒന്നാം സമ്മാനം കിട്ടി.  ഈ കുട്ടിയ്ക്ക് ഒന്നും കിട്ടിയതുമില്ല. പ്രതീക്ഷിച്ചതുപോലെതന്നെ  ആ അമ്മ  കവിയുടെ അടുത്ത്  ചെന്ന് ചോദിച്ചു,  'എന്താ സാർ എന്റെ കുട്ടിയ്ക്ക് സമ്മാനമില്ലാതെ പോയത് ? കഴിഞ്ഞ തവണ ഒരു വേദിയിൽ ഇതേ കവിത ചൊല്ലി കുട്ടിയ്ക്ക് ഒന്നാം സമ്മാനം കിട്ടിയതാ..."

 അദ്ദേഹം  ഒറ്റ  വാചകത്തിൽ ഉത്തരം പറഞ്ഞു...

"മുഴുവൻ  അക്ഷരത്തെറ്റ് ആയിരുന്നു."

ഇത് ഇത്രയും കൊണ്ട് നിൽക്കട്ടെ..  

 തന്റെ കവിതകൾ ഇനി വിദ്യാലയങ്ങളിൽ പഠിപ്പിയ്ക്കുകയോ ഗവേഷണവിഷയമാക്കുകയോ ചെയ്യരുത്  എന്ന് കവി  ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ  സൗമ്യമായ അഭ്യർത്ഥന..  ചുള്ളിക്കാട്  പറഞ്ഞത് ശരിയല്ല  എന്ന്  വാദിയ്ക്കുന്നു പലരും .    എന്നാൽ  ഞാൻ പറയുന്നു ,  അദ്ദേഹം ഇപ്പോഴും  ആ പഴയ  ' ക്ഷുഭിതയൗവ്വനം '   തന്നെയാണ്.

സൗമ്യമായ  ആ അപേക്ഷയ്ക്ക് പിന്നിൽ ഒളിപ്പിച്ച  തീക്ഷ്ണത  മനസ്സിലാക്കാൻ  സാമാന്യബോധം മാത്രം മതി.  ദയനീയമായ ചില സത്യങ്ങളിലേക്കുള്ള  നിശിതമായ  വിരൽ ചൂണ്ടലായിരുന്നു  അതെന്നു തിരിച്ചറിയേണ്ടതാണ് . അങ്ങനെയൊരു  വിരൽചൂണ്ടലിന്  ഇത്രയും  മനോഹരമായൊരു  വഴി കണ്ടെത്തിയ  പ്രിയ കവിയ്ക്ക്  എന്റെ വന്ദനം...

ബഹളമുണ്ടാക്കിയിരുന്നെങ്കിൽ  അന്തിച്ചർച്ചകളിലെ  കലപിലയായി  അവസാനിയ്ക്കുമായിരുന്ന ഒരു കാര്യത്തെ  ഒരൊറ്റ  വാചകം കൊണ്ട്  വരിഞ്ഞു മുറുക്കിയിട്ടു അദ്ദേഹം.  ഹാ !  എത്ര ഗംഭീരം !!  അദ്ദേഹത്തിൻറെ കവിതപോലെതന്നെ ..

 അക്ഷരശുദ്ധിയും  വ്യാകരണശുദ്ധിയും ഇല്ലാത്ത മലയാളം ആരുടെ സൃഷ്ടിയാണ് ?  ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ? അദ്ധ്യാപകരെയാണോ ?  അതോ വിദ്യാർത്ഥികളെയോ ?

എന്റെ  നാവിൽ ഹരിശ്രീ കുറിച്ച ബാലൻ സാറും  അദ്ദേഹം പഠിപ്പിച്ച  മലയാളവും  അപ്പൂപ്പൻതാടി  പോലെ ശുഭ്രശുദ്ധമായിരുന്നു.   കാലങ്ങൾക്ക് ശേഷം  എന്റെ മകനെ  മലയാളവ്യാകരണം  പഠിപ്പിയ്ക്കാൻ  മാത്രമായി   ഇതേ ഗുരുനാഥന്റെ  കൈയ്യിൽ ഏല്പിച്ച്  ഞാൻ പറഞ്ഞു  ,  " സാറിനെ  ഏൽപ്പിയ്ക്കുകയാണ് "..

എന്തുകൊണ്ടാണ്  കണക്കും ശാസ്ത്രവും  മറികടന്ന് മലയാളവ്യാകരണം പഠിപ്പിയ്ക്കാൻ മോനെ ഞാൻ കൊണ്ടുവിട്ടത് ?  വ്യാകരണശുദ്ധിയില്ലാത്ത  അദ്ധ്യാപനം  കൊണ്ടാണോ ?  അങ്ങനെയാവാം..  അല്ലെങ്കിൽ  അവന്റെ കുറ്റമാവാം. 

കാരണമെന്തുതന്നെയായാലും ,  എനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു ,  അക്ഷരശുദ്ധിയും  വ്യാകരണശുദ്ധിയും  ആശയശുദ്ധിയുമില്ലാത്ത , തീരെ ഭംഗിയില്ലാത്ത  ഒരു വാചകമായി മാറരുത് എന്റെ മകൻ എന്ന്.  എന്റെ ശ്രമങ്ങൾ കുറെയൊക്കെ  ഫലം കണ്ടിട്ടുണ്ട്. പ്രായപൂർത്തിയായി  മക്കൾക്ക് .  എന്നാലും ഇപ്പോഴും  ഞാനവരെ  പഠിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്.   അവരറിയാതെ  അവരെ തിരുത്തുകയാണ്,   ആശയസംവാദങ്ങളിലൂടെ...

അദ്ധ്യാപകനായിരുന്ന  മുത്തച്ഛന്റെ  കൈപിടിച്ച് നടന്ന  ശൈശവമാണ് പ്രകൃതി എന്ന  മലയാളത്തെ  എന്റെ അറിവിലേക്ക്  ഒരു നീർച്ചാലായി ഒഴുക്കിവിട്ടത്.  അതുമുതലാണ്  എന്റെ മലയാളപഠനം തുടങ്ങിയത്.

മലയാളവാക്കുകൾ  സ്പുടമായി  പറയാതിരുന്നതിന്  കാപ്പിയുടെ  വടി  ഒടിച്ചായിരുന്നു  അമ്മയെന്നെ തല്ലിയത് .   കാലിൽ ചുവന്നു തിണർത്തു കിടന്ന  ആ അടിയുടെ  മഹത്വം  ഞാൻ തിരിച്ചറിഞ്ഞത്  മലയാളത്തെ സ്നേഹിയ്ക്കാൻ തുടങ്ങിയപ്പോഴാണ്.  മലയാളം  അദ്ധ്യാപികയായിരുന്നു  അമ്മ .  വിഷാദമധുരമായ  ശബ്ദത്തിൽ , ഈണത്തിൽ  ചൊല്ലിക്കേൾപ്പിച്ച  പദ്യങ്ങൾ  നനുത്ത മഞ്ഞ് പോലെ  മനസ്സിനെ തഴുകിയിരുന്നു.  അമ്മയുടെ ക്ളാസുകൾ കുട്ടികൾക്ക് ഇഷ്ടവുമായിരുന്നു.  എഴുത്തുഭാഷയിൽ , അടുക്കും ചിട്ടയോടും കൂടി  സ്പുടമായി  സംസാരിയ്ക്കുന്ന അമ്മയുമായി  സംസാരിച്ചിരിയ്ക്കുക എന്നതുതന്നെ വലിയൊരു അറിവ്  ആണ്...   എത്ര ഭംഗിയായും ലളിതമായുമാണ്  അമ്മ എന്റെയുള്ളിലേയ്ക്ക്  ശുദ്ധമലയാളത്തിന്റെ  മുലപ്പാൽ മധുരം  ഇറ്റിച്ചു തന്നത് !!!  അമ്മയ്ക്ക് ഒരുമ്മ ...

തുടക്കത്തിൽ  ഞാൻ പറഞ്ഞ  സംഭവത്തിലേക്ക്  തന്നെ പോകാം. ആ കുട്ടി  ചൊല്ലിയതിൽ  മൊത്തം  അക്ഷരത്തെറ്റായിരുന്നു  എന്ന്  പറഞ്ഞ കവിയുടെ  നേരെ  കയർക്കാൻ  ധൈര്യം  കാണിച്ചു   കുട്ടിയുടെ അമ്മ !  ഇങ്ങനെയാണ്  നമ്മുടെ സമൂഹം  പോകുന്നത്.  

അപൂർണ്ണമായ  ആശയങ്ങളോടുകൂടിയ വാചകങ്ങളും  വ്യാകരണത്തെറ്റോടുകൂടിയ  വാക്കുകളും  അംഗവൈകല്യം  ബാധിച്ച അക്ഷരങ്ങളും  ,  ചൂണ്ടുവിരലിനെ,  ചൂണ്ടി എന്നാരോപിച്ച്  ഉരലിൽ ഇട്ടു ചതയ്ക്കുന്ന കാലവും..  

ഈ സാമൂഹിക വിപത്തിന്  എതിരെയാണ്   കവി ബാലചന്ദ്രൻ ചുള്ളിക്കാട്  പ്രതികരിച്ചത്  എന്ന് മനസ്സിലാക്കാൻ  ഒരുപാട് സർവ്വകലാശാലാ ബിരുദങ്ങളൊന്നും വേണ്ട.  സ്വതന്ത്രമായി ചിന്തിയ്ക്കാനുള്ള ഒരു മനസ്സ് മാത്രം മതി. 

ഇന്നും പഠിച്ചുതീരാത്ത  മലയാളവുമായി ,  വായനാശൈശവത്തിന്റെ  ബാലാരിഷ്ടതകളിപ്പെട്ട്  നട്ടം  തിരിയുന്ന എന്റെ വാക്കുകൾ  മലയാളഭാഷയുടെ കാൽക്കൽ സമർപ്പിച്ചുകൊണ്ട് സസ്നേഹം...


18 അഭിപ്രായ(ങ്ങള്‍):

ഫ്രാന്‍സിസ് പറഞ്ഞു...

പ്രായോഗിക ജീവിതത്തില്‍ ഭാഷയുടെ ഉദ്ദേശം ആശയവിനിമയമാണ്.ഓരോരുത്തരും അവര്ക് വഴുങ്ങുന്നതുപോലെ അതിനെ ഉപയോഗിച്ചു ആശയങ്ങളെ പ്രകാശിപ്പിക്കുന്നതിനെ ആക്ഷേപിക്കാനും വയ്യ.എന്നാല്‍ പഠിപ്പിക്കുന്നത്‌ ശുദ്ധമായത് തന്നെയാവണം എന്നാ അഭിപ്രായത്തിനു എതിരഭിപ്രായത്തിന്റെ സദ്യതയെ ഇല്ല. ഇക്കാര്യത്തില്‍ ചുള്ളികാടിനോടും ശിവയുടെ ഈ വീക്ഷനതോടും പൂര്‍ണമായി യോജിക്കുന്നു. കാര്യമാത്ര പ്രസക്തമായ ഈ പ്രതികരണം അഭിനന്ദനാര്‍ഹമാണ്..
അഭിനന്ദനങ്ങള്‍..

Sivananda പറഞ്ഞു...

ശരിയാണ് ഫ്രാന്‍സിസ് പറഞ്ഞത്. ആശയവിനിമയമാണ് ഭാഷയുടെ ഉദ്ദേശം. എന്നാല്‍ ഭാഷയുടെ ആത്മാവിനെ നശിപ്പിച്ചിട്ടുള്ള ഒരു കാര്യങ്ങളോടും നമുക്ക് യോജിയ്ക്കാന്‍ പറ്റില്ലല്ലോ.. നന്ദി ഫ്രാന്‍സിസ്,, സന്തോഷം..

nandu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
nandu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
nandu പറഞ്ഞു...

അനിവാര്യമായത് സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു... ഒരു മലവെള്ളപ്പാച്ചിലിന്റെ വൈകൃത മൂർദ്ധനൃമായിപ്പോയേക്കുംഈ ഭാഷ.അതിലേക്കു മലയാള കര:ശിലകൾ അടർന്നടർന്നു വീണു കൊണ്ടിരിക്കും.അത് കലങ്ങിയ വെള്ളവും കടപുഴകിവീണ തെങ്ങും ആട്ടിൻ കൂടും ചത്ത പോത്തും വിസർജ്ജ്യങ്ങളുംകൊണ്ട് മലിനമായിരിക്കുംഅന്ന്..ചുള്ളിക്കാടുകൾക്ക് പിടിച്ചുനിൽക്കാനാവില്ല.. പിൻവാങ്ങുകയേ തരമുള്ളൂ...

Sivananda പറഞ്ഞു...

എന്നാലും നമ്മള്‍ അന്ത്യം വരേയ്ക്കും പൊരുതുകതന്നെ ചെയ്യണം നന്ദു.. സന്തോഷം..

Sureshkumar Punjhayil പറഞ്ഞു...

The Author. . !!!
.
Good . Best wishes... !!!

ഫ്രാന്‍സിസ് പറഞ്ഞു...

ശരിയുടെ ശത്രു ഒരിക്കലും തെറ്റല്ല, തെറ്റുകൊണ്ടോരിക്കലും ശരിയെ ഇല്ലായ്മ ചെയ്യാന്‍ ആവില്ല.ഒരു ശരി ഇല്ലാതാകുനത് അതിനെക്കാള്‍ ശരിയായത് വരുമ്പോള്‍ മാത്രമാണ്.ഇക്കാര്യത്തിലും അതുതന്നെയാണ് ശരി.അര്‍ഹാതുല്ലതെന്തോ അത് അതിജീവിക്കും.അഭിപ്രായങ്ങളെ പ്രകടിപ്പിക്കുക എന്നത് മാത്രം ആണ് നമ്മുടെ ഉത്തരവാദിത്വം.ബാക്കിയെല്ലാം കാലത്തിന് വിടുക.കാര്യങ്ങളെ വൈകാരികമായി സമീപിക്കുന്നത് മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനു തടസം ആകും.

rajalakshmi balakrishnan പറഞ്ഞു...

shivaa.... innale. sugathakumari teacher and MT sir um kaviyotoppam nillkunnathuvare sankatam thonni enthupatti nammute adhyapakarkkum kunjungalkkum.... amma ennu paranju paticha kunjunal engne malayalam marakkunnu. shiva.aksharangalkku gambheeryam kootiyitte ulloo. santhosham.... ashamsakal.

Punaluran(പുനലൂരാൻ) പറഞ്ഞു...

മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും അഭിപ്രായം ആണ് ഇത് . അത് ചുള്ളിക്കാടിനു ഒരു കവിയെന്ന നിലയിൽ പറയാം..എന്നാൽ ബാലചന്ദ്രൻ ചുള്ളിക്കാട് മലീമസമാക്കുന്ന എത്രയെത്ര സായാഹ്നങ്ങൾ ..അവയ്ക്ക് എന്ത് പ്രായച്ഛിത്തം ആണ് കവി ചെയ്യുക ?

എഴുത്തിന് ആശംസകൾ ..

Sivananda പറഞ്ഞു...

നന്ദി സുരേഷ്.. സന്തോഷം.. :)

Sivananda പറഞ്ഞു...

ഫ്രാന്‍സിസ്, അഭിപ്രായങ്ങള്‍ പ്രകടിപ്പിയ്ക്കുക മാത്രമാണ് നമ്മുടെ കടമ . ശരികള്‍ക്ക് വേണ്ടി പൊരുതുകയും ചെയ്യുക.. :)

Sivananda പറഞ്ഞു...

നന്ദി രാജി.. ഒരേയൊരു വഴി അക്ഷരങ്ങള്‍ മാത്രമാണ് എന്ന് വരുമ്പോള്‍ , എനിയ്ക്കിതില്‍ പിടിച്ചുനിന്നല്ലേ തീരൂ ? :)

Sivananda പറഞ്ഞു...

അഭിപ്രായങ്ങള്‍ വൈയക്തികമല്ലേ സാംസണ്‍.. :) ചുള്ളിക്കാട് എന്നാ വ്യക്തിയെ അല്ല, കവിയെ ആണ് ഞാന്‍ ഉദ്ദേശിച്ചത് . നന്ദി സാംസണ്‍.. സന്തോഷം. കുറെ നാളായല്ലോ സാംസനെ കണ്ടിട്ട്..

Punaluran(പുനലൂരാൻ) പറഞ്ഞു...

ഇ തൊക്കെ തൊടുന്യായം .. കേരളത്തിൽ ഒരു കുടുംബത്തിന് നന്നായി ജീവിക്കുവാൻ ഇതിൽ കൂടുതൽ എന്ത് വേണം

ബാലചന്ദ്രൻ ചുള്ളിക്കാട് ഇപ്പോള്‍ എറണാകുളം സബ്ട്രഷറിയില്‍ ജോലി ചെയ്യുന്നു. പത്തോളം കൃതികളുടെ റോയൽട്ടി , അങ്ങനെ പലതും ..
ഭാര്യ കവയത്രി വിജയലക്ഷ്മി . സ്വന്തമായി ഗോവർമെൻറ് ജോലി .പന്ത്രണ്ടോളം കൃതികളുടെ റോയൽട്ടി കേരള സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ജനറൽ കൌൺസിലിലും അംഗമായിരുന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ കമ്മിറ്റിയുടെ കൺവീനർ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ അഡ്വൈസറി ബോർഡ് അംഗം, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വൈസ്‌പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഞാൻ കൂടുതൽ വിവരിക്കുന്നില്ല .. ഒന്ന് ചിന്തിച്ചു നോക്കൂ..ആശംസകൾ

Sivananda പറഞ്ഞു...

ഇതൊക്കെ അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യങ്ങളാണ് സുഹൃത്തെ.. ഞാന്‍ പറഞ്ഞത് ചുള്ളിക്കാട് എന്നാ കവിയെ കുറിച്ചാണ് .

Punaluran(പുനലൂരാൻ) പറഞ്ഞു...

അതു കൊണ്ടാണല്ലോ ഞാൻ ശിവാനന്ദ എഴുതിയത് അപ്പടി നേര് എന്നു ഞാൻ കുറിച്ചത് .കുടുംബം പോറ്റാൻ കവിത എഴുത്ത് നിറുത്തി സീരിയൽ അഭിനയം തുടങ്ങി എന്നൊക്കെ വല്യ ഗമയിൽ തട്ടിവിടുന്നത് വെറും ജാഡ ..അതിലും ഭേദം വല്ല തട്ടുകടയും തുടങ്ങുന്നതായിരുന്നു..ഞാൻ ചുള്ളിക്കാട് സാറിന്റെ മോന്ത സീരിയലിൽ കണ്ടാൽ അപ്പോൾ ടീവി ഓഫ് ചെയ്യും ..ഇതു എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം ..ശിവനന്ദയുടെയും മലയാളത്തെ സ്നേഹിക്കുന്ന ഞാനടക്കം എല്ലാവരുടെയും കാഴ്ചപ്പാടിൽ ചുള്ളിക്കാട് പറഞ്ഞത് നൂറുശതമാനം ശരി

Sivananda പറഞ്ഞു...

:) ok samson.. so happy..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .