2023, ജനുവരി 27, വെള്ളിയാഴ്‌ച

വിശ്വാസവും മാനവികതയും. (New )

 വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടയ്ക്കുള്ള അവസ്ഥ വിചിത്രവും കൗതുകകരവുമാണ്.  ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ള ഒരു വിശ്വാസി എന്ന് ഞാനെന്നെ സ്വയം വിലയിരുത്തുമ്പോൾ മറ്റുള്ളവർ  അത്  ഏത് രീതിയിൽ ഉൾക്കൊള്ളും എന്നറിയില്ല.  ഒരുപക്ഷേ ഞാനിതിന്റെ  രണ്ടിന്റെയും സങ്കരമാകാൻ  കാരണം, അച്ഛന്‍ അവിശ്വാസിയും അമ്മ വിശ്വാസിയുമായതാവാം.  എന്നാൽ അമ്മയ്ക്ക് അന്ധവിശ്വാസം തീരെയുണ്ടായിരുന്നില്ല. 

കുറേപ്പേരെ എല്ലാം ഉള്ളവരായും  സുഖിയ്ക്കാൻ മാത്രമായും കുറേപ്പേരെ ഒന്നുമില്ലാത്തവരായും പീഡനങ്ങൾ സഹിയ്ക്കേണ്ടവരായും സൃഷ്ടിച്ചത് ദൈവമാണെങ്കിൽ അങ്ങനെയൊരു ദൈവത്തിനെ നമുക്കെന്തിന് എന്നായിരുന്നു, എന്നും മറ്റുള്ളവർക്കായി ജീവിച്ച, കയ്യിലുള്ള അവസാനത്തെ ചില്ലിക്കാശ് വരെ ദുരിതം അനുഭവിയ്ക്കുന്നവർക്ക് കൊടുത്ത്  കാലിക്കീശയുമായി ജീവിച്ചുമരിച്ച അച്ഛന്റെ ചോദ്യം.  ആ ചോദ്യത്തെയാണ് ഞാൻ പിന്തുടർന്നത്.   എനിക്ക് വിശ്വാസമുണ്ട്. എന്നാലത് അന്ധമായ രീതിയിലല്ലതാനും .  എന്റെ വിശ്വാസത്തിന്റെ രീതികൾ മറ്റാരെയും നോവിയ്ക്കാതിരിക്കാൻ ഞാൻ  ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ മറ്റൊരാളുടെ വിശ്വാസത്തെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല.  അത് അച്ഛനും ചെയ്തിട്ടില്ല. ആരുടേയും സ്വാതന്ത്ര്യത്തിൽ അനാവശ്യമായി കൈ കടത്തിയില്ല അച്ഛൻ. വീടിന്റെ മുന്നിലുള്ള പള്ളിയിൽ പെരുന്നാൾ വരുമ്പോൾ  എല്ലാ സഹായസഹകരണങ്ങളും അച്ഛൻ ചെയ്യുമായിരുന്നു. പ്രദക്ഷിണം കാണാൻ നിൽക്കുമായിരുന്നു. ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പ് കാണുമായിരുന്നു. അതൊക്കെ നാട്ടിൽ നടക്കുന്ന സാംസ്ക്കാരിക പരിപാടിയാണ് എന്നാണു അദ്ദേഹം പറയുക.  എന്നാൽ ഒരിയ്ക്കലും വഴിപാടുകൾ നടത്താനോ കാണിപ്പെട്ടിയിൽ ഇടാനോ പൈസ തന്നില്ല. ആ പൈസ പാവങ്ങൾക്ക് കൊടുക്കാൻ പറഞ്ഞു അച്ഛൻ. ആ യുക്തിയും മാനവികതയുമാണ് ഞാൻ നെഞ്ചിലേറ്റിയത്.   


ക്ഷേത്രത്തെക്കുറിച്ചുള്ള കുട്ടിക്കാലത്തെ  ഓർമ്മകൾ പോലും തങ്ങിനിൽക്കുന്നത്,  അച്ഛന്റെ ജ്യേഷ്ഠപത്നിയുടെ കൂടെ ഇടയ്ക്ക്  അമ്പലക്കുളത്തിൽ കുളിക്കാൻ പോകുന്നതും, വല്ലപ്പോഴും അമ്മ പറിച്ചുതരുന്ന പനിനീർപ്പൂക്കൾ നനഞ്ഞ വാഴയിലയിൽ  വച്ച് ഏറെ ദൂരം നടന്ന് അമ്പലത്തിന്റെ നടയ്ക്കൽ കൊണ്ട് വയ്ക്കുന്നതും,  അമ്പലത്തിലെ ഉത്സവപ്പറമ്പിലെ കച്ചവടക്കാരുടെ കയ്യിൽ നിന്നും കുപ്പിവളയും മുത്തുമാലയും വാങ്ങുന്നതും ബാലേ, വില്ലടിച്ചാംപാട്ട് ആദിയായവ  ആസ്വദിക്കുന്നതിലുമൊക്കെയാണ്.  ഇന്നും നല്ല ഓർമ്മയുണ്ട്, അന്ന്  ശ്രീകോവിലിൽ നോക്കിയത്  ഈശ്വരനെ കാണാനായിരുന്നില്ല. ആ ബിംബത്തിന് പിന്നിൽ സൂര്യന്റെയോ പൂവിന്റെയോ മറ്റോ  ആകൃതിയിൽ ഉള്ളൊരു  പ്രകാശമുണ്ടായിരുന്നു. അതാണ് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നത്. ഒരിയ്ക്കലും തീരാത്തൊരു കൗതുകമായിരുന്നു എനിയ്ക്കത്.

 നിത്യേന ക്ഷേത്രത്തില്‍ പോയി പ്രാർത്ഥിക്കുക  എന്നത് അന്നും ഇന്നും ഒരു ജീവിതചര്യയാക്കി എടുത്തിട്ടില്ല.  എന്നാല്‍ പോകണമെന്ന്  സ്വയം തോന്നുന്ന ദിവസം ഞാന്‍ പോവുകയും ചെയ്യും. അത് വളരെ ആസ്വദിച്ചാണ് ചെയ്യുക.  യാതൊരു ധൃതിയുമില്ലാതെ വഴിയോരത്തുള്ള ചെടികളേയും പൂക്കളെയും ശ്രദ്ധിച്ച്,  വഴിയരികില്‍ നില്‍ക്കുന്ന ഇലഞ്ഞി പൂക്കുന്ന കാലത്ത് അതിന്റെ മൂന്നുനാല് പൂക്കളെടുത്ത് വാസനിച്ച്,  എതിരെ വരുന്ന ബന്ധുക്കളോടും പരിചയക്കാരോടും ചിരിച്ച് കുശലം പറഞ്ഞൊക്കെ നടക്കുന്നതാണ് ശീലം.   അമ്പലത്തില്‍ ചെന്നാല്‍ ഓട്ടപ്രദക്ഷിണം നടത്തി തിരികെ ഓടുന്ന ശീലവുമില്ല. പ്രദക്ഷിണവഴികളില്‍ ധ്യാനലീനമായിരിയ്ക്കും മനസ്സ്.  എന്നുവച്ചാല്‍ ഒന്നുമില്ലാത്തൊരു അവസ്ഥ എന്നേ  മനസ്സിലാക്കേണ്ടതുള്ളൂ.  ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് ലിസ്റ്റ് എഴുതി വായിയ്ക്കുന്നതുപോലെ പ്രാര്‍ത്ഥിക്കുന്ന സ്വഭാവമില്ല. ഉള്ളിലേക്ക് നോക്കി മന്ത്രധ്വനികള്‍ കേട്ട്  സുഗന്ധം ആസ്വദിച്ച്  ശാന്തമായി നില്‍ക്കും. മനസ്സിൽ പ്രാർത്ഥനയോ പരാതിയോ പരിഭവമോ ഉണ്ടാവില്ല.  അതിനിടയില്‍  ദേഹത്ത്  വീഴുന്ന തീര്‍ത്ഥത്തിന്റെയും  കൈയ്യില്‍ വാങ്ങുന്ന ചന്ദനത്തിന്റെയും കുളിര് ഏറെ  ഇഷ്ടമാണ്.

വേദഗ്രന്ഥങ്ങൾ ഒന്നുംതന്നെ വായിച്ചിട്ടില്ല.  എന്നാൽ അതിലെ കാര്യങ്ങൾ കഥകൾ പോലെ കേൾക്കാനും വായിക്കാനും ഇഷ്ടമാണ്.   ജാതിമതഭേദമെന്യേ എല്ലാ മതഗ്രന്ഥങ്ങളിലും ഒരേ കാര്യം തന്നെയാണ് പറഞ്ഞിട്ടുള്ളതെന്നും മനുഷ്യൻ കാണിക്കുന്ന തരംതിരിവ് ബുദ്ധിശൂന്യതയാണെന്നുമാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. നല്ലതിന് വേണ്ടി നമ്മുടെ ആചാര്യന്മാർ എഴുതിവച്ച പുസ്തകങ്ങൾ പരസ്പരം വൈരം തീർക്കാൻ പലയിടത്തും ഉപയോഗിക്കപ്പെടുമ്പോൾ വിഷമം തോന്നും.  സത്യത്തിൽ,  ഒരുപാട് പഠനങ്ങൾക്കുള്ള സാദ്ധ്യത അവശേഷിപ്പിച്ചാണ് നമ്മുടെ ഗ്രന്ഥകാരന്മാർ ബുദ്ധിപൂർവ്വം ഓരോന്നും  എഴുതി നിർത്തിയിരിക്കുന്നത്.  വ്യത്യസ്ത  വീക്ഷണകോണിലൂടെ  ഒരു തുടർപഠനം ഓരോ ഗ്രന്ഥങ്ങളും നമുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.  വേദഗ്രന്ഥങ്ങളിലെ   കഥകളോടൊപ്പം അതിന്റെ രാഷ്ട്രീയവും കൂടി ചിന്തിയ്ക്കുന്നതാണ് എനിയ്ക്കിഷ്ടം.  ആത്മീയതയിലെ ശാസ്ത്രം അന്വേഷിക്കാന്‍ ആണ് എനിയ്ക്ക് കൂടുതല്‍ ഇഷ്ടം തോന്നുക.  എന്നെ സംബന്ധിച്ചിടത്തോളം  ആ അന്വേഷണത്തിന്റെ കൗതുകവും സന്തോഷവും  അനുപമമാണ്.  

ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങളും  ബിംബങ്ങളും കാണാൻ വലിയ ഇഷ്ടമാണ്. എന്നാൽ  അതിന്റെ കലാഭംഗിക്ക് മുന്നിലാണ് ഞാൻ നിന്നുപോവുക. ആ ചിത്രം വരച്ച അല്ലെങ്കിൽ ആ രൂപം കൊത്തിയെടുത്ത വിരലുകളുടെ മാന്ത്രികതയെ  അത്ഭുതാദരങ്ങളോടെ ഓർത്തുപോകും.  അതുപോലെ ഭക്തിഗാനങ്ങളിലെ ഭക്തിയല്ല, അതിലെ സംഗീതമാണ് എന്നെയെന്നും പിടിച്ചുനിർത്തുക. സംഗീതം ഇഷ്ടമായില്ലെങ്കിൽ എത്ര നല്ല  ഭക്തിഗാനമായാലും ശരി,  എന്റെ പ്രിയപ്പെട്ടവയിൽ നിന്നും അവ ഒഴിവാകും.  അതുപോലെ കാണിപ്പെട്ടിയിൽ  പണം നിക്ഷേപിക്കുന്നത് ഒരു അത്യാവശ്യമായി എനിക്ക് തോന്നിയിട്ടില്ല.  അതിലേറെ ദൈവികമായി എനിക്ക് തോന്നിയിട്ടുള്ളത് ദീനത അനുഭവിക്കുന്നവരെ സഹായിക്കുന്നതാണ്.  പണ്ട് ഞാനോർക്കുന്നു, അന്നൊക്കെ ആരാധനാലയങ്ങളുടെ  പരിസരത്ത് ഭിക്ഷക്കാർ നിരന്നിരിക്കുന്നുണ്ടാവും.  കാണിപ്പെട്ടിയിൽ ഇടാൻ കയ്യിൽത്തരുന്ന പൈസ ഭിക്ഷക്കാർക്ക് വീതം വച്ചിട്ട് വെറുംകൈയ്യോടെ നടയിൽ പോയി നിൽക്കും.  

സത്യത്തിൽ,  ഭക്തിയേക്കാള്‍ ഉപരി എന്നെ ദൈവത്തോടുപ്പിയ്ക്കുന്നത്  കഥകളിലൂടെയും മിത്തുകളിലൂടെയും അവര്‍ ഉണ്ടാക്കിയെടുക്കുന്ന വ്യക്തിത്വമാണ്.
ഞാന്‍ വളര്‍ന്ന എന്റെ വീടിന്റെ തൊട്ടുമുന്നില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട് എന്ന്  ഞാൻ മുകളിൽ സൂചിപ്പിച്ചു. പള്ളിയുടെ സാന്നിദ്ധ്യം കൊണ്ടാവാം സണ്‍ഡേ സ്കൂളും പള്ളിപ്പെരുന്നാളും ക്രിസ്മസ് കരോളും ഒക്കെ ജീവിതത്തോട് ഏറെ ചേര്‍ന്നുനിന്നു.  ക്ഷേത്രം വീട്ടില്‍ നിന്നും വളരെ ദൂരെയായിരുന്നു.  പള്ളി തൊട്ടുമുന്നിലും.  അതുകൊണ്ട് ഹിന്ദു ഭക്തിഗാനങ്ങളെക്കാള്‍   കൂടുതല്‍ കേട്ടതും പാടിനടന്നതും ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആണ്. 
പള്ളിയിൽപ്പോയി മുട്ടുകുത്തി നിന്നിട്ടുണ്ട്.  മറ്റൊന്നുമല്ല.  യേശുക്രിസ്തുവിന്റേയും കന്യാമറിയത്തിന്റെയും   മുഖത്തെ  കാരുണ്യവും ആര്‍ദ്രതയും ശാന്തതയും  എന്റെ മനസ്സിലെയ്ക്കും പകര്‍ന്നു കിട്ടുന്നു. നല്ലൊരു അനുഭവമാണത്.  

തിരക്കുള്ള ക്ഷേത്രങ്ങളിൽ പോകാൻ വലിയ മടിയാണ്. നാട്ടുമ്പുറങ്ങളിൽ യാതൊരു തിരക്കുമില്ലാതെ ഒറ്റതിരിഞ്ഞു നിൽക്കുന്ന, ചുറ്റും നിറയെ പച്ചപ്പുള്ള ചില ആരാധനാലയ                       ങ്ങളുണ്ട്. അവിടെപ്പോയി നിൽക്കുന്നത് വല്ലാത്തൊരു അനുഭൂതിയാവാറുണ്ട്.  ആ അന്തരീക്ഷം ഉള്ളിൽ ഒരുപാട് പോസിറ്റിവ് എനർജി നിറയ്ക്കും. അതുപോലെ എല്ലാ മതക്കാർക്കും പ്രവേശനമുള്ള ആരാധനാലയങ്ങളിലെ  സമത്വത്തെയും  ഞാനേറെ സ്നേഹിക്കുന്നു. 

അച്ഛൻ എപ്പോഴും  പറയുമായിരുന്നു, ദൈവങ്ങളെ ശ്രീകോവിലിന്റെ ഉള്ളിൽ പൂട്ടിയിടാതെ തുറന്ന് വിടാൻ. അതേ  വഴിയാണ് എന്റെയും യാത്ര.  അതിനർത്ഥം ദൈവനിന്ദ എന്നല്ല.  സർവ്വ ചരാചരങ്ങളിലുമാണ് ദൈവം എന്നാണ്.  പ്രകൃതിയിൽ, മനുഷ്യരിൽ, ജീവനില്ലാത്ത വസ്തുക്കളിൽ ഒക്കെ ദൈവമുണ്ട്. അഥവാ ഇവയിലൊക്കെ ഞാൻ കണ്ട പ്രത്യേകതകളോ സ്നേഹമോ ഒക്കെയാണ് എനിയ്ക്ക് ദൈവം.  അങ്ങനെ നോക്കുമ്പോൾ, നടന്നുതീർത്ത വഴികളിൽ ഞാനെത്രയോ തവണ ദൈവത്തെ കണ്ടു! ഒരിയ്ക്കൽ, ഗർഭിണിയായിരുന്ന സമയത്ത്  ഒരു ബസ്സിൽ സഞ്ചരിയ്ക്കേണ്ട അവസരം വന്നു. അന്ന്,  ആ ട്രാസ്‌ൻപോർട്ട്  റൂട്ടിൽ അതുവരെ പതിവില്ലാത്ത വിധത്തിൽ ഒരു പ്രൈവറ്റ് ബസ് വന്നുനിർത്തി. എന്നോടൊപ്പം ഒരു ബന്ധു സ്ത്രീയും ഉണ്ട്. മുൻവാതിലിൽക്കൂടി  കയറാൻ ശ്രമിച്ചു ഞാൻ.  എന്റെ കഷ്ടപ്പാട് കണ്ട ഡ്രൈവർ ബസ്സിന്റെ എൻജിൻ വരെ ഓഫ് ചെയ്തിട്ട് ഞാൻ കയറുന്നത് വളരെ അനുതാപത്തോടെ നോക്കി. കയറിക്കഴിഞ്ഞ് സുരക്ഷിതമായി ഒരു ഇരിപ്പിടത്തിൽ ഇരിയ്ക്കുന്നതുവരെ അദ്ദേഹം ക്ഷമയോടെ കാത്തു. ഇരുന്നുകഴിഞ്ഞപ്പോൾ , "പിടിച്ചിരിക്ക് മോളെ" എന്നൊരു പറച്ചിലും.  അത്രയുമായപ്പോഴേക്കും   എന്തുകൊണ്ടോ എന്റെ കണ്ണ് നനഞ്ഞു. ഞാൻ അദ്ദേഹത്തിൻറെ മുഖത്തേക്ക് നോക്കിയതേയില്ല. കാറ്റടിയ്ക്കുന്ന വശത്തേക് നോക്കിയിരുന്ന് എന്റെ കണ്ണിലെ നനവ് ഉണക്കിക്കളഞ്ഞു.  അന്ന് എന്റെ അച്ഛന്റെ പ്രായം തോന്നിച്ച ആ ആളെ എനിയ്ക്കറിയില്ല. പിന്നീടൊരിയ്ക്കലും ഞാൻ കണ്ടിട്ടുമില്ല. പക്ഷേ  അത് ദൈവമായിരുന്നു എന്ന് ഞാൻ പറയും.  അതാണ് എനിക്ക് ദൈവം. ആ ദൈവത്തെ ഒന്നുകൂടി കാണാനും ഒന്ന് തൊഴുവാനും ഇനിയൊരു ജന്മം കൂടി കിട്ടിയെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു.  പിന്നീട് എത്രയോ വട്ടം ഞാനാ മനുഷ്യനെ  സ്നേഹത്തോടെ ഓർത്ത് പറഞ്ഞിട്ടുണ്ട്! ഇന്നും ഓർക്കുന്നു.  ആ സ്നേഹമാണെനിയ്ക്ക് പ്രാർത്ഥന. 

കോളേജുകാലത്ത് ചുട്ടുപൊള്ളി പനിയ്ക്കുന്ന ശരീരവുമായി കോളേജിൽ നിന്നും തിരികെ കേറിയ തിരക്കുള്ള ബസ്സിൽ കമ്പിയിൽ തൂങ്ങിപ്പിടിച്ചുനിന്ന ഞാൻ തല കറങ്ങി കണ്ണിൽ ഇരുട്ട് കേറുന്നതും എന്റെ പുസ്തകങ്ങൾ വീണുപോകുന്നതും അറിഞ്ഞു. കണ്ണ് തുറന്നപ്പോൾ സീറ്റിൽ ഇരിക്കുന്നു. ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നു. അതിനിടയിൽ ഒരാൾ എന്റെ പുസ്തകം നീട്ടി. അതാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. താഴെവീണ പുസ്തകം പെറുക്കി കരുതലോടെ കാത്ത  അയാളും  എനിക്ക് ദൈവമാണ്.  ആരെങ്കിലും എഴുന്നേറ്റ് എനിക്ക് സീറ്റ് തന്നിട്ടുണ്ടാവാം. ആരെങ്കിലും എന്നെ താങ്ങിപ്പിടിച്ച്  ഇരുത്തിയിട്ടുണ്ടാവാം. ആരെങ്കിലും എന്റെ മുഖത്ത് വെള്ളം തളിച്ചിച്ചിട്ടുണ്ടാവാം.  ആരെങ്കിലും എനിയ്ക്ക് കുടിയ്ക്കാൻ വെള്ളം നീട്ടിയിട്ടുണ്ടാവാം. അതൊന്നും ഞാൻ കണ്ടില്ല. പക്ഷേ  അതെല്ലാം ദൈവത്തിന്റെ കൈകളാണെന്നെനിക്കുറപ്പാണ്.  

അമ്മയുടെ ഒരു അനുഭവസാക്ഷ്യമുണ്ട്. എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ ഉണ്ടായൊരു വാഹനാപകടം.  അമ്മയുടെ സ്ഥിതി ഗുരുതരമാണെന്നും ഞാൻ മരിച്ചുപോയെന്നും ശ്രുതി പരന്നു.  അന്നെന്നെ വാരിക്കൂട്ടിയെടുത്ത് ആശുപത്രയിലെത്തിച്ച ഒരു ടാക്സി ഡ്രൈവറുണ്ട്. അദ്ദേഹം ആരാണെന്ന് ആർക്കുമറിയില്ല. അന്നത്തെക്കാലത്ത് ഒരു മുഴുവൻസമയ കമ്മ്യൂണിസ്റ്റ് പ്രവർത്തകന്റെ കുടുംബം അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം, ഒറ്റപ്പെടൽ, അവഗണന തുടങ്ങിയ എല്ലാ അവസ്ഥകളും ഉണ്ട്. ഏതോ സ്ഥലത്ത് അപകടത്തിൽപ്പെട്ട അമ്മയേയും  എന്നെയും സ്വന്തം ടാക്സിയിൽ ആശുപത്രിയിൽ  കൊണ്ടുപോയി എല്ലാ ചിലവും വഹിച്ച ആ ആൾക്ക്, അതിന്റെ പ്രതിഫലമായി അമ്മയുടെ കയ്യിലുണ്ടായിരുന്ന അല്പം മുഷിഞ്ഞ നോട്ടുകൾ  നന്ദിയോടെ പെറുക്കിക്കൊടുത്തപ്പോൾ അദ്ദേഹമത് സ്നേഹപൂർവ്വം നിരാകരിച്ചു പറഞ്ഞു, "ഒന്നും വേണ്ട". 
ആ മനുഷ്യൻ ദൈവമല്ലെങ്കിൽ പിന്നെയാരാണ് ദൈവം?!

രസകരമായ മറ്റൊന്നുകൂടി പറയാം. ഒരു പോസ്റ്റ് അല്ലെങ്കിൽ ഒരു കമന്റ് എഴുതി അത് പോസ്റ്റ് ചെയ്യാൻ തുടങ്ങുമ്പോൾ കാരണമറിയാതെ അപ്രതീക്ഷിതമായി അത് ഡിലീറ്റായിപ്പോകും. വീണ്ടുമത്  ടൈപ് ചെയ്യുന്ന ബുദ്ധിമുട്ട് ഓർത്ത് ആദ്യം  വിഷമം തോന്നുമെങ്കിലും ഒന്നുകൂടി ആലോചിയ്ക്കുമ്പോൾ ഞാൻ നെഞ്ചത്ത് കൈ വച്ച് പറഞ്ഞുപോകും, ദൈവമേ! അത് നന്നായി! കാരണം അതൊരു അനാവശ്യ കമന്റോ പോസ്റ്റോ ആണെന്നെനിക്ക് തോന്നും.  അത്രയും സമയം കൊണ്ട് അത് പോസ്റ്റ് ചെയ്യേണ്ട എന്ന് ഞാൻ തീരുമാനിക്കുകയും ചെയ്യും.  ആ സമയത്ത് വന്ന ആ ടെക്നിക്കൽ എറർ പോലും എനിക്ക് ദൈവമാണ്. 

അങ്ങനെയങ്ങനെ എണ്ണിയെണ്ണി പറഞ്ഞാല്‍  എത്രമാത്രം നന്മ നിറഞ്ഞതും വിശുദ്ധവും യുക്തിനിഷ്ഠവുമായ അനുഭവങ്ങളിലൂടെയാണ്‌  ജീവിതം കടന്നുപോന്നത്! 

നിരീശ്വരവാദം എന്റെ ലക്ഷ്യമല്ല.  സർവ്വ ചരാചരങ്ങളിലും, നമ്മളിൽത്തന്നെയുമാണ് ദൈവമെന്നാണ് ഞാൻ   പറയാൻ ശ്രമിക്കുന്നത്. യുക്തിഭദ്രമായ വിശ്വാസത്തെക്കുറിച്ചാണ്  പറയുന്നത്.  കർമ്മമാണ് പ്രാർത്ഥനയെന്നാണ്‌.  അല്ലാതെ ഒരു ദിവസം നമ്മുടെ കതകിൽ മുട്ടിവിളിച്ച് "നിനക്ക് കുറച്ച് നന്മയിരിക്കട്ടെ  എന്ന് പറയില്ല. നമ്മൾ അനുഭവിക്കുന്ന ഓരോ നന്മയും നമ്മുടെ കർമ്മഫലമാണ്. അതിന് പിന്നിൽ പ്രകൃതിയും കാലവുമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു, കാലത്തെ ക്ഷമയോടെ  കാത്തിരിക്കുന്നു. 

ലാഫിങ് ബുദ്ധ എന്ന്  വിളിക്കപ്പെടുന്ന ബുദ്ധസന്യാസി എന്തുകൊണ്ടാണ് ചിരിച്ചതെന്ന് അദ്ദേഹം തന്നെ പറയുന്നതായൊരു നിരീക്ഷണമുണ്ട്.  ലാഫിങ് ബുദ്ധയെ ഒരുപക്ഷെ കൊച്ചു കുട്ടികൾക്ക് പോലുമറിയാം.  എന്നാൽ അദ്ദേഹം എന്തുകൊണ്ട് ചിരിച്ചു എന്ന് കുട്ടികൾക്ക് പലർക്കും ചിലപ്പോൾ അറിവുണ്ടാവില്ല.  ഒരുദിവസം രാവിലെ പെട്ടെന്ന് അപ്രതീക്ഷിതമായി അദ്ദേഹം ചിരിക്കാൻ തുടങ്ങിയെന്നും  അതുകണ്ട്  പകച്ച  ശിഷ്യന്മാർ, എന്തുകൊണ്ടാണ് അങ്ങ്  ഇങ്ങനെ നിർത്താതെ ചിരിക്കുന്നതെന്നും ചോദിച്ചതായിട്ടാണ് പറയപ്പെടുന്നത്.  അദ്ദേഹം പറഞ്ഞുവത്രേ,  ദൈവത്തെ തിരഞ്ഞു നടക്കുന്നവർ എന്തൊരു വിഡ്ഢികളാണ്! നമ്മിൽത്തന്നെയുള്ളതിനെ അന്വേഷിച്ച്  നമ്മൾ പുറത്തലയുന്നത് എത്രയോ പരിഹാസ്യമാണ്! അതോർത്തിട്ട് എനിക്ക് ചിരി അടക്കാനാവുന്നില്ല...    അദ്ദേഹത്തിന് ലോകത്തോട് പറയാനുണ്ടായിരുന്നതും ഇതുതന്നെയായിരുന്നു. ആ  ചിരിയായിരുന്നു അദ്ദേഹത്തിൻറെ ഏറ്റവും വലിയ സന്ദേശവും. 

ശ്രീനാരായണഗുരു കണ്ണാടിപ്രതിഷ്ഠ നടത്തിയതിലും ഇതേ സന്ദേശമായിരുന്നു. ശബരിമലയും പറയുന്നു അതുതന്നെ. അപ്പോൾ ദൈവങ്ങൾ അല്ലെങ്കിൽ ഗുരുക്കന്മാർ പറഞ്ഞത് ഇതുതന്നെയാണ്. ഒരേ കാര്യം.  തത്വമസി!  

 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .