2023, ജനുവരി 18, ബുധനാഴ്‌ച

അരൂപികളുടെ ആകാശം.

എത്ര നേരമായി നടപ്പ് തുടങ്ങിയിട്ട് എന്നയാളോർത്തു. എത്ര കഥകളാണ് പറഞ്ഞുതീർത്തതെന്നും.  ലോകത്തിന്റെ അവസാനം വരെ നടന്നാലും ഇനിയും ബാക്കിയുണ്ട് എന്നൊരു തോന്നലാണ് ഈ യാത്രയ്ക്ക് തങ്ങളെ കൊതിപ്പിച്ചതെന്ന്, ബസിൽ നിന്നും ഇറങ്ങി അയാൾ  നീട്ടിയ കൈയ്യിൽ പിടിച്ച് അവരിറങ്ങിയപ്പോൾ  അറിയാതെ അടയാളപ്പെടുത്തപ്പെട്ടിരുന്നു.   ആദ്യത്തെ ബസ് മുതൽ അവസാനത്തെ ബസ് വരെയുള്ള യാത്രാദൂരം എവിടെത്തുടങ്ങും, എവിടെത്തീരും എന്നതൊന്നും വെപ്രാളപ്പെടുത്തിയില്ല. . 

"എങ്ങോട്ട് മനു നമ്മൾ പോകുന്നത്?"

"അങ്ങനെയില്ലല്ലോ.  നമുക്ക് നടക്കാം. വഴി തീരുന്നിടം വരെ".    

" ഉം. കഥയും കാര്യവും പറഞ്ഞ് നടക്കാം.  ഇന്നലെ നിർത്തിയിടത്തുനിന്ന്  നമുക്ക് തുടങ്ങാം."

"ഇന്നലെ നിർത്തിയോ! ആര് ? അതിന് ഇന്നലെ നമ്മൾ മിണ്ടിയില്ലല്ലോ!"

അവർ അയാളുടെ മുഖത്തേക്ക് വെറുതെയൊന്ന് നോക്കി. അയാൾ വെറുതെയൊന്ന് പുഞ്ചിരിയ്ക്കുകയും ചെയ്തു. ചിറകുള്ള പുഞ്ചിരി. ചില ചിരികൾ അങ്ങനെയാണ്. വിശാലമായി ചിറക് വിരിച്ച അർത്ഥങ്ങൾ...  

അരികിൽക്കൂടി കടന്നുപോയ ഗർഭിണി അറിയാതെ ദേഹത്ത് തട്ടിയപ്പോൾ "യ്യോ " എന്ന പ്രതിവചിച്ച് അവർ സ്നേഹത്തിന്റെയൊരു നോട്ടമെറിഞ്ഞു. പിന്നെ അയാളുടെ കൈയ്യിൽ ചുറ്റിപ്പിടിച്ചു നടന്നു. 

"ഒരു സ്ത്രീ ഏറ്റവുമധികം നിഷ്ക്കളങ്കയാകുന്നത് എപ്പോഴാണെന്ന് നിനക്കറിയാമോ മനു?"

 ഗർഭിണിയെ നോക്കി അവർ ചോദിച്ചു. പറയൂ എന്ന ചിരിയോടെ അയാളും. 

" പ്രസവവേദന കൊണ്ട് പുളഞ്ഞ് ലേബര്‍ റൂമിൽ  കിടക്കുമ്പോള്‍.‍  ആ സമയം അവളൊരു പിഞ്ചു കുഞ്ഞിനെപ്പോലെ നിസഹായയും നിഷ്ക്കളങ്കയുമായിരിയ്ക്കും. പൂര്‍ണ്ണ നഗ്നയായി കിടക്കുന്ന അവള്‍ക്ക് തന്റെ നഗ്നതയെക്കുറിച്ച് വേവലാതിയുണ്ടാവില്ല. തന്റെ അരികില്‍‍ നില്‍ക്കുന്ന ഡോക്ടര്‍ ആണായാലും പെണ്ണായാലും ആ നിമിഷങ്ങളില്‍ അവള്‍ക്ക് ലിംഗബോധമില്ല. ജീവന്‍ പറിഞ്ഞുപോകുന്ന വേദനയില്‍ മുന്നില്‍ നില്‍ക്കുന്ന ഡോക്ടര്‍ അവള്‍ക്ക് മനുഷ്യനല്ല , ദൈവമാണ്. ദൈവത്തിന്റെ മുന്നില്‍ കിടക്കുന്ന ശിശുവിനെപ്പോലെ... വേദനിയ്ക്കുമ്പോ കരയാന്‍ മാത്രമറിയുന്ന നിഷ്ക്കളങ്കയായൊരു ശിശുവിനെപ്പോലെ...

അയാളുടെ കയ്യിൽ  കോർത്തിരുന്ന അവരുടെ  കൈകൾ ഒന്ന് മുറുകി. 

മനു, അന്നാണ് ഏറ്റവും കരുണയുള്ളൊരു സ്പര്‍ശം ഞാനറിഞ്ഞത്..!  മോളെ പ്രസവിച്ച അന്ന്... ഒരിയ്ക്കലും ഷൌട്ട് ചെയ്യാത്ത,  ആരുമറിയാതെ അടക്കിപ്പിടിച്ച് മാത്രം കരഞ്ഞ് ശീലമുള്ള ഞാന്‍ ആ പ്രസവമുറിയിലും ശബ്ദമുയർത്തിയില്ല.. എന്നാല്‍ കണ്ണീര്‍ ധാര മുറിയാതെ ഒഴുകി. ശരീരത്തിന്റെ ഓരോ അംശവും പറിഞ്ഞുപോകുന്നതുപോലെയുള്ള കൊടിയ വേദനയിലും 'അമ്മേ' എന്നൊരു നേര്‍ത്ത നിലവിളിയല്ലാതെ ഒന്നും എന്നില്‍നിന്നും ഉണ്ടായില്ല. ഒരു കൊടുങ്കാറ്റ് ചുരുങ്ങിച്ചുരുങ്ങി ഒരു നിശ്വാസമായതുപോലെയുണ്ടായിരുന്നു ആ നിലവിളി... കണ്ണുകള്‍ ഇറുക്കിയടച്ച് സര്‍വ്വശക്തിയുമെടുത്ത് ശ്വാസം അടക്കിപ്പിടിച്ച് കിടന്ന എന്റെ മടക്കിവച്ച കാല്‍മുട്ടുകളില്‍ ആ നിമിഷം അതീവ കരുണയുള്ളൊരു സ്പര്‍ശം ഞാനറിഞ്ഞു..! അത് ദൈവമായിരുന്നു! ആ ദൈവത്തിന് ഡോക്ടറുടെ മുഖമായിരുന്നു! എത്ര ധൈര്യമാണ്... എത്ര സുരക്ഷിതത്വബോധമാണ് ആ സ്പര്‍ശം എനിയ്ക്ക് തന്നത്! അത്രയും കരുണയുള്ളൊരു സ്പര്‍ശം ജീവിതത്തിലോരിയ്ക്കലും - അതിനു മുന്‍പോ പിന്‍പോ ഞാന്‍ അനുഭവിചിട്ടില്ല. ഞാന്‍ ഡോക്ടറുടെ മുഖത്തേയ്ക്ക് ഇടയ്ക്കിടെ നോക്കി.  ദൈവത്തെ നോക്കുന്നതുപോലെ. എന്നെ മുറുകെ പിടിച്ചോണെ വിട്ടുകളയല്ലേ എന്ന് പറയുന്നതുപോലെ... അദ്ദേഹം എന്റെ കവിളില്‍ മെല്ലെ തട്ടുന്നുണ്ടായിരുന്നു.  വേദനയുടേയും കാരുണ്യത്തിന്റെയും സങ്കലനം! എത്ര അനുപമവും അവർണ്ണനീയവുമായിരുന്നു  ആ നിമിഷങ്ങള്‍!" 

ഇക്കുറി അയാൾ അവളുടെ കൈകൾ മുറുകെ പിടിച്ചു. 

"മനു, നീയുമൊരു ദൈവമാണ്. ഞാനെല്ലാം പറയുന്ന, തിരിച്ച്  ഉപദ്രവിയ്ക്കില്ലെന്ന് എനിക്കുറപ്പുള്ള ദൈവം."

അയാളുടെ ഉറക്കെയുള്ള പൊട്ടിച്ചിരി കേട്ട് അവരെ കടന്നുപോയവരൊന്ന് തിരിഞ്ഞുനോക്കി. 

"എനിക്കിതുവരെ ഒരു മനുഷ്യനാവാൻ പോലും കഴിഞ്ഞിട്ടില്ല. പിന്നെയാ ദൈവം"! 

"ശരിക്കും നമ്മൾ എന്നാണ് മനു ആദ്യമായി  കണ്ടത്? നമ്മളെങ്ങനെയാണ് ഇങ്ങനെ അടുത്തത്? ഞാനെപ്പോഴും ഓർക്കുമത്."

"അഭിരാമി 'ആമി'യായപ്പോൾ നീയെന്നെയും  മനോഹർ  'മനു' വായപ്പോൾ  ഞാൻ നിന്നെയും കണ്ടു."

"ശരിയാ"

അയാളോട് ഒന്നുകൂടി ചേർന്ന് നടന്ന്  അവരയാളുടെ ശ്വാസഗതിയളന്നു. 

"എന്നെ താജ്മഹൽ കാണിക്കാൻ കൊണ്ടുപോകുവോ?"

"എന്തെ ഇപ്പൊ പെട്ടെന്ന് താജ്മഹൽ?"

"ഒന്നൂല്യ. പണ്ടേ എനിയ്ക്ക് ഇഷ്ടാ. മരിച്ച  സ്വപ്നങ്ങളെയും മരിയ്ക്കാത്ത സ്മരണകളെയും അടക്കം ചെയ്ത പ്രണയത്തിന്റെ ശവകുടീരം... പിന്നീടിങ്ങോട്ട്   നൂറ്റാണ്ടുകളായി  മരിച്ച  പ്രണയങ്ങളുടെ   മുറിവേറ്റ  ആത്മാക്കള്‍   വസിയ്ക്കുന്നിടം എന്നൊരു സങ്കല്‍പ്പവും!  താജ്മഹലിന്റെ ഈ നിര്‍വചനത്തിന്റെ  കാല്‍പനികഭംഗി എത്ര ഗംഭീരമാണ്!  എന്നാല്‍ സ്നേഹത്തിന്റെയും പ്രണയത്തിന്‍റെയും മഹാകാവ്യമായ താജ്മഹല്‍ ഒന്ന് പുനര്‍വിചാരണ ചെയ്യപ്പെട്ടാല്‍ എങ്ങനിരിയ്ക്കും മനു? പറ്റുമോ അങ്ങനെയൊരു വിചാരണയ്ക്ക്? ഭാര്യയുടെ മരണശേഷം താജ്മഹല്‍ പണിതുയര്‍ത്തുന്ന അത്രയും നാള്‍ ഷാജഹാന്‍ ധ്യാനത്തിലായിരുന്നിരിയ്ക്കുമോ? എത്രത്തോളം സത്യസന്ധതയുണ്ടാവും നമ്മളൊക്കെ ഓമനിയ്ക്കുന്ന ആ കഥയ്ക്ക്? ഞാന്‍ മരിച്ചാല്‍ എന്റെ ഖബറില്‍ ഒരു കല്ല്‌ പോലും പാകരുത്, കുറെ പുല്ലുകള്‍ മാത്രം പിടിപ്പിച്ചാല്‍ മതി, പിന്നെ പ്രാവുകള്‍ക്ക് അന്നമായി കുറെ ഗോതമ്പ് മണികളും എന്ന് ഷാജഹാന്റെ മകള്‍ ജഹനാര എഴുതിവച്ചത് എന്തുകൊണ്ടാകും? അമ്മയുടെ ഓര്‍മ്മയ്ക്കായി പിതാവ് പണിതുയര്‍ത്തിയ ആ പ്രണയശിലാകാവ്യം നിരര്‍ത്ഥകം എന്ന് ആ മകള്‍ക്ക് തോന്നിക്കാണുമോ? സകല സുഖസൌകര്യങ്ങളിലും രമിച്ച് ജീവിയ്ക്കുന്ന പിതാവിന്‍റെ പ്രകടനമോ പ്രഹസനമോ ആയി ഇത് കണ്ടുകാണുമോ? എന്തിനോടെങ്കിലും ഉള്ള പരിഹാസമാകുമോ അത്? നീ ആലോചിച്ചിട്ടുണ്ടോ?"

"എനിയ്ക്കറിയില്ല. നമുക്ക് പൂജിക്കാൻ ബിംബങ്ങൾ വേണം. ബിംബം പണ്ടൊരു ശിലയായിരുന്നു. കണ്ണും കാതുമില്ലാത്തൊരു മഹാമൗനം. അതിനെ നമ്മൾ സ്നേഹിച്ചില്ല. സ്നേഹിയ്ക്കുകയുമില്ല. പക്ഷെ ബിംബത്തെ നമ്മൾ സ്നേഹിച്ചു. അങ്ങനെ കരുതിയാൽ മതി. പിന്നാമ്പുറം നമ്മുടെ കാഴ്ചയ്ക്ക് അപ്പുറമാണ്. അതുമതി. അതാ നല്ലത്."

അയാൾ ചിരിച്ചു. അവളും. 'കഞ്ഞിക്കട' എന്ന ബോർഡ് ചൂണ്ടി അവർ. "കേറിയാലോ" എന്ന ആംഗ്യത്തിന് "ആവാം" എന്നയാളും. മേശയ്ക്ക് ഇരുപുറവും ഇരുന്ന് പരസ്പരം തിരഞ്ഞു, ആദ്യമായി കാണുന്നതുപോലെ.

"നിന്റെ മുഖത്ത് വല്ലാതെ കരിമംഗല്യം പടർന്നിരിക്കുന്നല്ലോ ആമി! അമാവാസിയുടെ വിരൽപ്പാടുകൾ പോലെ..."

വിടർന്ന ചിരിയോടെ അവൾ അയാളെ നോക്കി. 

"അല്ല. അത് ചുംബനത്തിന്റെ പാടുകളാണ്. കഴിഞ്ഞ ഏതോ ജന്മത്തിൽ സ്വപ്നത്തിലെത്തി  ഒരു ഗന്ധർവ്വൻ ചുംബിച്ചത്"

അയാളുടെ ചിരിയിൽ കുസൃതി നിറഞ്ഞു. 

"സൗകര്യങ്ങളും സ്വകാര്യതയും തിരയാതെ പ്രകൃതിയും ആകാശവും സാക്ഷി നിൽക്കുന്ന നമ്മുടെ സ്വാതന്ത്ര്യം! ഇതെത്ര ആഗ്രഹിച്ചതാണ്! ഈ യാത്രയ്ക്ക് വേണ്ടിയാണ് നമ്മൾ മരിയ്ക്കാതിരുന്നത് അല്ലേ മനു?"

അയാൾ ആർദ്രതയോടെ അവരുടെ കൈവിരലുകളിൽ ഒന്ന് തൊട്ടു. 

കഞ്ഞിയും മാങ്ങാച്ചമ്മന്തിയും ചേർന്ന്  രുചിയുടെ ലഹരി അലിഞ്ഞിറങ്ങി. ഇറങ്ങിനടക്കുമ്പോൾ, ഇനിയങ്ങോട്ട് സമയം തീരുന്നു എന്നൊരു മൂകത പൊതിഞ്ഞു. എന്നിട്ടും പറഞ്ഞ് തീരുന്നില്ല. 

"നമുക്ക് എവിടെങ്കിലും ഒന്ന് ഇരിയ്ക്കാം. ബസ്റ്റാന്ഡിലേക്ക് പോയാലോ? അവിടത്തെ  മുഷിഞ്ഞ ചാരുബഞ്ചിലിരുന്ന് നെട്ടോട്ടമോടുന്ന ആളുകളെ കണ്ട് ബാക്കി കഥ പറയാം. ജീവിതം തേഞ്ഞു തീർന്ന ആ ചാരുബഞ്ചുകളാണ് നമുക്ക് ഏറ്റവും ചേരുക."

അവർ മൗനം കുടിച്ച നിമിഷങ്ങളെണ്ണി. ബസ്സിൽ കയറാനും ഇറങ്ങാനും ധൃതി കൂട്ടുന്ന ആളുകളെ നോക്കിയിരുന്ന്  പിറുപിറുത്തു,  "സമയം പോകുന്നു"... അവരുടെ കൈയ്യിൽ മുറുകെ പിടിച്ച് സാരമില്ലെന്നയാൾ  മന്ത്രിച്ചു. ഇനിയെന്ന് എന്നൊരു കാറ്റ് ചുറ്റും പറന്നപ്പോൾ അയാളുടെ തോളിലേക്ക് അവർ തല ചായ്ച്ചു. അപ്പോഴേക്കും ബാക്കി പറയാനുള്ള കഥകളെല്ലാം  മറന്നിരുന്നു. 

"ആമി"

"ഉം"

"പോകണ്ടേ? ആറരയ്ക്കുള്ള ബസ് കഴിഞ്ഞാൽ പിന്നെ ആ വഴി ബസില്ല". 

"ഉം"

"ഞാൻ കൂടെ വരണോ?"

"വേണ്ട. നമ്മളെന്നും ഒറ്റയ്ക്കല്ലേ നടന്നത്? സമാന്തരരേഖകൾ പോലെ..."

പെട്ടെന്ന് ഓർത്തതുപോലെ ഹാൻഡ് ബാഗ് തുറന്ന് ഒരു ചെറിയ പൊതിയെടുത്ത് അയാൾക്ക് നീട്ടി.    

"ഇത് നിനക്ക്. ഇപ്പൊ തുറന്നു നോക്കരുത്. ഞാൻ പോയിട്ട് മതി".

ഒരു നിമിഷം ഒന്ന് പകച്ച് ഒരു യാത്രാമൊഴിപോലെ  അയാളത് വാങ്ങി.   

"ഇനിയെന്ന് എന്ന് നീ  ചോദിയ്ക്കരുത്. യാത്ര പറയുകയുമരുത്.  ഇത്തരം ആചാരങ്ങളൊന്നും നമ്മുടെ ജീവിതത്തിലുണ്ടായിട്ടില്ലല്ലോ."

ബസ് വന്നു നിന്നു. 

"ആമി"

"വേണ്ട. ഒന്നും പറയരുത്. ഒന്നും പറയാതെ അറിഞ്ഞവരാണ് നമ്മൾ."

അവർ തിരിഞ്ഞുനോക്കാതെ ബസ്സിലേക്ക് കയറിപ്പോയി.  യാത്രാമൊഴികളില്ലാതെ... അയാൾ അനക്കമറ്റ്‌ നിന്നു.  ഇരുവർക്കുമിടയിലൊരു കടൽ വന്നു നിറഞ്ഞു. വണ്ടി അകന്നകന്നുപോയി. തിരികെ ചാരുബഞ്ചിലേക്ക് ഒരു തളർച്ചയോടെ ഇരുന്നു. അവൾ തന്നുപോയ പൊതി തുറന്നു.  " പ്രണയത്തിന്റെ ശവകുടീരം"   എന്നൊരു കടലാസ് കഷണം അയാളെ നോക്കി പറഞ്ഞു... സ്തംഭിച്ചുപോയി!  ആ തുണ്ടുകടലാസിൽ  അക്ഷരങ്ങൾ   കരയുകയാണോ  എന്നയാൾ സംശയിച്ചു.  പ്രണയത്തിൻ്റെ  മുറിഞ്ഞ  ആത്മാവിനെ ചുരുക്കിയടുക്കി  ഒരു തുണ്ടുകടലാസില്‍  ഒതുക്കിയ നേരം അവളെത്ര  നൊന്തുകാണുമെന്നോര്‍ത്തപ്പോ,  മനസ്സ് വിറച്ചത്, മാഞ്ഞുപോയ  നാളുകളുടെ  ഓര്‍മ്മകള്‍  നനവാര്‍ന്നിട്ടാകും  എന്നയാള്‍  ആശ്വസിച്ചു...

കണ്ണീരിനേക്കാള്‍  നോവുന്ന  വാക്കുകളെ  ഗര്‍ഭം ധരിച്ച  ഒരു കൊച്ചു താജ്മഹല്‍ ഒരു ശിലാമൗനം പോലെ  അവളയച്ച സമ്മാനപ്പെട്ടിയിലിരുന്ന്  അയാളെ  ആര്‍ദ്രമായി  നോക്കി.  ആ നോട്ടത്തില്‍   ഒരുപാട് കഥകളുണ്ടായിരുന്നു.   അരൂപികളുടെ ആകാശത്തിന്റെ കഥ!  അരൂപികളുടെ  ആകാശത്ത്  സംവദിയ്ക്കുന്നതിന്റെ  നോവുകള്‍  പേറുന്ന  അജ്ഞാതരൂപങ്ങളുടെ കഥ! അയാള്‍   ചെവിയോര്‍ത്തു....

" അരൂപികളുടെ   ആകാശത്തെ   നോവുന്ന ആത്മാക്കളുടെ കൂട്ടത്തില്‍   ഞാനുമുണ്ട്..."

അയാള്‍ക്കൊന്നും   മനസ്സിലായില്ല..  ആ  മാര്‍ബിള്‍ ശില്‍പ്പത്തിനുള്ളില്‍  അവളുണ്ടോ ?  ഹേയ്..  അതൊരു  ശവകുടീരമല്ലേ...  നൂറ്റാണ്ടുകളായി  മരിച്ച  പ്രണയങ്ങളുടെ   മുറിവേറ്റ  ആത്മാക്കള്‍   വസിയ്ക്കുന്നിടം..

"ധർമ്മാനുഷ്ഠാനങ്ങൾക്ക് വേണ്ടി നമ്മള്‍ വലിച്ചെറിഞ്ഞ നമ്മുടെ പ്രണയം  ഇതാ  ഈ  ശില്‍പത്തില്‍.  ഇത് നീയെടുത്തുകൊള്ളുക.  പ്രണയത്തിന്റെ   ആത്മാവിനെ   നീ  സൂക്ഷിച്ചുവയ്ക്കുക.  ജന്മങ്ങള്‍ താണ്ടി  വീണ്ടും  ഞാന്‍ നിന്‍റെ അടുത്തെത്തുംവരെ... "

അയാള്‍  കണ്ണുകള്‍ ഇറുക്കിയടച്ചു...

 


2 അഭിപ്രായ(ങ്ങള്‍):

Benny Dominic പറഞ്ഞു...

കഥ ഇഷ്ടമായി... പ്രണയത്തെ അല്പം വ്യത്യസ്തമായ, deep ആയ, ഗൗരവപൂർണമായ ഒരു ആംഗിളിൽ നിന്നും explore ചെയ്യാൻ ശ്രമിക്കുന്നു...
പിന്നെ...
Mothering a child... അതിന്റെ എല്ലാ ആകാംക്ഷകളും ഉൽക്കണ്ഠകളും അതുപോലെ ഡോക്ടറുടെ സാമീപ്യവും കരസ്പര്ശവും തരുന്ന ധൈര്യവും relief ഉം ഒക്കെ വളരെ touching ആയി അനുഭവവേദ്യമാക്കുന്ന രീതിയിൽ present ചെയ്തിരിക്കുന്നു...
Comparatively അൽപ്പം വ്യത്യസ്തമായ രണ്ടനുഭവങ്ങളെ രണ്ടു കഥകളാക്കാമായിരുന്നത് fuse ചെയ്ത് ഒറ്റ കഥയാക്കിയത് മാത്രം ഒരു വിമർശനമായി പറയാമെന്ന് തോന്നുന്നു...👍👌👏🙏

Sivananda പറഞ്ഞു...

Benny, santhosham ❣️🙏

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .