2014, ജൂൺ 8, ഞായറാഴ്‌ച

സമസ്യയ്ക്കുള്ള ഉത്തരം .


                                                     സമസ്യയ്ക്കുള്ള    ഉത്തരം .
                                                    --------------------------------------
                                                                                                            --  ശിവനന്ദ . 

                              അതൊരു    സർവ്വേ  ആയിരുന്നു .   ഭാര്യമാരുടെ   ഇടയിൽ   മാത്രം   നടത്തിയ   സർവ്വേ .   വിഷയം -- '  ഈ   ജന്മത്തിലെ   ഭർത്താവ്   തന്നെ   വേണമോ   അടുത്ത   ജന്മത്തിലും ? '   ഒരു   വനിതാമാസികയ്ക്ക്   വേണ്ടിയായിരുന്നു   അത് .

                          പാർക്കിലേയ്ക്കാണ്   ഞങ്ങൾ   ചെന്നത് .   കുറേപ്പേർ   പറഞ്ഞു,

" വേണം ".

" എന്തുകൊണ്ട് ?"

ഞങ്ങൾ   ചോദിച്ചു .   അവർ   ഒരോരുത്തരും   പറഞ്ഞു .

ഭർത്താവ്   എന്റെ   ജീവനാണ് .   എന്റെ  ദൈവമാണ് .   അദ്ദേഹമില്ലാത്തൊരു   ജന്മമെനിയ്ക്ക്   വേണ്ട ."

വേറെ   കുറേപ്പേർ   പറഞ്ഞു ,

ഹേയ് ...അതുവേണ്ട .   അടുത്ത   ജന്മം   വേറെയാരെങ്കിലുമായിക്കോട്ടെ ."

" എന്തുകൊണ്ട് ?"

ചോദ്യം   ഞങ്ങളുടേത് .

" ഒരു   ചേഞ്ച്   എപ്പോഴും   നല്ലതല്ലേ ?"

തമാശ മട്ടിലാണവർ   പറഞ്ഞത് .  കളിയോ   കാര്യമോ   ആവോ ..അടുത്ത സ്ഥലത്തേയ്ക്ക്   നീങ്ങി .   ചിലർ   എങ്ങും   തൊടാതെ   പറഞ്ഞു .

" എന്തായാലും   വേണ്ടില്ല .   ഇതോ  അല്ലെങ്കിൽ   വേറാരെങ്കിലുമോ ,  എതെങ്കിലുമാകട്ടെ "

തൊട്ടടുത്തിരുന്ന   രണ്ടുപേരോട്‌   ചോദിച്ചു.   അവർ   പറഞ്ഞു .

" അടുത്ത  ജന്മം   ഭർത്താവോ  ?   ജന്മം   തന്നെ   വേണമെന്നില്ല ."

" അതെന്താ?"

" ഓ ...മടുത്തെന്നെ .."

പിന്നെ   ഞങ്ങൾ   ചെന്നത് ,  ഒരു   നാൽവർ   സംഘത്തിന്റെ   അടുത്ത് .   അവർക്കിത്തിരി   ശൗര്യം   കൂടുതലാണെന്ന്   തോന്നി .  അവർ പറഞ്ഞു .

" അടുത്ത   ജന്മം   ഭർത്താവേ   വേണ്ട  .   വിവാഹം   കഴിയ്ക്കാതെ   ജീവിയ്ക്കാനാണ്   ആഗ്രഹം ."

" കാരണം ? "

 കൂട്ടത്തിലൊരാൾ   പറഞ്ഞു .

" ഒരാളെക്കൊണ്ടുതന്നെ   മതിയായി .   ഞങ്ങളെ   ചവിട്ടിക്കൂട്ടാൻ   ഇനിയുമൊരു   ഭർത്താവോ  ?"

അടുത്തയാൾ പറഞ്ഞു .

" അങ്ങേരുടെ   ഉപദ്രവം   സഹിയ്ക്കുകയാണ് .   മക്കളെ ഓർത്ത് .  സമൂഹത്തെപ്പേടിച്ച് ."

അടുത്തിരുന്ന ആൾ  പറഞ്ഞു ,

"അടുത്തൊരു   ജന്മമുണ്ടാകുമോ? ? എങ്കിൽ   ഞങ്ങൾ   കാത്തിരിയ്ക്കും.   ഒറ്റയ്ക്ക്   ജീവിയ്ക്കാൻ.   കുറഞ്ഞ   പക്ഷം   ആത്മാഭിമാനമെങ്കിലുമുണ്ടാവുമല്ലോ  "

                           ഇതുപോലുള്ള   അഭിപ്രായങ്ങൾ   തന്നെയാണ് ഒരോ   ഭാഗത്തുനിന്നും   കിട്ടിയത് .   അവസാനമായി   ഒറ്റതിരിഞ്ഞിരിയ്ക്കുന്ന   ഒരു   സ്ത്രീയുടെ   അടുത്തെത്തി .   അതേ   ചോദ്യം   ചോദിച്ചു .

"  ഈ   ജന്മത്തിലെ   ഭർത്താവ്   തന്നെ  വേണമെന്നുണ്ടോ   അടുത്ത   ജന്മത്തിലും ?"

" വേണ്ട ."

നിശിതമായിരുന്നു  ഉത്തരം .  തീക്ഷ്ണതയായിരുന്നു   സ്വരത്തിൽ .

" ഭർത്താവ്   വേണ്ടെന്നാണോ ?"

" അല്ല.  ഭർത്താവ്   വേണം .  പക്ഷേ ...."

" പക്ഷേ '?

ഞങ്ങൾ   ചോദിച്ചു .

അവർ   ഒരു നിമിഷം   മൗനം   പാലിച്ചു .   ആ കണ്ണുകൾ  എതോ   ഒരു    ബിന്ദുവിൽ  തറഞ്ഞു .   ഞങ്ങളങ്ങോട്ട്‌   ശ്രദ്ധിച്ചു .   അവിടെ  ഒരു  ഭിക്ഷക്കാരനും   ഭാര്യയും   കുഞ്ഞും   ഇരിയ്ക്കുന്നുണ്ടായിരുന്നു .   ഭാര്യയുടെ   കൈവിരലിൽ   തറഞ്ഞ   എന്തോ   ഒന്ന് --  മുള്ളോ   കുപ്പിച്ചില്ലോ --  എന്തോ ....അയാൾ  പിന്ന്   കൊണ്ട്   കുത്തിയെടുക്കുന്നു .  കൈവിരലിൽപ്പൊടിഞ്ഞ  രക്തം   അയാളുടെ   മുഷിഞ്ഞ   മുണ്ടിന്റെ   തുമ്പ്   കൊണ്ട്   ഒപ്പിയെടുത്തു .   ആ   മുറിവിൽ   മെല്ലെയൊന്ന്   ഊതി .   മുണ്ടിന്റെ   അറ്റത്തുനിന്നു തന്നെ   അല്പം   തുണി   കീറിയെടുത്ത്    ഭാര്യയുടെ     വിരലിലെ   മുറിവ്   കെട്ടിക്കൊടുത്തു .   എന്നിട്ട്   അവരുടെ   നേരെ   നോക്കി   സ്നേഹത്തോടെ   ചിരിച്ചുകൊണ്ട്   പറഞ്ഞു .

" ഒന്നൂല്ലമ്മാ ....നാളേയ്ക്ക്   പൊറുത്തോളും .."

ഭാര്യയുടെ   മുഖത്തെ   നിർവൃതി   ഞങ്ങൾ   കൗതുകത്തോടെ   നോക്കി .

" കണ്ടോ   അത് ? "

പെട്ടെന്ന്    ഞങ്ങളുടെ   കക്ഷി   ഞങ്ങളോട്   ഒരു   ചോദ്യം .

" നിങ്ങളത്   കണ്ടോ ?   അതാണുത്തരം .  അടുത്ത   ജന്മം   ഭർത്താവായി   ഇതുപോലൊരു  ഭിക്ഷക്കാരൻ   മതിയെനിയ്ക്ക് . "

ഒരു നിമിഷം   ഞങ്ങൾ   സ്തംഭിച്ചു ..!   പക്ഷേ ,  അത്   ഒരുപാട്   വലിയ   ചോദ്യങ്ങൾക്കുള്ള   ചെറിയൊരു   ഉത്തരമായിരുന്നു .   ഒരു  ഭാര്യയുടെ ,  ഈ   ജന്മത്തിലെ   മുഴുവൻ   വേദനകളും   മോഹഭംഗങ്ങളും കൊണ്ട്   ചുരുങ്ങിപ്പോയ   ഉത്തരം ..!  ഒരു  സമസ്യയ്ക്കുള്ള   ഉത്തരം   പോലെ ..
                       
                   ഞങ്ങൾ   അന്തിച്ചു നിൽക്കെ  ,  അവരുടെ   കണ്ണുകൾ   വീണ്ടും ,  ഒരേ പൊതിയിൽ  നിന്നും   കപ്പലണ്ടി   കൊറിയ്ക്കുന്ന   ഭിക്ഷക്കാരനിലേയ്ക്കും   ഭാര്യയിലേയ്ക്കും   കുട്ടിയിലേയ്ക്കും   നീങ്ങി .....കുട്ടിയുടെ   തലയിൽ   പേൻ    ചികയുന്നുണ്ടായിരുന്നു   അമ്മ.   അമ്മയുടെ  മുടി   മെടഞ്ഞിട്ടു കൊടുക്കുന്ന   അച്ഛനും ...

                           ഞങ്ങളുടെ   ക്യാമറ   ആ  മനോഹരദൃശ്യത്തിന്  മേൽ    കണ്ണു  ചിമ്മി ...

                                                          ------------------------------------

       









   
                                                       

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .