--ശിവനന്ദ .
കാർത്തുവിനും ഒരു കഥയെഴുതണമെന്നുണ്ട് . അവളുടെ മനസ്സിൽ ഒരുപാട് ' 'ബാവന ' യുണ്ടെന്നാണവൾ പറയുന്നത് . പക്ഷെ എല്ലാവരും അവളെ കളിയാക്കി .
" കാർത്തു , നീ കഥയെഴുതുകയോ ! ഹഹഹ..."
ഇതിനെന്താപ്പത്ര ചിരിയ്ക്കാൻ ? അവളാലോചിച്ചു ...
കാർത്തു ഒരു ചെറുമപ്പെണ്ണാണ് . ഒരു വീട്ടുവേലക്കാരിയുമാണ് . കൂലിപ്പണിക്കാരനായ ഭർത്താവും രണ്ടാംക്ളാസ്സിൽ പഠിയ്ക്കുന്നൊരു കുഞ്ഞുമുണ്ട് . ആ ഇത്തിരി ലോകത്തിൽ അവൾ സന്തോഷവതിയാണ് . പക്ഷേ അവൾക്ക് കഥയെഴുതണം . എഴുതിയേ തീരൂ എന്നാണവൾ പറയുന്നത് .
" നിനക്കറിയാവുന്ന പണി ചെയ്‌താൽ പോരെ കാർത്തു ? "
അങ്ങനെയാണെല്ലാവരും ചോദിയ്ക്കുന്നത് ..! കഥയെഴുത്ത് അവൾക്കറിയില്ലാത്ത ജോലിയാണത്രെ ! കഥയെഴുത്ത് ഒരു ജോലിയാണോ ? കാർത്തുവിന് അതിശയം ..!
എന്തായാലും കാർത്തു അവളുടെ ' ഭാവനകൾ' മനസ്സിലിട്ട് ഉരുട്ടിക്കൊണ്ടിരുന്നു. ഒരുപാട് പഠിച്ചിട്ടൊന്നുമില്ലവൾ . ഏഴാം ക്ളാസ്സ് കഴിഞ്ഞപ്പോൾ പഠിപ്പ് നിർത്തി . അപ്പന്റെയും കുഞ്ഞാഞ്ഞയുടെയും കൈയ്യിൽ കാശില്ലായിരുന്നത്രെ അവളെ പഠിപ്പിയ്ക്കാൻ . അപ്പനും അമ്മയും കുഞ്ഞാഞ്ഞയും പണിയ്ക്ക് പോകുമ്പോ ഇളയത്തുങ്ങൾ മൂന്ന് പേരെ നോക്കാൻ അവൾ വേണമായിരുന്നു.
ജോലിയ്ക്ക് നില്ക്കുന്ന വീട്ടിലെ ഗ്രഹനാഥയെ അവൾ ' ചേച്ചിയമ്മ ' എന്ന് വിളിയ്ക്കും . ചേച്ചിയമ്മ അവളോട് പറഞ്ഞു .
" ഒരുപാട് വായിയ്ക്കണം കാർത്തു . ഒരുപാട് അനുഭവസമ്പത്ത് വേണം . ഒരുപാട് യാത്രാനുഭവങ്ങൾ വേണം. ഒരുപാട് സ്ഥലങ്ങളും അവിടുത്തെ ആളുകളേയും അവരുടെ ജീവിതവും അറിയണം ...."
കാർത്തു അന്തം വിട്ടു . ഒരു കഥയെഴുതാൻ ഇതിനുമ്മാത്രം കാര്യങ്ങളറിയണോ ? അവൾക്ക് ചിരി വന്നു. ചേച്ചിയമ്മ പറഞ്ഞ ഒരോ കാര്യങ്ങളും അവൾ ഓർത്തെടുത്തു . എമ്പിടി വായിയ്യ്ക്കണത്രെ . അവൾക്ക് ലോക ക്ളാസ്സിക്കുകളേക്കുറിച്ചൊന്നും അറിയില്ല. പക്ഷെ കിട്ടുന്നതെന്തും വായിയ്ക്കും . കടയിൽ നിന്നും സാധനങ്ങൾ പൊതിഞ്ഞു കൊണ്ടുവരുന്ന കടലാസ്സു പോലും അവൾ വായിയ്ക്കാതെ വിടില്ല . ചേച്ചിയമ്മയുടെ വീട്ടിലെ പത്രവും വായിയ്ക്കും . അയൽപക്കങ്ങളിൽ നിന്നും കിട്ടുന്നതൊക്കെ വാങ്ങി വായിയ്ക്കാറുണ്ട് .
പിന്നെ ' അനുബവസമ്പത്ത് '. അതെന്ത് കുന്തമാണെന്നവൾക്ക് മനസ്സിലായില്ല . കാർത്തുവിന്റെ കെട്ടിയവൻ പണി കഴിഞ്ഞു വരുന്ന വഴിയിൽ ഷാപ്പിൽ കയറി അല്പം കള്ള് കുടിയ്ക്കുമെങ്കിലും വീട്ടിലേയ്ക്കുള്ള അരിയും സാധനങ്ങളും കൃത്യമായി കൊണ്ടുവരും . പിന്നെ ഷാപ്പിലെ മീൻകറിയും . അത് കാർത്തുവിനുള്ള സ്നേഹസമ്മാനമാണ് . ഇതൊക്കെയാണോ 'അനുബവസമ്പത്ത് ' ? അവൾക്കറിയില്ല .
ഇനി ഈ 'യാത്രാനുബവം ' എന്താണാവോ....കാർത്തു ആലോചിച്ചു . അവൾക്കെവിടെയാണ് യാത്ര ? അവളുടെ വീട്ടിൽ നിന്ന് ചേച്ചിയമ്മയുടെ വീട്ടിലേയ്ക്കും ചേച്ചിയമ്മയുടെ വീട്ടിൽ നിന്ന് തിരിച്ചും . പിന്നെ, ശിവരാത്രിയ്ക്ക് മണപ്പുറത്ത് പോവും . എല്ലാത്തവണയും മീൻ ചട്ടി വാങ്ങും . അതുറപ്പാണ് . ചിരട്ടക്കയിലും . ചേട്ടായി ( കെട്ടിയവനെ അവൾ അങ്ങനെയാണ് വിളിയ്ക്കുക .) കാർത്തുവിന് വാങ്ങിക്കൊടുക്കുന്നൊരു പ്രത്യേക സമ്മാനമുണ്ട് , മുല്ലപ്പൂവിന്റെ മണമുള്ള സെന്റും ക്യൂട്ടെക്സും . പിന്നെ മാസത്തിലൊരിയ്ക്കൽ ബിന്ദു തീയേറ്ററിൽ സിനിമയ്ക്ക് കൊണ്ടുപോവും . ഇത്രയൊക്കെയാണവളുടെ അനുഭവങ്ങൾ . ഇതായിരിയ്ക്കുമോ ചേച്ച്യമ്മ പറയുന്ന ' യാത്രാനുബവങ്ങൾ ' ?അവൾ ആലോചിച്ചു .
ഒരുപാട് സ്ഥലങ്ങളൊന്നും കാർത്തു കണ്ടിട്ടില്ല . കുഞ്ഞിലേ പള്ളിക്കൂടം പൂട്ടുമ്പോ ചാച്ചന്റെ വീട്ടില് പോവാറുണ്ട് . അവിടെ വെല്ല്യാച്ഛനും വെല്ല്യാമ്മയും ചാച്ചനും മേമയും ഒന്നിച്ചാ താമസം . അവരുടെ ജീവിതമെന്താത്ര പഠിയ്ക്കാൻ ? കാർത്തുവിന് ഒരു പിടിയും കിട്ടിയില്ല .
എന്തായാലുമൊരു കഥയെഴുതണം അവൾക്ക് . എഴുതിയേ തീരൂ . ആ മാസം ശമ്പളം കിട്ടിയപ്പോൾ കാർത്തു നൂറ് പേജിന്റെ ഒരു ബുക്ക് വാങ്ങി . ചേച്ചിയമ്മയുടെ , കോളേജിൽ പഠിയ്ക്കുന്ന മോളുടെ അടുത്ത് ചെന്നു .
" കുഞ്ഞോളേ ...ഞാൻ പറയുന്നത് ഒന്നെഴുതിത്തരാവോ? നല്ല ബങ്ങീലെഴുതണം .'
" എന്താ കാർത്തു "?
" ഒരു കദയാ "
കാർത്തു നാണത്തോടെ പറഞ്ഞു .
ചേച്ചിയമ്മയുടെ മോള് കാർത്തുവിനെ നോക്കി സ്നേഹത്തോടെ ചിരിച്ചു .അവളുടെ കൈയ്യിൽ നിന്നും ബുക്ക് വാങ്ങി . പേനയെടുത്ത് എഴുതാനിരുന്നു .
" അറിയുംപോലെ ഞാൻ പറയാവേ . കുഞ്ഞോള് നല്ല ബാഷേല് എഴുതിത്തരണട്ടോ ."
"എന്തെഴുതണം ? പറയ് ."
കാർത്തു കഥ പറഞ്ഞു . ചേച്ചിയമ്മയുടെ മകളെഴുത്തിത്തുടങ്ങി . നല്ല ഭാഷയിൽ .
"തീവണ്ടി മുറീന്നൊക്കെ പറയോ കുഞ്ഞോളേ ? ഞാനീ തീവണ്ടീലൊന്നും കേറീട്ടില്ലേയ് ."
നിനക്കറിയാവുന്നതുപോലെ പറഞ്ഞാൽ മതി .. അതാ അതിന്റെ സൌന്ദര്യം . നിഷ്ക്കളങ്കത ."
കുഞ്ഞോള് പറഞ്ഞത് കാർത്തുവിന് അത്രയ്ക്കങ്ങ് മന്സ്സിലായൊന്നുമില്ല . എങ്കിലുമവൾ കഥ പറഞ്ഞു . അതിങ്ങനെയായിരുന്നു ......................
*****
"കുട്ടി എങ്ങോട്ടാ "?
അവൾ അയാളെ നോക്കി .
" തിരുവനന്തപുരം ".
അവളുടെ ശബ്ദം വല്ലാതെ ഈറനായിരുന്നു .
" ബോംബേയിലെന്താ ജോലി ?"
"നേഴ്സാണ് "
അല്പം അസഹ്യതയുണ്ടായിരുന്നോ സ്വരത്തിൽ? പക്ഷേ അയാൾക്ക് വീണ്ടും ചോദിയ്ക്കണം .
" എന്താ കുട്ടി വല്ലാതിരിയ്ക്കുന്നേ ? എന്റെയെന്തെങ്കിലും സഹായം വേണോ ?"
അവളൊന്നും മിണ്ടിയില്ല . കീഴോട്ടു നോക്കി കണ്ണുകളിറുക്കിയടച്ചിരുന്നു . ഇക്കുറി അയാൾ വളരെ ക്ഷമയുള്ളവനായി . ഒരു പരിഭവവുമില്ലാതെ വീണ്ടും ചോദിച്ചു .
" എന്ത് വിഷമമാണെങ്കിലും പറഞ്ഞോളൂട്ടോ . ഞാനും തിരുവനന്തപുരത്തേയ്ക്കു തന്നെയാണ് എന്ത് സഹായം വേണമെങ്കിലും.........."
പെട്ടെന്നവൾ മുഖമുയർത്തി . പൊട്ടിത്തെറിയ്ക്കുന്ന സ്വരത്തിൽ ചോദിച്ചു .
" സഹായമോ? എന്ത് സഹായം ? എന്റെ അമ്മ മരിച്ചു . ഈ ലോകത്തെ എന്റെ ഒരേയൊരു ബന്ധു . അങ്ങോട്ടാണ് ഞാൻ പോകുന്നത് . എനിയ്ക്ക്........എനിയ്ക്കൊന്ന് കരയണം . ഒന്ന് പൊട്ടിക്കരയണം ...സഹായിയ്ക്കാൻ പറ്റുമോ നിങ്ങൾക്ക് "
അയാൾ സ്തംഭിച്ചു . കരയാൻ സഹായിയ്ക്കാനോ ? അതെങ്ങനെ ? പെണ്‍കുട്ടിയുടെ നോട്ടം അയാൾക്ക് നേരെത്തന്നെയാണ് . നിമിഷങ്ങൾ ...............അയാൾ മെല്ലെ എഴുന്നേറ്റു . അവളുടെ തൊട്ടടുത്ത് പോയിരുന്നു . പിന്നെ ആ മുഖം സ്വന്തം തോളിലേയ്ക്ക് ചായ്ച്ചു വച്ചു . മുടിയിഴകളിൽ തഴുകിക്കൊണ്ട് വാത്സല്യത്തോടെ അലിവാർന്ന സ്വരത്തിൽ പറഞ്ഞു .
" കരഞ്ഞോളൂ ....മതിയാവും വരെ .........."
*****
കാർത്തു കഥ പറഞ്ഞു നിർത്തി . ഒരു നിമിഷം കുഞ്ഞോള് കണ്ണടച്ചിരുന്നു. പിന്നെ എഴുന്നേറ്റു . കാർത്തുവിന്റെ അടുത്തുചെന്ന് അവളുടെ മുഖം കൈക്കുമ്പിളിൽ പൊതിഞ്ഞ് ആ കണ്ണുകളിലേയ്ക്ക് നോക്കി . പിന്നെയാ മുഖം നെഞ്ച്ലേയ്ക്ക് ചേർത്തു . എന്തിനെന്നറിയില്ല , കാർത്തുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു . കുഞ്ഞോളുടെയും ........
--------------
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ