2014, ജൂൺ 18, ബുധനാഴ്‌ച

വേണിയ്ക്കും ചിലത് പറയാനുണ്ട് .

                       വേണിയ്ക്കും  ചിലത്  പറയാനുണ്ട് .
                        --------------------------------------------------
                                                                                              ---ശിവനന്ദ .


                              രാവിലെ   മുതൽ  ജയദേവൻ  അസ്വസ്ഥനാണ് .   എന്താണ്  കാരണമെന്ന്  അറിയില്ല.   ഒന്നും  പറയാറില്ലല്ലോ  എന്നോട് .   എങ്കിലും   എനിയ്ക്ക്   മനസ്സിലാകും   ആ  സങ്കടവും   സന്തോഷവും   സംഘർഷവും   എല്ലാമെല്ലാം.   ജയൻ   ഒരുപാടെന്നെ   സ്നേഹിയ്ക്കുന്നു ... എനിയ്ക്കറിയാമത് .   അത്   പറയാതെ   പറയുന്നൊരു   രീതിയുണ്ട്   അദ്ദേഹത്തിന് .

                     ചില വേള ,  അദ്ദേഹമെന്നെ   സ്നേഹത്തോടെ  തലോടുമ്പോൾ,  ആ   മനസ്സിൽ   നിറയുന്ന   സ്നേഹം   വിരൽത്തുമ്പിലൂടെ   എന്നിലേയ്ക്ക്  അരിച്ചിറങ്ങുന്നത്  എനിയ്ക്ക്  അനുഭവിച്ചറിയാം.  മനസ്സ്  നോവുമ്പോഴും  അദ്ദേഹത്തിന്റെ  വിരലുകൾ  എന്നെ  തഴുകും .  ആ തഴുകലിലൂടെ   ആ  മനസ്സിന്റെ  നൊമ്പരപ്പാടുകൾ  ഞാനേറ്റുവാങ്ങും.   പ്രണയാതുരനാവുമ്പോൾ .......ഏറുകണ്ണിട്ട്  നോക്കി  ഒരു  ഒതുക്കിപ്പിടുത്തമുണ്ട് .  അടിമുടി  പൂത്തുലയും  ഞാൻ.   പക്ഷെ   ദേഷ്യം  വന്നാൽ   അല്പം  കടുപ്പമാണ് .  പിടിച്ചുലച്ച്   വല്ലാതെ   നോവിയ്ക്കുമെന്നെ .

                 പക്ഷെ   ഞാനത്  നിശ്ശബ്ദം   സഹിയ്ക്കും.   കാരണം,  ആ  വികാരങ്ങളേറ്റ് വാങ്ങാൻ   എന്നെപ്പോലെ   മറ്റാർക്കാണ്   കഴിയുക?  ഒരു   മനുഷ്യായുസ്സിലെ   മുഴുവൻ   വികാരങ്ങളും   ഏറ്റുവാങ്ങാൻ  മാത്രമായി  ജന്മമെടുത്തവൾ.... ..ഞാനെന്നെത്തന്നെ   വിലയിരുത്തി.

                  എന്റെ കൂട്ടുകാരി   ശിരസ്സിജയും  ഇത് തന്നെ  പറയും    അവൾ   എന്നേപ്പോലെ   പൊക്കം   കുറഞ്ഞവളല്ല .   നീണ്ടു മെലിഞ്ഞിട്ടാണ് .   പൊക്കമില്ലെങ്കിലും   എന്നെ   കാണാൻ   നല്ല  ഐശ്വര്യമാണെന്നാണ്   അവളുടെ   ഭാഷ്യം .

" ഷാംപൂ   ചെയ്ത്  കുളിച്ച്   നറുമണം   പരത്തി   കുണുങ്ങിയുലഞ്ഞ്   വരുമ്പോഴുണ്ടല്ലോ   വേണീ ..."

അവൾ  വളരെ ആലങ്കാരികമായിട്ടാണ്   എന്തും   പറയുക .  ഒരു കള്ളച്ചിരി  ചിരിച്ച്   അവൾ   പറഞ്ഞുവന്നത്   പൂർത്തിയാക്കി  .

" അദ്ദേഹത്തിന്   വല്ലാത്ത   ലഹരിയാണ്.  ചിലപ്പോളെന്നെ   വാരിയെടുക്കും .....ചിലപ്പോൾ   മുഖം   നെഞ്ചിലേയ്ക്ക്   പൂഴ്ത്തിവയ്ക്കും .  ചിലപ്പോളെന്നെ   വാരിയെടുത്തൊരു   പുതപ്പായണിയും . ..."

അവൾ   പറഞ്ഞുകൊണ്ടിരുന്നു .

" ലഹരി  ഒരു  ആവേശമായി  പടരുമ്പോൾ   ആ  വിരലുകൾ   എന്നിൽ   ആകമാനം   സഞ്ചരിയ്ക്കും..."

ഞാനിടയ്ക്ക്   കയറി .

" ഇങ്ങനെയൊക്കെയായിട്ടും   പിന്നെ   എന്താണ്   ശിരസ്സിജാ...."

"ശ്ശേ ..!   കളഞ്ഞു ..! നീ  അല്ലെങ്കിലുമൊരു   രസംകൊല്ലിയാ .."

ഞാൻ ആസ്വദിച്ച്   ചിരിച്ച്   പറഞ്ഞു .

"ഇതൊന്നും   എനിയ്ക്കറിയാത്തതല്ലല്ലോ .  ഈ  ലഹരിയും   ആവേശവുമൊക്കെ   ഞാനും   അനുഭവിയ്ക്കുന്നതല്ലേ? "

" ശരി   നീയെന്താണ്   ചോദിച്ചത് ? "

"  അല്ല,  എന്നിട്ടും   ചില  നേരം   എന്താണിവർ   നമ്മളെ  വെറുക്കുന്നത് ? "

അവൾ   ഒരു  നിമിഷം   നിശ്ശബ്ദയാകും . പിന്നെ   പറയും .

" അറിയില്ല....എനിയ്ക്കറിയില്ല   വേണീ ..."

  ചില  നേരം   ഭക്ഷണത്തിലേയ്ക്ക്  വിരൽ ചൂണ്ടി  ജയൻ ആക്രോശിയ്ക്കുന്നത്   കാണാം.  അദ്ദേഹം   വെറുപ്പോടെ   നോക്കുന്നത്   എന്നെയാണെന്നറിയുമ്പോൾ   എന്റെ നെഞ്ച്   പിടയും .   അറിഞ്ഞുകൊണ്ട്   ഞാനൊരു  തെറ്റും  ചെയ്യുന്നില്ല.   എന്നിട്ടും.....എന്നിട്ടും...

                            ഇന്ന്   രാവിലെ   മുതൽ  ജയൻ   അസ്വസ്ഥനാണ് .   ഇടയ്ക്കിടെ   എന്നെ  ചേർത്തുപിടിച്ചു തലോടുന്ന   ആ  കൈകളിൽ   വിറയൽ   പടരുന്നത്   ഞാനെപ്പോഴൊക്കെയോ   തിരിച്ചറിഞ്ഞു .   എനിയ്ക്കത്   വല്ലാതെ   നൊന്തു .   ഞാനത്   ശിരസ്സിജയോട്   പറഞ്ഞപ്പോൾ   അവളൊന്നും   പറയാതെ  എന്തോ   ചിന്തയിൽ   മുഴുകി  ഇരുന്നു .  അവളും   സാധാരണ   പോലെ   വാചാലയാകുന്നില്ലെന്നെനിയ്ക്ക്   തോന്നി .

                          എനിയ്ക്ക്   ആകെ   അസ്വസ്ഥതയായി .   പിറ്റേന്ന്   രാവിലെ   ജയൻ   തിരുവനന്തപുരം   ആർ.സി.സി. യിൽ  പോയി .   എന്തിനാണെന്ന്   എനിയ്ക്ക്   മനസ്സിലായില്ല .  ചോദിയ്ക്കാൻ   വയ്യല്ലോ .  ചോദിച്ചാൽ   ഇഷ്ടവുമാവില്ല .   എന്തായാലും   ഞാനും  കൂടെ  പോകണമല്ലോ .   പോയി .  ഡോക്ടർമാരെ   ആരെയൊക്കെയോ   കണ്ട്   എന്തൊക്കെയോ   സംസാരിയ്ക്കുന്നുണ്ടായിരുന്നു .  ഇംഗ്ളീഷിൽ   ആണ്   സംസാരിച്ചത് ..എനിയ്ക്കൊന്നും   മനസ്സിലായില്ല.   ശിരസ്സിജയും   വന്നു .   എന്റെയടുത്തിരുന്നു   അവൾ .   ഞാനവളെ   സൂക്ഷിച്ചു നോക്കി.   മരണത്തെ   മുന്നിൽ   കണ്ടതുപോലുള്ള   ഭയപ്പാടായിരുന്നു   അവളുടെ   കണ്ണുകളിൽ .   ഞാൻ  ഭയത്തോടെ   ചോദിച്ചു.

" എന്താ നിനക്ക് ? എന്താ  ഭയപ്പെട്ടിരിയ്ക്കുന്നെ ?"

"എനിയ്ക്കറിയില്ല "

അവൾ   നിസ്സഹായതയോടെ   കൈ മലർത്തി .   പിന്നെ   പറഞ്ഞു .

"എന്തോ   എനിയ്ക്ക്   വരാനിരിയ്ക്കുന്നത്   പോലൊരു   തോന്നൽ ."

ഞാൻ ഭയത്തോടെ   ചുറ്റും നോക്കി .   ജയൻ കണ്ണ്   തുടയ്ക്കുന്നുണ്ട് .   അദ്ദേഹത്തിന്റെ  അടുത്ത്   തകർന്ന്   തരിപ്പണമായി   മരവിച്ചിരിയ്ക്കുന്നത്   അദ്ദേഹത്തിന്റെ ഭാര്യയാണ് .   ആരൊക്കെയോ  അടുത്ത്  വന്ന്   സമാധാനിപ്പിയ്ക്കുന്നുണ്ട് .   പെട്ടെന്ന്   ഒരാൾ   കയറി വന്ന്  സ്വയം  പരിചയപ്പെടുത്തി . ക്ഷൗരക്കാരൻ .

" മുടി   മുറിയ്ക്കണം ."

ഞാൻ  നടുങ്ങി .  അതിലേറെ   ശിരസ്സിജയും .   ജയൻ   ഒരു വിറയലോടെ   എഴുന്നേൽക്കുന്നത്   കണ്ടു .   ഭാര്യയുടെ   മുഖത്ത്   ഭാവവ്യത്യാസമൊന്നുമില്ല.   ഭയാനകമായൊരു   മരവിപ്പ്   മാത്രം .   ക്ഷൗരക്കാരൻ  കത്രികയെടുത്ത് ,  ജയനെ  സഹതാപത്തോടെ ഒന്ന്   നോക്കി ,  ഭാര്യയുടെ   അടുത്തേയ്ക്ക്   വന്നു.    സംഭവിയ്ക്കാൻ   പോകുന്നത്   ഉൾക്കൊള്ളാൻ   കഴിയും മുൻപേ അയാളുടെ   കത്രിക  ചിലച്ചു . ........എന്റെ   ദൈവമേ....!  ഇതെന്ത്‌   കാഴ്ച്ചയാണീ    കാണുന്നത് ...!എന്റെ   ശിരസ്സിജ   മെല്ലെ മെല്ലെ   താഴോട്ട്  ഊർന്നു .   മരണ വെപ്രാളത്തോടെ   എന്നെ   നോക്കിയ   അവളെ   കണ്ടുനിൽക്കാനാവാതെ  ഞാൻ   കണ്ണുകളിറുക്കിയടച്ചു .  അടഞ്ഞ   കണ്‍കോണുകളിലൂടെ   കണ്ണുനീരൊഴുകി .   എന്റെ  ദൈവമേ...

                        നീണ്ടിടതൂർന്ന   മുടി ഞെട്ടറ്റു  താഴോട്ട്   വീഴുന്ന   കാഴ്ച്ച   കണ്ടുനിൽക്കാനാവാതെ   ജയൻ   പുറത്തേയ്ക്കിറങ്ങി .   അദ്ദേഹത്തോട്   ഒന്നും   സംസാരിയ്ക്കാൻ   ധൈര്യപ്പെടാതെ   ബന്ധുക്കൾ   പകച്ചു.   ഏതോ   ഒരു  ബന്ധു   ആരോടോ   ഫോണിൽ   പറയുന്നത്   കേട്ടു.

" ജയന്റെ  ഭാര്യയ്ക്ക്   അർബ്ബുദം .  തലച്ചോറിലാണ് .  ഉടനെ  ശസ്ത്രക്രിയ   വേണം ...."

ഇടിവെട്ടേറ്റതുപോലെ   ഞാൻ  വീണ്ടും   നടുങ്ങി . ദൈവമേ.....ആരുടെ ദു:ഖമാണ്  വലുത്? എന്റെയോ? അതോ  ശിരസിജയുടെയോ? ജയന്റെയോ?  ഭാര്യയുടെയോ?   ഇദ്ദേഹത്തെ   ഞാനെങ്ങനെയാണ്   സമാധാനിപ്പിയ്ക്കുക ?   ആ   കൈകൾ   നിരന്തരം   എന്നിലൂടെ   ഇഴയുന്നുണ്ട് .   പക്ഷെ   കോരിത്തരിപ്പല്ല ,  ഭയപാരവശ്യത്തിന്റെ   വിറയലാണ്   എനിയ്ക്കനുഭവപ്പെട്ടത് ...

ജീവനറ്റ്   വീണ   എന്റെ   കൂട്ടുകാരിയെ   ഒന്നുകൂടി   കാണണമെന്ന്   എനിയ്ക്ക് തോന്നി.   പക്ഷേ   ജയനിവിടെ   തകർന്ന്   നിൽക്കുമ്പോൾ   ഞാനെങ്ങനെയാണ് .......വേണ്ട...............വേണ്ട.........എന്തിനാണിനി   അവളെ.......നറുമണം   പരത്തി   ഇളംകാറ്റുപോലെ  മെല്ലെ   ഉലഞ്ഞാടി   വന്നിരുന്ന   അവൾ ....എന്റെ ....എന്റെ  ശിരസ്സിജ .....ജീവനറ്റ്   കിടക്കുന്ന   അവളെ   ഇനിയന്തിനാണ് .......

ക്ഷൌരക്കാരൻ   ജോലി   തീർത്ത്   മുറിയിൽ  നിന്നിറങ്ങിപ്പോകുന്നത്   കണ്ടു .   കാലന്റെ   ദൂതനേപ്പോലെ ....ജയൻ   മുറിയിലേയ്ക്ക്   പോകാനാവാതെ   തകർന്നു നിന്നു .   അദ്ദേഹത്തെ   ആശ്വസിപ്പിയ്ക്കാനാവാതെ   വിഷമിച്ച്   എല്ലാവരും.......

എന്റെ കണ്ണീർപ്പാടുകൾ   ഉണങ്ങിയില്ല.   അതിനി   ഉണങ്ങുകയുമില്ല .   എന്റെ  കൂട്ടുകാരിയില്ലാത്ത   ലോകത്ത്   ഞാൻ  തനിയെ....ജയദേവന്റെ   ശിരസ്സിന്   അലങ്കാരമായി   ഞാനും   ഭാര്യയുടെ   ശിരസ്സിന്   അലങ്കാരമായി   ശിരസ്സിജയും ,  തലമുടിയെന്ന   പേരിൽ എത്രയോ   വർഷം   ഒന്നിച്ച്  ഉണ്ടും  ഉറങ്ങിയും .......

             എല്ലാവരും  ഞങ്ങളെ   ' മൃതകോശ'മെന്നു   വിളിച്ച്   ആക്ഷേപിച്ചപ്പോൾ   ആരുമറിഞ്ഞില്ല    ഞങ്ങളുടെ   മനസ്സ് ....മനുഷ്യന്റെ   എല്ലാ   വികാരങ്ങളേയും    ഏറ്റുവാങ്ങാൻ   നിയോഗിയ്ക്കപ്പെട്ട   ഞങ്ങളുടെ   വേദനകൾ ....സന്തോഷങ്ങൾ.......അവസാനം   മരിച്ചു വീഴുമ്പോൾ   ഞങ്ങളൊഴുക്കുന്ന   കണ്ണുനീർ ....ഒന്നും   ആരുമറിഞ്ഞില്ല....ആരും......

                                                 / ............................................./










"




                        .

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .