2014, ജൂൺ 14, ശനിയാഴ്‌ച

ചന്ദനം മണക്കുന്ന ഈണങ്ങൾ .

                                 ചന്ദനം  മണക്കുന്ന  ഈണങ്ങൾ .
                                -------------------------------------------------
                                                                                                      -- ശിവനന്ദ .

                                      
                                 കുളിച്ചൊരുങ്ങി വരുന്ന   അശ്വതിയ്ക്ക്   ചന്ദനഗന്ധമായിരുന്നു  .    അതവളുടെ   അലക്കിത്തേച്ച   വസ്ത്രത്തിന്റെയായിരുന്നോ?   അതോ   അവളുപയോഗിയ്ക്കുന്ന   ചന്ദന സോപ്പിന്റെയോ?   അതുമല്ലെങ്കിൽ   ആ  നെറ്റിയിലെ   ഈറൻ  ചന്ദനക്കുറിരുടെയോ ?

                                 ഒരു   ശിശുവിനെപ്പോലെ   ഉറങ്ങുന്ന   അശ്വതിയുടെ   മുഖത്ത്   നോക്കിയിരുന്ന്   വെറുതെ   ഓർത്തു .  എന്റെ   പ്രണയവും   ഇപ്പോളൊരു   മുത്തുപോലെ ............

"   'ഒരു  തീമല   വന്നോട്ടെ ,  ഞാൻ   കരിഞ്ഞു തീർന്നിട്ടേ   നിനക്ക്   പൊള്ളൂ  '   എന്നെന്നോട്   പറയാൻ   നിനക്ക്   സാധിയ്ക്കുമോ   ഹരീ ? "

അവളുടെ   ചോദ്യത്തിന്   മറുപടി   ആലോചിച്ചു നിന്നപ്പോൾ   അവൾ തന്നെ  മറുപടി   പറഞ്ഞു .

" കഴിയില്ല   നിനക്ക് .   തീമലയല്ല,  ഒരു  മഴുകുതിരി വെട്ടം   കണ്ടാൽ മതി ,  ഓടിയൊളിയ്ക്കും   നീ.  ഇത്   പ്രണയമല്ല   ഹരീ."

നിഷേധാത്മകമായി   അവൾ   ഇരുവശത്തേയ്ക്കും   തല   ചലിപ്പിച്ചു .  ഞാൻ   കളിയാക്കി .

" നീയിത്   ഏത്   നൂറ്റാണ്ടിലാ   അശ്വതീ?   ജീവിതം   എത്ര   ഫാസ്റ്റാ  ?  കുത്തിയിരുന്ന്   പ്രണയലേഖനങ്ങളെഴുതാനും   വഴിത്താരകളിൽ   കാത്തുനിൽക്കാനും   ഇന്നാർക്കാ   നേരം ?  എല്ലാവരും   മുന്നോട്ടോടുമ്പോൾ   നീ  പിറകോട്ടാണോ ?"

എന്റെ  പരിഹാസത്തെ   നേർത്ത   ഒരു   ചിരി   കൊണ്ടവൾ   നേരിട്ടു .

" ശരിയാ ...ഒരു   എസ് എം എസിലോ    മിസ്ഡ്   കോളിലോ   തുടങ്ങി   ഒരു  സ്വിച്ച്ഡ് ഓഫിൽ   തീരുന്ന  പ്രണയങ്ങൾ .......വിരൽത്തുമ്പിലെ   ഒറ്റ  ക്ളിക്കിൽ   പ്രണയത്തിന്റെ   ജനനമരണങ്ങൾ ......"

ഒന്ന്   നിർത്തി   എന്തോ   ഓർത്തിരുന്നു   അവളൊരു   നിമിഷം ....പിന്നെ   വീണ്ടുമെന്നെ   നേരിട്ടു.

" പക്ഷെ  ഹരീ,  ഞാൻ  പറഞ്ഞത് ,  പ്രണയത്തിന്   ഞാൻ   മനസ്സിൽ   കൊടുത്തിരിയ്ക്കുന്ന   സ്ഥാനം ....അവിടെ   നമ്മൾ തമ്മിൽ   ചേരില്ല .   നിന്റെ   പ്രണയം   ഒരു   പൊങ്ങുതടി  പോലെയാണ് .  എങ്ങനെയും   ഒഴുകും .  എങ്ങോട്ടും  ഒഴുകും. "

" നിന്റെ   പ്രണയമോ ?"

എന്റെ  ചോദ്യത്തിൽ   പരിഹാസച്ചുവ .

" അതൊരു   ചിപ്പിയ്ക്കുള്ളിലെ   മുത്തുപോലെയാണ് .  സ്നേഹം   കൊണ്ട്   തേച്ചുരച്ച്   മിനുക്കിയെടുക്കുന്ന   മുത്ത് .   മനസ്സിന്റെ   ആഴങ്ങളിൽ   അതങ്ങനെ   അമർന്നു കിടക്കും ."

എനിയ്ക്ക്   കുറച്ചിൽ   തോന്നി . അവളിലേയ്ക്കെത്താൻ  ഇനിയും   ഒരുപാട്   പടികൾ   കയറാനുണ്ടെന്നും   തോന്നി .  അതൊരു   തിരിച്ചറിവായിരുന്നു .  ആ  തിരിച്ചറിവാണ്,  എങ്ങുമെത്താതെ പോയ   എന്റെ   പ്രണയത്തെ   അശ്വതിയുടെ   ഹൃദയത്തിലെത്തിച്ചത് .

                     ഞങ്ങൾ   വിവാഹിതരായി .   പരസ്പരം   സ്നേഹിയ്ക്കാനുള്ള   കാരണങ്ങൾ   മാത്രം   ഞങ്ങൾ   കണ്ടുപിടിച്ചു .......സ്നേഹത്തിന്റെ   ഒരു  താമര നൂലിഴയിൽ   ഹൃദയങ്ങൾ   ഇഴചേർത്തു ............

പിന്നെ...ഒരു  കുഞ്ഞിന് വേണ്ടിയുള്ള    ഏറെ   നാളത്തെ   കാത്തിരിപ്പും   ചികിത്സകളും   വ്യർത്ഥമായപ്പോൾ................ചലനശേഷിയില്ലാത്ത  ബീജങ്ങൾ   മനസ്സിൽ   ചാപിള്ളകളായി .  നിരാശയോടെ   തളർന്നിരുന്ന   എന്നെ   അശ്വതി   തോളിലേയ്ക്ക്   ചായ്ച്ചു കിടത്തി   പറഞ്ഞു.

" നീയെന്റെ   മുത്തല്ലേ?   എനിയ്ക്കെന്തിനാ  വേറെ   കുഞ്ഞ് ?"

                    അവളെന്റെ  അമ്മയായി .  മുത്തുപോലെ   അവളുടെ   സ്നേഹം............

കാലം പോകെ ,  അശ്വതിയിൽ   മറവിരോഗത്തിന്റെ   ലക്ഷണങ്ങൾ   കണ്ടുതുടങ്ങിയതെന്നാണെന്നോർമ്മയില്ല .   അങ്ങനെയൊരു   സംശയം   തോന്നിത്തുടങ്ങിയപ്പോൾ  സങ്കടത്തോടെ   അശ്വതി  എന്നോട്   പറഞ്ഞു ,  അവളൊരു   ബാദ്ധ്യതയാകുന്നതിന്  മുൻപേ   അവളെ  ഉപേക്ഷിച്ചു പോകാൻ .  

" അസാദ്ധ്യം "...

ഞാൻ അശ്വതിയെ  ശകാരിച്ചു ..പിന്നെ  ഒരു  കൊച്ചു കുഞ്ഞിനെയെന്നവണ്ണം  അവളെ   സ്നേഹിയ്ക്കുകയും   പരിപാലിയ്ക്കുകയും   ചെയ്തു.അസുഖം  കൂടി വന്നു.   മറവിയ്ക്കും   ഓർമ്മയ്ക്കുമിടയിലെ   എതോ  ഒരു   നിമിഷം   അശ്വതി   ഭയത്തോടെ  എന്നോടപേക്ഷിച്ചു .

"എന്നെ  ഉപേക്ഷിയ്ക്കരുത് "....

ജീവിതത്തിൽ   ഏറ്റവും   സ്നേഹവും   കാരുണ്യവും   മനസ്സിൽ തോന്നിയ   ആ  നിമിഷത്തിൽ   ഞാൻ  അശ്വതിയുടെ   അച്ഛനായി .  വാത്സല്യത്തോടെ   അവളെ   നെഞ്ചോടടുക്കിപ്പിടിച്ച്   ഞാൻ മന്ത്രിച്ചു........

" നീയെന്റെ   മുത്തല്ലേ? .."

എന്റെ  സ്നേഹവും   ഇപ്പോഴൊരു   മുത്തുപോലെ ...........

                                                               
                                                         ***************




0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .