2014, ജൂൺ 8, ഞായറാഴ്‌ച

ആത്മാവിന്റെ കാഴ്ച്ചപ്പാടുകൾ

ആത്മാവിന്റെ  കാഴ്ച്ചപ്പാടുകൾ 

- ശിവനന്ദ 


                                                      ബലികർമ്മങ്ങൾ  ചെയ്തുകൊണ്ടിരുന്ന  മകനെ  നോക്കിയിരുന്നപ്പോൾ  മനസ്സ്  വല്ലാതെ  നൊന്തു . വെയിലത്താണവൻ  ഇരിക്കുന്നത് . പാവം  വിയർത്തുകുളിക്കുന്നു . ഒരു  ഓലപ്പന്തലെങ്കിലും  ഇടേണ്ടതായിരുന്നു . പിറകിൽ  നോക്കിനിൽക്കുന്ന  മകളും  വിയർത്തുകുളിക്കുന്നുണ്ട് . കഷ്ടം ! ഇതാർക്കുവേണ്ടിയാണ്  എന്തിനുവേണ്ടിയാണ്  എന്റെ  കുഞ്ഞുങ്ങളെ  ഇങ്ങനെ  വെയിലത്ത്  നിർത്തിപ്പൊരിക്കുന്നത് ?

                                                        മരണം  കഴിഞ്ഞിട്ട്  പതിനാറാമത്തെ  ദിവസമാണിന്ന് . ഇന്നത്തോടുകൂടി  എല്ലാം  തീരും . നന്നായി . ഇനിയീ  പ്രഹസനം  കാണണ്ടല്ലോ . വ്യർഥമായ  കുറെ  കാട്ടിക്കൂട്ടലുകൾ . മകന്റെ  മുഖത്ത്  നിർവികാരതയാണ്‌ . മകളുടെ  മുഖത്ത്  ഞാൻ  സൂക്ഷിച്ചുനോക്കി . അൽപ്പം  കണ്ണീർത്തിളക്കം ? ഒന്നുമില്ല . മറ്റുള്ളവരുടെ  മുന്നിൽ  ഈറനോടെ  നിൽക്കെണ്ടിവന്നതിന്റെ  ചമ്മൽ  മാത്രമേയുള്ളു . ഒന്ന്  ചിരിക്കണമെന്നണെനിക്കു  തോന്നിയത് . പക്ഷെ  എനിക്കെങ്ങനെയാണത്   കഴിയുക ? അവസ്ഥ  ഇതായിപ്പോയില്ലെ ?

                                                        മനസ്സ്  അലഞ്ഞുതിരിഞ്ഞു . എന്നും  ഇതിങ്ങനെ  അലഞ്ഞുകൊണ്ടേയിരിക്കും  എന്നോർത്തപ്പോൾ  വീണ്ടും  വേദനിച്ചു ........... 

                                                        ചതിക്കുകയാണ്   ചെയ്തത്  . എന്നെ  എല്ലാവരും  ചതിക്കുകയാണ്  ചെയ്തത് .എന്റെ  വ്യക്തിത്വത്തെ  അവഗണിച്ച് , കഴിവുകളെ  അടിച്ചമർത്തി , സ്ത്രീത്വത്തെ  ചവിട്ടിയരച്ച് , ആത്മാഭിമാനത്തെ  കീറിമുറിച്ച്  ഉന്മാദനൃത്തം  ചവിട്ടിയ  ഭർത്താവ്  ഏറ്റവും  വലിയ  ചതിയൻ . എന്റെ  മനസ്സിന്  ചുറ്റും  ട്രഞ്ച്  കുഴിച്ചിട്ട  മഹാൻ . അതിനപ്പുറത്തേക്ക്  പറക്കാൻ  തുനിഞ്ഞ  എന്റെ  പാവം  മനസ്സിനെ  എത്രയോ  വട്ടം  വെട്ടിപ്പരിക്കേൽപ്പിച്ചു ! എഴുത്തും  വായനയും  ട്രഞ്ചിന്  പുറത്തേക്കുള്ള  എന്റെ  മേൽപ്പാലങ്ങളായിരുന്നു . എത്ര  പ്രാവശ്യം  പാലം  തകർത്ത്  എന്നെ  അഗാധഗർത്തത്തിലേക്ക്  വീഴ്ത്തി ! ശരീരത്തിൽ  നിന്നല്ല , മനസ്സിൽനിന്നാണ്   രക്തം  വാർന്നത്‌ .

 "ജീവിക്കാനുള്ള  തത്രപ്പാട് . അല്ലെ ?"

കാരുണ്യത്തോടെ  ചോദിച്ച  സുഹൃത്തിനോട്  ഉർജ്ജസ്വലതയോടെ  മറുപടി  പറഞ്ഞു .

"ജീവിതം ? അല്ലേയല്ല . അതിജീവനം . അങ്ങനെയാണ്  പറയേണ്ടത് ".

അത്   പറയുമ്പോൾ  സങ്കടമായിരുന്നില്ല . മുറിവേറ്റ   പോരാളിയുടെ  ശൌര്യമായിരുന്നു . പൊരുതിമുന്നേറാനുള്ള  ഉൾക്കരുത്ത്  എനിക്ക്  തരാൻ  അവർ  ഏറെ  പണിപ്പെട്ടു .

"ഒരു  ചെടിയുടെ  ചുവട്ടിൽ  വീഴുന്ന  വളം  എന്താണെന്നു  നോക്കിയല്ല  അത്  വലിച്ചെടുക്കുന്നത് . ചാണകമായലും  അമേദ്ധ്യമായാലും  ചെടിയുടെ  ലക്ഷ്യം  വളരുക  എന്നതുമാത്രമാണ് . ഇതും  അങ്ങനെ  കണ്ടാൽ  മതി . ജീവിക്കുക  എന്നതാണ്   മുഖ്യം . ഈ  വേദനകൾ  അതിനുള്ള  വളമാവട്ടെ ".

പ്രിയസുഹൃത്തിന്റെ  വാക്കുകളെ മനസ്സിലിട്ട്  അടുക്കിപ്പെറുക്കി  ശപഥം  ചെയ്തു .

"ജീവിതം  എനിക്ക്  തന്ന  വേദനകളെ  ഞാനെന്നും  നന്ദിയോടെ  സ്മരിക്കും ".

ശപഥം  ഞാൻ  പാലിക്കുക  തന്നെ  ചെയ്തു . ആ  വേദനകളാണെന്നെ  ഞാനാക്കിയത് . കനലിലിട്ട്  തല്ലിപ്പഴുപ്പിച്ച  ഇരുമ്പുപോലെ  ഞാൻ  പാകപ്പെട്ടുവന്നു . എന്റെ  മാത്രമല്ല , മറ്റുള്ളവരുടെകൂടി  വേദനകളെ   നെഞ്ചോടുചേർക്കാനുള്ള  കഴിവും  മനസ്സും  വന്നു .

"സ്വന്തം  വിഷമങ്ങളെ  ഇത്ര  ആഹ്ലാദത്തോടുകൂടി  അവതരിപ്പിക്കുന്ന  ഒരാളെ  ഞാൻ  ആദ്യമായാണ്  കാണുന്നത് . സമ്മതിച്ചിരിക്കുന്നു ".

അതിശയത്തോടെ  പറഞ്ഞു  മറ്റൊരു  സുഹൃത്ത് . ഞാനത്   വളരെ  നിസ്സാരവത്ക്കരിച്ചു .

"ഒന്നിനെക്കുറിച്ചും  എനിക്കിപ്പോൾ  വേവലാതിയില്ല . പല  രംഗങ്ങൾ  കണ്ടുകഴിഞ്ഞ  ഒരു  നാടകത്തിന്റെ  അവസാനരംഗം  കാണാനുള്ള  ആകാംക്ഷ  പോലെ .......... അത്രയേയുള്ളൂ ".

                                                             ബലിച്ചോർ  ഉരുളകളാക്കുന്ന  മകളെ  നോക്കിയിരുന്നപ്പോൾ  സഹതാപമാണ്  തോന്നിയത് . ഒരിക്കൽ  ഞാനവരോട്  പറഞ്ഞു .

"മരണശേഷം  ഒന്നുകിൽ  എന്റെ  മൃതശരീരം  മെഡിക്കൽ  കോളേജിലെ  വിദ്യാർത്ഥികൾക്ക്  പഠിക്കാൻ  വിട്ടുകൊടുക്കണം . അല്ലെങ്കിൽ  കഴിയുന്നത്ര  അവയവങ്ങൾ  ദാനം  ചെയ്യണം ".

അവരുടെ  പകച്ച  കണ്ണുകളിലേക്ക്  നോക്കി  ഞാൻ  കൂട്ടിച്ചേർത്തു .

"മരണശേഷം  നിങ്ങളെനിക്കുവേണ്ടി  ചെയ്യേണ്ടതായ  ഒരേയൊരു  കർമ്മം  അതാണ്‌ . അല്ലാതെ  മറ്റൊരു  ബലികർമ്മങ്ങളും  എന്റെ  ആത്മാവിന്  ശാന്തി  തരില്ല ".

അവസാനം  ഒന്നുകൂടി  പറഞ്ഞു .

"ജീവിതം  കൊണ്ട്  ചെയ്യാൻ  പറ്റാതിരുന്നത്  മരണം  കൊണ്ടെങ്കിലും  എനിക്ക്  ചെയ്യണം ".

മക്കളേക്കൊണ്ട്  ഞാൻ  സമ്മതിപ്പിച്ചതാണ് . എല്ലാവരോടും  പറഞ്ഞു . ഉറപ്പിനുവേണ്ടി , എഴുതി  ഒപ്പുവയ്ക്കുകയും  ചെയ്തു . എന്നിട്ട് ........... എന്നിട്ട്  അവരും  എന്നെ  ചതിച്ചു . ഞാൻ  പറഞ്ഞേൽപ്പിച്ചപോലൊന്നും  ചെയ്തില്ല . വാഹനാപകടത്തിൽ  എന്റെ  തലയ്ക്കുമാത്രമാണ്  ഗുരുതരമായ  പരിക്കേറ്റത് . മറ്റ്  അവയവങ്ങൾക്കൊന്നും  ഒരു  കേടും  പറ്റിയില്ല . രണ്ടാംദിവസം  ഞാനെന്റെ  ദേഹം  വെടിഞ്ഞു . പറഞ്ഞേൽപ്പിച്ചപ്രകാരം  ആരെങ്കിലുമൊക്കെ  ചെയ്യുമെന്ന്  കരുതി  കാത്തിരുന്നു . പക്ഷെ ............. ആരുമൊന്നും  ചെയ്തില്ല . ചതിച്ചു  എല്ലാവരും . ദൈവത്തിന്റെ  ആ  അത്ഭുതസൃഷ്ടി  അവർ  കത്തിച്ച്  ചാമ്പലാക്കി . അവരെന്തിനാണ്  എന്നോടങ്ങനെ  ചെയ്തത് ? എന്റെ  മരണത്തോടുപോലും  ആരും  നീതി  കാണിച്ചില്ലെന്ന്  എനിക്ക്  തോന്നി .

                                                              ഇവരെന്തിനാണ്  എനിക്ക്  ബലിച്ചോർ  തരുന്നത് ? ഞാൻ  ആത്മാവല്ലേ ? ആത്മാവിന്  വിശപ്പും  ദാഹവുമുണ്ടോ ? 

                                                                കൈകൊട്ടുന്ന  ശബ്ദം . ബലിച്ചൊർ  ഉരുട്ടിവച്ച്  കാക്കയെ  വിളിക്കുകയാണ്‌ . എന്നെ  ഉദ്ദേശിച്ചാണെങ്കിൽ , എനിക്കിതൊന്നും  വേണ്ടെന്ന്  അവരോട്  പറയണമെന്നെനിക്ക്  തോന്നി . പക്ഷെ .............. ആത്മാവിന്  ശബ്ദമുണ്ടോ ?

                                                                എത്ര  ശ്രമിച്ചിട്ടും  ഒരു  ബലിക്കാക്ക  പോലും  വരാതെ  അനാഥമായ  ബലിച്ചോറിനെ  വീണ്ടും  അനാഥമാക്കി  എല്ലാവരും  തിരിഞ്ഞു  നടന്നു . എവിടുന്നോ  അടക്കിപ്പിടിച്ചൊരു  തേങ്ങൽകേൾക്കാം . ആരാണത് ? ചുറ്റും  പരതിനോക്കി . ഓ ! ഭാനുമതിയാണ് . വീട്ടിലെ  ജോലിക്കാരി . പാവം ................ എന്നെ  ഒരുപാട്  സ്നേഹിച്ചിരുന്നു . കൈകൊട്ടുന്ന  ശബ്ദം  കേട്ട്  എല്ലാവരും  ഒന്നിച്ച്  തിരിഞ്ഞുനോക്കി . ഞാനും . ഭാനുമതി ! അവൾ  നിറകണ്ണുകളോടെ  വളരെ  സാവധാനം  കൈ  കൊട്ടുകയാണ് .  ശൂന്യതയിലേക്കാണവളുടെ  നോട്ടം . എല്ലാവരും  പരസ്പരം  നോക്കി . പരിഹാസത്തോടെ - പുച്ഛത്തോടെ  നെറ്റി  ചുളിച്ചു .

"ഇവളാര് ? എന്ത്  അസംബന്ധമാണിവളീ  കാണിക്കുന്നത് ?"

"ഇവൾക്കെന്താണധികാരം ? ഇതിനൊക്കെയിവിടെ  വേണ്ടപ്പെട്ടവരില്ലേ ?"

"മക്കളും  വേണ്ടപ്പെട്ടവരുമൊക്കെയാണ്  ഇത്  ചെയ്യേണ്ടത് . എങ്കിലേ  ആത്മാവിന്  തൃപ്തിയാകൂ ".

"നമ്മൾ  കൈകൊട്ടിവിളിച്ചിട്ട്  കാക്ക  വന്നില്ല . പിന്നെയാണ്  ഇവൾ ".

"കുളിക്കാതെയും  ശുദ്ധിയില്ലാതെയും , ഒരു  ബന്ധവുമില്ലാത്തവർ  ചെയ്യേണ്ട  കാര്യമാണോ  ഇത് ? കഷ്ടം !"

"അവളോട്‌  മാറിപ്പോകാൻ  പറയ്‌ ".

ഓരോരുത്തരും  അവരവർക്ക്  തോന്നിയത്  പോലെ  മത്സരിച്ച്  അഭിപ്രായങ്ങൾ  പറഞ്ഞു .

                                                            പക്ഷെ  ഭാനുമതി  ഇതൊന്നും  കേൾക്കുന്നില്ലെന്ന്  തോന്നി . അവൾ  കൈകൊട്ടുന്നത്  തുടർന്നുകൊണ്ടേയിരുന്നു . അവളുടെ  കണ്ണിൽനിന്ന്  രണ്ടുതുള്ളി  കണ്ണുനീരടർന്ന്  ഭൂമിയിൽ  പതിച്ച  നിമിഷം , എങ്ങുനിന്നെന്നറിയാതെ  കാക്കകൾ  പറന്നിറങ്ങി  ബലിച്ചോർ  കൊത്തി ! എല്ലാവരും    പകച്ച   കണ്ണുകളോടെ  നോക്കിനിന്നപ്പോൾ  എനിക്കൊന്ന്  കരയാനാണ്  തോന്നിയത് . പക്ഷെ .............. പക്ഷെ  ആത്മാവിന്  കണ്ണുനീരുണ്ടോ ?...............




                                                       _______________________

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .