2014, ജൂൺ 10, ചൊവ്വാഴ്ച

നെരിപ്പോടിന്റെ നീലച്ചിറകുകൾ

                                                     നെരിപ്പോടിന്റെ നീലച്ചിറകുകൾ 
                                                                                                                                 -ശിവനന്ദ           ഫോണ്‍   ഒന്നുകൂടി   ചെവിയോട്  ചേർത്തു  പിടിച്ചു  .....
"ഹലോ ?"
ഒന്നുമില്ല ....ആരുമില്ല ....മെല്ലെ  കസേരയിലേക്കിരുന്നു . കണ്ണുകളടച്ചു . മനസ്സിലൊരു  പാട  വീണു . പിന്നെയെല്ലാം  നിശ്ശബ്ദം .......നിശ്ചലം ....ആ  നിശ്ചലതയിലേക്ക്  ഓർമ്മകളുടെ  കുറേ  ഇലഞ്ഞിപ്പൂക്കൾ  അടർന്നുവീണു . അത്  പെറുക്കി  മാല  കോർത്ത്  എന്റെ  നേരെ  നീട്ടുന്നത്  ശ്രീദേവിയാണ് . എന്റെ  ശ്രീക്കുട്ടി . അവളുടെ  മുഖത്ത്  ശാന്തമായൊരു  ചിരിയുണ്ട് .
                            
                                 പച്ചപ്പാവാടയും  ബ്ലൗസുമിട്ട്  അടിവച്ചടിവച്ച്   എന്റെ  മനസ്സിലേക്ക്  കയറിവന്നപ്പോൾ ....... എന്തായിരുന്നു  അവൾക്കുള്ള  പ്രത്യേകത ? ഒരു  പുരുഷന്   കാണുന്ന  മാത്രയിൽ  ഓടിയടുക്കാൻ  മാത്രം  അവളിൽ  പ്രത്യേകതയൊന്നുമുണ്ടായിരുന്നില്ല എന്നതാണ്  അതിശയം . ഒരു  പക്ഷെ  ആ  ഒന്നുമില്ലായ്മയിലെ  ലാളിത്യമായിരിക്കാം  എന്നെ  അവളോടടുപ്പിച്ചത് .
                                                   
                                                നീണ്ട  മുടിയിൽ  കുരുങ്ങിക്കിടന്ന കുരുങ്ങിക്കിടന്ന  ഊഞ്ഞാലാടിയ  നന്ത്യാർവട്ടപ്പൂവ്‌  എന്റെ  മനസ്സിൽ  നറുമണം  പരത്തിയതും  കാലിലെ  പാദസരത്തിന്റെ  കിലുക്കം  എന്റെ  ഹൃദയതാളമായതും  എത്ര  പെട്ടെന്ന് ! അവൾ  ചവിട്ടുന്ന  മണ്‍തരികളേപ്പോലും  സ്നേഹിച്ച് , അവളെ  തലോടിയെത്തുന്ന  കാറ്റിനെപ്പോലും   നെഞ്ചിലണച്ച് , ആ  നെറ്റിയിലെ  വിയർപ്പിൽ  നനഞ്ഞ  ചന്ദനക്കുറിയുടെ  നൈർമ്മല്ല്യം  ഹൃദയത്തിലേക്കാവാഹിച്ച് ........ 
         കോളേജിന്റെ  നീളൻ  വരാന്തയിലും  ചതുരത്തൂണുകൾക്ക്  പിറകിലും  ക്ലാസ്മുറികളിലും  എന്റെ കണ്ണുകൾ  സദാ  അവളെ   പിന്തുടർന്നു . അവൾ ........ ആ  പച്ചിലക്കുടുക്ക , അറിയാതെയാണ്  എന്റെ  മനസ്സിന്റെ  ചില്ലകളിൽ  കൂടുവച്ചത് . സ്വപ്നം  മയങ്ങുന്ന  കണ്ണുകളുമായി  നിശ്ശബ്ദമായി  സാന്നിദ്ധ്യമറിയിച്ച് , സൗഹൃദത്തിന്റെ  ഒരു  പുഞ്ചിരി  മാത്രം  എനിക്കായ്  മാറ്റിവച്ച്  എന്റെ  മുന്നിലൂടെ  നടന്നു  നീങ്ങിയപ്പോൾ  ഞാൻ  പച്ചനിറത്തെ  പ്രണയിക്കുന്നവനായി . എന്റെ  മനസ്സ്  അവളെ  അറിയിക്കണമെന്ന്  തീരുനിച്ചുറച്ച  ദിവസങ്ങളിലൊന്നിൽ , മുറച്ചെറുക്കനുമായി  വിവാഹം  ഉറപ്പിച്ച  പെണ്ണാണവളെന്ന  അറിവ്  എന്റെ മനസ്സിൽ  വലിയ  മുറിവുണ്ടാക്കി . അവളപ്പോഴും  സൗഹൃദത്തോടെ  പുഞ്ചിരിച്ചു .
                                           പഠിത്തം  കഴിഞ്ഞ്  ഉദ്യോഗസ്ഥനായപ്പോൾ  ഞനവളെക്കുറിച്ച്  തിരക്കി . വെറുതെ ....... 
വിവാഹം  കഴിഞ്ഞുവെന്നറിഞ്ഞു . എന്തുകൊണ്ടോ  സുഹൃത്തുക്കളെ  ആരേയും  അവൾ  വിവാഹത്തിന്  ക്ഷണിച്ചില്ല . എനിക്ക്  വിവാഹാലോചന  വന്നുതുടങ്ങിയപ്പോൾ  ഞനെതിർത്തു . കാരണം  എന്റെ  പച്ചിലക്കുടുക്ക  കൂടൊഴിഞ്ഞുപോയിരുന്നില്ലല്ലോ . എന്നെ  നന്നായറിയാമായിരുന്ന  എന്റെ  അമ്മ  എന്നോട്  ചോദിച്ചു ,

"  ആരാണ്  മോനെ ?....പറയ്‌ ...നമുക്കാലോചിക്കാം "

മനസ്സിൽ   വേദന  പടർന്നു .

" അത്  നടക്കില്ലമ്മേ ".

"അതെന്താ ? വീട്ടുകാരാണോ  പ്രശ്നം ?"

"അവളുടെ  വിവാഹം  കഴിഞ്ഞു . എന്റെ  മനസ്സ്  അവളെ  അറിയിക്കാൻ  പോലും  എനിക്ക്  കഴിഞ്ഞില്ല ".

അമ്മ  കാരുണ്യത്തോടെ  എന്നെ നോക്കി

"പിന്നെയിനി  എന്തിനാടാ ? അവളൊരുപാട്  അകലെയായില്ലേ ?"

"പക്ഷെ  ഞാനിപ്പോഴും  അടുത്താണമ്മെ "

"മണ്ടത്തരം  പറയാതെ "

അമ്മ  സ്നേഹപൂർവ്വം  ശാസിച്ചു . പിന്നെ  എല്ലാവരുടേയും  നിർബന്ധത്തിനു  വഴങ്ങി  പെണ്ണുകാണൽ  പരമ്പര . കണ്ട  ഓരോ  സ്ത്രീയിലും  ഞാനെന്റെ  പച്ചിലക്കുടുക്കയെ  ആണ്  തിരഞ്ഞത് . അവളെ  എങ്ങും  കണ്ടില്ല . എനിക്കാരെയും  ഇഷ്ട്ടപെട്ടതുമില്ല . ഒടുവിൽ  അമ്മയുടെ  ഭീഷണി .

"ഇത്  അവസാനത്തേതാണ് . ഇനി  നിനക്ക്  വേണ്ടി  പെണ്ണ്  കാണാൻ  ഞാനുണ്ടാവില്ല "

അതായിരുന്നു  അവസാനത്തെ  പെണ്ണുകാണൽ . ശൂന്യമായ  മനസ്സോടെ  അവരുടെ  വീട്ടിലെ  അതിഥി  മുറിയിലിരുന്നപ്പോൾ ......... ഒരു  പച്ചസാരി  എന്റെ  നേരെ   ഒഴുകിവരുന്നത്  മാത്രമാണ്  ഞാൻ  കണ്ടത് . പെട്ടെന്ന്     എന്റെ  മനസ്സുണർന്നു , സിരകളുണർന്നു , ഒരോ  ജീവാണുവിലും  എന്റെ നേരെ  ഒഴുകിവരുന്ന  പച്ചനിറം  നിറഞ്ഞു . പച്ചനിറത്തെ  പ്രണയിക്കുന്ന  എന്നിലെ  കാമുകൻ  വിവാഹത്തിന്  സമ്മതമറിയിച്ചു . സൗന്ദര്യവും  സമ്പത്തും  വിദ്യാഭ്യാസവുമുള്ള  പെണ്ണാണത്രെ ........ ആവോ ........ എന്റെ  മുന്നിൽ  വന്നു  നിന്ന  ആ  പെണ്‍കുട്ടി  എന്റെ  പച്ചിലക്കുദുക്കയാണെന്നു   ഞാൻ  സങ്കൽപ്പിച്ചു . വിവാഹം  കഴിഞ്ഞു . പൊരുത്തക്കേടുകളുടെ  ഒരു  സംഗമമായിരുന്നു  അത് . ജീവിതമല്ലേ ? മുന്നോട്ടു  നീങ്ങണമല്ലൊ .

                                              നെഞ്ചുവേദനയെത്തുടർന്ന്   ആശുപത്രിയിലായ  ഒരു  സുഹൃത്തിനെ  കാണാനാണ്  ഇന്നലെ  അവിടെ   പോയത് . വരാന്തയിലൂടെ  നടക്കുമ്പോൾ  കസേരയിലിരുന്ന  ഗർഭിണിയായ  സ്ത്രീയെ  വെറുതെ  ശ്രദ്ധിച്ഛതാണ് . മനസ്സിലൊരു  തരിപ്പുണർന്നു . ഇത് ! ഹോ......! നിറവായറുമായ്  ഒറ്റയ്ക്ക് ....... തളർന്നിരിക്കുന്ന  ഈ  രൂപം !...... ഇതെന്റെ  ശ്രീക്കുട്ടിയല്ലെ ? ഇതവൾ  തന്നെയല്ലെ ? കസേരയിലേക്ക്  ചാരി  കണ്ണടച്ചിരിക്കുകയാണ് . മെല്ലെ  തഴുകുന്ന  സ്വരത്തിൽ  വിളിച്ചു .

"ശ്രീക്കുട്ടി !"

പെട്ടെന്നവൾ  കണ്ണു  തുറന്നു . തൊട്ടടുത്തു  നിന്നയെന്നെ  സൂക്ഷിച്ചു  നോക്കി . ആ  മുഖത്ത്  അതിശയം  വിടർന്നു .

"മോനു ...! ഹോ..! ദൈവമെ ! എത്ര  കാലമായി  കണ്ടിട്ട്...! "

മോനു .........ആ  വിളി  കേട്ടപ്പോൾ  മേലാസകലം  കുളിരുകോരി . അതെന്റെ  അമ്മ  എന്നെ  വിളിക്കുന്ന  ചെല്ലപ്പേരാണ് . അതറിഞ്ഞപ്പോൾ  മുതൽ  അവളും  എന്നെ  അങ്ങനെ  തന്നെ  വിളിച്ചു . വല്ലാത്തൊരു  അടുപ്പമുണ്ടായിരുന്നു  ആ  വിളിയിൽ . ശ്രീക്കുട്ടി  എപ്പോഴും  അങ്ങനെയാണ് . വളരെ  നിസ്സാര  കാരണം  കൊണ്ട്  മറ്റുള്ളവരിൽ  നിന്നും  വേറിട്ടുനിൽക്കും  അവൾ .

"അതെ ....ഒരുപാട്  കാലമായി ".

ഞാനവളുടെ  മുഖത്തേക്ക്  സൂക്ഷിച്ചു  നോക്കി . പഴയ  സൗഹൃദച്ചിരിയുണ്ട്  മുഖത്ത് . പക്ഷെ  അതിന്  പണ്ടത്തെ  തേജസ്സുണ്ടായിരുന്നില്ല . കണ്ണുകളിൽ  സ്വപ്നങ്ങൾക്ക്  പകരം  മരവിപ്പാണെന്നു  തോന്നി . ദൈവമേ !....എന്താണെന്റെ  കുട്ടിക്ക്  പറ്റിയത് ?

"ശ്രീക്കുട്ടി  ഒറ്റക്കേയുള്ളൊ ?"

അവൾ  മെല്ലെ  തലയാട്ടി . 

"ഭർത്താവ് ?"

"തിരക്ക് ".

"ആരെയെങ്കിലും  കൂട്ടി  വരാമായിരുന്നില്ലേ ? ഒറ്റയ്ക്ക് ....... ഈ  അവസ്ഥയിൽ ........"

"ഒരാവശ്യവുമില്ലാതെ  മറ്റുള്ളവരെ  കഷ്ട്ടപ്പെടുത്തുന്നതെന്തിനാ ? എനിക്ക്  കുഴപ്പമൊന്നുമില്ല . ചെക്കപ്പിനു  വന്നതാണ് "

ആ  മറുപടി  എനിക്ക്   തൃപ്തികരമായിരുന്നില്ല . ആരോടൊക്കെയോ  വല്ലാത്ത  ദേഷ്യം  തോന്നി .

"വിവാഹം  അരിയിക്കതിരുന്നതെന്താണെന്ന്  ചോദിക്കുന്നില്ല . ഞാനും  അറിയിച്ചില്ലല്ലോ . എങ്കിലും .....നീ  വളരെ  മാറിപ്പോയി  മോനു ."

എന്റെ  മുഖത്താകമാനം  കണ്‍പീലികൊണ്ടുഴിഞ്ഞ്   ഇളംകാറ്റിന്റെ  മർമ്മരം  പോലെ  അവൾ ചോദിച്ചു .

"തുമ്പപ്പൂവിന്റെ  നിറമുള്ള  കുറേ  നാടൻസ്വപ്നങ്ങളുണ്ടായിരുന്നല്ലോ  നിനക്ക്? ചൂടൻ കഞ്ഞിയും  ചുട്ടരച്ച  ചമ്മന്തിയുംകടുമാങ്ങാ  അച്ചാറും  ഉള്ളിത്തീയലും ........."

ഒന്ന്  നിർത്തി , ഒരു  കള്ളച്ചിരി  ചിരിച്ച്  അവൾ  വീണ്ടും  ചോദിച്ചു .

"ഉണ്ടോ  അതൊക്കെ  ഇപ്പോഴും  കയ്യിൽ ? അതോ  എല്ലാം  പിസ്സക്കും  ബർഗറിനും  വഴിമാറിയോ ? നിന്നെ  കണ്ടിട്ട്  അങ്ങനെ  തോന്നുന്നു ."

ഞാനൊന്നു  പകച്ചു . മറുപടിയൊന്നും  പറയാൻ  കഴിഞ്ഞില്ല . അവളുടെ  പുഞ്ചിരിയിൽ  ഒരുപാടർത്ഥങ്ങൾ  ഒളിഞ്ഞു  കിടക്കുന്നത്  പോലെ ........ ഞാൻ  വിഷയം  മാറ്റി .

"നിനക്ക്  സുഖമാണോ ?"

അവൾ  തലയാട്ടിയതേയുള്ളു . ആ  മൗനം  നാവടക്കലല്ല , മനസ്സടക്കലാണെന്നു  എനിക്ക്  തോന്നി . എന്റെ  പല  ചോദ്യങ്ങൾക്കും  അവൾ  ഇതുപോലെ  മൗനത്തെ  കൂട്ടുപിടിച്ചു . 

"ഞാൻ  നിന്നെ  ഇങ്ങനെ  കാണാനല്ല  ഇഷ്ട്ടപ്പെട്ടത്‌ ".

അവൾ  കുസൃതിച്ചിരിയോടെ  എന്നെ  നോക്കി . നിറവയറിനുമേൽ  കൈവച്ചു  ചോദിച്ചു .

"ഈ  കോലത്തിൽ  മഹാവൃത്തികേട്‌  അല്ലേ ?"

ആ  തമാശ  ആസ്വദിക്കാനെനിക്ക്  കഴിഞ്ഞില്ല . ഒരു  നിമിഷം  ഞാനാ  കണ്ണുകളുടെ  ആഴങ്ങളിലേക്കിറങ്ങി . അത്നേരിടാനാവാഞ്ഞിട്ടോ  എന്തോ  ശ്രീക്കുട്ടി  കണ്ണുകൾ  താഴ്ത്തി . ആ  സമയം  ഡോക്ടറുടെ  മുറിയിൽ   നിന്നും  നെഴ്സ്  തലനീട്ടി .

"ശ്രീദേവി  വരൂ ".

അവൾ  ബദ്ധപെട്ട്  എഴുന്നേറ്റ്  കബിൻലേക്ക്  കയറി .  ഏതോ  ഉൾപ്രേരണയാൽ  ഞാനും  ഒപ്പം  കയറി . ശ്രീകുട്ടിയുടെ  അത്ഭുതവും  പകപ്പും  ശ്രദ്ധിക്കാതെ  ഡോക്ടറുടെ  കണ്ണിലെ  ചോദ്യത്തിനു  മറുപടി  പറഞ്ഞു .

"ഡോക്ടർ , ശ്രീകുട്ടിയുടെ  സഹോദരനാണ്  ഞാൻ ".

"ഓഹോ ! അവകാശം  ബോധിപ്പിക്കാൻ  വന്നതാണോ ?"

ഡോക്ടറുടെ  നോട്ടത്തിനു  മൂർച്ചയേറി .

"മനുഷ്യരാണോ  നിങ്ങൾ ? ഈ  കുട്ടിക്കിപ്പോൾ  എട്ടു  മാസമായി . ഒന്നാം  മാസം  മുതൽ  ഇവളിവിടെ ഒറ്റക്കാണ്  വരുന്നത് . ഭർത്താവിന്  തിരക്കാണത്രെ . എന്നാൽപ്പിന്നെ  ഇത്രയും   ധൃതി  പിടിച്ചതെന്തിനാ ? തിരക്കെല്ലാം  കഴിഞ്ഞിട്ട്  ഭാര്യ  ഗർഭിണിയായാൽ  മതിയായിരുന്നല്ലോ ".

അവരുടെ  ദേഷ്യം  തീരുന്നില്ല . ഞാൻ  സ്തംഭിച്ചിരുന്നു .

"ഭർത്താവിന്റെ  സ്നേഹവാത്സല്യങ്ങൾ  ഏറ്റവും  കൂടുതൽ  ലഭിക്കേണ്ട  സമയമാണ് . ഒരു  പൂവിനേപ്പോലെ  പരിപാലിക്കേണ്ട   സമയമാണ് . എന്നിട്ട് ......... നിങ്ങൾ  വീട്ടുകാരെങ്കിലും ഇവളോടിത്തിരി  കരുണ  കാണിക്ക് ".

ഡോക്ടർ  പറഞ്ഞു  നിർത്തി . ഞാൻ  ശ്രീക്കുട്ടിയുടെ  നേരെ  ഇടംകണ്ണിട്ടുനോക്കി . ചൂളിച്ചുരുങ്ങി  തലകുനിച്ചിരിക്കയാണ് .

"കുട്ടി  വരൂ ".

ഡോക്ടർ  കർട്ടനപ്പുറത്തേക്ക്  നീങ്ങി . അവളും . പരിശോധന  കഴിഞ്ഞ്  മരുന്നെഴുതി  കുറിപ്പെന്റെ  നേരെ  നീട്ടികൊണ്ട്  പറഞ്ഞു .

"കുഴപ്പമൊന്നുമില്ല . പക്ഷെ  ഇനിയെങ്കിലും  ഇവൾക്കിത്തിരി  പരിഗണന  കൊടുക്കണം . ഇങ്ങനെ  നടതള്ളി  വിടാതെ ".

കുറിപ്പ്  വാങ്ങി  എഴുന്നേറ്റു . അതിനിടയിൽ  ഞാനെന്തിനാണിവിടെ  വന്നതെന്ന  കാര്യം  മറന്നു . ക്യാബിനു  പുറത്തിറങ്ങി . കുറിപ്പിനു  വേണ്ടി  ശ്രീക്കുട്ടി  കൈനീട്ടിയത്  കണ്ടില്ലെന്നു  നടിച്ച്  പോയി  മരുന്ന്  വാങ്ങി  വന്നു . ഒരു  നിമിഷം  അവളുടെ  കണ്ണുകളിലേക്കു  നോക്കി . എന്ത്  പറയണമെന്നറിയാതെ  നിന്നു . ഒന്നും  സംഭവിക്കാത്തതുപോലെ , ഈറൻനിലാവുപോലെ  പുഞ്ചിരിച്ച്  ശ്രീക്കുട്ടി  പറഞ്ഞു .

"ഡോക്ടർ  പറഞ്ഞതൊന്നും  കാര്യമാക്കണ്ട . കണ്ടില്ലേ  മോനു ! ഞാൻ  പൂർണ്ണാരോഗ്യവതിയാണ് ."

ഞാൻ  തടഞ്ഞു .

"വേണ്ട  ശ്രീക്കുട്ടി . വിശദീകരിച്ച്  വാക്കുകൾ  വെറുതെ  പാഴാക്കണ്ട . നിന്റെ  മൗനത്തിനുപോലും  ആയിരം  അർത്ഥങ്ങളുണ്ടെന്ന്  ഞാനെന്നേ  മനസ്സിലാക്കിയതാണ് "!

ശ്രീക്കുട്ടി  ആദ്യമായി  കാണുന്നതു  പോലെ  കൗതുകത്തോടെ  എന്നെ  നോക്കി . എന്നിട്ട്  ഒരു  തളിർച്ചില്ല  ഉലയുന്നത്ര                നേരിയ  സ്വരത്തിൽ  ചോദിച്ചു . 

"എന്നിട്ടും  ആർക്ക്  വേണ്ടിയാണ്  മോനു  നീ  നിന്റെ  തുമ്പപ്പൂസ്വപ്നങ്ങളെ  വഴിയോരത്തുപേക്ഷിച്ചത് ?"


വലിയൊരു  ചോദ്യം  മുന്നിലേക്കിട്ടിട്ട്  അവൾ  നിന്ന്  ചിരിച്ചു . ആകെ  തരിച്ചുപോയി  ഞാൻ . ഒരു  സമസ്യ  പൂരിപ്പിക്കുകയാണോ  ശ്രീക്കുട്ടി ?

"മുന്നിൽവന്നുനിന്നപ്പോൾ  ഇഷ്ടമെന്നൊരു  വാക്ക് ......... കടന്നു  പോയപ്പോഴൊരു  പിൻവിളി ......... ഒന്നുമുണ്ടായില്ലല്ലോ  മോനു ?  നീ  നഷ്ട്ടപ്പെടുത്തിയതെനിക്കും  കൂടിയല്ലേ ?"

നനഞ്ഞു  നേർത്ത  സ്വരത്തിലണവളതു  ചോദിച്ചത് . ഓ ! അതുപോലെ  നഷ്ടബോധമനുഭവിച്ച  ഒരു  നിമിഷം  ജീവിതത്തിലൊരിക്കലും  ഉണ്ടായിട്ടില്ല . 

"സാരമില്ല ........ സാരമില്ല "........


ഒരു  സ്വാന്തനം  പോലെ  അവൾ  പറഞ്ഞുകൊണ്ടിരുന്നു . അത്  അനിർവചനീയമായ  ഏതൊക്കെയോ  വികാരങ്ങളുടെ  തിരത്തള്ളൽ . മനസ്സുകൊണ്ടവളെ  ചേർത്തുപിടിച്ചു .

"ഞാൻ  നിന്നെ  വീട്ടിൽ  കൊണ്ടാക്കട്ടെ ?"

പെട്ടന്നവളുടെ  കണ്ണുകളിൽ  ഭയം  തിങ്ങി .

"വേണ്ട . വേണ്ട  മോനു . ഞാൻ  പൊയ്ക്കൊള്ളാം ".

തിദുക്കത്തിലാണവളതു  പറഞ്ഞത് . മൊബൈൽ  നമ്പർ  നീട്ടിക്കൊണ്ട്  ഞാൻ  പറഞ്ഞു .

"എന്താവശ്യമുണ്ടെങ്കിലും  വിളിച്ചോളു ".

നമ്പറെഴുതിയ  തുണ്ടുകടലസ്സ്  വാങ്ങുമ്പോൾ  അവളുടെ  കൈ  വിരക്കുന്നുന്ദായിരുന്നൊ ? ഒരു  നിമിഷം  ആ  കടലാസ്സിലേക്ക്  നോക്കി  നിന്ന് , പിന്നെയത്  കൈകളിൽ  ചുരുട്ടിപ്പിടിച്ച്  ഒരു  യാത്രപോലും  പറയാതെ  നടന്നുനീങ്ങി . ഒരു  മഴക്കാറ്റ്   എന്നെ  താഴുകിക്കടന്നുപോയതുപോലെയാണെനിക്കു  തോന്നിയത് . പാവം  കുട്ടി . ജീവിതം  അവളെ  വല്ലാതെ  ഭയപ്പെടുത്തുന്നുണ്ടെന്നു  തോന്നി . എന്തായിരിക്കും  കാരണം ? എപ്പോഴെങ്കിലും  എന്നെയവൾ  വിളിക്കുമെന്നും  സങ്കടങ്ങൾ  പറയുമെന്നും  ഞാൻ  പ്രതീക്ഷിച്ചു . അത്  തെറ്റിയില്ല . ഇന്നലെ  ഞായറാഴ്ച്ചയായിരുന്നതുകൊണ്ട്  ഊണു  കഴിഞ്ഞു  ടീവിയും  കണ്ട്  അലസമായിരുന്നപ്പോഴാണ്  അവൾ  വിളിച്ചത് . ഫോണെടുത്ത്  പുറത്തേക്കിറങ്ങി . എന്തൊക്കെയോ  ഒരുപാട്  കേൾക്കാൻ  തയ്യാറായി  മുൻവിധിയോടെയാണ്  സംസാരിച്ചുതുടങ്ങിയത് . പക്ഷെ  ശ്രീക്കുട്ടി  ഇത്രമാത്രമേ  പറഞ്ഞുള്ളൂ . ഭർത്താവിന്റെ  വീട്ടിലെ  അടുക്കളയിൽ  പലവ്യഞ്ജനങ്ങൾക്കിടയിലെ  മറ്റൊരു  വ്യഞ്ജനമാണു  താനെന്ന് . പണ്ടും , പരയാതെപറയുന്നൊരു  രീതിയുണ്ടവൾക്ക് . അവളുടെ  ആത്മാവിന്റെ  അനാഥത്വം  ആ  ചുരുങ്ങിയ  വാക്കുകളിൽ  നിന്നും  ഞാൻ  തൊട്ടറിഞ്ഞു . ഒരുപാട്  ബന്ധുക്കളും  എണ്ണിയാലൊടുങ്ങാത്ത  സുഹൃത്തുക്കളും  ചേർന്ന്  സനാധമാക്കിയിരുന്ന  അവളുടെ  ജീവിതം ......... പക്ഷെ  ഈ  വേഷപ്പകർച്ച  എനിക്ക്  വിശ്വസിക്കാനായില്ല . 

"നീയെങ്ങനെ  ഉൾക്കൊള്ളുന്നു  ശ്രീക്കുട്ടി ?"

അറിയാതെ  ചോദിച്ചുപോയി . ചെറുതായി  ചിരിച്ചുകൊണ്ടവൾ  പറഞ്ഞു .

"മനുഷ്യർക്ക്‌  പരസ്പരം  വെറുക്കാൻ  ഒരുപാട്  കാരണങ്ങളുണ്ടാവും  മോനു . സ്നേഹിക്കാനാണ്  പലപ്പോഴും  കാരണങ്ങളില്ലാത്തത് . അപ്പോൾപ്പിന്നെ  നമ്മളത്  കണ്ടുപിടിക്കണം . വേണ്ടേ ? ഞാനെന്റെ  ഭർത്താവിനെ  സ്നേഹിക്കാൻ  എന്തെങ്കിലും  കാരണം  കിട്ടുമോ  എന്ന്  എപ്പോഴും  തിരഞ്ഞുകൊണ്ടിരിക്കും . കാരണം ..............."

ഒന്നുനിർത്തി  തീരെ  നേർത്ത  സ്വരത്തിലവൾ  പറഞ്ഞു .

"കാരണം , അദ്ദേഹത്തിന്റെ   മനസ്സിലും  ഞാനൊരു  പലവ്യഞ്ജനമാണ് ".

അവൾ  പറഞ്ഞവസാനിപ്പിച്ചെന്നുതോന്നി . എന്തുപറയണമെന്നറിയില്ലായിരുന്നെനിക്ക് . ഇത്രയും  മാത്രം  പറഞ്ഞു .

"ചുരുങ്ങിയ  വാക്കുകൾ  കൊണ്ടൊരു  ജീവിതമാണ്  ശ്രീക്കുട്ടി  നീ  വരച്ചത് !"

ഒരുനിമിഷത്തെ  നിശ്ശബ്ദതക്കുശേഷം  ശ്രീക്കുട്ടിയുടെ  സ്വരം ..........

"ചെറിയ  വാക്കുകൾ  ചിലപ്പോൾ  വലിയ  ചിന്തകളെ  പ്രതിഭലിപ്പിക്കും  മോനു . നിനക്കത്  മനസ്സിലാവും . എനിക്കറിയാം ".

മനസ്സെവിടെയൊക്കെയോ  അലഞ്ഞുതിരിഞ്ഞതിനിടെ  അവൾ  ഫോണ്‍  വച്ചു . അതറിഞ്ഞില്ല .

"ഹലോ ?"

ഫോണ്‍  ഒന്നുകൂടി  ചെവിയോടു  ചേർത്തുപിടിച്ചു .

"ഹലോ ?"

ഒന്നുമില്ല ........... ആരുമില്ല ..........


                                 _____________________________

1 അഭിപ്രായ(ങ്ങള്‍):

ജന്മസുകൃതം പറഞ്ഞു...

"ഹലോ ?"

ഫോണ്‍ ഒന്നുകൂടി ചെവിയോടു ചേര്‍ത്തുപിടിച്ചു .

"ഹലോ ?"

ഒന്നുമില്ല ........... ആരുമില്ല ..........


ഒന്നുമില്ല ........... ആരുമില്ല ......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .