2014, ജൂൺ 8, ഞായറാഴ്‌ച

വിരൽത്തുമ്പുകൾ പറഞ്ഞ കഥകൾ .

വിരൽത്തുമ്പുകൾ പറഞ്ഞ കഥകൾ .

                                                                            - ശിവനന്ദ .       
 

                                                          കുറെ നേരമായി മനസ്സ് കലുഷിതമാണ്‌. അരുന്ധതിയെ ഒന്ന് കാണണമെന്ന് അതിയായി ആഗ്രഹിയ്ക്കുന്നുണ്ട്. അവളും അങ്ങനെ തന്നെ. പക്ഷേ കാണണ്ട എന്ന് ഞങ്ങൾ രണ്ടുപേരും ചേർന്നെടുത്ത തീരുമാനമാണ് . അതെന്തുകൊണ്ടാണെന്നു ഞങ്ങൾക്കുമറിയില്ല . അവൾക്ക് ഞാൻ കുറേ അക്ഷരങ്ങളാണ്‌ . അവളെനിയ്ക്കും

അങ്ങനെതന്നെ.      

                                                  ഒരു മന:ശ്ശാസ്ത്രപംക്തിയിലൂടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഞാൻ മന:ശ്ശാസ്ത്രജ്ഞനെഴുതിയ ഒരു കത്തിന് താഴെ കൊടുത്തിരുന്ന എന്റെ മേൽവിലാസത്തിൽ മറുപടിയെഴുതിയത് വെറുമൊരു വായനക്കാരി മാത്രമായ അരുന്ധതി!   ജഗന്നാഥൻ എന്ന എന്നെ ജഗൻ  എന്നാണവൾ സംബോധന ചെയ്തത്. രണ്ട് വാചകങ്ങൾ മാത്രമുണ്ടായിരുന്ന ആ കത്ത് ഇങ്ങനെയായിരുന്നു.

പ്രിയ ജഗൻ ,
                    എത്ര നല്ല ഭാഷയും ശൈലിയും! ചുരുങ്ങിയ വാക്കുകളിൽ  ആ ആത്മാവിന്റെ അനാഥത്വം ഞാനറിയുന്നു.വിഷമിയ്ക്കണ്ടാട്ടോ.
                                                                                      സ്നേഹപൂർവ്വം,
                                                                                                                      അരുന്ധതി.   


ആ കത്തെന്നെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത് . രാത്രിയാണാ കത്ത് ഞാൻ വായിച്ചത്. ഒരു നിലാവല എന്റെ മുറിയിലേക്ക് കയറിവന്നതുപോലെ  എനിയ്ക്ക് തോന്നി.

മേൽവിലാസം നോക്കി. ഒരു വിനോദിനിയുടെ  മേൽവിലാസമാണ്  കൊടുത്തിരിയ്ക്കുന്നത്. എന്തും വരട്ടെയെന്ന്  കരുതി ഞാനാ മേൽവിലാസത്തിൽ കത്തെഴുതി.

പ്രിയ അരുന്ധതി, കത്ത് കിട്ടി. സന്തോഷം. ആരാണ്  നിങ്ങൾ? സ്വയം പരിചയപ്പെടുത്തുമോ?
                                                                                                     സ്നേഹപൂർവ്വം, ജഗന്നാഥൻ

മറുപടി കാത്തിരുന്നപ്പോൾ ഞാൻ അക്ഷമനായോ ആവോ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മറുപടി വന്നു.

പ്രിയ ജഗാൻ, ഭൂമിയുടെ ഏതൊക്കെയോ കോണുകളിലിരുന്ന് അക്ഷരങ്ങളിലൂടെ മാത്രം അറിയുന്നത് ഒരു സന്തോഷമല്ലേ? ആദ്യമേ തന്നെ പറയട്ടെ, ഇതിൽ കൊടുത്തിരിയ്ക്കുന്ന മേൽവിലാസം എന്റേതല്ല കേട്ടോ. ഇതിലന്വേഷിചച്ചാൽ  എന്നെ കിട്ടുകയുമില്ല. അതുകൊണ്ടു ജഗനെനിയ്ക്ക് ഉറപ്പു തരണം., എന്നെ അന്വേഷിച്ചു വരില്ലെന്ന് . അങ്ങനെയെങ്കിൽ ഞാൻ വീണ്ടുമെഴുതാം. അതല്ലെങ്കിൽ, ഇതവസാനത്തെ കത്താണ്.
                                                                                                           സ്നേഹപൂർവ്വം  അരുന്ധതി.  
            

ഞാൻ വെപ്രാളത്തോടെ മറുപടിയെഴുതി.
പ്രിയ അരുന്ധതി,
                              ഇല്ല ഞാനൊരിയ്ക്കലും അന്വേഷിച്ചു വരില്ല.നമുക്ക് കുറെ അക്ഷരങ്ങൾ മാത്രമാവാം. എന്തായാലും, എന്റെ ജീവന്മരണപ്പോരാട്ടത്തിൽ നിന്റെ  വാക്കുകൾ അമൃതാവുമെന്നു തന്നെയാണെന്റെ വിശ്വാസം.
                                                               സ്നേഹപൂർവ്വം,ജഗന്നാഥൻ .
അവിടുന്ന് പിന്നെയങ്ങോട്ട് ഞങ്ങളുടെ അക്ഷരങ്ങൾ ജൈത്രയാത്ര ആരംഭിച്ചു. ഞാൻ അക്ഷരം കൊണ്ട് വരച്ചിട്ട അവളുടെ ചിത്രം കണ്ട് അതിശയത്തോടെ അവളെഴുതി.

" എത്ര കൃത്യമായി നീയെന്നെ മനസ്സിലാക്കി ജഗൻ ! സ്പഷ്ടമായി നീയത് വരച്ചു."

അരുന്ധതി വരച്ചിട്ട അക്ഷരരൂപത്തിൽ നോക്കി ഞാനെഴുതി.

"എന്നിലെ എന്നെയാണ്  നീ വരച്ചത്. "

അങ്ങനെ ആളറിയാതെ മുഖമറിയാതെ ഞങ്ങൾ പരസ്പരം സ്നേഹിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്തു. ആ സ്നേഹത്തിന്  ഞങ്ങളൊരിയ്ക്കലും ഒരു പേരിട്ടില്ല. അതിന്റെ ആവശ്യവുമുന്റായിരുന്നില്ല . ഒറ്റയ്ക്ക് നിന്നെരിയുന്ന തീനാളം പോലെ ഞാൻ..............വാക്കുകളുടെ വേനൽമഴയുമായി അരുന്ധതി. അവൾ തളർന്നപ്പോൾ വാക്കുകൾ  കൊണ്ടൊരു ഊന്നുവടിയുന്റാക്കി  ഞാൻ............

                               പരസ്പരം സ്വന്തമാക്കാതെയും കേട്ടിയിടാതെയും തീവ്രമായി സ്നേഹിയ്ക്കാൻ കഴിയുമെന്ന് ഞങ്ങൾ ഞങ്ങളേത്തന്നെ  പഠിപ്പിയ്ക്കുകയായിരുന്നു.ഒരിയ്ക്കൽ ഞാനവൾക്കെഴുതി.
"ഒരുപാട് പ്രശ്നങ്ങളിൽപ്പെട്ടു  നട്ടം തിരിയുന്ന ആളാണ്‌ ഞാൻ."

അവൾ തിരിച്ചെഴുതി.
"പ്രശ്നങ്ങളല്ല, നമ്മുടെ കാഴ്ച്ചപ്പാടാണ് നമ്മളെ നട്ടം തിരിയ്ക്കുന്നത്. എന്ത് പ്രശ്നമായാലും എനിയ്ക്കത് പരിഹരിയ്ക്കാൻ കഴിയുമെന്ന്  ഉറച്ച് വിശ്വസിയ്ക്കണം. ആ വിശ്വാസം നിന്നിലേക്ക് ഫലപ്രാപ്തിയെ കൊണ്ടുവരും. കഴിയും ജഗൻ . തീർച്ചയായും നിനക്കത് കഴിയും."

അവളുടെ ഉറച്ച വാക്കുകൾ  എന്നിൽ ആത്മവിശ്വാസമുണർത്തി. അടുത്ത കത്തിലവളെഴുതി.

"എനിയ്ക്ക് വയ്യ ജഗൻ .........മടുത്തു. ജീവിതത്തോടു യുദ്ധം ചെയ്ത് ഞാൻ മടുത്തു."
ഞാൻ മറുപടിയെഴുതി.

"നോക്കൂ അരുന്ധതി, ഇരുട്ട് കണ്ടാൽ , നമ്മൾ ചിലപ്പോൾ  ഇരുട്ടുണ്ടാക്കിയവനെ പഴിയ്ക്കും. അല്ലെങ്കിൽ അവിടുന്ന് ഓടിമാറും . അല്ലേ? എന്നാൽ , ഇത് രണ്ടും ചെയ്യാതെ, ഒരു നെയ്ത്തിരി അവിടെ കത്തിച്ചുവച്ചാലോ? വെളിച്ചമായില്ലേ? അതല്ലേ നല്ലത്? ഇതായിരിയ്ക്കണം കാഴ്ച്ചപ്പാട്. നിനക്കതിന്  കഴിയും അരുന്ധതി"

അങ്ങനെ അക്ഷരത്തേരിൽ കയറി യാത്ര ചെയ്ത് ചെയ്ത് , അവസാനം ഞാൻ അരുന്ധതിയുടെയും  അരുന്ധതി എന്റേയും ഒരു പൂർണ്ണകായ പ്രതിമ തന്നെ നിർമ്മിച്ചു .

                                               പിന്നെയെന്നാണ്  ഞങ്ങളുടെ ഹൃദയത്തിൽ പ്രണയത്തിന്റെ മിന്നലുകൾ പാഞ്ഞത്? അറിയില്ല. അതങ്ങനെ ഒരു നിയോഗം പോലെ സംഭവിച്ചുകൊണ്ടേയിരുന്നു. പക്ഷേ അത് തിരിച്ചറിഞ്ഞപ്പോൾ അസ്വസ്ഥതയായിരുന്നു. പ്രത്യേകിച്ചും അരുന്ധതിയ്ക്ക്. അതങ്ങനെ വേണ്ടിയിരുന്നില്ലെന്ന് അവൾ പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിയ്ക്ക് മനസ്സിലായില്ല.

ഞാനവൾക്കെഴുതി.
"പ്രിയ അരുന്ധതി,
                                  നീയെന്താ ജീവിതത്തിൽ നിന്നകന്ന് പോകുന്നത്? പ്രണയം ഒരു അനുഭൂതിയല്ലേ? "
അവൾ തിരിച്ചെഴുതി.
"പ്രണയം വെറുമൊരു അനുഭൂതിയല്ല, ഒരു ദിവ്യാനുഭൂതിയാണ് . അതുകൊണ്ടുതന്നെയാണെനിയ്ക്കു വിഷമം. നമ്മൾ പരസ്പരം പ്രണയിയ്ക്കുമ്പോൾ എന്റെ മനസ്സിനേക്കാൾ കൂടുതൽ നിന്റെ മനസ്സിനാണ്‌  ജഗൻ ഞാൻ പ്രാധാന്യം കൊടുക്കുന്നത്. അതാണ്‌ എന്റെ വിഷമവും. നിന്റെ ദുഃഖത്തെക്കുറിച്ച് ഓർത്താണ് എനിയ്ക്ക് ആവലാതി..............."

എനിയ്ക്കൊന്നും മനസ്സിലായില്ല. ഞാനെഴുതി.

" നീയെന്തൊക്കെയാണു പറയുന്നതെന്നെനിയ്ക്ക് മനസ്സിലാകുന്നില്ല. എനിയ്ക്കിപ്പോൾ നിന്നെയൊന്ന് കാണണമെന്ന് തോന്നുന്നു. അതല്ലെങ്കിൽ നിന്റെയൊരു ഫോട്ടോയെങ്കിലും അയച്ചുതരൂ. "

അതിനവൾ മറുപടിയെഴുതിയതിങ്ങനെയാണ് .

" ജഗൻ , നമ്മൾ അപകടമേഖലയിലേക്കാണ്  യാത്ര ചെയ്യുന്നത്. സ്വയം ഒന്ന് പിടിച്ച്ചുനിർത്തിയെ  തീരൂ."

എനിയ്ക്ക് വല്ലാതെ ദേഷ്യം വന്നു. ഒരു ഫോട്ടോ ചോദിച്ചതിനാണോ? ഞാൻ വീണ്ടുമെഴുതി.

"അരുന്ധതി, ഒരു ഫോട്ടോ ചോദിച്ചതിനാണോ ഇത്രയും ബഹളം? ഒന്ന് കാണാനാഗ്രഹിച്ചതാണോ തെറ്റ്? എന്നെ വിശ്വാസമില്ലെന്നാണോ? ഭയമാണോ എന്നെ? "

അതിനവൾ മറുപടിയെഴുതിയില്ല .രണ്ടുമൂന്ന് കത്തുകൾ കൂടി ഞാനെഴുതി. ഒരു മാസത്തോളം കാത്തു. മറുപടി വന്നില്ല. ഞാനാകെയൊന്നു  പകച്ചു. eഎവിടെയാണ് പിഴവ് സംഭവിച്ചത്?സ്നേഹിച്ചതോ? കത്തെഴുതിയതോ? സ്നേഹം പ്രണയത്തിലേക്ക് വഴിമാറിയതോ? കാണാനാഗ്രഹിച്ചത് തെറ്റാണോ? ഇനി ഫോട്ടോ ചോദിച്ചതായിരിയ്ക്കുമോ തെറ്റ്?  അതിനവൾക്ക്  എന്തെങ്കിലുമൊരു മറുപടിയെഴുതിക്കൂടെ? ഇത് അവഗണനയല്ലേ? ഇങ്ങനെ പാടുണ്ടോ? ........എന്നിലെ പുരുഷൻ  വല്ലാതെ അപമാനിതനായി. ഞാനവൾക്ക്  അവസാനത്തെ കത്തെഴുതി.

പ്രിയ അരുന്ധതി,
                             ഇഷ്ടം കൊണ്ടാണങ്ങനെ ചോദിച്ചതും പറഞ്ഞതുമെല്ലാം. നിന്നെ ഉപദ്രവിയ്ക്കണമെന്ന് ഒരിയ്ക്കലും കരുതിയിട്ടില്ല. ഞാനങ്ങനെയൊരാളല്ല. ഇനിയെന്നിൽ നിന്നും നിനക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അവസാനിപ്പിയ്ക്കുകയാണ്  എല്ലാം.
                                                                                     സ്നേഹത്തോടെ, ജഗന്നാഥൻ .

ആ കത്ത് തപാൽപ്പെട്ടിയിലിട്ടപ്പോൾ  മനസ്സിന്റെ ഒരു പാളി അടർന്ന് പോയതുപോലെ തോന്നി. ഒട്ടും പ്രതീക്ഷിയ്ക്കാതെ ആ കത്തിന് മറുപടി വന്നു. "

"ജഗൻ , എന്താണിത്? ഞാനെന്തെങ്കിലും പറയുകയോ പ്രവൃത്തിയ്ക്കുകയോ  ചെയ്‌താൽ, അതിനെന്തെങ്കിലും കാരണമുണ്ടാകും എന്നെങ്കിലും മനസ്സിലാക്കണ്ടേ?  അത്രയെങ്കിലും വിശ്വാസം വേണ്ടേ? ഞാൻ കുറച്ച് തിരക്കിലായിപ്പോയി. വീണ്ടും ഞാനപേക്ഷിയ്ക്കുകയാണു , ഫോട്ടോ, കൂടിക്കാഴ്ച്ച ഇവയൊക്കെ നമുക്കൊഴിവാക്കാം. നിന്നെയെനിയ്ക്ക് അത്രയ്ക്കിഷ്ടമായത് കൊണ്ടാണ് ജഗൻ ഞാനിത് പറയുന്നത്.............."

വീണ്ടും അവളൊരു പ്രഹേളിക പോലെ.........എന്ത് രഹസ്യമാണ് അവളെ ചൂഴ്ന്നു നില്ക്കുന്നത്? മനസ്സിലാകുന്നില്ല. വലിയ സംഭവവികാസങ്ങളൊന്നുമില്ലാതെ ദിവസങ്ങള് മുന്നോട്ട് പോയി. പക്ഷേ , അവളെ ഒന്ന് കാണാനുള്ള ആഗ്രഹം മനസ്സിൽ  ചുര  മാന്തിയപ്പോൾ ഞാനവൾക്കെഴുതി.

" ഒരു ദിവസം ഞാൻ വരും. മുൻകൂട്ടി പറയാതെ......"

അതിന് മറുപടിയും വന്നു.

"തർക്കത്തിന് ഞാനില്ല. എന്നെങ്കിലും നീയെന്നെ മനസ്സിലാക്കും. അന്ന് വേദനിയ്ക്കരുത്."

ആ വരികൾക്കിടയിലൂടെ  ഞാൻ കണ്ണോടിച്ചു. എന്നോട് പറയാത്തതെന്തെങ്കിലും ? ഒന്നും കാണാനായില്ല. അതില്പ്പിന്നെ ഇപ്പോൾ ഒരു മാസത്തിലേറെയായി. അവളെഴുതാറില്ല . കത്തുകൾക്ക്  മറുപടിയുമില്ല. ദേഷ്യമാണോ പരിഭവമാണോ തോന്നിയതെന്നറിയില്ല. കാണണമെന്ന ആഗ്രഹം കലശലായി. ഒരു പരീക്ഷണമെന്ന നിലയിൽ  ഒരു കത്തും കൂടിയെഴുതി.

" അരുന്ധതി, നീയീ  ചെയ്യുന്നത് ക്രൂരതയാണ്. എത്ര കത്ത് ഞാനെഴുതി! ഒരു മറുപടി അയച്ച്ചുകൂടെ നിനക്ക്? "

മറുപടി വന്നില്ല. അഹങ്കാരി...........ഞാൻ മനസ്സിൽ പറഞ്ഞു . അരുന്ധതിയെ കാണണം. ഞാനുറപ്പിച്ചു. ഇവൾക്കിത്രമാത്രം വാല് കിളിർക്കാനെന്താ  ഉള്ളതെന്നറിയണം . അവൾ പറഞ്ഞിട്ടുള്ള വിവരങ്ങൾ വച്ച് , ,,'കുന്നയ്ക്കാൽ ' എന്ന  ഗ്രാമത്തിലെത്തി. വീട് തപ്പി കണ്ടുപിടിച്ചു.ഗേറ്റിന്  പുറത്ത് കാറൊതുക്കി. ക്രോട്ടണ്‍സ്  ചെടികൾ  വരിയായി നട്ട മുറ്റത്ത് കാൽ കുത്തിയപ്പോൾ ആകാംക്ഷ കൊണ്ട് വീർപ്പുമുട്ടി. പൂമുഖത്ത് കയറി. കോളിങ്ങ് ബെല്ലടിച്ചു. നിമിഷങ്ങൾക്കകം  വാതിൽ  തുറന്നു. ഒരു സ്ത്രീയാണ്. പ്രായം നാൽപ്പതോ അതോ നാൽപ്പത്തഞ്ചോ? ആവോ. നിർണ്ണയിയ്ക്കാനാവുന്നില്ല. അവർ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ആവശ്യമില്ലാത്തൊരു വെപ്രാളം മനസ്സിൽ  അലയടിയ്ക്കുന്നുണ്ട് . രണ്ടും കല്പിച്ച് ചോദിച്ചു.

" അരുന്ധതി? ........അരുന്ധതിയുടെ വീടല്ലേ ഇത്? "

അവരുടെ കണ്ണുകളിൽ അത്ഭുതം തിങ്ങി.

" ജഗൻ  ? ജഗനല്ലേ? "

ഒറ്റ നിമിഷം കൊണ്ട് എന്റെ മനസ്സൊരു കൊടുമുടി കയറി. അരുന്ധതി ! ഇതാണ്  അരുന്ധതി !അവൾക്കെന്നെ  നിമിഷനേരം കൊണ്ട് മനസ്സിലായി !

" ഞാൻ പ്രതീക്ഷിച്ചിരുന്നു. അകത്തേയ്ക്ക് വരൂ ജഗൻ ..."

അകത്തേയ്ക്ക്  കയറി.

" ഇരിയ്ക്കൂ "

അവൾ കസേരയിലേക്ക് ക്ഷണിച്ചു. ഞാനിരുന്നു. എതിരേയുള്ള  കസേരയിൽ അവളും. ഞാൻ അരുന്ധതിയെ ആപാദചൂഡം നോക്കുകയായിരുന്നു. അവൾ സ്വയം വർണ്ണന  നടത്തിയതുപോലെ  , പറഞ്ഞത്ര നിറമില്ല. കണ്ണുകൾക്കും  കൈവിരലുകൾക്കും പറഞ്ഞത്ര നീളവുമില്ല. ഉയരവും അത്രയില്ല. ഞാൻ മനസ്സിൽ  ചിരിച്ചു. കള്ളീ! എത്ര നുണയാ പറഞ്ഞത് ! ഞാനിങ്ങനെ നേരിട്ടെത്തുമെന്ന് കരുതിയില്ലല്ലേ? എന്റെ നോട്ടത്തിൽ അസ്വസ്ഥത തോന്നിയിട്ടോ എന്തോ അവളെഴുന്നേറ്റു.

" ഞാൻ കുടിയ്ക്കാനെന്തെങ്കിലും എടുക്കാം "

"വേണ്ട  "
ഞാൻ തടഞ്ഞു.

" ഒന്നും വേണ്ട. അരുന്ധതി ഇരിയ്ക്കൂ. നമുക്ക് സംസാരിയ്ക്കാം. "

"വരുന്നു ജഗൻ  "

അവളകത്തേയ്ക്ക് നടന്നു.ഞാനേതോ വിചിത്രലോകത്തിൽപ്പെട്ടെതുപോലെയായി. കത്തുകളിലൂടെ അരുന്ധതി എത്ര വാചാലയായിരുന്നു ! നേരിട്ട് കണ്ടപ്പോൾ.......... അവളൊരുപാട്‌  നിശബ്ദയായിരിയ്ക്കുന്നു ! എന്ത് പറ്റിയിരിയ്ക്കും ? ...........
ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളവുമായി അവൾ തിരികെ വന്നു. അത് വാങ്ങിക്കൊണ്ടു ഞാൻ ചോദിച്ചു.

" നിനക്കെന്തുപറ്റി അരുന്ധതി? കത്തുകളിൽ കണ്ടതിൽനിന്നും നീയോരുപാട് മാറിയിരിയ്ക്കുന്നു !"

അരുന്ധതിയെന്റെ മുന്നിലിരുന്നു. മുഖം കുനിച്ചിരിയ്ക്കുന്ന അവളെ നോക്കി ഞാനും. അവളാകെ അസ്വസ്ഥയായിരുന്നു. ആ അസ്വസ്ഥത എന്നിലേയ്ക്കും പടർന്നു . നാരങ്ങാവെള്ളം ഒരു കവിൾ  ഇറക്കിക്കൊണ്ടു ഞാൻ പറഞ്ഞു .

" ഇത് ഭയങ്കര ബോറാണ് കേട്ടോ. ഇനി, ഞാൻ വന്നത് ഇഷ്ടമായില്ലെങ്കിൽ ,.... ക്ഷമിയ്ക്കുക. ഞാൻ പോകാം. ഇനി വരികയുമില്ല. "

എനിക്ക് ക്ഷമ കെട്ട്  തുടങ്ങിയിരുന്നു.

" ജഗൻ  ".........

അരുന്ധതി വാക്കുകൾക്ക്  വേണ്ടി പരതുന്നതുപോലെ തോന്നി. ഞാനൊരു കവിൾ  വെള്ളം കൂടി വലിച്ചെടുക്കുന്നതിനിടയിലവൾ പറഞ്ഞു . വിറയ്ക്കുന്നുണ്ടോ സ്വരം?

" ജഗൻ  ക്ഷമിയ്ക്കണം. ഞാൻ.............ഞാൻ അരുന്ധതിയല്ല......അവളുടെ സഹോദരി അനുരാധയാണ് .........."

ഒരു നിമിഷം ഞാൻ ജാഗരൂകനായി.

" അപ്പോൾ അരുന്ധതി ? അരുന്ധതിയെവിടെയാണ് ? "

" ജഗൻ  വെള്ളം കുടിയ്ക്കൂ. "

"നിങ്ങളെന്താ കളിയാക്കുകയാണോ? അരുന്ധതിയെവിടെയാണ് ? എനിയ്ക്കവളെ കാണണം. "

" പറയാം ജഗൻ . നിങ്ങൾ വെള്ളം കുടിയ്ക്കൂ.."

അവരുടെ സ്വരം നേർത്തിരുന്നു. ഒരിറക്ക് വെള്ളം ഞാൻ വായിലേക്ക് വലിച്ചു.

" അരുന്ധതി......... അവൾ........"

അവർ ഭിത്തിയിലേക്ക്  നോക്കി.ഒരു ചിത്രത്തിലേക്ക് വിരൽ  ചൂണ്ടി............

ഞാനൊരു നിമിഷം സ്തംഭിച്ചു...............ദേഹമാസകലമൊരു വിറയൽ പാഞ്ഞു.............കണ്ണൊഴിച്ച് എല്ലാ ഇന്ദ്രിയങ്ങളും നിശ്ചലമായതുപോലെ ............വായിലേക്കു വലിച്ച വെള്ളം താഴോട്ടുള്ള വഴി കാണാതെ തൊണ്ടയിൽ കുടുങ്ങി. ശ്വാസം വിലങ്ങി . ..........

" ജഗൻ  ? ...ജഗൻ .....?"

ഗ്ലാസ്സിലേക്ക് നോക്കി. അരുന്ധതി എന്ന നാലക്ഷരങ്ങൾ ആ വെള്ളത്തിൽക്കിടന്നു  കൈകാലിട്ടടിച്ച്  പിടഞ്ഞു പിടഞ്ഞ്..........

"ജഗൻ , നിങ്ങൾ വിഷമിയ്ക്കരുത് .........അതുകണ്ടാൽ എവിടെയോ ഇരുന്ന് അവളും............."

ഒരു ഏങ്ങലിൽ അവരുടെ ശബ്ദം മുറിഞ്ഞത് കേട്ട് പകച്ചുനോക്കി.........

മെല്ലെ ഗ്ലാസ്‌ താഴെ വച്ച് എഴുന്നേറ്റു. വേച്ചുവേച്ച് ഒരു വാഷ്ബേസിൻ തപ്പിനടന്നു........

ഇവിടെ മുഴുവൻ ഇരുട്ടായോ? ഈ ഇരുട്ടിൽ  ഞാനെങ്ങനെയാണത് കണ്ടുപിടിയ്ക്കുക? ഊണുമേശയ്ക്കപ്പുറം വെളുത്ത എന്തോ ഒന്ന്.........അതാണോ വാഷ്‌ ബേസിൻ ? വേച്ചുവേച്ച്................

" ജഗൻ ...........ജഗൻ  , നിങ്ങൾക്കൊന്നുമില്ല. ഇങ്ങനെ വിഷമിയ്ക്കാതെ. ദാ , ഈ  വാഷ്ബേസിനിൽ മുഖം കഴുകൂ."

അനുരാധ എന്നെ പിടിച്ചിട്ടുണ്ടെന്ന് തോന്നി. അവർ ടാപ്പ് തുറന്ന് , എന്റെ കൈ പിടിച്ച് ടാപ്പിന് താഴെ കാണിച്ചു. വായ്ക്കുള്ളിൽ ഒരുകവിൾ നാരങ്ങാവെള്ളം അപ്പോഴും വഴിയറിയാതെ നില്ക്കുന്നുണ്ടായിരുന്നു,. അതിനെ വാഷ്ബേസിനിലേക്ക് സ്വതന്ത്രമാക്കി..  കൈക്കുമ്പിളിൽ  നിറഞ്ഞ വെള്ളം മുഖത്തേക്കു തെറിപ്പിച്ചു. ഒന്നല്ല, പലവട്ടം. പിന്നെ, വാഷ്ബേസിനിൽ കൈകളൂന്നി , സ്ഥലകാലബോധത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു.  മഴനനഞ്ഞ അപ്പൂപ്പൻതാടി  പോലെയായി മനസ്സ്. നിമിഷങ്ങളോളം അങ്ങനെ നിന്നു ...............

" ജഗൻ  "..........

പിന്നിൽനിന്നും  വിളികേട്ട് മെല്ലെ തിരിഞ്ഞ് അനുരാധയുടെ മുഖത്തേയ്ക്ക് നോക്കി. അവരുടെ കണ്ണുകൾ  നിറഞ്ഞുതൂവി.  ഞാൻ അരുന്ധതിയുടെ ചിത്രത്തിനരികിലേക്ക് ചെന്നുനിന്നു. അക്ഷരങ്ങളായി എന്റെ മനസ്സിൽ കയറിയവൾ.................ഇപ്പോൾ ചിത്രമായി ചുമരിൽ കയറിയിരിയ്ക്കുന്നു. ഞാൻ സൂക്ഷിച്ചുനോക്കി.  ശരിയാണ്. അവൾ പറഞ്ഞതുപോലെ നീളമുള്ള കണ്ണുകൾ , കണ്ണുകളിൽ വിഷാദം , നീണ്ട കഴുത്ത്, .....അവൾ വെളുത്തിട്ടാണെന്ന് പറഞ്ഞിരുന്നു. അതെങ്ങിനെയാ ഇനിയറിയുക?  ചോദിയ്ക്കാം.

" അനുരാധാ,  അവൾ വെളുത്തിട്ടായിരുന്നോ?  കൈവിരലുകൾ നീണ്ടിട്ടായിരുന്നോ? "

" ജഗൻ  "!

അനുരാധ വല്ലാതെ പകച്ചിരുന്നു.  അവരുടെ മുഖത്തേയ്ക്ക് ചകിതനായി നോക്കി. പതറിപ്പതറി അങ്ങിങ്ങ് നടന്നു. നനഞ്ഞുവന്ന കണ്ണുകൾ  വെപ്രാളത്തോടെ ഷർട്ടിന്റെ കോളർത്തുമ്പുകൊണ്ട് തുടച്ചു.  പിന്നെ...............

                     പിന്നെ ........ഭിത്തിയിലേക്ക് ചാരി കണ്ണുകളടച്ചു നിന്നു ................നിമിഷങ്ങളോളം.....................പിന്നെ............വരണ്ടുണങ്ങിയ തൊണ്ടയിൽ നിന്നും വാക്കുകൾ  പുറത്തേക്ക് തെറിച്ചു.

" ഇത്.............ഇതെന്നായിരുന്നു ?"

" ഒരു മാസമായി....."

" ഞാൻ...........ഞാനറിഞ്ഞില്ല.............എങ്ങനെയാണ് .........?"

" രക്താർബ്ബുദമായിരുന്നു . അതുകൊണ്ടാണ് ജഗൻ  നിങ്ങളുടെ പ്രണയത്തിൽ നിന്നവൾ ഒഴിഞ്ഞൊഴിഞ്ഞു നിന്നത്. "

തളർന്നു ....ശരീരത്തിന് ഭാരമില്ലാത്ത അവസ്ഥയായിത്തുടങ്ങി.

" ഒന്നുമറിഞ്ഞില്ല........ഒരു സൂചന പോലും................"

 ശബ്ദം വല്ലാതെ ചിലമ്പിച്ചു .

" ഒന്നും നിങ്ങളറിയരുത് എന്നവളാഗ്രഹിച്ചിരുന്നു. നിങ്ങളെ വേദനിപ്പിയ്ക്കാനവൾക്ക് ആവില്ലായിരുന്നു. കത്തുകൾക്ക്  മറുപടി കിട്ടാതാവുമ്പോൾ നിങ്ങളവളെ മറക്കുകയും വെറുക്കുകയും ചെയ്യുമെന്നവൾ കരുതി. അതാണവൾ ആഗ്രഹിച്ചതും..........."

നിറഞ്ഞുതൂവിയ  കണ്ണുകൾ പുറംകൈകൊണ്ട് തുടച്ചു്  അവർ വീണ്ടും പറഞ്ഞു .

"നിങ്ങളെ അവളൊരുപാട്‌ സ്നേഹിച്ചിരുന്നു ജഗൻ ......മരിയ്ക്കുന്നതുവരെ നിങ്ങളെ  ഓർത്തായിരുന്നു അവൾക്ക്  സങ്കടം. "

" മതി. "

കൈയ്യുയർത്തി  തടഞ്ഞു.വേച്ചുവേച്ച് പുറത്തേക്കിറങ്ങി. കാറിൽ കയറിയിരുന്ന്  സീറ്റിലേക്ക് തല ചായ്ച്ച് കണ്ണുകളടച്ചു .  ......അരുന്ധതി അക്ഷരങ്ങളായി, വാക്കുകളായി, വാചകങ്ങളായി...............നെഞ്ചിനുള്ളിൽക്കിടന്നു പിടച്ചു..........നിന്നെക്കുറിച്ച് കാണാൻ ഇനിയെനിയ്ക്കൊരു സ്വപ്നം പോലുമില്ലല്ലോ അരുന്ധതി..........അടഞ്ഞ കണ്ണുകൾക്കുള്ളിൽ കണ്ണുനീർ  പുറത്തുപോകാനാകാതെ  വീർപ്പുമുട്ടി ..സത്യമാണോ ഇത് ? അതോ എന്നെ പറ്റിയ്ക്കുകയാണോ?  അരുന്ധതി , നിന്നെയെനിയ്ക്ക് കാണണ്ട, മിണ്ടുകയും വേണ്ട. ഈ ഭൂമിയിലെവിടെയെങ്കിലും നീയുണ്ടായാൽ മതി...........

                        കണ്ണുകൾ വല്ലാതെ വേദനിച്ചു.തൊണ്ടയും. കാറിന്റെ സുരക്ഷിതത്വത്തിനുള്ളിലാണെന്നോർത്തതും , കണ്ണുകൾ  തുറന്നു. വീർപ്പുമുട്ടി പിടഞ്ഞ കണ്ണീർത്തുള്ളികൾ  ഒന്നിനുപിറകെ  ഒന്നായി താഴോട്ടൊഴുകി. തളർന്ന് സ്റ്റിയറിങ്ങിലേക്ക് തല വച്ചതോടെ തൊണ്ടയെ നോവിച്ചുകൊണ്ടിരുന്ന  ഗദ്ഗദങ്ങൾ  വിങ്ങിപ്പൊട്ടലായി പുറത്തേക്ക്..................


                                                   /    .............................................../
                   .

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .