-ശിവനന്ദ
ആശുപത്രിവരാന്തയിലെ ചാരുബഞ്ചില്‍ തലയ്ക്ക് കൈകൊടുത്ത് കുനിഞ്ഞിരിക്കുന്ന ആ മനുഷ്യനെ വെറുതെ ശ്രദ്ധിച്ചു. വീണ്ടും ... കണ്ണു തിരിഞ്ഞിട്ടും മനസ്സു തിരിയാതെ വീണ്ടും... ! ഹേയ് ചുമ്മാ...
ഇത് നല്ല തമാശ. അയാള്‍ ആരോ ആവട്ടെ. എനിയ്ക്കെന്ത് ?
കാലിന് വല്ലാത്ത വേദന. പ്രായം പത്തറുപത്തഞ്ചായില്ലേ.. ആരോഗ്യം വളരെ മോശമായിരിയ്ക്കുന്നു.. ഡോക്ടറെ കാണാന്‍ ഒരുപാട് നേരമായി കാത്തിരിക്കുന്നു. ഇന്ന് നല്ല തിരക്കുണ്ട്. .
പെട്ടെന്ന് അയാള്‍ മുഖത്തുനിന്നും കൈയെടുത്ത് നിവര്‍ന്നിരുന്നു. ങേ.......?.. ദൈവമേ ! അതു തന്നെയല്ലേ ? വളര്‍ന്നിറങ്ങിയ താടിയും മുടിയും കുറച്ച് അപരിചിതത്വം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഈ മുഖം.. അതു തന്നെയല്ലേ ?
"അനന്തപത്മനാഭന്‍'"
നേഴ്സ് വാതിൽക്കൽ വന്ന് പേരു വിളിച്ചു. ങേ... ? ഞാന്‍ നഴ്സിനെ പകച്ചുനോക്കി. മേലാസകലം വല്ലാത്തൊരു പ്രകമ്പനം.
" നിങ്ങളെയല്ല, ഇങ്ങേരെയാണ് വിളിച്ചത് "
എന്റെ പകച്ച കണ്ണുകള്‍ അദ്ദേഹത്തിലേക്ക് നീങ്ങി. എഴുന്നേല്‍ക്കാന്‍ ശ്രമപ്പെടുന്നത് കണ്ടു. പെട്ടെന്നെഴുന്നേറ്റ് അദ്ദേഹത്തിനു നേരെ കൈ നീട്ടി.
" വരൂ.. "
ആ കണ്ണുകള്‍ സംശയത്തോടെ എനിക്കു നേരെ നീണ്ടു.
"പെട്ടെന്നാവട്ടെ അമ്മാവാ... "
നഴ്സിന് അസഹിഷ്ണുത. ഒന്ന് സംശയിച്ചിട്ട് അദ്ദേഹം എന്റെ നീട്ടിയ കൈകളില്‍ പിടിച്ചെഴുന്നേറ്റു. നന്ദിപൂര്‍വ്വം എന്നെ നോക്കിയിട്ട് പതറിയ കാല്‍വയ്പുകളോടെ ഡോക്ടറുടെ ക്യാബിനിലേക്ക് നടന്നു. അത് നോക്കി നില്‍ക്കെ മനസ്സൊരു അപ്പൂപ്പന്‍താടി കണക്കെ പറന്നു. .....
രാത്രി സ്വപ്നങ്ങളിലേക്ക് ഒരു ഗന്ധര്‍വനേപ്പോലെ കടന്നുവന്ന്, പകല്‍സ്വപ്നങ്ങളില്‍ സൂര്യനെപ്പോലെ ജ്വലിച്ചുനിന്ന് ഒരു കാലഘട്ടം മുഴുവന്‍ എന്റെ മനസ്സിനെ തഴുകിയവന്‍. ........ ഒരിക്കലും പരസ്പരം കാണാതെ, ഒന്നിച്ചു നടക്കാതെ, ഒന്നിച്ചിരിക്കാതെ, തൊട്ടശുദ്ധമാക്കാതെ സ്നേഹിച്ചവർ ........... അങ്ങനെയൊരു സ്നേഹം എന്നെങ്കിലും എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടാകുമോ ?
" ഉഷാഗൗരി "
നഴ്സിന്റെ വിളി. മനസ്സിനെ തിരിച്ചുവിളിച്ചുകൊണ്ടെഴുന്നേറ്റു. പുറത്തേക്കിറങ്ങിവന്ന അദ്ദേഹത്തെ നോക്കിയപ്പോള്‍ മനസ്സൊന്നു കുതിച്ചു. ആ ചുണ്ടുകളില്‍ ഒരു പുഞ്ചിരിയുണ്ടായിരുന്നു. ധ്യാനലീനനായിരിക്കുന്ന ശ്രീബുദ്ധന്റെ ചുണ്ടിലെ ചെറുപുഞ്ചിരിപോലെ. ശാന്തതയുടെ ചിരി. ഡോക്ടറുടെ മുന്നിലിരുന്നപ്പോള്‍ സ്വന്തം വേദനകള്‍ പറയാന്‍ മറന്നു. എങ്ങനെയും പുറത്തിറങ്ങാനുള്ള വെമ്പലായിരുന്നു. ഡോക്ടര്‍ എന്തൊക്കെയോ ചോദിച്ചു. എന്തൊക്കെയോ പറഞ്ഞുതീര്‍ത്തു. തിടുക്കത്തില്‍ പുറത്തുകടന്നു. എവിടെ ? പോയോ ? കണ്ണുകള്‍ വേവലാതിയോടെ തിരഞ്ഞു. ഓ ! അവിടെയുണ്ട്. വെയിറ്റിംഗ് റൂമിന്റെ ഒരു മൂലയില്‍ കസേരയില്‍ ചാരി കണ്ണുകളടച്ച് ....
" അനന്തപത്മനാഭൻ '"
ഫാർമസിയിൽ നിന്നും വിളി വന്നു. എഴുന്നേല്‍ക്കാന്‍ കഷ്ടപ്പെടുന്ന അദ്ദേഹത്തോട് പറഞ്ഞു.
" ഇരുന്നോളൂ. ഞാന്‍ വാങ്ങിവരാം. "
വീണ്ടും ആ കണ്ണുകളില്‍ സംശയത്തിന്റെ അലകൾ ........ അത് കണ്ടില്ലെന്ന് നടിച്ച് പോയി അദ്ദേഹത്തിന്റെ യും എന്റേയും മരുന്ന് വാങ്ങി വന്നു. തിരിച്ച് അവിടെച്ചെന്നിരുന്നു. മരുന്ന് ഏല്‍പിച്ചുകൊണ്ട് ചോദിച്ചു.
"ഒറ്റയ്ക്കേയുള്ളോ ?"
"അതെ."
" അതെന്താ ?"
"കൂടെവരാന്‍ ആരുമില്ലാത്തതുകൊണ്ട് "
". കുടുംബം ?"
"ഭാര്യ മരിച്ചു. മക്കള്‍ വിദേശത്ത് "
"എവിടെയാണ് താമസം ? "
"കുന്നംകുളം."
" ഒറ്റയ്ക്കോ ?"
"ആരുമില്ലാത്തവരെ സാധാരണ ഒറ്റ എന്നാണ് ഞാന്‍ പറയാറ് . എന്താ അത് പോരാന്നുണ്ടോ ? "
നിറഞ്ഞ ശുണ്ഠി വാക്കുകളില്‍ . ചിരി വന്നു...ഒട്ടും മാറിയിട്ടില്ല !
"നിങ്ങളാരാണ് ? എവിടെയോ കണ്ടുമറന്നതുപോലെ ? "
"ഞാന്‍ ഗൗരി . "
അളന്നു തൂക്കി പറഞ്ഞു.
"എന്നെ വളരെ പരിചയമുള്ളതുപോലെ നിങ്ങള്‍ സംസാരിക്കുന്നു. "
" സാര്‍ വലിയൊരു കലാകാരനല്ലെ ? എനിയ്ക്കറിയാം. സാറഭിനയിച്ച ഒരുപാട്, നാടകങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട് . ആ കഥാപാത്രങ്ങള്‍ക്കൊപ്പം ചിരിക്കുകയും കരയുകയും ചെയ്തിട്ടുണ്ട്. ""
" കല ഒരുപാട് നേട്ടങ്ങളെ തന്നു. അതോടൊപ്പം നഷ്ടങ്ങളേയും... എവിടെയാണ് നിങ്ങള്‍ താമസം ? കുടുംബം ? "
"കുടുംബം...ഇല്ല.. ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. "
" അപ്പോള്‍ നിങ്ങളും ഒറ്റയ്ക്കാണ്. "
" അല്ല ഒരുപാട് പേരുണ്ട് കൂടെ. സാര്‍ വരുന്നോ ?"
സ്നേഹത്തോടെ നിര്‍ബന്ധിച്ചു.
" വരൂ സാര്‍ ഒന്നു വന്നിട്ടു പൊയ്ക്കോളൂ. "
അദ്ദേഹം എഴുന്നേറ്റു. എന്റെ നീട്ടിയ കൈകള്‍ നിരസിച്ചുകൊണ്ട് പറഞ്ഞു.
" വേണ്ട ഒറ്റയ്ക്ക് തുഴയാന്‍ ഞാന്‍ ശീലിച്ചു. "
ഒന്നും മിണ്ടിയില്ല. ഓട്ടോറിക്ഷയില്‍ കയറിയിരുന്നപ്പോഴും സംസാരിച്ചില്ല. വീട്ടുമുറ്റത്ത് ചെന്നിറങ്ങിയപ്പോള്‍ അവിടവിടെ കണ്ട നരച്ച തലകള്‍ അദ്ദേഹത്തില്‍ വീണ്ടും സംശയമുണര്‍ത്തി.
" ഇത് വൃദ്ധമന്ദിരമാണോ ? "
"അല്ല സാർ , എന്റെ വീടാണ്. ഇവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. പകല്‍ എല്ലാവരും ഇവിടെ ഒത്തുകൂടും. ചിരിയും കളിയും തമാശകളുമായി ജീവിതസായാഹ്നം ആഘോഷിക്കുകയാണ്. ആരെയും ബുദ്ധിമുട്ടിക്കാതെ. ആ മുഖത്ത് അതിശയം
"ഇവരെല്ലാം ഇവിടെത്തന്നെയാണോ താമസം ?"
"ചിലര്‍ വൈകീട്ട് തിരിച്ചുപോകും. പോകാനിഷ്ടമില്ലാത്തവര്‍ ഇവിടെ എന്നോടൊപ്പം കൂടും. സാര്‍ വരൂ. ഞങ്ങള്‍ അകത്തേക്ക് കയറി.
" നമുക്കിന്നൊരു വിശിഷ്ടാതിഥിയുണ്ട് കേട്ടോ. "
എല്ലാവരും അടുത്തുവന്ന് സൗഹൃദത്തോടെ പുഞ്ചിരിച്ചു.
"അനന്തപത്മനാഭന്‍. കറ തീര്‍ന്നൊരു കലാകാരന്‍.. ഒരു കാലത്ത് നാടകകലയുടെ നെടും തൂണായിരുന്നു. കഥാപാത്രങ്ങളായി വന്ന് ഒരുപാടുപേരെ കരയിപ്പിക്കുകകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സര്‍ഗ്ഗപ്രതിഭ. എല്ലാവരുടെയും കണ്ണുകളില്‍ അതിശയം....! ആരാധന....!
അദ്ദേഹത്തിന്റെ മുഖത്തൊരു ചിരി വിരിഞ്ഞു. ബുദ്ധന്റെ ചിരി. വിശേഷം പറച്ചിലും ചിരിയും തമാശകളുമായി സമയം പോയതറിഞ്ഞില്ല. ഇടയ്ക്കിടെ അദ്ദേഹം എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കുന്നതും എന്തോ ആലോചിയ്ക്കുന്നതുമൊക്കെ കണ്ടപ്പോള്‍ നേരിയൊരു അങ്കലാപ്പ് തോന്നി. എന്തായിരിക്കും ആ മനസ്സിൽ ? രാവിലെ കണ്ട ക്ഷീണിതനായ മനുഷ്യനായിരുന്നില്ല അപ്പോൾ . വളരെ ഊര്‍ജ്ജസ്വലന്‍ . മുഖത്ത് വല്ലാത്തൊരു തേജസ്സ് ....
സന്ധ്യയായി... പലരും തിരിച്ച് സ്വന്തം വീടുകളിലേക്ക് പോയി. അദ്ദേഹം പൂമുഖത്ത് കസേരയില്‍ ഗാഢമായ ചിന്തയിലാണ്. മെല്ലെ അടുത്തേക്ക് ചെന്നു.
" സാർ , പോകണ്ടേ ? "
അദ്ദേഹം വീണ്ടും മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. എന്തോ തിരയുന്നതുപോലെ. മനസ്സൊന്നു പിടച്ചു.
" ഞാനും ഇവിടെ എല്ലാവരുടെയും ഒപ്പം കൂടട്ടെ ? സായാഹ്നവും അസ്തമയവും ഇവിടെത്തന്നെയായാലോ ? നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമോ ? "
എന്റെ ദൈവമേ ! മേലാസകലം ഒരു കോരിത്തരിപ്പ് . അവസാനം... എന്റെ സ്വപ്നം.. ...ഞാന്‍ നടന്നടുത്തതോ അതോ പരസ്പരം.....ഈശ്വരാ...! ഈ നിമിഷം.......ഇതായിരുന്നില്ലേ എന്നുമെന്റെ സ്വപ്നം ? !
"ബുദ്ധിമുട്ടാണെങ്കില്‍ വേണ്ടകേട്ടോ. നിങ്ങളുടെ ഈ കൂട്ടായ്മയും സന്തോഷവും കണ്ടപ്പോളൊരു മോഹം. അത്രയേ ഉള്ളൂ. "
" ബുദ്ധിമുട്ടോ ? സന്തോഷമേയുള്ളൂ സാര്‍ .....സാറിന്റെ സാന്നിദ്ധ്യം ഞങ്ങളുടെ വീടിനെ ഒരു ദേവാലയമാക്കുകയേ ഉള്ളൂ. സാര്‍ ചവിട്ടുന്ന മണ്‍തരികള്‍പോലും അനുഗ്രഹിക്കപ്പെടുകയേ ഉള്ളൂ."
ആവേശത്തോടെയാണ് പറഞ്ഞതെങ്കിലും ശബ്ദം സാന്ദ്രമായിരുന്നു. അദ്ദേഹം കൗതുകത്തോടെ എന്നെ സൂക്ഷിച്ചുനോക്കി. മെല്ലെ ആ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. ഒരുപാടുപേരെ മോഹിപ്പിച്ച ബൗദ്ധിക തേജസ്സാര്‍ന്ന ചിരി.
"സത്യത്തില്‍ നിങ്ങളാരാണ് ? നിങ്ങളുടെ ശബ്ദം.... സംസാരം... .വാക്കുകളുടെ കൂട്ടിയിണക്കല്‍ എല്ലാം.... എല്ലാമെന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. എനിക്കേറെ പ്രിയപ്പെട്ട മറ്റൊരു ലോകത്തേക്ക്.""
അദ്ദേഹം കസേരയിലേക്ക് ചാരി കണ്ണുകളടച്ചു. എന്റെ മനസ്സു പിടച്ചു. എന്തോ കേള്‍ക്കാന്‍ കാതുകള്‍ വെമ്പുന്നുണ്ട്. രാത്രി... അദ്ദേഹത്തിന് വേണ്ടി ഒരുക്കിയ മുറിയില്‍ ലൈറ്റണഞ്ഞിരുന്നില്ല. ചാരിയിരുന്ന വാതില്‍ മെല്ലെ തുറന്ന് അകത്തേക്ക് നോക്കി. ഉറക്കമാണ് . നിമിഷങ്ങളോളം ശങ്കിച്ചു നിന്നു. പിന്നെ സ്വയമറിയാതെ കാലുകള്‍ അകത്തേക്ക് ചലിച്ചു. അടുത്തു ചെന്ന് ആ മുഖത്തേക്ക് നോക്കി. ഒരു ശിശുവിന്റേതുപോലെ ശാന്തവും നിഷ്കളങ്കവുമായ മുഖം. മെല്ലെ കസേര വലിച്ചിട്ട് അടുത്തിരുന്നു. എത്ര കണ്ടിട്ടും മതിയാവാതെ വീണ്ടും വീണ്ടും നോക്കി. മനസ്സ് വല്ലാതെ ഈറനായി. ആ നനവ് കണ്ണുകളിലേക്ക് അരിച്ചിറങ്ങി.
തിരിച്ചറിഞ്ഞില്ല അല്ലേ? എന്ന് ,ഏത് ആള്‍ക്കൂട്ടത്തില്‍ വച്ചു കണ്ടാലും തിരിച്ചറിയുമെന്ന് പറഞ്ഞിട്ട്? ആ മുടി മെല്ലെ ഒതുക്കിവച്ചു. മുഖം അറിയാതെ കുനിഞ്ഞു. നെറ്റിയില്‍ പൂവുകൊണ്ട് തലോടുന്നതുപോലെ മൃദുവായി ഉമ്മവച്ചു. ജന്‍മങ്ങളായി കാത്തുവച്ച ആദ്യത്തെ സ്നേഹമുദ്ര. മനസ്സിന്റെ അങ്ങേയറ്റത്ത് വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നും ഒരു ഇരുപതുകാരി പ്രണയത്തോടെ വിളിച്ചു.
"ഏട്ടാ "
".. വിളിച്ചോ ?"
പെട്ടെന്ന് അദ്ദേഹം കണ്ണുതുറന്ന് ചാടിയെഴുന്നേറ്റിരുന്നു. ഞെട്ടിപ്പോയി.
"ആരാണ് എന്നെ വിളിച്ചത് ? നിങ്ങളാണോ ? "
ആകെ പകച്ചു.
" ഇല്ല സാര്‍ ...ഞാന്‍ വിളിച്ചില്ല.. സാര്‍ ഉറങ്ങിയോ എന്നറിയാന്‍ വന്നതാണ് . "
അദ്ദേഹം നെറ്റി തടവി. വല്ലാത്ത അസ്വസ്ഥതയുണ്ടായിരുന്നു ആ മുഖത്ത്
"എന്തുപറ്റി സാര്‍ ? "
ഛെ! എനിക്ക് തോന്നിയതാണോ ? ആരോ വന്നെന്റെ മനസ്സില്‍ തൊട്ടതുപോലെ. തോന്നിയതാകും. അങ്ങനെയെന്നെ വിളിക്കാന്‍ ഈ ലോകത്ത് എനിയ്ക്കവള്‍ മാത്രമല്ലേയുള്ളൂ."
" ആരാണ് സാര്‍ ? "
മനസ്സ് കുതിച്ചു ചാടി.
"എന്റെ നീലി. "
"നീലിയോ ?"
"നീലി.......ഞാനവളെ അങ്ങനെയാണ് വിളിയ്ക്കാറ്. ശരിക്കുള്ള പേര്. .. ...അതെന്തായിരുന്നു ? അദ്ദേഹം ഓര്‍മ്മകളില്‍ പരതി. ആവോ... മറന്നു. "
"ആരാണവര്‍ ?". ......
"..അവളെനിയ്ക്കെല്ലാമാണ്. അമ്മയാണ്, സഹോദരിയാണ്, സുഹൃത്താണ്, കാമുകിയാണ ് ...
" ഇപ്പോളെവിടെയുണ്ട് ? "
"അറിയില്ല. ഞങ്ങളൊരിക്കലും നേരില്‍ക്കണ്ട് സംസാരിച്ചിട്ടില്ല. ഫോണ്‍കോളിലൂടെ മാത്രം അറിഞ്ഞവരാണ്. ഒരു ശബ്ദമായി ഒഴുകിവന്ന് എന്റെ നെഞ്ചില്‍ കൂടുവച്ചവള്‍ . ഒരുപാട് സങ്കടങ്ങൾ , സന്തോഷങ്ങൾ സംഘര്‍ഷങ്ങള്‍ ......എല്ലാം ഞാനവളോട് പറയും. ഒന്ന് കാണണമെന്ന് വളരെ ആഗ്രഹിച്ചിരുന്നു. പക്ഷേ മനപൂര്‍വ്വം ഞങ്ങളതിന് തുനിഞ്ഞില്ല. കാരണം ഞാനന്ന് വിവാഹിതനായിരുന്നു. ചേര്‍ത്തണയ്ക്കപ്പെടേണ്ടത് നമ്മള്‍ പരസ്പരമല്ല, നമ്മളെ നിലനിര്‍ത്തുന്നത് നമുക്ക് ചുറ്റുമുള്ളവരാണ്. , അവരെ വേദനിപ്പിക്കാതിരിക്കാം എന്നവള്‍ എന്നോട് പറഞ്ഞപ്പോള്‍ ഒരുപാടൊരുപാട് സ്നേഹം തോന്നി.
പരസ്പരം പിടിച്ചടക്കാതെ ...രൂപവും നിഴലും പോലെ...
" അതുപോലൊരു സ്നേഹം, പരസ്പര ധാരണ........ഒന്നും മറ്റൊരിക്കലും ഞാനനുഭവിച്ചിട്ടേയില്ല."..........
അദ്ദേഹം തീര്‍ത്തും ഓര്‍മ്മകളുടെ ലോകത്താണെന്ന് തോന്നി.
" അവസാനം സ്വന്തം പ്രാരാബ്ധങ്ങളിലേക്ക് നടന്നകന്ന ഞങ്ങള്‍ക്ക് പരസ്പരം അന്വേഷിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ഒററപ്പെടുന്നു എന്നെനിക്ക് എന്നെങ്കിലും തോന്നിയാല്‍ ഒന്നു വിളിച്ചാല്‍ മതി, ഓടിയെത്തുമെന്നവള്‍ പറഞ്ഞിരുന്നു. അവള്‍ വരും. കഴിഞ്ഞ ജന്‍മം സ്നേഹിച്ചു തീരാതെ മരിച്ചു പിരിഞ്ഞവരാണ് ഞങ്ങൾ . ഈ ജന്‍മം ഞങ്ങള്‍ക്ക് കാണാതെ വയ്യ. കണ്ടിട്ടേ പോകൂ. അവള്‍ വരും. ഞാന്‍ വിളിക്കാതെ തന്നെ..... "
എന്തിനെന്നറിയാതെ മനസ്സു വീണ്ടും കരയാന്‍ തുടങ്ങി. എഴുന്നേറ്റു. സാര്‍ കിടന്നോളൂ. തിരിഞ്ഞു നടന്നു.
" നില്‍ക്കൂ. "
അറിയാതെ നിന്നുപോയി. അദ്ദേഹം മുന്നിലേക്ക് വന്നു. മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ഹൃദയത്തില്‍ച്ചെന്ന് തൊടുന്ന നോട്ടം. അത് നേരിടാനാവാതെ മുഖം കുനിഞ്ഞു. പ്രതീക്ഷിക്കാത്തൊരു നിമിഷത്തില്‍ അദ്ദേഹമെന്റെ ഇരുതോളിലും പിടിച്ച് ചോദിച്ചു
". നീയല്ലേ ? "
ഞെട്ടിപ്പോയി. എന്താണാ ചോദ്യമെന്ന് മനസ്സിലായില്ല. എന്നെ മെല്ലെ ഉലച്ചുകൊണ്ട് വീണ്ടും ചോദിച്ചു.
" അത് നീയല്ലേ? അല്ലെങ്കില്‍പ്പിന്നെയെന്താണ് നീയടുത്തുവരുമ്പോള്‍ എനിയ്ക്കവളുടെ സാമീപ്യം അനുഭവപ്പെടുന്നത് ? ഞങ്ങള്‍ കണ്ടിട്ടില്ലെങ്കിലും വാക്കുകളിലൂടെ മനസ്സില്‍ ചിത്രം വരച്ചിട്ടവരാണ്. എന്റെ മനസ്സിലേക്ക് നോക്കിയാല്‍ കണ്ണാടിയിലെന്നപോലെ എനിക്കവളെ കാണാം. അവള്‍ക്ക് നിന്റെ മുഖമാണ്., ഈ ശബ്ദമാണ്, ഈ ഭാവമാണ് . .........."
മനസ്സ് ആര്‍ത്തലച്ചു. കണ്ണുകളിറുക്കിയടച്ചു.
" സത്യം പറയൂ ഗൗരി , നീയെന്റെ നീലിയല്ലേ ?"
തളര്‍ന്നു. ഇനി പിടിച്ചുനില്‍ക്കാന്‍ വയ്യ. നനഞ്ഞ ഒരു പഴന്തുണിക്കെട്ടുപോലെ ശരീരം താഴോട്ട് ഊര്‍ന്നു. ആ പാദങ്ങളില്‍ മെല്ലെ സ്പര്‍ശിച്ചു. കണ്ണുകള്‍ അരുവിയായി. തേങ്ങലുകള്‍ നെഞ്ചില്‍ പിടഞ്ഞമര്‍ന്നു. ഒരു നിമിഷം പകച്ചുനിന്നുപോയ അദ്ദേഹം പതിയെ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു. മുഖം കൈകളില്‍ പൊതിഞ്ഞു. കൗതുകത്തോടെ നോക്കിയ ആ കണ്ണുകളില്‍ യുവത്വം കടന്നെത്തി. സ്നേഹത്തിന്റെ കടലിളകി.
" നീലി ! അവസാനം പറഞ്ഞതുപോലെ തന്നെ നീ വന്നു അല്ലേ ? എവിടായിരുന്നു ഇത്രയും കാലം ?"
ഹൃദയം ഉരുകിയിറങ്ങിയ കണ്ണുനീര്‍ അദ്ദേഹം തുടച്ചു. ഒരു മയില്‍പ്പീലി തൊടുന്നത്ര സൗമ്യതയോടെ എന്നെ നെഞ്ചിലേക്ക് ചേര്‍ത്തു. ലോകം ഞങ്ങള്‍ക്കു ചുറ്റും ചെറുതായി. ഒന്നും സംസാരിച്ചില്ല. ജന്‍മജന്‍മാന്തരങ്ങളായി നെഞ്ചില്‍ കെട്ടിനിന്ന സ്നേഹം. അതിന്റെ തണല്‍ ...സുരക്ഷിതത്വം എല്ലാം അനുഭവിക്കുകയായിരുന്നു. അതിന് പരിമളവും പരിശുദ്ധിയുമുണ്ടായിരുന്നു. എന്നെ കട്ടിലില്‍ പിടിച്ചിരുത്തി അദ്ദേഹം അടുത്തിരുന്നു.
" എന്തേ നീലിയാണെന്ന് ആദ്യമേ പറയാതിരുന്നത് ? "
" അതായിരുന്നില്ലേ നമ്മുടെ തീരുമാനം ? "
"ശരിയാണ്. നിന്നെ മനസ്സിലായില്ലെങ്കിലും, എന്തോ ഒന്ന് ഞാനനുഭവിച്ചറിയുന്നുണ്ടായിരുന്നു . സ്നേഹത്തിന്റെ അദൃശ്യമായൊരു സ്വര്‍ണ്ണനൂലിഴ എവിടെയോ എന്നെ കുരുക്കിയിട്ടിരുന്നു. അതുകൊണ്ടല്ലേ നീയുള്ളിടത്തുനിന്നും പോകാനെനിക്ക് കഴിയാതിരുന്നത് ? "
" ഒറ്റയ്ക്കായാൽ വിളിക്കണമെന്ന് പറഞ്ഞിട്ട് ........... എന്തേ വിളിക്കാതിരുന്നത് ?"
"നീ ഭര്‍ത്താവും മക്കളുമൊക്കെയായി സുഖമായി ജീവിക്കുകയാണെന്നാണ് കരുതിയത്. ശല്യപ്പെടുത്താന്‍ തോന്നിയില്ല. എന്താ നീ വിവാഹം കഴിക്കാതിരുന്നത്? "
മറുപടി എന്തു പറയണമെന്നറിയില്ലായിരുന്നു. മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്നൊരു മറുപടി എന്റെ കൈയ്യില്‍ ഒരിയ്ക്കലുമുണ്ടായിരുന്നില്ലല്ലോ എന്നുമോര്‍ത്തു. വരുന്ന ഓരോ വിവാഹാലോചനയും ഒരു കാരണവുമില്ലാതെ തട്ടിനീക്കുന്നു എന്ന പഴി ഒരുപാട് കേട്ടു. എന്തിനായിരുന്നു അതെന്നാര്‍ക്കുമറിയില്ല. തൃപ്തികരമായൊരു ഉത്തരം എനിക്ക് എന്നോടുതന്നെ പറയാന്‍ കഴിഞ്ഞിരുന്നില്ലെന്നുള്ളതാണ് സത്യം. പക്ഷേ ഓരോ ആലോചനയും തട്ടിനീക്കുമ്പോള്‍ മനസ്സില്‍ ശാന്തമായൊരു ചിരി നിഴലിക്കുന്നുണ്ടായിരുന്നു. ബുദ്ധന്റെ ചിരി....
ഒരിയ്ക്കലും വിരിയുമെന്ന് ഉറപ്പില്ലാത്ത ഒരു മഴവില്ല് കാണാന്‍ മാനത്തു നോക്കി കാത്തിരുന്ന കുട്ടിയുടെ മണ്ടത്തരംപോലെ. ഒടുവില്‍ താഴെയുള്ള മൂന്ന് സഹോദരങ്ങളുടെയും വിവാഹം കഴിഞ്ഞു. പഴി പറഞ്ഞ് പറഞ്ഞ് മടുത്തപ്പോള്‍ പതിയെ എല്ലാവരും പിന്‍മാറി. പിന്നെപ്പിന്നെ ആരും ഒന്നിനും നിര്‍ബന്ധിക്കാതായി. അച്ഛനുമമ്മയും മരിച്ചപ്പോള്‍ ഒറ്റയ്ക്കാവുകയും ചെയ്തു. എന്നിട്ടും പിന്നെയും ജീവിച്ചു. എന്തോ ചെയ്തു തീര്‍ക്കാനുള്ളതുപോലെ.. ആരോ വരാനുള്ളതുപോലെ........മനസ്സിന്റെ വാതിലുകള്‍ വെറുതെ ചാരിയിട്ട്. .. തൂത്തുതുടച്ച് ..........സ്നേഹത്തിന്റെ നെയ്ത്തിരി കത്തിച്ച് വച്ച് വര്‍ഷങ്ങളോളം... അത്രമേല്‍ തീവ്രമായിരുന്നോ എന്റെ സ്വപ്നങ്ങള്‍ ? ആയിരിക്കാം. അതല്ലേ അവസാനം ഗ്രാമച്ചന്തയിലെ കോലാഹലങ്ങള്‍ക്കിടയില്‍ ജ്വലിച്ച സൂര്യനെപ്പോലെ അദ്ദേഹം.............
" നീയെന്താ മിണ്ടാത്തത് ? എന്താണാലോചിക്കുന്നത് ?"
" അത് ......വിവാഹം കഴിക്കണമെന്നെനിക്ക് തോന്നിയില്ല. പറഞ്ഞിരുന്നതുപോലെ , എന്നെങ്കിലുമെന്നെ വിളിച്ചാല്‍ വിളിപ്പുറത്ത് ഞാനുണ്ടാവണ്ടേ "?
?അദ്ദേഹത്തിന്റെ കണ്ണുകളില്‍ അതിശയം. അതു നോക്കി തെല്ലു കുസൃതിയോടെ പറഞ്ഞു.
" സ്വപ്നങ്ങള്‍ കണ്ടുകൊണ്ടേയിരിക്കുക. അതിലേക്ക് നമ്മള്‍ നടന്നടുക്കും."
വീണ്ടും അതേ ചിരി, ബുദ്ധന്റെ ചിരി....!!!!
*************
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ