------------------------
-- ശിവനന്ദ .
കോളിങ്ങ് ബെല്ലടിയ്ക്കുന്നത് കേട്ട് ദേവി തളർച്ചയോടെ മുൻവശത്തേയ്ക്ക് ചെന്നു . വാതിൽ തുറക്കാൻ തുടങ്ങുന്നതിനിടെ അവൾ മുകളിലേയ്ക്കൊന്ന് നോക്കി . മകളുടെ മുറി അടഞ്ഞു കിടക്കുകയാണ് . വാതിൽ തുറന്നു. മഹിയാണ് . അയാൾ ഒന്നും മിണ്ടാതെ മുകളിലേയ്ക്ക് കയറി .
" ഭക്ഷണം വേണ്ടേ മഹി ?"
"വേണ്ട "
ഒരു നിമിഷം ആ പോക്ക് നോക്കിനിന്നു . പിന്നെ ഊണുമേശയ്ക്കരികിൽ വന്ന് കസേര വലിച്ചിട്ടിരുന്നു. വല്ലാതെ മടുപ്പ് തോന്നി . മുഖം കൈകളിൽ താങ്ങിയിരുന്നു. ദീർഘമായി നിശ്വസിച്ചു . ഒരു കൊടുങ്കാറ്റ് ചുരുങ്ങിച്ചുരുങ്ങി തന്റെ ദീർഘനിശ്വാസമായതുപോലെയാണ് ദേവിയ്ക്ക് എന്നും തോന്നാറുള്ളത് . അവൾ ആലോചിച്ചു , കാലം എത്ര വഴിതെറ്റിയാണ് യാത്ര ചെയ്തത് ..! സ്വപ്നത്തിലെങ്കിലും കരുതിയിരുന്നോ ഇങ്ങനെയൊരു കാലപ്രയാണം ?
* * * *
" അമ്മയെ കണ്ടാൽ നിന്റെ ചേച്ചിയാണെന്നേ പറയൂ അനുപമാ .."
മകളോട് അവളുടെ സുഹൃത്തുക്കൾ പറയാറുണ്ട് . പക്ഷെ അവളത് ഒരു ചളുങ്ങിയ ചിരിയോടെ അവഗണിയ്ക്കും .
" ദേവീ, എത്ര നാളാ ഇങ്ങനെ....? അനുവിന് പ്രായപൂർത്തിയായി . അവളുടെ വിവാഹം കഴിഞ്ഞാൽ ....?"
ഈ ചോദ്യം നിരന്തരം നേരിട്ടത് വർഷങ്ങൾക്ക് മുന്പായിരുന്നു ........ഏഴു വയസ്സായ മകളുടെ ജീവിതം തന്റെ കൈയ്യിലാണോ അതോ തന്റെ ജീവിതം മകളുടെ കൈയ്യിലാണോ ഭർത്താവ് ഏല്പിച്ചതെന്നറിയില്ല. ഒരു പ്രഭാതത്തിൽ തനിയ്ക്ക് തീരാനടുക്കം സമ്മാനിച്ച് യാത്ര അവസാനിപ്പിച്ച ആ ഹൃദയം ..........കാലത്തിന്റെ കൈയ്യിൽ തങ്ങളെ രണ്ടുപേരെയും ഏൽപ്പിച്ചതാണോ? അതുമറിയില്ല . കണ്ണീരുണങ്ങി പകച്ചു നിന്ന തന്നെ നോക്കിയ കാലത്തിന്റെ ചിരി എത്ര വികൃതമായിരുന്നു !തന്റെ ചിരിയും കരച്ചിലും ഒന്നിച്ച് കവർന്നെടുത്തു ആ മാന്ത്രികൻ .
സ്വപ്നങ്ങളുടെ ശവകുടീരത്തിലാണു മകൾക്ക് കൊട്ടാരം പണിതത് .
" പാവം....ഇത്ര ചെറുപ്പത്തിലേ.............."
തന്റെ ചെറുപ്പം അനാഥമായതിലായിരുന്നു എല്ലാവർക്കും സഹതാപം . ഒരു മനസ്സ് അനാഥമായത് മാത്രം ആരുമറിഞ്ഞില്ല . രാത്രി കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന മകളെ പയ്യെ അടർത്തിമാറ്റി , അറിയാതെ ഇപ്പുറത്തേഉക്ക് തിരിയുമ്പോഴുള്ള ശൂന്യത .......ഉറങ്ങാൻ ......തലയൊന്നു ചായ്ക്കാൻ ആ വലിയ കട്ടിലിലോ ഈ ഭൂമിയിലെങ്ങുമോ ഒരിഞ്ച് സ്ഥലം പോലുമില്ലെന്ന് തോന്നി. തല വയ്ക്കാൻ ഒരു കൈത്തലമായിരുന്നു വേണ്ടത് . സുരക്ഷിതമായി മുഖമൊളിപ്പിയ്ക്കാൻ ഒരു ഹൃദയമായിരുന്നു വേണ്ടത്. എല്ലാം ഒരുപിടി ചാരമായപ്പോൾ താൻ കൂട്ടിവച്ച സ്വപ്നങ്ങൾ പരിഹാസത്തോടെയാണ് തന്നെ നോക്കിയതെന്ന് ദേവി ഓർത്തു . മരിച്ചുപോയ ഭർത്താവിന്റെ ജോലി ഭാര്യയ്ക്ക് കിട്ടിയാൽ എല്ലാം ഭദ്രം. സമൂഹമങ്ങനെ ചിന്തിച്ചു . ദേവി ആത്മനിന്ദയോടെ ഒന്ന് ചിരിച്ചു .
" എന്റെ ആങ്ങളയാണ് ദേവി. ഭാര്യ മരിച്ചിട്ട് ഒരു വർഷമായി . അനുവിന്റെ പ്രായമുള്ള ഒരു മകളുണ്ട് . ആലോചിയ്ക്കട്ടെ ?"
സഹപ്രവർത്തകയാണ് സുലോചന . അവളിത് പറയുമ്പോൾ അനു അടുത്തുണ്ടായിരുന്നു . കുട്ടിയുടെ കണ്ണിൽ ഭയമായിരുന്നു . പാവം........അവളെ ചേർത്ത് പിടിച്ച് സുലോചനയെ നോക്കി നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു .
" വേണ്ടത് വേണ്ടപ്പോൾ ചെയ്തില്ലെങ്കിൽ പിന്നീട് ദു:ഖിയ്ക്കേണ്ടി വരും . "
അവൾ മുന്നറിയിപ്പ് തന്നു . പക്ഷേ മകൾ ....അവൾ വളർന്നു വരുന്നു . അവളുടെ സുരക്ഷിതത്വം.....തന്റെ ഒരു നിമിഷത്തെ അശ്രദ്ധയിൽ അവളുടെ സുരക്ഷ ഉടയപ്പെട്ടാൽ ....വേണ്ട. ഒന്നും വേണ്ട. മനസ്സിന്റെ ഈറപ്പിൽ നിന്നും തല നീട്ടിയ തളിരില...അത് നുള്ളിക്കളഞ്ഞു.
ജോലി...മകളുടെ പഠിത്തം ....അവളുടെ വൈകാരികപ്രശ്നങ്ങൾ......സംഘർഷങ്ങൾ .....പരീക്ഷകൾ.....വീട്ടിത്തീർക്കപ്പെടാത്ത കടങ്ങൾ.....മാസവരികൾ.....വീട്ടുചെലവുകൾ....ഒരുപിടി കാർമേഘങ്ങൾ കണ്‍ തടങ്ങളിൽ അടിഞ്ഞുകൂടി .
രാത്രികളിൽ തന്റെ കൈച്ചൂടിൽ മകളുറങ്ങിക്കഴിയുമ്പോൾ , തന്നെ നോക്കി പല്ലിളിച്ചുകാണിയ്ക്കുന്ന ഏകാന്തതയ്ക്ക് ഇരുളിന്റെ നിറം . സമൂഹത്തിന്റെ സഹതാപക്കണ്ണുകളിൽ ആർത്തിയുടെ നിഴൽയുദ്ധം . വർഷങ്ങൾ സമ്മാനിച്ച നിർവ്വികാരതയ്ക്ക് എന്ത് നിറം കൊടുക്കണമെന്ന് മനസ്സിലായില്ല.
"നിനക്ക് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാവും ദേവി ...എന്റെ സഹോദരൻ ഇപ്പോഴും വിഭാര്യനാണ്. എന്ത് പറയുന്നു നീ? "
അക്കുറിയും അത് കേട്ടുകൊണ്ട് അനു അടുത്തു തന്നെയുണ്ടായിരുന്നു . പക്ഷെ അവളുടെ ഭാവം ഒരു പന്ത്രണ്ട് വയസ്സുകാരിയുടെതായിരുന്നില്ല . ആ കണ്ണുകളിൽ തെളിഞ്ഞ കനലിന്റെ അർത്ഥം ആലോചിച്ച് അന്ന് രാത്രി മുഴുവൻ വീർപ്പ് മുട്ടി . എന്താണീ കുട്ടിയുടെ മനസ്സിൽ ? അമ്മയുടെ ഏകാന്തതയിലാകുമോ അവൾ കാണുന്ന സ്വർഗ്ഗം ?
അന്ന് , വല്യച്ഛന്റെ മകളുടെ കുട്ടിയുടെ കല്ല്യാണത്തിനു ചെന്നപ്പോൾ നാണിക്കുട്ടിച്ചിറ്റയാണ് പറഞ്ഞത് ....
" എന്തൊക്കെയായാലും ദേവീടെ ഭംഗി അനൂന് കിട്ടീല്ല്യാട്ടോ..."
മകളുടെ മുഖം ഇരുളുന്നത് താൻ വ്യക്തമായി കണ്ടു.
" ദേവീടെ സൗന്ദര്യം ..ദേവീടെ സൗന്ദര്യം ...എല്ലാവര്ക്കും അതെയുള്ളു. ഞാനിനി അമ്മേടെ കൂടെ എങ്ങും വരണില്ല. "
വീട്ടില് തിരിച്ചെത്തിയതും, അനുവിന്റെ ദേഷ്യം പുറത്തേയ്ക്ക് തെറിച്ചു. അവളുടെ മനസ്സില് ഉരുണ്ടുകൂടിയ മേഘങ്ങൾക്ക് പകയുടെ പുകനിറം .....അത് തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്ന് ദേവിയോർത്തു. മകളെ ചേർത്തുപിടിച്ച് വിഹ്വലതയോടെ പറഞ്ഞു.
"ആരെങ്കിലും എന്തെങ്കിലും വിവരക്കേട് പറഞ്ഞൂന്ന് വച്ച് ? എനിയ്ക്ക് നീയല്ലേ ഉള്ളു മോളെ ?"
"പോരാന്നുണ്ടെങ്കിൽ ആലോചിച്ചോ. എന്നെ നോക്കണ്ട ."
അവളുടെ ശബ്ദത്തിൽ സ്നേഹത്തിന്റെ താരള്യം ലവലേശമില്ലായിരുന്നു . പ്രതീക്ഷകൾക്ക് കാലിടറിത്തുടങ്ങിയോ? ദേവി സംശയിച്ചു .
കനവുകൾ ഒരുപിടി കനലായി മാറിയതോ അതോ അലറിപ്പെയ്ത കണ്ണീർപ്പെരുക്കങ്ങളിൽ നനഞ്ഞ മണ്‍പുറ്റുപോലെ മനസ്സ് അമർന്ന് പോയതോ? അതോ മകൾ ശത്രുവിനേപ്പോലെ നോക്കിയതോ? ഏതാണ് തന്നെ കൂടുതൽ തളർത്തിയതെന്ന് ദേവി ചിന്തിച്ചു . എത്ര ദുർഘടമായിരുന്നു തന്റെ വഴികൾ ....! വർഷങ്ങൾ ഏകാന്തതയെ ചുരണ്ടി മൂർച്ച കൂട്ടിയതേയുള്ളു . അതാരറിഞ്ഞു ? നിഴൽ പോലെ ഒപ്പമുണ്ടായിരുന്ന മകൾ പോലും .......
തെക്കേലമ്മ ഓർമ്മിപ്പിച്ചു ,
" ദേവി, നിന്റെ പ്രായം കടന്നുപോകുന്നു.."
ചിരി വന്നു. പ്രായം കടന്നുപോകുന്നത്രേ ...! എങ്ങോട്ട് ? താനിപ്പോഴും കുഞ്ഞു ദേവിയാണ് . സ്നേഹിച്ചാലും അവഗണിച്ചാലും കരയുമായിരുന്നു പണ്ട് . ഇപ്പോഴുമതെ. ആരും കാണാതെ ഒളിച്ചിരുന്നാണു കരയുക. ഇന്നുമതെ. പണ്ട് കടുക്കാച്ചി മാവിൽ നിന്ന് മാമ്പഴം വീഴുമ്പോൾ പെറുക്കാൻ ഓടുമായിരുന്നു ഇന്നും ഓടും . ഇന്ന് കടുക്കാച്ചി മാവിന് പകരം മുറ്റത്ത് മൂവാണ്ടൻ മാവാണെന്ന് മാത്രം . അതിപ്പോ തന്റെ കുറ്റമല്ലല്ലോ . താനല്ലല്ലോ മാവല്ലേ മാറിയത് ? വിമാനം താഴ്ന്നു പറക്കുന്നത് കാണാനും , രാത്രി നക്ഷത്രക്കൂട്ടങ്ങളെ നോക്കിയിരിയ്ക്കാനും അന്നുമിന്നും ഇഷ്ടം. സ്നേഹിയ്ക്കപ്പെടാനും ഓമനിയ്ക്കപ്പെടാനും അന്നുമിന്നും മോഹം . പിന്നെങ്ങനെയാണ് തന്റെ പ്രായം കടന്നുപോകുന്നെന്ന് സമ്മതിയ്ക്കുക?
" മോളെ, ഞങ്ങളെന്നുമുണ്ടാവില്ല . ഞങ്ങളുടെ കാലം കഴിഞ്ഞാൽ.........."
അച്ഛനും അമ്മയും ഒരേ സ്വരത്തിൽ ആശങ്കപ്പെട്ടു .
"അച്ഛാ ...അച്ഛന്റെ ഷർട്ടിന്റെ തുമ്പ് ഞാനെന്റെ വിരലിലൊന്ന് ചുറ്റിക്കോട്ടെ ? പണ്ടത്തേപ്പോലെ ? "
പണ്ടത്തെ കുഞ്ഞു ദേവിയായി അച്ഛന്റെ മുന്നിലിരുന്ന് കൊഞ്ചി . അച്ഛൻ നനഞ്ഞ കണ്ണുകളോടെ ചേർത്ത്പിടിച്ചു . കൊഞ്ചിക്കുറുകുന്ന കുഞ്ഞു ദേവി ....ആത്മാവിനുള്ളിൽ വളരാൻ മടിയ്ക്കുന്ന ഒരു വാശിക്കാരി ശിശു ......
" എനിയ്ക്ക് ഇഷ്ടമാണ് മഹിയെ . പറ്റുമെങ്കിൽ നടത്തിത്താ . ഇല്ലെങ്കിൽ ഞങ്ങൾ രജിസ്റ്റർ ചെയ്യും. "
മകളുടെ സ്വരത്തിൽ എന്തിനാണിത്ര മൂർച്ചയെന്ന് ദേവിയ്ക്ക് മനസ്സിലായില്ല . എന്നും അവളുടെ ഇഷ്ടങ്ങൾ അറിഞ്ഞു നടത്തിക്കൊടുത്തില്ലേ ? പ്ളസ് ടൂ കഴിഞ്ഞ് ഫാഷൻ ഡിസൈനിംഗ് പഠിയ്ക്കാൻ പോയത് അവളുടെ ഇഷ്ടപ്രകാരം . സ്വന്തമായി ബുട്ടീക് തുടങ്ങിയതും അവളുടെ ഇഷ്ടം. എല്ലാം നടത്തിക്കൊടുത്തു . ...മനസ്സിലാകുന്നില്ല. എപ്പോൾ വേണമെങ്കിലും തന്റെ നേരെ എറിയാൻ പാകത്തിന് ഒരു കനൽക്കട്ട അവൾ കണ്ണിൽ സൂക്ഷിച്ചതെന്തിനാണ് ? എന്താണ് മകളെ അസ്വസ്ഥയാക്കിയിരുന്നതെന്ന് ദേവി ഏറെ ആലോചിച്ചു . പ്രായത്തിന് മായ്ക്കാനാവാത്ത തന്റെ സൗന്ദര്യമാണോ ? അത് തന്റെ കുറ്റമല്ലല്ലോ . തനിയ്ക്ക് തന്റെ അമ്മയുടെ മുഖച്ഛായയാണ് . അനുവിനാണെങ്കിൽ അവളുടെ അച്ചന്റേതും .
വിവാഹം കഴിഞ്ഞതോടുകൂടി അവളുടെ കണ്ണുകളിലെ കനൽ ഒന്നുകൂടി ജ്വലിച്ചുവെന്ന് വെറുതെ തോന്നിയതാകും. രണ്ടുപേർക്കും ഭക്ഷണം വിളമ്പി വച്ച് വിളിച്ചപ്പോൾ അവൾ പറഞ്ഞു .
" എന്റെ ഭർത്താവിന് വിളമ്പിക്കൊടുക്കാൻ എനിയ്ക്കറിയാം . നിങ്ങൾ വേഷം കാണിച്ച് മുന്നിൽ വന്നു നിൽക്കണ്ട . കേട്ടല്ലോ? "
അത് തോന്നലല്ല. ആ കനൽ ജ്വലിച്ചുതന്നെയായിരുന്നു . ഇനിയെന്താണ് വേണ്ടത് ? തന്റെ നിയോഗം കഴിഞ്ഞിരിയ്ക്കുമോ? നിർവ്വികാരതയിലേയ്ക്കുള്ള മനസ്സിന്റെ യാത്ര കണ്ട് ചിരി വന്നു.
" നീയെന്താ ആണ് അമ്മയോടിങ്ങനെ ? നിനക്ക് വേണ്ടിയല്ലേ അവർ ജീവിച്ചത്?"
അവളെന്തോ മുറുമുറുത്തത് കേട്ടില്ല . മഹി കേട്ടോ ആവോ. ഇടയ്ക്കിടെ സുലോചനയേക്കുറിച്ച് ചിന്തിച്ചു . അവൾ സ്ഥലം മാറിപ്പോയി . ഒന്നന്വേഷിയ്ക്കാനും തോന്നിയില്ലല്ലോ എന്നോർത്തു . ഒരു കൂരിരുൾപ്പക്ഷിയേപ്പോലെ ദിവസങ്ങൾ ..........മനസ്സിന്റെ ശാപം പിടിച്ച അശാന്ത സഞ്ചാരം ......
" നീ തന്നെ അമ്മയെ നിർബന്ധിയ്ക്കണമായിരുന്നു അനു , മറ്റൊരു വിവാഹത്തിന് . പാവം...ചെറുപ്രായത്തിലേ ഒറ്റയ്ക്ക്.. നീ ചെയ്തത് തെറ്റായിപ്പോയി...."
" മഹിയ്ക്കെന്താ അവരോടിത്ര സഹതാപം ? സൗന്ദര്യം കണ്ടിട്ടാ ? എല്ലാവർക്കുമതെ , അമ്മയുടെ ചെറുപ്പം ...സൗന്ദര്യം ...ഏകാന്തത......"
" നിനക്ക് അസൂയയാണ് . അമ്മ നിന്നെക്കാൾ സുന്ദരിയായതിന്റെ അസൂയ. ഇപ്പോഴും നോക്ക്, നിന്റത്ര പ്രായമുള്ള മകളുണ്ടെന്ന് പറയ്യോ അമ്മയെ കണ്ടാൽ ? മനസ്സ് നന്നാവണം ആണ്...."
" മഹിയൊന്ന് നിർത്തുന്നുണ്ടോ ? അച്ഛൻ മരിച്ചപ്പോൾ മുതൽ കേൾക്കാൻ തുടങ്ങിയതാ ഇത്. അവരുടെയൊരു നശിച്ച സൗന്ദര്യം .."
അന്ന് വൈകീട്ട് ഓഫീസിൽ നിന്നും തിരിച്ചെത്തി പൂമുഖത്ത് കയറിയപ്പോഴാണ് അകത്തുനിന്നും ഈ സംഭാഷണം കേട്ടത്. അതിന്റെ അർത്ഥതലങ്ങൾ തേടി പോകേണ്ടതുണ്ടായിരുന്നില്ലല്ലോ . വെറുതെയൊന്ന് ചുമച്ച് അകത്തേയ്ക്ക് കയറി . അനു ചവിട്ടിത്തുള്ളി മുകളിലേയ്ക്ക് പോകുന്നത് ശ്രദ്ധിയ്ക്കാതെ മുറിയിലേയ്ക്ക് കയറി വാതിലടച്ചു ...കണ്‍ മുൻപിലെ ശൂന്യതയിൽ മുറിച്ചിറകുമായി എത്ര നേരം പറന്നെന്നറിയില്ല .....
മഹി തന്നോട് കാണിയ്ക്കുന്ന സഹാനുഭൂതി അവരുടെ ദാമ്പത്യത്തിന് മുകളിൽ തൂങ്ങിയാടുന്ന വാളാണെന്ന് എന്താണയാൾ തിരിച്ചറിയാത്തത് എന്ന് ദേവി ചിന്തിച്ചു....പക്ഷെ ആ കാരുണ്യം തനിയ്ക്കൊരു മൃതസന്ജീവനിയാകുന്നില്ലേ എന്നും ഒരു നിമിഷം ഓർത്തു ......
ചെന്നിയിൽ കൈയ്യമർത്തിപ്പിടിച്ചു . ഇന്ന് രാവിലെ ഓഫീസിൽ പോകുമ്പോൾത്തന്നെ നല്ല തലവേദനയുണ്ടായിരുന്നു . ഉച്ചയായപ്പോഴേയ്ക്കും കൂടി . ലീവെടുത്ത് പോരേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ തോന്നുന്നത് . വൈകീട്ട് മഹിയായിരുന്നു ആദ്യം വന്നത്.
" അമ്മയിന്ന് നേരത്തെ വന്നോ? "
"ങും ..നല്ല തലവേദനയുണ്ടായിരുന്നു . ഉച്ച കഴിഞ്ഞ് ലീവെടുത്തു ."
മുഖത്തേയ്ക്കൊന്ന് സൂക്ഷിച്ചു നോക്കി മഹി മുകളിലേയ്ക്ക് കയറി .
" ചായ വേണ്ടേ മഹി ?"
ശബ്ദം തീരെ താണുപോയത് തലവേദന കൊണ്ടാവും .
" വരാം "
എഴുന്നേറ്റു. വേച്ചുപോയി ....കസേരയിലേയ്ക്ക് തന്നെയിരുന്നു ......കണ്ണിനു മുന്നിൽ ഇരുളിന്റെയൊരു തിരശ്ശീല ആരോ വലിച്ചിടുന്നു .....
" അമ്മാ.."
ങേ? ആരാണ് തന്റെ ചുമലിൽ കൈവച്ചത്? തന്റെ ഏകാന്തതയെ ഭംഗപ്പെടുത്തിയത് ആരാണ് ? ആ സ്വർഗ്ഗത്തിൽ നിന്നും തന്നെ നിഷ്ക്കാസനം ചെയ്തതാരാണ് ?
" എന്ത് പറ്റി അമ്മാ ?"
ഇതാരാണ് തന്നെ കുലുക്കിയുണർത്തുന്നത് ? താനുറങ്ങുന്നതിന് ആർക്കെന്ത് നഷ്ടമാണ് ? മഞ്ഞുമലയിലേയ്ക്ക് വീണുപോയോ താൻ? കുളിര്.........ഞെട്ടിവിറച്ചു ......
" അമ്മാ ...എന്ത് പറ്റി ? വയ്യെങ്കിൽ നമുക്ക് ആശുപത്രിയിൽ പോകാം ..."
പകച്ചുനോക്കി. മുഖത്ത് വെള്ളം കുടയുന്നത് മഹിയാണ് . പിടഞ്ഞെഴുന്നേറ്റു.
" വേണ്ട മഹി....ചായ തരാം. ഇരുന്നോളൂ ..."
വേച്ചുപോയി . മഹി താങ്ങിപ്പിടിച്ചു .
" പോയിക്കിടന്നോളൂ ...ചായ ഞാനെടുത്തോളാം . "
കേട്ടപാടെ വെപ്രാളത്തോടെ മുറിയിലേയ്ക്ക് നടന്നു . എന്തിനാണിത്ര വെപ്രാളമെന്ന് ദേവിയ്ക്ക് മനസ്സിലായില്ല . കിടക്കയിലേയ്ക്ക് വീണു . കണ്ണുകളടഞ്ഞു ...ബോധാബോധത്തിന്റെ അതിർവരമ്പിൽ കിടന്ന് മയങ്ങി........
നെറ്റിയിലൊരു തണുത്ത കൈസ്പർശം ...
" മോളേ ......അനൂ.....അനൂ......."
കണ്ണുകൾ വലിച്ച്ചുതുറക്കാൻ ശ്രമിച്ചു ..........കാലത്തിന്റെ തികവിൽ.............ചക്രവാളസീമയ്ക്കപ്പുറം ........ആനന്ദത്തിന്റെ അഗാധതയിൽ..............ഒരു കുളിരരുവി ........അത് നെറ്റിയിലൂടെ ഒഴുകുകയാണോ ? ഒഴുകട്ടെ.........അതങ്ങനെ ഒഴുകട്ടെ........നെറ്റിയിൽ ...........കണ്ണിൽ ............കവിളിൽ............കുളിര്.....കോരിത്തരിപ്പിയ്ക്കുന്ന കുളിര്....മെല്ലെ......മെല്ലെ....കണ്ണുതുറന്നു...
നനഞ്ഞ തുണി കൊണ്ട് മഹി മുഖത്ത് ഒപ്പിക്കൊണ്ടിരുന്നു ....തളർന്ന കണ്ണുകളിൽ അറിയാതൊരു നിസ്സഹായത പടർന്നു .
" മഹി..."
തന്റെ നേരെ നോക്കിയ മഹിയുടെ കണ്ണുകളിൽ സ്നേഹം....കാരുണ്യം..........യേശുക്രിസ്തുവിന്റെ കണ്ണുകൾ പോലെ ....
" അമ്മയ്ക്ക് ചെറുതായി പനിയ്ക്കുന്നുണ്ട് . വിശ്രമിച്ചോളൂ . അനു വന്നിട്ട് നമുക്ക് ആശുപത്രിയിൽ പോകാം "
" മഹി...."
തിരിഞ്ഞു നടന്ന അയാളെ പിടിച്ചുനിർത്തിയത് ആ പിൻവിളി മാത്രമായിരുന്നില്ല. അയാളുടെ കൈയ്യിലവർ മുറുകെ പിടിച്ചിരുന്നു . അയാൾ തിരികെ വന്ന് അവരുടെയടുത്ത് കട്ടിലിലിരുന്നു . മുറുകെ പിടിച്ചിരുന്ന കൈ മോചിപ്പിയ്ക്കാൻ അവർ തയ്യാറായില്ല. മഹിയതിന് ശ്രമിച്ചതുമില്ല.. മറ്റേ കൈകൊണ്ട് അവൻ അവരുടെ മുടിയിഴകൾ പിന്നോട്ട് മാടിയൊതുക്കി ...
" ഒന്നുമോർത്ത് വിഷമിയ്ക്കണ്ട . അമ്മ വിശ്രമിച്ചോളൂ ."
ദേവി കണ്ണുകൾ ഇറുകെ പൂട്ടിക്കിടന്നു . മനസ്സ് തിങ്ങിനിറഞ്ഞു . ആ തിങ്ങി നിറയൽ വിശകലനം ചെയ്യണമെന്ന് ദേവിയ്ക്ക് തോന്നിയില്ല . കാരണം ആ വിശകലനം തന്റെ തിക്കുമുട്ടൽ കൂട്ടുമെന്ന് അവൾക്കറിയാമായിരുന്നു . കാലത്തിന് വീണ്ടും കനൽവഴിയോ ? അവിശ്വസനീയം ...!......
ദേവി മഹിയുടെ കൈയ്യിൽ മുറുകെ പിടിച്ചിരുന്നു....അരക്ഷിതത്വബോധത്തിന്റെ കൈയ്യിറുക്കൽ ........
ഊണുമേശയിലെ സ്ഫടികജാർ വെള്ളത്തോടുകൂടി താഴെ വീണ് ചിതറി. ആളിക്കത്തുന്ന തീപ്പന്തമാണോ തൊട്ടുമുന്നിൽ ?
" ഓ! അമ്മായിയമ്മ നേരത്തെ എത്തി ! അടുത്തിരുന്ന് തഴുകിക്കൊടുക്കാൻ മരുമകനും നേരത്തെ എത്തിയല്ലേ ?"
തീപ്പൊള്ളലേറ്റതുപോലെ തോന്നി . മഹിയെഴുന്നേറ്റു . അവന്റെ കണ്ണിലും തീ കത്തി .
" ഭ്രാന്താണ് നിനക്ക് ..."
അവൻ മുരണ്ടു .
" അതെ ..ഭ്രാന്താണ് . എനിയ്ക്കല്ല , നിങ്ങൾക്കും നിങ്ങളുടെ പുന്നാര അമ്മായിയമ്മയ്ക്കും . വെറും ഭ്രാന്തല്ല , കാമഭ്രാന്ത് ..."
മഹിയുടെ കൈകൾ ഒന്നുയർന്ന് താണെന്ന് തോന്നി. തലയിലെന്തോ ചൂളം വിളിച്ചു . മകളോടെന്തോ പറയാനായി ചലിച്ച നാവ് അത് പൂർത്തിയാക്കാനാവാതെ തളർന്നു .
" മിണ്ടരുത് നിങ്ങൾ ...എന്റെ ജീവിതം കൈയ്യിട്ടു വാരാതെ വേറെ ആരുടെയെങ്കിലും കൂടെ പൊയ്ക്കൊള്ളാമായിരുന്നില്ല? "
മകളുടെ ചൂണ്ടിയ വിരൽ കുന്തമുനയായി വന്നു തറച്ചു.....കണ്ണുകളിൽ.......മനസ്സിൽ .....പാതിബോധത്തിന്റെ ആവരണം........പുറത്തേയ്ക്ക് പോയത് മഹിയുടെ നിഴലോ ?.....
******
മനസ്സാണോ യാത്ര ചെയ്തത് ? അതോ കാലമോ ? തിരിച്ചറിയാനായില്ല. ടെലഫോണ്‍ ഡയരക്ടറി അടച്ചു വച്ചു . മൊബൈലിൽ തളർച്ചയോടെ മെല്ലെ കൈയ്യമർത്തി .
" സുലോചനാ , ഞാൻ...ഞാൻ ദേവിയാണ്..... അദ്ദേഹം.........അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞോ ? "
===============
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ