_ ശിവനന്ദ .
അക്ഷരങ്ങൾ വേണ്ട രീതിയിൽ ചേർത്തുവച്ചാൽ ഒരു വാക്ക് സൃഷ്ടിയ്ക്കപ്പെടുന്നു . എന്നാൽ , അക്ഷരങ്ങളുടെ സമ്മേളനം മാത്രമായി വാക്കിനെ ഒതുക്കാനാവുമൊ? വാക്ക് എന്നാൽ, ' മനുഷ്യന്റെ വക് ത്രത്തിൽ നിന്നും പുറപ്പെടുന്ന സാർത്ഥക ശബ്ദമെന്നും ', ' പൂർണ്ണത ' എന്നുമൊക്കെ നിഘണ്ടുവിൽ വിശദീകരിയ്ക്കുമ്പോൾ , എനിയ്ക്ക് തോന്നുന്നത്, വാക്കിന്റെ അർത്ഥതലങ്ങൾ അതിലും മേലെയാണെന്നാണ് .
വാക്കിനെ നമ്മൾ ' വിലയുള്ള വാക്ക് ' എന്ന് പറഞ്ഞ് പാർവ്വതീകരിയ്ക്കുകയും ' വെറും വാക്ക് ' എന്ന് പറഞ്ഞ് നിസ്സാരവത്ക്കരിയ്ക്കുകയും ചെയ്യുമ്പോൾ , ഞാൻ കരുതുന്നു, അത് പാർവ്വതീകരണത്തിനും നിസ്സാരവത്കരണത്തിനും അപ്പുറമാണ്.
വാക്ക് കൊടുത്ത് , അത് പാലിയ്ക്കാതിരിയ്ക്കുന്നതിലെ ചതി, വെറുംവാക്ക് പറഞ്ഞ് അബദ്ധത്തിൽ ചാടുന്നതിലെ അപകടം, വാക്കിൽ അസഭ്യം കലർത്തുന്നതിലെ അസഹ്യത , വാക്കുകൾ കൊണ്ടുള്ള ദ്വയാർത്ഥപ്രയോഗങ്ങൾ , ഒരേ വാക്കിന് വ്യത്യസ്ത സാഹചര്യങ്ങളിൽ വരുന്ന വ്യത്യസ്ത അർത്ഥങ്ങൾ ..........വാക്ക് ഒരു നിസ്സാരക്കാരനല്ല....
അത് നമ്മെ ചിലപ്പോൾ വാനോളമുയർത്തുകയും മറ്റു ചിലപ്പോൾ ചെളിക്കുണ്ടിലാഴ്ത്തുകയും ചെയ്യും.
ഇനി , അല്പം വൈകാരികമായി വാക്കിനെ ഞാൻ കാണുകയാണ്, ചില അനുഭവസാക്ഷ്യങ്ങളിലൂടെ .......ജീവന് തുല്യം പരസ്പരം പ്രണയിച്ച രണ്ട് കമിതാക്കൾ , സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് , വിപരീത ദിശകളിലേയ്ക്ക് നടന്നകലേണ്ടി വരുമെന്ന സ്ഥിതിയിലെത്തിയപ്പോൾ , പരസ്പര ധാരണയോടുകൂടി യാത്ര പറയാനായി സന്ധിച്ചു. ഒന്നും പ്രത്യേകിച്ച് പറയാനുണ്ടായിരുന്നില്ല അവർക്ക് . എല്ലാം എന്നേ പറഞ്ഞു തീർത്തിരുന്നു ! അയാളുടെ മുന്നിൽ ചെന്നുനിന്ന് നനഞ്ഞ കണ്ണുകളോടെ അവൾ ചോദിച്ചു, ഒരേയൊരു വാക്ക്.
" പോട്ടെ?"
ആ ഒരു വാക്കിനുള്ളിൽ അവരുടെ പ്രണയവും പ്രണയനഷ്ടവുമുണ്ടായിരുന്നു .... വിരഹവും വേദനയുമുണ്ടായിരുന്നു ..അയാൾ ഇടർച്ചയോടെ അവളോട് പറഞ്ഞു , രണ്ടു വാക്ക്.
" നമുക്ക് ഇതേ നിവൃത്തിയുള്ളൂ."
ആ വാക്കുകളിൽ സ്നേഹമുണ്ടായിരുന്നു., സാന്ത്വനമുണ്ടായിരുന്നു, കുടുംബത്തോടുള്ള പ്രതിബദ്ധതയുണ്ടായിരുന്നു.......അവൾ തിരിഞ്ഞു നടന്നു....
'പോകരുത് ' എന്നൊരു വാക്ക് അയാൾ പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും അവരുടെ ജീവിതം മറ്റൊന്നാകുമായിരുന്നു......ചങ്ങാതിക്കൂട്ടത്തിലേയ്ക്ക് തളർച്ചയോടെ എത്തിയ അവളെ ചേർത്തുപിടിച്ച് അവർ പറഞ്ഞു,, ഒരേയൊരു വാക്ക്.
"സാരമില്ല "...
സ്നേഹത്തോടെയും പരിഗണനയോടെയും ഉള്ളൊരു വാക്ക് ജീവിതത്തെ ആകെ താങ്ങി നിർത്തുന്ന സന്ദർഭമായിരുന്നു അത് ...
വാക്കുകൾ കൊണ്ട് പലപ്പോഴും എന്നെ കുത്തി നോവിയ്ക്കുന്ന ഒരു ചങ്ങാതിയുണ്ട് എനിയ്ക്ക്. ...അതുപോലെതന്നെ സ്നേഹിയ്ക്കുകയും ചെയ്യും . ഞാൻ ഓർക്കാറുണ്ട് , ഒരു ശ്വാസ നിശ്വാസങ്ങൾക്കിടയിലുള്ള സമയം മാത്രമല്ലേ ജീവൻ ? ഒരു വാക്ക് പറഞ്ഞ് അവനെന്നെ നോവിച്ചിട്ട്, അടുത്ത വാക്ക് പറഞ്ഞ് എന്നെ സ്നേഹിയ്ക്കുന്നതിന് മുന്നേ , ഞാൻ ശൂന്യതയിലേയ്ക്ക് മറഞ്ഞു പോയാലോ ? പറഞ്ഞു നോവിച്ച വാക്കിന്റെ കടം തീർക്കാൻ ഈ ജന്മം അവന് കഴിയുമോ? ആ കടം ഒരു നീറ്റലായി അവന്റെ മനസ്സിൽ കിടക്കില്ലേ എന്നും? .......
വാക്കുകൾ സൂക്ഷിച്ചുപയോഗിയ്ക്കുക . അവ ഇരുതലയും മൂർച്ചയുള്ള വാളാണ് . സൂക്ഷിച്ചുപയോഗിച്ചാൽ വജ്രം പോലെ തിളങ്ങും. ഇല്ലായെങ്കിൽ എങ്ങനെ വീണാലും മുറിയും. വാക്കുകളുണ്ടാക്കുന്ന മുറിവ് ഒരിയ്ക്കലും ഉണങ്ങില്ല....എപ്പോഴും സൂക്ഷ്യ്ക്കുക..
-------------------
3 അഭിപ്രായ(ങ്ങള്‍):
വാക്കുകൾ കൊണ്ട് പലപ്പോഴും എന്നെ കുത്തി നോവിയ്ക്കുന്ന ഒരു ചങ്ങാതിയുണ്ട് എനിയ്ക്ക്. ...അതുപോലെതന്നെ സ്നേഹിയ്ക്കുകയും ചെയ്യും . ഞാൻ ഓർക്കാറുണ്ട് , ഒരു ശ്വാസ നിശ്വാസങ്ങൾക്കിടയിലുള്ള സമയം മാത്രമല്ലേ ജീവൻ ? ഒരു വാക്ക് പറഞ്ഞ് അവനെന്നെ നോവിച്ചിട്ട്, അടുത്ത വാക്ക് പറഞ്ഞ് എന്നെ സ്നേഹിയ്ക്കുന്നതിന് മുന്നേ , ഞാൻ ശൂന്യതയിലേയ്ക്ക് മറഞ്ഞു പോയാലോ ? പറഞ്ഞു നോവിച്ച വാക്കിന്റെ കടം തീർക്കാൻ ഈ ജന്മം അവന് കഴിയുമോ? ആ കടം ഒരു നീറ്റലായി അവന്റെ മനസ്സിൽ കിടക്കില്ലേ എന്നും? .......
വാക്കുകൾ സൂക്ഷിച്ചുപയോഗിയ്ക്കുക . അവ ഇരുതലയും മൂർച്ചയുള്ള വാളാണ് .
മനോഹരമായിരിക്കുന്നു ...വാക്കിനെക്കുറിച്ച് പറയാന്‍ എടുത്ത കഥയിലെ കഥാപാത്രത്തെ എനിക്ക് നന്നായി അറിയാം
thanks soman, biju.. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ