"രാജപ്പാ, കുടിയ്ക്കാനെന്തെങ്കിലും എടുക്ക്.."
നിമിഷങ്ങൾക്കുള്ളിൽ ജോലിക്കാരൻ നാരങ്ങാവെള്ളം കൊണ്ട് മുന്നിൽ വച്ചു. ഞാനതെടുത്ത് കുടിച്ചു . നന്നായി മധുരം ചേർത്തിട്ടുണ്ട് . പക്ഷേ എനിയ്ക്ക് അതിന് തീരെ മധുരം തോന്നിയില്ല. മുൻപൊരു ദിവസം ഞങ്ങളെ വിരുന്നിന് ക്ഷണിച്ചിട്ട് , റെസ്റ്റൊറണ്ടിൽ നിന്നും ഭക്ഷണം വരുത്തി വിളമ്പിയപ്പോൾ അതൊരു വീട്ടിൽ നിന്ന് കഴിയ്ക്കുന്ന തോന്നലില്ലായിരുന്നു . അന്ന് ഞാനൊരു കുറുമ്പ് ചിന്തിച്ചു. ഹോട്ടലിൽ പോയി ഞങ്ങൾ ഭക്ഷണം കഴിച്ചിട്ട്, അവരോട് ബിൽ തീർക്കാൻ പറഞ്ഞാൽ മതിയായിരുന്നല്ലോ എന്ന്. അടുക്കള എന്നത് ഒരു വീടിന്റെ ഹൃദയമാണെന്നറിയാത്തവർ ഹൃദയത്തിൽ നിന്നും പുറത്താക്കപ്പെട്ടവരാണ് എന്നെനിയ്ക്ക് തോന്നാറുണ്ട്...
മറ്റൊരു വീട് . മുൻവശത്തെങ്ങും ആരുമില്ല. ഉള്ളിലേയ്ക്ക് കയറുമ്പോൾത്തന്നെ നമ്മെ പുറത്തേയ്ക്ക് തട്ടിത്തെറിപ്പിയ്ക്കുന്ന എന്തോ ഒന്ന് , ആ വീട്ടിൽ ഞാൻ അനുഭവിച്ചു . ഒരു മനുഷ്യ ജീവിയെ എങ്കിലും കണ്ടുപിടിയ്ക്കാനുള്ള ശ്രമത്തിൽ ഞാൻ അടുക്കള വരെയെത്തി . അവിടെ ചിന്നിച്ചിതറിയ പാത്രങ്ങൾക്കിടയിൽ പുകയുടെ ആൾരൂപം പോലെ ഒരാൾ എന്നെക്കണ്ട് മെല്ലെ എഴുന്നേറ്റു ! എന്നെ പള്ളിക്കൂടത്തിൽ പഠിപ്പിച്ച , പ്രൗഢ ഗംഭീരയും സ്നേഹസമ്പന്നയുമായ അദ്ധ്യാപികയായിരുന്നു അവരെന്ന് അല്പം വേദനയോടെയാണ് ഞാനോർത്തത് . അടുക്കള ജോലികളുടെ ഭാരത്തിലേയ്ക്ക് ആ വൃദ്ധശരീരത്തെ ഒറ്റയ്ക്കാക്കിപ്പോയ മകനേയും ഭാര്യയേയും ( അവർ ഉദ്യോഗസ്ഥർ ) വിമർശിയ്ക്കാൻ ഞാൻ തയ്യാറായില്ല . ഓരോ പ്രവൃത്തികൾക്കും ഓരോ കാരണവും ന്യായവും ഉണ്ടാകുമെന്ന് വിശ്വസിയ്ക്കാനായിരുന്നു എനിയ്ക്കിഷ്ടം. എന്നെ സൂക്ഷിച്ചു നോക്കിയ അവരുടെ അടുത്തേയ്ക്ക് ഞാൻ മെല്ലെ നടന്നുചെന്നു. ജോലി ചെയ്ത് പാറ പോലെയായ ആ കൈകൾ , ഞാനെന്റെ കൈകളിൽ പൊതിഞ്ഞു പിടിച്ചു. ഒന്നും പറയേണ്ടി വന്നില്ല . മനസ്സിൽനിന്നും കടലോളം സ്നേഹം ഒരു കുളിരായി ഒഴുകി ആ പരുപരുത്ത കൈകളിലേയ്ക്കിറങ്ങി . ആ കൈകളിൽ പടർന്ന വിറയലിൽ നിന്നും , ചുണ്ടിൽ വിരിഞ്ഞ അത്ഭുതച്ചിരിയിൽ നിന്നും , എന്റെ ടീച്ചറുടെ മനസ്സിലേയ്ക്ക് എത്രമാത്രം ഞാൻ അലിഞ്ഞിറങ്ങി എന്നെനിയ്ക്ക് മനസ്സിലായി . അല്പനേരം സംസാരിച്ചിരുന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞാനോർത്തു, അടുക്കളയുടെ ഒരു മുഖം...
മറ്റൊരു വീട്. വീടല്ല, ഒരു പ്രേതാലയം. മക്കളൊക്കെ കുടുംബമായി ഓരോ സ്ഥലങ്ങളിൽ . അടിയ്ക്കാതെയും തൂക്കാതെയും കിടക്കുന്ന ആ ഭാർഗ്ഗവീനിലയത്തിൽ ഒറ്റയ്ക്കൊരു സ്ത്രീ . ഭർത്താവ് മരിച്ചു അവരുടെയും . എന്റെ മോൾ വായിച്ച ബാലരമക്കഥയിലെ ' ഡാകിനി അമ്മൂമ്മയെ ' ഓർമ്മ വരും എനിയ്ക്കവരെ കാണുമ്പോൾ. ജീവിതത്തിൽ അനുഭവിച്ചുതീർത്ത ദുരിതങ്ങളോടും അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന എകാന്തതയോടും അവർ പകപോക്കുന്നത് സ്വന്തം മനസ്സിനെയും ശരീരത്തെയും അവഗണിച്ചുകൊണ്ടാണോ എന്ന് ഞാൻ ആലോചിച്ചു . ഈ ഒറ്റപ്പെടൽ വന്നു ഭവിയ്ക്കുന്നതാണോ അതോ സ്വയം വരിയ്ക്കുന്നതാണോ എന്നും ഞാൻ ചിന്തിച്ചു.
ഇനി നോക്കു, മറ്റൊരു വീട്. എന്റെ അച്ഛന്റെ മരുമകനും ഭാര്യയും താമസിയ്ക്കുന്ന വീട്. ഞാൻ കയറിച്ചെന്നു . ആ വലിയ വീട്ടിൽ അച്ഛനും അമ്മയും മാത്രം . ബാലൻ ചേട്ടനും സുജാതച്ചേച്ചിയും . രണ്ടു പെണ്‍മക്കളെ വിവാഹം ചെയ്തയച്ചു... പക്ഷേ ഞാനവിടെ കണ്ടു, അതുവരെ കണ്ടതിൽ നിന്നും വളരെ വിഭിന്നമായ ഒരു അന്തരീക്ഷം ! ഞാൻ ചോദിച്ചു ,
"ആരുമില്ലാതെ , നിങ്ങൾ രണ്ടുപേരും ഒറ്റയ്ക്ക്....മടുപ്പില്ലേ സുജാതേച്ചി ..?"
സുജാതേച്ചിയുടെ ഉത്തരം വളരെ പെട്ടെന്ന്.
" ഒട്ടുമില്ല ..പെണ്‍കുട്ടികൾ ജനിച്ചപ്പോൾത്തന്നെ ഇങ്ങനെയൊരു കാലത്തിന് വേണ്ടി ഞാൻ മനസ്സിനെ പാകപ്പെടുത്തിയിരുന്നു ."
" എങ്ങനെയാണ് നേരം കളയുക?"
എന്റെ ചോദ്യത്തെ ചിരിച്ചുകൊണ്ട് നേരിട്ടു ചേച്ചി.
" നേരം കളയാനോ ? സമയം കളയാനില്ലെനിയ്ക്ക്. അത്യാവശ്യം പാചകം ചെയ്യും. പറമ്പിൽ ഇത്തിരി കൃഷിയുണ്ട്. പിന്നെ വായിയ്ക്കും ഞാൻ ഒരുപാട്. ബാലേട്ടൻ എനിയ്ക്ക് ഇഷ്ടം പോലെ പുസ്തകങ്ങൾ കൊണ്ടുത്തരും .."
അതുകേട്ട് ചിരിച്ചുകൊണ്ടിരുന്ന ബാലൻ ചേട്ടന്റെ മുഖം മറന്നിട്ടില്ല ഞാൻ . വളരെ ആശ്വാസവും സന്തോഷവും തോന്നി എനിയ്ക്ക് . ഇതാണ് ഞാൻ പ്രതീക്ഷിച്ച -- ആഗ്രഹിച്ച ഉത്തരം. ഭാവിയിൽ ഞാൻ ചെയ്യാൻ ആഗ്രഹിയ്ക്കുന്നതും , എല്ലാവരോടും ചെയ്യാൻ ഞാൻ പറയുന്നതും ഇത് തന്നെയാണ്. ജീവിത സായാഹ്നം ആഘോഷപ്രദമാക്കുക . അതിനുള്ള വഴികൾ ഇപ്പോഴേ കണ്ടുവയ്ക്കുക . പ്രായത്തെ പിന്നോട്ട് പിടിയ്ക്കുക . ആരോടും പരിതപിയ്ക്കാതെ...ആരേയും പഴിയ്ക്കാതെ...
ഇനി ചില അടുക്കളക്കാഴ്ചകൾ . പല വീടുകളിലും കണ്ട ചില അടുക്കളകളുണ്ട് . .നമ്മളിൽ പലരും കണ്ട് ശ്രദ്ധിച്ചും ശ്രദ്ധിയ്ക്കാതെയും കടന്നുപോയ കാഴ്ച്ചകൾ ....
യുദ്ധക്കളം പോലെ ചില അടുക്കളകൾ ..അപ്രതീക്ഷിതമായി എന്നെക്കണ്ടപ്പോൾ വീട്ടുകാരിയുടെ മുഖത്തുണ്ടായ ജാള്യത ഞാൻ കണ്ടില്ലെന്ന് നടിച്ചു. ഞാനത് ഇങ്ങനെയാണ് കണ്ടത്, അവിടെ ഒരു ജീവിതമുണ്ടെന്നതിന്റെ തെളിവാണ് ആ യുദ്ധക്കളം .
'സെർവന്റ്' എന്ന് നാമകരണം ചെയ്യപ്പെട്ട സ്ത്രീകളുടെ അസഹ്യതയുടെയും അസന്തുഷ്ടിയുടെയും അശാന്ത നിശ്വാസങ്ങൾ നിറഞ്ഞ അടുക്കളകൾ ചിലയിടത്ത്. വീട്ടുകാർക്ക് അന്യമാകുന അടുക്കളകൾ...
മറ്റൊരു വീട്. അമ്പലത്തിന്റെ മാതൃകയിൽ പണിത ആ വീടിന്റെ മുന്നില് ചെന്നപ്പോൾ ഒന്ന് തൊഴുവാൻ തോന്നി എനിയ്ക്ക്. മണി കെട്ടിത്തൂക്കിയിട്ടുണ്ട് . ചങ്ങലയിലൊന്ന് വലിച്ച് കാത്തു നിന്നു . വിടർന്ന ചിരിയോടെ ഗൃഹനാഥൻ വാതിൽ തുറന്നു. ശ്രീകോവിൽ നട തുറന്നതുപോലെ....ഞാൻ കയറിച്ചെന്നു. ഒച്ചയും അനക്കവുമൊന്നുമില്ല. ഞാൻ മുന്നോട്ടു നടന്നു. മുറികൾ പലതും കടന്നു അടുക്കളയിലെത്തി . ശൂന്യം. ഒന്നുമില്ല. ആരുമില്ല. ജീവികളില്ല, ജീവനുമില്ല. ഭക്ഷണമില്ല, പാത്രങ്ങളില്ല. കാറ്റില്ല , വെളിച്ചമില്ല. അടുപ്പുണ്ട് , എന്നാലൊരു തിരിനാളം പോലുമില്ല.അടച്ചിട്ട ജനാലകൾ...മനുഷ്യസ്പർശമേൽക്കാതെ കെട്ടിക്കിടക്കുന്ന വായു....പക്ഷെ, അഴുക്കില്ല , പൊടിയില്ല, ഒന്നുമില്ല..
"എവിടെ എല്ലാവരും?" എന്ന എന്റെ ചോദ്യത്തിന് "അവിടെ" എന്ന്
അദ്ദേഹം പുറത്തേയ്ക്ക് വിരൽ ചൂണ്ടി. അവിടെ ഒരു ചെറിയ മുറി.
"ഔട്ട് ഹൗസാണ് . അവിടെയാണ് പാചകം "
ഞാനങ്ങോട്ട് ചെന്നു . വീട്ടമ്മ വളരെ സന്തോഷത്തോടെ, ഉപചാരപൂർവ്വം എന്നെ സ്വീകരിച്ചു . അവിടെ പാചകം നടക്കുന്നു. ഒരു ഊണുമേശയും കുറെ കസേരകളും , ഒരു ചെറിയ ടിവിയും ...ഞാൻ ഒന്നും ചോദിച്ചില്ല. പക്ഷെ എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ചോദിയ്ക്കാതെ തന്നെ തന്നു വീട്ടമ്മ.
"ഇവിടെയാണ് പാചകം. ഇവിടെത്തന്നെയിരുന്നു കഴിയ്ക്കും.അപ്പോ ഇത്രയും ചെറിയ സ്ഥലം വൃത്തിയാക്കിയാൽ മതിയല്ലോ. അവിടെ വീടും അടുക്കളയുമൊക്കെ എപ്പോഴും വൃത്തിയായി കിടക്കുകയും ചെയ്യും. അതിഥികൾ വന്നാലും നമുക്ക് ടെന്ഷനില്ല ."
അവർ സ്വന്തം ബുദ്ധിവൈഭവത്തിൽ സ്വയം അഭിമാനിച്ചു....ഞാനൊന്നും പറഞ്ഞില്ല. വെറുതെ ചിരിച്ചു. ഓർക്കുകയും ചെയ്തു, ജീവിതമില്ലാത്ത, ജീവനില്ലാത്ത വീട്.....അതൊരു വീടല്ല, മറിച്ച് ഒരു മ്യൂസിയമാണെന്ന് തോന്നി.
ഇനിയുമൊരു വീട്ടിൽ പോയ കഥ അവിസ്മരണീയം . അയാളെന്റെ സ്കൂൾമേറ്റ്. ഒരു പ്രദേശം മുഴുവൻ നിറഞ്ഞൊരു വീട്. ശൂന്യമായ ഇടനാഴികൾ... ഒരറ്റത്ത് നിന്നാൽ കണ്ണെത്താത്ത , ചെവിയെത്താത്ത നിശ്ശബ് ദമായ ഇരുണ്ട ഇടനാഴിയിലൂടെ നടന്നപ്പോൾ ഒരു ഗുഹയിലൂടെ സഞ്ചരിയ്ക്കുന്നതുപോലെ എനിയ്ക്ക് തോന്നി. ഗൃഹനാഥൻ എന്നെ അതിഥി മുറിയിലെയ്ക്കാണ് കൊണ്ടുപോയത്. മുകളിലത്തെ നിലയിലെ ചില മുറികളിൽ ചില പെണ്‍ തലകൾ നീണ്ടുവന്നു. ആ തലകളെ നോക്കി ഞാൻ ചിരിയ്ക്കാനൊരു ശ്രമം നടത്തി. ആ ചിരിയ്ക്ക് എന്നിൽ നിന്നും അവരിലേയ്ക്ക് ഒരുപാട് ദൂരമുണ്ടായിരുന്നു. അതവിടെ എത്തുന്നതിനു മുൻപേ ആ തലകൾ പിറകോട്ടു വലിഞ്ഞു. ആ ചിരി ഒരു പുഞ്ചിരിയായി എന്റെ ചുണ്ടുകളിൽത്തന്നെ അവശേഷിച്ചു. സഹതാപമാണെനിയ്ക്ക് തോന്നിയത് . പാവം ഗൃഹനാഥൻ ജാള്യതയോടെ എന്റെ മുന്നിലിരുന്നു. സ്കൂൾ കാലഘട്ടത്തിൽ എന്റെയൊപ്പം കളിച്ചുവളർന്ന ആ കുഞ്ഞു പയ്യനെ അവൻ ഓർത്തുകാണും . ഒരു ചായ വാഗ്ദാനം ചെയ്തത് , സ്നേഹപൂർവ്വം നിരസിച്ച് അയാളെ കൂടുതൽ വിഷമിപ്പിയ്ക്കാതെ ഞാൻ തിരിച്ചുപോന്നു.
പിന്നെയും കണ്ടു ഒരുപാട് കാഴ്ച്ചകൾ. വല്ലാത്ത മടുപ്പ് തോന്നി. ഈ അടുക്കൾക്കാഴ്ച്ചകൾ എന്നെയിങ്ങനെ മടുപ്പിയ്ക്കുന്നതെന്താണ് ? ജീവനില്ലാത്ത അടുക്കളകൾ. കടുകും ഉലുവയും വറ്റൽ മുളകും കറിവേപ്പിലയും കൂട്ടി കാളന് കടുക് വറുത്തിടുന്ന കൊതിപ്പിയ്ക്കുന്ന ഗന്ധം അനുഭവിയ്ക്കാൻ ഇപ്പോഴിത്തിരി ബുദ്ധിമുട്ടും . മഞ്ഞളും മുളകും ഉപ്പും വെളിച്ചെണ്ണയും കറിവേപ്പിലയും കൂട്ടി തിരുമ്മി അടുപ്പത്ത് വയ്ക്കുന്ന അവിയലിന്റെ കഷണങ്ങൾ വേവുന്ന ഗന്ധം കേട്ട് , അതിന്റെ ഗുണം നിർണ്ണയിയ്ക്കാമെന്നു ഇപ്പോൾ ആരും കരുതണ്ട .
ഉണങ്ങിയ മത്സ്യം വറുക്കുന്ന മണം മതിയത്രേ ഒരു കിണ്ണം ചോറുണ്ണാൻ. .! അത് പണ്ട്...' ഹുഡ് ' എന്നോ 'ഇലക്ട്രിക്ക് ചിമ്മിനി ' എന്നോ ഒക്കെ വിളിയ്ക്കാവുന്ന ആ ഭീമാകാരൻ എല്ലാ ഗന്ധങ്ങളേയും വിഴുങ്ങിക്കളയും .! അടുക്കളയെ സജീവമാക്കി നിർത്തിയിരുന്ന ഗന്ധങ്ങൾ പോലും അപഹരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കാലത്തിനൊപ്പം ഞാനും പാഞ്ഞു.
'ഡിസ്പ്ളെ കിച്ചണും ' 'വർക്കിംഗ് കിച്ചണും '....ആ പേരുകൾ തന്നെ അരോചകമായി എനിയ്ക്ക് തോന്നുന്നത്, എന്റെ ചിന്തകളുടെ വൈകല്യമാകാം . ' കർത്താവും കർമ്മവും ക്രിയയുമില്ലാത്ത ' അടുക്കളയാണ് ഡിസ്പ്ളെ കിച്ചണ്‍ എന്നെനിയ്ക്ക് തോന്നും . അവിടെ പാചകമില്ല, ഭക്ഷണമില്ല, ഭക്ഷിയ്ക്കലുമില്ല . എന്താണവിടെ ഡിസ്പ്ളെ ചെയ്യാനുള്ളത് എന്നെനിയ്ക്ക് മനസ്സിലാകുന്നേയില്ല. വർക്കിംഗ് കിച്ചണ്‍ ആണെങ്കിലോ ? അവിടെ ഒരു കുരുക്ഷേത്ര യുദ്ധം....!
അടുക്കളയെക്കുറിച്ച് എനിയ്ക്കൊരു സങ്കൽപ്പമുണ്ട്. എന്റെ നിശ്വാസങ്ങൾ....പരിഭവങ്ങൾ.....പരാതികൾ....എല്ലാം ഏറ്റുവാങ്ങുന്ന അടുക്കള. എന്നെയൊരിയ്ക്കലും ചതിയ്ക്കാത്ത അടുക്കള . അപ്രതീക്ഷിതമായി എത്ര അതിഥികൾ വന്നാലും ഒന്നും വിളമ്പാനില്ലെന്നു ഞാൻ പകച്ചാലും എന്തെങ്കിലുമൊക്കെ എന്റെ കൈകളിൽ വച്ചുതന്ന് ഊണുമേശ നിറയ്ക്കുന്ന അടുക്കള . അവിടെ അടുക്കിവച്ച പാത്രങ്ങൾ, ഭക്ഷണം, കറി - മസാലപ്പൊടികൾ , തേയിലയും പഞ്ചസാരയും... അടുക്കളയുടെ ആഭരണങ്ങൾ... രാവിലെ മുക്കോട്ടിൽ ശ്രീ വൈകുണ്ടേശ്വര സുപ്രഭാതം മുതൽ പിന്നെയങ്ങോട്ട്..യേശുദാസിൽ തുടങ്ങി ശ്രേയാ ഘോഷാലിലൂടെ ഹരിചരണിൽ എത്തി നില്ക്കുന്ന സംഗീത സാന്ദ്രമായ അടുക്കള . ഒടുക്കം ഗുലാം അലി സാബിന്റെ ഗസൽ സംഗീതത്തിൻറെ നിർവൃതി കൂടിയാകുമ്പോൾ ഭക്ഷണം സംഗീതമധുരം .
ഡയറിയും പേനയും സ്ഥാനം പിടിച്ച അടുക്കള. അക്ഷരങ്ങൾ പിറക്കുന്ന അടുക്കള. മനസ്സില് വരുന്നത് അപ്പോഴപ്പോൾ ഡയറിയിൽ എഴുതിവയ്ക്കണം . പിന്നീട് എപ്പോഴെങ്കിലും അതൊരു കഥയോ കവിതയോ ഒക്കെ ആയി മാറണം . അതിനിടയിൽ ചില അബദ്ധങ്ങൾ പറ്റണം . . അടുപ്പിൽ നിന്നും പാലരുവി ഒഴുകണം . ദോശ ക്കല്ലിൽ നിന്നും ദോശ , കൈയും കാലുമൊക്കെ നിവർത്തി മൂരി നിവർന്ന് എഴുന്നേറ്റു വരാൻ തുടങ്ങണം. മെഴുക്കുപുരട്ടി ചിലപ്പോൾ കരിഞ്ഞു പിടിയ്ക്കണം.
വെറും പുളിങ്കറി....നമ്മുടെ നാട്ടുമ്പുറത്തു നിന്നുപോലും അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്ന , കപ്ളങ്ങയും താളും ചേമ്പും ചേർത്ത പുളിങ്കറിയുടെ നാട്ടുരുചി ആസ്വദിയ്ക്കണം . തേങ്ങ കനലിൽ ചുട്ട് അരച്ച ചമ്മന്തി ശുദ്ധമായ തൈരും കൂട്ടി കഴിയ്ക്കുമ്പോഴുള്ള തൃപ്തി കിട്ടണം. ഉള്ളിത്തീയലിന്റെ ആസ്വാദ്യ രുചി അനുഭവിയ്ക്കണം. ശർക്കരയും തേങ്ങയും ചേർത്ത കൊഴുക്കട്ടയുടെ ഗൃഹാതുരത്വം അനുഭവിക്കണം. റവ കേസരിയുടെയും പാല്പ്പായസത്തിന്റെയും ഇത്തിരി മധുരം വേണം. പുട്ടിന് തേങ്ങ ഇടുന്നതുപോലെ ഇടയ്ക്ക് മാത്രവും പിന്നെ അതിഥികൾക്ക് വേണ്ടിയും നോണ്‍ വെജ് വിഭവങ്ങൾ പാകപ്പെടുത്തണം .
പെട്ടെന്ന് കയറി വരുന്ന അതിഥിയ്ക്ക് വേണ്ടി നെയ്യിൽ വറുത്ത റവ പഞ്ചസാരയും ചേർത്ത് തിളച്ച പാൽ തളിച്ച് ഉരുട്ടിയെടുക്കുമ്പോൾ പൊള്ളിയിട്ട് കൈവെള്ള ചുവന്നു തുടുക്കണം. മുറ്റത്ത് നില്ക്കുന്ന മൂവാണ്ടൻ മാവിൽ നിന്നും മാങ്ങ പറിച്ച് തേങ്ങയും കാന്താരിമുളകും ഉള്ളിയും ഉപ്പും കൂട്ടി ചതച്ച് ഊണുമേശയിലെ വിശിഷ്ട വിഭവമാക്കണം. കപ്പ പുഴുങ്ങി കാന്താരി മുളക് ചമ്മന്തിയും അരച്ചു അതിഥികൾക്ക് വിളമ്പണം. ജീവിതം വളരെ ലളിതം.....പക്ഷെ അവിടെ സ്നേഹം , സംഗീതം , രുചി, ശ്വാസ നിശ്വാസങ്ങൾ, അക്ഷരങ്ങൾ, ഭാഷ, ഭാഷയിൽ നിന്നുതിരുന്ന പ്രണയം , നൊമ്പരം ....അങ്ങനെയങ്ങനെ...
ഒന്നുകൂടി പറഞ്ഞ് ഞാൻ നിർത്തുകയാണ് . ഒരിയ്ക്കൽ കൊല്ലൂർ മുകാംബിക ക്ഷേത്രത്തിൽ പോകുന്ന വഴി, കൈതപ്രം ദാമോദരൻ നമ്പൂതിരി സാറിന്റെ വീട്ടില് അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിയ്ക്കാനിടയായി. വാക്കുകളുടെ ആ ചക്രവർത്തി ഞങ്ങൾക്ക് വിളമ്പിത്തന്നത്, പൊടിയരിക്കഞ്ഞിയും കടുമാങ്ങാ അച്ചാറും ചെറുപയർ തോരനും ചുട്ട പപ്പടവും! വലിപ്പത്തിന്റെ ലാളിത്യം ! നമുക്കൊരു മാഷുണ്ടായിരുന്നു. ഓർമ്മയുണ്ടോ ? " പൊക്കമില്ലായ്മയാണെന്റെ പൊക്കം " എന്ന് പറഞ്ഞ അതേ കുഞ്ഞുണ്ണി മാഷ്. ഒരിയ്ക്കൽ മാഷിന് ആതിഥ്യം ഏകാനുള്ള അവസരമുണ്ടായി. അദ്ദേഹം അന്നിങ്ങനെ പറഞ്ഞു ,
" പല നല്ല കാര്യങ്ങളും പിറക്കുന്നത് അടുക്കളയിലാണ്. പക്ഷെ ആരുമത് തിരിച്ചറിയുന്നില്ലെന്നു മാത്രം..."
------------------------------
1 അഭിപ്രായ(ങ്ങള്‍):
ഞാനും ഒരുപാട് ദൂരം യാത്ര ചെയ്തത് പോലെ തോനി ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ..ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ