2015, ഫെബ്രുവരി 18, ബുധനാഴ്‌ച

മറവിയിലൊരു മറുവാക്ക് .


                                              മറവിയിലൊരു  മറുവാക്ക് .
                                                                                      
                                                                                              --  ശിവനന്ദ . 




  തന്റെ  നേരെ നീട്ടിയ കൈകളിലേയ്ക്ക്   അയാൾ   നോക്കി.   വല്ലാത്തൊരു   എരിച്ചിൽ   കണ്ണിലാണോ   നെഞ്ചിലാണോ   എന്ന്  തിരിച്ചറിയാൻ  വളരെ   തീവ്രമായി   ശ്രമിച്ചു.   ഇത്  അവസാന രംഗമാണോ   എന്നും   അയാൾ  സംശയിച്ചു.....


  ഭാര്യയുടെ   നിറവയറിൽ  മുഖം ചേർത്ത്   കിന്നാരം   പറഞ്ഞത്   ആരോടായിരുന്നു  എന്നയാൾ   ആലോചിച്ചു.   ഉള്ളിൽ കിടന്നുള്ള   തുള്ളിക്കളി   കണ്ട്  കോരിത്തരിച്ചത്  ഈ ജന്മം  തന്നെയാണോ?   അതും  സംശയം.  വയറിന്റെ   ഓരോ  ഭാഗത്തും  അവൻ   ചവിട്ടിത്തുള്ളി   മുഴച്ചു വരുന്നത്   കാണാനുള്ള   കാത്തിരുപ്പിന്   മധുരം   പുരട്ടിയത് ,  തൊട്ടാവാടി   പോലെ   കൂമ്പിപ്പോകുന്ന  അവളുടെ  നാണമായിരുന്നെന്ന്   ഇപ്പോൾ   ഓർമ്മ  വന്നത്   അത്ഭുതം   തന്നെ...!   ആ  മുഴപ്പിന്മേൽ  മെല്ലെ  തൊട്ടപ്പോൾ ......ഹോ...!  ദേഹമാസകലം  കുളിര്  കോരിയിരുന്നു ...!   മെല്ലെ തൊട്ടപ്പോൾ  അവൻ  കുതറി മാറി  തൊട്ടപ്പുറത്ത്  മാറിനിന്ന്  പൊങ്ങി നോക്കി...!  ചെക്കൻ   മുങ്ങാംകുഴിയിട്ട്  കളിച്ച്  പറ്റിയ്ക്കുന്നു ...!


വയറിന്  മേൽ  വിരൽത്തുമ്പ്   കൊണ്ടെഴുതി ...


" മോനെ "....


അവൻ   തുള്ളിക്കളിച്ച് വന്ന് ,  ഗർഭപാത്രത്തിന്റെ   ഭിത്തിയിൽ   മറുവാക്കെഴുതി...


"അച്ഛാ ..."


നെഞ്ചെന്തിനാണ്  ഇങ്ങനെ   കഴയ്ക്കുന്നതെന്ന്   അയാൾക്ക്  മനസ്സിലായില്ല.  അയാൾ  നോക്കി.  ആ  കൈ   മുന്നിലുണ്ട് .   അമ്മയുടെ   ഗർഭപാത്രത്തിന്റെ   ഭിത്തിയിൽ   അച്ഛന്   മറുവാക്കെഴുതിയ   കൈ.....


"ഡോക്ടർ ".....


ഡോക്ടർ......ജന്മാന്തരങ്ങൾക്കപ്പുറത്ത്  നിന്നാണോ   ആ  വിളി ?  മനസ്സിലാകുന്നില്ല.   ആരാണ്   ഡോക്ടർ ?  അയാൾ   സ്വയമൊന്ന്   വിലയിരുത്തി .   തന്റെ   പേര് ......അതെ...അത് തന്നെ ....ഐസക് ജോർജ് .   താനൊരു   ഫോറൻസിക് സർജനായിരുന്നു  എന്ന  കാര്യം   അയാൾ  മനപ്പൂർവ്വം മറവിയിലേയ്ക്ക്   തള്ളി.


മറവിയുടെ   ഒരു   സമാന്തര ലോകം   പണിത് ,  അതിനുള്ളിൽ   എന്തെല്ലാമാണ്  ഒളിപ്പിച്ച് വച്ചതെന്ന്  ഓർത്തപ്പോൾ   അയാൾക്ക് പിന്നെയും  അതിശയം .


വീണ്ടും   ആ  കൈ.....ഇനി   കണ്ണും കരളും   വൃക്കയുമൊക്കെ   മനുഷ്യരൂപം   പൂണ്ട്  വരുമോ  എന്നയാൾ   ഭയപ്പെട്ടു .  അതൊക്കെ   എവിടെയാണ്   തുടിയ്ക്കുന്നതെന്നൊന്നും   ആലോചിയ്ക്കാൻ   അയാൾ   മിനക്കെടാറേയില്ല .   അതിനല്ലേ   മറവിയുടെ   സമാന്തര ലോകം ?


  എന്നിട്ടും   പുറത്ത് ചാടാൻ   വെമ്പുന്ന   കാഴ്ച്ചകൾ .....അവനെ   മാത്രം   തന്ന്   നിരന്തരം  കണ്ണീരൊഴുക്കിയ  ഗർഭപാത്രത്തെ  ഉപേക്ഷിയ്ക്കണമെന്ന്   ഗൈനക്കോളജിസ്റ്റ്   വിധിയെഴുതിയപ്പോൾ   ഭാര്യ   കരഞ്ഞിരുന്നു.  എന്നാൽ  തനിയ്ക്ക്   എന്താണ്   തോന്നിയിരുന്നതെന്ന്  അയാൾ   മറന്നുപോയി.   അറുത്ത് മാറ്റപ്പെട്ട  ഗർഭഗൃഹത്തെ  ഓർത്ത്  കരയേണ്ടതില്ലെന്ന്  എപ്പോഴും   ഓർമ്മിപ്പിച്ചത്  കൊച്ചു രാജകുമാരന്റെ   കുസൃതികളല്ലേ ? അതെ...കൊള്ളാം..!  അതയാൾ  മറന്നില്ല ...!


 എന്തിനാണ്  മറവിയുടെ  സമാന്തര ലോകം  പണിതതെന്നായി  ഇപ്പോൾ അയാളുടെ   ചിന്ത .   അത്   കാണാമറയത്ത്   മതിയായിരുന്നില്ലേ ?    അതിലെ   കള്ളത്തരം   വളരെ   കഷ്ട്ടപ്പെട്ട്   അയാൾ  കണ്ടു പിടിച്ചു.   അത് തന്നെയാണ് ..അതടുത്ത് തന്നെ വേണം ...  ഇടയ്ക്കൊന്ന്   എത്തി നോക്കണം .   പിന്നെ   മുഖം   തിരിയ്ക്കണം ..മറന്നെന്ന്  നടിയ്ക്കണം .


അത്   പണി തീർത്തത്   അന്ന് തന്നെയായിരുന്നു.


ആശുപത്രി മുറ്റത്തേയ്ക്ക്   പൊടി പറത്തി  പാഞ്ഞ് വന്ന  കാറിൽ നിന്നും ,  സ്ട്രെച്ചറിലേയ്ക്ക്  ഊർന്ന  ചോരയിൽ കുതിർന്ന  പഴന്തുണിക്കെട്ട്   ഒരു  മനുഷ്യരൂപം   പ്രാപിച്ചത് ,  പാഞ്ഞ   സ്ട്രെച്ചറിൽ   നിന്നും   തനിയ്ക്ക്   നേരെ  നീണ്ട   ചുവന്ന   കൈ  കണ്ടപ്പോഴായിരുന്നെന്ന് ഓർത്തപ്പോൾ  അയാൾക്ക്   നെഞ്ച്   വീണ്ടും   കഴച്ചു.   ആ കൈയ്ക്ക്   പിന്നിൽ   ' അച്ഛാ '  എന്നൊരു   വിളിയുണ്ടായിരുന്നെന്ന്   തിരിച്ചറിഞ്ഞപ്പോഴാണ് ,  അത്  അച്ഛന്   മറുവാക്കെഴുതിയ  കൈയ്യായിരുന്നെന്ന് ....


ഒരുപാട്  മൃതശരീരങ്ങളെ   കീറിമുറിച്ച് ,  ഒളിച്ച്  വയ്ക്കപ്പെട്ട   നിഗൂഢതകൾക്ക് നേരെ    വിരൽ ചൂണ്ടിയ  ഫോറൻസിക്  സർജൻ  ഡോക്ടർ  ഐസക് ജോർജ്   വളരെ   നിസ്സാരനായി  കുഴഞ്ഞ്   വീണത്   മുന്നേ പോയ  പഴന്തുണിക്കെട്ടിൽ നിന്നും   ഊർന്ന് വീണ   സ്വന്തം   രക്തത്തുള്ളികൾക്ക്  മേലെ....


മീഡിയനിൽ  ഇടിച്ച് തകർന്ന  മകന്റെ   ബൈക്കിന്  സമീപം അച്ഛനുള്ള  പിറന്നാൾ സമ്മാനമുണ്ടായിരുന്നു  എന്നയാളോട്  പറയാനുള്ള  ധൈര്യം   ഇന്നുവരെ   ആർക്കുമുണ്ടായില്ല .


മകന്റെ   കല്ലറയിൽ   ഒരുപിടി   മണ്ണ്   വാരിയിട്ട്   തിരിഞ്ഞപ്പോൾ   അയാൾ  ഓർത്തത്  അവന്റെ കണ്ണും   കരളും   വൃക്കയും   ആരായിരിയ്ക്കും   സ്വീകരിച്ചത് എന്നല്ല....അവന്റെ  കൈ....അതാർക്കാണ് ...


ആശുപത്രിയിൽ നിന്നും   നീണ്ട   അവധിയെടുത്ത്  മൗനവാത്മീകത്തിലൊളിച്ചു ...


തന്റെ   മുന്നിലിരുന്ന്  ഒരു തുണ്ട് കടലാസ്സിൽ കുറിയ്ക്കുന്ന  കൈ....


അപകടത്തിൽ   കൈ  നഷ്ടപ്പെട്ട  ഇരുപത്തിനാലുകാരൻ പയ്യൻ ...അവനാണ്  ആ കൈ  വച്ചു പിടിപ്പിച്ചതെന്ന് അറിഞ്ഞപ്പോൾ മുതൽ ...ഒന്ന് കാണാൻ   പിടച്ച  മനസ്സിനെ  എന്തിനാണ് സ്വയം  ശകാരിച്ചതെന്ന്   അയാൾക്ക് മനസ്സിലായില്ല .   കാണാൻ   പോയതുമില്ല.   തനിയ്ക്ക് തന്നെ  പിടികിട്ടാത്ത  ഒരു പ്രഹേളികയായി   താൻ   മാറുന്നു  എന്നത്,   മന:പ്പൂർവ്വം  എടുത്തണിഞ്ഞ  ഒരു  പടച്ചട്ടയാണെന്ന്   അയാൾ  ചിന്തിയ്ക്കായ്കയല്ല...


ആര്ത്തിരമ്പുന്ന  തിരകളേപ്പോലെ  മനസ്സ്....മുന്നിലിരുന്ന്  കുറിയ്ക്കുന്നത്   അവനാണ് ....ആ  വിരലുകൾ ....ആ കൈപ്പത്തി   തന്നെ നോക്കി  ' അച്ഛാ '   എന്ന്....


കണ്ണിറുക്കിയടച്ചാൽ  മനസ്സിന്റെ   വാതിലടയില്ലെന്നു അയാൾക്കറിയാം .  പക്ഷേ ...


അവനെഴുന്നേറ്റു .  ആ  തുണ്ട് കടലാസ്സ്  അയാൾക്ക്  നേരെ നീട്ടി .  ദൈവത്തിന്  കത്തെഴുതിക്കൊടുക്കുന്നത് പോലെ.....അവന്റെ   നിറഞ്ഞ് ഒഴുകുന്ന   കണ്ണുകളിൽ നോക്കി അയാൾ പകച്ചു.   പിന്നീട്   കൈകളിലേയ്ക്കും....


ആർത്തിരമ്പുന്നൊരു   കൊടുങ്കാറ്റ്   വന്ന്  തന്നെ  ചുഴറ്റിയെറിയുന്നെന്ന്  അയാൾക്ക്  തോന്നി.  എന്തോ   പറയാനാഞ്ഞെങ്കിലും   വാക്കുകൾക്ക്   പാതിവഴിയിൽ   ശക്തിക്ഷയം.....വീണ്ടും   ആ  തുണ്ട് കടലാസ്സ് ...


അയാളുടെ  കൈ പിടിച്ച് ,  ആ  തുണ്ട് കടലാസ്സ്  ,  അവൻ  ആ  കൈകളിൽ  വച്ച് കൊടുത്തു ...!!!    ആ  സ്പർശമേറ്റ  നിമിഷം....അയാൾ  കുളിർന്ന് വിറച്ചു..  കടലാസ്സിൽ....


"അച്ഛന്  സ്നേഹപൂർവ്വം .."


വാക്കുകൾക്ക്  ശക്തിക്ഷയം  സംഭവിയ്ക്കട്ടെ ...ഇനിയെന്തിനാണ്   വാക്കുകൾ ?   ഋതുഭേദങ്ങൾ  ഒന്നിച്ച്  മുന്നിൽ  വന്നു നിരന്നു..!   ലോകം  ചുങ്ങിച്ചുരുങ്ങി  ആ  കൈയ്ക്കുള്ളിൽ ....ഗജഗംഭീരനായ  ഫോറൻസിക് സർജൻ  വെറുമൊരു പാവം  അച്ഛൻ  മാത്രമായ   നിമിഷം...


അമ്മയുടെ  ഗർഭപാത്രത്തിൽ , അച്ഛന്  മറുവാക്കെഴുതിയ  ആ  കൈ  ,  അയാളുടെ   വിറയ്ക്കുന്ന   കൈകളിൽ  ഒതുങ്ങിയിരുന്ന്  വിളിച്ചു...


"അച്ഛാ ..."


നനഞ്ഞ്  വിറച്ച ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ  അവൻ  അയാളുടെ  നെഞ്ചിലമർന്ന് കുറുകി....


                                                 *******************

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .