2015, ഫെബ്രുവരി 18, ബുധനാഴ്‌ച

മഴവീട്ടിലെ രാപ്പകലുകൾ .( കഥ )

                                        

നാല്പത്തഞ്ചാം വയസ്സിന്റെ പൂമുഖത്തിണ്ണയിലിരുന്ന്   പ്രിയാ അഗസ്റ്റിൻ   ഉത്സാഹത്തോടെ  ആലോചിച്ചു,  കുറച്ച്  ദിവസം  മുൻപ് വരെ   തനിയ്ക്ക്   സ്വന്തമായൊരു   പേരുണ്ടായിരുന്നില്ലല്ലോ എന്ന്.  മേൽവിലാസവുമുണ്ടായിരുന്നില്ല .  ആത്മബലം   നഷ്ടപ്പെട്ടൊരു   ചങ്ങലയിലെ   തുരുമ്പ്   പിടിച്ചൊരു   കണ്ണിയായിരുന്നു താൻ.  ആത്മനൊമ്പരങ്ങൾ   അന്തം വിട്ടുറങ്ങിയിരുന്നു   തന്റെ   കൂടാരത്തിൽ.  അവിടെ   മേലാളന്മാരും,    കീഴാളന്മാരും,   കാവല്ക്കാരുമുണ്ടായിരുന്നു .

 അടിച്ചമർത്താനുള്ള   ഭർത്താവിന്റെ   ആവേശം പ്രിയയുടെ   ശരീരത്തിൽ   അവിടവിടെ   രക്തം   കട്ട പിടിച്ച്   കരിനീലിച്ച  പാടുകളായി   പ്രത്യക്ഷപ്പെട്ടപോൾ   അവൾക്ക്  തോന്നി ,  അതെല്ലാം  കറുത്ത വാവിന്റെ   കൈയ്യൊപ്പുകളാണെന്ന് .   ശരീരത്തിലും   മനസ്സിലും   നിറയെ   കറുത്ത വാവിന്റെ   വിരൽപ്പാടുകൾ .......

 ഏക മകൾ  അച്ഛനെയും   അമ്മയേയും   പകച്ചു നോക്കിയപ്പോഴാണവൾ   തീരുമാനിച്ചത്,  ഒരു   ചന്ദനത്തിരിയാവാമെന്ന് .  പക്ഷെ ,  സുഹൃത്ത്   ജോണിന്റെ   ശബ്ദത്തിൽ  മുന്നറിയിപ്പായിരുന്നു.

" പ്രിയാ... നീ സ്വയം   എരിഞ്ഞു തീരുകയാണ്...."

പ്രിയ  വെറുതെ   ചിരിച്ചതേയുള്ളു .  എങ്കിലും  എപ്പോഴൊക്കെയോ   അവളുടെ   മനസ്സിൽ   ആരോ  മുഷ്ടി   ചുരുട്ടുന്നുണ്ടായിരുന്നു .  അത് ,  മനസ്സിനെ   കൈപ്പിടിയിലൊതുക്കാനാണോ  അതോ  പ്രതിഷേധത്തിന്റെ   നിശ്ശബ്ദ യുദ്ധമായിരുന്നോ   എന്നവൾക്ക്   തിരിച്ചറിയാനായില്ലെങ്കിലും   അടിച്ച്ചമർത്തപ്പെടുന്നവറെ    മനസ്സിലെന്നും   പതുങ്ങിക്കിടക്കുന്ന   ഒരു   ശൌര്യമുണ്ടാവുമല്ലോ   എന്ന   ചിന്തയ്ക്ക്  പ്രിയ   അടിവരയിട്ടു....

" ഹോ..! കഷ്ടം ..!  ഞാൻ  ലജ്ജിയ്ക്കുന്നു   പ്രിയാ..."

പൊട്ടിത്തെറിച്ച   ഏറുപടക്കം   പോലെ   കൂട്ടുകാരി   ആലീസ്..

"നീ   നിന്റെ  മനസ്സിനെയാണ്‌   അപമാനിച്ചത്...നിന്റെ ശരീരത്തെയാണ്   അപമാനിച്ചത്..."

അവളുടെ   അണപ്പല്ലുകൾ   ഞെരിഞ്ഞമർന്നു ..നിർത്തിയില്ലവൾ.

" അയാളുപയോഗിച്ച   രണ്ടാമത്തെ   മൃഗമാണ്‌   നീ.  ഇത്രയും   അധ:പതിച്ചുപോയല്ലൊ   പ്രിയാ   നീ ..."

കണ്ണും   മനസ്സും   പൂട്ടിവച്ച്   പ്രിയ   അനങ്ങാതിരുന്നു.   ആലീസെറിഞ്ഞ   ഏറുപടക്കം   മനസ്സിൽ   വീണു പൊട്ടിയാൽ   ഒരു  അഗ്നിപർവ്വത വിസ്ഫോടനം  തന്നെയുണ്ടാവുമെന്ന്   പ്രിയയ്ക്കറിയാം.   മനസ്സിന്റെ   അടഞ്ഞ   വാതിൽപ്പാളികളിൽ   മകളുടെ   മുഖം   മാത്രം   പതിച്ചുവച്ചു .

അല്ലെങ്കിൽത്തന്നെ ,   പശുവുമായി   താൻ   ശാരീരികബന്ധം   പുലർത്തിയിട്ടുണ്ടെന്നു ,  സ്വന്തം   ഭാര്യയോട്   യാതൊരു   ഉളുപ്പുമില്ലാതെ  പറയുകയും   വർണ്ണിയ്ക്കുകയും   ചെയ്ത   അയാളെ,  അതേ നിമിഷം തന്നെ   ഭർത്താവെന്ന   സ്ഥാനത്തിന്  നേരെ   ഒരു  ഗുണനച്ചിഹ്ന്നമിട്ട്   മാറ്റിയല്ലോ  എന്ന്   പ്രിയ   ഇപ്പോൾ   വളരെ   ലാഘവത്തോടെയാണ്   ഓർത്തത് .   പിന്നീട്  അയാൾക്ക്   വഴങ്ങിക്കൊടുത്ത   ഓരോ നിമിഷവും ,  ഒരു   ലൈംഗികത്തൊഴിലാളി ,  തന്നെക്കാൾ  എത്രയോ   മേലെയാണെന്നും   അവൾ   സ്വയം   നിന്ദിച്ചിരുന്നു .

മകൾക്ക്  സ്വന്തമായൊരു   ജീവിതമുണ്ടാകുന്നതുവരെ  പ്രിയ   തന്റെ   മൌനത്തിന്  അവധി   കൊടുത്തു .   അവധിയുടെ   കാലാവധി   തീർന്നപ്പോൾ  പ്രിയയുടെ  ശബ്ദത്തിന്   വന്നത്   തീർച്ചയുടെ  മൂർച്ച .

" ഞാൻ  പോകുന്നു "

" എങ്ങോട്ട് ?"

" അമാവാസിയുടെ   വിരൽപ്പാടുകൾ   മായ്ക്കാൻ ."

മനസ്സിലാകാതെ  നിന്ന   ഭർത്താവിന്   വിശദീകരണം   കൊടുത്തില്ല .  മകളോട്  മാത്രം   പറഞ്ഞു.

"അമ്മയ്ക്ക്   ഭയക്കാതെ   ശ്വസിയ്ക്കണം .. സമാധാനത്തോടെ   ഉറങ്ങണം.  അത്രയേ   വേണ്ടൂ.  തടയരുത്   മോളേ "

പൂമുഖവും  അടുക്കളയും  ഒരു കിടപ്പുമുറിയും   ശൌചാലയവും   മാത്രമടങ്ങുന്നൊരു   കുഞ്ഞ്   വീടിന്റെ   താക്കോൽ  നിസ്സാരവിലയ്ക്ക്   ഏറ്റുവാങ്ങുമ്പോൾ  പ്രിയയുടെ   മൗനത്തിന്റെ   വാത്മീകമുടഞ്ഞു .   കുളിമുറിയിൽ   നിന്നവൾ   ഉറക്കെ   പാട്ട്  പാടി.

 വീടിനെന്ത്   പേരിടണമെന്ന്   ഏറെ   ആലോചിച്ചു   അവൾ .  ഒന്നും   മനസ്സിൽ   വന്നില്ല.  ഓടുമേച്ചിലിനിടയിലുള്ള   ചെറുദ്വാരത്തിലൂടെ   കിടപ്പുമുറിയുടെ   നിലത്തു  വീഴുന്നൊരു   ചെറിയ   വെയിൽപ്പൊട്ട് .  അത്  പ്രിയയ്ക്കിഷ്ടമായി .   രാത്രിയിൽ   നല്ല   നിലാവുണ്ടായിരുന്നു.   വെയിൽപ്പൊട്ടിന്റെ  സ്ഥാനത്തൊരു   നിലാപ്പൊട്ട് .   അതവൾക്ക്  ഏറെ   ഇഷ്ടമായി.   മുറിയിലെ   പ്രകാശം   അണച്ച്   അവളാ   നിലാപ്പൊട്ടിലേയ്ക്ക്   നോക്കിയിരുന്നു.   അതിന്  കണ്ണും   കാതും   മൂക്കും   വായും   വച്ച്  ഒരു   മനുഷ്യ മുഖമായതുപോലെ   പ്രിയയ്ക്ക്   തോന്നി. അതവളോട്‌   പറഞ്ഞു,

" നിന്നെ   ഞാനെത്ര   സ്നേഹിച്ചിരുന്നു   പ്രിയാ..."

"എനിയ്ക്ക്   തോന്നി.."

"തോന്നി ?  സത്യം ?  എന്നിട്ടും   നീ..."

" സ്നേഹം   വെറും   തോന്നലായാൽപ്പോരല്ലൊ.."

" ശരിയാണ്....ഞാനത്   പറഞ്ഞ്  ഒപ്പ്   വച്ചില്ല  അല്ലെ ?"

ഒന്ന്   നിർത്തി ,  പെട്ടെന്ന്   ഓർമ്മ   വന്നതുപോലെ   ചോദ്യം ...

" നിനക്ക്   സുഖാണോ   പ്രിയാ ?"

അത്   കേട്ടപ്പോ   പ്രിയയ്ക്ക്   എന്തെന്നില്ലാത്ത   ഉത്സാഹം   തോന്നി .   അവൾ   സന്തോഷത്തോടെ   ചോദിച്ചു.

" കണ്ടോ...!  കണ്ടോ...!  നീയെന്റെ   ഭർത്തവായിരുന്നെങ്കിൽ  ഇത്രയും   ആത്മാർത്ഥതയോടെ   ഈ ചോദ്യമെന്നോട്   ചോദിയ്ക്കുമായിരുന്നോ ?  ഇല്ല.....ഇല്ല....."

അവൾ   ശാട്യത്തോടെ   പറഞ്ഞു .

"അപ്പോൾപ്പിന്നെ  ഇതാണ്  നന്നായത് ."

എഴുന്നേറ്റ്   ലൈറ്റിട്ടു.  നിലാമുഖമെങ്ങൊ   പോയി .   പക്ഷെ   ഇരുട്ടിൽ  നിന്ന്   അശ്ശരീരി   പോലെ   ഇത്രയും കൂടി  കേട്ടു.

"നിനക്ക്   പറ്റിയ   ഏറ്റവും   വലിയ   തെറ്റെന്താണെന്നറിയോ  ?   നീ   മോറൽ വാല്യൂസിന്   ആവശ്യത്തിൽക്കൂടുതൽ   പ്രാധാന്യം   കൊടുത്തു ."

"അതായിരുന്നില്ലേ   എന്റെ   ശീലം ? "

"എന്ത്   ശീലം ?  എന്നിട്ട്   ആ  ശീലം   നിന്നെ   രക്ഷിച്ചോ   പ്രിയാ ?  ഇല്ലല്ലോ ?   നമുക്ക്   ഉതകാത്ത   ശീലങ്ങൾ   വലിച്ചെറിയണം .   അയാൾക്ക്   നന്നായറിയാം ,  ഒരു  പുല്ക്കൊടിയെങ്കിലും   കിട്ടിയാൽ   ,  നീ  അതിൽ പിടിച്ചു കയറുമെന്ന്.   അതുകൊണ്ടാണ്   കിളിർത്ത് വരുന്ന   ഓരോ   പുൽനാമ്പും   അയാൾ   നുള്ളിക്കളയുന്നത് ..."

ഇരുട്ടിൽ നിന്നും   ഇടിമിന്നലാണോ ? അതോ ഇടിമുഴക്കമോ ?

" നിനക്കിനി   രണ്ടു വഴിയേ   ഉള്ളു.  ഒന്നുകിൽ   നീ അയാൾക്ക്  വേണ്ടി   ജീവിച്ച് നശിയ്ക്ക്.  അല്ലെങ്കിൽ   നീ  നിനക്ക്   വേണ്ടി   ജീവിച്ച് രക്ഷപ്പെട്..."

ജനാല   ചേർത്തടച്ചു .  ഇപ്പൊ   മുഖവുമില്ല, ശബ്ദവുമില്ല...

കുറച്ച്   വായിയ്ക്കണം...രാവിലെ   കുറെ   കുട്ടികൾ   വരും.  അവർക്ക്  പാഠങ്ങൾ   പറഞ്ഞുകൊടുക്കണം ...സംഗീതം   പഠിപ്പിയ്ക്കണം...

അപ്പോഴും   വീടിന്  എന്ത്   പേരിടണമെന്ന്   അവൾക്കൊരു  പിടിയും   കിട്ടിയില്ല .  കട്ടിലിലേയ്ക്ക്   ചാഞ്ഞു.........

ഉറക്കത്തിനിടയിൽ   ഞെട്ടിയുണർന്നത്   ദേഹത്ത്   വെള്ളത്തുള്ളികൾ   വീണിട്ടാണു .   പുറത്ത്  നല്ല   മഴയുണ്ടായിരുന്നു.   ഇറ്റു വീഴുന്ന   വെള്ളതുള്ളികളീലേയ്ക്ക്   നോക്കിയപ്പോ   അവൾക്ക്   ചിരി  വന്നു .   വെയിലും   നിലാവും   കഴിഞ്ഞ്   ഇപ്പൊ  മഴ വിരുന്ന്...!   വെള്ളം   വീഴുന്നിടത്ത്   ഒരു   പാത്രം   വച്ചു . കട്ടിൽ  അല്പം   വലിച്ച്   നീക്കിയിട്ട്  വീണ്ടും   കിടന്നു .  പിട്ടേന്ന്   ഉണർന്നപ്പോഴേയ്ക്കും  വീടിനവൾ  പേര്   കണ്ടുപിടിച്ചിരുന്നു....

വെയിലും  നിലാവും  മഴയും   വിരുന്ന് വരുന്ന  ആ കുഞ്ഞു വീടിന്  പ്രിയ,  ' മഴവീട് '  എന്ന്  പേരിട്ടു .  വെയിൽ പോലെ  ജ്വലിയ്ക്കുന്നതോ ,  നിലാവ്   പോലെ തിളങ്ങുന്നതോ  അല്ലല്ലോ   തന്റെ   മനസ്സ്   എന്ന് പ്രിയ   ഓർത്തു .  പക്ഷെ,  മഴ പോലെ   ഈറനായിരുന്നു .  എപ്പോൾ  വേണമെങ്കിലും   കണ്ണുകളിലേയ്ക്ക്   ഒഴുകിയിറങ്ങാൻ പാകത്തിന്  രണ്ട്  വെള്ളത്തുള്ളികൾ  എപ്പോഴും   മനസ്സിൽ  ഇറ്റു നിന്നിരുന്നു.

  ഇന്ന്,  ആ   കുഞ്ഞ്   മഴവീട്ടിൽ ,  ഐ.ടി.പ്രൊഫഷനുകളായ  രണ്ട്  യുവതികൾ ,  പേയിംഗ് ഗസ്റ്റായി   താമസിയ്ക്കാനിടം തരുമോ   എന്ന്   ചോദിച്ചു വന്നപ്പോൾ,   പ്രിയ   അതിശയം   മറച്ചുവച്ചില്ല.

"ഇത്രയും   കുറഞ്ഞ   സൗകര്യത്തിലോ ? "

 വിഷമില്ലാത്ത  ഇത്തിരി   ഭക്ഷണവും  ,  പ്രാഥമിക ആവശ്യങ്ങൾ   നിർവ്വഹിയ്ക്കാനുള്ള   സൗകര്യവും , കിടക്കാനല്പം   സ്ഥലവും   മാത്രം  മതിയെന്ന്  പറഞ്ഞ്  അവർ   വീണ്ടും   പ്രിയയെ   അതിശയിപ്പിച്ചു.

എന്തായിരിയ്ക്കും   അവരെ ഇനിയിവിടെ   ആകർഷിയ്ക്കാൻ പോകുന്നത് ? പ്രിയ  ആലോചിച്ചു....താനുണ്ടാക്കുന്ന   ചുവന്നു മൊരിഞ്ഞ ദോശയോ ? അതോ  താള് പുളിങ്കറിയോ ? ഉപ്പുമാങ്ങാ അരച്ചുകലക്കിയോ ? ആവോ...അറിയില്ല ...

മനസ്സ്   വലുതാകുമ്പോഴാണല്ലോ   ഇഷ്ടങ്ങൾ   ചെറുതാകുന്നത്   എന്നോർത്തപ്പോൾ  പ്രിയയ്ക്ക്  ആ കുട്ടികളോട്  വളരെ   ഇഷ്ടം   തോന്നി.......

                                                       **************





3 അഭിപ്രായ(ങ്ങള്‍):

animeshxavier പറഞ്ഞു...

.

Sivananda പറഞ്ഞു...

:)))) santhosham ani

ഇട്ടിമാളു അഗ്നിമിത്ര പറഞ്ഞു...

കറുത്ത വാവിന്റെ കൈയ്യൊപ്പുകളാണെ. . .നല്ല പ്രയോഗം . ഇഷ്ടം 💕

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .